**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, August 17, 2012

മധുരമുള്ള ഓര്‍മ്മകള്‍



   കുറിപ്പടപ്രകാരമുള്ള സാധനങ്ങളെല്ലാം വാങ്ങി. ആഴ്ച്ചവട്ടത്തിലെ ഷോപ്പിംഗ്‌ അതിന്‍റെ പര്യവസാനത്തിലെക്ക്എത്തുന്നതിനിടെ; വെള്ളം കണ്ട താറാവിനെപ്പോലെ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഭാഗത്തെക്ക് നീങ്ങി. എല്ലാ ഷോപ്പിംഗ്‌കളുടെയും അവസാനം ഇവിടെയാണ്.പഴംപൊരി സമുസ, ബോണ്ട, പരിപ്പുവട തുടങ്ങിയ തനിനാടന്‍ വിഭവങ്ങള്‍ കണ്ണാടിക്കൂട്ടിനുള്ളിലിരുന്നുചിരിക്കുന്നു.വശങ്ങളിലേക്ക് പോകുംന്തോറും എണ്ണമറ്റ വിഭവങ്ങള്‍.രസക്കൂട്ടുകളുടെ അളവില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി സൃഷ്ടിച്ചെടുത്ത വിഭവങ്ങള്‍. ആളുകളുടെ നല്ല ക്യു എല്ലായിടത്തും ഉണ്ട്.ഒരു സൈഡില്‍ നമ്മുടെ നാടന്‍ റെസ്ക്കിനെ കണ്ടു.വലുതും ചെറുതും വെള്ളയും മഞ്ഞയും നിറങ്ങളില്‍.ഇരിപ്പില്‍ എല്ലാ വിഭവങ്ങളും കെങ്കേമം തന്നെ പക്ഷെ കഴിച്ചുനോക്കിയപ്പോഴാണ് അറിഞ്ഞത് ഡ്യുപ്പ് ആണന്ന്.ആകൃതിയും നിറവുമൊക്കെ കേരളിയം തന്നെ രുചി മാത്രം ഒക്കുന്നില്ല.നാവിലെ രസമുകുളങ്ങള്‍ കള്ളം പറയില്ലല്ലോ.നമ്മുടെ തനതായ ഭഷ്യവിഭവങ്ങളുടെ ആകൃതിയും നിറവും മാത്രമല്ല രുചിയും കുടിയാണ് അവയെ വിത്യസ്തമാക്കുന്നത്. ടിവി ഷോകളിലെ പാചകരംഗങ്ങളും മാസികകളിലെ പാചക വിധികളുമൊക്കെ ഓരോന്നിന്‍റെയും പേരും നിറവും ആകൃതിയും നമ്മെ കാണിക്കുന്നു.എന്നാല്‍രുചി  എന്താണന്നു അനുഭവിച്ചുതന്നെ അറിയണം.സ്വന്തമായ ഒരു ഭഷ്യസംസ്കൃതിയുള്ള ഒരു നാട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് ചേക്കേറുമ്പോള്‍ പല രുചിക്കൂട്ടുകളും ഓര്‍മ്മയില്‍ തന്നെ വയ്ക്കേണ്ടിവരുന്നു.

 ബാല്യത്തിന്‍റെ ബലഹീനതയായിരുന്നു പലഹാരങ്ങളും മിട്ടായികളും. ഒരു ചെറിയ മിട്ടായിക്ക് വേണ്ടി ചിലപ്പോള്‍ ഒത്തിരി കണ്ണുനിര്‍ ചിലവാക്കേണ്ടിവരും. അത് കിട്ടുമ്പോള്‍ ഒഴുക്കിയ കണ്ണ്‍നീരെല്ലാം ഒരുനിമിഷം കൊണ്ട് ആവിയായി സന്തോഷത്തിന്‍റെ പുഞ്ചിരി കടന്നു വരുന്നു.നാട്ടിലെ പ്രസിദ്ധമായ മിട്ടായിക്കട ജോസഫ്‌ചേട്ടന്‍റെ ആയിരുന്നു. നിര നിരയായിഅടുക്കിവച്ചിരിക്കുന്ന മിട്ടായിഭരണികളില്‍ പല കളറുകളില്‍ നിറഞ്ഞിരിക്കുന്ന മിട്ടായികള്‍.ഓരോ മിട്ടായ്ക്കും ഓരോപേര് ചക്രമിട്ടായി, ഗ്യാസ് മിട്ടായി, വെല്ലമിട്ടായി,നാരങ്ങമിട്ടായി, പാരിസ്‌, കാരാമില്‍ക്, ന്യുട്രീന്‍, കടല മിട്ടായി എന്നിങ്ങനെ പോകുന്നു. പേരുകളില്‍ പലതും ജോസഫ്‌ചേട്ടന്‍തന്നെഇട്ട പേരുകളാണ്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന അയാളുടെ കഴുത്തില്‍കറുത്ത നിറത്തിലുള്ള വെന്തിങ്ങവും വെളുത്ത കൊന്തയും ഉണ്ടായിരുന്നു. തോളില്‍ വെള്ള തോര്‍ത്തും, ഷര്‍ട്ട് ഇട്ടുകണ്ടിട്ടേയില്ല.വീടിന്‍റെ തിണ്ണയാണ്‌ കടയായി മാറിയിരിക്കുന്നത്. ഒരു സൈഡില്‍ പത്തുപൈസാക്കുറികള്‍ തൂക്കിയിട്ടിരിക്കുന്നു.ഒരു കഷണം ഫിലിമില്‍ ഒരു പേപ്പര്‍ച്ചുറ്റിയതാണ് കുറി. പേപ്പര്‍ തുറക്കുമ്പോള്‍ ലിസ്റ്റിലുള്ള പേര് കണ്ടാല്‍ കുറി അടിച്ചു.ഇല്ലങ്കില്‍ ഫിലിംഫ്രീ.ഫിലിം വെളിച്ചത്തിനു നേരെ പിടിച്ച് മമ്മുട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ തിരഞ്ഞിരുന്നു. കണ്ടില്ലഎന്നു മാത്രം. അയാള്‍ക്ക് കണ്ണ് കാണില്ലടാ അതുകൊണ്ടാ കണ്ണാടി വച്ചിരിക്കുന്നത്.കടക്കാരന്‍റെ കറുത്ത ഫ്രെയിമുള്ള കട്ടി കണ്ണട നോക്കി തോമസ്കുട്ടി പറഞ്ഞു.എല്ലാ കാര്യങ്ങളെക്കുറിച്ചും ആധികരികമായി അഭിപ്രായം പറഞ്ഞിരുന്നത് തോമസ്കുട്ടിയാണ്.കണ്ണട ചാടിപോകണ്ടിരിക്കാനാ അതിന്‍റെ കാലേല്‍ ചരട് കെട്ടിയിരിക്കുന്നത്. കണ്ണട ഇല്ലാത്തപ്പോള്‍ നമുക്ക് മിട്ടായി അടിച്ചുമാറ്റാം.അങ്ങനെ ഒരുദിവസം കണ്ണട ഇല്ലാതെ ജോസഫ്‌ചേട്ടന്‍ കടയില്‍ഇരിക്കുന്നു.തോമസ്കുട്ടിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ കടയില്‍ എത്തി. മിട്ടായി ഭരണിയുടെ അടപ്പ് തിരിച്ചതും; ആരാടാ ഭരണിതുറക്കുന്നത് എന്നാഅലര്‍ച്ചയും ജോസഫ്‌ചേട്ടന്‍റെ ഒരു വരവും................
പിന്നെ ഒന്നും ഓര്‍മ്മയില്ല കാലുകള്‍ ചിറകുകളായി മാറിയ നിമിഷം.കാലിലെ നഖം പറിഞ്ഞതിന്‍റെ വേദന അറിഞ്ഞുപോലുമില്ല.ഒരാഴ്ച്ചത്തെക്ക് ആ ഭാഗം ഒഴിവക്കിയാണ് നടന്നിരുന്നത്.പതുക്കെഎല്ലാം മറന്നു.

  മിട്ടായിയുടെ മധുരമുള്ള ഓര്‍മ്മകള്‍ കടയിലേക്ക് വിണ്ടും അടുപ്പിച്ചു.കഴിക്കുന്ന മിട്ടായിക്കൂടുകള്‍ക്ക് വിത്യസ്ത നിറങ്ങള്‍ ആയിരുന്നു.നിറങ്ങളോടുള്ള സ്നേഹം കൂടു ശേഖരണത്തില്‍ എത്തിച്ചു.പല വര്‍ണ്ണത്തിലുള്ള മിട്ടായിക്കൂടുകള്‍ ശേഖരത്തില്‍ എത്തി; പിന്നിടത് മാലയായി രൂപാന്തരപ്പെട്ടു.അതോടൊപ്പം തീപ്പെട്ടി പടങ്ങളും സിഗരെറ്റ്‌ കൂടുകളുമൊക്കെ ശേഖരത്തിലേക്ക്‌ വന്നു. .ട്രാക്ടെര്‍,വിമാനം,മീന്‍,മഹാരാജാവ്‌,കാജാ,ഒട്ടകംതുടങ്ങിനിരവധി...........പടങ്ങളുടെശേഖരം അഭിമാനമായി കൂട്ടുകാരെ കാണിച്ചു.കാലം മുന്നോട്ട് നീങ്ങിയതോടെ ശേഖരണം എന്ന വാക്ക് മാറി. കളക്ഷന്‍ എന്നായി.മിട്ടായികടലാസ്സുകളും തീപ്പെട്ടിപടങ്ങളും മാറി നാണയങ്ങളും സ്റ്റാമ്പുകളുമൊക്കെയായി സ്പെസിമെന്‍സ്‌ വന്നു.വളര്‍ച്ചയുടെ നാളുകളില്‍ മധുരമുള്ള രുചികളോടൊപ്പം അറിയാതെ അഭിരുചികളും വളര്‍ന്നുവന്നു.    ഒരുദിവസം ജോസഫ്‌ ചേട്ടന്‍റെ കട തുറന്നില്ല; പതിവില്ലാതെ മുറ്റത്ത്‌ നിറയെ ആളുകള്‍; പതുക്കെ അകത്തുകടന്നു.അകത്ത് കട്ടിലില്‍ ചേട്ടന്‍ അനക്കമില്ലാതെ കിടക്കുന്നു. മിട്ടായിഭരണികളുടെ കാവല്‍ക്കാരന്‍ കടന്നുപോയിരിക്കുന്നു.സാമ്പ്രാണിതിരികളുടെ മണവും, നിലവിളിയുമൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.ദേഹം മുഴുവന്‍ ഒന്നുവിയര്‍ത്തു അടഞ്ഞുകിടക്കുന്ന കടയെ നോക്കി തിരിച്ചുനടന്നു.

     നാലുംകൂടുന്ന കവലയുടെ ഒരു സൈഡില്‍ തങ്കപ്പവിലാസം റ്റിഷോപ്പ് എന്ന ബോര്‍ഡ്‌ ഉയര്‍ന്നുനിന്നു. അങ്ങാടിയിലെ ഏക ചായക്കട അതാണ്.പലഹാരങ്ങളെക്കുറിച്ചുള്ള ഏകദേശ ധാരണ ആദ്യമായി ലഭിച്ചത്‌റോഡിന്അഭിമുഖമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ ചായക്കടയിലെ ചില്ല്അലമാരയില്‍നിന്നാണ്.അനേകം കള്ളികളായി തിരിച്ച അലമാര; ഓരോ കള്ളിയിലും ഓരോതരം പലഹാരം. ബോണ്ട. സുഹിയന്‍,പരിപ്പുവട,ഉഴുന്നുവട, ഉള്ളിവട, പപ്പടബോളി തുടങ്ങിയ കളര്‍ഫുള്‍ ഐറ്റംസ് ഏറ്റവും മുകളിലായി ക്രമികരിച്ചിരിക്കുന്നു. താഴത്തെ തട്ടില്‍ ഇന്നത്തെ സ്പെഷ്യല്‍ പൊറോട്ട, പുട്ട്, ഇഡലി തുടങ്ങിയവയാണ്.തങ്കപ്പന്‍നായര്‍ ആണ് കടയുടെ നടത്തിപ്പുകാരന്‍.തലയില്‍ മുടിയില്ലാത്ത; താടിനീട്ടി വളര്‍ത്തിയനായര്‍ പച്ചയില്‍വെള്ള കള്ളികളുള്ള മുണ്ടാണ് ഉടുത്തിരുന്നത്.നായരേ ഒരു ചായ......... ഏതുവേണം........ലൈറ്റ്, മീഡിയം, സ്ട്രോങ്ങ്‌ വേണ്ടത് പറഞ്ഞാല്‍സമ്മോവര്‍ ഒന്ന്തട്ടി കരിഊതി കനല്‍ ജ്വലിപ്പിക്കുന്നു,ടാപ്പ്‌ തിരിച്ച് ചൂട് വെള്ളം പൊടിസഞ്ചിയിലുടെ കപ്പിലേക്ക്. ഇനിയാണ്നായര്‍ സ്പെഷ്യല്‍ രണ്ട്കൈയിലും കപ്പ്; കൈകള്‍ തമ്മില്‍ വളരെ അകലത്തില്‍ ഉയര്‍ന്ന് താഴുന്നു. ചായ വില്ലിന്‍റെ ആകൃതിയില്‍ കപ്പുകളിലെക്ക് മാറിമാറി വിഴുന്നു.ഒരു തുള്ളിപോലും നിലത്ത് വിഴുന്നില്ല.അന്തരിക്ഷത്തിലെ ചായയുടെ പാച്ചില്‍ കണ്ടാല്‍ അത്ഭുതം തോന്നും.സ്പെഷ്യല്‍ ഫീസ്, സ്റ്റാമ്പ്‌ഫീസ്, കഞ്ഞിപിരിവ്‌ തുടങ്ങിയ സാങ്കല്പികപിരിവുകള്‍, വീട്ടില്‍ പറഞ്ഞ് കിട്ടുന്ന പൈസകള്‍ക്ക്‌; നായരുടെ ചായക്കട വരെയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.ഓരോ ഫീസിലും ഓരോ തരം പലഹാരങ്ങളുടെ രുചി അറിഞ്ഞു.കടയില്‍ കയറിയാല്‍ പല സൗകാര്യങ്ങളും ഉണ്ട്. പഞ്ചായത്തിലെ കോഴിവിതരണം തൊട്ട് അന്താരാഷ്ട്രകാര്യങ്ങള്‍ വരെ കൈകാര്യംചെയ്യുന്ന സ്ഥിരം കുറ്റികള്‍ കടയില്‍ കാണും.നാടിനും വിടിനും കൊള്ളാത്ത ഏമ്പോക്കികള്‍ എന്നാണ് ഇവരെകുറിച്ചുള്ള പൊതുഅഭിപ്രായം.പക്ഷെ ഈ ഏമ്പോക്കികളുടെ സംസാരം കേള്‍ക്കാന്‍ നല്ല രസമായിരുന്നു.കണ്ണാടിക്കുട്ടിലെ പപ്പടബോളിക്കും പഴംപൊരിക്കുമോന്നും പ്രായം കൂടാതെ നോക്കിയിരുന്നത് ഇവരാണ്.ഒരു സൈഡില്‍ ചര്‍ച്ച നടക്കുമ്പോള്‍ അടുപ്പില്‍ വച്ചിരിക്കുന്ന വലിയ ചിനചട്ടിയില്‍ എണ്ണ തിളക്കുന്നു.മാവില്‍ മുക്കിയ ഒരു കഷ്ണം പഴം എണ്ണയിലേക്ക്‌ വിഴുന്നു. ചില്‍............. എന്നൊരു പിടച്ചില്‍.തുടര്‍ച്ചയായി വിഴുന്ന പഴകഷ്ണങ്ങള്‍ മിനിട്ടുകള്‍ക്കകം പഴം പൊരി ആയി മാറുന്നു.ചായകുടിച്ച് പഴംപൊരികഴിച്ച് കൈയില്‍ പറ്റിയ എണ്ണ കാലില്‍ തൂത്ത് പുറത്തേക്ക്ഇറങ്ങുമ്പോള്‍ ഒരു പ്രത്യേക സുഖം.
 
  പണമേശയുടെ പുറത്ത്‌ ഒരു പഴയറേഡിയോ നിറുത്താതെ പാടിയിരുന്നു.ചര്‍ച്ചകള്‍ ഒരു സൈഡില്‍; പാട്ട്മറ്റൊരുസൈഡില്‍. കടയുടെ പുറത്ത്‌ ഒരു ബോര്‍ഡ്‌ ഉണ്ട്.   പട്ടികകഷ്ണങ്ങള്‍ അടിച്ചുകൂട്ടി അതില്‍ ചാക്ക് വലിച്ച് ഉണ്ടാക്കിയിരുന്ന ആ ബോര്‍ഡിലാണ് വിജയടാക്കിസിലെ പടങ്ങളുടെ പോസ്റ്റര്‍ ഒട്ടിച്ചിരുന്നത്.എല്ലാ വെള്ളിയാഴ്ചയും രാവിലെ നീണ്ടുമെലിഞ്ഞ ഒരാള്‍ വരും കക്ഷത്തില്‍ പോസ്റ്റര്‍ ചുരുട്ടിയതും, കൈയില്‍ പഴയ പെയിന്റ് പാട്ടയും തൂക്കി.പാട്ടയില്‍ മൈദ കുഴച്ചതായിരുന്നു.പഴയ പോസ്റ്റര്‍നു മുകളില്‍ പുതിയത് ഒട്ടിച്ചു.പുതിയ പടം ഏതാണന്ന് അറിയാന്‍ ഒരു ചെറിയ ജനക്കുട്ടം അവിടെ കൂടുന്നു.കൂട്ടത്തില്‍ സ്കൂളില്‍ പോകുന്ന
ഞങ്ങളും. വിരലുകള്‍ ചൂണ്ടി അക്ഷരങ്ങള്‍ പെറുക്കി വായിച്ചു. എസ്തപ്പാന്‍.......ഓ.. അവാര്‍ഡ്‌; ആരോ പറഞ്ഞു. അതെന്താ സാധനം ഞങ്ങളുടെ ഇടയിലെ ചര്‍ച്ച അതായിരുന്നു.കാലക്രമത്തില്‍ വിജയടാക്കിസ്‌ കത്തിയമാര്‍ന്നു, കത്തിച്ചതാണന്നും അല്ല ഷോര്‍ട്ട്സര്‍ക്യുട്ട്ആണന്നും പറയുന്നു.ഏതായാലും മുന്നിലുംപിന്നിലുംഭിത്തിയും നടുക്ക് നട്ടെല്ല് പോലെ ആറുതുണുകളുമായി ടാക്കിസിന്റെ അസ്ഥികുടം കുറെക്കാലം നിലനിന്നു.

  ഒരു സ്കൂള്‍ദിവസം നായരുടെ ചായക്കടയിലെ ചില്ല്അലമാരയില്‍ ഒരുപക്ഷി ഇടിച്ചുവീണു. കണ്ണടച്ചുപറക്കുന്ന ഒരുപൊട്ടന്‍ചെങ്ങലി; അലമാരപൊട്ടി’ പക്ഷി ചത്തു. പപ്പടബോളി ഇരുന്നഭാഗത്താണ് ഇടി. ബോളികള്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാനായിരുന്നു ഞങ്ങള്‍ക്കുതിടുക്കം. അലമാരചില്ലില്‍ എട്ടുകാലി വല പോലെ നിറയെ പൊട്ടല്‍ വരകള്‍.
  നിനച്ചിരിക്കാതെ വേനല്‍ മഴ എത്തി. ഉച്ചവരെ വെയില്‍; ഉച്ചകഴിഞ്ഞ് മഴ. മഴയ്ക്ക് അകമ്പടിയായി കാറ്റും, ഇടിയും. സ്കൂള്‍ നേരത്തെ വിട്ടു. “നേരെ വിട്ടില്‍ പൊയ്ക്കോണം” സാറുംമ്മാരുടെ കര്‍ശനനിര്‍ദേശം വന്നു.ഇടിയെ പേടിആയിരുന്നതുകൊണ്ട് മഴയ്ക്ക്‌ മുന്‍പേ വീട്പിടിക്കാന്‍ ഓടി. അങ്ങനെ ഒരു ദിവസം സ്കൂളില്‍പോകുന്ന വഴി ആ കാഴ്ച കണ്ടു. തലേ രാത്രിയിലെ കാറ്റിലും മഴയിലും നായരുടെ ചായക്കട നിലം പൊത്തി. കച്ചികെട്ടുകള്‍ക്കിടയില്‍ എന്തൊക്കയോ തിരയുന്ന നായര്‍. കണ്ണാടിഅലമാര പൊട്ടി ചിതറിക്കിടക്കുന്നു.അനാഥരായ പലഹാരങ്ങള്‍ പലവഴിക്ക്............നായരുടെ മേലാകെ കരിയും,പുല്ലിന്‍റെ കഷ്ണങ്ങളും.നിസ്സഹായതയുടെ മറ്റൊരു മുഖം.പിന്നിട് അവിടൊരു ചായക്കട ഉണ്ടായില്ല.റോഡില്‍ നിന്നുള്ള അകലം അതിനെ തടസ്സപ്പെടുത്തി.അങ്ങനെ ഒരു യുഗം അവസാനിച്ചു.ആ കടയെചുറ്റിപറ്റി വളര്‍ന്ന ഒരു സംസ്ക്കാരം തകര്‍ന്നു.പലഹാരങ്ങളുടെ രുചിഭേദങ്ങള്‍ക്ക് അടിത്തറ പാകിയ തങ്കപ്പവിലാസം ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍. മിട്ടായിക്കാരന്‍ ജോസഫ്‌ചേട്ടനും ചായക്കടക്കാരന്‍ തങ്കപ്പന്‍നായരുമൊക്കെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. എങ്കിലും നാട് അതിന്‍റെ ഓര്‍മ്മകള്‍ ജിവിതവളര്‍ച്ചകള്‍ ഇവയൊക്കെ പൂര്‍ണ്ണമാവണമെങ്കില്‍ ഇവരൊക്കെ കൂടിയേ തീരു. ഓര്‍മ്മകള്‍ ഒരിക്കലും ഒന്നിന്‍റെയും അവശിഷ്ടങ്ങള്‍ അല്ല, എത്തിനില്‍ക്കുന്നതിന്‍റെ അടിത്തറയാണ്....................

1 comment:

  1. ഓര്‍മ്മകള്‍ക്ക് മരണമില്ല

    ReplyDelete