ഇനി കാവിലെപാട്ടുമല്‍സരത്തിനു കാണാം എന്ന ആഹ്വാനത്തോടെ പതിനൊന്നാമതു പ്രവാസിഭാരതിയദിവസിന്‍റെ സമാപനം കഴിഞ്ഞു.തട്ടു പൊളിപ്പന്‍ പ്രസംഗങ്ങളും ആഹ്വാനങ്ങളുമൊക്കെ വാരിവിതറിയ പരിപാടിയില്‍ വന്‍തോക്കുകളെയൊക്കെ ആദരിക്കലും പൊന്നാടയണിയിക്കലുമൊക്കെനടത്തി.അതിനായി കൊച്ചിയിലെ നമ്മുടെ സ്വന്തം ലെ-മെറിഡിയന്‍ ഹോട്ടലിലൊരുക്കിയ വേദി മനോഹരമായിരുന്നു. തെയ്യം, കെട്ടുവള്ളം, വൈവിധ്യമാര്‍ന്ന ഉല്പ്പെന്നങ്ങള്‍ നിരത്തി വച്ച സ്റ്റാളുകള്‍, കയര്‍പായ വിരിച്ചു മനോഹരമാക്കിയ വീഥികള്‍ അങ്ങനെ സ്വര്‍ഗ്ഗലോകം തന്നെയയിരുന്നു...പല സ്റ്റാളുകളും വളരെ ആഴത്തിലുള്ള ചിന്തകളുടേയും, ഭാവനകളുടെയും ആകെ തുകയായിരുന്നു. അതില്‍ പ്രധാനമായിരുന്നു നോര്‍ക്ക ഒരുക്കിയ സ്റ്റാള്‍. വിദേശത്തുസാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും, ജയിലില്‍ കിടക്കുന്നവരെയും തിരിച്ചു കൊണ്ടുവരാനുള്ള സ്വപ്ന സാഫല്യം പദ്ധതിയാണ് നോര്‍ക്ക അവതരിപ്പിച്ചത്. പദ്‌ധതി സ്വപ്നമായിതന്നെയിരിക്കും എന്നുള്ള അമൂല്യസന്ദേശം പകര്‍ന്നു തന്ന ഇത്തരം സ്റ്റാളുകളായിരുന്നു അധികവും.ആദിവാസി കലാരൂപങ്ങളുടെ പ്രത്യേക സ്റ്റാളും ഉണ്ടായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിലെ ആദിവാസികലാരൂപങ്ങള്‍ കാണാന്‍ തിരക്കോടുതിരക്ക്. നമ്മുടെ ഇടയില്‍ ജീവിക്കുന്ന ആദിവാസിക്കോലങ്ങള്‍ പടിക്കുപുറത്ത്.
പ്രവാസി ഇന്ത്യാക്കാര്‍ക്ക് കേരളത്തില്‍ താല്പര്യം ടൂറിസത്തിലാണെന്ന് കേന്ദ്രപ്രവാസകാര്യമന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്ഷി പരിപാടിയില്‍ വ്യക്തമാക്കി.വെളിവില്ലാത്ത മന്ത്രിമാരുടെ കൂടെയുള്ള സഹവാസം ആരുടേയും വെളിവ് തെറ്റിക്കും എന്നതിന്‍റെ ഉത്തമ ഉദാഹരണം. പ്രവാസി സമൂഹത്തില്‍ ചെറിയശതമാനം വരുന്ന വരേണ്യവര്‍ഗത്തെ മാറ്റിനിറുത്തിയാല്‍ ബാക്കിവരുന്ന ഭൂരിപക്ഷത്തിനും ടൂറിസമല്ല; കുടുംബം പോറ്റലാണ് മുഖ്യതാല്പര്യം എന്ന് പൂമാന്‍ അറിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയുടെ അഭിപ്രായത്തില്‍ പ്രവാസിവോട്ടവകാശമാണ്; പ്രവാസികള്‍ക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടം. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു നന്ദി പറയാനും അദേഹം മറന്നില്ല. ഒക്കെ നല്ലതുതന്നെ എന്നാലും ബന്യാമിന്‍റെ ആടുജീവിതം പോലെ; നരകിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വോട്ടാണോ അത്യാവശ്യം എന്ന സത്യം മാറി നില്‍ക്കുന്നു. ഇതിനിടയില്‍ സമ്മേളനത്തില്‍ വന്ന മമ്മൂട്ടി; പ്രവാസികളെ ആഹ്ലാദപരിതരാക്കി.യുവത്വം കാത്തു സൂക്ഷിക്കുനത് എങ്ങനെയാണെന്ന് അറിയാനായിരുന്നു ഒരു വനിതാ പ്രവാസിക്ക് തിടുക്കം.ബോളിവുഡില്‍ ഷാരുഖ്‌ഖാന്‍റെയൊപ്പം വയ്ക്കാവുന്ന ആളെന്നു മറ്റൊരു പ്രവാസി.ബഹുനില കെട്ടിടത്തിലെ സ്കാഫോല്‍ടിങ്ങില്‍ തുങ്ങികിടന്നു ജോലി ചെയ്യുന്നവനൊടും, മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ അന്നം തേടുന്നവനോടും ഉപമിക്കാഞ്ഞത് നന്നായി.
പ്രസിഡന്റ്,പ്രധാനമന്ത്രി,പ്രവാസികാര്യമന്ത്രി,വിദേശകാര്യമന്ത്രി,മൌറിഷ്യസ്പ്രസിഡന്‍റ്,മുഖ്യമന്ത്രി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മന്ത്രിമാരും അവരുടെ ശിങ്കിടികളും വിദേശത്തെ പ്രധാന വ്യവസായികളുമൊക്കെയായി അടിച്ചുപൊളിച്ച് വലിയൊരു സംഭവമായി പ്രവാസി ഭാരതിയ ദിവസ് കൊടിയിറങ്ങി. ഇതിലൂടെ വിദേശത്ത് കഷ്ടപ്പെടുന്ന പ്രവാസിക്ക് എന്തെങ്കിലും കിട്ടിയോ..... ??? പണ്ട് ദൈവം രാജകൊട്ടാരത്തില്‍ വിരുന്നിനു പോയ അവസ്ഥയിലായിരുന്നു യാഥാര്‍ത്ഥപ്രവാസി. അകത്തു പാട്ടും, നൃത്തവും അരങ്ങുതകര്‍ക്കുന്നു. ഭക്ഷണ പാനിയങ്ങള്‍ ആവോളം നുകര്‍ന്ന് ഉന്മാഥനൃത്തംചവിട്ടുന്ന കൊട്ടാരത്തിന്‍റെ കവാടത്തില്‍ വേഷംമാറി വന്ന ദൈവം ഒരു പിച്ചക്കാരനെപ്പോലെ നിന്നു. അകത്തു കടക്കാന്‍ ശ്രമിച്ച ഈശ്വരനെ, രാജാവിന്‍റെ പടയാളികള്‍ തള്ളിമാറ്റി പരിഹസിച്ചു തിരിച്ചയച്ചു. പ്രവാസികളുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു.കോടികള്‍ പൊടിച്ച ഈ ധൂര്‍ത്തില്‍ പ്രവാസിക്ക് ഒന്നും ലഭിച്ചില്ല എന്നതാണ് സത്യം.എന്തെങ്കിലും പറയാന്‍ ശ്രമിച്ചവരെ നീ ഇവിടെ സംസാരിക്കേണ്ട എന്ന് പറഞ്ഞുകൊണ്ട് മന്ത്രിതന്നെ പുറത്താക്കി.അകത്തു നിന്നു പുറംതള്ളപ്പെട്ട പ്രവാസിയുടെ കൂടെ നമുക്ക് കൊടിയിറങ്ങിയ വേദിയിലേക്ക് ഒന്ന് പോയി നോക്കാം..സത്യം എന്താണെന്ന് അറിയണമല്ലോ..
ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസി ഇന്ത്യക്കാരുടെ ഒരു പ്രശ്നവും ഗൗരവമായി ചര്‍ച്ചചെയ്യാത്ത ആഘോഷമായാണ് കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിണമിച്ചത്. ഗള്‍ഫ് മലയാളികളടക്കമുള്ളവരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്തിരുന്ന കേരളത്തിനുമുമ്പില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയത് സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുള്ള ഗീര്‍വാണങ്ങള്‍. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിനു മലയാളികളെ രക്ഷിക്കാന്‍ നടപടിയെടുക്കുക. നിയമസൗകര്യംപോലും നിഷേധിക്കപ്പെട്ട് നീതികിട്ടാതെ വലയുന്ന അവര്‍ക്കുവേണ്ടി ഇടപെടുക. ഇങ്ങനെ വിഷമിച്ചു ജീവിക്കുന്നവരുടെ എണ്ണം എത്രയുണ്ടെന്ന് കൃത്യമായി കണക്കാക്കുക.
എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുക്കുന്ന ആയിരക്കണക്കിനു കോടികളുടെ ഒരു ചെറുഭാഗമെങ്കിലും പ്രവാസികളുടെ ക്ഷേമത്തിനായുള്ള പദ്ധതി പ്രഖ്യാപിച്ച് വിനിയോഗിക്കുക. രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തെ സ്വന്തം ചോരവിയര്‍പ്പാക്കി ശക്തിപ്പെടുത്തുന്ന ഗള്‍ഫ് മലയാളികള്‍ക്കായി ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക. കമ്യൂണിറ്റി ബനവലന്റ് ഫണ്ടിന്റെ ഒരു ഭാഗം പ്രവാസികളുടെ രക്ഷാകാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കുക.തുടങ്ങിയ സാധാരണ പ്രവാസിയുടെ ആവശ്യങ്ങളില്‍ എന്ത് നടപടിയാണ് പ്രവാസി ദിവസില്‍ ഉണ്ടായത്.
വിദേശത്തുകഴിയുന്ന സ്വന്തം ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സഹായക മാകേണ്ട എംബസികള്‍ ആവശ്യത്തിനു ജീവനക്കാരില്ലാതെ നോക്കുത്തിയാകാതിരിക്കാന്‍ എംബസികളിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടുക. കഷ്ടപ്പാടിലും ബുദ്ധിമുട്ടുകളിലുംമ്പെടുന്ന പ്രവാസികളുടെ രക്ഷയ്ക്കായി ഫലപ്രദവും സമയോചിതവുമായി ഇടപെടുന്ന വിധത്തില്‍ എംബസികളെ കാര്യക്ഷമമാക്കുക. മലയാളം മാത്രമറിയാവുന്ന ആയിരക്കണക്കിനാളുകളുള്ള ഗള്‍ഫ് നാടുകളിലെങ്കിലും മലയാളഭാഷ മനസ്സിലാകുന്ന നയതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കുക. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ പ്രവാസി സംഘടനകള്‍ ക്കൊപ്പം എംബസിയുടെ നിര്‍ല്ലോഭ സഹായവും ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിലൊക്കെ എന്ത് നടപടിയാണ് എടുത്തത്.???
വര്‍ഷങ്ങള്‍ കൂടുമ്പോള്‍കിട്ടുന്ന അവധിക്ക് നാട്ടില്‍പോകാന്‍ കഴിയാത്തരീതിയിലുള്ള അതിരൂക്ഷമായ യാത്രാക്ലേശം ലഘൂകരിക്കാനെങ്കിലും നടപടിയുണ്ടാക്കുക . വിമാനക്കമ്പനികളുടെ നിര്‍ദയമായ ചൂഷണത്തിനും, അഹങ്കാരത്തിനും പ്രവാസികളെ വിട്ടുകൊടുക്കാതിരിക്കുക . എയര്‍ഇന്ത്യാ വിമാനങ്ങള്‍ സമയക്ലിപ്ത്തത പാലിക്കുക. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭ്യത ഉറപ്പാക്കുക , സാധാരണക്കാരനുവേണ്ടി തുടങ്ങിയത് എന്നുപറയുന്ന എയര്‍ഇന്ത്യാ എക്സ്പ്രസിന്‍റെ സാധാരണക്കാരനെ പിഴിയുന്ന തരത്തിലുള്ള പരിപാടികള്‍ നിര്‍ത്തലാക്കുക.കന്നുകാലി ക്ലാസുകളുടെ എണ്ണം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളിലേതിലെങ്കിലും ഈ ഉത്സവത്തില്‍ ഒരു തീരുമാനം ഉണ്ടായോ??
ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സാധരണ പ്രവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുപകരം പ്രവാസിഭാരതീയ ദിവസില്‍ നിന്നും സാധാരണക്കാരായ ഗള്‍ഫ് മലയാളികളെയും അവര്‍ക്ക് പ്രാതിനിധ്യമുള്ള സംഘടനകളെയും വകഞ്ഞുമാറ്റി പ്രവാസിവരേണ്യരുടെ ആഘോഷമാക്കി മാറ്റുകയാണ് ചെയ്തത്.പരിപാടിയില്‍ സാധാരണക്കാരുടെ പ്രശ്നങ്ങളെല്ലാം തിരസ്ക്കരിക്കപ്പെട്ടു. യാത്രാക്ലേശം പേരിനൊന്ന് ചര്‍ച്ചചെയ്തു. എന്നാല്‍, ആ ചര്‍ച്ചയില്‍ മറുപടി പറയുന്ന കാര്യം പോകട്ടെ, പ്രശ്നങ്ങള്‍ കുറിച്ചെടുക്കാന്‍പോലും ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രിയില്ല; സഹമന്ത്രിപോലുമില്ല.എല്ലാം ഒരു വഴിപാടു പോലെ. വിമര്‍ശിച്ചവരുടെ മൈക്ക് ഓഫാക്കുന്ന തിരക്കിലായിരുന്നു പ്രവാസികാര്യമന്ത്രി വയലാര്‍ രവി. കോട്ടും സ്യൂട്ടുമിട്ടവരെമാത്രം സ്വീകരിച്ചിരുത്തുന്ന പരിപാടിയില്‍ പണ്ട് പ്രഖ്യാപിച്ച ചില പദ്ധതികളുടെ ആവര്‍ത്തനംമാത്രം മന്ത്രിമാര്‍ നടത്തിയത്.
പ്രവാസികളിലെ ഭൂരിഭാഗവും സഹായത്തിന് ആരുമില്ലാതെ നട്ടംതിരിയുമ്പോള്‍; സമ്പന്നര്‍ക്കുമാത്രം ഗുണംചെയ്യുന്ന നിക്ഷേപ അവസരങ്ങളും ആനുകൂല്യവും പ്രഖ്യാപിക്കാനല്ലാതെ എന്തിനാണ് ഈ ധൂര്‍ത്തും മാമാങ്കവും എന്ന ചോദ്യവും പ്രസക്തമാണ്. 15000 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കണം എന്നതിനാല്‍ പണവും സൌകര്യവും ഉള്ളവര്‍ക്ക് മാത്രമായി സമ്മേളനം ഒതുക്കപ്പെട്ടു . പ്രവാസിസംഘടനകളുടെ കൃത്യമായ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും പ്രവാസിവകുപ്പും ശ്രമിച്ചില്ല. സമ്മേളനത്തില്‍ ഗള്‍ഫ് പ്രവാസികള്‍ക്കായുള്ള സെഷനില്‍ ഗള്‍ഫില്‍ കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആ വിഭാഗത്തില്‍പ്പെട്ടവരാരും സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല. ബിസിനസ് പ്രമുഖന്മാരും,ഉന്നത ബ്യൂറോക്രാറ്റുകളും മാത്രം അണിനിരന്ന പരിപാടിയില്‍ സാധരണ പ്രവാസിയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കാണ് നേരം..
ഗള്‍ഫ്നാടുകളിലെ വ്യവസായശാലകളിലും മറ്റു കച്ചവടസ്ഥാപനങ്ങളിലുമായി കഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു മലയാളികളുണ്ട്. നൂറുകണക്കിനു മലയാളികള്‍ ജയിലുകളില്‍ കഴിയുന്നു. പലതരത്തിലുള്ള പീഡിനങ്ങള്‍ക്ക് വിധേയമായി സ്ത്രീകള്‍ ആശ്രയമില്ലാതെ കഴിയുന്നു. ഇവരുടെ പ്രശ്നങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. സമ്പന്നപ്രവാസികളുടെ സംഗമം മാത്രമായി പ്രവാസി ദിവസ് മാറി. ഗള്‍ഫ്നാടുകളിലെ തൊഴില്‍മേഖലയെ പരിചയപ്പെടുത്തുന്ന സെമിനാറുകളൊന്നും ഉണ്ടായില്ല. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരെല്ലാം പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെയും കണ്ടില്ല. മുന്‍ പരിപാടികളിലൊക്കെ പറഞ്ഞു പഴകിയ കുറെ ആവശ്യങ്ങള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതിക്ഷ ഉളവാക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല. ദീര്‍ഘമായ പ്രസംഗത്തില്‍ പേരിനുപോലും ഒരു പ്രഖ്യാപനം ഉണ്ടായില്ല. കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ നടത്തിയ പ്രസംഗവും സമ്പന്നവിഭാഗത്തിന്‍റെ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി മാത്രമായിരുന്നു. അങ്ങനെ എമേര്‍ജിംഗ് കേരളയ്ക്ക് ശേഷം ഫ്രീസറിലിരിപ്പായതൊക്കെ തീര്‍ക്കാന്‍ ലെ മെറിഡിയന് ഒരവസരം കൂടി കിട്ടി എന്നതില്‍ കവിഞ്ഞ് സാധരണ പ്രവാസികള്‍ക്ക് ഇതുകൊണ്ടൊരു മെച്ചവും ഉണ്ടായില്ല..............
സാധരണ പ്രവാസി എന്നും പടിക്കു പുറത്താണ്.അങ്ങനെ ഒരു വിഭാഗം ഉള്ളതായി പോലും സര്‍ക്കാരിനു അറിയില്ല .എയര്‍ ഇന്ത്യ അടക്കമുള്ള വിമാനകമ്പനികളെ തീറ്റിപ്പോറ്റുന്നത് ഈ പാവങ്ങള്‍ ആണെന്നത് ഇപ്പോഴും നേതാക്കള്‍ക്ക് അറിയില്ല.ഈ പന്നകള്‍ ഗള്‍ഫില്‍ വന്നാല്‍ ഏതെങ്കിലും ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കരുണ്ടോ,ജയിലില്‍ കഴിയുന്ന തടവുകാരെ കാണാറുണ്ടോ ,ഇവിടെവന്നു വല്യവമ്മാരുടെ വീട്ടില്‍ അന്തിയുറങ്ങി ഷോപ്പിംഗ് നടത്തി തിരിച്ചു പോകുന്നു .എന്നിട്ട് പ്രവാസികളെ ഉദ്ധരിക്കാനാണ് പോകുന്നത് എന്നാപേരും ....
ReplyDeleteവന്‍കിട വ്യവസായികളുടെ കയ്യില്‍ നിന്നും കമീഷന്‍ അടിക്കാന്‍ നടത്തുന്ന തട്ടികൂട്ട് പരിപാടികള്‍ ആണ് ഇതെല്ലം..ഇതൊന്നും തിന്നാല്‍ ദഹിക്കില്ല മക്കളെ എല്ലാം ശര്ധിക്കും.വെറുതെയല്ല പ്രവാസി മന്ത്രി പരിപാടി കഴിഞ്ഞ ഉടനെ ആശുപത്രിയില്‍ ആയി ....പാവങ്ങളുടെ പ്രാക്കാ ...
ReplyDeleteപച്ചയായ യാധാര്‍ത്ദ്യങ്ങള്‍.....
ReplyDeleteഅഭിനന്ദനങ്ങള്‍....
സര്‍ക്കാരിന്റെ കണ്ണില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ എന്നാല്‍ യൂസഫ് അലി, ഗള്‍ഫാര്‍ മുഹമ്മദാലി തുടങ്ങിയവര്‍ ആണ്. ഇവന്മാര്‍ നാണമില്ലേ പാവപ്പെട്ടവന്റെ പേരും പറഞ്ഞു നാരിത്തരം കാട്ടുമ്പോള്‍ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരാന്‍ പോകാന്‍?!
ReplyDeleteഅവര്‍ പൊന്നുരുക്കുകയാണ്
ReplyDeleteപൂച്ചകള്‍ക്കെന്ത് കാര്യം അവിടെ?
എന്തെങ്കിലും ഒന്നു നടക്കട്ടേ..
ReplyDeleteകാവിലെ പാട്ടു മല്‍സരം കെങ്കേമമായി..
ഭാഗ്യം റിയലിലിറ്റി ഷൊ ആവാഞ്ഞതു..
ഇത് പോലൊരു പരിപാടി കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തു അരങ്ങേറിയിരുന്നു,വിശ്വ മലയാളി സമ്മേളനം.കുറെ കോടികള്‍ പൊടിച്ചു കുറെ പേര്‍ ഫൈവ് സ്റ്റാര്‍ ശാപ്പാടും അടിച്ചു ഫൈവ് സ്റ്റാര്‍ താമസവും ആഗോഷിച്ചു പിരിഞ്ഞു.എന്നിട്ട് ഇവിടെ വല്ലതും നടന്നോ?കുറച്ചു പേര്‍ക്ക് സമ്മേളനത്തിന്റെ പേരില്‍ സുഗിക്കുവാനും,വേറെ ചിലര്‍ക്ക് ചില്വാനം അടിച്ചു മാറ്റുവാനും ഒരു വഴിയാണ് ഇങ്ങിനെയുള്ള പരിപാടികള്‍. അതിനു ലോക പ്രവാസി എന്നും അഖില ലോക മലയാളി എന്നും ഓമനപ്പേരും.ഏതു സര്‍ക്കാര്‍ വന്നാലും ഇതിനൊന്നും വലിയ മാറ്റമൊന്നും ഉണ്ടാകുവാന്‍ പോകുന്നില്ല.സര്‍ക്കാരില്‍ നിന്നും വല്ലതും പ്രതിക്ഷിക്കുന്നതിനു പകരം,അവനവന്റെ കാര്യം അവനവന്‍ തന്നെ ചെയ്യുക.പ്രവാസി വോടവകാശം ഉപയോഗിച്ച് നാട്ടിലുലുള്ള തെണ്ടികളെ തെരഞ്ഞെടുക്കുവാന്‍ വേണ്ടി വോട്ടു ചെയ്യുകയും സിന്ദാബാദ് വിളിക്കുകയും ചെയ്യുന്ന ഓരോ പ്രവാസിക്കും പത്തല്‍ കൊണ്ട് അടി കൊടുക്കണം..
ReplyDelete