**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, September 17, 2012

ബില്ല് കണ്ട മുഖ്യമന്ത്രിയ്ക്ക്; പനി

       
  നാട്ടില്‍നിന്ന് ആദ്യമായി തൃശൂര്‍പൂരംകാണാന്‍ പോയ വേലായുധന്‍; വെടി കണ്ടുപേടിച്ചു നാല് ദിവസത്തോളം പനിയും,വയറ്റിളക്കവും പിടിച്ചു ആശുപത്രിയിലായിരുന്നുവെന്നൊരു കഥകേട്ടിട്ടുണ്ട്. ഏതായേലും പൂരത്തിനോളും വന്നില്ലെങ്കിലും; കൊച്ചിയില്‍ നടന്ന ചെറുപൂരം കണ്ടിട്ടാണോയെന്നറിയില്ല, നമ്മുടെ മുഖ്യമന്ത്രി പനിപിടിച്ചു കിടപ്പിലാണെന്നാണ് വിവരം. എന്തോകണ്ട് പേടിച്ചതാണ് പോലും. എന്ത് കണ്ടിട്ടാണ് അദേഹത്തിന് പേടി തട്ടിയതെന്നതിനെക്കുറിച്ച് പുതിയ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എമേര്‍ജിംഗ്കേരള ആഘോഷത്തിന്‍റെ ബില്ല് കണ്ടിട്ടാണ്; എന്നൊരു സ്ഥിരികരിക്കാത്ത വാര്‍ത്തയുണ്ട്.

   കൊച്ചിയില്‍ വന്നപ്പോഴാണ് നമ്മുടെ പൂരംകഴിഞ്ഞ പൂരപ്പറമ്പ് ഒന്ന് കണ്ടിട്ട്പോകാമെന്ന് വച്ചത്. കൊച്ചുകുട്ടിയായിരുന്നപ്പോള്‍ മുതലുള്ള ഒരു ശീലമാണത്. ഉത്സവം കഴിഞ്ഞ ഉത്സവപ്പറമ്പുകളിലെ സന്ദര്‍ശനം. പൊട്ടാതെ കിടക്കുന്ന കടലാസ്പടക്കങ്ങളും, വഴിവാണിഭക്കാര്‍ ഉപേക്ഷിച്ച്പോകുന്ന കളിപ്പാട്ടങ്ങളും, ബലൂണുകളുമൊക്കെ പെറുക്കാനായിരുന്നു ആ യാത്ര. അപ്പനുവമ്മയും ചുറ്റുപാട് കുറഞ്ഞവരായതിനാല്‍ മക്കളെല്ലാം പലപ്പോഴും ഉത്സവപ്പറമ്പിലെ കാഴ്ചക്കാര്‍ മാത്രമായിരുന്നു. മിട്ടായിയും, ഐസ്ക്രീമും നുണയുന്ന; കാശുപിള്ളേരുടെ വായ്‌നോക്കി അഭിപ്രായം പറഞ്ഞും സംതൃപ്തിയടഞ്ഞിരുന്ന കാലമായിരുന്നു അത്.പൊട്ടിയ ബലൂണുകളും, പറിഞ്ഞ കാറ്റാടികളും, തിരിപോയ കടലാസ്പടക്കങ്ങളും പെറുക്കിയെടുത്ത്‌ ഞങ്ങളും പൂരം ആഘോഷിച്ചു. എന്നാലും; അന്നും ഇന്നും കക്കാനുംമോഷ്ട്ടിക്കാനും പോയിട്ടില്ല. ദൈവാധീനത്താല്‍ ഇന്ന് വരെ  അങ്ങനെ ഒരു സാഹചര്യവും വന്നിട്ടുമില്ല. എങ്കിലും പൂരം കഴിഞ്ഞ പൂരാപറമ്പ്‌ സന്ദര്‍ശിക്കുന്ന ശീലം ഇപ്പോഴും മുടങ്ങിയിട്ടില്ല. അങ്ങനെയാണ് നമ്മുടെ എമേര്‍ജിംഗ് പൂരം നടന്ന പറമ്പിലേക്ക് വന്നത്. മൈക്സെറ്റുകാരനും, പന്തലുകാരനുമൊക്കെ ആരെയോ പ്രാകികൊണ്ട് പണിചെയ്യുന്നു. അവരാണല്ലോ എല്ലാ പരിപാടികളുടെയും അവസാനക്കാര്‍.

   പരിപാടി നടത്തിയത് സര്‍ക്കാരാണെങ്കിലും; കാശുപോകുന്നത് നമ്മുടെയാണല്ലോ. അതുകൊണ്ട് ചുമ്മാ, ആ; കണക്കൊന്നു നോക്കാമെന്ന് വച്ചു. പേര് പുറത്തു പറയില്ലെങ്കില്‍; ചായകുടിക്കാനും ബീഡിവലിക്കാനും പിന്നെ അല്ലറചില്ലറ ഉല്ലാസത്തിനുമായി ചിലവാക്കിയ ചില്ലറകളെപ്പറ്റി പറയമെന്നായി ചിലര്‍. പോരുന്നത് പോരട്ടെയെന്നു വച്ചു. ഏതാണ്ട് പതിനഞ്ചുകോടി രൂപ; ഈ വകുപ്പില്‍ പൊട്ടിച്ചു കഴിഞ്ഞു. ഇതൊരു കൊട്ടത്താപ്പ് കണക്കാണ്. വി.ഐ.പി കളുടെ കൊച്ചുമക്കള്‍ക്ക്‌ പാമ്പര്‍ വാങ്ങിയ ചിലവുകള്‍വരെയുള്ളത് വരാനിരിക്കുന്നതേയുള്ളു. മുപ്പത്തിയാറു രാജ്യങ്ങളില്‍ നിന്ന് വന്ന ആയിരത്തിയഞ്ഞൂര് പ്രതിനിധികള്‍, മന്ത്രിമാര്‍ മറ്റു വി.ഐ.പി കള്‍ എന്നിവര്‍ക്ക് സൌജന്യതാമസത്തിനായി നഗരത്തിനു പുറത്തും അകത്തുമായി, ഇരുപത്തിമൂന്നുഹോട്ടലുകളാണ് ബുക്ക്‌ ചെയ്തത്.ഇതില്‍തന്നെ മുന്തിയവന്മാര്‍ താമസിച്ചത് പഞ്ചനക്ഷത്രഹോട്ടലായ ലെ മെറിഡിയനിലായിരുന്നു. മന്ത്രിമാരില്‍ പലരും വി.ഐ.പി കളും കുടുംബസമേതമാണ് പരിപാടിക്ക് വന്നത്. ഒറ്റയ്ക്ക് വിട്ടാല്‍ കൈവിട്ടു പോകുമെന്ന ഭയംകൊണ്ടാണോയെന്നറിയില്ല. ഏതായേലും അച്ചാറുകൃഷിയെപ്പറ്റി എമെര്‍ജിങ്ങില്‍ പഠനമൊന്നുംനടന്നതായി കേട്ടില്ല. ഓസില്‍കിട്ടുന്ന ചാന്‍സല്ലെ, കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി......മൂന്ന് ദിവസം കൊണ്ട് മാത്രം ലെമെറിഡിയനില്‍ നിന്ന്മാത്രമായി ഏതാണ്ട് ഇരുപതിനായിരം പേര് ഭക്ഷണം കഴിച്ചുവെന്നാണ് അവരുടെ കണക്ക്. ഇരുപത്തിനാല്മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആഗോളഅടുക്കളയാണ് അവിടെ ഒരുക്കിയിരുന്നത്. വന്ന വി.ഐ.പി കളും മന്ത്രിമാരുടെ കുടുംബാംഗങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഉല്ലസിക്കാന്‍ പോയവകയില്‍ വണ്ടിവാടക മാത്രം ലക്ഷങ്ങള്‍വരും. കുമരകം, വേമ്പനാട് കായലുകളില്‍ എമേര്‍ജിംഗ്നു വേണ്ടി ഓടിയ ഹൌസ്ബോട്ടുകളുടെ കണക്ക്‌ വരാനിരിക്കുന്നതേയുള്ളു. കൊച്ചുപിച്ചടക്കം കുഞ്ഞുകുട്ടി പരാധീനങ്ങളുമായി വന്നവനോക്കെ നമ്മളെ ശരിക്കും ഊറ്റി എന്നര്‍ത്ഥം.

    പ്രാധാനമന്ത്രിയുടെ വരവിനു വേണ്ടിമാത്രം,ചിലവായത് മൂന്നു കോടിയാണ്. താമസം, സുരക്ഷ ചിലവുകള്‍ വേറെ കിടക്കുന്നു. സമ്മേളനം നടന്നപ്രദേശത്തെ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കി, കുളമാക്കിയ വകയില്‍ ചിലവ് ലക്ഷങ്ങളാണ്. വന്നവന്‍റെയൊക്കെ പള്ളിയുറക്കത്തിനുവേണ്ടി അഥിതിമന്ദിരങ്ങള്‍ മോടിപിടിപ്പിച്ച വകയില്‍ ചിലവ് രണ്ടരക്കോടിയാണ്. ഇതൊന്നും കേട്ട് ആരും ഞെട്ടരുത്; ഇതൊക്കെ എന്ത്.... വികസനമിങ്ങു വന്നാല്‍ സെക്കന്റിനുള്ളില്‍ ഇതൊക്കെ തിരിച്ചു പിടിക്കില്ലേ. നിങ്ങ, ബെജാരാവണ്ട കേട്ടോ; ആ മുണ്ടങ്ങ്‌ വരിഞ്ഞുടുത്തോളി.. അത്രതന്നെ. അണ്ടിപരിപ്പും, ബിസ്ക്കറ്റും, പിന്നെ ബാര്‍ലി വെള്ളവും കൊടുത്ത് സുഖിപ്പിച്ചതിന്‍റെ കണക്കുകള്‍ അനാമത്ത്ചിലവുകള്‍ എന്ന പേരിലാണ് കൊള്ളിച്ചിരിക്കുന്നത്. പണമില്ല എന്ന ന്യായം പറഞ്ഞു എന്‍ഡോസള്‍ഫാന്‍ദുരിത ബാധിതര്‍ക്കുള്ള പെന്‍ഷന്‍വരെ വെട്ടികുറച്ച ഒരു സര്‍ക്കാരാണ് ഇത് ചെയ്താതെന്ന് ഓര്‍ക്കണം. ഓര്‍ക്കുമ്പോള്‍ കുറച്ചു ദന്‍ണമുണ്ടെ;  അതുകൊണ്ട് പറഞ്ഞു പോകുന്നതാ.........പരിപാടി ഗംഭീരമായിരുന്നുവെന്നതില്‍ ഒരുതര്‍ക്കവും വേണ്ട. ചുമ്മാ തിന്നുകുടിക്കാനും, പത്തുപൈസചിലവില്ലാതെ ഉല്ലാസയാത്ര നടത്താനും അവസരം കിട്ടിയാല്‍ ആരെങ്കിലും വെറുതെവിടുമോ. ഇങ്ങനെയുള്ള കിറിനക്കികളെ എന്ത്പേരാണ് വിളിക്കേണ്ടത്. നിലവില്‍ വിളിക്കുന്ന പേരുവിളിച്ചാല്‍; അവരും സമരം ചെയ്യും. ഓണദിവസം പട്ടിണി കിടന്ന നേഴ്സുമാരെ തിരിഞ്ഞു നോക്കാതെ; വല്ലവനും പോയി സമരം തീര്‍ത്തപ്പോള്‍, അതിന്‍റെ ക്രെഡിറ്റ്‌ അടിച്ചെടുക്കാന്‍ വേണ്ടി; ഞാന്‍ ഉറക്കത്തില്‍ അതിനെപ്പറ്റി സ്വപ്നം കണ്ടതിനാലാണ് സമരം തീര്‍ന്നതെന്ന്; ഒരു ഉളുപ്പും കൂടാതെ കേരളിയരോട് പറഞ്ഞ ഒരു മുഖ്യനല്ലേ നാട് ഭരിക്കുന്നത് ഇതിനപ്പുറവും പ്രതിക്ഷിക്കാം.

   മുഖ്യമന്ത്രി അങ്ങ് പേടിക്കേണ്ട; ന്യൂജനറേഷനും, ഉത്തരാധുനികതയും, തെങ്ങിന്‍മണ്ടയിലെ വികസനമെന്നൊക്കെ പറഞ്ഞാലും; കഴുത എന്നും കഴുത തന്നെയായിരിക്കും.ചന്ദനം ചുമക്കുന്ന കഴുത എന്നെങ്കിലും അതിന്‍റെ മണം ആസ്വദിക്കുമോ??ഇല്ല. എത്രതല്ലിയാലും അത് തലയുയര്‍ത്തില്ല. മുന്നില്‍ ഒരു പ്ലാവില കാണിച്ചാല്‍ മതി; അത് മുന്നോട്ടു നടന്നു കൊള്ളും. പക്ഷെ ഒരുകാര്യം ഓര്‍മ്മവേണം, അഞ്ചു കൊല്ലം കഴിയുമ്പോള്‍ അത് ഒരു തൊഴിതൊഴിക്കും;സകല പാര്‍ട്സും പൊട്ടിപ്പോകാന്‍ സാദ്ധ്യതയുണ്ട്; അന്ന്, അടച്ചു തിരുമ്മാനുള്ള മരുന്നുകൂടി ഇപ്പോഴേ കരുതിക്കോ. നല്ലതാണ്. മണ്ണായമണ്ണെല്ലാം വിറ്റുതുലയ്ക്കുമ്പോള്‍ കീഴാര്‍നെല്ലിയും,തുമ്പയുമൊന്നും പിന്നിട് കിട്ടിയില്ലായെന്നുവരും. ഒരു അപേക്ഷയുണ്ട് ഇങ്ങനെ ആഗോളഅടുക്കളയിലെ ബിരിയാണിയും,ബോട്ട് യാത്രയും കുടുംബവിനോദങ്ങളുമോന്നും സ്വപ്നംകാണാന്‍ പോലുമാകാത്ത ഒരു വിഭാഗം; ഇവിടെ ജിവിക്കുന്നുണ്ട്. ലെമെറിഡിയനിലെ ഞണ്ട് കറിയും,കരിമീന്‍പൊള്ളിച്ചതും,താറാവ്‌ വറുത്തതുമൊക്കെ കൂട്ടി; കൊല്ലത്തില്‍ ഒരു ഊണ് ഞങ്ങള്‍ക്കും തരാന്‍ കൃപയുണ്ടാകണം. മരിക്കുന്നതിനു മുന്‍പുള്ള ഒരു ആഗ്രഹമാണ്, പഞ്ചനക്ഷത്രഹോട്ടലിലെ ഒരൂണ്.പണപ്പെട്ടി ഞങ്ങളുടെയാണെങ്കിലും താക്കോല് അങ്ങയുടെ കയ്യിലല്ലേ അതുകൊണ്ട് പറഞ്ഞതാണ്..........

  എല്ലാ അലക്കുകര്‍ക്കും ഒരു ശുഭ വാര്‍ത്തയുണ്ട്.എമെരിജിംഗ് വിഴുപ്പലക്കലിന്‍റെ ഔപചാരിക ഉത്ഘാടനം നമ്മുടെ കരയോഗം പ്രസിഡന്റ് നിര്‍വഹിച്ചുകഴിഞ്ഞു.ഇനി ഓരോരുത്തര്‍ക്കും അലക്ക് തുടങ്ങാം.മുഖ്യമന്ത്രി ഭൂമാഫിയയുടെ തടവിലാണെന്ന് അദേഹത്തിന് ഇന്നലെ മനസിലായി. പൊരുന്നയില്‍നിന്ന് ഇങ്ങനെ ഒരു വെളിപാട് വന്നസ്ഥിതിക്ക്,നടേശഗുരുവും അലക്ക് തുടങ്ങേണ്ടതാണ്. അന്തികള്ള്‌ു ഷാപ്പില്‍ ഊറ്റിയിട്ടാകാമെന്ന് കരുതിക്കാണും. ”ഒരു ജാതി ഒരു മതം, മദ്യംവിഷമാണ്” തുടങ്ങിയ നാരായണഗുരു സൂക്തങ്ങള്‍ക്ക് ആഗോളവ്യവസായികടിസ്ഥാനത്തിലുള്ള നിര്‍വചനങ്ങള്‍ തന്ന വ്യക്തിയാണ് നടേശഗുരു.കഷ്ടപ്പെടുന്ന ഈഴവര്‍ക്ക് വേണ്ടിയുള്ള അദേഹത്തിന്റെ കരച്ചില്‍ കണ്ടിട്ടുള്ള ആര്‍ക്കും മനസിലാവും അദേഹത്തിന്‍റെ വേദനകള്‍. അദേഹത്തിന്‍റെ ലളിത ജീവിതത്തെക്കുറിച്ച്.. പറയന്‍ വാക്കുകള്‍ കിട്ടുന്നില്ല,കണ്ണുകള്‍ നിറയുന്നു...ഹമ്മേ. ഏതായേലും എമേര്‍ജിംഗില്‍ നായര്ക്കെത്രേ, ഈഴവനെത്ര എന്നുള്ള കണക്കുകള്‍ ഉടന്‍ ലഭ്യമാകുമെന്ന് കരുതാം.

  കേരളത്തോട് ബന്ധപ്പെടുത്തി അന്താരാഷ്ട്രരംഗത്ത് ഒരു വന്‍മാറ്റം വന്നിരിക്കുന്നു.പഴയ കോളനിവാഴ്ച്ചയുടെ നേതാവ്‌ ബ്രിട്ടനാണ് മാറ്റത്തിനു ചുക്കാന്‍ പിടിക്കുന്നത്. ബ്രിട്ടനില്‍ നടപ്പില്‍ വരത്തുന്ന ഈ നിയമം ഉടനെ മറ്റു യുറോപ്യന്‍രാജ്യങ്ങളും സ്വികരിക്കും എന്നാണ് അറിയുന്നത്.ബ്രിട്ടിഷ് ഹൈകമ്മിഷണറുടെ എമെര്‍ജിഗ്കേരള അനുഭവും,കെഎം മാണി ലണ്ടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അധ്വാനവര്‍ഗ്ഗ സിദ്ധാന്തവുമാണ് ഇങ്ങനെ ഒരു കടുംകൈചെയ്യാന്‍ ബ്രിട്ടനെ പ്രേരിപ്പിച്ചത്‌.പുതിയ നിയമമിതാണ് ഇനിമുതല്‍ ബ്രിട്ടനില്‍ മനോരോഗികള്‍ക്കും എംപി ആകാം.നമ്മുടെ നാട്ടില്‍ ഇത് നേരത്തെ തുടങ്ങിയ ഏര്‍പ്പാടായതിനാല്‍ നമുക്കിതില്‍ വലിയ പുതുമയൊന്നുമില്ല. മനോരോഗമില്ലത്തവന്‍ എംപി ആകണമെന്ന്‌ നിയമം വന്നാലെ നമുക്ക് പേടിക്കാനുള്ളു. എതായെലും സായ്പ്പും നമ്മുടെ കൂട്ടത്തിലേക്ക് വരുന്നതില്‍ നമുക്ക് അഭിമാനിക്കാം.ഇവിടെ ഇങ്ങനെയൊക്കെയാണ് പരിപാടികള്‍ എന്ന് സായ്പ്പിനെവരെ പഠിപ്പിച്ച കെഎം മാണിയ്ക്കും,കേരള സര്‍ക്കാരിനും അഭിവാദ്യങ്ങള്‍...

3 comments: