**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, March 22, 2013

നേതാവേ,..ഞാന്‍ ഉറങ്ങുന്നത് കടവരാന്തയില്‍; നീയോ..???/


 വിദ്യാധരന്റെ വ്യകുലചിന്തകള്‍

  ഭഗവാനെ സംഗതി നന്നായെങ്കിലും ഏറ്റുനില്ക്കാന്‍ ആവണില്ല.എടിയേ..... കുറച്ചു വെള്ളം ചൂടാക്കണട്ടോ, ആ കൊട്ടന്‍ച്ചുക്കാധി തൈലവും ഇങ്ങെടുത്തോ ഒന്ന് തിരുമ്മണം`

   ആവാത്ത പണിക്ക് പോവണ്ടാന്നു പറഞ്ഞതല്ലേ...അനുഭവിക്ക്....

പിള്ളേരുടെയടുത്തു നാവിട്ടടിക്കുന്നതുപോലെയല്ല വാര്‍പ്പുപണിയെന്നു ഇപ്പോം മനസിലായോ..

എടി, അതിപ്പോ അങ്ങനെ മാറിനില്‍ക്കാന്‍ പറ്റുമോ. എല്ലാവരും ഒന്നിച്ചെടുത്ത തീരുമാനമാ..... പോരാത്തതിന് ഞാനാണ് രക്ഷാധികാരി.

കുന്തം; ഒരു രക്ഷാധികാരി വന്നിരിക്കുന്നു..എന്നുവച്ചാ വല്യ പോസ്റ്റല്ലേ.

       നിന്നോടിതൊന്നും പറഞ്ഞിട്ട് കാര്യമില്ല.....

   അവധി ദിവസം ഒരു ശ്രമദാനം; എല്ലാവരും ഒന്നിച്ചെടുത്ത തീരുമാനമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കുന്ന ഒരു കൈത്താങ്ങ്‌ അത്രയേയുള്ളു. ഈ മാസത്തെ ശ്രമദാനം വീടില്ലാത്ത കനകത്തിന് വേണ്ടിയാണ്. ഭര്‍ത്താവുനഷ്ടപ്പെട്ട് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയുംകൊണ്ട് ജീവിക്കുന്ന കനകത്തിന് ഒരു നല്ലവീടില്ല. നല്ലത് എന്നുപറഞ്ഞാല്‍ അടച്ചോറപ്പുള്ള ഒരുവീട്. ഇപ്പോളുള്ളത് ഒരു ഓലഷെഡാണ്. രാത്രിയായാല്‍വീടിനുചുറ്റും നാട്ടുകുറുക്കന്മ്മാരുടെ ഓരിയിടലാണ്. ചിലത് വാതിലില്‍ മുട്ടും,ചിലതിനുബീഡി കത്തിക്കാന്‍ തീ വേണം, ചിലതിനു പാതിരാത്രിയില്‍ ഭയങ്കര ദാഹമാണ് ..കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായതുകൊണ്ട് തലയണക്കടിയില്‍ വെട്ടുകത്തിയുമായാണ് കനകത്തിന്‍റെ ഉറക്കം. കനകത്തിന്‍റെ ആവലാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്; ഒരു വീട് അനുവദിച്ചു. പ്രസിഡന്റ്, ആ വിവരം കവലതോറും വിളിച്ചുപറഞ്ഞ് പ്രതിച്ഛായ മിനുക്കുകയും ചെയ്തു. അങ്ങേരുടെ സ്ത്രീധനത്തുകയില്‍ ഒരു ഭാഗമാണ് കൊടുത്തത് എന്ന രീതിയിലാണ് ആവതരണം. തുകവാങ്ങാന്‍ ചെന്നപ്പോളാണ് പൊല്ലാപ്പ്. ആകെ രണ്ടുലക്ഷം ഉലുവയുണ്ട് പുരപണിയാന്‍. എഞ്ചിനീയര്‍ കൊടുത്ത പ്ലാന്‍ പ്രകാരം അഞ്ചുലക്ഷം രൂപയെങ്കിലും വേണം, പണി തീര്‍ക്കാന്‍. പ്ലാനില്‍ മാറ്റംവരുത്താനും പാടില്ല. കാണിക്ക, വഴിപാട്‌, രെസീറ്റ്‌, ലോട്ടറി, ക്ഷേമനിധി എല്ലാംകഴിഞ്ഞു കിട്ടുന്ന തുക, ഒന്നേമുക്കാല്‍ ലക്ഷംരൂപ.  ഇതുകൊണ്ടെങ്ങനെ വീടുപണിയുമെന്നു ചോദിച്ചാല്‍; ബാക്കി പണം ഗുണഭോക്തൃവിഹിതം എന്ന ആലുവാലിയ പരിഷ്ക്കാരത്തിലെ മറുപടിയാണ് കിട്ടുക. വിധവയായസ്ത്രീയും അവരുടെ രണ്ടുകുഞ്ഞുങ്ങളും ചേര്‍ന്നു എന്തു ഗുണഭോക്തൃവിഹിതമാണ് ഉണ്ടാക്കേണ്ടത് എന്നു ചോദിച്ചാല്‍, ഇതൊക്കെ സര്‍ക്കാര്‍കാര്യമാണ് എന്ന മറുപടിയാണ് കിട്ടുക.

ഇതാണ് പാവപ്പെട്ടവനെ ഉദ്ധരിക്കാന്‍ നമ്മുടെ ആസൂത്രകര്‍ തയ്യാറാക്കുന്ന ആസൂത്രണം. ഇത്തരം ആസൂത്രണങ്ങള്‍ തയ്യാറാക്കാനാണ് ലക്ഷങ്ങള്‍ ശമ്പളംകൊടുത്തു ചില തലേകെട്ടുകളെ ഇരുത്തിയിരിക്കുന്നത്...

 തറകെട്ടിയാല്‍ ആദ്യഗഡു തരും. അങ്ങനെ തവണകളായി പണിതീരുമ്പോള്‍ മുഴുവന്‍തുകയും തരും. എവിടെ തുടങ്ങണം, എങ്ങനെ തീര്‍ക്കണം.... ആരുടെയെങ്കിലും സഹായമില്ലാതെ ആയകാലത്ത് പണിതീര്‍ക്കാനുള്ള പ്രാപ്തിയില്ല. അങ്ങനെയാണ് വിദ്യാധരന്‍ രക്ഷാധികാരിയുള്ള, ഈ വമ്പന്‍ പ്രസ്ഥാനത്തിന്‍റെ മുന്‍പില്‍ കനകത്തിന്‍റെ അപേക്ഷേ എത്തുന്നത്‌.ചുമ്മാ നാക്കിട്ടടിക്കാനും,രാഷ്ട്രിയക്കാരുടെ ആസനം താങ്ങാനും കഴിവില്ലാത്ത, നാട്ടിലെ ചില നത്തോലികള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു ചെറിയ ക്ലബിനെ വലിയ പ്രസ്ഥാനമാക്കുന്നത് ഇങ്ങനെകിട്ടുന്ന ചില അപേക്ഷകളാണ്.കൊടി പിടിക്കാനും, കല്ലെറിയാനും, തല്ലുകൊള്ളാനും, ഹര്‍ത്താല്‍ നടത്താനും പ്രബുദ്ധരായ രാഷ്ട്രിയയൂത്തന്മാര്‍ ഇറങ്ങുമ്പോള്‍.നാട്ടുകാര്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ നമുക്കാവണം എന്നുചിന്തിക്കുന്ന ഒരു കൂട്ടം പിന്തിരിപ്പന്‍ മൂരാച്ചികളുടെ കൂട്ടായ്മയാണ് ക്ലബ്‌. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കരുത് എന്നാണ് ബൈലോയില്‍ പറയുന്നത്. അതുകൊണ്ട് കനകത്തിന്‍റെ അപേക്ഷ, ഉപേക്ഷ കൂടാതെ ഏറ്റെടുത്തു. തറകെട്ടലും,ഭിത്തി കെട്ടലും, കല്ലുചുമട്, സിമന്റ് കുഴയ്ക്കല്‍ തുടങ്ങിയ എല്ലാ പണികളും പുരോഗമിച്ചു. മരച്ചീനി പുഴുങ്ങിയതും, കാന്താരിമുളക് അരച്ചതും,കുടമ്പുളിയിട്ടു വറ്റിച്ച ചാളക്കറിയും ചേര്‍ത്ത് വാഴയിലയില്‍ വിളമ്പി കഴിക്കുമ്പോള്‍ തൂമ്പ പിടിച്ചു കൈയ് പൊട്ടിയതും,കല്ലുവീണ് നഖം പറിഞ്ഞതും, തൊലി പോയതും..എല്ലാം മറക്കും. എരിവ് നല്ലവണ്ണം നാക്കിനെ ബാധിച്ചപ്പോള്‍ ചില ഫിലോസഫിയും പുറത്തുവന്നു. അര്‍ഹതയുണ്ടായിട്ടും അതിനുള്ള പ്രാപ്തി ഇല്ലാത്തവര്‍ക്ക് തികച്ചും സൌജന്യമായി തങ്ങളുടെ അധ്വാനത്തെ സമര്‍പ്പിക്കുന്ന ഇത്തരം യുവജന കൂട്ടായ്മകളൊക്കെ പുത്തന്‍തലമുറയെ സംബന്ധിച്ചിടത്തോളം പൌരാണികാവശിഷ്ടങ്ങള്‍ പോലെ ചില്ലുകൊട്ടരത്തിലെ കാഴ്ചവസ്തുക്കളാണ്. അതിന്‍റെ ബഹിര്സ്പുരണമായി ‘ഒരു ഉദ്ധാരണക്കാരുവന്നിരിക്കുന്നു’ എന്ന വിശേഷണമാണ് നാട്ടിലെ ബുജികളുടെ വകയായി കിട്ടിയിരിക്കുന്നത്. കൂട്ടായ്മയും, ശ്രമദാനവുമൊക്കെ ഏതോ അധകൃത വര്‍ഗ്ഗത്തിന്‍റെ തിരുശേഷിപ്പുകളുപോലെയാണിപ്പോള്‍ .ഞാനും എന്‍റെ കുടുംബവും എന്നതിലേക്ക് അതിര്‍വരമ്പുകള്‍ ചുരുങ്ങിയിരിക്കുന്നു.

 ഗള്‍ഫില്പോയിനാലുകശുണ്ടാക്കി നാട്ടിലൊരു വീടുപണിയാനിറങ്ങിയ നാട്ടുകാരന്‍ വാസുദേവനെ ഇന്നുംകണ്ടു. പ്രവാസികളുടെ സ്ഥിരംസ്വപ്നം; ആകെയുള്ള പതിനഞ്ചു സെന്ററില്‍, വാസുവും ഒരു വീടിനു അടിത്തറയിട്ടു. മാസാമാസമയക്കുന്ന കാശിന്‍റെ ബലത്തില്‍ ചുമരുകളുവരെ ഉയര്‍ന്നു. വാര്‍പ്പിനുള്ള തിയതിയും നിശ്ചയിച്ചു.എന്നാല്‍ നിനച്ചിരിക്കാതെ വന്ന ഒരപകടം വാസുവിന്‍റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു.ഗള്‍ഫിലെ ചികല്സ ഫലിക്കാതെ വന്നപ്പോള്‍ കമ്പനി വാസുവിനെ മടക്കിയയച്ചു. നഷ്ടപരിഹാരമായി കിട്ടിയതുക ചികത്സയ്ക്ക് ഉപയോഗിച്ചതുകൊണ്ട് ഒരു വിധം നടക്കാമെന്നായി. പക്ഷെ വീടുപണി അവിടെനിന്നു. ഭാര്യയുടെ ജോലികൊണ്ടുള്ള ചെറിയ വരുമാനംകൊണ്ട് കുടുംബം മുന്നോട്ട് പോകുന്നു. അതിലെ പോകുമ്പോഴൊക്കെ പണിതീരാത്ത വീടും അതിനെനോക്കി നെടുവീര്‍പ്പെടുന്ന വാസുവിനെയും കാണാം. എന്‍റെ കുട്ട്യോന്നു വലുതാകട്ടെ എല്ലാം ശരിയാകും..... വാസുവിന്‍റെ പ്രതീക്ഷകള്‍ പൂവണിയട്ടെ...

     ചുരുക്കത്തില്‍ആഹാരം വസ്ത്രം ഇവ കഴിഞ്ഞാല്‍ അടിസ്ഥാനവശ്യമായി പാര്‍പ്പിടം നില്‍ക്കുന്നു.സ്വന്തമായി തലചായ്ക്കാന്‍ ഒരിടം ഇല്ലാത്തവന്‍റെ വേദനകള്‍ പറയാന്‍ ലോകകുടിയേറ്റത്തിന്‍റെ ചരിത്രങ്ങളോ, പലായനത്തിന്‍റെ നാള്‍വഴികളോ, അഫ്ഗാനിസ്ഥാന്‍,ഇറാഖ് തുടങ്ങിയ അധിനിവേശസ്ഥലങ്ങളോ; ഒന്നും ചൂണ്ടിക്കാണിക്കണമെന്നില്ല. കേരളത്തിലേക്ക് തന്നെ നോക്കിയാല്‍ മതി. ഒരു വശത്ത് വീടില്ലാതെ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന മനുഷ്യര്‍; മറുവശത്ത് കൊട്ടാരങ്ങള്‍ പണിത് അതില്‍ രമിക്കുന്ന മനുഷ്യര്‍. നിന്‍റെ ദുരിതങ്ങളും, പട്ടിണിയും ദൈവം നിനക്കുതന്ന പരീക്ഷണങ്ങളാണ് മകനെ, അല്ലെങ്കില്‍ കഴിഞ്ഞ ജന്മത്തിലെ പാപമാണ് കുഞ്ഞേ, വഴിപാടുകളും യാഗങ്ങളും നടത്തു.ഉള്ളത് മുഴുവന്‍ വിറ്റുപെറുക്കി ദൈവത്തിനുകൊടുക്കൂ. ഉപവാസം എടുത്തു പ്രാര്‍ത്ഥിക്കൂ,,,, തുടങ്ങിയ ചിന്തകള്‍; പട്ടിണി കിടക്കുന്നവന്‍റെ ബോധ മനസിലേക്ക് കുത്തിവെച്ച്; സമ്പന്നന്‍റെ അറപ്പുരകളെ ദരിദ്രന്‍റെ വിശപ്പില്‍ നിന്നുണ്ടാകുന്ന പ്രതിഷേധത്തില്‍ നിന്നു, സമര്‍ഥമായി സംരക്ഷിക്കുന്ന മത നേതാക്കള്‍. എല്ലായാത്രയും ആറടിമണ്ണില്‍ അവസാനിക്കുമെന്ന് വീമ്പടിക്കുന്ന ഇതേ നേതാക്കള്‍, തങ്ങളുടെ പള്ളിയുറക്കം പട്ടുമെത്തയില്‍ തന്നെയാണെന്ന് ഉറപ്പുവരത്തുന്നു.കബിളിപ്പിക്കപ്പെടുന്ന ദരിദ്രന്‍ ‘എല്ലാം വിധി’ എന്ന കപട ആത്മീയതയില്‍ മയങ്ങി, ചോദിച്ചു വാങ്ങാനുള്ള കരുത്ത് നഷ്ടപ്പെട്ട് ദരിദ്രനായിത്തന്നെ മരിക്കുന്നു. ഭക്തന്‍ തെണ്ടിത്തിരിഞ്ഞു നടന്നാലും ദൈവങ്ങള്‍ക്കും പുരോഹിതര്‍ക്കും വസിക്കാന്‍ രമ്യഹരമ്മങ്ങള്‍ തന്നെ വേണം. ഭഗവാന്‍റെ പെട്ടികളില്‍ വീഴുന്ന ഭക്തന്‍റെ കാണിക്കകള്‍ അടിവസ്ത്രത്തിലും, അരഞ്ഞാചരടിലും,വെളിച്ചം കടക്കാത്ത മറ്റു സ്ഥലങ്ങളുമായി കടത്തുന്ന ഭഗവാന്‍റെ ശിങ്കിടികളും നമുക്ക്‌ അന്യമല്ല. അവിടെയും ജനത്തിനു തല ചായ്‌ക്കാന്‍ ഇടമില്ല.

    നാടിന്‍റെ മൊത്തവികസനത്തിനും, നാട്ടുകാരുടെ ഉന്നമനത്തിനും, ദാരിദ്ര്യം തുടച്ചുനീക്കുമെന്നും പറഞ്ഞ് ജനങ്ങളുടെ വോട്ടുംവാങ്ങി അധികാരക്കസേരയിലെത്തുമ്പോള്‍; നാടിനെയും നാട്ടുകാരെയും മറന്ന് അധികാരത്തിന്‍റെ ഉന്മാദാവസ്ഥയില്‍; ജനങ്ങളുടെ നികുതിപ്പണം  സ്വന്തം സുഖലോലുപതയ്ക്കുവേണ്ടി ധൂര്‍ത്തടിക്കുന്ന ഭരണാധികാരികളെക്കാണാന്‍, ചരിത്രത്തിന്‍റെ പിന്നാമ്പുറംതേടി അലയുകയൊന്നും വേണ്ട. നമ്മുടെ സ്വന്തം ജനപ്രതിനിധികളെമാത്രം നോക്കിയാല്‍മതി. നിങ്ങള്‍മുണ്ടുവരിഞ്ഞുടുത്തുകൊണ്ട്  മരത്തണലിലും, കടവരാന്തയിലും കൂടിക്കോ..... ഞങ്ങളും,ഞങ്ങളുടെ മക്കളും നിങ്ങള്‍ക്കുവേണ്ടി തിന്നുകയും കുടിക്കുകയും, മണിമന്ദിരങ്ങളില്‍ രാപ്പര്‍ക്കുകയും ചെയ്യാമെന്നതാണ് നമ്മുടെ ജനപ്രതിനിധികളുടെ വാഗ്ദാനം. അതവര്‍ ഭംഗിയായി നടപ്പാക്കുന്നുമുണ്ട്.. പുറത്തുവന്ന പുതിയകണക്ക് പ്രകാരം മന്ത്രിമാരുടേയും ചീഫ് വിപ്പിന്‍റേയും വീടുകള്‍ മോടിപിടിപ്പിക്കാന്‍ രണ്ടു കോടി എണ്‍പത്തിയാറു ലക്ഷം രൂപ ചെലവായി. മന്ത്രി എം.കെ.മുനീറിന്‍റെ എസ്സെന്‍ഡീഡ് ബംഗ്ലാവു മോടി പിടിപ്പിക്കാന്‍ അന്‍പത്തിയെട്ടു ലക്ഷത്തി നാല്‍പത്തി മൂന്നായിരം രൂപയും    കെ.എം.മാണിയുടെ ഔദ്യോഗികവസതിയായ പ്രശാന്ത് ബംഗ്ലാവിനായി ഇരുപത്തിയെട്ടു ലക്ഷത്തി എഴുപത്തി നാലായിരം രൂപയും ചെലവായി.മുന്തിയ ഇനങ്ങളുടെ കണക്കാണ് മുകളില്‍ പറഞ്ഞത്.ചെറുമീനുകളുടെ ഇനിയും കിടക്കുന്നു.എണ്ണ അടിക്കാന്‍ പണമില്ലാതെ ജനങ്ങളുടെ പൊതുഗതാഗതം കട്ടപ്പുറത്തിരിക്കുന്നു.മന്ത്രിമാര്‍ കൊടിവെച്ച എസി കാറില്‍ പറന്നുനടക്കുന്നു. ജനത്തിനു പവര്‍കട്ട് മന്ത്രിമാര്‍ക്ക് കറണ്ട്ധൂര്‍ത്ത്, കേറിക്കിടക്കാന്‍ ഇടമില്ലാതെ ജനം കടവരാന്തയിലും, വെയിറ്റിംഗ് ഷെല്‍ട്ടറുകളിലും രാത്രി ചിലവഴിക്കുന്നു. ജനനേതാക്കള്‍  ചുമരിനു ചായംപൂശി മാത്രം വര്‍ഷാവര്‍ഷം കോടികള്‍ മുടിക്കുന്നു.

 

 കാറ്റിലും മഴയിലും വീടുതകര്‍ന്ന; വൃദ്ധനായ കണ്ണന് തലചായ്ക്കാന്‍ ഇടം കടവരാന്തയിലാണ്.

 

  വീട്ടില്‍ വൈദ്യുതികണക്ഷന്‍ എടുക്കാന്‍ കാശില്ലാതിരുന്ന സാനുവിന് അധ്യാപകരുടെ സഹായത്തോടെ വീട്ടില്‍ വൈദ്യുതികിട്ടി.അങ്ങനെ വൈദ്യുതി വെളിച്ചത്തില്‍ സാനു പാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങി.

 

 നല്ലൊരു വീടോ, വീട്ടില്‍ ഇത്തിരി വെട്ടമോ ഇല്ലാതിരുന്ന ബിസ്മിക്ക് അനര്‍ട്ട് തുണയായി.

 

 വൃദ്ധരായ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന രോഗിയായ സുബൈദ ഒരു വീടിനുവേണ്ടി അധികാരികളോട് കെഞ്ചുന്നു.

 

ഉണ്ടായിരുന്ന കൊച്ചുവീടു അഗ്നി വിഴുങ്ങിയപ്പോള്‍, ഇനി എന്തു ചെയ്യണമെന്നു അറിയാതെ കുഴങ്ങുന്ന അമ്മു..

 

 ഇങ്ങനെ ഒരു വീടില്ലാതെ വിഷമിക്കുന്ന സാധാരണക്കാരുടെ നാട്ടില്‍ അലങ്കാരത്തിനു വേണ്ടി മാത്രം കോടികള്‍ ചിലവിടുന്ന ജനപ്രതിനിധികളെ... നിങ്ങള്‍ ഇനിയും ഈ നാടിനെ പഠിക്കാനുണ്ട്.ജനപ്രതിനിധികള്‍ ജനങ്ങളുടെ കൂടെ തെരുവില്‍ കിടക്കണം എന്നല്ല പറയുന്നത് ആ കാലമൊക്കെ കഴിഞ്ഞുപോയിയെന്നറിയാം; എന്നിരുന്നാലും ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നതിനു ഒരു പരിധിയൊക്കെ വേണ്ടേ???? അരക്കൊടിയില്‍ അധികം രൂപ ഔദ്യോഗികവസതിയുടെ  അലങ്കാര പണികള്‍ക്ക് മാത്രമായി ഒരു മന്ത്രി ചിലവിടുമ്പോള്‍ കട വരാന്തയില്‍ കഴിയുന്ന കണ്ണനെയും,വീടു നഷ്ടപ്പെട്ട അമ്മുവിനെയും,ഇനിയും ഒരു വീടു ഇല്ലാത്ത സുബൈദയേയും എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്....?? ഇതുദൈവകോപമാണ്;;; അല്ലെങ്കില്‍ ഇതു നിങ്ങളുടെ വിധിയാണ്......തുടങ്ങിയ ആത്മിയ മരുന്നുകള്‍ കഴിക്കാന്‍ പറഞ്ഞാല്‍ മതിയോ???.. മണിമാളികകളുടെ മട്ടുപ്പാവില്‍ ഇരുന്നുകൊണ്ട് നോക്കുമ്പോള്‍ താഴെ നിങ്ങള്‍ക്ക്കൈയ്യടിക്കുന്ന ജനമല്ല, യഥാര്‍ത്ഥജനം. നിങ്ങള്‍ എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍ കഷണങ്ങളും കടിച്ച്, നിങ്ങളുടെ കക്കൂസ് വരെ കഴുകികൊണ്ട്, നിങ്ങള്‍ക്ക് ജയ്‌ വിളിക്കുന്ന അനുചാരക കഴുതകളല്ല; യഥാര്‍ത്ഥജനം. അത്മാഭിമാനമുള്ളതിനാല്‍ മാനംവിറ്റും, ഉച്ചിഷ്ടംതിന്നും ജീവിക്കാതെ വയറു വരിഞ്ഞുമുറുക്കി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുണ്ടിവിടെ; അവരുടെ കാര്യവും കൂടി ഒന്നു പരിഗണിക്കുന്നത് നന്നായിരിക്കും.ഖജനാവിന്‍റെ താക്കോല്‍ തന്നിരിക്കുന്നത്, കട്ടുമുടിക്കാനും ധൂര്‍ത്തടിക്കാനും മാത്രമല്ല;ഇത്തിരി കഞ്ഞിവെള്ളം ഞങ്ങള്‍ക്കും കൂടി കിട്ടുമെന്ന പ്രതീക്ഷയിലാണ്.....

ബ്രിട്ടനിലെ പോലെ ഇവിടെ വഴിനീളെ സെമിത്തേരികളും ശവക്കല്ലറകളും ഇല്ലാത്തതിനാല്‍ വീടില്ലാത്തവന് കടവരാന്ത തന്നെ ശരണം..
ചിത്രങ്ങള്‍ കടപ്പാട് മാതൃഭൂമി

8 comments:

  1. പൊതു ജനത്തിന്‍റെ ചോരകുടിച്ചു വണ്ണം വയ്ക്കുന്ന നേതാക്കള്‍.

    ReplyDelete
  2. സുനില്‍March 22, 2013 at 11:07 AM

    പറഞ്ഞതൊക്കെ സത്യങ്ങളാണ് എതിര്‍പ്പുകളുടെ വായ്കള്‍ രാഷ്ട്രിയമായിട്ടും ദൈവമായിട്ടും കെട്ടപ്പെടുന്നു.ദുരിതങ്ങള്‍ അനുഭവിക്കേണ്ടതാണെന്ന കപടത അടിച്ചേല്‍പ്പിക്കപെടുന്നു..

    ReplyDelete
  3. പാവം നേതാക്കള്‍
    ഒന്നോ രണ്ടോ കോടി മുടക്കി കുടിലൊന്ന് മോടികൂട്ടുന്നതിന് എന്തൊക്കെ കുറ്റം കേള്‍ക്കണം

    ReplyDelete
  4. ഗംഗാധരന്‍March 22, 2013 at 1:15 PM

    വിദ്യാധരന്റെ ചിന്തകള്‍ വായിച്ചു വളരെ വിഷമം തോന്നുന്നു.ഒരു സഹായവും കിട്ടാതെ ആളുകള്‍ അലഞ്ഞു തിരിയുമ്പോള്‍ മന്ത്രിമാരും മറ്റും കാണിക്കുന്ന ധൂര്‍ത്തുകള്‍ ആരും ശ്രദ്ധിക്കാറില്ല.എല്ലാ അഴിമാതികള്‍ക്കും നേരെ കണ്ണടയ്ക്കാന്‍ പാകത്തില്‍ നമ്മളെ ആക്കിതിര്‍ത്തു എന്നതാണ് വാസ്തവം.അതില്‍ മതങ്ങള്‍ക്കും രാഷ്ട്രിയത്തിനും തുല്യപങ്കാണുള്ളത്.രാഷ്ട്രിയവും മതവും അങ്ങോട്ടുമിങ്ങോട്ടും മൂടുതാങ്ങി സ്വന്തം നിലനില്‍പ്പ് സുരക്ഷിതമാക്കുന്നു.ദുര്‍ബലര്‍ വഴിയരുകില്‍ മൃഗങ്ങളെപ്പോലെ ജീവിക്കുന്നു

    ReplyDelete
  5. ....

    അംബര ചുംബികളാം ദേവാലയങ്ങളാല്
    ‍ സമ്പന്ന മാണിന്നു ഭൂലോകം
    അര്‍ത്ഥം അറിയാതെ കീര്‍ത്തനം ചൊല്ലുന്ന
    ഭക്തരാല്‍ നിറയുന്നു ഈ ലോകം .....

    ദൈവത്തിനെന്തിനു കൈക്കൂലി
    ദൈവ സ്നേഹത്തിനെന്തിനു പൂത്താലി

    പാവങ്ങള്‍ ദുരിതത്തില്‍ അകപ്പെട്ടു പോകുമ്പോള്‍
    പട്ടിണി മരണങ്ങള്‍ പെരുകിടുമ്പോള്‍
    പഞ്ച ലോഹങ്ങളാല്‍ മന്ദിരം തീര്‍ക്കുവോര്‍
    പ്രപഞ്ചത്തിന്‍ നാഥനെ ഓര്‍ക്കുന്നുവോ ..... ..

    ReplyDelete
  6. ഇതെല്ലാം പറഞ്ഞിട്ടെന്ത് കാര്യം? നേതാവ് ജയിക്കുന്നു,,, ജനം തോൽക്കുന്നു.

    ReplyDelete
  7. I am here in First time. Well said.
    All Positions are only looking for their priority life's and safety. They are bothering about the Country fellows. Every time they spend our money and our things to live better life and govern. That the way, they think about the common people, and the political agenda also tried to get in to the point.

    ReplyDelete
  8. ആശംസകൾ
    പൊള്ളുന്ന ഈ സത്യങ്ങളുടെ തുറന്നെഴുത്തിന്

    ReplyDelete