**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, November 1, 2012

അപമാനിതയാകുന്ന കേരളം

അങ്ങനെ ഒരു കേരളപ്പിറവിദിനംകൂടി വന്നെത്തി. കേരളത്തിന്‌ 56വയസ്സ് ആയിരിക്കുന്നു. എല്ലാ കേരളിയര്‍ക്കും കേരളപ്പിറവിദിനാശംസകള്‍ നേരുന്നു. ചരിത്രം നോക്കിയാല്‍...........

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം.  വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടക്കായും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന  തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കർണ്ണാടകത്തിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്. ഇന്ത്യയിലെ തന്നെ ഉല്‍ബുദ്ധരായ ഒരുജനത താമസിക്കുന്ന ഇടമാണിത്.കണക്കുകള്‍ പ്രകാരം വികസിത രാജ്യങ്ങള്‍ക്കൊപ്പം ജീവിത നിലവാരം പുലര്‍ത്തുന്ന ജനത. അഭ്യസ്തവിദ്യരും സംസ്ക്കാരസമ്പന്നരുമായ ആളുകള്‍. ആളോഹരി വരുമാനത്തിലും ജീവിതനിലവാരത്തിലും മറ്റുഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ മികച്ചുനില്‍ക്കുന്ന സംസ്ഥാനം.അങ്ങനെ നിരവധികാര്യങ്ങളില്‍ നമുക്ക് അഭിമാനിക്കാം.ഒരു നാടിനെ സംബന്ധിച്ച് അന്‍പത്തിയാറ് വര്‍ഷം എന്നുള്ളത് വലിയ ഒരു കാലയളവൊന്നുമല്ല.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഈ കാലയളവില്‍ നമ്മള് വളരെദൂരം മുന്നോട്ട് പോയിരിക്കുന്നുയെന്നുള്ളതില്‍  തീര്‍ച്ചയായും അഭിമാനത്തിന് വകയുണ്ട്. എന്നാലും ഒരു സ്വയംവിമര്‍ശനം ഈ സമയത്ത് വളരെ നല്ലതാണ്.നമ്മള്‍ എവിടെവരെ എത്തി. എവിടെവരെ എത്താന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ അവിടെനില്‍ക്കുന്നു. നാളെമുതല്‍ എങ്ങനെ മുന്നോട്ട് പോകാം എന്നുള്ളതിനെക്കുറിച്ചു ചിന്തിക്കുന്നതില്‍ തെറ്റൊന്നുമില്ല.

 നമ്മുടെ ഏറ്റവുംവലിയ ശാപം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തന്നെയാണ്.അടിസ്ഥാനസൗകര്യങ്ങളെ രണ്ടായിത്തിരിക്കാം വ്യക്തിയുടെയും, സമൂഹത്തിന്‍റെയും.ഇതില്‍ വ്യക്തിപരമായി സൃഷ്ടിക്കുന്ന  അടിസ്ഥാനസൗകര്യങ്ങളില്‍ നമ്മള്‍ മുന്നിലാണ്. അത് കേരളിയന്‍റെ മാത്രം പ്രത്യേകതയാണ്. ആരോഗ്യവിദ്യാഭ്യാസമേഖലകളിലും കുടുംബജിവിതനിലവാരത്തിലും കേരളിയന്‍ ഏറെ മുന്നിലാണ്. എത്രകഷ്ടപ്പെട്ടും മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്ന മാതാപിതാക്കളും,സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിലും, വ്യക്തിശുചിത്വം പാലിക്കുന്നതിലും ശ്രദ്ധപുലര്‍ത്തുന്ന ആളുകളും  കേരളത്തിന്‍റെ പ്രത്യേകതയാണ്. കുടുംബത്തെ സംരക്ഷിക്കുന്നതിലും അതിന്‍റെ കെട്ടുറപ്പ് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിലും മലയാളി ശ്രദ്ധാലുവാണ്.അങ്ങനെ മലയാളിയുടെ വ്യക്തിപരമായ അടിസ്ഥാന സൗകര്യങ്ങള്‍ അവരുതന്നെ വളര്‍ത്തിയെടുക്കുന്നു.അതിന്‍റെ പ്രതിഫലനമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ പുരോഗതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 സാമൂഹ്യപരമായ അടിസ്ഥാന സൗകര്യങ്ങളില്‍ നമ്മുടെ സ്ഥാനം ഇപ്പോഴും വളരെ പിറകില്‍ തന്നെയാണ്.ഒരു ജനതയ്ക്ക് സാമൂഹ്യപരമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അങ്ങനെ  ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളെ നിയമപരിപാലനത്തിലൂടെ  സംരക്ഷിച്ചു കൊണ്ടുപോകുന്നതിനുമായാണ്; ഒരു സര്‍ക്കാരിനെ ജനം തിരെഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ സര്‍ക്കാര്‍  അവരുടെ ചുമതല നിറവേറ്റുന്നുണ്ടോ??. ജനങ്ങളുടെ പൊതുപണസഞ്ചിയായ ഖജനാവിലെ പണം എങ്ങനെയാണ് അധികാരികള്‍ ചെലവാക്കുന്നത്.??സാമൂഹ്യപരമായി ഒരു ജനതയ്ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളായ നല്ല റോഡുകള്‍, വൈദ്യുതി, ആശുപത്രികള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, അവശ്യസാധനങ്ങളുടെ ലഭ്യത തുടങ്ങിയവയുടെ കാര്യത്തില്‍  നമ്മുടെ പുരോഗതി എവിടെവരെയായി. അഴിമതിയില്‍ മുങ്ങിത്താഴാത്ത ഏതെങ്കിലും മേഖല ചൂണ്ടിക്കാണിക്കാന്‍ നമുക്ക്‌ പറ്റുമോ?.ആരാണ് ഇതിനു ഉത്തരവാദി?? അന്‍പത്തിയാറുകൊല്ലംകൊണ്ട് കേരളത്തിന്‍റെ എല്ലാ മേഖലയിലും അഴിമതി പിടിമുറുക്കിയിരിക്കുന്നു. വികസനപദ്ധതികള്‍ അഴിമതി നടത്താന്‍ വേണ്ടിമാത്രം സൃഷ്ടിക്കപ്പെടുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് മന്ത്രിമാര്‍ ആഡംബരജീവിതം നയിക്കുന്നു. ദരിദ്രനെ കൂടുതല്‍ ദരിദ്രനും സമ്പന്നനെ കൂടുതല്‍ സമ്പന്നനുമാക്കുന്ന നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അഴിമതി ചൂണ്ടിക്കാണിക്കാത്ത ഏതെങ്കിലും ഒരു പദ്ധതി പറയാന്‍ പറ്റുമോ. ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യേണ്ട സ്ഥലമായ നിയമസഭ; ജനപ്രതിനിധികള്‍ക്ക് ഉറങ്ങാനുള്ള സ്ഥലമായി മാറിയിരിക്കുന്നു. ഇങ്ങനെ ഉണ്ടും ഉറങ്ങിയും ഭരണം നടത്തുന്ന ഈ അലസന്മ്മാരെ നമ്മള്‍ പിന്നെയുംപ്പിന്നെയും ചുമക്കുന്നു. മലയാളിയുടെ രാഷ്ട്രിയബോധം എവിടെയോ എത്തിയിരിക്കുന്നു.

 ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ജനിക്കാന്‍ ഭാഗ്യംലഭിച്ച നമ്മള്‍ ദൈവങ്ങളുടെ പേരുപറഞ്ഞ് തമ്മില്‍ത്തല്ലുന്നു. ജാതിയുംമതവും പറഞ്ഞ് മനുഷ്യരെ തമ്മില്‍ അകറ്റുന്നു. എന്തിനു വേണ്ടി??ആര്‍ക്കു വേണ്ടി?? ഒരു വിഭാഗം നേതാക്കളുടെ സുഖജീവിതത്തിനും സാമ്പത്തിക ലാഭത്തിനും വേണ്ടി മാത്രം. മതനേതാക്കളും ജാതിനേതാക്കളും സുഖജിവിതം നയിക്കുമ്പോള്‍ അനുയായികളും അവരുടെ കുടുംബവും എങ്ങനെ ജീവിക്കുന്നു എന്ന് ഇവരാരെങ്കിലും തിരക്കാറുണ്ടോ??.സമുദായത്തെ നന്നാക്കുമെന്ന് പറയുന്ന ഇവര്‍ നമ്മുടെ ഏതു ആവശ്യമാണ് നിറവേറ്റിതന്നത്. നമ്മളുടെ കഴിവ്‌കൊണ്ട് നമ്മള്‍ക്ക് നടത്താവുന്നതിനപ്പുറമൊന്നും ഇവരാരും നമ്മള്‍ക്ക് ചെയ്തുതരില്ല. ചുരുക്കത്തില്‍ നമ്മുടെ ശക്തിയേയും അധ്വാനത്തെയും ചൂഷണം ചെയ്തു ജീവിക്കുന്ന ഇത്തരക്കാരെ കേരളത്തിനു  ആവശ്യാമാണോയെന്ന് ഈ കേരളപ്പിറവി ദിനത്തിലെങ്കിലും  ചിന്തിക്കാം. എല്ലാ മതങ്ങളും ജാതികളും ഏകോദരസഹോദരങ്ങളെപ്പോലെ കഴിയുന്ന ഒരു കേരളമാണ് നമുക്കാവശ്യം.

 മലയാളഭാക്ഷ സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ചേര്‍ത്താണ് കേരളം രൂപമെടുത്തിരിക്കുന്നത്. മാതൃഭാഷയുടെയും മലയാളസാഹിത്യത്തിന്‍റെയും ഇന്നത്തെ അവസ്ഥ എന്താണ്??.ഭാഷയെ പോഷിപ്പിക്കാനുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും തലപ്പത്ത് രാഷ്ട്രിയമാണ് കളിക്കുന്നത്.മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ടെന്നു പോലും തിട്ടമില്ലാത്ത വികിടന്മാര്‍ മലയാള സാഹിത്യത്തെ നിയന്ത്രിക്കുമ്പോള്‍ എങ്ങനെയാണ് ഭാഷ ജീവിക്കുന്നത്. മലയാളഭാഷയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലാത്ത രാഷ്ട്രിയക്കാരാണ്; ഭാഷയെ പോഷിപ്പിക്കാനെന്ന പേരില്‍ ഘോഷിക്കപ്പെടുന്ന  വിശ്വമലയാള മഹോല്‍സവത്തിനും സ്റ്റേജ്‌ കയ്യടക്കിയിരിക്കുന്നത് . ജനം തെറിവിളിക്കാതിരിക്കാന്‍ വേണ്ടിമാത്രം  ഒരു ഒഎന്‍വി-യെയോ എംടി-യെയോ കസേരയില്‍ ഇരുത്തും; അത്ര തന്നെ. സ്റ്റേജും  മൈക്കും രാഷ്ട്രിയക്കാര്‍ക്ക് വേണം. വിശ്വമലയാളസമ്മേളനത്തിന്‍റെ ഉത്ഘാടനം തന്നെ ഇംഗ്ലീഷിലാണ് നടത്തിയത് ; ആരെ ബോധിപ്പിക്കാനാണ് മാഷേ ഈ വേഷം കെട്ടലുകള്‍. വിശ്വമലയാളത്തിന്‍റെ സ്റ്റേജ് കയ്യടക്കിയ ആള്‍ക്കാരെ നോക്കു.പ്രസിഡന്റ് പ്രണാബ്കുമാര്‍ മുഖര്‍ജിയെ വിശിഷ്ടവ്യക്തി എന്നനിലയില്‍  മാറ്റിനിറുത്തിയാല്‍. ബാക്കി മാന്യന്‍മ്മാരെ നോക്കു..... ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, കെ സി ജോസഫ്, ശശിതരൂര്‍,പാലോട് രവി, കെസി വേണുഗോപാല്‍, കെ എം മാണി,.വിഎസ് ശിവകുമാര്‍. പിജെ കുര്യന്‍, അബ്ദുറബ്, മേയര്‍ ചന്ദ്രിക, കെ മുരളിധരന്‍ അങ്ങനെ പോകുന്നു.... മലയാളത്തിന്‍റെ  മേമ്പോടിക്കായി ഒഎന്‍ വി കുറുപ്പും, എം ടി വാസുദേവന്‍നായരും. പിന്നെ നന്ദി പറയാന്‍ ഒരു പെരുമ്പടവം ശ്രീധരനും... അല്ല; ഇതൊക്കെ കാണുന്നതുകൊണ്ട് ചോദിക്കുകയാണ്... ഈ ഒരു പരിപാടിയിലെങ്കിലും രാഷ്ട്രിയക്കാരെ..... നിങ്ങള്‍ക്ക് സ്റ്റേജില്‍നിന്നും ഇറങ്ങി കേള്‍വിക്കാരായിയിരുന്നുകൂടെ???. ഭാഷയെ പോഷിപ്പിക്കുന്ന എത്രയോ സാഹിത്യകാരന്മ്മാര്‍ നാട്ടില്‍ വേറെ കിടക്കുന്നു; അവര്‍ക്ക് മലയാളത്തെപ്പറ്റി പറയാന്‍ ഒരു അവസരം കൊടുത്തുകൂടായിരുന്നോ??....പറഞ്ഞത് അവിവേകമായെങ്കില്‍ അടിയനോടു പൊറുക്കണം. ഭാഷയെപ്പറ്റിയോ മലയാള സാഹിത്യത്തെപ്പറ്റിയോ ഒരു പിടിയുമില്ലത്തവര്‍ സാംസ്കാരികവകുപ്പ്‌ ഭരിക്കുമ്പോള്‍ ഇതിലും വലിയ തമാശകള്‍ ഇനിയും പ്രതിക്ഷിക്കാം.. മലയാളമഹോത്സവത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ സ്ഥാപിച്ച സാഹിത്യനായകന്മ്മാരുടെ പ്രതിമകള്‍ കണ്ടാലറിയാം സാംസ്‌കാരികവകുപ്പിന്‍റെ മൊത്തത്തിലുള്ള വെളിവുകേട്. വകുപ്പിലാര്‍ക്കും വെളിവില്ലേ എന്ന് ന്യായമായും സംശയിക്കും. സാഹിത്യനായകനായ സിവി.രാമന്‍പിള്ളയെ; ശാസ്ത്രകാരനായ സിവി രാമനാക്കി മാറ്റാന്‍ നമ്മുടെ സംസ്കാരികവകുപ്പിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. തീര്‍ന്നില്ല വികിടത്തരങ്ങള്‍; മുപ്പത്തിയേഴാം വയസ്സില്‍ അന്തരിച്ച ചങ്ങമ്പുഴയെ പടുകിളവനാക്കിയുള്ള അപൂര്‍വ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ ബെഞ്ചമിന്‍ബെയിലിയെ മതപരിവര്‍ത്തകനായിട്ടാണ് നമ്മുടെ സാംസ്കാരിക വകുപ്പ്‌ വിശേഷിപ്പിച്ചിരിക്കുന്നത്.മലയാള ഭാഷാചരിത്രത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അര്‍ണ്ണോസ് പാതിരിയെയോ,ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയെ ഒരു വിവരവും കാണുന്നില്ല.മലയാള ഭാഷാസാഹിത്യത്തിലെ പ്രമുഖയായ സുഗതകുമാരി ടീച്ചറെയും സംഘാടകര്‍ മറന്നുവെന്നു തോന്നുന്നു. ഏഴാംക്ലാസുവരെയെങ്കിലും മലയാളം പഠിച്ചിട്ടുള്ള ഏതൊരാള്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് ഒത്തിരി അറിയാമെന്നുപറയുന്ന മന്ത്രിയും; മന്ത്രിയുടെ വകുപ്പും തെറ്റിച്ചിരിക്കുന്നത്. സാഹിത്യകാരന്മാര്‍  കഞ്ചാവടികാരും, മുഴുക്കുടിയന്‍മ്മാരുമാണെന്ന ഒരു തെറ്റുധാരണ പൊതുവേ ഉണ്ട്. അത്തരം പാര്ട്ടീസാണോ സാംസ്‌കാരികമന്ത്രിയുടെ വകുപ്പുമുഴുവനും എന്നൊരു സംശയം..അല്ല ഇതൊക്കെ കാണുന്ന ഏതൊരാള്‍ക്കും അങ്ങനെയേ തോന്നുകയുള്ളൂ. ഈ നവംബര്‍ മാസത്തില്‍  അന്‍പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന കേരളത്തെയും മലയാളഭാഷയേയും നാറ്റിക്കാനായി വകുപ്പുമന്ത്രിയും പരിവാരങ്ങളും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു.സാക്ഷര കേരളമേ ഇവരോട് പൊറുക്കണമേ....ഇവരെ തിരഞ്ഞെടുത്ത ഞങ്ങളോടും പൊറുക്കേണമേ.............

 എല്ലാ മതങ്ങളും, ജാതികളും, വര്‍ഗ്ഗങ്ങളും, രാഷ്ട്രിയവുമെല്ലാം ആത്യന്തികമായി മനുഷ്യനന്മയെയാണ് ലക്ഷ്യമാക്കുന്നതെന്നുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകട്ടെ. പ്രബുദ്ധകേരളം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാകട്ടെ....ലോകമെമ്പാടുമുള്ള എല്ലാ കേരളിയര്‍ക്കും ഒരിക്കല്‍ക്കൂടി തുളസിവനത്തിന്‍റെ കേരളപ്പിറവി ആശംസകള്‍......................
 

4 comments:

 1. കേരളപ്പിറവി ആശംസകള്‍................

  ReplyDelete
 2. ആദ്യമെ കേരളപ്പിറവി ആശംസ അറിയിക്കട്ടേ..
  കേരളത്തിന്റെ പുരൊഗതിയെ മറക്കാതെ എഴിതിയ ലേഖനം
  നന്നായിരിക്കുന്നു..
  വര്‍ഗ്ഗിയ ധ്രുവീകരണം ആണു നവീന കേരളം നേരിടുന്ന വെല്ലുവിളി..
  പിന്നെ രാഷ്ട്രീയക്കാര്‍.. അതിനെക്കുറിച്ചു പറയാനെ താല്പര്യപ്പെടുന്നില..

  ReplyDelete
 3. വര്‍ഗ്ഗിയ ധ്രുവീകരണം ആണു നവീന കേരളം നേരിടുന്ന വെല്ലുവിളി..
  പിന്നെ രാഷ്ട്രീയക്കാര്‍.. അതിനെക്കുറിച്ചു പറയാനെ താല്പര്യപ്പെടുന്നില..

  അതുതന്നെ

  ReplyDelete
 4. കേരളപ്പിറവിയുടെ ആശംസകള്‍..............നല്ല ഒരു അവലോകനം.മാറി ചിന്തിക്കാന്‍ ശ്രമിക്കാം...

  ReplyDelete