**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, October 8, 2014

മോഹന്‍ലാലിനെതിരെ പവനായി ആക്രമണം...


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   നമ്മുടെ മോഹന്‍ലാലിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിപ്പ് വന്നിരിക്കുന്നു . പാക് പതാക പറത്തി ടീം സൈബര്‍ വാരിയെര്സ് എന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നു പറയുന്നു. ‘സര്‍ക്കാര്‍ വെബ്സൈറ്റ് തകര്‍ക്കലാണ് ഞങ്ങളുടെ ലക്ഷ്യം.. മനുഷത്വത്തിനെതിരെ നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ ഒരിക്കലും മറക്കില്ല. കാശ്മീരീല്‍ പതിനായിരങ്ങളാണ് മരിച്ചത്....’ഇങ്ങനെ പോകുന്നു ഹാക്കര്‍മ്മാര്‍ ലാലിന് കൊടുത്ത കുറ്റപത്രം.. പാവങ്ങള്‍ ഈ ഹാക്കര്‍മ്മാര്‍ ഇത്രയ്ക്ക് വിവരമില്ലാത്തവരാണോ.. ആട്ടുംകാട്ടവും കൂര്‍ക്കക്കിഴങ്ങും തിരിച്ചറിയാത്ത  ഇവരൊക്കെ ഹാക്കര്‍മാരുടെ പേര് നശിപ്പിക്കും ഉറപ്പാണ്‌... ഒരുകാര്യം ഉറപ്പായി ഇവന്മാര്‍ക്കൊന്നും പത്തുനയാ പൈസയുടെ ജനറല്‍നോളജില്ല.. സര്‍ക്കാര്‍ വെബ്സൈറ്റാണ് പോലും തകര്‍ത്തത്.. കാശ്മീരില്‍ പതിനായിരങ്ങള്‍ മരിക്കാന്‍ പാകത്തില്‍ ലാല്‍ എന്തോ ചെയ്തുപോലും... കീര്‍ത്തിചക്ര, കണ്ടഹാര്‍ തുടങ്ങിയ ഒന്നുരണ്ടു സിനിമയില്‍ കളിത്തോക്കും പിടിച്ചു നാലു ഉണ്ടയില്ലാവെടി പൊട്ടിച്ചെന്നല്ലാതെ  അദേഹം കാശ്മീരിനെതിരെ ഒന്നും ചെയ്തിട്ടില്ല.. പൊട്ടിയ വെടിയെല്ലാം ഒര്‍ജിനലാണന്നാണ് പഹയന്മാര്‍ കരുതിയിരിക്കുന്നത്. അതൊക്കെ വെറും ഉണ്ടയില്ലാവെടിയാണെന്ന് അവന്മ്മാരെ എങ്ങനെ വിശ്വസിപ്പിക്കും.  എഴുത്തും വായനയും തീരെയില്ലാത്ത ടീമാണ്.. ഏതായാലും ലാലേട്ടന്‍ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. മൂപ്പര്‍ ഇന്ത്യന്‍സേനയിലെ എന്തോ ഭയങ്കര സേനാമേധാവിയാണെന്നാണ്  പാക്ഹാക്കര്‍മാര്‍ക്ക് തോന്നിയിട്ടുള്ളത്. വെറുതെ വേഷംകെട്ടിയാതുകൊണ്ട്  അവസാനം ലെവന്മ്മാര്‍ പിറകെകൂടാനുള്ള സാദ്ധ്യത കാണുന്നുണ്ട്.. ഞാന്‍ ഒര്‍ജിനലല്ല ഡ്യൂപ്പാണെന്നു ഏതെങ്കിലും പാക് പത്രത്തിലൂടെ ഒരു പരസ്യം കൊടുക്കുകയേ ഇനി രക്ഷയുള്ളു.. പട്ടാളവേഷത്തില്‍ കാണാകുണാന്നു പറഞ്ഞു ഫാന്‍സിനെ ഹാരം കൊള്ളിക്കുന്ന എല്ലാ തരങ്ങളും ഇനിമുതല്‍ സ്വന്തം വെബും ഹബ്ബും സൂക്ഷിച്ചാല്‍ കൊള്ളാം.. കളി കാര്യമായാല്‍ സിനിമ ടയലോഗ് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. അതിനു ഒര്‍ജിനല്‍ സൈനികനാവണം, അവന്‍റെ പരിശീലനവും, സാഹസികതയും, അര്‍പ്പണ ബോധവും, ധൈര്യവും വേണം അതൊന്നും നമുക്കില്ലാത്ത സ്ഥിതിയ്ക്ക് വെബില്‍ പട്ടാളഫോട്ടോ ഇട്ടിട്ടുണ്ടെങ്കില്‍ വേഗം ഡിലീറ്റ് ചെയ്യുന്നതാണ്‌ ബുദ്ധി..

 കുറേ മുന്പ് നമ്മുടെയൊരു  എക്സ് സിനിമാമന്ത്രി കോപ്പിയടികാരെ പിടിക്കാന്‍ കണ്ടുപിടിച്ച ജാദു എന്നൊരു സോഫ്റ്റ്‌വെയര്‍ റാവല്‍പിണ്ടിയിലിരുന്നാരോ നട്ടപാതിരയ്ക്ക് മലയാളസിനിമ കാണുന്നതായി കണ്ടെത്തിയിരുന്നു.. സംഗതി സത്യമാണെന്നു മാത്രമല്ല കണ്ടത് മുഴുവന്‍ ലാല്‍ പടങ്ങളായിരുന്നുവെന്നും ഇപ്പൊ ബോധ്യമയിരിക്കുന്നു.. മിക്കവാറും കീര്‍ത്തിചക്രയും, കണ്ടഹാറും പത്തു പ്രാവശ്യമെങ്കിലും  കണ്ടിരിക്കണം...അതാണ്‌ ലാലിനോട് ഇത്ര കലിപ്പ്. സിനിമയില്‍ കാണുന്നതെല്ലാം സത്യമാണെന്ന്  പാവങ്ങള്‍ വിശ്വസിച്ചുകാണും... അതിലെ മേജര്‍ മഹാദേവനാണ് സകല പ്രശ്നങ്ങള്‍ക്കും കാരണക്കാരനെന്നും കരുതിയിട്ടുണ്ടാവണം.. മഹാദേവനെ അന്നേ നോട്ടമിട്ടിരിക്കാം.. പക്ഷേ; ലാലിന്‍റെ ക്രെഡിറ്റ്കാര്‍ഡും, ബാങ്ക് അക്കൌണ്ടും ചോര്‍ത്തും എന്നും പറഞ്ഞിട്ടുള്ളതിനാല്‍ ലോക്പാലും, കൂതറയും ഇറങ്ങിയ ശേഷമാണ് ആളെ മനസ്സിലായതെന്നു തോന്നുന്നു... ഏതായാലും പട്ടാളവേഷമിട്ടഫോട്ടോ സൈറ്റിലിട്ടു ലൈക് മേടിക്കുമ്പോള്‍ ഇങ്ങനെ ഒരു പണി ഓര്‍ത്തുകാണില്ല.. ഇനിയങ്ങോട്ട് മമ്മുക്ക അടക്കമുള്ള കേസരികള്‍ ഇതൊക്കെ അറിഞ്ഞാല്‍ കൊള്ളാം.. പട്ടാളവും, നായര്‍സാബും ലെവന്മാര്‍ കണ്ടമട്ടില്ല; കണ്ടിരുന്നേല്‍ എന്നേ പണി കിട്ടിയേനെ..
  ഒരര്‍ഥത്തില്‍ ഭരതസര്‍ക്കാര്‍ ഇനിയിപ്പോ ലാലിന് ഒരു ബ്രിഗേഡിയര്‍ പദവിയെങ്കിലും കൊടുക്കണം; കാരണം ഇന്ത്യന്‍ സര്‍ക്കാരിനെതിരെ വന്ന ഒരാക്രമണമാണ് അദേഹം തന്‍റെ സ്വന്തം സൈറ്റുകൊണ്ട് തടുത്തത്.. തകര്‍ത്തത് ഏതോ സര്‍ക്കാര്‍ സൈറ്റാണെന്നാണ് ഫൂള്‍സ് ഇപ്പോഴും കരുതിയിരിക്കുന്നത്... യുദ്ധം നടക്കുമ്പോള്‍ ശത്രുക്കളെ കബളിപ്പിക്കാന്‍ വ്യാജസ്പോട്ടുകള്‍ ഉണ്ടാക്കിവെയ്ക്കുമെന്നു കേട്ടിട്ടുണ്ട്... ശത്രുക്കള്‍ വിവരമില്ലാത്ത വിഡ്ഢികളാവുമ്പോള്‍ ഏതാണ് വ്യാജന്‍ ഏതാണ് ഒര്‍ജിനല്‍ എന്നൊന്നും നോക്കില്ല ഏതെങ്കിലുംമൊക്കെ പൊയ്ക്കോലങ്ങള്‍ക്കെതിരെ പടവെട്ടിക്കൊള്ളും.. സൊ, ഈ ഹാക്കര്‍മ്മാരെ ജനം പേടിക്കേണ്ടകാര്യമില്ല... അതിര്‍ത്തിയില്‍ വീണ്ടും പടക്കമേറുതുടങ്ങിയതായാണ് വിവരം..ഈ പ്രാവശ്യത്തെ ബാക്രീതിനു വാഗ അതിര്‍ത്തില്‍ പാക്സൈന്യം ഇന്ത്യയുടെ മധുരപലഹാരം സ്വീകരിച്ചില്ലായെന്നും വാര്‍ത്തയുണ്ട്.. കാരണം ഇപ്പോഴാണ് മനസ്സിലായത് അവരിപ്പോള്‍ കേണല്‍ മഹാദേവന്‍റെ വെബ് സൈറ്റ് തകര്‍ത്തതിന്‍റെ ആഹ്ലാദത്തിലാണ്..ബ്ലഡിഫൂള്‍സ്..
  ഏതായാലും സിനിമയേത് സൈന്യമേത് എന്നൊന്നും  തിരിച്ചറിയാന്‍കഴിയാത്ത ഹാക്കര്‍ന്മാരാണ് പടനയിക്കാന്‍ ഇറങ്ങിയിരിക്കുന്നത് അതുകൊണ്ട് പറ്റുമെങ്കില്‍ സിനിമാക്കാരേല്ലാവരും ഓരോ വെബ്സൈറ്റുണ്ടാക്കി അതില്‍  തങ്ങളഭിനയിച്ച പട്ടാളസിനിമകളുടെ  വിവരണവും, കിടിലന്‍ വീഡിയോകളും, ഫോട്ടോയും അപ്പ്‌ലോഡ് ചെയ്യണം.. കേണല്‍ മഹാദേവന്‍, ബ്രിഗേഡിയര്‍ നിജലിംഗപ്പ , കേണല്‍ മഹാലിംഗം, ലാന്‍സ് നായിക് ദാസപ്പന്‍, സുബൈദര്‍ നാണു, മേജര്‍ കോരപ്പന്‍  എന്നിങ്ങനെ വലിയ പേരുകളും, ഏകെ 47 പിടിച്ചുനില്‍ക്കുന്ന ഫുള്‍സൈസ് കളര്‍ ഫോട്ടോകളും പോസ്റ്റ്‌ ചെയ്യണം.. കൈയ്യില്‍ പൂത്തപണം ധാരാളമുള്ള ഘടികള്‍ പറ്റുമെങ്കില്‍ അതിര്‍ത്തിയിലുടനീളം ഇവരുടെയൊക്കെ സൈനികവേഷത്തിലുള്ള നല്ല മുട്ടന്‍ പടങ്ങള്‍ സ്ഥാപിക്കണം. അതിലെ എഴുത്തൊക്കെ മലയാളത്തിലെഴുതിയാല്‍ മതി.. അതിര്‍ത്തികടന്നു ജനത്തിനു നേരെവരുന്ന സകല വെടികളും ഈ പടങ്ങള്‍ക്കുനേരെ പൊയ്ക്കോളുമെന്നുറപ്പാണ്‌ .. ഹാക്കര്‍മ്മാരൊക്കെ മഹാദേവന്‍റെയും മഹാലിംഗത്തിന്‍റെയും നാണപ്പന്‍റെയും വെബ്സൈറ്റ് തേടി പോവുകയും ചെയ്യും... അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് അല്പം ചപ്പാത്തിയും പരിപ്പുകറിയും കഴിക്കാനുള്ള സമയവും കിട്ടും...

  അപ്പോഴേ പറഞ്ഞതാ കേണലാകാനൊന്നും പോവേണ്ട; വല്ല മണ്ണാറത്തൊടി ജയകൃഷ്ണനോ, ഡോക്ടര്‍ സണ്ണിയോ, സേതുമാധവനോ, തൈപറമ്പില്‍ അശോകനോ ഒക്കെ ആയാല്‍മതിയെന്ന്........ കേക്കണ്ടേ..... ഇനിയിപ്പോ അനുഭവിച്ചോ...

3 comments:

  1. മണ്ടന്‍ ഹാക്കര്‍മാര്‍!

    ReplyDelete
  2. ഏതായാലും ഹക്കര്‍മ്മാരുടെ സാമാന്യ ബോധം കൊള്ളാം

    ReplyDelete
  3. മോഡി മോഹന്‍ലാല്‍ കരംചന്ദ്‌ ഗാന്ധി എന്നു പറഞ്ഞതാണ്‌ കുഴപ്പമായത്

    ReplyDelete