**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, April 15, 2013

എയര്‍കേരള- റിവേഴ്സ് ഗിയര്‍


 

  കൊച്ചിവിമാനത്താവളത്തില്‍ കൊണ്ടുപിടിച്ച പക്ഷിശല്യം കാരണം സ്റ്റാര്ട്ടിംഗ് പറക്കല്‍ നടത്താന്‍ കഴിയാതിരുന്ന എയര്‍കേരള വിമാനങ്ങള്‍ അടുത്ത ദിവസംതന്നെ പറന്നുതുടങ്ങുമെന്ന് മന്ത്രിയുടെ അറിയിപ്പ്. ഇതിനായി ഏതാണ്ട് അറുപതോളം വിമാനങ്ങള്‍ കൊച്ചിയില്‍ റെഡിയായി കിടപ്പുണ്ട്. അതിനൂതന സാങ്കേതികവിദ്യയിലൂടെ പറക്കുന്നതാണ് ഈ വിമാനങ്ങള്‍. റിമോട്ടുവഴി, കീഴെയിരുന്നു  നിയന്ത്രിക്കാവുന്നതാണെന്നും കമ്പനിവക്താക്കള്‍ വ്യക്തമാക്കി. യു.എ.ഇ-യിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പോയ,  മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘമാണ് വിമാനങ്ങള്‍ കൊണ്ടുവന്നത്. ദുബായിലെ ഏറ്റവും വലിയമാളായ ദുബായ് മാളില്‍നിന്നും, ഓഫര്‍ വഴി കുറഞ്ഞതുകയ്ക്ക് വിമാനങ്ങള്‍ സ്വന്തമാക്കിയതിനാല്‍ ഖജനാവിന് ഈ ഇനത്തില്‍ ഏതാണ്ട് നൂറുദിര്‍ഹത്തോളം ലാഭംകിട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.അതിനായി വെള്ളിയാഴ്ചവരെ കാത്തിരുന്നുവെന്നും അദേഹം പറഞ്ഞു.(അവിടെ കാരിഫോരില്‍ വെള്ളിയാഴ്ച ദിവസം ഓഫറുണ്ട്...) ഒരു ഡസന്‍ എടുത്താല്‍ ഒരെണ്ണം ഫ്രീ എന്നതായിരുന്നു ഓഫരെന്നും വ്യക്തമാക്കി. അതിന്‍റെ പേരില്‍ പ്രതിപക്ഷം ബഹളം ഉണ്ടാക്കണ്ടല്ലോയെന്നു കരുതിയാണ് ഓഫര്‍ കാര്യം വെളിപ്പെടുത്തിയതെന്ന് അദ്ദേഹം ഡിങ്കോലന്യൂസിനോട് പറഞ്ഞു. ഏതയാലും കേരളിയരെ സംബന്ധിച്ച ഇത് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.വിമാനങ്ങള്‍ ഉന്നത നിലവാരം ഉള്ളതാണെന്ന് കാരിഫോറിലെ സെയില്‍സ്മാന്‍ മലപ്പുറം സ്വദേശി അയമൂട്ടിക്കാ ഡിങ്കോലയോടു പറഞ്ഞു.അദേഹംതന്നെ പണ്ടോരണ്ണം വാങ്ങിയത്, ഇപ്പോഴും സര്‍വിസ് നടത്തുന്നതായും അറിയാന്‍കഴിഞ്ഞു.

 വിമാനങ്ങളുടെ പരീക്ഷണപ്പറക്കല്‍ വരും ദിവസങ്ങളില്‍ കൊച്ചി അന്താരാഷ്‌ട്ര എയര്‍പ്പോര്‍ട്ടില്‍ നടക്കും. അതുകൊണ്ട് കൊച്ചിയാകെ അതീവജാഗ്രതാനിര്‍ദേശം കൊടുത്തിരിക്കുകയാണ്.എന്തെങ്കിലും അവശിഷ്ടം തലയില്‍വീണാല്‍, തലേല്‍ ചൊറിയാന്‍ നില്‍ക്കാതെ ഓടിക്കോളണമെന്നാണ് പോലിസ്‌ അറിയിച്ചിരിക്കുന്നത്. ‘ട്ടോ’ എന്നയൊച്ച കേട്ടാല്‍ അപ്പോള്‍ തന്നെ തറയില്‍ കിടന്നോളാനും പറയുന്നുണ്ട്. രണ്ട് എഞ്ചിനുള്ള വിമാനത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത് എവരടികമ്പനിയുടെ രണ്ടു പെന്‍ടോര്‍ച്ച്‌ ബാറ്ററിയാണ്. കേരളത്തില്‍ കിട്ടുന്ന ഏതു പെന്‍ടോര്‍ച്ച്‌ ബാറ്ററിയും ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെ ഏറ്റവുംവലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ഇതിനു പൈലറ്റ്‌ ആവശ്യമില്ല.ക്യാബിന്‍ ക്രൂ, എയര്‍ഹോസ്റ്റസ് തുടങ്ങിയവരെല്ലാം കീഴെ ഏതെങ്കിലും തണലുപറ്റി നിന്നാല്‍മതി. കീഴെനിന്ന് നിയന്ത്രിക്കാമെന്നുള്ളതുകൊണ്ട്  പൈലറ്റ്‌ സമരങ്ങള്‍ എയര്‍കേരളയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലായെന്നും വ്യവസായമന്ത്രി വ്യക്തമാക്കി. രണ്ടു ബാറ്ററി ഇട്ടാല്‍ തുടര്‍ച്ചയായി അഞ്ചുമിനിട്ടോളും പറക്കും. ഏതാണ്ട് പത്തുമീറ്റര്‍ ഉയരത്തില്‍ പറക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.കേരളത്തെ സംബന്ധിച്ചിടത്തോളം അതുതന്നെ ധാരാളമാണ്. പൊങ്ങാനും താഴാനും ഒരു ചന്തിവയ്ക്കാനുള്ള സ്ഥലംമാത്രം മതിയെന്നതും ഇതിന്‍റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നു. ആകെയൊരു പ്രശ്‌നമുള്ളത് ലാണ്ടിങ്ങിലാണ്.ചിലപ്പോള്‍ പൊത്തോയെന്ന് താഴോട്ടു വീഴുന്നതാണ്‌ കുഴപ്പം. ഇത്തരം ലാണ്ടിങ്ങിനു അനുയോജ്യമായ രീതിയില്‍ റണ്‍വേ ഉണ്ടാക്കാന്‍ ഡ്യുറോഫ്ലെക്സ്‌ കിടക്കകമ്പനിയുമായി ആയിരത്തി ഇരുനൂറുകോടിരൂപയുടെ കരാറില്‍ സര്‍ക്കാര്‍ ഒപ്പിട്ടുകഴിഞ്ഞുവെന്നതും കേരളിയരെ സംബന്ധിച്ചിടത്തോളം ആശ്വാസംപകരുന്ന വാര്‍ത്തയാണ്.

 ദുബായില്‍ നിന്നുള്ള ലെഗേജ് അധികമായിപ്പോയതിനാലാണ് വിമാനത്തില്‍  നിറുത്തിയതെന്നും അല്ലെങ്കില്‍ കുറച്ചു മെട്രോട്രെയിനും കൂടി വാങ്ങിയേനെയെന്നും മന്ത്രിമാര്‍ വെളിപ്പെടുത്തി.അതിനു എഞ്ചിനേ ആവശ്യമില്ല ചുമ്മാ കീ കൊടുത്താല്‍മതി.ഒന്നു കീ കൊടുത്താല്‍ ഹൈക്കോടതിക്കവല മുതല്‍ വൈറ്റിലഹബ് വരെ ഓടിക്കോളും. കൊച്ചിയിലെ കാലാവസ്ഥയ്ക്ക് ഇവ വളരെ അനുയോജ്യമാണെന്നാണ്  ഉദ്യോഗസ്ഥനിഗമനം. അടുത്ത പെരുന്നാള്‍ ഓഫര്‍ വരുമ്പോള്‍ വിളിക്കാമെന്നുള്ള ഉറപ്പ് ഷോപ്പുകളില്‍നിന്നും കിട്ടിയതായി മന്ത്രിമാര്‍ വെളിപ്പെടുത്തി. അടുത്തപോക്കില്‍ ഇത്തരം വാഹനങ്ങള്‍ ഇനിയും വാങ്ങുമെന്നും പ്രതിനിധിസംഘം കേരളിയര്‍ക്കു ഉറപ്പ്‌ നല്‍കിയിട്ടുണ്ട്. വിമാനങ്ങളുടെ പരീക്ഷണപ്പറക്കല്‍ കഴിയുന്നതുവരെ യാത്രക്കാര്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. ഒണ്‍ലി ചരക്കുനീക്കം മാത്രമായിരിക്കും നടക്കുക.വളരെവേഗം മലയാളിയുടെ എയര്‍കേരള സ്വപ്നം യാഥാര്‍ത്യമാക്കിയതില്‍ മന്ത്രിമാരെ ആദരിക്കാന്‍ പരിപാടിയുണ്ടെന്ന് പ്രവാസിമലയാളി ഓണ്‍ലൈന്‍ പ്രസിഡന്‍റ് പച്ചാളംപാച്ചന്‍ ഡിങ്കോല ന്യൂസിനോട് പറഞ്ഞു.പ്രവാസികള്‍ എല്ലാവരും അതിന്‍റെ ഫണ്ടിലെക്കായി നൂറുദിര്‍ഹം വെച്ച് തരണമെന്നും അറിയിച്ചിടുണ്ട്.തരാത്തവന്‍റെയൊക്കെ സുനാപ്പിചെത്തി ഒട്ടകത്തിനു കൊടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു..

 യു.എ.ഇ യിലെ വിവിധ എമിരേറ്റ്സുകളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മെഗാഷോ വന്‍വിജയമായിരുന്നുവെന്നു വേണം കരുതാന്‍. ഗുബുസ്സിനും തൈരിനും വിലകൂട്ടില്ലായെന്ന ഉറപ്പ്‌ കിട്ടിയതായി പ്രവാസികാര്യവകുപ്പ്‌ അറിയിച്ചു. പ്രവാസികളുടെ മൊത്തം പ്രശ്നങ്ങളും എ-ഫോര്‍ ഷീറ്റില്‍ എഴുതിവാങ്ങി സ്റ്റേജിനു പിറകില്‍ കൊണ്ടുപോയി കത്തിച്ചുകളഞ്ഞതോടെ  അവരുടെ എല്ലാനീറുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്നും പ്രവാസിനേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇനി ആര്‍കെങ്കിലും എന്തെങ്കിലും പ്രശ്നം ബാക്കിയുണ്ടെങ്കില്‍ അത് എഴുതി വെച്ചാല്‍ മതിയെന്നും അടുത്തവരവിനു കത്തിക്കാമെന്നും ഉറപ്പു തന്നിട്ടുണ്ട്. ലേബര്‍ക്യാമ്പില്‍ കഴിയുന്ന കേരളിയരുടെ പ്രശ്നങ്ങള്‍ അവരുടെ നേതാക്കളായ മമ്മാലി,കൂസാദാപ്പന്‍, വളീപ്പിള്ള, വികെ ചട്ടി തുടങ്ങിയ മഹാന്മാരായ, തൊഴിലാളിനേതാക്കളുമായി ചര്‍ച്ചനടത്തി പരിഹരിച്ചതായും മന്ത്രിതലസംഘം പത്രകുറുപ്പില്‍ അറിയിച്ചു. തൊഴിലാളികളുടെ വേദനകള്‍ കേട്ടറിഞ്ഞ മുഖ്യമന്ത്രി തൊഴിലാളിനേതാക്കളെ കെട്ടിപ്പിടിച്ചുകരയുന്ന രംഗം ഷാര്‍ജയിലെ എട്ടുനില കെട്ടിടത്തിന്‍റെ മട്ടുപ്പാവില്‍, വാര്‍ക്കത്തട്ട് അടിക്കുകയായിരുന്ന അട്ടപ്പറമ്പില്‍ കുട്ടപ്പന്‍ വയ്ഫൈലൂടെക്കണ്ടു പൊട്ടിക്കരഞ്ഞുവെന്നു സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.അതുപോലെ ഈ രംഗംകണ്ട് ഹൃദയവേദനനിമിത്തം റുവയിസില്‍ ഒട്ടകത്തെ കറക്കുകയയിരുന്ന സഖാവ് സുഗണന്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതായി കൂക്ഷണം റിപ്പോര്‍ട്ട്ചെയ്യുന്നു. തൊഴിലാളി നേതാക്കളും മന്ത്രിമാരും കെട്ടിപ്പിടിച്ചുപൊട്ടിക്കരയുന്ന ഫോട്ടോകള്‍ എല്ലാ പ്രവാസികള്‍ക്കും അയച്ചുകൊടുക്കുമെന്നും യോഗത്തില്‍ ഉറപ്പുകിട്ടിയിട്ടുണ്ട്. ഗുബുസും തൈരും കഴിക്കുന്ന എല്ലാ പ്രവാസികള്‍കളുടെയും ആരോഗ്യത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ലെബനീസ്ഗ്രില്ലും, ഒട്ടകബിരിയാണിയും കഴിച്ചുകൊണ്ടാണ് പ്രാവാസിസംഗമം അവസാനിപ്പിച്ചത്. പ്രശ്നമില്ലാത്ത സ്ഥലങ്ങളില്‍ പ്രശ്നമുണ്ടെന്നുപറഞ്ഞ്, ഇല്ലാത്തപ്രശ്നം പരിഹരിക്കാന്‍ കാണിച്ച ഈ മിടുക്ക്; പ്രശ്നമുള്ള സ്ഥലത്തെ, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കണ്ടില്ല, അതെന്താണാവോ??

 വിഷുദിനത്തില്‍ എയര്‍കേരള എന്ന പേരില്‍ വിമാനം പറത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതും വിശ്വസിച്ച് ടിക്കറ്റ്‌ എടുത്തു കാത്തിരുന്നവര്‍ക്ക് നിരാശപ്പെടെണ്ടിവരില്ല. വെറും ആയിരത്തില്‍ താഴെ രൂപകൊടുത്താല്‍ ഒരു വിമാനംതന്നെ നിങ്ങള്ക്ക് സ്വന്തമാക്കാം. പൈലറ്റ്‌ ആവശ്യമില്ല. നിങ്ങള്‍ക്ക് തന്നെ പറത്താം. പ്രത്യേക റണ്‍വേ ആവശ്യമില്ല.  ഇരുന്നും കിടന്നും  വേണമെങ്കില്‍ ഓപ്പറേറ്റ്‌ ചെയ്യാം. ഗ്യാസിലിന്‍ ആവശ്യമില്ല, മുറുക്കാന്‍ കടയില്‍വരെ കിട്ടുന്ന, നിപ്പോ ബാറ്ററിയായാലും മതി. ഒരു സ്റ്റിക്കര്‍ വാങ്ങി എയര്‍കേരള എന്നെഴുതി രണ്ടുവശത്തും ഒട്ടിച്ചാല്‍ മാത്രംമതി;ഒന്നാംതരം എയര്‍കേരളവിമാനം റെഡി....ദുബായില്‍ കിട്ടുന്ന അതേയിനം തന്നെ കിട്ടണമെങ്കില്‍ ഇടപ്പള്ളി ലുലുമാളുമായി ബന്ധപ്പെട്ടാല്‍ മതി...

അല്ല മച്ചൂ..അറിയാന്‍ പാടില്ലാത്തതുകൊണ്ട് ചോദിക്കുവാ...... നിങ്ങ, വിശ്വസിച്ചോ..!!!!!!! നുമ്മ പറഞ്ഞ ഈ ‘എയര്‍’ വിഷുവിനു പറക്കുമെന്ന്...വിശ്വസിച്ചാല്‍ ഉറപ്പിച്ചു പറയാം നിങ്ങള്‍ക്ക്, നുമ്മയെ ക്കുറിച്ച് ഒന്നുമറിയില്ല..... നിങ്ങ ഒരു കേരളിയനുമല്ല.......

(അറിയിപ്പ്‌:-ഈ കഥയും, കഥാപാത്രങ്ങളും തികച്ചുംസാങ്കല്പ്പികം മാത്രമല്ല..ഇതിനു ആരോടെങ്കിലും സാമ്യംതോന്നിയാല്‍ അതു നിങ്ങളുടെ കുഴപ്പം മാത്രമാണ്...)

15 comments:

  1. ഹഹഹ അടിപൊളി പോസ്റ്റ്‌ ...

    ReplyDelete
  2. ഗുബ്ബുസും തൈരും കഴിക്കുന്ന എല്ലാ പ്രവാസികള്‍ക്കും ആമ്മേന്‍ ആയിരിക്കട്ടെ

    ReplyDelete
  3. രഞ്ജിത്April 15, 2013 at 12:47 PM

    കിടിലന്‍, ആക്ഷേപഹാസ്യം നന്നായിരിക്കുന്നു,പറഞ്ഞകാര്യങ്ങള്‍ സത്യം തന്നെ

    ReplyDelete
  4. കിരണ്‍April 15, 2013 at 1:02 PM

    പ്രശ്നം ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കി,ഇല്ലാത്ത പ്രശ്നങ്ങള്‍ പറഞ്ഞു ടൂര്‍ അടിക്കുന്ന മന്ത്രിപ്പട

    ReplyDelete
  5. രാധാകൃഷ്ണന്‍April 15, 2013 at 1:31 PM

    ഗുബുസ്സും തൈരും കഴിക്കുന്ന പ്രവാസികളുടെ ആരോഗ്യത്തിനു വേണ്ടി അവര്‍ ബിരിയാണി തിന്നു കൊഴുക്കട്ടെ

    ReplyDelete
  6. ഹഹ ഇതില്‍ നിരക്കുന്ന ഇന്ധനം അതാണ്‌ സാധനം ..കൊള്ളാല്ലോ

    ReplyDelete
  7. ഷാര്‍ജയില്‍ കേരള മുഖ്യമങ്കിയുടെ ജനസമ്പര്‍ക്ക പരിപാടി... ലോകം മുഴുവന്‍ അതിന്റെ പരസ്യം,ഏഴ് എമിറാത്തിലെയും മുഴുവന്‍ എഫെം രേഡിയോകളിലും പെയ്ഡ് പരസ്യം


    എന്നിട്ടോ കോട്ടും ഫോട്ടം പിടിത്തവും വീക്നസായ കുടവയറുള്ള ചില പ്രവാസി പ്രതിനിധികളോട് ആശയ വിനിമയം നടത്തി പ്രവാസികളുടെ എല്ലാ പ്രയാസങ്ങള്‍ക്കും പരിഹാരം കാണുമെന്ന് യാതൊരു ഉളുപ്പുമില്ലാത്ത പ്രസ്താവനയും ഇറക്കി മുഖ്യമങ്കി ഒട്ടകബിരിയാണി വിഴുങ്ങാന്‍ ഷെയ്കിന്റെ അടുക്കളപ്പുറത്തേക്കോടി.

    കഫറ്റീരിയകളിലും കണ്‍‌സ്ട്രക്ഷന്‍ സൈറ്റുകളിലും നിന്ന് ഒരു ദിവസത്തെ വേതനം നഷ്ടപ്പെടുത്തി അവധിയെടുത്ത് പരാതിപറയാന്‍ എത്തിയ പാവപ്പെട്ട പ്രവാസികളെ അധിക്ഷേപിച്ച് തിരിച്ചയച്ചു, അവരില്‍ നിന്നും ആരൊക്കെയോ വാങ്ങിവെച്ച പരാതികള്‍ കൂട്ടത്തോടെ കച്ചറഡബ്ബയില്‍ തട്ടി.

    അബുദാബിയില്‍ പ്രസംഗിച്ച മുഖ്യന്‍ കേരള നഗര വികസന മന്ത്രി എമ്മേ യൂസഫലി എന്നു തട്ടിവിട്ടു... സദസ്യര്‍ തിരുത്തിയപ്പോള്‍ രണ്ടും അലിതന്നെയല്ലേ എന്ന വളിച്ച തമാശ പറഞ്ഞ് തടിതപ്പി.

    എലിയേതാ.. പ​‍#​‍^% ഏതാ എന്നറിയാത്ത യെവനൊക്കെയാ പ്രവാസിക്കിട്ട് ഏതാണ്ടൊക്കെ ഒലത്താന്‍ പോകുന്നത്.

    ReplyDelete
  8. നുമ്മക്കും വേണം അഞ്ചാറ് എയര്‍ കേരള

    ReplyDelete
  9. എന്തിനും ഏതിനും കുറ്റം കണ്ടു പിടിക്കലും
    രാഷ്ടീയം കുത്തി തിരുകലും മലയാളിയുടെ സ്ഥിരം
    സ്വഭാവം ....
    എയർ കേരള തുടങ്ങാൻ വേണ്ടിയുള്ള ശ്രമം നടത്തിയത് തെറ്റാണോ ??
    ഈ വിഷുവിനു നടക്കാത്തത് അടുത്ത വിഷുവിന് നിലവിൽ വന്നാലോ ???

    ReplyDelete
    Replies
    1. മിന്നല്‍വാസുApril 16, 2013 at 7:53 AM

      നാളെയാണ് നാളെയാണ് .....എയര്‍ വരുന്നത് നാളെയാണ് നാളെയാണ് ..അടുത്ത വിഷുവിനെങ്കിലും വന്നാ മതി.അപ്പോള്‍ പറയരുത്,നാളെയാണ് നാളെയാണ്......ഈ ലോട്ടറി പ്രസംഗംകേട്ടു മടുത്തു അതുകൊണ്ടാ

      Delete
  10. മോഹന്‍ ദുബായ്April 16, 2013 at 6:59 AM

    ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഓരോ വാഗ്ദാനങ്ങള്‍ നല്‍കുക.പിന്നിട് ഞാന്‍ ഒന്നുമറിഞ്ഞില്ല രാമനാരായണ എന്ന ഭാവത്തില്‍ നടക്കുക.അത്യാവശ്യക്കാരായ ജനം ഈ വാഗ്ദാനങ്ങളില്‍ വിശ്വസിക്കാന്‍ പാടില്ല പോലും.ഉറപ്പുകള്‍ പലതും വെള്ളത്തില്‍ വരച്ച രേഖപോലെയാകുന്നത് കണ്ടാല്‍ മിണ്ടാന്‍ പാടില്ല.മിണ്ടിയാല്‍ അതു കുറ്റമാകും.ഇങ്ങനെ കുറെ വിഴുപ്പു പണ്ടാരങ്ങള്‍ ഉള്ളതു കൊണ്ടാണ്,രാഷ്ട്രിയക്കാര്‍ ജനങ്ങളുടെ ചോര കുടിച്ചു ജീവിക്കുന്നത്..

    ReplyDelete
  11. ഇന്നേവരെ ഒന്നും മുക്കിയിട്ടില്ലാത്ത (വക മാറ്റിയ സുനാമി ഫണ്ടും മറക്കുക )
    ഈ മാന്യ ദേഹത്തെ എല്ലാവരും മു( ഖ്യ) ക്ക്യ മന്ത്രി എന്നു വിളിക്കുന്നതിന്റെ
    അർത്ഥമാണ് അദ്ദേഹത്തിനു പിടികിട്ടാത്തത് ....

    ReplyDelete
  12. അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദിയും ഒപ്പം സ്വാഗതവും ആശംസിക്കുന്നു

    ReplyDelete
  13. kubbusum thyrum kazhikkunna istappettu m n khader poovar junction tvm695525

    ReplyDelete