**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, August 8, 2012

കടല്‍ പറഞ്ഞ കഥ

      

                   സാഹിത്യകാരന്‍ തന്‍റെ പേനയെടുത്ത് പേപ്പറില്‍ എഴുതാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.പക്ഷെ ഒരു സൃഷ്ടിയും പുറത്തുവന്നില്ല. മുറിയുടെ ജനാലകള്‍ മലര്‍ക്കെ തുറന്നിട്ടു പുറത്തേക്കു നോക്കി.മതിലിനപ്പുറം റോഡും അതുകഴിഞ്ഞ് കടല്‍ത്തിരവും കാണാം.റോഡിലുടെ വാഹനങ്ങള്‍ ഓടിമറയുന്നു.തീരത്തുകൂടെ ആളുകള്‍ നടന്നു നീങ്ങന്നുത് കാണാം.മുറ്റത്ത്‌ നില്‍ക്കുന്ന തെങ്ങിന്‍റെ ഓലകള്‍ കടല്‍കാറ്റില്‍ ഇളകിയാടുന്നു.തീരം വരെ ഒന്ന് നടക്കാം.വന്ധ്യകരിക്കപ്പെട്ട മനസ്സിനെ ഉഴുതുമറിക്കാനുള്ള ഒരു ശ്രമം.നിരനിരയായ് നിറുത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടികളിലെ ഭരണികളില്‍ നിന്നുയരുന്ന ഉപ്പിലിട്ടതിന്‍റെഗന്ധം. നെല്ലിക്കയും, മാങ്ങയും, പൈനാപ്പിള്‍ കഷണങ്ങളുമെല്ലാം വിനാഗിരികലര്‍ന്നഉപ്പുവെള്ളത്തില്‍ ആവശ്യക്കാരെ കാത്തിരിക്കുന്നു.ചീനചട്ടിയിലെചുട്ടുപഴുത്തമണലില്‍പച്ചകടലയെ ഉഴുതുമറിക്കുന്ന ചട്ടകത്തിന്‍റെ ചിലമ്പിച്ചശബ്ദം.പച്ചകാമ്പ്‌ വറുത്ത്പൊടിയുന്നമണം.മൂന്ന് ചക്രമുള്ള സൈക്കിളില്‍ഐസ്ക്രീം പെട്ടികള്‍ മണലിലൂടെ ഇഴഞ്ഞുനിങ്ങുന്നു.എല്ലാം മറികടന്നു മുന്നോട്ടു നീങ്ങി. കാലഘട്ടങ്ങളുടെ കഥപറയാനുള്ള മണല്‍ തരികള്‍കാലിനെപുണരുന്നു.നനവാര്‍ന്നതീരത്തെക്ക്നടന്നു.ചുമന്നനിറമുള്ള ഒരുഞണ്ട് തന്‍റെ മാളത്തിലേക്ക് നൂഴ്ന്നിറങ്ങി.ഒരു ചെറിയ തിര കാലിനെ നനച്ചുകൊണ്ട് കടന്നുപൊയി.ഓളപ്പരപ്പിലൂടെ തെന്നി നീങ്ങുന്നചെറുവഞ്ചികള്‍ ആഴക്കടലിനെ ലക്ഷ്യമാക്കുന്നു.വിശാലമായ ക്യാന്‍വാസില്‍ ചായം വാരി വിതറിയപോലുള്ള നേര്‍കാഴ്ച.കഥയെവിടെ കഥാതന്തു എവിടെ.......... “നീ എന്തിനെയാ അന്വേഷിക്കുന്നത്” ആരോ ചോദിച്ചു.ചുറ്റും നോക്കി ആരെയും കാണുന്നില്ല.

      ദേ.........ഇവടെ നോക്കു ഞാനാ................ കാലില്‍ ആരോ തോണ്ടുന്നു; തിര. ഈ തിരയാണോ സംസാരിച്ചത്‌. മനസില്‍ നിറഞ്ഞ ചോദ്യം കണ്ണിലൂടെ പുറത്തുവന്നു. “നോക്കണ്ട ഞാന്‍ തന്നെ” തിരപറഞ്ഞു,നീ ചിന്തിച്ചതുപോലെ ഞാന്‍ തിരയല്ല സമുദ്രമാണ്.എന്‍റെ സ്പര്‍ശനമാണ് നിനക്ക് തിരയായി തോന്നുന്നത്.”പറയു നിനക്ക്എന്താണ് വേണ്ടത്.”
 എനിക്ക്........ എനിക്കൊരു കഥവേണം.
  ഒരു കഥയോ.... ഒരു പാട് കഥകള്‍ ഞാന്‍ നിനക്ക്പറഞ്ഞുതരാം.എന്‍റെതീരത്ത്കൂടെ ഒരുപാട്തലമുറകള്‍ കടന്നുപോയി. ഒരു പാട് ജീവിതങ്ങള്‍ എന്‍റെ തണുപ്പില്‍ കിളിര്‍ത്തു ഒരുപാട് ജീവിതങ്ങള്‍ എന്‍റെഇരമ്പലില്‍ പൊട്ടി തകര്‍ന്നു.എല്ലാം എന്‍റെ മനസിലുണ്ട്.എന്‍റെ തീരത്ത് വരുന്ന ആരുടേയും കല്പ്പാടുകള്‍  ഞാന്‍ അവശേഷിപ്പിക്കാറില്ല. ഇവിടെ ആരും ആരെയും തിരിച്ചറിയാന്‍ പാടില്ല.

 “സാറേ കപ്പിലണ്ടി വേണോ.” ചെറിയ പാത്രത്തില്‍ കടലാസ്സുചുരുട്ടിയുണ്ടാക്കിയ പൊതിയുമായി ഒരു പത്തു വയസ്സുകാരന്‍ മുന്നില്‍. വിറ്റ് കിട്ടിയ ചില്ലറതുട്ടുകള്‍ പാത്രത്തില്‍ കാണാം. അവന്‍റെ മുഖത്ത് പ്രതിക്ഷ ഉണ്ട്. ഒരു പൊതി ചിലവാകും. ഒരുപൊതിയെടുത്തു നേരെ നീട്ടി.വാങ്ങു എന്ന് പറഞ്ഞില്ല; ആകാരത്തെക്കാള്‍ വലിയ ഉടുപ്പും,കണ്ണയ്ക്ക് മുകളില്‍ നില്‍ക്കുന്ന നരച്ചുപിഞ്ചിയ പാന്റ്സും,എണ്ണ പുരളാത്ത ചെമ്പന്‍ മുടിയും അവന്‍റെ ചരിത്രം വിളിച്ചോതുന്നു.പൊതി വാങ്ങി പൈസ കൊടുക്കുമ്പോള്‍ കൂടെ ഒരുചെറിയ ചിരിയും സമ്മാനിച്ചു.പകരം കിട്ടിയത് സംതൃപ്തിയുടെ ഒരു നോട്ടം.പൂഴിയിലുടെ കൊച്ചുകാലടികള്‍ അടുത്ത നിഴലിനെ ലക്ഷ്യമാക്കി മുന്നോട്ടു നിങ്ങി.
 സമുദ്രമേ എവിടെ... എവിടെയാണ് കഥ............
 നോക്കു.. എന്നെ നോക്കു എന്‍റെ തീരം കഥകളുടെ ഒരു കൂട്ടമാണ്. നിന്നെക്കാള്‍ കേമന്‍മാര്‍ ഇവിടെ വന്ന് എന്നോട് സംവാദിച്ചു;ഞാനവര്‍ക്ക് കഥകള്‍ പറഞ്ഞു കൊടുത്തു അങ്ങനെ എന്നിലുടെ പല വിശ്വപ്രസിദ്ധമായ കഥകളും പുറത്തുവന്നു.ചുറ്റും നോക്കു; കാക്ക പെറുക്കുന്ന കുട്ടിയെ കാണുന്നില്ലേ. ദേ... അവിടെ പ്രേമസല്ലാപം നടത്തുന്ന പ്രണയിനികളെ കാണുന്നില്ലേ. ഒറ്റയ്ക്കിരുന്ന് നഷ്ടസ്വപ്നങ്ങളുടെ ദുഃഖ സിംഹാസനം തീര്‍ക്കുന്നവരെ കാണുന്നില്ലേ.
 എല്ലാവരും ഓരോ കഥകളാണ്. കണ്ണും കാതും പോര നിന്‍റെ ആറാം ഇന്ദ്രിയവും തുറക്കു.എന്‍റെ തിരകളുടെ ശബ്ദം ഒരു സിംഫണിയായി നിനക്ക് തോന്നുന്നില്ലേ. ശ്രദ്ധിച്ചുനോക്കു. കേള്‍ക്കു.
 കണ്ണും കാതും കൂര്‍മ്പിച്ചു. ആറാംഇന്ദ്രിയത്തിന്‍റെ വാതിലുകള്‍ തുറന്നു. കേള്‍ക്കാം എനിക്ക് കേള്‍ക്കാം................

 ഞാന്‍ നിന്നെ സ്നേഹിക്കുന്നു ഈ ലോകത്തുള്ള എല്ലാത്തിനെക്കാളും അധികമായി...........ആരെതിര്‍ത്താലും നമുക്ക് ഒന്നിച്ചു ജീവിക്കണം. നമുക്കൊരു കൊച്ചു വീട് വേണം. അതില്‍ ഓടി നടക്കാന്‍ കുട്ടികള്‍.ഞാന്‍ വരുന്നതും കാത്ത് വാതില്‍ പടിയില്‍ എന്നെ നോക്കി നില്ക്കുന്ന നീ..........എന്ത് മനോഹരം അല്ലേ...................
 ഹും ഇതൊക്കെ നടക്കുമോ.......... എന്‍റെ ആങ്ങളമാര്‍................
 ഹോ.. അതു സാരമില്ല നീ എന്നോടൊപ്പം നിന്നാല്‍ മതി. നില്ക്കില്ലേ......
നില്ക്കും. ഈ കടലാണ് സാക്ഷി..........സത്യം.
റോസില്‍ വെള്ള പൂക്കളുള്ള ചുരിദാര്‍ ധരിച്ച പ്രണയിനിയുടെ തോളില്‍ മുഖമമര്‍ത്തി അവന്‍ മന്ത്രിച്ച വാക്കുകള്‍........
അകമ്പടിയായി തിരയുടെ മൂളല്‍; ഒരു സത്യം രൂപപ്പെട്ടു; അതിന്‍റെ ഉറപ്പിലെക്കായി രണ്ട് ഐസ്ക്രിമുകളും. ഐസ് വണ്ടിക്കാരന്‍ ചെക്കന്‍ അനശ്വരപ്രണയത്തിനു അറിയാതെ പരികര്‍മ്മിയായി.

“മാല, വള, ചീപ്.കമ്മല്‍, കണ്ണാടി.....” വേണോ സഞ്ചരിക്കുന്ന ഒരു കൊച്ചു കട എന്നെ കടന്നുപോയി.
ഹേയ് കഴിഞ്ഞില്ല അതാ അങ്ങോട്ട്‌ നോക്കു അവിടെ ഒരാള്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കാണുന്നില്ലേ. ഹും; കേള്‍ക്കു അതും കേള്‍ക്കു...........
കാത്തിരിക്കാന്‍ പറഞ്ഞു കാത്തിരുന്നു. വരാമെന്നു പറഞ്ഞു വന്നില്ല.എന്നെ ഇത്ര വേഗം മറന്നു പോയോ..........സ്വരുക്കൂട്ടിയ സ്വപ്നങ്ങള്‍ എല്ലാം ഒരു പിടി ചാരമായി. സ്നേഹത്തിന്‍റെ പറുദീസായില്‍ മുത്തുകള്‍ വാരി വിതറിയ കഴിഞ്ഞ കാലങ്ങള്‍.പങ്കുവയ്ക്കലിന്റെ നിമിഷങ്ങള്‍, അനുഭുതികളുടെ വിശാല ലോകത്ത് പകര്‍ന്നു കിട്ടിയ ഓര്‍മ്മകളുടെ മുത്തുകള്‍കൊണ്ട് ഒരു മാല കോര്‍ത്ത്‌ കെട്ടുറപ്പിന്‍റെ അടയാളമായി അത് കഴുത്തിലണിയാന്‍ ഒത്തിരി മോഹിച്ചു. ഒന്നും നടന്നില്ല. ചരട് പൊട്ടി മുത്തുകള്‍ നിലത്തു വീണു. പെറുക്കിയെടുക്കാന്‍ കഴിയുന്നില്ല.തേങ്ങലുകള്‍ക്കിടയില്‍ പുറത്തു വരുന്ന ചിതറിയ ശബ്ദം ആരുടെതാണ്.മുഖമില്ലാത്ത ഒരു രൂപം.
 അതുമതി ഇവിടെ ആരും ആരെയും തിരിച്ചറിയാന്‍ പാടില്ല. അതാണ് എന്‍റെ നിയമം സമുദ്രം പറഞ്ഞു.

“കൈ നോക്കണോ സാറെ ഭാഗ്യം അറിയാം കിളി സത്യമേ പറയു.....”
വേണ്ട വേണ്ട ചിറകുകള്‍ നഷ്ടപ്പെട്ട് കൂട്ടിലടയ്ക്കപ്പെട്ട കിളി എന്ത് സത്യം പറയാന്‍.........വിവിധ വര്‍ണ്ണത്തിലുള്ള കാറ്റാടികള്‍ ചുമന്ന് ഒരാള്‍ പോകുന്നു.എല്ലാം ഒരേ താളത്തില്‍ ഒരേ ദിശയില്‍ കറങ്ങുന്നു.
 അല്പനേരം ഇരിക്കാം.... മണലില്‍ ഇരുന്നു
    മന്മഥ രാസ മന്മഥ രസാ
   രാസ രാസ മന്മഥ രാസാ.....................

തുളച്ചു കയറുന്ന കൊച്ചു ശബ്ദം. കയ്യില്‍ രണ്ട് തടികഷണം കൊണ്ടുള്ള താളം പിടിക്കല്‍. പാട്ട് തിര്‍ന്നു. കൈനീട്ടി, മൂക്കിലുടെ ഒലിച്ചുവരുന്നത് വലിച്ചുകേറ്റി ശ്രദ്ധക്ഷണിക്കാന്‍ തടികഷണം കൂട്ടിയടിച്ചു.അഞ്ച് രൂപ കൊടുത്തു.കിട്ടിയ തുകയിലേക്ക് അന്ധാളിപ്പോടെ ഒന്ന് കൂടെ നോക്കി ആള്‍ തിരിഞ്ഞു നടന്നു.മാലോകരുടെ പിരിമുറുക്കങ്ങള്‍ക്ക് താല്‍ക്കാലിക ശമനം വരുത്താന്‍ സങ്കല്‍പ്പികലോകത്ത് താരങ്ങള്‍ ആടി തകര്‍ത്ത രാഗങ്ങള്‍ വിശപ്പിന്‍റെ വിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നു.ഒരു ചെറിയ വഞ്ചി തീരത്തെക്ക് അടുത്തു.ഓളപരപ്പിലൂടെ കരയിലേക്ക് തള്ളികയറ്റിയ വഞ്ചിയില്‍ പ്രാണവായുവിന് വേണ്ടി വാ പൊളിക്കുന്ന മത്സ്യങ്ങള്‍; അവയ്ക്ക് മൊത്തമായി വിലപറയുന്ന കച്ചവടക്കാരുടെ ശബ്ദം.
 നിനക്ക് കഥ കിട്ടിയോ...........സമുദ്രത്തിന്‍റെ ചോദ്യം എന്‍റെ തണുത്ത കാറ്റ് എല്ക്കുമ്പോള്‍ മനസ്സ് തളിര്‍ക്കും.സങ്കടങ്ങളും സന്തോഷവും എല്ലാം എന്നോട് പറയാം. ഞാന്‍ ആരോടും പറയില്ല. എല്ലാം ഒരു കുമ്പസാരരഹസ്യം പോലെ ഞാന്‍ സുക്ഷിക്കും.
 തീരത്തിനോട് ചേര്‍ന്ന് നില്ക്കുന്ന ഉങ്ങുമരത്തിന്‍റെ തണലില്‍ വിശ്രമിക്കുന്ന ഉന്തുവണ്ടികളില്‍ നിരനിരയായി അടുക്കി വച്ചിരിക്കുന്ന കരിക്കുകള്‍. ദാഹിക്കുന്നവര്‍ക്ക് കുളിരേകാന്‍ അവയുടെ മുഖം ചെത്തി നീക്കപ്പെടുന്നു.തുറന്ന് മാറ്റപ്പെടുന്ന കണ്ണുകളിലൂടെ കണ്ണുനീരായി കിനിയുന്ന ജലം ദാഹം ശമിപ്പിക്കുന്നു.നെടുകെ ഛെദിക്കപ്പെട്ട് ഉള്ളിലുള്ള കാമ്പും നഷ്ടപ്പെട്ട് വെറും തൊണ്ടായി വലിച്ചെറിയപ്പെടുന്നു.അടുത്ത് നില്ക്കുന്ന കല്പവൃക്ഷം ഇത് കാണുന്നുണ്ടോ ആവോ.............

 സൂര്യന്‍ ഒരു ചുമന്ന ഗോളമായി ചക്രവാളത്തിലേക്ക് താഴുന്നു. വെളിച്ചത്തിന്‍റെ തീവ്രത കുറഞ്ഞുവരുന്നു. സംയമനത്തോടെ വളര്‍ന്നു വന്ന ആവാസ വ്യവസ്ഥയ്ക്ക് താളം തെറ്റാന്‍ തുടങ്ങുന്നു.തിരകളുടെ സിംഫണി അട്ടഹസമായി മാറി.പൂരം കഴിഞ്ഞ പറമ്പ്പോലെ തീരം വിജനമായി. സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയ കാമിതാക്കളും, സ്വപ്നചരട് പൊട്ടിയ ഏകാകിനിയും എങ്ങോ മറഞ്ഞു ഇനി രാപ്പാടികളുടെ സമയം. മുല്ലപൂവിന്‍റെ വാസന; കുശുകുശുപ്പുകളും പൊട്ടിച്ചിരികളും. തട്ടുകടകളിലെ എണ്ണയില്‍ മൊരിയുന്ന കല്ലുംമേക്കയുടെയും, പരിപ്പുവടയുടെയും ഗന്ധം ഉയര്‍ന്നുവരുന്നു.ശരിരത്തിന്‍റെ വിശപ്പ് തീര്‍ക്കാന്‍ വരുന്നവര്‍ പെട്രോള്‍മാക്സിന്‍റെ വെളിച്ചത്തില്‍ നോട്ടുകള്‍ക്കായി കീശ പരതുന്നു.ഒരു തണുത്ത കാറ്റ് എന്നെ കടന്നു പോയി കൂടെ ഒരു ചോദ്യവും. നിനക്ക് ഇനിയും കഥ കിട്ടിയില്ലേ............എങ്കില്‍ നീയൊരു വിഡ്ഢിയാണ്.
 കിട്ടി....എനിക്ക് കഥ കിട്ടി. നിന്‍റെ തീരവും തിരകളും എന്നെ എല്ലാം കാണിച്ചു തന്നു.വിത്യസ്തമായ ഒരു ലോകം ഞാന്‍ കണ്ടു. സമുദ്രമേ നിനക്ക് നന്ദി.അയാള്‍ മുറിയില്‍ ചെന്ന് പേപ്പറില്‍ ആദ്യത്തെ വരി എഴുതി.
കടലും കരയും തമ്മില്‍ ചേരുന്ന തീരത്ത് ഞാനവരെ ആദ്യമായി കണ്ടു..................അവര്‍ എന്നെയും.............................

  

No comments:

Post a Comment