കഴിഞ്ഞ ഒരാഴ്ചയായി ലീവെടുത്ത് ആരുമറിയാതെ വീട്ടില്‍
കൂടുകയായിരുന്നു... അത് ഇന്നത്തോടെ നിറുത്തി. അയല്‍ക്കാരോടും സുഹൃത്തുക്കളോടും മറ്റും
പറഞ്ഞിരുന്നത് വാതത്തിന്‍റെ അസുഖത്തിനു തിരുമ്മാന്‍ പോവുകയാണെന്നാണ്.. ഒരാഴ്ച്ച
എണ്ണപ്പാത്തിയില്‍ക്കിടക്കണമെന്നും സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍, ആപ്പിളും,
ഓറഞ്ചും, മുന്തിരിയുമൊക്കെ പൊതിഞ്ഞുകെട്ടി ആരും കാണാന്‍ വരേണ്ടയെന്നും
അറിയിച്ചിരുന്നു. സത്യത്തില്‍ എങ്ങുംപോകാതെ വീട്ടില്‍ത്തന്നെയായിരുന്നു.
എന്നുവെച്ചു ചുമ്മായിരിക്കുകയൊന്നു മല്ലായിരുന്നു.നല്ല ജോലിതന്നെയായിരുന്നു. പക്ഷെ
ഷെഡ്യൂള്‍ ഒന്നു മാറ്റി, രാത്രി ജോലി; പകല്‍ ഉറക്കം. അങ്ങനെയായിരുന്നു ജോലി... അതുകൊണ്ട് പകല്‍വെളിച്ചത്തില്‍ വീടിനുപുറത്തിറങ്ങിയതേയില്ല...
ജോലിയുടെ സ്വഭാവം അതീവ രഹസ്യമായിരുന്നതിനാല്‍ ..ഭാര്യയോട്
മാത്രം പറഞ്ഞു .. കുട്ടികളോടോന്നും പറഞ്ഞില്ല. രാത്രി അവര്‍ ഉറങ്ങുമ്പോള്‍
ജോലിക്കിറങ്ങും രാവിലെ അവര്‍ സ്കൂളില്‍ പോയാല്‍ മുറിയില്‍ക്കയറി ഉറക്കം
തുടങ്ങും....അതുകൊണ്ട് ആര്‍ക്കും ഒരു സംശയവും തോന്നിയില്ല..
ജീവിതത്തിന്‍റെ
ഭാവിയെക്കുറിച്ചറിയാനുള്ള അതിയായ ആഗ്രഹത്തിന്‍റെ പുറത്താണ്, ഊറ്റുകാല്‍ വാതാകൃഷ്ണന്‍റെയും,
‘’’’മ’’’’ പ്രസിദ്ധികരണങ്ങളുടെ വാരഫലം കോളത്തിന്‍റെയും ആരാധകനായി മാറിയത്.. ഇത്രയുംകാലം ഭരണിയില്‍
ശനിയും, ആസനത്തില്‍ കുജനുമൊക്കെയായിരുന്നു... അഷ്ടമത്തില്‍ ചൊവ്വായും, രാഹുവില്‍
ഗുളികന്‍റെ വിലസലുമൊക്കെ നോക്കി വായുഗുളികയും കഴിച്ച് വയറുംതടവി
ഇരിക്കുന്നതിനിടയിലാണ് പുതിയ ആഴ്ചയിലെ ഫലംവന്നത്...
ധനസിദ്ധി, സാമ്പത്തിക നേട്ടം ,വീട്, കാറു ,സ്ഥലം തുടങ്ങിയവ വാങ്ങാന്‍ യോഗം,,,, ഭഗവാനെ
സമയം തെളിഞ്ഞുന്നാ തോന്നുന്നത്... തുടര്‍ന്ന്‍ അന്തംവിട്ട അജ്ഞാതം നോക്കി; ഊറ്റുകാലും
അതുതന്നെ പറയുന്നു... രാത്രി വാരഫലവും കെട്ടിപ്പിടിച്ച് ഉറങ്ങുമ്പോള്‍;,,,, അതാ
ഒരു സുന്ദരസ്വപ്നം ..തെക്കെപ്പുറത്തെ വയസന്‍ മാവിനോടു ചേര്‍ന്നുള്ള നടപ്പാതയ്ക്ക്
സമീപം നിധികുംഭം മറഞ്ഞുകിടക്കുന്നു...
പണ്ട് വീടിനോടുചേര്‍ന്ന് കക്കൂസിനു കുഴിയെടുത്തപ്പോള്‍ ഒരു പെട്ടി കിട്ടിയതാണ്... അന്നതിനകത്തു
പഴയ കുറച്ചു തുണിക്കഷ്ണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ... മുത്തശ്ശിയുടെ
കല്യാണത്തിന് കിട്ടിയ ട്രങ്ക് പെട്ടിയാണെന്നു പറഞ്ഞു സംഭവം തള്ളിക്കളഞ്ഞു.. ഇപ്പോഴിതാ
വീണ്ടും ഒരു സ്വപ്നപ്പെട്ടി കാണുന്നു... പെട്ടിയില്‍ നിറയെ സ്വര്‍ണ്ണനാണയങ്ങളാണ്
കാണുന്നത്... തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അടുത്തുകിടക്കുന്ന ഭാര്യ നിങ്ങള്‍ക്കെന്നാ
വട്ടാണോ മനുഷ്യാ,,, എന്ന ശബ്ധത്തില്‍ പ്രതികരിച്ചത്... അതുകൊണ്ട് നിധിയുടെ അളവ്
കണക്കാക്കാന്‍ കഴിഞ്ഞില്ല.. ഉറക്കം നഷ്ടപ്പെട്ടെങ്കിലും സ്വപ്നം വിടാതെ പിന്തുടരുന്നു.. പണ്ട് ടിപ്പുവിന്‍റെ
പടയോട്ടം നടന്ന സ്ഥലമാണ്. നിരവധി ധനകാര്യസ്ഥാപനങ്ങള്‍ അങ്ങേര് കൊള്ളയടിച്ചിരുന്നതായാണ് പറയുന്നത്... പോരാത്തതിന്
പഴശ്ശിയുടെ പടയും ഇതിലെ പോയിട്ടുണ്ട്... ഭാരംകാരണം ചുമക്കാന്‍ പറ്റാത്ത നിധിപ്പെട്ടി പോയപോക്കില്‍ ലെവന്മാര്‍ ഇവിടെയെങ്ങാനും
താത്തിയിരുന്നോയെന്നൊന്നും പറയാന്‍ കഴിയില്ല... സര്ക്കാരുപോലും കണിയാന്‍റെ
വാക്കുകേട്ട് നിധിക്കുവേണ്ടി ഭൂമിതുരക്കുന്ന കാലമാണ്... ഏതോ ആസാമി സ്വപ്നംകണ്ടെന്നു
പറഞ്ഞാണ് പുരാവസ്തു വകുപ്പ് ഉന്നാവോയില്‍ രാജറാവു ബക്‌സിന്‍റെ
ദൗണ്ടിയഖേഡ കോട്ടയില്‍ നിധിക്കായി ഭൂമി കുഴിക്കുന്നത്.. ഇതേവരെ ഒരു മൊട്ടുസൂചിപോലും
കുഴിച്ചിട്ടു കിട്ടിയില്ല... ചെമ്പരത്തിപൂവ് ചെവിയില്‍ത്തിരുകി പുരാവസ്തുകാര് സ്വാമി
ശോഭന്‍ സര്‍ക്കാര്‍ സ്വപ്നത്തില്‍ കണ്ട ദൗണ്ടിയഖേഡയിലെ 1000 ടണ്ണിന്‍റെ സ്വര്‍ണത്തിനായി ഇപ്പോഴും ഭൂമികുഴിക്കല്‍ തുടരുന്നു... അവിടെ
മുടക്കിയ പണത്തിനു, നാലു കുഴല്‍ക്കിണര്‍ താഴ്ത്തി കൊടുത്തിരുന്നേല്‍ പ്രദേശവാസികള്‍ക്ക്
കുടിവെള്ളമെങ്കിലും കിട്ടിയേനെ... ഫൈലന്‍ ചുഴലി പ്രവചനത്തില്‍ അമേരിക്കയുടെ പ്രവചനത്തേക്കാള്‍
നമ്മുടെ പ്രവചനമാണ് ഫലിച്ചതെന്നു പറഞ്ഞു വീമ്പടിച്ചു കഴിഞ്ഞില്ല... അതിനുമുന്‍പെ
സ്വപ്നത്തിലെ നിധിക്കായി നമ്മുടെ സര്‍ക്കാര്‍ ഭൂമികുഴിക്കാനും തുടങ്ങി... ഒരു
ചക്കയിട്ടപ്പോള്‍ മുയല് ചത്തു; അതുകൊണ്ട് തുടരെ ചക്കയിടാമെന്നാണോ.?.. നമ്മുടെ
ശാസ്ത്രപുരോഗതി ഗംഭീരമെന്നു സായിപ്പിനും ഇനി തോന്നും...
ഖജനാവില്‍
ചില്ലിക്കാശുപോലും എടുക്കാനില്ലാത്തതിനാല്‍ ഇനി നിധിയിലാണ് പ്രതിക്ഷ... ഇതു
കിട്ടിയിട്ടുവേണം ഒറീസയില്‍ വെള്ളപ്പൊക്കദുരിതാശ്വാസത്തുക അനുവദിക്കാന്‍.....കോഴിക്ക്
മുലവരാന്‍ കാത്തിരിക്കുന്നതുപോലെ സ്വപ്നത്തിലെ നിധിയ്ക്കായി നമുക്ക്
കാത്തിരിക്കാം... നമ്മുടെ നേതാക്കളുടെ സ്വിസ്സ് ബാങ്കിലെ കള്ളപ്പണം
പിടിച്ചെടുത്താല്‍ മാത്രംമതി രാജ്യം രക്ഷപെടാന്‍,,, സ്വപ്നം അല്ലാത്ത ഈ യാഥാര്‍ത്ഥ്യം
ആരും കണ്ടഭാവം നടിക്കുന്നില്ല... സ്വപ്നത്തിലാണ് നമ്മള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്...
കൈനോട്ടം മഷിനോട്ടം, നിധിനോട്ടം, സ്വപ്നവ്യാഖ്യാനം തുടങ്ങിയ ശാസ്ത്രങ്ങളെ കൂടുതല്‍
ജനകീയ വല്ക്കരിച്ചുകൊണ്ട് യൂണിവേഴ്സിറ്റിലെവല്‍ കോഴ്സുകള്‍ തുടങ്ങി പ്രഗല്ഭരെ
വിരിയിച്ചെടുത്താല്‍ നിധിനോട്ടം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആരംഭിക്കാം..കുറച്ചു
പേര്‍ക്ക് തൊഴിലും കിട്ടും... ഉറച്ചുകിടക്കുന്ന ഭൂമിയെല്ലാം ഇളകികിട്ടുകയും
ചെയ്യും...കര്‍ഷകരെ സംബന്ധിച്ച് ഇതു ഉപകരപ്രദമാണ്..ഉഴുതുമറിച്ചഭൂമിയില്‍പ്പിന്നെ
വിത്തെറിഞ്ഞാല്‍ മതിയല്ലോ,,,,
സര്‍ക്കാരിനു
കുഴിക്കാമെങ്കില്‍ നമ്മളായിട്ട് എന്തിനു മാറിനില്‍ക്കണം.. പണ്ടുകണ്ട ചില
സ്വപ്നങ്ങളൊക്കെ ഫലിച്ചിട്ടുമുണ്ട്.... അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കണക്ക്
പരീക്ഷയ്ക്ക് മാര്‍ക്ക് പൂജ്യമായിരിക്കുമെന്നു സ്വപ്നം കണ്ടതാണ്.. പേപ്പര്‍
കിട്ടിയപ്പോള്‍ സ്വപ്നം അച്ചിട്ടായി ഫലിച്ചു. മാര്‍ക്ക് പൂജ്യംതന്നെ,, അന്ന് അതിനു
അച്ഛന്‍ തന്ന സമ്മാനം തെളിവായി തുടയില്‍ രണ്ടിച്ചു കനത്തില്‍ വടുകായി ഇപ്പോഴും
കിടപ്പുണ്ട്...അതുകൊണ്ട് കണ്ട സ്വപ്നം തെറ്റാന്‍ വഴിയില്ല...
സ്വപ്നത്തില്‍ക്കണ്ട സ്ഥലവും വീട്ടുപറമ്പിലെ
സ്ഥലവും ഒത്തുനോക്കി..ആരും കാണാതെ അടയാളം വെച്ചു.. മാവിനോടു ചേര്‍ന്ന്
അയല്പക്കകാര്‍ നടക്കുന്ന വഴിയുടെ അരികിലാണ് സ്ഥലം.. ആളെക്കൂട്ടി കുഴിക്കാമെന്നു
വെച്ചാല്‍, നിധികിട്ടിയാല്‍ വിഹിതം കൊടുക്കേണ്ടിവരും. മാത്രമല്ല വാര്‍ത്ത
പുറത്തായാല്‍ നിധിമുഴുവന്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും സാധ്യതയുണ്ട്... അതുകൊണ്ടാണ്
ഒറ്റയ്ക്ക് കുഴിക്കാന്‍ തീരുമാനിച്ചത്... നാട്ടുകാരാരും കാണാതിരിക്കാന്‍ രാത്രിയില്‍
കുഴിക്കാമെന്നുവെച്ചു. എല്ലാവരും ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഴിക്കാന്‍ തുടങ്ങും
..വെളുപ്പിന് പണിനിറുത്തിവീട്ടിലെത്തും, ആര്‍ക്കും സ്ഥലംകണ്ടാല്‍ ഒരു സംശയവുംതോന്നാതിരിക്കാന്‍
കുഴിയുടെപുറത്ത് ഇല്ലിനിരത്തി ഇലയിട്ടുമൂടി... അങ്ങനെ ഒരാഴ്ച്ചകൊണ്ട് അഞ്ചുമീറ്റര്‍
താഴ്ന്നു.. മണ്ണിനു കുറച്ചു നനവ് കാണുന്നതല്ലാതെ നിധിയുടെ ലക്ഷണമൊന്നും ഇതുവരെകണ്ടില്ല..
പക്ഷെ സ്വപ്നത്തിലെ സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടിട്ടു കുഴിക്കാല്‍ നിറുത്താനും
കഴിയുന്നില്ല.. ഏതായാലും കുറച്ചു രാത്രികൂടെ കുഴിക്കാമെന്നുവെച്ചു... ഈ രാത്രി വെളുത്തവാവായതിനാല്‍
കുഴിക്കല്‍ തുടങ്ങാന്‍ പത്തുമണികഴിയട്ടെയെന്നു വിചാരിച്ചു പിക്കാസും, തൂമ്പയും,
കൊട്ടയുമൊക്കെയെടുത്ത് അടുക്കളവശത്തു കൂനിക്കൂടി ഇരിക്കുമ്പോഴാണ്, പറമ്പില്‍നിന്നും
ചക്കവെട്ടിയിടുന്ന പോലൊരു ഒച്ചയും തുടര്‍ന്ന്‍ അകമ്പടിയായി അലര്‍ച്ചയും നിലവിളിയും
കേട്ടത്.. ഒറ്റച്ചാട്ടത്തിനു അകത്തുകയറി കതകടച്ചു.. വാവുരാത്രികളില്‍ തെക്കുവശത്തോടെ ഒരു പോക്കുണ്ടെന്ന്
കാരണവന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് അതായിരിക്കും. നെവര്‍ മൈന്‍ഡ്...... ഒരുമണിക്കൂര്‍
കഴിഞ്ഞ് ഒച്ചയുമനക്കവുമൊന്നും കേള്‍ക്കുന്നില്ലായെന്നു ഉറപ്പുവരുത്തിയ
ശേഷമാണ് കഴിയുടെ അടുത്തെത്തിയത്...
ഇല്ലിനിരത്തി ഇലയിട്ടുമൂടിയ കുഴിയുടെ മുകല്പരപ്പില്‍ ഒരു ദ്വാരം വീണിട്ടുണ്ട്.. ഒരു
വശം പൊളിഞ്ഞിരിക്കുന്നു..കുഴിയുടെ വക്കില്‍ക്കിടന്ന്‍ ഉള്ളിലേക്ക് ചെവിയോര്‍ത്തുനോക്കി;..
ഇല്ല... അകത്ത് അനക്കമൊന്നുമില്ല,,, മുന്പ്കെട്ട അലര്‍ച്ചയുംനിലവിളിയും, കുഴിയുടെ മൂടിക്കുവീണ
ദ്വാരവും തമ്മില്‍ വല്ല
ബന്ധവുമുണ്ടോയെന്നറിയില്ല .. ഇനി ആരെങ്കിലും നിധിയുടെ കാര്യമറിഞ്ഞു കുഴിയില്‍
ഇറങ്ങിയോയെന്നാണ് പേടി.. കുഴിയിലിറങ്ങി കുറച്ചു മണ്ണു കോരിയതെയുള്ളൂ, നല്ല ഉരുണ്ട
സാധനങ്ങള്‍ കിട്ടാന്‍ തുടങ്ങി...നോക്കിയപ്പോള്‍ സവോള... ഇനിയിപ്പോ സവോളയിലായിരിക്കുമോ
ഭാഗ്യം വരുന്നത്...എല്ലാം പെറുക്കിയെടുത്തു... ഒരു ചെറിയകുട്ടനിറയെയുണ്ട്... ഉള്ളിയെങ്കില്‍
ഉള്ളി, കിലോയ്ക്ക് നൂറാണ് വില, മറിച്ചുവില്‍ക്കാം... പിന്നിടങ്ങോട്ട് ആഞ്ഞു
കുഴിച്ചു.. പുലരുംവരെ കുഴിച്ചെങ്കിലും ഉള്ളിപോയിട്ട് ഉള്ളിത്തോലിപോലും കിട്ടിയില്ല...
കുഴി ഇലയിട്ടുമൂടി ,കിട്ടിയ സവോളയും കുട്ടയിലെടുത്തു തിരിച്ചുപോന്നു... കുളികഴിഞ്ഞ്
രാവിലത്തെ ചായയും കുടിച്ച് മുറിയില്‍ക്കയറി കതകടച്ച് ഉറങ്ങാന്‍ കിടന്നു... ഭാര്യയും മക്കളും
പതിവ്പോലെ സ്കൂളിലേക്കും പോയി... നിധിയ്ക്ക് പകരം സവോള കിട്ടിയകാര്യം ഭാര്യയോട്
പറയാന്‍ മറന്നുപോയി... ങ്ഹാ,,,, ഇനി വൈകിട്ടുപറയാമെന്നു കരുതി...
വൈകിട്ട്
ഭാര്യയാണ് വിവരം പറഞ്ഞത്... അയല്പക്കക്കാരന്‍ കേശവന്‍ ഇന്നലെ രാത്രിയില്‍
വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഏതോ കിണറില്‍ വീണിരിക്കുന്നു.. പക്ഷെ അങ്ങനെയൊരു കിണര്‍ അയാള്‍ ഇതിനു മുന്പ് കണ്ടിട്ടേയില്ല
പോലും...ബിരിയാണി ഉണ്ടാക്കാന്‍ വാങ്ങിയ അഞ്ചുകിലോ സവോളയും കിണറ്റില്‍പ്പോയി എന്നാണ്
വിവരം ..കിണറ്റില്‍ വെള്ളമില്ലായിരുന്നത്കൊണ്ട് ഒരു വിധം വലിഞ്ഞു കേറി വീട്ടിലെത്തിപോലും...
കൈയ്ക്കും കാലിനും പൊട്ടലുണ്ടെന്ന കേട്ടത്... രാവിലെ ആളുകള്‍ പ്രദേശം മുഴുവന്‍
തപ്പിനോക്കിയിട്ട് അവിടെയെങ്ങും ഒരു
കിണറും കണ്ടില്ല.. നഷ്ടപ്പെട്ട സവോളയെക്കുറിച്ചും വിവരമില്ല. ഉള്ളി
തട്ടിയെടുക്കാന്‍ ആരെങ്കിലും ചെയ്തതാണെന്നാ പൊതുവേ സംസാരം. ഏതായാലും പോലിസ് കേസ്
എടുത്തിട്ടുണ്ട്...
എന്‍റെ
സംശയം ഇനി അയാള്‍ നമ്മുടെ നിധിക്കുഴിയിലേങ്ങാനും......!!!!!!! ...
മിണ്ടെല്ലെടീ
മണ്ടി,,,,,,,,, നീ ഈ സംശയം ആരോടെങ്കിലും പറഞ്ഞോ.?????
ഇല്ല ..
ഹോ
രക്ഷപെട്ടു ..എന്നാലിനി ഈ കാര്യത്തിനായി വായ തുറക്കരുത്... ജയിലില്‍
കിടക്കേണ്ടിവരും പറഞ്ഞേക്കാം...
ഭഗവാനെ പണി പാളി.. ലീവ് ക്യാന്‍സലാക്കി ഇന്നു
സ്കൂളില്‍ പോകണം... തല്ക്കാലം ഖനനം നിറുത്തിയില്ലെങ്കില്‍ ധനനഷ്ടത്തിനും
മാനഹാനിക്കും സാദ്ധ്യത കാണുന്നുണ്ട്..... അങ്ങനെ നിധിവേട്ടയുടെ ആപ്പിസ് പൂട്ടി. പറമ്പില്‍
ഒരു കുഴിയായത് മിച്ചം ..സാരമില്ല, മഴവെള്ള സംഭരണിയാക്കാം ..കിട്ടിയ സവോള കേശവനു
തിരിച്ചു കൊടുക്കാമെന്നുവെച്ചാല്‍ ആശ്പത്രിച്ചിലവ് മാത്രമല്ല കേസിനും
തൂങ്ങേണ്ടിവരും... അതുകൊണ്ട് നിധിവേട്ടയില്‍ കിട്ടിയ സവോള ലാഭമെന്നുകരുതി
സായൂജ്യമടയാം....
:) ഹ ഹ ഹ
ReplyDeleteആ സ്വിസ് ബാങ്ക് ഒന്ന് കുഴിക്കാൻ നമ്മുടെ സർക്കാരിന് തോന്നില്ലല്ലൊ
ഉള്ളിശ്വരനെ നമഹാ .....എല്ലാ പ്രങ്ങ്യാസങ്ങളും സുകപ്പെടും
ReplyDeleteഹ ഹ ഹ..പാവം കേശവന്‍ !!
ReplyDeleteഉള്ളിയും ഒരു നിധി തന്നെ !!
അങ്ങനെ ആ പ്രതീക്ഷയും പോയി!
ReplyDeleteകൊള്ളാം സൂപ്പര്‍ അയിട്ടുണ്ട്..
ReplyDeleteരസകരമായി അവതരിപ്പിച്ചു.
ReplyDeleteഉള്ളി തന്നെ താരം
ReplyDeleteഖനനം നിറുത്തിയതായി പറയുന്നു...എല്ലാത്തിനെയും ഊളമ്പാറയില്‍ അഡ്മിറ്റ് ചെയ്യാനാണ് നീക്കം..സ്വാമി ഇടുക്കി ഗോള്‍ഡ് സ്ഥിരമായി വലിക്കുന്ന ആളാണു പോലും
ReplyDeleteകുഴിയിലായി...അങ്ങനെ പറയാം...
ReplyDeleteകുഴിമടിയന്മാർ നിധി കുഴിക്കുന്നു,,,
ReplyDeleteപൊട്ടിപ്പോയ നിധികുംഭം വിരൽകൊണ്ട് അടച്ച ഒരു സ്വപ്നകഥ
ReplyDeleteമുൻപ് കേട്ടിട്ടുണ്ട് അതിൽ ഭാര്യക്കുണ്ടായ വിഷമം ചില്ലറയല്ല ...