**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, September 27, 2012

വെട്ടുകേസും ചില സംശയങ്ങളും


 

   തൃശൂരിലും മലപ്പുറത്തും ചിലപട്ടികള്‍ക്ക് വെട്ട് കിട്ടിയിരിക്കുന്നു;പത്രത്തിലുണ്ട്. പരമുനായരുടെ ചായക്കടയിലിരുന്നു ബോണ്ടയും ചായയും അകത്താക്കുന്നതിനിടയില്‍ തെങ്ങുകയറ്റക്കാരന്‍ നാണുവാണ്; ചായക്കടയുടെ മുറ്റത്തുച്ചുരുണ്ട്കൂടിക്കിടക്കുന്ന നായയെ നോക്കി വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത കേട്ടപാടെ മനസിലൊരു ലഡു പൊട്ടി. ഇങ്ങനെ പോയാല്‍ വാക്കത്തിയും കാച്ചിച്ച് ചില പട്ടികളെയൊക്കെ വെട്ടേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ഈ വാര്‍ത്ത കേട്ടത്.

     ഏതു പത്രത്തിലാ........

 തൊണ്ടയില്‍ കുരുങ്ങിയ ബോണ്ടയെ ഞെക്കി വിഴുങ്ങിക്കൊണ്ട് ചോദിച്ചു.

.     എല്ലാത്തിലുമുണ്ടന്നാ പറഞ്ഞത്.......... .

സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തില്‍ മലയാളംപഠിച്ച ആളാണ്‌ നാണു. അത് കൊണ്ട് കൂടുതലൊന്നും പ്രതിക്ഷിക്കേണ്ട. മുഴുവന്‍ വായിക്കാന്‍ ധൃതിയുണ്ടെങ്കിലും ബോണ്ട തീര്‍ക്കാതെ പോകാന്‍പ്പറ്റില്ല.സാവധാനം കഴിച്ചാലല്ലാതെ ഇതൊട്ട് ഇറങ്ങിപ്പോകത്തുമില്ല. കേരളത്തിലെ ഹോട്ടലുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പലഹാരമാണ്; ബോണ്ടയെന്ന് ചില സ്ഥലങ്ങളില്‍ വിളിക്കപ്പെടുന്ന ഉണ്ടക്കായ്.പുളിച്ച ഗോതമ്പ്‌മാവിനെ ഉരുട്ടി, തിളച്ചഎണ്ണയില്‍ മുക്കി പൊരിച്ചെടുക്കുമ്പോഴാണ് ഉണ്ടക്കായ് ഉണ്ടാകുന്നത്. പരമുനായരുടെ കടയിലെ വിശേഷ പലഹാരമാണിത്. പുത്തന്‍ സാമ്പത്തികപരിഷ്ക്കാരങ്ങളും, അഭിമാനപ്രശ്നങ്ങളുമൊക്കെ; ഉണ്ടാക്കയെ പ്രധാനഹോട്ടലുകളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.ബോണ്ട കഴിക്കുന്നവനൊക്കെ തറയാണെന്നൊരു ധാരണ യൂത്തിനിടയില്‍ ചുറ്റികറങ്ങാറുണ്ട്. കാന്റീനിലിരുന്ന് ബോണ്ടാകഴിച്ചു എന്ന ഒറ്റകാരണത്താല്‍ ലൈന്‍ തകര്‍ന്ന വ്രണിതഹൃദയങ്ങളെ നേരിട്ടറിയാമെന്നുള്ളതുകൊണ്ടാണ് ഇയൊരു അഭിപ്രായം പറഞ്ഞത്.എന്നാലും നാട്ടിന്‍പ്പുറങ്ങളില്‍ ആളു ഹീറോയാണിപ്പോഴും. അതിന്‍റെ പ്രധാനകാരണം ഒരു ഉണ്ടാക്കയും ഒരു ഗ്ലാസ്‌ചായയും കഴിച്ചാല്‍ ഒരുനേരത്തെ ഭക്ഷണമായി എന്നുള്ളതാണ്. പോക്കറ്റ്‌ ചോരാതെ വയറു നിറയ്ക്കാം എന്നര്‍ത്ഥം.പ്രിയപ്പെട്ട ‘ഉണ്ടക്കായെ’ കോളേജ്ജീവിതകാലത്ത് നിയെന്നെ ഒരുപാട് ഉച്ചനേരങ്ങളില്‍ വിശപ്പില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്; അത്കൊണ്ട് ആരൊക്കെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിന്നെ തള്ളി പറയില്ല.
 

വീട്ടില്‍ വന്നപാടെ പേപ്പര്‍ എടുത്ത്നോക്കി. ഏതൊക്കെ പട്ടികള്‍ക്കാണ് വെട്ടുകിട്ടിയത്, നാളെ ഹര്‍ത്താലായിരിക്കുമോ തുടങ്ങിയ ചിന്തകളാണ് എന്നെ അലട്ടിയത്.ഒടുവിലത് കണ്ടുപിടിച്ചു.വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍, നേരത്തെ പൊട്ടിയലഡു ഒരു അമിട്ടായാണ് തോന്നിയത്. തൃശൂരിലും, മലപ്പുറത്തും തെരുവ്‌നായ്ക്കളെ തലയ്ക്കുവെട്ടേറ്റ നിലയില്‍ കണ്ടെത്തിയിരിക്കുന്നു .വല്ല തീവ്രവാദിസംഘടനകളുടെയും പരിശീലനത്തിന്‍റെ ഭാഗമാണോ ഈ വെട്ടെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.ഇതാണ് വാര്‍ത്ത‍.എന്‍റെ കളരിപരമ്പര ദൈവങ്ങളാണെ, കാവിലമ്മയാണെ... പാവം മിണ്ടാപ്രാണികളെ ഇങ്ങനെ വെട്ടിയവന്‍റെ തലയില്‍ ഇടിത്തീവീഴട്ടെ.
 

  ഇങ്ങനെ തെരുവ്‌നായ്ക്കളെ വെട്ടിപ്പരിശീലിക്കുന്ന സംഘടനകള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടോ?? ഉണ്ടെങ്കില്‍ നമ്മുടെ പോലീസും, രഹസ്യാന്വേഷണക്കാരും ഇതൊന്നും അറിയുന്നില്ലേ .അതോ അറിഞ്ഞിട്ടും പുറത്തു പറയാത്തതാണോ????. മൊത്തത്തില്‍ ഒരു പിശക്.മലപ്പുറത്തെ നായ മലപ്പുറത്തും, തൃശൂരിലെ നായ തൃശൂരിലും തന്നെയാണ് തങ്ങാറുള്ളത്. നായ്ക്കള്‍ മനുഷ്യരെപ്പോലെ തങ്ങളുടെ അധികാര പരിധി വിട്ടു പോവാറില്ല. പ്രതി പോയ വഴി മണത്തുനോക്കി ആളെ പിടിക്കുന്ന നമുടെ പോലീസിനു വെട്ട്കിട്ടിയ നായയെ പരിശോധിച്ചാല്‍ വെട്ടിന്‍റെ ചരിത്രം അറിയാന്‍ കഴിയില്ലേ. അതോ അന്‍പതിനാല് വെട്ടിന്‍റെ പുസ്തക വിതരണത്തോടുള്ള പ്രതിഷേധമോ, പ്രചരണാര്‍ത്ഥമൊ നടക്കുന്ന വെട്ടാണോ ഇത്. നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പക്ഷെ എനിക്ക് മറ്റൊരു സംശയമാണ് തോന്നുന്നത്.വെട്ടുകിട്ടിയ നായ്ക്കള്‍ അലഞ്ഞു തിരിയുന്ന പരിസരങ്ങളിലെ ഹോട്ടലുകള്‍ പ്രത്യേകിച്ച്, ബാര്‍ഹോട്ടലുകള്‍  പരിശോധിച്ച്; അവിടെ വിതരണം ചെയുന്ന ഇറച്ചി വിഭവങ്ങളുടെ സാമ്പിളുകളോന്ന്  പരിശോധനയ്ക്ക് അയക്കുന്നത് നന്നായിരിക്കും.

തെരുവ്‌ നായ്ക്കളുടെ സെന്‍സസ്‌ എടുക്കാന് സര്‍ക്കാര്‍ തലത്തില്‍ ഒരു തീരുമാനം ഉടനെ എടുക്കുന്നത് ഉപകാരപ്രദമായിരിക്കും.എന്നാല്‍ പിന്നെ ഇത്തരത്തിലുള്ള വെട്ട് കേസും, മിസ്സിംഗ്‌ കേസും പെട്ടന്ന് തെളിയ്ക്കാനാവും.ഈ വെട്ട്കേസ്‌ നമ്മുടെ മേനകാഗാന്ധിയെ അറിയിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കും. പുള്ളിക്കാരിയെ പറ്റിയിപ്പോള്‍ ഒരു വിവരവുമില്ല.പണ്ട് ഒരു പ്രമുഖ മലയാളപത്രത്തില്‍ ‘എരുമ എന്‍റെ അരുമ’ എന്നൊരു കോളം എഴുതുന്നുണ്ടായിരുന്നു. ഇപ്പൊ അതും കാണാനില്ല.വല്ല വനവാസത്തിലുമാണെങ്കില്‍ ഈ വിവരം അറിഞ്ഞാല്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്.
 

കേരളമിപ്പോള്‍ പഴയ കേരളമല്ല. ബിലാലിന്‍റെ കേരളമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ആളുകള്‍ ഇവിടെയുണ്ട് .പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍.നാഗാലാന്‍റെ തുടങ്ങിയ വടുക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പട്ടിയിറച്ചി പ്രിയപ്പെട്ട വിഭവമാണ്.ഇവിടെ ഇറച്ചിക്കാണേല്‍ തീപിടിച്ച വിലയും, നല്ലതൊട്ടുകിട്ടാനുമില്ല. അങ്ങനെവരുമ്പോള്‍ ചില സംശയങ്ങള്‍ തോന്നാവുന്നതാണ്.അറവുമാടുകള്‍ക്ക് തീപിടിച്ച വിലയുള്ള ഈ സമയത്ത്; പരിസരത്ത് യാതൊരുചിലവും കൂടാതെ കിട്ടുന്ന സാധനമായതിനാല്‍ കച്ചവടക്കണ്ണുള്ള മലയാളി; നായയുടെ മേലും ഒരു കണ്ണുവെയ്ക്കില്ലായെന്ന് എങ്ങനെ പറയാന്‍പ്പറ്റും.ചത്തകോഴിയേയും അസുഖം വന്നുചത്ത മാടിനെയും മേശപ്പുറത്ത് വിളമ്പാന്‍ മടിക്കാത്തവര്‍; പട്ടിയിറച്ചി വിളമ്പിയാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.അതുകൊണ്ട് ഇറച്ചി വിഭവങ്ങല്‍ കഴിക്കുന്നവര്‍ ജാഗ്രതെ.... തന്തൂരിയും, ചില്ലിയും, മോളിയുമൊക്കെയായി മേശപ്പുറത്ത് വരുന്നത് ചിലപ്പോള്‍ ശുനകന്‍ ആയിരിക്കും.
 

ഇതിനെക്കുറിച്ച്‌ അന്വേഷണമൊന്നും പ്രതിക്ഷിക്കേണ്ട. എല്ലാം; തീവ്രവാദിവഴിയെ പോയ്ക്കളും .പിന്നെ ആളു ചത്താല്‍ മാത്രമേ നമ്മുടെ വകുപ്പുകള്‍ ഇളകുകയുള്ളു. ഷവര്‍മ കഴിച്ച് ആളു മരിച്ചപ്പോഴാണ് ആരോഗ്യവകുപ്പ്‌ ഇളകിയത്. അതിപ്പോള്‍ ഏതാണ്ട് നിലച്ച മട്ടാണ്. ഇളകിയിളകി മന്ത്രിബന്ധുവിന്‍റ അടുക്കളയില്‍ എത്തിയപ്പോള്‍ പരിപാടി സ്റ്റോപ്പ്‌. മന്ത്രിബന്ധുവാണോ പിന്നെ പേടിക്കാനില്ല പാറ്റയോ പഴുതാരയോ എന്ത് വേണമെങ്കിലും ചേര്‍ത്ത് കേക്ക് ഉണ്ടാക്കാം.എങ്കിലും ഒരു കാര്യം പറയാതെവയ്യ. അല്പം ചീഞ്ഞതൊക്കെയാണ് നമുക്ക്‌ ഇഷ്ടം.അത് കൊണ്ടാണല്ലോ; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത ലെ മെറിഡിയനില്‍ തന്നെഎമെരിജിഗ് കേരളയുടെ അടുക്കള സഘടിപ്പിച്ചത്. അതോടെ അവരുടെ ഫ്രീസറില്‍ സൂക്ഷിച്ച എല്ലാ ചീഞ്ഞതും തീര്‍ന്നുകാണും. വിദേശപ്രതിനിധികളൊക്കെ വന്നതിന്‍റെ പിറ്റേ ദിവസംതന്നെ സ്ഥലം കാലിയാക്കിയതിന്‍റെ രഹസ്യം ഇപ്പോഴല്ലേ പിടികിട്ടിയത്.
 
എതായേലും ഹോട്ടലിന്‍റെ അടുത്തുള്ള അരിഷ്ടക്കടയില്‍ പരിപാടി നടന്ന ദിവസങ്ങളില്‍; ദശമൂലാരിഷ്ടത്തിനും, ജീരകാരിഷ്ടത്തിനും നല്ല ചിലവായിരുന്നുവെന്നാണ് വിശ്വാസനീയകേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച അറിവ്‌. അതുകൊണ്ടും രക്ഷയില്ലാത്ത ചില പ്രമുഖരൊക്കെ ആശുപത്രിയിലായെന്നും നമ്മള്‍ അറിഞ്ഞതാണ്.ഇനി നായ്ക്കളുടെ തലയും, എല്ലും കണ്ടാല്‍; അത് തീവ്രവാദികല്‍ പുഴുങ്ങി തിന്നതാണെന്ന് പറഞ്ഞു തലയൂരാതെ സംഭവത്തിന്‍റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും സഘാടനകള്‍ ഇത്തരത്തില്‍ പരിശീലനം നടത്തുന്നുണ്ടോ?? അതോ ആരെങ്കിലും പട്ടിയിറച്ചി വിഭവങ്ങള്‍ മലയാളിയെ തീറ്റിക്കുന്നുണ്ടോ??? എന്ത് തന്നെയായാലും ഇത്തരം സംഭവങ്ങളുടെ സത്യാവസ്ഥ അറിയാന്‍ പൊതുജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ട്.

4 comments:

  1. എന്ത് കൊണ്ടാണ് ഈ ബ്ലോഗ്‌ ആരും ശ്രദ്ധിക്കാത്തത് എന്ന് മനസിലാവുന്നില്ല..
    കഴിഞ്ഞ ദിവസം ആകസ്മികമായി ഇവിടെ എത്തിയതാണ് ഞാന്‍. എല്ലാ പോസ്റ്റുകളും വായിച്ചു. ഒരുവിധം എല്ലാം തന്നെ ഇഷ്ടപ്പെടുകയും ചെയ്തു.

    വളരെ നല്ല ചിന്തകള്‍. എഴുത്ത് തുടരുക..

    ReplyDelete
    Replies
    1. അമ്മാവന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.എല്ലാം ഒന്നിനൊന്നു മികച്ച പോസ്റ്റുകള്‍.പിന്നെ ഈ ബ്ലോഗര്‍ സജീവമായി എഴുതുവാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്.വായനക്കാരുടെ ശ്രദ്ധയില്‍ പെട്ട് വരുന്നതേയുള്ളൂ.ഇതൊരു മികച്ച ബ്ലോഗായി ഉയര്‍ന്നു വരുന്ന കാലം വിദൂരമല്ല.പിന്നെ ടിസ്ക്കസില്‍ കമന്റുകള്‍ പോസ്റ്റ്‌ ചെയ്യുവാനുള്ള സൗകര്യം ഉണ്ടാക്കണം.ഈ ഇമേജ് വെരിഫികേഷന്‍ ഇത്തിരി കടുപ്പമാണ്.മൂന്നു നാല് തവണ ശ്രമിച്ചാലേ ശരിയായ ഇമേജ് ടൈപ്പാന്‍ പറ്റുന്നുള്ളൂ.

      Delete
  2. ഇമേജ് വെരിഫിക്കേഷന്‍ ഒഴിവാക്കുന്നത് നന്നായിരിക്കും..

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു...

    ReplyDelete