**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, July 1, 2013

രാശാവിനു പെന്‍ഷന്‍; ‘തല്ലുവാങ്ങല്‍വേതനം’ എനിക്കുംവേണം.


  വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  മോങ്ങാനിരുന്ന പട്ടീടെ പുറത്തു തേങ്ങാവീണു..... പാപി ചെല്ലുന്നേടം പാതാളം... വിനാശകാലേ വിപരീതബുദ്ധി.... ഗ്രഹണസമയത്ത് ലിംഗം പാമ്പാകും എന്നിങ്ങനെയുള്ള മൊഴിമുത്തുകളാണ് മനസുനിറയെ; കണ്ടകശനി കൊണ്ടേപോകൂ എന്നല്ലേ പ്രമാണം ..വീട്ടില്‍ചെന്നിട്ടു കുഴമ്പിട്ട് തിരുമ്മി ഒരു കുളികുളിക്കണം ....രാമായണം രണ്ടദ്യായം വായിക്കണം...കിടന്നുറങ്ങണം..

 മുഖ്യമന്ത്രി രാജിവയ്ക്കണം.. അതല്ലിവിടുത്തെ പ്രശ്നം..ശമ്പളംകൂട്ടണം, പിടിച്ചുവെച്ച ബത്തകള്‍ തിരിച്ചുകിട്ടണം, ഡ്യൂട്ടിസമയം അഞ്ചു മണിക്കൂറാക്കണം.. എന്താ വേണ്ടേ..?

    വേണം വേണം തീര്‍ച്ചയായും വേണം................ 

            എന്നാ പോന്നോളൂ.................

കളക്ട്രേറ്റ് പടിക്കല്‍ നടക്കുന്ന പ്രതിഷേധസമരത്തില്‍  നിങ്ങളും കൂടി പോന്നോളൂ എന്നു പറഞ്ഞപ്പോള്‍ ഇത്രേം നിരീച്ചില്ല ..

      വല്ല തല്ലോ, ഏറോ, ലാത്തിച്ചാര്‍ജോ  മറ്റോ ഉണ്ടാകുമോ........ വാസൂ......... നിനക്കറിയാല്ലോ;  ഞാന്‍ കഷായം കുടിച്ചിരിക്കുവാ..

  ഏയ്‌,,,, ഒന്നും പേടിക്കേണ്ട.മാഷേ...തികച്ചും ജനാധിപത്യരീതിയില്‍, ഗാന്ധിയന്‍സമരമുറപ്രകാരം ഒരു പ്രതിഷേധസമരം; അത്രമാത്രം....... അങ്ങനെ എന്തെങ്കിലും ഉണ്ടേല്‍ മാഷിനെ വിളിക്വോ ..മാഷിനു ഓടാന്‍ കഴിയില്ലാന്നു നമുക്ക് അറിയില്ലേ..

യൂണിയന്‍കാരെ  പിണക്കാന്‍ കഴിയില്ല. പിണക്കിയാല്‍ ഹെഡ്മാസ്റ്റെര്‍ പോസ്റ്റ്‌ ഏതെങ്കിലും പട്ടിക്കാട്ടില്‍  നോക്കിയാല്‍ മതി.

കളക്ട്രേറ്റുപടിക്കല്‍ പ്രതിഷേധത്തിന് പോകുന്നുവെന്ന് പറഞ്ഞപ്പോഴേ,,,, രമണി പറഞ്ഞതാണ്,, പോവണ്ടാന്നു; കേട്ടില്ല.. ഒടുവില്‍ എന്തായി ... അവിടെയുമിവിടെയും നീരായി.....അത്രതന്നെ.

  ഇങ്ങളുപോയി, തല്ലുംമേടിച്ചു, കയ്യുംകാലും ഒടിച്ചുവന്നാല്‍, കൊഴമ്പി ടാനൊന്നും എന്നെക്കിട്ടില്ല പറഞ്ഞേക്കാം... ഓര്‍ത്തോ....

  ഏയ്‌; അങ്ങനെയൊന്നുമില്ലടി, ഗാന്ധിയന്‍ രീതിയിലുള്ള സമരമാ... വൈകിട്ട് തീരും. സ്കൂളില്‍നിന്നു മടങ്ങണസമയത്ത് ഞാനിവിടെ എത്തും.

   നീയാ ടീവി തുറന്നുവച്ചോളു.... മുന്‍നിരയില്‍ കാണും ഞാന്‍.....

പരിചയക്കാരൊക്കെ കാണുമെന്നതിനാല്‍  നല്ല അലക്കിതേച്ച ഷര്‍ട്ടും മുണ്ടും ധരിച്ചാണ് പോയത്..

പോകാനുള്ള വണ്ടി കവലയില്‍ കിടക്കുന്നതുകണ്ടപ്പോഴേ മതിയായി....  പണെന്നു ചെങ്കല്ല് കൊണ്ടുപോകുന്ന ഒരു ലോറി. അതാണേല്‍ കഴുകിട്ടു പോലുമില്ല ...

 അല്ല വാസു, ഇതെന്താ ബസൊന്നും കിട്ടിയില്ലേ ...

 എന്‍റെ മാഷേ, ഇന്ന് ഒത്തിരി കല്യാണവും, ധരണയുമൊക്കെയുള്ള ദിവസമാ.. ബസൊന്നും കിട്ടാനില്ല ..ഇതുതന്നെ ഒപ്പിച്ചെടുക്കാന്‍ ഞാന്‍ പെട്ടപാട് എനിക്കേഅറിയൂ.....

   നോക്കിനിക്കാതെ മാഷിങ്ങട് കേറിക്കോളൂ..

കവലയില്‍ ചുമടിറക്കുന്ന രാഘവനും മുത്തുവും ചേര്‍ന്ന്;  എന്നെ ചുമന്നാണ് ലോറിയില്‍ കയറ്റിയത്...ചന്തിയില്‍ അപ്പൊതന്നെ ചെളിപറ്റി.        അയ്യേ......

  ഓ...അതൊന്നും സാരമില്ല മാഷേ; പോവുന്നത് കല്യാണത്തിനൊന്നുമല്ലല്ലോ സമരത്തിനല്ലേ.. തുണിയൊക്കെ ആരുനോക്കുന്നു..

ലോറിയില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കൈവരിയിലും പിടിച്ചു ലക്ഷം ലക്ഷം പിന്നാലെ വിളിച്ചുകൊണ്ട് യാത്രയായി..

രാവിലെതന്നെ കളക്ട്രേറ്റുപടിക്കല്‍ സമരക്കാര്‍ എത്തിയിട്ടുണ്ട്. വാസു പറഞ്ഞത് ശരിയാണ്. പലതരംസമരം ഉണ്ടെന്നു തോന്നുന്നു.. പല വര്‍ണ്ണത്തിലുള്ള കൊടികള്‍, പല ആവശ്യങ്ങള്‍ എഴുതിയ ബാനറുകള്‍, പല വേഷംധരിച്ച ആളുകള്‍...റേഷന്‍കട നടത്തുന്ന കുമാരനെയും അവിടെ കണ്ടു.. റേഷന്‍ മറിച്ചുവില്‍ക്കാനുള്ള അവകാശം വേണമെന്നു പറഞ്ഞുകൊണ്ട് അവരും, ഇന്നു സമരം നടത്തുന്നുണ്ട്.. അതിനിടയില്‍ ചിലര്‍ കുടിലുകെട്ടി കിടക്കുന്നു. സമരം പത്താംദിവസം എന്നൊക്കെയുള്ള ബാനറും കാണാം... കഞ്ഞിവെപ്പ്, മുറ്റമടി, ചായകുടി ഇങ്ങനെയുള്ള പരിപാടികളും സമര കുടിലുകളില്‍ നടക്കുന്നു...മൊത്തത്തില്‍ ഒരു പൂരപ്പറമ്പു പോലെ...

ഗെയിറ്റിനകത്തേയ്ക്ക് ഒന്നേ നോക്കിയുള്ളൂ;നെഞ്ചിനകത്തുകൂടി ഒരു മിന്നല്‍ പാഞ്ഞു. സര്‍വ്വസന്നാഹങ്ങളുമായി പോലിസ് നില്‍ക്കുന്നു. ലാത്തിയും, തോക്കും, ജലപീരങ്കിയുമെല്ലാം സമരക്കാരെനോക്കി പുഞ്ചിരിക്കുന്നു.. ഭഗവാനേ; രമണിയുടെ നാക്ക് കരിനാക്കാകുമോ....

   പേടിക്കേണ്ട മാഷേ ഇതൊക്കെ ഇവിടെ എല്ലാ ദിവസവുമുള്ള സെറ്റപ്പാ...ഒന്നും ചെയ്യൂലാ....

   ഓഹോ; അങ്ങനെയാണല്ലേ ..

ശ്വാസം നേരെവീണത്‌ അതുകേട്ടപ്പോഴാണ് ..പത്രക്കാരും ടീവിക്കാരും ഒരു വശത്തു റെഡിയായി നില്‍ക്കുന്നുണ്ട്..ചിലര്‍ തത്സമയം കൊടുക്കുന്നുമുണ്ട്‌.

 ഇവിടെ എല്ലാം റെഡിയാണ് ശാലൂ..... വെടിക്കെട്ട്‌ തുടങ്ങിയിട്ടില്ല..... തിരികൊളുത്താന്‍ സമയമാകുന്നതെയുള്ളൂ ..ധൃതി പിടിക്കരുത് ശാലൂ... എന്നൊക്കെ കമന്‍റെറി കൊടുക്കുന്നവരുടെ മുന്നിലൂടെ ചുമ്മാ ഒന്നുനടന്നു.. ക്യാമറയിലെങ്ങാനും കടന്നുകൂടിയാല്‍ ലക്ഷങ്ങളാണ് കാണുന്നത്....

ചുമ്മാ തലകുലുക്കലും,വിരലുകള്‍കൊണ്ട്  ‘വീ’ അടയാളവും, പുഞ്ചിരിയുമൊക്കെയായി മൂന്നാലുവട്ടം ക്യാമറമാന്‍മാരുടെ മുന്നിലൂടെ നടന്നു..ഭാഗ്യമുണ്ടെങ്കില്‍ ഇപ്പോള്‍ ‘ഓണ്‍ എയര്‍’ ആയിട്ടുണ്ടാകും.. രമണിയെ ഒന്നും വിളിച്ചുനോക്കാം....

    രമണി; ഇതു ഞാനാ ..നീ വല്ലതും കണ്ടോ..?

  എന്നാ കണ്ടോന്ന്........ ഞാനിവിടെ അടക്കളെല്‍ കറിക്കരിയുവാ...... നിങ്ങളെവിടാ...... പരിപാടി തുടങ്ങിയോ ..

  എടി; ഇല്ല.... പക്ഷെ ഞാന്‍ ക്യാമറയുടെ മുന്നിലൂടെ നാലഞ്ചുവട്ടം നടന്നിട്ടുണ്ട്. വാര്ത്തയ്ക്കിടയില്‍ അതുവന്നൊന്നു അറിയാന്‍ വിളിച്ചതാ.....  നീയാ ടീവിയുടെ മുന്നില്‍ പോയി കറിക്കരിയ്; കാണാല്ലോ.............

   ഒന്നു പോ.... മനുഷ്യാ; ഇവിടെ ഉള്ളിയരിഞ്ഞു കണ്ണുനിറഞ്ഞു നില്‍ക്കുമ്പോഴാ നിങ്ങളുടെ ഒരു വാര്‍ത്തകാണല് ...

     ഫോണ്‍ കട്ടു ചെയ്തിരിക്കുന്നു.

കഴുത; സെന്‍സും സെന്‍സബിലിട്ടിയും ഇല്ലാത്ത വര്‍ഗ്ഗം...ആരോട് പറയാന്‍ അനുഭവിക്കുക തന്നെ...

 സുഹൃത്തുക്കളെ നമ്മുടെ പ്രതിക്ഷേധസമരം ആരംഭിക്കുകയാണ് ദയവായി എല്ലാവരും ഇരിക്കണം...പിന്നെ പ്രസംഗപരമ്പരകള്‍ തന്നെ നടന്നു,..വധം.. വധം.. കീചക വധം എന്നേ പറയാന്‍ കഴിയൂ. പഞ്ചായത്തില്‍ തുടങ്ങി കേരളം, ഇന്ത്യ, അമേരിക്ക, റഷ്യ, ഉഗാണ്ട, പോളണ്ട്, സൊമാലിയ, അന്റാര്‍ട്ടിക്ക തുടങ്ങി ആഗോളം, ഉദാരം, മൊതലാളി, തൊഴിലാളി അങ്ങനെ ഏതാണ്ട് ഒന്നരമണിക്കൂര്‍ കൊണ്ട് പ്രസംഗമേള അവസാനിച്ചു, മുന്‍നിരയില്‍ തന്നെയാണ് ഇരുന്നതെങ്കിലും ടീവിക്കാരേല്ലാം മാറിനില്‍ക്കുകയാണ്.. പ്രസംഗത്തിന്‍റെ ഏതാനം ദ്രെശ്യങ്ങള്‍ മാത്രമേ എടുത്തുകണ്ടുള്ളൂ.. സമരക്കാരെയൊന്നും ക്യാമറയില്‍ കയറ്റുന്നതേയില്ല ..പിന്നെ ഇവമ്മാരൊക്കെ എന്തോ കാണാനാപോലും ഇതും പൊക്കിപ്പിടിച്ച്  വന്നിരിക്കുന്നത്...

 പ്രസംഗപരിപാടി അവസാനിച്ചുവെന്ന പ്രഖ്യാപനം വന്നു...ഉടനെ ക്യാമറകളെല്ലാം റെഡിയായി, മൊത്തത്തില്‍ ഒരു അനക്കം വന്നപോലെ.. ഗെയിറ്റിനകത്തുനിന്നു വിസില്‍ അടികള്‍, ജലപീരങ്കി സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം.. പോലീസുകാര്‍ തോക്കും, ടിയര്‍ഗ്യാസും, ലത്തിയുമെല്ലാമെടുത്തു റെഡിയാകുന്നു.. ടീവിയില്‍ കാണുന്നതല്ലാതെ ഇങ്ങനത്തെ പരിപാടിയില്‍ ഇതുവരെ പങ്കെടുത്ത പരിചയമില്ല.. മുനിരയില്‍ മുമ്പുകണ്ട പല മുഖങ്ങളും അപ്രത്യക്ഷമായിരിക്കുന്നു പകരം അപരിചിതമുഖങ്ങള്‍ വന്നിരിക്കുന്നു..

 ശാലൂ..കേള്‍ക്കാമോ..? ഉടനെ തുടങ്ങാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തുടങ്ങിയിട്ടില്ല എന്നുള്ള ടീവിക്കാരുടെ കമന്ടറികളും മുഴങ്ങുന്നു... കൃഷ്ണാ, ഗോപി, രാഘവാ, വാസൂ....... ഭഗവാനേ കൂട്ടത്തില്‍ വന്ന ഒന്നിനെയും കാണുന്നില്ലല്ലോ.. എന്തോ കുഴപ്പം മണക്കുന്നു. മുന്‍നിരയിലുണ്ടായിരുന്ന  ഒറ്റ നേതാക്കള്‍ പോലുമില്ല ..പിറകോട്ട് വലിയാന്‍നോക്കി രക്ഷയില്ല.... പിന്നില്‍ നിന്നും വലിയ തള്ളാണ് വരുന്നത്.. മുന്നില്‍ സര്‍വ്വസന്നാഹങ്ങളുമായി പോലീസും.. പെട്ടതുതന്നെ.... അതിനിടയില്‍ പിറകില്‍നിന്നും ഒരു കല്ല്‌ മുന്നിലേക്ക് പറന്നുവന്നു.... എറിയരുത് പ്ലീസ്...... പറ്റുന്ന ഒച്ചയില്‍ പറഞ്ഞു നോക്കി....... എവിടെ......   ആലിപ്പഴവര്ഷം പോലെ കല്ലുമഴപെയ്യാന്‍ തുടങ്ങിയിരിക്കുന്നു.  പിറകോട്ടുപോവാന്‍ പറ്റുന്നില്ല.... മുന്നിലാണേല്‍ പോലീസും.....

 ചാ)))))))ര്‍ജ് ..പോലിസ് വിസിലിന്‍റെ ശബ്ദം ..ബൂട്ടുകള്‍ ഓടിയടുക്കുന്നു.. ജലപീരങ്കി പ്രവര്‍ത്തിച്ചു..ആദ്യ ചീറ്റിക്കലില്‍ത്തന്നെ തെറിച്ചുവീണു... അതിനിടയില്‍ ലാത്തിയടിയും കിട്ടി. മുന്‍ഭാഗത്തെ തള്ളു കുറഞ്ഞിരിക്കുന്നു...  അഴിഞ്ഞുവീണ മുണ്ടിനെ പെറുക്കിയെടുക്കുന്നതിനിടയില്‍ അടുത്ത അടി വന്നു.... സാറെ അടിക്കല്ലേ,,, എന്‍റെ മുണ്ട് .. നിന്റെയൊരു മുണ്ട്; ഓടെടാ... ഓടുന്നതിനിടയില്‍ എന്തോ ഒന്ന് മുന്നില്‍ വീണുപൊട്ടി... ടിയര്‍ ഗ്യാസ്.... ഭഗവാനെ പുകപുക ..... ഒന്നും കാണാന്‍ കഴിയുന്നില്ല. കണ്ണുനീറിയിട്ടു വയ്യ... പീരങ്കിവെള്ളം വീണേടത്തോക്കെ ചൊറിച്ചില്‍ ..പിടിയെടാ അടിയെടാ ശബ്ദങ്ങള്‍ അടുത്തുവരണൂ.. ഒരു നിമിഷം കുട്ടികളെയും രാമണിയേയും മനസ്സില്‍ ഓര്‍ത്തു.. ഗണപതിക്കു രണ്ടു നാളികേരം നേര്‍ന്നു... ഇതെല്ലാം നിമിഷങ്ങള്‍ കൊണ്ടുകഴിഞ്ഞു...  ടിം  എന്‍റെ കാലുകള്‍ ചിറകുകളായി...ഒരു നിമിഷം കൊണ്ട് ഞാനൊരു ഉസൈന്‍ ബോള്‍ട്ടായി മാറിക്കഴിഞ്ഞു... വഴിയൊന്നും നിശ്ചയമില്ലാത്തതിനാല്‍ കണ്ടവഴി വിട്ടു...എന്നെ പിന്തുടര്‍ന്ന പോലീസുകാരനെ ബഹുദൂരം പിന്നിലാക്കി ഞാന്‍ എന്‍റെ ഓട്ടം നിറുത്തുമ്പോള്‍, വല്ലാത്ത നാറ്റം മുക്കിലേക്ക് അടിച്ചുകയറി.. മാലിന്യക്കൂമ്പാരത്തിന്‍റെ മറവിലിരുന്നു ഒരുവിധം നേരംകഴിച്ചു...നനഞ്ഞ വസ്ത്രങ്ങളൊക്കെ ഉണക്കി...ഒടുവില്‍ ലാസ്റ്റ് ബസിനു വീടുപിടിക്കുമ്പോള്‍ ശരീരത്തിന് നല്ല നീറ്റലുണ്ടെങ്കിലും, മനസ്സിന് അതൊരു സുഖമായിരുന്നു. കവലയില്‍ ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ ചില ചിന്തകള്‍ മനസ്സിനെ അലട്ടി..

എന്തിന്‍റെ കേടാ ഇതൊക്കെ... ഇവന്മ്മാര്‍ക്കൊന്നും വേറെ പണിയില്ലേ. തല്ലു കൊള്ളാന്‍ കുറെയെണ്ണം, തല്ലു കൊടുക്കാന്‍ കുറെയെണ്ണം, .തല്ലു കൊടുക്കുന്നതും തല്ലുകൊള്ളുന്നതും വിറ്റുകാശാക്കാന്‍ കുറെയെണ്ണം,,തിന്നു പല്ലില്‍കുത്തി നടക്കാന്‍ കുറെയെണ്ണം..വല്ലാത്തൊരു ലോകംതന്നെ.

 പത്താംക്ലാസ്സ്‌ പോലും പാസാകത്തവന്‍ മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫായി കോടികള്‍ ഉണ്ടാക്കുന്നു...വല്യ ബിരുദമൊക്കെ കയ്യിലുള്ളവന്‍ തേരാപാര കൊടിയും പിടിച്ചു തല്ലുകൊള്ളുന്നു...എന്തൊരു വിരോധാഭാസം... ഇന്നുവാങ്ങുന്ന തല്ലു നാളത്തെ മുതല്‍ക്കുട്ടാണന്നു പഠിപ്പിക്കുന്ന പ്രസ്ഥാനങ്ങള്‍.... ഇന്നലെ തല്ലുവാങ്ങിയവരാണ് ഇന്നിനെ ഇങ്ങനെയാക്കിയത് എന്ന വാദം അംഗികരിച്ചുകൊണ്ട് പറയട്ടെ.. തെരുവില്‍ പോലീസിന്‍റെ കൈയ്യില്‍നിന്നും മര്‍ദ്ദനമേല്ക്കുന്നവര്‍ക്ക്  ആശ്പത്രിചിലവിനുള്ള പൈസയെങ്കിലും കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം... സമരത്തില്‍ പങ്കെടുത്തുവെന്ന തെളിവിനായി പേരു രെജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും തയ്യാറാക്കണം.. ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷമാണ്. ഇന്നത്തെ ഭരണപക്ഷം നാളത്തെ പ്രതിപക്ഷവും..രണ്ടു കൂട്ടര്‍ക്കും  തല്ലൂവാങ്ങല്‍ കൂട്ടങ്ങള്‍ ആവശ്യമാണ്‌ ... അതുകൊണ്ട് തല്ലുകിട്ടുന്നവര്‍ക്ക്; ആവശ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ‘തല്ലുവാങ്ങല്‍ വേതനം’ എന്ന രീതിയില്‍ ഒരു ചെറിയ സാമ്പത്തിക സഹായവും; കുഴമ്പ്, പഞ്ഞി, കോട്ടന്‍, ഡെറ്റോള്‍ തുടങ്ങിയ ഒരു ഫസ്റ്റ് എയിഡ്കിറ്റും അനുവദിക്കണമെന്നാണ് എന്‍റെ അപേക്ഷ...

 സ്വന്തം ഭരണം നിലനിറുത്താന്‍ വിദേശശക്തികളെ കൂട്ടുപിടിച്ച് സ്വന്തം ജനത്തെ അടിച്ചമര്‍ത്തിയ പൊന്നുതമ്പുരാന്‍റെ കുടുബത്തിന് പൊതുഖജനാവില്‍ നിന്നും വര്‍ഷം കോടിക്കണക്കിനുരൂപ പെന്‍ഷന്‍ എന്നപേരില്‍ കൊടുക്കാമെങ്കില്‍; പ്രതിഷേധക്കാര്‍ക്ക് ‘തല്ലുവാങ്ങല്‍ വേതനം’ കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല.. കോണ്ഗ്രസ് നേതാവായ കേളപ്പന്‍ നയിച്ച ഗുരുവായൂര്‍ സത്യാഗ്രഹമടക്കമുള്ള സാമൂഹ്യമുന്നേറ്റങ്ങളെ തല്ലിക്കെടുത്താന്‍ ശ്രമിച്ച സാമുതിരിയുടെ, പിന്‍മുറക്കാര്‍ക്ക്; ഇപ്പോഴും ആവശ്യത്തിനു പണവും സ്ഥാപനങ്ങളും ഒക്കെയുള്ള സാമൂതിരി കുടുബാംഗങ്ങള്‍ക്ക് വേണ്ടി പെന്‍ഷന്‍ ഇനത്തില്‍ പ്രതിവര്‍ഷം രണ്ടരക്കോടി രൂപ ചിലവഴിക്കാമെങ്കില്‍; മാറ്റങ്ങള്‍ക്കുവേണ്ടി, തെരുവില്‍ പട്ടിയെപോലെ തല്ലുകൊള്ളുന്നവര്‍ക്കും സഹായം അനുവദിക്കാം.

 ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയ പ്രിവി പേഴ്‌സ് സമ്പ്രദായം മറ്റൊരു രീതിയില്‍ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നത്. സാമൂതിരി രാജകുടുംബാംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള മന്ത്രിസഭാതീരുമാനം അത്ര സ്വീകാര്യമായ ഒരു നടപടിയല്ല. 826 പേര്‍ക്ക് പ്രതിമാസം 2,500 രൂപ പെന്‍ഷന്‍ നല്‍കാനാണ് തീരുമാനം. ഇതിലൂടെ വര്‍ഷന്തോറും രണ്ടരക്കോടി രൂപയുടെ അധിക സാമ്പത്തികബാധ്യത സര്‍ക്കാരിനുണ്ടാവും. വിധവകള്‍ക്കും വികലാംഗര്‍ക്കും മറ്റും തുച്ഛമായ സംഖ്യ പെന്‍ഷന്‍ നല്‍കുമ്പോഴാണ് രാജകുടുംബത്തില്‍ അംഗമായതിന്‍റെ മാത്രം പേരില്‍ പെന്‍ഷന്‍ നല്‍കുന്നത്. കേരളസമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കിയ കുടുംബമെന്ന കാരണം പറഞ്ഞാണിത്.എന്തു സംഭാവനയാണ് നല്‍കിയതെന്നുകൂടി സര്‍ക്കാര്‍ വിശദികരിക്കണം. കെ കേളപ്പന്റെ നേതൃത്വത്തില്‍നടന്ന  ഗുരുവായൂര്‍ സത്യാഗ്രഹത്തെ തോല്പിക്കാന്‍ ശ്രമിച്ച രാജാവാണ് സാമൂതിരി.  സാമൂതിരിയുടെ പേരില്‍ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഈ സ്ഥാപനങ്ങളിലൊക്കെ നിയമനം നടത്തുന്നതും ഇവര്‍ തന്നെയാണ്....രാജ കുടുംബാംഗങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണെങ്കില്‍  ഇതു സമ്മതിക്കാം.. അങ്ങനെ ഒരു സാഹചര്യവും നിലവില്ല...സമൂഹത്തിന്‍റെ താഴെ തട്ടിലുള്ളവര്‍ക്കൊക്കെ നാമമാത്രമായ പെന്‍ഷന്‍തുക മാത്രം കൊടുക്കുന്ന സര്‍ക്കാര്‍, ആരെ പ്രീണിപ്പിക്കാനാണ് ഈ പെന്‍ഷന്‍ പരിപാടി തുടങ്ങുന്നത്...ഖജനാവ് കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ..??. അത്താഴപ്പട്ടിണിക്കാരനും നികുതികൊടുക്കുന്ന പണമാണ് സര്‍ക്കാര്‍ ഖജനാവിലുള്ളത്.. അതു കുരങ്ങന്‍റെ കൈയ്യില്‍ പൂമാല കിട്ടിയപോലെ കയ്യിട്ടുവാരിയും, കട്ടുമുടിച്ചും, സ്വന്തം കുടുംബസ്വത്തുപോലെ കണ്ടവര്‍ക്കൊക്കെ എടുത്തുകൊടുക്കാനുമുള്ളതല്ല... അതില്‍  കണ്ണുനീരിന്‍റെ ഉപ്പും, കഷ്ടപ്പാടിന്‍റെ വേദനയും അടങ്ങിയിട്ടുണ്ട്... കട്ടുമുടിക്കുമ്പോള്‍ ഒരു പക്ഷെ നിരാലംബരായ ജനത ചോദിക്കില്ലായിരിക്കും.. പക്ഷെ പ്രകൃതി കണിശമായും പകരം ചോദിക്കും... പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കും എന്നു കേട്ടിട്ടില്ലേ........ അതേ; അതുതന്നെ..  


  ഒരിക്കല്‍ കൂടി പറയട്ടേ.പറങ്കികളോട് ചേര്‍ന്ന് കുഞ്ഞാലിമരയ്ക്കാരുടെ കോട്ട ആക്രമിച്ച്.. മരയ്ക്കാരെ ചതിയിലൂടെ പിടിച്ചുകെട്ടി പറങ്കികള്‍ക്ക് കൈമാറിയതാണ് പെന്ഷനുള്ള യോഗ്യതയെങ്കില്‍....കേളപ്പന്‍റെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചതാണ് യോഗ്യതയെങ്കില്‍, ജനങ്ങളുടെ താല്പര്യങ്ങളെ  ഒരുതരത്തിലും അംഗികരിക്കില്ല എന്ന പിടിവാശിയാണ് യോഗ്യതയെങ്കില്‍,,,, തെരുവില്‍ പ്രതിഷേധം രേഖപ്പെടുത്തി തല്ലുകൊള്ളുന്ന എല്ലാവര്‍ക്കും പാര്‍ട്ടിപരിഗണന നോക്കാതെതന്നെ പരിക്കിന്‍റെ തീവ്രതനോക്കി സാമ്പത്തികസഹായം കൊടുക്കേണ്ടതാകുന്നു... ,

..

19 comments:

  1. ശ്യാംസുന്ദര്‍July 1, 2013 at 10:09 AM

    സംഗതി ചീറിയിരിക്കുന്നു മാഷേ

    ReplyDelete
    Replies
    1. അഭിപ്രായം പറഞ്ഞതിന് നന്ദി ശ്യാം..വീണ്ടും ക്ഷണിക്കുന്നു

      Delete
  2. സ്ഥിരം തല്ലുകൊള്ളികള്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കണം

    ReplyDelete
  3. നന്നായിട്ടുണ്ട് :)

    ReplyDelete
    Replies
    1. മണ്‍സൂണ്‍ താങ്കളെ കണ്ടതില്‍ നന്ദി അറിയ്ക്കുന്നു.

      Delete
  4. This comment has been removed by the author.

    ReplyDelete
  5. ഇതില്‍ കൂടുതല്‍ എന്തെഴുതാന്‍ മാഷെ?അഭിനന്ദനങ്ങള്‍

    ReplyDelete
  6. സമകാലികം, വെട്ടി തുറന്നു കുതിച്ചു ഒഴുകിട്ടോ..

    ReplyDelete
    Replies
    1. ഈ ഒഴുക്കിനെ കുറിച്ച് അഭിപ്രയം പറഞ്ഞതില്‍ നന്ദി അനീഷ്‌

      Delete
  7. എല്ലാം വിരോധാഭാസങ്ങള്‍
    ഇവിടെ സ്വര്‍ഗമാണ് കള്ളന്മാര്‍ക്ക്

    ReplyDelete
    Replies
    1. ശരിയാണ് അജിത്തേട്ട....

      Delete
  8. കട്ടുമുടിക്കുമ്പോള്‍ ഒരു പക്ഷെ നിരാലംബരായ ജനത ചോദിക്കില്ലായിരിക്കും.. പക്ഷെ പ്രകൃതി കണിശമായും പകരം ചോദിക്കും... പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കും എന്നു കേട്ടിട്ടില്ലേ........ അതേ; അതുതന്നെ..

    ReplyDelete
  9. നന്നായിരിക്കുന്നു.
    പ്രതിക്ഷേധങ്ങളെ ഈ കണ്ണീലൂടെയും വായിക്കാം . അല്ലേ .......

    ReplyDelete
    Replies
    1. എല്ലാ പ്രതിക്ഷേധങ്ങളെയും അങ്ങനെ പറയുന്നില്ല വിപിന്‍ ചിലതെല്ലാം ഇങ്ങനെ തന്നെയാണ്

      Delete
  10. പാവം മാഷ്‌
    നല്ലോണം കിട്ടിക്കാണും അല്ലെ..

    ReplyDelete
    Replies
    1. കിട്ടിയോന്നോ.....സത്യം പറയാല്ലോ നമ്പ്യാരേ അതു ഞാന്‍ തന്നെയാടോ...

      Delete