**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, September 24, 2012

ഷര്‍ട്ടൂരലും, ചെരുപ്പേറും ഒരു തുടക്കംമാത്രം....


    ഒരു കാലത്ത് നമ്മുടെ നാട്ടിലൊക്കെനടന്നിരുന്ന ഒരു പ്രതിഷേധ കലാപരിപാടിയായിരുന്നു ചീമുട്ടയേറ്. എറിയാന്‍ വേണ്ടി മാത്രം മുട്ടകള്‍ ചീയ്യാറില്ലത്തതിനാല്‍ ഫലത്തില്‍ ഇത് മുട്ടയേറ് തന്നെയായിരുന്നു.ഏറു കിട്ടുന്നവന്‍ പതുക്കെ സ്ഥലം വിടുന്നതായിരുന്നു ഇതുവരെയുള്ള പതിവ്‌.അല്ലാതെ എറിഞ്ഞവനെ തപ്പിപിടിച്ചു പോലീസില്‍ എല്പ്പിക്കുന്ന പരിപാടിയൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആസനത്തില്‍ വളരുന്ന ആലും തണലാണ് എന്ന് കരുതാന്‍ തുടങ്ങിയപ്പോള്‍ ഏറു കിട്ടുന്ന മുട്ടകള്‍ പെറുക്കിയെടുത്തു അന്നത്തെ കഞ്ഞിക്ക് പൊരിച്ചു കൂട്ടാനുള്ള പദ്ധതിയും തുടങ്ങിയിരിക്കുന്നു.മുട്ടയേറു,ദേഹത്ത് കൊള്ളാതിരിക്കാന്‍ ചുറ്റും ആള്‍ക്കാരെ നിറുത്തിയാണ് പലരും രക്ഷപെടുന്നത്.ചിലര്‍ക്ക്പിന്നെ എത്ര ഏറു കിട്ടിയാലും ഒന്നും മനസിലാവുകയില്ല. പൊട്ടന്‍  X കണ്ടപോലെ ചുമ്മാ ചിരിച്ചുകൊണ്ടിരിക്കും.ഒരാള്‍ എത്ര ജനകീയനാണെന്നതിനെ ആശ്രയിച്ചായിരിക്കും എറിയുന്ന മുട്ടകളുടെയും,ആള്‍ക്കാരുടെയും എണ്ണവും.കാലംമാറി മുട്ടയേറ് ഒരു നഷ്ടക്കച്ചവടമായി മാറിയപ്പോള്‍ എറിയുന്നവരും കളംമാറ്റി ചവിട്ടി. ഇപ്പോള്‍ ചെരുപ്പാണ് എറിയാന്‍ ഉപയോഗിക്കുന്നത്. ആളു കൂടുന്നയിടത്തോക്കെ സര്‍വ്വസാധാരണയായി കിട്ടുന്ന ഒരു സാധനമാണല്ലോ ചെരുപ്പ്.പ്രത്യേകിച്ച് ചൊമന്നോണ്ട് നടക്കുകയോന്നും വേണ്ട. കാലേന്നു ഊരി എറിഞ്ഞാല്‍ മതി. മുട്ട പോലെ കൊണ്ടുനടക്കാനും വിഷമമില്ല.
 

  ഒരു വ്യക്തിയോടുള്ള തികഞ്ഞ വെറുപ്പും പ്രതിഷേധവും പ്രകടിപ്പിക്കാനുള്ള ഒരു രീതിയെന്നതില്‍ കവിഞ്ഞ് ഇതൊരു കൊലപാതക ശ്രമമൊന്നുമല്ല. ബുഷ്‌ തുടങ്ങിയ ലോകനേതാക്കളും ശരത് പവാര്‍, പ്രശാന്ത്‌ ഭൂഷന്‍, അദ്വാനി, ചിദംബരം, ഒമര്‍അബ്ദുള്ള തുടങ്ങിയ ഇന്ത്യന്‍ തുക്കിടികളും ഇതുപോലുള്ള പ്രതിഷേധങ്ങള്‍ കണ്ടും കൊണ്ടും അറിഞ്ഞവരാണ്.ആ പട്ടികയിലേക്ക് നമ്മുടെ മന്മോഹന്നും കടന്നു കൂടിയിരിക്കുന്നു.ഉടുപ്പൂരിയുള്ള പ്രതിഷേധമാണ് നമ്മുടെ പ്രധാനമന്ത്രിയുടെ നേരെ നടന്നത്.ഇന്ത്യന്‍ ലോ ഇന്‍സ്റിറ്റ്യൂട്ട് വിജ്ഞാന്‍ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവംനടന്നത്. സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ അംഗമായ സന്തോഷ്‌കുമാര്‍ സുമനാണ് മേശപ്പുറത്ത്‌കയറി ഷര്‍ട്ട്‌ഊരി പ്രാധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചത്,പ്രധാനമന്ത്രി തിരിച്ചുപോകുക, ഡീസലിന് വിലകുറയ്ക്കുക എന്നൊക്കെയാണ് സുമന്‍ വിളിച്ചു പറഞ്ഞത്.പോലീസുകാര്‍ പ്രതിഷേധക്കാരനെ നീക്കുകയും പ്രധാനമന്ത്രി പരിപാടിയില്‍ പ്രസംഗിക്കുകയും ചെയ്തു.ചീഫ്‌ജസ്റ്റിസ്‌,നിയമ മന്ത്രി തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നു.ഒരു സാധാരണപ്രതിഷേധം എന്നതില്‍ കവിഞ്ഞ്; അതീവസുരക്ഷാ മേഖലയില്‍ ബോബ് വീണപോലെയാണ് നമ്മുടെ മാധ്യമങ്ങള് വാര്‍ത്ത പുറത്തുവിട്ടത്. സംഗതി ഇന്ത്യയ്ക്ക് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കിപോലും. ഇവന്മാരെയൊക്കെ എന്താ ചെയ്യേണ്ടത്.നമ്മുടെ രാജ്യത്ത് കുറേ ആള്‍ക്കാര്‍ നമ്മുടെ കാശുകൊണ്ട് അടിച്ചുപൊളിച്ചു കഴിയുന്നു. മുന്തിയ ഹോട്ടലുകളിലും, കൊട്ടാരങ്ങളിലും അവര്‍ നമുക്കുവേണ്ടി പരിപാടികള്‍ സംഘടിപ്പിച്ചു ആനന്ദിക്കുന്നു.അങ്ങോട്ട്‌ നമുക്ക് പ്രവേശനമില്ല. നമ്മള്‍ പാവങ്ങള്‍ ഗെയിറ്റിനു പുറത്തു പിച്ചക്കരെപ്പോലെ കാത്തിരിക്കുന്നു. ഇവന്മ്മാര്‍ കടിച്ച്‌ചവച്ച് പുറത്തേയ്ക്ക് എറിയുന്ന എല്ലിന്‍കഷണങ്ങള്‍ വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്ക്കൊളണം. അകത്തേയ്ക്ക് പോയി ഇത് ശരിയല്ലായെന്നു പറയാമെന്നുവെച്ചാല്‍ പോലീസിനെ വച്ച് ഗെയ്റ്റില്‍ തടയ്ക്കും.ഇതിനെതിരെ പ്രതിഷേധിച്ചാല്‍ അത് ഇന്ത്യയ്ക്ക് നാണക്കേടാണത്രേ.ഉടുപ്പൂരി പ്രതിഷേധിച്ചാല്‍ അത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് പോലും.ഇത്രയേറെ ദ്രോഹങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടും പ്രതികരിക്കാത്ത ഒരു ജനം ലോകത്ത് വേറൊരിടത്തും ഉണ്ടാവില്ല.
 

  കസബിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനെക്കാള്‍ സുരക്ഷവേണം നമുടെ പ്രധാനമന്ത്രിയ്ക്ക് ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കണമെങ്കില്.എന്ത് കൊണ്ടാണിത്? എത്ര വലിയ സുരക്ഷാ വലയത്തിനുള്ളില്‍ നിന്നുകൊണ്ടാണ് താന്‍ പാവങ്ങളുടെ കൂടെയാണെന്ന്  നമ്മുടെ പ്രധാനമന്ത്രി പറയുന്നത്. ഇതാണോ ഒരു പ്രധാനമന്ത്രിയുടെ ജാനകിയ മുഖം??? ജനകിയ പ്രാധാനമന്ത്രിമാരും പ്രസിഡന്‍റ്മാരും ജനങ്ങളോടുത്തു സഞ്ചരിച്ചാണ് തങ്ങളുടെ ഓഫീസുകളില്‍ എത്തുന്നത്‌.ഇതൊരു നുണയല്ല.പല യൂറോപ്യന്‍ രാജ്യങ്ങളിലും നടക്കുന്ന ഒരു കാര്യമാണിത്.എന്നാല്‍ നമ്മുടെ രാജ്യത്തോ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന വഴികള്‍ അക്ഷരാര്‍ത്ഥത്തില്‍ പോലിസിന്‍റെ പിടിയിലാണ്.ഏതെങ്കിലും സാധാരണക്കാരന് ആ വഴി സഞ്ചരിക്കാന്‍ പറ്റുമോ.ഇടയ്ക്കിടെ കേരളിയരും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നതാണ്.ബുള്ളറ്റ് പ്രൂഫ്‌ കാറില്‍കരിമ്പൂച്ചകളുടെ അകമ്പടിയോടെ മാത്രം സഞ്ചരിക്കുന്ന ഈ നേതാക്കന്മ്മാര്‍ എങ്ങനെയാണ് തങ്ങള്‍ സാധാരണക്കാരുടെ കൂടെയാണെന്നു പറയുന്നത്.രാഷ്ട്രപിതാവ്‌ ഗാന്ധിജിക്ക്‌ എത്ര കരിമ്പൂച്ചകള്‍ കാവലുണ്ടായിരുന്നുവെന്നു നമുക്കൊക്കെ അറിയാവുന്നതാണ്.കൊട്ടാരങ്ങളിലെ അധികാര കസേരകളില്‍ കനത്ത സുരക്ഷാവലയത്തില്‍ ജീവിക്കുന്ന ഇവര്‍ എങ്ങനെയാണ് എണ്പതു ശതമാനം വരുന്ന സാധരക്കാരന്റെ ദുഃഖങ്ങളും, ദുരിതങ്ങളും, കഷ്ടപ്പാടുകളും അറിയുന്നത്. ജീവിക്കുന്ന കാലത്തോളും എല്ലാം സൗജന്യമായി ലഭിക്കുന്ന ഇവര്‍ക്ക്;എണ്ണവില കൂടിയാലോ, അരിവില കൂടിയാലോ സാധാരണ ജനം അനുഭവിക്കുന്ന ദുരിതങ്ങള്‍ എങ്ങനെ മനസിലാക്കാന്‍ കഴിയും.തനിക്കും തന്‍റെ  തലമുറകള്‍ക്കും കഴിയാനുള്ള സ്വത്തുക്കള്‍ അഴിമതിയിലൂടെ സംഭരിച്ചു വച്ചിരിക്കുന്ന ഇവര്‍ക്ക് രാജ്യത്തോട് എന്ത് ഉത്തരവാദിത്വമാണുള്ളത്? മരിക്കുവോളം അധിക്കാരത്തില്‍ ഇരിക്കുക; അതിനുവേണ്ടി ആരുമായും കൂട്ടുകൂടുക എന്നതില്‍ കവിഞ്ഞ് ഇവര്‍ക്ക് എന്ത് രാഷ്ട്രിയ മര്യാദയാണുള്ളത്?ജനങ്ങളുടെ പ്രതിഷേധത്തെ ശക്തി ഉപയോഗിച്ച് തല്ലിക്കെടുത്തുക, അതിനായി മാധ്യമങ്ങളെവരെ കൂട്ടുപിടിക്കുക തുടങ്ങിയ പഴയബ്രിട്ടിഷ് രീതി തന്നെയല്ലെ നമ്മുടെ നേതാക്കളും നമ്മളോട് പ്രയോഗിക്കുന്നത് ?പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാല്‍, ഷര്‍ട്ട് ഊരി വീശിയാല്‍,മന്ത്രിമാരെ കരിങ്കൊടി കാണിച്ചാല്‍ അതെല്ലാം രാജ്യദ്രോഹകുറ്റങ്ങളാണോ?ജനങ്ങളുടെ പ്രതിഷേധത്തെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത കൂപമണ്ഡൂകങ്ങളാണോ നമ്മുടെ നേതാക്കള്‍? പെട്രോളിനും ഡീസലിനും വിലകുറയ്ക്കാന്‍ തന്‍റെ കൈയ്യില്‍ പണം കായ്ക്കുന്ന മരമൊന്നുമില്ലെന്നു, ജനങ്ങളുടെ പേരില്‍ എല്ലാം സൗജന്യമായി ഉപയോഗിക്കുന്ന ഒരു പ്രധാനമന്ത്രി സാധാരണക്കാരായ ജനങ്ങളോട്  പറയുമ്പോള്‍ അതിലെ അധികാരത്തിന്‍റെ ഹുങ്കും,ധാര്‍ഷ്ട്യവും ആര്‍ക്കും മനസിലാവുന്നതാണ്.അതിനെതിരെ ഒരാള്‍ ഷര്‍ട്ട് ഊരി പ്രതിഷേധിച്ചാല്‍ അത് ഇത്ര വലിയ കുറ്റമാണോ?ജനങ്ങള്‍ എങ്ങനെയാണ് പ്രതിഷേധിക്കേണ്ടതെന്നു ഒരു മാര്‍ഗരേഖകൂടി സര്‍ക്കാര്‍  അവതരിപ്പിച്ചാല്‍ നന്നായിരുന്നു.
 

  ജനകീയ സമരങ്ങളെ കണ്ടില്ലായെന്നു നടിക്കാന്‍ ബ്രിട്ടിഷുകാര്‍ക്ക് പോലും കഴിഞ്ഞില്ല.എന്നാല്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ജനകിയ സമരങ്ങളോടുള്ള നിലപാട് എന്താണ്? കൂടംകുളം സമരം, മുല്ലപ്പെരിയാര്‍ സമരം, ഏലൂര്‍ സമരം.ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ തുടങ്ങിയ ജനകിയ സമരങ്ങള്‍ സമാധാന മാര്‍ഗത്തില്‍ നിശബ്ദമായി നടത്തിയപ്പോള്‍ ആരെങ്കിലും തിരിഞ്ഞു നോക്കിയോ?അവരുമായി ചര്‍ച്ച നടത്തി അവര്‍ക്ക് പറയാനുള്ളത് കേട്ടോ?സമരത്തിന്‌ ശക്തികൂടിയപ്പോള്‍ അടിച്ചു ഒതുക്കാനും സമരത്തില്‍ ഭിന്നതയുണ്ടാക്കാനുമല്ലേ സര്‍ക്കാര്‍ ശ്രമിച്ചത്‌.സമാധാനമായി കഴിയുന്ന ജനങ്ങളെ തെരുവിലേക്ക് വലിച്ചിറക്കുന്നതിനും,അക്രമാസക്തരാക്കുന്നതിനും സര്‍ക്കരിനുമില്ലേ പങ്ക്???..സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു പദ്ധതിയിലും സുധാര്യതയില്ലതതുകൊണ്ടല്ലെ ജനങ്ങള്‍ പദ്ധതികളെ സംശയത്തോടെ നോക്കുന്നത്???ജനങ്ങള്‍ക്ക് വാഗ്ദാനങ്ങളുടെ പെരുമഴ നല്കി അവരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ പിന്നെ പോലീസും പട്ടാളവും തീര്‍ക്കുന്ന സുരക്ഷാവലയതിനുള്ളിലിരുന്ന് ജയിപ്പിച്ചു വിട്ട ജനത്തിന് തന്നെ പണി കൊടുക്കുമ്പോള്‍ ഓര്‍ക്കുക..............അള മുട്ടിയാല്‍ ചേരയും കടിക്കും. ഷര്‍ട്ട് ഊരലും,ചെരുപ്പേറും ഒരു സൂചനയാണ്......വികസനത്തിന്‍റെ പേരും പറഞ്ഞു രാജ്യത്തെ കൊള്ളചെയ്ത് അത്താഴപട്ടിണിക്കാരന്‍റെ അന്നം മുട്ടിച്ചാല്‍ ഭക്ഷണം കിട്ടാതെ നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കി ആത്മ രോഷത്തോടെ ജനം തെരുവിലെയ്ക്കിറങ്ങും.രാജ്യത്തെ പോലീസും പട്ടാളവും തീര്‍ക്കുന്ന സുരക്ഷാ വലയങ്ങള്‍ പൊട്ടാന്‍ പിന്നെ വലിയ താമസം ഉണ്ടാവില്ല.
 

  എല്ലാം സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്ന സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.എന്ത് കൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്?എല്ലാവരും ചെയ്യുന്നു അതുകൊണ്ടാണ്,പിടിച്ചു നില്ക്കാന്‍ വേണ്ടിയാണ് തുടങ്ങിയ പാപ്പരത്തങ്ങള്‍ അല്ല ജനങ്ങള്‍ക്ക്‌ കേള്‍ക്കേണ്ടത്. വ്യക്തമായ കാരണങ്ങള്‍ ആണ് അറിയേണ്ടത്.എന്ത് കൊണ്ടാണ് നമ്മുടെ രാജ്യത്തിന് ഈ അവസ്ഥ വന്നത്?ആരാണ് ഇതിനുത്തരവാദി; അതാണ് വ്യക്തമാകേണ്ടത്.വിഭവങ്ങളുടെ കുറവല്ല നമ്മുടെ യഥാര്‍ത്ഥ പ്രശ്നം.അത് സംഭരിച്ചു ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നതിലെ അപാകതയാണ് യഥാര്‍ത്ഥ പ്രശ്നം.ചില ചെറിയ ഉദാഹരണങ്ങള്‍ മാത്രം നോക്കിയാല്‍ മതി, കാര്യം മനസിലാവാന്‍. രാജ്യത്ത് അറുപത്ശതമാനവും ആളുകളും പട്ടിണി കിടക്കുമ്പോള്‍ ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സംഭരണ ശാലകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്നു നശിക്കുന്നു. കര്‍ഷകരില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങി സംഭരിച്ച് വിതരണം ചെയ്ത് ഇടനിലക്കാരുടെ കൊള്ളലാഭം തടയാമെന്നിരിക്കെ;  എന്ത് കൊണ്ടാണ് പൊതുവിതരണ സംവിധാനം നിറുത്തലാക്കുന്നത്? ഇത് കുത്തകകളെ സഹായിക്കാനല്ലാതെ എന്തിനാണ്.നഷ്ടത്തിലോടുന്ന സര്‍ക്കാര്‍ പദ്ധതികള്‍ സ്വകാര്യവത്കരിക്കുമ്പോള്‍ ലാഭകരമാകുന്നു.. എന്ത് കൊണ്ട്?സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യപ്രപ്തിയില്ലായ്മ്മയല്ലേ ഇത് കാണിക്കുന്നത്. നഷ്ടത്തിലണെന്നു സര്‍ക്കാര്‍ പറയുന്ന എണ്ണകമ്പനികള്‍ ഓഹരി വിപണിയില്‍ ലാഭ കണക്കുകള്‍ മാത്രം പറയുന്നു.ലാഭത്തില്‍ ഓടുന്ന എണ്ണകമ്പനികള്‍ എങ്ങനെയാണ് സര്‍ക്കാര്‍ കണക്കില്‍ നഷ്ടത്തിലാവുന്നത്. ലാഭകരമായി  നടത്തുന്ന ഗള്‍ഫ്‌ വിമാനസര്‍വീസുകള്‍  റദ്ദ്‌ ചെയ്യുന്നത് ആര്‍ക്കു വേണ്ടിയാണ്. നമ്മുടെ കേരളത്തിലേക്ക് വരുകയാണങ്കില്‍ കെഎസ്ആര്‍ടിസി മാസം ആറുകോടി നഷ്ടത്തില്‍ ആണെന്ന്പറയുന്നു.ഒരു ബസ്‌ മാത്രമുള്ള സ്വകാര്യ മുതലാളി വര്ഷം തോറും ബസുകളുടെ എണ്ണം കൂട്ടുന്നു.ഭൂമിക്ക് വേണ്ടി ഒരു വിഭാഗം ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍  വന്‍കിട കയ്യേറ്റങ്ങളെ കണ്ടില്ലായെന്നു നടിക്കുന്നു.
 
 കേരളത്തില്‍ അരിവില മുന്നോട്ട് കുതിക്കുമ്പോള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ കുട്ടനാട്ടിലെ കര്‍ഷകരുടെ നെല്ല് നശിക്കുന്നു.നാളികേരത്തിന് വിലയില്ലാതെ കര്‍ഷകന്‍ നട്ടം തിരിയുമ്പോള്‍ ഉപഭോക്താവിനു നാളികേര ഉത്പന്നങ്ങള്‍ വന്‍വില കൊടുത്തു കച്ചവടക്കാരില്‍ നിന്നും വാങ്ങേണ്ടി വരുന്നു.എന്ത് കൊണ്ട് സര്‍ക്കാരിനു കര്‍ഷകരില്‍ നിന്നും അവരുടെ ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ചു വിപണിയില്‍ വിതരണം ചെയ്ത് കൂടാ.അങ്ങനെ വന്നാല്‍ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിറുത്താം.എന്തുകൊണ്ട്ഇതൊന്നും ചെയ്യുന്നില്ല.ഒരു കാര്യം നമുക്ക് മനസിലാക്കാം സര്‍ക്കാരിനു ഇതിലൊന്നും താല്‍പ്പര്യമില്ല.അതിനുള്ള പ്ലാനിങ്ങും കാര്യശേഷിയുമില്ല എന്നുവേണം കരുതാന്‍. വന്‍കിട കുത്തകകള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടി ജനോപകാരപ്രദമായ പദ്ധതികളെ ഞെക്കികൊല്ലാനാണ്ഒരു വിഭാഗം നേതാക്കളും കുറേ ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.ജനകീയ പദ്ധതികള്‍ ഒന്നും ആവിഷ്ക്കരിക്കാതെ കെടുംകാര്യസ്ഥതയും അഴിമതിയും പ്രോത്സാഹിപ്പിച്ച്; ഉള്ള പദ്ധതികള്‍ പോലും നഷ്ടത്തിലാക്കി എല്ലാം സ്വകാര്യമേഖലയ്ക്ക് തീറെഴുതാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.കുത്തകകളില്‍ നിന്ന് കിട്ടുന്ന കമ്മിഷനും വാങ്ങി അധികാരത്തില്‍ കടിച്ച്‌ തൂങ്ങുന്നത് പഴയ ജന്മിവ്യവസ്ഥയുടെ പുനരാവ്ഷ്കാരമാണ്. ജന്മിയായി സര്‍ക്കാരും പാട്ടക്കരായി കുത്തകകളും അവര്‍ക്ക് വേണ്ടി അടിമവേല ചെയ്യാന്‍ ജനങ്ങളും.ഇതിനാണോ ജനാധിപത്യമെന്ന് പറയുന്നത്????????...

2 comments:

  1. തുളസീ,
    താങ്കൾ പറഞ്ഞ പല കാര്യങ്ങളും വളരെ നല്ലതും എല്ലാവരേയും ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്. എന്നാൽ പഴയ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ഇന്നു നമ്മളാണ് നമ്മെ ഭരിക്കുന്നത്. ശ്രീ മന്മോഹൻ സിങിനെ പ്രധാന മന്ത്രി പദത്തിലെത്തിച്ചത് നമ്മളാണ്. നമ്മുടെ പ്രതികരണ ശേഷി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പിലാണ്. മുട്ടയെറിയുന്നതും മറ്റും ഒരു പ്രാക്രിത രീതിയായി മാത്രമേ കാണുവാൻ കഴിയൂ. ഒരു കാര്യം നമ്മളോർക്കണം. ജനാധിപത്യ വ്യവസ്തിതിയിൽ ഭൂരിഭാഗത്തിന്റെ അഭിപ്രായത്തിനെ വിലയുള്ളൂ. അതിനെതിരെ പ്രതിഷേധിക്കുവാനും നമുക്ക് അധികാരമുണ്ട്. പക്ഷെ പ്രതിഷേധം മറ്റുല്ലവരുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നേറ്റമാവുന്നത് ഒരു പരിഷ്ക്രിത സമൂഹത്തിന് യോജിച്ചതല്ല. നമ്മൽ വേണ്ടത് ഭൂരിഭാത്തിനെ ബോധവാന്മാർ ആക്കി അടുത്ത തിരഞ്ഞെടുപ്പിൽ അധികാരം നേടുകയാണ് വേണ്ടത്. എന്റെ ഒരു അഭിപ്രായം മാത്രം.

    ReplyDelete
  2. താങ്കളുടെ അഭിപ്രായം മോശമാണെന്ന് പറയുന്നില്ല.....അഭിപ്രായം പറഞ്ഞതിന് നന്ദി.

    ReplyDelete