**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, January 28, 2013

അവാര്‍ഡു വേണോ അവാര്‍ഡ്..............


     

    ജാനകിയമ്മ പത്മഭൂഷണ്‍  നിരസിച്ച വാര്‍ത്തകേട്ട് മനസ്സുതകര്‍ന്ന ചിലരെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണന്ന വിവരം അറിഞ്ഞാണ്  രാവിലെ ഉണര്‍ന്നത്.ഇങ്ങനെ ഒരു നിരസനം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍, നേരത്തെ ഒരു വാക്കുപറഞ്ഞിരുന്നുവെങ്കില്‍, ഇതുപറഞ്ഞ് ഒന്നുറക്കെ കരഞ്ഞിരുന്നുവെങ്കില് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഇത്രയുംകാലം പാടിയതല്ലേ അതുകൊണ്ട് ഒന്നു കൊടുത്തേക്കാമെന്നു കരുതി കൊടുത്തപ്പോഴിതാ നേരത്തും കാലത്തും തന്നില്ലായെന്നുപറഞ്ഞു ആയമ്മ അവാര്‍ഡ്‌ നിരസിച്ചിരിക്കുന്നു.കഴിവ്‌ തെളിയിച്ചകാലത്ത് തരാതെ കുഴിയിലേക്ക് കാലുംനീട്ടി ഇരിക്കുമ്പോഴാണ് ലെവന്‍റെയൊക്കെ ഒരു അവാര്‍ഡ്..ആര്‍ക്കു വേണം കൊണ്ടുപോയി പുഴുങ്ങിത്തിന്നെടി തലൈവി  ...എന്നു വിളിച്ചുപറയാന്‍ ജാനകിയമ്മ കാണിച്ച ധൈര്യത്തെ സ്തുതിക്കുന്നു.ഓരോ സാധാരണക്കരന്‍റെയും ചുണ്ടുകളില്‍ തത്തികളിക്കുന്ന ആ മാസ്മരിക ശബ്ദത്തിന്‍റെ ഈണങ്ങളെക്കാള്‍ മഹത്വം ഏതു അവാര്‍ഡിനാണുള്ളത്.തെറ്റിധരിക്കേണ്ട കേരളം ഇങ്ങനെയൊരു കാര്യമേ ചെയ്യില്ല. ചാക്കുനിറയെ നോട്ടും,മണ്ഡലം പ്രസിഡന്‍റ്മുതല്‍ അങ്ങു ഹൈക്കമാന്‍ഡ് വരെ പിടിയുള്ള ഒരുപാടുയോഗ്യര്‍ അവാര്‍ഡിനായി ക്യൂ നില്‍ക്കുമ്പോള്‍ കേരളത്തിന്‌ ഇങ്ങനെ ഒരു മിസ്റ്റേക്ക് സംഭവിക്കില്ല.  കൊടുത്താല്‍ നിരസിക്കുമെന്നു പണ്ടേ അറിയാം അതുകൊണ്ടല്ലേ നമ്മള്‍ ഇങ്ങനെയുള്ളവര്‍ക്ക് കൊടുക്കാത്തത്. അക്കിടി പറ്റിയത് തമിഴ്‌നാടിനാണ്................

   കിട്ടിയവന്മാര്‍ ഭാഗ്യവാന്മാര്‍, കിട്ടികൊണ്ടിരിക്കുന്നവര്‍ അതി ഭാഗ്യവാന്മാര്‍, കിട്ടാത്തവര്‍ ഹതഭാഗ്യവാന്മാര്‍ എന്നതാണ് അവാര്‍ഡിലെ അടിസ്ഥാനതത്വം. കള്ളുകച്ചവടക്കാര്‍ ,ആശുപത്രിമുതലാളിമാര്‍ ,വട്ടി പലിശക്കാര്‍,വിദേശത്ത് വന്‍വ്യവസായങ്ങള്‍ നടത്തുന്ന പ്രവാസിപാവങ്ങള്‍ തുടങ്ങിയ സല്‍ഗുണസമ്പന്നര്‍ക്കിടയില്‍ പുട്ടിനുപീരപോലെ ഇടയ്ക്കിടെ പരിഗണിക്കപ്പെടുന്നവരാണ് ജാനകിയമ്മയെപ്പോലുള്ളവര്‍. കലയും, കഴിവും അല്ല മഹാഭാഗ്യമാണ് ഇവരെയൊക്കെ ലിസ്റ്റില്‍ കയറ്റുന്നത്.ജീവിതകാലം മുഴുവന്‍ ലോട്ടറി എടുത്താലും പത്തുപൈസപോലും അടിക്കാത്ത എത്രയോ ആളുകള്‍. ചിലര്‍ക്കാണെങ്കില്‍ തുടരെ ബമ്പര്‍ അടിക്കും.അതുപോലെ അവാര്‍ഡ് ലിസ്റ്റില്‍ വരുന്നതും ഒരു ലോട്ടറിയാണെന്നുകരുതിയാല്‍ മതി. മഹാഭാഗ്യമുള്ളവരൊക്കെ വീണ്ടുംവീണ്ടും ലിസ്റ്റില്‍ കയറും.പത്മ അവാര്‍ഡ് കിട്ടിയിട്ടും വീണ്ടും ലിസ്റ്റില്‍ വന്ന ലീലാവതിടീച്ചറൊക്കെ ആ വകുപ്പില്‍പ്പെട്ടവരാണ്.അതൊക്കെ മുജന്മസുകൃതമെന്നു കരുതിയാല്‍മതി.

  അര്‍ഹരായ ആര്‍ക്കെങ്കിലും അവാര്‍ഡ് കിട്ടിയാല്‍ അതിനെ അത്ഭുതമായി കാണേണ്ട സമയത്താണ് ഇതൊക്കെ സംഭവിച്ചിരിക്കുന്നത്.ചില്ലറ മേടിച്ചു തയ്യാറാക്കുന്ന ലിസ്റ്റിനെ വെള്ളപൂശാനാണ് കുറച്ചു യോഗ്യരായവരെ അതില്‍ കയറ്റുന്നത് .ഇപ്രാവശ്യം തന്നെ പ്രഖ്യാപിച്ച അവാര്‍ഡില്‍  ഭൂരിഭാഗവും മഹാരാഷ്ട്ര,ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കിട്ടിയിരിക്കുന്നത്.യോഗ്യരായ മറ്റാരും വേറെ ഒരു സംസ്ഥാനത്തും ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്????. മധുസാറിനുകിട്ടിയ പത്മശ്രീ മാത്രമാണ് നമുക്കുള്ള ഏക ആശ്വാസം.എന്തെങ്കിലും കിട്ടിയല്ലോ അതുമതി.പേരു കൊടുത്തവര്‍ക്കൊന്നും കിട്ടാത്തത് എന്തുകൊണ്ടാണെന്നുള്ള പരിശോധനയൊന്നും നടത്താന്‍ നമുക്കു സമയമില്ല......

 പേരിന്‍റെ അറ്റത്തുവാലായി എന്നതിനെക്കാള്‍ വാലിന്‍റെ അറ്റത്ത്‌ പേര് ‘പത്മശ്രീഇട്ടുപ്പ്‌’ എന്ന രീതിയില്‍ ഉപയോഗിക്കാനാണ് പത്മ ശ്രീ, ഭൂഷണ്‍, വിഭൂഷണ്‍ തുടങ്ങിയ അവാര്‍ഡുകള്‍ ഉപയോഗിക്കുനത്.ഏതു പട്ടിക്കും ഒരു ദിവസം വരും എന്നതിനെ യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു ഉരുപ്പടിയായിട്ടാണ് ഇതിനെയിപ്പോള്‍ കാണുന്നത്.ഭരണഘടനാപ്രകാരം ഇതു കിട്ടുന്ന ആളുകള്‍ക്ക് അവരുടെ പേരിന്‍റെ മുന്നിലോ പിന്നിലോ ഇത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കാനേ പാടില്ല. ഉപയോഗിച്ചാല്‍ കൊടുത്ത പത്മ പുരസ്ക്കാരം തിരിച്ചുവാങ്ങാന്‍ വ്യാവസ്ഥയുണ്ട്.എന്നാലും ലെറ്റര്‍പാഡ് മുതല്‍ കവലയില്‍ വലിച്ചുകെട്ടുന്ന കോറത്തുണിയില്‍വരെ ‘പത്മശ്രീ മണങ്ങോടന്‍’ എന്ന വിശേഷണം ചേര്‍ക്കും. ‘ഭാരത്’ എന്ന പണ്ടേ നിറുത്തലാക്കിയ എടപാടിനെ മണ്ടേല്‍ വലിച്ചുകെട്ടിയാണ് നമ്മുടെ പല താരങ്ങളും ഭൂമിയിലേക്ക് ഇറങ്ങിവരുന്നത്. വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍; കിട്ടിയ മെഡല്‍ കഴുത്തില്‍ചാര്‍ത്തിവന്നാല്‍ മാത്രം പ്രോട്ടോകോള്‍ പ്രകാരം സ്റ്റേജില്‍ ഇരിക്കാം എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് സാമ്പത്തികലാഭമൊന്നും പത്മകള്‍ നേടികൊടുക്കുന്നില്ലായെന്നതാണ് വാസ്തവം.

തന്‍റെതല്ലാത്ത കഴിവുകള്‍കൊണ്ടും, ആള്‍ക്കാരെ പറ്റിച്ചു ആവശ്യത്തിന് പണം കയ്യിലുള്ളതുകൊണ്ടും അഭിനവ സരോജ്കുമരാന്‍മ്മാര്‍ക്ക് കഴുത്തില്‍ കെട്ടിത്തൂക്കാന്‍ ഒരു മെഡല് എന്ന രീതിയിലേക്ക് അവാര്‍ഡുകളെ തരം  താഴ്ത്തിയിരിക്കുന്ന അവസ്ഥയാണിപ്പോള്‍.പലപ്പോഴും അര്‍ഹരേക്കള്‍; അനര്‍ഹര്‍ക്കാണ് മുന്‍തൂക്കം.

 അവാര്‍ഡ് പരിഗണനയില്‍ കേരളത്തിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ച്ചയും വന്നിട്ടില്ലായെന്നും; രണ്ടുമൂന്നു പ്രാവശ്യം ചര്‍ച്ച ചെയ്തിട്ടാണ് ലിസ്റ്റ് കൊടുത്തതെന്നും നമ്മുടെ സാംസ്കാരികമന്ത്രി ഊന്നി പറഞ്ഞിട്ടുണ്ട്. മുന്‍പ്‌ അവാര്‍ഡ്കിട്ടിയ വ്യക്തിയുടെപേര് ലിസ്റ്റില്‍ വീണ്ടുംവന്നതും; ലിസ്റ്റ് കൊടുക്കേണ്ട അവസാനതിയതി കഴിഞ്ഞതിനുശേഷവും, രണ്ടുപേരെക്കൂടി പരിഗണിക്കണമെന്നുപറഞ്ഞുകൊണ്ട് മൂന്നുപേരുടെ ലിസ്റ്റ് കൊടുത്തതും; ചര്‍ച്ച വേണ്ടവിധംനടന്നു എന്നതിന് തെളിവായിക്കണ്ടാല്‍ മതി. മാത്രമല്ല കാലാകാലങ്ങളായി അവാര്‍ഡിനുള്ള ആളുകളെ കണ്ടുപിടിക്കുന്നത് നമ്മുടെ രാഷ്ട്രിയക്കാരാണ്. മന്ത്രിസഭാ ഉപസമിതിയാണ് പേരുകള്‍ കണ്ടുപിടിക്കുന്നത്. മന്ത്രിമാര്‍പയങ്കര പ്രതിഭകളായതുകൊണ്ട് ലിസ്റ്റില്‍ കടന്നുകൂടുന്നവരില്‍ അധികവും  യഥാര്ത്ഥപ്രതിഭകള്‍ ആണെന്നകാര്യത്തില്‍ ഇവിടെയാര്‍ക്കും തര്‍ക്കമില്ല.എന്നാല്‍ ഇത് ഡല്‍ഹിയിലുള്ളയെല്ലാവര്ക്കും ബോധിക്കണമെന്നു നിര്‍ബ്ബന്ധമില്ല. കള്ളനു കഞ്ഞിവച്ചവനും, വട്ടിപലിശക്കാരനും, പെണ്ണുപിടിയനും, കുത്തകമുതലാളിമാരുമൊക്കെ സ്ഥിരമായി; അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും; പ്രതിഭകളെന്നു പൊതുജനത്തിനുബോധ്യമുള്ളവര്‍ പിന്തള്ളപ്പെടുകയും ചെയ്യുന്നത് പതിവായപ്പോഴാണ്; ഓരോ മേഖലയില്‍നിന്നും അതതു മേഖലയില്‍പ്പെട്ട വിദഗ്ധസമിതി വേണം അവാര്‍ഡിനുള്ള പേരുകള്‍ പരിഗണിക്കാന്‍ എന്ന കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗരേഖ നിലവില്‍വന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അങ്ങനെ ഒരു രേഖ വന്നതിനെപ്പറ്റിയോ,വിദഗ്ധസമിതിയുടെ നിയമനത്തെപ്പറ്റിയോ സാംസ്കാരിക വകുപ്പിനോ, മറ്റു ഉത്തരവാദിത്വപ്പെട്ടവര്‍ക്കോ  ഒന്നുംപറയാനില്ല.. ചൈനാ സന്ദര്‍ശനവും, വിശ്വമലയാളവും,ബിനാലകളുംവഴി സംസ്ക്കാരത്തെ ഉദ്ധരിക്കാന്‍ നടക്കുമ്പോള്‍ ഇതൊക്കെ ആരറിയാന്‍...പഴയപോലെതന്നെ കുറച്ചു മന്ത്രിമാരെവെച്ച് ഒരു ഉപസമതിയുണ്ടാക്കി; അതില്‍ വീതംവെപ്പും ഭാഗംവെപ്പും നടത്തി ,സ്വന്തക്കാരെയും, കുടുംബക്കാരെയും തിരുകിക്കയറ്റി, പക്ഷക്കാരേയും, സഹയാത്രികരെയും ഉള്‍പ്പെടുത്തിതയ്യാറാക്കിയ ലിസ്റ്റും കുത്തിക്കെട്ടി ഡല്‍ഹിക്കു വിട്ടു. അങ്ങനെ; ഇന്നേവരെ ഒരുസാമൂഹ്യപ്രവര്‍ത്തനവും നടത്തിയതായി ആരും കേള്‍ക്കാത്തവരും, കലയെ കൊലചെയ്യുന്ന തവളപിടുത്തക്കാരും, മഷിനോട്ടക്കാരനും, മരുന്നുകച്ചവടക്കാരനുമൊക്കെ നിറഞ്ഞലിസ്റ്റ് ഡല്‍ഹിയില്‍ പാസായില്ല. മധു സാര്‍ മാത്രമാണ് അന്തിമലിസ്റ്റില്‍ പരിഗണിക്കപ്പെട്ടത്.ലിസ്റ്റില്‍ ഉണ്ടായിരുന്നവരൊക്കെ അത്രയ്ക്ക് യോഗ്യന്മാരായിരുന്നുവെന്നുവേണം കരുതാന്‍. യോഗ്യതയുണ്ടായിരുന്ന കുറച്ചുപേര്‍ക്കുടി മറ്റു യോഗ്യന്മാരുടെ കൂട്ടത്തില്‍ അയോഗ്യരായിയെന്നതാണ് സത്യം.

   ഓരോ പ്രതിഭകളും അവരുടെ കഴിവ്‌തെളിയിച്ചു കത്തിനില്‍ക്കുന്ന സമയത്ത് വേണ്ടപരിഗണന കൊടുക്കാതെ, വാര്‍ധക്യകാലത്ത് വിശ്രമജീവിതം നയിക്കുമ്പോള്‍ അവാര്‍ഡുകൊടുക്കുന്ന ഈ രീതികള്‍ മാറണം. പ്രമേഹരോഗിക്ക് ലഡു കൊടുക്കുന്നതുപോലെയായി ഇതിനെ ആരെങ്കിലും കണ്ടാല്‍ അതിനെ കുറ്റംപറയാന്‍ കഴിയില്ല.നമ്മുടെ ഭരണരംഗങ്ങളിലും ,ജനസമ്പര്‍ക്ക മേഖലകളിലും, പുരസ്കാര നിര്‍ണ്ണയ കമ്മിറ്റികളിലുമെല്ലാം അതതു മേഖലകളില്‍ കഴിവ്‌ തെളിയിച്ചവരെ നിയമിക്കേണ്ട കാലംകഴിഞ്ഞു. എന്തെങ്കിലുംഅനുഭവജ്ഞാനമോ, പ്രവര്‍ത്തിപരിചയമോ ഇല്ലാത്തവരെ രാഷ്ട്രിയം നോക്കിമാത്രം നിര്‍ണ്ണായകസ്ഥാനങ്ങളുടെ താക്കോല്‍ ഏല്‍പ്പിച്ചാല്‍ പൊട്ടന്‍ വട്ടു കണ്ടപോലെയായിരിക്കും ഫലം.

ചരിത്രമറിയാത്തവന്‍ ചരിത്രകാരന്‍, അറിവിനേക്കാള്‍ നിറത്തിനും പേരിനും പ്രാധാന്യം കൊടുക്കുന്ന വിദ്യാഭ്യാസം,അപ്പന്‍റെ ചന്തിയേലെ തഴമ്പിന്‍റെ പരാമ്പര്യത്തില്‍ നാടുഭരിക്കുന്ന മന്ത്രിമാര്‍,ഇങ്ങനെയുള്ള വിചിത്രകാര്യങ്ങള്‍ നടക്കുന്ന നാട്ടില്‍.......  സിവി രാമനെയും, സിവി രാമന്‍പിള്ളയെയുംതിരിച്ചറിയാത്തവര്‍ സാഹിത്യത്തെ ഉദ്ധരിക്കുന്ന കേരളത്തില്‍; ബെഞ്ചമിന്‍ബെയ്‌ലിയെ മതപരിവര്‍ത്തകനാക്കിയാലും, ചങ്ങമ്പുഴയ്ക്ക് വര്‍ദ്ധിക്യകാലപെന്‍ഷന്‍ അനുവദിച്ചാലും അത്ഭുതപ്പെടാനില്ല...ഇങ്ങനെ പോയാല്‍ വരുംകാലങ്ങളില്‍ ബണ്ടിചോരും,സുകുമാരകുറുപ്പുമൊക്കെ പത്മശ്രീകളാകാം, കസബിനു ഭാരതരത്നവും കൊടുക്കപ്പെടാം,,,,സമനില തെറ്റിയസമൂഹത്തില്‍ നട്ടഭ്രാന്തുള്ളവന്‍ നേതാവും;വികിടത്തരങ്ങള്‍ നിയമവും ആയിരിക്കും......

7 comments:

  1. ഈ നടന്മാര്‍ക്കും കോപ്പന്മാര്‍ക്കുമൊക്കെ എന്തോന്ന് പത്മഭൂഷണം കൊടുക്കാന്‍. അവരെന്താണ് സാധിച്ചിട്ടുള്ളത്?

    ReplyDelete
    Replies
    1. ഞാന്‍ ഈ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു.....

      Delete
  2. മിന്നല്‍വാസുJanuary 29, 2013 at 8:36 AM

    പട്ടിണി മാറ്റാന്‍ താരങ്ങള്‍ ഇവിടെ ഒളിംപിക്സ് മെഡല്‍ തൂക്കി വില്‍ക്കുന്നു...പിന്നെയല്ലേ കോപ്പില്‍ത്തെ ഒരു അവാര്‍ഡ്...ആവശ്യകാരന് വേണ്ടുവേളം കൊടുക്കട്ടെ ഒരെണ്ണത്തിനു ഒരു കോടി എന്ന വിലയും ഇടുക.ആ പൈസ കൊണ്ട് പൊതുകടം വീട്ടാം..........

    ReplyDelete
  3. നന്നായിട്ടുണ്ട്.

    ReplyDelete
  4. ഇങ്ങനെ പോയാല്‍ വരുംകാലങ്ങളില്‍ ബണ്ടിചോരും,സുകുമാരകുറുപ്പുമൊക്കെ പത്മശ്രീകളാകാം, കസബിനു ഭാരതരത്നവും കൊടുക്കപ്പെടാം,,,,സമനില തെറ്റിയസമൂഹത്തില്‍ നട്ടഭ്രാന്തുള്ളവന്‍ നേതാവും;വികിടത്തരങ്ങള്‍ നിയമവും ആയിരിക്കും................
    ഇതിലും കൂടുതല്‍ എനിക്കൊന്നും പറയാനില്ല !!
    എന്റെ ആളികത്തിയ രോഷം അല്പമോന്നടങ്ങി .....നന്ദി തുളസി !
    നല്ല എഴുത്തിനു ഒരായിരം ആശംസകള്‍ ..
    അസ്രുസ്

    ReplyDelete
    Replies
    1. ഇവിടം സന്ദര്‍ശിച്ച് അഭിപ്രായം പറഞ്ഞതിന് അസ്രുസ്നു പ്രത്യേകം നന്ദി അറിയിക്കുന്നു..

      Delete