**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, August 14, 2013

സമരം തീരാന്‍കാരണം സെക്രട്ടറിയേറ്റുവളപ്പിലെ കൂടോത്രം.....


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 മലയാളവര്‍ഷം 1188  കര്‍ക്കിടകം 27 തിയതി ചരിത്രപ്രസിദ്ധമായ സെക്രട്ടറിയെറ്റ് സമരത്തിന്‍റെ ഒന്നാം ദിവസം വൈകിട്ട്, പ്രതീക്ഷിച്ച വിരുന്നുകാര്‍ വരാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് തിരുവനന്തപുരത്തുള്ള തന്‍റെ കൊച്ചുവീടിന്‍റെ  അടുക്കളയില്‍, മിച്ചമായ ചിക്കന്‍ ബിരിയാണിയുടെ ശേഷഭാഗവും കഴിച്ച ശേഷം; കറണ്ട് പോയതിനാല്‍ മണ്ണെണ്ണ വിളക്കിന്‍റെ  അരണ്ടവെളിച്ചത്തില്‍ സോഫയില്‍ക്കിടന്ന് ഒ.വി വിജയന്‍റെ ധര്‍മ്മപുരാണം വായിച്ചുറങ്ങിപ്പോയ പ്ലാമൂട്ടില്‍ വിദ്യാധരന്‍ പുലര്‍ച്ചെ നാലുമണിക്ക് തൂറാന്‍ മുട്ടി. ശക്തമായ മുട്ടല്‍ സഹിക്കവയ്യാതെ കക്കൂസില്‍ കുത്തിയിരുന്നു സുഖവിരോചനം ചെയ്യവേ അദേഹത്തിന് ശക്തമായ ഒരു വെളിപാടുണ്ടായി; മകനെ വിദ്യാധര; നിന്‍റെ ചെറുപ്പകാലത്ത് കൊട്ടിയൂര്‍ ഉത്സവത്തിന് വാങ്ങിയതും, ബാവേലി പുഴയില്‍ നീരാട്ട് നടത്തുന്ന കിടാങ്ങളുടെ  സീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്നതുമായ ആ അമുല്യ വസ്തുവുമായി ടെറസിലേക്ക് വരിക ..അതിന്‍ പ്രകാരം മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ചുരൂപ കൊടുത്തു വാങ്ങിയ ഡബിള്‍ ബാരല്‍ ടെലസ്കോപ്പുമായി വിദ്യാധരന്‍ ടെറസിലേക്ക് ഓടി....ഇനിയെന്ത് എന്നു ചിന്തിക്കുമ്പോള്‍ അശരിരി വീണ്ടും മുഴങ്ങി..ആ ദൂരദര്‍ശിനി; ദേ,, അങ്ങോട്ട്, ആ വെട്ടം കാണുന്ന സ്ഥലത്തേക്ക് തിരിക്കൂ... അതു സെക്രട്ടറിയേറ്റല്ലേ....    അതേ അങ്ങോട്ടു നോക്കു...

നീ എന്തു കാണുന്നു..

പതിനായിരങ്ങള്‍ നടുറോഡില്‍ പത്രംവിരിച്ചു കിടക്കുന്നു. അതില്‍ ചിലര്‍ ധൃതിയില്‍ എണിറ്റു സെക്രട്ടറിയെറ്റിന്‍റെ മതിലു ചാടിക്കടന്നു കുത്തിയിരിക്കുന്നു. ഇരുട്ടാ.... ഒന്നും കാണുന്നില്ല….അവരവിടെ എന്നാ എടുക്കുകയാ...

അവരവിടെ സര്‍ക്കാരിനെതിരെ കൂടോത്രം സ്ഥാപിക്കുകയാ...സുഖമുള്ള കാഴ്ചയല്ല; അത്...... വേറെ എന്തുകാണുന്നു.

ആയിരക്കണക്കിനു പോലീസുകാര്‍ തോക്കും ലാത്തിയും പിടിച്ചു മതിലു ചാരി കുത്തിയിരുന്നു ഉറങ്ങുന്നു...ചിലര്‍ ഷീല്ഡില്‍ ചുരുണ്ടുകൂടി കിടക്കുന്നു....പാവങ്ങള്‍...

വേറെ എന്തുകാണുന്നു....

ഉയര്‍ന്ന കെട്ടിടങ്ങളിലും, മുക്കിനും മൂലയിലും ക്യാമറയും മൈക്കുമൊക്കെയായി കുത്തിയിരിക്കുന്ന ചാനലുകാരെ കാണുന്നു. ഉറക്കംതൂങ്ങുന്ന കണ്ണുകള്‍ വെള്ളമൊഴിച്ച് കഴുകുന്നുണ്ട്..

  അവരുടെ സംസാരം ശ്രദ്ധിക്കൂ.............

ഇന്ന് വല്ലതും നടക്കുമോ.ആശാനെ.. ഒരു വെടിപൊട്ടിയാല്‍ കാര്യം രക്ഷപെട്ടു...

പിന്നെ മന്ത്രി മാളികകളിലേക്ക് നോക്കൂ...

 അവിടെ കുളിയും തേവാരവും തുടങ്ങിക്കഴിഞ്ഞു.അടുക്കളയില്‍ ദോശ ചുടുന്ന തിരക്ക്. വഴിയില്‍ കിടക്കുന്നവന്‍  എണിക്കുന്നതിനു മുന്പ് സെക്രട്ടറിയെറ്റിനു അകത്തു കടക്കാനുള്ള തത്രപ്പാടുകള്‍ തുടങ്ങിയിരിക്കുന്നു.. സെക്യൂരിറ്റി പോലീസുകാര്‍ ഷൂ പോളിഷ് ചെയ്യുന്നു, തുണി തേക്കുന്നു, മുറിഞ്ഞ ബ്ലേഡ് കൊണ്ട് ഷൌരം ചെയ്യുന്നു... തിരക്കോടു തിരക്ക്

ഇനി നീ ഇങ്ങുപോരെ ..മതി കണ്ടത്

നിനക്കെന്തു തോന്നുന്നു.. ഈ സമരം നമുക്കു വേണോ..?? ഈ ഭരണം നമുക്ക് വേണോ?...... രണ്ടിനും ഒരു പരിഹാരം വേണം. പ്രശ്നങ്ങളോന്നും ഉണ്ടാകാതെ നാടിനെ രക്ഷിക്കണം. ഞാന്‍ രണ്ടു തേങ്ങ ഉടച്ചോളാമേ ...

 തേങ്ങാമാത്രം പോരാ; വാഴയിലയില്‍; ചെത്തി,കുത്തി,കോഴിത്തല,മുട്ടത്തോട് തുടങ്ങിയവയെല്ലാം പൊതിഞ്ഞുകെട്ടി റോഡിലേക്ക് വലിച്ചെറിയാന്‍ കരുതിവച്ചിരിക്കുന്ന അവശിഷ്ടങ്ങളെല്ലാം സ്വന്തം പറമ്പിന്‍റെ  മൂലയ്ക്ക് തടമെടുത്തു കുഴിച്ചുമൂടിവന്നശേഷം എന്നെ ധ്യാനിക്കുക  ഇന്നിതിനു തീരുമാനമുണ്ടാകും....

  തേങ്ങാ പോയാലെന്ത് പരിഹാരം കണ്ടു..ഉച്ചയൂണിന് മുന്‍പേ സമരം തീര്‍ന്നു...വലിച്ചെറിയുന്ന മാലിന്യം കുഴിച്ചുമൂടിയാല്‍ ഫലസിദ്ധി...

  പലതും പ്രതിക്ഷിച്ചിരുന്ന പലര്‍ക്കും, നിരാശ സമ്മാനിച്ചുകൊണ്ട് സെക്രട്ടറിയേറ്റു സമരം അവസാനിച്ചു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷത്തിന്‍റെയും ആത്മസംയമനം ഇക്കാര്യത്തില്‍ പ്രശംസ അര്‍ഹിക്കുന്നു. സമരത്തിന്‍റെ രാഷ്ട്രിയവിജയം എത്രത്തോളമെന്നത് വരും ദിവസങ്ങളിലാണ് കാണേണ്ടത്. പ്രതിപക്ഷത്തിന്‍റെ രണ്ടാവശ്യങ്ങളില്‍ മുഖ്യമന്ത്രി രാജിവെയ്ക്കുക, ജുഡിഷ്യല്‍ അന്വേഷണം നേരിടുക .ഇതില്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അതിന്‍ പ്രകാരം സെക്രട്ടറിയേറ്റ് സമരം അവസാനിച്ചു.. ഇപ്പോള്‍ സമരം നടക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്..ചോര പൊടിഞ്ഞില്ല എന്നതാണ് പ്രധാന കുറവായി പറയുന്നത്. ചാണ്ടി തോറ്റെന്നു ഒരുപക്ഷം. അല്ല പ്രതിപക്ഷം തോറ്റെന്നു മറുപക്ഷം ..ഇതിനിടയില്‍ ജനം തോറ്റെന്നു മറ്റൊരു പക്ഷം. ഇവിടെ എനിക്ക് തോന്നുന്നു ജനമാണ് വിജയിച്ചതെന്ന്.കാരണം ഈ സമരം ഇങ്ങനെ നീണ്ടുപോയാല്‍ ജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങളും പൊങ്ങിവരും. സെക്രട്ടറിയേറ്റു സംരക്ഷിക്കും എന്നതില്‍ കവിഞ്ഞ് തലസ്ഥാനത്തെ ജനങ്ങളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരു നിലപാടും എടുത്തിരുന്നില്ല..

 ഇത്രയും വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളുന്നതില്‍ തലസ്ഥാനത്തിനുള്ള പരിമിതി പ്രശ്നങ്ങള്‍ സൃഷ്ടിച്ചേനെ ..സെക്രട്ടറിയെറ്റിനുചുറ്റുവും  പരിസരം പ്രദേശങ്ങളിലും ജനജീവിതം ഏതാണ്ട് സ്തംഭിച്ചമട്ടായിരുന്നു..റോഡുകളെല്ലാം അടച്ചു. കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു..സ്കൂളുകള്‍ പ്രവര്‍ത്തിച്ചില്ല, തലസ്ഥാനത്തും  പരിസരപ്രദേശങ്ങളിലും കുന്നുകൂടുന്ന മാലിന്യങ്ങള്‍.. ഇതിനൊന്നും യാതൊരു പരിഹാരവും സര്‍ക്കാരും സമരക്കാരും കണ്ടിരുന്നില്ല..എല്ലാം പ്രശ്നമായിവരുന്ന ഒരു അവസ്ഥയിലാണ് സമരം തീര്‍ന്നിരിക്കുന്നത്.. ജനത്തിനു ആശ്വസിക്കാം..... നാട്ടില്‍ ക്രമസമാധാനം നടത്തേണ്ട പോലിസ് തിരുവനന്തപുരത്ത് മാത്രമായി കേന്ദ്രികരിക്കപ്പെട്ടു.  ഭരണസിരാകേന്ദ്രം സ്തംഭിച്ചു എന്നതും സത്യമാണ്. അതിനുള്ള തെളിവാണ് രണ്ടു ദിവസത്തെ അവധി. കണ്റൊന്‍മെന്‍റ് ഗെയിറ്റ് തുറന്നിട്ടു എന്നതാണ് സര്‍ക്കാരിനുള്ള ആശ്വാസം... അവിടെയൊരു ഏറ്റുമുട്ടല്‍ ഒഴിവാക്കിയതും ഇരുപക്ഷത്തിനും ഗുണകരമായി... സമരക്കാരും സര്‍ക്കാരും എല്ലാ കാര്യങ്ങളിലും മിതത്വം പാലിച്ചതും ജനങ്ങള്‍ക്ക്‌ ആശ്വാസമായി.. വലിയ ഒരു ജനക്കൂട്ടത്തെ അണിനിരത്തി  യാതൊരു അനിഷ്ട സംഭവങ്ങളും കൂടാതെ പ്രതിക്ഷേധ സമരം സംഘടിപ്പിച്ച പ്രതിപക്ഷത്തിന്‍റെ സംഘടനാപാടവത്തെ അഭിനന്ദിക്കണം.. അതുപോലെതന്നെ ബലപ്രയോഗത്തിനു മുതിരാതെ സമരത്തിന്‍റെ രണ്ടാംദിവസം തന്നെ സമരക്കാരുടെ ആവശ്യങ്ങളില്‍ അനുഭാവപ്രതികരണം നടത്തി സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്ത മുഖ്യമന്ത്രിയും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു.ഇതിന്‍റെ രാഷ്ട്രിയ വശങ്ങള്‍ എന്തുമാകട്ടെ ഈ ബലപരിക്ഷണം ഒഴിവായത് സാധരണജനങ്ങള്‍ക്ക്‌ വലിയ ആശ്വാസമാണ് നല്‍കുന്നത്. അതുകൊണ്ടാണ് ഇതിനെ സാധാരണക്കാരായ ജനങ്ങളുടെ ഒരു നേരിയ വിജയമായി  കാണാന്‍ ശ്രമിച്ചത്‌...

   ജനാധിപത്യത്തില്‍ പരമമായത് ജനങ്ങളാണ്.... ജനങ്ങള്‍ക്ക് വേണ്ടിയാണെന്നു പറഞ്ഞുകൊണ്ട് ജനജീവിതം സ്തംഭിപ്പിക്കാന്‍ തുടങ്ങിയാല്‍ വരും കാലങ്ങളില്‍, ചുട്ട മറുപടി കിട്ടുമെന്നു രണ്ടുകൂട്ടര്‍ക്കും ഉള്ളിലെങ്കിലും ഭയം ഉണ്ടെന്നത് വ്യക്തം...ഇവിടെ ആരും തോറ്റുമില്ല  ജയിച്ചുമില്ല,, അഴിമതി ആരോപണങ്ങള്‍  നേരിടുന്നവര്‍ ആരായാലും അവര്‍ തങ്ങളുടെ കൈകള്‍ പരിശുദ്ധമാണെന്നു ജനങ്ങളുടെ മുന്നില്‍ തെളിയിയിക്കേണ്ടിയിരിക്കുന്നു. അധികാരം ഉപയോഗിച്ച് തല്ക്കാലം പിടിച്ചു നില്‍ക്കാമെങ്കിലും ജനാധിപത്യത്തില്‍ അതിനു ആയുസ് കുറവായിരിക്കും. ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ ആരോപണ വിധേയനായ വ്യക്തി മാറിനിന്നു അന്വേഷണത്തെ നേരിടുകയാണ് ചെയ്യേണ്ടത്..അല്ലാതെ പല കറക്കു ന്യായങ്ങളും കണ്ടെത്തി, അധികാരത്തില്‍ കടിച്ചുതൂങ്ങി എനിക്കെതിരെയുള്ള ആരോപണങ്ങളെ  ഞാന്‍ത്തന്നെ അന്വേഷിക്കും എന്നു പറയുന്നത് തികച്ചും ഭീരുത്വമാണ്,..അത് ഒളിച്ചോട്ടമാണ്, എന്തെക്കെയോ മറയ്ക്കാനുള്ള തത്രപ്പാടാണ്.. ഇക്കാര്യത്തില്‍ യുക്തമായ തീരുമാനം എടുക്കേണ്ടത് അദേഹത്തിന്‍റെ പാര്‍ട്ടിയാണ്..ആരോപണ വിധേയനായ ആളെ മാറ്റി പകരം ആളെക്കണ്ടെത്തി ജനങ്ങളോടുള്ള വിശ്വാസ്യത നിലനിറുത്താന്‍ കൊണ്ഗ്രസ്സിനെപ്പോലെ പാരമ്പര്യമുള്ള ഒരു ദേശിയ പാര്‍ട്ടിക്ക് വിഷമമൊന്നും ഉണ്ടാവില്ല..

 സമരമുഖങ്ങളെ പോലീസും പട്ടാളവും എത്ര അടിച്ചമര്‍ത്തിയാലും അതിനു ഒരു പരിധിയുണ്ട്. ഒരു ഏറ്റുമുട്ടല്‍ നടന്നാല്‍ അതു മുഖ്യമന്ത്രിയുടെ കസേര തെറിപ്പിക്കും എന്നത് പരമാര്‍ഥമാണ്..അണികളെ കൊലയ്ക്ക് കൊടുക്കുന്ന പാര്‍ട്ടിയെന്ന  പാപഭാരം സി പി എം –നു വീണ്ടും പേറേണ്ടി വരും.. അടുത്തുവരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദോഷകരമായി ബാധിക്കാതിരിക്കാന്‍ ഇരുകൂട്ടരും തികഞ്ഞ ആത്മസംയമനത്തോടെ  ഈ പ്രശ്നം കൈകാര്യം ചെയ്തതായി കണക്കാക്കാം...പൊതുവില്‍ ജനത്തിന്‍റെ നേരിയ വിജയമായി ഇതിനെ കാണാം.. ചോര പോടിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കാം...അല്ലെങ്കില്‍ നാശനഷ്ടങ്ങളുടെ കണക്കും ജനം പേറേണ്ടി വന്നേനെ.....

9 comments:

  1. എഴുതിയതൊക്കെ ക്ലാസ്സായിട്ടുണ്ട് മാഷേ..നിയസഭയും പിരിച്ചുവിട്ടു പിന്നെ പിറകെ രണ്ടു മുടുക്കും, ശനിയും ഞായറും.എല്ലാം കൂടി നോക്കിയപ്പോള്‍ വെറുതെ കുത്തിയിരുന്നാലും കാര്യം നടക്കില്ലാന്നു മനസ്സില്ലായി.ഇതാവുമ്പോള്‍ ഇലയ്ക്കും മുള്ളിനും കേടില്ല .സരിത സുന്ദര സമരം .

    ReplyDelete
  2. മാഷ്‌ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു...സമരം തീര്‍ന്നത് ജനങ്ങളുടെ വിജയമാണ്..സമരക്കാരും സര്‍ക്കാരും സമരം വലിച്ചു നീട്ടിയിരുന്നെങ്കില്‍ കഷ്ടപ്പെടുന്നത് തലസ്ഥാന പരിസരങ്ങളിലെ സാധരണജനങ്ങളായിരുന്നേനെ പരസ്പരം പോര്‍ വിളിക്കുന്നവര്‍ അതൊന്നും കാണില്ല..സമരം തീര്‍ന്നത് വലിയ ആശ്വാസമായി..തികച്ചും വിത്യസ്തമായ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ച വിദ്യാധരന്‍ മാഷിനു ആശംസകള്‍

    ReplyDelete
  3. മാഷേ വിഷയം നന്നായി അവതരിപിച്ചു..മാഷ് പറഞ്ഞതാണ് സത്യം ഞാനും യോജിക്കുന്നു

    ReplyDelete
  4. ചന്ദ്രന്‍August 14, 2013 at 10:29 AM

    നല്ല ശൈലിയില്‍ വിഷയം അവതരിപ്പിച്ചു ഈ പിന്മാറ്റം ജനങ്ങളുടെ വിജയമായി കണക്കാക്കാം

    ReplyDelete
  5. സമരം ആര് ആരോട് ചെയ്തു എന്നതല്ല വിഷയം ..തോറ്റത് ജനങ്ങൾ മാത്രം ... നല്ല ലേഖനം തുളസീ ..

    ReplyDelete
  6. അടിചോടിച്ചാൽ അല്ലാതെ മുഖ്യന്റെ കസേരയിൽ നിന്നും ഇറങ്ങില്ല എന്ന് ഉറപ്പുള്ള ഉമ്മൻ ചാണ്ടിയെ പുറത്താക്കുവാൻ മറ്റൊരു തെഹരീർ സ്കൊയർ തിരുവനന്തപുരത്ത് ഉണ്ടാക്കാതെ ബുദ്ധിപരമായി സമരം അവസാനിപ്പിച്ച പ്രതിപക്ഷം പ്രശംസ അർഹിക്കുന്നു.അതിനെ തോറ്റൊടൽ ആയി പ്രചരിപ്പിക്കുന്നത് ഇവിടെ വല്ലതും നടക്കും എന്ന് കരുതി വായും പൊളിച്ചു മേലോട്ട് നോക്കിയിരുന്ന പടു വിഡ്ഢികൾ മാത്രം.മികച്ച ഇന്ഫ്ര സ്ട്രക്ച്ചരിന്റെ അഭാവം ഉള്ള, അശാസ്ത്രീയമായ രീതിയിൽ വളർന്ന ഒരു നഗരത്തിന്റെ എല്ലാ അസ്കിതയും ഉള്ള തലസ്ഥാനത് ഇത്രയധികം ആളുകളെ വെച്ച് അനിശ്ചിതകാല സമരം നടത്തുന്നതിലെ പോരായ്മകൾ ആണ് സമരം പെട്ടന്ന് നിർത്തിയതിന്റെ പ്രധാന കാരണം.ഇത്രയധികം ജന പങ്കാളിത്തം ഉണ്ടായ സമരം നടത്തുവാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഇടതു പക്ഷത്തിന്റെ വിജയം .സി പി എമ്മിന് ആളെക്കൂട്ടുവാൻ ഇപ്പോഴും കഴിയും എന്ന് തെളിയിച്ചത് കൊണ്ട് സി പി എമ്മിന്റെ ശവമടക്ക് കാണുവാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നവരുടെ സ്വപ്നം ആവി ആയി എന്നതാണ് ഗുണപാഠം.വെടിയും പുകയും ഇല്ലാതെ സമരം തീർന്നതിൽ സങ്കടപെടുന്ന ചേട്ടന്മാർക്ക് സി പി എം അണികൾ കാണിച്ച അച്ചടക്കവും ആത്മ സംയമനവും ദഹിച്ചില്ല എന്ന് വേണം അനുമാനിക്കുവാൻ.ഒരു പരാജിതന്റെ ശരീര ഭാഷ കാണിക്കുന്ന ഉമ്മൻ ചാണ്ടി ഇനി എത്ര കാലം പിടിച്ചു നിൽക്കും എന്ന് കണ്ടറിയാം.

    ReplyDelete
  7. വിദ്യാധരന്‍ മാഷിന്‍റെ അഭിപ്രായം വായിച്ചു..സമരത്തെകുറിച്ചുള്ള ശരിയായ ഒരു വീക്ഷണം കാണുന്നു....ശരിക്കും ജനങ്ങള്‍ രക്ഷപെട്ടു അതാണ്‌ സത്യം ഇതിവിടെ പറയാന്‍ കാരണം മറ്റൊരു പ്രമുഖ ബ്ലോഗരുടെ നിരീക്ഷണം വായിച്ചു..അങ്ങേര് പതിവ് പോലെ തറ രാഷ്ട്രിയം എഴുതി...സമരക്കാര്‍ ഊമ്പി എന്നാണ് അദേഹം കണ്ടുപിടിച്ചതു വെടിയും പുകയും ഒന്നും ഉണ്ടാകാതിരുന്നത് കാരണം അങ്ങേര്‍ക്ക് തീരെ പിടിച്ചില്ല..ബോലോക ബ്ലോഗറുടെ നാറിത്താരങ്ങള്‍ വായിച്ചു ഒരു വളിയും വിട്ടു ഞാനിങ്ങു പോന്നു..അവിടെയിരുന്നു മണക്കട്ടെ ലെവനൊക്കെ കുട പിടിക്കാന്‍ കുറയെ ശിങ്കിടികളും...

    ReplyDelete
  8. ജനം രക്ഷപ്പെട്ടു

    ReplyDelete
  9. അഭിപ്രായം അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി നമസ്ക്കാരം

    ReplyDelete