**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, April 23, 2013

മോഡിയെ ഞങ്ങള്‍ കുഞ്ഞാടാക്കും


 

വിദ്യാധരന്റെ വ്യാകുലചിന്തകള്‍

   നാടുനീളെ, അലമ്പും ക്വട്ടേഷന്‍പ്രവര്‍ത്തനവും; വീട്ടില്‍ ഏതു സമയവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ച്, ബാറുകളിലും ഷാപ്പുകളിലും ആത്മാവിനെ കണ്ടെത്തിയിരുന്ന  ശശിമേസ്തിരിയെ മദ്യത്തില്‍ മയക്കു മരുന്നുകലര്‍ത്തി വീഴിച്ചശേഷം ധ്യാനകേന്ദ്രത്തില്‍ എത്തിച്ചുവെന്നും തുടര്‍ന്ന് ഒരാഴ്ചനടന്ന ധ്യാനത്തില്‍ മാനസാന്തരം വന്നുവെന്നുമുള്ള വാര്‍ത്ത നാട്ടുകാരില്‍ തെല്ലൊന്നുമല്ല  ആശ്വാസംപകര്‍ന്നത്. ശശിയെ മദ്യത്തിലൂടെ മയക്കിയ യൂത്തന്‍മ്മാര്‍ക്ക് പ്രത്യേക ഹാരാര്‍പ്പണം പൌരപ്രമുഖര്‍ ഒരുക്കിയിരുന്നു. കാരണം, പാമ്പിനെ പിടിക്കുന്നതുപോലെ എളുപ്പമല്ല ഒരു പാമ്പട്ടിയെ പിടിക്കാന്‍.. ഒരു പ്രശ്നക്കാരനെ നല്ലവനാക്കുന്ന ഉദ്യമത്തില്‍ മുന്‍കൈയെടുക്കുന്നവര്‍ ആരായാലും അവരെ അഭിനന്ദിക്കണം.അല്ലാതെ അവരോട് പുറംതിരിഞ്ഞു നില്ക്കുന്നവരോട്  സഹിക്കാന്‍ കഴിയുകയില്ല.   

   കേരളത്തിലെ പലനേതാക്കളും പലരോഗങ്ങളും തീര്‍ക്കാന്‍ ചോറും പൊതിഞ്ഞു കെട്ടി, കേരളത്തിന്‌ പുറത്തേയ്ക്കാണ് സഞ്ചരിക്കുന്നത്. എന്നാല്‍ സമനിലതെറ്റിയ ഒരാളെ നന്നാക്കാന്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്തില് എന്താണ് കുഴപ്പം.. ‘മരണത്തിന്‍റെ വ്യാപാരി’ എന്ന പദത്താല്‍  വിശേഷിതനായ പരമദിവ്യന്‍ മോഡിസാബിനെ മാനസാന്തരപ്പെടുത്തി പാളത്താറുടുപ്പിച്ചു ഒരു ആത്മിയ ആചാര്യനാക്കാന്‍, കാണിച്ചിക്കുളങ്ങര ഗുരുവിന്‍റെ നേതൃത്വത്തിലുള്ള ഗുരുക്കന്‍മാര്‍ തീരുമാനിച്ചതറിഞ്ഞ്, പണ്ടേ മാനസാന്തരപ്പെട്ട പല തിരുമുല്‍പ്പാടുകളും ഉടുതുണി ഉരിഞ്ഞെരിഞ്ഞു അട്ടഹസിക്കുന്നത് എന്തിനാണെന്ന്, എല്ലാ ആട്ടങ്ങളും കാണാന്‍ വിധിക്കപ്പെട്ട വിദ്യാധരന് മനസിലാവുന്നില്ല. ഒരുവനെ നന്നാക്കാന്‍ നോക്കിയാലും അനുവദിക്കില്ലായെന്ന് തുടങ്ങിയാല്‍ എന്തുചെയ്യും....എങ്ങനെയെങ്കിലും മോഡിയെ ഇവിടെ എത്തിച്ചു ഒന്നു നന്നാക്കിവിടണമെന്നേ ഗുരുക്കാന്‍മ്മാര്‍ ഉദ്യേശിച്ചിട്ടുള്ളു. അതിനാണ് ഈ ബഹളമൊക്കെ. നാരായണ ഗുരുവിനെപ്പോലുള്ള ആത്മിയ ആചാര്യന്‍മ്മാരെക്കുറിച്ച് പ്രഭാഷണം നടത്താന്‍ നരേന്ദ്രമോഡിയാണ് യോഗ്യന്‍ എന്നു ചിന്തിക്കുന്ന തലത്തിലേക്ക്‌ പുതിയ ഗുരുക്കന്‍മാര്‍ വളര്‍ന്നു എന്നറിയുന്നതില്‍ കേരളിയര്‍ സന്തോഷിക്കണം. നവോഥാനകേരളത്തിന്‍റെ പോക്ക് എങ്ങോട്ടാണന്നറിയാന്‍ ഇനി പ്രത്യേക കണക്കുകള്‍ ഒന്നും നോക്കേണ്ടതില്ല. കഴുകന്‍ വട്ടമിട്ടു പറക്കുമ്പോഴേ ഒരു മാതിരിപ്പെട്ടവര്‍ക്കെല്ലാം കാര്യം മനസിലാകും.......എനിക്കൊന്നേ പറയാനുള്ളു, ഇവിടെക്കൊണ്ടു വന്നു മോഡിസാബിനെ നന്നാക്കുന്ന കൂട്ടത്തില്‍ പറ്റുമെങ്കില്‍ ആ മദ്യനിരോധനമൊന്ന് ഒഴിവാക്കാന്‍ പറയണം. പത്തുരൂപ മുടക്കിയാല്‍ പൂസായിരുന്ന സ്ഥാനത്ത് ഇന്ന് രൂപ നൂറുവേണം ഒന്നു തൊണ്ണനനയ്ക്കാന്‍. അതുകൊണ്ട് നിരവധി മലയാളികള്‍ ഗുജറാത്തില്‍ ദുരിതത്തിലാണ്; അതൊന്നുമാറ്റാന്‍ പറയണം. കണിച്ചിക്കുളങ്ങര ഗുരു ഇടപെട്ടാല്‍ അതുനടക്കും; അതേ നടക്കൂ...... മതം ചോദിക്കണം, പറയണം.,നമ്മുടെ കൂടെ കൂടണം, അല്ലേല്‍ ഓടണം, അല്ലാത്തവനെ കൊല്ലണം തുടങ്ങിയ മോഡി ദര്‍ശനങ്ങളില്‍ .മദ്യം ഉണ്ടാക്കണം ഊറ്റണം,കൊടുക്കണം എന്നീ പുതിയദര്‍ശനങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്താല്‍മതി. ഇക്കാര്യത്തില്‍ മോഡിക്കൊരു മാനസാന്തരം അത്രയെ നമ്മള്‍ ഉദേശിച്ചിട്ടോള്ളു. അടച്ചിട്ട മുറിയില്‍വെച്ച് തലേന്ന് ചെത്തിയിറക്കിയ ഒരു കുപ്പി അന്തി....തൊട്ടു നക്കാന്‍ നല്ല കണ്ണിമാങ്ങ അച്ചാര്‍... ഏതാണ്ട് ഒരു പരുവമായിക്കഴിഞ്ഞാല്‍  ചര്‍ച്ച തുടങ്ങാം.... അതോടെ മോഡി മാനസാന്തരപ്പെടുമെന്നാണ് വിശ്വാസം.എങ്ങനെയെങ്കിലും അങ്ങേരു ഇവിടെ എത്തിച്ചു അടിയന്തര ദര്‍ശനങ്ങള്‍ പകര്‍ന്നു കൊടുക്കണമെന്നാണ് ഈയുള്ളവന്‍റെയും ആഗ്രഹം.

   സത്യത്തില്‍ ഈ മോഡിക്കെന്നാ... ഒരു കുഴപ്പം.അങ്ങേര് ആരെയെങ്കിലും കൊന്നോ??കൊല്ലാന്‍ പറഞ്ഞോ?? ഇതേവരെ തെളിയിക്കാന്‍ പറ്റാത്ത ഒരു ഭയങ്കര രഹസ്യമാണത്. തെളിവില്ലാതെ നമുക്കെന്തെങ്കിലും വിശ്വസിക്കാന്‍ പറ്റുമോ..??ഇല്ല..   ഇനി ഗുജറാത്തിനെക്കുറിച്ചാണെങ്കില്‍; ഗുജറാത്ത് ഒരു പറുദീസായല്ലേ. സൌന്ദര്യമുണ്ടാക്കാന്‍ വേണ്ടിമാത്രം തരുണിമണികള്‍ പട്ടിണി കിടക്കുന്ന ഇന്ത്യയിലെ ഏകനാടാണത്.എങ്ങും അപ്സരസ്സുകളും ഗന്ധര്‍വന്‍മാരും പറന്നുനടക്കുന്ന ആധുനികയുഗത്തിലെ ഏദേന്‍ തോട്ടമാണത്, കേരളിയരീതിയില്‍ പറഞ്ഞാല്‍ മാവേലിനാട്. തനതു ഹിന്ദുമതസംസ്കാരങ്ങളും   ജീവിതരീതികളും എല്ലാം അറിയണമെങ്കില്‍ ഗുജറാത്തില്‍ പോകണം.ശരിക്കും രാമരാജ്യമാണ്.....  ഉള്‍പ്രദേശങ്ങളില്‍ പട്ടിണിയും ദാരിദ്രവുമാണെന്നു ചിലര്‍ പറയും.അതു കാര്യമാക്കേണ്ട.അവരു കണ്ടത് നരകമാണ്. കാരണം ഗുജറാത്തിനോട് ചേര്‍ന്നാണ് നരകം കിടക്കുന്നത്.  ഒരു ചെറിയഅരമതിലാണ്  അതിര്. അതുകാരണം നരകം കണ്ട പലരും അതു ഗുജറാത്താണെന്നു തെറ്റുധരിച്ചുപോയിരിക്കുന്നു. അതു വലിയ കുഴപ്പമാണോ?? രാജ്യത്തെ ഏറ്റവുംവലിയ നഗരമായ ബോംബെയില്‍ ഇതിനേക്കാള്‍ നാറുന്ന കഥകളല്ലേ പറയാനുള്ളത്. അതൊക്കെ കാണുമ്പൊള്‍ അങ്ങ് കണ്ണടച്ചാല്‍ പോരെ. പിന്നെ വര്‍ഗ്ഗിയലഹള, കത്തിക്കല്‍, ചുട്ടുകൊല്ലല്‍, വംശഹത്യ ഇതൊക്കെ ചിന്ന വിഷയം മാത്രം. ഇതൊന്നും നമ്മളെ  ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ. നേതാക്കള്‍ സാധാരണക്കരോടുള്ള പ്രസംഗത്തില്‍ കൊല, കൊള്ള, വംശഹത്യ എന്നിങ്ങനെ പലതും പറയും. എന്നിട്ട് അതിന്‍റെ കേസുകള്‍ എവിടെവരെയായി മോഡിക്കെതിരെ കോടതിയില്‍ കേസുണ്ടോ, ഏതെങ്കിലും  കേസില്‍ കോടതി ശിക്ഷിച്ചോ.. അക്കാര്യത്തില്‍ എന്തുപറയുന്നു. ഗുജറാത്തില്‍ മോഡി സ്വോച്ചാധിപത്യം കാണിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിനു നടപടിയെടുത്തുകൂടാ..  വംശഹത്യയും, വര്‍ഗിയ ലഹളകളും നടത്തുന്ന മരണവ്യപാരിയെ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടുന്നില്ല. എന്തുകൊണ്ട് ഒരു നിയമവും മോഡിയെ ശിക്ഷിക്കുന്നില്ല. പ്രത്യേകിച്ച് വംശഹത്യയോ കലാപമോ ഒന്നുമുണ്ടാതെതന്നെ  കേരളസര്‍ക്കാരിനെവരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ട ചരിത്രവുമുണ്ട്. അപ്പൊ അന്ന് കേരളത്തില്‍ നിലനിന്ന രാഷ്ട്രിയ സാഹചര്യംപോലും ഗുജറാത്തില്‍ നിലനില്‍ക്കുന്നില്ല എന്നു കരുതണമോ..??? എന്തോ ഒന്നുമങ്ങു തിരിയുന്നില്ല....ടിയാന്‍ ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്‍റെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയല്ലേ?? അതോ ഇതിനിടയില്‍ ഗുജറാത്തിനെ ഭീകര രാഷ്ട്രമായി പ്രഖാപിച്ചോ????

  ബലാത്സംഗം, സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള സാമൂഹ്യ കുറ്റകൃത്യങ്ങളില്‍, പീഡിപ്പിക്കപ്പെട്ട ഇരതന്നെ; കുറ്റവാളികളുടെ പേരു പറഞ്ഞിട്ടും ആ പീഡകന്മ്മാര്‍ ജനപ്രതിനിധികളായും, മന്ത്രിമാരായും, ചെയര്‍മ്മാന്‍മാരായും ജനസേവനം നടത്തുന്നത് കാണാന്‍ ഗുജറാത്തുവരെയൊന്നും പോകേണ്ട. ഇവിടെ കേരളത്തില്‍ തന്നെയുണ്ട്. മാറാട് പോലുള്ള കലാപങ്ങളില്‍ സി.ബി. ഐ അന്വേഷണം വേണ്ടായെന്നുപറഞ്ഞത് മോഡിയല്ല. ഇമ്മടെ ന്യൂനപക്ഷപാര്‍ട്ടി തന്നെയാണ്, കാസര്‍ഗോഡ്‌ ഒരു ന്യൂനപക്ഷക്കാരന്‍ കലാപത്തിനിടെ പോലിസ്‌ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ച്, ആ അന്വേഷണക്കമ്മീഷനെത്തന്നെ പൂട്ടിക്കെട്ടിച്ചത് മോഡിയല്ല; കേരളസര്‍ക്കാരാണ്. തിരഞ്ഞെടുപ്പുകഴിഞ്ഞാല്‍  കേരളം ഭരിക്കേണ്ട മന്ത്രിമാരെ നിശ്ചയിക്കാന്‍ മതനേതാക്കളുടെ തിട്ടൂരം വേണ്ടത് കേരളത്തിലാണ്. മതേതരത്വത്തിന്‍റെ വിളനിലമെന്നു പറയുന്ന കേരളത്തില്‍ ജനപ്രതിനിധികളെ നിശ്ചയിക്കുന്നത് മതവും,വര്‍ഗ്ഗവും, ജാതിയും നോക്കിയല്ലേ. മതതീവ്രവാദം ഇളക്കി വിടുന്നവരുടെ കൂടെ സ്റ്റേജുകള്‍ പങ്കിടുന്നതില്‍ ആരാണുമോശം??. മോഡി ഒറ്റയ്ക്ക് മതം കളിക്കുമ്പോള്‍ കേരളത്തില്‍ കൂട്ടായി കളിക്കുന്നു.ഗുജറാത്തില്‍ മോഡിയെപ്പോലെ, കേരളത്തില്‍ വര്‍ഗിയ വിഷംചീറ്റുന്ന ശശികല എന്ന മഹിളയെ നിലയ്ക്ക് നിറുത്താന്‍ കേരളസര്‍ക്കാര്‍ എന്തുനടപടിയാണ് എടുത്തത്‌...ഒരു ചുക്കും ചെയ്തില്ല.... ചെയ്യുകയുമില്ല.. ഇപ്പോള്‍ മോഡിക്കെതിരെ നടത്തുന്ന ഈ ഉരുളുനേര്‍ച്ച ന്യൂനപക്ഷ വോട്ടുകള്‍ കഷത്തിലാക്കാനുള്ള ഗിമിക്കുകള്‍ മാത്രമാണെന്ന് ആര്‍ക്കാണ് അറിയാത്തത്.

    മന്ത്രിഷിബു, മോഡിയെ കണ്ടതുമുതല്‍ കേരളം ചുമ്മാ ഇളകുകയല്ലേ.. പ്രശ്നം നന്നായി കത്തിയപ്പോള്‍ കൊണ്ടുനടന്ന ചാപ്പനടക്കം എല്ലാവരും കാലുമാറി. മന്ത്രിഷിബു ഒരു മാപ്പടിച്ചു തലയൂരി. രണ്ടു സീനിയര്‍ ഐ.എ. എസ് ഓഫീസര്‍മ്മാരുടെ  അകമ്പടിയോടെ ആറന്മുളകണ്ണാടിയും പൊതിഞ്ഞുകെട്ടി, മന്ത്രിയാശന്‍ ഗുജറാത്തിലേക്കുവിട്ടത് കേരളസര്‍ക്കാര്‍ അറിയാത്ത വെറും ഊരുതെണ്ടല്‍ മാത്രമാണെന്ന് പറയുന്നത് ആരുവിശ്വസിക്കും. പോക്കൊക്കെ  എല്ലാവരും അറിഞ്ഞതുതന്നെയാണ്...  ചുമ്മാ നാറുമെന്നു മനസിലായപ്പോള്‍ കൈകഴുകി അത്രതന്നെ.  പണ്ട് ബാബരിപള്ളി ശിലാസ്ഥാപനത്തിനായി തുറന്നു കൊടുത്തപ്പോഴും, പൊളിച്ചപ്പോഴും ഈ കൈ കൈകഴുകല്‍ കണ്ടതാണ്. സിഖ്‌വിരുദ്ധ കലാപത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടപ്പോഴും ഇതേ രീതിയില്‍ കൈകഴുകി..  വര്‍ഗ്ഗിയനിലപാടുകളില്‍ മൃദുസമീപനം സ്വീകരിക്കുക. ജനങ്ങളില്‍ പ്രശ്നം എത്തുമ്പോള്‍ കൈകഴുകുക ആ സ്വഭാവം, കേരളത്തില്‍ മന്ത്രിഷിബുവിന്‍റെ കാര്യത്തിലും കാണിച്ചു. മൂത്താപ്പമാരെല്ലാം കാലുമാറിയപ്പോള്‍, മന്ത്രി മാപ്പുപറഞ്ഞു. എല്ലാവര്‍ക്കും ആശ്വാസമായി..... അല്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീണേനെ...

         പാലസ്തീനില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേല്‍ നിലപാട് നമ്മള്‍ അംഗികരിക്കുന്നില്ല.എന്നാല്‍ നമ്മുടെ മഹാനായ കേന്ദ്രമന്ത്രി കെ വി തോമസ്‌ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ  സന്ദര്‍ശിച്ചു മട്ടാഞ്ചേരി ജൂതപള്ളിയുടെ മോഡലും സമ്മാനിച്ചു മടങ്ങിയപ്പോള്‍ ഇവിടെ വല്ലതും സംഭവിച്ചോ.. മോഡിയുടെ സ്വന്തം ശിക്ഷ്യനായി മാറിയ അബ്ദുള്ളക്കുട്ടിക്കെതിരെ എത്രപേര്‍ വാ തുറന്നു..... കൊച്ചിയില്‍ നടന്ന പ്രവാസി സമ്മേളനത്തിന് മോഡിയെ ക്ഷണിക്കുകയും, വരാന്‍ കഴിയാത്തതുകൊണ്ട് വീഡിയോ കൊണ്ഫെരന്സിലൂടെ മോഡിയുടെ പ്രസംഗം നാട്ടുകാരെ കേള്‍പ്പിച്ചതും ബിജെപി-ക്കാരല്ല സാക്ഷാല്‍ നമ്മുടെ രവി മന്ത്രിയാണ്. ഡല്‍ഹിയില്‍ നടന്ന മന്ത്രിമാരുടെ സമ്മേളനത്തില്‍ മോഡിയെ കെട്ടിപ്പിടിച്ചത്, നമ്മുടെ മതേതരമുഖ്യന്‍ ചാണ്ടിസാര്‍ തന്നെയാണ്.. അപ്പൊ അതിനൊന്നും കുഴപ്പമില്ല. ഇതിപ്പോ ഷിബുസാര്‍ വേലിചാടിയത് വെളിച്ചത്തായി; അതാണ്‌ കഴപ്പമായത്...അതിനു ഇങ്ങനെ ഉറഞ്ഞുതുള്ളുന്നത് ഒരുമാതിരി വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണ്‌.

 മറ്റൊരുകാര്യം, കാര്യങ്ങള്‍ ശരിക്കും മനസിലാക്കിയാല്‍ ഇതില്‍വലിയ വിവാദത്തിനൊന്നും കാര്യമില്ല.. മന്ത്രിയായപ്പോള്‍ മുതല്‍ ഖജനാവിലെ പണമെടുത്തു ഊരുചുറ്റാനിറങ്ങിയ കുറച്ചു മാന്യദേഹങ്ങളുണ്ട്. അവര്‍ സ്ഥിരമായി കറക്കത്തിലാണ്,ശമ്പളം വാങ്ങാനും വീട്ടുകാരെ കാണാനുമാണ് നാട്ടില്‍വരുക. കണ്ടുപഠിക്കാനും, കണ്ടുകിടക്കാനുമൊക്കെയായി രാവിലെ ഇറങ്ങും. വണ്ടികിട്ടുന്ന വഴിക്ക് വിടും.എങ്ങോട്ടുള്ള വണ്ടിയാണോ ആദ്യം വരുന്നത് അങ്ങോട്ട്‌ വിടും..അതിപ്പോ ഗുജറാത്തോ, സ്പെയിനോ, അന്റാര്‍ട്ടിക്കയൊ എവിടെയാണെങ്കിലും പ്രശ്നമില്ല. ‘കണ്ടുള്ള പഠനം’ അതാണ്‌ പ്രധാനം. ഇക്കാലത്തിനിടയില്‍ നടത്തിയ ലോകയത്രകളില്‍ എന്താണ് കണ്ടുപഠിച്ചതെന്നും, എന്തൊക്കെയാണ് അതുപ്രകാരം കേരളത്തില്‍ ഉണ്ടാക്കിയതെന്നും മാത്രം ചോദിക്കരുത്. ഒരിടയ്ക്ക് നേഴ്സ്മാര്‍ക്ക് ജോലി അന്വേഷിച്ച് ഇതേ മന്ത്രി സ്പെയിന്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കറങ്ങിയിരുന്നു. ഫലമോ, ഇപ്പോള്‍ വിദേശരാജ്യത്തു പണിയില്ലാത്ത ഒറ്റ നേഴ്സുമാരും കേരളത്തിലില്ല...ഇതിപ്പോ ഗുജറാത്തിലെ ചില ബിസിനസ്സുകള്‍ കേരളത്തിലേക്ക് പറിച്ചുനട്ടാല്‍ എങ്ങനെയിരിക്കുമെന്ന് പഠിക്കാന്‍ പോയതാണ്. കുറെ സ്ഥിരം അലമ്പന്‍മ്മാര്‍ എല്ലാം അലമ്പാക്കി അതേ ഉണ്ടായിട്ടുള്ളൂ അല്ലാതെ ഇതൊന്നും മാറാന്‍ പോകുന്നില്ല. ’കുതിര ഓടിക്കൊണ്ടേ ഇരിക്കും; പറി അടിക്കൊണ്ടേ ഇരിക്കും’..ഈ ഉലകം ചുറ്റും വാലിപന്മാരെല്ലാം മുന്‍രാഷ്ട്രപതി പ്രതിഭാ മാഡത്തിന്‍റെ കാലടികള്‍ പിന്തുടരുന്ന ചുണക്കുട്ടികളാണെന്നതില്‍ തര്‍ക്കമില്ല..മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കിട്ടിയ ചാന്‍സ്‌ വസൂലാക്കുന്ന മുന്നാംകിട പെറുക്കികള്‍ മാത്രമാണെന്നതില്‍  ഒരു സംശയവും വേണ്ട..... അതിലോരണ്ണം മോഡിയെക്കണ്ടു, എന്നതില്‍ കവിഞ്ഞു ഇതിനുവലിയ പ്രാധാന്യമൊന്നും കല്പ്പിക്കേണ്ടതില്ല. ഭരണം ഒരു റൌണ്ട് കഴിയുമ്പോള്‍ എത്ര വിദേശ യാത്രകള്‍ തരപ്പെടുത്താമെന്നതിലാണ് ഇവരുടെ ശ്രദ്ധ. പറ്റുമെങ്കില്‍ ബഹിരാകാശത്തെയ്ക്കും ഒരു യാത്രസംഘടിപ്പിക്കാനാവുമോയെന്നാണ്  പലരുടെയും അന്വേഷണം. അതിനായി ചിലരൊക്കെ നാസയുമായി ബന്ധപ്പെട്ടുവെന്ന് ചില ലീക്ക്‌ കേബിളുകള്‍ പറയുന്നുണ്ട്. കേരളിയര്‍ക്കു അവിടെ മൊതലിറക്കാന്‍ പറ്റുമോന്നു നോക്കാനാ..., വ്യവസായം തുടങ്ങാനാ... വനവത്ക്കരണം നടത്താനാ...,ഒളിമ്പിക്സ് കൂടാനാ..., റോഡ്‌ നോക്കാനാ..., പാലം പണിയാനാ.... തുടങ്ങിയ വലിയകാര്യങ്ങളാവും പറയുക...നമുക്ക്‌ ഇതൊക്കെ കണ്ടും കേട്ടും ചുമ്മാ ഊറിച്ചിരിക്കാം.... വെല്ലമിട്ടു കുറുക്കിയ കടുംകാപ്പിയും ഒരു പപ്പടബോളിയുമുണ്ടെങ്കില്‍ ബഹുകേമം....

 

8 comments:

  1. പുരുഷുApril 23, 2013 at 6:57 AM

    എനിക്കും കാണണം ആ മോഡിയെ ആരെങ്കിലും കുറച്ചു പൈസ അയച്ചുതന്നാല്‍ ഉപകാരമായി

    ReplyDelete
  2. മാഷ്‌ ഇപ്രാവശ്യവും ആഞ്ഞടിച്ചു.എല്ലാവര്‍ക്കും വേണ്ടത് കൊടുത്തു

    ReplyDelete
  3. അനൂപ്‌April 23, 2013 at 7:10 AM

    മോഡി കേരളത്തില്‍ വരുന്നതോ കേരളത്തില്‍ നിന്ന് ഒരാള്‍ മോഡിയെ കാണുന്നതോ അല്ല യഥാര്‍ത്ഥ പ്രശ്നം.തങ്ങള്‍ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കലാണ് പ്രധാനം.

    ReplyDelete
  4. valare nalla ezhuthu..ellavareyum thurannu paranjirikkunnu.keep it up

    ReplyDelete
  5. Congrats, excellent writing.

    ReplyDelete
  6. നല്ല വിചാരം - നർമ വിചാരം

    ReplyDelete
  7. എങ്ങാനും മാനസാന്തരപ്പെട്ടാലോ......??!!

    ReplyDelete