**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, September 12, 2012

ഓടുംകുതിര,ചാടുംകുതിര;വെള്ളംകണ്ടാ നില്‍ക്കും കുതിര....

      
    അങ്ങനെ മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി. ടി.പി വധക്കേസിലും, ഷുക്കൂര്‍ വധക്കേസിലും കേരളപോലിസിന്‍റെ കഴിവ്‌ കണ്ടു കേരളക്കരയാകെ ഞെട്ടിയതാണ്. ഇനി സി. ബി. ഐ പോലും വേണ്ട എന്ന് നമ്മൂടെ പിണറായി വരെ സമ്മതിച്ചുകഴിഞ്ഞു. അങ്ങനെ രോമാഞ്ചത്തോടെ ഇരിക്കുമ്പോഴാണ് മലപ്പുറം; അരിക്കോട്, കുനിയില്‍ സഹോദരന്‍മ്മാര്‍ കൊല്ലപ്പെട്ട കേസിന്‍റെ റിപ്പോര്‍ട്ട് നമ്മുടെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ കേസിലും ഒരു ഗംഭീരന്‍ ക്ലൈമാക്സ്‌,ന്യായമായും പ്രതിക്ഷിച്ചുപോയി. പ്രതികളെപറ്റി തുമ്പോക്കെ നേരത്തെ പുറത്തു വന്നതാണ്,എഫ്ഐആര്‍ പ്രതികളായി പറയുന്നവരില്‍  ആരൊക്കെ അവസാന ലിസ്റ്റില്‍ ഉണ്ടാകുമേന്നേ അറിയേണ്ടതായിയുള്ളൂ.എന്നാല്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ആദ്യം പ്രതികളായികണ്ട; സ്ഥലത്തെ ചില പ്രാധാന ദിവ്യന്‍മ്മാര്‍ നിരപരാധികളായി മാറി.സംഭവം നടക്കുമ്പോള്‍ ആദ്യം സംശയിച്ച, നമ്മുടെ എം.എല്‍.എ സാറും, മണ്ഡലം സെക്രട്ടറിയും തീര്‍ഥാടനത്തിലായിരുന്നുവെന്ന്. പാവങ്ങള്‍; വെറുതെ സംശയിച്ചു. കേരളാപോലിസിന്‍റെ അന്വേഷണത്തെ സംശയിക്കാന്‍ പറ്റുമോ.ശാന്തം, പാപം. പക്ഷെ ഒരു കാര്യം  മനസിലായി കേരള പോലീസ് ഇപ്പോഴും പാണ്ടി ലോറിക്കു മുന്നില്‍ മാസിലുകാട്ടിയ തവളതന്നെയാണെന്ന്.


 
 തല്ലുകൊണ്ട് അവശനായികിടക്കുന്നവനെ ചതയ്ക്കാന്‍ വല്യശക്തിയൊന്നും വേണമെന്നില്ല.ഇടിക്കുന്തോറും എന്തെങ്കിലുമൊക്കെ പുറത്തു വരും,അതൊക്കെ തെളിവാക്കാം.നില്ക്കാന്‍ അറിയാത്ത കള്ളനാണെങ്കില്‍, അതുവരെ ആ പ്രദേശത്ത് നടന്നിട്ടുള്ള സകലമാന കേസുകളും, ഏറ്റുകൊള്ളും. എമാന്മാര്‍ക്കും ഹാപ്പി. അതുപോലെ ചീറ്റിപ്പോയ ഒരു കേസില്‍ ഇപ്പോള്‍ വിധി വന്നിരിക്കുന്നു. ഓര്‍ക്കുന്നില്ലേ പഴയ ചാരകേസ് എന്തൊക്കെയായിരുന്നു പുകില്. ഈച്ചയാട്ടിയിരുന്നിരുന്ന നമ്മുടെ പത്ര മുത്തശിമാര്‍ നാല് പുത്തനുണ്ടാക്കിയതൊഴിച്ചാല്‍ ബാക്കിയെല്ലാം, നുണകളായിരുന്നില്ലേ. നമ്മുടെ തന്നെ കുറേ ശാസ്ത്രഞ്ജന്‍മ്മാരെ വെറുതെ നാറ്റിക്കാന്‍ പറ്റി. രാജ്യസേവനത്തിനുള്ള അവാര്‍ഡ് ആ വകുപ്പില്‍ നമ്മള്‍ അങ്ങനെ അവര്‍ക്ക് കൊടുത്തു. ആ നാറ്റിക്കല്‍ കേസില്‍ നഷ്ടം കൊടുക്കാന്‍ വിധി വന്നിരിക്കുന്നു.പത്തു ലക്ഷം രൂപ ഡോ:നമ്പി നാരായണന് കൊടുക്കാനാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. നീതിയും, സത്യവും ഒളിപ്പിച്ചാലും,നിഷേധിച്ചാലും എന്നെങ്കിലും അത് മറനീക്കി പുറത്തുവരും.
     മലപ്പുറം,കുനിയില്‍ ഇരട്ടക്കൊലപാതകം കേസില്‍ എഫ്.ഐ.ആറില് ആറാം പ്രതിയായിരുന്ന എം.എല്‍.എ.ബഷീര്‍ കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിയല്ലതായിരിക്കുന്നു. പ്രത്യക്ഷ തെളിവ് ഇല്ല എന്നാണ് വിശദികരണം. ഏതാണ്ട് ഇതേ കാലയളവില്‍ നടന്ന മറ്റൊരു കൊലപാതകം അരിയില്‍ ഷുക്കൂര്‍ വധകേസില്‍ കണ്ണൂര്‌; പി ജയരാജനും, ടി പി രാജേഷ്‌ എം.എല്‍.എ.യും കുറച്ചു നാള്‍ ജയിലിലായിരുന്നു താമസം. ആശുപത്രിമുറിയില്‍ ഗൂഡാലോചനനടന്നത് അറിഞ്ഞിട്ടും; അത് തടഞ്ഞില്ല എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അതായത്‌ ലീഗുകാരുടെ തല്ലുകിട്ടി ജയരാജനും, ടി പി രാജേഷും തളിപ്പറമ്പ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവരെക്കാണന്‍ വന്നവര്‍ ഫോണിലൂടെ നടത്തിയ ഗൂഡാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല എന്നതാണ് പോലീസ് ഇവര്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റം. ശരി; കുറ്റമാണെങ്കില്‍ പോലീസ് നടപടി തുടരട്ടെ. പക്ഷെ നിയമം എല്ലാവര്‍ക്കും തുല്യമായിരിക്കണം,ഇപ്പോള്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ട പി കെ ബഷീറിനെതിരെയുള്ള കുറ്റാരോപണം എന്തായിരുന്നു. ഒരു പൊതുയോഗത്തില്‍ അതും ‘പാണക്കാട്തങ്ങളെ’ പോലുള്ള സമുന്നതരായ നേതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ വച്ച്,”കൊന്നേച്ചു പോരു... ബാക്കി ഞാന്‍ നോക്കിക്കോളാം” എന്ന് പരസ്യമായി കൊലപാതകം ചെയ്യാനുള്ള പ്രേരണയാണ് കൊടുത്തത്. നിര്‍ദേശപ്രകാരം അണികള്‍ രണ്ടു പേരെ കൊന്നേച്ചു പോന്നു.


  എങ്ങനെയുണ്ട് സംഗതി. ജയരാജനും രാജേഷിനു മെതിരെ പോലീസ് ചുമത്തിയതിനെക്കാള്‍ വലിയ കുറ്റമാണ് ബഷീര്‍ ചെയ്തിരിക്കുന്നത്. കൊല നടത്താനുള്ള പരസ്യ ആഹ്വാനം.എന്നിട്ടെന്തേ ബഷീര്‍ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടു?????.അതു കേട്ടിട്ടും തടയാത്ത നേതാക്കളും കേസില്‍ പ്രതിയാകേണ്ടതല്ലേ??അല്ലെങ്കില്‍ ബഷിരിന്റെ കൊലപാതക പ്രേരണ പ്രസംഗത്തിനു സാക്ഷികളല്ലേ ഇവര്‍??. ഇവിടെ നിയമം എന്തെ, വഴിമാറി ചിന്തിച്ചത്??. ജയരാജനെയും രാജേഷിനെയും കുടുക്കാന്‍ പോലീസിനു ലക്ഷത്തിനു മുകളില്‍ ഫോണ്‍കോളുകള്‍ പരിശോധിക്കേണ്ടി വന്നുവെന്ന് പറയുന്നു. ഇവിടെ അതിന്‍റെ ആവശ്യം പോലുമില്ല. പബ്ലിക്‌ മീഡിയകളില്‍ അന്നത്തെ പ്രസംഗം അതേപടി കിടപ്പുണ്ട്. എന്നിട്ടും വേണ്ടത്ര തെളിവില്ലയെന്നാണ് പോലീസ് പറയുന്നത്. അതോ കമ്യുണിസ്റ്റ്‌കൊലയ്ക്കും, ലീഗ്കൊലയ്ക്കും രണ്ടു നിയമമാണോ. ഇതാണോ സുതാര്യനായ ഉമ്മന്‍ചാണ്ടിയുടെയും,മിസ്റ്റര്‍ ക്ലീനായ തിരുവഞ്ചൂരിന്റെയും പുതിയ നീതി. ഇതൊക്കെ പാവം പൊതുജനം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയുന്നത് നല്ലതാണ്.
  ആര്‍ക്കും നീതി നിഷേധിക്കപ്പെടാന്‍ പാടില്ല. കൊല്ലപ്പെട്ടവാന്‍ ആരായാലും ഏതുപാര്‍ട്ടിക്കാര്‍ ആയാലും കമ്യുണിസ്റ്റോ, ലീഗോ ആരുമാകട്ടെ തുല്യനീതിയായിരിക്കണം ലഭിക്കേണ്ടത്. സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. ജാതിയുടെയോ, മതത്തിന്റെയോ, രാഷ്ട്രിയത്തിന്റെയോ വേര്‍തിരിവുകള്‍ നിയമപരിപാലനത്തില്‍ സംഭവിക്കാന്‍ പാടില്ല. കേരളം ജാതിമത ശക്തികളുടെ പിടിയില്‍ അകപ്പെടുന്നുവെന്ന് നമ്മുടെ പ്രധാനമന്ത്രിതന്നെയാണ് പറഞ്ഞിരിക്കുന്നത്. അത് ഒരു മുന്നറിയിപ്പായി കാണണം. അല്ലാതെ ആഭ്യന്തരമന്ത്രിചെയ്തപോലെ, അത് കഴിഞ്ഞ കാലത്തെ കണക്കാണ് എന്ന് പറഞ്ഞു തള്ളി കളയുകയല്ല വേണ്ടത്‌. നിയമവും നീതിയുമെങ്കിലും മുഖം നോക്കാതെ നടത്തണം, എങ്കിലേ ജനങ്ങള്‍ക്ക്‌ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ടാകു, സര്‍ക്കാരില്‍ വിശ്വാസം ഉണ്ടാകു.
    പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാറിമാറി വരുന്ന സര്‍ക്കാരിന്റെ മിഷണറിമാത്രമാണവര്‍. ആര് എത്ര തെറി വിളിച്ചാലും തങ്ങളുടെ ഭാഗം വിശദികരിക്കാന്‍ പോലീസിന് അധികാരമില്ല. അതാണ്‌ ഭരണഘടന.അതിനെ മുതലെടുത്തുകൊണ്ട് ഭരിക്കുമ്പോള്‍എന്ത് വൃത്തി കേടും പോലീസിനെക്കൊണ്ട് ചെയ്യിച്ച് അവസാനം ഞങ്ങള്‍ ഒന്നുമാറിഞ്ഞില്ലേ എന്നരീതിയില്‍ പോലീസിനെ തന്നെ തെറി വിളിക്കും. .അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറഞ്ഞാല്‍ ഇവിടെ യഥാര്‍ത്ഥനീതി ലഭിക്കണമെങ്കില്‍ പോലീസിന്‍റെ നിയന്ത്രണം രാഷ്ട്രീയക്കാരുടെ കൈയ്യില്‍നിന്നും മാറണം.പൂര്‍ണ്ണ നിയന്ത്രണം കോടതികളുടെ കീഴില്‍ വരട്ടെ.അങ്ങനെയും ഒന്ന് പരീക്ഷിക്കാമല്ലോ.നിയമങ്ങള്‍ രാഷ്ട്രീയക്കാരുടെ തോന്ന്യാസത്തിനു കുട പിടിക്കാനല്ലല്ലോ; ജനങ്ങളുടെ നന്മയ്ക്കുംകൂടിവേണ്ടിയല്ലേ....

No comments:

Post a Comment