മണിപ്പൂരിലെ നാഗാഗ്രാമമായ ശിരാരഖോങ്ങ്നെ പ്രസിദ്ധമാക്കുന്നത്, അവിടെ മാത്രം ഉണ്ടാകുന്ന ഒരു പ്രത്യേകയിനം മുളകാണ്.കാഴ്ചയില്‍ നമ്മുടെ കൊമ്പന്‍മുളകിനോട് സാമ്യം തോന്നുമെങ്കിലും, എരിവിലും നിറത്തിലും ഗുണത്തിലുമൊക്കെ ആളു വിത്യസ്തനാണ്.ചുമപ്പ് നിറമാണെങ്കിലും എരിവ് കുറവാണ്. മാംസ്യവിഭവങ്ങളില്‍ ചേര്‍ക്കാന്‍ ഉത്തമം. ഇതിന്‍റെ പ്രധാന പ്രത്യേകത ഈ ചുമന്നനീളന്‍ മുളക് വേറൊരു സ്ഥലത്തും ഉണ്ടാകില്ലായെന്നതാണ് എന്നതാണ്. തൊട്ടടുത്ത ഗ്രാമത്തില്‍ പോലും ഇവ വളരാറില്ല.ശിരാരഖോങ്ങ് ഗ്രാമത്തിലെ പ്രത്യേകതരം മണ്ണും കാലാവസ്ഥയുമാണ് ഇതിനു കാരണം.നമ്മുടെ ഉണ്ടക്കാന്താരിയും, പിരിയന്‍ മുളകുമൊക്കെ വേറെയെവിടെങ്കിലും വളരുന്നുണ്ടോ എന്നറിയില്ല. എതായാലും മണിപ്പൂരിലെ എരിയന്‍ മുളക് ഇവിടില്ലെന്നു ഉറപ്പിക്കാം.
ഇതുപോലെ ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രം വളരുന്നചില പ്രത്യേക ഇനങ്ങളെ കേരളത്തിലും കാണാന്‍ കഴിയും.അത് മനുഷ്യരായാലും മൃഗങ്ങളായാലും,സസ്യങ്ങളായാലും,രാഷ്ട്രീയപാര്‍ട്ടികളായാലും വിത്യാസമൊന്നുമില്ല.കഴിഞ്ഞ ദിവസം സൈലന്റ്‌വാലിയില്‍ പ്രത്യേകയിനം കരിമ്പുലിയെ കണ്ടതായി വാര്‍ത്ത വന്നിരുന്നു.ഇങ്ങനെ തിരിച്ചറിയപ്പെടാത്ത എത്ര ഇനങ്ങള്‍.മൃഗങ്ങളെയും സസ്യങ്ങളെയും നമ്മള്‍ കണ്ടുപിടിക്കണം.അവ ഇങ്ങോട്ട് വന്നു പരിചയപ്പെടുത്താറില്ല.എന്നാല്‍ ചാകാന്‍ കിടക്കുമ്പോളും കൈകാലിട്ടടിച്ച് ആളെ കൂട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ് രാഷ്ട്രീയപാര്‍ട്ടികള്‍.ഇലക്ഷന്‍ അടുക്കുമ്പോഴാണ് പലതും ചത്തിട്ടില്ലായെന്നു മനസിലാവുന്നത്.പിന്നെ വംശനാശംവന്നു നശിക്കുന്ന പട്ടികയില്‍ പെട്ടതായതിനാല്‍ സംരക്ഷിതനിയമത്തിന്റെ ആനുകൂല്യത്തില്‍ ഇതില്‍ പലതിനെയും നമ്മള്‍ നിയമസഭാമ്യുസിയത്തിലേക്ക് പറഞ്ഞുവിടുന്നു.അവിടെ അടിയും,തൊഴിയും കടിപിടിയുമൊക്കെയായി ചാകാതെ ചത്ത് ജീവിച്ചോളും.പിസി, കുസി, തള്ള, പിള്ള, ചവറ, ജനത ഇങ്ങനെ കുറെയെണ്ണമുണ്ട് ഈ വകുപ്പില്‍.എണ്ണത്തില്‍ അധികമില്ലെങ്കിലും പലതും മാരകവിഷമുള്ള ഇനങ്ങളാണ്.കടിച്ചാല്‍ ഒരു സര്ക്കാര് തന്നെ ചിലപ്പോള്‍ താഴെപ്പോകും.ഓരോന്നിനും പ്രത്യേക സ്വഭാവമാണ്. ചിലത് വാ പൊളിച്ചാല്‍ തെറിയും, തള്ളയ്ക്കുവിളിയുമാണ്,ചിലത് പ്രായത്തിന്‍റെ അവശതയില്‍ പിച്ചുംപേയും പറയുന്നു .ചിലത് അമീബയെപ്പോലെ സ്വയം മുറിഞ്ഞ് അന്യോന്യം തെറിവിളിക്കുന്നു.
അങ്ങനെ അന്യോന്യം മുറിഞ്ഞ്; ഞാനാണോ നീയാണോ ആദ്യമുണ്ടായത് എന്ന രീതിയില്‍ തെറിവിളിക്കുന്ന അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒരിനത്തെ നമുക്ക് പരിചയപ്പെടാം. കേരളത്തിന്‍റെ തെക്കുഭാഗത്തുള്ള കൊല്ലംജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം പ്രദേശങ്ങളിലാണ് ഈ അപൂര്‍വ ഇനങ്ങളെ കാണുന്നത്. കേരളത്തിന്‍റെ വേറൊരു ഭൂപ്രദേശത്തും ഇവ വളര്‍ന്നു കാണുന്നില്ല.പലയിടത്തും കൃഷിയിറക്കാന്‍ നോക്കിയെങ്കിലും കിളിര്‍ത്തതിനു ശേഷം ഉണങ്ങിപ്പോവുകയാണ് പതിവ് .ഇവയുടെ രകതത്തില്‍ ഇരുമ്പിന്‍റെ അംശം വളരെക്കൂടുതലായതിനാലാണത്രേ ഇങ്ങനെ സംഭവിക്കുന്നത്.അങ്ങനെ വംശനാശം വന്നുപോകുന്ന ലിസ്റ്റില്‍പ്പെട്ടതായതുകൊണ്ട് നമ്മളിതിനെ നിയമസഭാമ്യുസിയത്തിലേക്ക് അയക്കുകയാണ് പതിവ്.അവിടുന്ന് പുറത്തു ചാടിയാല്‍ നാട്ടുകാര്‍ക്ക് പണി ഉറപ്പ്. കേരളത്തിന്‍റെ പൈതൃകസ്വത്തായതിനാല്‍ സര്‍ക്കാര്‍ ഇതിനെ കാര്യമായി സംരക്ഷിക്കുന്നു. എളുപ്പത്തിനു വേണ്ടി നമുക്കിവയെ പിള്ളേച്ചനും, മോനുമെന്നു വിളിക്കാം. അണകെട്ടി അകത്തായ പിള്ളേച്ചനെ പ്രത്യേക നിയമത്തിലൂടെയാണ് ചാണ്ടിസര്‍ക്കാര്‍ പുറത്തിറക്കിയത്.പോക്കറ്റടിച്ചുപിടിച്ചവന്‍ ജയിലില്‍തന്നെ; കോടികള്‍ കട്ട പിള്ളേച്ചന്‍ പുറത്ത്,ഇതാണ് രാജനീതിയെന്നൊക്കെ പറയുന്നത്.കോടികള്‍ കട്ട വകുപ്പില്‍ ഒരുവര്‍ഷം തടവാണ് കോടതി വിധിച്ചത്.ആ ഒരു വര്‍ഷത്തെ തടവും അനുഭവിച്ച് പിള്ളേച്ചന്‍ പുറത്ത് വന്നു. ജയിലില്‍കിടന്നത് ചില്ലറ ദിവസങ്ങള്‍ മാത്രം.ബാക്കി ദിവസങ്ങള്‍ ആശുപത്രയില്‍ ആയിരുന്നു.അവിടെക്കിടന്നാണ് ദിവസങ്ങള്‍തികച്ചത്. രാമാനുജനുപോലും മനസിലാകാത്ത കണക്കാണ് ദിവസം തികയ്ക്കാന്‍ പ്രയോഗിച്ചിരിക്കുന്നത്. ആകെ തടവ് മുന്നൂറ്റിയരുപത്തിയഞ്ചുദിവസം; അതില്‍ ജയിലില്‍ കിടന്നത്കുറയ്ക്കണം, അതിനെ ഹരിക്കണം, പിന്നെ ഗുണിക്കണം, വീണ്ടും കുറയ്ക്കണം, അതിനോട് ശിഷ്ടംകൂട്ടണം, പിന്നെ ഒന്ന്കൊണ്ട് ഗുണിച്ചാല്‍ വീണ്ടും മുന്നൂറ്റിയറുപത്തിയഞ്ചു കിട്ടുമെന്നാ.. പറയുന്നേ. അങ്ങനെയാണ് ദിവസങ്ങള്‍ തികച്ചത്. ഇതിനായി ലോകത്ത് ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒരസുഖം തന്നെയുണ്ടാക്കി. അങ്ങനെ രകതത്തില്‍നിന്ന് ഇരുമ്പ് ഉണ്ടാക്കുന്ന ഒരു വിദ്യയും കേരളിയര്‍ക്കു മനസിലായി,പന്ത്രണ്ട് ഇനം മാരക രോഗങ്ങളാല്‍ ഇപ്പൊ ചാകുമെന്നുപറഞ്ഞ മനുഷ്യനിപ്പോള്‍ തെരുവില്‍ പയറുപോലെ നിന്ന് തെറി വിളിക്കുന്നു. ദൈവത്തിനു സ്തുതി. രക്തത്തില്‍നിന്നും ശേഖരിക്കുന്ന തുരുമ്പ് പിടിക്കാത്ത ഈ ഇരുമ്പ് കൊണ്ട്; ആപ്പ് പോലുള്ള മാരകായുധങ്ങള്‍ ഉണ്ടാക്കാമെന്നും, ആരുടെയും ആസനത്തില് അടിച്ചുകേറ്റാമെന്നും വാളകം സംഭവം തെളിയിച്ചു. അധ്യാപകന്റെ ആസനത്തില്‍ കയറ്റിയ ആപ്പിനെക്കുറിച്ചു ഇന്നുവരെ കേരളാപോലീസിനു ഒരു തിരിപാടും കിട്ടിയിട്ടില്ല. ഇത്തരത്തിലുള്ള ആപ്പ് സാധാരണ ഉപയോഗിക്കുന്നത് അന്യഗ്രഹ ജീവികളാണന്നാണ് അവരുടെ നിലപാട്. അതിനുവേണ്ടി ചൊവ്വയിലേക്ക് ഒരു സംഘത്തെ അയക്കാന്‍ ഉദേശിക്കുന്നുണ്ട്. ആപ്പിന്റെ ഉടമയെ അറിയാമെന്ന് അന്ന്പറഞ്ഞ അദ്ധ്യാപകന്‍ പിന്നെയൊന്നും പറയുന്നുമില്ല.
ഇങ്ങനെ ഒരു വശത്ത് പിള്ളേച്ചന്‍ ഇരുമ്പ്‌രോഗം കൊണ്ട് കളിക്കുമ്പോള്‍.മോന് വെറുതെയിരിക്കാന്‍ പറ്റുമോ സിനിമയും, കാടുമാണ് വകുപ്പുകള്‍. രണ്ടും ഒന്നിനൊന്നു മെച്ചം.പടംപൊട്ടിയാല്‍ കാട്ടില്‍പോയി തപസിരിക്കാം.മാത്രമല്ല ഉല്ലാസയാത്രയും നടത്താം.വയനാട്ടിലെ സര്‍ക്കാര്‍വക ടൂറിസ്റ്റ് ബംഗ്ലാവില് താമസക്കാരെ ഒഴിവാക്കി അനുയായികള്‍ക്ക് പായ് വിരിക്കാന്‍ സ്ഥലം കൊടുത്തില്ലായെന്ന കാരണത്താല്‍ ജില്ലാവന്യജീവി ഓഫീസറെ അങ്ങ് ടെറാടൂണിലേക്കോ മറ്റോവാണ് തട്ടിയത്.വന്നത് പ്രത്യേക ഇനത്തില്‍പ്പെട്ട വന്യജീവിയാണെന്ന് ഓഫീസര്‍ക്ക് ഇപ്പൊ മനസിലായിക്കാണും. പക്ഷെ ആളു നന്ദിയുള്ളവനാണ്. ഒരാള് മാത്രമേ അത് നിഷേധിച്ചിട്ടുള്ളു. നമ്മുടെ കാവ്യ.ഇതൊരുമാതിരി വിളിച്ചുണര്‍ത്തിയിട്ട് ഊണില്ലായെന്ന് പറഞ്ഞപോലെയായിപ്പോയി. എന്നല്ലേ അവാര്‍ഡ്കിട്ടാത്തതില്‍ പ്രതിഷേധിച്ച് ആ കുട്ടി പറഞ്ഞുകളഞ്ഞത്. അപ്പൊ സംഗതി കൊടുക്കാമെന്നു നേരത്തെ പറഞ്ഞുവെന്നു വ്യക്തം. പിന്നെ എന്താ കൊടുക്കാഞ്ഞെയെന്ന് ചോദിച്ചാല്‍..... അതല്ലേ സിനിമ. അല്ലെ..നമ്മുടെ ദീലിപ് അണ്ണന് ചുമ്മാല്ലെ അങ്ങ് കൊടുത്തത്. അണ്ണന്‍ പോലും ഞെട്ടിപ്പോയി. പിന്നെ മറ്റേ കാര്യത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.പൊതുമുതല്‍ സ്വകാര്യവത്ക്കരിച്ചപ്പോള്‍ കൊടുത്ത ഒരു യാത്രയപ്പാണെന്നു കരുതിയാല്‍ മതി.
മന്ത്രിയുടെ സിനിമാ ഭരണത്തില്‍ തെണ്ടിപ്പോയത് നമ്മുടെ അബുവാണ്.നമ്മുടെ ആദമിന്‍റെ മകന്‍ അബുവെ. അങ്ങേരു ദേശിയ ജേതാവാണ്.അദേഹമത്നേടിയത് സ്വന്തം കഴിവ്കൊണ്ട് മാത്രാമാണെന്നതില്‍ തര്‍ക്കമില്ല. അങ്ങനെ ആരെങ്കിലും സ്വന്തം കഴിവ്‌കൊണ്ട് അവാര്‍ഡ് നേടിയാല്‍ കെണിഞ്ഞത് തന്നെ. പിന്നെ ഒരു കാര്യത്തിലും അവനെ പരിഗണിക്കില്ല. അങ്ങനെയാണ് സലിംകുമാറിന്റെ ‘പൊക്കാളി’ വെറും തക്കളിയായിമാറിയത്.അന്ന് വാര്‍ത്തസമ്മേളനത്തില്‍ സലിംകുമാര്‍ പറഞ്ഞത് എഴുപത്തിരണ്ട്മണിക്കൂര്‍ കഴിഞ്ഞാല്‍ താന്‍ പ്രതികരിക്കുമെന്നാണ്. എഴുപത്തിരണ്ട് മണിക്കൂറും കഴിഞ്ഞു; എഴുപത്തിരണ്ട് ദിവസവും കഴിഞ്ഞു ഒരു ചുക്കും സംഭവിച്ചില്ല.ജാദുവിനെ പേടിച്ചിട്ടാണോ എന്നറിയില്ല. സിനിമ വ്യവസായത്തെ രക്ഷിക്കാന്‍ അപ്പ്‌ലോഡിംഗ്, ഡൌണ്‍ലോഡ്ങ്ങ്കാരുടെ വരിയെടുക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.അതുകൊണ്ടിപ്പോ നെറ്റിലെങ്ങും മരുന്നിനുപോലും; ഒരുമലയാള സിനിമയും കിട്ടാനില്ല.കേരളത്തിലെ സി.ഡി.ഷോപ്പുകളിലൊക്കെ ഇപ്പോള്‍ ബീവറേജിന്‍റെ മുന്നിലെക്കാള്‍ വലിയ തിരക്കാണ്. ഇങ്ങനെ മൊത്തത്തില്‍ സിനിമാമേഖലയില്‍ മന്ത്രി നടത്തുന്ന ഉദ്ധാരണം കണ്ടു സന്തോഷിച്ചിരിക്കുമ്പോളാണ്; ചില കത്തുകള്‍ പുറത്ത് വന്നിരിക്കുന്നത്. പെരുംതച്ചന്‍റെ ജാദു; മകന്‍റെ ജാദുവിനൊട്ട് ഒരു പണി കൊടുത്തതാണ്; കത്ത് ചോരാന്‍ കാരണമെന്ന് പറയപ്പെടുന്നു.
കേന്ദ്രപരിസ്ഥിതി,വനംവകുപ്പ് മന്ത്രി ജയന്തിനടരാജന് ഗണേശമന്ത്രി; അയച്ച കത്തുകളാണ് പുറത്ത് വന്നിരിക്കുനത്. ചില ആനക്കൊമ്പ് പ്രേമികളെ രക്ഷിക്കാനാണ് മന്ത്രി, ഇങ്ങനെ തുര്തുരാ കത്തുകള്‍ എഴുതിയതെന്നാണ് ആരോപണം.ചില പ്രത്യക സാഹചര്യത്തില്‍ സംഭവിച്ച പോയ ഒരു റെയിഡില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ചില്ലറ ആനക്കൊമ്പുകളൊക്കെ കണ്ടെടുത്തിരുന്നു.നമ്മുടെ മന്ത്രിയും,ലാലും കൂട്ടുകാരായതിനാല്‍ കേസും,അറസ്റ്റുമൊന്നും സംഭവിച്ചില്ല; അത്രയേയുള്ളൂ...ആന പോയിട്ട്, ആന പിണ്ഡമെന്നു പറഞ്ഞാല്‍ ആറുമാസം അഴിയെണ്ണുന്ന നാട്ടിലാണ് കൊമ്പ് കണ്ടെടുത്തിട്ടും ഒന്നും സംഭാവിക്കാഞ്ഞത്. കിണറ്റില്‍ വീണുചത്തമൂരിയുടെ ഇറച്ചി, മാനിറച്ചിയാണെന്ന് പറഞ്ഞുവിറ്റ കുഞ്ഞുവറീത് ഫോറസ്റ്റ്‌കാരുടെ ഇടികൊണ്ട് ഇപ്പോഴും മൂത്രം പോകാതെ നടക്കുകയാണ്.ആറുമാസമെടുക്കും മണ്ണൂത്തിലാബില്‍നിന്നും ഇറച്ചി മൂരിയുടെതാണോ മാനിന്‍റെയാണോന്നുമുള്ള റിസള്‍ട്ട് കിട്ടാന്‍. അതുവരെ വറീത് അഴിക്കുള്ളില്‍ തന്നെ. നാട്ടുപന്നിയെ തല്ലിക്കൊന്ന്,കാട്ടുപന്നിയാണെന്ന് പറഞ്ഞ്, ഇറച്ചിവിറ്റ കുഞ്ഞപ്പനും ഫോറസ്റ്റ്കാരുടെഇടി തൂറുവോളം കിട്ടി. കറിവെച്ച ചട്ടിയടക്കമാണ് കൊണ്ടുപോയത്.ചട്ടിയും കറിയും ഇപ്പോഴും മണ്ണുത്തിലാബിലാണ്. കുഞ്ഞപ്പന്‍ ജയിലിലുമാണ്. കാട്ടിറച്ചിയാണെന്ന് ചുമ്മാ പറഞ്ഞാല്‍ മതി പണിതീര്‍ന്നത്തന്നെ. കുടകില്‍നിന്നും അറക്കാന്‍ കൊണ്ടുവന്ന കൊക്കികാളയുടെ വലിയകൊമ്പിന് വെള്ളപെയിന്‍റ് പൂശി ആനക്കൊമ്പാണെന്ന് പറഞ്ഞ് ഷോക്കേസില്‍ വെച്ചതിന്‍റെ പുലിവാല് ഇപ്പോഴും തീര്‍ന്നിട്ടില്ല. അപ്പോഴാണ് ഇവിടെ ആനക്കൊമ്പും പിടിച്ച്നടന്നിട്ടും ഒന്നും സംഭവിക്കാത്തത്. ലാലിന് വേണ്ടി നിയമം തന്നെ മാറ്റിയെഴുതണമെന്നാണ് ഗണേശന്‍ പറയുന്നത്.
വന്യമൃഗങ്ങളുടെ ശരിരഭാഗങ്ങള്‍ സൂക്ഷിക്കണമെങ്കില്‍ അതിനു ലൈസന്‍സ് വേണമെന്നതാണ് നിയമം. അതിന് അപേക്ഷിക്കാനുള്ള സമയം നേരത്തെ കഴിഞ്ഞു. അ സമയമൊന്നു നീട്ടികിട്ടണമെന്നതാണ് ഗണേശന്റെ ആവശ്യം.അങ്ങനെ വന്നാല്‍ ലാലിന് ഊരിപ്പോരാം. ഇത് നടക്കുന്നകാര്യമല്ല മോനെ ഗണേശാ എന്ന് പറഞ്ഞുകൊണ്ട് ജയന്തിനടരാജന്‍ കത്തുകീറി ചവറ്റുകൊട്ടയിലെറിഞ്ഞന്നാ..കേള്‍ക്കുന്നേ.. ഒന്‍പതുവര്‍ഷം മുന്‍പ് കഴിഞ്ഞകാലവിധി; നീട്ടണമെന്നുള്ളത് ലാലിനെക്കാളുപരി അമ്പലങ്ങള്‍ക്കും,സന്യാസമടങ്ങള്‍ക്കും വേണ്ടിയാണെന്നാണ് ഹരിതകുമാരന്‍ പ്രതാപന്‍ പറയുന്നത്. അവിടെയാണുപോലും ഇപ്പൊ ആനക്കൊമ്പുകളൊക്കെയുള്ളതെന്നാണ് അങ്ങേരു പറയുന്നത്.എന്നാല്‍ ലാലിനെതിരെ കേസ് വന്നപ്പോള്‍ മാത്രമാണോ ഇതിനെക്കുറിച്ച് ഓര്‍ത്തതെന്നുള്ള മറുചോദ്യം നിലനിക്കുന്നു.എതായെലും ഒരു കാര്യം മനസിലായി വമ്പന്‍മ്മാര്‍ക്കുവേണ്ടി നിയമവും വഴിമാറുമെന്ന്. നിയമം ഒരു ചിലന്തിവല മാത്രമാണെന്നും, ചെറുജീവികള്‍ മാത്രമാണതില്‍ കുടുങ്ങുകയെന്നും; വമ്പന്‍മ്മാരത് പൊട്ടിച്ചുരക്ഷപ്പെടുമെന്നും പറയുന്നത്; ശരിയായിരിക്കുമോ.........................
No comments:
Post a Comment