**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, March 27, 2013

ബെസ്റ്റ്‌ ‘മിടുക്കന്‍’ ഓഫ് ദി ഇയര്‍...???


 
  ഈ വര്‍ഷത്തെ ബെസ്റ്റ്‌ മിടുക്കന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.മേഖലയിലെ പ്രമുഖ കല്യാണബ്രോക്കര്‍ കുഞ്ഞാണ്ടിയാണ് പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. നൂറ്റൊന്നുരൂപയും,അന്‍പതു ഗ്രാമിന്‍റെ അന്നാഅലുമിനിയപാത്രവുമാണ് അവാര്‍ഡ്. ‘വട്ടിപ്പലിശ കുറ്റിപ്പിരിവ്‌ ചിട്ടിക്കമ്പനി’ ഗ്രൂപ്പായ ‘ഷൈലോക്ക് എന്റര്‍ടെയിനറാ’ണ് അവാര്‍ഡിന്‍റെ പ്രായോജകര്‍. പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് വമ്പിച്ച സഹകരണമാണ് ഈ അവാര്‍ഡില്‍ ഉണ്ടായതെന്ന് ശൈലോക്ക് കമ്പനി എം. ഡി, വിട്യാസൂരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു ലഭിച്ച ആയിരത്തിലധികം എന്‍ട്രികളില്‍നിന്നും മണികീറി, തുണികീറി പരിശോധിച്ചാണ് ഏഴുപേരെ തിരഞ്ഞെടുത്തത്.സമൂഹത്തിന്‍റെ വിവിധമേഖലകളില്‍ പിടുക്കുകാട്ടിയ സോറി മിടുക്കുകാട്ടിയ ഏഴുപേരാണ് അവസാനറൌണ്ടിലെത്തിയത്.  അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമ, സ്റ്റീഫന്‍സ്പില്‍ബെര്‍ഗ്, ബാന്‍കിമൂണ്‍,കാമറൂണ്‍,തുടങ്ങിയ പാശ്ചാത്യപിന്തിരിപ്പന്‍മ്മാരെയെല്ലാം  പിന്തള്ളിയാണ് മലയാളികളായ ഏഴുപേര്‍ അവസാനറൌണ്ടിലെത്തിയത്. അവസാനറൌണ്ടില്‍ ബണ്ടിച്ചോറും എത്തിയിരുന്നുവെങ്കിലും പോലിസ്‌ പിടിച്ച സാഹചര്യത്തില്‍ ‘മിടുക്കന്‍’ എന്നുപറയാന്‍ പറ്റില്ലാത്തതിനാല്‍ ‘തൊഴിലില്‍ മിടുക്കുകാട്ടിയെങ്കിലും പിടിക്കപ്പെട്ടു’എന്ന പ്രത്യേക  ജൂറിപരാമര്‍ശത്തോടെ ഒഴിവാക്കുകയായിരുന്നു. അവസാന റൌണ്ടില്‍ എത്തിയവര്‍ ഇവരാണ്

കല്യാണ ബ്രോക്കര്‍ കുഞ്ഞാണ്ടി ,തയ്യല്‍ക്കാരി ശോശാമ്മ,ഷാപ്പിലെ കറിവെപ്പുകാരന്‍ വാസു, നാടന്‍വാറ്റുകാരന്‍ ചന്ദ്രന്‍ ,അലക്കുകാരന്‍ കുട്ടപ്പന്‍, കാളവണ്ടിക്കാരന്‍ അബ്ദു.പീഡനവീരന്‍ കുമ്പിടി, പോക്കറ്റടിക്കാരന്‍ ചാമി.

നാട്ടില്‍ കറന്‍റ്പോയാല്‍പ്പിന്നെ വരാറില്ലാത്തതുകൊണ്ട് നാട്ടുകാരില്‍ ഭൂരിഭാഗത്തിന്‍റെയും മൊബൈല്‍ഫോണ്‍ ചാര്‍ജില്ലാതെ ചത്തുകിടന്നതിനാല്‍ എസ്.എം.എസ് ല്‍ വമ്പിച്ചകുറവ്‌ നേരിട്ടതുകൊണ്ടാണ് സമ്മാനത്തുക ആയിരത്തില്‍നിന്ന് നൂറായി കുറച്ചതെന്ന് ശൈലോക്ക് എന്റര്‍ടെയിനര്‍കമ്പനി അറിയിച്ചു. എസ്.എം.എസ് അയക്കാന്‍ ബാങ്കുലോണ്‍ തരമാക്കിയ പലരും കറന്‍റ് ഇല്ലാതെ കഷ്ടപ്പെടുന്ന കരളലിയിക്കുന്ന കാഴ്ച കൂതറനെറ്റുകാര്‍ പുറത്തു കൊണ്ടുവന്നിരുന്നു.തുടര്‍ന്ന് കെ.എസ്.ഇ.ബി താല്‍ക്കാലികലൈന്‍മാന്‍ ശംഭുവിനെ സസ്പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍ വ്യക്തമാക്കി.എസ്.എം.എസ് നു പുറമേ സമൂഹത്തിലെ ശക്തരായ ആള്‍ക്കാരെ ഉള്‍പ്പെടുത്തികൊണ്ടുനടത്തിയ വളരെശക്തമായ അഭിമുഖങ്ങളുടെയും, ചോദ്യം ചെയ്യലിന്‍റെയും അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തിയത്.

ജൂറിയുടെ അവലോകനം ആകെമൊത്തംടോട്ടലില്‍

തയ്യല്‍ക്കാരി ശോശാമ്മ:- നാട്ടിലുള്ള മുഴുവന്‍ പെണ്ണുങ്ങളുടെയും ചട്ട,റൌക്ക, ബ്ലൌസ് തുടങ്ങിയവ തുന്നിക്കൊടുക്കുന്നു; എന്ന മഹത്തായ കര്‍മ്മമാണ് ശോശാമ്മയെ അവസാനറവുണ്ടില്‍ എത്തിച്ചത്. പക്ഷെ ശോശാമ്മയ്ക്ക് സല്‍വാറുംകമ്മീസും തയ്ക്കാന്‍ അറിയില്ലായെന്ന ആരോപണം ഉന്നയിക്കപ്പെട്ടു. മാത്രമല്ല ജീന്‍സ്‌, ടോപ്‌, കുര്‍ത്ത, പഞ്ചാബി,പാട്യാല, ഗഗാളി, കുഗാളി തുടങ്ങിയ ന്യൂജനറേഷന്‍ വസ്ത്രങ്ങളെക്കുറിച്ചുള്ള അജ്ഞതയും എസ്.എം.എസ് കുറയാന്‍ കാരണമായി.മംഗോളി മേസോപ്പോട്ടോമിയ അന്റാര്‍ട്ടിക്ക മോഡലുകളെപ്പറ്റി അറിയാമോ എന്ന അഭിമുഖചോദ്യത്തിന് കാകളി വൃത്തത്തില്‍ മകാരംകൂട്ടി മറുപടി പറഞ്ഞതും വിനയായി..

കറി വെപ്പുകാരന്‍ വാസു:- ഒരു ഘട്ടത്തില്‍ വെപ്പുകാരന്‍വാസു ഏറെ മുന്നിലായിരുന്നു.നാട്ടിലെ കുടിയന്മ്മാരുടെ മുഴുവന്‍ സപ്പോര്‍ട്ട് തുടക്കത്തില്‍ വാസുവിനായിരുന്നു. നല്ല ചെറുപ്പക്കാരനാണെന്നതും പിതാവിന്‍റെ അതേ വിളമ്പ് എന്നതും വാസുവിന് അനുകൂലമായിരുന്നു.എന്നാല്‍ അവസാന നിമിഷം മീന്‍കറിയില്‍ കഷണമില്ല വെറും ചാറുമാത്രമാണ് എന്ന പ്രശ്നത്തില്‍ സ്ഥിരംകുടിയന്‍ നെട്ടൂരാനുമായി തെറ്റിയതിനാല്‍ എസ്.എം.എസ് കുറഞ്ഞു.കഞ്ഞിവെയ്ക്കാന്‍ വച്ചിരുന്ന അരി പറ്റുകാര്‍ക്ക്‌ മറിച്ചുവിറ്റെന്നും പറയുന്നു.പാരമ്പര്യമായി കിട്ടിയ തഴമ്പ് എവിടെയാണ് എന്ന ജൂറിചോദ്യത്തിന് ഞഞ്ഞ പിഞ്ഞ എന്ന മറുപടിയാണ് കൊടുത്തത് അതും വിനയായി.

വാറ്റുകാരന്‍ചന്ദ്രന്‍:- ചന്ദ്രനെ അറിയാത്തവര്‍ കുറവാണ്. വാറ്റു ചാരായത്തില്‍ നിറംചേര്‍ത്ത് ബ്രാണ്ടഡ് കുപ്പിയില്‍ത്തന്നെ കൊടുത്താണ് കുടിയന്മ്മാരുടെ ആഗ്രഹം നിറവേറ്റുന്നത്. ചന്ദ്രാസ്‌ ലിക്വര്‍ എന്ന ലേബലും കുപ്പില്‍ പതിപ്പിക്കും, എന്നാല്‍ അമ്പതുമില്ലിക്ക് അമ്പതുരൂപ എന്നത് നൂറാക്കിയതിനാല്‍ കുടിയന്മ്മാരുടെ പിന്തുണകുറഞ്ഞു.ഹോളോഗ്രാം എവിടെയാണ് പതിക്കുന്നത് എന്ന അഭിമുഖചോദ്യത്തിന് മുണ്ടുപൊക്കി കാണിച്ചുകൊണ്ട് ഉത്തരംകൊടുത്തത്, വ്യത്യസ്തമായ ഒരു അവതരണമായി  ജൂറി വിലയിരുത്തി.എങ്കിലും ഒരു ശൂന്യത അനുഭവപ്പെട്ടന്ന് വനിതാ ജൂറി അംഗം വെളിപ്പെടുത്തി..

അലക്കുകാരന്‍ കുട്ടപ്പന്‍:- അലക്കുകാരന്‍കുട്ടപ്പന്‍ നാട്ടിലെ വിഴുപ്പുമുഴുവന്‍ അലക്കുന്ന ആളായതിനാല്‍ ബന്ധങ്ങള്‍ക്ക് കുറവില്ല. അലക്കാന്‍ കൊടുക്കുന്ന തുണിയിലെ അഴുക്കുനോക്കി,ഒഴുക്കുനോക്കി;  കിടന്നുമുള്ളിയതാണോ, അപ്പിയിട്ടതാണോ അതോ കട്ടുതിന്നാന്‍ പോയതാണോ എന്നദേഹം പറയും. തുണിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മുടിയുടെ നീളംനോക്കി ആരുടെ കൂടെയായിരുന്നുവെന്നു കൃത്യമായി പറയുന്നതിനാല്‍ ആളുകളുടെ ഇടയില്‍ നല്ല മതിപ്പാണ്. വാ തുറന്നാല്‍ ഗോസിപ്പുകളും, അടുക്കളരഹസ്യങ്ങളും പുറത്തുവിടുന്നതിനാല്‍ മഞ്ഞപുസ്തക വായനക്കാരുടെ വോട്ടുകള്‍ കീശയിലാണ്. പക്ഷെ അലക്കാന്‍പോയ ഏതോവീട്ടില്‍കേറി അലക്കിയെന്നും ആ വകുപ്പില്‍ ഒരു കൊച്ചുണ്ടെന്നുമുള്ള ഒരു വലിയവിഴുപ്പു കുട്ടപ്പന് ചുമക്കേണ്ടിവന്നു. അതൊരു ന്യൂനതയായി കാണുന്നു.മലയാളഭാഷ നിഘണ്ടുവില്‍പോലും കാണാത്ത ചില പദങ്ങളെ, മണിപ്രവാളശൈലിയില്‍ പ്രയോഗിച്ച് ഭാഷയ്ക്ക്‌ പോഷണംനല്‍കിയത്, അനുകൂലഘടകമായി ജൂറി വിലയിരുത്തി. അഭിമുഖത്തിനിടയില്‍ ജൂറിയുടെ തന്തയ്ക്കുവിളിച്ചത് തനിക്ക് തലയ്ക്കുനല്ല സുഖമില്ലാത്തതുകൊണ്ടാണെന്ന സ്വയം തിരിച്ചറിവും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.

കുമ്പിടി :-  പീഡനവീരന്‍ കുമ്പിടി  ദേശത്ത് മൊത്തത്തില്‍ വെറുക്കപ്പെട്ടവനാണെങ്കിലും .രഹസ്യമായി ധാരാളം അനുയായികളുള്ള ആളാണ്‌. കുമ്പിടിയുടെ  ഫോട്ടോ പേഴ്സില്‍ കൊണ്ടുനടക്കുന്ന നിരവധി യൂത്തുകള്‍ നാട്ടിലുണ്ട്.പീഡന കലയെക്കുറിച്ച് അദേഹമെഴുതിയ ഗ്രന്ഥം ഈ ഫീല്‍ഡില്‍ ഉള്ളവര്‍ക്കൊരു വഴികാട്ടിയാണ്. ഒരേസമയം എങ്ങനെ പല സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാം. പോലീസന്വേഷണത്തില്‍ നിന്ന് എങ്ങനെ രക്ഷപെടാം, തുടങ്ങിയ പല രീതികളെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നു.സംഗതി പീഡനമാണെങ്കിലും ഒരു വിഭാഗം മഹിളകള്‍ കുമ്പിടിയ്ക്കുവേണ്ടി എസ്.എം.എസ് ചെയ്യുമെന്ന് പരസ്യമായിതന്നെപ്രഖ്യാപിച്ചിട്ടുണ്ട്. ആത്മിയഗുരുക്കന്മാര്‍ക്ക് കൈകൊടുത്തും, സ്വയം പൂജചെയ്തും ഇമേജ് കൂട്ടിയെങ്കിലും.രോമമുള്ള പീഡകന്‍ എന്ന വെളിപ്പെടുത്തലും പീഡനകലയില്‍ അസിസ്റ്റന്‍റ് ആയ പാരിജാതന്‍റെ വെളിപ്പെടുത്തലും വോട്ടുകുറയാന്‍ ഇടയായി. എന്താണ് പ്രധാന ഹോബി എന്നാചോദ്യത്തിന് പീഡിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ് പ്രധാനപരിപാടിയെന്നായിരുന്നു ഉത്തരം.ഒന്നു വ്യക്തമാക്കാമോ എന്ന തുടര്‍ചോദ്യത്തിന് ഞാന്‍ പീഡിപ്പിച്ചവരോന്നും എന്‍റെപേര് പറയല്ലേ,അതിനു മുന്‍പ്‌ അവര്‍ തട്ടിപ്പോണേയെന്നാണ് പ്രാര്‍ഥനയെന്നു കുമ്പിടി വ്യക്തമാക്കി. ഇത് ഒരുനടയ്ക്കു പോകുന്ന കേസല്ലായെന്നാണ് ജൂറിവിലയിരുത്തല്‍..  

പോക്കറ്റടികാരന്‍ചാമി:- ആളു ജനകീയനാണ്. അന്യന്‍റെ പോക്കറ്റില്‍ കിടക്കുന്ന കാശ്; എങ്ങനെ അവനറിയാതെ തന്‍റെ പോക്കറ്റിലാക്കാം എന്ന വിദ്യ ജനകിയവല്ക്കരിക്കുന്നതില്‍ ചാമിക്ക് പതിനൊന്നുവര്‍ഷത്തെ പരിചയമുണ്ട്. പോക്കറ്റടിച്ച കാശുകൊണ്ട് മൂന്നാര്‍, ഏറണാകുളം, പാല തുടങ്ങിയ സ്ഥലങ്ങളില്‍ ബിനാമി പേരുകളില്‍ എസ്റ്റെറ്റുകള്‍ വാങ്ങികൂട്ടുന്നു വെങ്കിലും ജീവിതം തീര്‍ത്തും ദരിദ്രനായിതന്നെയാണ്.ദൈവവചനം മാത്രമേ പറയു. നല്ലൊരുതുക ദൈവങ്ങള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും കൊടുക്കുന്നതിനാല്‍ നല്ലകള്ളന്‍ എന്നാണ് അറിയപ്പെടുന്നത്.ശിങ്കിടികള്‍ ഒരുപാടുണ്ട്.പോക്കറ്റടിക്കാരുടെ അധ്വാനത്തെക്കുറിച്ച് അദേഹം സായിപ്പിനെവരെ ബോധവല്‍ക്കരിച്ചിട്ടുണ്ട്,വലിയൊരു പോക്കറ്റടി സംഘത്തെ പോറ്റിവളര്‍ത്തുന്ന ചാമിക്ക്; പലപ്പോഴും വിനയാകുന്നത്, നേതാവ്‌ ചത്തിട്ടുവേണം ആ കസേരയിലിരിക്കാന്‍ എന്നു കരുതുന്ന സഹ പോക്കറ്റുകള്‍  തന്നെയാണ്.

കാളവണ്ടി അബ്ദു:- കാളവണ്ടിക്കാരന്‍ അബ്ദുവിനെക്കുറിച്ചു നല്ലതേ പറയാന്‍ കഴിയൂ. നല്ലനല്ല ചിന്തകള്‍മാത്രമേ പറയു. പക്ഷെ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നത്. കാളവണ്ടി കാത്തിരിക്കുന്നവരോട് സമയത്തിനുവരാമെന്നുപറഞ്ഞ് ഒരു പോക്കു പോയാല്‍. ആ വഴി പോയതുതന്നെ,കാണുന്ന ഷാപ്പിലെല്ലാം കേറി പൂസായി കണ്ടവന്‍റെയെല്ലാം തല്ലുംമേടിച്ച് ഉടുതുണിപോലും ഇല്ലാതെയായിരിക്കും പിന്നെ കാണുന്നത്. ചോദിച്ചാല്‍ പറയും കാളയുടെ ലാടം ഊരിപ്പോയി,വണ്ടിയുടെ നട്ടുപോയി എന്നൊക്കെ.മാത്രമല്ല  രക്ഷിക്കണേ വല്ലതും തരണേ, രണ്ടുദിവസമായി കാളകള്‍ക്ക് വൈക്കോല്‍ കൊടുത്തിട്ട് എന്തെങ്കിലും തരണേയെന്നു പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കും . എന്തെങ്കിലും കൊടുത്താലോ ഒരുവളിച്ച ചിരിയും ചിരിച്ച് ഒരു പോക്കാണ്. പിന്നെ അടുത്ത ഷാപ്പില്‍ കാണാം. എന്നാലും സദാസമയവും കരച്ചിലായതിനാല്‍ ഒരു സഹതാപതരംഗം നിലനിക്കുന്നുണ്ട്.വണ്ടിതെളിക്കാന്‍ അറിയാമോ എന്ന ചോദ്യത്തിനു മേം മിം ങ്ങും ങ്ങീം മനസിലായോ..... എന്നായിരുന്നു മറുപടി..

ബ്രോക്കര്‍ കുഞ്ഞാണ്ടി:- നാട്ടിലെ നിരവധി കുടുംബങ്ങള്‍ക്ക് അടിസ്ഥാനമിട്ടത് താനാണെന്നും .കെട്ടാച്ചരക്കായും, കൊടപ്പനയായും നിന്നിരുന്ന പല ഉരുപ്പടികളെയും വല്ലവന്‍റെയും പെരടിക്ക് വയ്ക്കുന്ന ശ്രമകരമായ ജോലിയാണ്  തന്‍റെതെന്നും, പലപ്പോഴും ജീവനുതന്നെ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും   കുഞ്ഞാണ്ടി വെളിപ്പെടുത്തി. കെട്ടുകഴിഞ്ഞു കമ്മിഷന്‍ ചോദിക്കുമ്പോള്‍ മുണ്ടുപൊക്കി  കാണിക്കുന്ന പരിപാടിയും താന്‍ അനുഭവിച്ചിട്ടുണ്ടെന്നദേഹം വ്യക്തമാക്കി. സ്കൂളിന്‍റെ  പടിപോലും കാണാത്തവന്മ്മാരെ ഡോക്ടറായും, വക്കിലായും പരിചയപ്പെടുത്തി പെണ്ണുകെട്ടിച്ചതും, കെട്ടിനുമുന്നേ ദിവ്യഗര്‍ഭം ധരിച്ചിട്ടുള്ള മിടുക്കികളെ കന്യകകളായിതന്നെ ഉന്നതകുടുബത്തില്‍ എത്തിച്ചതടക്കമുള്ള  തന്‍റെ   മഹനിയകൃത്യങ്ങള്‍ കുഞ്ഞാണ്ടി വിവരിച്ചപ്പോള്‍ കേട്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞുപോയി. രണ്ടാംകെട്ടുകാരനെ ഒന്നാംകെട്ടുകരനായും, പിഴച്ചുപെറ്റവളെ കന്യകയും അവതരിപ്പിച്ചു താന്‍നടത്തിയ വീരകഥകള്‍ ഉദാഹരണസഹിതം വെളിപ്പെടുത്താന്‍ കുഞ്ഞാണ്ടി തുടങ്ങിയപ്പോള്‍ ജൂറി അംഗങ്ങള്‍  കുഞ്ഞണ്ടിയോടു ചോദ്യമൊന്നും  ചോദിക്കാതെതന്നെ അദേഹത്തെ പെട്ടന്നു വിജയിയായി പ്രഖാപിച്ചുകളയുകയാണുണ്ടായത്. തീര്‍ന്നില്ല ഞാന്‍ പറയട്ടെയെന്നു കുഞ്ഞാണ്ടി പറഞ്ഞെങ്കിലും, പറഞ്ഞതുതന്നെ ധാരാളം ഇനിയും മുന്നോട്ടുപോയാല്‍ ഇവിടെയിരിക്കുന്നവരില്‍ പലരും കുടുംബക്കൊടതിയില്‍ കയറേണ്ടിവരുമെന്നായിരുന്നു പല ജൂറികളുടെയും  പ്രതികരണം.  അവരില്‍ പലരുടെയും കല്യാണം നടത്തിയത് കുഞ്ഞാണ്ടിയായിരുന്നുവെന്ന സത്യം ഈ അവസരത്തില്‍ തള്ളിക്കളയാന്‍ പറ്റില്ല. മാത്രമല്ല മലയാളത്തിലെ ആദ്യത്തെ പറ്റീര്,വെട്ടിപ്പ്,തട്ടിപ്പ്‌ പ്രസ്ഥാനം ഷൈലോക്ക്എന്റര്‍ടെയിനറാണെന്നും ഈ നാട്ടില്‍ തന്‍റെ വിജയത്തിന് പിന്നില്‍ ഷൈലോക്ക് കമ്പനിയാണെന്നുകൂടി കുഞ്ഞാണ്ടി ഊന്നിപ്പറഞ്ഞു. ആ ഊന്നലില്‍ പുരസ്‌കാരം ഇങ്ങുപോന്നു.കുഞ്ഞാണ്ടിയുടെ ബ്രോക്കര്‍ പരിപാടിയും ഷൈലോക്ക് കമ്പനിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കല്യാണം കൊണ്ടുവരാന്‍ കുഞ്ഞാണ്ടിയും; കല്യാണനടത്തിപ്പിനു പലിശയ്ക്ക് പണംകൊടുക്കാനും, ബാണ്ടുമേളം, ചെണ്ട, വെടി, പരസ്യം, ക്ഷണക്കത്ത് വിതരണം തുടങ്ങിയ സേവനങ്ങള്‍ക്ക്‌  ഷൈലോക്ക്‌ എന്റര്‍ടെയിനര്‍കമ്പനിയുമാണ് മുന്നോട്ടിറങ്ങുന്നത്. കുഞ്ഞാണ്ടിയുടെ ചിരിയും എളിമയും ഖദര്‍ ധരിച്ചുള്ള നടത്തവും എല്ലാം ഷൈലോക്ക് കമ്പനിക്ക് ബഹുപിടുത്തം. ഷൈലോക്കിന്‍റെ എല്ലാ ബ്രാഞ്ച് ഉത്ഘാടനത്തിനും കുഞ്ഞാണ്ടിക്ക് കസേരറെഡി.. അങ്ങനെ ഒരു പാലമിട്ടല്‍ അങ്ങോട്ട്‌ ഇങ്ങോട്ടും എന്നരീതിയില്‍  ഷൈലോക്കിനു കുഞ്ഞാണ്ടി ‘മിടുക്കന്‍’ .കുഞ്ഞാണ്ടിക്ക് ഷൈലോക്ക്‌ ‘നല്ലവര്‍’............... ആധാരം പണയംവെച്ച് എസ്.എം. എസ് അയച്ചുവോട്ടുചെയ്ത നാട്ടുകാര്‍ എരപ്പകള്‍.....

9 comments:

  1. കൊള്ളാലോ ഈ വീഡിയോൺ....

    ReplyDelete
  2. പോസ്റ്റ്‌ അടിപൊളിയായി....

    ReplyDelete
  3. ithokke verum kalippiralle chumma aale pattikkan

    ReplyDelete
  4. കൊള്ളാം.. :):) നല്ല ബെസ്റ്റ് മിടുക്കന്‍ തന്നെ..!!

    ReplyDelete
  5. ബെസ്റ്റ് “സിനിസ്റ്റര്‍” ഓഫ് ദ് ഇയര്‍

    ReplyDelete
  6. ബെസ്റ്റ് പരദൂഷണന്‍ .

    ReplyDelete
  7. വിഷ്ണുവര്‍ദ്ധന്‍March 28, 2013 at 9:06 AM

    മാധ്യമങ്ങളും ഭരണകൂടങ്ങളും അന്യോന്യം പുകഴ്ത്തുകയും അവാര്‍ഡ്‌ കൊടുക്കുകയും ചെയ്യുന്നത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.ജാനകിയ പ്രശ്നങ്ങളെ മൂടി വയ്ക്കാനും,തങ്ങളെ വെള്ള പൂശാനും സര്‍ക്കാരുകള്‍ക്ക് മാധ്യമ പിന്തുണ കൂടിയേ കഴിയൂ,അതുപോലെ തങ്ങള്‍ കാണിക്കുന്ന നികുതി വെട്ടിപ്പിനും,കള്ള പ്രചാരണങ്ങള്‍ക്കും ആവശ്യമായ പിന്തുണ മാധ്യമങ്ങള്‍ക്ക് സര്‍ക്കാരും കൊടുക്കുന്നു.സര്‍ക്കാര്‍ ക്വട്ടേഴ്സുകള്‍ വാടക കൊടുക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ സ്വന്തമാക്കിയ സംഭവം എങ്ങനെ മുങ്ങി എന്ന് പരിശോധിച്ചാല്‍ ഇതു മനസിലാക്കാം.അതുകൊണ്ട് ജനങളുടെ കൈയ്യിലെ കാശ് കൊണ്ട് ഇനിയും ബെസ്റ്റുകളെ തിരെഞ്ഞെടുക്കും.കൊട്ടാരത്തില്‍ വെച്ച് വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തില്‍ കൊടുക്കുകയും ചെയ്യും.വോട്ടു ചെയ്താ പൊതുജനം ഗെയിട്ടിനു പുറത്തുനിന്നു കൊള്ളണം.

    ReplyDelete