**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, October 23, 2012

ഇ.ശ്രീധരനും അല്‍ഷിമേഴ്സ് രോഗികളും..!!!!!


     കാര്യങ്ങളിപ്പോള്‍ ചക്കകുഴയുന്നതുപോലെ കുഴഞ്ഞു. ‘കുഴച്ചു’ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പറഞ്ഞു വരുന്നത് നമ്മുടെ മെട്രോയെ ക്കുറിച്ചുതന്നെ.മേലോട്ടെടുക്കുന്നതിനു മുന്‍പ്‌ ഒരു തവണയെങ്കിലും ഒരു മെട്രോ യാത്രയെങ്കിലും തരപ്പെടണെയെന്നു പ്രാര്‍ത്ഥിക്കുന്നവര്‍ക്കെല്ലാം തിരിച്ചടിയാകുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ‘കത്ത്’ യുദ്ധത്തില്‍ മെട്രോയുടെ ചീട്ട് കീറുമോ ആവോ??? എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും കത്ത് എഴുതുന്നതാണ് ഇപ്പോഴത്തെ ഒരു സ്റ്റൈല്‍. പ്രമുഖരൊക്കെ കത്ത് എഴുതുക മാത്രമല്ല; ഞാന്‍ കത്ത് എഴുതിയിട്ടുണ്ട് ഇനി ഒന്നും പേടിക്കാനില്ല എന്ന് നാട്ടുകാരോട്  പറയുകയും ചെയ്യും.പെട്രോള്‍ വിലകൂട്ടിയ അന്ന് കത്തെഴുതി,വിമാനം പോകാത്തപ്പോള്‍ അന്ന് കത്ത് എഴുതി; അങ്ങനെ എഴുത്തുകള്‍ എഴുതാന്‍ ചന്തുവിന്‍റെ ജിവിതം ഇപ്പോഴും തുടരുന്നു.കത്തെഴുതിയെന്ന് പറയുന്നതല്ലാതെ കത്ത് അയച്ചോ, അത് അഡ്രസ്സ്കാരന് കിട്ടിയോ എന്ന കാര്യത്തിലൊന്നും ഒരു പിടിയുമില്ല.ഇങ്ങനെ അഡ്രസ്സ് എഴുതാതെയും ,സ്റ്റാമ്പ്‌ ഒട്ടിക്കാതെയും  അയക്കുന്ന  ചിലരുടെ കത്തുകള്‍ റിലീസ് ആകാത്ത അവാര്‍ഡ് സിനിമകളെ പോലെ പെട്ടിയില്‍ ഇരിക്കുമ്പോള്‍, ചില കത്തുകള്‍ അഡ്രസ്സ്കാരന് കിട്ടാതെ പത്രക്കാര്‍ക്കാണ് കിട്ടുന്നത്.അതാണിപ്പോള്‍ പ്രശ്നമായിരിക്കുന്നത്. അല്‍ഷിമേഴ്സ്സിന്‍റെ അസുഖമുള്ള കേരള സര്‍ക്കാരിലെ, ഏതോ വിവരദോഷി നമ്മുടെ ഈ ശ്രീധരന്‍ സാറിനെക്കുറിച്ചു ഡല്‍ഹിയ്ക്ക് അയച്ച ഒരു കത്താണ് പ്രശ്നക്കാരന്‍. ഈ ശ്രീധരന് കൊച്ചിമെട്രോയില്‍ എന്തെങ്കിലും അധികാരമുണ്ടോ എന്ന് ചോദിച്ചതാണ് കുഴപ്പമായത്. അതിനു ഉണ്ട് എന്ന് മറുപടിയും കിട്ടി. പ്രശ്നം അവിടെ തീര്‍ത്തു പണിതുടങ്ങാനുള്ളതിന് അടുത്ത വിവാദം ഉടനെ പൊങ്ങി.അങ്ങനെ കത്തെഴുതാന്‍ പറ്റുമോ?? ആരോട് ചോദിച്ചിട്ടാ ഈ കാര്‍ക്കോടകന്‍ കത്ത് എഴുതിയത്??.അതില്‍ മുഴുവന്‍ അക്ഷരപിശകാണ്, പുറത്താക്കിയവാന്‍ പിന്നെ എന്തിനാണ് കത്തെഴുതുന്നത്?? ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.ഇന്‍ഡ്യമുഴുവന്‍ അറിയുന്ന ശ്രീധരന്‍ സാറിനെ കൊച്ചിമെട്രോയുടെ മുന്‍ എം ഡി യ്ക്ക് അറിയില്ലെങ്കില്‍ അഥവ മറന്നു പോയെങ്കില്‍ സംശയമില്ല അല്‍ഷിമേഴ്സ് തന്നെ വില്ലന്‍. കൊച്ചിന്‍ മെട്രോലിമിറ്റഡ്‌ല്‍ ഇങ്ങനെ  മറവി രോഗമുള്ളവര്‍ ധാരാളമുണ്ട്.അവര്‍ കാര്യങ്ങള്‍ പെട്ടന്ന് മറന്നുപോകും ഈ ശ്രീധരന്‍ ആരാണ്, എവിടുന്നു വരുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവര്‍ ചോദിക്കും.പറഞ്ഞിട്ട് കാര്യമില്ല അയ്യായിരം കോടിയെന്നു കേട്ടപ്പോള്‍ ഉണ്ടായ വിഭ്രാന്തിയാണ്.തലതണുക്കെ വെള്ളമൊഴിച്ചാല്‍ മാറാവുന്നതെയുള്ളൂ.  ഇങ്ങനെയുള്ള രോഗികളെ  പെട്ടെന്ന് തന്നെ കണ്ടെത്തി വേറെ എവിടെയെങ്കിലും ഇരുത്തുകയാണ് ചെയ്യേണ്ടത്.കിടത്തി ചികല്‍സയാണ് വേണ്ടതെങ്കില്‍  ഊളന്‍പാറയും, കുതിരവട്ടവും അവിടെത്തന്നെയുണ്ടല്ലൊ??എവിടെ ഇരുത്തിയാലും രോഗത്തിന്‍റെ കാഠിന്യം കൂടുമ്പോള്‍ അവരിങ്ങനെ കത്തുകള്‍ അയച്ചുകൊണ്ടേയിരിക്കും. അത് കാര്യമാക്കാനേയില്ല.മോഹന്‍ലാലിന്‍റെ തന്മാത്ര സിനിമ കണ്ടവരോന്നും  കത്തെഴുതിയ ആളെ കുറ്റപ്പെടുത്തില്ല തീര്‍ച്ച. ഇതിന്‍റെ പേരും പറഞ്ഞു പണി തുടങ്ങാത്തതാണ് കഷ്ടം. തുടങ്ങാന്‍ താമസിക്കുമ്പോള്‍ പ്രതിദിനം നാല്‍പതുലക്ഷം രൂപ നമ്മുടെ ഖജനാവിന് നഷ്ടമുണ്ടാകുമെന്ന് ശ്രീധരന്‍സാറുപറഞ്ഞിട്ടും ആരും കേട്ട ഭാവം പോലും നടിക്കുന്നില്ല. മെട്രോനിര്‍മാണത്തില്‍ ശ്രീധരന്‍റെ പങ്കു കൂടിയേകഴിയു എന്ന് സര്‍ക്കാര്‍ ജനങ്ങളുടെ മുമ്പാകെ പറയുന്നുണ്ടെങ്കിലും അതിലുള്ള ആത്മാര്‍ത്ഥത സംശയകരമാണ്. ഇതിങ്ങനെ വലിച്ചു നീട്ടി അവസാനം ശ്രീധരനെക്കൊണ്ട്തന്നെ ‘ഞാനീ പണിക്ക് ഇല്ല’ എന്ന് പറയിക്കാനുള്ള ഒരു ശ്രമാണോ ഇത്.ആത്മാഭിമാനമുള്ള ആര്‍ക്കും അങ്ങനെ തോന്നും. അയ്യായിരം കോടിയ്ക്ക് മുകളില്‍ മുടക്ക് വരുന്ന പദ്ധതി.തുടങ്ങാന്‍ താമസിക്കുംതോറും പ്രതിദിനം നാല്പതുലക്ഷം നഷ്ടം എന്നിട്ടും സര്‍ക്കാരിനെന്തേ ഈ വിഷയത്തില്‍ മെല്ലപ്പോക്ക് ഇതാണ് സംശയം .രാഷ്ട്രീയത്തില്‍ കളിക്കുന്ന സ്ഥിരം നമ്പര്‍ ‘വെടക്കാക്കി തനിക്കാകുക’ പരിപാടിയല്ലേ ഇത്

വളരെ സിമ്പിളായിട്ടു നോക്കിയാല്‍ തീരുമാനമാകാത്ത പ്രശ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇവയാണ്. കൊച്ചി മെട്രോറെയില്‍ നിര്‍മ്മാണം DMRC യെയോ;  അതോ നമ്മുടെ തട്ടിക്കൂട്ട് കമ്പനിയായ  KMRL നെയാണോ ഏല്പ്പിക്കേണ്ടത്??. അടുത്തത് പദ്ധതി നടത്തിപ്പില്‍ ഇ. ശ്രീധരന്‍റെ സാന്നിധ്യം ആവശ്യമാണോ??.മറ്റൊന്ന് ഇതിനായി ആഗോള ടെണ്ടര്‍ വിളിക്കണമോ?? .ഇവയാണ് യഥാര്‍ത്ഥപ്രശ്നങ്ങള്‍. ഇവിടെയാണ്‌ അണിയറ നീക്കങ്ങള്‍ നടക്കുന്നത്  മറ്റുള്ളവ സര്‍ക്കാര്‍ വിചാരിച്ചാല്‍ വേഗത്തില്‍ തീര്‍ക്കാവുന്ന  വെറും സാങ്കേതിക തടസങ്ങള്‍ മാത്രം.കത്തും,അതിനെചൊല്ലിയുള്ള വിവാദങ്ങളും വെറും പുകമറ മാത്രമാണ്.

പദ്ധതി നടത്തിപ്പ്‌ ഏതു കമ്പനിക്ക്‌ കൊടുക്കണം DMRCയ്ക്കോ  KMRCയ്ക്കോ. ഈ രണ്ടു കമ്പനികളുടെയും നിലവാരം നോക്കാം.

DMRC:ഡല്‍ഹി മെട്രോതുടങ്ങി വിവിധ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പാരമ്പര്യം.ആധുനിക യന്ത്രസംവിധാനങ്ങളും അതി നൂതനസാങ്കേതികവിദ്യകളും,പരിചയസമ്പന്നരായ വിദഗ്ധരു മടങ്ങിയ സംഘം.KMRL: ഒരു മെട്രോ പദ്ധതിയുടെയും നടത്തിപ്പോ നിര്‍മ്മാണ പരിചയമോ ഇല്ല. പുതിയ യന്ത്രങ്ങളോ, സാങ്കേതിക വിദഗ്ധരോ ഒന്നുമില്ല. പഴയ കമ്പിപാരയും, പിക്കസും, കൂടവും പോലുള്ള ആയുധങ്ങള്‍ മാത്രം സ്വന്തം. DMRC: പദ്ധതിതുടങ്ങിയാല്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നു. രാപകലില്ലാതെ പണിനടക്കുന്നു. KMRL: ഒരു മൂത്രപ്പുര പോലും പറഞ്ഞ സമയത്ത് പൂര്‍ത്തിയ ചരിത്രമില്ല. മാത്രമല്ല പണിതുടങ്ങി പിറ്റേദിവസം പണിമുടക്കും തുടങ്ങും.

DMRC:പദ്ധതി നടത്തിപ്പിനായുള്ള അയ്യായിരത്തി ഇരുനൂറു കോടിയില്‍ ഒരു പൈസാപോലും നഷ്ടപ്പെടുത്താതെ  പണിനടക്കും .KMRL: കമ്മിഷന്‍, കൈക്കൂലി, പാര്‍ട്ടിഫണ്ട് പണിയെക്കുറിച്ച് പഠിക്കാനുള്ള വിദേശയാത്രകള്‍ തീറ്റകുടിചര്‍ച്ചകള്‍ എല്ലാം കഴിഞ്ഞ് 5200കോടിയില്‍   50 കോടിയുടെപോലും പണി നടക്കില്ല. ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞാലും തൂണുകള്‍ പോലും വാര്‍ത്തുകഴിയില്ല. ഇതൊക്കെ നമ്മുടെ അനുഭവങ്ങളാണ്; അല്ലാതെ കുറ്റപ്പെടുത്തല്‍ അല്ല. ചെറിയ ഒരു കലുങ്ക് പണിയാന്‍തുടങ്ങിയാല്‍ ആ പ്രദേശത്തെ വാഹനഗതാഗതവും, ജനങ്ങളുടെ സഞ്ചാരസ്വതിന്ത്ര്യം എല്ലാം തടയുന്ന പണിയാണ് നമ്മുടെ എഞ്ചിനിയരിംഗ്.  എന്നാല്‍ പരിസരത്തെ ജനങ്ങള്‍ക്ക്‌ ഒരു ശല്യവും കൂടാതെ പണി പൂര്‍ത്തിയാക്കുന്നവരാണ് ഡി എം ആര്‍ സി.  കൊച്ചിയില്‍ പണിത മേല്‍പ്പാലം ഉദാഹരണമായി മുന്നില്‍ നില്‍ക്കുന്നു.പറയു പണി ആരെ ഏല്‍പ്പിക്കണം???

അടുത്ത തര്‍ക്കം ഇ ശ്രീധരന്റെ കാര്യത്തിലാണ് നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനുള്ള കഴിവ്‌ നിരവധി പ്രോജക്ടുകള്‍ അഭിമാനാര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കിയ അനുഭവജ്ഞാനം. അനുവദിക്കപ്പെട്ട തുകയില്‍ ഒരു പൈസാപോലും മറ്റു രീതിയില്‍ പോകില്ലായെന്ന ഉറപ്പ്, എല്ലാറ്റിനുമുപരിയായി കേരളിയാനാണെന്ന കാര്യവും. ഇത്ര പരിചയസമ്പന്നനും, അഴിമതിരഹിതനുമായ ആളെ പണി ഏല്പ്പിക്കുന്നതില്‍ ആര്‍ക്കാണ് വിഷമം. സംസ്ഥാനത്തെ ഒരു സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥര്ന്‍ തന്‍റെ പദവിയിലിരുന്നുകൊണ്ടുതന്നെ ശ്രീധരനെതിരെ നീങ്ങണമെങ്കില്‍ അതിനു അനുവാദം കൊടുത്തതും ഭരണത്തിലുള്ളവര്‍ തന്നെയാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.കൊച്ചിമെട്രോ പദ്ധതി  കൈകാര്യംചെയ്യുന്ന നമ്മുടെ പൊതുമരാമത്ത് വകുപ്പിന്‍റെ അര്‍ത്ഥഗര്‍ഭമായ മൌനം ശ്രദ്ധിക്കപ്പെടെണ്ടതാണ്.ഇതില്‍ വ്യക്തമായ ഒരു റോളും ഇല്ലാത്ത ആര്യാടന്‍ പലതും പറയുമ്പോള്‍; പദ്ധതിയില്‍ ഭാഗമായ പൊതുമരാമത്ത് വകുപ്പ്‌ ഞാന്നൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നഭാവത്തില്‍ നടക്കുന്നു. പദ്ധതിയില്‍ നിന്നും ശ്രീധരനെ പുകച്ചു പുറത്തുചാടിക്കുക.പദ്ധതി ഹൈജാക്ക്‌ ചെയ്യുക ഇതു തന്നെ ലക്ഷ്യം. പൊതുസമ്മതനായ ശ്രീധരനെ സാങ്കേതിക നൂലാമാലകളില്‍കുടുക്കി പുറത്താക്കാനുള്ള അണിയറ നീക്കത്തിന്‍റെ ഭാഗമാണ് PWD പ്രിസിപ്പില്‍ സെക്രട്ടറി ടോം ജോസിന്‍റെ കത്ത്.

 മൂന്നാമത്തെ തര്‍ക്കം ആഗോളടെണ്ടര്‍ വേണോ എന്നതാണ്. പദ്ധതി നടത്തിപ്പില്‍ കൂടുതല്‍ കൃത്യതയും, സുതാര്യതയും, ചിലവ്‌ കുറയ്ക്കലുമാണ് ഇതുകൊണ്ട് ഉദേശിക്കുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനുകൂടി പങ്കാളിത്തമുള്ള DMRC തന്നെയല്ലേ മറ്റു സ്വകാര്യകമ്പനികളെക്കാള്‍ നല്ലത്. അവരുടെ പരിചയസമ്പന്നതയും; പൂര്‍ത്തിയാക്കിയ പദ്ധതികളും നമ്മുടെ മുന്നില്‍ തന്നെയുണ്ട്. അതുമാത്രമല്ല ആഗോളടെണ്ടരും അതിന്‍റെ തുടര്‍ നടപടികളും പദ്ധതിയുടെ ആരംഭത്തെയും, പൂര്‍ത്തികരണത്തെയും  ഇനിയും നീട്ടികൊണ്ടുപോകുകയേ ഉള്ളു. പദ്ധതിതുടങ്ങല്‍ താമസിക്കുന്നതു കാരണം ദിനംപ്രതി നാല്‍പതുലക്ഷം രൂപയുടെ  നഷ്ടംസംഭവിക്കുന്നു എന്ന കാര്യവും പരിഗണിക്കേണ്ടതാണ്.

ശ്രീധരന്‍റെ നേതൃത്വത്തില്‍ റെയില്‍ നിര്‍മ്മാണം ഡി.എം.ആര്‍.സി ഏറ്റെടുത്താല്‍  സംഭവിക്കുന്ന ചില കാര്യങ്ങള്‍ ഇവയാണ്. കണക്കുകള്‍ സുതാര്യമായിരിക്കും, പണിയില്‍ കൃത്രിമം നടക്കില്ല, പറഞ്ഞ സമയത്ത് പണി പൂര്‍ത്തിയാക്കും, ആദ്യമേ കണക്കാക്കിയ തുകയ്ക്ക്തന്നെ പദ്ധതി പൂര്‍ത്തിയാക്കും, കമ്മിഷന്‍ പരിപാടിയും, പാര്ട്ടിഫണ്ട്‌ പിരിക്കലും നടക്കില്ല, പരിസരവാസികള്‍ക്കും, ജനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ പരമാവധി കുറവായിരിക്കും,.പദ്ധതി ദീര്‍ഘകാലം അറ്റകുറ്റപ്പണികള്‍ കൂടാതെ ലാഭകരമായി പ്രവര്‍ത്തിക്കും . ഇവിടെയാണ്‌ കുഴപ്പം. മുകളില്‍ പറഞ്ഞ ഒരു കാര്യവും നമ്മുടെ നേതാക്കന്മാര്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ പിടിക്കില്ല. അയ്യായിരം കോടിക്ക് മുകളില്‍ ചിലവ്‌വരുന്ന പദ്ധതിയാണ്.ഇത് നമ്മുടെ നേതാക്കന്‍മ്മാരുടെ നിയന്ത്രണത്തിലായാല്‍ കമ്മിഷനിനത്തില്‍തന്നെ നല്ലൊരു തുക അടിച്ചുമാറ്റാം.പധ്തിയെക്കുറിച്ചുള്ള പഠനം ,യന്ത്രങ്ങള്‍ വാങ്ങാനുള്ള കരാര് ഈ വകുപ്പിലോക്കെ തരാതരംപോലെ വിദേശയാത്രകള്‍ സംഘടിപ്പിക്കാം. കേരളസര്‍ക്കാര്‍ തുടങ്ങിയിട്ടുള്ള ഒരു സംരംഭവും ഇന്നേ വരെ പറഞ്ഞ സമയത്ത് പണി പൂര്‍ത്തിയാക്കിയ ചരിത്രമില്ല. മാത്രമല്ല പദ്ധതികള്‍ക്ക് അനുവദിച്ചിട്ടുള്ള തുക; ഓരോ കാരണം പറഞ്ഞു വര്‍ഷാവര്‍ഷം വര്‍ധിപ്പിച്ച് അതിന്‍റെവിഹിതം കരാറുകാരനും, നേതാക്കളും പങ്കിട്ടെടുക്കുന്നു. കാരാപ്പുഴ പ്രൊജക്റ്റ്‌ തന്നെ ഏറ്റവും നല്ല  ഉദാഹരണം. പദ്ധതി തുടങ്ങിയത്‌1974.  1978 ഏപ്രില്‍ ലാണ് പ്ലാനിഗ് കമ്മിഷന്‍ അംഗികരിക്കുന്നത്. ഏഴരക്കോടി രൂപയ്ക്ക് തീരുമെന്ന് പറഞ്ഞു തുടങ്ങിയതാണ്. 2007 വരെയുള്ള കണക്ക് പ്രകാരം 400കോടി രൂപ ചിലവഴിച്ചിരിക്കുന്നു ഇന്നുവരെ പദ്ധതി പൂര്‍ത്തിയാക്കിയിട്ടില്ല ഇതാണ് നമ്മുടെ എഞ്ചിനിയരിംഗ്.പിന്നെ പദ്ധതിയുടെ പേരും പറഞ്ഞു പൊതുജനങ്ങള്‍ക്ക് പരമാവധി ശല്യങ്ങള്‍ സൃഷ്ടിക്കുകയെന്നതും നമ്മുടെ ഒരു രീതിയാണ്. ഇക്കാര്യത്തിലും അതിനു വലിയ മാറ്റം വരാന്‍ സാധ്യതയില്ല. മാത്രമല്ല ഡിഎംആര്‍സി ഏറ്റെടുത്ത് പൂര്‍ത്തികരിച്ച  പദ്ധതികളെല്ലാം തന്നെ ലാഭകരവും,അറ്റകുറ്റപ്പണികള്‍കൂടാതെ ദീര്‍ഘകാലം നിലനില്‍ക്കുന്നവയുമാണ്. ആ പരിപാടി കേരളത്തില്‍ നടക്കില്ല.
 
പണി പൂര്‍ത്തിയായി പിറ്റേ ദിവസം തന്നെ അറ്റകുറ്റപ്പണികളും തുടങ്ങണം. നമ്മുടെ ഒരു രീതി അതാണ്‌. അങ്ങനെ വന്നാല്‍ മാത്രമേ ആ വകുപ്പിലും കോടികള്‍ തട്ടാന്‍ പറ്റൂ. മറ്റൊന്ന് കേരളസര്‍ക്കാരിന്റെ ഒരു പദ്ധതികളും ഇന്നേവരെ.... ചിട്ടികമ്പനിയും, ലോട്ടറിയും, ബിവറേജും ഒഴിച്ച് ഒന്നും ലാഭത്തില്‍ പോയിട്ടില്ല. നമ്മുടെ പൊതുഗതാഗത സംവിധാനം തന്നെ നോക്കിയാല്‍ മതി. സ്വകാര്യ ബസ്‌മുതലാളി വര്‍ഷംതോറും പുതിയ ബസുകള്‍ ഇറക്കുമ്പോള്‍ സര്‍ക്കാര്‍വണ്ടി കട്ടപ്പുറത്ത് തന്നെ. ഖജനാവിലെ പൈസ അങ്ങോട്ട്‌ കൊടുത്തിട്ടാണ്; KSRTC യെ നിലനിര്‍ത്തുന്നത്. അങ്ങനെയുള്ള നാട്ടില്‍ മെട്രോ ലാഭത്തില്‍ പണിയാം എന്ന് ശ്രീധരന്‍ സാര്‍  പറഞ്ഞാല്‍ നമ്മള്‍ക്കത് സഹിക്കാന്‍ പറ്റുമോ.

 കേരളിയ ശൈലിയിലുള്ള മെട്രോ നിര്‍മ്മാണമാണ് നമ്മുടെ നേതാക്കള്‍ പ്രതിക്ഷിക്കുന്നത്. അതായത് അടുത്ത അഞ്ചു കൊല്ലത്തേയ്ക്ക് പഠനം, പിന്നെയൊരു കല്ലിടല്‍, കല്ലിട്ടെടെത്ത്‌ ആരേലും വീടുവയ്ക്ക്ന്ന കാലം വരെ അനങ്ങാതെ കിടക്കും.  പിന്നെ പെട്ടൊന്നൊരു ദിവസം  കുടിയിറക്ക്‌, കോടതി, സ്റ്റേ എല്ലാംകൂടി തീരുമാനമാകാന്‍ ഒരു പത്തുകൊല്ലം,പിന്നെ തൂണുവാര്‍ക്കല്‍ തുടങ്ങാം,അതുകഴിഞ്ഞ്  തട്ടടിക്കല്‍ , പൊളിഞ്ഞു വീഴല്‍....... അപ്പോഴേക്കും അനുവദിച്ച പണം തീരും. വീണ്ടും ഒരു അയ്യായിരം കോടി അനുവദിക്കും. ഇങ്ങനെ ഒരു രണ്ടുതലമുറ കഴിയുമ്പോഴേക്കും ഒരു തീരുമാനമാകും.ഇതാണ് നമ്മുടെ വികസന ശൈലി. അപ്പോഴേക്കും ഇപ്പോഴുള്ളത് കുറേയെണ്ണം മണ്ണടിക്കാവിലുമാകും.എല്ലാവരുടെയും വയറും നിറയും അതുവരെ ഇതുതന്നെ കളി.

റയില്‍വേ വകുപ്പ്‌ ആര്യാടനാണ്; എന്നാലും മെട്രോ പൊതുമരാമത്ത് വകുപ്പിന്കീഴില്‍.... യേത് കളി നമ്മുക്ക് പിടി കിട്ട്യേ....ശ്രീധരന്‍ അല്ല അതിലും വല്യവന്‍ ബിചാരിച്ചാലും നമ്മക്കുള്ളത് നമ്മക്ക് കിട്ടണം. കുഞ്ഞാലിയുടെ കുഞ്ഞിനോടാ കളി ......ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.

2 comments:

  1. നമ്മുടെ നാട് നന്നാകാന്‍ വലിയ പാടാണ്.എങ്ങനെ കീശ വീര്‍പ്പിക്കാം എന്നതില്‍ കവിഞ്ഞ് ആര്‍ക്കും ഒരു ഉത്തരവാദിത്വവുമില്ല.ശ്രീധാരനെപ്പോലുള്ള കുറച്ചു ആള്‍ക്കാര്‍ വിചാരിച്ചാലും ഇത് മാറ്റാന്‍ കഴിയില്ല എന്നതിന്‍റെ തെളിവാണ് ഈ വിവാദങ്ങള്‍...

    ReplyDelete
  2. എന്ത് മെട്രോ?
    ഏത് മെട്രോ?
    എന്തോന്ന് ശ്രീധരന്‍?

    കമ്മീഷന്‍ കിട്ട്വോ? എന്ത് തരാവും?

    ReplyDelete