**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, October 11, 2012

മിസ്റ്റര്‍ മരുമകനും, വിറകുവെട്ടുകാരനും.......


 
  നമ്മുടെ പ്രധാനമന്ത്രി മണ്ടനാണ്, മൈഗുണാപ്പനാണ് തുടങ്ങിയ പരാതികളാണ് ഇപ്പോള്‍ എവിടെച്ചെന്നാലും കേള്‍ക്കാന്‍ സാധിക്കുക.പക്ഷെ നിഷ്പക്ഷമായി പറഞ്ഞാല്‍ ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു പ്രധാനമന്ത്രി ഇതിനു മുന്‍പോ, ഇനി ഉണ്ടാവാനോ പോകുന്നില്ല. അത്ര ക്ലിയര്‍ ആയിട്ടല്ലേ; ഇന്ത്യയുടെ ഭാവി അദേഹം പ്രവചിച്ചിരിക്കുന്നത്. കഞ്ഞി വയ്ക്കണമെങ്കില്‍ മരം നട്ടുകൊള്ളൂ എന്നാണ് അദേഹം പറഞ്ഞിരിക്കുന്നത്.ഗ്യാസും, കറന്റും ഉപയോഗിച്ച് കഞ്ഞി വയ്ക്കാമെന്ന് ആരെങ്കിലും മനക്കോട്ട കെട്ടുന്നുണ്ടെങ്കില്‍ അതൊക്കെ വെറുതെയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗ്യാസും, കറന്റുമൊക്കെ നമ്മുടെ അടുക്കളയില്‍ നിന്ന് മാറ്റി; സമ്പൂര്‍ണ്ണ വിറകുവത്ക്കരണമാണ് ലക്ഷ്യമെന്ന് അദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു.2007 ല്‍ ഇറാനില്‍ നിന്നുള്ള  പാക്കിസ്ഥാന്‍- ഇന്ത്യ വാതക പൈപ്പ്‌ലൈന്‍ പദ്ധതി അമേരിക്ക വേണ്ടായെന്നു പറഞ്ഞതുകൊണ്ട്; നമ്മള്‍ ഉപേക്ഷിച്ചു.ആ പദ്ധതി നടന്നിരുന്നുവെങ്കില്‍ ഈ ക്ഷാമം ഒരു പരിധിവരെ നിയന്ത്രിക്കാമായിരുന്നു. ഇപ്പോള്‍ വിദേശിയാണല്ലോ നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇന്ത്യാക്കാര്‍ ആരും; ഇനി ഒരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ  അടിവസ്ത്രം ഇടെണ്ട എന്ന് ഒബാമ പറഞ്ഞാല്‍; നമ്മളതും ചെയ്യേണ്ടിവരും. മാറ് മറയ്ക്കാനുള്ള അധികാരം കിട്ടിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. ഇപ്പോഴത്തെ പോക്ക് കണ്ടാല്‍ അതിന്‍റെ ആവശ്യം ഉണ്ടായിരുന്നുവെന്ന് തോന്നുന്നേയില്ല.പടിഞ്ഞാറന്‍ രാജ്യങ്ങളില്‍  സ്വവര്‍ഗഭോഗികളുടെ അടയാളമായി കരുതുന്ന അടിവസ്ത്രം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണരീതിയെ;  ഇവിടെ ഫാഷന്‍ എന്നാണ് പറയുന്നത്.ബസുകളിലും,വെയിറ്റിംഗ്ഷെല്‍ട്ടറുകളിലും ഈ ഫാഷന്‍ പ്രദര്‍ശിപ്പിക്കുന്നവരെ ഇപ്പോള്‍ പോലീസ് പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്.പ്രദര്‍ശനസ്വാതന്ത്ര്യത്തിന്മേലുള്ള പോലിസിന്‍റെ ഈ കയ്യേറ്റത്തിനെതിരെ ആരും ഇതുവരെ പ്രസ്താവന ഇറക്കികണ്ടില്ല.ഇതിലും ഇടപെടാന്‍ ഒബാമയെ വിളിക്കേണ്ടി വരും.

   അരകല്ലും, അമ്മിയും, ആട്ടുകല്ലുമൊക്കെ തപ്പിയെടുക്കേണ്ട സമയമായിരിക്കുന്നു.കാളവണ്ടിക്കുള്ള കരാറുകൊടുത്തുകഴിഞ്ഞു .അടുത്ത ദിവസം കാളയെ വാങ്ങാന്‍ പൊള്ളാച്ചിയില്‍വരെ പോകണം.വാങ്ങുമ്പോള്‍ നല്ല മൈലേജുള്ളവയെ നോക്കി വാങ്ങണമല്ലോ??. പ്രകൃതിയിലേക്ക് മടങ്ങുക എന്നൊക്കെ പറയുന്നത് ഇതാണ്.അടുത്ത തിരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ പ്രധാനമന്ത്രി പണിയൊക്കെ തെറിക്കുമെന്ന് സര്‍ദാര്‍ജിക്കറിയാം.പിന്നെ വിറകുവെട്ടും, വെള്ളംകോരലും ആയിരിക്കും പണി.അതിന്‍റെ തുടക്കം കണ്ടുകഴിഞ്ഞു. വിറകിനായി മരം വെച്ചുപിടിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കണം; അടുക്കള ഭാഗമാണ് ഉത്തമം.അവിടെനിന്ന്കൊണ്ട് തന്നെ വെട്ടി അടുപ്പില്‍ വയ്ക്കാമല്ലൊ. മരത്തിനുചുറ്റും വലിയ ഒരു തളം എടുക്കുകയാണെങ്കില്‍ അലക്കും, കുളിയും, പത്രംകഴുക്കും എല്ലാം അതിന്‍റെ ചുവട്ടിലാക്കാം. രാത്രിയില്‍ മൂത്രം ഒഴിക്കണമെങ്കില്‍ അതുമാകാം.കൃത്യം പത്താം മാസം മരംവെട്ടി അടുപ്പില്‍ വയ്ക്കാം. മന്‍മോഹനെഷ്യാ എന്നയിനം മരമാണ് ഇതിനു ഉത്തമം. ഈ ഇനമാകുമ്പോള്‍ വീടിനും, വീട്ടുകാര്‍ക്കും ഒരു ശല്യവും ഉണ്ടാകില്ല. ചാഞ്ഞാലും അടുത്ത പറമ്പിലേക്കെ ചായൂ. സോഫ്റ്റ്‌വുഡ് ഗണത്തില്‍പ്പെട്ടതായതിനാല്‍ കട്ടിഉരുപ്പടികള്‍ ഉണ്ടാക്കാന്‍ കഴിയില്ല. പക്ഷെ ഫ്ലെക്സിബിളായ എന്തും ഉണ്ടാക്കാം. മുരിക്ക്പോലെ മുള്ളുള്ളതിനാല്‍ വളരെ നല്ലതാണ്. ഇടയ്ക്ക് വല്ല ചൊറിച്ചിലിന്‍റെ അസുഖവും വരികയാണെങ്കില്‍ പുറം ഉരയ്ക്കനും കഴിയും.ഇതിന്‍റെ തൊലി വെന്തവെള്ളം കുടിച്ചാല്‍ നാക്കിനു നല്ലതാണ് നല്ല ക്ഷമയും, സഹനശക്തിയും കിട്ടും. വായ്ക്കകത്ത് കോലിട്ടു കിള്ളിയാല്‍ പോലും മിണ്ടാന്‍ തോന്നുകയില്ല. കൃഷിഭവന്‍ വഴി ഇതിന്‍റെ തൈകള്‍ ഉടനെ വിതരണത്തിനു എത്തുന്നതാണ്.പഞ്ചവടി,ന്യൂഡല്‍ഹി എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ തൈകള്‍ പാഴ്സലായുംകിട്ടുന്നതാണ്.കടം കയറി മുടിയുമ്പോള്‍ കാരണവര്, വീട്ടുകാരോട് പറയാറുണ്ട്; ഇനി മുണ്ട് വരിഞ്ഞുടുത്ത് പച്ചവെള്ളംമാത്രം കുടിച്ചു കഴിയാമെന്ന്.അതിനേക്കാള്‍ ഭയാനകമാണ് അവസ്ഥ. എല്ലാം വിറ്റു തുലച്ചു; ഇനി ഇട്ടിരിക്കുന്നത് മാത്രമേയുള്ളു വില്ക്കാന്‍. അതുംകൂടി ഊരിയെടുക്കുമെന്നാ തോന്നുന്നത്. അങ്ങനെ പച്ചിലയും മരവുരിയും കൊണ്ട് നാണംമറച്ച്‌,വേട്ടയാടിപ്പിടിച്ച മൃഗങ്ങളെ വിറകുപയോഗിച്ചു ചുട്ടുതിന്നുന്ന ഇന്ത്യക്കാര്‍.മന്‍മോഹന്‍ന്‍റെ സ്വപ്നം പൂവണിയട്ടെ.


  സത്യം പറഞ്ഞാല്‍ നമ്മുടെ മിസ്റ്റര്‍ മരുമകന് ഇത്ര ശക്തിയുണ്ടെന്നു ഇപ്പോഴാണ് മനസിലായത്.പാര്‍ട്ടിയിലെ കുഞ്ഞുകുട്ടിപരാധീനങ്ങള്‍ എല്ലാം മരുമകനെ രക്ഷിക്കാന്‍ രംഗത്ത് എത്തികഴിഞ്ഞു.പണ്ട് ബ്രിട്ടീഷ്‌കാര്ക്കെതിരെ പോരാടിയപ്പോള്‍പ്പോലും ഈ ഒരുമ കണ്ടിട്ടില്ല. അന്ന് തീവ്രവും, മൃദുവും ഇങ്ങനെ രണ്ടു നിലപാട് ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ എല്ലാവര്ക്കും  തീവ്രനിലപാടെയുള്ളു;മരുമകനെ രക്ഷിക്കുക.മൊറാദാബാദില്‍ ആക്രിക്കച്ചവടം നടത്തിപ്പോന്നിരുന്ന മരുമകന്‍ എങ്ങനെ മൊത്തക്കച്ചവടക്കാരന്‍ ആയി എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ; നിനച്ചിരിക്കാതെ ഒരു ലോട്ടറി കിട്ടി; അത്ര തന്നെ. നാടിനെ രക്ഷിക്കാന്‍ അദേഹം സ്വന്തം അപ്പനെയും അനുജനെയുമൊക്കെ നിയമപ്രകാരം ഉപേഷിച്ചു.എല്ലാം ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ്.എന്നിട്ടും ആരും ഇത് മനസിലാക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴാ ഒരു വിഷമം. ജനത്തിന്‍റെ കണ്ണില്‍ പൊടിയിടാന്‍ വേറൊരു വിഷയവും കിട്ടുന്നുമില്ല.കൊജ്രിവാളിന്റെ ജാതകം വരെ പരിശോധിച്ചുനോക്കി,ചെറുപ്പത്തില്‍ രണ്ടു പ്രാവശ്യം കിടന്നുമുള്ളിയിട്ടുണ്ട്,ഒന്നാംക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് അഞ്ചുപൈസാ വിലയുള്ള രണ്ടു നാരങ്ങാമുട്ടായി പൈസ കൊടുക്കാതെ അടിച്ചുമാറ്റിയിട്ടുണ്ട്,പിന്നെ ഐഐറ്റിയില്‍ പഠിക്കുന്നകാലത്ത് രണ്ട് ലൌവ് ലെറ്റര്‍  കൊടുത്തിട്ടുണ്ട്‌; തുടങ്ങിയ വിവരങ്ങളൊക്കെ സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അമ്മായിക്കുടുബത്തില്‍ തപ്പി നോക്കിയാല്‍ ഇതിനെക്കാള്‍ നാറുന്ന കഥകളാണ് പറയാനുള്ളത്.അതുകൊണ്ട് ഈമ്മാതിരി കഥകളൊന്നും ജനം വിശ്വസിക്കില്ല. വെടക്കനെപ്പോലുള്ള പഴംവിഴുങ്ങികളുടെ വിശദീകരണംകൂടി കണ്ടു കഴിയുമ്പോള്‍ ആരോപണങ്ങള്‍ എല്ലാം ശരിതന്നെയെന്ന് ആര്‍ക്കും തോന്നുകയും ചെയ്യും. ഏതായാലും സ്ഥിതിഗതികള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ മണ്ഡലംകമ്മിറ്റിയുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.കമ്മറ്റിയിലുള്ള വയസന്മാര്‍ക്കൊന്നും കാര്യങ്ങള്‍ വല്യപിടിയില്ല. എന്ത് ഡിഎല്‍എഫ്, ഏതു വദ്ര എന്നാണവര്‍ ചോദിക്കുന്നത്.എന്ത് പറഞ്ഞാലും മുപ്പതിലേ ഉപ്പുസത്യാഗ്രഹം, തൊള്ളായിരത്തി പത്തൊന്‍പതിലെ ജാലിയന്‍വാലാബാഗ്,ഗാന്ധിജിയെ കണ്ടകാര്യം,പോലിസ്‌മര്‍ദനം,പെന്‍ഷന്‍ കിട്ടണില്ല.തുടങ്ങിയ പഴമ്പുരാണംസ് പറഞ്ഞുകൊണ്ടിരിക്കും.അമ്മായിയും മരുമകനും അപ്പംചുട്ട കഥകളൊന്നും ഇവറ്റകളോട് പറഞ്ഞിട്ട് കാര്യമില്ല. ഏതായാലും മരുമകന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരു പദയാത്രയും, രണ്ട്കൊടിമരജാഥയും സംഘടിപ്പിക്കാന്‍ തത്വത്തില്‍ ധാരണ ആയിട്ടുണ്ട്‌. ഇനിഅതിനുള്ള ചിക്കിലികൂടെ എത്തണം.എന്നിട്ടുവേണം പുരയുടെ കുറച്ചു പണികള്‍ തീര്‍ക്കാന്‍.കൊടിപിടിക്കാനും, ജയ് വിളിക്കാനും വരുന്നവര്‍ക്ക് കൊടുക്കാനുള്ള ചാരായം;നിലമ്പൂര്‍ യൂണിറ്റിലെ മഹിളാസമാജംകാര്‍ എത്തിക്കാമെന്ന് ഏറ്റതിനാല്‍; ആ വിഷയം പേടിക്കാനില്ല.നിലമ്പൂര്‍ വരെ ഒന്ന് പോകണമെന്നെയുള്ളൂ. പ്രശ്നം നാട്ടില്‍ മാത്രം ഒതുക്കിയാല്‍ പോരല്ലോ.ഇന്റര്‍നെറ്റില്‍ക്കൂടിയല്ലേ ഇപ്പൊ ആക്രമണം. അതുകാരണം നമ്മുടെ സോഷ്യല്‍നെറ്റുകാരെയും കാണണം.ഫേസ്‌ബുക്കില്‍ക്കയറി അളിയനെ അനുകൂലിച്ച് പത്തെണ്ണത്തില്‍ കുറയാതെയും ,കേജ്രിവാലിനെ തെറിവിളിക്കുന്നത് അഞ്ചെണ്ണത്തില്‍ കുറയാതെയും പോസ്റ്റുകള്‍ ഇടണമെന്നാണ് മേല്‍നിര്‍ദേശം. കേജ്രിവാളിന്‍റെ കുറച്ചു പോസ്റ്റര്‍ അടിപ്പിച്ച് അതെല്ലാം രാത്രിയില്‍ എല്ലാ  പ്രധാനസ്ഥലങ്ങളിലും  ഒട്ടിക്കണമെന്നും; പകല് നമ്മള്‍ തന്നെ അതില്‍ ചാണകവെള്ളം ഒഴിക്കണമെന്നും രഹസ്യനിര്ദേശം കിട്ടിയിട്ടുണ്ട്.വെടക്കാക്കി തനിക്കാക്കുക എന്നതാണ് പറ്റിയ തിയറി.

 ആകെ മടുത്തു..... ഈ കുശ്മ്മാണ്ടങ്ങള്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ, അരിവാള്‍ ആയിട്ടും ശാന്തിആയിട്ടും ഇറങ്ങിക്കോളും.എന്തെല്ലാമാണ് അറിയേണ്ടത്;2007 ല്‍ 50 കോടി ആയിരുന്നല്ലോ ഇപ്പോള്‍ അതെങ്ങനെ 300കോടി ആയി.ഹരിയാനസര്‍ക്കാര്‍ ആശ്പത്രി നിര്‍മ്മിക്കാനായി കര്‍ഷകരുടെ പക്കല്‍ നിന്നും ഏറ്റെടുത്ത  350ഏക്കര്‍ഭൂമി, എങ്ങനെ മിസ്റ്റര്‍ മരുമകന്‍റെ ബിനാമിക്ക് കിട്ടി, അന്യസംസ്ഥാനക്കാര്‍ക്ക് ഭൂമി വാങ്ങാന്‍കഴിയാത്ത ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ പ്രിയങ്കവദ്ര എങ്ങനെ ഭൂമിയും,ബംഗ്ലാവും വാങ്ങി. ഇങ്ങനെ നൂറുനൂറ് ആരോപണങ്ങളാണ് ദിവസവും പൊക്കികൊണ്ടുവരുന്നത്. ഇതിനെല്ലാം വാട്ടം പറഞ്ഞു വായിലെ വെള്ളംപറ്റി.എന്നാല്‍  ഈ വകുപ്പില്‍ ഒരു നാരങ്ങാവെള്ളംപോലും നമുക്ക് കിട്ടിയിട്ടുമില്ല. അമ്മായിം, മക്കളും, മരുമോനുമെല്ലാം ഡല്‍ഹിയിലിരുന്നു ചുമ്മാ അപ്പംചുട്ടു കളിക്കുന്നു. എന്ത് ചെയ്യാം..... നമ്മുടെ സ്വന്തം കുടുംബമായിപ്പോയില്ലേ. ഒത്താല്‍ അടുത്ത ചിങ്ങത്തില്‍ ഡല്‍ഹിവരെ ഒന്ന് പോകണം.സോണിയാജിയേയും,വദ്ര അളിയനെയും കാണണം.നമ്മളിവിടെ അവര്‍ക്ക് വാട്ടം പറഞ്ഞകാര്യം പറയണം. എന്തെങ്കിലും തരാതിരിക്കില്ല. രണ്ടു ദിവസമായി വീട്ടില്‍ പോയിട്ട്.ഗ്യാസുകുറ്റിയുമായി പോന്നതാണ്.അത് നിറച്ചു വീട്ടിലെത്തിക്കാന്‍ എവിടാ നേരം.കാലിക്കുറ്റിയുമായി വീട്ടിലേക്ക് ചെന്നാല്‍ എന്‍റെ ഫ്യൂസ് ഊരും.ഏതായാലും മരുമകന്‍ പ്രശ്നത്തില്‍ ഒരു തീരുമാനമായിട്ടു വീട്ടില്‍ പോകാം.

മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന് പറഞ്ഞിട്ട് പോലും വായ തുറക്കാത്ത; സകലമാന ഗാന്ധിശിഷ്യന്മാരും മരുമകന്‍ പ്രശ്നത്തില്‍ വായ തുറന്നിട്ടുണ്ട്. എന്ത് വന്നാലും മരുമകനെ തങ്ങളുടെ ഖദറിന്നടിയില്‍ ഒളിപ്പിക്കുമെന്നാണ് വെല്ലുവിളി.ചാനല് തുറന്നാല്‍ ഇത് തന്നെ പരിപാടി.ദോഷം പറയരുതല്ലോ ഇതിനിടയില്‍ ചില കാര്യങ്ങള്‍ മനസിലായി.നമ്മുടെ നേതാക്കളില്‍ പലരും LLB പാസായവരാണെന്നും, കോടതിയില്‍ പോയിട്ടുണ്ടെന്നുമൊക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. വല്ല കേസും ഏല്പിച്ചാല്‍ കൊലക്കയര്‍ ഉറപ്പാ. നമ്മുടെ ഒരു വക്കീല്‍ മന്ത്രിയും, ബി ജെ പി യിലെ ഒരു വക്കീല്‍ നേതാവും ചാനലിരുന്ന് രണ്ടുപേര്‍ക്കും നിയമം അറിയില്ലായെന്ന് അന്യോന്യം വെളിപ്പെടുത്തുകയുണ്ടായി.സുമോട്ട പ്രകാരം കേസ് എടുക്കുന്നതെങ്ങനെയെന്ന് രണ്ടു പേര്‍ക്കും അറിയില്ലെന്ന് കേട്ടിരിക്കുന്നവര്‍ക്കും മനസിലായി.അതുകൊണ്ട് നേതാവാണ്, പാര്‍ട്ടിയാണ് എന്നൊക്കെ വിചാരിച്ചു വല്ല കേസും വാദിക്കാന്‍ കൊടുത്താല്‍ പിഴയടച്ചു രക്ഷപ്പെടാവുന്ന കേസ് ആണെങ്കില്‍പ്പോലും ജീവപര്യന്തം ഉറപ്പാ..................

മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന്‍; ഭീഷ്മരെ വീഴ്ത്തിയ കഥ എല്ലാവര്‍ക്കുമറിയാം.അസ്ത്രവിദ്യയില്‍ ഭീഷ്മ്മരെ വെല്ലാന്‍അര്‍ജുനന് ഒരിക്കലും കഴിയില്ലായിരുന്നു.ഭീഷ്മ്മരെ വീഴ്ത്താതെ യുദ്ധം ജയിക്കാനും കഴിയില്ല. അവസാനം കൃഷ്ണനാണ് വിദ്യ ഉപദേശിച്ചുകൊടുത്തത്.ഭീഷ്മര്‍ ആണുംപെണ്ണും കെട്ടവനോട് യുദ്ധം ചെയ്യില്ല; അതുകൊണ്ട് ആണുംപെണ്ണും കെട്ട ഒരു ശിഖണ്ഡിയെ മുന്നില്‍ നിറുത്തി, ഭീഷ്മ്മരെ എതിര്‍ക്കുക.അങ്ങനെ ശിഖണ്ഡിയെ മുന്നില്‍നിറുത്തി, ആയുധം ഉപേഷിച്ച ഭീഷ്മ്മരെ ; അര്‍ജുനന്‍ എയ്തു വീഴ്ത്തുന്നു. സത്യസന്ധനായ ഭീഷ്മ്മരെക്കാള്‍ ചരിത്രം പുകഴ്ത്തുന്നത് മറ്റു പലരുടെയും സഹായത്താല്‍ യുദ്ധം ജയിച്ച അര്‍ജുനനെയാണ്. ശിഖണ്ഡിയെ ആരും ഓര്‍ക്കാറുമില്ല,ഉണ്ടെങ്കില്‍ തന്നെ വെറുക്കപ്പെട്ടവന്‍റെ കണക്കിലാണ് സ്ഥാനം.ഇതിന്‍റെ തനിയാവര്‍ത്തനമാണോ ഇപ്പോള്‍ നടക്കുന്നത് എന്നൊരു തോന്നല്‍. ഈ കളിയില്‍ ഭീഷ്മ്മര്‍ എന്നത് പൊതുജനമാണെങ്കില്‍, ശിഖണ്ഡിയും; ശിഖണ്ഡിയെ മുന്നില്‍നിറുത്തിക്കളിക്കുന്ന,  അര്‍ജുനനുംകൂട്ടരും ആരൊക്കെയാണ്.............??????

3 comments:

  1. പുരാണം അത്ര പോര എന്ന് തോന്നുന്നു? ഭീഷ്മരെ അല്ലെ ശിഖണ്ഡിയെ മുന്‍പില്‍ നിര്‍ത്തി എയ്തു വീഴ്ത്തിയത്?

    കര്‍ണനെ പഞ്ചറായ വീല് മാറ്റുമ്പോ അല്ലെ കൊന്നത്?

    ReplyDelete
  2. അതെ നിങ്ങള്‍ പറഞ്ഞതാണ് ശരി..തെറ്റ് കാണിച്ചുതന്നതിനു ആയിരം നന്ദി............

    ReplyDelete
  3. തുളസി...
    ബാംഗ്ലൂര്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ബാംഗ്ലൂര്‍ ജാലകത്തിലേക്ക് ഈ ആര്‍ട്ടിക്കിള്‍ കൊടുക്കാന്‍ താല്പര്യപ്പെടുന്നു....
    ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ നേരിട്ട് വിളിക്കാം....
    or bangalorejalakam@gmail.com (Contact 09739405030) ഇതിലേക്ക് മെയില്‍ ചെയ്യാം...

    നന്ദി.........
    ജഷിത് , എഡിറ്റര്‍, ബാംഗ്ലൂര്‍ ജാലകം

    ReplyDelete