**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, September 21, 2012

ബിയര്‍ കുടിക്കുന്ന പരിഷ്കാരം..............

         
     രണ്ട് കഴുതകള്‍തമ്മില്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. ഒന്നാമന്‍, എനിക്കിവിടെ ഭയങ്കര കഷ്ടപ്പാടാണ്, ഒരു വിധമങ്ങ് ജിവിച്ചു പോകുന്നതേയുള്ളൂ. രണ്ടാമന്‍, എന്നാല്‍ നിനക്കവിടുന്നു ഒളിച്ചോടാന്‍ മേലായിരുന്നോ. ഒന്നാമന്‍, ഏയ്‌ഇല്ല; ഇവിടെ പിടിച്ചുനിന്നാല്‍ ഞാന്‍ നല്ലൊരു ഫ്യൂച്ചര്‍ കാണുന്നുണ്ട്. രണ്ടാമന്‍, എന്താണത്? ഒന്നാമന്‍, യജമാനനു സുന്ദരിയായ ഒരു മകളുണ്ട്; അദേഹം ഇടയ്ക്കിടെ അവളോട്‌പറയുന്നത് കേള്‍ക്കാം നിന്നെ ഞാന്‍ ആ കഴുതയെക്കൊണ്ട് കെട്ടിക്കുമെന്ന്. അത്കൊണ്ട് ഞാന്‍ പ്രതിക്ഷ കൈവിട്ടിട്ടില്ല. എങ്ങനെയുണ്ട്‌ കഴുതയുടെ ഭാവിസ്വപ്നം? നമ്മുടെ സ്വപ്നങ്ങളും ഇങ്ങനെയൊക്കെ തന്നെയാകുമോന്നാ ഇപ്പോള്‍ പേടി. സര്‍ക്കാരിനെക്കൊണ്ട് തോറ്റു. ഒരുതരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ല. ആത്മഹത്യകൂട്ടി ജനസംഖ്യനിയന്ത്രിക്കുന്ന ഒരു പ്രത്യേക പരിഷ്ക്കരണമാണ് സര്‍ദാര്‍ജി ഇപ്പോള്‍ പ്രയോഗിക്കുന്നത്. അതിന്‍റെ തുടക്കമെന്ന നിലയില്‍ ആത്മഹത്യ കുറ്റകരമാണെന്ന നിയമം തന്നെ മാറ്റാന്‍ പോകുകയാണ്. ജനത്തിന്‍റെ കീശയില്‍ പത്തുപൈസ കണ്ടാല്‍ മതി അങ്ങേരത് എങ്ങനെയെങ്കിലും തട്ടിയെടുക്കും; അതിനു എന്ത് തന്ത്രവും പ്രയോഗിക്കും.

   ഇപ്പോഴിതാ നികുതിയടക്കുന്നത് പൌരന്‍റെ കടമയാക്കി മാറ്റുന്ന പുതിയ ഭരണഘടനാഭേദഗതി വരാന്‍ പോകുന്നു.നികുതി അടച്ചാല്‍ പൌരന് കിട്ടേണ്ടതായിട്ടുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ കിട്ടുന്നുണ്ടോ എന്നതില്‍ ചോദ്യമില്ല.അത് നേതാക്കന്മാര്‍ക്ക് കിട്ടുന്നുണ്ട്‌ അത്കൊണ്ട് ജനങ്ങള്‍ക്ക്‌ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.വിലക്കയറ്റത്തിന് ആനുപാതികമായി തങ്ങളുടെ ശമ്പളവും,ബത്തയും,മറ്റു ആനുകൂല്യങ്ങളും കൂട്ടാന്‍ നമ്മുടെ നേതാക്കള്‍ ഒറ്റക്കെട്ടാണ്.അതില്‍ ആര്‍ക്കും ഒരു അഭിപ്രായവ്യത്യാസവുമില്ല.നമ്മളെ രക്ഷിക്കാനുള്ള കാര്യത്തില്‍ മാത്രാമേ അഭിപ്രായവ്യത്യാസമുള്ളു.  നികുതി പിരിക്കാനുള്ള എല്ലാ വകുപ്പുകളും ഇവിടെ ഇപ്പോള്‍ തന്നെ പ്രയോഗത്തിലുണ്ട്. പക്ഷെ കൊടുക്കേണ്ട ഒരുത്തനും അത് കൊടുക്കാറില്ലായെന്നു മാത്രം.വന്‍കിടമുതലാളിമാരുടെ കയ്യില്‍ നിന്നും കോടികള്‍ തന്നെ കിട്ടാനുണ്ട്. അതൊന്നുംപിരിച്ചെടുക്കാന്‍ ഒരു നടപടിയുമില്ല. കഞ്ഞിക്ക് വകയില്ലാത്തവന്‍ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോഴും,വീട്ടു നമ്പര്‍ ചോദിക്കുമ്പോഴും ഈ വര്‍ഷത്തെ നികുതി അടച്ചോ എന്നതാണ് ആദ്യ ചോദ്യം. കേട്ടാല്‍ തോന്നും കോടികള്‍ അടയ്ക്കാനുണ്ടെന്നു. നൂറുരൂപയില്‍ താഴെയുള്ള തുകയ്ക്കാണ് ഈ നിര്‍ബന്ധം എന്നോര്‍ക്കണം. വല്ല വിധേനയും ഇതു അടച്ചാലോ; പിന്നെ പടിയായി.. പ്യൂണിന്,ക്ലാര്‍ക്കിന്,സൂപ്രണ്ടിനു ഇങ്ങനെ കാണിക്കയിടേണ്ട ലിസ്റ്റു നീണ്ടു പോകുന്നു.ഇങ്ങനെ രാഷ്ട്രിയക്കാരെയും ഉദ്യോഗസ്ഥരെയും കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ്, കോടതി വിധികള്‍ പലപ്പോഴും രക്ഷയ്ക്കെ ത്തുന്നത്‌. അടുത്ത കാലത്തായി കോടതികള്‍ ജനങ്ങള്‍ക്ക്‌വേണ്ടി രംഗത്ത് വരുന്നത് കണ്ടതാണ്.ഇതൊരു നല്ല തുടക്കമാണെന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നത്.അങ്ങനെ ചവിട്ടും തൊഴിയും കൊണ്ടാലും ഒരു നല്ല കാലം വരുമെന്ന് കരുതിയിരിക്കുമ്പോഴാണ്; അതില്‍തന്നെ ചില പൊട്ടലും ചീറ്റലുമൊക്കെ കേള്‍ക്കുന്നത്.

  ഒരു കുലയിലെ എല്ലാം നല്ലതായിരിക്കണമെന്നില്ലല്ലോ. കൂട്ടത്തില്‍ ചില പേടും,കേടുമൊക്കെ കാണും. സഹിച്ചല്ലേ പറ്റൂ.നമ്മുടെ പഴയ ചീഫ്‌ജസ്റ്റിസ്‌ കെജി ബാലകൃഷ്ണനെക്കുറിച്ച് കേള്‍ക്കുന്ന ചില ആരോപണങ്ങളോക്കെ ഇതിനോട് കൂട്ടി വായിക്കാം.ദോഷം പറയരുതല്ലോ അങ്ങേരിപ്പോള്‍ നല്ല ഒരു പോസ്റ്റില്‍ തന്നെ സര്‍ക്കാരിനെ സേവിക്കുന്നുണ്ട്.ഒരു കാലത്ത് സര്‍ക്കാരിനെ നിയന്ത്രിച്ച ആളാണ്‌.ഇപ്പോള്‍ നല്ല പെന്‍ഷനും കിട്ടുന്നുണ്ട്‌.എന്നാലും ഇപ്പോള്‍ സര്‍ക്കാര്‍ സേവകന്‍. ജനസേവകന്‍ ആണോന്നു അറിയില്ല.അങ്ങേരുടെ മരുമകന്‍ ശ്രീനിജന്‍ ഒരു ഭയങ്കര ജനനേതാവായിരുന്നു.പാര്‍ട്ടി ഏതാണന്നു ചോദിക്കരുത്.ഗാന്ധിയെ മറന്ന്,നോട്ടിലെ ഗാന്ധിയെ മാത്രം ആശ്രയിക്കുന്ന പാര്‍ട്ടിയാണ്. ഒരുകാലത്ത്, കാല്‍കാശിനു ഗതിയില്ലാതിരുന്ന കേസില്ലാവക്കില്‍ ഇന്നിപ്പോള്‍ കോടിപതിയാണ്. ചില്ലറ റിസോര്‍ട്ടും ഭൂമി കയ്യേറലുമൊക്കെയായി അങ്ങനെ പോകുന്നതിനിടയിലാണ്,ഇതിലൊക്കെ ബാലകൃഷണനും പങ്കുണ്ടെന്ന് ആരോ പറഞ്ഞത്.ശ്രീനിജന് എതിരെ അനധികൃതമായി സ്വത്തു സമ്പാധിച്ചതിനു വിജിലന്‍സ്‌ കേസും വന്നു.ഏതായാലും നിയമപരിചയം അവിടെ നന്നയി പ്രവര്‍ത്തിച്ചു. ശ്രീനിജന്‍ പാര്‍ട്ടിയില്‍നിന്നും രാജിവച്ചു അങ്ങനെ പൊതുപ്രവര്‍ത്തക അഴിമതി നിയമപ്രകാരം എടുത്ത കേസ് അസാധുവായി.അങ്ങനെ കയ്യേറ്റവും,വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസുമെല്ലാം എവിടെയോ പോയി. എന്നാല്‍ കയ്യേറ്റവും,അനധികൃത സ്വത്തും അതേപടി നിലനില്ക്കുന്നു.അതാണ് കുടുംബത്തു ജഡ്‌ജിയുണ്ടായാല്‍ ഗുണം.
  
 ഇതൊന്നുമല്ല ഇവിടെ പ്രശ്നം.നമ്മുടെ കോടതി ഒരു അഭിപ്രായം പറയുകയുണ്ടായി; നമുക്കിനി കള്ളുപരിപാടി നിറുത്തി ബിയര്‍ ആക്കിയാലോ എന്ന്.അതാകുമ്പോള്‍ വ്യാജന്‍ അശേഷം ഉണ്ടാവില്ല എന്നാണ് നിരിക്ഷണം.മാത്രമല്ല എമേര്‍ജിംഗ്കേരളത്തിന്‌ നാണാക്കേടും.ഓണത്തിന് പണികിട്ടിയോ എന്ന് ചോദിക്കുന്നില്ല.നിരീക്ഷണം കേള്‍ക്കുമ്പോഴേ മനസിലാകേണ്ടവന് മനസിലാവും.എന്നാല്‍ നമുക്കീ കള്ളുകച്ചവടം തന്നെയങ്ങു നിറുത്തിക്കൂടെ എന്നാണ് നിരീക്ഷിച്ചിരുന്നതെങ്കില്‍ എത്ര നന്നായിരുന്നു.ഇതിപ്പോള്‍ പടപേടിച്ചു പന്തളത്ത്ചെന്നപ്പോള്‍അവിടെ പന്തംകൊളുത്തിപ്പട എന്നപോലെയായി കാര്യങ്ങള്‍. ഘട്ടംഘട്ടമായി മദ്യ നിരോധനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറയുന്നു.ആ കാര്യത്തില്‍ ഇവിടെ യാതൊരു സംശയവും ഇല്ല.കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ മദ്യമേ കിട്ടാനുണ്ടാവുകയില്ല. മുഴുവന്‍ കുടിച്ചു വറ്റിക്കും.ഓരോ വര്‍ഷവും ആ ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്.

        ഇക്കുറി ഓണത്തിന് കേരളം നൂറുകോടിയുടെ മദ്യമാണ് കുടിച്ചത്.അതില്‍ ചാലക്കുടിയ്ക്കാണ് ഒന്നാം സ്ഥാനം. അറുപത്തിരണ്ടു കോടിയുടെ വെള്ളമടി അവിടെ നടന്നു.കേരളത്തിന്റെ സാംസ്കാരികതലസ്ഥാനമാണ് തൃശൂര്‍. അവിടെത്തന്നെയാണ് ഇങ്ങനെ ഒരു നേട്ടമെന്നത് നമ്മുടെ സംസ്കാരത്തിന്റെ വളര്‍ച്ച തന്നെയാണ്.മാത്രമല്ല രാജാവ് സന്ദര്‍ശനത്തിനു വരുമ്പോള്‍ പ്രജകളെല്ലാം ഇങ്ങനെ കിറുങ്ങിയടിച്ചു നില്ക്കുന്നതാണ് ഇപ്പോഴത്തെ ഒരു സ്റ്റൈല്‍. മഹാബലിയും തികഞ്ഞ ഒരു കുടിയന്‍ ആണെന്ന് അങ്ങേരുടെ വയറുകണ്ടാലറിയാം പിന്നെ പ്രജകളായിട്ട് എന്തിനു കുറയ്ക്കണം. അദേഹം നാടനാണോ ഫോറിനാണോകഴിച്ചിരുന്നത് എന്നതിലേ തര്‍ക്കമുള്ളൂ. കേരളത്തില്‍ ഇപ്പോള്‍ എല്ലാം എമേര്‍ജിഗ് ആയതിനാല്‍ മദ്യപാനത്തിലും അത് വേണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തികച്ചും ന്യായമാണ്.നാട്മുഴുവന്‍ നിക്ഷേപം വരുമ്പോള്‍ കള്ളുഷാപ്പിലും നിക്ഷേപം വരുമെന്നത് ഉറപ്പാണ്‌. അപ്പൊപിന്നെ അതിന്‍റെ കെട്ടും മട്ടുമൊക്കെ ഒന്ന് മാറ്റെണ്ടേ. വെളുത്ത ബോര്‍ഡില്‍ കറുത്ത അക്ഷരത്തില്‍ കള്ളുഷാപ്പ് എന്ന് എഴുതുന്നത്‌ഒരു മോശം തന്നെയാണ്.മാത്രമല്ല ഏറ്റവും കൂതറകളുടെ ആവാസകേന്ദ്രംകൂടിയാണത്.

സായ്പ്പെങ്ങാനും ഒന്ന് കയറിച്ചെന്നാല്‍ എന്താണ് അവസ്ഥ. കുറെയെണ്ണം അകത്ത്, കുറെയെണ്ണം നിലത്ത്, കുറെയെണ്ണം കിറിയില്‍ പട്ടിമുള്ളി വഴിയില്‍, തുണിയുള്ളവനും ,അതില്ലാത്തവനും, അത് പറിച്ച്തലയില്‍ കെട്ടിയവനും... ഹോ... മോശം ചിന്തിക്കാനേ വയ്യ. ഒടിഞ്ഞബെഞ്ചും,മുട്ടത്തോടും,കപ്പയും,മത്തിക്കറിയുടെ മണവും, ഴ ഴ.. ഷഷ.. ള ള... വ.. ശ.. സ.. ഷ.... രീതിയുള്ള സംസാരവും.മോശം മോശം.... ഇത് പണ്ടേ നിരോധിക്കേണ്ടതായിരുന്നു. പാറ്റയും, ഈച്ചയും, ഉറുമ്പുമൊക്കെ വീണുകിടക്കുന്ന കള്ളിനെ കണ്ടാല്‍മതി; നമ്മുടെ നിലവാരം പോകും. പിന്നെ ഒരു നിക്ഷേപവും ഇങ്ങോട്ട് വരില്ല. അത്കൊണ്ട് അടിയന്തിരമായി എല്ലാ കവലയിലും ഓരോ ബിയര്‍ പാര്‍ലറുകള്‍ തുറക്കണം.അതാകുമ്പോള്‍ നല്ലനിറം, നല്ലകുപ്പി; പൊന്‍മാന്‍,കല്യാണി, കളവാണി തുടങ്ങിയ സുന്ദരന്‍ പേരുകളും... കേള്‍ക്കുമ്പോള്‍ തന്നെ ഗോഡ്സ് ഓണ്‍ കണ്‍ട്രി ഓര്മ്മ വരും.നിരോധനത്തിന്റെ ആദ്യപടിയായി ഷാപ്പെല്ലാം പൂട്ടിക്കണം, കള്ളു നിരോധിക്കണം എന്നിട്ടും രക്ഷയില്ലെങ്കില്‍ കേരളത്തിലെ തെങ്ങും പനയുമെല്ലാം വെട്ടിക്കളയാന്‍ ഉത്തരവിടണം.പിന്നെയും രക്ഷയില്ലെങ്കില്‍ എല്ലാ കുടിയന്മ്മരെയും നിരത്തിനിറുത്തി വെടിവെയ്ക്കണം.ഈ പരിഷ്ക്കാരവും വികസനവുമൊക്കെ വരുമ്പോള്‍ അതിനു തടസ്സം നില്‍ക്കുന്നവനെയൊക്കെ വെട്ടിനിരത്തുന്നത് പാപമേയല്ല.ഇങ്ങനെ ചെയ്ത വേറെചില ആള്‍ക്കാരും ചരിത്രത്തില്‍ ഉണ്ട്.അവശരേയും, വികലാംഗരെയും തട്ടിക്കളയാന്‍ ഉത്തരവിട്ട നേതാവാണ് ഹിറ്റ്‌ലര്‍, അമേരിക്കയില്‍ താമസമാക്കിയിരുന്ന റെഡ്‌ഇന്ത്യന്‍ വംശജരെ മുഴുവന്‍ ഓടിച്ചിട്ടാണ് സായ്പ്പവിടെ പുതിയരാജ്യം ഉണ്ടാക്കിയത്.അതുപോലെ നമ്മുടെ ചാന്ദ്നി ചൌക്കിലെ പാവങ്ങളുടെ കിടപ്പാടങ്ങള്‍ ഒറ്റ രാത്രികൊണ്ടല്ലേ നമ്മള്‍ നിരത്തിയത്. വികസനത്തിന്; നിലവിളികള്‍ ഒരു തടസമാകരുത് എന്ന് ചിന്തിക്കുന്ന നിയമവുംഭരണവും കേരളത്തിലും വരികയാണെങ്കില്‍ പിന്നെ പേടിക്കാനില്ല. ജനപ്പെരുപ്പം എന്ന പ്രശ്നം ഇതോടുതീരും വ്യവസായത്തിനും എക്സ്പ്രസ് ഹൈവേയ്ക്കും ഇഷ്ടംമാതിരി ഭൂമിയുംകിട്ടും.കാരണം കേരളത്തിലെ ജനസംഖ്യയില്‍ അറുപതു ശതമാനവും വൃദ്ധരും രോഗികളുമാണെന്നാണ് കണക്കുകള്‍ പറയുന്നത്.വിജ്ഞാനം വിവേകത്തെയും,പ്രായം പക്വതയെയും ജനിപ്പിക്കുന്നുവെന്നാണ് പറയാറ് എന്നാല്‍ ചിലകാര്യങ്ങളിലെങ്കിലും ഇവ ഭോഷന്മാരെയാണ് ജനിപ്പിക്കുകയെന്നത് ഇപ്പോള്‍ മനസിലായി......................


1 comment:

  1. ശക്തമായ ഭാഷ നന്നായി എഴുതിയിരിക്കുന്നു , കോടതി മുന്നില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാതെ ഭരണാധികാരികള്‍ ചെയ്യേണ്ട കാര്യങ്ങളില്‍ തലയിടുന്നു , കോടതി പറഞ്ഞു കോടതി പറഞ്ഞു എന്ന് ചാനലുകള്‍ മുറവിളി ഇടുന്നു, കോടതി അല്ല ഒരു ജട്ജു ആണ് പറഞ്ഞത് , പകല്‍ ബാര്‍ വേണ്ട, കള്ള് വേണ്ട ഇങ്ങിനെയും ആ ജട്ജു അഭിപ്രായപ്പെട്ടു, വിധിച്ചതല്ല, അങ്ങിനെ പലര്‍ക്കും പല അഭിപ്രായവും കാണും , അതെല്ലാം കോടതി പറഞ്ഞതല്ല, ഒന്പതരക്ക് തന്നെ വന്‍ ക്യൂ ആണ് ബിവറേജസ് ഔട്ലടുകളുടെ മുന്നില്‍, അതിന്റെ കൂടെ നോര്‍ത്ത് ഈസ്റ്റില്‍ നിന്നും വരുന്ന ആളുകളും ചേരുന്നു അവര്‍ക്ക് മദ്യം നിത്യവും വേണം അവിടെ അത് ജീവിതത്തിന്റെ ഭാഗം ആണ് , രണ്ടു ദിവസം അവധി ആണെങ്കില്‍ ലാത്തിച്ചാര്‍ജു വേണ്ടി വരും ക്യൂ നിയന്ത്രിക്കാന്‍ , പലയിടയ്ത്തും ക്യൂ തൊഴിലാളികളും ഉണ്ട് , അങ്ങിനെ തന്നെ ദിവസം ആയിരം രൂപ മിനിമം ഉണ്ടാക്കുന്നവര്‍ , ഇവിടെ സര്‍ക്കാര്‍ പറയേണ്ടത് ഭരണം കോടതി തങ്ങള്‍ക്കു വിടുക എന്നതാണ്

    ReplyDelete