**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, August 9, 2012

പഴശിഡാമേ നീ ഞങ്ങളെ കാത്തു....

       
 മഴയില്ല മഴയില്ല എന്ന പരിദേവനങ്ങള്‍ക്കൊടുവില്‍ കാലവര്‍ഷം കേരളത്തില്‍ എത്തി.വരാന്‍ വൈകിയതിനാല്‍ പട്ടുംവളയും കൊടുത്ത് സ്വീകരിക്കുമെന്ന് കരുതിയവര്‍ക്ക്തെറ്റി. തരാന്‍ വൈകിയത്‌ ഒന്നിച്ചു തന്നതിനാല്‍ അത്യാവശ്യം ഉരുള്‍പൊട്ടലൊക്കെ സംഭവിച്ചു.എല്ലാ കാലവര്‍ഷങ്ങളിലും സംഭവിക്കുന്ന പതിവ് പരിപാടികള്‍.നേതാക്കന്മ്മാരുടെ സന്ദര്‍ശനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നക്കാപിച്ച നഷ്ടപരിഹാരങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു. പത്രങ്ങളായ പത്രങ്ങളൊക്കെ എട്ടു കോളം വാര്‍ത്തയുംകൊടുത്തു. ചാനല്‍ ദൈവങ്ങള്‍ ഉറഞ്ഞുതുള്ളി എന്താണ് സംഭവിച്ചത്‌ എന്ന് പ്രേഷകരെ കാണിച്ചുതന്നു. സംഗതി ക്ലീന്‍.....ഇതെങ്ങനെ സംഭവിച്ചു,തുടര്‍നടപടി എന്താണ്,ഇനിയിത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യും.. തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ആരും പറഞ്ഞ്‌ കണ്ടില്ല.എന്നല്ല അതിനാര്‍ക്കും ഇവിടെ സമയമില്ല എന്നതാണ് സത്യം.നേരോടെ നിര്‍ഭയം പറയുന്നവര്‍ക്ക് അന്നത്തെ പ്രൈം ടൈം ന്യുസ് പിസി.ജോര്‍ജും വിഡി.സതിശനും തമ്മിലുള്ള തെറി വിളിയായിരുന്നു. മറ്റുജനങ്ങളുടെ ചാനലുകളും പ്രശ്നം ഏറ്റെടുത്ത്‌ കണ്ടില്ല.ആര് ആരോട് പറയാന്‍ ഉരല്‍ചെന്ന് മദ്ദളത്തോട് പരാതി പറഞ്ഞിട്ട്കാര്യമില്ലല്ലോ??.അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാനുള്ള പെടാപ്പടുമായി മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയിരിക്കുന്നു.ആരോഗ്യ വകുപ്പിലെ നാറ്റവുമായി; റവന്യുമന്ത്രി നിലാവത്ത് അഴിച്ചുവിട്ട കോഴികണക്കെ നടക്കുന്നു.വനംവകുപ്പ് കയ്യിലുള്ള നമ്മുടെ സിനിമ മന്ത്രിയാകട്ടെ ലണ്ടനില്‍ ഒളിമ്പിക്സ് കാണുന്ന തിരക്കിലാണ്.അദേഹമവിടെ പഠനം നടത്തുകയാണ് പോലും.ഇവിടെ അന്യാധീനപ്പെട്ട വനഭൂമി തിരിച്ചുപിടിക്കണമെന്നും പറ്റില്ല എന്നുമുള്ള തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ വകുപ്പ്‌മന്ത്രി ലണ്ടനില്‍ ഒളിമ്പിക്സ് കാണുകയാണ്.റോം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിച്ചിരുന്നതിനു ഇനി മറ്റ്ഉദാഹരണങ്ങള്‍ വേണ്ട.

   വനഭൂമി വെട്ടി തെളിക്കുമ്പോള്‍ അത് പ്രകൃതിയുടെതാളം തെറ്റിക്കുമെന്നും,അങ്ങനെ പ്രകൃതി ദുരന്തങ്ങള്‍സംഭവിക്കുമെന്നും,അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിക്കുന്ന കാലംമുതലേ പഠിപ്പിക്കുന്നുണ്ട്. വനനശീകരണത്തിനെതിരെ വ്യക്തമായ നിയമങ്ങളും നമുക്കുണ്ട്.പക്ഷെ ആരാണിത് നടപ്പില്‍ വരത്തെണ്ടത്??? നദികളുടെയെല്ലാം ഇരുവശങ്ങളുംകയ്യേറി സ്വന്തമാക്കുമ്പോള്‍ ഉരുള്‍പൊട്ടിവരുന്ന അധിക ജലം എതിലെയാണ് ഒഴുകേണ്ടത്??? അനധികൃത കയ്യേറ്റങ്ങളെ ആരാണ് തടയേണ്ടത്??? മുന്‍കരുതലുകള്‍ എടുക്കേണ്ട സമയത്ത് അത് ചെയ്യാതെ ദുരന്തങ്ങള്‍ വന്നതിനുശേഷം സന്ദര്‍ശനങ്ങള്‍ നടത്തുകയാണോ ഭരണ കര്‍ത്താക്കളുടെ കര്‍ത്തവ്യം.എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ മുന്നില്‍ പ്രസ്താവനകളും.നക്കാപ്പിച്ച നഷ്ടപരഹാരവും കൊടുത്താല്‍ തീരുന്നതാണോ പ്രശ്നങ്ങള്‍??? അതോ ഈ കഴുതകള്‍ക്ക് ഇതുമതി എന്നാണോ നേതാക്കന്‍മാരുടെ മനോഭാവം?? അടുത്ത തിരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി  പട്ടിണിപാവങ്ങള്‍ക്ക് മൊബൈല്‍ഫോണ്‍ കൊടുക്കാന്‍ സര്‍ക്കാര്‍ പൊടിക്കുന്ന ഏഴായിരം കോടിയൊന്നും ഇതിനു ആവശ്യമില്ല.ഇപ്പൊ നടന്ന ദുരന്തത്തില്‍ പ്രാഥമിക നഷ്ടം നൂറ്റിയന്പതു കോടിയാണന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

  മുല്ലപ്പെരിയാറില്‍ ആഞ്ഞടിച്ച ജലസേചന മന്ത്രി പഴശിഡാം പ്രശ്നത്തില്‍ കാര്യങ്ങള്‍ ഒരു സസ്‌പെന്‍ഷനില്‍ ഒതുക്കി കൈ കഴുകി.ഇരിട്ടിയുല്‍പ്പെടെ പദ്ധതി പ്രദേശത്തെ എല്ലാറോഡുകളും വെള്ളത്തിനടിയിലായി. ജനവാസ കേന്ദ്രങ്ങള്‍ ഒറ്റപ്പെട്ടു.പദ്ധതിപ്രദേശത്തുള്ള എല്ലാ വീടുകളിലും വെള്ളംകയറി. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലെ കൃഷി നശിച്ചു,വളര്‍ത്തു മൃഗങ്ങള്‍ ഒലിച്ചുപോയി. എവിടെയാണ് സര്‍ക്കരിന്റെ ആസുത്രണമികവ്‌?????. ഇരിട്ടി ടൌണ്‍ ദിവസങ്ങളോളും വെള്ളത്തിനടിയിലായി. അപകടത്തില്‍പ്പെട്ടവര്‍ക്കും രോഗികള്‍ക്കും അഭയമാകേണ്ട ആശുപത്രികള്‍ വെള്ളത്തിനടിയില്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എല്ലാം വെള്ളത്തിനടിയില്‍.പ്രദേശത്തെവ്യാപാരസ്ഥാപനങ്ങള്‍ ഓണവിപണിയിലേക്ക്‌ കരുതി വച്ചിരുന്ന നിത്യോപയോഗ സാധനങ്ങള്‍ എല്ലാം ഉപയോഗശൂന്യമായി. പെട്രോള്‍പമ്പുകള്‍ പോലും വെള്ളത്തിനടിയില്‍.ദിവസങ്ങളോളമായി ഗതാഗത സംവിധാനങ്ങള്‍ താറുമാറായി കിടക്കുന്നു. സിനിമകളിലും മറ്റും കാണുന്ന പ്രകൃതി ദുരന്തത്തിന്റെ ഈ ഭീകരമുഖം എങ്ങനെ ഉണ്ടായി എന്നറിയേണ്ടേ????. നമ്മുടെ ജലസേചന വകുപ്പിലെ കുറച്ചു ജനസേവകര്‍ പുറത്ത്‌ മഴ പെയ്യുന്ന തറിയാതെ ഉറങ്ങിപ്പോയതിനാലാണ് ഈ ഭീകരദുരന്തം ഉണ്ടായത്‌.ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നമ്മള്‍ എന്തുചെയ്യണം??. ദോഷം പറയരുതല്ലോ നമ്മുടെ മന്ത്രി അസ്സിസ്റ്റ്‌ എന്‍ജിനീയര്‍ക്ക് ഒരു സസ്പെന്‍ഷന്‍ കൊടുത്തിട്ടുണ്ട്‌. ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ താമസിച്ചതിന്.കൊള്ളാം മന്ത്രി തങ്ങളുടെ ഈ നടപടി വെള്ളത്തില്‍ നീന്തുന്ന ജനങ്ങള്‍ക്ക്‌ ക്ഷാ....പിടിച്ചിട്ടുണ്ടാവും.ഉറപ്പാ.....

  1957 മട്ടന്നൂര്‍ വെളിയംപ്രത്ത് ആണ് ജലസേചനത്തിനു വേണ്ടി പഴശി ഡാം നിര്‍മ്മിക്കുന്നത്.ഇതിനകം ഇരുനൂറുകോടി രൂപ പദ്ധതിയ്‌ക്കായി ചിലവഴിച്ചു. സംരക്ഷണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി വര്‍ഷംതോറും ഒരു കോടി രൂപ ചിലവഴിക്കുന്നു.എന്നാല്‍ ഇതില്‍ പകുതി പോലും അണക്കെട്ടിനായി ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. അണക്കെട്ടിന്‍റെ പതിനാറു ഷട്ടറുകളില്‍ അഞ്ചെണ്ണം ഇതുവരെയും തുറക്കാന്‍ കഴിഞ്ഞിട്ടില്ല.രണ്ടെണ്ണം പാടെ നശിച്ചുകഴിഞ്ഞു. ആകെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വെള്ളത്തിന്‍റെ അളവ് 26 മീറ്റര്‍ ആണ്.എന്നാല്‍ 28.2മീറ്റര്‍ വരെ വെള്ളം ഉയര്‍ന്ന് അണക്കെട്ടിനു മുകളില്‍ കൂടിയാണ് വെള്ളം ഒഴുകിയത്.ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഉദ്യാനം പൂര്‍ണ്ണമായും നശിച്ചു.ഡാമിന്റെ ഇരു ഭാഗത്തുമുള്ള ഭിത്തികള്‍ ഒലിച്ചുപോയി.കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പ്‌ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി ട്രയല്‍ റണ്‍ നടത്തണമെന്നാണ് നിയമം.അതുണ്ടായിട്ടില്ല. അടിയന്തര സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഷട്ടറുകള്‍ പോലും തുറക്കാതെ ഡാം നിറയുന്നതുവരെ അനങ്ങാതിരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്.വെറുമൊരു സസ്പെന്‍ഷന്‍ അല്ല ഇതിനുള്ള നടപടി.ഒരു നാടിനെ മുഴുവന്‍ വെള്ളത്തില്‍ മുക്കുകയും സര്‍ക്കാരിനും ജനങ്ങള്‍ക്കും കോടികളുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമാണ് ചുമത്തേണ്ടത്.വന്‍സ്രാവുകളെ രക്ഷപെടുത്തി പൊടിമീനുകളെ ശിക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ മാറ്റേണ്ടിയിരിക്കുന്നു.....

പിന്മൊഴി: വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കേന്ദ്രത്തിനു കത്തെഴുതും മുഖ്യമന്ത്രി........അയ്യോടാ)))))))))); പാവം.

No comments:

Post a Comment