**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, August 2, 2013

വിദ്യ‘അഭ്യാസത്തെ’ ഉലച്ച അല്‍ക്വയ്ദ കവിയും, കവിതയും.....


  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ആ, വിദ്യാധരന്‍ പരമനാറിയാണ്, അവന്‍റെ അപ്പന്‍ എന്‍റെ പെമ്പിളയ്ക്ക് പ്രേമലേഖനംകൊടുത്ത ആളാണ്‌. അതുകൊണ്ട് അവനെക്കൊണ്ട്‌ ട്യൂഷന്‍ ക്ലാസ്സ്‌ എടുപ്പിക്കേണ്ട..അവന്‍ രമണന്‍ പഠിപ്പിച്ചാല്‍ എന്‍റെ മകള്‍ ചന്ദ്രികയാവും...നാട്ടിലെ പ്രമാണി പാരലല്‍ കോളേജ് പ്രിന്‍സിപ്പാളിനോട് പരിഭവം പറഞ്ഞു....അന്നു മുതല്‍ സൌജന്യട്യൂഷന്‍ എന്ന ഇടപാടും ഞാന്‍ നിറുത്തി........

 അങ്ങനെ കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പാഠപുസ്തകത്തിലെ വിവാദ കവിത പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അല്‍ ക്വയ്ദ നേതാവെന്നു ആരോപിക്കുന്ന  ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്‍റെ "ഓഡ് ടു ദ സീ' എന്ന കവിത പിന്‍വലിക്കാനാണ് തീരുമാനിച്ചിട്ടള്ളത്. മൂന്നാം സെമസ്റ്ററിലെ കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍ എന്ന പുസ്തകത്തിലാണ് കവിത ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവാദമായ സാഹചര്യത്തില്‍ കവിത സിലബസില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഡോ. എം എം ബഷീര്‍ അധ്യക്ഷനായ സമിതി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കവിക്ക് അല്‍ക്വയ്ദ ബന്ധമുണ്ടെന്ന ആരോപണമുള്ളതിനാല്‍ അദ്ദേഹമെഴുതിയ കവിത കോളേജുകളില്‍ പഠിപ്പിക്കേണ്ടെന്നാണ്  അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കവിതയുടെ നിലവാരത്തില്‍ സംശയമില്ലെന്നും അതില്‍ ഭീകരവാദ സൂചനകളാന്നുമില്ലെന്നും സമിതി പറയുന്നുണ്ട്..........    ഇതാണ് വിവാദം ഉണ്ടാക്കിയ കവിത....

 കടലിനൊരു ഗീതം  - ഇബ്രാഹിം അല്‍ റുബൈഷ്

കടലേ,എന്‍ പ്രിയരുടെ വാര്‍ത്തകള്‍ചൊല്ലൂവേഗം

അവിശ്വാസിയുടെ തുടലുകളുടെ ബന്ധനത്തിലല്ലായിരുന്നുവെങ്കില്‍

ഞാന്‍ നിന്നിലേക്കൂളിയിട്ടെന്‍റെ

പ്രിയകുടുംബത്തിലണഞ്ഞേനെ

അല്ലെങ്കില്‍,നിന്‍റെ  കൈകളില്‍ കിടന്നുമരിച്ചേനെ.

നിന്‍റെ  തീരങ്ങള്‍ വിഷാദമാണ്,

അത് തടവറയും വേദനയും അനീതി നിറഞ്ഞതുമാണ്

നിന്‍റെ  കയ്പ്പ്,എന്‍റെ  ക്ഷമകെടുത്തുന്നു.

നിന്‍റെ  ശാന്തത മരണമത്രേ

നിന്‍റെ  കൊടുംതിരമാലകളെത്ര വിചിത്രം

നിന്നില്‍ നിന്നുയരുന്ന മൌനം,വഞ്ചനയെ വരിക്കുന്നു.

ഇനിയും നിന്‍റെ  മൌനം തുടര്‍ന്നാല്‍

അത് കപ്പിത്താനെ വകവരുത്തും

നാവികന്‍  തിരകളിലൊടുങ്ങും.

നീ മൌനമായി,ബധിരവും മൂകവുമായി,

ഒന്നുമറിയാത്തപോലെ,കുപിതവേഗത്തില്‍

കുഴിമാടങ്ങളുണ്ടാക്കുന്നു.

കാറ്റ് നിന്നെ കുത്തിനോവിച്ചാല്‍

നിന്‍റെ  അനീതി വെളിവാകും

കാറ്റ് നിന്നെ നിശബ്ദമാക്കിയാല്‍

ഏറ്റിറക്കങ്ങള്‍ മാത്രം.

കടലേ, ഞങ്ങളുടെ ചങ്ങലകള്‍

എന്നെ കളിയാക്കുന്നുവോ?

ഞങ്ങള്‍ ദിനംപ്രതി വന്നുപോകുന്നത്

നിര്‍ബന്ധംകൊണ്ടു മാത്രം.

ഞങ്ങളുടെ പാപങ്ങള്‍ നിനക്കറിയുമോ?

ഞങ്ങള്‍ ഈ ദു:ഖങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവര്‍.

കടലേ, നീ ഞങ്ങളുടെ തടവറയില്‍ അലോസരമാകുന്നു

നീ ശത്രുക്കള്‍ക്കൊപ്പം ഞങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നു.

പാറകള്‍ അവയ്ക്കിടയില്‍ നടന്ന

പാതകങ്ങള്‍ നിന്നോട് പറഞ്ഞിട്ടില്ലേ?

കീഴടക്കപ്പെട്ട ക്യൂബ അതിന്റെ കഥകള്‍

നിനക്കായ് മൊഴിമാറ്റം ചെയ്യുന്നില്ലേ.

മൂന്ന് കൊല്ലം നീ ഞങ്ങള്‍ക്കൊപ്പമിരുന്നിട്ടെന്തു നേടി?

കടലില്‍ കവിതയുടെ തോണികള്‍

എരിയുന്ന നെഞ്ചിലെ അണഞ്ഞ തിരി......

കവിയുടെ വാക്കുകളാണ്

ഞങ്ങളുടെ  ലിപിയുടെ ശക്തി

 അവന്‍റെ  കാവ്യമാണ്

ഞങ്ങളുടെ വേദനിച്ച ഹൃദയത്തിനാശ്വാസം

**********                  *********

 സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിന്‍ സര്‍വകലാശാലയില്‍ നിന്ന് ശരിയത്ത് നിയമത്തില്‍ ബിരുദം നേടിയ റുബായിഷ് അഫ്ഗാനിസ്ഥാനില്‍ പോയപ്പോഴാണ് അമേരിക്കന്‍ സൈന്യം പിടികൂടി ഗ്വാണ്ട്വാനാമോ ജയിലില്‍ അടച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ വിട്ടയച്ചു

തടവറയില്‍ കഴിയുന്ന ഏകാകിയുടെ മാനസികാവസ്ഥയാണ് കവിതയില്‍ പറയുന്നതെന്നും ഇതില്‍ കൊലപാതകത്തെ കുറിച്ച് ഒരു വരി പോലും കുറിച്ചിട്ടില്ലെന്നും കവി സച്ചിതാനന്ദന്‍ പറഞ്ഞു. ഈ വിവാദം അനാവശ്യമാണെന്നും കവിത പഠന യോഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്വാണ്ടനാമോ ജയിലില്‍ കഴിയുന്ന സമയത്ത് അല്‍-റുബെയ്ഷി തടവറയുടെ ചുമരുകളില്‍ കുറിച്ച കവിതയാണ് സിലബസ്സില്‍ വന്നിരിക്കുന്നത്.കമലാദാസ്, സില്‍വിയ പ്ലാത്ത്, പാബ്ലോ നെരൂദ തുടങ്ങിയവരുടെ കവിതയോടൊപ്പമാണ് അല്‍-റുബെയ്ഷിയുടെ കവിതയും നല്‍കിയിരിക്കുന്നത്.

 കവി ഇബ്രാഹിം അല്‍ റുബായിസ് ഭീകരനല്ലെന്നും പാകിസ്ഥാനില്‍ അധ്യാപകനായിരുന്നുവെന്നും കവിതാസമാഹാരത്തിന്റെ എഡിറ്റര്‍ മാര്‍ക് ഫാല്‍ക്കോഫ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷകാലം ഗ്വാണ്ടനാമ ജയിലിലടക്കപ്പെട്ട റുബായിസ് അവിടെ വെച്ചാണ് "ഓഡ് ടു സീ" എന്ന കവിത എഴുതിയതെന്നും പറയുന്നു. "പോയംസ്  ഫ്രം ഗ്വാണ്ടനാമ" എന്ന സമാഹാരത്തിലാണ് കവിതയുള്ളത്.

 കവിത വായിക്കുന്ന ആര്‍ക്കും അതില്‍ ഭികര സ്വഭാവമുള്ളതെന്നും കാണാന്‍ കഴിയില്ല...കവിത മോശമാണെന്നും പറയാന്‍ കഴിയില്ല.. സച്ചിതാനന്ദന്‍ പറഞ്ഞപോലെ തടവറയില്‍ കഴിയുന്ന ഏകാകിയുടെ മാനസികാവസ്ഥയായിരിക്കും ഒരു പക്ഷെ കവിതയില്‍ വര്‍ണ്ണിക്കുന്നത്.. കവിയുടെ മേല്‍ ഒരു ചീത്തപ്പേര്‍ നിലനില്‍ക്കുന്നതിനാല്‍ കവിത പിന്‍വലിച്ചിരിക്കുന്നതും ന്യായം. അദേഹം കുറ്റക്കാരന്‍ അല്ല എന്നു തെളിഞ്ഞതിനെ തുടര്‍ന്നു വിട്ടയിച്ചിട്ടും ആരോപണത്തിന്‍റെ  വേരുകള്‍ അദേഹത്തെ പിന്തുടരുന്നു... ആരോപിച്ചവര്‍ തന്നെ ആരോപണം പിന്‍വലിച്ചിട്ടും ആ കറ പോകുന്നില്ല എന്നു വ്യക്തം.ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സുള്ള നമ്മുടെ രാജ്യത്ത് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശ്രെദ്ധിക്കേണ്ട ഒരു ഭാഗമാണിത്...ആരോപിക്കുന്ന കുറ്റങ്ങള്‍ ശരിയല്ലായെന്നു കണ്ടെത്തിയാലും ആ വ്യക്തി പിന്നെയും ക്രൂശിക്കപ്പെടുന്നു.. എന്നതിന് ഒരുദാഹരണം..അത്രമാത്രം.. ഇത്തരം മുറിച്ചുമാറ്റലും പിന്‍വലിക്കലും നമുക്ക് പുത്തരിയൊന്നുമല്ല  ഇതേ കമീഷന്‍ തന്നെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് മറ്റൊരു പാഠഭാഗത്തിലെ ഏതാനും ഖണ്ഡികകള്‍ ഒഴിവാക്കണം എന്ന് നിര്‍ദേശിച്ചത്.  വി.കെ.എന്‍-ന്‍റെ  അധികാരം എന്ന നോവലിലെ ഏതാനും ഭാഗങ്ങളായിരുന്നു  ഇദ്ദേഹം സഭ്യേതരം എന്ന് കണ്ടെത്തിയത്. മതമില്ലാത്ത ജീവന്‍ ഉണ്ടാക്കിയ പൊല്ലാപ്പും നമ്മള്‍ കണ്ടതാണ്...

 ഈ കവിത വായിച്ചാലും പഠിച്ചാലും ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ ഭീകരരാകുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല.ഈ കവിത വായിച്ചിട്ട്  ആരെങ്കിലും അല്‍ക്വയ്ദയില്‍ ചേര്‍ന്നതായി ഇന്നോളം കേട്ടിട്ടുമില്ല..വിവാദം വന്നു; കവിത പിന്‍വലിച്ചു. അപ്പോള്‍ വിവാദം വന്നില്ലായെങ്കിലോ... അല്ക്വയ്ദക്കാരന്‍റെ  കവിത ഇവിടെ കുട്ടികള്‍ പഠിക്കും. പഠിച്ചാല്‍ എന്തു സംഭവിക്കും, ഇവിടെ താലിബാന്‍ അധികാരത്തില്‍ വരുമോ.... കവിയുടെ ജീവചരിത്രം പരിശോധിച്ച് ചാരിത്ര്യശുദ്ധിക്കുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെങ്കില്‍ ആര്‍ഷഭാരതത്തില്‍ പുണ്യമെന്നുപറഞ്ഞു വെള്ളംതൊടാതെ വിഴുങ്ങുന്ന പലതും ചവറ്റുകുട്ടയില്‍ ഇടേണ്ടിവരും.. നമ്മുടെ സാമൂഹ്യപരമായ വിളര്‍ച്ചയുടെ ഒരു ലക്ഷണം മാത്രമാണ് ഈ പിന്‍വലിക്കല്‍.. അതുപോലെ ഈ കവിതതന്നെ പഠിപ്പിച്ചേ അടങ്ങു എന്നു വാശിപിടിക്കുന്നതും ശരിയല്ല...പ്രസ്തുത കവിതപഠിക്കുന്ന കുട്ടികള്‍ ഗ്വണ്ടിനമോ ജയില്‍ ജീവിതം പഠിക്കുമെന്നു പറയുന്നതും ഭോഷത്തമാണ്... ഇതിനെക്കാള്‍ മഹത്തരമായ കവിതകള്‍ നമ്മുടെ കവികള്‍ തന്നെ എഴുതിയിട്ടുണ്ട്... ആദ്യം അത് പഠിപ്പിക്കാം എന്നിട്ടു മതി വിവാദ കവിതകള്‍.. ഈ കവിത പാട്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആളുകളുടെ വിശദികരണം എന്താണ്... അവരിപ്പറയുന്ന ബന്ധങ്ങളൊന്നും  പരിശോധിച്ചില്ലേ... കവിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറയുന്നുണ്ട് ഒന്നൊഴിച്ച് അല്‍ക്വയ്ദാ ബന്ധം.....ബാക്കിയുള്ള എല്ലാ വിവരങ്ങളും കിട്ടിയപ്പോള്‍ ഇതുമാത്രം എങ്ങനെ കിട്ടാതെപോയി.. അതോ ഈ കവിതയിലൂടെ സാമൂഹ്യഉദ്ബോധനം ഉണ്ടാകുമെന്ന ധാരണയാണോ ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്. സമതിയിലുള്ളത് അല്‍ക്വയ്ദ ചാരന്മാരൊന്നും അല്ലല്ലോ...  ആണോ.. കുഴപ്പമെല്ലാം കവിയുടെയും കവിതയുടെയും പുറത്തുചാരി പ്രശ്നം തീര്‍ത്തു.. ഇവിടെ കവിയും കവിതയും അല്ല പ്രശ്നം...ഇത്തരം വിവാദ കൃതികള്‍ പാഠപുസ്തങ്ങളാക്കി വിതരണം ചെയ്യുന്നവരാണ് പ്രശ്നക്കാര്‍.. അവരെ സംരക്ഷിച്ചുകൊണ്ട് എങ്ങോകിടക്കുന്ന കവിയേയും അദേഹത്തിന്‍റെ  കവിതയേയും തെറിവിളിക്കുന്നത്‌ ഭൂഷണമല്ല.. അത്ര നിര്‍ബന്ധമാണെങ്കില്‍ റഫറന്‍സ് പുസ്തകങ്ങളുടെ നിരയില്‍ പെടുത്താമെന്നതെയുള്ളൂ...

. ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിശ് ഇവിടെ ആരോടും പറഞ്ഞിട്ടില്ല തന്‍റെ കവിത പാഠപുസ്തമാക്കി പഠിപ്പിക്കണമെന്നും അതിന്‍റെ റോയല്‍റ്റി അയച്ചു തരണമെന്നും; ഉണ്ടെങ്കില്‍ അതു വ്യക്തമാക്കണം...അതുകൊണ്ട് കവിത പിന്‍വലിക്കല്‍ അല്ല പരിഹാരം..ഇതു പരിഗണിച്ച ആ വിദഗ്ധര്‍ക്കാണ് തെറ്റിയത് ...ഇവിടുത്തെ സാമ്പ്രദായിക രീതികള്‍ എന്താണെന്നുപോലും അറിയാതെ വേണ്ടാത്ത വയ്യാവേലികള്‍ എല്ലാം കെട്ടിവലിക്കുന്ന ഇത്തരക്കാരാണ് ഇവിടെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നു പറഞ്ഞു ആശ്വസിക്കാം.....അല്ലാതെ കവി എന്തുപിഴച്ചു..ആദ്യം പന്തിയറിഞ്ഞു വിളമ്പാന്‍ പഠിക്കു..എന്നിട്ടാകാം ബാക്കി.....അല്ലേ പണ്ഡിതരെ....    

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെ താന്‍
മാറ്റുവിന്‍ ചട്ടങ്ങളെ...
കാലം വൈകിപ്പോയി കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി
കെട്ടിനിറുത്താന്‍  കഴിയാതെ ദുര്‍ബ്ബല-
പ്പെട്ട ചരടില്‍ ജനത നില്‍ക്കാം. ..”....ഇതൊക്കെ കാണുമ്പൊള്‍, ആശാന് പിഴച്ചോ എന്നൊരു സംശയം..ഇവിടെ ഒന്നും പഴകിയിട്ടില്ല..അവസ്ഥ ഇപ്പോഴും സ്വാമി പറഞ്ഞതുപോലെതന്നെ.........ഭ്രാന്താലയം....


 പത്തുവര്‍ഷത്തെ സ്കൂള്‍ പഠനത്തില്‍ ഇന്ത്യാചരിത്രം പഠിക്കുമ്പോള്‍ ഗാന്ധിജി ആദ്യമായി സമരത്തിനിറങ്ങിയ നീലം കര്‍ഷകരുടെ ചമ്പാരന്‍ സമരവും, ഉപ്പുസത്യാഗ്രഹവും, നിസ്സഹരണ സമരവും, അടിച്ചമര്‍ത്തലുകളും, ജാലിയന്‍ബാലബാഗ് ദുരന്തവും, സുഭാഷ്‌ചന്ദ്രബോസ്,തിലകന്‍, ഭഗത്സിംഗ്, ലാലാലജ്പത് റായ്, രാജാറാം മോഹന്‍ റായ്  തുടങ്ങിയ നമ്മുടെ ചരിത്രനായകന്മ്മാരും ഒറ്റ വാക്കില്‍ ഉത്തരത്തില്‍ ഒതുങ്ങുമ്പോള്‍ ടെല്‍ഹൌസി, മെക്കാളെ, വാറന്‍ ഹോസ്റിംഗ് ഭരണപരിഷ്ക്കാരങ്ങളെക്കുറിച്ചു പത്തുപേജില്‍ ഉപന്യാസം എഴുതാന്‍ ആവശ്യപ്പെടുന്നതാണ് നമ്മുടെ വിദ്യാഭ്യാസരീതി.വിദേശഭരണത്തില്‍ പിടഞ്ഞുവീണ സ്വന്തം ജനതയുടെ ചരിത്രത്തെക്കാള്‍ അധിനിവേശശക്തികളുടെ അടിച്ചമര്‍ത്തലിനിടയില്‍ അവര്‍ വലിച്ചെറിഞ്ഞുതന്ന ഉച്ചിഷ്ടങ്ങളെ മൃഷ്ടാന്നഭോജനമായി കരുതി, അതാണ് ചരിത്രമെന്ന് പഠിക്കുന്ന നമ്മളാണ്,,,,, അമേരിക്ക ഭീകരനാക്കിയ ഇബ്രാഹിം അല്‍ റബൈഷിനു അയിത്തം കല്‍പ്പിച്ചത്. അമേരിക്ക പറഞ്ഞതുകൊണ്ട് കവി ഭികരനായി, കവിത അല്ക്വയിദ കവിതയുമായി..ശരിയും തെറ്റും വെളിപ്പെട്ടിട്ടും അതിനു മാറ്റമില്ല. നമ്മളെ ബാധിച്ച ജീര്‍ണ്ണതയുടെ ആഴം മനസിലാക്കാന്‍ കഴിയാത്ത ചിലര്‍ കവിതയെ പാട്യപധ്തിയില്‍ ഉള്‍പ്പെടുത്തി.കവിയ്ക്കും കവിതയ്ക്കും അയിത്തം കല്‍പ്പിച്ച സ്ഥിതിയ്ക്ക് .ഇനി അത് ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ  സ്മാര്‍ത്തവിചാരണ ആവാം..സംസ്കൃതിയുടെ ഭാഗമായ ആദികാവ്യമെഴുതിയ വാല്മികിയുടെ മുന്‍കാലചരിത്രം വായിച്ചുകൊണ്ട് വിചാരണ തുടങ്ങാം...

11 comments:

  1. കവിത വായിക്കുമ്പോള്‍ കവിയുടെ രീതികള്‍ നോക്കാന്‍ പോയാല്‍ മലയാളത്തിലെ പല കവികളും കുടിയന്മ്മാരും പിടിയന്മ്മാരും ആണെന്നു പറയേണ്ടി വരും...

    ReplyDelete
    Replies
    1. ചിലപ്പോള്‍ അങ്ങനേയും പറയാം

      Delete
  2. വളരെ ശരിയായ കാര്യം; നമ്മുടെ നാട്ടിലെ ചരിത്രനായകരുടെ ജീവചരിത്രത്തെക്കാള്‍ , സായിപ്പിന്‍റെ കഥകള്‍ക്ക് പ്രാധാന്യം നല്‍കുന്ന, നമ്മുടെ ഉന്നതമെന്നു വീമ്പ് പറയുന്ന ; വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇതൊന്നും പുത്തരിയല്ല.

    ReplyDelete
    Replies
    1. ഞാനും യോജിക്കുന്നു

      Delete
  3. അവിശ്വാസിയുടെ തുടലുകളുടെ ബന്ധനത്തിലല്ലായിരുന്നുവെങ്കില്‍
    ഞാന്‍ നിന്നിലേക്കൂളിയിട്ടെന്‍റെ

    It would be good to see how he refered to "Avisvasi" on the original.

    ReplyDelete
    Replies
    1. '''''Were it not for the chains of the faithless, I would have dived into you'''

      Delete
  4. ഇതിനെക്കാള്‍ മഹത്തരമായ കവിതകള്‍ നമ്മുടെ കവികള്‍ തന്നെ എഴുതിയിട്ടുണ്ട്... ആദ്യം അത് പഠിപ്പിക്കാം എന്നിട്ടു മതി വിവാദ കവിതകള്‍..

    ലൈക് ഇറ്റ്!

    ReplyDelete
    Replies
    1. ..നമുക്ക് ഉള്ളപ്പോള്‍ നാമെന്തിനു വേറെ അന്വേഷിക്കണം

      Delete
  5. ശ്യാം മോഹന്‍August 5, 2013 at 10:54 AM

    മാഷ് പറഞ്ഞിരിക്കുന്നത് വളരെ ശരിയാണ്..രാജ്യത്തിനുള്ളില്‍ ഭീകര പ്രവര്‍ത്തനം നടത്തിയ ഭീകരര്‍ ഇവിടെ സുഖമായി ജയിലില്‍ കഴിയുന്നു..മന്ത്രിയുടെ മകള്‍ക്ക് വേണ്ടി ഭീകരനെ അവന്‍ പറഞ്ഞ സ്ഥലത്തു സൈനിക വിമാനത്തില്‍ കൊണ്ടുപോയി വിടുന്നു..മുംബെ ആക്രമണം നടത്തിയ കസബിനെ ശിക്ഷിച്ചതുപോലും പേടിച്ച്.ആക്രമണം പ്ലാന്‍ ചെയ്താ ഹെഡ് ലി അമേരിക്കയില്‍ സുഖമായി കഴിയുന്നു.ഒന്നു ചോദ്യം ചെയ്യാന്‍ പോലും നമുക്ക് കഴിഞ്ഞിട്ടില്ല...ഗുജറാത്ത് കലാപം നടത്തിയ അഭ്യന്തര ഭീകരന്‍ പണവും അധികാരവും ഉപയോഗിച്ച് ഇപ്പോഴും നാടുഭാരിക്കുന്നു..എന്നിട്ടാണിപ്പോള്‍ ഒരു കവിയും കവിതയും ഭീകരത ഉണ്ടാക്കും എന്നു പറഞ്ഞു ചിലര്‍ ബഹളം വയ്ക്കുന്നത്..ഇതിനു പിന്നില്‍ ബഹളം വയ്ക്കുന്ന കൈകളും പരിശുധമല്ല...കുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം നിരവധി ജീവനുകള്‍ ചുട്ടു കൊന്ന ആള്‍ക്കാരാണ് ഇവിടെ ഒരു കവിതയ്ക്കെതിരെ മുറവിളി കൂട്ടുന്നത്‌..

    ReplyDelete
    Replies
    1. ഓരോത്തര്‍ക്കും ഓരോന്നിനും ഓരോ കാരണങ്ങള്‍..

      Delete