**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, September 15, 2012

എമേര്‍ജിംഗ്പാര്‍ട്ടി; ഒരു ബോക്സോഫിസ്‌ ഹിറ്റ്‌

           

  കേരളസര്‍ക്കാര്‍ നിര്‍മാണച്ചിലവ്‌ വഹിച്ച പുത്തന്‍പടം എമെര്‍ജിഗ്കേരള മുട്ടുകാലില്‍ ഇഴയുന്നതായി; ബോക്സോഫീസില്‍ നിന്നുള്ള അവസാനറിപ്പോര്ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പടം സൂപ്പര്‍ ഹിറ്റാണെന്നാണ് നിര്‍മാതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നത്. മുടക്കുമുതലിന്‍റെ മൂന്നിരട്ടി ലാഭം പ്രതീക്ഷിക്കുന്നതായി കണക്കുകള്‍ ഉദ്ധരിച്ച് അദേഹം വ്യകതമാക്കി. കൂവിതോല്പ്പിക്കാം എന്ന് ആരും പ്രതിക്ഷേക്കേണ്ടായെന്നും എന്നും അദ്ദേഹം മുന്നറിയിപ്പ് തന്നിട്ടുണ്ട്.നാളെ പറയാം, നാളെ, നാളെ ..എന്നായിരുന്നു സംവിധായകന്‍ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത്. പടത്തിന്‍റെ ക്യാമറ കൈകാര്യംചെയ്ത കെ.വി.തോമസ് പത്രക്കാരോട് പൊട്ടിത്തെറിച്ചു വന്നൊരു വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. പഞ്ചനക്ഷത്രഹോട്ടലില്‍ നടക്കുന്ന അത്താഴവിരുന്നിനു പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ പത്രക്കാര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചതാണ് അദേഹത്തെ പ്രകോപിപ്പിച്ചത്. നിങ്ങളിങ്ങനെ തിന്നുനടന്നാല്‍ മതിയോ ജനത്തിന് കഞ്ഞിവെക്കണ്ടേ എന്ന് ചോദിച്ചതാണ് കുഴപ്പമായത്. നിങ്ങള്‍ക്കൊന്നും സെന്‍സ്‌സില്ലേ, സെന്സബിലിറ്റിയില്ലേ എന്ന രീതിയില്‍; തിന്നാന്‍ പോകുമ്പോള്‍ അരി വെന്തോന്നു ചോദിക്കരുത് എന്ന് അദ്ദേഹം താക്കിത് നല്കി .മന്ത്രിയെല്ലേ സഹിച്ചേ പറ്റു.എ.ക്ലാസ്‌ തിയേറ്ററിലെ പ്രദര്‍ശനം സമാപിച്ചിരിക്കുന്നു. പടം കാണാന്‍ ക്ഷണിച്ചിരുന്ന വിദേശപ്രതിനിധികള്‍ പലരും തിരിഞ്ഞുനോക്കിയിട്ടില്ല. വന്നവരാകട്ടെ ഒറ്റ ദിവസം കൊണ്ട് മതിയാക്കി സ്ഥലംവിട്ടു. പൊളിഞ്ഞുവെന്നതിനു വേറെ തെളിവ്‌ എന്തിന്.പിന്നെ എട്ടുനിലയില്‍ പൊട്ടിയ പടവും ടി.വി-യില്‍ വരുമ്പോള്‍ ബ്ലോക്ക്ബസ്റ്റര്‍ എന്നല്ലേ കാണിക്കുന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്രഹോട്ടലായ ലെമെറിഡിയന്‍ ആയിരുന്നു പ്രദര്‍ശനനഗരി. വിദേശ പ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും വേണ്ടി ഹോട്ടലിലെ മുറികളൊക്കെ ബുക്ക്‌ ചെയ്തിരുന്നു. എന്നാല്‍ പകുതി മുറിയിലും താമസിക്കാന്‍ ആളുകള്‍ ഇല്ലായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. സര്‍ക്കാരിനു വേണ്ടി മുറികള്‍ ബുക്ക്‌ ചെയ്തത് കെ.എസ്.ഐ.ഡി.സി ആയിരുന്നു. കെ.ടി.ഡി.സി യ്ക്ക് നല്ല ഒന്നാം തരം ഹോട്ടലുകള്‍ ഉണ്ടായിരിക്കെയാണ്; ലേ മെറിഡിയന്‍ ബുക്ക്‌ ചെയ്തത്. ആ വകുപ്പിലും നമ്മുടെ പണം പോയി. കൊള്ളാം സാറുമ്മാരെ കൊള്ളാം....

 മുഖ്യ കാര്‍മ്മികന്‍ നമ്മുടെ പ്രധാനമന്ത്രി തന്നെയായിരുന്നു.പതിവ്‌ ശൈലിയില്‍ തന്നെ, പണിയുംതന്നു അങ്ങേര് മടങ്ങിപോയി. പാവം മനുഷ്യന്‍ മുള്‍ച്ചെടിയില്‍ നിന്ന് മുന്തിരിപ്പഴം പ്രതീക്ഷിക്കുന്ന നമ്മള്‍ തന്നെ കുറ്റക്കാര്‍. കഴിഞ്ഞ ഫ്ലോപ്പ്‌പടം; ജിമ്മിന് വന്ന അന്നത്തെ പ്രധാനമന്ത്രി വാജ്പേയി രണ്ടായിരത്തിയഞ്ഞൂര് കോടി രൂപയ്ക്ക് മുകളില്‍ വാഗ്ദാനങ്ങള്‍ തന്നിട്ടാണ് അന്ന്മടങ്ങിപ്പോയത്. വച്ചു കൊടുത്ത കഞ്ഞിക്കും,കൂട്ടാനും; അദേഹം നന്ദി കാണിച്ചു. കടലാസില്‍ ആണെങ്കിലും പദ്ധതികളുടെ പേര് വായിച്ചെങ്കിലും രസിക്കാം.എന്നാല്‍ ഇത്തവണ ഞണ്ടും, കരിമീനും, താറാവിറച്ചി വറത്തതുമൊക്കെ ആവോളം കഴിച്ചു;എമ്പോക്കവും വിട്ടു പോയതല്ലാതെ പത്തു നയാപൈസയുടെ ഓഫര്‍പോലും കിട്ടിയില്ല. മാത്രമല്ല പണിയുംതന്നു. വെള്ളം ചൂടക്കിയതും മൊട്ട പൊരിച്ചതുമെല്ലാം വെറുതെയായി. അല്ലേലും നമ്മള്‍ കഞ്ഞി കുടിച്ചു കിടക്കുന്നത്, ഈ; നോര്‍ത്ത്‌ഇന്‍ഡ്യന്‍ ഗോസായിമാര്‍ക്ക് പണ്ടേ ഇഷ്ടമല്ല. അതിനു ഒരു മാറ്റവും വന്നിട്ടില്ലന്നു ഇത്തവണയും തെളിഞ്ഞു.

   കഞ്ഞി കുടിച്ചില്ലേലുംവേണ്ട ഉള്ള നിലവും നികത്തി ടൂറിസം കൃഷി ചെയ്യാനാണ് ആസൂത്രണകമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ ആലുവാലിയ പറഞ്ഞിരിക്കുന്നത്. ജങ്കിബോയ്സിനും, കോള്‍ഗേള്‍സ്‌നുമോക്കെയാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഡിമാണ്ട് പോലും,വിദേശ നാണ്യം പറന്നിങ്ങുവരും. നല്ല കുത്തരിചോറ് വച്ചു കൊടുത്താല്‍ ഇങ്ങനെയിരിക്കും. ഇവറ്റകള്‍ക്ക് വല്ല ചപ്പാത്തിയും പരിപ്പു കറിയുമേ കൊടുക്കാവൂന്ന് പറഞ്ഞാല്‍ ആര് കേള്‍ക്കാന്‍. ഇവിടെ പട്ടിണിയാണെന്നറിഞ്ഞാലെ വല്ല നക്കാപിച്ചയും കിട്ടു.അതിനു പകരം പഞ്ചനക്ഷത്ര ഹോട്ടലില്‍ പരിപാടി, മൃഷ്ടാന്നഭോജനം എ.സി കാറും, മുറിയും; ഹോട്ടലില്‍ നിന്നും വിമാനം വഴി മാത്രം യാത്ര. ഇതൊക്കെ കാണുമ്പോള്‍ ലവന്മമാര്‍ കരുതും അമ്പട ഇത് കൊള്ളാമല്ലോ; അത്രയ്ക്കങ്ങ് പോങ്ങേണ്ടന്നു. നമ്മളിവിടെ കഞ്ഞിവെള്ളം മാത്രം കുടിച്ചിട്ടാണ് ഇവനെയൊക്കെ ഊട്ടുന്നതെന്ന് ഇവന്മാരുണ്ടോ അറിയുന്നു. എന്താ സംശയമുണ്ടോ??? ഡല്‍ഹിയില്‍ ചെന്നപാടെ പണി കിട്ടിയില്ലേ?? അപ്പോള്‍ തന്നെ ഡീസലിന് അഞ്ചുരൂപ കൂട്ടി, പാചകവാതകസിലണ്ടര്‍ ആറെണ്ണമായി കുറച്ചു. ഇനി ആറു മാസം കഞ്ഞികുടി വേണ്ടാന്നു തന്നെ. ഇതിനു ചാണ്ടി സാറിനോട് ഒരു പരിഹാരം നിര്‍ദേശിക്കാനുണ്ട്.ഉത്തരേന്ത്യന്‍ മോഡലില് ചാണകവരളിയുണ്ടാക്കുന്ന ഒരുപദ്ധതി കൂടി എമെരിജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തിയാല്‍ കൊള്ളാം. നാട്ടുകാര്‍ക്ക്‌ ഉപകാരമുള്ള ഒന്നെങ്കിലും ഇരിക്കട്ടെ. വിശദപഠനത്തിനായി നമ്മുടെ പശു മന്ത്രിമാരെ അയച്ചാല്‍ മതി. മോഹനന്‍സാറും,ജോസഫ്മാഷുമാണെങ്കില്‍ ചാണക കാര്യത്തില്‍ നല്ല പിടിയുള്ളവരാണ്താനും.

  ഡല്‍ഹിയില്‍നിന്ന് നിന്ന് വന്നവന്മ്മാരാരോ അവിടെ ചെന്ന് പറഞ്ഞിരിക്കുന്നു; കേരളീയരെല്ലാവരും ഇപ്പൊ, വിമാനത്തിലാണ് യാത്രയെന്ന്. ഓരോ വീടിനും ഓരോ വിമാനമാണ് പോലും. എത്ര താവളങ്ങളാണ് വരാന്‍ പോകുന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി ഗള്‍ഫിലേക്ക് സര്‍വിസ് നടത്തുന്ന ആറു വിമാനങ്ങള്‍ നമ്മുടെ വ്യോമയാനമന്ത്രി അജിത്‌സിംഗ് തന്‍റെ മണ്ഡലത്തിലേക്ക് പറപ്പിച്ചു. ടിക്കറ്റും എടുത്ത് കാത്തിരിക്കുന്നവര്‍ മണ്ടമാരായി. എന്തോന്നു എമേര്‍ജിംങ്ങാണ് സര്‍ക്കാരെയിത്...ഉള്ള കഞ്ഞിയില്‍ പാറ്റായിട്ടിട്ടാണോ വികസനം കൊണ്ടുവരുന്നത്. ഇവിടെ കഞ്ഞിക്ക് വകയില്ലാത്തവരാണ്, ഈ കന്നുകാലി ക്ലാസില്‍ ഗള്‍ഫിലേക്ക് പോകുന്നത്. അതും നിറുത്തലാക്കിയാല്‍ എന്ത് ചെയ്യും.യൂറോപ്യന്‍ സെക്റ്ററുകളിലേക്ക് പറക്കുന്ന വിമാനങ്ങലാണ് എയര്‍ ഇന്ത്യയ്ക്ക് നഷ്ടം ഉണ്ടാക്കുന്നതെന്നും അത് ഒരു പരിധിവരെ നികത്തുന്നത് ഗള്‍ഫ്‌ സര്‍വിസുകള്‍ ആണെന്നതും വ്യോമയാനവകുപ്പിന്റെ കണക്കുകള്‍ തന്നെ തെളിയ്ക്കുന്നു. അപ്പോള്‍ പിന്നെ എന്തിനാണ് ലാഭകരമായ സര്‍വിസുകള്‍ പിന്‍വലിക്കുന്നത്. ഇത് ആരെ സഹായിക്കാനാണ്.ഇവിടെ ആരും മിണ്ടാനില്ലേ..എവിടെ നമ്മുടെ പ്രവാസികാര്യമന്ത്രി. എന്താണദേഹത്തിന്റെ പേര് പവിയോ ,കപിയോമറ്റോ ഓ.........അല്ല ഓര്‍മ്മ വന്നു നമ്മുടെ രവിയണ്ണന്‍. അദേഹത്തെ ഇന്നലെ പഞ്ചനക്ഷത്ര അത്താഴവിരുന്നില്‍ കോഴിക്കാല്കടിച്ചു വലിക്കാന്‍ പോകുന്ന കൂട്ടത്തില്‍ കണ്ടിരുന്നു. രാത്രിയിലെ ഹാങ്ങോവര്‍ മാറിക്കാനില്ല. ഇതിനെക്കുറിച്ചുള്ള പഠനഗവേഷണങ്ങളും ,പ്രസ്താവനകളും ഒന്നും കണ്ടില്ല. അരിക്ക് വില മുപ്പത്തിയാറായി,ഗ്യാസിന് വില എണ്ണൂറായി.എണ്ണവിലയെക്കുറിച്ച് പറയാന്‍ പറ്റില്ല.ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരു വില ഉണരുമ്പോള്‍ മറ്റൊരു വില.അഞ്ചു രൂപകൂട്ടും, പ്രതിഷേധിച്ചാല്‍ പത്തു പൈസ കുറയ്ക്കും. മുരുകാ.... യെന്നെയങ്ങു എടുത്തോളണമേ.....വയ്യ.

എമേര്‍ജിംഗ് പാര്‍ട്ടി അപ്പ്‌ ലോഡ്‌ ചെയ്യുന്നവര്‍ക്ക് പറ്റിയ സമയമാണിത്. ഏജന്റ് ജന്തു ഇപ്പോള്‍ വേറൊരു അന്വേഷണത്തിലാണ്. കൊട്ടാരക്കരയില്‍ ‘അച്ഛനുംമകനും തമ്മിലടി’ എന്ന സിനിമയുടെ പോസ്റ്റര്‍ കീറിയ വിഷയവുമായി ബന്ധപ്പെട്ട് ഏജന്റ് ജന്തു പത്തനാപുരത്ത് ക്യാമ്പ്‌ ചെയ്യുന്നതായാണ് ഉപഗ്രഹസന്ദേശം വഴി ലഭിച്ചവിവരം.തല്ക്കാലം പോസ്റ്റര്‍ അന്വേഷണം കഴിഞ്ഞേ; അപ്പ്‌ ലോഡ്‌ ഡൌണ്‍ലോഡ് അന്വേഷണതിനുള്ളൂവെന്ന്, ജന്തു വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഓര്‍ഡനറി സിനിമ കണ്ടതിന്‍റെ പേരും നാളും എന്തിനുവീട്ടു നമ്പര്‍ വരെ ഏജന്റ് ജന്തു കണ്ടുപിടിച്ചുവെന്ന് സിനിമാമന്ത്രി പത്രക്കാരോട് പറയുകയുണ്ടായി.എന്നിട്ട് അദേഹത്തിനെതിരെ കേസ് എടുത്ത കാര്യമൊന്നും സൈബര്‍ പോലീസ് പറഞ്ഞുകണ്ടില്ല.അതെന്താണാവോ???

എമേര്‍ജിംഗ് കേരളയ്ക്ക് വന്ന വിദേശികളുടെ മുന്നില്‍ നമ്മുടെ തനത് കലാരൂപമായ ഹര്‍ത്താല്‍ അവതരിപ്പിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണയായിട്ടുണ്ട്. ഈ വകുപ്പില്‍ സര്‍ക്കാരിനുപത്തു പൈസ വേണ്ടായെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി നീതിമാനായ പീലാത്തോസിന്‍റെ ഭാഗം ഗംഭീരമാക്കി. ഹര്‍ത്താലില്‍ എല്ലാവിധ സഹായ സഹകരണങ്ങളും യാചിച്ചു കൊണ്ട് പ്രതിപക്ഷനേതാക്കളും തെറ്റില്ലാത്തവിധം ഭാവാഭിനയം പ്രകടിപ്പിക്കുന്നുണ്ട്.മനസിലാകാത്ത ഒറ്റ കാര്യമേയുള്ളു; എണ്ണവില കേന്ദ്ര സര്‍ക്കാര്‍ കൂട്ടുമ്പോള്‍ നമ്മള്‍; നമുക്ക് സഞ്ചരിക്കാനുള്ള ബസുകളും, അതുപോലെ  പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഓഫിസുകളും തകര്‍ത്താല്‍ എണ്ണവില കുറയുമോ. നമ്മള്‍ ഇവിടെ കാണിക്കുന്ന തകര്‍ക്കല്‍; അങ്ങ് ഡല്‍ഹിയില്‍ അറിയുമോ. വല്ല ഉറപ്പുമുണ്ടോ. നമ്മുടെ എംപി മാര്‍ പാര്‍ലമെന്റ്‌നു മുന്‍പില്‍ പ്ലാക്കാര്‍ഡും പിടിച്ചിരുന്നിട്ടുപോലും ഒന്നും നടന്നില്ല. പിന്നെയല്ലേ ഹര്‍ത്താല്‍. നാളെ ഒരു ദിവസത്തെ എണ്ണയും കൂടി ലാഭം എന്നായിരിക്കും പറയുന്നത്. കെഎസ്ആര്‍ടിസി യോട് ഒരു അപേക്ഷയുണ്ട്.ഹര്‍ത്താല്‍ അനുകൂലികള്‍ക്ക്‌ കല്ലെറിയാന്‍പറ്റുമെങ്കില്‍ എല്ലായിടത്തും ഓരോ കെഎസ്ആര്‍ടിസി ബസ്‌ മോഡല്‍ ഉണ്ടാക്കി വയ്ക്കണം. അവരുടെ വികാരം അങ്ങനെ തീരട്ടെ.അല്ലെങ്കില്‍ മാസം ആറുകോടി നഷ്ടം എന്നുള്ളത് ഇനിയും കൂടും. നമ്മളു തന്നെയാണല്ലോ ഇതൊക്കെ നികത്തെണ്ടതും.എന്തിനധികം പറയണം കുരങ്ങായിട്ടും,കുട്ടിയമ്മാവനായിട്ടും തോട്ടം വെളുപ്പിച്ചുവെന്ന് പറഞ്ഞാല്‍ മതിയല്ലോ..................

3 comments:

  1. ആരുപറഞ്ഞു പ്രവാസി മന്ത്രി രവിയമ്മാന്‍ ഉറക്കമാണെന്ന്?

    കേരളത്തിലെ ജുവലറി ഉടമകളില്‍ നിന്നു നക്കാപ്പിച്ചയും വാങ്ങി ഗള്‍ഫില്‍ നിന്നും വരുന്ന പ്രവാസിയുടെ കെട്ടുതാലിക്കു പോലും ഡ്യൂട്ടിയടിക്കന്‍ ഉത്തരവിട്ടില്ലേ?

    കേരളത്തില്‍ നിന്നും മുഴുവന്‍ എയറിന്ത്യാ എക്സ്പ്രസ്സ് സര്‍വീസും നിറുത്തി വെപ്പിച്ചില്ലേ.

    എമേര്‍ജിങ് കേരള ഇവന്മാര്‍ക്കൊക്കെ അജീര്‍ണ്ണം കേരളയായി ഭവിക്കാന്‍ ആഗ്രഹിക്കാം.

    ReplyDelete
  2. എന്തു ചെയ്യാന്‍ പറ്റും സഹിക്കുക

    ReplyDelete
  3. എന്തിനധികം പറയണം കുരങ്ങായിട്ടും,കുട്ടിയമ്മാവനായിട്ടും തോട്ടം വെളുപ്പിച്ചുവെന്ന് പറഞ്ഞാല്‍ മതിയല്ലോ..................

    ReplyDelete