**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, January 30, 2013

പ്രായപൂത്രിയും പാപമോചനവും........


 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
         

       ഇവനു  പ്രായപൂത്രിയായോ..... എന്നുള്ളതാണ് പ്രശ്നം.
 
  പ്രായപൂത്രിയല്ല പ്രസിഡണ്ടേ..... പ്രായപൂര്‍ത്തിയാണ്.

  ങ്ങാ...... അങ്ങനെയെങ്കില്‍ അങ്ങനെ ........അത് ആയില്ലേല്‍ നമ്മള്‍ കാണിക്കുന്നത് വലിയ വഞ്ചനയാകും. നാളെ മനുഷ്യാവകാശക്കാര് പ്രശ്നമാക്കാന്‍ സാധ്യതയുണ്ട്.

         കുന്തം.........

 ഇവന്‍റെയൊക്കെ ആസനത്തില്‍ ചട്ടകംപഴുപ്പിച്ചു വയ്ക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഹല്ലപിന്നെ..... എത്രരാത്രി ഉറക്കമിളച്ചിരുന്നിട്ടാ ഈ പണ്ടാരത്തെയൊന്ന് പിടിക്കാന്‍പറ്റിയത്, അറിയാമോ....പിടിച്ചുകഴിഞ്ഞപ്പോള്‍ ഒരു പ്രായപൂത്രി... പോകാന്‍ പറ.

 കുറച്ചുനാളുകളായി പഞ്ചായത്തിലെ സ്ത്രീജനങ്ങള്‍ക്ക്‌ പേടിസ്വപ്നമായി മാറിയ അജ്ഞാതമുഖംമൂടിയെ പിടിച്ചുകെട്ടിയ സന്തോഷത്തിലാണ് ആളുകള്‍. കുളിക്കടവിനടുത്തുള്ള പൊന്തകള്‍, കുളിപ്പുരകള്‍, പഞ്ചായത്ത്ഊടുവഴികള്‍  എന്നിവകേന്ദ്രികരിച്ച്‌ ഒറ്റയ്ക്കുപോകുന്നസ്ത്രീജനങ്ങളെ കയറിപ്പിടിക്കുകയും,  സ്ത്രീകള്‍മാത്രം താമസിക്കുന്ന വീടുകളില്‍ കതകില്‍ മുട്ടലും, കാലില്‍ തോണ്ടലും, വികാരപരവശതയോടുള്ള കീഴ്പ്പെടുത്തല്‍ ശ്രമങ്ങളും അരങ്ങേറാന്‍ തുടങ്ങിയപ്പോഴാണ് പഞ്ചായത്തിലെ പൌരാവലി ഒന്നിച്ചുണര്‍ന്ന് ശല്യക്കാരനെ നേരിടാന്‍ തീരുമാനിച്ചത്.പഞ്ചായത്ത് പ്രസിഡന്റിന്‍റെ വീട്ടിലെ ജനാലവഴി പ്രസിഡന്‍റ്പത്നിയുടെകാലില്‍ പിടിച്ചു; എന്നവാര്‍ത്ത അന്വേഷണത്തിനു ആക്കംകൂട്ടി.അങ്ങനെ ഇടവഴികളും, പെരുവഴികളും, കുളിക്കടവുകളും, കുളിപ്പുരകളുമെല്ലാം പഞ്ചായത്തിലെ യൂത്തിന്‍റെ കര്‍ശനനിരീക്ഷണത്തിലായി.നിരീക്ഷണങ്ങള്‍ പലതും അബദ്ധത്തില്‍ കലാശിക്കുകയും ചെയ്തു. വെളിക്കിരിക്കാന്‍ കുറ്റിക്കാട്ടില്‍ കയറിയ; കുട റിപ്പയറുകാരന്‍ റപ്പായിക്കുംകിട്ടി നിരീക്ഷണയോദ്ധാക്കളുടെ തല്ല് .ഒടുവില്‍ തെളിവു കാണിച്ചുകൊടുത്താണ് റപ്പായി രക്ഷപ്പെട്ടത്. മനസ്സില്‍ തോന്നിയ ദിവ്യപ്രേമം പുസ്തകതാളുകളിലെ അക്ഷരങ്ങളിലൂടെ എഴുതിക്കുട്ടി മടക്കിച്ചുരുട്ടി കാമിനിമാര്‍ക്ക് കൈമാറാന്‍ ശ്രമിച്ച; ഒന്നുരണ്ടു കാമുകന്മാരും ഗ്രാമവഴികളില്‍ വച്ച് അന്വേഷണസംഘത്തിന്‍റെ പിടിയിലായി. വിശദീകരണംകൊടുക്കാതെ ഓടി രക്ഷപ്പെടാനുള്ള പരാക്രമത്തില്‍ പലര്‍ക്കും; പലതും നഷ്ടപ്പെട്ടുവെന്നാണ് വാര്‍ത്ത. പിടുത്തംകൊടുക്കാതെ ഓടിരക്ഷപ്പെട്ട ഗ്രാമത്തിലെ അംഗികൃത അപ്പിഹിപ്പി ലീലാകൃഷ്ണനെ; കുറ്റിയില്‍ ഉടക്കിക്കിടന്ന മുണ്ടിന്‍റെയും, വേലിചാട്ടത്തിനിടയില്‍ ഒരു സെക്കന്‍ഡ്നേരത്തെ മിന്നലാട്ടംകൊണ്ട് കാണാന്‍ കഴിഞ്ഞ ജട്ടിയുടെകളറിന്‍മേലുമാണ് നിരീക്ഷണസംഘം തിരിച്ചറിഞ്ഞത്.

    എന്നിട്ടും യഥാര്‍ത്ഥശല്യക്കാരനെ പിടികിട്ടാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. രാത്രീകാലങ്ങളില്‍ നിരീക്ഷണസംഘങ്ങള്‍  ചെറുസംഘങ്ങളായി പിരിഞ്ഞ്, ഗ്രാമത്തിന്‍റെ ഇടവഴികളിലൂടെ ഇരപിടിക്കാന്‍പോകുന്ന മാര്‍ജാരന്‍മ്മാരെപ്പോലെ ശബ്ദമുണ്ടാക്കാതെ പതുങ്ങി കവാത്ത് നടത്തുകയാണ് പതിവ്‌. അന്നും രാത്രിയില്‍ സംഘങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള വഴികളിലൂടെ പരിസരങ്ങളെ നിരീക്ഷിച്ചുകൊണ്ട് നീങ്ങുമ്പോഴാണ്; തെങ്ങില്‍നിന്നുവീണുമരിച്ച വേലായുധന്‍റെ ഭാര്യ കാര്‍ത്ത്യായനിയമ്മയും രണ്ടുപെണ്‍മക്കളുമടങ്ങുന്ന വീട്ടില്‍നിന്ന് ഓടി വരണേയെന്നുള്ള.... ഉച്ചത്തിലുള്ള നിലവിളിയും; തുടര്‍ന്ന് ആരുടെയോ ദീനരോദനവും കേട്ടത്. അപകടംമണത്ത നിരീക്ഷണസംഘങ്ങള്‍ കൂട്ടത്തോടെ വിസിലടിക്കുകയും വീടിനെലക്ഷ്യമാക്കി ഓടുകയുംചെയ്തു. അവിടെ എത്തിയപ്പോള്‍ കാണാന്‍കഴിഞ്ഞത്, ഉലക്കയും കൈയ്യില്‍പിടിച്ചുനില്‍ക്കുന്ന കാര്‍ത്ത്യായനിയമ്മയും, മക്കളും; അവരുടെ മുന്നില്‍ സാഷ്ടാംഗപ്രണാമംചെയ്തു കിടക്കുന്ന ഒരു അഞ്ജാതനേയുമാണ്. ഉലക്കയ്‌ക്കുള്ള അടിയാണ് ടിയാനെ വീഴ്ത്തിയിരിക്കുന്നത്. മുഖംമൂടികൊണ്ട് മുഖം മറച്ചിരിക്കുന്നു.മേലാകെ കരിയോയില്‍ പൂശിയിട്ടുണ്ട്. കരിയോയില്‍ ചാത്തന്‍; വെളിക്കിരിക്കാനിറങ്ങിയ മകളെ കയറിപ്പിടിച്ചെന്നും എസ്കോര്‍ട്ട് പോയ കാര്‍ത്ത്യായനിയമ്മ അക്രമിയെ ഉലക്കകൊണ്ട് അറ്റാക്ക് ചെയ്തുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്......

      ചത്തോ..............??

 ചത്തിട്ടില്ല ബോധം പോയതാ.......... ആ മുഖംമൂടിയങ്ങ് ഊര് ആളെ അറിയാമല്ലോ .ഒരു ബക്കറ്റ് വെള്ളമെടുത്ത് തലയില്‍ ഒഴിച്ചപ്പോള്‍ വീണു കിടന്നവന്‍ ഞെട്ടിയെണീറ്റു..

നിരീക്ഷണസംഘത്തിലെ ശക്തന്മ്മാര്‍ അജ്ഞാതനെ കീഴ്പ്പെടുത്തി, മുഖംമൂടി വലിച്ചൂരി .

ആള് അഞ്ജാതജീവിയൊന്നുമല്ല നാട്ടുകാരന്‍ തന്നെ ...അത്യാവശ്യം ചെറിയ ഉളുമ്പുകളവൊക്കെ നടത്തിവരുന്ന; ആക്രിപെറുക്കുന്ന പക്രുവാണ് പ്രതി.

 താന്‍ ഒന്നുംചെയ്തിട്ടില്ലായെന്നും, രാത്രിയില്‍ ആളെ കണ്ടപ്പോള്‍ വെറുതെ തൊട്ടു നോക്കിയതാണെന്നും  പക്രു വെളിപ്പെടുത്തി.രാത്രി ഉറക്കമൊഴിച്ചു നിരീക്ഷണം നടത്തിയവരെല്ലാം കാലഭേദമില്ലാതെ പക്രുവിന്‍റെ പുറത്തു മേഞ്ഞുകൊണ്ടിരുന്നു...

 മതി മതി ചത്തുപോയാല്‍ സമാധാനം പറയേണ്ടി വരും...അവിടെ പിടിച്ചു കെട്ടിയിട് ...പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു...

 ഇതിനെ ഇനി എന്ത് ചെയ്യണം എന്നകാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്.. ശേഷക്രിയയ്ക്കായി പോലീസില്‍ ഏല്‍പ്പിക്കാമെന്ന് ഒരു കൂട്ടര്‍ .വേണ്ടത് ആവശ്യത്തിന് കൊടുത്തിട്ടുണ്ട്‌; അതുമതിയെന്നൊരു കൂട്ടര്‍ ,ഇതിനിടയിലാണ് ആരോപറഞ്ഞത്.. ഇവനു വോട്ടില്ല അതുകൊണ്ട്  പ്രായപൂര്‍ത്തിയായിട്ടില്ലായെന്ന്.....

  ആരുപറഞ്ഞു പൂര്‍ത്തി ആയിട്ടില്ലന്ന്; അങ്ങനെയാണെങ്കില്‍പ്പിന്നെ ഇവന്‍ ഈ പണിക്ക് ഇറങ്ങുമോ??. ഇവനു പൂര്‍ത്തിയായതിന്‍റെ ആര്‍ത്തിയാ... അല്ല പിന്നെ.............ഇവന്‍റെ കിടുങ്ങാമണി പൊട്ടിക്കണം....പക്രുകാരണം തല്ലു കൊള്ളേണ്ടിവന്ന നിരാശാകാമുകന്‍മാര്‍ രംഗത്തുവന്നു.പോലീസിനെ വിളിക്കൂ..............

ഈ പ്രായപൂര്‍ത്തി തര്‍ക്കം പഞ്ചായത്തുകടന്ന് വ്യാപിക്കുകയാണിപ്പോള്‍

 രാജ്യംമുഴുവന്‍പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റുയര്‍ത്തിയ, ഡല്‍ഹി ബലാത്സംഗകേസിന്‍റെ വിചാരണപരിപാടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തിലെ മുഴുവന്‍പ്രതികളെയും പോലീസ് അറസ്റ്റുചെയ്തു.പ്രതികള്‍ക്ക് പരമാവധിശിക്ഷയും, അതിനാവശ്യമായ നിയമനിര്‍മ്മാണവും നടത്തുമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. കത്തിനിന്ന പ്രതിഷേധം അങ്ങനെ പതുക്കെ ആറിത്തണുത്തുകഴിഞ്ഞിരിക്കുന്നു. ജനകീയ പ്രതിഷേധങ്ങളില്‍നിന്ന് പ്രതികളങ്ങനെ സുഖമായിരക്ഷപ്പെട്ടു.ശക്തമായ പോലീസ് സംരക്ഷണയില്‍ ഇതുവരെകഴിഞ്ഞുകൂടി. തങ്ങളെ തൂക്കി കൊന്നോളാന്‍വരെ അങ്ങു തട്ടിവിട്ടു. പക്ഷെ ഇനിയാണ് നിയമവിചാരണ നടക്കുന്നത്. ഈ വിചാരണയിലാണ് കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുകയും അതുവഴി പ്രതികള്‍ക്ക് മതിയായ ശിക്ഷകിട്ടുകയും ചെയ്യേണ്ടത്. ഈ സമയത്തുണ്ടാകുന്ന ചെറിയപാളിച്ചകള്‍ പോലും നിയമം നോക്കിമാത്രം ശിക്ഷവിധിക്കുന്ന നമ്മുടെ സംവിധാനത്തില്‍ പ്രതികള്‍ രക്ഷപെടാന്‍ വഴിതെളിക്കും. അതിനുള്ള ശ്രമം പ്രതികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നുവേണം കരുതാന്‍. ഡല്‍ഹിയില്‍ നടക്കുന്ന വിചാരണയില്‍ നീതികിട്ടില്ല; അതുകൊണ്ട് ഡല്‍ഹിക്കുപുറത്തേയ്ക്ക് കേസ്‌ മാറ്റണമെന്നതായിരുന്നു പ്രതികളുടെ ആദ്യ ആവശ്യം. ഇനി എന്തു നീതിയാണ് ഇവര്‍ക്കുകിട്ടേണ്ടത് എന്ന കാര്യത്തില്‍ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ആ ശ്രമം വേണ്ടത്ര ഏശിയില്ല. അതുകൊണ്ട് അടുത്തപണി തുടങ്ങിക്കഴിഞ്ഞു.പ്രതികളില്‍ ചിലര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായെന്നതാണ് പുതിയകണ്ടുപിടുത്തം. അങ്ങനെ വന്നാല്‍ വെറും മൂന്നുവര്‍ഷത്തെ തടവില്‍ സംഗതി ഒതുക്കി പുറത്തുവരാം. അടുത്ത ഇരയ്ക്കായി തിരച്ചില്‍  തുടങ്ങാം. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് രണ്ടുപ്രതികളാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.പ്രതികളുടെ വാക്കുകള്‍ നുണയാണെന്ന പോലിസിന്‍റെ വാദം എന്താകുമെന്ന് കണ്ടറിയണം.പ്രായം മനസിലാക്കാന്‍ എല്ലു പരിശോധന വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം...

  സത്യത്തില്‍ ഇത്ര കിരാതമായ ഒരു കുറ്റകൃത്യത്തില്‍; എന്താണ് പ്രായ പരിശോധനയുടെ പ്രാധാന്യം. ഏതു വിധേനയും പ്രതികള്‍ക്ക് രക്ഷപെടാന്‍ കഴിയുമോയെന്ന പരിശോധനയില്‍കവിഞ്ഞു എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?????. ആയിരം അപരാധികള്‍ രക്ഷപെട്ടാലും; ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നതുകൊണ്ട് ഇതാണോ അര്‍ത്ഥമാക്കുന്നത്. കൃത്യമായ തെളിവുകളുടെയും, പെണ്‍കുട്ടിയുടെ മരണമൊഴിയുടെയും അടിസ്ഥാനത്തില്‍ കുറ്റംചെയ്തവര്‍ ആരെല്ലാമെന്ന് ലോകം അറിഞ്ഞതാണ്. ഇനി കുറ്റവാളികള്‍ക്ക് ശിക്ഷകൊടുക്കുകയാണോ വേണ്ടത്; അതോ ആരെയൊക്കെ സാങ്കേതികനൂലാമാലകള്‍ കാണിച്ചുരക്ഷപ്പെടുത്താന്‍ പറ്റുമെന്ന് നോക്കുകയാണോ വേണ്ടത്??????. പ്രായപൂര്‍ത്തി എന്ന സാങ്കേതികത്വം പൊക്കിപ്പിടിച്ച് മിനിമം ശിക്ഷനേടി പുറത്തുവരാനുള്ള പ്രതികളുടെ വാദം അംഗികരിക്കാന്‍ കഴിയുമോ????. അതിനു കൂട്ടുനില്‍ക്കുന്നവരുടെ എത്തിക്സ് ശരിയാണോ..????  സമൂഹമനസാക്ഷിയെ ഞെട്ടിച്ച ഇത്തരം കൊലപാതകങ്ങളില്‍ പ്രതികള്‍ക്ക് ആവശ്യമായ നിയമസഹായം എന്നതുകൊണ്ട് എന്താണ് ഉദേശിക്കുന്നത്????.  എന്താണ് അഭിഭാഷകവൃത്തിയുടെ ധാര്‍മ്മികത????.  നിയമത്തെപ്പറ്റി അറിവില്ലാത്തതും, നിയമനിഷേധം നടക്കുന്നതുമായ കാര്യങ്ങളില്‍ നിയമത്തിന്‍റെ സംരക്ഷണം ഉറപ്പാക്കാന്‍ വ്യക്തികളെ സഹായിക്കുക എന്നതാണ് അഭിഭാഷകന്‍റെ ജോലി. അല്ലാതെ ഏതു ഭീകരകൃത്യത്തെയും അറിഞ്ഞുകൊണ്ട് ന്യായീകരിച്ച്; കുറ്റകൃത്യങ്ങളെ വെള്ളപൂശി  സമൂഹത്തെയും, നിയമത്തെയും കബിളിപ്പിച്ചുകൊണ്ട്‌ കുറ്റവാളികളെ രക്ഷപ്പെടുത്തലല്ല അഭിഭാഷകന്‍റെ ജോലി. അതു തങ്ങളുടെ തൊഴിലാണ് എന്ന പറച്ചില്‍ വെറും മുരട്ടുന്യായം മാത്രമാണ്. കൊടുംകുറ്റവാളികളെ നിയമത്തില്‍നിന്നും രക്ഷിക്കലാണ് വക്കീലിന്‍റെ പണിയെന്ന് ഒരു നിയമവും പറയുന്നില്ല. മറിച്ച് നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍പറയുന്ന ന്യായികരണം മാത്രമാണിത്. ഈ പ്രവണത കൊടുംകുറ്റവാളികളെ സൃഷ്ടിക്കുന്ന രീതിയാണ്. പണവും, കു:പ്രശസ്തിയും കിട്ടുവാന്‍വേണ്ടി കുറ്റവാളികളുടെ പങ്കുകാരായിമാറുന്ന ഇത്തരക്കാര്‍ക്ക് അഭിഭാഷകവൃത്തിമായി ബന്ധപ്പെട്ടുള്ള നിയമപരമായ ഒരു സംരക്ഷണവും നല്‍കാന്‍ പാടില്ലാത്തതാണ്. പണ്ട് കേരളത്തില്‍ ‘പ്രശസ്തനായ ഒരു വക്കീലും, ആയിരം രൂപയും’ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും കൊല്ലാം എന്നൊരു ചൊല്ല് ഉണ്ടായിരുന്നു. അത്തരം ഉണ്ടവിഴുങ്ങികളെ പ്രോത്സാഹിപ്പിക്കുന്നത് കെട്ടുറപ്പുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയ്ക്ക് നല്ലതല്ല.

  ലൈംഗികപരമായ കുറ്റകൃത്യങ്ങള്‍ചെയ്യുന്ന പ്രതികളുടെ പ്രായപൂര്‍ത്തി കണക്കാക്കുന്ന രീതിയേമാറണം.  വോട്ടവകാശത്തിനുള്ള പ്രായപൂര്‍ത്തിയും, ബലാത്സംഗംപോലുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രായപൂര്‍ത്തിയും എങ്ങനെയാണ് ഒരേപോലെ കണക്കാക്കുന്നത്. ജീവനുള്ള എല്ലാത്തിന്‍റെയും വളര്‍ച്ചയുടെപൂര്‍ത്തികരണം അതിന്‍റെ പ്രത്യുല്‍പാദനപരമായ കഴിവിന്‍റെ പൂര്‍ണ്ണതയിലാണ്. മാനസികവളര്‍ച്ചക്കുറവിനേയും, മറ്റു ജനിതക വൈകല്യങ്ങങ്ങളെയും വേണമെങ്കില്‍ മാറ്റിനിറുത്താം. ശാരീരികമായി പുതിയ ഒരു സന്താനത്തിനു ജന്മംകൊടുക്കാന്‍ പ്രാപ്തനായ ഏതൊരാളും സാധരണഗതിയില്‍ പ്രായത്തിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കുന്നുവെന്നുവേണം കരുതാന്‍. പതിനെട്ടുവയസ്സ് ആകുമ്പോഴാണ് ഇന്ത്യാക്കാരന് പ്രായപൂര്‍ത്തിയാകുന്നതെന്ന കണ്ടുപിടുത്തം കുറ്റകൃത്യങ്ങളുടെ കാര്യത്തിലെങ്കിലും മാറ്റേണ്ടിയിരിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതിയുടെ ലൈംഗികക്ഷമതയായിരിക്കണം പ്രായപൂര്‍ത്തിക്കുള്ള അടിസ്ഥാനം. ഇത്തരം ക്രൂരകൃത്യങ്ങളില്‍ പതിനേഴുകാരന്‍റെ പീഡനങ്ങളും, ഇരുപതുകാരന്‍റെ പീഡനങ്ങളും ഒരേ തുലാസില്‍തന്നെ തൂക്കണം. ഇരകളുടെ ശാരീരിക,മാനസിക മുറിവുകള്‍ക്കും  വേദനകള്‍ക്കുമാണ് പരിഗണനനല്‍കേണ്ടത്. ഇരയുടെ വേദനയേക്കാള്‍; പ്രതിയുടെ അവകാശത്തിനു പ്രാധാന്യംനല്‍ക്കുന്ന ഏതൊരുനിയമവും ഇരയോട് നീതിപുലര്‍ത്തുന്നില്ലായെന്നു  ഉറപ്പിച്ചുപറയാന്‍ കഴിയും. ഇത്തരം നിയമങ്ങള്‍, പരോക്ഷമായി ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തെ ഞെട്ടിപ്പിക്കുന്ന കുറ്റ കൃത്യങ്ങള്‍ സംഭവിക്കുമ്പോഴാണ് നമ്മുടെ നിയമത്തിന്‍റെ പോരായ്മകളും, കുറ്റവാളികള്‍ രക്ഷപ്പെടാനുള്ള പഴുതുകളും വെളിപ്പെടുന്നത്. അതു മനസ്സിലാക്കി നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.ഒരു കുറ്റവാളിക്ക് അയാള്‍ അര്‍ഹിക്കുന്ന; പരമാവധിശിക്ഷ കിട്ടുമ്പോള്‍ മാത്രമേ, നിയമപാലനം ശരിയായിനടക്കുന്നുവെന്നും; ഇരയ്ക്ക് ശരിയായ നീതിലഭിച്ചുവെന്നും പറയാന്‍കഴിയൂ.

5 comments:

  1. എന്ത് ചെയ്യാന്‍
    നമ്മുടെ രാജ്യവും അതിന്റെ പോക്കും കാണുമ്പോള്‍.....!!

    ReplyDelete
  2. മിന്നല്‍ വാസുJanuary 31, 2013 at 8:37 AM

    പതിനേഴിന്റെ പ്രായപൂര്‍ത്തി വിജയിക്കട്ടെ......പ്രായപൂര്‍ത്തിയകാതെ ഗര്‍ഭംധരിക്കുന്ന എല്ലാ പെണ്‍കുട്ടികളെയും ശിക്ഷിക്കണം .............

    ReplyDelete
    Replies
    1. പാക്കരന്‍January 31, 2013 at 3:52 PM

      പ്രായപൂര്‍ത്തിയാകാതെയുള്ള ഗര്‍ഭധാരണങ്ങളെ ദിവ്യഗര്‍ഭം എന്ന പരിഗണന കൊടുക്കണം.കാരണം പ്രായപൂര്‍ത്തിയാകാത്തവര്‍ ഇന്ത്യന്‍ നിയമത്തില്‍ പിതാവും മാതാവും ആകാന്‍ പാടില്ല ....

      Delete
  3. ബിനു ജോണ്‍January 31, 2013 at 3:49 PM

    കുറ്റവാളിക്ക് ശിക്ഷകൊടുക്കാനല്ല എങ്ങനെ അവനെ അതില്‍ നിന്നും ഒഴിവാക്കാം എന്നാണ് നമ്മുടെ നിയമങ്ങള്‍ പരിശോധിക്കുന്നത് ...........

    ReplyDelete
  4. കാര്യങ്ങള്‍ നന്നായി പറഞ്ഞിരിക്കുന്നു ..ആശംസകള്‍.

    ReplyDelete