**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, July 15, 2013

എറിയുന്ന ജനവും, തല്ലുന്ന പോലീസും



വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  ജീവിതത്തില്‍, ഒരു വാധ്യാരായിത്തിര്‍ന്നതില്‍ മിക്കവാറും അഭിമാനമൊക്കെ തോന്നാറുണ്ടെങ്കിലും, ചിലപ്പോള്‍ ഇവിടംവരെ മാത്രമേ എത്താന്‍ കഴിഞ്ഞുള്ളു എന്നോര്‍ക്കുമ്പോള്‍  സങ്കടം വരാറുമുണ്ട്. തന്‍റെ ആഗ്രഹപൂര്‍ത്തികരണത്തിന്, മകനെ ഒരു എല്‍.പി സ്കൂള്‍ വാധ്യാര്‍ മാത്രമാക്കിയ അച്ഛനോട് ചിലപ്പോഴെങ്കിലും വെറുപ്പ് തോന്നിയിട്ടുമുണ്ട്. പഠിച്ചുവന്നരീതിവെച്ചു നോക്കുമ്പോള്‍ ഒരു കോളേജ് പ്രഫസറോ, ഹൈസ്കൂള്‍ മാഷോ ആകാന്‍ വലിയ വിഷമമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ അച്ഛന്‍റെ ആഗ്രഹമായിരുന്നു, അച്ഛന്‍ പഠിപ്പിച്ച സ്കൂളില്‍ത്തന്നെ മകനെയും ഒരു മാഷാക്കുക എന്നത്; അതുകൊണ്ട് പ്രീഡിഗ്രീ കഴിഞ്ഞയുടനെ ടിടിസിക്കു ചേര്‍ന്നു. അതുകഴിഞ്ഞു ജോലിയിലും പ്രവേശിച്ചു. കൂട്ടുകാരോക്കെ പഠിച്ചുനടക്കുമ്പോള്‍ ഞാന്‍ ഉദ്യോഗസ്ഥനായി. എന്നാല്‍ തുടര്‍ന്നു പഠിച്ചവരൊക്കെ വലിയ ഉദ്യോഗത്തിലെത്തിയപ്പോഴാണ് അബദ്ധം മനസിലായത്. അപ്പോഴേക്കും കാലം ഒരുപാടു മുന്നോട്ട് നീങ്ങിയിരുന്നു. എന്നിരുന്നാലും കൂടെ പഠിച്ചവരില്‍ ചിലരൊക്കെ പാരമ്പര്യ തൊഴിലിലേക്കും, കുലയിലെക്കുരുടു പോലത്തെ ചിലര്‍ ഷാപ്പുനിരങ്ങികളും സ്ഥലം റൌഡികളായും പേരെടുത്തു. അങ്ങനെ പഠിച്ചുവലിയ ഡോക്ടറായ ഒരു സുഹൃത്തിന്‍റെ മകളുടെ കല്യാണത്തിന് ക്ഷണം കിട്ടിയിരിക്കുന്നു.

   സഹപാഠിയുടെ മകളുടെ വിവാഹത്തിനുള്ള ക്ഷണം നിരസിച്ചില്ല. നല്ല കീറ്റക്സ്‌ മുണ്ടുംഷര്‍ട്ടും ധരിച്ചു പൌരഷത്തിന്‍റെ പ്രതികമായിത്തന്നെ കല്യാണസ്ഥലത്തെത്തി. തിരക്കിനിടയിലും സഹപാഠിയോട് എന്‍റെ സാന്നിധ്യം അറിയ്ക്കാന്‍ ശ്രമിച്ചു. വലിയ സ്യൂട്ടുംകോട്ടും ഇട്ടുകൊണ്ട്‌ വി.ഐ.പി കളെ സ്വികരിക്കുന്ന ഡോക്ടര്‍ സഹപാഠിയുടെ മുന്നില്‍ ഈയുള്ളവനും പോയി കൈകുലുക്കി. ഡോക്ടറെ എന്നെ ഓര്‍മ്മയില്ലേ... ഞാന്‍ വിദ്യാധരന്‍ പഴയ....ഉവ്വ് മറക്കാന്‍ പറ്റുമോ.... അതുകൊണ്ടല്ലേ അഡ്രെസ്സ് തപ്പിയെടുത്തു വിളിച്ചത്. കൈപിടിച്ചു കുലുക്കി സ്വീകരണംതന്നു; കൂടെ, ചുറ്റുംനിന്നിരുന്ന  സഹപ്രവര്‍ത്തകരോടായി ഒരു കമന്റും അദേഹം പാസാക്കി... കേട്ടോ സുഹൃത്തുക്കളെ ഇതു ആരാണന്നറിയമോ എന്‍റെ പഴയ സഹപാഠി വിദ്യാധരന്‍. ഒന്നുമുതല്‍ നാലുവരെ ഞങ്ങള്‍ ഒന്നിച്ച് ഒരേ ക്ലാസ്സില്‍, ഒരേ ബഞ്ചിലിരുന്നു പഠിച്ചവരാണ്. ഇയാള്‍ ക്ലാസ്സിലെന്നും ഒന്നാമനായിരുന്നു. മിടുക്കന്‍ എന്നു പറഞ്ഞാല്‍ പോര മിടുമിടുക്കന്‍; പക്ഷെ ഞാനൊക്കെ ഇവിടെവരെ എത്തിയപ്പോള്‍ ഒരു എല്‍.പി സ്കൂള്‍ മാഷാകാനേ പാവത്തിന് കഴിഞ്ഞുള്ളു. അതിനു മൂപ്പരെ പറഞ്ഞിട്ട് കാര്യമില്ല. ഹെഡ്മാഷായിരുന്ന അപ്പന്‍; മൂപ്പരുടെ ഭാവി തുലച്ചുകളഞ്ഞുവെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. അല്ലേല്‍ ഇങ്ങേരും ഇപ്പോള്‍ ഡോക്ടറാ... അല്ലേ വിദ്യാധരാ....

  ‘അല്ലേലും ഈ അപ്പന്മ്മരൊക്കെ വെറും കണ്ട്രികളാ .ലോകം മാറുന്നത് അറിയാത്ത യൂസലസ്സുകള്‍...’

  മറ്റാരുമല്ല അതു പറഞ്ഞത്. ഒറ്റമകളെ ഡോക്ടറാക്കണം എന്ന ആഗ്രഹത്തില്‍ ഉണ്ടായിരുന്ന കിടപ്പാടംവരെ വിറ്റുതുലച്ച് ഒടുവില്‍ ആ മകളാല്‍ തന്നെ അടിച്ചിറക്കപ്പെട്ട അവിരാമാപ്പിളയുടെ പുന്നാരമകളും കഥയിലെ നായികയുമായ ഡോക്ടര്‍ അന്നമ്മ ആണ്ട്രൂസാണത് പറഞ്ഞത്. വെയിറ്റിംഗ് ഷെല്‍ട്ടറില്‍ക്കിടന്നു മരിച്ച തന്തയുടെ ആത്മാവ് ഇവളോട്‌ പൊറുക്കുമോ ആവോ.. ഏതായാലും അലക്കിത്തേച്ചു വടിപോലെയാക്കിയ കീറ്റക്സ്‌ മുണ്ടും ഷര്‍ട്ടും വിയര്‍പ്പില്‍ നനഞ്ഞിറങ്ങുന്നത് എനിക്കു വ്യക്തമായി അനുഭവപ്പെട്ടു. പേരിനൊരു ചിരിയുംചിരിച്ചു കല്യാണത്തില്‍ പങ്കുകൊണ്ടു മടങ്ങി. എന്നാലും അതൊരു ഷോക്കായിരുന്നു. മാഷായതില്‍ വല്ലാത്തൊരു അപമാനം. അച്ഛനോട് ഒരു വെറുപ്പ്‌ .. പുറത്തിറങ്ങി ബസ്സ്‌ കാത്തിരിക്കുന്ന സമയത്ത് കല്യാണത്തിനു വന്ന വി.ഐ,പി കളില്‍ ചിലര്‍ അവരുടെ കാര്‍  എന്‍റെ അരികില്‍നിറുത്തി, പുറത്തിറങ്ങി വിശേഷങ്ങള്‍ ചോദിച്ചു.ഞാന്‍ പോലും മറന്ന മുഖങ്ങള്‍ എന്നെ തിരിച്ചറിയുന്നു.മാഷ്ക്ക് സുഖമാണോ... ഞങ്ങളെ ഓര്‍മ്മയില്ലേ... മാഷിന്‍റെ ശിഷ്യന്മാരാ ..മാഷ് കയറു, ഞങ്ങളും ടൌണിലേക്കാ... അവിടെ ഇറങ്ങാം..അവരോടോത്തുള്ള യാത്രയില്‍ ഒരു അധ്യാപകന് മാത്രം കിട്ടുന്ന ബഹുമാനം ഞാന്‍ അറിഞ്ഞു.

  ഒരു അധ്യാപകന് തന്‍റെ ശിക്ഷ്യരെല്ലാം മക്കളെപ്പോലെയാണ്. ഞാന്‍ പഠിപ്പിച്ച എന്‍റെ മക്കള്‍ എന്നെ തിരിച്ചറിയുന്നു. അതുമതി അതാണ്‌ ഏറ്റവും വലിയ ഗുരുദക്ഷിണ. അറിവിന്‍റെ ആദ്യനാളുകളില്‍ അക്ഷരംപകര്‍ന്നു കൊടുത്തതില്‍ ഇപ്പോള്‍ അഭിമാനം തോന്നുന്നു. അതിലൊരു ശിക്ഷ്യന്‍റെ കാര്യമാണ് പറഞ്ഞുവരുന്നത്. പേര് സത്യശീലന്‍. പേരുപോലെതന്നെയാണ് ആളും; സത്യശീലന്‍ തന്നെ. എം എ വരെ പഠിച്ചു. പല ജോലികളും ചെയ്തു. ഒടുവില്‍ പി.എസ്.സി കിട്ടി. അങ്ങനെയാണ് സത്യശീലന്‍ പോലിസുകാരനായത്.. നാടുനീളെയുള്ള കറക്കത്തിനൊടുവില്‍ വീടിനടുത്തുള്ള സ്റ്റേഷനിലേക്ക് മാറ്റവുംകിട്ടി. ചെറിയ ഒരു വീട്ടില്‍ മകനും,മകളും,ഭാര്യയുമടങ്ങിയ കൊച്ചുകുടുബം. കൈക്കൂലിയും പക്ഷപാതവും സത്യശീലനെ തൊട്ടു തീണ്ടിയിട്ടില്ല. ജോലിയില്‍ തികഞ്ഞ നിക്ഷ്പക്ഷത പുലര്‍ത്തുന്നു. നീതിനിര്‍വഹണത്തില്‍ അത്യാവശ്യമാണല്ലോ നിഷ്പക്ഷത. മൊത്തത്തില്‍ ആക്ഷേപിക്കുമ്പോള്‍ പോലീസില്‍ ഇല്ല എന്നു പറയുന്നതും ഇതുതന്നെ. എങ്കിലും പഴയ പോലിസോക്കെ മാറിയിരിക്കുന്നു. കൈക്കൂലിയും, മദ്യപാനവും, പക്ഷപാതവും, തെറിവിളിയും, ഉരുട്ടലുമൊക്കെ ഒരുപരിധിവരെ മാറിയിരിക്കുന്നു. മറ്റേതു ജോലിയിലും കാണുന്നതരത്തിലുള്ള പുഴുക്കുത്തുകള്‍ മാറിയിട്ടുമില്ല. അതുകൊണ്ട് പൂര്‍ണ്ണമായിമാറിയെന്ന ക്ലീന്‍ ചീട്ട് കൊടുക്കാനുംകഴിയില്ല. സത്യശീലനെപ്പോലെയുള്ള വിദ്യാസമ്പന്നരായവരുടെ എണ്ണം കൂടിവരുന്നു എന്നതാണ് ആശ്വാസം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സത്യശീലന്‍റെ ഇപ്പോഴത്തെ  അവസ്ഥ കണ്ടിട്ടുവരുന്ന എനിക്ക് വല്ലാത്ത വിഷമംതോന്നുന്നു. ഈയടുത്ത് നടന്ന ബഹുജനപ്രക്ഷോഭങ്ങളുടെ ഒരു ബാലിയാടാണിപ്പോള്‍ സത്യശീലന്‍. ഒരു കൈ ഒടിഞ്ഞു, ഒരു കണ്ണിനും പരിക്കുണ്ട്. പ്രതിഷേധക്കാരെ നേരിടുമ്പോള്‍ വന്ന കല്ലാണ് വില്ലനായത്. ആശുപത്രിയില്‍ അഡ്മിറ്റായ സത്യശീലന് പതിനഞ്ചുദിവസത്തെ സിക്ക് ലീവും കൊടുത്ത് അധികാരികള്‍ കൈകഴുകി. അവര്‍ക്ക് ഈ അവസരത്തില്‍ ഇതേ ചെയ്യാന്‍ കഴിയൂ. സമരം നടത്തിയവരും സമരത്തിനു കാരണക്കാരായവരും ഇതൊന്നും ബാധിക്കാതെ സ്വന്തം പരിപാടികള്‍ ഇപ്പോഴും നിര്‍ബാധം നടത്തിപ്പോരുന്നു. പ്രസ്താവനകള്‍ ഇറക്കിയും എതിര്‍ പ്രസ്താവനകള്‍ ഇറക്കിയും കേമാന്മാരാകുന്നു. ഇതിനിടയില്‍ ഇവരുടെ വിവരക്കേടുകൊണ്ട് കൈയ്യും കാലും ഒടിഞ്ഞുകഴിയുന്ന പാവങ്ങളെക്കുറിച്ചു ‘നൊ’-ചിന്ത. അവരിതിനു അര്‍ഹരാണ് എന്ന രീതിയിലാണ്‌ കാര്യങ്ങള്‍.

 സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാരിന്‍റെ പ്രതിപുരുഷന്മാരായി സമരക്കാരെ നേരിടാന്‍ വിധിക്കപ്പെട്ടവരാണ് പോലീസുകാര്‍ . അധികാരികള്‍ ചെയ്യുന്ന തോന്ന്യാസങ്ങള്‍ക്ക്ഒരു തരത്തിലും ബന്ധമില്ലാത്ത കീഴെത്തട്ടിലുള്ള പോലീസുകാരനാണ് ജനങ്ങളോട് ഏറ്റുമുട്ടാന്‍ വിധിക്കപ്പെടുന്നത്. പ്രതിഷേധക്കാരന്‍ അവന്‍റെ ഉള്ളിലുള്ള എല്ലാ വികാരങ്ങളും തീര്‍ക്കാന്‍ പോലീസിനോട് ഏറ്റുമുട്ടുന്നു..  തിരിച്ചടിക്കാന്‍ പോലീസും നിര്‍ബന്ധിതമാക്കപ്പെടുന്നു... ഫലമോ പ്രതിഷേധക്കാര്‍ക്കും  പോലീസിനും  ഒരുപോലെ പരുക്കേല്‍ക്കപ്പെടുന്നു...പണ്ട് നമ്മുടെനാട്ടില്‍ മാമാങ്കം എന്നൊരു ആഘോഷം നിലന്നിരുന്നു. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നിളാതീരത്ത് നടക്കുന്ന ഈ ഉത്സവത്തില്‍, ഉത്സവം നടത്തിപ്പുകാരനായ സാമൂതിരിയോടു ഏറ്റുമുട്ടാന്‍ വേണ്ടി വള്ളുവക്കോനാതിരി ചാവേറുകളെ അയച്ചിച്ചിരുന്നു. അയക്കപ്പെടുന്ന പടയാളികള്‍ സാമൂതിരിയുടെ സൈന്യവുമായി ഏറ്റുമുട്ടി വധിക്കപ്പെടുന്നു...അവരേയോ, അവരുടെ കുടുബത്തെയോ ഓര്‍ത്ത്‌ വള്ളുവക്കോനാതിരി ഒരിക്കലും ഒരു നേരത്തെ ഭക്ഷണംപോലും വെടിഞ്ഞതായി പറയുന്നില്ല. അതുപോലെ തെരുവില്‍ ഏറ്റുമുട്ടി മരിക്കാന്‍ വിധിക്കപ്പെട്ട ചാവേറുകളായി; ഭരണക്കാര്‍ പോലീസിനെയും, സമരനായകന്മാര്‍ അണികളെയും തെരുവിലിറക്കുമ്പോള്‍, ഏറ്റുമുട്ടുന്നതു മനുഷ്യര്‍ തമ്മിലാണന്നുള്ള വസ്തുത പലപ്പോഴും മറന്നുപോകുന്നു.. പരിക്കുകള്‍ ഏറ്റുവാങ്ങി ഇരുഭാഗവും പിന്‍വാങ്ങുന്നു...പക്ഷെ അന്നംതേടാന്‍ പോയവനെ കാത്തിരിക്കുന്ന ഒരു കുടുംബം ഈ പരിക്കേറ്റവനെയും കാത്തിരിക്കുന്നുവെന്ന കാര്യം ആരും മറക്കരുത്. ഒടിഞ്ഞകൈയ്യും മൂടിക്കെട്ടിയ കണ്ണിനെയും നോക്കിയുള്ള മക്കളുടെ കണ്ണൂനീര്‍ കാണുമ്പൊള്‍ ഇത്രയെങ്കിലും പറഞ്ഞില്ലേല്‍ അതു ദോഷമാകും.

  നമ്മുടെ നീതിന്യായരംഗത്തെ ശമ്പളവും ആനുകൂല്യങ്ങളും വളരെ മികച്ചതാണ്..അഴിമതി  നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തരുത് എന്നതാണ് ഉദേശ്യം. എന്നാല്‍ താഴെതട്ടില്‍ നീതി നടപ്പാക്കേണ്ട പോലീസുകാരുടെ അവസ്ഥ എന്താണ്. സമരംചെയ്യാനോ പ്രതിഷേധിക്കാനോ അവകാശമില്ല. അഭിപ്രായസ്വാതന്ത്ര്യം ഇല്ല..അവകാശങ്ങള്‍ക്കായി സംഘടിക്കാന്‍ പാടില്ലാത്തതിനാല്‍ തമ്പുരക്കന്മ്മാര്‍ ആരും അവരെ ശ്രദ്ധിക്കാറില്ലായെന്നതാണ് വാസ്തവം. പന്ത്രണ്ടുമണിക്കൂര്‍ ജോലി. ജോലിക്ക് പലപ്പോഴും സമയക്ലിപ്തതയില്ല. എപ്പോഴും ജോലിക്കുറെഡിയായിരിക്കണം. ആഘോഷങ്ങളോ വിശേഷദിവസങ്ങളോ വരുമ്പോള്‍ പോലീസുകാരനെന്നും ജോലിയിലായിരിക്കും. അവകാശ അവധി എന്നൊരു ഏര്‍പ്പാടെ ഇല്ല. ബന്ദും,ഹര്‍ത്താലും ഉണ്ടെങ്കില്‍ ജോലി എപ്പോത്തിരും എന്നറിയില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിറങ്ങുന്നതിനു മുന്പ് പോലിസ് റോഡില്‍ ഇറങ്ങണം. ജോലിക്കെത്താന്‍ വാഹനസൗകര്യം പോലുള്ള കാര്യങ്ങള്‍ പരിഗണനയില്‍ വരുന്നേയില്ല. അതുകൊണ്ട് വീട്ടില്‍ പോകാതെ കട വരാന്തയിലും മറ്റും കൂടിക്കോളണം. അപകടങ്ങളോ പ്രകൃതിക്ഷോഭങ്ങളോ ഉണ്ടായാല്‍ ഏറ്റവുംമുന്‍പില്‍ ഉണ്ടാകണം. അഞ്ജാതശവങ്ങളോ ദുര്‍ മരണങ്ങളോ ഉണ്ടായാല്‍ തുടര്‍നടപടികള്‍ നടത്തി മൃതദേഹം മറവു ചെയ്യണം. അതിനിടയില്‍ പൊതുജനങ്ങളുടെ പരാതി, അന്വേഷണം, മേലുദ്യോഗസ്ഥരുടെ ചീത്തവിളി എന്നിങ്ങനെ ഈ ലോകത്ത് എന്തെല്ലാം സംഭവിക്കുമോ അതിലെല്ലാം ഇടപെടണം.എന്നാല്‍ അതിനുള്ള കൂലി നമ്മുടെ പോലീസുകാര്‍ക്ക് ലഭിക്കുന്നുണ്ടോയെന്നു പരിശോധിക്കപ്പെടെണ്ടതാണ്.

  പോലിസ് എന്നത് വെറുക്കപ്പെടേണ്ട ഒരു സംവിധാനമല്ല.ഒരു പൌരന്‍റെ ഏറ്റവുംവലിയ സഹായമാണ് പോലിസ്...പക്ഷെ അമേരിക്കയിലെയും ബ്രിട്ടനിലെയും പോലിസ് അല്ല നമ്മുടെ പോലിസ്; എന്തുകൊണ്ട് നമ്മുടെ പോലിസ് ഇങ്ങനെയായി..എന്നു ചോദിച്ച ആളോട് മുന്‍ ഡി.ജി.പി പറഞ്ഞ ഉത്തരം പ്രസക്തമാണ്.. അമേരിക്കയിലെയും ബ്രിട്ടനിലെയും പോലെ നീതി ബോധമുള്ള ജനങ്ങളല്ല കേരളത്തിലുള്ളത്. ജനങ്ങള്‍ക്ക്‌ അനുരൂപരായെ പോലീസിനു മാറാന്‍കഴിയൂ എന്നതാണ്.. പുകവലി പാടില്ല എന്ന ബോര്‍ഡിന്‍റെ ചുവട്ടില്‍നിന്നു പുകവലിക്കുക. പൊതുസ്ഥലത്തു മാലിന്യം എറിയരുതെന്നു പറഞ്ഞാലും അവിടെത്തന്നെ എറിയുക. മൂത്രമൊഴിക്കാന്‍ പാടില്ലാത്തസ്ഥലത്തുതന്നെ അതുചെയ്യുക...തുടങ്ങി നിയമങ്ങള്‍ ലംഘിക്കാന്‍ വേണ്ടിയുള്ളതാണെന്ന മനോഭാവം പ്രകടമാക്കിയാല്‍ പോലീസിനു എന്തു ചെയ്യാന്‍ കഴിയും. ഒരു സമരംനടത്തിയാല്‍ അതു പൂര്‍ണ്ണമാകണമെങ്കില്‍ പൊതുമുതല്‍ നശിപ്പിക്കുക, പോലിസിനെ കല്ലെറിയുക എന്നതാണ് മനോഭാവമെങ്കില്‍ എങ്ങനെ നാടുരക്ഷപെടും. അങ്ങനെ വരുമ്പോള്‍ സമരക്കാര്‍ക്ക് തല്ലുകിട്ടിയതും സത്യശീലന്‍ എന്ന പോലീസുകാരന്‍റെ കൈ ഒടിഞ്ഞതും അനിവാര്യതയാണെന്ന രീതിയില്‍ പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കുന്നു. ഭരണം ജനാധിപത്യമായതിനാല്‍ ഇതിനൊരു മാറ്റം വരണമെങ്കില്‍ നമ്മുടെ നേതാക്കള്‍ തന്നെ വിചാരിക്കണം.

  വാഹനങ്ങള്‍ കത്തിക്കലും,കല്ലേറും,ലാത്തിചാര്‍ജും ഇല്ലെങ്കില്‍പ്പിന്നെ എന്തുസമരമെന്ന രീതി മാറണം. ഇന്നത്തെ സമരങ്ങളെത്തന്നെ ഒന്നുപഠിച്ചാല്‍ ഒരു കാര്യം വ്യക്തമാവും.. ഒരു ദിവസം സമരം നടത്തുകയും പിറ്റേദിവസം അറസ്റ്റ് പേടിച്ചു ഒളിക്കുകയും` ചെയ്യുന്നരീതിയിലേക്ക് കാര്യങ്ങള്‍ മാറി... അതായത്, പെട്ടന്നുണ്ടാകുന്ന കോപത്തെ, അമിതവികാരത്തെ ശമിപ്പിക്കാനായി  സമരങ്ങള്‍ മാറുന്നു. കോപം തണുത്തുകഴിയുമ്പോള്‍ കല്ലെറിഞ്ഞവനും ചില്ലുപൊട്ടിച്ചവനും ഒളിവില്‍ പോകുന്നു. അക്രമം നടത്തുമ്പോള്‍ കണ്ട വീര്യമൊന്നും പിന്നെ കാണുന്നില്ല. തങ്ങള്‍ ചെയ്തത് ശരിയാണെന്ന ബോധ്യം ഉണ്ടെങ്കില്‍ എന്തിനു ഒളിച്ചുനടക്കുന്നു. ഇവിടെ, ആളുകള്‍ ഒരു കൂട്ടമായി സംഘടിക്കുമ്പോള്‍ കിട്ടുന്ന അരാജകത്വത്തെ ചിലര്‍ മുതലെടുകയാണ് ചെയ്യുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ യുവാക്കളുടെ വികാരത്തള്ളിച്ചയെ കക്ഷിരാഷ്ട്രിയ ഭേദമന്യേ എല്ലാവരും മുതലെടുക്കുന്നുവെന്നുചുരുക്കം. അതുകൊണ്ടുതന്നെ നമ്മുടെ രാഷ്ട്രിയസമുദായ നേതൃത്വങ്ങളും, സര്‍ക്കാരും;  പരമാവധി നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടത്തിയുള്ള സമരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. ആള്‍നാശവും പരിക്കും ഏതു പക്ഷത്തുവന്നാലും ആത്യന്തികമായി അത് മനുഷ്യനു തന്നെയാണ് വരുന്നത്. അതില്‍ ഏതെങ്കിലും ഒരു കുടുംബത്തിന്‍റെ കണ്ണുനീര്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.. അതുകൊണ്ട് പ്രതിഷേധത്തിനിറങ്ങുന്ന നേതാക്കളും തിരിച്ചടിക്കാനൊരുങ്ങുന്ന പോലീസും അവരെ നിയന്ത്രിക്കുന്ന സര്‍ക്കാരും; തെരുവില്‍ നടത്തുന്ന  ഏറ്റുമുട്ടലുകളെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. പോലിസിനെ ന്യായികരിക്കാനോ സമരക്കാരെ താഴ്ത്തികെട്ടാനോ അല്ല ഉദേശിച്ചത്‌.പലതും നേരില്‍കാണുമ്പോള്‍ ചിലതൊക്കെ പറയാന്‍ തോന്നും.അത്രതന്നെ.

26 comments:

  1. വിഷ്ണുJuly 15, 2013 at 10:10 AM

    പറഞ്ഞതില്‍ കാര്യം ഇല്ലാതില്ല.പക്ഷെ നമ്മുടെ രാഷ്ട്രിയക്കാര്‍ സമ്മതിക്കുമോ?

    ReplyDelete
  2. താങ്കളുടെ കാഴ്ചപ്പാട് നല്ലത് തന്നെ പക്ഷെ വിഷ്ണു പറഞ്ഞപോലെ രാഷ്ട്രിയക്കാര്‍ ഇതൊക്കെ നിറുത്തുമോ

    ReplyDelete
    Replies
    1. സാദ്ധ്യത തീരെഇല്ല

      Delete
  3. പോലീസുകാരുടെ കാര്യത്തില്‍ വിഷമമുണ്ട്, പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഒരു സമരമുണ്ടാകുമ്പോള്‍ അതിനെ തടയാനും ക്രമസമാധാനം നിലനിര്താനുമാണ് പോലീസ്. ഈ സമരം നടത്തുന്ന ആളുകള്‍ ഈ രാജ്യത്തെ ജനങ്ങളാണ്, അവര്‍ ജനങളുടെ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സമരം ചെയ്യുന്നത്. അതിനെ അതിന്‍റെ പരിധി വിടാതെ തടഞ്ഞു നിര്‍ത്തുക എന്നതാണ് പോലീസിന്‍റെ ജോലി. അതിന് ഇന്ത്യന്‍ നിയമവ്യവസ്ഥപ്രകാരമുള്ള രീതികളുണ്ട്. ഒരു പരിധി വരെ ഇവിടത്തെ സമരക്കാര്‍ അതിനെ അന്ഗീകരിക്കാരുണ്ട്. ആധുനിക സജീകരണങ്ങള്‍ പോലീസിന്‍റെ കയ്യില്‍ ഉണ്ടാകും. ലാത്തി, ഇലക്ട്രിക്‌ ലാത്തി, ടിയര്‍ ഗ്യാസ്, ഗ്രനേഡ്, ബാരിക്കേഡ്, ജലപീരങ്കി, ഷീല്‍ഡ്, ശരീരകവചം അങ്ങനെ അങ്ങനെ അങ്ങനെ. ഇതൊക്കെയുണ്ടായിട്ടും ശാസ്ത്രീയയും നിയമപരവുമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ ഭരണകൂടത്തിന്‍റെയും മേലുധ്യോഗസ്തരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരിധി വിട്ട് ശ്രമിക്കുമ്പോളാണ് ജനം പോലീസിന് നേരെ തിരിയുന്നത്. ഇവിടെ പറഞ്ഞ പോലീസുകാരന്‍ അങ്ങനെയാനെന്നല്ല,പൊതുവേ പറഞ്ഞതാണ്.
    ഇനി ഈ സമരക്കാരുടെ കാര്യമോ ? തങ്ങളുടെ പതാക കെട്ടിയ ചുള്ളിക്കമ്പുകള്‍ ആകും അവരുടെ കയ്യിലെ ആദ്യത്തെയും അവസാനത്തെയും ആയുധം.പിന്നെ റോഡില്‍ നിന്നു പെറുക്കുന്ന കല്ലുകളും. സമരക്കാരുടെ അക്രമത്തില്‍ പരിക്കേറ്റ പോലീസുകാരുടെ നൂറിരട്ടി വരും പോലീസ് അക്രമത്തില്‍ പരിക്കേറ്റവര്‍., (ഈ പാവം ഞാനടക്കം!!!). ലാതിച്ചര്‍ജിലും മറ്റും ഉണ്ടായ പരിക്കുകളുടെ പ്രശ്നങ്ങള്‍ ജീവിതാവസാനം വരെ കൊണ്ട് നടക്കുന്നവരേ എനിക്കറിയാം. അക്രമം കാണിക്കുന്നവരെ നേരിടുന്നതില്‍ തെറ്റില്ല, എന്നാല്‍ വിധ്യാര്തികളും സ്ത്രീകളും ഉള്‍പ്പടെയുള്ള സമരക്കാരെ,അതിക്രൂരമായി, കൂട്ടം കൂടി തല്ലിച്ചതയ്ക്കുന്ന പോലീസുകാരെ നാം കണ്ടിട്ടില്ലേ? അത്തരത്തില്‍ ഉള്ളവരാണ് പാവം പോലീസുകാര്‍ക്ക് നേരെ തിരിയാന്‍ ജനത്തെ പ്രകോപിപ്പിക്കുന്നത്. എന്തായാലും അക്രമസമരങ്ങളുടെ കാര്യത്തില്‍ സമരക്കാരും പോലീസും ഒരു വീണ്ടു വിചാരണ നടത്തേണ്ട സമയം ആയെന്നുരപ്പ്

    ReplyDelete
    Replies
    1. പത്രക്കാരാ കാര്യങ്ങള്‍ താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്.'ഒരു സമരം ഉണ്ടാകുമ്പോള്‍ അതിനെ തടയാനും ക്രമസമാധാനം നിലനിറുത്താനും ആണ് പോലിസ്'...അതിനു ഒരു ബാലപ്രയോഗം വേണ്ടി വരുന്നത് രണ്ടു കൂട്ടരും പരമാവധി ഒഴിവാക്കി,നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ തയ്യാറാകണം എന്നാണു ഉദേശിച്ചത്‌.

      Delete
  4. ഞങ്ങളും മനുഷ്യരാന്നെന്നു വിളിച്ചോര്‍മ്മിപ്പിക്കുന്ന ഒരുപാട് കൂട്ടമുണ്ട് ഈ രാജ്യത്തു.ആരും കാണാതെ പോകുന്ന കൂട്ടം .

    ReplyDelete
    Replies
    1. അത്തരം ഒരു കൂട്ടമാണ്‌ സാധരണ പോലീസുകാര്‍ എന്നെനിക്കു തോന്നുന്നു.

      Delete
  5. സമരത്തില്‍ അക്രമം ഉണ്ടായാല്‍, പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍, പോലീസിന് പരിക്കെട്ടാല്‍ ഒക്കെ അതിന്‍റെ നിയമപരമായ നടപടികള്‍ക്ക് സമരക്കാര്‍ വിധേയരാകാറുണ്ട്‌., ജയില്‍ ശിക്ഷയും നഷ്ടപരിഹാരതുക കേട്ടിവയ്ക്കലും ഉള്‍പ്പടെ. യഥാര്‍ത്ഥ നഷ്ടത്തിന്‍റെ എത്രയോ ഇരട്ടിയാകും നഷ്ടപരിഹാരം എന്ന പേരില്‍ ഈടാക്കുന്നത്. ഒരു പോലീസുകാരെന്റ്റെ ദേഹത്ത തോല് പോയതിനാകും പത്തും ഇരുപതും പേര്‍ ആഴ്ചകള്‍ ജയിലില്‍ കഴിയുന്നത്. എന്നാല്‍ നിയമത്തിന്‍റെ പരിധി വിട്ട് അവരെ ക്രൂരമായി ആക്രമിക്കുന്ന പോലീസുകാരന്റെ പേരില്‍ എന്ത് നടപടിയെടുക്കും ? കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ വിധ്യാര്തികല്ല്ക് നേരെ വെടിയുതിര്‍ത്ത പോലീസുകാരനെ സംരക്ഷിക്കുന്ന നിലപാടല്ലേ സര്‍ക്കാര്‍ എടുത്തത് ?

    ReplyDelete
    Replies
    1. പത്രക്കാരാ ഈ വിഷയത്തില്‍ പോലിസ് മാത്രമാണോ കുറ്റക്കാര്‍.എടുക്കുന്ന കേസുകള്‍ പലതും അതതു അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാര്‍ തന്നെ പിവലിക്കാറില്ലേ..പിന്നെ പുഴുക്കുത്തുകള്‍ അത് അവിടെയും ഉണ്ടാകും.അതുപോലെ ഒരു പോലീസുകാരനും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇന്നൊരു പത്തുപേരെ തല്ലിയേക്കാം എന്നു വിചാരിച്ചല്ല ജോലിക്ക് വരുന്നത്.മേളില്‍ നിന്നു നിര്‍ദേശം വരുന്നു അവര്ചെയ്യുന്നു.പക്ഷെ താങ്കള്‍ ഒരു സമരത്തിനു പോകുന്നത് താങ്കളുടെ ഇഷ്ടപ്രകാരമാണ്.അല്ലേ.അഥവാ സമരത്തിനു വരണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കൊള്ളാനും തള്ളാനും താങ്കള്‍ക്ക് കഴിയും... അങ്ങനെയല്ലേ...പക്ഷെ പോലീസില്‍ അത് പറ്റില്ല.അടിക്കാന്‍ പറഞ്ഞാല്‍ അടിച്ചോളുക.പറ്റില്ല എന്നു പറയാന്‍ കഴിയില്ല.സ്വയം പോയി വാങ്ങുന്നതും.ഗത്യന്തരമില്ലാതെ പോയി വാങ്ങുന്നതും തമ്മില്‍ വിത്യാസമുണ്ട്.മാത്രമല്ല...പോലിസിനെ നിയന്ത്രികുന്നതും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ തന്നെയാണ്.തല്ലിക്കുന്നതും ജനങ്ങളാണ് തല്ലുകൊള്ളുന്നതും ജനങ്ങളാണ്.ഇന്ന് തല്ലുന്നവനെ നാളെ അനുസരിക്കാനും വിധികപ്പെട്ടവരാണ് പോലിസ്.അതുകൊണ്ട് പോലിസിനെ അടച്ചാക്ഷേപിക്കുന്നതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല.പോലിസിനെ വെള്ളപൂശാന്‍ പറഞ്ഞതല്ല..ഇക്കാര്യത്തില്‍ നമ്മുടെ സര്‍ക്കാരും പ്രതിഷേധക്കാരും വിചാരിച്ചാല്‍ മാത്രമേ ഒരു ഫലം ഉണ്ടാകൂ. ‍

      Delete
    2. വളരെ ശരിയാണ്. പക്ഷെ .. നമുക്ക് പറയാമെന്നല്ലാതെ .......

      Delete
  6. 8am cls gusthiyum ulla rshtriyakkare chavittum thozhiyum kollunna ips karr pavam

    ReplyDelete
    Replies
    1. അതാണ്‌ ജനാധിപത്യം

      Delete
  7. വളരെ നല്ല കാര്യങ്ങളാണു ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. പ്ക്ഷെ നീതിബോധമുള്ള പോലീസുകാരും വിദ്ധ്യാര്തികളും അവരവരുടെ വ്യക്തിത്വം തേജോവധം ചെയ്യുന്നു. അതുമാത്രമല്ല അവരവരുടെ സ്വതസിദ്ധമായ കഴിവുകല്‍പോലും ലോകത്തിനുമുന്നില്‍ പ്രദര്സിപ്പികാന്കാതെ രാഷ്‌ട്രീയ മുതലാളിമാരല്‍ നശിപ്പിക്കപെടുന്നു.

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞത് നല്ല ഒരു നിരീക്ഷണമാണ് പ്രതീഷ്

      Delete
  8. ഡിജിപി പറഞ്ഞ ആ കാര്യത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ചില വിദേശരാജ്യങ്ങളില്‍ ജീവിച്ച് സ്ഥിതിഗതികള്‍ നേരില്‍ കാണാന്‍ സാധിച്ചതുകൊണ്ടാണീ യോജിപ്പ്.

    ലേഖനത്തിലെ ഒരു പോയന്റിനോടും വിയോജിപ്പുമില്ല

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിനു അജിത്തേട്ടാ ...നന്ദി

      Delete
  9. Malayalikalku Prathikarichillengil urakkam varilla...Prathyekichum Kannoorukarku...Kashmirum Malabarum thammil valiya vyathyasam illa...Nadakkunnathu erekkure onnu thane...Akramavasana purathu vidan Janangalude avasyangal oru valiya Marayanu...Janangalku vendi ennu paranju arkum ivied enthum cheyyam...POLICE enthu cheyyanam ennu "PATHRAKKARANODU" chodikkoo..ayal parayum...Policekarku eththaram avasarangalil swantham arivu vardhippikkan "PUSTHAKA VAYANA NADATHAM" "VEENA VAYKKAM" chilar niyamasabhayil cheythathu pole "sex video clipplings KANAM...PATHRAKKARAN enna kathapathram evidathe Naseekaryna vasana ooti valarthapetta theruvu rashtriya mafiyayude pratheekamanu...

    ReplyDelete
  10. anony>>>>>veruthe pathrakkaarane kuttam parayenda,,,polisine kondu samara adichamarthamennu karuthunna naarikal ippozhum undu avaraanu kuzhappakkar.pinne kannurum kashmmeerum oru poleyanennu paranja thaniku vivaram there illennum manasilaayi..

    ReplyDelete
  11. Its realy a notable article and which should be discussed in public meeting of all parties. Why media donot put this as a discussion topic instead of saritha and salu

    ReplyDelete
    Replies
    1. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

      Delete
  12. policukarude vedana ariyichu thannathinu nandhi

    ReplyDelete
  13. vallatha jeevithamanu polisukarude

    ReplyDelete
  14. തോഴിലില്ലാത്തവന്റെ തോഴിലായ് രാഷ്ടീയം മാറിയപ്പോൾ
    രാജ്യത്തേക്കൾ വലുത് പാർട്ടിയയി
    ജെനത്തേക്കാൾ വലുത് പണമായി
    ഇതാണ് ഇന്നത്തെ ഇഡ്യൻ ജനാധിപത്യം

    ReplyDelete