**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, October 30, 2012

ചെമ്മണ്ണൂര്‍ മറഡോണ....


 
ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോമറഡോണ കേരളത്തില്‍വന്നതിനെത്തുടര്‍ന്ന് ഫുട്‌ബോള്‍പ്രേമികള്‍ ആനന്ദത്തില്‍ ആറാടിയിരിക്കുന്നു.നന്നായി; ആനന്ദത്തിനു തീരെ വകയില്ലാത്ത നമ്മുടെ ഫുട്‌ബോള്‍പ്രേമികള്‍ അങ്ങനെയെങ്കിലും ആശ്വാസം കൊള്ളട്ടെ. മാറഡോണയുടെ വരവിനെത്തുടര്‍ന്ന് കേരളിയ ഫുട്‌ബോളിനു ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായാലത് നല്ലകാര്യം തന്നെയാണ്.എന്നാല്‍ കേരളത്തിലെ ഫുട്‌ബോള്‍അസോസിയേഷനൊ, സ്പോര്‍ട്സ്‌വകുപ്പിനോ, നമ്മുടെ ഫുട്‌ബോളിന്‍റെ വളര്‍ച്ചയ്ക്കോ താരത്തിന്‍റെ ഈ വരവുമായി വല്ല ബന്ധവുമുണ്ടോ എന്ന് തിരക്കുമ്പോഴാണ് കഥയുടെ മറ്റൊരുവശം വെളിപ്പെടുന്നത്. ഒരു സ്വകാര്യവ്യക്തിയുടെ വളരെ ഭംഗിയായ ബിസിനസ് പരസ്യതന്ത്രത്തിന്‍റെ ഭാഗമായിരുന്നു; മറഡോണയുടെ കേരള സന്ദര്‍ശനം.ഒരു സ്വകാര്യവ്യക്തിയുടെ സ്വര്‍ണ്ണകടയുല്ഘാടനത്തിനു വന്നതാണ് താരം. അല്ലാതെ ഇവിടെ ഫുട്ബോള്‍വളര്‍ത്താനോ, കളിക്കാരെ കാണാനോ, ഫുട്ബോളുമായി ബന്ധപ്പെട്ട ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനോ വന്നതല്ല. അറിഞ്ഞോ അറിയാതയോ സര്‍ക്കാരും ജനപ്രതിനിധികളും ജനങ്ങളും സ്വര്‍ണ്ണക്കടക്കാരന്‍റെ പരസ്യതന്ത്രത്തില്‍ വീണുപോയി എന്നുള്ളതാണ് വാസ്തവം.


 മന്ത്രിമാര്‍ അടക്കമുള്ള നേതാക്കന്മ്മാര്‍ പൊതുപരിപാടികള്‍ മാറ്റിവെച്ച് താരത്തിന് ചുറ്റുംകൂടി പടം പിടിച്ചു രസിച്ചു. കണ്ണൂരിന്‍റെ എം എല്‍ എ പരിപാടിയെക്കുറിച്ച് തല്‍സമയസംപ്രേഷണം നടത്തി പരസ്യത്തിന് പ്രത്യേകമാനം നല്‍കി. സര്‍ക്കാര്‍ മാറഡോണയെ; സര്‍ക്കാര്‍അഥിതിയായി പ്രഖ്യാപിച്ചു. മന്ത്രിമാര്‍ തിരുവനന്തപുരത്തുനിന്ന് വന്ന് കണ്ണൂരില്‍ ക്യാമ്പ്‌ ചെയ്തു. നഗരം പോലിസിന്‍റെ നിയന്ത്രണത്തിലായി, ഗതാഗതക്കുരുക്ക് മൂലം സാധരണജീവിതം സ്തംഭിച്ചു. കേക്കുംമുറിച്ച്, പന്തുംതട്ടി, സ്വര്‍ണ്ണക്കടയും ഉല്‍ഘാടിച്ചു താരം ഹെലികോപ്റ്റര്‍ സര്‍വിസും നടത്തി ദുബായ്ക്ക് തിരിച്ചുപോയി.,സര്‍ക്കാരിനു ലക്ഷങ്ങള്‍ ചിലവുവന്ന ഈപരിപാടിയില്‍ നാടിനും ജനങ്ങള്‍ക്കും എന്തുകിട്ടി.??? ഒരു സ്വകാര്യവ്യക്തിയുടെ കച്ചവടതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെയും ഭരണകൂടത്തെയും എങ്ങനെ വിഡ്ഢികളായി ഉപയോഗിക്കാം എന്നുള്ളതിന്‍റെ ഏറ്റവും വലിയ തെളിവാണിത്.മാറഡോണ കേരളത്തില്‍ വരുകയോ താമസിക്കുകയോ ചെയ്യുന്നതിന് ഇവിടെ ആര്‍ക്കും എതിര്‍പ്പില്ല.എന്നാല്‍ സ്വകാര്യആവശ്യങ്ങള്‍ക്ക് വരുന്നതിനെ എന്തിനു സര്‍ക്കാര്‍ ആഘോഷമാക്കണം?? ഇത് നമ്മുടെ കുട്ടികളുടെ സ്കൂള്‍ പ്രവേശന ഉത്സവമോന്നുമല്ലല്ലോ? ഗാന്ധിജിയുടെ സ്മാരകത്തില്‍ മാലയിടാന്‍ വന്നതുമല്ല.പിന്നെ എന്തിനു സര്‍ക്കാര്‍ വക ആഘോഷം? നാട്ടിലെ അംഗന്‍വാടികെട്ടിടം ഉത്ഘാടനം ചെയ്യാന്‍വരെ മന്ത്രിയ്ക്ക്  സമയം ഇല്ലാത്തതുകൊണ്ട്;  കുട്ടികള്‍ തൊഴുത്തിലിരുന്ന് പഠിക്കുമ്പോള്‍,  എല്ലാ ഊളന്‍മ്മാരും ഒരുക്ഷണവുംകൂടാതെ തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍കാറില്‍ ജനങ്ങളുടെ ചിലവില്‍ കണ്ണൂരില്‍ റെഡി. എന്തെങ്കിലും ജനകിയപദ്ധതികളുടെ ഉത്ഘാടനത്തിനു വിളിച്ചാല്‍ ഒരുത്തനും സമയമില്ല, ഇനി വന്നാലോ നോട്ടിസില്‍ പേരിനുവലിപ്പംകുറഞ്ഞു പോയാല്‍ കുഴപ്പം, വലിയകസേര കൊടുത്തില്ലെങ്കില്‍ കുഴപ്പം, കുടിക്കാന്‍ കരിക്കിന്‍ വെള്ളം തന്നെവേണം; ഇവിടെയിപ്പോള്‍ പൊരിവെയിലത്ത്‌ വായും പൊളിച്ചു നില്ക്കാന്‍ ഒരു വിഷമവും ഇല്ല. എന്തൊരു ശുഷ്കാന്തി..പറയാതെ.... വയ്യ. ചാലയില്‍ ടാങ്കര്‍ദുരന്തം ഉണ്ടായപ്പോള്‍ കണ്ണൂരെത്താന്‍ രണ്ടു ദിവസം വേണ്ടിവന്നു. ഇതിപ്പോ രണ്ടുദിവസം മുന്നേ കെട്ടുംമുറുക്കി കണ്ണൂരെത്തി.

 ഇത്തരം പരിപാടികളില്‍ ജയില്‍വേഷം ധരിക്കുകയും പാവങ്ങള്‍ക്ക് നൂറു രൂപയുടെ സഹായം ചെയ്തിട്ട് ലക്ഷങ്ങള്‍ മുടക്കി മാധ്യമങ്ങളില്‍ അത് പരസ്യപ്പെടുത്തുകയും ചെയ്യുന്ന ചെമ്മണൂര്‍ മുതലാളിയുടെ ബിസിനസ്തന്ത്രത്തില്‍ സര്‍ക്കാരും, ജനങ്ങളും വിഡ്ഢിവേഷം കെട്ടിയാടി. ഭരണക്കാര്‍ മന്ത്രിമാരുടെരൂപത്തില്‍ മാലയിട്ടു കളിച്ചപ്പോള്‍, വിപ്ലവകുട്ടികള്‍ മാറഡോണയെ ചെഗുവരെയോടാണ് ഉപമിച്ചത്.ടിയാന്‍ വിപ്ലവത്തിന് വേണ്ടി നടത്തിയ ഒളിപ്പോരുകളെക്കുറിച്ചു ഒരു പിടിയും കിട്ടുന്നില്ല. ഫുട്‌ബോള്‍ ഒഴിച്ചുള്ള എല്ലാ മേഖലയിലും തികഞ്ഞപരാജയമായ മറഡോണയെ ഏറ്റവും വലിയ വിപ്ലവനേതാവായ ചെഗുവരയോട് താരതമ്യപ്പെടുത്തിയതിനെക്കുറിച്ചു ഡെമോക്രാറ്റിക്ക് യൂത്തിന് ഇനി ഒരു താത്വിക അവലോകനം ആകാം.ഇതുവരെപറ്റിയ തെറ്റുകളില്‍ ഏറ്റവും വലിയതായി  നാളെയിതു വിലയിരുത്തപ്പെടാം. തൊഴിലാളിക്ക് വേണ്ടി വാദിക്കുന്ന വിപ്ലവകുഞ്ഞുങ്ങള്‍;മുതലാളിക്ക് വേണ്ടി ജയ്‌വിളിക്കുന്ന അപൂര്‍വ്വകാഴച്ചയാണ് കണ്ണൂരില്‍ കണ്ടത്. മാറ്റം; മാറ്റത്തെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

 മാറഡോണയ്ക്ക് മാലയിടാന്‍ തിരുവനന്തപുരത്തുനിന്ന് വന്ന മന്ത്രിമാരുടെ കണക്കുകള്‍ ഏതു ചിലവിലാണോ പെടുത്തുന്നത്.ടിഎ അലവന്‍സുകള്‍ ഒപ്പിക്കാന്‍ വേണ്ടി മാത്രം വയനാടും കാസര്‍ഗോഡ് യാത്രകള്നടത്തി കല്ലിടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന കണക്കില്‍ ഇതും തിരുകികയറ്റാം.

 പൊതുജനങ്ങളുടെ സഞ്ചരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന് പറഞ്ഞു ജാഥയും പൊതുയോഗവും നിരോധിച്ച നാട്ടില്‍ ;സ്വകാര്യവ്യക്തിയുടെ കടയുല്ഘാടനം പ്രമാണിച്ചു രണ്ടുദിവസം നഗരം നിശ്ചലമായിട്ടും ഒരു പ്രശ്നവുമില്ല. തോരണം വലിക്കാനും, പന്തലുകെട്ടാനും, കസേര നിരത്താനും പോലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തിയതില്‍  സ്വമേധയാ കേസെടുക്കുന്നവര്‍ക്കും ഒരു നീതികേടും കാണാന്‍കഴിഞ്ഞില്ല. റേഷന്‍കാര്‍ഡിനു സപ്ലെഓഫീസില്‍ വന്നവനും,പ്രസവത്തിനായി ജില്ലാആശുപത്രിയില്‍ വന്നവരും വഴിയില്‍ കിടന്നാലും ഒരു കുഴപ്പവുമില്ല. നിരവധി ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ വന്നുപോകുന്ന സാധാരക്കാര്‍ക്ക് അന്ന് വഴിനടക്കാന്‍ അവകാശമില്ല, പെട്രോളിനും ഡീസലിനും തീ വിലയുള്ള നാട്ടില്‍ വാഹനയാത്രക്കാര്‍ കിലോമീറ്ററുകള്‍ ചുറ്റി വഴിമാറി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. ഓഫിസുകളിലും സ്ഥാപനങ്ങളിലും ജോലിക്ക് പോകുന്നവര്‍ക്ക് യാത്രാ ദുരിതം ഉണ്ടാകുന്നു. ഇതൊന്നും ഇവിടെ കുഴപ്പമില്ല.എന്ത് പൊതുനന്മയാണ് ലക്ഷങ്ങള്‍ പൊടിച്ച ഈ പരിപാടിയില്‍ ജനങ്ങള്‍ക്ക് കിട്ടിയത്??. സ്വന്തം കടയുല്ഘാടനത്തിനു കച്ചവടക്കാരന്‍ അയാള്‍ക്ക് തോന്നുന്ന ആളെ കൊണ്ടുവരുന്നതിന് എന്തിനാണ് പൊതുഖജനാവിലെ പണം മുടക്കി സര്‍ക്കാര്‍ സംവിധാനങ്ങള് ദുരുപയോഗം ചെയ്യുന്നത്.

  സ്വകാര്യവ്യക്തികള്‍ അവരുടെ സ്വകാര്യ ആവശ്യത്തിനായി ആളെ കൊണ്ടുവരുമ്പോള്‍ അതിന്‍റെ ചിലവ് എന്തിനാണ് പൊതുജനങ്ങളെക്കൊണ്ട് വഹിപ്പിക്കുന്നത്. രണ്ടു ദിവസത്തോളും നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെ താറുമാറാക്കിയതിനു ആരാണ് ഉത്തരവാദി. സ്വര്‍ണ്ണക്കട ഉല്ഘാടിക്കാനായി വന്നവര്‍ എങ്ങനെയാണു സര്‍ക്കാര്‍ അഥിതിയാകുന്നത് .ഈ വക അന്വേഷണമൊന്നും നമുക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. എന്നാലും ചുമ്മാ പറഞ്ഞുവെന്നു മാത്രം.ഇവിടെ നിയമങ്ങള്‍  സാധാരണക്കാര്‍ക്ക് മാത്രമാണ് ബാധകം.മുതലാളിമാര്‍ക്കോ മന്ത്രിമാര്‍ക്കോ നിയമം ബാധകമല്ലായെന്ന് മന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതിനെക്കുറിച്ചൊന്നും മിണ്ടാനെ പാടില്ല; മിണ്ടിയാല്‍ കുറ്റമാണ്. പൊന്നുരുക്കുന്നെടുത്തത് പൂച്ചയ്ക്കെന്ത് കാര്യം?? മിണ്ടാതെ, ഒന്നും കാണാതെ, കേള്‍ക്കാതെ, നടന്നുകൊള്ളണം. ചൈനയില്‍പ്പോയി കണ്ണ് മഞ്ഞളിച്ച മന്ത്രി പറഞ്ഞപോലെ; ചൈനയില്‍ പ്രതിപക്ഷമില്ല, മാധ്യമങ്ങളില്ല ജനങ്ങളാണേല്‍ കണ്ണുമടച്ചു നടക്കുന്നു. അതുകൊണ്ടാണ്പോലും അവിടം പുരോഗമിക്കുന്നത്. ഇതു പഠിക്കാനായിരുന്നു മന്ത്രി പരിവാരങ്ങളുമൊത്തു ചൈന നിരങ്ങാന്‍പോയത്.അല്ലാതെ അവിടുത്തെ വികസനരീതികള്‍ പഠിക്കാനല്ല.വികസനരീതികള്‍ പഠിക്കാനും കാണാനുമാണ് പോകുന്നതെന്ന് ആദ്യം പറയും.മടങ്ങി വന്നിട്ട് അവരെ കുറ്റംപറയുക.കൊള്ളാം..ആ വകുപ്പില്‍ നമ്മുടെ പൈസപോയത് മിച്ചം.

 ഇവിടെയും അങ്ങനെയായിരുന്നുവെങ്കില്‍  എന്തെരെളുപ്പമായിരുന്നു. സി വി രാമന്‍പിള്ളയെ സിവി രാമനാക്കിയാലും, ചങ്ങമ്പുഴയെ കെളവനാക്കിയാലും, ബെഞ്ചമിന്‍ബെയിലിയെ മതപരിവര്‍ത്തകനാക്കിയാലും ആരുമൊന്നും പറയില്ല. എന്ത് പൊട്ടത്തരവും വിളിച്ചുപറഞ്ഞാലും ആരുമൊന്നും കേള്‍ക്കില്ല.പരമസുഖം മന്ത്രിയുടെ മനക്കോട്ട കൊള്ളാം.

  ഏതായാലും മാറഡോണവന്നു, സ്വര്‍ണ്ണക്കടയുടെ ഉത്ഘാടനവും നടന്നു. പാര്‍ട്ടിഭേദമെന്യേ എല്ലാവരും ഏകോദരസഹോദരങ്ങളെപ്പോലെ ഒരുമയില്‍ വിളയാടുകയും ചെയ്തു. ഇതാണ് മാര്‍ക്കറ്റിംഗ്. അല്ലാതെ എമേര്‍ജിംഗ് പോലെ തീറ്റകുടിയും, വിനോദസഞ്ചാരവും നടത്തി കൈയ്യിലെ കാശുപൊടിക്കുന്നതല്ല. നമ്മുടെ കീശയിലെപൈസ എങ്ങനെ നാമറിയാതെ അടിച്ചുമാറ്റം എന്നതിന്‍റെ ഒന്നാംതരം തെളിവാണ് ചെമ്മണ്ണൂര്‍വ്യവസായി നടത്തിക്കാണിച്ചത്. നമ്മുടെ ഭരണശിങ്കങ്ങള്‍ ഇതു കണ്ടുപഠിക്കണം. കേരളഭരണത്തിലും ഈ പരിപാടി ഉപയോഗിക്കാവുന്നതാണ്.പണിയില്ലാതെ കറങ്ങിനടക്കുന്ന ഏതെങ്കിലും വിദേശഇറക്കുമതികളെ കൊണ്ടുവന്നു ഭരണവും ഏല്‍പ്പിക്കുക.എല്ലാവരും ഒരുമയോടെ പിന്തുണ പ്രഖ്യാപിക്കും. അഞ്ചുവര്ഷം കഴിയുമ്പോള്‍ അടുത്ത ആളെ കൊണ്ടുവരാം. ഇവിടെയുള്ള പോഴന്‍മ്മാര്‍ക്ക് ഭരണവും പഠിക്കാം. ഇപ്പോള്‍ ഭരണം പഠിക്കാനായി വിദേശയാത്രകളാണല്ലോ നടത്തുന്നത്.അത് ഒഴിവാക്കി പണവുംലാഭിക്കാം. അതുപോലെ ആഴ്ചതോറും നടത്തുന്ന പ്രതിഷേധവും, ബന്ദും, ഹര്‍ത്താലും കുറഞ്ഞുംകിട്ടും. നമുക്കിവിടെ ആരു ഭരിച്ചാലും ഒരുപോലെയാണ്. പഴയകള്ളന്മാര്‍മാറി  പുതിയ കൊള്ളക്കാര്‍ വരുന്നു; അത്രയേയുള്ളു. അലക്കുകാരന്‍  മാറിയാലും കഴുതയുടെ പണി വിഴുപ്പ്ചുമക്കല്‍ തന്നെയാണ്....................

3 comments:

  1. എന്തു തോന്നിയാലും കൊള്ളാം. ജ്വല്ലറിക്കാരന്‍ കളിയറിഞ്ഞു കളിച്ചു, നേടി. ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അത് അവരുടെ കേട്, നമ്മള്‍ ജനങ്ങളുടെ പിടിപ്പുകോട്.
    ലക്ഷങ്ങള്‍ ചെലവാക്കിയ ജ്വല്ലറി ഉടമക്ക് കിട്ടേണ്ടതു കിട്ടി. അദ്ദേഹം ധരിക്കുന്നത് ജയില്‍ വസ്ത്രമാണെന്ന് നാം പരിഹസിക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. ടിയാന്‍ കുറേ ജനസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്. അതിന്റെയൊക്കെ നേട്ടങ്ങള്‍ അദ്ദേഹം കൊയ്യുന്നു.

    ReplyDelete
  2. sajan petter kozhikkodeOctober 30, 2012 at 5:14 PM

    ജ്വല്ലരിക്കാരന്റെ തന്ത്രത്തില്‍ സര്‍ക്കാരും ജനങ്ങളും വീണുപോയി....വെള്ള കുപ്പായമിട്ട മുതലാളി ഒരു രൂപ കൊടുത്താല്‍ അത് ഫോട്ടോ പിടിച്ചു പരസ്യപ്പെടുത്തുന്നത് സ്ഥിരം പരിപാടിയാണ്.അനുംകമ്പയുടെ പുതിയ തന്ത്രം.ആ വകുപ്പില്‍ ടാക്സും ഒഴിവാകും.കാഞ്ഞ ബുദ്ധിതന്നെ.....

    ReplyDelete
  3. ബോബിയും മറഡോണയും തമ്മില്‍ എന്തോ കരാര്‍ ഉണ്ടെന്ന് തോന്നുന്നു
    ഗള്‍ഫ് മുമ്പും കണ്ടിട്ടുണ്ട് ചെമ്മണൂര്‍ ജ്വല്ലറിയില്‍ മറഡോണയെ

    എന്തായാലും ബോബി ആള് കൊള്ളാം

    ReplyDelete