**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, July 23, 2012

മുഖം നഷ്ടപ്പെട്ടവര്‍


      
 ഒത്തിരി സ്വപ്നങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടാണ് ഓരോ മലയാളിയും ഗള്‍ഫിലേക്ക്‌ എത്തുന്നത്. അഥവാ നാട്ടില്‍ നിന്ന് നോക്കുമ്പോള്‍ ഗള്‍ഫ്‌ ഒരു സ്വര്‍ഗമാണ്. മുത്തുകളും പവിഴങ്ങളുമെല്ലാം വരിയെടുക്കുന്ന ഒരു സ്വര്‍ഗലോകം . അത്തറുകളുടെയും ഈത്തപഴങ്ങളുടെയും സ്വപ്നലോകം. വന്നെത്തുന്ന ഒരു ചെറിയ ശതമാനം അല്ലലില്ലാതെ ജിവിച്ചുപോകുന്നുണ്ടെന്നത് ഒഴിച്ചാല്‍  ബാക്കി അധികവും തുച്ഛവരുമാനക്കാര്‍തന്നെ. ഇവിടത്തെ ചൂടിനോടും പരിമിതമായ ജീവിതസാഹചര്യങ്ങളോടും പടവെട്ടിനേടിയെടുക്കുന്ന ഓരോനാണയവും വളരെ വിലപ്പെട്ടതാണ്. അതിന്‌ വിയര്‍പ്പിന്‍റെ ഉപ്പ്‌രസവും അടിമത്വത്തിന്‍റെ വിലപറച്ചിലും ഉണ്ട്‌.നഷ്ടപ്പെട്ട ഒത്തിരി സന്തോഷങ്ങളുടെയും വീര്‍പ്പുമുട്ടലുകളുടെയും ആകെ തുകയാണത്. വമ്പന്‍മാരായ ബിസിനസ്സ്മാഗ്നറ്റുകളുടെ തീന്‍മേശയിലെ അപ്പകഷ്ണങ്ങള്‍ ആവോളും ആസ്വദിച്ചുകൊണ്ട്, വെളുക്കെചിരിച്ച് തുണിക്കടയിലെ പ്രതിമകളെപോലെ കുപ്പ്കൈ ഉയര്‍ത്തികാണിച്ച് എല്ലാം ശരിയാക്കിതരാം എന്ന് പറഞ്ഞ്‌ എസി കാറില്‍ ചുറ്റിനടന്ന് അവധിക്കാലം ആസ്വദിച്ചുമടങ്ങുന്ന നമ്മുടെ നേതാക്കന്മാര്‍ക്കൊന്നും യഥാര്‍ഥ പ്രവാസിയെ അറിയില്ല. അഥവാ അറിയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതാവും കുടുതല്‍ ശരി.അവന്‍റെ സങ്കടങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ചവറ്റുകുട്ടയിലാന്നു സ്ഥാനം. പിറന്ന നാടിന്‍റെ ചൂടുംചൂരും ഇഷ്ടപ്പെടാത്തതുകൊണ്ടല്ല അവര്‍ പ്രവാസികളയാത്.മറിച്ച് നാളെഎങ്ങനെ എന്ന ചോദ്യത്തിനുമുന്‍പില്‍ പകച്ചുനില്‍ക്കുന്ന ഒരു കുടുംബത്തിനു വേണ്ടിയാണ്. സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ പല്ലിളിച്ചുകാണിച്ചപ്പോള്‍, മോഹനവാഗ്ദാനങ്ങള്‍ക്ക് വയറിന്‍റെഎരിച്ചിലുകള്‍ക്ക് ശമനം വരുത്താന്‍ കഴിയില്ലന്നുള്ള തിരിച്ചറിവാണ് അവനെ പ്രവാസിയാക്കിയത്. കൊടുംവെയിലത്ത്‌ ഈന്തപ്പനചോട്ടിലിരുന്ന്‍ ഒരു ദിര്‍ഹത്തിന്‍റെ കുപ്പുസിലും ഒരു ബോട്ടില്‍ തൈരിലും ഉച്ചഭക്ഷണമൊതുക്കുന്ന ഒരു സാധാരണ തൊഴിലാളിക്ക് ഒറ്റ ആഗ്രഹമേ ഉള്ളു, ഒറ്റ ചിന്തയെ ഉള്ളു; നാട്ടിലെ കുടുംബം കുത്തരിചോറ്തന്നെ ഉണ്ണണം എന്ന്. ആഴ്ചകളിലെ ഓരോ വെള്ളിയാഴ്‌ചയും ഓരോ സ്വാതന്ത്ര്യദിനം പോലെയാണ്; മുഷിഞ്ഞുനാറിയ പരുക്കന്‍വസ്ത്രങ്ങളും ഹെല്‍മറ്റും കാലുറകളുമെല്ലാം അഴിച്ചുവച്ച് സ്വാതന്ത്ര്യത്തോടെ നടക്കാവുന്ന ഒരു ദിവസം.
     വെള്ളിയാഴ്ചകളില്‍  ഈന്തപ്പനതണലിലും കല്ബെഞ്ചുകളിലും, റോഡരികിലെ പുല്‍ത്തകിടികളിലും ഇരുന്ന്‍അനന്തതയിലേക്ക്‌ കണ്ണുംനട്ടിരിക്കുന്ന ഓരോ മനുഷ്യനും അവന്‍ ഏതു രാജ്യക്കരനാവട്ടെ ഉറപ്പിച്ചുപറയാം അയാളുടെ മനസ്സ് നാട്ടിലാണ്;ആകാശത്ത് തെന്നിനിങ്ങുന്ന മേഘങ്ങളോട് തന്‍റെ വിശേഷങ്ങള്‍ പറഞ്ഞുവിടുകയാവും.
     പരിചയപ്പെടുന്ന ഓരോ പ്രവാസിക്കും പറയാനുള്ളത്‌ നാട്ടിലെ വിശേഷങ്ങള്‍ മാത്രം. എന്താ മാഷെ കുരങ്ങന്‍ ചത്ത കാക്കലനെപോലെ ഇരിക്കുന്നത്.......? നാട്ടില്‍ ലീവിന് പൊയി തിരിച്ചുവന്ന സുഹൃത്ത് അനക്കമില്ലാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ ചോദിച്ചതാണ്;  ഏയ്‌ ഒന്നുമില്ല എന്ന മറുപടിയും ഒരു ചിരിയും; ഇതു പറയുന്നതിനിടയില്‍ അയാളുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണുനീര്‍ നിലത്തുവിണോ എന്ന്ഒരു സംശയം. അയാളുടെ കയ്യിലിരിക്കുന്ന മൊബൈലില്‍ റോസ്ഫ്രോക്ക് ധരിച്ച ചിരിച്ചുകൊണ്ടിരിക്കുന്ന ഒരുപെണ്‍കുട്ടിയുടെ ഫോട്ടോ ഉണ്ടായിരുന്നു; “ മകളാണ്” തിരിച്ചുപോരാന്‍നേരത്ത് വലിയകരച്ചിലായിരുന്നു. അടുക്കളയില്‍ നില്‍ക്കുന്ന ഭാര്യയുടെയും, പണിതിരാത്ത വീടിന്‍റെയും, കെട്ടിച്ചുവിടാനുള്ള പെങ്ങളുടെയുമൊക്കെ ഫോട്ടോ മൊബൈല്‍സ്ക്രിനിലുടെ അയാള്‍ എന്നെ കാണിച്ചു. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല എങ്കിലും ആശയങ്ങള്‍ കൈമാറപ്പെട്ടു; അയാളുടെചുവന്ന കണ്ണുകള്‍ എന്നിലുടെ ഒരു നീറ്റ്ല്‍ കടത്തിവിട്ടു...........

      നാടെവിടെയാ.......... കണ്ണൂര്‍ആന്നോ. പറശ്ശിനികടവില്‍ വന്നിട്ടുണ്ടോ? എന്‍റെ വീട് അവിടെയാ. തിണ്ണയില്‍നിന്ന്നോക്കിയാല്‍ പുഴകാണാം. കണ്ണൂര്‍ക്കാരന്‍ സുഹൃത്ത് വാചാലനായി. മുത്തപ്പന്‍ മടപ്പുരയിലെ പയറിട്ടു പുഴുങ്ങിയ നിവേദ്യചോറിനെക്കുറിച്ചും,പുഴയ്ക്കക്കരെയുള്ള തെങ്ങിന്‍തോട്ടത്തിലെ കള്ളുഷാപ്പില്‍കിട്ടുന്ന പുളിയിട്ടുപറ്റിച്ച മീന്‍കറിയെക്കുറിച്ചും അയാള്‍ പറഞ്ഞപ്പോള്‍ അറിയാതെ അമ്മയെ ഓര്‍ത്തുപൊയി. സ്കൂള്‍വിട്ട് വിശക്കുന്നവയറുമായി വീട്ടിലെത്തുമ്പോള്‍ ചെണ്ടന്‍കപ്പയും മീന്‍ കറിയുമായി അമ്മ കാത്തിരിപ്പുണ്ടാകും.അതിന്‍റെ ഒരു രുചി; വായില്‍ വെള്ളംനിറയുന്നു. അറബിനാട്ടിലേക്ക്‌ എന്നെ യാത്രയാക്കുന്ന സമയത്ത് അമ്മ എന്നോട് ഒന്നും പറഞ്ഞില്ല.പക്ഷെ നെറ്റിയില്‍തന്ന മുത്തത്തോടൊപ്പം വീണ ഒരുതുള്ളികണ്ണുനീര്‍.... അതിന്‍റെ ചുട്..അതിന് ഇരുമ്പ് വടത്തിനേക്കാള്‍ കരുത്തുണ്ട്.ബന്ധങ്ങളുടെ കരുത്ത്‌.......കൊതുമ്പ് വളളത്തില്‍ പുഴയിലുടെ സഞ്ചരിക്കുമ്പോള്‍ വീശുന്ന തണുത്തകാറ്റ് എല്ലാ നൊമ്പരങ്ങള്‍ക്കും പ്രതിവിധിയാണന്ന്‍ സുഹൃത്ത് പറഞ്ഞു. നഷ്‌ടപ്രതാപത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന കണ്ടല്‍ക്കാടുകള്‍ക്കരികിലുടെ ചൂണ്ടച്ചരടുമായ് നീങ്ങുന്ന സുഹൃത്തിന്‍റെ ഓര്‍മ്മകള്‍ എന്‍റെമനസ്സില്‍ ഒരു ദൃശ്യാനുഭാവമാണ് വരച്ചുതന്നത്.ഒരു നിമിഷംകൊണ്ട് ഞാനും വാഴപിണ്ടികള്‍ കൂട്ടികെട്ടിയ ചങ്ങാടത്തില്‍ പുഴയിലുടെ നിങ്ങിയ പഴയകാലത്തെക്ക് പറന്നെത്തി. പുഴ എന്നും ഒരു അനുഭവമായിരുന്നു.മഴക്കാലത്ത്‌ കലങ്ങിമറിഞ്ഞ് കലിതുള്ളി ഒഴുകിയപുഴ വേനലിന്‍റെ ആരംഭത്തില്‍ ഒരു ശാലിനസുന്ദരിയായ് മാറുന്നു.സ്കൂള്‍ജിവിതത്തിലെ ചോറുണ്ണല്‍ എന്നും പുഴക്കരയില്‍ ആയിരുന്നു. ഉച്ചച്ചുടില്‍നടന്ന്‌ വിയര്‍ത്തകാലുകള്‍ തെളിനിരില്‍ മുക്കുമ്പോള്‍ കിട്ടുന്ന ആ സുഖം അവര്‍ണ്ണനീയം ആണ്.കാലിയായ ചോറ്റുപാത്രങ്ങള്‍ വെള്ളത്തിലുടെ തെന്നിച്ചേറിയുമ്പോള്‍ ഉണ്ടാകുന്ന ഓളങ്ങള്‍ഇന്നും മനസിലുണ്ട്. പുഴക്കരയില്‍നിന്നുകിട്ടുന്ന ചുമപ്പും,കറുപ്പും,വെളുപ്പും നിറംകലര്‍ന്ന കല്ലുകള്‍ എന്നും കീശയില്‍ ഉണ്ടായിരുന്നു. ചോറ്മണികള്‍ വെള്ളത്തിലേക്ക്‌ എറിഞ്ഞാല്‍ അവ തിന്നാന്‍ പരല്‍മീനും പള്ളത്തിയും,നെറ്റിപൊട്ടനുമൊക്കെ ഓളപരപ്പിലേക്ക് ഓടി എത്തുമായിരുന്നു.അടുത്ത പ്രാവശ്യം നാട്ടില്‍ ചെല്ലുമ്പോള്‍ പുഴ അവിടെ ഉണ്ടാകുമോ ആവൊ................

 ഹലോ.. ഇതാരാ....കാണാന്‍കിട്ടുന്നില്ലല്ലോ......തിരക്കാണപ്പാ....
പെങ്ങളുടെ കല്യാണത്തിന് പണ്ടവുംപണവും ഉണ്ടാക്കുന്ന തിരക്കിലാണ് മലപ്പുറംകാരന്‍ കുഞ്ഞപ്ദുള്ള. അടുത്ത മാസമാണ് നിക്കാഹ്.പണത്തിന്‍റെ ആവശ്യം ജോലിസമയം പതിനെട്ട്മണിക്കുറാക്കി, അധ്വാനത്തിന്‍റെ കൂലിയും ചിലവിനുള്ള തുകയും തമ്മിലുള്ള അന്തരം ദിവസവും കൂടി വരുന്നു.അതോടൊപ്പംതന്നെ കുഞ്ഞപ്ദുള്ളയുടെ കണ്‍പോളകളുടെ കറുപ്പും കൂടി വന്നു. പ്രവാസിയുടെ കണ്‍പോളകളുടെ കറുപ്പ്‌ കൂടി വരുമ്പോള്‍ നാട്ടില്‍ വിട്ടുകാരുടെ തൊലിക്ക് നിറംകൂടി വരുന്നു. “മൂന്നുപേരുടെ നിക്കാഹ് കഴിഞ്ഞു ഇത്അവസാനത്തെ ആളാണ്‌.ഇതുംകൂടികഴിഞ്ഞുവേണം വല്ലതും സമ്പാദിക്കാന്‍; ഒരു വീട് വേണം. തറ കെട്ടിയിട്ടിട്ടുണ്ട്; കുറച്ച് കാലമെങ്കിലും കുടുംബത്തോടൊപ്പം കഴിയണം... ഹാ എല്ലാം നടക്കുമായിരിക്കും............ പിന്നിടുണ്ടായ നിശബ്ദത... എന്താണതിനു പറയുക എല്ലാ വികാരങ്ങളുടെയും ആകെ തുകയല്ലേ അത്‌?

       ചൂട് കാറ്റ് വീശുന്നു. നാളെ കാണാമെന്ന് പറഞ്ഞ്‌ എല്ലാവരും പിരിഞ്ഞു.റൂമില്‍ എത്തി ടിവി തുറന്നു; നാട്ടില്‍ ആഘോഷങ്ങളുടെ തിരക്കാണ്. ഓണം,വിഷു,ഈസ്റ്റാര്‍,റംസാന്‍ അങ്ങനെഎല്ലാംഒരു നിശ്ച്ചിത അകലത്തില്‍ വന്നുകൊണ്ടിരിക്കുന്നു.പച്ചക്കറിക്ക് തീവില, പഴങ്ങള്‍ക്ക് തീവില ;വിലക്കയറ്റം തന്നെ; തീവിലയെക്കുറിച്ച് പറയുമ്പോള്‍ ടിവി സ്ക്രീനില്‍ മിന്നിമറയുന്ന മത്തനും,വെള്ളരിയും,ചീരയും,മുരിങ്ങക്കായുമെല്ലാം മനസ്സിലെ തീയില്‍ വെള്ളമൊഴിക്കുന്ന കാഴ്ചകളാണ്.ഞാലിപൂവനും പാളയംകോടനും എത്തപഴവുമെല്ലാം കാഴ്ച്ചകളിലുടെ ഒരു സുഖംതരുന്നു.
     മറുനാടന്‍ അസോസിയേഷനുകളില്‍ കോട്ടുംടൈയും കെട്ടിനടത്തുന്ന പൊറോട്ട് നാടകങ്ങളിലും, സെറ്റ്‌മുണ്ടുടുത്ത് മാംസപിണ്ടങ്ങള്‍ നടത്തുന്ന തിരുവാതിരക്കളികളിലുമൊന്നും പങ്ക്ചേരാന്‍ കഴിയാതെ പടിക്ക്പുറത്ത്‌ മണല്‍ക്കാറ്റിനോടും ചൂടിനോടും പൊരുതി; പരാതിപറയാതെ, പരിഭവമില്ലാതെ എല്ലാം ഒരു ദീര്‍ഘനിശ്വാസത്തില്‍ ഒതുക്കുന്ന ഒരു വിഭാഗമുണ്ട്; യഥാര്‍ത്ഥ പ്രവാസി.അവിടെ കണ്ണുനീരിന്റെ നനവുണ്ട്. വിയര്‍പ്പിന്റെ ഉപ്പുമുണ്ട്. വിശാലമായ ക്യാന്‍വാസില്‍ ഗള്‍ഫിനെക്കുറിച്ച് വരയ്ക്കുന്ന ചിത്രങ്ങളിലെ ചായക്കൂട്ടുകള്‍ക്ക് സുന്ദരമായ ഒരു ശൈലി പ്രാധാനം ചെയ്യുന്നത് ഇവരാണ്...................................

No comments:

Post a Comment