**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, January 14, 2013

റപ്പായി സ്ലിപ്പായി ............??????????

                                                                                             from facebook
 
        ഏഴാംക്ലാസ്സില്‍ പഠിക്കുന്നകാലത്ത് ക്ലാസിനെ നിയന്ത്രിച്ചിരുന്നത് ഒരു പൊണ്ണത്തടിയന്‍ റപ്പായിയായിരുന്നു.പിന്‍ബഞ്ചിലിരുന്നുകൊണ്ട് കടലാസ് ബാണങ്ങള്‍ എയ്തുവിടുന്ന റപ്പായിയും കൂട്ടരുമായിരുന്നു മുന്ബഞ്ചിലിരുന്ന ചോട്ടാലടുക്കകളുടെ അന്നത്തെ ആരാധനാപാത്രങ്ങള്‍. ക്ലാസില്‍ മുണ്ടുടുത്തു വരുന്നവര്‍, ഹോംവര്‍ക്ക് ചെയ്യാത്തവര്‍, എത്ര തല്ലുകിട്ടിയാലും ചിരിക്കുന്നവര്‍, ക്ലാസ്സ്‌ സമയങ്ങളില്‍ മിക്കവാറും ബഞ്ചിനു മുകളില്‍ നില്‍ക്കുന്നവര്‍ എന്നിങ്ങനെ പല തലങ്ങളിലും കഴിവ്‌ തെളിച്ചിട്ടുള്ളവരായിരുന്നു റപ്പായിയും കൂട്ടുകാരും. അതുകൊണ്ടുതന്നെ മുന്ബഞ്ചിലെ ചോട്ടാലടുക്കാകള്‍ക്ക് ഇവരെ പേടികലര്‍ന്ന ബഹുമാനമായിരുന്നു. അവരോട് മല്ലിടാനോ, തല്ലുകൂടാനോ ചോദ്യം ചെയ്യാനോ, ആരും പോകാറുമില്ലായിരുന്നു. മുന്‍ബഞ്ചുകാരുടെ ഹോംവര്‍ക്ക് ഉത്തരങ്ങള്‍ അതെപടി പകര്‍ത്തുമ്പോഴാണ്  ആകെ ഒരു വിധേയത്വം പ്രകടമാക്കിയിരുന്നത്.പെണ്‍കുട്ടികള്‍ എന്നു കേള്‍ക്കുമ്പോഴേ അയ്യോ.... പറയുന്ന മുന്ബഞ്ചുകാര്‍ക്കിടയില്‍;  റപ്പായിയുടെ നേതൃത്വത്തില്‍ സ്ത്രീ പക്ഷത്തേക്ക് വിക്ഷേപിക്കുന്ന  കടലാസ് മിസൈലുകള്‍ ഒരു അത്ഭുതകരമായ കാഴ്ചയായിരുന്നു. ശാന്ത, കുമാരി, മാലതി, കല്യാണി, മിനി, ലത,ലളിത  തുടങ്ങിയ തരുണിമണികള്‍ക്കെല്ലാം മലയാളത്തിലെ വ്യാകരണങ്ങളോന്നും ബാധകമല്ലാത്ത രീതിയില്‍ പ്രേമലേഖനങ്ങള്‍ എഴുതുകയും,അതു കടലാസ് ബാണങ്ങളായി എയ്തു ലക്ഷ്യത്തില്‍ എത്തിക്കാനുമുള്ള ഇവരുടെ അത്ഭുത കഴിവുകളെ; അംഗികരിക്കാത്ത ഒരേയൊരു വിഭാഗം; ടീച്ചര്‍മാര്‍ മാത്രമായിരുന്നു.ലക്‌ഷ്യം തെറ്റി അന്യദേഹങ്ങളില്‍ പതിച്ച പല മിസൈലുകളും ടീച്ചര്‍മ്മാരുടെ കൈയ്യില്‍ എത്തുകയും അവരത് ക്ലാസ്സില്‍ വായിച്ചു വേണ്ട തിരുത്തലുകള്‍ യഥാസമയം കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നതിന്‍റെ പ്രതിഫലനമെന്നോണം പൊട്ടാസ് പൊട്ടുന്ന ശബ്ദത്തില്‍ ചൂരലും ദേഹവും തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ചകളും, അപൂര്‍വ്വം ചില അയ്യോ വിളികളും; മിസൈല്‍ സാങ്കേതികവിദ്യയെക്കുറിച്ച് പലതും അറിയാനുള്ള മുന്‍ബഞ്ചുകാരുടെ  ആഗ്രഹങ്ങളെ  തളര്‍ത്തിക്കളഞ്ഞു. എന്നാല്‍ എത്ര കിട്ടിയാലും അതെല്ലാം ബോണസില്‍ വരവുവെച്ച്  റപ്പായിയും കൂട്ടരും പ്രകടനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തന്‍റെ ശക്തിയെക്കുറിച്ചും കൈകാലുകളുടെ മസിലിനെക്കുറിച്ചും ചില സ്റ്റഡിക്ലാസുകളൊക്കെ റപ്പായി ക്ലാസ്സില്‍ മൊത്തത്തില്‍ എടുത്തിരുന്നതിനാല്‍ പ്രകടനങ്ങള്‍ക്ക്‌ ഒറ്റുകാരും കുറവായിരുന്നു.എന്നാല്‍ ഒരു ദിവസം റപ്പായി സ്ലിപ്പാകുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്.

  ക്ലാസ്സിലെ ഏക എന്‍.ആര്‍.ഐ പ്രൊഡക്റ്റായ ജോണിക്കുട്ടിയാണ് പല അത്ഭുതവസ്തുകളും ഞങ്ങളെ പരിചയപ്പെടുത്തിയിരുന്നത്.മണമുള്ള മായ്ക്കറബര്‍,മുതലയുടെതലയുള്ള പെന്‍സില്‍ ,പാര്‍ക്കര്‍ പേന, കീ കൊടുക്കുമ്പോള്‍ ഓടുന്നകാറുകള്‍, പല വലുപ്പത്തിലുള്ള സ്പ്രേകുപ്പികള്‍, ജെംസ് മിഠായിയുടെ ഒഴിഞ്ഞകൂടുകള്‍ തുടങ്ങിയ അമൂല്യവസ്തുക്കള്‍ ലൂക്കിലി കണ്ട്രിസുകളുടെ ഇടയില്‍ പ്രദര്‍ശിപ്പിച്ച് ജോണി അങ്ങനെ ജോളിയടിച്ചു നടന്നു, അവന്‍റെ കൈയ്യില്‍ കെട്ടിയിരുന്ന പച്ചനിറമുള്ള വാച്ച് ഗള്‍ഫില്‍നിന്ന് കൊണ്ടുവന്നതാണ്. മണിക്കൂറുകള്‍ ഇടവിട്ട് അതില്‍നിന്നും ബീബ്‌ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്ത കൂട്ടുകാര്‍ക്ക് മാത്രം ചിലപ്പോഴൊക്കെ കൈയ്യില്‍ കെട്ടാന്‍കൊടുത്ത് ജോണി തന്‍റെ സ്നേഹം പ്രകടമാക്കുമായിരുന്നു.ജോണിയുടെ സ്നേഹം കിട്ടാനായി പലരും മാങ്ങാ, പേരക്ക, പുളി, ചാമ്പക്കാ തുടങ്ങിയ കാണിക്കകള്‍ അര്‍പ്പിച്ചുപോന്നു. ഇതൊന്നും ഇല്ലാത്തവര്‍ ഇതെല്ലാം കണ്ടുകൊണ്ട് വെള്ളമിറക്കി നില്‍ക്കും.അങ്ങനെ ഉള്ളവനും, ഇല്ലാത്തവനും, ശക്തനും, അശക്തനും എല്ലാവരും ഒരേ കുടക്കിഴില്‍ കഴിഞ്ഞുവന്നു.

   ഡിസംബര്‍ മാസത്തിലെ ഒരു തിങ്കളാഴ്ച ജോണികുട്ടി ഒരു പ്രത്യേക സാധനം ക്ലാസ്സില്‍ അവതരിപ്പിച്ചു. ജിന്ഗില്‍ ബെല്‍ പാടുന്ന ഒരു ക്രിസ്മസ്‌ കാര്‍ഡായിരുന്നു അത്. കാര്‍ഡ് തുറന്നാല്‍ പാട്ടുപാടും.ആണ്‍കുട്ടികളെ പ്രത്യേക അകലത്തില്‍ നിറുത്തിയും പെണ്‍കുട്ടികളെ അടുത്തു നിറുത്തിയുമാണ് ജോണിക്കുട്ടി കാര്‍ഡിനെ പരിചയപ്പെടുത്തിയത്.ജിന്ഗില്‍ ബെല്‍ കേള്‍ക്കാനും കാണാനും കുട്ടികളുടെ ഒരു തള്ളികയറ്റം തന്നെ ഉണ്ടായി. മൂത്രമൊഴിക്കാന്‍ കിട്ടിയ ഇടവേളകളില്‍ പ്രത്യേക പ്രദര്‍ശനങ്ങള്‍ നടത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. ഉച്ചയ്ക്ക് പ്രത്യേക പ്രദര്‍ശനം ഉണ്ടെന്ന അറിയിപ്പ് കൊടുത്താണ് മറ്റു ക്ലാസുകളില്‍നിന്ന് വന്നവരെ  മടക്കി അയച്ചത്. ചോറൂണുകഴിഞ്ഞ് അടുത്ത  പ്രദര്‍ശനത്തിനായി വളരെവേഗം എത്തി ബാഗുതുറന്നപ്പോഴാനാണ് നടുക്കുന്ന ആ വിവരം ജോണിക്കുട്ടി അറിഞ്ഞത്. കാര്‍ഡ്‌ കാണാനില്ല.ബാഗു മുഴുവന്‍ പരിശോധിച്ചു,ക്ലാസ്സ്‌ മുഴുവന്‍ തപ്പി; കിട്ടിയില്ല. ടീച്ചറെ വിവരം അറിയ്ക്കാമെന്ന് ഒരു വിഭാഗം. വരട്ടെ ഒന്നുകൂടി തപ്പാമെന്നു മറ്റൊരു കൂട്ടര്‍.അതിനിടയില്‍ ഇഞ്ചിതിന്ന കുരങ്ങനെപ്പൊലെ ജോണിക്കുട്ടി.. ഇതിനിടെ ക്ലാസിനു വെളിയില്‍ നിന്ന് ജിന്ഗില്‍ ബെല്‍ കേള്‍ക്കുന്നു.എല്ലാവരും പുറത്തേയ്ക്കോടി. അവിടെ സ്കൂളിനോട് ചേര്‍ന്നുള്ള മാവില്‍നിന്നാണ് പാട്ട് കേള്‍ക്കുന്നത് മാവില്‍ റപ്പായിയും കൂട്ടുകാരും, അവരുടെ കൈയ്യില്‍ കാര്‍ഡും.അത്യുന്നതങ്ങളില്‍ ഇരുന്നുകൊണ്ട് അവര്‍ ജിന്ഗില്‍ ബെല്‍ ആസ്വദിക്കുന്നു.രാവിലെ വന്നപ്പോള്‍ മുതല്‍ തനിക്ക് അതൊന്നുവേണമെന്ന് റപ്പായി ജോണിക്കുട്ടിയോട് പലതവണ പറഞ്ഞതാണ്. ക്ലാസില്‍ ആര് എന്തുകൊണ്ടുവന്നാലും അതുതനിക്ക് അവകാശപ്പെട്ടതാണെന്ന്; പഴയ നാട്ടുരാജാവ്‌ ശൈലിയില്‍ റപ്പായി കരുതിയിരുന്നു. ചാമ്പക്ക, പേരക്ക, നാരങ്ങ, മാങ്ങാ, പുളി തുടങ്ങിയ പ്രാദേശിക വിഭവങ്ങളില്‍ ഈ ചുങ്കംപിരിവ്‌ എല്ലാവരും അംഗികരിച്ചിരുന്നു. മറ്റാരെങ്കിലുമായി ഒരെറ്റുമുട്ടലുണ്ടായാല്‍ റപ്പായിയുടെ സപ്പോര്‍ട്ട് ഉറപ്പിക്കാനയിരുന്നു ഈ കാണിക്ക കൊടുക്കല്‍ .എന്നാല്‍ ഇവിടെ ആ പണി നടന്നില്ല ജോണിക്കുട്ടി റപ്പായിയുടെ ആവശ്യം കണ്ടതായി നടിച്ചില്ല. ഇതിനെത്തുടര്‍ന്ന് എന്തെങ്കിലും ഒരു പണി പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശരാകേണ്ടി വന്നില്ല.............

   എന്‍റെ കാര്‍ഡ്‌ താടാ ......

  തരാന്‍ സൗകര്യമില്ല നീ എന്നാ ചെയ്യും ....ഇങ്ങോട്ട് കയറിവന്നാല്‍ കമ്പ് കുലുക്കി താഴെയിടും പറഞ്ഞേക്കാം ...

  ഞാന്‍ കല്ലെടുത്തെറിയും ..

  എന്നാല്‍ എറിയെടാ.............

മാവിനു ചുറ്റും ചെറിയ ഒരു കൂട്ടം രൂപപ്പെട്ടു ...ജോണിക്കുട്ടിയുടെ കണ്ട്രോള്‍ പോയി. തന്‍റെ എല്ലാമെല്ലാമായ ജിന്ഗില്‍ ബെല്‍ മരത്തിനു മുകളില്‍ മറ്റൊരുത്തന്‍റെ കൈയ്യില്‍ ..പോരാത്തതിന് വെല്ലുവിളിയും ..

കല്ലുകള്‍ പുകുപുകെ മുകളിലേയ്ക്ക് പൊങ്ങാന്‍ തുടങ്ങി...ചില കല്ലുകള്‍ റപ്പായിയുടെ മേലുംകൊണ്ടു.

‘നീ എറിയുമല്ലേ..... നിന്നെ ഞാനിന്നു ശരിയാക്കും ....  ‘റപ്പായി മാവില്‍ നിന്നും താഴേയ്ക്ക് ..

 പിന്നിടവിടെ കാണാന്‍ സാധിച്ചത് പൊരിഞ്ഞ ഏറ്റുമുട്ടലാണ്. ശക്തിപ്രകടനവും അഭിമാനക്ഷതവും തമ്മില്‍ ഏറ്റുമുട്ടി.ജോണികുട്ടിയുടെ കഥ കഴിഞ്ഞുവെന്നാണ് പൊതുവേകരുതിയത്‌. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. റപ്പായിയുടെ മുണ്ടുപറിഞ്ഞു. അകത്തു കിടക്കുന്ന തുളപിടിച്ച ജട്ടി പുറത്തു കാണാതിരിക്കാന്‍ അദേഹം മുണ്ടിനെ ഇറുക്കിപ്പിടിച്ചു.ഈ സമയംകൊണ്ടു ജോണിക്കുട്ടി റപ്പായിയുടെ മാംസള ദേഹത്ത് ശിങ്കാരിമേളം നടത്തി.മുണ്ടും കീറി, ഉടുപ്പിന്‍റെ കീശയും പറിഞ്ഞു, മൂക്കിലും വായിലും ചോരയുമായി റപ്പായി................. കാര്‍ഡ് തിരിച്ചുപിടിച്ച സന്തോഷത്തില്‍ ജോണിക്കുട്ടി.

  ഉച്ചകഴിഞ്ഞ് ക്ലാസ്സില്‍ അടിപിടിയുടെ വിചാരണ നടന്നു.കിട്ടിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ജോണിക്കുട്ടി കുറ്റാക്കാരനല്ലാന്നു ടീച്ചര്‍ വിധിച്ചു. റപ്പായിയ്ക്ക് ലാസ്റ്റ്‌ വാണിങ്ങും കിട്ടി. ഇനി ഇങ്ങനെ ഉണ്ടായാല്‍ സ്കൂളിന് പുറത്തായിരിക്കും സ്ഥാനം.അങ്ങനെ റപ്പായിയുഗത്തിന് അന്ത്യം വീണു.പൊണ്ണത്തടിയന്‍ എന്ന രഹസ്യപ്പേര് പരസ്യപ്പെരായി മാറി.എടാ എന്നു വിളിച്ചാല്‍ പോടാ എന്നുള്ള മറുപടികള്‍ ഉയര്‍ന്നുപൊങ്ങി.ഭയങ്കരനാണ് അഭ്യാസിയാണ് എന്നൊക്കെ മേനിപറഞ്ഞവനെ നത്തോലിപോലുള്ള ജോണിക്കുട്ടി പരാജയപ്പെടുത്തിയിരിക്കുന്നു. വീമ്പുപറച്ചിലും,പൊണ്ണത്തടിയുമൊന്നും തല്ലിന്‍റെ സമയത്ത് രക്ഷയ്ക്ക് എത്തിയില്ല....ഫലമോ.. അതുവരെ പേടിച്ചുവാലുംചുരുട്ടിനിന്നിരുന്ന പലരും കേറി തോണ്ടാന്‍ തുടങ്ങി.. നാണക്കേട് മിച്ചം..................

    ഉമ്മാക്കി കാണിച്ച് ആളെവിരട്ടുന്ന തന്ത്രം ഇന്നും പലേടത്തും പ്രയോഗത്തില്‍ ഉണ്ട്. നമ്മള്‍ കെട്ടിഉയര്‍ത്തിയ പല ധാരണകളും ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയുന്നത് അടുത്തിടപഴകുമ്പോഴാണ്. മറ്റുള്ളവരുടെ മുന്നില്‍ കണക്കുകള്‍ നിരത്തി അവകാശവാദമുന്നയിക്കുകയും കഴിവ്‌ തെളിയ്ക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതിനുകഴിയാതെ വരുകയും ചെയ്യുമ്പോഴാണ് പറയുന്നതൊക്കെ ശരിയാണോയെന്നൊരു സംശയം ജനിക്കുന്നത്. അതു വ്യക്തിയായാലും, സമൂഹമായാലും, രാജ്യമായാലും തങ്ങളുടെ ശക്തിയും കഴിവും തെളിയിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതു തെളിയിക്കേണ്ടതാണ് അല്ലെങ്കില്‍ വീമ്പുപറച്ചിലിനും പൊള്ളയായ അവകാശവാദങ്ങളിലെയ്ക്കും മറ്റുള്ളവരുടെ കടന്നുകയറ്റം ഏതു സമയവും പ്രതിക്ഷിക്കാം.

 നമ്മുടെ അതിര്‍ത്തിപ്രദേശങ്ങള്‍ ഇപ്പോള്‍ സംഘര്‍ഷത്തിന്‍റെ നിഴലിലാണ്. അയല്‍രാജ്യമായ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിറുത്തല്‍ കരാറുകള്‍ ലംഘിക്കുന്നു. നുഴഞ്ഞുകയറ്റംവ്യാപകമാക്കുന്നു.ഏറ്റവും ഒടുവിലായി നമ്മുടെ രണ്ടു സൈനികരെ അതിര്‍ത്തികടന്നു പിടികൂടി വധിച്ച് അവരുടെ തലകള്‍  അറത്തുമാറ്റിയിരിക്കുന്നു. സൈനികന്‍റെ തലയില്ലാത്ത ജഡമാണ് നമ്മള്‍ ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്തിരിക്കുനത്. ഇത്രയേറെ പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ ഇപ്പോഴും ഉറക്കത്തിലാണ്. ഒരു യുദ്ധം ആരും ആഗ്രഹിക്കുന്നില്ല.അതിന്‍റെ ദുരിതങ്ങളും നാശങ്ങളും ആര്‍ക്കും ഗുണകരവുമല്ല. എന്നിരുന്നാലും നമ്മുടെ അതിര്‍ത്തി കടന്നുവന്ന് ആക്രമണം നടത്തുന്ന ശത്രുവിനെ; നമ്മുടെ പ്രതിഷേധം വായിച്ചു കേള്‍പ്പിച്ചുകൊണ്ടിരുന്നാല്‍ മാത്രംമതിയോ?? നമ്മുടെ ഭരണ നേതൃത്വങ്ങള്‍ക്ക് എത്രത്തോളം ആര്‍ജവശക്തിയുണ്ടെന്നു പരിശോധിക്കേണ്ട സമയമായിരിക്കുന്നു. ഒരു കാര്‍ഗില്‍ നമ്മുടെ മുന്നില്‍കിടപ്പിണ്ട്. നമ്മുടെ അതിര്‍ത്തികടന്നു നമ്മുടെതന്നെ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കിയ ശത്രുവിനെ അവിടെനിന്ന് തുരത്തിയതിനെയാണ് ഭയങ്കരവിജയമായി സര്‍ക്കാരും മാധ്യമങ്ങളും ആഘോഷിച്ചത്. അന്നും പതിവ്‌ പെട്രോളിംഗ്നു പോയ സൈനികരാണ് ആദ്യം കൊല്ലപ്പെട്ടത്. ഇന്നും മഞ്ഞുകാലത്ത് പെട്രോളിംഗ്നു പോയ സൈനികര്‍ കൊല്ലപ്പെട്ടു. അവരുടെ തലയും അറത്തുമാറ്റി.എന്താണ് ഇക്കാര്യത്തില്‍ നമ്മുടെ പ്രതികരണം .അന്തരാഷ്ട്രരംഗത്ത് ഇതിനെതിരെ ഒരു പ്രതിക്ഷേധമെങ്കിലും സംഘടിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞോ??ഒരു നയതന്ത്ര മുന്നറിയിപ്പെന്നരീതിയില്‍ ഇന്ത്യന്‍സ്ഥാനപതിയെ തല്‍ക്കാലത്തെയ്ക്കെങ്കിലും പാക്കിസ്ഥാനില്‍നിന്നും പിന്‍വലിച്ച് പ്രതിഷേധിക്കാന്‍ ഇന്ത്യയിലെ വയസന്‍ ഭരണനേതൃത്വത്തിനു കഴിഞ്ഞോ??പാകിസ്ഥാന്‍; അതിര്‍ത്തിയില്‍ നടത്തേണ്ട ഫ്ലാഗ്മീറ്റിങ്ങുകള്‍ റദ്ദാക്കി,റോഡുകള്‍ അടച്ചു. ഇങ്ങനെ പറ്റുന്ന എല്ലാ രീതിയിലും പ്രകോപനം സൃഷ്ടിക്കുമ്പോള്‍ ..വലിയ ശക്തിയാണെന്ന് പറഞ്ഞു നമ്മള്‍ വീട്ടിലിരുന്നു പ്രതിഷേധപ്രസംഗങ്ങള്‍ നടത്തിയാല്‍ മതിയോ??? സമാധാനം എന്ന് പറഞ്ഞാല്‍ കിട്ടുന്നഅടിയും,തൊഴിയുമെല്ലാം മേടിച്ച് പിന്നെയുംപിന്നെയും കാലുപിടിക്കുക എന്നതാണോ അര്‍ത്ഥമാക്കുന്നത്.ഒരു വ്യക്തിയെ സംബന്ധിച്ച് തല്ലുകിട്ടിയാല്‍; തിരിച്ചുതല്ലാതെ കിട്ടിയതും വാങ്ങി വീട്ടില്‍ പോകുന്നത് വിട്ടുവീഴ്ചയായി വ്യാഖ്യാനിക്കാം.എന്നാല്‍ ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അതൊരു കീഴടങ്ങല്‍ തന്നെയാണ്.വീരമൃത്യുവരിച്ച ജവാന്‍റെ ശിരസ്സില്ലാത്ത ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ത്യയുടെ അന്തസ്സിനെയല്ല നാണക്കേടിനായാണ് സൂചിപ്പിക്കുന്നത്. മകന്‍റെ ശിരസ്സ്‌ വീണ്ടെടുക്കാന്‍ സമരം ചെയ്ത മാതാപിതാക്കളെയും ഗ്രാമീണരേയും പണവും വാഗ്ദാനങ്ങളും കൊടുത്ത് നിശബ്ദരാക്കി.. നാണമില്ലേ ഇന്ത്യയുടെ പ്രതിരോധമന്ത്രിയ്ക്ക്.അതോ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മൂത്രമൊഴിക്കാന്‍ പോകുകയാണോ പതിവ്‌.സ്വന്തം അതിര്‍ത്തി കാത്തുസൂക്ഷിക്കുന്നതിനും ലോകരാജ്യങ്ങളുടെ മുന്നില്‍ ശക്തി പ്രകടമാക്കുവാനുമാണ് ഓരോ രാജ്യവും സൈന്യത്തെ നിലനിറുത്തുന്നത്.ഈ രണ്ടു കാര്യത്തിലും പരാജയമാണെങ്കില്‍ പിന്നെയെന്തിനാണി  സംവിധാനങ്ങള്‍.  ഇങ്ങോട്ട് ആക്രമിച്ചാല്‍ അങ്ങോട്ട്‌ പ്രതികരിക്കുക അതാണ് രാജ്യസുരക്ഷയുടെ കാര്യത്തിലുള്ള ആദ്യനടപടി.പിന്നിടാണ് ചര്‍ച്ചകള്‍. കാലാകാലങ്ങളായി തുടരുന്ന അതിര്‍ത്തിതര്‍ക്കത്തില്‍ എന്ത് പുരോഗതിവന്നുവെന്നാണ് പറയുന്നത്. നേതാക്കന്മാര്‍ തമ്മില്‍ ഒന്നിച്ചിരുന്ന്‌ ചായകുടിക്കുന്നതും, ക്രിക്കറ്റ്കളി കാണുന്നതുമാണോ പുരോഗതി.,ബസ്‌ സര്‍വിസും, ചരക്കുനീക്കവും എപ്പോഴും നിലയ്ക്കുന്ന കാര്യങ്ങള്‍ മാത്രമാണ്. പ്രശ്നം പഴയതുപോലെ ഇപ്പോഴും കിടക്കുന്നു എന്നതാണ് വാസ്തവം.

 ഒരുകാലത്ത് പഞ്ചാബിലും കാശ്മീരിലും നടന്നിരുന്ന വിഘടനവാദങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ചര്‍ച്ചനടത്തിയല്ല പരിഹരിച്ചത്.അടിച്ചമര്‍ത്തി തന്നെയാണ് അതിനു പരിഹാരം കണ്ടത്. ഹാഫിസ്‌സയ്ദിനെപ്പോലുള്ള  തീവ്രവാദികളുടെ ആസൂത്രണത്തില്  ഇന്ത്യയില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് വ്യക്തമായ തെളിവ്‌ ഹാജരക്കിയിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് പാക്കിസ്ഥാന്‍ എടുത്തിരിക്കുന്നത്. ഇനിയും ആരെ ബോധ്യപ്പെടുത്താനാണ് ഈ ചര്‍ച്ച. നമ്മുടെ രാജ്യത്തിനകത്തും,  അതിര്‍ത്തിയിലും പാക്കിസ്ഥാന്‍പിന്തുണയോടെ ആക്രമണങ്ങള്‍ അരങ്ങേറുമ്പോള്‍ നമ്മളിവിടെ സമാധാനവും,ചര്‍ച്ചയും പ്രസംഗിക്കുന്നു. അതിര്‍ത്തികാത്ത സൈനികന്‍റെ ശിരസ്സറ്റ മൃതദേഹം കാണുമ്പോഴും ചര്‍ച്ച തന്നെ ...................എന്താണ് ഇതിനര്‍ഥം. പറയുന്ന ആയുധശക്തിയിലും വീരവാദങ്ങളിലും വല്ല കഴമ്പുമുണ്ടോ എന്നാണ് സംശയം. കാര്‍ഗില്‍ യുദ്ധത്തില്‍; കൊട്ടിഘോഷിക്കപ്പെട്ട ആയുധങ്ങളില്‍ പലതും ആവശ്യനേരത്ത് ഉപയോഗപ്പെട്ടില്ലായെന്നും പലതും നിലവാരമില്ലാത്തവയായിരുന്നെന്നും പരസ്യമായ രഹസ്യമാണ്.

പാക്കിസ്ഥാന്‍സര്‍ക്കാരുകള്‍ നാട്ടില്‍നടക്കുന്ന പൊതുപ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ് അതിര്‍ത്തിയില്‍ വെടി പൊട്ടിക്കുന്നതെന്നാണ് നമ്മുടെ സ്ഥിരം പല്ലവി. ഇപ്പോള്‍ ഇത്തരം ജനകിയപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കേണ്ട നാടകംകളി പാക്കിസ്ഥാനേക്കാള്‍  അത്യാവശ്യം ഇന്ത്യന്‍ സര്‍ക്കാരിനാണെന്നുകാണാം. എല്ലാ മേഖലയിലും പിടിമുറുക്കിയിരിക്കുന്ന അഴിമതിയും, ആവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റവും,എണ്ണ,ഗ്യാസ്‌ വില വര്‍ധനകളും, സുതാര്യമല്ലാത്ത കുത്തകവല്ക്കരണവും അതിനെച്ചൊല്ലിയുള്ള കോഴവിവാദവും (വാള്‍മാര്‍ട്ട് കോഴവിവാദം), അടുത്തയിടെ നടന്ന ഡല്‍ഹി സംഭവം.....അങ്ങനെ  എല്ലാംകൂടി; പൊതുജനം രാഷ്ട്രിയപിന്‍ബലമില്ലാതെ സര്‍ക്കാരിനെതിരെ പരസ്യമായി തെരുവില്‍ ഇറങ്ങിയതിന്‍റെ ആഘാതത്തില്‍ നിന്നും മാധ്യമശ്രദ്ധയും ജനശ്രദ്ധയും തിരിച്ചുവിടാന്‍ ഈ അതിര്‍ത്തി സംഭവങ്ങളെ സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം ബാക്കി നില്‍ക്കുന്നു. നീതികിട്ടാന്‍വേണ്ടി തെരുവിലിറങ്ങിയ സ്വന്തംജനതയെ തോക്കും, ലാത്തിയും, ഗ്രനേഡും, ജലപീരങ്കിയും ഉപയോഗിച്ച് നേരിട്ടസര്‍ക്കാര്‍ എന്തു കൊണ്ടാണ് അതിര്‍ത്തികടന്നുള്ള ആക്രമണത്തെ നിസാരമായി കാണുന്നത്.

  സൈന്യം എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംരക്ഷണ കവചം എന്നതില്‍കവിഞ്ഞ് ഒരു ജനകിയകൂട്ടായ്മ്മയാണ്. കര്‍ശനനിയന്ത്രണങ്ങളും അച്ചടക്കവും പാലിച്ചുകൊണ്ട് രാജ്യത്തെ സംരക്ഷിക്കുന്ന കൂട്ടായ്മയാണത്. ചോരയുംനീരുമുള്ള മനുഷ്യരാണ് അതില്‍ പ്രവത്തിക്കുന്നത്. അവര്‍ക്കും കുടുംബമുണ്ട്. അവരെ കാത്തിരിക്കുന്ന അച്ഛനുവമ്മയുമുണ്ട്; അവരുടെ തണലില്‍ജീവിക്കുന്ന ഭാര്യയും,മക്കളുമുണ്ട്. അവരുടെ മരണം വെറുമൊരു ഉപകരണം നഷ്ടപ്പെടുന്ന ലാഘവത്തോടെ കാണാന്‍പാടില്ല.മന്ത്രിയുടെ മകളെ രക്ഷിക്കാന്‍ തടവില്‍കിടന്ന കൊടുംഭീകരരെ അവര്‍ ആവശ്യപ്പെട്ടപോലെ പറഞ്ഞസ്ഥലത്ത് വിമാനത്തില്‍ കൊണ്ടുചെന്നുവിട്ട് ധീരതകാണിച്ച സര്‍ക്കാരുകള്‍ ഭരിച്ച നാടാണ് ഇന്ത്യ. രാജ്യംകാക്കാന്‍ രാപകല്‍ കഷ്ടപ്പെട്ട് ശത്രുക്കളാല്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ശിരസ്സ് ഇല്ലാതെ അന്ത്യയാത്രനല്‍കിയ  ലോകശക്തി.....ലജ്ജിക്കുക..ശത്രുവിന്‍റെ കൈയ്യില്‍പ്പെട്ട് വീരചരമം പ്രാപിച്ച ഓരോ സൈനികനോടും ആദരവും നീതിയും കാണിക്കേണ്ട ചുമതല നമുക്കുണ്ട്. നമ്മുടെ പ്രതിനിധികളായി അവരോധിക്കപ്പെട്ടിട്ടുള്ള വയസന്‍ പടകള്‍ എന്നാണ് ഇതിനായി ഉണരുന്നത്. ഇന്ത്യന്‍ സംസ്കാരത്തില്‍ പറഞ്ഞിട്ടുള്ള വാനപ്രസ്ഥത്തിനു പോകാറായ മാന്യദേഹങ്ങള്‍ നമ്മളെ രക്ഷിച്ചേതീരുവെന്നു പറഞ്ഞുകൊണ്ട് ഇവിടെത്തന്നെ കൂടാന്‍ തീരുമാനിച്ചാല്‍ എന്തുചെയ്യും.....................

10 comments:

  1. ഇങ്ങനെ ഉള്ള സമയങ്ങളില്‍ ആണ് നമ്മള്‍ ഇസ്രായേലിനെയും അമേരിക്കയും ഒക്കെ കണ്ടു പഠിക്കേണ്ടത് . അവരുടെ ഒരു സൈനികന്‍ മരിച്ചാല്‍ മതി. പണി എപ്പോ കൊടുത്തു എന്ന് ചോദിച്ചാ മതി. യു എന്‍ ഒക്കെ വരുമ്പോഴേക്കും, അത്യാവശ്യം കാര്യങ്ങള്‍ നടത്തിയിരിക്കും . എന്തിനു രണ്ടു നാവികരെ സ്വീകരിക്കാന്‍ ചാര്‍ ട്ടെരെഡു ഫ്ല്യ്റ്റ് അല്ലെ വന്നത് ..നമ്മുക്കും ആകാമായിരുന്നു . രണ്ടു സൈനികര്‍ മരിച്ചപ്പോള്‍ ഉടനെ ഒരു മറുപടി.. രണ്ടു മിസൈല്‍ വിട്ടു കഴിഞ്ഞല്ലേ അന്താരാഷ്ട്ര സമൂഹം ഒക്കെ ഇടപെടു . അതിനകം ശക്തമായ ഒരു താക്കീത് കൊടുക്കനാകുമായിരുന്നു . അടുത്ത മഞ്ഞു കാലത്ത് തോക്ക് എടുക്കും മുന്നേ ഒന്ന് ആലോചിചെനെ എങ്കില്‍.

    കാര്‍ഗില്‍ സമയത്തും നല്ല അവസരം കളഞ്ഞു കുളിച്ചു .. അതിര്‍ത്തിക്കപ്പുറത്തു തീവ്രവാദി പരിശീലനകേന്ദ്രം ഉണ്ടെന്നു എല്ലാവര്ക്കും അറിയാം.. സാങ്കേതിക വിദ്യ ഇത്രയും മെച്ചപ്പെട്ട സ്ഥിതിക്ക്, അത് കൃത്യമായി എവിടെ എന്ന് അറിയാനും പറ്റും. അന്ന് "war on terrorisam " എന്നാ മുദ്രാവാക്യം വിളിച്ചാല്‍ പിന്നെ അന്താരാഷ്‌ട്ര സമൂഹവും ഒന്നും പറയില്ലായിരുന്നു !

    വന്ദ്യ വയൊധികാരെയും പുന്യവാള ന്മാരെയും ഒക്കെ തലപ്പത് തിരരഞ്ഞെടുത്ത നമ്മളെ പറഞ്ഞാല്‍ മതി!

    ReplyDelete
  2. പോസ്റ്റിന്റെ നീളം ഇത്തിരി കൂടിയോ എന്നൊരു സംശയം ഈയുള്ളവന് ഉണ്ട്.
    ഓഫിസിലെ ജോലിത്തിരക്കിനിടയില്‍,ബോസിന്റെ കണ്ണ് വെട്ടിച്ചാണ് ഇവിടെ വന്നു താങ്കളുടെതടക്കം പലരുടെയും സൃഷ്ടികള്‍ വായിക്കുന്നത്.വീട്ടിലെത്തുവാന്‍ വൈകുന്നതിന്റെയും അവിടെയെത്തിയാല്‍ ഉള്ള സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുവാന്‍ ശ്രമിക്കുന്നത് കൊണ്ടും വീട്ടില്‍ പലപ്പോഴും ഈ പരിപാടി നടക്കാറില്ല.അത് കൊണ്ട് എന്നെ പോലെയുള്ള ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കുവാന്‍ വേണ്ടി കണ്ട ഇറ്റലിയന്റെയും അറബിയുടേയും തെറി വാങ്ങി കൂട്ടുന്ന തിരക്കിനിടയില്‍ ഇവിടെ വരുന്നവര്‍ക്ക് വേണ്ടി അല്‍പ്പം ചുരുക്കി എഴുതണമെന്നു അപേക്ഷിക്കുന്നു.

    ReplyDelete
  3. രാജ്യംകാക്കാന്‍ രാപകല്‍ കഷ്ടപ്പെട്ട് ശത്രുക്കളാല്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ശിരസ്സ് ഇല്ലാതെ അന്ത്യയാത്രനല്‍കിയ ലോകശക്തി.....ലജ്ജിക്കുക..ശത്രുവിന്‍റെ കൈയ്യില്‍പ്പെട്ട് വീരചരമം പ്രാപിച്ച ഓരോ സൈനികനോടും ആദരവും നീതിയും കാണിക്കേണ്ട ചുമതല നമുക്കുണ്ട്.


    അത്രതന്നെ..!!!

    ReplyDelete
  4. ഇങ്ങനെ ഉള്ള സമയങ്ങളില്‍ ആണ് നമ്മള്‍ ഇസ്രായേലിനെയും അമേരിക്കയും ഒക്കെ കണ്ടു പഠിക്കേണ്ടത് . അവരുടെ ഒരു സൈനികന്‍ മരിച്ചാല്‍ മതി. പണി എപ്പോ കൊടുത്തു എന്ന് ചോദിച്ചാ മതി. യു എന്‍ ഒക്കെ വരുമ്പോഴേക്കും, അത്യാവശ്യം കാര്യങ്ങള്‍ നടത്തിയിരിക്കും . എന്തിനു രണ്ടു നാവികരെ സ്വീകരിക്കാന്‍ ചാര്‍ ട്ടെരെഡു ഫ്ല്യ്റ്റ് അല്ലെ വന്നത്.

    ശരിയാണ്. ഓരോ രാജ്യങ്ങള്‍ അവരുടെ പൌരന്മാരെ കെയര്‍ ചെയ്യുന്നത് കണ്ടാല്‍ കൊതിയാകും

    ReplyDelete
  5. നമ്മള്‍ പാക്കിസ്ഥാന് ആവശ്യത്തിന് പ്രതിഷേധം അറിയിക്കുന്നുണ്ട് .അതുതന്നെ ധാരാളം .നാല് വെടി തിരിച്ചു വയ്ക്കണമെങ്കില്‍ ഈ തണുപ്പത്ത് വല്ലതും പോട്ടണ്ടേ.ഓരോ വര്‍ഷവും ബഡ്ജറ്റില്‍ നല്ലൊരു തുക അരിവങ്ങാനല്ല ആയുധം വാങ്ങാനാണ് ചിലവഴിക്കുന്നത്.കണക്കുകള്‍ പറയുമ്പോള്‍ ഒരു പക്ഷെ അമേരിക്കയുടെ കൈയ്യില്‍ ഉള്ളതിനെകള്‍ ആയുധങ്ങള്‍ നമളുടെ കൈയ്യില്‍ കാണും .പക്ഷെ അഴിമതി നിറഞ്ഞ കരാറുകളില്‍ വാങ്ങുന്ന ആയുധങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് എന്താണ് ഉറപ്പ്.ഇതൊക്കെ ഉപയോഗിക്കാതെ ഇരുന്നാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ പഴക്കം പറഞ്ഞു ഇതൊക്കെ ഒഴിവാക്കാം .പുതിയത് വാങ്ങാം ആരും ഒന്നും അറിയില്ല .അല്ല ഇതൊക്കെ ഇപ്പോള്‍ ഉപയോഗിച്ചാല്‍ പലതും പ്രവര്‍ത്തിക്കില്ല കാര്‍ഗിലില്‍ സംഭവിച്ച പോലെ ആള്‍ നാശവും ഉണ്ടാകും .പിന്നെ വരുന്ന അന്വേഷണത്തില്‍ പല തലകളും ഉരുളും .അതുകൊണ്ട് അതിര്‍ത്തിയില്‍ നാലുനേരവും പ്രതിഷേധം പൊട്ടിച്ചാല്‍ മതിയെന്നാണ് ധാരണ ......

    ReplyDelete
  6. യുദ്ധം തുടങ്ങിവെക്കാന്‍ എളുപ്പമാണ് , പക്ഷെ അത് ഉണ്ടാക്കുന്ന കെടുതികള്‍ നമ്മെ ഒരു 100 വര്‍ഷം പിന്നൊട്ടാക്കും .
    എങ്കിലും ഒരു പൗരനെ സംരക്ഷിക്കേണ്ട ചുമതല ഒരു രാജ്യത്തിന്‌ ഉണ്ട് .
    മനുഷ്യന് വിലയില്ലാത്ത ഇന്ത്യയില്‍ ജനിക്കുന്ന പൌരന്‍ മരിച്ചാല്‍ എന്താ ; അവന്‍റെ തല വെട്ടിയാല്‍ എന്താ .

    ReplyDelete
  7. മിന്നല്‍ വാസുJanuary 15, 2013 at 10:39 AM

    ആണായി പിറന്നോരെല്ലാം അങ്കംവെട്ടി തുലഞ്ഞുതുലഞ്ഞുപോകെ .....ആണുംപെണ്ണും കേട്ട ശിഖണ്ടികള്‍ നടുവാഴ്കെ...

    ReplyDelete
  8. പോസ്റ്റ് സ്വല്പം വലുതായെങ്കിലും നന്നായി തന്നെ അവതരിപ്പിച്ചു, മാഷേ

    ReplyDelete
  9. പാക്കരന്‍January 15, 2013 at 7:19 PM

    ഇന്നും വേദി പൊട്ടി ഇന്നും നമ്മള് പ്രതിഷേധിച്ചിട്ടുണ്ട് കേട്ടോ...."നമ്മള്‍ വിജയകരമായി പിന്മാറി" എന്നാ പഴയ വാക്കുകള്‍ ഓര്‍മയില്ലേ ...ഇല്ലാത്തവര്‍ പഴയ ചൈന യുദ്ധം ഓര്‍ത്താല്‍ മതി.അന്നു തോറ്റു ഓടിയപ്പോള്‍ നെഹ്രുജി പറഞ്ഞ വാക്കുകളാണത്.ഇന്നും അതിനു വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം...

    ReplyDelete
  10. പോസ്റ്റ്‌ വായിച്ച് അഭിപ്രായം പറഞ്ഞ വില്ലേജ്മാന്‍, അജ്ഞാതന്‍ ,രാജീവ്‌.അജിത്തെട്ടന്‍,ബിനു,അമൃത്,മിന്നല്‍ ,ശ്രീ ,പാക്കരന്‍ ..എല്ലാവരോടും എന്‍റെ നന്ദി അറിയ്ക്കുന്നു.

    ReplyDelete