**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, April 18, 2013

സ്വര്‍ണ്ണം എന്നെയൊരു തെണ്ടിയാക്കി


  
        

 

വിദ്യാധരന്‍റെ വ്യകുലചിന്തകള്‍  

 നിങ്ങളുവല്ലതും കേള്‍ക്കുന്നുണ്ടോ...?? അതോ ഞാന്‍ കേള്‍ക്കാതിരിക്കാന്‍ ചാനലുമാറ്റി കളിക്കുകയാണോ.എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്, പറഞ്ഞേക്കാം ...

  എന്നാ.... അ, രാധാസ് തേച്ചൊന്നു കുളിക്കെടി മാറിക്കോളും.....

    മകളൊരണ്ണം വളര്‍ന്നു വരുന്നുണ്ടെന്നുള്ളത് ഓര്‍മ്മവേണം. ഇപ്പോള്‍ വാങ്ങാന്‍ തുടങ്ങിയാലേ സമയമാകുമ്പോള്‍ എന്തെങ്കിലും ഉണ്ടാകൂ. നിങ്ങളെന്നാ…… പൊട്ടന്‍റെ കൂട്ട് ഇരിക്കുന്നേ..... ..ടീവികുറച്ച് ഒച്ചേവച്ചേ, ഞാനും കൂടി കേള്‍ക്കട്ടെ..........

      കുറെനേരമായി ഭാര്യ ചൊറിയുന്നു. സ്വര്‍ണ്ണത്തിന് വില കുറഞ്ഞുവെന്നു കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. തിരിച്ചുപറഞ്ഞു ഒതുക്കാമെന്ന് കരുതുന്നത്, ഇന്നത്തെ സാഹചര്യത്തില്‍ ഭോഷത്തമാണ്. ആരോഗ്യസ്ഥിതിയില്‍ എന്നേക്കാളും മികച്ചുനില്‍ക്കുന്നത് അവളാണ്. പിന്നെ കാലാകാലങ്ങളായി തുടരുന്ന ഒരു കീഴ്വഴക്കത്തിന്‍റെ പുറത്തു അങ്ങനെ കീഴടങ്ങിനില്‍ക്കുന്നുവെന്നു മാത്രം. ഇടപെട്ടു കുളമാക്കിയാല്‍ ചിലപ്പോള്‍ ഇതൊരു സ്വാതിന്ത്രസമരമായി മാറാനും, സ്വാതിന്ത്രം പ്രഖ്യാപിക്കാനും സാധ്യത കാണുന്നുണ്ട്; അതുകൊണ്ട് ആത്മസംയമനമാണ് ഉത്തമം. നാലെണ്ണം കൊടുത്തു ഒതുക്കാമെന്ന് വെച്ചാല്‍, വെറുതേ അവളുടെ തല്ലുമേടിക്കേണ്ടിവരുമെന്നു മാത്രമല്ല, ഒടുവില്‍ ഈ പത്തു സെന്റും, വീടും പിന്നെ ചോദിക്കുന്ന ലക്ഷങ്ങളും കൊടുക്കേണ്ടിവരും. മന്ത്രിക്കുപോലും രക്ഷയില്ല പിന്നെയി പാവം വാദ്ധ്യാരുടെ കാര്യം പറയാനുണ്ടോ. അതുകൊണ്ട് പറയുന്നതൊന്നും കേള്‍ക്കുന്നില്ലായെന്ന ഭാവത്തില്‍ ഇരിക്കുന്നതായിരിക്കും ആരോഗ്യത്തിനു നല്ലത്.

   അതൊന്നു ഒച്ചേവച്ചേ മനുഷ്യാ…..വില എവിടെവരെ ആയോ എന്തോ...... ദേ, പിന്നേം വില കുറഞ്ഞു.!!!!!!’.

  ദൈവമേ, ഈ ടീവി-ക്കാര് ഒരു സ്വസ്ഥതയും തരുന്നില്ലലോ.ഈ നാട്ടില്‍ ഇന്ന് ഒരു പീഡനവും നടന്നില്ലേ. ഓരോ പത്തു മിനിട്ടിലും സ്വര്‍ണ്ണത്തിന് വില കുറഞ്ഞുവെന്ന ഫ്ലാഷ് ന്യൂസ് മാത്രമാണ് കാണിക്കുന്നത്.ഭാര്യയാണേല്‍  സീരിയലും സിനിമയുമെല്ലാം ഉപേക്ഷിച്ചു ഫ്ലാഷ് ന്യൂസും പൊക്കിപ്പിടിച്ച് ഒരേ ഇരുപ്പാണ്.. അതിനിടയ്ക്കാണ് ഓരോ കുടുബം കലക്കികളുടെ അഭിപ്രായങ്ങള്‍ വരുന്നത്.  ജനകോടികളുടെ വിച്ചസ്ഥ സ്ഥാപനം വലിയ വായില്‍ പറയുന്നു; ഇപ്പൊ സ്വര്‍ണ്ണം വാങ്ങിക്കോ ഈ കുറവ്‌ എപ്പോ നിക്കുമെന്നു പറയാന്‍ കഴിയില്ലപോലും. വീട്ടമ്മമാര്‍ക്കും പെന്മക്കളുള്ളവര്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമാണത്രേ.... ദ്രോഹി, ഇവന്‍റെയൊക്കെ വായില്‍ ഇച്ചിരെ കുമായം കലക്കിയൊഴിക്കാന്‍ ഇവിടെ ആരുമില്ലേയെന്നു ചിന്തിക്കുമ്പോഴാണ് അടുത്ത ആശാന്‍ വരുന്നത്. കല്യാണപെണ്ണിന് ഇപ്പോള്‍ സ്വര്‍ണംവാങ്ങാന്‍ പറ്റിയ സമയമാണുപോലും. സ്വന്തം പെങ്കോച്ചിന്‍റെ കല്യാണത്തിന് ഒരുതരി സ്വര്‍ണ്ണംപോലും കൊടുക്കാതെ (കൊടുത്തുവെങ്കില്‍ പഴയ ഫോട്ടോ പിന്‍വലിച്ചു എന്നെപ്പോലുള്ളവരോട് മാപ്പ് പറയണം) പറഞ്ഞുവിട്ട ആശാനാണ്. പിച്ചക്കാരി സ്റ്റൈലില്‍ നിറുത്തി, ഫോട്ടോ എടുത്തു നാടാകെ വിതരണംചെയ്ത് കൈയ്യടി വാങ്ങി....  അന്ന്, ഈ ഭാര്യയടക്കം എല്ലാവരും ആ ഫോട്ടോ കണ്ടു പൊട്ടിക്കരഞ്ഞു.  എളിമയുടെയും വിനയത്തിന്‍റെയും അപ്പസ്തോലനായ ആ മാന്യനാണ്; മറ്റുള്ളവരുടെ പെണ്‍മക്കള്‍ക്ക് കല്യാണത്തിനു സ്വര്‍ണ്ണം കൊടുക്കുന്നതിനെപ്പറ്റിയോര്‍ത്തു വിഷമിക്കുന്നത്. എന്തൊരു എളിമ, എന്തൊരു വിനയം  എന്നൊക്കെയായിരുന്നു പറച്ചില്‍. മലയാളികള്‍ ഇതുകണ്ടു പഠിക്കണമെന്നായിരുന്നു ബുജികളുടെ അഭിപ്രായം. കാക്കതൊള്ളായിരം ഷെയറുകളാണ് ആ ഫോട്ടോയ്ക്ക് കിട്ടിയത്. അതു നുണയാണ് എന്നെഴുതിയ കമന്റിനു നല്ല പുളിച്ച തെറിയാണ് മറുപടി വന്നത്. അന്നേ ഞാന്‍ പറഞ്ഞതാണ്‌ ദേ...... അതു അടവാണ്, കുളിക്കാന്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് .യഥാര്‍ത്ഥ കല്യാണഫോട്ടോയില്‍ റോള്‍സ്റോയ്സും സ്വര്‍ണ്ണവുമൊക്കെയാണ് താരങ്ങളെന്ന് ആരും വിശ്വസിച്ചില്ല. അന്നു സ്വര്‍ണ്ണം വെറുത്ത അതേ മൊയലാളി,ദേ... ഇപ്പോള്‍ പറയുന്നു മൊയലാളിയുടെ കടയില്‍വന്നു ടാഗിക്കൊളാന്‍; എന്തൊരുമാറ്റം.

 അതിനിടെ കുറെ കൂതറ വിചക്ഷണരും കടന്നുവരുന്നു.പതിനാലു വര്‍ഷത്തിനു ശേഷമുള്ള ഏറ്റവുംവലിയ ഇടിവാണ്. നാളെ കുറഞ്ഞാലും, ഇന്ന് കുറഞ്ഞാലും; ഇന്നുംകൂടാം, നാളേംകൂടാം, എന്നുംകൂടാം എന്ന രീതിയിലുള്ള വിലയിരുത്തലുകളും....

 ടീവി അവതാരകയാണെങ്കില്‍ എലി പത്തായത്തില്‍ കയറിയപോലെകിടന്നു പെരളുന്നു. കണ്ണാ, ചക്കീ, വിക്കീ അവിടെ എങ്ങനെ......?? കടതുറന്നോ....? ആളുണ്ടോ...? തള്ളുണ്ടോ...? ലാത്തിച്ചാര്‍ജ് നടക്കുമോ..???തുടങ്ങിയ റിലീസ് പടത്തിന്‍റെ റിവ്യു പോലുള്ള അവതരണം. നാടുനീളെയുള്ള സ്വര്‍ണ്ണക്കടവഴി നിരങ്ങുന്ന റിപ്പോര്‍ട്ടറും ക്യാമറമാനും..... ഇവനൊക്കെ ആ പാളയം മാര്‍ക്കറ്റിലെ പച്ചക്കറിവില ഒന്നു കാണിച്ചിരുന്നെങ്കിലെന്ന് ഓര്‍ത്തുപോയി. കഴിഞ്ഞ ദിവസത്തെ ബില്ല് ഇവിടെത്തന്നെയുണ്ട്. വന്‍പയറിന്  68 മുതല്‍ 76 രൂപവരെയാണ് വില. .   പരിപ്പിനാകട്ടെ 56 രൂപയാണ് വില.   വലിയ കടല 68 രൂപയാണ് ഉയര്‍ന്നത്.  പഞ്ചസാര ഇപ്പോള്‍ 35 രൂപയിലെത്തി.  കടുകിന്  74 രൂപയാണ്. 100 ഗ്രാം ജീരകത്തിന്  26 രൂപ. ഉരുളക്കിഴങ്ങിന് ഇപ്പോള്‍  28 രൂപയും  സവാളയ്ക്ക്   20 രൂപ നല്‍കണം.   ഉള്ളിക്ക്  50 രൂപയാണ് വില.  അരിയുടെ വില ഇപ്പോള്‍ 40ന് അടുത്തുമെത്തി. പച്ചക്കറി, പഴം, പാല്‍, മാംസം, മത്സ്യം എന്നിവയുടെ വിലയ്ക്ക് പ്രത്യേകിച്ച് കണക്കൊന്നുമില്ല,കച്ചവടക്കാരാന് വായില്‍ തോന്നുന്ന വിലയാണ്.റേഷനരി വാങ്ങാന്‍ പോകുന്നതിനേക്കാള്‍ എളുപ്പം സ്വര്‍ണ്ണം വാങ്ങി പുഴുങ്ങുന്നതാണ്.

 ഉണ്ടാകാന്‍ പോകുന്ന കൊച്ചിന് നാക്കില്‍ അരച്ചുകൊടുക്കാന്‍, ഒരു തരി പൊന്നുവാങ്ങാന്‍പോയ, അയല്‍വാസി പൊന്നപ്പനെയും ചാനലുകാര്‍  ഇന്റെര്‍വ്യൂ നടത്തി മാര്‍വാഡി സ്റ്റൈലില്‍ അവതരിപ്പിക്കുന്നു. ഉള്ള വീടുംപറമ്പും വിറ്റ് ഇപ്പോള്‍ത്തന്നെ സ്വര്‍ണ്ണം വാങ്ങിക്കോ, അല്ലെങ്കില്‍ കുടുംബത്തു വല്യ ആപത്തുവരുമെന്ന പോലെയാണ് പ്രചരണം.

 ഇതൊക്കെക്കണ്ടു വീട്ടിലിരുന്നു ചക്രശ്വാസം വലിക്കുന്ന എന്നെപ്പോലുള്ള ആളുകളുടെ കാര്യങ്ങള്‍ ഇവന്മ്മാര്‍ക്ക് അറിയണോ...വില കൂടിയാലും കുറഞ്ഞാലും ജീവിക്കാന്‍ സമ്മതിക്കുകേല..... രണ്ടുപേര്‍ക്കുംകൂടി കിട്ടുന്ന ശമ്പളത്തിലാണ് ഒരുവിധം കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. ഉപ്പുതൊട്ടു കര്‍പ്പുരംവരെ എല്ലാം പുറത്തുനിന്ന് വാങ്ങണം.എങ്ങനെ നോക്കിയാലും മാസം ഒരുതുക കണക്കില്‍പ്പെടാതെ പുറത്തുപോകും. പിരിവ്‌, സംഭാവന,കൂപ്പണ്‍, സഹായം അങ്ങനെ പോകുന്നു,ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന മാഷല്ലേ കൊടുക്കാതിരിക്കാന്‍ പറ്റുമോ?? കൊടുത്തില്ലേല്‍ അത് വലിയ ചര്‍ച്ചയാകും..... അപ്പൊ വായില്‍വരുന്ന തെറി പിന്നത്തേക്കു സ്റ്റോക്കുചെയ്ത്,ഒഴിവു സമയങ്ങളില്‍ കുറേശെയായി പറഞ്ഞുതീര്‍ക്കലാണ് പതിവ്‌. മിക്കവാറും വീട്ടിലെ പശുവിനോ പട്ടിക്കോ മറ്റോ ആയിരിക്കും ഇത് ആസ്വദിക്കാനുള്ള ഭാഗ്യമുണ്ടാവുക.

   വിഷു ആഘോഷിക്കാനുള്ള പച്ചക്കറിയും, കുറച്ചു പടക്കങ്ങളും വങ്ങിയപ്പോല്‍ത്തന്നെ കീശകാലിയായി. മാസാമാസം അടയ്ക്കാനുള്ള ലോണുകള്‍ കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയായി. അരിക്കു പകരം കുറേശെ സ്വര്‍ണ്ണം അരച്ചു കുടിച്ചാല്‍ വിശപ്പുമാറില്ലല്ലോ. കുറഞ്ഞുവെന്ന് പറഞ്ഞാല്‍ത്തന്നെ പണിക്കൂലിയും കിഴിവും എല്ലാംകഴിഞ്ഞു ഒരുപവന്‍ കയ്യില്‍കിട്ടണമെങ്കില്‍ ഒരു മാസത്തെ ശമ്പളംവേണം. പറയുന്നതു കേട്ടാല്‍ തോന്നും, ഒരു ലിറ്റര്‍ പാല് വാങ്ങുന്ന കാശുമതിയെന്ന്. വില കത്തിനിന്ന സമയത്ത്; ഉള്ള പൈസ സ്വര്‍ണ്ണത്തില്‍  ഇറക്കിക്കോ, മുടക്കുമുതലിന്‍റെ ഇരട്ടി ലാഭം കിട്ടുമെന്നുപറഞ്ഞ് പീ.എഫ്.ല്‍-നിന്നും ബാങ്കില്‍ നിന്നുമൊക്കെ ലോണെടുത്ത് സ്വര്‍ണ്ണംവാങ്ങി. ഇറച്ചിയും മീനുമെല്ലാം അളവുകുറച്ചു ചെലവുചുരുക്കി, സ്വര്‍ണ്ണംനോക്കി തൃപ്തിയടഞ്ഞു. ഇന്നിപ്പോള്‍ കണക്കുകൂട്ടിയാല്‍ മകളെകെട്ടിക്കാനുള്ള പൈസ ആ പരിപാടിയില്‍ പോയി കിട്ടിയത് മിച്ചം. ഇതേ, മൊയലാളിമാരും വിചക്ഷണക്കാരും മാധ്യമങ്ങളും ഉള്‍പ്പെട്ട ഗാങ്ങ് തന്നെയായിരുന്നു അന്നും പ്രചാരണത്തില്‍ മുന്നില്‍. അങ്ങനെ കുറേ ആള്‍ക്കാരുടെ കൈയ്യിലിരുന്ന കാശെല്ലാം സ്വര്‍ണ്ണത്തിലിറക്കി തങ്ങളുടെ കച്ചോടം കുശാലാക്കി... ഇന്നിപ്പോ ആണ്ടെ.... അങ്ങനെ ഇറക്കിയവനെല്ലാം ട്രൌസറുകീറി പെരുവഴിയില്‍ .....അന്നു പറഞ്ഞവനെല്ലാം കളംമാറ്റി ചവുട്ടി ദേ,,, വന്നിരിക്കുന്നു. ‘റിവേര്‍സ്‌ എഫക്ട’-പോലും ഇപ്പൊ വാങ്ങിക്കോ.. വാങ്ങിക്കോ..  

 സ്വന്തം കടയിലെ ഉരുപ്പടികള്‍ ചിലവാക്കി വിമാനങ്ങളും, ഹോട്ടലുകളും, ആശുപത്രികളും കെട്ടിപ്പൊക്കാന്‍ സ്വര്‍ണ്ണവ്യവസായികള്‍, പാവം മലയാളിയുടെ ആഭരണഭ്രമത്തെ ഭംഗിയായി മുതലെടുക്കുന്നു. പരസ്യവരുമാനം ലക്ഷ്യമാക്കി മാധ്യമങ്ങള്‍ ഈ ചൂഷണത്തിനു കുട പിടിക്കുകയും ചെയ്യുന്നുവെന്നതാണ് വാസ്തവം. (ഈ കള്ളന്മ്മാരുടെ വാക്കു കേട്ട് ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വര്‍ണ്ണത്തില്‍ നിക്ഷേപം ഇറക്കി ട്രൌസര്‍ കീറിയ ഒരു പാവം വാദ്ധ്യാരുടെ  വിലാപങ്ങള്‍.)

   നിങ്ങളെന്നാ സ്വപ്നം കാണുകയാ...............വേഗം ഒരുങ്ങിക്കോ; ആഗോളവിപണിയില്‍ കൂടാന്‍ തുടങ്ങിയെന്ന ബ്രേക്കിംഗ് ന്യൂസ്.ഇത്തവണ ഭാര്യയുടെ ശബ്ദത്തിന് മാറ്റമുണ്ട് അതുമനസിലാക്കി ഒരുങ്ങുന്നതാണ് നല്ലത്.

എല്ലാവനും കൂടി വിഷുവിനുള്ള പായസത്തില്‍ മണ്ണു വാരിയിടുമെന്നാ തോന്നുന്നത്.....

14 comments:

  1. പ്രവീണ്‍കുമാര്‍April 18, 2013 at 8:04 AM

    വിദ്യാധരന്‍ മാഷേ സംഭവം കലക്കി ഇതു തന്നെയാ എന്‍റെയും അനുഭവം

    ReplyDelete
  2. ശിവന്‍April 18, 2013 at 8:11 AM

    മാഷു പറഞ്ഞതാണ് സത്യം

    ReplyDelete
  3. ഇപ്പൊ ഒലത്തും എന്നു പറഞ്ഞു ബാങ്കില്‍ കിടന്ന കാശെടുത്ത്‌ സ്വര്‍ണ്ണം വാങ്ങിയ ഒരാളാണ് ഞാനും ഇപ്പൊ പറ്റിയ നഷ്ടം നോക്കുമ്പോള്‍ വട്ടു പിടിക്കുന്നു.പരസ്യ പ്രചാരണത്തില്‍ വീണു പോയി അത്ര തന്നെ ആരോട് പറയാന്‍

    ReplyDelete
  4. good one..keep it up..........

    ReplyDelete
  5. സംഗതി തമാശയാണെങ്കിലും ഹോ...ഈ പെണ്ണുങ്ങളുടെ ഒരു ആക്രാന്തം .എന്തെല്ലാം കാര്യങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പൈസയാണ് വെറുതെ ലോക്കറുകളില്‍ ലക്ഷങ്ങളായി വിശ്രമം കൊള്ളുന്നത്‌. സ്വര്‍ണ്ണത്തിനു വിലകൂടിയപ്പോള്‍ മോളെ കെട്ടിക്കാറാകുമ്പോള്‍ ഇനീം കൂടും എന്ന് പറഞ്ഞു കേട്ട്യോനെ കൊണ്ടു സ്വര്‍ണ്ണം വാങ്ങിപ്പിച്ച ഒരു മഹിളാ മണിയെ അറിയാം.അത്യാവശ്യത്തിന് ഒരു കുഞ്ഞു മാലയും രണ്ടോ നാലോ വളയോ പോരെ ഒരു പെണ്ണിന്..?
    ഈ സ്വര്‍ണ്ണമെല്ലാം ഉരുക്കി ചൂടോടെ ഇതുങ്ങളുടെ തലേല്‍ കോരി ഒഴിക്കണം

    ReplyDelete
  6. മാഷു വീണ്ടും തേങ്ങായുടച്ചു,പണികിട്ടിയത് ആരോടും പറയാതെ ഇരിക്കുവായിരുന്നു,ഇനിയിപ്പോ പേടിക്കേണ്ട ഒരാള് കൂട്ടായല്ലോ

    ReplyDelete
  7. അപ്പോള്‍ പണി കിട്ടിയ ഒരുപാട് ആളുകള്‍ ഉണ്ടല്ലേ..
    നന്നായി എഴുതി :)

    ReplyDelete
  8. എന്റെ പൊന്നോ...............!!

    ReplyDelete
  9. ഒരാഴ്ചകൊണ്ട് പത്തായിരം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാ ഞാനിപ്പോൾ,,,

    ReplyDelete
  10. രണ്ട് മൂന്നു ദിവസം ഇത് തന്നെയായിരുന്നു എവിടെയും ചര്‍ച്ച .വില കുറഞപ്പോള്‍ കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടി എന്ന് മേനി പറയുന്നവരെയും കണ്ടു ആക്കൂട്ടത്തില്‍ . മലയാളികളുടെ ആഭരണ ഭ്രമം മുതലെടുക്കാന്‍ വ്യവസായികള്‍ മാത്രമല്ല ചാനലുകാരും മത്സരിക്കുന്നു.,സമകാലിക വിഷയം ആക്ഷേപഹാസ്യത്തില്‍ കൂടി നന്നായി കൈകാര്യം ചെയ്തു .

    ReplyDelete
  11. അവധി വ്യാപാരം പൊളിഞ്ഞോ..!!

    ReplyDelete
  12. അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍

    ReplyDelete
  13. സാധാരണക്കാരന്റെ മനസ് നല്ല വണ്ണം അറിയുന്നവരാണ് സ്വർണ കടക്കാരും ,സ്വർണ പണയ സ്വകാര്യ പണ മിടപാടുകാരും അവർ ആഭരണ ,ആഡംഭര ഉപയോഗ സംസ്കാരം വളർത്തുവാൻ വാരി കോരി കൊടുക്കും സംഭാവന ചെയ്യും സംഭാവന കിട്ടിയവരും ,സാധാരണക്കാരും എന്നെന്നും കട പ്പെട്ടിരിക്കുമല്ലോ ? സാധാരണക്കാർ എന്നെന്നും കടകെണിയിൽ അകപ്പെട്ടിരിക്കുമല്ലോ ? വൻ പൊതു മേഖല ബേങ്കുകളേ ക്കാൾ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളാണ് പാവങ്ങൾക്ക് പഥ്യം പാവങ്ങളെ പാട്ടിന്ന് നിർത്താനുള്ള എല്ലാ അടവുകളും അറിയാവുന്നവർ ആണു സ്വകാര്യ കുത്തക പണമിടപാടുകാർ ജൻ ധൻ ബേങ്ക് ,മുദ്ര മുതലായവ പാവങ്ങളിൽ ഉണ്ടാക്കിയതിനേക്കാൾ സ്വാധീനം കോശമറ്റത്തിന്നും ,ഈസാഫിന്നും ,മണപ്പുരത്തിന്നും ,മുത്തൂറ്റിന്നും ,മദ്യ മുതലാളി വള്ളോപ്പിള്ളിക്കും പാവങ്ങളെ പാട്ടിലാക്കാൻ കഴിയുന്നതിന്റെ ഗുട്ടൻസ് എന്താണു ?

    ReplyDelete