**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, November 6, 2012

ഭരണിപ്പാട്ടുകാര്‍


വടക്കന്‍ കേരളത്തിലെ ഒരു ജനപ്രതിനിധി പോലീസ്സ്റ്റേഷനില്‍ വച്ച് തനത് കലാരൂപമായ യക്ഷഗാനം ആലപിച്ചു വാര്‍ത്തകളില്‍ കയറിപ്പറ്റിയിട്ട് അധികം കഴിഞ്ഞില്ല. തെക്കന്‍ കേരളത്തിലും ഇതിന്‍റെ കാറ്റു വീശിയിരിക്കുന്നു. ഇവിടെ ജനപ്രതിനിധി വഞ്ചിപ്പാട്ടാണ് ആലപിച്ചിരിക്കുന്നത്.  ആലാപനംകേട്ട വിശിഷ്ടാതിഥിയായി എത്തിയ സാനിയമിര്‍സ വേദിയില്‍നിന്നും ഇറങ്ങി ഓടിയെന്നുമാണ് വാര്‍ത്തകള്‍. വടക്കന്‍കേരളത്തില്‍ എസ് ഐ യാണു കേള്‍വിക്കാരേനെങ്കില്‍; തെക്കന്‍കേരളത്തില് അത് ജില്ലാകളക്ടറായിരുന്നു. വടക്കനോ, തെക്കനോ പ്രകടനത്തില്‍ മുമ്പിലെന്നകാര്യത്തില്‍ മാര്‍ക്കിട്ടവര്‍ക്കുപോലും സംശയമാണ്.അത്രയ്ക്കും മെച്ചമായിരുന്നു പ്രകടനങ്ങള്‍. ഒരിടത്തുപാര്‍ട്ടിക്കാരനെ ലോക്കപ്പില്‍ ഇട്ടതിനാണുപ്രകടനമെങ്കില്‍, മറ്റെടത്ത് പാര്‍ട്ടിക്കാര്‍ക്ക് കസേര നല്കാഞ്ഞതിനാണ് പ്രകടനം. രണ്ടും തത്വത്തില്‍ ഒന്നുതന്നെ.. വേണ്ടരീതിയിലുള്ള പരിഗണന കിട്ടുന്നില്ല; അതാണ് വിഷയം. ഇവര്‍ പരിഗണന അര്‍ഹിക്കുന്നുണ്ടോയെന്നുള്ളത് വേറൊരുവിഷയം.

 മക്കളധികമുള്ള വീട്ടില്‍ കോഴിക്കറി വച്ചാല്‍; അന്നൊരു കൊതികുത്ത് നടക്കും എന്നാണ് പഴമക്കാര് പറയുന്നത്. കോഴിക്ക് രണ്ടുകാലെയുള്ളു... എല്ലാവര്ക്കും കാലുവേണം; എങ്ങനെ കൊടുക്കാന്‍. കൂട്ടത്തില്‍ മിടുക്കന്‍ അത് അടിച്ചെടുത്തെന്നുവരും. കുറച്ചുപേര്‍ ഒച്ചവയ്ക്കും,കുറച്ചുപേര്‍ കരയും,കുറച്ചുപേര്‍ അന്നത്തെ ശാപ്പാട് ബഹിഷ്ക്കരിക്കും. പക്ഷെ അതിനു വേണ്ടിയാരും അമ്മയെതല്ലിയെന്ന് കേട്ടിട്ടില്ല. കള്ളനെപ്പിടിച്ചാല്‍ എസ് ഐ യ്ക്ക് തെറി, കസേര കുറഞ്ഞാല്‍ കളക്ടര്‍ക്ക് തെറി.!!!!..തെറിപറയുന്നതോ സാംസ്കാരിക കേരളത്തിലെ ജനപ്രതിനിധികളും.ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ നമ്മുടെ നാടിനെയും സംസ്ക്കാരത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.ഇതാണോ കണ്ണൂരിലെയും കൊല്ലത്തെയും കേരളിയന്‍റെ സംസ്ക്കാരം????

 ഒരുനിയമവും ബാധകമല്ലാത്ത വിഭാഗമാണോ ജനപ്രതിനിധികള്‍.വളപട്ടണം സംഭവത്തിനു ശേഷം കേരളത്തിലെ പ്രബുദ്ധരായ ജനത്തിനും മാധ്യമങ്ങള്‍ക്കും അറിയേണ്ട ഒരേയൊരു കാര്യം എസ് ഐ യ്ക്കെതിരെ നടപടിയുണ്ടാകുമോ എന്നതായിരുന്നു. എംപി ചെയ്തത് ശരിയാണോയെന്നു ആരും ആരോടും ചോദിച്ചുകണ്ടില്ല.ഒരു എംപി യില്‍ നിന്നും നമ്മള്‍ ഇതൊക്കെയേ പ്രതിക്ഷിക്കുന്നുള്ളു എന്നതാണ് വാസ്തവം. അന്നത്തെ സംഭവത്തില്‍ എംപി യുടെ അസഭ്യവര്‍ഷം എസ് ഐ നിര്‍വികാരതയോടെ കേട്ടുനിന്നതിനാല്‍ ആ വഴിക്കും നടപടിയ്ക്ക് കഴിഞ്ഞില്ല.ആ സമയത്ത് എസ് ഐ യൊന്നു ചിരിച്ചിരുന്നുവെങ്കില്‍ എംപി യെ അപമാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതിയാനെ.

 കൊല്ലത്ത് വള്ളംകളിയുടെ നോട്ടിസില്‍ പേരുകുറഞ്ഞു പോയതിനാണ് ഒരു എം.എല്‍.എ പൊതുവേദിയില്‍ വച്ച് കലക്ടറെ അപമാനിച്ചത്. ജനപ്രതിനിധിയായാല്‍ എന്തുതോന്യാസവും ആരോടും കാണിക്കാമെന്നാണോ അര്‍ത്ഥമാക്കുന്നത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ എന്ന ഒറ്റന്യായമാണ് പ്രോട്ടോകോളില്‍ എം.എല്‍.എ-യെ കളക്ടര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. അല്ലാതെ കഴിവോ, പാരമ്പര്യമോ, വിദ്യാഭ്യാസയോഗ്യതകളോ നോക്കിയല്ല. അങ്ങനെ നോക്കിയിരുന്നെകില്‍ ഈ പണികാണിച്ച ജനപ്രതിനിധികള്‍ക്ക് അവര്‍ കാണിച്ചസ്വഭാവം പ്രകടമാക്കുന്ന പണികളെ കിട്ടുകയുള്ളൂ. തങ്ങള്‍ക്കുകിട്ടുന്ന അധികാരങ്ങളും, അവകാശങ്ങളും ജനങ്ങള്‍ അവര്‍ക്ക് കൊടുക്കുന്ന സൌജന്യങ്ങള്‍ ആണെന്ന് ഈ പ്രതിനിധികള്‍ മനസിലാക്കിയാല്‍ കൊള്ളാം. ദാനംകിട്ടിയത് അനുഭവിക്കുമ്പോള്‍ കുറച്ചെങ്കിലും ഉളുപ്പ് കാണിക്കുന്നത് നന്നായിരിക്കും. കളക്ടറും,എസ് ഐ- യുമൊക്കെ അവരുടെ കഴിവ്‌കൊണ്ട് നേടിയെടുത്ത ജോലിചെയ്ത് അന്നം ഭക്ഷിക്കുന്നവരാണ്. ആരുടേയും മൂടുതാങ്ങാതെ സ്വന്തംജോലി അവര്‍ കൃത്യമായി ചെയ്യുന്നത്; അവര്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മ്മയുള്ളതുകൊണ്ടാണ്. അതിന് അവരെ അസഭ്യം പറയുകയല്ല ചെയ്യേണ്ടത്. മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെപ്പറ്റിച്ച് ജയിച്ചുപോകുന്ന നിങ്ങള്‍ നിയമസഭയിലും പാര്‍ലമെണ്ടിലും എന്താണ് ജനങ്ങള്‍ക്ക്‌ വേണ്ടി ചെയ്യുന്നത്..അതു വിളിച്ചുപറയു..അല്ലാതെ അവിടെ കിടന്നു ഉറങ്ങിയിട്ട് നാട്ടില്‍ കാണുന്നവനെയൊക്കെ തെറിവിളിക്കുന്നതല്ല ആണത്തം.

 തൊപ്പി തെറുപ്പിക്കും, കുപ്പായംഊരിക്കും എന്നൊക്കെ പറയാന്‍ കഴിയുന്നത് അവര്‍ക്കൊക്കെ തൊപ്പിയും,കുപ്പായവും ഉള്ളതുകൊണ്ടാണ്.,പറയാന്‍ അഡ്രസ്സ് ഉള്ള ജോലി അവര്‍ക്കുണ്ട്. നിങ്ങള്‍ക്കോ?? എന്താണ് നിങ്ങളുടെ ജോലി??.ഉണ്ടെന്നു പറയുന്ന ജോലി നിങ്ങള്‍ ചെയ്യുന്നുണ്ടോ??. ജനപ്രതിനിധി എന്നതിനു ജനം കല്പിച്ചു നല്‍കിയ യോഗ്യത മാറ്റിനിറുത്തിയാല്‍..(നമ്മുടെ ജനപ്രതിനിധികളില്‍ ഭൂരിപക്ഷം ജയിക്കുന്നത് രാഷ്ട്രീയഇസങ്ങളുടെ പുറത്താണ്, സ്വന്തം വ്യക്തിപ്രഭാവത്താല്‍ ജനനായകന്‍മ്മാരാകുന്നവരെയല്ല ഉദേശിക്കുന്നത്..ജയിച്ചുവരുന്ന കുറ്റിച്ചൂലുകളെയാണ് പറയുന്നത്); നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്കുള്ള യോഗ്യത എന്താണ്??ആരാണ് നിങ്ങളുടെ ജോലിയുടെ ഉടമസ്ഥന്‍??നിങ്ങളുടെ ജോലിയുടെ സ്ഥിരത എന്താണ്?? വല്ലാതെ പൊട്ടിത്തെറിക്കുന്ന പ്രതിനിധികള്‍ ഇതൊക്കെ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.....സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകിച്ച് പോലീസിനു ഒരു സംഭവം നടന്നാല്‍ അതിന്‍റെ നിജസ്ഥിതി എന്താണെന്ന് ജനങ്ങളോടോ മാധ്യമങ്ങളോടോ പറയാന്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.അതുകൊണ്ടുതന്നെ മാധ്യമങ്ങളും നേതാക്കളും എന്ത് പറയുന്നോ അതുമാത്രം വിശ്വസിക്കെണ്ടാതായി വരുന്നു.അങ്ങനെവരുമ്പോള്‍ തെറ്റുംശരിയുമല്ല ചിലരുടെയൊക്കെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാകുന്നു. ഇവിടെ നേതാവിനെ പ്രീണിപ്പിക്കാന്‍ എസ് ഐ യ്ക്ക് ശിക്ഷ ഉറപ്പാണ്‌.തെറ്റ് ചെയ്താല്‍ ശിക്ഷിക്കണം; പക്ഷെ സ്വജനപക്ഷപാതത്തിനു കൂട്ടുനിന്നില്ല എന്നുള്ള കരണത്തിന് ശിക്ഷവരുമ്പോള്‍ നീതിയും നിയമവുമാണു പരാജയപ്പെടുന്നത്. പഴയ എട്ടുവീട്ടില്‍ പിള്ളമാരുടെ ശൈലി ഇവിടെ കാണിക്കേണ്ടയെന്നു തുറന്നുപറഞ്ഞ തിരുവഞ്ചൂര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.അത്രയെങ്കിലും പറഞ്ഞല്ലോ..ബാക്കിയുള്ള കാര്യങ്ങള്‍ കണ്ടറിയാം.....

 ഈ വരവോടെ സാനിയമിര്‍സയ്ക്ക് കേരളത്തോട് നല്ല മതിപ്പായെന്നാണ് അറിവ്‌. ടെന്നിസില്‍ കളിക്കുന്ന കോലത്തില്‍ പാക്കിസ്ഥാനില്‍ പോയാല്‍ പോലും ഇത്ര പേടിക്കേണ്ടതില്ലായെന്നാണ് സാനിയയുടെ അഭിപ്രായം. ദൈവത്തിന്‍റെ നാട്ടില്‍ ഇങ്ങനെയും ചില ചാത്തന്‍മ്മാരുടെ ഉപദ്രവം പ്രതിക്ഷിക്കാമെന്ന് സംഘാടകര്‍ സാനിയയ്ക്ക് മുന്നറിയിപ്പ് കൊടുക്കേണ്ടതായിരുന്നു. വഞ്ചിപ്പാട്ട് സാഹിത്യം ഇതോടെയൊന്ന് കൊഴുക്കും. ഭരണിപ്പാട്ട് വേണോ, വേണ്ടയോയെന്ന് ചര്‍ച്ച നടക്കുമ്പോളാണ് വഞ്ചിപ്പാട്ടും, യക്ഷഗാനവുമൊക്കെ ഇങ്ങനെ കളം മാറ്റിചവുട്ടുന്നത്.

 ഇത്തരം കാര്യങ്ങളില്‍ പഠനംനടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതിനെല്ലാം പൊതുവില്‍ ചില സാമ്യങ്ങള്‍ കാണുന്നുണ്ട്. ഈ പരിപാടിയില്‍ മിക്ക രസങ്ങളും മിന്നിമറയുന്നുണ്ടെങ്കിലും സംശയംകലര്‍ന്ന രൌദ്രഭാവമാണ് പൊതുവില്‍ പ്രകടിപ്പിക്കിന്നത്. അലര്‍ച്ചയോടെ തുടക്കം... ആരാണ് നീ... എന്ന ചോദ്യം ഇടയ്ക്കിടെ ചോദിച്ചുകൊണ്ടേയിരിക്കും....

ഉദാഹരണം

 വളപട്ടണം:- ആരാണ് നീ...???നീ ആരാടാ.... ??എസ് ഐ യോ... ഏതു എസ് ഐ.....??

കൊല്ലം:- നീ ആരാടാ .....??? കളക്ടറോ.....നീ ഏതു കളക്ടര്‍.....?? നിന്നെയരാ കലക്ടര്‍ ആക്കിയത്....???

ഇങ്ങനെ സമാനതകള്‍ ധരാളം കാണാന്‍ കഴിയും..

 രണ്ടിന്‍റെയും പാരമ്പര്യങ്ങള്‍ ഒന്നാണെന്ന് നിസംശയം പറയാം.... ഇനിയത് ഹോമോസാപ്പിയന്‍സ്‌ ആണോ നിയാര്‍ണ്ടത്താല്‍ ആണോയെന്നൊക്കെ സ്ഥാപിക്കാനുള്ള അവകാശം വിദഗ്ധര്‍ക്ക് വിട്ടുകൊടുക്കുന്നു.ചില പുസ്തകങ്ങളില്‍ ഇതിനെ ഒരു രോഗമായും പറയുന്നുണ്ട്.അതുകൊണ്ട് ഇത്തരം പ്രകടനങ്ങള്‍ കാണുമ്പോള്‍; അപ്പോള്‍ പ്രതികരിക്കാതിരിക്കുന്നതാണ് ബുദ്ധി.അല്ലെങ്കില്‍ സുവനീരുവലിച്ചു കീറിയതുപോലെ സ്വന്തംവസ്ത്രവും മറ്റുള്ളവരുടെ വസ്ത്രവും വലിച്ചുകീറാനുള്ള പ്രവണത കാണിക്കും. ഈ രോഗത്തിന്‍റെ തുടക്കം നേരത്തെ കേരളത്തില്‍ കണ്ടതാണ് അന്നു ചിലരുടെയൊക്കെ മുണ്ടുപറിച്ചുകൊണ്ടായിരുന്നു തുടക്കം.അന്നെല്ലാവരും അത് പിള്ളേരുകളിയായാണ് കണ്ടത്.എന്നാല്‍ ഇപ്പോളത് പരസ്യവേദികളില്‍ തന്നെ എത്തിയിരിക്കുന്നു.അതുകൊണ്ട് ആരോഗ്യവകുപ്പ്‌ ഈ കാര്യത്തില്‍ അടിയന്തരശ്രദ്ധ പതിപ്പിക്കണം.പഠനം നടത്താനെന്ന പേരില്‍ ഒരു വിദേശയാത്രയും ആവാം. രോഗം മാറുന്നില്ലെങ്കില്‍ കുറച്ചുകാലംകൂടി സഹിക്കുകതന്നെ; അതുകഴിഞ്ഞ് പൊതുജനം കൊടുക്കുന്ന ഒരു ഷോക്ക്‌ ചികല്‍സയുണ്ട്, അതിലൂടെ ഇത്തരം എല്ലാ ബാധകളും ഒഴിഞ്ഞുപോകും കട്ടായം....  തല്ക്കാലം ഒരു രോഗിയോടു കാണിക്കുന്ന എല്ലാ സഹാനൂഭൂതികളും ഇവരോട് കാണിക്കാം...അണ്ണാക്കില്‍ പുഴുത്താല്‍ തുപ്പാന്‍ പറ്റുമോ;ഇറക്കുക തന്നെ മാര്‍ഗം.

 കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും  ജനപ്രതിനിധികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എല്ലാവരും നിങ്ങളെപ്പോലെ തന്നെ മനുഷ്യരാണ്.സ്വന്തം ആത്മാഭിമാനവും,അന്തസ്സും ആര്‍ക്കും പണയംവച്ചിട്ടല്ല;ആരും സര്‍ക്കാരുദ്യോഗത്തില്‍ ചേര്‍ന്നിരിക്കുന്നത്. പഴയ ജന്മികുടിയാന്‍ വ്യവസ്ഥയിലെപോലെ; ആരോടും പൊതുവേദിയില്‍ പെരുമാറാതിരിക്കുക. ശാസനയും, കുറ്റപ്പെടുത്തലും അതിന്‍റെതായ വേദികളില്‍ മാത്രം നടത്തുക. കള്ളനു കഞ്ഞിവയ്ക്കുന്നവനു കുടപിടിക്കാനും,പൊതുവേദികളില്‍ മുന്‍നിരയില്‍ ഞെളിഞ്ഞിരിക്കാനും വേണ്ടിമാത്രം ജനങ്ങള് തയ്പ്പിച്ചുതന്ന കുപ്പായത്തെ ഉപയോഗിക്കാതിരിക്കുക....................

15 comments:

  1. നന്നായിരിക്കുന്നു............ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ സ്നേഹപൂര്‍വ്വം സ്വികരിക്കുന്നു........

      Delete
  2. യഥാര്‍തത്തില്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ എല്ലാം ഫാഷന്‍ പരേഡ് കാണിക്കുന്നവരാണ്
    കപടതയുടെ മുഖം മൂടി അണിഞ്ഞ മഹാന്മാര്‍ അല്ലെങ്കില്‍ പ്രാഞ്ചി ഏട്ടന്മാര്‍
    നല്ല പ്രതികരണം തുളസി

    ReplyDelete
    Replies
    1. കൊമ്പന് എന്‍റെ ലോകത്തേയ്ക്ക് വമ്പന്‍ സ്വാഗതം ...........

      Delete
  3. നമ്മളിതെത്ര കണ്ടതാ മോനേ,,,

    ReplyDelete
    Replies
    1. എന്നാലും ....ആ കൂട്ടത്തില്‍ ഒന്നുകൂടി ഇരിക്കട്ടെ....സ്വാഗതം.

      Delete
  4. കല്യാണി നാണിക്കേണ്ട..ഞാന്‍ പാവമാ............

    ReplyDelete

  5. ഇവരുടെയൊക്കെ വിവരമില്ലായിമ്മ ഒരു കുറ്റമല്ലല്ലോ..!!! :)
    ആടിനെ പട്ടിയാക്കുന്നവര്‍..!!! പര ഊഞ്ഞാലുകള്‍..

    ReplyDelete
    Replies
    1. ശരിയാണ് ...രാജീവ് താങ്കളുടെ കവിതകള്‍ യുട്യൂബില്‍ കേട്ടു..നന്നായിട്ടുണ്ട്.

      Delete
  6. മരുന്നിനുപോലുമില്ല, കൊള്ളാവുന്നതൊന്നെടുക്കാന്‍

    എല്ലാം പോക്കുകേസാ...!!

    ReplyDelete
  7. ഇപ്പോള്‍ ഭരിക്കുന്ന ചില കള്ളന്മാരുടെ അനധികൃത റിസോര്‍ട്ട് പൊളിക്കാന്‍ പോയ മുഖ്യമന്ത്രിയേയും നട്ടെല്ലുള്ള ഐയേയെസ്സുകാറ്റെയും വരെ ചങ്ങലക്കിട്ടു പണത്തിന്റെയും മതത്തിന്റെയും ബലത്തില്‍ നേതാക്കളായ ***പുംഗവന്മാര്‍, പിന്നല്ലേ ഒരു പാവം എസ്സൈ. ഒരു കുറ്റവും കണ്ടെത്തിയില്ലെങ്കില്‍ പോലീസ് ജീപ്പില്‍ ഡീസല്‍ കൂടുതല്‍ അടിച്ചു എന്നു കണ്ടെത്തി വളപട്ടണം എസ്സൈയ്യെ സസ്പെന്റ് ചെയ്യിക്കും അഭിനവ യക്ഷഗാന കലാകാരന്റെ നേതാക്കള്‍. കൊല്ലം കലക്ടറുടെ ഗതിയും മറ്റൊന്നാകാന്‍ വഴിയില്ല ചിലപ്പോള്‍ പ്രതിപക്ഷ ഗുണ്ട എന്ന പരിഗണന ലഭിച്ചേക്കാം എന്നു മാത്രം.

    ReplyDelete
  8. പുതിയ എഴുത്തിന്നും കാണുന്നില്ലല്ലോ.. എന്തുപറ്റി...!!!??

    ReplyDelete
  9. ടെന്നിസില്‍ കളിക്കുന്ന കോലത്തില്‍ പാക്കിസ്ഥാനില്‍ പോയാല്‍ പോലും ഇത്ര പേടിക്കേണ്ടതില്ലായെന്നാണ് സാനിയയുടെ അഭിപ്രായം.

    ReplyDelete