**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, October 20, 2012

വിതയ്ക്കുന്നകര്‍ഷകനും, കൊയ്യുന്നമന്ത്രിയും


                    

                                      വിത്തു വിതച്ചത് നാമല്ലേ.........?

                                   വിള കാത്തു കിടന്നത് നാമല്ലേ.......??

 അതേയതെ ഒരു സംശയവുമില്ല. ഈ രണ്ടു പണിയും നമ്മള് തന്നെയാണ് ചെയ്തത്.പക്ഷെ കൊയ്യാന്‍ സമയമാകുമ്പോള്‍ കത്തിയുമായി വരുന്നത് മന്ത്രിയും മറ്റു നേതാക്കളുമാണ്. പത്രത്തില്‍ പടം വരുന്നതും മന്ത്രിയുടെതാണ് കര്‍ഷകന്‍റെയല്ല. നാട്ടിലുള്ള എല്ലാ സ്ഥാപനങ്ങളിലും കല്ലിടല്‍ കര്‍മ്മത്തിലും, കട്ടിളവെപ്പിലുമൊക്കെ ഉല്ഘാടിച്ചവന്‍റെ പേരുംനാളും കൊത്തിവെച്ച കല്ലുകള്‍ ധാരാളം കാണാന്‍ കഴിയും.ആ പദ്ധതിയ്ക്ക് വേണ്ടിയുള്ള അധ്വാനത്തില്‍ ഒരു ചെറുവിരല്‍പോലും അനക്കിയിട്ടില്ലായെങ്കില്‍പ്പോലും ക്രെഡിറ്റ്‌ മുഴുവന്‍ ഈ വിരുന്നുവരുന്നവന്‍ കൊണ്ടുപോകും. എല്ലാ മേഖലയിലും ഇതൊരു പതിവ്‌ കാഴ്ചയാണ്.മത, രാഷ്ട്രിയ, സാമൂഹ്യ മേഖലയിലെല്ലാം ഇതുതന്നെയാണ് അവസ്ഥ. അധ്വാനവും, വിയര്‍പ്പും ജനങ്ങള്‍ക്ക് ക്രെഡിറ്റ്‌ നേതാക്കള്‍ക്ക്. അത് ശരിയാണോ എന്ന് ചിന്തിക്കാന്‍പോലും പാടില്ല. പാപമാണ്. പണി പൂര്‍ത്തിയായ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മന്ത്രിയ്ക്ക് സമയം കിട്ടാത്തതിനാല്‍ ഉത്ഘാടനം കത്തുകിടക്കുന്നു.മന്ത്രിയ്ക്ക് ഉല്ഘാടിക്കാന്‍ സമയം കിട്ടാത്തതിനാല്‍ പണിപൂര്‍ത്തിയായ അംഗന്‍വാടികെട്ടിടം തുറന്നു കൊടുക്കാതെ; കുഞ്ഞുങ്ങള്‍ അടുത്തുള്ള തൊഴുത്തില്‍ പഠനം നടത്തുന്നതും നമ്മള്‍ കേരളത്തില്‍ തന്നെ കണ്ടതാണ്. നമുക്കൊന്നും ഇതില്‍ പരാതിയില്ലാത്തൊടത്തോളംകാലം കാര്യങ്ങള്‍ ഇങ്ങനെ തന്നെ നടക്കട്ടെ. വിത്ത് വിതച്ച പാടത്ത്, വിള കാത്തുകിടന്നവരെ സാക്ഷിയാക്കി മന്ത്രിയും പരിവാരങ്ങളും കൊയ്യാന്‍ പോകുന്നത് ഒന്ന് കണ്ടു നോക്കാം..........



 
 
വീഡിയോ കണാന്‍ ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക
 
 
    തോണി മറിഞ്ഞു. മന്ത്രിയും, എം.എല്‍.എ-യും പരിക്കേല്‍ക്കാതെ നീന്തി രക്ഷപ്പെട്ടു. എന്നാണ് വാര്‍ത്തകളില്‍ പറഞ്ഞത്. മുട്ടോളം വെള്ളത്തില്‍, ഒരു കൊതുമ്പ് വള്ളത്തില്‍, കപ്പലില്‍ കയറാവുന്ന അത്രയും ആള്‍ക്കാര്‍ ഒരു വള്ളപ്പാട് അകലംപോലുമില്ലാത്ത നെല്ല് കൊയ്യാന്‍ അരിവാളുമായി പോകുന്ന കാഴ്ച!!!!!! ഹാ..... ഹഹ... നയനാനന്തകരം തന്നെ. പൊതുയോഗത്തില്‍ മൈതാനത്ത് ഇരിക്കെണ്ടവരെല്ലാം സ്റ്റേജില്‍ കയറി; തട്ടടക്കം തകര്‍ന്നു തറയില്‍ വീണാലും.... നമ്മുടെ ആള്‍ക്കാര്‍ പഠിക്കില്ല. പത്രത്തില്‍ പടം വരണ പരിപാടിയല്ലേ; കൂരകുത്തി വീണാലുംവേണ്ടില്ല മുഖം നാലാള്‍ കണ്ടാല്‍ മതി.  ഇതിപ്പോള്‍ മുട്ടോളം വെള്ളത്തില്‍ മൂക്കുകുത്തിയതുകൊണ്ട് രക്ഷപ്പെട്ടു. കടലിലെ കല്ലുമേക്ക കൃഷിയുടെ വിളവെടുപ്പിനാണ് ഈ പോക്ക് പോയതെങ്കില്‍..... ഒന്നുരണ്ട് ദിവസം അവധി കിട്ടിയേനെ...


  അല്ലേ....... അതങ്ങു നടന്നുചെന്ന് കൊയ്യാവുന്നതേയുള്ളൂ. അതിനാ ഈ പങ്കപ്പാട് നടത്തിയത്...  അത്പാടില്ല നേതാവായാല്‍പ്പിന്നെ അലക്കിത്തേച്ച വസ്ത്രവും, വെളുക്കെചിരിയും മാത്രമായിരിക്കണം രീതി. ദേഹത്ത് ചെളിപറ്റാനോ, വിയര്‍ക്കാനോ പാടില്ല.   കയ്യുംകാലും വെള്ളത്തില്‍ തോടിക്കാനേ..... പാടില്ല; പനി പിടിക്കും. കൃഷിക്കാരന്‍ വിയര്‍ത്തുകുളിച്ച്നിലമുഴുത്,  ചേറുകുഴച്ച്, ചേറ്റില്‍ വിത്തെറിഞ്ഞ്, കളപറിച്ച് നൂറുമേനിവിളയിക്കുന്നു. വിളവെടുപ്പിനു പാകമായപ്പോള്‍  മന്ത്രിയും പരിവാരങ്ങളും കൊയ്യാന്‍ വന്നിരിക്കുന്നു.പണ്ടുമുതലേയുള്ള ചട്ടങ്ങള്‍ അങ്ങനെയാണ്;ചട്ടങ്ങളൊന്നും മാറ്റാന്‍ പാടില്ല. ‘മാറ്റുവിന്‍ ചട്ടങ്ങളെ’ യെന്ന് പണ്ടാരോ ചുമ്മാപറഞ്ഞു പോയതാണ്.   


 ദേഹത്ത് ഒരു തരി മണ്ണുപോലും പറ്റിക്കാതെ; എങ്ങനെയാണ് കൃഷിമന്ത്രിസാറേ..... വിളവെടുക്കുന്നത്. കൈയ്നനയാതെ മീന്‍പിടിക്കാന്‍ പറ്റുമോ?. നിങ്ങളാണോ കൃഷിക്കാരെ നന്നാക്കുന്നത്. ആത്മാര്‍ത്ഥതയില്ലാത്ത നിങ്ങളുടെ ഈ കര്‍ഷകസ്നേഹം ഭൂമിക്ക് പിടിച്ചില്ല; അതുകൊണ്ടാണ് നിങ്ങളുടെ തോണി മറിഞ്ഞതും, നനഞ്ഞോലിച്ച് കൊയ്യേണ്ടിവന്നതും...........സാധുക്കളായമനുഷ്യരെ എപ്പോഴും പറ്റിക്കാം; നല്ല ചിരിയും, തൊലിക്കട്ടിയും, നാക്കിനു നീളവും ഉണ്ടായാല്‍ മതി; പക്ഷെ പ്രകൃതിയെ എപ്പോഴും പറ്റിക്കാന്‍ കഴിയില്ല. കൃഷിയില്‍ ഒരുസത്യമുണ്ട്. ആ സത്യത്തിന്‍റെ കാവല്‍ക്കാരനാണ് കര്‍ഷകന്‍. കര്‍ഷകന്‍റെ വിയര്‍പ്പ് വീണ മണ്ണും, വിത്തും ഒന്നിച്ചുചേരുമ്പോഴാണ് നൂറുമേനി വിളവുണ്ടാകുന്നത്.അത് കൊയ്തെടുക്കാന്‍ പോകുമ്പോഴെങ്കിലും;നേതാക്കള്‍ക്ക് മണ്ണിനെ  സ്നേഹിക്കുന്ന ഒരു മനസുണ്ടായിരിക്കണം................

2 comments:

  1. കൈ നനക്കാത്തവര്‍ മുഴുവന്‍ നനയും.... :)

    ReplyDelete
    Replies
    1. അതെയതെ................

      Delete