**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, April 9, 2013

...അങ്ങനെയാണ് ഭൂമി ഉണ്ട,,,,യായത്.....


     


      ഹലോ പത്രാപ്പീസല്ലേ.....

          അതെ.....

      ആ എഡിറ്ററെ ഒന്നുകിട്ടുമോ.

          എന്താ കാര്യം

      വളരെ പ്രധാനപ്പെട്ട ഒരു വാര്‍ത്തകൊടുക്കാനാ

.     ഇപ്പൊ വിളിക്കാമല്ലോ ഒന്നു ഹോള്‍ഡ്‌ ചെയ്യണേ..

         ഹാലോ,,,,,, അതേ എഡിറ്ററാണ്....

 ഫ്ഫാ.... @#$%*& മോനെ .ഇന്നത്തെ അമ്മയുംകുഞ്ഞും കോളത്തില്‍  കൊടുത്തിരിക്കുന്ന ഫോട്ടോ എന്‍റെ മകളുടെയാ അറിയാമോട തെണ്ടി....

        അതിനെന്താ കുഴപ്പം; നന്നായിട്ടില്ലേ.....

എടാ പുല്ലേ.... അതിനു അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല അറിയാമോ,,

ഓ അതാണോ കുഴപ്പം, ചേട്ടന്‍ വിഷമിക്കേണ്ട; നാളെത്തന്നെ തിരുത്ത് കൊടുത്തേക്കാം .....

കൊടുത്തോണം, ഇല്ലെങ്കില്  കയ്യും,കാലും കാണുകേല..,,, പറഞ്ഞേക്കാം...

      ഒന്നും പേടിക്കേണ്ട.... നാളെത്തന്നെ കൊടുത്തേക്കാം,,,

പിറ്റേ ദിവസത്തെ പത്രത്തില്‍ തിരുത്ത് വന്നു..അതു ഇങ്ങനെയായിരുന്നു

ഇന്നലെ അമ്മയുംകുഞ്ഞും കോളത്തില്‍ കുഞ്ഞിനേയുമെടുത്ത്‌ നില്‍ക്കുന്ന യുവതി വിവാഹിതയല്ലായെന്ന് അറിയിക്കുന്നു.

ആ എഡിറ്ററുടെ കയ്യുംകാലും ഒടിഞ്ഞു ആറുമാസം കിടപ്പയിരുന്നുവെന്നാണ് പറയുന്നത്.

   ഇതൊരു പഴയ കഥയാണെങ്കിലും നമ്മുടെ മുഖ്യധാര പത്രങ്ങളുടെ വാര്‍ത്തകള്‍ കാണുമ്പോള്‍ ഈ കഥയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലായെന്ന് തോന്നുന്നു.ചുരുങ്ങിയ പക്ഷം എഡിറ്റര്‍മ്മാരെയെങ്കിലും എണ്ണപ്പാത്തിയില്‍ കിടത്താന്‍ സമയമായിരിക്കുന്നു. വാര്‍ത്തകളെ കൃത്യമായ രീതിയില്‍ വായനക്കാരില്‍ എത്തിക്കുന്നതാണ് പത്രധര്‍മ്മമെങ്കിലും ഇപ്പോഴത്തെ സ്ഥിതിവെച്ച് നോക്കുമ്പോള്‍ വെള്ളംചേര്‍ക്കാത്ത വാര്‍ത്തകള്‍ പ്രതിക്ഷിക്കേണ്ട .ഒരേ വാര്‍ത്തതന്നെ, ഓരോ പത്രത്തിലും ഓരോ രീതിയിലായിരിക്കും വരുക. പത്രമുതലാളിയുടെ രാഷ്ട്രിയവും, സാമൂഹ്യവും, സാമുദായികവുമായ കാഴ്ചപ്പാടുകള്‍ അവരുടെ പത്രത്തിലും പ്രതിഫലിക്കുന്നു.       മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വസ്തുതാകഥനം  ആഖ്യാനത്തിന് വഴിമാറുന്നു. ആഖ്യാനം പതുക്കെപ്പതുക്കെ വ്യാഖ്യാനമായിത്തീരുന്നു. വ്യാഖ്യാനം ആവേശംകൂടി പ്രചാരണമായി മാറുന്നു. വസ്തുത അറിയിക്കുകയെന്ന മാധ്യമധര്‍മം ഗൂഡാലോചനയാകുന്നത് ഇങ്ങനെത്തന്നെയാവും.വസ്തുത നേര്‍ക്കുനേരെ  പറയുന്നതാണ് ശരിയായ വാര്‍ത്താ റിപ്പോര്‍ട്ടിങ്. പക്ഷേ, ഇത് വായിക്കാന്‍ ഹരമുള്ള രീതിയല്ല. കഥയുടെ രൂപത്തില്‍ രസംകളയുന്ന സംശയങ്ങളൊക്കെ വെട്ടിമാറ്റി കൃത്രിമമായ കാര്യകാരണസഹിതം വ്യക്തതയോടെ വിവരിക്കുമ്പോള്‍ സുഖം കൂടും. ഇറാഖിലും അഫ്ഗാനിസ്ഥാനിലും  ബോംബുവീണസ്ഥലംപോലും, മെയിന്‍ റോഡില്‍ നിന്നും അഞ്ഞൂറുമീറ്റര്‍ തെക്കുമാറി നില്‍ക്കുന്ന ഈന്തപ്പനയുടെ ചുവട്ടിലാണ് എന്ന രീതിയില്‍ വരച്ച് അടയാളപ്പെടുത്തി നമുക്ക് തരും.നമ്മളത് വെള്ളം തൊടാതെ വിഴുങ്ങും.

 വായനക്കാരില്‍ ബഹുഭൂരിപക്ഷത്തിനും നിക്ഷ്പക്ഷതയില്‍ കവിഞ്ഞ് തങ്ങളുടേതായ ഇസങ്ങള്‍ ഉള്ളതിനാല്‍ വായനക്കായി തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. കൃത്യമായ വാര്‍ത്ത അറിയണമെങ്കില്‍  ഒന്നിലേറെ പത്രങ്ങള്‍ വായിക്കേണ്ട അവസ്ഥയാണ്. വായിച്ചാല്‍ പോര; വായിച്ചു വാര്‍ത്തകള്‍ താരതമ്യംചെയ്തു സത്യം കണ്ടുപിടിക്കണം. ഇത്രയും റിസ്ക്‌ മലയാളി എടുക്കില്ല.പകരം ഏതെങ്കിലും ഒരു പത്രത്തിനൊപ്പം സഞ്ചരിക്കുകയാണ് പതിവ്‌. എന്നിരുന്നാലും പത്രങ്ങളില്‍ അച്ചടിക്കുന്ന വാര്‍ത്തയുടെ സത്തയില്‍ മാറ്റം ഉണ്ടാവില്ലെന്നാണ് ധാരണ.ഉത്സവത്തിനു പൊട്ടിക്കാന്‍ കൊണ്ടുപോയതാണെങ്കിലും,ആളെ കൊല്ലാന്‍ കൊണ്ടുപോയതാണെങ്കിലും, സ്ഫോടകവസ്തുവിന് തീപിടിച്ചു; സ്ഫോടനം നടന്നു; ആളു മരിച്ചു.’ അത്രയുമാണ് ആത്യന്തികസത്യം.ബാക്കി കാര്യങ്ങള്‍ നമ്മള്‍ വേണമെങ്കില്‍ ചികഞ്ഞ് കണ്ടുപിടിച്ചുകൊള്ളണം.

  ഒരു പത്രത്തെ സംബന്ധിച്ചോടത്തോളം എഴുതിപ്പിടിപ്പിക്കുന്ന വാര്‍ത്തയെക്കാള്‍ സത്യസന്ധത അതിന്‍റെ കൂടെചേര്‍ക്കുന്ന ചിത്രങ്ങള്‍ക്ക് ഉണ്ടെന്നാണ് വെയ്പ്പ്.അതുകൊണ്ട് തന്നെ ചിത്രങ്ങളുടെ വിശ്വസിനീയത പത്രങ്ങളെ സംബന്ധിച്ച് ഒരു കാരണവശാലും ചോദ്യംചെയ്യാപ്പെടാന്‍ പാടില്ല. വാര്‍ത്തകളും അവയ്ക്ക് ആധാരമായ ചിത്രങ്ങളും തിരെഞ്ഞെടുക്കുമ്പോള്‍ തികഞ്ഞ സൂഷ്മത പുലര്‍ത്താന്‍ ആ പത്രത്തിന്, അതിന്‍റെ എഡിറ്റര്‍ക്ക് ബാധ്യതയുണ്ട്.ഈ ദിവസങ്ങളില്‍ ഒരു പ്രധാനപത്രത്തില്‍ വന്ന വാര്‍ത്തയും അതിനെ സാധൂകരിക്കാന്‍ കൊടുത്ത ചിത്രവും സൂഷ്മതയില്ലാത്ത മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഉത്തമ ഉദാഹരണമാണ്.

 കൊലപാതകകേസിലെ പ്രതികളുടെ ഫോട്ടോയായി കൊടുത്തിരിക്കുന്നത്‌ സര്‍വകലാശാല കലോല്‍സവത്തില്‍ പരിചമുട്ടുകളിയില്‍ ഒന്നാംസ്ഥാനം നേടിയ സംഘാഗങ്ങളുടെ ഫോട്ടോ..



പിറ്റേദിവസം ഉള്‍പ്പേജില്‍ ഫോട്ടോ മാറിപ്പോയതില്‍ ഒരു ഖേദപ്രകടനം.സംഗതി തീര്‍ന്നോ.ഗുരുതരമായ കൃത്യവിലോപം കാണിച്ചിട്ട് ഒരു ഖേദപ്രകടനത്തിലൂടെ കൈകഴുകുന്നതാണോ ഈ പത്രപ്രവര്‍ത്തനം. ആദ്യ ദിവസം വാര്‍ത്തവായിച്ചരും..പിറ്റേദിവസം ഉള്‍പ്പെജിലെ ഖേദപ്രകടനം കാണാത്തവരും വിഡ്ഢികള്‍.അതിലേറെ കലോല്‍സവത്തിലെ സമ്മാന വിജയികളെ ഒറ്റരാത്രികൊണ്ട് കൊലപാതകികളാക്കിയ ഊച്ചാളി പത്രപ്രവര്‍ത്തനത്തിന് എന്താണ് ന്യായികരണം.’ഇവരുടെ ഫോട്ടോ മറ്റൊരു വാര്‍ത്തയ്ക്കൊപ്പം കൊടുത്തതില്‍ ഖേദിക്കുന്നു’ എന്നാണു പറഞ്ഞിരിക്കുന്നത്.ഏതു വാര്‍ത്ത എന്നു വ്യക്തമല്ല.അതു വായനക്കാരന്‍ കണ്ടുപിടിച്ചുകൊള്ളണം.അതുവരെ തലേദിവസത്തെ വാര്‍ത്തയില്‍ പറഞ്ഞ പ്രകാരം ഈ കുട്ടികള്‍ കൊലപാതകികള്‍ തന്നെയായി തുടരണം.ഇതിനെ ഊളത്തരം എന്നേ പറയാന്‍ കഴിയൂ. കാരണം തെറ്റായവാര്‍ത്ത നല്‍കി വായനക്കാരനെ തെറ്റുധരിപ്പിച്ചത് തിരുത്താനോ,കൊലപാതകികളായി അവതരിപ്പിക്കപ്പെട്ട കുട്ടികളുടെ മാനസികവ്യഥ പരിഹരിക്കാനോ തയ്യാറാണെങ്കില്‍;തെറ്റായ വാര്‍ത്തയും ചുവടെ അതിന്‍റെ ശരിയും പ്രസിദ്ധികരിക്കാന്‍ പത്രം തയ്യാറാകണം. അതിവിടെ ചെയ്തിട്ടില്ല...ഇത് വായനക്കാരോടുള്ള ഒരു തരം വെല്ലുവിളിയാണ്.ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും.വാര്‍ത്തകള്‍ എങ്ങനെ കൊടുക്കണമെന്ന് ഞങ്ങളെ ആരും പഠിപ്പിക്കേണ്ട എന്ന അഹങ്കാരമാണിതില്‍ നിഴലിക്കുന്നത്.  

 പ്രസ്‌ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത സുപ്രീംകോടതി മുന്‍ജസ്റ്റിസ്‌ കട്ജു ,മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള തെറ്റായ പ്രവണതയ്ക്കെതിരെ ചില പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ എല്ലാ മാധ്യമ തമ്പുരാക്കന്‍മാരും കൂടി വാളുമായി രംഗത്ത് വന്നിരുന്നു.  ജസ്റ്റിസ് കട്ജു മാധ്യമങ്ങള്‍ക്കെതിരെ നിര്‍ദയം ആഞ്ഞടിച്ചത് സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന്‍റെ പ്രതിവാര അഭിമുഖ പരിപാടിയായ ഡെവിള്‍സ് ആഡ്വക്കേറ്റിലാണ്. കരണ്‍ഥാപ്പറുമായുള്ള ആ അഭിമുഖം ഒക്ടോബര്‍ മുപ്പതിനാണ് സംപ്രേഷണംചെയ്തത്. അതിനുമുമ്പ്,  പ്രസ് കൗണ്‍സില്‍ അധ്യക്ഷനായി ചുമതലയേറ്റ ഉടനെ, മാധ്യമപ്രവര്‍ത്തകരുമായുള്ള ഒരു മീറ്റിംഗില്‍  അദ്ദേഹം; തന്‍റെ മനസ്സിലെ അസ്വസ്ഥത തുറന്നുപറഞ്ഞിരുന്നു. മാധ്യമങ്ങള്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നത്; ഒരു ആത്മപരിശോധന അത്യാവശ്യമാണെന്ന് എഡിറ്റര്‍മാരോടദ്ദേഹം പറഞ്ഞിരുന്നു.ഇക്കാര്യങ്ങള്‍ ഥാപ്പറോട് വിശദീകരിക്കെ കട്ജു ചില  വസ്തുതകള്‍ എടുത്തു പറയുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് അടുത്ത കാലത്തായി സംഭവിച്ച മൂന്ന് അപചയങ്ങള്‍.വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിലെ ഉത്തരവാദിത്വമില്ലായ്മ്മകള്‍:  മാധ്യമങ്ങള്‍ ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുന്നു. മഹാഭൂരിപക്ഷം ജനങ്ങള്‍ പട്ടിണിയിലായിരിക്കുമ്പോള്‍ ക്രിക്കറ്റിലും സിനിമാതാരങ്ങളിലും ഫാഷന്‍പരേഡുകളിലും അഭിരമിക്കുന്നു , മാധ്യമങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നു.പക്ഷപാതപരമായി വാര്‍ത്തകള്‍ കൊടുത്തുകൊണ്ട് ജനങ്ങള്‍ സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുന്നു., മാധ്യമങ്ങള്‍ കപട ആചാരങ്ങളും, അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു. മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും  വിവരമില്ല; അവര്‍ ഒന്നും പഠിക്കുന്നുമില്ല. ഇതിനു പുറമെ മാധ്യമങ്ങള്‍ കരുതിക്കൂട്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുമുണ്ട്.അതിരൂക്ഷമായിരുന്നു കട്ജുവിന്‍റെ വിമര്‍ശം. എന്നാല്‍,  ജനപക്ഷത്തുനില്‍ക്കുന്ന ആര്‍ക്കും ഉണ്ടാകുന്നതുമാണ് ഈ രോഷം. തെറ്റ് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് പരസ്യം നിഷേധിക്കല്‍, പിഴ, അനുമതിനിഷേധം തുടങ്ങിയ ശിക്ഷകള്‍ വേണമെന്ന കട്ജുവിന്‍റെ നിര്‍ദ്ദേശങ്ങളോട്  മാധ്യമ മേലാളന്‍മ്മാരുടെ മനോഭാവം എന്തായിരുന്നു.ഞങ്ങളെ ആരും നിയന്ത്രിക്കാന്‍ വരേണ്ട ഞങ്ങള്‍ഇഷ്ടംപോലെ ചെയ്യും എന്ന നിലപാടായിരുന്നു മാധ്യമങ്ങളുടെത്. ഇതുനല്‍കുന്ന സൂചനയെന്താണ്? മാധ്യമങ്ങള്‍ക്ക് എന്തു നെറികേടും കാണിക്കാം, ആരും വിമര്‍ശിക്കാന്‍ വരേണ്ട. മാധ്യമപ്രഭുക്കള്‍ക്ക് വിമര്‍ശം ഒട്ടും സഹിക്കാനാവുന്നില്ല. അതുപോലെ മറ്റൊന്നാണ് പെയ്ഡ്‌ ന്യൂസ് എന്ന നാണംകെട്ട മാധ്യമപ്രവര്‍ത്തനം. 2009 ലാണ് പണം വാങ്ങി വാര്‍ത്ത നല്‍കുന്ന സമ്പ്രദായത്തെപ്പറ്റി ലോകമറിയുന്നത്. സംഗതി ഒച്ചപ്പാടായപ്പോള്‍ അന്നത്തെ പ്രസ്കൗണ്‍സില്‍ ഇടപെടാന്‍ നിര്‍ബന്ധിതമായി. പരഞ്ജയ് , ശ്രീനിവാസ റെഡ്ഢി എന്നീ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ വിഷയം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. 2010 ഏപ്രിലില്‍ അവര്‍ 72 പേജ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ജാഗരണ്‍, ദൈനിക് ഭാസ്കര്‍, ഈനാഡു, ആന്ധ്ര ജ്യോതി, ഹിന്ദുസ്ഥാന്‍, വാര്‍ത്ത, ആന്ധ്രഭൂമി, ഗുജറാത്ത് സമാചാര്‍, പഞ്ചാബ് കേസരി, ലോക്മത്, ആജ് എന്നീ പത്രങ്ങളും ആജ്തക്, ഇ.ടി.വി, ടി.വി-9, ടി.വി-5, എച്ച്.എം.ടി.വി തുടങ്ങിയ ചാനലുകളും ഇങ്ങനെ പണം വാങ്ങി കള്ളവാര്‍ത്ത കൊടുത്തവരാണെന്ന് കണ്ടെത്തി. ‘‘പ്രൈവറ്റ് ട്രീറ്റി’’ (സ്വകാര്യ ഉടമ്പടി) എന്ന പേരില്‍ വാണിജ്യസ്ഥാപനങ്ങളുമായി ചില പത്രങ്ങള്‍ക്കുള്ള ബന്ധവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.എന്നാല്‍ മാധ്യമശിങ്കങ്ങളുടെ ഇടപെടല്‍ കാരണം കുറ്റക്കാരായ മാധ്യമങ്ങളുടെ പേര് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചത്. ഒടുവില്‍  കേന്ദ്ര വിവരാവകാശകമ്മിഷന്‍ ഇടപെടേണ്ടിവന്നു പുലികളുടെ പേരുപട്ടിക പുറത്തുവരാന്‍....


  ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പത്രക്കാരെ വിമര്‍ശിച്ചതിന് ഒരു കാരണം, ജനങ്ങളുടെ യഥാര്‍ഥ ദുരിതത്തില്‍നിന്ന് ശ്രദ്ധ മാറ്റി അവര്‍ ക്രിക്കറ്റടക്കമുള്ള വരേണ്യവിനോദങ്ങളെ പൊലിപ്പിക്കുന്നു എന്നതാണ്.
ജനജീവിതത്തിന്‍റെ യാഥാര്‍ഥ്യങ്ങള്‍ പ്രകാശിപ്പിക്കാതെ വരേണ്യരുടെ വിനോദങ്ങള്‍ മാത്രം ശ്രദ്ധിക്കുന്ന രീതിയെയാണ് കട്ജു എതിര്‍ത്തത്. ആ എതിര്‍പ്പാകട്ടെ ന്യായമാണ്താനും.  ഉദാഹരണമാണ് ‘‘ഫോര്‍മുല വണ്‍’’ മത്സരമെന്ന പുത്തന്‍ മാധ്യമാവതാരം. അതിനെക്കുറിച്ച് മുഖപ്രസംഗം എഴുതിയ മാധ്യമങ്ങള്‍ വേട്ടക്കാരോടൊപ്പം കൂടി എന്നാല്‍ ഇരയെ സംരക്ഷിക്കുന്ന പ്രതീതിജനിപ്പിച്ചുകൊണ്ട് വിമര്‍ശകരെ സുഖിപ്പിച്ച് കാര്യംനേടാനാണ് ശ്രമിച്ചത്‌. 120 കോടി വരുന്ന ജനം. ഇതില്‍ 60 ശതമാനത്തിലേറെയും ദാരിദ്ര്യരേഖക്ക് ചുവടെ കഴിയുന്നു. ഇവിടെ ഫോര്‍മുല വണ്‍ പോലുള്ള കാറോട്ട മത്സരങ്ങള്‍ സമ്പന്നരുടെ മാത്രം കാര്യമാണ്. ഇതിനു വേണ്ടി ചെലവിടുന്ന കൂറ്റന്‍ പണം കുറ്റകരമായ ധൂര്‍ത്താണെന്ന്  പറഞ്ഞശേഷം പത്രങ്ങള്‍ ഫോര്‍മുല-വണ്ണിന്‍െറ പ്രയോജനങ്ങള്‍ എടുത്തുപറയുന്നു: അറുപതുകോടി പ്രേക്ഷകര്‍ കാണുന്ന ചാനല്‍വിനോദമാണിത്; അതുകൊണ്ട് നല്ലൊരു പരസ്യകമ്പോളവുമാണ്. ക്രിക്കറ്റിന് ഏകദിന രൂപം ഉണ്ടാക്കിയത് കമ്പോളത്തെ കണ്ടായിരുന്നു. അതില്‍ ‘‘ചിയര്‍ ഗേള്‍സ്’’ വന്നത് കമ്പോളത്തിലേക്ക് നോക്കി വെള്ളമൊലിപ്പിച്ച മാധ്യമങ്ങളെ കണ്ടും. ജനങ്ങളെ യാഥാര്‍ഥ്യങ്ങളില്‍നിന്ന് അനുഭൂതികളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് മാധ്യമങ്ങള്‍ചെയ്യുന്നത്. ഫാഷന്‍ പരേഡുകളും കാറോട്ട മത്സരങ്ങളും മാധ്യമങ്ങളുടെയും കമ്പോളത്തിന്‍റെയും താങ്ങില്‍ ശക്തിപ്പെടുമ്പോള്‍ ചുരുങ്ങിയ കാലംകൊണ്ട് നാല്പതുലക്ഷത്തിലെത്തിയ കര്‍ഷക ആത്മഹത്യകള്‍ ബോറന്‍ പരസ്യങ്ങള്‍ പോലെയാണ് കടന്നുപോകുന്നത്.ഗോസിപ്പുകളും പീഡനപരമ്പരകളും മുഖപ്രസംഗത്തെക്കാള്‍ പ്രധാന്യത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം തെഹല്‍ക്ക പോലുള്ള ചുരുക്കം മാധ്യമങ്ങള്‍ക്കും. ഗോപീകൃഷ്ണന്നെപ്പോലുള്ള അപൂര്‍വ്വം പത്രപ്രവര്‍ത്തകര്‍ക്കും കുടിക്കാനുള്ള കയ്പ്പുനീരായി മാറുമ്പോള്‍, ബഹുപൂരിപക്ഷവും ഭാവനയുടെ ചഷകത്തില്‍ നിന്ന് കഥകള്‍ മെനയുകയാണ് ചെയ്യുന്നത്.തങ്ങളെ ബാധിക്കുന വാര്‍ത്തകള്‍ മനപൂര്‍വം തമസ്കരിക്കുന്നു.വര്‍ഷങ്ങളായി സര്‍ക്കാര്‍ ഫ്ലാറ്റുകളില്‍ കഴിയുകയും,അത് മറിച്ചു കൊടുക്കുകയും ചെയ്തിട്ട് ഒരു നയാപൈസപോലും സര്‍ക്കാരിലേക്ക് അടയ്ക്കാതെ അഴിമതിയ്ക്കെതിരെ ഗീര്‍വാണം അടിക്കുന്ന കവര്‍സ്റ്റോറികളെ കേരളിയര്‍ കണ്ടതാണ്.പ്രശ്നം അപൂര്‍വം ചില പത്രങ്ങളും,സോഷ്യല്‍ മീഡിയകളും ഏറ്റെടുത്തപ്പോള്‍ സര്‍ക്കാരും പെരുച്ചഴികളും ചേര്‍ന്ന് പ്രശ്നം പരിഹരിച്ചതായി വാര്‍ത്ത വന്നു.സര്‍ക്കാരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഇമ്മാതിരിയുള്ള കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുമ്പോള്‍;നമുക്ക്‌ കിട്ടുന്ന വാര്‍ത്തകളിലും വെള്ളം ചേര്‍ക്കലുകള്‍ പ്രതിക്ഷിക്കാം..


   പൊതുവിലുള്ള ചിന്താഗതിപ്രകാരം, പത്രലേഖകര്‍ നമ്മെ അറിയിക്കുന്ന കാര്യങ്ങള്‍ വസ്തുതകളായിരിക്കും. കാരണം, അവര്‍ അക്കാര്യങ്ങള്‍ നേരിട്ട് കണ്ടിരിക്കും; അല്ലെങ്കില്‍ നേരിട്ടു കണ്ടവരോട് ചോദിച്ച് ബോധ്യം വരുത്തിയിരിക്കും. ഇത് രണ്ടുമല്ലെങ്കില്‍ ആരുപറഞ്ഞു എന്നും മറ്റും വായനക്കാരെ അറിയിച്ച് കേട്ടിടത്തോളം കാര്യം പറയും.എന്നാല്‍ ഇപ്പോള്‍ പുതിയൊരു രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട് . എന്തെങ്കിലും സംഭവത്തെപ്പറ്റി അറിഞ്ഞാല്‍ വിശദാംശങ്ങള്‍ ഊഹിച്ചെഴുതുക എന്നതാണത്. ഇവിടെ വസ്തുതകള്‍ക്കല്ല, ഭാവനക്കാണ് സ്ഥാനം.ഒരു അപകടം നടന്നാല്‍ ഉടനെ സ്കെച്ചും പ്ലാനും തയ്യാറാക്കലാണ് പരിപാടി.അതിന്‍റെ നേരും പതിരും ആരും നോക്കാന്‍ പോകുന്നില്ല. അതേ രീതിയില്‍, കൈയ്യില്‍ കിട്ടിയത് എന്താണെന്നു നോക്കുകപോലും ചെയ്യാതെ നേരെ അച്ചിലേക്ക് കയറ്റിയതിന്‍റെ ഫലമാണ് മല്‍സരത്തില്‍ വിജയം നേടിയ കുട്ടികള്‍ കൊലപാതകികളായത്.ഇത് എന്തുതരം മാധ്യമ പ്രവര്‍ത്തനമാണ്.

    രാജ്യത്തുനടക്കുന്ന അനീതികളും അക്രമങ്ങളും അഴിമതികളും ജന സമക്ഷത്തു എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെ കുറച്ചു കാണാന്‍ കഴിയില്ല.ജനാധിപത്യത്തിന്‍റെ ശബ്ധമെന്ന നിലയില്‍ മാധ്യമങ്ങളെ തള്ളിക്കളയാനും കഴിയില്ല.പക്ഷെ അതിന്‍റെ കൂടെത്തന്നെ തങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയുടെ അസ്തിത്വം നിലനിറുത്താനുള്ള ബാധ്യതയും മാധ്യമങ്ങള്‍ക്കുണ്ട്. പാരമ്പര്യവും, സത്യസന്ധതയും, ജാനകിയ അടിത്തറയുമൊക്കെ പരസ്യത്തില്‍ മാത്രം വിളമ്പിയാല്‍ പോര.ഒരു പത്രം നിലനില്‍ക്കുന്നത് അതു പ്രചരിപ്പിക്കുന്ന വാര്‍ത്തയിലെ വാസ്തവത്തിലൂടെയാണ്. അതുകൊണ്ടുതന്നെ വാര്‍ത്തകളും അതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും പടച്ചുവിടുമ്പോള്‍ മതിയായ ജാഗ്രത കാണിക്കേണ്ടതാണ്...സാമ്പത്തിക ലാഭത്തിനുവേണ്ടി വ്യാജപരസ്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനെക്കാള്‍ വലിയ കുറ്റമാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്...ഇസങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുന്ന ലാഘവത്തോടെ, വീട്ടിലിരിക്കുന്നവനെപ്പിടിച്ച് കൊലപാതകിയാക്കുന്ന പത്രധര്‍മ്മത്തെ അംഗികരിക്കാന്‍ കഴിയില്ല.ഉള്‍പ്പേജിലെ ഒരു മൂലയില്‍ കൊടുക്കുന്ന ഖേദപ്രകടനത്തിലൂടെ ഈ അനാസ്ഥയില്‍നിന്ന് ഒഴിഞ്ഞു മാറാനാവില്ല. പത്രപ്രവര്‍ത്തനത്തില്‍ പൈങ്കിളിസാഹിത്യവും അപസര്‍പ്പക കഥകളും അവിയല്‍ പരുവത്തിലാക്കി വിളമ്പുമ്പോള്‍ വാര്‍ത്തയിലെ വാസ്തവത്തിനു വാഴയിലയുടെ സ്ഥാനമെങ്കിലും കല്‍പ്പിക്കേണ്ടതാണ്......

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമല്ലോ....

9 comments:

  1. ഇനഫ്‌ ഈസ്‌ ഇനഫ്‌!!!"

    ReplyDelete
  2. വളരെ നല്ല ഒരു ആര്‍ട്ടിക്കിള്‍

    ReplyDelete
  3. എന്തിനാണ് പത്രം വായിക്കുന്നത് എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്!!!

    ReplyDelete
  4. രാജീവന്‍April 9, 2013 at 2:26 PM

    കാലിക പ്രസക്തിയുള്ള എഴുത്ത്

    ReplyDelete
  5. മാനഹാനിയ്ക്ക് ഇവരുടെ പേരില്‍ കേസ് കൊടുക്കണമായിരുന്നു ആ കുട്ടികള്‍

    ReplyDelete
  6. പ്രേംജിത്ത്April 10, 2013 at 7:29 AM

    വാര്‍ത്തയിലെ സത്യം അറിയണമെങ്കില്‍ ഒരു പത്തു പേപ്പര്‍ എങ്കിലും ദിവസവും വായിക്കണം

    ReplyDelete
  7. You said it. The days of respected journalism has gone. You can see the degraded way of work in now days staff, they are pathetic.

    ReplyDelete
  8. വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും നന്ദി പറയുന്നു..

    ReplyDelete