**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, September 30, 2013

ശിങ്കാരവേലനും ചൊറികുത്തിയ വേലന്മാരും



വിദ്യാധരന്‍റെ  വ്യാകുല ചിന്തകള്‍
 ഓണത്തിനു കുടുംബസമേതം ഒരു സിനിമാ കാണാമെന്നു കരുതിയാണ് ശിങ്കരാവേലന്‍റെ  വേലകാണാന്‍ പോയത്. പഴയ ശിങ്കരവേലന്‍ കാതല്‍മന്നന്‍  കമലാഹാസന്‍ ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്, പുതിയ അവതാരവേലനെ ആകാംഷയോടെ കാത്തിരുന്നു... പണിയൊന്നുമില്ലാത്ത ചപ്ലചിപ്ല കളിക്കുന്ന വേലന്‍, പട്ടുകോണാനുമുടുത്തു കോവിലകത്തെ തമ്പുരാട്ടിയെ പട്ടുസാരി ഉടുപ്പിക്കുന്നതോടെ ട്വിസ്റ്റ് ആരംഭിക്കുകയായി... വേലനും തമ്പുരാട്ടിയും തമ്മിലുള്ള പ്രേമം, കല്യാണി കളവാണി രൂപത്തില്‍ അഴിഞ്ഞടുമ്പോള്‍ അധോലോകം ഇടപെടുന്നു... തമ്പുരാട്ടിയുടെ അച്ഛന്‍ അധോലോകം; തമ്പുരാട്ടിയെ തട്ടാന്‍ വേറൊരു അധോലോകം,,,,,, അധോലോകം, അധോലോകം അതിനിടയില്‍ ജയിംസ്ബോണ്ടാകുന്ന വേലന്‍....വേലന്‍ അധോലോകം, അധോലോകം വേലന്‍,,,ഇതിനിടയില്‍ എവിടുന്നേ വന്ന അധോവായുവിന്‍റെ ചീഞ്ഞനാറ്റം, വെടി, പട, പുക അങ്ങനെ ആകെ ജഗപൊക ഒടുവില്‍ എല്ലാ അധോലോകത്തിന്‍റെയും നെഞ്ചില്‍ പൊങ്കാലയിട്ടുകൊണ്ട് വേലന്‍ തമ്പുരാട്ടിയോടു ചേരുമ്പോള്‍ ഈ ഓണക്കാലത്തെ ഒരു മഹാദുരന്തം അവസാനിക്കുന്നു...

 ചെളിവെള്ളം തെറിക്കാതെ, മുണ്ടും ചെരച്ചുകേറ്റി മഴയുംനനഞ്ഞ്, ഉന്തുംതള്ളും നടന്ന ക്യൂവില്‍നിന്നുകൊണ്ട് അള്ളിപ്പിടിച്ചു കൈക്കലാക്കിയ ടിക്കറ്റിന്‍റെ  തിരുശേഷിപ്പ് രണ്ടരമണിക്കുറിനു ശേക്ഷം ചുരുട്ടിക്കൂട്ടി വലിച്ചെറിയുമ്പോള്‍, കാശുപോയതിന്‍റെ ദുഃഖം നല്ല ഒന്നാംതരം രണ്ട് തെറിവിളിയിലൊതുക്കി ആത്മസംതൃപ്തിയടഞ്ഞു. പഴത്തൊലി ചവിട്ടിയുള്ള തെന്നല്‍ , ചാണാക്കുഴിയിലേക്ക് ഒരു വീഴ്ച, പട്ടികടിക്കാന്‍ ഓടിക്കുമ്പോള്‍ തോട്ടിലെക്കൊരു ചാട്ടം, അധോവായുവിന്‍റെ ഉച്ചത്തിലുള്ള നിലവിളി, പപ്പടംകാച്ചിയ എണ്ണയില്‍  പച്ചവെള്ളമാണെന്നു കരുതിയുള്ള കൈമുക്ക്, ചൂടായ ഇസ്തിരിപ്പെട്ടിയില്‍ കുണ്ടിവെച്ചുള്ള തട്ടലും തുടര്‍ന്നുള്ള  മോങ്ങലും തുടങ്ങി,,,,, കറി പയറാണോന്നു ചോദിക്കുമ്പോള്‍ അല്ല കറി പാവലാണ് എന്ന രീതിയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളേയും; മഞ്ഞപ്പൊടി, മുളകുപൊടി, പുളി, ഉപ്പ്, മത്തി സമം ചാളക്കറി എന്നപോലെ അവതരിപ്പിക്കുന്ന കോമഡി ,, പിച്ചുംപേയും ശൈലിയില്‍ ക്ലാക്ലാ ക്ലൂക്ലൂ രീതിയിലുള്ള ഹിന്ദി ഇംഗ്ലിഷ് പദങ്ങള്‍ ഉപയോഗിക്കുന്ന വില്ലനും, തൊലിയുരിയന്‍ പാകത്തിലുള്ള വളിപ്പ് പ്രയോഗങ്ങളും,,,,,,, എല്ലാംകൂടി നല്ല ഒന്നാംതരം ക്ലാസ്സിക് അനുഭൂതി തരുന്നു.... പണ്ട് നല്ലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അരവിന്ദന്‍റെ എസ്തപ്പാന്‍ കണ്ടപ്പോള്‍ക്കിട്ടിയ അതേ അനുഭൂതിയിലാണ് വീട്ടിലെത്തിയത്.

ശൃംഗാരവേലന്‍റെ അനുഭൂതികളുടെ ആലസ്യത്തില്‍ ഒരു പൂച്ചമയക്കം നടത്തുമ്പോളാണ് പൊരിച്ചമീനിന്‍റെ മണംപോലെ സ്വര്‍ണ്ണക്കടത്തുകാരന്‍ ഫയസ്‌ മന്നാടിയരുടെ കഥ ടീവിയില്‍ കാണുന്നത്... കെട്ടുതാലിക്കുവരെ ബില്ല് ചോദിക്കുന്ന നമ്മുടെ സ്വന്തം എയര്‍പ്പോര്‍ട്ട്‌ വഴി ടിയാന്‍ കിലോകണക്കിന് സ്വര്‍ണ്ണം, മലരുപോലെ കടത്തികൊണ്ടു പോന്നുപോലും ... സിനിമ തുടങ്ങുകയായി,,,, തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന് സ്ഥലംമാറ്റം, കേന്ദ്രമന്ത്രിയുടെ ഇടപെടല്‍, കേന്ദ്രമന്ത്രിക്ക് പെണ്‍കുട്ടിയെ  കാഴ്ചവെയ്ക്കുന്നു, സ്വര്‍ണ്ണക്കച്ചവടത്തിനു ഉപയോഗിച്ചത് പാക്‌നിര്‍മ്മിത കള്ളനോട്ട്, കള്ളനോട്ട് എത്തിച്ചത് മന്ത്രിബന്ധു, സിനിമാക്കാര്‍, രാഷ്ട്രിയക്കാര്‍, പോലീസുകാര്‍, കസ്റ്റംസുകാര്‍ എല്ലാവരും സമയാസമയങ്ങളില്‍ ഇടപെടുന്നു,,, കഥ അടിപൊളിയായി മുന്നോട്ടുനീങ്ങുന്നു... അതിനിടയിലാണ് വേലനിലെ ഒരു സീന്‍ ഓര്‍മ്മ വന്നത്... ഇതിയാനല്ലേ ആ അതിയാന്‍.? ആണോ..? നമ്മുടെ വേലന്‍ ചെക്കന്‍റെ മുഖമടച്ചു പെടയ്ക്കുന്ന ആ അതിയാനല്ലേ,,, ഈ ഇതിയാന്‍,,,, അപ്പൊ ഇയാള് വേലനിലും കൈകടത്തിയോ...മൊത്തത്തില്‍ കണ്ഫ്യൂഷന്‍ ഒടുവില്‍ കേട്ടു അതിയാന്‍റെ പരിചയക്കാരി ദുഫായിലുള്ള ഏതോ ചേച്ചിയാണ് വേലനെ പൈസമുടക്കി ആടിച്ചതെന്നു....  ആ ചേച്ചിയാകട്ടെ നമ്മുടെ സര്‍ക്കാരിന്‍റെ ഏതോ വലിയവന്‍റെ വിലപിടിപ്പുള്ള മുതലാണ്‌ പോലും... സിനിമ ഇന്റര്‍വെല്ലായി ,, ഇനിയിപ്പോ അറസ്റ്റ്, പ്രതിഷേധം, സമരം, കരിങ്കൊടി തുടങ്ങിയവയായിരിക്കും എന്നു പ്രതിക്ഷിച്ചവര്‍ക്ക് തെറ്റി...

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ ഫ്ലാഷ്ബാക്ക് കാണുന്നു...എല്ലാ മൊതലുകളും ടിപ്പണി സ്വര്‍ണ്ണക്കടത്തുകാരന്‍റെ ചായയും ബിസ്ക്കറ്റും ബിരിയാണിയും കഴിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക്  പോസ് ചെയ്തിട്ടുള്ളതിനാല്‍ നായകന്‍റെ പേരിലുള്ള കേസ് ഒതുക്കിക്കൊളാന്‍ മേല്‍നിര്‍ദേശം വരുന്നു.. ഫണംവിരിച്ചാടിയത് മണ്ണെണ്ണ വീണ ചേരപോലെയായി.. ഇനിയുള്ള കഥ ഊഹിച്ചാല്‍ മതി... ചൂണ്ടുവിരല്‍ മൌത്തിനു നേരെപിടിക്കുക ഇതാണ് ഈ കഥ ജനത്തിനു നല്‍കുന്ന സന്ദേശം... വേലന്‍റെ വേലയില്‍ കാശുപോയെങ്കിലും സ്വര്‍ണ്ണം വിഴുങ്ങിയ മുന്തിയമീനിനെ ബിഗ്‌ സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞത് മഹാഭാഗ്യം...

 സരിതയും സോളാരും ഒരുവിധം കൊഴുത്തുവീര്‍ത്തു വന്നതാണ്‌ .. ഇപ്പൊ വീഴുമെന്നപോലെ സര്‍ക്കാരും ആടിയതാണ്... ഒറ്റദിവസത്തെ സെക്രട്ടറിയേറ്റ് തൂറലുകൊണ്ട് സോളാര്‍സമരത്തെ നമ്മുടെസ്വന്തം പ്രതിപക്ഷം കാറ്റുപോയ ബലൂണ്‍ കണക്കെ അടിച്ചൊതുക്കി കൈയ്യില്‍ത്തന്നു... ഇപ്പൊ അല്ലറ ചില്ലറ കരിങ്കൊടിവീശലും ചെരുപ്പേരും ഒരു വഴിപാട് പോലെ നടന്നുവരുന്നു... പോലീസിന്‍റെ തല്ലും ചവിട്ടും ഏറ്റുവാങ്ങി ഉണ്ടപൊട്ടിക്കരയുന്ന കുറേ പാവങ്ങളാണ് സോളാറിന്‍റെ ഇപ്പോഴുള്ള ബാക്കിപത്രം...

 സ്വര്‍ണ്ണക്കടത്ത് കേസിലും; മോശമല്ലാത്തരീതിയില്‍ അഴിമതി ,കൈക്കൂലി, കള്ളപ്പണം, കള്ളനോട്ട്, രാഷ്ട്രിയബന്ധങ്ങള്‍ ഇവയെല്ലാം മണക്കുന്നു .. ഇതിനെതിരെ അന്വേഷണം വല്ലതും നടക്കുമോ?? ...എങ്ങനെനടക്കാന്‍.?? സ്വര്‍ണ്ണക്കടത്തുകേസില്‍ ഭരണപ്രതിപക്ഷ സഹോദരങ്ങള്‍ എല്ലാവരും ഒരുപോലെ സ്വര്‍ണ്ണമീനിന്‍റെ ചായകുടിയില്‍ പങ്കെടുത്തിട്ടുണ്ട്... ടിപി വധക്കേസ് പ്രതികളെ സ്വര്‍ണ്ണമീന്‍  ജയിലില്‍ച്ചെന്നു സമാധാനിപ്പിച്ചുവെന്നും പറയുന്നു.. അതുകൊണ്ട് ഇക്കാര്യത്തില്‍ കരിങ്കൊടിപോയിട്ട് ഒരു വിസിലടിപോലും ഉണ്ടാവില്ല.. തിരുവനന്തപുരത്ത് പോലീസിന്‍റെ ചവിട്ടുകൊള്ളാന്‍ പോയ സഖാവിന് ആ സമയത്ത് നാലു കപ്പ നട്ടുകൂടായിരുന്നോ എന്നാണ് ഇവര്‍ക്കിടയിലുള്ള അന്തര്‍ധാരകാണുമ്പൊള്‍ ഉയരുന്ന ചോദ്യം... എല്ലാം കാണാന്‍ വിധിക്കപ്പെട്ട ജനത്തിനു ഈ ഓണക്കാലത്ത് കാശുപോകാതെ കാണാന്‍ കഴിഞ്ഞ മറ്റൊരു വേലന്‍ കഥ.... അല്ലപ്പാ,,, ഏതു കള്ളനെപ്പിടിച്ചാലും അവനോടുത്തുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ നമ്മുടെ സത്യസന്ധരായ ജനനേതാക്കള്‍ കയറിക്കൂടുന്നതെങ്ങനെ,,,,???? കുമ്പിടിയാ,,,, ഇവരൊക്കെ കുമ്പിടിയാണോ????