**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, May 25, 2014

പണം പാമ്പായിത്തിരിഞ്ഞുകൊത്തിയാലത് ബ്ലേഡ്..


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  ഊണിനെ തുടര്‍ന്നുണ്ടാകുന്ന ചെറിയൊരു മയക്കത്തിനുശേഷം ഉമ്മറത്തു കിടക്കുന്ന ചാരുകസേരയില്‍വന്നിരുന്നു ലോകത്തെ വീക്ഷിക്കുകയെന്നത് ഈ അവധിക്കാലത്ത് തുടങ്ങിയ ഏര്‍പ്പാടാണ് .... വായനശാലയില്‍നിന്നും എടുത്തുകൊണ്ടുവരുന്ന പുസ്തകങ്ങളിലൂടെ ഒരു പ്രദക്ഷണം നടത്താന്‍ ഈ സമയമാണ് അധികവും ഉപയോഗിക്കുക.. സൂര്യനെ മറച്ചുനില്‍ക്കുന്ന തെങ്ങോലകളുടെ നിഴലുകള്‍ ഒരു അവ്യക്ത ചിത്രംപോലെ പറമ്പാകെ വ്യാപിച്ചു കിടക്കുന്നു.. എനിക്കൊരു  വാന്‍ഗോഗായി മാറാന്‍ കഴിഞ്ഞെങ്കില്‍ തെങ്ങോലകളുടെ നിഴല്‍പരപ്പുകള്‍  ഒരു സൂര്യകാന്തിപ്പാടം പോലെ ക്യാന്‍വാസില്‍ പകര്‍ത്തിയ വിലയുള്ള ചിത്രങ്ങളായി മാറിയേനെ.. കല്‍ക്കരി ഖനിയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ സദ്‌വാര്‍ത്ത അറിയിക്കാന്‍ പോയ വാന്‍ഗോഗീലൂടെ ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു... കഷ്ടപ്പാടുകളും നെടുവീര്‍പ്പുകളും നിറഞ്ഞ ആരും തിരിച്ചറിയാത്ത വാന്‍ഗോഗിന്‍റെ യാത്രകളില്‍;  റാന്തല്‍ വിളക്കിന്‍റെ നേരിയ പ്രകാശത്തിലിരുന്നുകൊണ്ട് ഉരുളക്കിഴങ്ങു തിന്നുന്നവരുടെ ദുരിതപൂര്‍ണ്ണമായ ചിത്രവും കടന്ന് സൂര്യകാന്തിപ്പാടത്ത് എത്തിയപ്പോഴാണ് മുറ്റത്തുനിന്നും ആ വിളി കേട്ടത് ..മാഷേ,,,,,,,,,,, അയല്‍ക്കാരന്‍ ഉത്തമന്‍ ഭവ്യതയോടെ മുറ്റത്ത്‌ നില്‍ക്കുന്നു ..
  അല്ല, ഇതാരാ,,, ഉത്തമനോ,,,,, കയറി വരൂ,,,, എന്തുണ്ട് വിശേഷം,,, ഇപ്പൊ ഈ വഴിയൊന്നും കാണാറില്ലല്ലോ,,,, സ്ഥിരമായി പറയുന്ന ഉപചാരവാക്കുകള്‍ കൃത്യതയോടെ പറഞ്ഞുനിറുത്തിയപ്പോള്‍.. ഉത്തമന്‍ തുടങ്ങി.
 മാഷേ ഞാനൊരു അത്യാവശ്യകാര്യത്തിനുവന്നതാ. കുറച്ചു പണംവേണം.  മകളുടെ കുഞ്ഞ് ആശുപത്രിയില്‍ അട്മിറ്റാണ്, അപ്പന്റിസൈറ്റിസിനു ഒരു അടിയന്തര ഓപ്പറേഷന്‍ വേണം, ഒരു 15000 രൂപ എടുക്കാന്‍ ഉണ്ടാകുമോയെന്നറിയാന്‍ വന്നതാ...
 എന്‍റെ കൈയ്യില്‍ അത്രയും പണമില്ലല്ലോ ഉത്തമാ ..ഇന്നും നാളെയും ബാങ്ക് അവധിയുമാണ്  ,,ഇനിയിപ്പോ എന്തുചെയ്യും..
 ഒരുകാര്യം ചെയ്യാം മകളുടെ കല്യാണത്തിന് നമ്മുടെ സദാശിവന്‍ എന്നോടൊരു ഇരുപതിനായിരം രൂപ വാങ്ങിയിട്ടുണ്ട് .. തിരിച്ചു തരേണ്ട തിയതിയും കഴിഞ്ഞതാണ്.. ആളെ പിന്നെ ഈ വഴി കണ്ടിട്ടില്ല.. താന്‍ വാ... ആ പണം വാങ്ങിത്തരാം...
 ഇന്നത്തെ വായന ഇവിടെത്തീര്‍ന്നതിനാല്‍ വാന്‍ഗോഗിനേയും സൂര്യകാന്തിപ്പാടത്തേയും മടക്കി അകത്തുകൊണ്ടുപോയിവെച്ചശേഷം  അടുക്കളഭാഗത്തേയ്ക്ക് നോക്കി ആരോടോന്നില്ലാതെ മൊഴിഞ്ഞു... എടിയേ ഞാന്‍ കവലവരെ ഒന്നു പോവുകയാ.. ഇപ്പൊ വരാം..മറുപടിക്ക് കാത്തുനിന്നില്ല ഞങ്ങള്‍ സദാശിവന്‍റെ വീട്ടിലേക്ക് നടന്നു
 പണം കടംകൊടുക്കുന്ന ഏര്‍പ്പാടിന് ഭാര്യയുടെ വേണ്ടത്ര പിന്തുണ കിട്ടാറില്ലായെന്നുള്ളതാണ് സത്യം.. വാങ്ങുമ്പോള്‍ ചിരിക്കുന്ന ചിരി ചോദിക്കുമ്പോള്‍ കാണാറില്ലാത്തതിനാല്‍ നമുക്കീ പുണ്യകര്‍മ്മം വേണ്ടയെന്നാണ് ഭാര്യയുടെ അഭിപ്രായം.. എങ്കിലും എങ്ങനെയാ കരച്ചിലും പിഴിച്ചിലുമായി വരുന്നവരെ വെറും കയ്യോടെ പറഞ്ഞയക്കുക,,,മനസ്സ് അലിഞ്ഞുപോകും.. അല്ലേലും അച്ഛന്‍ പറഞ്ഞിട്ടുണ്ട് വിദ്യാധര; പോക്കറ്റില്‍ പണമിരിക്കുമ്പോള്‍ ആരെങ്കിലും അത് വായ്പയായി ചോദിച്ചാല്‍ ഇല്ലാന്ന് പറയരുത്.. ഒരു പക്ഷെ അതിലൂടെ ഒരു ജീവന്‍ രക്ഷപെട്ടേക്കാം ..നിന്‍റെ അവശ്യസമയത്തും ആരെങ്കിലും നിന്നെ സഹായിക്കാന്‍ വന്നേക്കാം.. അതുകൊണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉള്ളതു കൊടുക്കും അതാണ് പോളിസി.. കിട്ടിയാല്‍ കിട്ടി... പോയായാല്‍ പോയി അത്രതന്നെ...
 സദാശിവന്‍റെ വീടെത്തിയിരിക്കുന്നു. ഭാഗ്യം ആള്‍ വീട്ടില്‍ത്തന്നെയുണ്ട്..
  എന്താ മാഷേ ഈ വഴിയൊക്കെ സുഖമല്ലേ... സുഖാന്വേഷണങ്ങള്‍ കഴിഞ്ഞിട്ടും വാങ്ങിച്ച പണം തിരികെ തരാനുള്ള ഒരു ഭാവവും സദാശിവന്‍റെ മുഖത്തു കാണുന്നില്ല...
കെട്ടിച്ചുവിട്ട മകള്‍ക്ക് സുഖമാണോ ശിവാ ..പിന്നെ പരമസുഖം അടുത്ത ആഴ്ച്ച പ്രസവത്തിനു കൂട്ടാന്‍ പോകണം..
 അപ്പൊ ശിവാ ഞങ്ങള്‍ വന്ന കാര്യം പറഞ്ഞില്ലല്ലോ.. ഈ ഉത്തമന്‍റെ പേരക്കുട്ടിക്ക് ഒരു ഓപ്പറേഷന്‍ വേണം.. കുറച്ചു പൈസയുടെ കുറവുണ്ട്. താന്‍ മകളുടെ കല്യാണത്തിന് വാങ്ങിയ ആ തുക തിരിച്ചു തന്നാല്‍ ഇവര്‍ക്ക് കൊടുക്കാമായിരുന്നു.. ഞാന്‍ ഭവ്യതയോടെ കാര്യം പറഞ്ഞു.. ശിവന്‍ എളിയില്‍നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ചു.. ഒരു പുകയെടുത്ത്‌ ഊതി. രണ്ടാമത്തെ പുക മുഴുവനായും ഉള്ളിലേക്ക് വിഴുങ്ങിക്കൊണ്ട് കാര്യം പറഞ്ഞു..
 മാഷേ; പണം തരാനുണ്ടെന്നുള്ളത് ശരിയാണ്.. പക്ഷെ ഇപ്പൊ തിരിച്ചുതരാന്‍ എന്‍റെ കൈയ്യില്‍ പണമില്ല.. എപ്പോ ഉണ്ടാകുമെന്ന് പറയാനും കഴിയില്ല..  
  അതെന്താ ശിവ അങ്ങനെ പറയണത്..തിരിച്ചു തരാമെന്ന് പറഞ്ഞ തിയതിയും കഴിഞ്ഞില്ലേ ..
 അപ്പൊ മാഷ് പത്രമൊന്നും വായിക്കാറില്ലേ ..
എന്താ പ്രശ്നം ..
 നാട്ടില്‍ കുബേര നടക്കുന്ന വിവരമൊന്നും മാഷ്‌ അറിഞ്ഞില്ലേ ..പണം കടം വാങ്ങിയത് തിരിച്ചു ചോദിച്ചാല്‍ ഒറ്റഫോണ്‍കോള്‍ മതി അകത്താ....
 അതിനു ഇതു ബ്ലേഡ് പരിപാടിയൊന്നും അല്ലല്ലോ ശിവാ.. മകളുടെ കല്യാണം മുടങ്ങുമെന്ന് താന്‍ കരഞ്ഞുപറഞ്ഞപ്പോള്‍ തന്ന പണമല്ലെ.. ആ പണമാണ് ചോദിച്ചത്...അല്ലാതെ ഞാന്‍ പലിശ വാങ്ങാന്‍ വന്നതല്ല ..
 കാര്യമൊക്കെ ശരിയാ മാഷേ.. അപ്പൊ അതെന്‍റെ ആവശ്യമായിരുന്നു.. പക്ഷെ ഇപ്പൊ എന്തുചെയ്യാം. തിരിച്ചുതരാന്‍ എന്‍റെ കൈയ്യില്‍ പണമില്ല.. ദേ; ഇന്നുരാവിലെയും ഒരു പോലീസുകാരന്‍ കവലയില്‍ വന്നുചോദിച്ചതെയുള്ളൂ ഇവിടെ പണം കടംകൊടുക്കുന്നത് ആരാണെന്ന്.. ഞാന്‍ മാഷിന്‍റെ പേര് പറഞ്ഞതേയില്ല കേട്ടോ ..ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ .. മാഷാണ് എനിക്ക് പണം തന്നതെന്ന് ഞാന്‍ ആരോടും പറയില്ല... മാഷിപ്പം പണം വേണമെന്ന് പറഞ്ഞാല്‍ തരാന്‍ എന്‍റെ കൈയ്യില്‍ പണമില്ല .. അതിനു വേണ്ടി ഇവിടെകിടന്നു ബഹളം വെച്ചാല്‍ നാട്ടുകാര്‍ അറിയും.. കഷ്ടകാലത്തിനു ആരെങ്കിലും   പോലിസിനെ വിളിച്ചാലോ ..മാഷ്‌ അകത്താവും.. അതുവേണോ...പണം ഉണ്ടാകുമ്പോള്‍ ഞാന്‍ വീട്ടില്‍ എത്തിക്കാം അതുപോരെ ..
 മതി,,, അതുമതി,,, ധാരാളം മതി,, വീട്ടില്‍ എത്തിച്ചാല്‍ മതി ..ഞാന്‍ ചുമ്മാ ഇതുവഴിപോയപ്പോള്‍ നിങ്ങളെ കണ്ടപ്പോള്‍ ചുമ്മാ ചോദിച്ചുവെന്നെയുള്ളൂ... അപ്പൊ ശരി പോകട്ടെ ..ഉത്തമാ വാ പോകാം..വേലിയേല്‍ കിടന്ന പമ്പിനെയാണ് കഴുത്തേല്‍ ഇട്ടിരിക്കുന്നതെന്ന് മനസിലായാതിനാല്‍ വേഗം സ്ഥലം കാലിയാക്കി.. ഇപ്പൊഴുള്ള വാധ്യാരുപണിയും കളഞ്ഞ് ജയിലില്‍ക്കിടന്നു ഉണ്ടതിന്നാന്‍ തീരെ താല്പര്യമില്ലാത്തതിനാല്‍ ഉത്തമാ തല്‍ക്കാലം താന്‍ പൊയ്ക്കോ,, വിവരങ്ങളൊക്കെ താന്‍ കണ്ടല്ലോ.. ഇനിയിപ്പോ ബാങ്ക് തുറക്കുന്ന ദിവസത്തേക്ക് ഓപ്പറേഷന്‍ മാറ്റി വയ്ക്കുന്നതാണ് നല്ലത്.. ഒരു ഇരുപതിനായിരം പോയി ഇനി മറ്റൊരു പതിനയ്യായിരം കൂടി കളഞ്ഞാല്‍ എന്‍റെ മക്കള്‍ പട്ടിണിയിലാകും.. ഓടി തടിയെടുത്തുവെന്നുപറഞ്ഞാല്‍ മതിയല്ലോ..

 സര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ കുബേര നാടാകെ ഇളക്കിമറിക്കുകയാണ്.. പലിശക്കാരെ മുഴുവന്‍ പിടിക്കുന്നു, ജയിലില്‍ അടയ്ക്കുന്നു...  നല്ലത്, വളരെനല്ലത്, ബ്ലേഡ് മാഫിയാകളുടെ കൈയ്യില്‍നിന്നും ജനം രക്ഷപെടട്ടെ... പക്ഷെ ഒരു ചോദ്യം.. അത്യാവശ്യത്തിനും അനാവശ്യത്തിനും വളരെവേഗം പണംകിട്ടുന്ന മാര്‍ഗ്ഗങ്ങളെല്ലാം അടച്ചപ്പോള്‍ എന്താണ് ജനത്തിനായി ഒരുക്കിയ ബദല്‍പദ്ധതി.. അത്യാവശ്യക്കാരനായി വേഗത്തില്‍ പണം കിട്ടാനുള്ള മറ്റു വഴിയെന്താണ്.. നൂറുരൂപ കിട്ടാന്‍ അടിയാധാരംവരെ ചോദിക്കുന്ന ബാങ്കുകളാണോ ഇനിയും ശരണം; അതോ ഈ സമയം പരമാവധി മുതലാക്കാന്‍ ഇറങ്ങിയിരിക്കുന്ന ന്യൂജനറേഷന്‍ ബ്ലേഡ്ബാങ്കുകളും, മൊത്തംഊറ്റ്, മണല്‍പ്പുറം, ഗോകലം പോലുള്ള വട്ടിപ്പലിശക്കാരെയുമാണോ ജനം ഇനിയും ആശ്രയിക്കേണ്ടത്.. സംസ്ഥാനത്തെ ചില വട്ടിപ്പലിശബാങ്കുകളുടെയും, ചിട്ടിക്കമ്പനികളുടെയും അറ്റാദായത്തില്‍ കുറവ് വന്നപ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന ഒരു പൊറോട്ടു നാടകമാണ് ഈ കുബേരെയെന്നു പരക്കെ ആക്ഷേപമുണ്ട്... ജനത്തിന്‍റെ ആവശ്യങ്ങള്‍ കുറയുകയും, നൂലാമാലകള്‍ ഇല്ലാതെ നമ്മുടെ ബാങ്കുകള്‍ ലോണ്‍ കൊടുക്കുകയും ചെയ്താലേ ബ്ലേഡ് എന്ന പരിപാടി നിലയ്ക്കൂ.. അതല്ല ജനം പണത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോള്‍; ഒരു ബ്ലേടിനെ പൂട്ടിച്ചാല്‍ പകരം ഒന്‍പത് ബ്ലേഡുകള്‍ ഉദിച്ചുവരും.. ഒരു സഹായമെന്ന രീതിയില്‍ കൈമാറിയ പണംപോലും തിരികെ ചോദിയ്ക്കാന്‍ ഭയക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു... ഫലമോ അത്യാവശ്യ ഘട്ടങ്ങളില്‍ സഹായം ലഭിക്കേണ്ടവന്‍പോലും  വെള്ളമിറങ്ങാതെ ചാവും.. വേലിയേല്‍കിടക്കുന്ന പാമ്പിനെ കഴുത്തേല്‍ ചുറ്റാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ.. എന്‍റെ പണം എന്‍റെ കൈയ്യില്‍ ഇരിക്കും... ഒരുത്തന്‍ കരഞ്ഞോണ്ട് വന്നാലും നഹി നഹി.. ഷാപ്പു പൂട്ടിച്ചു ജനത്തിന്‍റെ കുടി നിറുത്താമെന്ന് കരുതുന്നപോലെ ബ്ലേടുകാരെ പിടിച്ചാല്‍ ജനത്തിന്‍റെ പണത്തിന്‍റെ ആവശ്യം തീരുമോ... മേടിച്ചവനൊന്നും തിരിച്ചുകൊടുക്കേണ്ടയെന്നതാണ് ഇതിലെ ലാഭം.. ജനം മിതവ്യയം സ്വീകരിക്കാത്ത കാലത്തോളും നാട്ടില്‍ ഷൈലോക്കുമാര്‍ ഉണ്ടാകും.. ആര്‍ഭാടത്തിനും, വിനോദത്തിനും, ലോട്ടറിയെടുക്കാനും വല്ലവന്റേയും പണം ഒരു ഉളുപ്പുമില്ലാതെ വാങ്ങി അവസാനം ബ്ലേഡ് ബ്ലേഡ് എന്നു വിലപിച്ചാല്‍ എന്തുഫലം... കരഞ്ഞു കലുപിടിച്ചപ്പോള്‍ ഒരു സഹായമെന്ന രീതിയില്‍ കൊടുത്ത പണവും ബ്ലെയിഡായി തിരിഞ്ഞിരിക്കുന്നു...മാത്രമോ ബ്ലേയിടുകാരൊക്കെ ഉടനടി ഒരു ലൈസന്‍സ് ഉണ്ടാക്കിയാല്‍ കുബേരയില്‍ നിന്നും രക്ഷപെടാം ... ലൈസന്‍സ് ഉള്ള സ്വകാര്യ ബ്ലേഡ് ബാങ്കുകളുടെ നല്ല കാലം ...അതാണ് കുബേരയുടെ ആത്യന്തിക ഫലം... അറവുശാലകള്‍ അധികൃതമാണെങ്കിലും അനധികൃതമാണെങ്കിലും മാടുകളുടെ ജീവന്‍ പോകും... അതാണ്‌ കുബേരന് അറിയാവുന്നതും എന്നാല്‍ സര്‍ക്കാരിനു അറിയാത്തതുമായ ആത്യന്തിക സത്യം............ 

Thursday, May 22, 2014

ഈ കുഞ്ഞിനോട് എന്തിനീ ക്രൂരത......?


  വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
    വെറും പതിനൊന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പൊരിവെയിലത്ത് കെട്ടിത്തൂക്കി പറപ്പിക്കുന്നു .. ഭയപ്പെട്ട കുഞ്ഞാകട്ടെ നിലവിളിച്ചുകൊണ്ടിരിക്കുന്നു.. ഉയര്‍ന്നു പറക്കുന്നതിനിടയില്‍  കുഞ്ഞിന്‍റെ നിലവിളി കേള്‍ക്കുമ്പോള്‍ മാതാപിതാക്കളുടെ മുഖത്ത് മകള്‍ ചന്ദ്രനില്‍ കാലുകുത്തിയ പ്രതീതി.. താഴെ നില്‍ക്കുന്ന ജനം കയ്യടിക്കുന്നു.. എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞിനെ പട്ടംപോലെ പറത്തുന്ന രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ജില്ലാപോലിസ് മേധാവിയും, മാധ്യമസംഘങ്ങളും , സിനിമാ നടനുമൊക്കെ എത്തിയിരിക്കുന്നു.. ആനന്ദലബ്ധിക്കിനി എന്തുവേണം.. അങ്ങനെ പതിനൊന്നാം മാസത്തില്‍ അറുപതടി ഉയരത്തില്‍ പരാഗ്ലൈഡിങ്ങ് നടത്തിയ കുഞ്ഞ് .. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാലെന്താ, കണ്ണുനീര്‍ മുഖത്തുവീണാലെന്താ  റെക്കോര്‍ഡ് ഉറപ്പായിരിക്കുന്നു .. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചിലാണ് ഈ കെട്ടിത്തുക്കി പറത്തല്‍ നടത്തിയിരിക്കുന്നത്... കുഞ്ഞിനെ പാരച്യൂട്ട് പോലുള്ള കുടയുടെ അറ്റത്ത്  ബന്ധിപ്പിച്ചശേഷം ജീപ്പോടിച്ച് കുട ഉയര്‍ത്തുകയായിരുന്നു. എങ്ങാനും പിഴച്ചുപോയാല്‍ ഒരു ജീവന്‍ അവിടെതീരും.. കുഞ്ഞിന്‍റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടിട്ടുപോലും ഒരു വിഷമവും തോന്നാതിരുന്ന അധികൃതര്‍ സംഭവം വിവാദമായതോടെ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നു.. നമ്മുടെ തടി നോക്കേണ്ടത് നമ്മുടെ കാര്യം. അതുകൊണ്ട് കിടക്കട്ടെ ഒരുകേസ്, അത്രേള്ളൂ.. മനുഷ്യാവകാശകമ്മിഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.. കഴിഞ്ഞദിവസം ഇതുപോലൊരു പറക്കല്‍ നടത്തിയ കണ്ണൂര്‍ കലക്ടര്‍ പയ്യാമ്പലം ബീച്ചില്‍ നെഞ്ചടിച്ചുവീണത്‌ വാര്‍ത്തയായിരുന്നു.. അതോടെ അവിടുത്തെ പരിപാടി പൂട്ടിക്കെട്ടി..
   
    ആരാന്‍റെ കുഞ്ഞ് ഇതില്‍ നിനക്കെന്താ ഇത്ര സൂക്കേട് എന്ന കൈകഴുകല്‍ പല്ലവി ഇവിടെ പറയാന്‍ പറ്റുമോ.. സ്വമേധയാ പ്രതികരിക്കാന്‍ കഴിയാത്തവരുടെ കാര്യത്തില്‍ സമൂഹവും നിയമവും ഉണര്‍ന്നു പ്രവര്‍ത്തിക്കെണ്ടതുണ്ട്.. കുഞ്ഞുങ്ങളോട് ക്രൂരത ചെയ്യുന്ന വിവരമില്ലാത്ത മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.. പിഞ്ചുകുഞ്ഞിനെ കെട്ടിത്തൂക്കി പൊരിവെയിലത്ത്‌ അറുപതടി ഉയരത്തില്‍ പറത്താന്‍ സമ്മതിച്ച ആ അമ്മയെ തിരുത്തേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണ്... വിവരമില്ലായ്മയൊ, വിവേകമില്ലായ്മയോ എന്തുതന്നെ ആയാലും പേരും പ്രശസ്തിയുമാണ് ഈ പറപ്പിക്കലിനു പിന്നിലുള്ള ലക്ഷ്യമെന്നു വ്യക്തം.. ക്ഷണിച്ചുവരുത്തിയ മാധ്യമ സംഘങ്ങള്‍ക്ക് മുന്നിലാണ് ഈ ക്രൂരത അരങ്ങേറിയത്.. കുഞ്ഞിനോടു ക്രൂരതകാട്ടിയും ക്യാമറകണ്ണിലൂടെ ആളാവാനുള്ള മാനസികവൈകൃതമാണ് ഇവിടെ നടന്നിരിക്കുന്നത്.. കുട്ടികളെ ഉപയോഗിച്ച് ഇത്തരം കാടത്തങ്ങള്‍ ചെയ്യുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍പ്പാടുള്ളതല്ല.... കുടുംബം പുലര്‍ത്താനും മാതാപിതാക്കളെ സഹായിക്കാനും ജോലിചെയ്യാന്‍ ഇറങ്ങുന്ന കുട്ടികളെ ബാലപീഡനമെന്ന ഉമ്മാക്കികാണിച്ച് പിന്തിരിപ്പിക്കുമ്പോള്‍.. കുഞ്ഞുങ്ങളോടുള്ള ഇമ്മാതിരി ക്രൂരതകള്‍ എല്ലാവരുംകൂടി കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കാണാതിരുന്നുകൂടാ.. ഉയരത്തില്‍നിന്നും കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കുമ്പോഴും മുഖത്തു ചിരിയുമായി താഴെ നില്‍ക്കുന്ന മാതാപിതാക്കളുടെ മാനസികസംതൃപ്തി പഠനവിധേയമാക്കെണ്ടതും മരുന്നുകണ്ടുപിടിക്കെണ്ടാതുമായ അസുഖമാണ്.... കുഞ്ഞിന്‍റെ ദയനീയമായ കരച്ചില്‍ പോലും മാതാപിതാക്കളില്‍ ആനന്ദം പകരുന്ന അവസ്ഥ ഉണ്ടാക്കുമ്പോള്‍ സ്ഥിതി ഭീകരം തന്നെയാണ്.. ഇതിനു സാക്ഷ്യം വഹിച്ച പ്രമുഖര്‍ അവരുടെ അജ്ഞത കൊണ്ടായിരിക്കണം  പരിപാടിയെ നിരുല്സാഹപ്പെടുത്താതിരുന്നത്.....

 വയസ്സുകാലത്ത് മക്കള്‍ തിരിഞ്ഞുനോക്കുന്നില്ലായെന്നു പരാതി പറയുന്നതിനു മുന്നോടിയായി; ഞാന്‍, എന്‍റെ ആയ കാലത്ത് എന്‍റെ മക്കളെ എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നതെന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.. അങ്ങോട്ടു കൊടുത്ത വേദനകള്‍ പലിശയടക്കം തിരിച്ചുകിട്ടുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവും വേണ്ട.. ചെറുപ്രായത്തില്‍ത്തന്നെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് ഗുണത്തെക്കാള്‍ ദോഷമാണ് ഉണ്ടാക്കുക.. തല്ലി പഴുപ്പിക്കാതിരിക്കുക ..മൂത്തു പാകമായി പഴുക്കട്ടെ.. ചെറുപ്രായത്തില്‍ ഇത്തരം സാഹസികപരിപാടികളില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിച്ചാല്‍ അത് കുട്ടികളുടെ മാനസികനിലയെത്തന്നെ പ്രതികൂലമായി ബാധിക്കാന്‍ കാരണമായേക്കാം.. ഇമ്മാതിരി കടുത്ത പ്രയോഗങ്ങള്‍ നടത്തി കല്പനാ ചൌളയേയും ,സുനിത വില്യംസിനേയും സൃഷ്ടിക്കാമെന്ന് ഏതെങ്കിലും മാതാപിതാക്കള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി... സ്വാഭാവികമായ അവസ്ഥയില്‍തന്നെ വളര്‍ന്നുവരാന്‍ അവരെ അനുവദിക്കുക... നമ്മുടെ കണ്കണ്ട മാതൃകകളായ എ.പി.ജെ അബ്ദുള്‍കലാമും , കെ ആര്‍ നാരായണനുമൊക്കെ ഉയരങ്ങളിലേക്ക് പറയുന്നത് ചെറുപ്രായത്തില്‍ ആരും ഇങ്ങനെ പറത്തിയിട്ടല്ല... സാഹചര്യങ്ങളൊട് പടവെട്ടി തനിയെ പറന്നവരാണ് അവര്‍... അവരെ മാതൃകകളാക്കി വളര്‍ന്നുവരാനാണ് കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്... അല്ലാതെ നമ്മള്‍ അവരെ കെട്ടിത്തൂക്കി പറപ്പിക്കുകയല്ല വേണ്ടത്.. അങ്ങനെ പറപ്പിച്ചാല്‍ അവര്‍ ഭയംകൊണ്ട് താഴെ നില്‍ക്കുന്നവരുടെ തലയില്‍ മൂത്രാഭിഷേകം നടത്താനാണ് കൂടുതല്‍ സാദ്ധ്യത.. ചെറിയപ്രായത്തില്‍ കുട്ടികള്‍ക്ക് സ്നേഹവും, സംരക്ഷണവും, അവര്‍ ഇഷ്ടപ്പെടുന്നതരത്തിലുള്ള പ്രവര്‍ത്തികളും ചെയ്യാന്‍ അനുവദിക്കുക.. മാതാപിതാക്കള്‍  പേരിനും, പ്രശസ്തിയ്ക്കും, സന്തോഷത്തിനും വേണ്ടി തങ്ങളുടെ കുരുന്നുകളെ ഏതെങ്കിലും തരത്തില്‍ ഇരകളാക്കുമ്പോള്‍ അറിയാതെ നിങ്ങള്‍ അവര്‍ക്കു ശത്രുക്കളാവുകയാണ് ചെയ്യുന്നത്.... ചെറുപ്രായത്തില്‍ നിങ്ങള്‍ അവരുടെ മനസ്സിലുണ്ടാക്കിയ ഭയവും, വിഹ്വലതകളും അവസനകാലത്ത് വൃദ്ധസദനങ്ങളായും, ആട്ടിയിറക്കലുകളായും നിങ്ങളെ തേടിയെത്തും.... അതുകൊണ്ട് മക്കളെ സ്നേഹിക്കുക, സംരക്ഷിക്കുക,സ്വാഭാവികമായി വളരാന്‍ അനുവദിക്കുക എന്നതില്‍ കവിഞ്ഞ് മക്കളോടുള്ള സ്നേഹം ഒരിക്കലും പ്രദര്‍ശനഭ്രാന്തായി മാറാതിരിക്കുക.. മാറിയാല്‍ നിങ്ങള്‍ക്കുള്ള ചങ്ങല നിങ്ങളുടെ മക്കള്‍ത്തന്നെ പണിതെന്നിരിക്കും..

Sunday, May 18, 2014

എന്തുകൊണ്ട് നമ്മള്‍ തോറ്റു..???


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  കാലില്‍വന്നിരുന്നുചോരകുടിച്ച മുട്ടന്‍കൊതുകിനെ അടിച്ചുകൊന്നശേഷം പുറത്തേയ്ക്ക് തെറുപ്പിച്ച് കളയുന്നതിനിടയിലാണ് പോയ കറണ്ട് വീണ്ടും വന്നത്... നിശ്ചിതയിടവേളകളില്‍  വരുക പോവുകയെന്ന പ്രഖ്യാപിതനയത്തില്‍നിന്നും ഇന്നുവരെ കടുകിട വ്യതിചലിക്കാത്ത ഒരേയൊരു പ്രതിഭാസമാണ് നമ്മുടെ കറണ്ട്സംവിധാനം..സ്ഥിരം ശീലമായ തുകൊണ്ട് ഈ പോക്കുവരവില്‍ ഇതുവരെ വിഷമമൊന്നും തോന്നിയിട്ടുമില്ല അഥവ തോന്നിയാല്‍ത്തന്നെ അതുകൊണ്ടു പ്രത്യേകിച്ചുകാര്യവുമില്ല. ഒരു തിരഞ്ഞെടുപ്പുകഴിഞ്ഞു; അതിന്‍റെ റിസള്‍ട്ടും വന്നു. കേമന്മാരോക്കെ ജയിച്ചിട്ടുണ്ട്.. ജയിപ്പിച്ചു വിട്ടവരെല്ലാം നല്ല ഒന്നാംതരം പളുങ്കുകളാണെന്നു വിചാരിച്ചിരിക്കുമ്പോഴാണ് ആ സത്യം പുറത്തുവന്നത്.. ജയിച്ചവരെല്ലാം ‘പരമയോഗ്യര്‍’ അല്ലപോലും... ജയിച്ചുവന്നവര്‍ക്കും ജയിപ്പിച്ചുവിട്ടവര്‍ക്കും നല്ലതുപോലെ അറിയാവുന്ന ഒരു പരമസത്യമാണിതെങ്കിലും ആരും ഇക്കാര്യം ഇതുവരെ തുറന്നു പറഞ്ഞിരുന്നില്ല.. ആ സത്യം വിളിച്ചുപറഞ്ഞ ശുദ്ധാത്മാവിന് അഭിനനന്ദനങ്ങള്‍.. ശാലുസുരേഷ് ,സരിതാവേണു, പുഷ്ക്കരന്‍ ശശി ,പരനാറിപ്രേമന്‍ , ഉണ്ടവിഴുങ്ങി തോമസ്‌ തുടങ്ങി ആട്ടക്കാരന്‍ വിശുദ്ധന്‍വരെ പരമയോഗ്യര്‍ ആണെന്നു ഈ നാട്ടിലെ കൊച്ചു കുഞ്ഞുപോലും വിശ്വസിക്കില്ല.. പിന്നെ ആകെയോഗ്യരായി നമുക്ക് തോന്നിയത് ക്രിസ്റ്റി ഐ എ സും ,തിരുവനന്തപുരത്തെ സീറ്റ് കച്ചവടക്കാരനുമാണ്.. പക്ഷെ പറഞ്ഞിട്ടെന്തുകാര്യം രണ്ടും എട്ടുനിലയില്‍ പൊട്ടി... ഏറ്റവും രസകരമായി തോന്നിയത് കൊല്ലത്ത് പ്രേമന്‍റെ ജയവും, പാലക്കാട്ട് വീരന്‍റെ തോല്‍വിയുമാണ്.. ചില നാറികള്‍ എന്നല്ല കൊല്ലത്തുള്ള മുഴുവന്‍ ജനവും പരനാറികളാണെന്നു ഇനി പറയേണ്ടിവരും അത്രയ്ക്ക് വലിയ അതിക്രമമല്ലേ അവര്‍ കാണിച്ചത്‌... ബേബിയെ വെറും ബേബിയായി കൊല്ലംകാര്‍ കാണാനുള്ള കാരണമാണ് ഇനി കണ്ടുപിടിക്കേണ്ടത്..സാരമില്ല ഇഷ്ടംപോലെ സമയമുണ്ട് പതുക്കെ കണ്ടുപിടിച്ചാല്‍ മതി... ‘ഗാട്ടും കാണാച്ചരടും’ എന്നുപേരുള്ള മാതൃഭൂമിബുക്സ് ഇറക്കിയ  പുസ്തകം പലതവണ വായിച്ചിട്ടാണ് ആയകാലത്ത് പല ചരടുകളും പിടുത്തംകിട്ടിയത്.. വിവേകമുള്ള പ്രായത്തില്‍ കൈയ്യിലുള്ള വിവരംവെച്ചു എഴുതിയതായതിനാല്‍ പറയുന്നത്തില്‍ കാര്യമുണ്ട് താനും... പുസ്തകം എഴുതുക മാത്രമല്ല നാടുനീളെ അതിനെക്കുറിച്ചു പ്രസംഗവും നടത്തി... അതുകൊണ്ടെന്താ  ഒരു സുപ്രഭാതത്തില്‍ അടുത്ത തൊഴുത്തില്‍ കയറിയിരുന്നാല്‍ കേട്ടതൊന്നും ജനം മറക്കില്ലായെന്നു ഇപ്പൊ മനസ്സിലായി.. ഇക്കുറി പാര്‍ലമെന്റില്‍ പോയിരുന്നു ബ്ലാ ബ്ലാ അടിക്കാനുള്ള മോഹമങ്ങനെ പാലക്കാട്ടുകാര്‍ തല്ലിക്കെടുത്തി..
     

  ഇന്ത്യയിലെ  സകലമാനപത്രങ്ങളും മോഡി അടുത്ത പ്രധാനമന്ത്രിയകുമെന്നറിഞ്ഞിട്ടും ഈ വാര്‍ത്ത‍ അറിയാത്ത ഏകപത്രവും നമ്മുടെ കേരളത്തില്‍ തന്നെയാണ്... നുമ്മടെ ചന്ദ്രിക.. റിസള്‍ട്ട് വന്നു പിറ്റേദിവസവും മലപ്പുറം പച്ചയണിഞ്ഞ വിവരംമാത്രമേ ചന്ദ്രിക അറിഞ്ഞുള്ളൂ... മലപ്പുറം ഇന്ത്യയില്‍ത്തന്നെയെന്നുള്ള കാര്യത്തില്‍ ഇനിയിപ്പോ പതുക്കെ അറിയാം.. ഏതായാലും പേടിക്കേണ്ട മോഡിയുടെ വര്‍ഗ്ഗീയതയെപിടിച്ചുകെട്ടാന്‍  ശക്തനായ നമ്മുടെ അഹമ്മദ്സാഹിബ് ഉടനെ ഡല്‍ഹിക്ക് വണ്ടി കയറുന്നുണ്ട്.. അതുപോലെ പാര്‍ലമെന്റിലെ ബോറടിപ്പിക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ അല്പം നര്‍മ്മം രസിക്കാന്‍ ഇനിമുതല്‍ ഇന്നച്ചന്‍റെ കോമഡിഷോയും, ടീച്ചറുടെ നൃത്തപരിപാടികളും ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം...
  
  ഒരുകാര്യത്തില്‍ മാത്രം ഉറപ്പുണ്ട്.. വേറെ ഗതിയൊന്നും ഇല്ലാത്തതിനാല്‍ കേരളത്തില്‍ നിന്നുള്ള ഇരുപതെണ്ണവും ഒറ്റക്കെട്ടായി മോഡിയെ നേരിടുമെന്ന് കരുതാം.. രാഹൂല്‍ജിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ശക്തമായ പ്രതിപക്ഷത്തെ ഇനികാണാം... ഹിന്ദിയൊക്കെ നന്നായി പഠിച്ചുവെച്ചോ... ആഞ്ഞടിക്കാനുള്ളതാണ്..... അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ഒറ്റയൊരെണ്ണവും പാര്‍ലമെന്റില്‍ വായ്‌ തുറക്കാന്‍ പോണില്ലായെന്നുള്ളത് കട്ടായം.. വായ്‌ തുറന്നാല്‍ ഉത്തരേന്ത്യയില്‍ നിന്നും ജയിച്ചുവന്ന മോഡി ഗുണ്ടകള്‍ വിവരം അറിയിക്കും.... അംഗബലം അനുസരിച്ച് സംസാരിക്കാന്‍ സമയംകിട്ടിയാല്‍ ഇത്തവണയും ജോസ് കെ മാണിയുടെ പ്രസംഗം പാര്‍ലമെന്റില്‍ എല്ലാ ദിവസുവും കേള്‍ക്കാം.. ബധിരനും, മൂകനും, അന്ധനും നേരെചൊവ്വേ എണിറ്റുനില്ക്കാന്‍ പോലും ആവതില്ലാത്ത ആളെ മൃഗീയഭൂരിപക്ഷത്തിനു ജയിപ്പിച്ചുവിട്ട ക്രെഡിറ്റും ഇക്കുറി കേരളം സ്വന്തമാക്കും... അങ്ങനെ ആകെകൂടി കേരളത്തിന്‍റെ ഒരു വന്‍മുന്നേറ്റമാണ് പാര്‍ലമെന്റില്‍ കാണാന്‍ പോവുന്നത്.. കഴിഞ്ഞതവണത്തെ പോലെയല്ല; ഇക്കുറി കേന്ദ്രവിഹിതം മുഴുവന്‍ നമ്മള്‍ മേടിച്ചിരിക്കും ..അക്കാര്യത്തില്‍ നല്ല ഉറപ്പാണ്.. ഒറ്റസീറ്റും കൊടുക്കാതിരുന്നതിന്‍റെ പണി മോഡി തരാതിരുന്നാല്‍ അങ്ങേര് മാന്യനാണെന്നു സമ്മതിക്കേണ്ടിവരും..
    ഒരു കാര്യത്തില്‍ മാത്രമേ വിഷമമുള്ളൂ ഇക്കുറിയെങ്കിലും നമ്മുടെ രാജേട്ടന്‍ പാര്‍ലമെന്റില്‍ എത്തുമെന്ന് കരുതിയതാണ്...  കേരളം മറന്നിട്ടും മന്ത്രിയായപ്പോള്‍ കേരളത്തെ മറക്കാത്ത രാജേട്ടനെ തിരുവനന്തപുരംകാര്‍ മറന്നപ്പോള്‍ വിഷമംതോന്നി.. അന്നു പണിതുടങ്ങിയ റെയില്‍വേ മേല്‍പാലങ്ങള്‍ ഇനിയും പണിതീരാതെ കിടക്കുമെന്നു സാരം.. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് തിരുവനന്തപുരത്ത് ശശികളുടെ എണ്ണം ഒരുപാടു കൂടിയെന്നു വ്യക്തമായിരിക്കുന്നു.. മല്ലപ്പുറത്ത് ഈ.അഹമ്മദും, കോട്ടയത്ത്‌ ജോസ് കെ മാണിയും ജയിച്ച സ്ഥിതിക്ക്; വര്‍ഗ്ഗീയതയെ ചെറുക്കാന്‍ തിരുവനന്തപുരത്ത് ഒ.രാജഗോപാലിനെ തോല്പിച്ചതിലൂടെ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നു അഭിമാനിക്കാം.............
 ഇനി കേരളത്തിലേക്ക് വന്നാല്‍ പിണറായി വിജയനെന്ന നേതാവിന്‍റെ സമ്പൂര്‍ണ്ണ പരാജയവും ഈ തിരഞ്ഞെടുപ്പിലൂടെ കാണാം... ജനവിരുദ്ധവികാരം അതിന്‍റെ പരകോടിയിലെത്തിയിട്ടും അതു വോട്ടക്കാനുള്ള ഒരു നയവും പിണറായി നേതൃത്വം കൊടുക്കുന്ന മുഖ്യപ്രതിപക്ഷ പാര്‍ട്ടിക്ക് കഴിഞ്ഞില്ലാന്നുള്ളതാണ് വാസ്തവം.. കാസര്‍ഗോഡ്‌, പാലക്കാട്‌, ആലത്തൂര്‍, ആറ്റിങ്ങല്‍ തുടങ്ങിയ സിറ്റിംഗ് സീറ്റുകളിലല്ലാതെ ഒറ്റമണ്ഡലത്തിലും അഭിമാനകരമായ മുന്നേറ്റം നടത്താന്‍ സിപിഎം നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല... മുന്‍പറഞ്ഞ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ മികവാണ് ജയമൊരുക്കിയതും.. കയ്യാലപ്പുറത്തെ തേങ്ങയായി ഒരു നാലെണ്ണംകൂടി കിട്ടിയെന്നു മാത്രം... അച്യുതാനന്ദന്‍ ഭരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഭരണംനഷ്ടമാക്കിയ ചെറിയകണക്കിനെ പരനാറി പ്രയോഗങ്ങളിലൂടെ വലുതാക്കാനല്ലാതെ പിണറായിക്ക് ഒന്നും കഴിഞ്ഞിട്ടില്ലായെന്നതാണ് വാസ്തവം... സോളാര്‍കേസും, ഗണ്‍ മോന്‍ വിവാദവുമൊക്കെ സെക്രട്ടരിയേറ്റുപടിക്കല്‍ അപ്പിയിട്ടു തീര്‍ത്തതുമാത്രം മിച്ചം... പരനാറിപ്രയോഗങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥനാറിയാരാണെന്നു പാര്‍ട്ടി ഇനിയും കണ്ടുപിടിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിലും  വഞ്ചി തിരുനക്കരത്തന്നെയായിരിക്കും കിടക്കുക..
  എന്താണ് തോല്‍വിക്കുള്ള കാരണമെന്നുള്ളതാണ് വരുംനാളുകളിലെ പ്രധാനചര്‍ച്ചകള്‍ ..സോമാലിയായിലെ പട്ടിണിമുതല്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകുന്നതുവരെ ഈ വിഷയത്തില്‍ ചര്‍ച്ചയാകും... അമേരിക്കയും സി ഐ എ യും, എന്തിനധികം  പെറുവിലെ കലാപംവരെ തോല്‍വിക്കുള്ള സാദ്ധ്യതയായി ഉയര്‍ന്നുവരും... പക്ഷെ തോല്‍വിക്കുള്ള യഥാര്‍ത്ഥകാരണം മാത്രം കണ്ടെത്താന്‍ സാദ്ധ്യതയില്ല.. അതുകൊണ്ട് വെറുതെ ചര്‍ച്ചചെയ്തു സമയം കളയേണ്ട ,,കാരണം സിമ്പിളായി പറഞ്ഞുതരാം..നിങ്ങള്‍ തോല്‍ക്കാന്‍ കാരണം ജയിച്ചവന് നിങ്ങളേക്കാള്‍ കൂടുതല്‍ വോട്ടുകിട്ടിയതുകൊണ്ടാണ്.. അല്ലാതെ വേറെയൊന്നുമല്ല.. അതുകൊണ്ട് അടുത്തതവണ കൂടുതല്‍ വോട്ട് നേടാന്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളോടോത്തു പ്രവര്‍ത്തിക്കുക.. ഗംഗയില്‍ ആരതിയിട്ടുകൊണ്ട് മോഡി തുടങ്ങിക്കഴിഞ്ഞു.. ഇനി അടുത്ത ആരതി ആരുടെ നെഞ്ചത്താണെന്നു കാത്തിരുന്നു കാണാം...


Sunday, May 11, 2014

പാമ്പുകള്‍ക്കായി പാടാന്‍ ഇവിടാരുമില്ലേ??


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  ISO902,, 916 തുടങ്ങിയ മനോഹരസംഖ്യകളെ മലയാളി; മനസ്സില്‍ താലോലിച്ചുകൊണ്ട് നടക്കുന്ന കാലത്താണ്    136 അടി,  142അടി തുടങ്ങിയ   അടികളുടെ കണക്ക് ഉയര്‍ന്നുവന്നത്...136 അടി കുഴപ്പമില്ല 142 അടി വന്നാല്‍ പൊട്ടും തുടങ്ങിയ വാദങ്ങള്‍ക്ക്, കോടതിയില്‍നിന്നും തലമണ്ടയ്ക്ക് അടികിട്ടിയതോടെ മുല്ലപ്പെരിയാര്‍ ഡാമിലെവെള്ളം ചാവടിയന്തരത്തിന്‍റെ മുന്‍‌കൂര്‍ ക്ഷണകത്തായി കേരളത്തിനു മുകളിലൂടെ ഒഴുകുന്നു... അതിനിടയിലാണ് 418 എന്നൊരു സംഖ്യ കടന്നുവന്നിരിക്കുന്നത്... കോടതി തന്നെയാണ് ഈ സംഖ്യകളും കണ്ടെത്തിയത്. കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ നിലവാരമില്ലാത്ത ബാറുകളുടെ എണ്ണമാണിത്. ഇത്തരം ബാറുകള്‍ പൂട്ടണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരിക്കുന്നു... ഇതു മൊത്തം കൂട്ടിവായിച്ചാല്‍ ഒരുകാര്യം മനസ്സിലാകും... നിലവാരമില്ലാത്ത ഏതോ ബാറില്‍പോയിരുന്നു മുട്ടയും,പട്ടയും തട്ടിയാണ് കേരളം കോടതിയില്‍ കേസിനുപോയത്... വെളിവില്ലാത്ത വാദിച്ചതുകൊണ്ട് ഈ മുല്ലപ്പെരിയാറുതന്നെ കേരളത്തില്‍ ഉണ്ടോയെന്നു കോടതിയ്ക്ക് ചോദിക്കേണ്ടിവന്നു.... കോടതിയില്‍ തോറ്റയുടനെ ആഘോഷിക്കാന്‍ വീണ്ടും നിലവാരമില്ലാത്ത ബാറിലേക്ക് വണ്ടികയറി; അവിടുന്നു അടിച്ചുപൂക്കുറ്റിയായി കോടതിവിധിക്കെതിരെ ഉഗ്രനൊരു ഹര്‍ത്താലും പ്രഖ്യാപിച്ചുകളഞ്ഞു.... കള്ളുംമോന്തി അന്തിമയങ്ങുന്ന നേരത്ത് വീട്ടില്‍ വന്ന് ചട്ടിയും കലവും തല്ലിപ്പൊട്ടിച്ച്, കേട്ട്യോളേം മക്കളേം തല്ലിയൊടിച്ചു പരിസരത്തുനിന്ന കുലയ്ക്കാറായ വാഴകളുംവെട്ടിയരിഞ്ഞു നാട്ടുകാരെയും വെല്ലുവിളിച്ച് ഒടുക്കം ഉടുതുണിപോലുമില്ലാതെ റോഡുവക്കില്‍ പട്ടിമുള്ളി കിടക്കുന്ന മാന്യനായ കുടിയന്‍റെ ജീവിതം കണ്ടാല്‍ പ്രശ്നം മുഴുവന്‍ നിലവാരമില്ലാത്ത ബാറുകളാണെന്ന നിഗമനത്തില്‍ എത്തിച്ചേരാം..
 കുരിശേല്‍ക്കിടന്ന് തമ്പുരാന്‍ കര്‍ത്താവ് ‘’എല്‍ എല്‍ ലാമ സബക്താനി’’ എന്നു നിലവിളിച്ചപ്പോള്‍  ചുറ്റുംനിന്ന കണ്ട്രിസ്സുകള്‍ പറഞ്ഞത് ദേ അവന്‍ ഏലിയായെ വിളിക്കുന്നുവെന്നാണ്. അവനു ദാഹിക്കുന്നു വെള്ളം കൊടുക്കാനാണ് വേറെ ചില യൂസലെസ്സുകള്‍ പറഞ്ഞത്.. അതുപോലെതന്നെയാണ്  നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടണമെന്ന സുധീരന്‍ സാറിന്‍റെ പ്രഖ്യാപനത്തിനു ചിലരൊക്കെ കൈയ്യടി കൊടുക്കുമ്പോള്‍ തോന്നുന്നത്... ഭാഷ മനസ്സിലാവാത്ത മണ്ടന്മാര്‍...ഹാ കഷ്ടമെന്നേ പറയാന്‍ കഴിയു.... ഇവിടെ കാര്യം മനസ്സിലായത് സുഗതകുമാരി ടീച്ചര്‍ക്കുമാത്രമാണ്... പക്ഷെ പറഞ്ഞിട്ടെന്തുകാര്യം സ്കൂളില്‍ പഠിക്കുന്ന കൊച്ചു പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കരുതെന്ന പറഞ്ഞ ടീച്ചറെ പുരോഗമനവാദികള്‍ ഏത്തമിടുവിച്ചുകൊണ്ടിരിക്കുകയാണ്.. അതിനിടയില്‍ ആരാത് ശ്രദ്ധിക്കാന്‍...  ബാറിന്‍റെ നിലവാരം ഉയര്‍ത്തിയാല്‍ കേരളത്തിലെ മദ്യപാനികള്‍ നന്നാകുമോയെന്നു ചോദിച്ചത് ടീച്ചര്‍ മാത്രം..അതാണ്‌ ജനത്തിനു അറിയേണ്ട കാര്യവും...
 പൊതുജനം കരുതുന്നതുപോലെ മദ്യനിരോധനം കൊതിച്ചിട്ടൊന്നുമല്ല 418 ബാറുകള്‍ അടപ്പിച്ചിരിക്കുന്നത്‌.. ഏ/സി റൂം, നാല്പതു തൊഴിലാളികള്‍, റെസ്റ്ററെന്റ്, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ മാനദന്ധങ്ങള്‍ നടപ്പാക്കാത്തതിനാലാണ് പൂട്ടല്‍ നടന്നിരിക്കുന്നത്.  ഇതൊക്കെ കൊണ്ടുവന്നാല്‍ പൂട്ടിയതെല്ലാം തുറക്കാവുന്ന കാര്യം ആലോചിക്കാവുന്നാതെയുള്ളൂവെന്നു സാരം.. വീട്ടില്‍ കഞ്ഞിവെയ്ക്കാന്‍ ഗതിയില്ലാത്തവനും എ/സി റൂമിലിരുന്നു വീശണം അതാണ്‌ നമ്മുടെ പോളിസി.. സാധരണഗതിയില്‍ ഒരു ഊറ്റുകാരനും, ഒരു കാഷ്യറും,ഒരു ഓംലറ്റ് അടികാരനും ഉണ്ടെങ്കില്‍ കേരളത്തില്‍ ഒരു ബാര്‍ നടത്താം.. ഇത്രയ്ക്ക് ലഘുവായി നടത്താവുന്ന ഒരു ബിസ്സിനസ്സിനെയാണ് സംഗതി ഇനിയും പരിഷ്കരിക്കണമെന്നു പറഞ്ഞ് കോമ്പ്ലിക്കേഷനാക്കുന്നത്... ഇതില്‍ എവിടെയാണ് മദ്യനിരോധനമെന്ന ആശയം വരുന്നത്... ബാറിന്‍റെ നിലവാരം ഉയര്‍ത്തിയാല്‍ കേരളത്തിലെ കുടിയന്മാരുടെ കുടുംബങ്ങള്‍ രക്ഷപെടുമോയെന്നുള്ളതാണ് ഉയര്‍ന്നുവരുന്ന ന്യായമായസംശയം... വേണ്ടത്ര നിലവാരമില്ലാത്ത ബാറുകളില്‍പ്പോയി കുടിച്ചുവരുന്ന ഭര്‍ത്താവ്; ഭാര്യയുടെ മുതുകില്‍ സമ്മാനിക്കുന്ന പഞ്ചുകള്‍ ലഘുകരിക്കാന്‍ ബാറുകളുടെ നിലവാരം ഉയര്‍ത്തിയാല്‍ മതിയെന്ന കണ്ടുപിടുത്തം ആദരവ് അര്‍ഹിക്കുന്നു... നിലവാരമുള്ള കുടിയന്മാരെ സൃഷ്ടിക്കാന്‍ പെടാപ്പാടുപെടുന്ന ആദര്‍ശ ധീരന്മാരോട് ഒന്നു ചോദിക്കട്ടെ.. ഏതെങ്കിലും പട്ടിക്കാട്ടില്‍ സ്ഥിതിചെയ്യുന്ന ബീവറേജസ് വില്പനശാലയ്ക്ക് മുന്നില്‍ മഴയും ഇടിയും വകവെയ്ക്കാതെ പൊരിവെയിലത്ത് നാവ് നനയ്ക്കാന്‍  ഒരിറ്റു വെള്ളംപോലും കിട്ടാതെ പൊള്ളിപ്പറിഞ്ഞു കാലും കുമളച്ചു മാന്യമായി ക്യൂ നില്‍ക്കുന്ന സഹനത്തിന്‍റെ ആള്‍ രൂപങ്ങളായ  അവശകുടിയന്മാരുടെ കാര്യത്തില്‍ നിങ്ങള്‍ എന്തുചെയ്തു...??? മദ്യനിരോധനമാണ് ലക്ഷ്യമെങ്കില്‍ ശരാശരി വരുമാനക്കാരായ കേരളീയ കുടിയന്മാരുടെ അടുക്കളയില്‍ അടുപ്പുപുകയാതിരിക്കാന്‍ പ്രധാനകാരണക്കാരായ നിലവാരമില്ലാത്ത ബീവരെജ് വില്പനശാലകളും പൂട്ടേണ്ടെ..?? കേരളത്തിലെ ഏറ്റവുംവലിയ അബ്കരിയായ സര്‍ക്കാരിനു എന്താണ് ഈ വിഷയത്തില്‍ പറയാനുള്ളത്..? ബാറുകള്‍പൂട്ടിക്കാന്‍ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മദ്യവില്പനക്കാരനായ സര്‍ക്കാര്‍ എത്ര ബീവരെജ് വില്പനശാലകള്‍ ഇതിനോടകം പൂട്ടിയിട്ടുണ്ട്.. മദ്യവരുമാനം വേണ്ടാന്നു പറയുമ്പോഴും സര്‍ക്കാരിന്‍റെ രണ്ടാമത്തെ പ്രധാനവരുമാനം മദ്യത്തില്‍നിന്നുതന്നെയാണ്  അതുകൊണ്ടുതന്നെ മദ്യനിരോധനത്തിന്‍റെ കാര്യത്തില്‍ ഈ ഒളിച്ചുകളി തുടരുമെന്നു വ്യക്തം...
  ബാറുകളുടെ നിലവാരം ഉയര്‍ത്തിയാല്‍ കേരളത്തിലെ മദ്യപാനികളുടെ എണ്ണത്തില്‍ കുറവ് വരുമോ.??.. നല്ല സെറ്റപ്പുകള്‍ ഉണ്ടാക്കിക്കൊടുത്തു കൂടുതല്‍ കുടിയന്മാരെ സൃഷ്ടിക്കുകയല്ലേ ഇതിന്‍റെ ഉദേശ്യം..??. ഒളിച്ചും പതുങ്ങിയും മദ്യം കഴിക്കുന്ന വിഭാഗത്തെകൂടി വന്നിരുന്ന് മാന്യമായി മദ്യപിക്കു എന്ന അവസ്ഥയിലേക്കല്ലേ ഇതു കൊണ്ടുചെന്നെത്തിക്കുക..??. മദ്യപിക്കാന്‍ സുഖകരമായ അന്തരീക്ഷം, കൂടെ ഭക്ഷണം കഴിക്കാന്‍ ഏസി ഭക്ഷണശാലകള്‍, കുടുംബസമേതം വരാന്‍ വിശാലമായ പാര്‍ക്കിംഗ് സൌകര്യങ്ങള്‍, ഊറ്റാനും വിളമ്പാനും ധാരാളം തൊഴിലാളികള്‍..ഇതിലൂടെ എന്തു മദ്യനിരോധാനമാണ് നടപ്പില്‍ വരുക.?.. മദ്യം നിരോധിക്കുകയോ മദ്യപാനത്തെ എതിര്‍ക്കുകയോ അല്ല മറിച്ച് മദ്യപാനിക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊടുക്കുകയെന്ന നയമാണ് ഇവിടെ വെളിപ്പെടുന്നത്.. മദ്യപാനികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉയര്‍ത്തണമെന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ മറ്റ് അവശ്യ സര്‍വ്വീസുകളുടെ നിലവാരം എന്താണ്..?


  നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ എന്താണ്... കിടക്കാന്‍ കട്ടില്‍ പോലുമില്ലാതെ വെറുംതറയില്‍ കിടക്കുന്ന രോഗികളും, അതിദയനീയമായ ചുറ്റുപാടുകളുമാണ് എവിടെയും കാണാന്‍ കഴിയുക.. നിര്‍ധനരോഗികളുടെ ആശ്രയമായ കാരുണ്യമെഡിക്കല്‍ സ്റ്റോറുകളില്‍ ആവശ്യത്തിനു മരുന്നുണ്ടോ..?.  അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട മരുന്നുകള്‍ പോലും കിട്ടാതെ രോഗികള്‍ കരിഞ്ചന്തയെ ആശ്രയിക്കേണ്ടിവരുന്നു.. പുതുതലമുറയെ വാര്‍ത്തെടുക്കുന്ന നമ്മുടെ സര്‍ക്കാര്‍ സ്കൂളുകള്‍ പലതും അടിസ്ഥാനസൌകര്യങ്ങള്‍ പോലുമില്ലാതെ കിടക്കുന്നു... ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളില്‍ നമ്മുടെ വരുംതലമുറ അക്ഷരവെളിച്ചം നുകരുമ്പോള്‍;;;;  ബാറിന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ബഹളം കൂട്ടുന്നതിന്‍റെ അര്‍ഥം എന്താണ്.??. മദ്യവിമുക്ത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദിവാസി ഊരുകളില്‍ വ്യാജമദ്യം നിര്‍ല്ലോഭം ഒഴുകുന്നു.. ഒരു മഴ പെയ്താല്‍ വെള്ളത്തിനടിയിലാകുന്ന നമ്മുടെ നഗരങ്ങള്‍,,, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍,,,, കൃഷി നശിച്ച് ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകര്‍,,,,   തുടങ്ങി സര്‍ക്കാരിന്‍റെയും ആദര്‍ശധീരന്മാരുടെയും അടിയന്തരശ്രദ്ധയും സജീവ ഇടപെടലുകളും നടക്കേണ്ട നൂറുകണക്കിന് വിഷയങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നാനൂറ്റി പതിനെട്ടു ബാറുകളില്‍ സൗകര്യം പോരായെന്ന പ്രശ്നം നിന്നുകത്തുന്നത്.. ബാറുകളുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം എന്തേ മറ്റു അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ കാണാത്തത്..പൊതുജന നന്മയ്ക്കുവേണ്ടി എല്ലാ മദ്യവില്പനശാലകളും പൂട്ടേണ്ടതുതന്നെയാണ്.. പക്ഷെ ഇവിടെ അതല്ല ഉദേശ്യം ബാറുകളുടെ നിലവാരം ഉയര്‍ത്തണം അതാണ്‌ ഡിമാണ്ട്... സുഖരമായ അന്തരീക്ഷമൊരുക്കി കൂടുതല്‍ ആളുകളെ മദ്യപാനത്തിലേക്ക് അടുപ്പിക്കുക എന്നൊരു കാണാതെ പോകുന്ന സത്യം ഇതിനു പിന്നിലുണ്ട്... മദ്യനിരോധനമാണ് ലക്ഷ്യമെങ്കില്‍ ഗ്രാമങ്ങള്‍ത്തോറും പെട്ടിക്കടകള്‍ പോലെ തുറന്നിരിക്കുന്ന ബീവരെജ് ചില്ലറ വിലപ്നശാലകള്‍ ആദ്യം പൂട്ടട്ടേ,,, അല്ലെങ്കില്‍ ബീവരെജിന്‍റെ ക്യൂവില്‍ നില്‍ക്കുന്ന സാധരണ കുടിയന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊടുക്കുകയെങ്കിലും ചെയ്യണം.. വെയിലും മഴയും കൊള്ളാതെ ക്യൂ നില്‍ക്കാനുള്ള സൗകര്യം ഒരുക്കികൊടുക്കണം... കുപ്പി കൈയ്യില്‍ കിട്ടിയാല്‍ അപ്പോഴേ പൊട്ടിച്ചു ഡ്രൈ-യായി കഴിക്കുന്ന ശീലം ഒഴിവാക്കാന്‍ കയ്യെത്തും ദൂരത്തു വെള്ളം ലഭ്യമാകാനുള്ള പൈപ്പുകള്‍ സ്ഥാപിക്കണം.. വഴിയരുകില്‍ കുഴഞ്ഞുവീഴുന്ന കുടിയന്മാരെ വെട്ടില്‍ എത്തിക്കാന്‍ സൌജന്യനിരക്കില്‍ ആംബുലന്‍സ് സംവിധാനവും അത്യാവശ്യമാണ്.. അങ്ങനെ അടിസ്ഥാന കുടിയന്മാരുടെ  അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടുവേണം തുടങ്ങാന്‍. സുധീരനും കൂട്ടരും നടത്തുന്ന നാനൂറ്റിപതിനെട്ട് വിരുദ്ധസമരത്തിന്‍റെ ഉദേശ്യശുദ്ധി ശരിയാണെങ്കില്‍ നമുക്കാദ്യം ബീവരെജില്‍ നിന്നും തുടങ്ങാം.. ‘ഒരു തുള്ളി മദ്യം ആയിരം തുള്ളി കണ്ണീര്‍...’ കെ എസ് ആര്‍ ടി സി ബസ്സുകളില്‍ നമ്മുടെ എക്സൈസ് വകുപ്പ് പതിപ്പിച്ചിരിക്കുന്ന പരസ്യവാചകമാണ്.. ഇതു ശരിയാണെങ്കില്‍ ബാറുകളുടെ നിലവാരം ഉയര്‍ത്തുകയല്ല എല്ലാ മദ്യവില്പനശാലകളും പൂട്ടുക എന്നതായിരിക്കണം ലക്ഷ്യം... മദ്യം വില്‍ക്കുന്ന ഒരു സ്ഥാപനവും കേരളത്തില്‍ വേണ്ട അതാകട്ടെ സുധീര വചനം... അതല്ല നാനൂറ്റിപതിനെട്ടു ബാറുകളുടെ സൌകര്യവര്‍ധനവ് മാത്രമാണ് പറയുന്നതെങ്കില്‍ ഈ വിവാദം  നീര്‍ക്കോലിയുടെ അത്താഴം മുടക്ക് എന്നതിനപ്പുറം ഒന്നുമില്ല.. 

Thursday, May 8, 2014

മുല്ലപ്പെരിയാറിലെ മാക്രികുഞ്ഞുങ്ങള്‍...


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
     മാഷേ ദേ സാധനം തീരാറായി കേട്ടോ;; മുജിബേ ഞാനിപ്പോ എത്തും ഏറിയാല്‍ അരമണിക്കൂര്‍..
 അതുവരെ നിക്കത്തില്ല മാഷേ.. ആളുകളുടെ ക്യൂവാ,,,, വേണേ എടുത്തു വെയ്ക്കാം .
എന്നാ എടുത്തോ..   എത്ര വേണം.....    നാലുകിലോ എടുത്തോ രണ്ടെണ്ണത്തില്‍ നിക്കുവോ,,? ഇല്ല  മൂന്നു എടുക്കേണ്ടിവരും../  ആയിക്കോട്ടെ..  എങ്ങനാ പാകം കറിക്കാ.... പകുതി കറിക്കും പകുതി വറക്കാനും പരുവത്തില്‍ മുറിച്ചോ...
  ഓക്കേ ശരി മാഷേ,,,എന്നാ വയ്ക്കട്ടെ നല്ല തിരക്കാ.. അങ്ങനെ കോഴിക്കടയിലെ അപ്പോയിന്റ്മെന്റ് റെഡിയാക്കി..
  
 മാഷേ അരി ഏതാ വേണ്ടത് ജീരകശാലയോ ഗന്ധകശാലയോ...? ഗന്ധകശാല എടുത്തോ... എത്രവേണം..? ഒരു നാലുകിലോ എടുത്തോ.. നെയ്യ് ഏതാ എടുക്കേണ്ടത്..? മില്‍മ ആയിക്കോട്ടെ.... മുന്തിരി ഇരുനൂറു എടുത്തോ... അണ്ടിപരിപ്പ് പൊട്ടാത്തതുവേണം കേട്ടോ.... ഏലക്ക, ഗ്രാമ്പൂ, ജാതിപത്രി എല്ലാം നൂറുവീതം.. ഒരു ചെറിയ ടിന്‍ ഡാല്‍ഡയും എടുത്തോ..

ഇനിയിപ്പോ പച്ചക്കറിക്കടയിലെക്ക് നീങ്ങണം മല്ലിയില്ല, പുതിനയില കറിവേപ്പില, ഉള്ളി, സവോള അങ്ങനെ പോകുന്നു ലിസ്റ്റ്..

  അതിനിടയില്‍ ഫോണിത വീണ്ടും റിങ്ങുന്നു.. ഹലോ നിങ്ങള്‍ എവിടെയാ...  എടീ ഞാന്‍ ഇപ്പൊ എത്തും,എന്താ..?   ദേ പിന്നെ ബ്രിട്ടാനിയയുടെ രണ്ടു പേക്കറ്റ് മധുരമില്ലാത്ത ബിസ്ക്കറ്റും വാങ്ങിക്കോ ..അമ്മാവന് മധുരം കഴിക്കത്തില്ല,, പിന്നെ പാലും തൈരും രണ്ടുകൂട് എക്സ്ട്ര വാങ്ങിക്കോ, രാവിലെ മുട്ടക്കറി വേണമെങ്കില്‍ ഒരു പത്തുമുട്ടയുംകൂടി മേടിച്ചോ..എന്നാ ശരി...
  
  കടയിലെല്ലാം പെരുന്നാളിന്‍റെ തിരക്കാണ്.. എല്ലാ മുഖത്തും സന്തോഷം കളിയാടുന്നു. കാരണം മറ്റൊന്നുമല്ല കേരളം ഹര്‍ത്താല്‍ ആഘോഷിക്കുകയാണ്..  പറ്റിയ ദിവസംനോക്കി അമ്മാവനും കുടുംബവും വിരുന്നിനു വന്നിട്ടുണ്ട്... മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി കേരളത്തിനു തിരിച്ചടിയായതിനാല്‍  കേരളം മുഴുവന്‍ ഹര്‍ത്താല്‍..അങ്ങനെ എല്ലാവര്ക്കും കൂടി വീട്ടിലിരുന്നു ആഘോഷിക്കാന്‍ ഒരു ദിവസം കൂടി കിട്ടിയിരിക്കുന്നു.. ഭരണപ്രതിപക്ഷ ഭേദമില്ലാതെ നമ്മള്‍ ഹര്‍ത്താല്‍ ആഘോഷിക്കുകയാണ്.. നമ്മള്‍ കേസ് നടത്തി, നമ്മള്‍ തോറ്റൂ... പതിനെട്ടുവര്‍ഷമായി തോറ്റുകൊണ്ടിരിക്കുന്നു. അപ്പീല്‍, റിട്ട്, കമ്മിഷന്‍ ,വിദഗ്ധസമിതി എന്നിങ്ങനെ പല രൂപത്തില്‍ കോടികള്‍ വക്കീല്‍ഫീസും കൊടുത്ത് മുല്ലപ്പെരിയാര്‍ കേസ് നമ്മള്‍ വാദിക്കുന്നു .. വാദിച്ചു വാദിച്ചു തോല്‍ക്കുന്നു.. മുല്ലപ്പെരിയാര്‍ കേരളത്തിലൂടെ ഒഴുകുന്ന നദിയാണെന്നു തെളിയിക്കുന്നതില്‍വരെ കേരളം പരാജയപ്പെട്ടെന്നു കോടതി പറയുന്നു... നമ്മുടെ സര്‍ക്കാരും നമ്മുടെ വക്കീലും ബഹുമിടുക്കര്‍ത്തന്നെ... സര്‍ക്കാര്‍ കേസ് നടത്തി തോല്‍ക്കുമ്പോള്‍ നാട്ടുകാര്‍ ഹര്‍ത്താല്‍ നടത്തി ആഘോഷിക്കുന്നു.. മഹാഭൂരിപക്ഷത്തിനും വീട്ടില്‍ വിരുന്നൊരുക്കി ആഘോഷിക്കാന്‍ ഒരു അപ്രഖ്യാപിത അവധികൂടി.. തമിഴന്‍റെ കോഴിയും പച്ചക്കറികളും കാലേകൂട്ടി വാങ്ങിവെച്ചിരിക്കുന്നു.. ഏതുദിവസം ഹര്‍ത്താല്‍ വെയ്ക്കണമെന്നതും നമ്മുടെ തീരുമാനമാണെന്ന സ്ഥിതിക്ക് ഈ വ്യാഴാഴ്ച ഹര്‍ത്താലെന്നത് വെള്ളിയാഴ്ച്ചയാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ജനോപകാരപ്രദമായേനെ..  ഇതിപ്പോ വീര്യമുള്ളത് വല്ലതും സേവിച്ചാല്‍ ഹാങ്ങോവര്‍ മാറാനുള്ള സമയംപോലും കിട്ടുന്നില്ല,, ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ ഇനിയെങ്കിലും ചിന്തിക്കേണ്ട വിഷയമാണത്..
  
  ലോകത്തുതന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു കേസ്. പതിനെട്ടുവര്‍ഷമായി ഇപ്പപ്പൊട്ടുമെന്നു പറയുന്ന അണക്കെട്ട് ഇതുവരെ പൊട്ടാതെ നില്‍ക്കുന്നു... അണക്കെട്ടിന്‍റെ അവസ്ഥയെപ്പറ്റി അണക്കെട്ടു കണ്ടിട്ടില്ലാത്ത ജഡ്ജിമാര്‍ വിധിപറയുന്നു... ബലക്ഷയം വന്ന അണക്കെട്ട് പൊട്ടില്ലായെന്നു  കോടതി തീരുമാനിക്കുന്ന ലോകത്തെ ഏക രാജ്യമായിരിക്കും നമ്മുടെത്... ഡാം ദുര്‍ബലമെന്ന; റുക്കി ഐ ഐ ടി യുടെ പഠനറിപ്പോര്‍ട്ടും തള്ളിയിരിക്കുന്നു... ഡാമിന്‍റെ ചോര്‍ച്ചതടയാന്‍ വിള്ളലുള്ള ഭാഗങ്ങളില്‍ അഞ്ഞൂറ്റൊന്നു ബാര്‍സോപ്പ്‌ തേച്ചുപിടിപ്പിച്ചാല്‍ മതിയെന്നു പറയാതിരുന്നത് ഭാഗ്യം.. കഴിഞ്ഞ മഴക്കാലത്ത്‌ തകര്‍ച്ചാഭീഷണി നിലനിന്ന ഡാമില്‍ ഇനിയും വെള്ളം നിറച്ചോളാനാണ് കോടതി പറഞ്ഞിരിക്കുന്നത്.... നമ്മുടെ സര്‍ക്കാരും, കേസ് വാദിക്കാന്‍ വിട്ട വക്കീലും കേസുംതോറ്റ്, പട്ടി ചന്തയ്ക്കു പോയപോലെ മടങ്ങിവന്നു ഹര്ത്താല് നടത്തുന്നു.. ഇടുക്കിയില്‍; സര്‍ക്കാര്‍പ്പാര്‍ട്ടിതന്നെ ഹര്‍ത്താലിനു നേതൃത്വം കൊടുക്കുന്നു.. അങ്ങാടിയില്‍ തോറ്റാല്‍ ഇങ്ങനെതന്നെ....
  
 അണക്കെട്ടിന്‍റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍ ഒരു വിദഗ്ധപഠനം നടത്താനും, ദുര്‍ബലമാണെങ്കില്‍ ഡികമ്മീഷന്‍ ചെയ്യാനും, പകരം മറ്റൊന്ന് പണിയാനും ഇമ്മാതിരി പകിടകളിയുടെ ആവശ്യമൊന്നുമില്ല... മുല്ലപ്പെരിയാര്‍ കേസ് തുടങ്ങിയ പതിനെട്ടുവര്‍ഷങ്ങള്‍ക്ക് മുന്പ് പഴയ അണക്കെട്ടിനു പകരം മറ്റൊന്ന് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പുതിയ അണക്കെട്ടില്‍ വെള്ളം നിറഞ്ഞേനെ... ഇപ്പോള്‍ നടത്തുന്ന ഹര്‍ത്താലിനു പകരം; കേസും വെല്ലുവിളിയുമായി കാലംകഴിക്കുന്ന നമ്മുടെ നേതാക്കളുടെ വിവരക്കേടിനെയാണ് എതിര്‍ക്കേണ്ടത്.. ഇതു രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കമല്ല... ഒരു രാജ്യത്തിനകത്തെ രണ്ടു സംസ്ഥാനസര്‍ക്കാരുകള്‍  തമ്മിലുള്ള വെറും ഈഗോ മാത്രമാണ്... അതിനു വിലയായി ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാണ് അമ്മാനമാടുന്നത്.. ഇന്ന് നിലവിലുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി അണക്കെട്ടിന്‍റെ അവസ്ഥ കണ്ടെത്താവുന്നതെയുള്ളൂ.. കൃത്യമായ തെളിവുകള്‍ നിരത്തി കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ ഇതിനൊരു പരിഹാരം ഉണ്ടാവില്ലേ... ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍വോപരി പ്രകൃതിയ്ക്കും വന്‍നാശം ഉണ്ടാക്കിയേക്കാവുന്ന ഒരു വന്‍ദുരന്തത്തെ കേവലമൊരു കോടതി വ്യവഹാരം മാത്രമായി കാണുന്ന സര്‍ക്കാര്‍ നിലപാടുകളാണ് ആദ്യം മാറേണ്ടത്.. കേവലം വ്യവഹാരനടത്തിപ്പ് എന്നതില്‍ കവിഞ്ഞ് ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന ഒരു മഹാദുരന്തം ഉണ്ടാകാതിരിക്കാനാണ് ഭരണസംവിധാനങ്ങള്‍ ശ്രദ്ധിക്കേണ്ടത്.. ജനങ്ങള്‍ തമ്മില്‍ വിഭാഗിയത സൃഷ്ടിച്ച് അതിലൂടെ രാഷ്ട്രിയ മുതലെടുപ്പ് നടത്താനാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്ലാരാഷ്ട്രിയപാര്‍ട്ടികളും ഫലത്തില്‍ ശ്രമിക്കുന്നത്... തമിഴനും മലയാളിയും പരസ്പരം തല്ലിയാലോ, കല്ലെറിഞ്ഞാലോ, ബസ്‌ കത്തിച്ചാലോ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവില്ല..സുപ്രീംകോടതി വിധിക്കെതിരെ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയാല്‍ അണക്കെട്ടിന്‍റെ ഉറപ്പുകൂടുമെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് നെല്ലിക്കാത്തളം ആവശ്യമാണെന്നെ പറയാന്‍ കഴിയൂ... അണക്കെട്ട് തകരുമെന്നു കേരളവും, തകരില്ലായെന്നു തമിഴ്നാടും വാദിക്കുമ്പോള്‍ അണക്കെട്ട് നിര്‍മ്മാണ മേഖലയില്‍ വൈദഗ്ധ്യമുള്ള; രണ്ടുകൂട്ടര്‍ക്കും സ്വീകാര്യനായ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് പഠനങ്ങള്‍ നടത്തി യുക്തമായ തീരുമാനം എടുക്കാന്‍ കേന്ദ്രസര്‍ക്കാരിനും കോടതികള്‍ക്കും കഴിയണം.  അണക്കെട്ടു വിഷയത്തില്‍ വര്‍ഷങ്ങളായി കേസുനടത്തി സര്‍ക്കാര്‍ ഖജനാവില്‍നിന്നും കോടികള്‍ മുടിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ഒരു വെള്ളാനയായി നിലനിറുത്തി പോക്കറ്റ് വീര്‍പ്പിക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണെന്നു സംശയിക്കേണ്ടിയിരികുന്നു..


  മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സാമാന്യമായി വിലയിരുത്തിയാല്‍; കരിങ്കല്ലും ചുണ്ണാമ്പുസുര്‍ക്കിയും കൊണ്ട് നിര്‍മ്മിച്ച ഈ അണക്കെട്ടിനു 118 വര്‍ഷം പഴക്കമുണ്ട്.  അണകെട്ടിട്ടിനു വേണ്ടത്ര ഡ്രെയിനേജ് ഗാലറികളില്ലതുകൊണ്ട് വെള്ളത്തിന്‍റെ മര്‍ദം തടയാനുള്ള കഴിവും കുറവാണ്.. സുര്‍ക്കിയില്‍ പണിതതില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ടാണിത്.. അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ഒറ്റ ബ്ലോക്കായിട്ടാണ് അതുകൊണ്ടുതന്നെ വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. അടിയന്തര സാഹചര്യങ്ങളില്‍ വെള്ളം ഒഴിക്കിക്കളയാന്‍ ഈ അണക്കെട്ടിനു ആവശ്യത്തിനു സ്പില്‍വെകളില്ല. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി അണക്കെട്ടില്‍നിന്നും ഒലിച്ചുപോയതായി പഠനങ്ങള്‍ പറയുന്നു. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍ ഇപ്പോള്‍ തന്നെയുണ്ട്‌. പലതവണ സിമന്റു ചാന്തുപയോഗിച്ച് ചോര്‍ച്ച അടച്ചു.. അടുത്തകാലത്ത് ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിനു ഭീഷണി ഉയര്‍ത്തുന്നുണ്ട്. അണക്കെട്ടിനെ ബലപ്പെടുത്താന്‍ ഉപയോഗിച്ച കേബിളുകളും..കോണ്ക്രീറ്റ് ആവരണങ്ങളും കാലപ്പഴക്കത്തില്‍ നശിച്ചിരിക്കുന്നു.. മാത്രമല്ല കരിങ്കല്ലും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കിനില്‍ക്കുന്ന പഴക്കമേറിയ  അണക്കെട്ടാണ് മുല്ലപ്പെരിയാര്‍... ദുരന്തങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു... ഡാമിന്‍റെ സുരക്ഷയ്ക്കായി പണിത ബേബിഡാമിനാകട്ടെ  നിറയെ ചോര്‍ച്ചയാണ്... ഈ അവസ്ഥയിലാണ് ഡാമിലെ ജലനിരപ്പ് ഇനിയും കൂട്ടാമെന്ന് കോടതി പറഞ്ഞിരിക്കുന്നത്.. അണക്കെട്ടിലെ ജലം ഉപയോഗിക്കുന്നത് തമിഴ്നാട് ആകുമ്പോള്‍ അവരെക്കൊണ്ടുതന്നെ ഡാമിന്‍റെ സുരക്ഷ ഉറപ്പാക്കാനാണ് കേരളം ശ്രമിക്കേണ്ടത്... കാലഹരണപ്പെട്ട പഴയ കരാറിന്‍റെ വാറോലയും ചുരുട്ടി കോടതിവരാന്തവഴി നിരങ്ങാനാണ് ഇനിയും നമ്മുടെ ഭാവമെങ്കില്‍ വലിയൊരു ദുരന്തത്തെ ക്ഷണിച്ചുവരത്തുകയയിരിക്കും ചെയ്യുക.. ചെയ്യണ്ടത് ചെയ്യേണ്ട സമയത്തുചെയ്യാന്‍ ഇനിയും നമ്മള്‍ പഠിച്ചിട്ടില്ല എന്നുവേണം കരുതാന്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകിട്ടാതെ രോഗികള്‍ ചക്രശ്വാസം വലിക്കുമ്പോള്‍ ബാറുകളുടെ നിലവാരം ഉയര്‍ത്തുന്ന കാര്യത്തിലാണ് നമ്മുടെ ശ്രദ്ധ.. മുല്ലപ്പെരിയാര്‍ ഒരു മഹാദുരന്തമാകുമോയെന്നു ഭയക്കുമ്പോള്‍ ഒരുദിവസം കേരളം സ്തംഭിപ്പിച്ചുകൊണ്ട് തിന്നുകുടിച്ച് ആഘോഷിക്കാന്‍ നമ്മള്‍ ഹര്‍ത്താലുകള്‍ നടത്തുന്നു..
  അണക്കെട്ട് ദുര്‍ബലമെങ്കില്‍ ഡീ കമ്മിഷന്‍ ചെയ്യുക..ദുര്‍ബലമല്ലെങ്കില്‍ പഴയപടി തുടരുക.. ഈ നിഗമനങ്ങളില്‍ എത്താന്‍ എന്തിനാണ് വര്‍ഷങ്ങളായി കേസ് നടത്തുന്നത്..ഇതിനിടയില്‍ ഒരു ദുരന്തം ഉണ്ടായാല്‍ ആരതിനു സമാധാനം പറയും.. കേസ് നടത്തുക, ജയിച്ചാല്‍ ആഘോഷിക്കുക, തോറ്റാല്‍ ഹര്‍ത്താല്‍ നടത്തുക  എന്നതില്‍കവിഞ്ഞ് നമ്മള്‍ ഭയക്കുന്ന ഒരു ദുരന്തം ഉണ്ടായാല്‍ സംഭവിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചാണ് ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടത്... മഹാദുരന്തങ്ങള്‍ക്ക് കാരണമാകുന്ന  ഇത്തരം വിഷയങ്ങളെ കേവലം കോടതിവ്യവഹാരം മാത്രമായി കാണാതെ ഇതിന്‍റെ മാനുഷികവശങ്ങളും സുരക്ഷാഭീഷണിയുംകൂടി പരിഗണിച്ച് എത്രയുംവേഗം ഒരുമേശയ്ക്കു ചുറ്റുമിരുന്നു ഈ പ്രശ്നത്തെ പരിഹരിക്കാനാണ് രണ്ടു സംസ്ഥാനത്തേയും നേതാക്കന്മാര്‍ ശ്രമിക്കേണ്ടത്.. മലയാളിയുടെ നാശം തന്നെ ബാധിക്കില്ലയെന്നു തമിഴനും, തമിഴന്‍റെ കൃഷി എന്‍റെ വിഷയമല്ലായെന്നു മലയാളിയും ചിന്തിക്കുമ്പോള്‍; എവിടെയാണ് നമ്മള്‍ പറയുന്ന നാനാത്വത്തിലെ ഏകത്വം.. തമിഴനും മലയാളിയും അല്ല നമ്മള്‍ ഇന്ത്യാക്കാരണെന്നുള്ള ഉത്തമബോധ്യത്തില്‍ ഈ പ്രശ്നത്തെ കാണണം വികലമായ രാഷ്ട്രീയനേതൃത്വങ്ങളുടെ തന്‍പോരിമയ്ക്കു വേണ്ടി ജനങ്ങളെ ബലിയാടാക്കുന്ന ഇത്തരം കേസുകളിലെ ജയവും തോല്‍വിയും ആത്യന്തികമായി ദുരന്തങ്ങള്‍ തന്നെയായിരിക്കും സമ്മാനിക്കുക.. ലക്ഷ കണക്കിന് ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഒരു മഹാദുരന്തത്തെ കോടതിമുറിയിലെ വെറുമൊരു കേസുകെട്ടായി മാത്രം കാണുന്ന നമ്മുടെ നേതാക്കളുടെ വികലമായ മാനസികനിലയെക്കുറിച്ചാണ് ഇനി ചിന്തിക്കേണ്ടത്... ഹര്‍ത്താല്‍ നടത്തി ആഘോഷിക്കാതെ ഉന്മാദം ബാധിച്ച നേതാക്കളുടെ മനംമാറ്റത്തിനായി ചാക്കുടുത്തും ചാരംപൂശിയും ഉപവസിക്കുകയാണ് വേണ്ടത്..