മരിച്ചശേഷം
തന്നോട് വീട്ടുകാരും നാട്ടുകാരുമൊക്കെ എങ്ങനെയാണ് പെരുമാറുന്നതെന്നറിയാന്‍ പല
ആത്മാക്കള്‍ക്കുമാഗ്രഹം കാണും. കാലന്‍റെ അടുത്തുനിന്നു അതു കാണാമോ എന്നാരും
ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ നടി കനക ഭാഗ്യവതിയാണ്. ജീവിച്ചിരിക്കെത്തന്നെ, മരണശേഷം
നാട്ടുകാര്‍ തന്നോട് കാണിക്കുന്ന സ്നേഹപ്രകടങ്ങള്‍ നേരിട്ടുകാണാന്‍ ഭാഗ്യംലഭിച്ച
അപൂര്‍വവ്യക്തിയാണവര്‍. ഇങ്ങനെ ഒരു കാഴ്ച ഒരുക്കിത്തന്ന ചാനലിനും അഭിനന്ദനം
.ബ്രേക്കില്ലാതെ ബ്രേക്കിംഗ് ന്യൂസുകള്‍വരുമ്പോള്‍ അതിനിടയില്‍ ബ്രേക്കുകിട്ടാതെ
ഒലിച്ചുപോകുന്ന ചാനലുകളും ധാരാളം... നിലവിലുള്ള ബ്രേക്കിംഗ് ന്യൂസുകള്‍ ബ്രേക്കില്ലാതെ
കൊടുത്താല്‍ ചാനലും മൊതലാളിയും മലവെള്ളപാച്ചിലില്‍
മരം പോണപോലെ അറബിക്കടലിലെത്തും. ആ സാഹചര്യത്തില്‍ ബ്രേക്കിന് ഒരു ഗതിയുമില്ലാതെ റിപ്പോര്‍ട്ടര്‍
കുട്ടപ്പന്‍ ആലപ്പുഴയുടെ നാട്ടുവഴിയിലൂടെ
ചെത്തുകള്ളുംമ്മോന്തി നടക്കുമ്പോഴാണ് വട്ടത്തിലുള്ള റീത്തില്‍ കനകമ്മ എന്ന
കടലാസുമൊട്ടിച്ചു നാട്ടുകാരില്‍ ചിലര്‍ ധൃതിയില്‍ ചലോ ചലോ നടത്തുന്നത് കണ്ടത്.
എന്താകാര്യം... കുട്ടപ്പന്‍ ഒട്ടൊന്നു വേഗത്തില്‍ ചോദിച്ചു. ....നമ്മുടെ നടി
കനകമ്മ തട്ടിപ്പോയി..... എന്നൊരു മറുപടിയും കിട്ടി. ഏതു കനകമ്മ...... ഹാ നമ്മുടെ
നടിയില്ലേ..... ആയമ്മ തന്നെ..
ചവിട്ടുനാടകത്തിലെ
രാജാപ്പാട്ടു കൊച്ചാപ്പിയുടെ പട്ടമഹഷിയായി അഭിനയിച്ചിരുന്ന അണ്ടിഫാക്ടറിയില്‍ തൊണ്ടുതല്ലുന്ന
എണ്പതുകാരി കനകമ്മ, ചിക്കന്‍ ഗുനിയ പിടിച്ചു കിടപ്പിലായതും, സര്‍ക്കാരാശുപത്രിയിലെ
കൊയനാവെള്ളം രോഗത്തെ ഭേധമാക്കാത്തതിനെത്തുടര്‍ന്ന് കര്‍ത്താവില്‍ നിദ്ര
പ്രാപിച്ചതിന്‍പ്രകാരം സഹചവിട്ടുനാടകക്കാര്‍ റീത്തുമായിപോയതുമായ വാര്‍ത്തയാണ് നടി കനകമ്മ അന്തരിച്ചു എന്ന ഉത്തരത്തിലൂടെ
റിപ്പോര്‍ട്ട്ര്‍ കുട്ടപ്പന് വെളിപ്പെട്ടുകിട്ടിയത് . കേട്ടപാതി കേള്‍ക്കാത്തപാതി
റിപ്പോര്‍ട്ടര്‍ കുട്ടപ്പന്‍ ചാനലില്‍ വിളിച്ചു... ബ്രെക്കുണ്ടേ,,,,, ബ്രെക്കുണ്ടേ,,,,
നടി കനകാ)))))),,,,,മ അന്തരിച്ചു... ഏതു
കനക))))) എന്നു ചോദിക്കും മുന്‍പേ ഫോണ്‍ കട്ടായി...കട്ടായ ഫോണ്‍ കുട്ടയിലിട്ട്,
ബ്രേക്കുകിട്ടിയ ചാനല്‍ മേധാവി കാര്‍ക്കോടകന്‍, ഉടന്‍ ഗൂഗിളില്‍ സേര്‍ച്ചി,,,,,,
നടി കനക....... ഉത്തരം വന്നു, ഫോട്ടോയും വന്നു. ഗോഡ്ഫാദര്‍, വിയറ്റ്‌നാംകോളനി..തുടങ്ങി
നിരവധി മലയാള ചിത്രങ്ങള്‍....സംഗതി മാച്ച്...വാര്‍ത്ത ഓണ്‍ എയറില്‍... മലയാള സിനിമാനടി കനക അന്തരിച്ചു,,, ബ്രേക്കിംഗ്
ന്യൂസ് ബ്രേക്കില്ലാതെ പാഞ്ഞു. സോഷ്യല്‍ നെറ്റ് മുഴുവന്‍ ആദരാഞ്ജലികളുടെ പ്രളയം.കണ്ണുനീര്‍ത്തുള്ളികള്‍
ഫേസ് ബുക്കു പേജുകളെ കുതിര്‍ക്കുന്ന ദുര്‍ബലനിമിഷം....
ചാനലുകാര്‍
അന്തരിപ്പിച്ചതും എന്നാല്‍ കാലന്‍, അന്തരിപ്പിക്കാത്തതുമായ സിനിമനടി കനക; ചെന്നയിലെ തന്‍റെ വീട്ടിലിരുന്നു
നാലുമണിക്കാപ്പിയും കൂടെ പതിവായികഴിക്കുന്ന ഉണ്ടന്‍ പൊരിയും തട്ടിവിടുമ്പോഴാണ്
താന്‍ അന്തരിച്ച വിവരം ബ്രേക്കിങ്ങായി അറിയുന്നത്. ഉടനെ നെറ്റില്‍ക്കേറി തപ്പിനോക്കി,
അവിടെയാകെ കണ്ണിരില്‍ കുതിര്‍ന്നുകിടക്കുന്നു..പടംവെച്ച അനുശോചനകാര്‍ഡുകള്‍ പറന്നുകളിക്കുന്നു..പടത്തിന്‍മേല്‍
റോസപൂക്കളും കണ്ണുനീര്‍ത്തുള്ളികളും... സംശയമില്ല
താന്‍ അന്തരിച്ചിരിക്കുന്നു. ബാഷ്പ്പാഞ്ജലികളും അസ്രൂപൂക്കളും പരക്കുന്നു. ഒരു
നിമിഷം നടിയും കണ്ഫ്യൂഷനിലായി. ഇനി താന്‍ ചത്തോ..?? അപ്പൊ താനെന്നു പറഞ്ഞു നില്‍ക്കുന്ന
ഈ ഞാന്‍ ആരാ... താനാരാണന്നു തനിക്കറിയില്ലെങ്കില്‍ താനതു ആരോട് ചോദിക്കുമെന്ന
കണ്ഫ്യൂഷനില്‍ ..... സ്വയം പിച്ചിനോക്കി നോവുന്നുണ്ട്. കാലുരണ്ടും തറയില്‍
തൊടുന്നുണ്ട്. കയ്യിലിരുന്ന ഉണ്ടന്‍ പൊരി കടിച്ചുനോക്കി; പൊട്ടുന്നുണ്ട്. ഇറക്കിനോക്കി
ഇറങ്ങുന്നുണ്ട്. വെപ്പുകാരി ശോശാമ്മയെ അടുക്കളയില്‍ നിന്നും അകത്തോട്ടു വിളിച്ചു...
എടി ശോശെ, നീ എന്നെ കാണുന്നുണ്ടോ.... ഉണ്ടല്ലോ...... എനിക്കെന്തേങ്കിലും കുഴപ്പം
കാണുന്നുണ്ടോ?... ഇല്ലല്ലോ..!!!.. എന്താ കൊച്ചമ്മേ..... അല്ലാ,,,,,, ഞാനിപ്പോ
ആലപ്പുഴയില്‍ അന്തരിച്ചുവെന്ന് ടീവിക്കാര്‍ പറയുന്നു. അത് സത്യമല്ലല്ലോ അല്ലേ ...ശോശ
ടീവിയിലും കൊച്ചമ്മേയും മാറിമാറി നോക്കി,,,,ഒടുവില്‍ കണ്ണുമഞ്ഞളിച്ച് കര്‍ത്താവേ,,,,,
പ്രേതം എന്ന അലര്‍ച്ചയോടെ പിറകോട്ടു മലച്ചു. സംഗതി പിടിവിടുമെന്നു കണ്ടപ്പോള്‍
ചെന്നയില്‍ ജീവിച്ചിരിക്കുന്ന കനക പത്രക്കാരെ വിളിച്ചുപറഞ്ഞു; ആലപ്പുഴയില്‍ മരിച്ച
കനക ചെന്നയില്‍ ജീവനോടെ ഉണ്ടെന്ന്.. കണ്ടും തൊട്ടും വിശ്വസിക്കാന്‍ ചാനലുകാര്‍
അവിടെയും റെഡി. വാര്‍ത്ത ഓണ്‍ എയറില്‍.. ഇല്ല ഇല്ല പോയിട്ടില്ല .കനക ജീവനോടെ
ഉണ്ട്... ഇതൊന്നും അറിയാത്ത പാവം ശശികള്‍ സോഷ്യല്‍ നെറ്റുകളില്‍ കണ്ടോളന്‍സ് അയച്ചുകൊണ്ടേ
ഇരുന്നു.
ബ്രേക്കിംഗ്
ന്യൂസ് കൊടുത്ത കുട്ടപ്പനെ കാണാനില്ല എന്നതാണ് ഇതു സംബന്ധിച്ച് അവസാനവാര്‍ത്ത. ബ്രേക്കിംഗ്
ന്യൂസുകള്‍, ബ്രേക്കില്ലാതെ കൊടുക്കുന്ന കാലമാണ്. ചാനലായചാനലൊക്കെ സരിത, ശാലൂ,
ബിജു, ജോപ്പന്‍, കോപ്പന്‍ ഇവരെയെല്ലാം ബ്രേക്കിംഗ് ആക്കുമ്പോള്‍ ഉടുതുണിക്ക്
മറുതുണിയില്ലാതെ തൊണ്ണയില്‍ പുഴുത്തത് ഇറക്കണം എന്നു വിലപിക്കുന്ന ചാനലുകാരും
ഇവിടുണ്ട്.. അവര് എന്തു ബ്രേക്കാണ് കൊടുക്കേണ്ടത്..? പെണ്ണുകേസ് ഒഴിച്ചുള്ള ഒരു കേസിനും
ജനത്തിന്‍റെ ബ്രേക്ക് പൊട്ടിക്കാന്‍ കഴിയില്ല.. അട്ടപ്പാടിയില്‍ ആദിവാസി മരിച്ചു,
വെള്ളംകേറി പത്തുമരണം എന്നൊക്കെ ബ്രേക്കിംഗ് കൊടുത്താല്‍ ഒരു പട്ടിപോലും തിരിഞ്ഞു
നോക്കില്ല. സരിത ഇന്നലെ പച്ചസാരി ഉടുത്തു, ശാലുവിനു ജയിലില്‍ മലബന്ധം എന്നൊക്കെ
പടച്ചുവിട്ടാല്‍ പത്താള് വാര്‍ത്തകാണും. അങ്ങനെയാണ് കുട്ടനാട്ടിലെ ഹൌസ്‌ബോട്ടുകളില്‍
വല്ല ചുറ്റിക്കളിയും കിട്ടുമോന്നറിയാന്‍ കുട്ടപ്പനും കൂട്ടരും ..സ്പ്രിംഗ്...
ഓപ്പറേഷനുമായി ഇറങ്ങിയത്..പണിപാളി എന്നുപറഞ്ഞാല്‍ മതിയല്ലോ..
പടച്ചുവിടുന്ന
വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നന്വേഷിക്കാന്‍
പോലും സമയമില്ല. കാളപെറ്റെന്നു കേട്ടാല്‍ അപ്പൊ കയറെടുക്കും.. അന്തരിച്ച നടന്‍ തിലകനെ
ഇതുപോലെ കൊല്ലാന്‍ നോക്കിയതാണ്,, ആ വകുപ്പില്‍ ചിലരൊക്കെ തല്ലുകൊണ്ടോ എന്നുള്ളത്
ഇപ്പോഴും തര്‍ക്കവിഷയമാണ്. മണ്ടേലയെ ഇതുപോലെ ഇതിനകം നിരവധിതവണ കൊന്നുകഴിഞ്ഞു. എന്നിട്ടും
മണ്ടേല ഇപ്പോഴും ജീവിക്കുന്നു. ഏതായാലും കനകയും മരിച്ചു നിമിഷങ്ങള്‍ക്കകം ഉയര്‍ത്തെഴുന്നേറ്റു.
ആശ്വസിക്കാം...
പണിയൊന്നുമില്ലേല്‍ പ്ലാമൂട്ടില്‍ വിദ്യാധരന്‍
അന്തരിച്ചു എന്നൊരു ഫ്ലാഷ് കൊടുക്കടാ പുല്ലുകളേ ,,എന്‍റെ പെമ്പറന്നോത്തിക്കും
മക്കള്‍ക്കും എന്നോടുള്ള സ്നേഹം ഒന്നു കാണട്ടെ..എത്ര നാട്ടുകാര്‍ക്ക്
വിഷമമുണ്ടാകും എന്നൊന്നു കാണണം, ഫേസ്ബുക്കില്‍ എത്ര പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും
എന്നറിയണം, അനുശോചനം അറിയ്ക്കാന്‍ ഏതൊക്കെ
രാഷ്ട്രിയനേതാക്കള്‍ വരും എന്നും നോക്കണം; എന്നിട്ടു വേണം പിരിവ് കൊടുക്കണോ
വേണ്ടയോ എന്നു തീരുമാനിക്കാന്‍, നാട്ടില്‍ നടക്കുന്ന കല്യാണത്തിനു സംഭാവന കൊടുക്കുന്നതും, വീടുംപറമ്പും ഭാര്യക്കും മക്കള്‍ക്കും എഴുതിക്കൊടുക്കുന്നതുമെല്ലാം
ഇതറിഞ്ഞിട്ടു വേണം..ചങ്കത്തടിയും നിലവിളിയും അനുശോചനവും ഒന്നുമില്ലെങ്കില്‍ എല്ലാം വല്ല അനാഥാലയത്തിനും കൊടുത്തിട്ട് തപസ്സ്
അനുഷ്ടിക്കാന്‍ പോകാനാ ...എവിടെ റിപ്പോര്‍ട്ടര്‍ കുട്ടപ്പന്‍..കൊടുക്കടാ ന്യൂസ്,,,
വിദ്യാധരന്‍ അന്തരിച്ചു..ഞാനൊന്നു കാണട്ടെ.
വാര്‍ത്തകള്‍
എത്രയുംവേഗം പ്രേക്ഷകരില്‍ എത്തിച്ചുകൊണ്ട് ചാനല്‍ റേറ്റിംഗ് കൂട്ടാന്‍
സെക്കണ്ടിനു സെക്കണ്ടിനു ബ്രേക്കിംഗ് ന്യൂസുകള്‍ പടച്ചു വിടുന്ന കാലമാണിത്...
ബ്രേക്കിംഗ് ന്യൂസുകളധികവും നിലവിലുള്ള ഏതെങ്കിലും
പ്രധാനവാര്‍ത്തയുടെ വാലുപിടിച്ചു പടയ്ക്കുന്നതയിരിക്കും.. അതുകൊണ്ടുതന്നെ സത്യാവസ്ഥ
ചികയാതെ വാര്‍ത്തകള്‍ കൂട്ടിവായിച്ചു പ്രേക്ഷകന്‍ തൃപ്തിയടയുന്നു..വ്യക്തികളുടെ
സ്വകാര്യനിമിഷങ്ങള്‍വരെ സ്കൂപ്പുകളായി വെളിപ്പെടുത്തുന്നു...എതിര്‍ത്താല്‍
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള അവകാശം എടുത്തിടും..ഇങ്ങനെ ആരാലും
പേടിക്കേണ്ടാത്ത അമ്പലക്കാളകളായി പത്രപ്രവര്‍ത്തനം മാറിയോ എന്നൊരു തോന്നല്‍.. വാര്‍ത്തയിലെ
കൃത്യതയാണ് പത്രപ്രവര്‍ത്തനത്തിലെ പരമമായകാര്യം..പൊതുജനതാല്പര്യാര്‍ഥം; സാമ്പത്തികലാഭമോ,
കുറ്റകരമായ ഗൂഡാലോചനകളോ ഇല്ലാതെയുള്ള സ്റ്റിംഗ് ഓപ്പറേഷനുകളെ മാത്രമാണ് അന്വേഷണാത്മക
പത്രപ്രവര്‍ത്തനമെന്ന രീതിയില്‍ കോടതി അംഗികരിച്ചിരിക്കുന്നത്...പലപ്പോഴും പൊതുജനതാല്പര്യാര്‍ഥം
എന്നത് ചാനലിന്‍റെ താല്പര്യാര്‍ഥം എന്നായി മാറിയിരിക്കുന്നു.. ജീവിച്ചിരിക്കുന്ന
ഒരാള്‍ മരിച്ചു എന്നൊരു ന്യൂസ് ഒരു ചാനല്‍ കൊടുക്കുമ്പോള്‍ ആ ചാനലിനു എന്തു
വിശ്വാസ്യതയാണുള്ളത്..വളരെശ്രദ്ധിച്ചു കൊടുക്കേണ്ട വാര്‍ത്തകളില്‍പ്പോലും ഒരു
ശ്രദ്ധയും കാണിക്കാതെ , വായില്‍ തോന്നിയതു കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ വിളിച്ചു
പറഞ്ഞുകൊണ്ട് മാധ്യമപ്രവര്‍ത്തനം തരംതഴ്ന്നാല്‍, വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളെ
മാത്രം ആശ്രയിക്കുന്ന പൊതുജനം വീണ്ടും കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്..
ജനാധിപത്യത്തിന്‍റെ
നാലാം തൂണായിട്ടാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടുതന്നെ പുറത്തുവിടുന്ന
വാര്‍ത്തകളില്‍ കൃത്യത അത്യാവശ്യമാണ്... തുടര്‍ച്ചയായി തെറ്റായവാര്‍ത്തകളും,
ജനങ്ങളുടെ ഇടയില്‍ തെറ്റുധാരണ പരത്തുന്ന ബ്രേക്കിംഗ് വെളിപ്പെടുത്തലുകളും
നടത്തുമ്പോള്‍ മാധ്യമങ്ങള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും.. പഴയ
പത്രമാരണ ബില്ലിന്‍റെ പ്രേതം ഇപ്പോഴും കറങ്ങിനടക്കുന്നുണ്ട്. മാധ്യമങ്ങള്‍
അതിരുകടക്കുന്നു നടപടിവേണം എന്നുള്ള പ്രസ്താവനകള്‍ ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.പൊതുജനങ്ങളില്‍നിന്നും
വേണ്ടത്ര പിന്തുണകിട്ടാതെ കുപ്പിയില്‍ അടയ്ക്കപ്പെട്ട ആ ഭൂതം ഇങ്ങനെയുള്ള
സാഹചര്യങ്ങളില്‍ തുറന്നുവിട്ടാല്‍, പത്രപ്രവര്‍ത്തനത്തിലെ തെണ്ടിത്തരങ്ങള്‍ ഇക്കാര്യത്തില്‍
സര്‍ക്കാരിനുള്ള ജനപിന്തുണ വര്‍ദ്ധിപ്പിക്കും.. പ്രതിഷേധംകൂടാതെ മാരണനിയമം
നടപ്പിലാകുകയും ചെയ്യും.. അതുകൊണ്ട് ജനങ്ങളെ വെറുപ്പിക്കരുത്..കുറഞ്ഞപക്ഷം ജീവിച്ചിരിക്കുന്നവനെയെങ്കിലും
മരിച്ചവനാ ക്കാതെ ജീവിക്കാന്‍ അനുവദിക്കൂ...
മാഷേ ആദ്യ തേങ്ങാ ഞാന്‍ ഉടച്ചിരിക്കുന്നു..അടിപൊളി ,പൊളിച്ചടുക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.
ReplyDeleteകണ്ടു കണ്ടെന്നിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ,രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലെറ്റി നടത്തുന്നതും എല്ലാം ഇവരു തന്നെ. circulation/rating boom ഉണ്ടാക്കുന്ന മാധ്യമ അസംസ്ക്കാരം .
ReplyDeleteആരെങ്കിലും നാലാൾ അറിയുന്നവർ മരിച്ചാൽ മതി , പോസ്റ്റെഴുതി ഷെയർ നടത്തണം എന്ന ചിന്തയാണ് ഫെയ്സ് ബുക്ക് ജീവികൾക്ക് .. അതിപ്പോ സ്വന്തം കുടുംബത്തിലുള്ളവരായാലും വിരോധമില്ല ...എന്താ പറയ്വാ .. ഈ ന്യൂസ് കണ്ട സമയത്തെ ഞാൻ പറഞ്ഞിരുന്നു ഇത് ഫെയ്ക്ക് ആണെന്ന് ... പണ്ട് ചിത്രചേച്ചിക്ക് ഇരട്ട പ്രസവിച്ചു എന്നും പറഞ്ഞു ഒരു പോസ്ട്ടുണ്ടായിരുന്നു ... ഈ വക പോസ്റ്റുകളിൽ കൂടി ഇതിനു പിന്നിലുള്ളവർ എന്താനന്ദം ആണ് നേടുന്നത് എന്നറിയില്ല .. എന്തായാലും അപലപനീയം ...
ReplyDeleteഇനി മുതൽ മരണ അറിയിപ്പ് കൊടുക്കുന്നതിന് മുൻപ് മരിച്ച ആളിനോട് ചോദിക്കും
ReplyDeleteഇന്നലെ മാധ്യമങ്ങൾ കൂട്ടായി എടുത്ത തീരുമാനം ആയിരുന്നു
വാർത്ത അവതരണം നാടകീയവും അതിഭാവുകത്വം നിറഞ്ഞ സീരിയൽ പോലെ ആയി തീർന്നിട്ടുണ്ട്.എല്ലാ വാർത്തയും ബ്രെക്കിങ്ങും ഫ്ലാഷ് ന്യുസും ആയി കൊടുക്കുന്നത് കൊണ്ട് യഥാർത്ഥ ബ്രേക്ക് ന്യുസ് ഒരു ഗതിയും കിട്ടാതെ അലഞ്ഞു തിരിയുന്ന കാഴ്ചയും കാണുവാൻ കഴിയും.മറ്റുള്ളവരെ കുറിച്ച് അവഹേളനപരമായ വാർത്തകൾ കൊടുക്കുന്ന ചാനൽ തമ്പുരക്കന്മാരെ കുറിച്ച് പുറത്തുള്ളവർ വല്ലതും പറഞ്ഞാൽ,ഇവന്മാർ ചാനലിൽ ലൈവ് ആയി കരയുന്ന കാഴ്ചയും സാധാരണം.പൊടിപ്പും തൊങ്ങലും വെച്ച കെട്ടു കഥകൾക്കും,സെക്സും വയലന്സും നിറഞ്ഞ നാറിയ പീഡന കഥകൾക്കും ഇടയിൽ കാണിക്കുന്ന അർധ സത്യം നിറഞ്ഞ വാർത്തകൾ പ്രേക്ഷകന്റെ തൊള്ളയിൽ തിരുകി കൊടുക്കുന്ന വാർത്ത ചാനലുകൾക്ക് മൂക്ക് കയർ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ReplyDeleteനല്ല ഉഗ്രന്‍ പോസ്റ്റ്. എന്തായിരുന്നു പ്രകടനങ്ങള്‍.ഇപ്പോഴും ചില ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ കനക മരിച്ചു കിടക്കുന്നു. ഫേസ് ബുക്ക് പോസ്റ്റിട്ടു തകര്‍ക്കുന്നവര്‍ പല ചാനലുകള്‍ കേട്ട് വിശ്വാസ്യത വരുത്തുവാന്‍ അപേക്ഷ. ഓണ്‍ ലൈന്‍ പത്രക്കാരും മിടുക്കര്‍ തന്നെ. ഒരു നാണവും ഇല്ലാതെ ഈരിനെ പേനാക്കി മാറ്റുവാന്‍ കഴിവുണ്ടവര്‍ക്ക്.മഞ്ജുവിനെയും ദിലീപിനെയും പിരിച്ച് ഒരു വശത്താക്കാന്‍ പെടാപ്പാട് തുടങ്ങിയിട്ട് മാസമെത്രയായി!!!
ReplyDeleteസൗഭാഗ്യവതി
ReplyDeleteസ്വന്തം ചരമവാര്‍ത്ത കാണാന്‍ കഴിഞ്ഞല്ലോ