**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, October 31, 2013

ചാത്തന്‍ എറിഞ്ഞ കല്ല്‌


 

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

  കേരളത്തില്‍ ‘കല്ല്‌’ ആയുധമാക്കാത്ത ഏതെങ്കിലും പാര്‍ട്ടിയുണ്ടെങ്കിലത് നവജാതശിശുവായ ‘ആം ആദ്മി പാര്‍ട്ടി’ മാത്രമാണ്. അവരാകട്ടെ കുറ്റിച്ചൂലും പിടിച്ച് പിച്ചവെച്ചു പഠിക്കുന്നതേയുള്ളൂ;  വളരുമ്പോള്‍ എങ്ങനെ വരുമെന്ന് കാത്തിരുന്നു കാണണം.. നിലവില്‍ കണ്ടുവരുന്ന സാഹചര്യത്തില്‍, എന്തിനുവേണ്ടിയുള്ള പോരാട്ടമായാലും അതിലെല്ലാം കല്ലിനു ഒരു പ്രമുഖസ്ഥാനമുണ്ട്.. മണ്ണിനുവേണ്ടിയുള്ള പോരാട്ടമായാലും, പെണ്ണിനുവേണ്ടിയുള്ള പോരാട്ടമായാലും, അധികാരത്തിനു വേണ്ടിയുള്ള പോരാട്ടമായാലും, അഴിമതിവിരുദ്ധ പോരാട്ടമായാലും അതിലെല്ലാം ഒരുപോലെ ഉപയോഗിക്കപ്പെടുന്ന വസ്തുവാണ് കല്ല്‌. നെഹ്രുവിനെപ്പോലുള്ള മഹത് വ്യക്തികള്‍ കല്ലിന്‍റെ കഥ പറഞ്ഞാണ് മക്കളെപ്പോലും  വളര്‍ത്തിയത്‌... ശിലായുഗസംസ്കാരം എന്നൊരു സംസ്കാരംതന്നെ നിലനിന്നിരുന്നു.. തീര്‍ന്നില്ല,,,ബൈബിളില്‍ ദാവിദ് മല്ലന്‍ഗോലിയാത്തിനെതിരെ പ്രയോഗിച്ചത് കല്ലാണ്, മുസ്ലിങ്ങള്‍ പിശാചിനെ എറിയുന്നതിനും , ഹിന്ദുക്കള്‍ പൂജാവിഗ്രഹങ്ങള്‍ ഉണ്ടാക്കാനും കല്ല്‌ ഉപയോഗിക്കുന്നു.. ചുരുക്കത്തില്‍ കല്ലില്ലാത്ത ഒരു കാലത്തെപ്പറ്റി ചിന്തിക്കാനെ വയ്യ,,, ആത്മിയവും ഭൌതികമായ കാര്യങ്ങളില്‍ ഒരുപോലെ ഉപയോഗിക്കപ്പെടുന്ന അമൂല്യവസ്തു. അതാണ്‌ കല്ല്‌.. കര്‍ഷകര്‍ കല്ലുകൊണ്ട് കയ്യാലകെട്ടി ഭൂമിയെ സുന്ദരിയാക്കുമ്പോള്‍, കല്ലാശാരി കല്ലുകൊണ്ട് നിര്‍മ്മിതികള്‍  ഉണ്ടാക്കുന്നു... ശില്പി കല്ലുകൊണ്ട് ശില്പങ്ങള്‍ ഉണ്ടാക്കുന്നു.. വ്യവസായ മേഖലയിലും നിര്‍മ്മാണമേഖലയിലും കല്ല്‌ ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യഘടകമാണ്.. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഭഷ്യവസ്തുക്കളില്‍ തൂക്കം കൂട്ടാന്‍ മാത്രം ടൌണ്‍ കണക്കിന് കല്ലാണ് ദിവസവും ഉപയോഗിക്കുന്നത്. ഇതുപോലെ ബഹുകാര്യപ്രസക്തവും, ഇത്രയേറെ പരിശുദ്ധവുമായ കല്ലിനെ ദുരുപയോഗം ചെയ്യുന്ന ഒരെയൊരു വര്‍ഗ്ഗം മാത്രമേ ഭൂമിയില്‍ ഉള്ളു.. അവരാണ് രാഷ്ട്രിയക്കാര്‍... ശിലാസ്ഥാപനം എന്ന ഓമനപ്പേരില്‍ ജനത്തെ പറ്റിക്കാനും, പൊതുമുതല്‍ നശിപ്പിക്കാനും, എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും കല്ലിനെ ഉപയോഗിച്ചുകൊണ്ട് കല്ലിന്‍റെ പ്രതിശ്ചായ അവര്‍ വികൃതമാക്കുന്നു.. വല്ലാത്തൊരു ഗൂഡാലോചന ഇതിനുപിന്നിലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു..

  കല്ല് കണ്ടുപിടിച്ചത് ആരാണെന്നും ഏതു വര്‍ഷമാണെന്നും കൃത്യമായ തെളിവ് ഇല്ലെങ്കിലും ഡിങ്കഭഗവാനാണ് കല്ലിന്‍റെ സൃഷ്ടാവെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു... അദേഹം മലതുരന്നപ്പോള്‍ കിട്ടിയവസ്തുവാണ് പിന്നിട് കല്ലായിപരിണമിച്ചതെന്നാണ് ഐതിഹ്യം....പങ്കിലക്കാട്ടിലാണ് കല്ലിന്‍റെ ആദിമാതാപിതാക്കള്‍ വസിച്ചിരുന്നതെന്നും ഡിങ്കാചരിതത്തില്‍ സൂചനകള്‍ കാണുന്നുണ്ട്... അവിടുന്നു പെറ്റുപെരുകി ലോകംമുഴുവന്‍ വ്യാപിക്കുകയാണുണ്ടായത്.. ഡൈനാമിറ്റ് കണ്ടുപിടിച്ച ആല്‍ഫ്രഡ്‌ നോവലിന്‍റെ അവസ്ഥയാണ് കല്ലിന്‍റെ കാര്യത്തില്‍ ഡിങ്കഭഗവാനും സംഭവിച്ചത്...മനുഷ്യനന്മയെക്കരുതിയാണ് നോബല്‍ ഡൈനാമിറ്റ് കണ്ടുപിടിച്ചത്. പക്ഷെ മനുഷ്യന്‍ ആ കണ്ടുപിടുത്തത്തെ ദുരുപയോഗം ചെയ്ത് പരസ്പരം കൊന്നൊടുക്കാന്‍ ആയുധങ്ങളുണ്ടാക്കി...അതില്‍ മനംനൊന്ത നോബല്‍ സമാധാനമടക്കമുള്ള അവാര്‍ഡുകളുണ്ടാക്കി വിതരണം ചെയ്യുന്നു...കല്ലിന്‍റെ കാര്യത്തില്‍ ഇങ്ങനെ അവാര്‍ഡുകളോന്നും ഇതുവരെ ഉണ്ടായിക്കണ്ടില്ല. ചില്ലറ വര്‍ഷങ്ങള്‍ക്ക് മുന്പ് കോഴിക്കോട് മുതലക്കുളത്ത് അലക്കുകല്ലുകളെ ആദരിച്ചതാണ് കല്ലിനുകിട്ടിയ ആദ്യത്തെയും അവസാനത്തെയും അവാര്‍ഡ്... ഡിങ്കഭഗവാന്‍ സമാധിയായതിനാല്‍ കല്ലിന്‍റെ കാര്യം ഇപ്പോഴും കട്ടപ്പുകയാണ്..

  കേരളത്തിലാണേല്‍  കല്ല്‌ വീണ്ടും മുഖ്യധാരയിലേക്ക് കടന്നു വന്നിരിക്കുന്നു... കല്ലിനെ വീണ്ടും ദുരുപയോഗം ചെയ്തവാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്... മലയോരമേഖലകളില്‍ കല്ലിനെതിരെയുള്ള പീഡനം തടയാന്‍ കസ്തൂരിയും ഗാട്ഗിലും; ആനയെ ഓടിക്കാന്‍ കല്ലുപാടില്ല എന്നൊരു നിയമം പടച്ചിട്ടുണ്ട്. അപ്പോളതാ നഗരങ്ങള്‍ കേന്ദ്രികരിച്ച് ചില തെമ്മാടികള്‍ കാല്ലിനെ പീഡിപ്പിക്കുന്നു.ഒടുവില്‍ കേട്ടത് മുഖ്യമന്ത്രിക്കെതിരെയും കല്ലിനെ ഉപയോഗിച്ചുവെന്നുള്ള വാര്‍ത്തയാണ്...  ഇവിടെയിതാ മുഖ്യമന്ത്രിയുടെ കാറിനുനേരെ വിദൂരനിയന്ത്രിതമായ ഒരു കല്ല്‌ പാഞ്ഞുവരുന്നു. കല്ല്‌ കാറിന്‍റെ ഇടതുചില്ലു തകര്‍ത്തു അകത്തു പ്രവേശിച്ച് മുഖ്യമന്ത്രിയുടെ നെഞ്ചില്‍ത്തട്ടി തിരിഞ്ഞ് വലത്തുവശത്തെ ചില്ലും തകര്‍ത്ത് പുറത്തുപോയിയെന്നാണ് കൂടെയുണ്ടായിരുന്ന മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത്.. ഏതായാലും അമ്പയറുടെ റോളില്‍ കല്ലിന്‍റെ ഗതിവിഗതികള്‍ അദേഹം സസൂഷ്മം നിരീക്ഷിച്ചുവെന്നത് ശ്രദ്ധേയമാണ്.. ഇനി കല്ലിനെ ഇങ്ങനെ ബൌന്‍സ് ചെയ്യാന്‍ പാകത്തില്‍ ബൌള്‍ ചെയ്ത ആ മാന്യദേഹം ആരായാലും അദേഹത്തിനെ  ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ദയയുണ്ടാകണം..ഏതു വിക്കറ്റും തെറുപ്പിക്കാന്‍ അദേഹം പ്രാപ്ത്തനാണെന്ന് തെളിയിച്ചുകഴിഞ്ഞു..

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ മുഖ്യമന്ത്രിയുടെ നേരെ നടന്ന കല്ലുപ്രയോഗം ഇത്തിരി കടന്നുപോയി.. രാഷ്ടിയത്തെ രാഷ്ട്രിയം കൊണ്ടാണ് നേരിടേണ്ടയിരുന്നത്.. സെക്രട്ടറിയേറ്റ് സമരത്തില്‍ കാണിച്ച മാന്യത കണ്ണൂര്‍ വന്നപ്പോള്‍ പൊളിഞ്ഞിരിക്കുന്നു...അത് നാണക്കേടാണ്.. ഇതില്‍ മറ്റൊരു കാര്യം പറയാനുള്ളത്..മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെനടന്ന ആക്രമണം ന്യായികരിക്കത്തക്കതല്ലെങ്കിലും അതിനോട് അനുബന്ധിച്ച് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കാതെ വഴിയേപോയവനെയും വീട്ടില്‍ കിടന്നുറങ്ങുന്നവനേയും കേസില്‍ പ്രതിയാക്കി, ആയിരം പ്രതികളെന്ന എണ്ണംതികയ്ക്കാന്‍ ആളുകളെ രാഷ്ട്രിയമായി വേട്ടയാടുന്നതും ശരിയല്ല.. മുഖ്യമന്ത്രിക്ക് കിട്ടുന്ന അതേ നീതിയും നിയമവും തന്നെയാണ് ഏതൊരു സാധരണപൌരനും ലഭിക്കേണ്ടതും... വന്മരങ്ങള്‍ വീഴുമ്പോള്‍ പുല്‍ക്കൊടികള്‍ അതിനടിയില്‍പ്പെട്ട് ചതഞ്ഞരയുന്നത്‌ സ്വാഭാവികമെന്ന പഴയ സിഖ്കൂട്ടക്കൊലയുടെ ന്യായവാദങ്ങള്‍ മുന്‍നിറുത്തിയുള്ള പ്രതികാരനടപടികള്‍ നീതിയല്ല.. ജനകീയനായ മുഖ്യമന്ത്രി ഈ പ്രശ്നത്തെ ഊതിവീര്‍പ്പിച്ച് ആളിക്കത്തിക്കാതെ ആ വ്യക്തികള്‍ക്ക് മാപ്പ് കൊടുത്താണ് മാതൃകയാവേണ്ടത്..എതിരാളികളെ തറ പറ്റിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗവും അതാണ്‌... കാരണം കരിങ്കൊടി കാണിച്ചുവെന്ന കാരണത്താല്‍ വൃഷണം നഷപ്പെട്ടവനും പ്രത്യാക്രമണം നടത്താതെ ഇവിടെ ജീവിക്കുന്നുണ്ട്... ചോരയ്ക്ക് ചോര എന്ന രീതിയിലുള്ള പക്വതയില്ലാത്ത ജല്പനങ്ങള്‍ നടത്തി അണികളുടെ താത്കാലിക കൈയ്യടികള്‍ വാങ്ങുന്ന പരിപാടികള്‍  പ്രശ്നങ്ങള്‍ ആളിക്കത്തിക്കുകയേയുള്ളു... പാര്‍ട്ടികളും നേതാക്കളും അണികളും കൂടാതെ ജനം എന്നൊരു വിഭാഗം കേരളത്തിലുണ്ടെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞ സ്ഥിതിയ്ക്ക് ഈ പ്രശ്നത്തില്‍ ജനങ്ങള്‍ തീരുമാനിക്കട്ടെ ആരാണ് ശരിയെന്ന്... ഏതായാലും ജനങ്ങള്‍ അക്രമത്തെ സ്വാഗതം ചെയ്യില്ലായെന്നതാണ് സത്യം... അതുകൊണ്ട് നേതാക്കള്‍ തങ്ങളുടെ അണികളെ അക്രമത്തിലേക്ക് തിരിച്ചുവിടാതിരിക്കാനുള്ള സാമാന്യ പക്വതയെങ്കിലും കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു.. റോഡിലെ കുഴിയടയ്ക്കാന്‍ ഇറക്കിയ കരിങ്കല്‍ചീളുകള്‍  കാലങ്ങളായി അവിടെത്തന്നെയിട്ട് വകമാറ്റി എറിയാനുള്ള സാഹചര്യം ഉണ്ടാക്കാതെ എത്രയുംവേഗം റോഡുപണി നടത്തി മെറ്റലുകള്‍ യഥാസ്ഥാനത്ത് ഉറപ്പിക്കാന്‍ വകുപ്പ് മന്ത്രിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...

 എന്തിനും ഏതിനും ഏറുനടത്തി കല്ലിനെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍  ഇനി ഒരു മാര്‍ഗ്ഗമേയുള്ളൂ. ഏതെങ്കിലും പാര്‍ട്ടിക്കാര്‍ കല്ലിനെ തങ്ങളുടെ ചിഹ്നമായിഏറ്റെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് പേറ്റന്റ് എടുക്കുക.. തങ്ങളുടെ ചിഹ്നം മറ്റു പാര്‍ട്ടിക്കാര്‍ കൈയ്യില്‍ വയ്ക്കുന്നതും അക്രമത്തിനുപയോഗിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഒരു ഉത്തരവും വാങ്ങുക... എങ്കിലേ കല്ലേര്‍ എന്ന പൌരാണിക കലാരൂപത്തെ നിയന്ത്രിക്കാന്‍ കഴിയൂ.. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും സ്കൂട്ടര്‍ ഗട്ടറില്‍ വീണു...കാലിന്‍റെ ഒരുവശത്തെ തൊലിമുഴുവന്‍ പോയിരിക്കുന്നു.. ബാഗടക്കം എല്ലാം നനഞ്ഞു,, പുതിയ ഹെല്‍മറ്റിനും ചോര്‍ച്ചപിടിച്ചു... തലനനഞ്ഞ് പനിപിടിച്ചിരിക്കുന്നു... പാരസെറ്റമോളും, അമോക്സിസലിനും, കഫ്സിറപ്പും കഴിച്ച് കമ്പിളിക്കുള്ളില്‍ ചടഞ്ഞിരുന്ന് മുഖ്യമന്ത്രിയുടെ പരിക്കും,അതിനെതിരെ നടന്ന പ്രതിഷേധപ്രകടനങ്ങളും കണ്ടുകൊണ്ടിരിക്കുമ്പോള്‍ ...നമ്മുടെ  കഷ്ടപ്പാടുകള്‍ ആരോട് പറയാന്‍...

Tuesday, October 29, 2013

അത്ഭുതം!! നിധിക്കുഴിയില്‍ ഉള്ളിയുടെവന്‍ശേഖരം ,,,


 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

  കഴിഞ്ഞ ഒരാഴ്ചയായി ലീവെടുത്ത് ആരുമറിയാതെ വീട്ടില്‍ കൂടുകയായിരുന്നു... അത് ഇന്നത്തോടെ നിറുത്തി. അയല്‍ക്കാരോടും സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നത് വാതത്തിന്‍റെ അസുഖത്തിനു തിരുമ്മാന്‍ പോവുകയാണെന്നാണ്.. ഒരാഴ്ച്ച എണ്ണപ്പാത്തിയില്‍ക്കിടക്കണമെന്നും സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍, ആപ്പിളും, ഓറഞ്ചും, മുന്തിരിയുമൊക്കെ പൊതിഞ്ഞുകെട്ടി ആരും കാണാന്‍ വരേണ്ടയെന്നും അറിയിച്ചിരുന്നു. സത്യത്തില്‍ എങ്ങുംപോകാതെ വീട്ടില്‍ത്തന്നെയായിരുന്നു. എന്നുവെച്ചു ചുമ്മായിരിക്കുകയൊന്നു മല്ലായിരുന്നു.നല്ല ജോലിതന്നെയായിരുന്നു. പക്ഷെ ഷെഡ്യൂള്‍ ഒന്നു മാറ്റി, രാത്രി ജോലി; പകല്‍ ഉറക്കം. അങ്ങനെയായിരുന്നു ജോലി...  അതുകൊണ്ട് പകല്‍വെളിച്ചത്തില്‍ വീടിനുപുറത്തിറങ്ങിയതേയില്ല... ജോലിയുടെ സ്വഭാവം  അതീവ രഹസ്യമായിരുന്നതിനാല്‍ ..ഭാര്യയോട്‌ മാത്രം പറഞ്ഞു .. കുട്ടികളോടോന്നും പറഞ്ഞില്ല. രാത്രി അവര്‍ ഉറങ്ങുമ്പോള്‍ ജോലിക്കിറങ്ങും രാവിലെ അവര്‍ സ്കൂളില്‍ പോയാല്‍ മുറിയില്‍ക്കയറി ഉറക്കം തുടങ്ങും....അതുകൊണ്ട് ആര്‍ക്കും ഒരു സംശയവും തോന്നിയില്ല..

 ജീവിതത്തിന്‍റെ ഭാവിയെക്കുറിച്ചറിയാനുള്ള അതിയായ ആഗ്രഹത്തിന്‍റെ പുറത്താണ്, ഊറ്റുകാല്‍ വാതാകൃഷ്ണന്‍റെയും, ‘’’’മ’’’’ പ്രസിദ്ധികരണങ്ങളുടെ വാരഫലം കോളത്തിന്‍റെയും  ആരാധകനായി മാറിയത്.. ഇത്രയുംകാലം ഭരണിയില്‍ ശനിയും, ആസനത്തില്‍ കുജനുമൊക്കെയായിരുന്നു... അഷ്ടമത്തില്‍ ചൊവ്വായും, രാഹുവില്‍ ഗുളികന്‍റെ വിലസലുമൊക്കെ നോക്കി വായുഗുളികയും കഴിച്ച് വയറുംതടവി ഇരിക്കുന്നതിനിടയിലാണ് പുതിയ ആഴ്ചയിലെ  ഫലംവന്നത്... ധനസിദ്ധി, സാമ്പത്തിക നേട്ടം ,വീട്, കാറു ,സ്ഥലം തുടങ്ങിയവ വാങ്ങാന്‍ യോഗം,,,, ഭഗവാനെ സമയം തെളിഞ്ഞുന്നാ തോന്നുന്നത്... തുടര്‍ന്ന്‍ അന്തംവിട്ട അജ്ഞാതം നോക്കി; ഊറ്റുകാലും അതുതന്നെ പറയുന്നു... രാത്രി വാരഫലവും കെട്ടിപ്പിടിച്ച് ഉറങ്ങുമ്പോള്‍;,,,, അതാ ഒരു സുന്ദരസ്വപ്നം ..തെക്കെപ്പുറത്തെ വയസന്‍ മാവിനോടു ചേര്‍ന്നുള്ള നടപ്പാതയ്ക്ക് സമീപം നിധികുംഭം  മറഞ്ഞുകിടക്കുന്നു... പണ്ട് വീടിനോടുചേര്‍ന്ന് കക്കൂസിനു കുഴിയെടുത്തപ്പോള്‍ ഒരു പെട്ടി കിട്ടിയതാണ്... അന്നതിനകത്തു പഴയ കുറച്ചു തുണിക്കഷ്ണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ... മുത്തശ്ശിയുടെ കല്യാണത്തിന് കിട്ടിയ ട്രങ്ക് പെട്ടിയാണെന്നു പറഞ്ഞു സംഭവം തള്ളിക്കളഞ്ഞു.. ഇപ്പോഴിതാ വീണ്ടും ഒരു സ്വപ്നപ്പെട്ടി കാണുന്നു... പെട്ടിയില്‍ നിറയെ സ്വര്‍ണ്ണനാണയങ്ങളാണ് കാണുന്നത്... തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അടുത്തുകിടക്കുന്ന ഭാര്യ നിങ്ങള്‍ക്കെന്നാ വട്ടാണോ മനുഷ്യാ,,, എന്ന ശബ്ധത്തില്‍ പ്രതികരിച്ചത്... അതുകൊണ്ട് നിധിയുടെ അളവ് കണക്കാക്കാന്‍ കഴിഞ്ഞില്ല.. ഉറക്കം നഷ്ടപ്പെട്ടെങ്കിലും സ്വപ്നം  വിടാതെ പിന്തുടരുന്നു.. പണ്ട് ടിപ്പുവിന്‍റെ പടയോട്ടം നടന്ന സ്ഥലമാണ്. നിരവധി ധനകാര്യസ്ഥാപനങ്ങള്‍  അങ്ങേര് കൊള്ളയടിച്ചിരുന്നതായാണ് പറയുന്നത്... പോരാത്തതിന് പഴശ്ശിയുടെ പടയും ഇതിലെ പോയിട്ടുണ്ട്... ഭാരംകാരണം  ചുമക്കാന്‍ പറ്റാത്ത നിധിപ്പെട്ടി  പോയപോക്കില്‍ ലെവന്മാര്‍ ഇവിടെയെങ്ങാനും താത്തിയിരുന്നോയെന്നൊന്നും പറയാന്‍ കഴിയില്ല... സര്ക്കാരുപോലും കണിയാന്‍റെ വാക്കുകേട്ട് നിധിക്കുവേണ്ടി  ഭൂമിതുരക്കുന്ന കാലമാണ്... ഏതോ ആസാമി സ്വപ്നംകണ്ടെന്നു പറഞ്ഞാണ് പുരാവസ്തു വകുപ്പ് ഉന്നാവോയില്‍ രാജറാവു ബക്‌സിന്‍റെ ദൗണ്ടിയഖേഡ കോട്ടയില്‍ നിധിക്കായി ഭൂമി കുഴിക്കുന്നത്.. ഇതേവരെ ഒരു മൊട്ടുസൂചിപോലും കുഴിച്ചിട്ടു കിട്ടിയില്ല... ചെമ്പരത്തിപൂവ് ചെവിയില്‍ത്തിരുകി പുരാവസ്തുകാര് സ്വാമി ശോഭന്‍ സര്‍ക്കാര്‍ സ്വപ്നത്തില്‍ കണ്ട ദൗണ്ടിയഖേഡയിലെ 1000 ടണ്ണിന്‍റെ സ്വര്‍ണത്തിനായി   ഇപ്പോഴും ഭൂമികുഴിക്കല്‍ തുടരുന്നു... അവിടെ മുടക്കിയ പണത്തിനു, നാലു കുഴല്‍ക്കിണര്‍ താഴ്ത്തി കൊടുത്തിരുന്നേല്‍ പ്രദേശവാസികള്‍ക്ക് കുടിവെള്ളമെങ്കിലും കിട്ടിയേനെ... ഫൈലന്‍ ചുഴലി പ്രവചനത്തില്‍ അമേരിക്കയുടെ പ്രവചനത്തേക്കാള്‍ നമ്മുടെ പ്രവചനമാണ് ഫലിച്ചതെന്നു പറഞ്ഞു വീമ്പടിച്ചു കഴിഞ്ഞില്ല... അതിനുമുന്‍പെ സ്വപ്നത്തിലെ നിധിക്കായി നമ്മുടെ സര്‍ക്കാര്‍ ഭൂമികുഴിക്കാനും തുടങ്ങി... ഒരു ചക്കയിട്ടപ്പോള്‍ മുയല് ചത്തു; അതുകൊണ്ട് തുടരെ ചക്കയിടാമെന്നാണോ.?.. നമ്മുടെ ശാസ്ത്രപുരോഗതി ഗംഭീരമെന്നു സായിപ്പിനും ഇനി തോന്നും...
  ഖജനാവില്‍ ചില്ലിക്കാശുപോലും എടുക്കാനില്ലാത്തതിനാല്‍ ഇനി നിധിയിലാണ് പ്രതിക്ഷ... ഇതു കിട്ടിയിട്ടുവേണം ഒറീസയില്‍ വെള്ളപ്പൊക്കദുരിതാശ്വാസത്തുക അനുവദിക്കാന്‍.....കോഴിക്ക് മുലവരാന്‍ കാത്തിരിക്കുന്നതുപോലെ സ്വപ്നത്തിലെ നിധിയ്ക്കായി നമുക്ക് കാത്തിരിക്കാം... നമ്മുടെ നേതാക്കളുടെ സ്വിസ്സ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്താല്‍ മാത്രംമതി രാജ്യം രക്ഷപെടാന്‍,,, സ്വപ്നം അല്ലാത്ത ഈ യാഥാര്‍ത്ഥ്യം ആരും കണ്ടഭാവം നടിക്കുന്നില്ല... സ്വപ്നത്തിലാണ് നമ്മള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്... കൈനോട്ടം മഷിനോട്ടം, നിധിനോട്ടം, സ്വപ്നവ്യാഖ്യാനം തുടങ്ങിയ ശാസ്ത്രങ്ങളെ കൂടുതല്‍ ജനകീയ വല്ക്കരിച്ചുകൊണ്ട് യൂണിവേഴ്സിറ്റിലെവല്‍ കോഴ്സുകള്‍ തുടങ്ങി പ്രഗല്ഭരെ വിരിയിച്ചെടുത്താല്‍ നിധിനോട്ടം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആരംഭിക്കാം..കുറച്ചു പേര്‍ക്ക് തൊഴിലും കിട്ടും... ഉറച്ചുകിടക്കുന്ന ഭൂമിയെല്ലാം ഇളകികിട്ടുകയും ചെയ്യും...കര്‍ഷകരെ സംബന്ധിച്ച് ഇതു ഉപകരപ്രദമാണ്..ഉഴുതുമറിച്ചഭൂമിയില്‍പ്പിന്നെ വിത്തെറിഞ്ഞാല്‍ മതിയല്ലോ,,,,

 സര്‍ക്കാരിനു കുഴിക്കാമെങ്കില്‍ നമ്മളായിട്ട് എന്തിനു മാറിനില്‍ക്കണം.. പണ്ടുകണ്ട ചില സ്വപ്നങ്ങളൊക്കെ ഫലിച്ചിട്ടുമുണ്ട്.... അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കണക്ക് പരീക്ഷയ്ക്ക് മാര്‍ക്ക് പൂജ്യമായിരിക്കുമെന്നു സ്വപ്നം കണ്ടതാണ്.. പേപ്പര്‍ കിട്ടിയപ്പോള്‍ സ്വപ്നം അച്ചിട്ടായി ഫലിച്ചു. മാര്‍ക്ക് പൂജ്യംതന്നെ,, അന്ന് അതിനു അച്ഛന്‍ തന്ന സമ്മാനം തെളിവായി തുടയില്‍ രണ്ടിച്ചു കനത്തില്‍ വടുകായി ഇപ്പോഴും കിടപ്പുണ്ട്...അതുകൊണ്ട് കണ്ട സ്വപ്നം തെറ്റാന്‍ വഴിയില്ല...

സ്വപ്നത്തില്‍ക്കണ്ട സ്ഥലവും വീട്ടുപറമ്പിലെ സ്ഥലവും ഒത്തുനോക്കി..ആരും കാണാതെ അടയാളം വെച്ചു.. മാവിനോടു ചേര്‍ന്ന് അയല്പക്കകാര്‍ നടക്കുന്ന വഴിയുടെ അരികിലാണ് സ്ഥലം.. ആളെക്കൂട്ടി കുഴിക്കാമെന്നു വെച്ചാല്‍, നിധികിട്ടിയാല്‍ വിഹിതം കൊടുക്കേണ്ടിവരും. മാത്രമല്ല വാര്‍ത്ത പുറത്തായാല്‍ നിധിമുഴുവന്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും സാധ്യതയുണ്ട്... അതുകൊണ്ടാണ് ഒറ്റയ്ക്ക് കുഴിക്കാന്‍ തീരുമാനിച്ചത്... നാട്ടുകാരാരും കാണാതിരിക്കാന്‍ രാത്രിയില്‍ കുഴിക്കാമെന്നുവെച്ചു. എല്ലാവരും ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഴിക്കാന്‍ തുടങ്ങും ..വെളുപ്പിന് പണിനിറുത്തിവീട്ടിലെത്തും, ആര്‍ക്കും സ്ഥലംകണ്ടാല്‍ ഒരു സംശയവുംതോന്നാതിരിക്കാന്‍ കുഴിയുടെപുറത്ത് ഇല്ലിനിരത്തി ഇലയിട്ടുമൂടി... അങ്ങനെ ഒരാഴ്ച്ചകൊണ്ട്‌ അഞ്ചുമീറ്റര്‍ താഴ്ന്നു.. മണ്ണിനു കുറച്ചു നനവ് കാണുന്നതല്ലാതെ നിധിയുടെ ലക്ഷണമൊന്നും ഇതുവരെകണ്ടില്ല.. പക്ഷെ സ്വപ്നത്തിലെ സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടിട്ടു കുഴിക്കാല്‍ നിറുത്താനും കഴിയുന്നില്ല.. ഏതായാലും കുറച്ചു രാത്രികൂടെ കുഴിക്കാമെന്നുവെച്ചു... ഈ രാത്രി വെളുത്തവാവായതിനാല്‍ കുഴിക്കല്‍ തുടങ്ങാന്‍ പത്തുമണികഴിയട്ടെയെന്നു വിചാരിച്ചു പിക്കാസും, തൂമ്പയും, കൊട്ടയുമൊക്കെയെടുത്ത് അടുക്കളവശത്തു കൂനിക്കൂടി ഇരിക്കുമ്പോഴാണ്, പറമ്പില്‍നിന്നും ചക്കവെട്ടിയിടുന്ന പോലൊരു ഒച്ചയും തുടര്‍ന്ന്‍ അകമ്പടിയായി അലര്‍ച്ചയും നിലവിളിയും കേട്ടത്.. ഒറ്റച്ചാട്ടത്തിനു അകത്തുകയറി കതകടച്ചു.. വാവുരാത്രികളില്‍ തെക്കുവശത്തോടെ ഒരു പോക്കുണ്ടെന്ന് കാരണവന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് അതായിരിക്കും. നെവര്‍ മൈന്‍ഡ്...... ഒരുമണിക്കൂര്‍ കഴിഞ്ഞ് ഒച്ചയുമനക്കവുമൊന്നും കേള്‍ക്കുന്നില്ലായെന്നു ഉറപ്പുവരുത്തിയ ശേഷമാണ്  കഴിയുടെ അടുത്തെത്തിയത്... ഇല്ലിനിരത്തി ഇലയിട്ടുമൂടിയ കുഴിയുടെ മുകല്പരപ്പില്‍ ഒരു ദ്വാരം വീണിട്ടുണ്ട്.. ഒരു വശം പൊളിഞ്ഞിരിക്കുന്നു..കുഴിയുടെ വക്കില്‍ക്കിടന്ന്‍ ഉള്ളിലേക്ക് ചെവിയോര്‍ത്തുനോക്കി;.. ഇല്ല... അകത്ത് അനക്കമൊന്നുമില്ല,,, മുന്പ്കെട്ട അലര്‍ച്ചയുംനിലവിളിയും, കുഴിയുടെ മൂടിക്കുവീണ ദ്വാരവും തമ്മില്‍ വല്ല ബന്ധവുമുണ്ടോയെന്നറിയില്ല .. ഇനി ആരെങ്കിലും നിധിയുടെ കാര്യമറിഞ്ഞു കുഴിയില്‍ ഇറങ്ങിയോയെന്നാണ് പേടി.. കുഴിയിലിറങ്ങി കുറച്ചു മണ്ണു കോരിയതെയുള്ളൂ, നല്ല ഉരുണ്ട സാധനങ്ങള്‍ കിട്ടാന്‍ തുടങ്ങി...നോക്കിയപ്പോള്‍ സവോള... ഇനിയിപ്പോ സവോളയിലായിരിക്കുമോ ഭാഗ്യം വരുന്നത്...എല്ലാം പെറുക്കിയെടുത്തു... ഒരു ചെറിയകുട്ടനിറയെയുണ്ട്... ഉള്ളിയെങ്കില്‍ ഉള്ളി, കിലോയ്ക്ക് നൂറാണ് വില, മറിച്ചുവില്‍ക്കാം... പിന്നിടങ്ങോട്ട് ആഞ്ഞു കുഴിച്ചു.. പുലരുംവരെ കുഴിച്ചെങ്കിലും ഉള്ളിപോയിട്ട് ഉള്ളിത്തോലിപോലും കിട്ടിയില്ല... കുഴി ഇലയിട്ടുമൂടി ,കിട്ടിയ സവോളയും കുട്ടയിലെടുത്തു തിരിച്ചുപോന്നു... കുളികഴിഞ്ഞ് രാവിലത്തെ ചായയും കുടിച്ച് മുറിയില്‍ക്കയറി കതകടച്ച് ഉറങ്ങാന്‍ കിടന്നു... ഭാര്യയും മക്കളും പതിവ്പോലെ സ്കൂളിലേക്കും പോയി... നിധിയ്ക്ക് പകരം സവോള കിട്ടിയകാര്യം ഭാര്യയോട്‌ പറയാന്‍ മറന്നുപോയി... ങ്ഹാ,,,, ഇനി വൈകിട്ടുപറയാമെന്നു കരുതി...

 വൈകിട്ട് ഭാര്യയാണ് വിവരം പറഞ്ഞത്... അയല്പക്കക്കാരന്‍ കേശവന്‍ ഇന്നലെ രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഏതോ കിണറില്‍ വീണിരിക്കുന്നു.. പക്ഷെ അങ്ങനെയൊരു  കിണര്‍ അയാള്‍ ഇതിനു മുന്പ് കണ്ടിട്ടേയില്ല പോലും...ബിരിയാണി ഉണ്ടാക്കാന്‍ വാങ്ങിയ  അഞ്ചുകിലോ സവോളയും കിണറ്റില്‍പ്പോയി എന്നാണ് വിവരം ..കിണറ്റില്‍ വെള്ളമില്ലായിരുന്നത്കൊണ്ട് ഒരു വിധം വലിഞ്ഞു കേറി വീട്ടിലെത്തിപോലും... കൈയ്ക്കും കാലിനും പൊട്ടലുണ്ടെന്ന കേട്ടത്... രാവിലെ ആളുകള്‍ പ്രദേശം മുഴുവന്‍ തപ്പിനോക്കിയിട്ട് അവിടെയെങ്ങും ഒരു കിണറും കണ്ടില്ല.. നഷ്ടപ്പെട്ട സവോളയെക്കുറിച്ചും വിവരമില്ല. ഉള്ളി തട്ടിയെടുക്കാന്‍ ആരെങ്കിലും ചെയ്തതാണെന്നാ പൊതുവേ സംസാരം. ഏതായാലും പോലിസ് കേസ് എടുത്തിട്ടുണ്ട്...

  എന്‍റെ സംശയം ഇനി അയാള്‍ നമ്മുടെ നിധിക്കുഴിയിലേങ്ങാനും......!!!!!!! ...

 മിണ്ടെല്ലെടീ മണ്ടി,,,,,,,,, നീ ഈ സംശയം ആരോടെങ്കിലും പറഞ്ഞോ.?????

  ഇല്ല ..   

 ഹോ രക്ഷപെട്ടു ..എന്നാലിനി ഈ കാര്യത്തിനായി വായ തുറക്കരുത്... ജയിലില്‍ കിടക്കേണ്ടിവരും പറഞ്ഞേക്കാം...

ഭഗവാനെ പണി പാളി.. ലീവ് ക്യാന്‍സലാക്കി ഇന്നു സ്കൂളില്‍ പോകണം... തല്ക്കാലം ഖനനം നിറുത്തിയില്ലെങ്കില്‍ ധനനഷ്ടത്തിനും മാനഹാനിക്കും സാദ്ധ്യത കാണുന്നുണ്ട്..... അങ്ങനെ നിധിവേട്ടയുടെ ആപ്പിസ് പൂട്ടി. പറമ്പില്‍ ഒരു കുഴിയായത് മിച്ചം ..സാരമില്ല, മഴവെള്ള സംഭരണിയാക്കാം ..കിട്ടിയ സവോള കേശവനു തിരിച്ചു കൊടുക്കാമെന്നുവെച്ചാല്‍ ആശ്പത്രിച്ചിലവ് മാത്രമല്ല കേസിനും തൂങ്ങേണ്ടിവരും... അതുകൊണ്ട് നിധിവേട്ടയില്‍ കിട്ടിയ സവോള ലാഭമെന്നുകരുതി സായൂജ്യമടയാം....

Tuesday, October 15, 2013

പെണ്‍കുട്ടികളെ ഗര്‍ഭിണിയാക്കുന്ന അന്യഗ്രഹജീവികള്‍....


 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ഇന്‍ഡ്യ കേരളത്തിലല്ലാത്തതിനാലും കേരളം ഇന്ത്യയിലായതിനാലുമാണ് ഈ പ്രശ്നം ആവിയില്‍ വേവാതെ പോയത്, ഈ ഒരു കാര്യത്തില്‍ കേരളം യെമനില്‍ ആയിരുന്നാല്‍ മതിയായിരുന്നു....കാരണം യെമന്‍ ഇതു തടയാന്‍ റെഡിയാണ്.....

 എല്ലാ കാര്യത്തിലും നമ്മള്‍ അതിവേഗം കുതിക്കുകയാണെന്നാണ് നേതാക്കള്‍ പറയുന്നത്. ആ കുതിപ്പിന്‍റെ ഭാഗമായി സഫേദ് മസ്ലി കഴിക്കുന്ന നമ്മുടെ നേതാക്കള്‍ ശൈശവവിവാഹത്തിന് എതിരായ ഐക്യരാഷ്ട്രസഭാ പ്രമേയത്തെ  അനുകൂലിക്കാന്‍  തയ്യാറായില്ല...  107 രാജ്യങ്ങള്‍ അനുകൂലിച്ച പ്രമേയത്തെ ഇന്ത്യ  ശക്തമായിത്തന്നെ എതിര്‍ത്തു . ഒരു തരത്തിലും പ്രമേയത്തെ അനുകൂലിക്കില്ലന്ന് വ്യക്തമാക്കിയിട്ടുണ്ട്..നമുക്ക് കൂട്ടായി കൂവാന്‍ ബംഗ്ലാദേശ് പ്രതിനിധിയും ഉണ്ടായിരുന്നു..എന്താണ് നമ്മുടെ എതിര്‍പ്പിന്‍റെ കാരണമെന്ന് പറഞ്ഞുകണ്ടില്ല.... പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തെയും,ബലം പ്രയോഗിച്ചുളള വിവാഹത്തെയും തടയുകയെന്നതായിരുന്നു  യുഎന്‍ പ്രമേയത്തിന്‍റെ ലക്ഷ്യം. പക്ഷെ നമ്മുടെ യോഗ്യന്മാര്‍ക്ക് അതുപിടിച്ചില്ല... ആഗോളതലത്തില്‍ ശൈശവ വിവാഹത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവരുമ്പോഴാണ് ഇന്ത്യ ഇതിനെ അനുകൂലിച്ച് രംഗത്തുവന്നിരിക്കുന്നത്. ഇനി അറിയേണ്ടത് സര്‍ക്കാരിലെ ഏതു നേതാവിനാണ്  ശൈശവവിവാഹം നടത്തേണ്ടതെന്നാണ്.... അദേഹത്തിന് പുട്ടും കടലയും സോറി പട്ടും വളയും കൊടുക്കേണ്ട സമയമായിരിക്കുന്നു.. .പത്തുകഴിഞ്ഞ് വീട്ടില്‍ പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കിടാങ്ങളുണ്ടെങ്കില്‍, കെട്ടി നല്ല പരിചയമുള്ള ആരെങ്കിലും സഹായിക്കാനും ഉണ്ടാകും... അതുകൊണ്ട് ദയവായി ആ മാന്യദേഹത്തിന്‍റെ പേര്‍ പുറത്തുവിടണം... ഇന്ത്യ എതിര്‍ത്തു എന്നുപറയാതെ ആരാണ് ഇന്ത്യയ്ക്ക് വേണ്ടി എതിര്‍പ്പ് പ്രകടിപ്പിച്ചത്  എന്നാണ് അറിയേണ്ടത്.... കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന ചില തിവാരിമാരൊക്കെ ഡി.എന്‍.എ പരിശോധനയും കഴിഞ്ഞ് കൊച്ചുപെണ്‍കിടാങ്ങളോടൊപ്പം കെട്ടിമറിയുന്ന വാര്‍ത്തകള്‍ ഇപ്പോഴും പുറത്തുവരുന്നുണ്ട്...

 ശൈശവവിവാഹം ഏറ്റവും കൂടുതലുള്ള എത്യോപ്യ, സൌത്ത് സുഡാന്‍, സിയറ ലിയോണ്‍, ചാഡ്, ഗ്വോട്ടമല, ഹോണ്ടുറാസ്, യെമന്‍ തുടങ്ങിയ രാജ്യങ്ങളും ശൈശവ വിവഹനിരോധനപ്രമേയത്തെ അനുകൂലിച്ചിട്ടുണ്ട്. എന്നിട്ടും ഇന്ത്യയ്ക്കതിനു  കഴിയുന്നില്ല...

2015നുശേഷം ശൈവവവിവാഹങ്ങള്‍ ഇല്ലാതാക്കാക്കാനുള്ള ഐക്യരാഷ്ട്രസഭ മനുഷ്യാവകാശസമതിയുടെ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു ഈ പ്രമേയം കൊണ്ടുവന്നത്. നമ്മുടെ സര്‍ക്കാര്‍, ഇനിയും  ഈ ദുരാചാരം പ്രോത്സാഹിപ്പിന്നു എന്നത് അപലപനിയമാണ്...ഇതാണോ നമ്മുടെ വളര്‍ച്ച..

 ലോകത്ത് ഏറ്റവുംകൂടുതല്‍ ശൈവവവിവാഹം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.  പ്രായപൂര്‍ത്തിയാകാതെ വിവാഹിതരാകുന്ന അറുപതുമില്യണ്‍ പെണ്‍കുട്ടികളുടെ കണക്കെടുക്കുമ്പോള്‍ അതില്‍ ഇരുപത്തിനാലു മില്യണ്‍ വിവാഹങ്ങളും നടക്കുന്നത് ഇന്ത്യയിലാണ്. ലോകത്ത് നടക്കുന്ന ശൈശവവിവാഹങ്ങളുടെ നാല്‍പതു ശതമാനം ഇന്ത്യയിലാണ് നടക്കുന്നത്. എന്നിട്ടാണ് നമ്മുടെ സര്‍ക്കാര്‍ ശൈശവവിവാഹത്തിനു പിന്തുണയുമായി നടക്കുന്നത്..... അങ്ങനെ ശൈശവവിവാഹത്തെക്കുറിച്ചുള്ള ഇന്ത്യന്‍ നിലപാട് നമ്മുടെ നേതാക്കള്‍  ലോകത്തിനുമുന്നില്‍ വ്യക്തമാക്കി ...അപ്പൊ ശൈശവവിവാഹത്തിനെതിരെ ഇതുവരെ നടന്നതെല്ലാം വെറും ചക്കളത്തിപ്പോരാട്ടങ്ങള്‍ മാത്രമാണെന്ന് വ്യക്തമായി...

 കള്ളന്മാര്‍ക്കും പിടിച്ചുപറികാര്‍ക്കും കൊലപാതകികള്‍ക്കും കോടതിയെ പ്പേടിക്കാതെ ജനപ്രതിനിധിയാകാം എന്നൊരു മസാലക്കൂട്ടുവിഭവം നമ്മുടെ സര്‍ക്കാരിന്‍റെ അടുക്കളയില്‍ തയ്യാറായതാണ്,,,എന്നാല്‍ ഒടുവില്‍ പ്രധാനവെപ്പുകാരന്‍തന്നെ ആ വിഭവം പൊതുജനങ്ങള്‍ നോക്കിനില്‍ക്കെ വിളമ്പുകാരന്‍റെ കൈയ്യില്‍നിന്നും വാങ്ങി നിലത്തൊഴിച്ചുകളയുന്ന നാടകം നമ്മള്‍ കണ്ടതാണ്.. പൊതുനന്മയ്ക്ക് വേണ്ടി തിളയ്ക്കുന്ന ആ വെപ്പുകാരന്‍റെ ആത്മരോഷം, ശൈശവവിവാഹക്കാര്യത്തില്‍ കണ്ടതേയില്ല. അദേഹം നിത്യ ബ്രഹ്മചാരിയായതുകൊണ്ടാണോ, അതോ ശൈശവങ്ങള്‍ക്ക് വോട്ടില്ലാത്തതുകൊണ്ടാണോ ആവോ; അറിയില്ല.......

 സ്ത്രീകളുടെ നന്മയെമാത്രം ലക്ഷ്യമാക്കി, കുറച്ചു പാവങ്ങള്‍, പെണ്ണിന്‍റെ വിവാഹപ്രായം പതിനാറാക്കണമെന്ന് പറഞ്ഞപ്പോള്‍ വിവരമുണ്ടെന്നു പറയുന്ന കുറെയെണ്ണം അപ്പോഴേ തെരുവിലിറങ്ങി.... ഇപ്പൊ എന്തായി... ഗാന്ധിയനുയായികള്‍ പോലും രക്ഷയ്ക്കുവന്നില്ല... ശൈശവവിവാഹങ്ങള്‍ വേണമെന്ന് വാദിക്കുന്ന സുമനസ്സുകള്‍ പറയുന്നതാണ് ശരിയെന്നു അവസാനം നമ്മുടെ ബഹുമാന്യ സര്‍ക്കാരിനും ബോധ്യമായി...

 പ്രേമം, ഒളിച്ചോട്ടം, അവിവിഹിത ഗര്‍ഭം തുടങ്ങിയ പെണ് വര്‍ഗ്ഗത്തിന്‍റെ മാത്രം സ്വഭാവദൂഷ്യത്തിനെതിരെയുള്ള ആകെയൊരു പോംവഴിയാണ് ശൈശവവിവാഹം... ഇക്കാര്യത്തില്‍ പുരുഷന്മ്മാര്‍ തീര്‍ത്തും നിരപരാധികളും നിസ്സഹായരുമാണ്.. മിക്കവാറും പെണ്ണുങ്ങളും വയസ്സറിയിച്ചു കഴിഞ്ഞാല്‍ ഏതെങ്കിലും അന്യഗ്രഹജീവികളുമായി പ്രേമത്തിലാവുകയും ഒളിച്ചോടുകയും പിന്നിട് അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുകയുമാണ്  ചെയ്യുന്നത്....ഇതു  കുടുബത്തിനും സമൂഹത്തിനും മാനക്കേട് ഉണ്ടാക്കുന്നതിന്‍റെ ഫലമായി  പെണ്ണുങ്ങളുടെ ഒളിച്ചോട്ടവും പ്രേമവും തടയാനുള്ള  ഏക പോംവഴിയാണ്; ശൈശവവിവാഹം... പെണ്ണാണെന്ന് അറിയുമ്പോള്‍ തന്നെ ഏതെങ്കിലും വയസ്സറിയിച്ച ആണുങ്ങളുമായി അവരുടെ വിവാഹം നടത്തുകയെന്നതാണ് ഇതിനുള്ള ഏക പരിഹാരം.....  ഇതെങ്ങനെ തെറ്റാകും; ഇതു മൂലം ഒരു സ്ത്രീക്കും ഇതുവരെ കേടുവന്നിട്ടില്ല.... വളരെ ശരിയാണ്... പത്തിരുപതുഡോക്ടറേറ്റ് നൂറിനുമുകളില്‍ ഡിഗ്രി ,അറിവിന്‍റെ ഭണ്ടാകാരം,,അങ്ങനെ ലോകത്തിനു മുഴുവന്‍ മാതൃകയായിട്ടുള്ള ആളാണ്‌ തലപ്പത്ത് , മാത്രമല്ല പാവങ്ങളെകുറിച്ച് മാത്രം ചിന്തിക്കുന്ന ക്ഷോഭിക്കുന്ന യുവത്വമാണ് സര്‍ക്കാരിനെ  നിയന്ത്രിക്കുന്നത്. അപ്പോള്‍ സര്‍ക്കാരിന്  ഇക്കാര്യത്തില്‍ പിഴയ്ക്കുമോ; ഇല്ലേയില്ല... അതുകൊണ്ട് ശൈശവവിവാഹം ഇന്ത്യയ്ക്ക് ആവശ്യമാണ്.. അതില്‍ സംശയം പാടില്ല.. ആര്യസമാജവും, രാജാറാംമോഹന്‍ റോയുമെല്ലാം  പടിയടച്ചു പിണ്ടംവയ്ക്കേണ്ട സമയമായിരിക്കുന്നു...

   ജനസംഖ്യയിലും അഴിമതിയിലും നമ്മള്‍ ഒന്നാം സ്ഥാനത്താണ്‌. അത്  നമ്മളാര്‍ക്കും വിട്ടുകൊടുക്കില്ല... അഴിമതിയുടെ സ്ഥാനം നമ്മുടെ നേതാക്കള്‍ വിടാതെ പിടിച്ചോളും.. പിന്നെ ജനസംഖ്യവര്‍ധനവ്, ശൈശവവിവാഹം തുടങ്ങിയ കാര്യങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ നോക്കണം... അതിനു വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനമായാണ് ശൈശവവിഹാഹത്തെ പ്രോത്സാഹിപ്പിക്കാന്‍ നടപടിയെടുത്തത്... എട്ടും പത്തും വയസ്സുള്ള ബാലികമാര്‍ കല്യാണവുംകഴിച്ച്, ഒക്കത്ത് കൊച്ചിനെയും വെച്ചുകൊണ്ട് യുവരാജവിനു സ്വീകരണം കൊടുക്കുന്ന കാഴ്ച്ച ഏന്തു മനോഹരമായിരിക്കും... ഇതാണ് നുമ്മ സ്വപ്നം കാണുന്ന കിണാശ്ശേരി... ഇന്ത്യ വളരുകയാണ്... പത്തുവയസ്സില്‍ തന്നെ നമ്മുടെ പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുത്ത് അവരെ തളര്‍ത്തണം.. അതാണ്‌ നമ്മുടെ വളര്‍ച്ചയുടെ ശൈലി... രാജസ്ഥാനിലും ബീഹാറിലും രണ്ടുവയസ്സിലും, തമിഴ്നാട്ടില്‍ പട്ടിയെകൊണ്ടും പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നു എങ്കില്‍പ്പിന്നെ എന്തുകൊണ്ട് കേരളത്തിലും ആ മാതൃക പിന്തുടര്‍ന്നുകൂടാ എന്നാണ് ചില ദിവ്യന്മാര്‍ ചോദിക്കുന്നത്... അക്കൂട്ടര്‍ക്കിനി മണിയറ ഒരുക്കാന്‍ തുടങ്ങാം.. എട്ടുംപൊട്ടും തിരിയാത്ത പെണ്‍കിടാങ്ങളുടെ നിലവിളികള്‍ ഉയരുന്ന രാവുകള്‍ക്കായി ഇനി കാത്തിരിക്കാം...ശൈശവ വിവാഹകമ്പോളം ഇനി നമ്മുടെ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു... തുരുമ്പുകയറിയ തോക്കിലെല്ലാം ..ഇനി എണ്ണതൂത്ത്  ഉണ്ട നിറയ്ക്കാം.....ഇരകള്‍ റെഡി....

 കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക്  പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാനുള്ള നിയന്ത്രണങ്ങളും എടുത്തുകളയണം..താലി, മാല, രെജിസ്റ്റര്‍ എല്ലാം ഒഴിവാക്കണം. ഏതെങ്കിലും പെണ്ണിനോട് എവിടെവെച്ച്  ഇഷ്ടം തോന്നുന്നുവോ അവിടെവെച്ചുതന്നെ  അവളോട്‌ ഞാന്‍നിന്നെ കെട്ടുന്നു എന്ന ഒറ്റവാക്കില്‍ വിവഹം കഴിക്കാനുള്ള ഒരു നിയമം ഉടനെ പാസാക്കണം.. അവള്‍ മറ്റാര്‍ക്കെങ്കിലും റിസര്‍വാണെങ്കില്‍ അതറിയാന്‍  ചെവിയിലും കഴുത്തിലും പത്തുമീറ്റര്‍ അകലെനിന്നും തിരിച്ചറിയാന്‍ പാകത്തില്‍ റിഫ്ലക്ടര്‍ ഘടിപ്പിച്ച ടാഗുകള്‍ തൂക്കാനും നിയമമുണ്ടാക്കണം അങ്ങനെയാവുമ്പോള്‍ അന്യന്‍റെവസ്തുവിനെ അപഹരിക്കാതിരിക്കാന്‍ പുരുഷന്മാര്‍ക്ക് അതൊരു സഹായമായിരിക്കും... ഒരു ഭാര്യക്ക് മാസമുറ വന്നാല്‍ അടുത്തതിനെ പ്രാപിക്കാനുള്ള പുരുഷന്‍റെ അവകാശം അംഗികരിച്ച് ഒരു പുരുഷന് പത്തുസ്ത്രീകളെവരെ  കെട്ടാമെന്ന നിയമവും ഉടനെ കൊണ്ടുവരേണ്ടതാണ്.. പുരുഷന്‍റെ വിങ്ങലുകള്‍ക്ക് ഒരു പരിധിവരെ ഇതൊക്കെ സഹായകമാകും.................

ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെകാര്യത്തില്‍ ഇന്ത്യപോലെ ഇത്രെയേറെ ശ്രദ്ധ പതിപ്പിക്കുന്ന ഒരു രാജ്യവും ലോകത്ത് വേറെകാണില്ല... സര്‍ക്കാരിനെ നിയന്ത്രിക്കുന്നതും, പാര്‍ലമെണ്ട് നിയന്ത്രിക്കുന്നതും, തലസ്ഥാനം ഭരിക്കുന്നതും സാരിയുടുത്ത സ്ത്രീനാമധാരികള്‍ തന്നെയാണ് .പക്ഷെ അവരൊക്കെ സ്ത്രീകളാണോയെന്നുള്ള കാര്യത്തില്‍ സംശയമുണ്ട്‌... കാരണം സ്ത്രീകളുടെ അവസ്ഥ പരിതാപകരമാക്കുന്ന ശൈശവവിവാഹം പോലുള്ള പ്രാകൃതരീതികളെ സംസ്ക്കാരസമ്പന്നമായ ഒരു സാമൂഹത്തില്‍ അടിച്ചൊടിക്കേണ്ടത്തിനു പകരം,,, പടിക്കുപുറത്താക്കിയ പ്രാകൃത നിയമങ്ങളെ വീണ്ടും വിളിച്ചുകേറ്റി,,, ലോകത്തിനു മുന്നില്‍ രാജ്യത്തെ പിന്നോട്ടടിക്കുന്ന ഇത്തരം ജന്മങ്ങള്‍ സ്ത്രീകള്‍ത്തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്...

 ശൈശവത്തില്‍ തന്നെ പെണ്‍കുഞ്ഞുങ്ങളെ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഒരുകൂട്ടം കാമഭ്രാന്തന്മാര്‍ കോടതിയില്‍ പോയപ്പോള്‍ പൊതുസമൂഹം ഒറ്റക്കെട്ടായി അതിനെതിരെ രംഗത്തുവരുകയും; ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ വേട്ടക്കാര്‍ത്തന്നെ തങ്ങളുടെ നിലപാട് മയപ്പെടുത്തി തലയൂരാന്‍ ശ്രമിക്കുന്നതും കണ്ടതാണ്... അപ്പോഴാണ്‌ ഇരയുടെ ഭാഗത്തു നില്‍ക്കേണ്ട നമ്മുടെ സര്‍ക്കാരും ശൈശവ വിവാഹത്തെ പിന്തുണച്ചുകൊണ്ട് വേട്ടക്കാര്‍ക്കായി രംഗത്ത് വന്നിരിക്കുന്നത്..പരമ ദയനീയം തന്നെ...ഇനി എവിടെനിന്നാണ് ഇരകള്‍ക്ക് നീതികിട്ടുക...

  ജനാധിപത്യരാജ്യത്ത് ഒരു തവണപോലും ജനങ്ങളുടെ സമ്മതിദാനാവകാശത്തിന്‍റെ ബലത്തില്‍ ജനപ്രതിനിധിയാകാന്‍ കഴിയാത്തവരാണ് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ നയിക്കുന്നത്.. അതുതന്നെ നമ്മുടെ ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ വിരോധാഭാസമാണ്.. നേരിട്ട് ജനങ്ങളാല്‍ തിരെഞ്ഞെടുക്കപ്പെട്ടു ജനപ്രതിനിധിയാവാത്ത ഒരുത്തനും രാജ്യത്തെ നയിക്കാന്‍ പാടില്ലായെന്ന നിയമവും അടിയന്തരമായി കൊണ്ടുവരേണ്ടതാണ്... കാരണം ഇങ്ങനെ  നിയമിതരാകുന്ന പാവകള്‍ക്ക്, കീ കൊടുക്കുമ്പോള്‍ ചലിക്കാനല്ലാതെ നാടിന്‍റെ സ്പന്ദനമറിയില്ല... ജനങ്ങളോടോത്തുള്ള യാതൊരു പ്രവര്‍ത്തി പരിചയവുമില്ലാതെ നാടിനാവശ്യമായ സാമൂഹ്യമാറ്റങ്ങള്‍ മാനസ്സിലക്കാന്‍ കഴിയാത്ത നായകന്മാരെക്കൊണ്ട് നാടിനു എന്താണ് ഗുണം. വെറും അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ കച്ചവടക്കണക്കുകളുടെ സമവാക്യങ്ങള്‍മാത്രം എഴുതിപ്പഠിച്ചിട്ടുള്ള തലതിരിഞ്ഞ ബ്യൂറോക്രാറ്റുകള്‍ നാടുഭരിച്ചാല്‍ ജനകീയ പ്രശ്നങ്ങളെക്കാള്‍ കോര്‍പ്പറേറ്റുകളുടെ ലാഭകണക്കുകള്‍ക്കായിരിക്കും കൂടുതല്‍ പരിഗണനകിട്ടുക..അവരെ സംബന്ധിച്ചിടത്തോളം സ്ത്രീ ഒരു വിപണനവസ്തു മാത്രമാണ്...ഭോഗം ചെയ്യാനുള്ള വെറും വസ്തു... അവര്‍ക്ക് വേണ്ടത് അധികാരം മാത്രമാണ്. അത് നിലനിറുത്താന്‍ അവര്‍ ഇരകള്‍ക്കൊപ്പം സഞ്ചരിച്ച് വേട്ടക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒറ്റുകാര്‍ മാത്രമായിരിക്കും .....

 ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമായ സ്ത്രീജനങ്ങളെ ,,,നിങ്ങളുടെ പെന്മ്മക്കളുടെ ദേഹവളര്‍ച്ചയില്‍ മാത്രം നോക്കി വായില്‍വെള്ളമിറക്കി കൊണ്ടിരിക്കുന്ന കാമവെറിയന്മാര്‍ക്ക് പിന്തുണയുമായി നില്‍ക്കുന്ന അധികാരികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം... ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും വോട്ടിനുവേണ്ടി ഇളിച്ചുവരുന്ന ഇത്തരം ജന്തുക്കളുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പി ..ചാണകവെള്ളമൊഴിച്ചു ആട്ടിയോടിക്കാനുള്ള ആര്‍ജവം നിങ്ങള്‍ കാണിച്ചാലേ നിങ്ങളുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ജിവിതം ഉണ്ടാകൂ...

Sunday, October 13, 2013

ഇടുക്കിഗോള്‍ഡ്‌ എന്ത് ഗോള്‍ഡ്‌...?


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  ഇടുക്കിഗോള്‍ഡ്‌ വലിച്ച സുഖത്തില്‍ ഇരിക്കുയയാണ് ,,,ഹഹഹ ഹാ എന്താസുഖം.... നീലച്ചെടയനും പിരിയനുമൊന്നും അടുത്തേയ്ക്ക് വരില്ല.. ഓരോപുകയിലും ഒരായിരം സംസ്കാരം, വ്യതസ്തമായ ദേശങ്ങള്‍ ...എല്ലാം പതഞ്ഞുപൊങ്ങുന്നു... അപ്പൂപ്പന്‍താടിപോലെ വായുവിലൂടെ ഒഴുകി നടക്കുന്നു... ചിറകുകള്‍വീശി പറന്നുനടക്കാനുള്ള ആഗ്രഹം സഫലമായിരിക്കുന്നു... ഇനിയൊരു റിവ്യൂ എഴുതണം, തരാമെന്ന് പറഞ്ഞിരിക്കുന്ന സമ്മാനം വാങ്ങണം.... പതിനായിരം മെഗായായതുകൊണ്ട് ഇടുക്കിമുഴുവനും കാണാം,,, ചെറുതോണി മുതല്‍ ഇടുക്കി അണക്കെട്ടിന്‍റെ മടിത്തട്ട് വരെ വീശാലമായിനീളുന്ന ഔട്ട് ഡോര്‍.... കുറവന്‍ പാറയുടെ മുകളില്‍ ശിവനും ചെഗുവും ഒന്നിച്ചിരുന്ന്‍ ഇടുക്കിഗോള്‍ഡ്‌ പുകയ്ക്കുന്നു; ഭയങ്കരം.... എല്ലാം കഞ്ചന്‍റെ അനുഗ്രഹം.... അങ്ങനെ ഗുണഗണങ്ങള്‍ എണ്ണിയെണ്ണി എഴുതുന്നതിനിടയിലാണ് ശകലം വെളിവ് വന്നത്... ഹേയ് ഇതത്ര പോര.... നീലച്ചെയടയനാണ് ഭേദം.. .ഇതുവെറും ബിലോ ആവറേജ്... ഉള്ളതു വിളിച്ചുകൂവിയപ്പോള്‍ ദേ വരുന്നു...കഞ്ചാവ് അടിച്ചു കിറുങ്ങിയ ഏതോ പോത്തനൊ,  ചാത്തനൊ..... മായും പൂവും വിളിച്ചുകളിക്കുന്നു... ഗോള്‍ഡ്‌ നല്ലവണ്ണം തലയ്ക്ക് പിടിച്ചിരിക്കുന്നു... ഇനിയിപ്പോ കുമ്പളങ്ങാനീര് കൊടുത്താലേ രക്ഷയുള്ളു..........

 ഈ, കഞ്ചാവ് ഒരു അടിപൊളി സാധനമാണ്, യുവാക്കള്‍ക്കും മധ്യവയസ്കര്‍ക്കും വൃദ്ധരായവര്‍ക്കും മാത്രമല്ല ദൈവങ്ങള്‍ക്ക് പോലും കഞ്ചാവ് വിശേഷവസ്തുവാണെന്ന് ഇടുക്കിഗോള്‍ഡ്‌ വലിച്ചപ്പോളാണ് ശരിക്കും അറിഞ്ഞത്... ശ്രീബുദ്ധനെപ്പോലുള്ളവര്‍ മാസങ്ങളോളം ബോധിവൃക്ഷച്ചുവട്ടില്‍ തപസ്സ് ചെയ്തിട്ടാണ് ബോധോദയം കിട്ടിയത്.. ഇവിടെ വെറും രണ്ടരമണിക്കൂര്‍ കൊണ്ട് നല്ലവണ്ണം ബോധോദയം കിട്ടുന്നു.. പലതും തിരിച്ചറിയാനുള്ള ബോധം മലയാളിക്ക് നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്ന എല്ലാവര്‍ക്കും ബോധംകിട്ടാനുള്ള മാര്‍ഗ്ഗംനോക്കി ഇനി അലയേണ്ടതില്ല...ഒരു ഇടുക്കി ഗോള്‍ഡ്‌ വലിച്ചാല്‍ മതി..ഉള്ള ബോധവും തനിയെപോകുമെന്നു ഗ്യാരണ്ടിപറയാം.. ആര്‍ക്കും ബോധം ഇല്ലെങ്കില്‍പ്പിന്നെ എനിക്കായിട്ടെന്തിനീബോധം ..അതാണ് ഇടുക്കി ഗോള്‍ഡിന്‍റെ വിജയ രഹസ്യം...

മുപത്തിയഞ്ചുവര്‍ഷം വിദേശത്ത് ഏതുംപോരാണ്ട് ചെക്ക്സ്ലാവാക്യില്‍ തെണ്ടിനടന്ന്, ശിഷ്ടകാലം നാട്ടില്‍ ചിലവഴിക്കാന്‍ എത്തിയപ്പോള്‍ പഴയ സ്കൂള്‍ അലവലാതികളെയൊക്കെ(നല്ലതിനെയൊന്നും കൂട്ടത്തില്‍ കണ്ടില്ല) തേടിപ്പിടിക്കാനും ഇടുക്കിയിലെ ചെറുതോണിയില്‍ കുറ്റിയടിച്ച് കഞ്ചാവടിക്കാനും ഏതൊരു എന്‍.ആര്‍.ഐ തോന്നുന്ന കാര്യമാണ്.. അല്ലെങ്കില്‍ തോന്നിപ്പിക്കും അതാണ് ഗ്രഹാതുരത്വംമെന്നൊക്കെ പറയുന്നത്.. കുഞ്ചിയമ്മയ്ക്ക് അഞ്ചുമക്കളായിരുന്നല്ലേ.. അതില്‍ അഞ്ചാമന്‍ പഞ്ചാരക്കുഞ്ചു പഞ്ചാരതിന്നു മടത്തപ്പോള്‍ ഇഞ്ചികടിച്ചാണല്ലോ രസിച്ചത്.. ഇവിടെയിപ്പോള്‍ അഞ്ചുകുഞ്ചന്മാരും ഒന്നിച്ചപ്പോള്‍ എന്തുചെയ്യും... കഞ്ചാവടിച്ചുമടുത്ത അഞ്ചും; സ്വയംഭോഗം ചെയ്തു രസിച്ചുപോലും.. അതാണ് കപിവചനം... അറ്റകൈപ്രയോഗങ്ങള്‍ പലതും നടത്തിനോക്കി ശിവനെയും ചെഗുവിനെയും ഒന്നിച്ചു കഞ്ചാവ് വലിപ്പിച്ചു... ഇതില്‍ ഭയങ്കരമായ തത്വചിന്തയാണ് ഒളിപ്പിച്ചത്. മതവും കമ്യൂണിസവും എല്ലാം കഞ്ചാവിന്‍റെ മുന്നില്‍ ഒന്നാണെന്ന ഭയങ്കരരഹസ്യം..എന്നിട്ടും ഏശുന്നില്ല. അതുകൊണ്ടാണ് ഇനി തെറിവിളിയാകാമെന്ന പൊതുതത്വത്തില്‍ എത്തിയത്... അങ്ങനെയാണ് പോത്തനും ചാത്തനുമൊക്കെ മാവേലേറു തുടങ്ങിയിരിക്കുന്നത്.... തെറിവിളി, കൊലവിളി സ്റ്റൈലില്‍ പുരോഗമികുമ്പോള്‍ ദേ തൃശ്ശൂരില്‍നിന്നും മറ്റൊരുവാര്‍ത്ത....കഞ്ചാവടിച്ച നാല്പ്പത്തിയാറുകാരന്‍ എഴുപത്തിയാറുവയസ്സുള്ള അമ്മുമ്മയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിച്ചശേഷം വിവസ്ത്രയാക്കി റോഡരുകില്‍ തള്ളിയിരിക്കുന്നു... കഞ്ചാവ്; ഗോള്‍ഡായി നടത്തിയ ലീലാവിലാസങ്ങള്‍ .... ഗോള്‍ഡില്‍ പറഞ്ഞപ്രകാരം സ്വയംഭോഗം ആവോളം നടത്തിയിട്ടും പരപീഡനം തന്നെയാണ് നടക്കുന്നത്.. സ്വയം ഭോഗത്തില്‍ സ്ഖലനനിയന്ത്രണം നടത്താന്‍ നിറുത്തിയും ഞെക്കിയും വീണ്ടും തുടങ്ങിയും എല്ലാം ചെയ്തിട്ടും ഇടുക്കിഗോള്‍ഡ്‌ വലിക്കുമ്പോള്‍ വല്ലാതെ സ്ഖലിച്ചുപോകുന്നു... ഇതാണ് നുമ്മപറഞ്ഞ കഞ്ചാവ്സ്വര്‍ഗ്ഗം... വെള്ളമടി, പെണ്ണുപിടി തെറിവിളി,സ്വയംഭോഗം,കഞ്ചാവുവലി എല്ലാംകൂടി ഒരു ഗോള്‍ഡ്‌ ലെവലില്‍ പതപ്പിച്ചാല്‍; സ്ഖലിക്കാന്‍ മുട്ടിനില്‍ക്കുന്നവരെല്ലാം നേരെ തിയേറ്ററിലെക്ക് ഓടിക്കയറുമെന്ന വിശ്വാസത്താല്‍ ഒരു ഗോള്‍ഡ്‌ കൂടി വലിക്കാം...

 കീപ്പ്,ചുറ്റിക്കളി,സെറ്റപ്പ്,ചിന്നവീട്,ചിറ്റംകൂടാന്‍ തുടങ്ങിയ പ്രാദേശികപദങ്ങളെ ലിവിംഗ് ടുഗതര്‍ എന്നൊരു മോഡേണ്‍ പേരുനല്‍കി സമൂഹമധ്യത്തില്‍ അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ പിറകെകൂടി... അറുപതുകളിലെ ഹിപ്പിപ്രസ്ഥാനത്തിലൂടെ സമൂഹത്തില്‍ നുഴഞ്ഞുകയറിയ പലതിനെയും പുതിയകുപ്പിയില്‍ അവതരിപ്പിച്ചുകൊണ്ട് കുത്തഴിഞ്ഞ ലൈംഗികതയും, മയക്കുമരുന്നുസേവയും, പ്രതിനായകസംസ്കാരവും പൊതുജനത്തിന്‍റെ തീന്‍മേശയിലേക്ക്‌ ആസ്വാദ്യകരമായവിഭവമെന്ന രൂപേണ വിളമ്പിക്കൊണ്ട്, ഇതാണ് ജീവിതാസ്വാദനം എന്നു വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിതനീക്കങ്ങളെ ഇനിയും തിരിച്ചറിയപ്പെടാതെപോകുന്നു എന്നതാണ് ദയനീയമായ സത്യം... പൊതുജനങ്ങളുമായി സംവാദിക്കുന്ന ദ്രെശ്യമാധ്യമങ്ങളില്‍വിളമ്പുന്ന ഭൂരിഭാഗംസദ്യകളിലും മദ്യപാനിയും, പെണ്ണുപിടിയനും, അക്രമവും, അഴിമതിയും നടത്തുന്ന ജനദ്രോഹവേഷങ്ങള്‍ നായകസ്ഥാനത്തുവരുകയും; സത്യവും നീതിയും അനുഷ്ഠിച്ചു ജീവിക്കുന്നവര്‍ ജീവിതത്തില്‍ പരാജയപ്പെടുകയും,,,തങ്ങള്‍ക്ക് ന്യായമായി ലഭിക്കാനുള്ള അവകാശങ്ങള്‍ക്കായി  മുന്‍പറഞ്ഞ നായകന്മ്മാരുടെ ദയയ്ക്കുവേണ്ടി കേഴുകയുംചെയ്യേണ്ടിവരുന്ന രീതിയിലുള്ള അവതരണമാണ് നടന്നുവരുന്നത്.. തന്മൂലം എത്രവലിയ വൃത്തികേടുകള്‍ ചെയ്യുന്നവര്‍ക്കും, സമൂഹമധ്യത്തില്‍ വീരപരിവേഷം ലഭിക്കുകയും, അവര്‍ക്ക് ജയ്‌ വിളിക്കാന്‍ ഒരു അനുയായിവൃന്ദം ഉണ്ടാവുകയും ചെയ്യുന്നു.. സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടുന്നവന്‍ ഒറ്റപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെടുന്നു. മദ്യവും മയക്കുമരുന്നും ലൈംഗികാതിക്രമങ്ങളും തടയാനുള്ള ബോധവല്‍ക്കരണം ഒരു വശത്ത്,, മറുവശത്ത് അവിഷ്ക്കാരസ്വാതന്ത്ര്യം,,,, അഭിനയം, കല തുടങ്ങിയ പലതിന്‍റെയും പേരുപറഞ്ഞ് ദൈവങ്ങളെവരെ കഞ്ചാവ് വലിപ്പിക്കുന്നു.. മദ്യവും, മയക്കുമരുന്നും, മറ്റുപലതും മാറ്റി നിറുത്തേണ്ടവയല്ല ആസ്വദിക്കാനുള്ളതാണെന്ന സന്ദേശം പറയാതെപറഞ്ഞ് പ്രചരിപ്പിക്കുന്നു.. ഒടുവില്‍ ഗോള്‍ഡിനെയും വ്യാജനേയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ പൊതുസമൂഹം വിഷമിക്കുകയും...എനിക്ക് തോന്നിയത് ഞാന്‍ തിരഞ്ഞെടുക്കും, എന്‍റെ ശരിയാണ് എന്‍റെ നിയമം  തുടങ്ങിയ ന്യായങ്ങള്‍ മഹത്വവല്ക്കരിക്കപ്പെടുകയും ചെയ്യും...ഇതിനെയാണ് അരാജകത്വം എന്നു പറയുന്നതെങ്കില്‍ അതിലേക്കുള്ള ആദ്യചുവടാണ് സ്വര്‍ണ്ണമായി അവതരിപ്പിക്കുന്ന കഞ്ചാവും, അതിന്‍റെ കൃഷിക്കാരും....   

 

Thursday, October 10, 2013

മൃതസംസ്ക്കാരം വീട്ടുവളപ്പിലായാല്‍ ഉയിര്‍പ്പുണ്ടാകില്ലേ....?


ഫോട്ടം കടപ്പാട് ഗൂഗിള്‍
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  സഭയ്ക്കെതിരെ പുസ്തകമെഴുതിയ റിട്ട:പ്രഫസര്‍ക്ക് പള്ളിയില്‍ ശവസംസ്കാരം നിഷേധിച്ചു..സഭയുടെ കേരളഇടവക രൂപികരണത്തിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും മുഖ്യപങ്കുവഹിച്ചിട്ടുള്ള ഈ വ്യക്തി സഭയുടെ ചില പോരായ്മകള്‍ തന്‍റെ പുസ്തകത്തിലൂടെ പ്രകടിപ്പിച്ചതിനാണ് സഭയുടെ ഈ പ്രതികാരനടപടിയെന്നും വാര്‍ത്തകള്‍ പറയുന്നു...കൊള്ളാം നന്നായിരിക്കുന്നു ..നൂറില്‍ ഒരെണ്ണം   നഷ്ടപ്പെട്ടാല്‍ ബാക്കി തൊണ്ണൂറ്റിയൊന്‍പതിനെയും വിട്ടിട്ട് നഷ്ടപ്പെട്ട ഒന്നിനെ അന്വേഷിക്കുന്ന നല്ല ഇടയന്‍റെ പിഗാമികള്‍; മറ്റൊരു മാതൃക കാണിച്ചുതന്നിരിക്കുന്നു...പ്രതികാരം മൃതദേഹത്തോടും കാണിക്കാം എന്ന മാതൃക.... ഇവരായിരിക്കുമോ സ്വര്‍ഗ്ഗരാജ്യത്തില്‍ എത്താന്‍ സൂചിക്കുഴയിലൂടെ കടക്കുന്ന ആ ഒട്ടകങ്ങള്‍.. ഏതായാലും മരണത്തിലും പ്രഫസറെ തോല്‍പ്പിക്കാനായില്ല എന്നതുസത്യം..

വിശ്വാസിക്ക് സംസ്കാരം പോലും നിഷേധിച്ച് ഒരുകൂട്ടര്‍,പതിനാറില്‍ കെട്ടണമെന്നു മറ്റൊരുകൂട്ടര്‍,,, മസ്ജിദ് പൊളിച്ച് അമ്പലം പണിതാല്‍ നാട് രക്ഷപെടുമെന്ന് മറ്റൊരുകൂട്ടര്‍..എന്നിട്ടു എവിടെയെങ്കിലും എന്തെങ്കിലും നന്നായോ...ലോകത്ത് എവിടെയും നടക്കുന്ന അക്രമങ്ങളുടെ കണക്ക് പരിശോധിച്ചാല്‍... ഭൂരിഭാഗത്തിലും മതങ്ങളുടെ ഇടപെടല്‍ കാണാന്‍ കഴിയുന്നു... എന്തുകൊണ്ടാണിത് ?..അക്രമത്തിലൂടെ ആര്‍ക്കെങ്കിലും ദൈവത്തില്‍ എത്തിച്ചേരാന്‍ കഴിയുമോ..?

പഠിക്കേണ്ടസമയത്ത് പാറ്റാപിടിച്ചും, പട്ടം പറത്തിയും, ടീവി കണ്ടും സമയംകളഞ്ഞ് പരിക്ഷയില്‍ മൊട്ടയിട്ടുവന്ന, ഭാവി വിദ്യാധരനെ നെല്ലി വടിക്ക് ചെറുതായൊന്നു തലോടിവിട്ടിരുന്നു..നന്നാവാനുള്ള ഒരു ചെറിയ മുന്നറിയിപ്പ്... പക്ഷെ,  തുടയിലെ ചുമന്നപാടുകള്‍  കാണിച്ച് അവന്‍ അമ്മയോട് പറഞ്ഞിരിക്കുന്നത്.. ഞാനൊന്ന് വലുതായിക്കോട്ടേ അച്ഛനെ കാണിച്ചു കൊടുക്കാമെന്നാണ്... അവസാനക്കാലത്ത് കലേപ്പിടിച്ചു വലിയ്ക്കുമോയെന്നു കണ്ടറിയണം.. വില്‍പത്രത്തില്‍ ആറടിമണ്ണും ഉറപ്പാക്കേണ്ട കാലംവരുന്നു... തെക്കോട്ട് എടുക്കുക്കേണ്ട സമയത്ത് വെട്ടേണ്ടമാവിന് ഇപ്പോഴേ വെള്ളമൊഴിക്കുന്നുണ്ട്.. അതിനു പറ്റിയില്ലേല്‍ കല്ലുംപാറയും തടസ്സം നില്‍ക്കാത്ത മണ്ണായമുള്ള സ്ഥലത്തു ആറടിമണ്ണും ഇപ്പോഴേ കണ്ടുവെച്ചിട്ടുണ്ട്... കാര്യങ്ങള്‍ ഇങ്ങനെയാണ് പോവണതെങ്കില്‍ ഇതൊന്നും നടക്കണ ലക്ഷണമില്ല..

 ചാകണസമയത്ത് നല്ലൊരു ആള്‍ക്കുട്ടത്തെ ഇപ്പോഴേ പ്രതിക്ഷിക്കുന്നുണ്ട്.. പഞ്ചായത്തിലെ എല്ലാ മരണവീട്ടിലുംപോയി റീത്തുവെയ്ക്കാനുള്ള കാരണം ഈ പ്രതീക്ഷയാണ്.. അവറ്റകളും പറ്റിക്കുമോയെന്നാണിപ്പോള്‍ പേടി... ഒക്കേയ്ക്കുംപരിഹാരമായി  നമ്മുടെ ചൈനക്കാരി പെണ്‍കുട്ടി ചെയ്തതുപോലെ ജീവിച്ചിരിക്കെത്തന്നെ ഒരു ശവമടക്ക് നടത്തിക്കളയാം.. ആരൊക്കെവരും, ആരൊക്കെ എതിര്‍ക്കും, ആരൊക്കെ വിട്ടുനില്‍ക്കും എന്നത് നേരിട്ടറിയാമല്ലോ.. പരിപാടി കെങ്കേമമായിനടത്തി ഫോട്ടോയും വീഡിയോയും എടുത്തുവെച്ചാല്‍ സ്വന്തം ശവമടക്ക് ഇടയ്ക്കിടെ കാണുകയും ചെയ്യാം... കരയാനും അനുശോചനം അര്‍പ്പിക്കാനും കൂലികൊടുത്താല്‍ അങ്ങ് ചൈനേന്നുവരെ ആളുംവരും പിന്നാ... ഇനിയിപ്പോ ശരിക്കുള്ള മരണസമയത്ത് ഒരു പുല്ലനും വന്നില്ലേലും ഒന്നും പേടിക്കാനില്ല... മരിച്ചു കഴിഞ്ഞാല്‍ നമ്മള്‍ എന്തറിയാന്‍.... എവിടെ അടക്കിയാലും എന്നാ കാണിച്ചാലും പുല്ലാണ്;;; പുല്ല്... സെമിത്തേരിയില്‍ അടക്കിയാലും വീട്ടുവളപ്പില്‍ അടക്കിയാലും അവസാനം ഭൂമിയില്‍ അഴുകിത്തിരും... ആറുമാസം കഴിഞ്ഞ് ഏതുകുഴി തുറന്നാലും ഒരു തലയോട്ടിയും കുറേ എല്ലുകളും മാത്രം കിട്ടും... ഇതൊന്നും അറിയാത്ത പമ്പരവിഡ്ഢികളാണല്ലോ ദൈവത്തിങ്കേലേക്കുള്ള വഴി പറഞ്ഞുതരാമെന്ന് പറയുന്നത്... കഷ്ടം.... ഒരാളുടെ മരണശേഷം മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് എന്തു സംസ്കാരമാണ്... അന്ത്യവിധിയില്‍ എല്ലാവരും മൂടിതുറന്ന് പൊങ്ങും എന്നൊക്കെ വിവരിക്കുന്നവര്‍ അന്നു ദൈവസന്നിധിയില്‍ ഈ അവമതിക്ക് ഉത്തരം കൊടുക്കേണ്ടിവരില്ലേ ?.. അതോ ഇതൊക്കെ വെറും തട്ടിപ്പ് മാത്രമാണോ...?? ഏതായാലും മരണം ഒരു സത്യമാണ്; ഉയിര്‍പ്പ് ആ സത്യത്തെ ചാരിനില്‍ക്കുന്ന ഒരു സങ്കല്‍പ്പവും...

 പുസ്തകമെഴുതിയ വ്യക്തി, അയാളുടെ ശരിരം ഉപേക്ഷിച്ചു യാത്രയായി... എന്നിട്ടും അയാളോടുള്ള പക അവസാനിപ്പിക്കാന്‍ മതത്തിന് കഴിയുന്നില്ല.. യുദ്ധങ്ങളില്‍ പരസ്പരം പോരാടിക്കുന്ന സൈനികന്‍പോലും ശത്രുവിന്‍റെ മൃതദേഹത്തോട് ആദരവ് കാണിക്കുന്നു... അത്രപോലും സഹിഷ്ണുത ഒരു വിശ്വസിയോടു കാണിക്കാന്‍ മതത്തിന് കഴിയാത്തത് എന്തുകൊണ്ടാണ്... ക്ഷമയും, സ്നേഹവും, സമാധാനവും, കാരുണ്യവും പ്രസംഗിക്കുന്ന ആഗോളപ്രസ്ഥാനങ്ങളായ മതങ്ങള്‍ക്ക്, കേവലം ഒരു വ്യക്തിയുടെ വിമര്‍ശനത്തെപ്പോലും അവരുടെ അടിസ്ഥാനതത്വങ്ങളില്‍ നിന്നുകൊണ്ട് മറികടക്കാന്‍ കഴിയാത്തത്.. എന്തുകൊണ്ടാണ്..? പരേതന്‍റെ മൃതദേഹത്തോട് പകവിട്ടുക വഴി മതം എന്തു സന്ദേശമാണ് വിശ്വാസികള്‍ക്ക് നല്‍കുന്നത്..??. മരണശേക്ഷം ഒരു മൃതശരീരത്തെ മാന്യമായ രീതിയില്‍ സംസ്കരിക്കുക എന്നത് കേവലമര്യാദയാണ്... അതിനുപോലും കഴിയാത്ത കുശാഗ്രഹ ചിന്തയാണോ മതം കാണിച്ചുതരുന്ന മാതൃക..?.. ജീവിതകാലത്തെ ശത്രുവിനെ മരണസമയത്ത് മിത്രമായി കാണുന്നതാണ് കേവലമായ കേരളിയസംസ്കാരം... ഏതായാലും ഒരു കാര്യം ഉറപ്പിക്കാം..... ആത്മാവ് നഷ്ടപ്പെട്ട ശരീരത്തെ ആദരവോടെ സ്വീകരിക്കാന്‍ ഭൂമി തയ്യാറാണ്... മതിലുകളാല്‍ ചുറ്റപ്പെട്ട സ്ഥലത്തായാലും, സ്വന്തം പറമ്പിലായാലും ഭൂമി അതിനെ സ്വീകരിക്കുന്നു... ഇക്കാര്യത്തില്‍  ആരാണ് ജയിച്ചത്‌. ഫ്യൂഡല്‍ മാടമ്പിമാര്‍ നയിക്കുന്ന മതമോ... ദേഹി വിട്ടുപോയ ദേഹമോ..? ഇവിടെയാണ്‌ ദൈവവിശ്വാസവും മതവിശ്വാസവും തമ്മിലുള്ള വിത്യാസം... നിയന്ത്രിതമായ ചട്ടക്കൂടിനുള്ളില്‍നടക്കുന്ന, എന്ത് അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളേയും ചോദ്യംചെയ്യാന്‍ സാധിക്കാതെ ഒരു അടിമയെപ്പോലെ മതമേലാളന്‍മ്മാരുടെ പാദസേവനടത്തി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് മതവിശ്വാസി... ചുരുക്കത്തില്‍, ഒരു മതവിശ്വാസിയില്‍ ഈശ്വരചൈതന്യം അല്പംപോലും കാണണമെന്ന് നിര്‍ബന്ധമില്ല.. കേവലമൊരു വാണിജ്യപ്രസ്ഥാനം എന്നതില്‍  കവിഞ്ഞുള്ള ഒരു ആത്മീയതയും അതില്‍ നിന്നും പ്രതിക്ഷിക്കുകയും വേണ്ട.. എന്നാല്‍ പരമസത്യമായ ഈശ്വരനില്‍ വിശ്വസിക്കുന്നവന്‍ സ്വന്തന്ത്രനായിരിക്കും... ജനനംമൂലം ഏതെങ്കിലും മതത്തിന്‍റെ പാരമ്പര്യത്തില്‍ കെട്ടപ്പെടുന്നവര്‍ക്ക് ആ കെട്ടുപൊട്ടിച്ചു പുറത്തു വരാന്‍ പലപ്പോഴും കഴിയാറില്ലായെന്നതാണ് വാസ്തവം. ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ ആത്മീയഗുരുക്കന്മാരും അതതുകാലത്തേ മതങ്ങള്‍ക്ക് പുറത്തുനിന്നവരാണ്..എന്നാല്‍  അവര്‍ക്കുശേഷം, അവരെ പിന്‍ചെന്നും അവരെ ഉള്‍ക്കൊണ്ടും മതങ്ങള്‍, വിശ്വാസികളുടെ എണ്ണത്തിലുള്ള അക്കൌണ്ട് വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായത്... ജീവിച്ചിരുന്നപ്പോള്‍ തോല്‍പ്പിക്കാന്‍ നോക്കി പറ്റില്ലായെന്നു മനസ്സിലായപ്പോള്‍ മരണശേഷം അവരെ കൂടെക്കൂട്ടി.....  ഇവിടെ ഒരു കാര്യം ഉറപ്പാണ്‌..മരണംവരെ തന്‍റെ ആശയത്തില്‍ ഉറച്ചുനിന്ന് ഒടുവില്‍ ദേഹംവെടിഞ്ഞു പോകുന്ന വ്യക്തിത്വത്തിനല്ല പരാജയം സംഭവിച്ചത്.. മഹത്തായ മൂല്യങ്ങള്‍ പ്രസംഗിച്ചു ജനങ്ങളെപ്പറ്റിച്ചു തിന്നുകൊഴുക്കുന്ന മതനേതാക്കന്മ്മാരുടെ തനിനിറം തന്‍റെ മരണത്തിലൂടെയും ലോകത്തിനു വെളിപ്പെടുത്തികൊടുക്കാന്‍ കഴിഞ്ഞുവെന്ന ചാരിധാര്ത്യത്തോടെ ടിയാന് ഭൂമിയില്‍നിന്നും വിടവാങ്ങാം... അറിഞ്ഞൊ അറിയാതയോ മതം ആ വ്യക്തിക്ക് മുന്നില്‍ പരാജയപ്പെട്ടുവെന്നു നിശ്ചയം... മരണശേഷം വാദ്യഘോഷത്തോടെ ശ്രീകോവിലില്‍ അടക്കം ചെയ്യപ്പെടുമെന്ന പൂജരിയുടെ അഹംഭാവത്തിനേക്കാള്‍;,,, ആറടിമണ്ണില്‍, വേണ്ടപ്പെട്ടവരുടെ ഒരിറ്റു കണ്ണുനീരോടെ അടക്കപ്പെടണമെന്ന സാധരണക്കാരന്‍റെ ആഗ്രഹമാണ് കൂടുതല്‍ മികച്ചുനില്‍ക്കുന്നത്...................

Monday, October 7, 2013

ഒരുലക്ഷം സെക്സുകാരിയെ കേരളത്തിലേക്ക് വിളിക്കൂ..


 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ഓരോ ഗുരുവും അറിവിന്‍റെ  വടവൃക്ഷമായിരിക്കണം.....അവന്‍; ജ്ഞാനം അന്വേഷിച്ചു തന്നിലേക്ക് വരുന്ന ഒരാളെയും നിരാശപ്പെടുത്തി അയയ്ക്കാന്‍ പാടില്ല .. ജീവിതം തന്നെ, അറിവിനും അതു പകര്‍ന്നുകൊടുക്കുവാനുമുള്ള  ഒരു സമര്‍പ്പണമായി മാറുമ്പോള്‍മാത്രമേ ഗുരുവിനു പൂര്‍ണ്ണത കൈവരുകയുള്ളൂ------. വായിച്ചുകൊണ്ടിരുന്ന ഭാഗത്ത്; മുറ്റത്തുനിന്നുകിട്ടിയ, പേരറിയാത്ത ഏതോപക്ഷിയുടെ മനോഹരതൂവല്‍ അടയാളമായിവെച്ചശേഷം പുസ്തകമടച്ച് പുറത്തേയ്ക്കിറങ്ങി... തൊടിയില്‍, സ്വന്തം കൈകൊണ്ടു നട്ടുനനച്ചു വളര്‍ത്തിയ മത്തയില്‍ വളരെനാളത്തെ കാത്തിരിപ്പിന് ശേക്ഷമുണ്ടായ,  മഞ്ഞനിറം വീഴാന്‍ തുടങ്ങിയ ആദ്യഫലം അടര്‍ത്തിയെടുത്ത്, ആദ്യത്തെ ശമ്പളം എണ്ണിവാങ്ങിയ അതേ അനുഭൂതിയില്‍ അടുക്കളയില്‍ എത്തിച്ച ശേഷം തിടുക്കത്തില്‍ കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞ് ഉച്ചയ്ക്കത്തേയ്ക്കുള്ള, ഇലയില്‍ പൊതിഞ്ഞ ചോറും, ക്ലാസിലേക്കാവശ്യമായ പുസ്തകങ്ങളും  തുണിസഞ്ചിയിലാക്കി റോഡിലേക്കിറങ്ങി....... പത്തുമിനിറ്റ് നടത്തമുണ്ട് സ്കൂളിലേക്ക്... വിയര്‍പ്പ് തുടയ്ക്കാനുള്ള ടൌവല്‍ വലതുകീശയിലെക്ക് തിരുകി നടത്തമാരംഭിച്ചു...

 മാഷേ; ഇന്ന് ഞാനുമുണ്ട് നടക്കാന്‍ ...... ആരിത് സര്‍വ്വോത്തമന്‍ സാറോ...

എന്തുപറ്റി തന്‍റെ സ്കൂട്ടര്‍ കേടായോ...?

ഓ,,,, ഒരു ദിവസം നടന്നുപോകാമെന്ന് കരുതി മാഷേ...തടിയും ആരോഗ്യവുമൊക്കെ നോക്കേണ്ടേ ......................നല്ലതാ..

കവലയില്‍ കിടക്കുന്ന മീന്‍വണ്ടിയുടെ ഹോണ്‍വിളി അടുത്തുവരുന്നു...

രാവിലെയായതിനാല്‍  കവലയില്‍ തിരക്ക് കുറവാണ്... നാണുവിന്‍റെ മിട്ടായിക്കടയില്‍ മാത്രം പിള്ളേരുടെ തിരക്കുണ്ട്‌... പതിവ് തിണ്ണനിരങ്ങികള്‍ കട്ടന്‍ബീഡിയും പുകച്ചുകൊണ്ട് പലചരക്കുകടയുടെ വരാന്തയിലുള്ള ഉപ്പു പെട്ടിപ്പുറത്ത് സ്ഥാനംപിടിച്ചിരിക്കുന്നു... അമേരിക്കയായിരിക്കും ചര്‍ച്ചാ വിഷയം.... അതിനിടയില്‍ നിന്നുമാണ് ആ ശബ്ദം കേട്ടത്... ‘നായിന്‍റെ മക്കള്‍ പഠിപ്പിരാണെന്നും പറഞ്ഞ് ഇറങ്ങിക്കോളും...ഇവനൊക്കെ പഠിപ്പിക്കുന്ന സ്കൂളില്‍ എങ്ങനെ പിള്ളേരെ പറഞ്ഞുവിടും..”

മാഷേ,, വിദ്യാധരന്‍ മാഷേ,, അത് നമുക്കിട്ടാണെന്നു തോന്നുന്നു...

അതേ, സംശയിക്കേണ്ട നമുക്കിട്ടു തന്നെയാ...തന്‍റെ കൈയ്യില്‍ ടൌവല്‍ ഉണ്ടോ.? ഉണ്ടെങ്കില്‍ എടുത്ത് തല മറച്ചോളൂ..എന്നിട്ടു വേഗംനടന്നോ..

ഇതെന്താ മാഷേ,,, ഇപ്പൊ, ഇങ്ങനെ ഒരു തെറി....

 എടൊ, അതൊരു പൊതുവികാരത്തിന്‍റെ പ്രതിഫലനമാണ് ..അത്രയും കണക്കാക്കിയാല്‍ മതി..നമ്മുടെ കോഴിക്കോട് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തവാര്‍ത്ത താന്‍ കണ്ടില്ലേ.. അതിന്‍റെ ഒരു പ്രതിഷേധം വന്നതാ...തിരിഞ്ഞുനോക്കാതെ വേഗംനടന്നോ..

നാട്ടുകാരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല; അമ്മാതിരി പണിയല്ലേ ചുറ്റും നടക്കുന്നത്... അറിവിന്‍റെ വെളിച്ചം തെളിയിച്ച് മാതൃകയാവേണ്ട ഗുരുതന്നെ ശിഷ്യരുടെ മാറിടം തടവാന്‍ പോയാല്‍ ഇതൊക്കെ പ്രതിക്ഷിക്കാം.. തനിക്കറിയാമോ.. നമ്മള്‍ അധ്യാപകര്‍ക്ക്  പൊതുസമുഹം നല്‍കുന്ന ബഹുമാനത്തോടൊപ്പം, നമ്മളില്‍ നിന്നും അവര്‍ പ്രതിക്ഷിക്കുന്ന ചില കാര്യങ്ങളുമുണ്ട്... ചീഞ്ഞളിഞ്ഞ വ്യവസ്ഥയെ തൂത്തുവൃത്തിയാക്കാന്‍ അധ്യാപകനു കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു... സര്‍ക്കാരുപോലും, സര്‍ക്കാര്‍ജീവനക്കാരും,പിന്നെ അധ്യാപകരും; എന്നാണ് തങ്ങളുടെ സേവകരെ  വിശേഷിപ്പിക്കുന്നത്.. കേട്ടിട്ടില്ലേ... നമുക്ക് കല്പിച്ചുകിട്ടിയ സ്ഥാനത്തിരുന്ന്‍ സമൂഹം പ്രതിക്ഷിക്കുന്നതോ കൊടുക്കാന്‍ കഴിയുന്നില്ല.. പോരാത്തതിന് പരമ തറയുമായി മാറുമ്പോള്‍ ഇങ്ങനെകിട്ടുന്ന ‘നായിന്‍റെ മോന്‍’ വിളികളൊന്നും അധികമാവില്ല.....എന്നിരുന്നാലും ഇവിടെ ഏതെങ്കിലും ഒരാള്‍ നടത്തുന്ന മോശം പ്രവര്‍ത്തിക്ക്, ഒരു സമൂഹം മുഴുവാനാണ് തെറിവിളി  കേള്‍ക്കുന്നത്.. ഇരുപത്തിരണ്ടാം വയസ്സില്‍ അധ്യാപകനായി ചേരുമ്പോള്‍ നാല്പത്തിനാലാം വയസ്സില്‍ ഏതെങ്കിലും കുട്ടിയെ പീഡിപ്പിക്കുമോയെന്നു പറയാന്‍ കഴിയില്ല... അധ്യാപനം എന്നതിന്‍റെ യോഗ്യത നോക്കാതെ, ഒരുവന്‍ കൊടുക്കുന്ന നോട്ടുകെട്ടിന്‍റെ വലിപ്പംമാത്രം നോക്കി നിയമനം നടത്തുമ്പോള്‍ ഗുരുശിഷ്യബന്ധത്തിന് ഒരു മഞ്ഞനിറം കൈവന്നാല്‍ ആരാണതിനു ഉത്തരവാദി...

അല്ല മാഷേ, ഈ കാലത്തിനിടയില്‍ നിങ്ങള്‍ക്ക് ആരെയെങ്കിലും പീഡിപ്പിക്കാന്‍ തോന്നിയിട്ടുണ്ടോ.?.

ഉണ്ടോന്നോ...? അതെന്നാ ചോദ്യമാ സാറേ...നിരവധിപ്പേരെ ...

ഒന്നിച്ചു ജോലിചെയ്ത ടീച്ചറോട് പ്രണയാഭ്യര്‍ത്ഥന നടത്തി പരാജയപ്പെട്ടപ്പോള്‍ ,, അവരെയൊന്നു പീഡിപ്പിച്ചാല്‍ കൊള്ളാമെന്നു തോന്നി... എന്നെക്കുറിച്ച് എ.ഇ.ഒ-യുടെ അടുത്തു മോശം പറഞ്ഞുകൊടുത്ത പഴയ എച്ച്.എം -നെ  പലവട്ടം പീഡിപ്പിക്കണമെന്നു തോന്നിയതാണ്... ഭാര്യയുടെ പ്രസവദിവസം ലീവ് ചോദിച്ചിട്ടു തരാത്ത  ഹെഡ് മാഷിനെ ശൂലം കേറ്റി പീടിപ്പിക്കണമെന്നു തോന്നിയതാ.. അങ്ങനെയങ്ങനെ നിരവധിപ്പേരെ പീഡിപ്പിക്കണമെന്നു പലപ്പോഴായി തോന്നിയതാണ്..പക്ഷെ പിന്നിട് ആലോചിക്കുമ്പോള്‍ വേണ്ടാന്ന് തീരുമാനിക്കും.. തോന്നലുകള്‍ സ്വാഭാവികമാണ്...പക്ഷിക്ക് നമ്മുടെ  തലയ്ക്കുമീതെ പറക്കാന്‍ പാടില്ലയെന്നു പറഞ്ഞാല്‍ നടക്കുമോ..  അവ തലയില്‍ കൂടുകൂട്ടാതെ നോക്കാനല്ലേ  നമുക്ക് കഴിയൂ...

 കേരളത്തിലിപ്പോള്‍ എവിടെ നോക്കിയാലും പീഡനമാണ് .. കേരളം കണികണ്ടുണരുന്ന തിന്മയാണിപ്പോള്‍ പീഡനം... അതില്‍  ജാതി,മത,  തൊഴില്‍ വിത്യാസമൊന്നുമില്ല... ഒത്താല്‍ ഒരുപീഡനം അതാണ് അവസ്ഥ.. ഇതു നിറുത്താന്‍ ആര്‍ക്കാണ് താല്പര്യം.???.. സംഭവിക്കുന്നതില്‍ പകുതി മാത്രമേ പുറത്തറിയുന്നുള്ളൂ. അറിഞ്ഞതില്‍ പകുതിമാത്രമേ കേസാകുന്നുള്ളൂ... അതില്‍ പകുതിയും രാഷ്ട്രിയവും പണവും ഉപയോഗിച്ച് രക്ഷപ്പെടുന്നു.. കേസില്‍ അകപ്പെടുന്ന പകുതിയും ആവശ്യമായ തെളിവുകളുടെ അഭാവത്താല്‍ രക്ഷപെടുന്നു... ശിക്ഷകിട്ടിയാല്‍ത്തന്നെ പ്രതിയുടെ പ്രായം, സാഹചര്യം തുടങ്ങിയ പരിഗണനകള് പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷകളെ പലപ്പോഴും ലഘുവാക്കുന്നു.. ഇനി അഥവാ തൂക്കോ,ജീവപര്യന്തമോ കിട്ടിയാല്‍ത്തന്നെ പ്രതിക്ക് ജയിലില്‍ എല്‍.എല്‍.ബി യ്ക്ക് പഠിക്കണം, ഡോക്ടറാകണം, ദിവസവും ബിരിയാണി വേണം, സിനിമാ കാണണം, ജിമ്മിനു പോകണം തുടങ്ങിയ നൂറുനൂറുപരിഗണനകള്‍ ..ചുരക്കത്തില്‍പ്പറഞ്ഞാല്‍, ഇര അനുഭവിക്കുന്ന വേദനയുടെ നൂറിലൊരംശം വേദന ഏതെങ്കിലും പ്രതികള്‍ക്ക് കിട്ടാറുണ്ടോ..?? ഒരേകുറ്റം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള ഏറ്റവുംപ്രധാനപ്പെട്ട ഒരുകാരണം, ഇതേകുറ്റം ചെയ്ത... മുന്‍കുറ്റവാളിക്ക് കിട്ടിയ ശിക്ഷയുടെ കാഠിന്യത്തെക്കുറിച്ചുള്ള ബോധ്യവും അതില്‍നിന്നും ഉണ്ടാകുന്ന ഭയവുമായിരിക്കണം...പക്ഷെ നമ്മുടെ നാട്ടില്‍ കുറ്റവാളിക്ക് പൊതുജനങ്ങളെപ്പോലും ഇക്കാര്യത്തില്‍ ഭയക്കേണ്ടകാര്യമില്ല.. ഒരു വി.ഐ.പി ക്ക് കൊടുക്കുന്ന സുരക്ഷയാണ്  നിയമം അവനു കൊടുക്കുന്നത്. ഗുരുതരമായ ഇത്തരം കുറ്റകൃത്യങ്ങളെ  ആറിത്തണുത്ത പഴന്ച്ചോര്‍ പരുവത്തിലാക്കി നടത്തുന്ന വിചാരണ ആര്‍ക്കാണ്  അനുകൂലമാകുന്നത്..??. ഇത്തരം കുറ്റങ്ങള്‍ക്ക്  ലഭിക്കാവുന്ന, ശിക്ഷയെഭയന്ന്‍ കുറ്റകൃത്യത്തില്‍  നിന്നും പിന്മാറാനുള്ള അവസ്ഥയിലാണോ നമ്മുടെ നാട്.?/.. ഇവിടെയൊരു ഗോവിന്ദചാമി ഇപ്പോഴും നമ്മളെനോക്കി ചിരിക്കുന്നു... ഇതെന്‍റെയൊരു ഹോബിയാണെന്നു വെളിപ്പെടുത്തിയ പ്രതിയെ ബിരിയാണി തീറ്റിക്കാനായിരുന്നു നമുക്ക് തിടുക്കം.....കൊടും പീഡനത്തില്‍ മരണമടഞ്ഞ ഇരയ്ക്ക് എപ്പോഴാണ് നീതികിട്ടുക...ഇങ്ങനെയുള്ള ഈ കാലത്ത്  തുടര്‍പീഡനങ്ങള്‍ ഇനിയും പ്രതിക്ഷിക്കാം...

 ഈ സാഹചര്യത്തിലാണ്  ഇരുപത്തിയൊന്നുകാരി പോളിഷ് ഗ്രാഫിക് ഡിസൈനര്‍ ആനി ലിസ്വെസിനെപ്പോലുള്ളവരുടെ സേവനം കേരളത്തില്‍ ആവശ്യമല്ലേ എന്ന ചോദ്യംവരുന്നത്.. ഒരു ലക്ഷംപേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് ഇവരുടെ ആഗ്രഹം... 21 മുതല്‍ 60 വയസ്സുവരെ കണക്കാക്കിയാല്‍  39 വര്‍ഷങ്ങള്‍. 39*365=14235ദിവസങ്ങള്‍    100000/14235=7 ... ദിവസത്തില്‍ ഏഴു എന്ന ഉത്തരംകിട്ടുന്നു.. ദിവസവും ഏഴുപേര്‍ക്ക് അവസരം കിട്ടും... ഒരാള്‍ക്ക് ഇരുപത് മിനിട്ടും; എട്ടു മണിക്കൂറില്‍ മുപ്പത്തിയഞ്ചുപേരെവരെ പരിഗണിക്കാനും താന്‍ തയ്യാറാണന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍ .. ദിവസവും ഏഴു കേസുകള്‍ റിപ്പോട്ട് ചെയ്യപ്പെടാത്ത കേരളത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതിയ്ക്ക് ഈ ഒരാള്‍ത്തന്നെ ധാരാളം... അമേരിക്ക ബ്രസില്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ യുവതിയുമായി കരാറിലെത്താന്‍ ശ്രമിക്കുന്നുണ്ട് പോലും... അതിനുമുന്പ് സര്‍ക്കാര്‍ വേഗത്തിലൊരു  മന്ത്രിസഭായോഗം ചേര്‍ന്ന്‍  അനുകൂലമായ തീരുമാനത്തില്‍ എത്തണം... ഇത്തരം സര്‍വ്വിസിനു സ്വയം റെഡിയായി മുന്നോട്ടുവരുന്നവരെ, അത് ഇറക്കുമതിയായാലും നാടനായാലും സര്‍ക്കാര്‍ ചിലവില്‍ത്തന്നെ  താമസിപ്പിച്ച്, ആവശ്യമായവര്‍ക്ക് ടോക്കണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തി, വേണമെങ്കില്‍ സര്‍വിസ് ടാക്സും പിരിച്ച് വികാരശമനം ആരോഗ്യവകുപ്പിന്‍റെ കീഴിലാക്കിയാല്‍ ഒരുപക്ഷെ കേരളത്തിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സമാധാനമായി നടക്കാമായിരിക്കും.. നമ്മുടെ നേതാക്കളില്‍ ഈ വിഷയത്തില്‍ പരിചയസമ്പന്നരായവരുടെ സേവനങ്ങളും ഉപയോഗപ്പെടുത്തിയാല്‍ ഒരുപക്ഷെ പീഡനകേരളം എന്ന നാറ്റപ്പേരില്‍നിന്നും രക്ഷപെടാന്‍ കഴിഞ്ഞേക്കും...

 അല്ലാതെ പീഡനക്കേസിലെ പ്രതികള്‍ക്ക് സദാചാരം ഓതിക്കൊടുത്തും, ബിരിയാണി വെച്ചുകൊടുത്തും മനമാറ്റംവരുത്താമെന്നു പറയുന്ന  ഊമ്പിയന്യായങ്ങള്‍ വരട്ടുചൊറിക്ക് വളംമിടുന്നതുപോലെയാണ്.. ഒന്നുകില്‍ ഇത്തരം കുറ്റവാളികളെ പരസ്യമായി, മാതൃകാപരമായി, ഇരയുടെ വേദന മനസ്സിലാക്കിക്കൊടുത്തുതന്നെ,, ശിക്ഷകാണുന്ന ഒരാളും ഇനിയിത് ആവര്‍ത്തിക്കാന്‍ ഭയപ്പെടുന്ന രീതിയില്‍, ശിക്ഷ നടപ്പാക്കുക.... അല്ലെങ്കില്‍ ദാഹശമിനി കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ത്തന്നെ പണിതുകൊടുക്കുക... ഇതിനൊന്നും കഴിയില്ലായെങ്കില്‍ ഇത്തരം പ്രതികളുടെ  ശിക്ഷാവിധി ജനത്തെ ഏല്‍പ്പിക്കുക; അവര്‍തീരുമാനികട്ടെ; ഇവര്‍ക്കുള്ള ശിക്ഷ....

Friday, October 4, 2013

വള്ളം തുഴയാന്‍ ചിയര്‍ഗേള്‍സ്‌;വെള്ളമിറക്കി നാട്ടുകാര്‍....


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
പരിപ്പുവടയും കട്ടന്‍ചായയും മാത്രം വിളമ്പിയിരുന്ന തട്ടുകടയില്‍, ഊണ് തയ്യാര്‍ എന്നൊരു ബോര്‍ഡ് തൂക്കിയാല്‍; അതുപാടില്ലായെന്നു ചിന്തിക്കുന്നത് തനിക്കുചുറ്റും താനല്ലാതെ മറ്റൊന്നും വളരാന്‍ പാടില്ല എന്ന മുതലാളിത്വ ചിന്തയുടെ പൊട്ടിയൊലിക്കല്‍ മാത്രമാണെന്ന് പണ്ടാരോ പറഞ്ഞിട്ടില്ല.. പക്ഷെ, മാറാത്തത് ഒന്നേയുള്ളു അതാണ് മാറ്റം. ബാക്കിയെല്ലാം മാറുമെന്ന് പണ്ടാരോ പറഞ്ഞിട്ടുമുണ്ട്.. ആ ലൈനില്‍ക്കൂടി   അല്പം പുരോഗമനമാകാമെന്നു പറഞ്ഞാലും സമ്മതിക്കില്ല... നമുക്കിപ്പോഴും പഴയ പരിപ്പുവട കട്ടന്‍ചായ ലൈനില്‍ത്തന്നെ പോകണമെന്നാണ് ചിലരുടെ വാദം.. ദോഷദൃക്കുകള്‍ക്ക് പറയാന്‍ ഒരു കാരണം കൂടിയായി.. കമ്പ്യൂട്ടറിനെ എതിര്‍ത്തു, ട്രാക്റ്ററിനെ എതിര്‍ത്തു തുടങ്ങി വികസനവിരോധികളെന്ന പേരുദോഷങ്ങള്‍ മാറി വരുന്നതേയുള്ളൂ.. എന്നാലിനി അക്കാര്യത്തില്‍ ഒരു മുഴം  നീട്ടി എറിഞ്ഞേക്കാമെന്ന് ചില ശുദ്ധദേഹങ്ങള്‍ കരുതിയപ്പോഴാണ് പുതിയ ചിയര്‍ഗേള്‍സ് വിവാദം ഉയര്‍ന്നു വന്നിരിക്കുന്നത് ...

  ആയിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ക്കയറി ചിയര്‍ഗേള്‍സിന്‍റെ പ്രകടനം നേരിട്ടുകാണാന്‍ പാങ്ങില്ലാത്ത കേരളത്തിലെ അര്‍ദ്ധപട്ടിണിക്കാരായ സാധാരണജനത്തിന്‍റെ ആഗ്രഹം സഫലമായിക്കോട്ടേയെന്ന ഒറ്റവിചാരത്തിന്‍റെ പുറത്താണ് വള്ളംകളിമത്സരത്തില്‍  ചിയര്‍ഗേള്‍സിനെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്... വള്ളംകളിയുണ്ട്, പുലികളിയുണ്ട്, വടംവലിയുണ്ട് എന്നൊക്കെപ്പറഞ്ഞാല്‍ ആളുകൂടണ കാലമൊക്കെകഴിഞ്ഞു...കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന കുറച്ചുപേര്‍ വന്നാലായി.... ന്യൂ-ജനറേഷന്‍ വല്ല ആന്‍ഗ്രിബേര്‍ഡ്സും കളിച്ചു വീട്ടിലിരിക്കത്തേയുള്ളൂ...എല്ലാത്തിനെയും വീട്ടില്‍നിന്നും ഇറക്കണമെങ്കില്‍ പുതുമയുള്ള നമ്പറുതന്നെ ഇറക്കണം... അങ്ങനെയാണ് ഒരു സ്പോണ്‍സറിനെയുമൊപ്പിച്ചു കുറച്ചു ചിയര്‍ ഗേള്‍സിനെ ഇറക്കാമെന്ന് വെച്ചത്... കവലയിലും മതിലിലുമൊക്കെ ചിയര്‍ ഗേള്‍സിന്‍റെ പടമൊട്ടിച്ചു; കൂട്ടത്തില്‍ പരിപാടിയുടെ വാര്‍ത്തയും കൊടുത്തു.. സംഗതി ക്ലിക്ക്. തൂറ്റുപിടിച്ചു വീട്ടില്‍ക്കിടന്നവനും പാമ്പറുകെട്ടി സ്ഥലത്തു ഹാജര്‍... അടുത്ത ഇലക്ഷന് ജാഥനടത്താനും, മുദ്രാവാക്യം വിളിക്കാനും അണികളില്ലാതെ നട്ടംത്തിരിയുന്ന എല്ലാ പാര്‍ട്ടികളും, സ്ഥാനാര്‍ഥികളും പ്രചാരണത്തിന് ചിയര്‍ഗേള്‍സിനെ ഇറക്കിയാല്‍ ആളുകൂടുമെന്നു ഉറപ്പായി... നാട്ടില്‍ പണിയൊന്നുമില്ലാതെ ചൊറികുത്തി വീട്ടിലിരിക്കുന്ന മങ്കമാര്‍ക്ക് ഒരു ഇടക്കാലവരുമാനമെന്ന രീതിയില്‍, ‘തൊഴില്‍ ഉഴപ്പ്’ കഴിഞ്ഞാല്‍ അടുത്ത പണിയായി ചിയര്‍ഗേള്‍സ്‌ പരിപാടിയും സമീപഭാവിയില്‍ വരുമെന്ന എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്... പ്രത്യേകിച്ചു മുതല്‍ മുടക്കൊന്നുമില്ല.... ഏതെങ്കിലും ടപ്പാന്‍ കൂത്തിനനുസരിച്ചു കൈയ്യുംകാലും ഇളക്കുക... നമ്മുടെ പഴയ കുടം തുള്ളലിന്‍റെ വേറൊരു പതിപ്പ്... പുരുഷന്മാര്‍ക്ക് ഈ ഫീല്‍ഡില്‍ നിലവില്‍ സ്കോപ്പില്ല...വരുംകാലങ്ങളില്‍ പറയാന്‍ കഴിയില്ല..

 കേരളത്തില്‍ ചിയര്‍ഗേള്‍സിനെകൊണ്ട് റോഡ്‌ ഷോ നടത്തി ചരിത്രത്തിലിടം പിടിച്ചതു പറവൂരുകാരാണ്.... ചിയര്‍ ഗേള്‍സിനെ കാണാനുള്ള  അസുലഭാഗ്യം സിദ്ധിച്ച നാട്ടുകാര്‍ സന്തോഷാധിക്യത്താല്‍ ആനന്ദനൃത്തും ചവുട്ടിയെന്നും പരിസരപ്രദേശങ്ങളില്‍ ദേവലോകത്തുനിന്നും കനത്തതോതില്‍ പുഷ്പവൃഷ്ടിയുണ്ടായിയെന്നുമാണ് വിവരം.. പക്ഷെ, കളികണ്ട കുഞ്ഞുപിള്ളേര്‍ പറഞ്ഞത് മറ്റൊന്നാണ്; ഐ പി എല്‍ ക്രിക്കറ്റിലെവെച്ചു നോക്കുമ്പോള്‍ ഈ ചിയര്‍ഗേള്‍സ്‌ അത്ര പോരയെന്നാണ് അവരുടെ മതം... വളരെ ഓപ്പണായിട്ട് കൈയ്യുംകാലുംവീശി, പല സ്ഥലത്തെയും രോമങ്ങളുടെ എണ്ണംവരെ എടുക്കാവുന്ന രീതിയില്‍ കാണികള്‍ക്ക് ചാര്‍ജുകേറ്റുന്ന ആ ചിയര്‍ഗേള്‍സിനെവെച്ചു നോക്കുമ്പോള്‍,  പഴയ കൊട്ടാരംനര്‍ത്തകിമാരുടെ വേഷത്തില്‍ വന്ന ഈ ചിയര്‍ഗേള്‍സും തമ്മില്‍ ആട്ടുംകാട്ടവും കൂര്‍ക്കക്കിഴങ്ങും പോലുള്ള വിത്യാസമുണ്ടെന്നാണ് ക്രിക്കറ്റുകളി കാണുന്ന ശൈശവങ്ങളുടെ വിലയിരുത്തല്‍ .. ഇതിലും നല്ല ചിയര്‍ഗേള്‍സ്‌ ഇവിടുത്തെ കവലകളില്‍ വെച്ചിരിക്കുന്ന സോപ്പിന്‍റെ പരസ്യബോര്‍ഡില്‍പ്പോലും കാണാമെന്നു പറഞ്ഞാണ് ചിലര്‍ രോഷംതീര്‍ത്തത് ..

 നമ്മുടെനാട്ടില്‍ ഐ പി എല്‍ ക്രിക്കറ്റുകളി കാണുന്ന കൊച്ചുപിച്ചടക്കം  എല്ലാമാന്യദേഹങ്ങളും ചിയര്‍ഗേള്‍സിന്‍റെ ആട്ടം, നല്ല വെടിപ്പായി കാണുന്നുണ്ട്... അതുകണ്ടകാരണം  അയ്യേ വിളിച്ച് ആരും ടീവി ഓഫ് ചെയ്തതായി ഇന്നേവരെ കേട്ടിട്ടില്ല... മാത്രമല്ല പലരും കളികാണുന്നത് തന്നെ അല്പവസ്ത്രധാരികളുടെ ആട്ടം കാണാനാണ്... തൊലിപ്പുറത്തെ സൌന്ദര്യം കൂട്ടുന്ന ലോഷന്‍, ക്രീം, സോപ്പ് പരസ്യങ്ങളില്‍ നമ്മുടെ താരസുന്ദരിമാര്‍ വെളിപ്പെടുത്തുന്ന  മൃദുലമേനിയുടെ വടിവുകള്‍ സകുടുംബമിരുന്നു ആഘോഷിക്കുമ്പോള്‍, പറവൂരിലെ വള്ളംകളിക്ക് കൊഴുപ്പുകൂട്ടാന്‍ കൊണ്ടുവന്ന ചിയര്‍ഗേള്‍സ്‌ വെറും പുവര്‍ഗേള്‍സ്‌ ആണെന്നതില്‍ തര്‍ക്കമില്ല... സഭ്യേതരമായ ഒരു ആട്ടവും അവിടെ കണ്ടില്ല .. ആളെകൂട്ടാന്‍ ചിയര്‍ഗേള്‍സ്‌ എന്നൊരു ബോര്‍ഡ് തൂക്കിയെന്നുമാത്രം... ഈ ചിയറിനെ കണ്ടപ്പോള്‍ വള്ളംകളി കാണാനെത്തിയ  ചില പിടിയാനകള്‍ ഇടഞ്ഞുവെന്നാണ് ഇപ്പോള്‍ക്കിട്ടുന്ന വിവരം.. ഇടച്ചില് കാരണം ചിലര്‍ക്ക് ബോധക്ഷയം സംഭവിച്ചുവെന്നും, ചിലര്‍ വേദിയില്‍ പരാക്രമം കാണിച്ചുവെന്നും പറയുന്നു.. നല്ല വെടിപ്പായ മേല്‍ത്തരം ആട്ടത്തിലൊന്നും കാണാത്തരോഷം ഈ പുവര്‍ഗേള്‍സ്‌ ആട്ടത്തില്‍ ചിലര്‍ നടത്തുന്നത് കണ്ടപ്പോള്‍ പറഞ്ഞുവെന്നുമാത്രം . ഈ ചിയര്‍ഗേള്‍സ്‌ ഒരു തുടക്കം മാത്രമാണ്.. ഇന്ന് വള്ളംകളിമത്സരത്തില്‍ , നാളെ കല്യാണം, അടിയന്തരം തുടങ്ങി എല്ലാ പരിപാടികള്‍ക്കും പനിനീരുതളിക്കാന്‍ ചിയര്‍ഗേള്‍സ്‌ ഉണ്ടാകുമെന്ന് ഉറപ്പാണ്.... കാശിനുവേണ്ടി ഇതൊരു തൊഴിലായി വളരുമ്പോള്‍, നാളെ ഇവര്‍ക്ക് യൂണിയനും കൊടികളുമൊക്കെ ഉണ്ടാകും; അന്നു അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്നില്‍നിന്നു മുദ്രാവാക്യം വിളിക്കാന്‍ സാദ്ധ്യതയുള്ളവര്‍ ഇന്ന് പിന്നില്‍നിന്നു വെറുതെ പ്രതിക്ഷേധിച്ച് മരിക്കുന്നത് കാണുമ്പൊള്‍ കൌതുകം തോന്നുന്നു.... മുന്‍കാല വിശ്വസുന്ദരി സുതാര്യമായരീതിയില്‍ കൊച്ചിയില്‍ വന്ന്‍ ബാര്‍ബര്‍ഷോപ്പ് ഉല്ഘാടിച്ചപ്പോള്‍ ഒപ്പംനിന്നു ഫോട്ടം പിടിക്കാനായിരുന്നു തിരക്ക്; അവരെ തുണിയുടുപ്പിക്കാന്‍ ആരും പോയിക്കണ്ടില്ല... ഇവിടെയിപ്പോള്‍ തട്ടിന്‍പുറത്ത് ചെറിയൊരു സിനിമാറ്റിക് ഡാന്‍സ് ചിയര്‍ഗേള്‍സ്‌ എന്നപേരില്‍ നടത്തിയപ്പോള്‍ പ്രതിഷേധം............ ....

 പണ്ടാരോ പറഞ്ഞപോലെ വലിയവന്‍റെ അഴിഞ്ഞാട്ടങ്ങള്‍ കലാരൂപങ്ങള്‍, ചെറിയവന്റേതു അശ്ലീലവും... ആളുകൂടിയാല്‍ മതി, പാമ്പ്‌ ചാകണമെന്നില്ല; എന്ന ഉദേശ്യത്തില്‍ നടത്തുന്ന പരിപാടികളില്‍ ഇതൊക്കെ സ്വാഭാവികം മാത്രം... ചിയര്‍ഗേള്‍സ്‌ അടക്കം മലയാളിക്ക് അത്ര പരിചയമില്ലാത്ത പലതും നൂതനജീവിതരീതികളെന്ന വ്യാജേനെ, പലവിധ മാധ്യമങ്ങളിലൂടെ നമ്മുടെ കുടുബാന്തരിക്ഷത്തിലെക്ക് നുഴഞ്ഞുകയറിയിട്ട് കാലമേറെയായി..ഇനിയത് കുടുബത്തിനു പുറത്തു നടുറോഡിലേക്ക് ഇറങ്ങും... എല്ലാവരും നാരങ്ങാമിട്ടായി നുണയുന്ന രീതിയില്‍ പരിപാടികണ്ട് ഉമിനീര്‍ ഇറക്കുകയും ചെയ്യും... .. അതിനെതിരെ കൂവിവിളിച്ചിട്ട് കാര്യമില്ല.... മക്കളെ നല്ല രീതിയില്‍ വളര്‍ത്താന്‍ നോക്കാതെ തന്തയും തള്ളയും നാടുനന്നാക്കാന്‍ ഇറങ്ങിയാല്‍ മക്കളും നന്നാവില്ല; നാടും നന്നാവില്ല..

Wednesday, October 2, 2013

സലിംരായപ്പന്‍ ഖജനാവ് മുടിച്ചോ..?പിന്നെന്തിന്..കേസ്?


  
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ആ,,,, ആ,,,, ന്ഗും,,,, പ്,,,, പ്പ്,, ങ്ങാ,,,, ങാഹാ..പിടികിട്ടിയില്ലേ..കിട്ടി സാര്‍.... അതെയതേ,, വളരെശരിയാണ് സാര്‍.... ഐ  എഗ്രീഡ്‌ ഇറ്റ്‌.... ......ഛെ അത് ചുമ്മാ തോന്ന്യാസങ്ങള്...... പണിയൊന്നുമില്ലാത്ത വെറും ബ്ലഡികണ്ട്രിസ് നടത്തുന്ന പരിപാടികളാണതൊക്കെ  ,, ശ്ശൊ  ഒരുവേള ഞാനും അതിനെ പിന്തുണച്ചുപോയി സാര്‍.... സോറി.. ഐ അം റിയലി സോറി സാര്‍...................

 വിവരാധിഷ്ടിതചര്‍ച്ചയുടെ പുനര്‍ ഏകികൃത മാനദന്ധപ്രകാരം; ഖജനാവിന് നഷ്ടംവരാത്ത ഇടപാടുകളിന്മേല്‍  കേസ് എടുക്കണമെന്നാരോപിച്ച്; ഓപ്പോസിറ്റ് യൂസലെസ് ഫെലോസ് നടത്തുന്ന അണ്‍ പാര്‍ലമെന്‍ററി ആയിട്ടുള്ള സമരങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍നിലപാട് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ ടീ വി-യില്‍  കണ്ടുകൊണ്ടിരിക്കുന്ന ദുര്‍ബലനിമിഷത്തിലാണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്...

ഹലോ ആരാണ്....   ഞാനാണെന്നോ......... ഏതു ഞാന്‍...?

  വിദ്യാധരന്‍ മാഷല്ലേ . ?.    അതേ ആരാണ്?

 മാഷേ ഞാന്‍ ഉല്‍പ്പലാക്ഷനാണ്.................  എന്താ ഉല്‍പ്പാ കാര്യം...?

അതേ നമ്മുടെ ചട്ടുകാലന്‍ ഗോപിയെ പോലിസ് കൊണ്ടുപോയി.. ഇറക്കാന്‍ മാഷോന്നു വരണം ..

അതുവേണോ ഉല്‍പ്പാ ..

വേണം വേണം................മാഷിന്‍റെ പരിചയക്കാരനല്ലേ ആ എസ് ഐ........... ...   എന്താ പ്രശ്നം.. ?

പ്രശ്നമൊന്നുമില്ല. പാരാല്‍കോളേജ് വിട്ടു ചന്തമുക്കിലൂടെ നടന്നുവന്ന ഏതോ കിടാങ്ങളെ ലെവന്‍ തുണിപൊക്കി കാണിച്ചുവെന്നു പറഞ്ഞാ പോലിസ് പൊക്കിയത് ..

അയ്യോ ഞാനില്ല; തുണിപൊക്ക് കേസിനൊക്കെ വാട്ടംപറയാന്‍ പോയി പോലീസിന്‍റെ ഇടികൊള്ളാന്‍ ഞാനില്ല ..മാത്രമില്ല എനിക്ക് വയറിനു നല്ല സുഖമില്ല വെക്കട്ടെ...

ഫോണ്‍ കട്ടാക്കി, വേഗം സ്വിച്ച് ഓഫ്‌ ചെയ്ത് അലമാരയില്‍ വെച്ചു... ഹോ എന്തൊരു തൊന്തെരവാണ് `ഭഗവാനേ .. വല്ലവനുമൊക്കെ തുണിപൊക്കിയതിനും, കത്തുകൊടുത്തതിനുമൊക്കെ നമുക്കായിപ്പം കിടക്കപ്പൊറുതി ഇല്ലാത്തത്...

 അല്ല; പുതിയ ജനസമ്പര്‍ക്ക നിയമമനുസരിച്ച് ശരിക്കുപറഞ്ഞാല്‍ അതിനിപ്പോ ഗോപിയെ പോലിസ് പിടിക്കേണ്ട കാര്യമുണ്ടോ....ഗോപി തുണിപൊക്കിയതില്‍ ഖജനാവിന് എന്തു നഷ്ടമാണുണ്ടായത്.. ഖജനാവിന് നഷ്ടമുണ്ടാകുന്ന കാര്യത്തിനു കേസ് എടുത്താല്‍പ്പോരെ... അതല്ലേ അതിന്‍റെ ശരി... ഇതിപ്പോ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയല്ലേ ചെയ്തിരിക്കുന്നത്...

    തുണിപൊക്കല്‍, തുണിയുരിയല്‍, പീഡനം, ബലാല്‍സംഗം,ക്വട്ടേഷന്‍ തുടങ്ങിയവയൊന്നും ഖജനാവിന് എന്തെങ്കിലും നഷ്ടം വരത്തുന്നുണ്ടോ എന്നറിയില്ല... സരിത സോളാര്‍ സംഭവപ്രകാരം ഖജനാവിന് നഷ്ടം സംഭവിക്കാത്ത ഒരു പ്രശ്നത്തിലും കേസെടുക്കാന്‍ പാടില്ലായെന്നതാണ് നമ്മുടെ നിലപാട്.. സാമ്പത്തികമായി ആകെ കുത്തുപാളയെടുത്തിരിക്കുന്ന ഈ സമയത്ത് എങ്ങനെ ചിലവ് കുറയ്ക്കാം എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്... കേസെഴുതാനുള്ള പേപ്പറും വക്കീല്‍ഫീസും പരമാവധി കുറച്ചാല്‍ത്തന്നെ ബജറ്റില്‍ നല്ലൊരു തുക ലാഭിക്കാം.... അതുകൊണ്ട് ഖജനാവിന് നഷ്ടംവരുന്ന പ്രശ്നത്തിലെ ഇനി കേസ് എടുക്കാവൂ..... ആ സൂര്യനെല്ലിക്കേസില്‍ നല്ലോരു കുര്യന്‍സാറിനെ പ്രതിയാക്കി കേസ് എടുക്കണമെന്നാണ് ചിലരുടെവാദം ....അതില്‍ സര്‍ക്കാരിനും ഖജനാവിനും എവിടെയാണ് നഷ്ടം... സോളാര്‍ സരിത പ്രശ്നത്തില്‍ എന്തിനാണ് മുഖ്യമന്ത്രി രാജിവെയ്ക്കുന്നത്..? സെക്രട്ടറിയേറ്റിനു കീഴെകൂടി പോയപ്പോള്‍ പരവശയായ സരിത ക്ഷീണമകറ്റാന്‍ മുഖ്യമന്ത്രിയുടെ ആപ്പിസില്‍ അല്‍പനേരം ഇരുന്നു എന്നുള്ളത് സത്യം..അതില്‍ എന്തിനാണ് സലിംരാജിനെ അറസ്റ്റ് ചെയ്യുന്നത്..? എന്തിനാണ് ജോപ്പന്‍ ജിക്കുമോന്‍ തുടങ്ങിയ നിരപരാധികളെ വേട്ടയാടുന്നത്...? എന്തിനാണ് സെന്‍സര്‍ബോര്‍ഡ് അംഗം ശാലുവിനെ ജയിലില്‍ അടച്ചത്...? സര്‍വോപരി സരിതയും ബിജുവും എന്തിനാണ് ജയിലില്‍ കിടക്കുന്നത്..? ആവോ...? ഇവരാരും ഖജനാവില്‍ നിന്നും നയാപൈസ അടിച്ചുമാറ്റിയിട്ടില്ല.. പക്ഷെ ഈ പ്രശ്നത്തില്‍ കോടികളാണ് കേസും കോടതിയുമായി ഖജനാവിന് നഷ്ടമാകുന്നത്... ഇതൊന്നും എത്ര പറഞ്ഞിട്ടും ഇവിടാര്‍ക്കും മനസിലാവുന്നില്ലല്ലോ എന്നോര്‍ക്കുമ്പോളാണ് നെഞ്ച് പൊട്ടുന്നത്... ഇങ്ങനെയുള്ള കാര്യത്തില്‍ പരമാവധി കേസുകളുടെ എണ്ണംകുറച്ച്, പേപ്പറും വക്കീല്‍ഫീസും ലഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പ്രതിപക്ഷം സമരവും കരിങ്കൊടിയുമായി ഇറങ്ങിയിരിക്കുന്നത്... ഇത്തരം ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടും രാജി രാജി എന്നാണ് പ്രതിപക്ഷം പറയുന്നത്.. വെക്കണോ രാജി..?? വേണ്ട..  രാജി വയ്ക്കരുത് സര്‍,,,,, രാജി വയ്ക്കരുത്....................

 ദേ, ഇപ്പൊ കോടതി ചോദിച്ചിരിക്കുന്നു .. ഇതെന്തോന്ന് ജനാധിപത്യമാണ്,, ഡി.ജി.പി-യ്ക്ക് ഒരു പോലീസുകാരനെ പേടിയാണോ എന്നൊക്കെ  ..ഉടനെ ചിലര്‍ പറയുന്നു, രാജി വെയ്ക്കണമെന്നു .. എന്തിനാണ് രാജി വയ്ക്കുന്നത് കോടതിയുടെ പരാമാശംകൊണ്ട് ഖജനാവിന് എന്തെങ്കിലും നഷ്ടമുണ്ടായോ..? ഇല്ലേയില്ല.... രാജി വെയ്ക്കരുത് സാര്‍.... രാജി വെയ്ക്കരുത്.. ഖജനാവ് നല്ല അമ്പലക്കാളയുടെ പിടുക്കുപോലെ സുരക്ഷിതമായി തൂങ്ങിക്കിടക്കുന്ന കാലത്തോളും രാജിവെയ്ക്കരുത്... രാഷ്ട്രിയ സംശുദ്ധത പോകും എന്നാണ് മറ്റൊരു വാദം...ജനസമ്പര്‍ക്കപ്രകാരം ബിജുരാധാകൃഷ്ണന്‍റെ കുടുംബപ്രശ്നം അടച്ചിട്ട മുറിയില്‍ ചര്‍ച്ചചെയ്തതാണോ കുറ്റം.... ഏതോ കാലത്ത്, ഏതോ ചാരക്കേസ്സില്‍, ഏതോ കോടതി, എന്തോ പറഞ്ഞതിനാല്‍, ഒരു ലീഡര്‍ രാജിവെച്ചുപോലും....പണ്ട് കൂട്ടത്തിലിരുന്നിരുന്ന ഏതോ വനംമന്ത്രി, ഏതോ  കോടതി, എന്തോ പറഞ്ഞൂന്ന പേരില്‍ രാജി തന്നുപോലും... അതൊക്കെ അവരുടെ വിവരക്കേട്; അല്ലാതെന്തുപറയാന്‍..... അഞ്ചുവര്‍ഷത്തെ ലൈസന്‍സാണ് കയ്യിലുള്ളത്.....അതിപ്പോ കോടതി പറഞ്ഞുന്നുകരുതി ക്യാന്സലാക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമൊ?? കള്ളുകൊടുത്തും, നോട്ടുകൊടുത്തും, കൂട്ടിക്കൊടുത്തും കിട്ടുന്നതിനെയൊക്കെ ചാക്കില്‍ കയറ്റിയത് വെറുതെയാണോ..... തലയെണ്ണം നോക്കിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌... അതില്‍ കുറവുവന്നാല്‍ മാത്രം പേടിച്ചാല്‍ മതി.. അല്ലതെ സംശുദ്ധരാഷ്ട്രിയം പറഞ്ഞു രാജിവെച്ചാല്‍, എപ്പോ അഴിയെണ്ണിയെന്നു ചോദിച്ചാല്‍ മതി.. അതുകൊണ്ട് അറിഞ്ഞുകൊണ്ട് അടുപ്പില്‍ കൈയ്യിടാന്‍ നുമ്മ ഇല്ല മക്കളെ..... അഞ്ചുകൊല്ലം നുമ്മ തന്നെ പരിക്കും.... വേണമെങ്കില്‍ അഞ്ച് എന്നത് എല്ലാവരും കൈപൊക്കിയാല്‍ പത്തുകൊല്ലം എന്നാക്കി മാറ്റാനും വിരോധമില്ല...ഇലക്ഷന്‍ ചിലവും ലാഭിക്കാമല്ലോ......

 കഴിഞ്ഞദിവസം ഏതോ അധ്യാപകനെ പീഡനക്കുറ്റം ചുമത്തി, പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു... എന്തധികാരത്തിലാണ് പോലിസ് അത് ചെയ്തത്... ഇക്കാര്യത്തില്‍ ഖജനാവിന് എന്തെങ്കിലും നഷ്ടമുണ്ടായോ... അത് കുട്ടികളുടെ ആരോപണം മാത്രമല്ലേ..? വെറുതെ വിടണം സാര്‍... അങ്ങയുടെ ഭരണത്തില്‍ ഇങ്ങനെ ഒരു അനീതിയും നടക്കാന്‍ പാടില്ല.. ഖജനാവിന് നഷ്ടമുണ്ടാകാത്ത എല്ലാ ഇടപാടുകളെയും നിയമാനുസൃതമായി പ്രഖ്യാപിക്കണം...

ഇവിടെ ഖജനാവിന് നഷ്ടം വരുത്തുന്ന ഒരു കൂട്ടമേയുള്ളൂ; പൊതുജനം. അലവലാതികള്‍ ...അരിയില്ല, വീടില്ല, വെള്ളമില്ല, വെളിച്ചമില്ല എന്നിങ്ങനെ കൂവിക്കൊണ്ട് രാവിലെ ഇറങ്ങിക്കോളും. എന്തോരം കൊടുത്താലും മതിയാവില്ല ..ഇവരാണ് ശരിക്കും ഖജനാവ് മുടിക്കുന്നവര്‍.............. എല്ലാത്തിനെയും തൂക്കണം സാര്‍.. പട്ടിണിയും ദാരിദ്ര്യവും വെറും ആന്തരികമായതോന്നല്‍ മാത്രമാണെന്ന് എത്ര പറഞ്ഞിട്ടും മനസിലാകാത്ത ഇവറ്റകളെ കേസെടുത്ത് ജയിലില്‍ അടയ്ക്കണം സാര്‍...

അഴിമതി, കൈയ്യിട്ടുവാരല്‍, സ്വജനപക്ഷപാതവും, കള്ളക്കേസ്, കള്ളപ്പണം, പെണ്ണുപിടി ഇതൊന്നും ഖജനാവിനെ ബാധിക്കാത്ത സ്ഥിതിയ്ക്ക് ഇനി ഒടേതമ്പുരാന്‍ പറഞ്ഞാലും രാജി വെയ്ക്കരുത്... പറ്റുമെങ്കില്‍ ആഴ്ചയ്ക്കാഴ്ചയ്ക്ക് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകൂട്ടണം, മണ്ണെണ്ണ ഗ്യാസ് സബ്സിഡികള്‍ എടുത്തുകളയണം .. റേഷന്‍ കടകളെല്ലാം പൂട്ടണം..... എല്ലാം പട്ടിണികിടന്നു ചത്താലേ പഠിക്കൂ... ഖജനാവ് മുടിക്കുന്ന പൊതുജനത്തിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുക്കണം... സലിംരാജ് ,ജോപ്പന്‍, ജിക്കുമോന്‍ തുടങ്ങിയ രാജ്യസ്നേഹികള്‍ക്ക് ഭാരതരത്ന കൊടുത്ത് ആദരിക്കണം... ശാലു സരിത തുടങ്ങിയ മഹിളകള്‍ക്ക് വിശിഷ്ടസേവാമെഡലും ,,ബിജുരാധാകൃഷ്ണനു ദ്രോണാചാര്യയുയും കൊടുക്കാന്‍ ശുപാര്‍ശ ചെയ്യണം...ഇവരൊക്കെ ഖജനാവിന് മുതല്‍ക്കൂട്ടായിത്തിര്‍ന്നവരാണ്.. ഇത്തരം ശുദ്ധാത്മാക്കള്‍ക്കെതിരെ ഒരു നടപടിയും പാടില്ല... ബീഡിവലിച്ചവനും ഹെല്‍മറ്റ് വെയ്ക്കാത്തവനുമാണ് ഖജനാവ് മുടിക്കുന്നത്...ഒക്കേനെയും തൂക്കാന്‍ വിധിക്കണം...മഹാബലിക്ക് ശേഷം ഇത്രനല്ല ഭരണം കേരളത്തില്‍ ആദ്യമാണ്...ഇവിടെ സ്വര്‍ഗ്ഗം പണിയാന്‍ തടസ്സമായി നില്‍ക്കുന്ന ഒരേയൊരു കൂട്ടം,  സാധരണജനം എന്നയിനം കഴുതകളാണ്.. അവയെക്കൂടി കേരളത്തില്‍ നിന്നും ഒഴിവാക്കിയാല്‍ എല്ലാ അര്‍ഥത്തിലും ഇവിടം ദൈവത്തിന്‍റെ സ്വന്തം നാടായി....