**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, September 23, 2012

നളിനിയുടെ വിലാപങ്ങള്‍.........

വിദ്യാധരന്‍റെ ഓര്‍മ്മകുറിപ്പുകള്‍                
 
  വളരെക്കാലത്തെകാത്തിരിപ്പിനൊടുവിലാണ് അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തിയത്.തണുത്ത ശുദ്ധമായ കാറ്റ് മുഖത്തടിച്ചപ്പോള്‍ത്തന്നെ ഒരു പുനര്‍ജന്മപ്രതിതി.അടച്ചിട്ട ഫ്ലാറ്റിന്‍റെ ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്ന ചുട്ടുപഴുത്ത റോഡും; അതിലെ വാഹനങ്ങളുടെ തിരക്കും, കത്തിക്കാളുന്ന ചൂടും, നരച്ച മണല്‍ പരപ്പുകളുമെല്ലാം പെട്ടന്ന് കാഴ്ചയില്‍ നിന്നും മാറി.മണല്‍ വിരിച്ച മുറ്റത്തിന്‍റെ മൂലയില്‍ ചുമപ്പും മഞ്ഞയും കലര്‍ന്ന പൂക്കുലകളുമായി നില്‍ക്കുന്ന ചെത്തിയും; അതിനെ ചുറ്റിപ്പറ്റിപറക്കുന്ന മഞ്ഞ നിറമുള്ള ചിത്രശലഭങ്ങളുമെല്ലാം കടന്നു വന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ തങ്കമണിടീച്ചറുടെ വീട്ടില്‍ നിന്ന് വാങ്ങിയ റോസകമ്പ്  വളര്‍ന്നു വലുതായി; മുറ്റത്തിന്‍റെ ഒതുക്കില്‍ നിറയെ പൂക്കളുമായി എന്നെ എതിരെല്‍ക്കാനായി നില്‍ക്കുന്നു.ചുവട്ടില്‍; കൊഴിഞ്ഞു വീണ റോസാപൂക്കളുടെ ഒരു മെത്ത.മുള്ള് കൊള്ളാതെ മുറിച്ചെടുക്കാതെ പൂക്കളെ പതുക്കെ മൂക്കിനോടടുപ്പിച്ചു. എന്തൊരു നല്ല മണം ഊദും ഊദിന്‍റെ അത്തറും എവിടെ കിടക്കുന്നു. ഇവനല്ലേ മണം.മുറ്റത്തിന്‍റെഒരുവശത്ത്,ആരെയും പേടിയ്ക്കാതെ കൊത്തിപ്പെറുക്കുന്ന ചെങ്ങലികളും, കരികിലാത്തികിളികളും. ചാമ്പയിലും,പേരയിലുമൊക്കെ പഴങ്ങള്‍ അകത്താക്കാന്‍ മത്സരിക്കുന്ന കിളികളും,അണ്ണാറക്കണ്ണന്‍മ്മാരും.കുരുവില്‍ കിളിര്‍ത്ത റമ്പുട്ടാന്‍ തൈയ്യ് വളര്‍ന്നു മരമായിരിക്കുന്നു.ചുമന്ന നിറത്തിലുള്ളപഴങ്ങള്‍ചില്ലകളുടെ അറ്റത്ത് കാണാം. മനോഹരകാഴ്ചകള്‍ക്ക് തല്ക്കാലം വിടകൊടുത്തു.

  ഇന്ന് മാധവന്‍റെ വീട്ടില്‍ പോകണം സഹപാഠിയാണ്; പത്തില്‍കണ്ടതാണ് പിന്നെ കാണുന്നത് ഫേസ്ബുക്കിലാണ്. ബംഗ്ലൂരില്‍ ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.ലീവിനു വരുമ്പോള്‍ കാണാം എന്ന ഉറപ്പു പാലിക്കണം. ആളും നാട്ടിലുണ്ട്.പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അരമണിക്കൂര്‍ യാത്ര ചെയ്താണ് സ്ഥലത്തെത്തിയത്.പടിക്കല്‍ തന്നെ ആള്; കാത്ത് നില്പ്പുണ്ട്.ചെറുപ്പത്തിലെ അതെ മുഖം; മാറ്റം, മീശയും ഒരു കണ്ണടയും മാത്രം.

 “എന്തുവാടെ ....സുഖമല്ലേ ...അളിയാ എത്ര കാലമായി കണ്ടിട്ട് .........ഓ ..എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല കേട്ടോ ...........”

 “നിന്‍റെ മുടിയൊക്കെ എവിടെ ..........?മൊട്ട ആയല്ലോ ..........”

എല്ലാവരും കൊട്ടുന്ന ആദ്യത്തെ കൊട്ട്. അതിവിടെയും കിട്ടി. തിരിച്ചൊന്നു കൊടുത്തു ,എന്തുവാടെ നിന്‍റെ കണ്ണിന്റെ കാഴ്ച്ചയെല്ലാം പോയോ .........ഈ പ്രായത്തിലെ തിമിരമായോ ...........

 “ഏയ് ഇതു അതൊന്നുമല്ലടെ.........ഞങ്ങ കമ്പ്യൂട്ടര്‍ പ്രബഷനലുകള്‍ക്ക് കണ്ണട ഒഴിച്ചുകുടാന്‍ പറ്റാത്ത ഒരു സാധനമാ അറിയാമോ. കമ്പ്യൂട്ടര്‍+കണ്ണട അതാ കോമ്പിനേഷന്‍.”

 “ വാ............ വീട്ടിലേക്ക് പോകാം .”
 

പഴമയുടെ ഗന്ധം മണക്കുന്ന തറവാട്.മുറ്റത്ത്‌ നില്‍ക്കുന്ന മുത്തച്ഛന്‍മാവിന് ഒരു പാട് കഥകള്‍ പറയാനുണ്ട്‌.നിരയായി നില്‍ക്കുന്ന കൊന്ന തെങ്ങുകളുടെ തടത്തിന് ചുറ്റും വളരുന്ന പെരികില ചെടികളില്‍ വെള്ള പൂക്കുലകള്‍ നിറഞ്ഞിരിക്കുന്നു. വേലിയായി പൂത്ത് നില്‍ക്കുന്ന ചെമ്പരത്തി ചെടികള്‍.

 “പഴയ തറവാടാ തന്‍റെ കാലം കഴിഞ്ഞേ ഇതെക്കോ മാറ്റാറ്വു എന്ന് അമ്മയ്ക്ക് നിര്‍ബ്ബന്ധം. അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു ......”                     ഹും.........

“എനിക്കിവിടെ വല്യ താല്‍പര്യമൊന്നും ഇല്ല.കല്യാണമൊക്കെ കഴിഞ്ഞ് ബംഗ്ലൂരില്‍ തന്നെ കൂടാനാ എന്റെ പ്ലാന്‍ “

             അപ്പൊ ഇതൊക്കെ ......?

“ പോട്ടടാ ..........ആര്‍ക്കു വേണം ഇതൊക്കെ .....”

“എന്നാലും തറവാടല്ലേ അച്ഛനും അമ്മയും എല്ലാമുള്ള മണ്ണ്,ജനിച്ച വീട് നിനക്ക് വിഷമം ഒന്നും ഇല്ലെ .........?”

“കുന്തം.... എടൊ; ലോകമേ തറവാട്, ആണ്ടില്‍ ആറുമാസം സമരം; വെട്ടും കുത്തും മാറിയ സമയമില്ല. നീ കണ്ടില്ലേ റോഡ്‌; നടുവൊടിയും. തേങ്ങ ഇടാന്‍ പോലും ആളില്ല. എന്നാലോ പണി തരു സര്‍ക്കാരെയെന്ന് പറഞ്ഞ് ദിവസവും സമരം. സ്വയം നന്നാവാതെ നാട് നന്നാക്കാന്‍ ഇറങ്ങിയ കുറെ അവന്മാരും. യൂസ്‌ലെസുകള്‍. ഇവടെ എങ്ങനെ ജീവിക്കും ദൈവത്തിന്‍റെ സ്വന്തം നരകം അതാണ് ഈ നാട്”

   ഹും “വാ..... നമുക്ക് കാവിനടുത്തേക്ക് പോകാം നല്ല കാറ്റ് കിട്ടും.” 

 ചെറിയ ഒരു വനം. കാഞ്ഞിര മരവും, പാല മരവും, കാട്ടുനാരകവും എല്ലാം ഉണ്ട്. ഒരു വശത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ആല്‍ മരം, അതിന്‍റെ ചുവട്ടില്‍ വിളക്ക് വയ്ക്കുന്ന തറ. നാഗത്താന്‍മ്മാരും യക്ഷിയുമെല്ലാം വസിക്കുന്ന കാവില്‍ നിന്ന് സുഗന്ധപൂരിതയായ ഒരു കാറ്റ് ഞങ്ങളെ കടന്നു പോയി.

 “ഇതൊക്കെ വെട്ടി തെളിച്ച്‌ വല്ലതും വച്ചു പിടിപ്പിക്കണമെന്ന് ഞാന്‍ പാല പ്രാവശ്യം പറഞ്ഞു. എല്ലാം എന്‍റെ കാലശേഷം അതാ അമ്മ പറയുന്നത്. എന്തെങ്കിലുമാകട്ടെ.......... വാ..... ആ പാറപ്പുറത്തിരിക്കാം.പിന്നെ വിശേഷങ്ങള്‍ പറ കേള്‍ക്കട്ടെ.”

 കാലം പിറകോട്ടു പാഞ്ഞു. കമ്പ്യൂട്ടറില്‍ നിന്നു കല്ലു പെന്‍സിലിലേക്ക് മാറി.വിശേഷങ്ങളിലൂടെ വിചാരങ്ങള്‍ സഞ്ചരിച്ചു.ചെറുതും വലുതുമായ തമാശകള്‍, സംഭവങ്ങള്‍ അങ്ങനെ എല്ലാം എല്ലാം .......

 ങ്ഹാ.....എടാ നീ നളിനിയെ ഓര്‍ക്കുന്നുണ്ടോ...........?

നമ്മുടെ പ്രഭാകരന്‍റെ നളിനി ..............?

അതെ ആ; നളിനി തന്നെ. ഇവിടെ അടുത്ത അവരുടെ വീട്.

ക്ലാസ്സ്‌ മുറികളെ സജീവമാക്കിയിരുന്ന പേപ്പര്‍ പ്രണയത്തിലെ ആദ്യകാല നായികാനായകന്‍മ്മാരയിരുന്നു; പ്രഭാകരനും നളിനിയും.സ്കൂളില്‍ സ്വന്തമായി വാഹനത്തില്‍ വന്നിരുന്ന ഏക വിദ്യാര്‍ഥി ആയിരുന്നു പ്രഭാകരന്‍.എണ്‍പതു മോഡല്‍ റാലി സൈക്കിള്‍ ആയിരുന്നു ആ വാഹനം.ടയര്‍ പഞ്ചര്‍ ആയാല്‍ തള്ളാന്‍ മാത്രമാണ്  പ്രഭാകര്‍ ഞങ്ങളെ വാഹനത്തില്‍ തൊടീച്ചിരുന്നത്. ചക്രങ്ങള്‍ക്കിടയിലുള്ള കമ്പികളില്‍ പല വര്‍ണ്ണത്തിലുള്ള മുത്തുകളും, ഹാന്‍ഡിലിന്റെ അറ്റത്ത്‌ കാസറ്റ്‌ വള്ളികള്‍ പൊട്ടിച്ചുണ്ടാക്കിയ തോരണവും ചാര്‍ത്തി; ണിം, ണിം മണിയടിച്ചു സൈക്കിളില്‍ വന്നിറങ്ങുന്ന പ്രഭാകരനോട് ആണ്‍വര്‍ഗത്തിനു പൊതുവില്‍ അസൂയയും പെണ്‍വര്‍ഗ്ഗത്തിനു ആദരവും തോന്നിയിരുന്ന ആ കാലത്താണ് നളിനിയും പ്രഭാകരനും അനുരാഗികളായത്.പ്രണയലേഖനങ്ങള്‍ നേരിട്ട് കൈമാറാനുള്ള ധൈര്യക്കുറവ് കാരണം റോക്കറ്റ്‌ സാങ്കേതികവിദ്യയാണ് കൈമാറ്റത്തില്‍ പ്രയോഗിച്ചിരുന്നത്.രണ്ടു കൈകളുടെയും ചൂണ്ടുവിരലുകള്‍ ക്കിടയില്‍ കത്ത് മടക്കി വച്ച് ലക്ഷ്യ സ്ഥാനത്തേക്ക് തൊടുത്ത് വിടുകയായിരുന്നു പതിവ്‌.ഒരിക്കല്‍ ലക്ഷ്യം തെറ്റി മറ്റൊരു കുട്ടിയുടെ മുന്‍പ്പില്‍ പതിച്ച കത്ത് അവള്‍ സാറിന് കൈമാറി.മലയാളഅധ്യാപകന്‍ കൂടിയായിരുന്ന വര്‍ക്കി സാര്‍ കത്ത് ക്ലാസ്സില്‍ വായിച്ച് അതിലെ അക്ഷരതെറ്റുകള്‍ തിരുത്തി പ്രഭാകരനെ തന്നെ ഏല്പ്പിച്ചു.അങ്ങനെ പ്രണയം ക്ലാസ്സറിഞ്ഞു, സ്കൂള്‍ അറിഞ്ഞു, ഒടുവില്‍ വീട്ടുകാരുമറിഞ്ഞു.നളിനിയുടെ പഠിത്തം അതോടെ തീര്‍ന്നു.പ്രഭാകരന്‍ പത്താം ക്ലാസ്സില്‍ പെന്‍ഷന്‍ പറ്റിയാണ് പിരിഞ്ഞത്.പക്ഷെ നളിനി പ്രഭാകര ബന്ധം മുറിഞ്ഞില്ല.തയ്യല്‍പഠിക്കാന്‍ പോയിരുന്ന നളിനിയെ പ്രഭാകരന്‍  കല്യാണം കഴിച്ചുശേഷം വിശേഷങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല.
 

 ചെറിയ വെയില്‍ വക വയ്ക്കാതെ ഇട വഴിയിലൂടെ  ഞങ്ങള്‍ നളിനിയുടെ വീട്ടിലേക്ക് നടന്നു. റോഡിനിരുവശവും ചെറിയ വീടുകള്‍ പാവല്‍, പടവല തോട്ടങ്ങള്‍; ചെറിയ തടങ്ങളില് വിളവെടുപ്പിനു പാകമായ ചീരകള്‍,പഴുത്ത്തുടങ്ങിയതക്കാളികള്‍.ഇങ്ങനെ പച്ചക്കറികളുടെ ചെറിയ ചെറിയ തോട്ടങ്ങള്‍.വാഴ തോട്ടങ്ങളുടെ ഇടയിലൂടെയുള്ള കാനകളില്‍ ഒഴുകുന്ന വെള്ളത്തില്‍ തത്തികളിക്കുന്ന പരല്‍ മീനുകളെ നോക്കി; നടന്നു.കുറച്ചുമാറിവിളഞ്ഞുനില്‍ക്കുന്ന നെല്‍പ്പാടങ്ങളും; അതിന്‍റെ അരികിനോട് ചേര്‍ന്ന് നില്‍ക്കുന്ന മംഗള കവുങ്ങില്‍ പഴുത്ത് പാകമായ പഴുക്കാ കുലകളും കൈയെത്തും പൊക്കത്തില്‍ കിടക്കുന്നു.മനോഹരമായ സ്ഥലം.കാഴ്ചകള്‍ കണ്ടു സ്ഥലം എത്തിയത് അറിഞ്ഞില്ല.

 ഒതുക്കുകല്ലുകള്‍ കയറിച്ചെന്നത് ഒരു ചെറിയ വീട്ടു മുറ്റത്തേക്കാണ്. അമ്പരന്നു നില്‍ക്കുന്ന രണ്ട് കുരുന്നുകളാണ് ഞങ്ങളെ എതിരേറ്റത്.

    അമ്മെ...... രണ്ട് മാന്മ്മാര്‍ വന്നിരിക്കുന്നു.

 ആരാ മക്കളെ.... അകത്തുനിന്നുള്ള അമ്മയുടെ ചോദ്യം കത്ത് നില്‍ക്കാതെ അവര്‍ അകത്തേക്ക് ഓടി.

വീടിനുള്ളില്‍ നിന്ന്പുറത്തേക്കു വന്ന സ്ത്രി രൂപത്തിന് ഓര്‍മ്മയിലെ നളിനിയുമായി ഒരു സാമ്യവും ഉണ്ടായിരുന്നില്ല

ആരാ.............?

നളിനി..........?  അതെ..... നളിനി തന്നെ.

ഞങ്ങള്‍ പണ്ട് ...........പേരും വിവരും പറഞ്ഞ് പരിചയപ്പെടുത്തി.

അത്ഭുതവും സന്തോഷവുമെല്ലാം അവരുടെ കണ്ണുകളില്‍ പ്രകടമായി.

 എനിക്ക് കണ്ടിട്ട് മനസിലായേയില്ല.....കയറി ഇരിക്കു.

 തിണ്ണയില്‍ കിടന്ന കസേരയില്‍ ഇരുന്നു.

പ്രഭാകരന്‍ എവിടെ.......?

ഒന്നും മിണ്ടിയില്ല; പകരം ഭിത്തിയിലേക്ക് നോട്ടം പാഞ്ഞു. അവിടെ കത്തികൊണ്ടിരുന്ന സീറോവോള്‍ട്ട് ബള്‍ബിനു മുകളിലായി ഒരുചിത്രമുണ്ടായിരുന്നു.എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരം പൂര്ണ്ണമായി.

ഞാന്‍ ചായ കൊണ്ടുവരാം. നിറഞ്ഞ കണ്ണുകളെ ഒളിപ്പിച്ചുകൊണ്ട് അവര്‍ അകത്തേയ്ക്ക്പോയി.

“നീ അവളോടൊന്നും ചോദിക്കണ്ട, ഞാന്‍ പറഞ്ഞു തരാം” മാധവന്‍ പറഞ്ഞു.ചായകുടിച്ച് വിശേഷങ്ങള്‍ പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍:കോലായില്‍ ചാരിവച്ചിരിക്കുന്ന പ്രഭാകരന്‍റെ സൈക്കിള്‍. മുത്തുകള്‍ക്ക് നിറം മങ്ങിയിരിക്കുന്നു.ഹാന്‍ഡിലും, ചെയ്നും, പെഡലും,സീറ്റും, ടയറും എല്ലാംഭദ്രം.വെറുതെയൊന്നു തൊട്ടു. പ്രഭാകരന്‍റെ സാമീപ്യം അനുഭവപ്പെടുന്നതായി തോന്നി.

 “എന്നും ഞാനിത് തുടച്ചു വൃത്തിയാക്കിവയ്ക്കും.ഇതു കാണുമ്പൊള്‍ എനിക്ക് ചേട്ടനെ ഓര്‍മ്മ വരും. ഈ മണിയടിശബ്ദം കേള്‍ക്കുമ്പോള്‍ എനിക്ക് ഒരു ധൈര്യമാ. ആള്‍ എന്‍റെ അടുത്ത് നില്‍ക്കുന്നതായി തോന്നും.തേങ്ങലുകള്‍ക്കിടയിലൂടെ നളിനിയുടെ ശബ്ദംപുറത്ത് വന്നു.

ഹൃദ്യമായി മീട്ടിയിരുന്ന കമ്പികള്‍ പൊട്ടാന്‍ എത്ര സമയം വേണം.

കുട്ടികളുടെ കയ്യില്‍ കുറച്ചു രൂപ കൊടുത്ത് തിരിക്കുമ്പോള്‍ യാത്ര പറയാന്‍ ശബ്ദം പുറത്ത്‌ വന്നില്ല. ഒരു തലയാട്ടല്‍ മാത്രം.... പോട്ടെ  

ആരാ അമ്മേ അത്............അതിനുള്ള ഉത്തരം ശ്രദ്ധിക്കാതെ ഞങ്ങള്‍ തിരിച്ചു നടന്നു.

       എങ്ങനെ ആയിരുന്നു സംഭവം:”ങ്ഹാ അതോ രക്തസാക്ഷി....

ആളു മാറി ചെയ്താതാന്ന പറയുന്നേ”

ആര്‍ക്കുവേണ്ടി............ എന്തിനു വേണ്ടി..............

“കവലയില്‍ ഒരു സ്മാരകമൊക്കെയുണ്ട് നീ കണ്ടില്ലേ....?ഇല്ലേല്‍ പോകുന്ന വഴിക്ക് കാണാം.”

 തിരിച്ചുപോകുന്ന വഴി കവലയില്‍ വണ്ടിനിറുത്തി ഇറങ്ങി.പ്രഭാകരന്‍റെ സ്മാരകത്തില്‍ കൊടി പാറിക്കളിക്കുന്നു.

         “ഇല്ല ഇല്ല മരിക്കുന്നില്ല

         ഞങ്ങളുടെ ഉള്ളില്‍ നീ എന്നും ജീവിക്കും”

ശിലയില്‍ കൊത്തിവച്ചിരിക്കുന്ന വാക്കുകള്‍. ജീവിച്ചു തീര്‍ക്കേണ്ട ജീവിതം വെട്ടിനുറുക്കപ്പെടുമ്പോള്‍ അനാഥമാവുന്ന അവന്‍റെ പെണ്ണും മക്കളും ആരുടെ ഉള്ളില്‍  ജീവിക്കും

 ഇണക്കിളിയുടെ മരണത്തില്‍നിന്ന് ഉടലെടുത്ത ആദി കാവ്യത്തിലൂടെ മാ നിഷാദാ ........പറഞ്ഞ നാട്ടില്‍...............

 ലാല്‍ സലാം സഖാവെ...............

 

1 comment:

  1. രക്തസാക്ഷിത്വങ്ങൾ നേതാക്കൾക് രാഷ്ട്രീയ മൂലധനവും അതിലെ വേര്പാട് ആശ്രിതര്ക് വിലാപങ്ങളും സമ്മാനിക്കുന്നു.

    ReplyDelete