**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, October 10, 2012

കോളറയ്ക്കും ഡെങ്കിപ്പനിയ്ക്കും മരുന്ന്; നിരോധനാജ്ഞ



 
  കുറച്ചു ദിവസങ്ങളായി തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണയായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ അധികവും നടക്കാറ്.അവിടെയിരുന്നിട്ടുള്ള ഏതെങ്കിലും കലക്ടരായിരിക്കാം ഇവിടെയും ഇത് പ്രഖ്യാപിച്ചത്.എന്തിനാണ് ഇത് പ്രഖ്യാപിച്ചത് എന്നാ കാര്യത്തില്‍ വ്യകതതയില്ല.പ്രകൃതിദുരന്തങ്ങളോ, ആക്രമണസംഭവങ്ങളോ, സാമുദായികലഹളകളോ നടക്കുമ്പോള്‍; അത് നിയന്ത്രണവിധേയമാക്കാനും, ജനങ്ങള്‍ കൂട്ടംകൂടി തടസ്സങ്ങള്‍ സൃഷ്ട്ടിക്കാതിരിക്കാനും പ്രഖ്യാപിക്കുന്ന ഒരു പരിപാടിയാണിത്. തിരുവനന്തപുരത്ത് ഇപ്പോഴങ്ങനെ ജനങ്ങളായിട്ട് സൃഷ്ട്ടിക്കുന്ന ഒരു കുഴപ്പവും ഇല്ല.മിക്കവാറും എല്ലാവരും തന്നെ; വീട്... ടോയിലറ്റ് ഓട്ടം തന്നെയാണ്. കോളറയും, ഡെങ്കിപ്പനിയും`പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഈ നിരോധനാജ്ഞ പ്രഖ്യാപനം എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.അങ്ങനെ വന്നാല്‍ ഇത് പനിയും, കോളറയും പടര്‍ത്തുന്ന വൈറസുകള്‍ക്കെതിരെയുള്ള നിരോധനാജ്ഞ ആയിരിക്കണം.അവരു വല്ല സെക്രട്ടറിയേറ്റ് മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട് കിട്ടിക്കാണും.ഏതായാലും സംഗതികൊള്ളാം.പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യവകുപ്പും,ജനങ്ങളും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഈ സമയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. രാജാവിന്‌ അര്‍ശസ്സിന്‍റെ അസുഖമുള്ളതുകൊണ്ട് പ്രജകളാരും കോഴികഴിക്കരുതെന്ന് പറഞ്ഞ പോലെയാണിത്. ഈ പദ്ധതി വിജയിച്ചാല്‍ നമുക്കിത് കേരളമൊട്ടുക്ക്  നടപ്പാക്കണം.വല്യചിലവില്ലാത്ത പദ്ധതിയാണിത്. ചുമ്മാ ഒരു നിരോധനാജ്ഞ പ്രഖ്യാപിച്ച് വീട്ടിലിരുന്നാല്‍ മതി; എല്ലാ അസുഖങ്ങളും പമ്പകടക്കും.കോളറ പിടിച്ചിരിക്കുന്ന മേഖലയില്‍ തന്നെ ഈ നിയമം കര്‍ശനമായി നടപ്പാക്കണം.ആരെയും പുരയ്ക്ക് വെളിയില്‍ ഇറക്കരുത്. ’മോഷന്‍സ്’ എല്ലാം വീട്ടില്‍ തന്നെ നടക്കട്ടെ.അവസാനം മുഴുവനും ചാക്കില്‍ വാരിക്കെട്ടി വകുപ്പ്‌മന്ത്രിയുടെ തിണ്ണയില്‍ കൊണ്ടുപോയി വച്ചാല്‍ മതി.അങ്ങേര്‍ക്കിപ്പോള്‍ ഇതിന്‍റെ വ്യാപരമാണെന്നു തോന്നുന്നു.    ഇത് ആരുടെ പുത്തി ആണാവോ.ഐഎഎസ് തലയില്‍ ഇത്രവലിയ പുത്തി വരാന്‍ സാധ്യതയില്ല. ഇത് മന്ത്രിയുടെ പുത്തിയാകാനേ തരമുള്ളൂ.പിന്നെ മറ്റൊരു സാദ്ധ്യത കാണുന്നത്; പനിയും, കോളറയും പിടിച്ച രോഗികള്‍ വീടിനുപുറത്തിറങ്ങാതിരിക്കാന്‍ പ്രഖ്യാപിച്ചതായിരിക്കും.ഡോക്ടറും മരുന്നുമില്ലാത്തതിനാല്‍ രോഗികള്‍ ആശുപത്രിയില്‍ ബഹളം വയ്ക്കാന്‍ സാധ്യതയുണ്ട്,കറിക്കത്തി, ഉലക്ക, ചിരവ തുടങ്ങിയ മാരകായുധങ്ങളുമായിട്ടായിരിക്കാം രോഗികള്‍ വരുന്നത്; അതുകൊണ്ട് നിരോധനാജ്ഞ നല്ലതാണ്.

 നിര്‍മ്മാര്‍ജനപ്രവര്‍ത്തനങ്ങള്‍ ഉഷാറായിട്ടു നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സെക്രട്ടറിയേറ്റിന് വെള്ളപൂശാന്‍ വാങ്ങിയ കുമ്മായമെല്ലാം തോട്ടിലും, കിണറ്റിലും കലക്കിക്കഴിഞ്ഞു. പോരാത്തതിന് തുരിശും, കുമ്മായവും പുകയിലയും നാലേ: നാലേ: പതിനാറു എന്ന കണക്കില്‍ കലക്കിയ ലായിനി അസുഖം ബാധിച്ചവരുടെ അണ്ണാക്കിലേക്ക് ഒഴിച്ചുകൊടുക്കാനുള്ള തീരുമാനവും എടുത്തുകഴിഞ്ഞു. കൊതുകിനെ പുകച്ചു കൊല്ലാനുള്ള യന്ത്രത്തിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. അടുത്ത വേനക്ക് അത് എത്തും.മാലിന്യം പൊതുസ്ഥലത്ത് തള്ളിയാല്‍ ഇനി, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുമുണ്ട്.അത് മനസിലായില്ല; മുഖത്തിന്‌ പകരം ഏതു ഭാഗം നോക്കിയാണോ ഇനി നടപടി എടുക്കുന്നത്.നഗരത്തിലെ ഊടുവഴികളിലൂടെ ചുമ്മാ ഒന്ന് നടന്നു നോക്കിയാല്‍ മതി കാര്യം മനസിലാക്കാന്‍. വഴിവക്കിലും ഓടകളിലുമൊക്കെ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ തന്നെ പകുതി നിയന്ത്രണം വരുമെന്നാ... ഈ പാവം അലവലാതിക്ക് തോന്നുന്നത് .അതിനു പ്രത്യേകിച്ച് യോഗംചേരലോ, ചായകുടിയോ, ഐഎഎസ് പുത്തിയോ ഒന്നുംവേണ്ട. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു നഗര ശുചീകരണപ്രവര്‍ത്തനം നടത്തിയാല്‍ മതിയായിരുന്നു.അതിനിവടെ ആര്‍ക്കാണ് സമയം. സെക്രട്ടറിയേറ്റിന്മുന്‍പില്‍ പന്തല്കെട്ടി ആട്ടവും പാട്ടും നടത്തുന്ന ശ്രീ ക്കാര്‍ അരമണിക്കൂര്‍ ചൂലും കൊട്ടയുമായി ഇറങ്ങിയാല്‍ തന്നെ നഗരം ക്ലീന്‍ ആയേനെ.മാതൃകാപരമായ ഒരു സമരരീതിയും ആകുമായിരുന്നു അത്.ചുമ്മാ പറഞ്ഞതല്ല അത്യാവശ്യം ഇലയും ചവറുമൊക്കെ പെറുക്കി ഈയുള്ളവനും അതിലെ നടക്കുന്നുണ്ട്‌.കൂടിയാല്‍ ഒരു കൈസഹായം ആയേനെ.................

     കണ്ട്രികള്‍ താമസിക്കുന്ന നാട്ടിന്‍പുറങ്ങളിലല്ല പോലും, ഇപ്പോള്‍ കുഴപ്പം; അഭ്യസ്തവിദ്യരും,പുരോഗമനപരിഷ്ക്കാരവര്‍ഗ്ഗവും തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലാണ് കൂടുതല്‍ കുഴപ്പമെന്ന് പറയപ്പെടുന്നു.രാവിലെ ഓഫീസില്‍ പോകുന്നവനൊക്കെ ചോറ്പൊതിയുടെ കൂടെ മറ്റൊരു പൊതിയും എടുക്കുന്നു. ചോറുപൊതി ഓഫീസില്‍ എത്തുമ്പോള്‍; മറ്റേപൊതി വഴിയരുകില്‍ തള്ളും. അതാണ്‌ പരിഷ്കൃത സമൂഹത്തിന്‍റെ ഇപ്പോഴത്തെ പരിപാടി.പിന്നെ ഇറച്ചിക്കടക്കാരും, കോഴിക്കടക്കാരുമെല്ലാം മാലിന്യം തള്ളുന്നത് ഇപ്പോള്‍ റോഡ്‌സൈഡിലാണ്പോലും.ബോധവത്ക്കരണ പരിപാടികള്‍ ഒന്നും വിജയിക്കുന്നില്ല. അതിനു ബോധമുണ്ടായിട്ടുവേണ്ടേ ബോധവത്കരണം നടത്താന്‍. പണ്ട് നാട്ടില്‍ നടന്ന ഒരു സംഭവമുണ്ട്. റോഡരികിലെ ആള്‍ത്താമസമില്ലാത്ത പത്തുസെന്റ്‌ സ്ഥലത്ത് ഭയങ്കര ശല്യം. കുഴപ്പമിതാണ് രാവിലെ ആ വഴിയെ വരുന്നവനും, പോകുന്നവനുമൊക്കെ അവിടെ കയറി ‘ഒന്നുംരണ്ടും’ കഴിച്ചിട്ട്പോകും.വേലികെട്ടി ഗെയിറ്റുംവച്ചു. ഒരു രക്ഷയുമില്ല. ‘ഇവിടെ തൂറരുത്’ എന്നൊരു ബോര്‍ഡും വച്ചുനോക്കി. നോ രക്ഷ അവസാനം മലയാളികളുടെ മന:ശാസ്ത്രം നന്നായിയറിയാവുന്ന സ്ഥലത്തെ ദിവ്യന്‍ സ്ഥലംഉടമയ്ക്ക് ഒരു ഉപായം പറഞ്ഞുകൊടുത്തു. ‘ഇവിടെ തൂറരുത്’ എന്ന ബോര്‍ഡ്‌ മാറ്റി പകരം ഇങ്ങനെ ഒരു ബോര്‍ഡ്‌ വച്ചു. ‘വഴിയെ പോകുന്നവര്‍ നിര്‍ബ്ബന്ധമായും ഇവിടെക്കയറി തൂറിയിട്ട് പോകുക.’ബോര്‍ഡ്‌ വച്ചു പിറ്റേന്ന് മുതല്‍ ഒരുത്തനും പിന്നെ ആ വഴി വന്നിട്ടില്ല.ഈ വിദ്യ തിരുവന്തപുരത്തും പ്രയോഗിച്ചു നോക്കാവുന്നതാണ്. വിജയിക്കാനാണ് സാധ്യത.

 നമ്മളെന്താ ഇങ്ങനെ..............??? വിവരത്തിലും, ശുചിത്വബോധത്തിലും മലയാളി ഒട്ടും പിറകിലല്ല. പിന്നെ എന്താണിങ്ങനെ??? സംസ്ക്കാരമുള്ള ജനം, തിന്നില്ലെങ്കിലും കുളിച്ചു പല്ലുതേയ്ക്കുന്ന ജീവിതരീതി, ദൈവത്തിന്‍റെ സ്വന്തം നാട്ടുകാര്‍,.വൃത്തിയും വെടിപ്പുമുള്ള വസ്ത്രധാരണം, ആരോഗ്യശീലങ്ങളെപ്പറ്റിയുള്ള അപബോധം ഇവയെല്ലാം മലയാളിക്ക് സ്വന്തമാണ്.എന്നിട്ടും നമ്മളെന്താണ് മാലിന്യം പൊതിഞ്ഞുകെട്ടി വഴിയരുകിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്നത്???? അതിനു ഒരു ഉത്തരമേയുള്ളൂ...............മലയാളിക്ക് സാമൂഹ്യപ്രതിബദ്ധത എന്നൊരു സംഭവമേയില്ല. ഞാനും എന്‍റെ കുടുംബവും...... അതിനപ്പുറമുള്ള ലോകത്തെക്കുറിച്ച് നമുക്ക്‌ ചിന്തയേയില്ല. അയല്‍ക്കാര്‍ ജീവിക്കുന്നുണ്ടോ, ഭക്ഷണം കഴിക്കുന്നുണ്ടോ,എന്‍റെ പ്രവര്‍ത്തികള്‍ അവര്‍ക്ക് ബുദ്ധിമുട്ട് ആകുന്നുണ്ടോ ഇതൊന്നും നമുക്കറിയേണ്ട. എന്‍റെ കാര്യംമാത്രം നടക്കണം.ഈ സ്വാര്‍ത്ഥതനിറഞ്ഞ ചിന്താഗതിയെയാണ് ആദ്യം ചികല്‍സിക്കേണ്ടത്. എനിക്ക് എല്ലാംവേണം എന്നാല്‍ ഞാന്‍ ആര്‍ക്കും ഒന്നും കൊടുക്കില്ല, എന്‍റെ കാര്യമൊഴിച്ചുള്ള കാര്യങ്ങള്‍, സമൂഹവും സര്‍ക്കാരും ചെയ്തോണം; അതില്‍ എനിക്ക് യാതൊരുവിധ ബാധ്യതയുമില്ല. ഇങ്ങനെ ചിന്തിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു കാര്യങ്ങള്‍. പൌരാവകാശങ്ങളെപ്പറ്റിപഠിപ്പിക്കുമ്പോള്‍;  പൌരനില്‍ നിക്ഷിപ്തമായ കടമകളും കൂടി പഠിപ്പിക്കണം. തന്നില്‍ അര്‍പ്പിതമായ കടമകള്‍ ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ തന്‍റെ അവകാശങ്ങളെപ്പറ്റി പറയാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളു. നമ്മുടെ ചുറ്റുപാടുകളെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസരമലിനീകരണം നടത്തുന്നതും,അത് കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതും നമ്മളോട് നമ്മള്‍തന്നെ ചെയ്യുന്ന ദ്രോഹമാണ്.നമ്മുടെ വീട്ടിലെ മാലിന്യം  വഴിയരുകില്‍ വലിച്ചെറിയാതെ   നമുക്ക് തന്നെ സംസ്ക്കരിക്കാന്‍ ശ്രമിക്കാം. രോഗങ്ങള്‍ വന്നതിനുശേഷം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിലും നല്ലത് അത് വരാതെ നോക്കുന്നതാണ്.

1 comment:

  1. ഭാസ്ക്കരന്‍March 19, 2014 at 10:14 AM

    ഞാനും എന്‍റെ കുടുംബവും അതിനപ്പുറം ഒന്നുമില്ല

    ReplyDelete