**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, December 18, 2012

ബുദ്ധി ഉറയ്ക്കാത്ത ബുദ്ധിജീവികള്‍


      

 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 

    കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരു വിഭാഗം എതിര്‍ത്ത് ഇറങ്ങിപോക്കും നടത്തി. പരിപാടിയുടെ അവസാനം ബിരിയാണി വിളമ്പുന്ന കാര്യം അവതാരകന്‍ മനപൂര്‍വം മറച്ചു വച്ചതിനാല്‍ ഇറങ്ങിപ്പോയവരുടെ പങ്കുംകൂടി കഴിച്ച് ഒരുപിടി ജീരകവും വാരിവായിലിട്ട് നാലഞ്ചു പല്ലില്‍ കുത്തിയും പോക്കറ്റിലാക്കി ഹാളിനു പുറത്തേയ്ക്ക് നടന്നു.ഇനി വീട്ടില്‍ ചെന്നിട്ട് വിശാലമായ ഒരു അലക്കുംകുളിയും നടത്തണം, വൃത്തിയായിയൊന്ന് ഷേവ്‌ ചെയ്യണം. ഈ പരിപാടിയ്ക്ക് വേണ്ടി മാത്രം താടി വളര്‍ത്തിയതാണ് ചൊറിഞ്ഞിട്ടു വയ്യ. ഒരു ബുദ്ധിജീവിയാകണമെങ്കില്‍ ഇത്രയും ചൊറിച്ചില്‍ സഹിക്കണമല്ലോ ദൈവമേ ..........അയഞ്ഞു തൂങ്ങിയ ജൂബയും, കണങ്കാല് വരെ ഇറക്കമുള്ള പാന്റ്സും, തുണിസഞ്ചിയും അലക്കിയുണക്കിയിട്ടു വേണം തിരിച്ചുകൊടുക്കാന്‍. പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്ന നളിനാക്ഷന്‍മാഷിന്‍റെ വക സാധനം തല്ക്കാലത്തെയ്ക്ക് എടുത്തതാണ്.എന്തായാലും പരിപാടി കലക്കി.ആഗോള ബുദ്ധിജീവികളുടെ വാര്‍ഡുതല സമ്മേളനമായിരുന്നു.നാട്ടില്‍ നോട്ടിസ് അടിക്കാനും, കേള്‍ക്കുന്നവന് ചൊറിച്ചില്‍ വരുന്ന മുദ്രാവാക്യങ്ങള്‍ എഴുതാനുമുള്ള അമൂല്യമായ കഴിവുകള്‍ മനസിലാക്കി കിട്ടിയ ക്ഷണമാണ്.ഇട്ടാവട്ടം പ്രദേശത്തെ അറിയപ്പെടുന്ന ഏക ബുദ്ധിജീവിയായി സ്ഥാനകയറ്റം കിട്ടിയതിലുള്ള സന്തോഷത്താല്‍ അതിനിണങ്ങുന്ന വേഷവും ഒപ്പിച്ചാണ് പരിപാടിയ്ക്ക് പോയത്.പരിപാടിയില്‍ ഓരോരുത്തരും അവരവരുടെ പോഴത്തരങ്ങള്‍ മഹത്തരസൃഷ്ടികളായി അവതരിപ്പിച്ച് നിര്‍വൃതിയടഞ്ഞു.അന്യോന്യം ഊഴമിട്ട് മൂടുതാങ്ങല്‍ പ്രസംഗങ്ങള്‍ നടത്തി.തുടര്‍ന്ന് ചര്‍ച്ചകളുടെ സമയമായിരുന്നു. ആനുകാലിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ചര്ച്ചയെപ്പറ്റി പറയാതെ വയ്യ. നടിയുടെ ക്യാമറയുടെ മുന്നിലെ പ്രസവം ആയിരുന്നു പ്രധാന വിഷയം. നാട്ടിലെ പട്ടിണിയും പരിവട്ടവും ചര്ച്ചയാക്കണമെന്ന്; ഏതോ ഏഴാംകൂലികള്‍ പറഞ്ഞുവെങ്കിലും പട്ടിണിയും ദാരിദ്ര്യവും ലോകം ഉണ്ടായ കാലം മുതലുള്ള പ്രതിഭാസമാണെന്നും അതിനെക്കുറിച്ച് കേള്‍ക്കാന്‍ പട്ടിണികിടക്കുന്ന ഒരു ദരിദ്രവസിയെപ്പോലും കിട്ടില്ലായെന്നും; അതിനാല്‍ ജനശ്രദ്ധ കിട്ടുന്ന കാര്യമായതിനാല്‍  നടിയുടെ പ്രസവത്തെക്കുറിച്ച് ചര്‍ച്ച ആവാം എന്നും ഭൂരിപക്ഷം അഭിപ്രായപ്പെട്ടു.

 നടിയ്ക്കു പ്രസവിക്കാമോ??..... ക്യാമറയ്ക്ക് മുന്നില്‍ പ്രസവിക്കാമോ???......,കേരളിയ സ്ത്രിത്വത്തെ ഇതെങ്ങനെ ബാധിക്കും????.......,ചെറുപ്പക്കാരുടെ ഇടയില്‍ ഈ പരസ്യപ്രസവം ഉണ്ടാക്കിയേക്കാവുന്ന സാമൂഹ്യ ഇടപെടല്‍ എന്താണ്??..... തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച കത്തിക്കയറി.ഇതൊരു നല്ല ഏര്‍പ്പാടല്ലായെന്ന് പണ്ടെപ്പോഴോ പറഞ്ഞതിന്‍റെ അനുഭവം ഉള്ളതുകൊണ്ട് പരസ്യപ്രസവത്തെ പിന്താങ്ങാമെന്നു വെച്ചു(കണ്ടുപഠിക്കാന്‍ ഒരു പ്രസവം).വെറും പിന്തിരിപ്പന്‍, കിഴങ്ങന്‍, സദാചാരപോലിസ്‌ തുടങ്ങിയ വിശേഷണങ്ങളാണ് അന്ന് കിട്ടിയത്‌.അതുകൊണ്ട് ഇക്കുറി കളം മാറ്റി ചവിട്ടാമെന്ന് വച്ചു.എല്ലാ നടികളും ഇങ്ങനെ പ്രസവിക്കണമെന്നും, പൊതുസ്റ്റേജില്‍ ആയിരങ്ങളെ സാക്ഷിനിറുത്തി പ്രസവിക്കണമെന്നും,മാത്രമല്ല പരിപാടി ടിക്കറ്റ്‌ വച്ചു നടത്തി അതില്‍നിന്നും കിട്ടുന്ന പണം ആതുരസേവനത്തിനായി വിനയോഗിക്കണമെന്നും വാദിച്ചു.അതൊരു നല്ല ആശയമാണെന്നും ഫണ്ട് സമാഹരണത്തിനായി നടത്താനിരുന്ന നാടകം മാറ്റിവച്ച് ഏതെങ്കിലും നടിയുടെ പ്രസവം പ്രദര്‍ശിപ്പിക്കുകയായിരിക്കും കൂടുതല്‍ കളക്ഷന്‍ കിട്ടുന്നതെന്നും എല്ലാവരും സമ്മതിച്ചു.അതിനു പറ്റിയ നടിയെ കണ്ടുപിടിക്കാനുള്ള ചുമതല തലയില്‍ വീണപ്പോഴാണ് ബോധം വീണത്‌.ഇതത്ര എളുപ്പമുള്ള കാര്യമല്ല.പൊതുവില്‍ നടികളുടെ പ്രസവം; സിംഹപ്രസവം പോലെയാണ് നൂറ്റാണ്ടില്‍ അപൂര്‍വമായേ നടക്കാറുള്ളൂ.കെട്ടു കഴിഞ്ഞു; പത്താംദിവസം കെട്ടു മുറിക്കുന്നതിനാല്‍ പ്രസവം അപൂര്‍വ്വമാണ്.11:11:11 കെട്ടിയത് 12:12:12 വരെ കഷ്ടിയാണ് പിടിച്ചുനിന്നത്.കല്യാണം കഴിഞ്ഞുള്ള പ്രസവമാണ് പൊതുവില്‍ അംഗികരിക്കപ്പെട്ടിരിക്കുന്നത്. അതിനു മുന്‍പുള്ള പ്രസവത്തെ അവിഹിതം എന്ന് വിളിക്കുന്ന പിന്തിരിപ്പന്‍ ഏര്‍പ്പാട് മാറ്റണം.അങ്ങനെയാണെങ്കില്‍ നിരവധി വി ഐ പി പ്രസവങ്ങള്‍ ആസ്വദിക്കാന്‍ നമുക്ക് ഭാഗ്യം ലഭിച്ചേക്കാം.പഠിക്കേണ്ടവര്‍ക്ക് പഠിക്കാനും, നിരുപിക്കേണ്ടവര്‍ക്ക് നിരുപിക്കാനും, ഒന്നും പറയാനില്ലാതെ ചൊറികുത്തുന്നവര്‍ക്ക് ബ്ലാ... ബ്ലാ അടിക്കാനും ഇത്തരം മഹാസംഭവങ്ങള്‍ അത്യാവശ്യമാണ്.സിനിമ പോലുള്ള മാധ്യമങ്ങളിലൂടെ പ്രേഷകര്‍ക്ക്മുന്നിലേക്ക്‌ നടത്തുന്ന ‘ഒര്‍ജിനല്‍’ പ്രസവങ്ങളെ ആസ്വാദനം എന്ന് പറഞ്ഞതില്‍ തെറ്റില്ലായെന്ന് തോന്നുന്നു.കലയെ ആസ്വദിച്ചാല്‍ മാത്രമേ വിലയിരുത്താന്‍ കഴിയു. സിനിമയില്‍; അഭിനയവും, അഭിനയത്തില്‍ കലയും നിലനില്‍ക്കുന്നതിനാല്‍ ആസ്വാദനം സിനിമയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.ഇത്തരം പരിപാടികള്‍ മുമ്പും കാണിച്ചിട്ടുള്ള സിനിമകളില്‍ നിന്ന് വിത്യസ്തമായി പോസ്റ്റര്‍ അടിക്കുമ്പോള്‍ ലൈവ്, ഒര്‍ജിനല്‍, ഡ്യുപ്പിലാത്ത തനിനാടന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ചേര്‍ക്കാവുന്നതാണ്.ഇമ്മാതിരി ഒരു പ്രസവം കൂടി രംഗത്ത് വന്നാല്‍ മാത്രമേ ഇത് എത്രത്തോളം വിജയം ആയിരുന്നുവെന്ന് പറയാന്‍ കഴിയു.ഈ കലാപരിപാടിയെ പിന്താങ്ങുന്ന ആരെങ്കിലും സ്വന്തം ചിലവില്‍ അത് നടത്തുമെന്ന് പ്രതിക്ഷിക്കാം . മുഖ്യപ്രാസംഗികന്‍ നടിയുടെ ഓപ്പണ്‍ പ്രസവത്തെ വാനോളം പുകഴ്ത്തുന്നു. അഭിനയകലയുടെ ഉദാത്തമായ രംഗാവിഷ്കാരമായി ഇതിനെ വിലയിരുത്തണം പോലും. പ്ഫൂ .....നാക്ക് ചൊറിഞ്ഞു കയറിയതാണ്; നിന്‍റെ അമ്മയും, കെട്ടിയോളും ആരുടെ മുന്നിലാ പെറ്റതെന്നു ചോദിക്കാന്‍...അടങ്ങ് ഗോപലായെന്ന് മനസ്സില്‍ പറഞ്ഞ് പ്രാസംഗികനെ കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു. വിയോജിപ്പുള്ളവര്‍ ഷെയിം വിളിയുമായി പുറത്തേയ്ക്ക് നടന്നു.അവര്‍ക്ക് ബിരിയാണി പോയത് മിച്ചം.അങ്ങനെ വലിയൊരു സാമൂഹ്യപ്രശ്നത്തെ ചര്‍ച്ച ചെയ്തു പരിഹരിച്ച സന്തോഷത്തിലാണ് വിട്ടില്‍ എത്തിയത്.

‘നീ എവിടെയായിരുന്നു ഇതുവരെ??  ഇതെന്തു വേഷമാ......  വല്ല ഭ്രാന്താശുപത്രിയിലുമായിരുന്നോ...പോകുമ്പോള്‍ നിനക്ക് അവളോട്‌ ഒന്ന് പറഞ്ഞിട്ട് പോകാന്‍ മേലേ......’

അമ്മയുടെ അന്വേഷണങ്ങള്‍ ശാസനയുടെ രൂപത്തില്‍ പറന്നെത്തി...

       ‘അല്ല അതുപിന്നെ,,,,,,,,,,,,,’

‘വേണ്ട ഒന്നും പറയേണ്ട ചെന്ന് ഭക്ഷണം കഴിക്കാന്‍ നോക്ക്...... അവള്‍ അകത്തുണ്ട്; ഒന്നും കഴിച്ചിട്ടില്ല...........’

മുറിയില്‍ കടന്നപ്പോള്‍ വിഷണ്ണയായി കട്ടിലില്‍ ഇരിക്കുന്ന ഭാര്യയുടെ മുഖമാണ് കണ്ടത്...

‘എന്താ എന്തുപറ്റി....ആകെ വാടിയിരിക്കുന്നല്ലോ.... ഒന്നും കഴിച്ചില്ലേ ...??’

ആശ്വസിപ്പിക്കാന്‍ മുഖത്തേയ്ക്ക് നീട്ടിയ എന്‍റെ  കൈതലത്തില്‍ ഒരു നനവ് അനുഭവപ്പെട്ടു.

‘പോകുമ്പോള്‍ ഒന്ന് പറഞ്ഞിട്ടു പോകേണ്ടേ........ ഞാന്‍ എത്ര നേരമായി കാത്തിരിക്കുന്നു.........’

അവളുടെ മുഖത്തുകൂടി ഒഴുകിയ കണ്ണുനീര്‍ ചാലുകള്‍ തുടച്ചുകൊണ്ട് ഞാന്‍ പറഞ്ഞു ‘സാരമില്ല ഇനി ഇത് ആവര്‍ത്തിക്കില്ല...........’

ഒരു പരിഭവം പറച്ചിലിനും ഒരു ഏറ്റു പറച്ചിലിനുമൊടുവില്‍ മാനം തെളിഞ്ഞു.

 അഞ്ച് പ്രസവിച്ച അമ്മയുടെയും, രണ്ടു പ്രസവിച്ച ഭാര്യയുടെയും മുന്‍പില്‍ ഞാന്‍ നടിയുടെ പ്രസവത്തെക്കുറിച്ച് ചര്‍ച്ചിക്കാന്‍ പോയതാണെന്ന് പറഞ്ഞാല്‍ കുറ്റിച്ചൂലിനുള്ള അടി ഉറപ്പാണ്‌. ‘ന്യൂ ജനറേഷന്‍’ ‘വെരി ഓള്‍ഡ്‌’ എന്ന് പറയുന്ന തലമുറയില്‍പ്പെട്ടവരാണ് അമ്മയുംഅച്ഛനും അവരുടെ കുടുംബജിവിതത്തില്‍ അഞ്ചുമക്കള്‍ ഉണ്ടായി.വിദ്യഭ്യാസവും പരിഷ്ക്കാരവും കുറഞ്ഞവരായിട്ടും മക്കളെ അവര്‍ നല്ലനിലയില്‍ വളര്‍ത്തി ഒന്നും പിഴച്ചുപോയില്ല. പതിനേഴാം വയസില്‍ മുന്‍പരിചയം ഒന്നുമില്ലാത്ത ഒരാളുടെ കൂടെ ജീവിതം ആരംഭിച്ചപ്പോള്‍ ‘ഒരു വര്‍ഷം ടിയാനെ പഠിച്ചിട്ടാകാം ബാക്കി കാര്യങ്ങള്‍.. അതുവരെ ഈ പായ്‌ വരാന്തയില്‍...... എന്ന് അമ്മ പറഞ്ഞിരുന്നുവെങ്കില്‍ കാര്യങ്ങള്‍ 11:11:11 ന് നടന്ന കല്യാണം പോലെ ആയേനെ’. ഈയുള്ളവന്‍റെ കാര്യവും  വെറും ‘ഗോപി’ ആയേനെ. അഞ്ചു പ്രസവത്തില്‍ ഒരു പ്രസവവും അമ്മ പൊതുജനത്തിന്റെ ആസ്വാദനത്തിനായി നടത്തിയിട്ടില്ല.അതുകൊണ്ട് അമ്മയുടെ മാതൃത്വത്തിനു എന്തെങ്കിലും കുറവ്‌ വന്നതായി മക്കള്‍ക്കും തോന്നിയിട്ടില്ല.ഈ എഴുപതാം വയസിലും ഭര്‍ത്താവിനെയും മക്കളെയും ചുറ്റപ്പെട്ടാണ് അമ്മയുടെ ലോകം ചലിക്കുന്നത്.അതുകൊണ്ടെന്താ കെട്ടുറപ്പുള്ള ഒരു കുടുംബം ഉണ്ടായി അത്രതന്നെ..............

    കല്യാണം കഴിഞ്ഞ അന്നു മുതല്‍ ഞാനും ഭാര്യയും അന്യോന്യം പഠിച്ചുകൊണ്ടിരിക്കുകയാണ്.ഓരോ പഠനത്തിലും ഓരോ കണ്ടെത്തലും തിരിച്ചറിവുകളും ലഭിക്കുന്നു.തെറ്റുകള്‍ കണ്ടുപിടിച്ചു തിരുത്തപ്പെടുന്നു. ഓരോ തിരുത്തപ്പെടലിന് ശേഷവും ബന്ധങ്ങള്‍ മുറിയുകയല്ല; മുറുകുകയാണ് വേണ്ടത്. കുടുബജിവിതമെന്നാല്‍ ഒരിക്കലും നിലയ്ക്കാത്ത ഒരു പഠനം തന്നെയാണ്. മനസുകളുടെ ഇഴുകിച്ചേരലില്‍ കണ്ണുനീരിന്റെ കയ്പ്പും സന്തോഷത്തിന്‍റെ മധുരവുമെല്ലാം ഒരേ അളവില്‍ സംയോജിപ്പിച്ച് കൊണ്ടുപോകുന്നവര്‍ക്കെ കുടുംബജിവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റൂ.അല്ലാതെ 11:11:11 ന് കല്യാണം കഴിച്ചതുകൊണ്ടോ നാടുനീളെ കുറിയടിച്ചുആളെ കൂട്ടിയതുകൊണ്ടോ കാര്യമില്ല. കുടുംബം വിജയിപ്പിക്കാന്‍  അഭിനയം പോരാ...... ആര്‍ജവം വേണം.പ്രശ്നങ്ങളെ അഭിമുഖികരിക്കാനുള്ള ധൈര്യം വേണം. ഞങ്ങള്‍ ഇപ്പോളാണ് പരസ്പരം മനസിലാക്കിയത്......., ഒന്നിച്ചു കിടക്കുമ്പോള്‍ ചൊറിച്ചിലാണ്....,ഞങ്ങള്‍ രണ്ടു വ്യക്തിത്വങ്ങളാണ്...... , ഞാന്‍ മാക്സിമം അഡ്ജസ്റ്റ്‌ ചെയ്യാന്‍ നോക്കി; ടിയാന്‍ ഫ്ലെക്സിബില്‍ ആകുന്നില്ല.... അതുകൊണ്ട് ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു തുടങ്ങിയ ക്ലാസിക് ഗീര്‍വാണങ്ങള്‍ മാനസിക വൈകല്യത്തിന്‍റെ ലക്ഷണമായേ കാണാന്‍ പറ്റൂ.

ഇത്രയുംകാലം ഒന്നിച്ചു ജീവിച്ച്, മക്കളെ പോറ്റിവളര്‍ത്തി, ഞങ്ങള്‍ സംതൃപ്ത്തരാണ്... എന്ന് പറയുന്ന നമ്മുടെ മാതാപിതാക്കള്‍ക്ക് നമുക്ക് സ്നേഹത്തിന്‍റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കാം...അവരുടെ ആര്‍ജവം, ധൈര്യം, പരസ്പരവിശ്വാസം ഇവയെല്ലാം നമ്മുടെ കുടുംബജിവതത്തിലും മാതൃകയാകട്ടെ.............

 

11 comments:

  1. വി കെ മേനോന്‍December 18, 2012 at 8:13 AM

    സാമുഹ്യവ്യവസ്ഥിതിയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് കുടുംബം.ഉത്തമമായ ഒരു ജനതയെ കെട്ടിപ്പടുക്കാന്‍ രാഷ്ട്രത്തെ സഹായിക്കുന്നത് കുടുംബം തന്നെയാണ്.നല്ല കുടുംബത്തില്‍ മാത്രമേ നല്ല മക്കള്‍ ഉണ്ടാകു....കുടുംബബന്ധത്തെ നിസരവല്‍ക്കരിക്കുന്ന പ്രവണതകള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.........നല്ല അവതരണം ആശംസകള്‍..

    ReplyDelete
  2. പഠിക്കേണ്ടവര്‍ക്ക് പഠിക്കാനും, നിരുപിക്കേണ്ടവര്‍ക്ക് നിരുപിക്കാനും, ഒന്നും പറയാനില്ലാതെ ചൊറികുത്തുന്നവര്‍ക്ക് ബ്ലാ... ബ്ലാ അടിക്കാനും ഇത്തരം മഹാസംഭവങ്ങള്‍ അത്യാവശ്യമാണ്.

    അഞ്ചു പ്രസവത്തില്‍ ഒരു പ്രസവവും അമ്മ പൊതുജനത്തിന്റെ ആസ്വാദനത്തിനായി നടത്തിയിട്ടില്ല.അതുകൊണ്ട് അമ്മയുടെ മാതൃത്വത്തിനു എന്തെങ്കിലും കുറവ്‌ വന്നതായി മക്കള്‍ക്കും തോന്നിയിട്ടില്ല.

    കുടുംബം വിജയിപ്പിക്കാന്‍ അഭിനയം പോരാ...... ആര്‍ജവം വേണം.

    അവരുടെ ആര്‍ജവം, ധൈര്യം, പരസ്പരവിശ്വാസം ഇവയെല്ലാം നമ്മുടെ കുടുംബജിവതത്തിലും മാതൃകയാകട്ടെ.............

    ReplyDelete
  3. അടി പരമുപിള്ളേ പന്നിയെലീടെ പുറത്ത്....( നിക്ക് ഗോപാലാ പൊനത്തീന്ന്.. എറങ്ങിവരാന് ഇനീമുണ്ട്...)
    പോസ്റ്റ് വളരെ നന്നായി.അഭിനന്ദനങ്ങള്

    ReplyDelete
  4. നല്ല രസമായി എഴുതിയ കാതലുള്ള വിഷയം കൊള്ളാം അഭിനന്ദനങ്ങള്‍

    ReplyDelete
  5. ഈ പറഞ്ഞതൊരു സത്യം. കെട്ടുറപ്പുള്ള ജീവിതത്തിനു ചര്‍ച്ചയും ബുദ്ധിജീവി ചമയലും അനാവിശ്യമത്രേ. പരസ്പരം സ്നേഹിക്കാനും മനസ്സിലാക്കാനും ഉള്ള കഴിവാണ് ഏതു ബന്ധത്തെയും പവിത്രം ആക്കുന്നത് .

    ReplyDelete
  6. നല്ലൊരു വിശയം കുറച്ച് നർമം കൂട്ടി അരച്ചു ചമന്തിയാക്കി

    ReplyDelete
  7. കാട്ടുക്കാരന്‍December 18, 2012 at 11:57 AM

    ഒരു പരിഭവം പറച്ചിലിനും ഒരു ഏറ്റു പറച്ചിലിനുമൊടുവില്‍ മാനം തെളിഞ്ഞു...യഥാര്‍ത്ഥജിവിതം അതാണ്‌ ...അഭിനന്ദനങ്ങള്‍.

    ReplyDelete
  8. നാടകമേ ഉലകം !
    നല്ല രസകരമായി അവതരിപ്പിച്ചു ...
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  9. http://asrusworld.blogspot.com/
    http://asrusstories.blogspot.com/
    http://asruscaricatures.blogspot.com/
    http://www.facebook.com/asrus
    ഇതൊക്കെയാണ് പോലും ഞാന്‍ ...കഷ്ടം.. അല്ലേ (എനിക്കും തോന്നി) !!?

    ReplyDelete
  10. എന്റെ വിദ്യാധരന്‍ സാറെ കലക്കിട്ടുണ്ട്
    അവസാനം പറഞ്ഞ കര്യങ്ങളോട് 100% ഞാന്‍ യോജിക്കുന്നു..
    ആശംസകള്‍

    ReplyDelete
  11. എഴുത്തിന്റെ അവസാനഭാഗം ശരിക്കും ചിന്തനീയം!

    ReplyDelete