**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, December 21, 2012

ഡല്‍ഹി തട്ടുകട


          

 

       ഡല്‍ഹിയില്‍ വന്നാല്‍ വെറും അറുനൂറുരൂപയ്ക്ക്  അഞ്ചംഗകുടുബത്തിന് സുഖമായിട്ട് ഒരു മാസം പുട്ടടിക്കാം എന്ന മികച്ച ഓഫര്‍ കേട്ടാണ് സകുടുംബം ഇപ്പ്രാവശ്യം ഡല്‍ഹിയ്ക്ക് തിരിക്കാമെന്നു വച്ചത്.അറുനൂറു പോയിട്ട് ആറായിരം കിട്ടിയിട്ടും ഇവിടെ കണക്ക് ഒപ്പിക്കാന്‍ പറ്റുന്നില്ല.അപ്പോഴാണ്‌ അറുനൂറിന്‍റെ ഓഫറിനെക്കുറിച്ചു കേട്ടത്.അഞ്ചുപേര്‍ക്കുള്ള ഒരു പാക്കേജ് ആയിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.ഡല്‍ഹി മുഖ്യമന്ത്രി ഷീല ദിക്ഷിതാണ് ഇതിന്‍റെ പ്രയോജിക എന്നതിനാല്‍ പരിപാടി സത്യമായിരിക്കും.മെനുലിസ്റ്റ് വിശദമായി പരിശോധിച്ചപ്പോളാണ് അറിയുന്നത് ചിക്കനൊ, മട്ടനോ ഒന്നുമില്ല ഒരു പുലാവെങ്കിലും കാണുമെന്ന് കരുതി വീണ്ടും പരതി.... ഇല്ലേയില്ല...മൂന്നു നേരവും പരിപ്പുകറിയും ചപ്പാത്തിയുമാണ് ഓഫറില്‍ പറഞ്ഞിരിക്കുന്നത്. തികച്ചും ആയുര്‍വേദവിധിപ്രകാരമുള്ള ഭക്ഷണം. ഇതിനെയാണ് കുറേ വ്യാജമനുഷ്യസ്നേഹികള്‍ വിമര്‍ശിച്ചുകളഞ്ഞത്.ഒരു മുഖ്യമന്ത്രിയ്ക്ക് തന്‍റെ പ്രജകളോട് ഇല്ലാത്ത സ്നേഹമാണ് ഇവറ്റകള്‍ക്ക്. മാഡത്തിന്‍റെ ഒരു നേരത്തെ ഭക്ഷണത്തിനുവേണം അറുനൂറു രൂപ. ജനത്തിനു ഒരു നേരം വെറും നാലുരൂപ ഇതെന്തു കണക്കാണ് തുടങ്ങിയ വിഡ്ഢി ചോദ്യങ്ങളാണ് താല്‍പ്പരകക്ഷികള്‍ ചോദിച്ചിരിക്കുന്നത്. വിവരമില്ലാത്തവന്‍മ്മാര്‍.

    മൂന്നുനേരവും പരിപ്പുകറിയാവുമ്പോള്‍ പ്രത്യേകിച്ച് ഗ്യാസ്‌ കണക്ഷന്‍ എടുക്കേണ്ട ആവശ്യം വരില്ല. നേരിട്ട് സിലണ്ടറിലെയ്ക്ക് പിടിച്ചാല്‍ മതിയാകും. ചപ്പാത്തി പരത്താനും, ചുടാനും പ്രത്യേകിച്ച് സ്ഥലവും വേണ്ട...മലര്‍ന്നു കിടന്നു നെഞ്ചത്തെയ്ക്ക് ഒഴിച്ചാല്‍ മതിയാകും.ഇതൊക്കെ കേള്‍ക്കുമ്പോള്‍ നെഞ്ചിനകത്തെ ചൂട് മാത്രം മതിയാകും ചപ്പാത്തി ചുട്ടെടുക്കാന്‍. അങ്ങനെ തികച്ചും പ്രകൃതിപരമായി നടത്തുന്ന ഒരു പാക്കേജാണിത്. കുറച്ചു വായുഗുളികയും, ദശമൂലാരിഷ്ടവും കൂടി കരുതിയാല്‍ ജോര്‍. ചിലവ് കുറയ്ക്കാമല്ലോ...... ഇവിടെയാണെങ്കില്‍ അരി വില കുറഞ്ഞു, കുറഞ്ഞുകൊണ്ടിരിയ്ക്കയാണ് തുടങ്ങിയ പ്രസ്താവനകള്‍ അരമണിക്കൂര്‍ ഇടവിട്ട് ഹോമിയോഗുളിക കഴിക്കുന്നതുപോലെ മന്ത്രിയദേഹം നടത്തുന്നുണ്ട്. അതും ഒരു സൈക്കോളജിക്കല്‍ ചികല്‍സയാണ്. കുറഞ്ഞു കുറഞ്ഞു എന്നിങ്ങനെ ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍  അമ്പതുരൂപ കൊടുത്തു വാങ്ങുമ്പോഴും വില കുറഞ്ഞുവെന്ന ഒരു തോന്നല്‍ മനസ്സില്‍ വരും. ജനഹൃദയങ്ങളില്‍ ഇത് വലിയ  ആശ്വാസം സൃഷ്ടിക്കുന്നു. ഇതാണ്തിയറി.  അരികയറ്റിയ വാഗണ്‍ ആന്ധ്രയില്‍നിന്നും ഒരു മാസം മുന്നേ പോന്നതാണ്. പട്ടിണി കിടക്കുന്നവന് കഴിക്കാനുള്ള അരിയാണെന്നറിഞ്ഞ ആരോ അത് പിടിച്ചിട്ടിരിയ്ക്കയാണ്. വിട്ടുകിട്ടാന്‍ കേന്ദ്രതലസമര്‍ദം പ്രയോഗിക്കുന്നുണ്ട്.വിട്ടുകിട്ടും....... കേരളത്തിലെ മൊത്തകച്ചവടക്കാരുടെ കീശ നിറയുമ്പോള്‍ വാഗണ്‍ വരും. അതുവരെ അരിവില ഇങ്ങനെ നില്‍ക്കും.ഇലക്ഷന് കൊടുത്ത പൈസ വസൂലാക്കെണ്ടേ? പറ..................

  സംസ്ഥാനത്തെ കാരണവര്‍ക്കാണെങ്കില്‍ ഇതൊന്നും നോക്കാനേ സമയമില്ല. ഞാറും നട്ട് വളമിടാന്‍ ചെന്നപ്പോള്‍ വെള്ളമില്ല. തമിഴ്നാട് പറ്റിച്ചു.രാവിലെ കേസും, പുക്കാറുമായി സുപ്രിംകോടതി വരാന്തവഴി നിരങ്ങാന്‍ പോയിരിക്കയാണ്. കോടതി ഇടപെട്ട് വെള്ളം കിട്ടിയിട്ടു വേണം ഞാറ് നനയ്ക്കാന്‍ അതുവരെ ശിവ ശിവ...നെല്‍കൃഷി ഒഴിവാക്കി വേണം; ചൂടും വെയിലും അയയ്ക്കാനെന്നു സൂര്യനോട് പറയാന്‍ ഉന്നതതലസംഘം ഉടനെ സൌരയുധത്തിലെയ്ക്ക് പോകുന്നുണ്ട്. അതുകൊണ്ട് കര്‍ഷകര്‍ക്ക് പേടിക്കാനൊന്നുമില്ല. ഇപ്പോള്‍ തല്‍ക്കാലം കരിഞ്ഞുപോകുന്ന നെല്ലിനെയും നോക്കി വരമ്പത്ത് വായും പൊളിച്ച് ഇരിക്കുക അത്രതന്നെ..............അങ്ങനെ ആകെമൊത്തം കേരളത്തില്‍ ദൈവരാജ്യം വന്നതിനാല്‍ ഡല്‍ഹിയ്ക്ക് പോകാനുള്ള ടിക്കറ്റുമെടുത്തു റെയില്‍വേസ്റ്റേഷനില്‍ ചെന്നപ്പോളാണ് അറിയുന്നത്. ട്രെയിന്‍; ബാത്ത്റൂമും, എ സി യും പൊട്ടി വഴിയില്‍ കിടക്കുകയാണെന്ന്. പഴയ സിമന്‍റ് കൊണ്ടുവരുന്ന ഇരുമ്പ് കൂടിനു പെയിന്റടിച്ച് ‘എ സി കോച്ച്’ എന്നൊരു ബോര്‍ഡും തൂക്കി കൊളുത്തി വിട്ടതാണ്. പകുതി വഴി എത്തിയപ്പോഴേയ്ക്കും അഡീഷണല്‍ ഫിറ്റിങ്ങ്സ് എല്ലാം ട്രാക്കില്‍ പറിഞ്ഞുവീണു. അതിരാവിലെ ട്രാക്കില്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ വന്നവര്‍ കണ്ടതിനാല്‍ രക്ഷപെട്ടു. ഇത്തരം അപകടങ്ങള്‍ കണ്ടുപിടിക്കാന്‍ ട്രാക്കുകളില്‍ ജനസാന്നിധ്യം ഉറപ്പുവരുത്താന്‍ ‘പ്രാഥമിക കര്‍മ്മം ട്രാക്കില്‍’ എന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്.

  വണ്ടി എപ്പോള്‍ വരുമെന്ന് ആര്‍ക്കും നിശ്ചയമില്ലാതതിനാല്‍ ടിക്കറ്റ്‌ പിറ്റേ ദിവസത്തേയ്ക്ക് മാറ്റി തന്നതുകൊണ്ട്; എല്ലാവരും ഉറി പോലെ വീട്ടിലെയ്ക്ക് തിരിച്ചു. വിഷമിക്കാനോന്നുമില്ല നാളെ പോകാമല്ലോ എന്ന് ഓരോരുത്തരും ഇടയ്ക്കിടെ മാറിമാറി പറഞ്ഞുകൊണ്ടിരുന്നതിനാല്‍ മനസിന്‌ വല്ലാത്തൊരു ആശ്വാസം....അനുഭവപ്പെട്ടു. വീട്ടില്‍ വന്നു ടി വി തുറന്നപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം. രാത്രിയില്‍ സുഹൃത്തിനൊപ്പം ബസ്സില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ബസിനുള്ളില്‍ വച്ച് മാനഭംഗപ്പെടുത്തിയിരിക്കുന്നു.ഡല്‍ഹിയിലാകെ പ്രതിക്ഷേധം......’.ടിം...’.... അറുനൂറിന്‍റെ പാക്കേജ്‌ വലിച്ചുകീറി ദൂരെയെറിഞ്ഞു.....

 ദൈവമേ....... ഉള്ളത് രണ്ടു പെണ്മക്കളാണ്. ഇവറ്റകളെ എങ്ങനെ പുറത്തിറക്കും.പ്രകൃത്യാലുള്ള സംരക്ഷണഭാവങ്ങള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അലക്കും, കുളിയും, തേവാരവും, പല്ലുതേയ്പ്പുമൊക്കെ ആഴ്ചയ്ക്ക് ഒന്നു മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. ഒറ്റയ്ക്ക് പോകുന്ന ദിവസം മുടി ചികാനോ, പൌഡര്‍ ഇടാനോ പാടില്ലായെന്നും പറഞ്ഞിട്ടുണ്ട്. സഞ്ചാരത്തില്‍ പരമാവധി മുഷിഞ്ഞു നാറിയ ഡ്രസ്സുകള്‍ മാത്രം ഉപയോഗിക്കുക.നല്ല ഡ്രസ്സും, മേക്കപ്പ് സാധനങ്ങളും പൊതിഞ്ഞെടുത്താല്‍ മതിയെന്നും പഠിപ്പിച്ചിട്ടുണ്ട്.,ഇതുകൊണ്ടൊക്കെ വല്ലതും ആകുമോ??. പുറത്തിറങ്ങുമ്പോള്‍ ധരിക്കാന്‍ രണ്ട് മുള്ളുകൂട് പണിയാന്‍ കൊല്ലനോട് പറയുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് തോന്നുന്നു .അതാകുമ്പോള്‍ വരുന്ന ശല്യങ്ങളൊക്കെ മുള്ളേല്‍ ഉരഞ്ഞങ്ങുപോയ്ക്കോളുമല്ലോ.

    കേരളത്തിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് പറയാന്‍ ബുദ്ധിമുട്ടാണ് എന്നാല്‍ പീഡനങ്ങള്‍ ചോദിച്ചാല്‍ പറയാന്‍ എളുപ്പമാണ് സൂര്യനെല്ലി, വിതുര, കോതമംഗലം, തോപ്പുംപടി, പട്ടാമ്പി, ഏറണാകുളം, കോഴിക്കോട്, കോതനെല്ലുര്‍, മരട്, മട്ടന്നൂര്‍ എന്നിങ്ങനെ ഒട്ടു മിക്ക ജില്ലകളും കവര് ചെയ്യുന്നുണ്ട്.കവറേജ് ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ ദിവസേനെയെന്നോണം കവറേജ് ആക്കി വരുന്നുമുണ്ട്...പീഡനമിപ്പോള്‍ പുതിയ തരംഗമായി മാറിയിരിക്കയാണ്.ജയിലുകളില്‍ അധികവും ഇപ്പോള്‍ പീഡനക്കാരുംവാണിഭക്കാരുമാണ്.നിയമം നിയമത്തിന്‍റെ വഴിക്ക് പോകുന്നതിനാല്‍ കുറ്റവാളികള്‍ അവരുടെ വഴിക്കും പോകുന്നു. വിവാഹത്തിനു വേണ്ടി നാട്ടിലേയ്ക്ക് തിരിച്ച സൗമ്യ എന്ന പെണ്‍കുട്ടി ട്രെയിനില്‍ വച്ച് അതിഭീകരമായി ആക്രമിക്കപ്പെട്ട്; ഈ ലോകത്തോട് വിട പറഞ്ഞു. പ്രതിയായ ഗോവിന്ദചാമി സുഖമായി ജയിലില്‍ കഴിയുന്നു. ചോദിക്കുന്ന ഭക്ഷണം കിട്ടിയല്ലെങ്കില്‍ സമരം.വാര്‍ഡര്‍മ്മാര്‍ കീശയില്‍ നിന്നും കാശെടുത്ത്‌ ചാമിക്ക്‌ ബിരിയാണി വാങ്ങികൊടുക്കേണ്ട ഗതികേടിലാണിപ്പോള്‍.  ജയിലില്‍ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ചാമി കൊടുത്ത കേസില്‍ വാര്‍ഡര്‍മ്മര്‍ക്കെതിരെ കോടതി നോട്ടിസ് അയച്ചിരിക്കുകയാണിപ്പോള്‍.ഇതാണ് അവസ്ഥ....!!!!!

  ഒരു കാര്യം തര്‍ക്കമില്ലാതെ പറയാം ഒരു പീഡനം നടന്നാല്‍ പീഡനതിനിരയാകുന്ന ഇരയ്ക്കും; അവരുടെ കുടുംബത്തിനും മാത്രമാണ് നഷ്ടം.സമൂഹത്തില്‍ നിന്ന് ആദ്യമുണ്ടാകുന്ന അനുകമ്പ പിന്നിട് ഒറ്റപ്പെടുത്തലും,  കുറ്റപ്പെടുത്തലുകളുമായി മാറുന്നു. സമൂഹം പതുക്കെപ്പതുക്കെ പീഡനത്തോടും, ലൈംഗിക അതിക്രമങ്ങളോടും സമരസപ്പെട്ടുകൊണ്ടിരിക്കുകയാണ്. പീഡനങ്ങള്‍ നടക്കുന്നു, വാര്‍ത്തകള്‍ വരുന്നു, അറസ്റ്റുകള്‍ ഉണ്ടാകുന്നു.അതിനപ്പുറം ഒന്നുമില്ല.വാര്‍ത്തയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന വന്‍സ്രാവുകളോന്നും പിന്നിട് പിടിയിലാകുന്നില്ല. ഇത്തരം കേസുകളില്‍ ഉണ്ടെന്നു പറയപ്പെടുന്ന ഏതെങ്കിലും വമ്പന്‍മാര്‍ പിടിയിലായിട്ടുണ്ടോ.അതുപോലെ പീഡനകേസുകളിലെ എത്ര പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടിണ്ട്. കള്ളന്‍റെയും, കൊലയാളിയുടെയും മനുഷ്യാവകാശത്തെപ്പറ്റി വാചാലരാകുന്നവര്‍ പലപ്പോഴും ഇരകളെ മറന്നുപോകുകയാണ് ചെയ്യുന്നത്.


നിയമം പ്രയോഗത്തില്‍ വരത്താനുള്ളവര്‍തന്നെ നിയമം നിയമത്തിന്‍റെ വഴിക്ക്പോകുമെന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കേണ്ടത്.നിയമത്തിനു സ്വന്തമായി ഒരു വഴിയുണ്ടോ?? .നിയമം വഴികാണിക്കുക മാത്രമാണ് ചെയ്യുന്നത്. സഞ്ചരിക്കേണ്ടതും, സഞ്ചരിപ്പിക്കേണ്ടതും അതിനു നിയോഗിക്കപ്പെട്ടവരാന്. വിരുദ്ധസഞ്ചാരികളെയും, അബദ്ധസഞ്ചാരികളെയും നിലയ്ക്ക് നിറുത്താനാണ് നിയമം. അല്ലാതെ നിയമം നിയമത്തിന്‍റെ വഴിയ്ക്ക് പൊയ്ക്കോട്ടേ എന്ന് പറഞ്ഞു കൈയ്യും കെട്ടിയിരുന്നാല്‍ ഗോവിന്ദചാമിമാരെ തീറ്റിപ്പോറ്റി നാടുമുടിയും. മാതൃകാപരമായ ശിക്ഷകള്‍ ലഭിക്കാത്ത കാലത്തോളം കുറ്റവാളികള്‍ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ജയില്‍വാസം സുഖവാസമായി കരുതുന്ന കുറ്റവാളികള്‍ ജയിലില്‍നിന്ന്‌ പുറത്തിറങ്ങിയാലും അതേ കുറ്റംതന്നെ വീണ്ടും ചെയ്യും. ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷകള്‍ കൂടുതല്‍ കഠിനമാക്കുകയാണ് വേണ്ടത്. ഇര അനുഭവിച്ച പീഡനത്തിന്‍റെയും, വേദനയുടെയും ഒരംശമെങ്കിലും പ്രതികള്‍ക്കും പരസ്യമായി നല്‍കണം. കുറ്റവാളിയ്ക്ക് ശിക്ഷയും, കണ്ടു നില്‍ക്കുന്നവന് അത് ഒരു പാഠവുമാകണം. എങ്കില്‍ മാത്രമേ ഒരു മാറ്റം വരൂ..........

  സര്‍ക്കാര്‍തലത്തില്‍ പെണ്‍കുട്ടികളെ സ്കൂള്‍ കാലഘട്ടത്തില്‍തന്നെ സ്വയരക്ഷയ്ക്ക് പ്രാപ്തരാകും വിധമുള്ള ആയോധനകലകള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു.അത്യാവശ്യഘട്ടങ്ങളില്‍ സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനുള്ള ചെറിയ ആയുധങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി കൈവശം വയ്ക്കാന്‍ അനുവദിക്കണം.എല്ലാത്തിനും ഉപരിയായി താന്‍ പുരുഷനു തുല്യയും, സ്വതന്ത്രയും എല്ലാമാണെന്ന ബോധം ഉള്ളില്‍ ഉണ്ടെങ്കില്‍ത്തന്നെയും ആ ബോധമില്ലാത്ത ധാരാളം പേര്‍ തന്‍റെ ചുറ്റുവട്ടത്ത് ഉണ്ടെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി അനാവശ്യസാഹചര്യങ്ങള്‍ സൃഷ്ട്ടിക്കാതിരിക്കാനും സഹോദരിമാര്‍ ശ്രദ്ധിക്കേണ്ടതാണ്.വന്നുകഴിഞ്ഞ് നടപടി എടുക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലതാണ്; വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നത്.................

4 comments:

  1. ബിനുജോണ്‍December 21, 2012 at 8:35 AM

    കോരന് കുമ്പിളില്‍ തന്നെ കഞ്ഞി............

    ReplyDelete
  2. അന്വേഷണത്തിനും സ്നേഹത്തിനും ഒരുപാടു നന്ദിയുണ്ട്.
    സുഖമായിരിക്കുന്നു...
    ഈ ലേഖനം വളരെ ചിന്തനം അര്‍ഹിക്കുന്നു..
    നന്നായിരിക്കുന്നു. ആശംസകള്‍..

    ReplyDelete
  3. എന്ത് ചെയ്യാം, എങ്ങനെ നാം ഇങ്ങനെ ആയി എന്നാ ചോദ്യം ബാക്കിയാവുന്നു... കഴിവ് കെട്ട ഭരണാധികാരികളും അതിനൊത്ത പ്രജകളും എന്ന് പറയുന്നത് പോലെ

    ReplyDelete
    Replies
    1. ഇപ്പോഴത്തെ കലികാല വിശേഷങ്ങള്‍ വളരെ നന്നായി ചിരിപ്പിച്ചു കൊണ്ടും ചിന്തിപ്പിച്ചു കൊണ്ടും എഴുതിയിരിക്കുന്നു.
      അഭിനന്ദനങ്ങള്‍.

      Delete