**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, January 14, 2014

എഴുന്നോള്ളുന്നു രാജാവ് എഴുന്നോള്ളുന്നു......


വിദ്യാധാരന്‍റെ വ്യാകുലചിന്തകള്‍ 
 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ‘’’അപ്പത്തിന് കൂട്ടാന്‍ കരിമീനും കോഴിയും; നാടന്‍ രുചിയില്‍ മതിമറന്ന് രാഹുല്‍: ആലപ്പുഴ: കോഴിവറുത്തതും കരിമീന്‍ പൊരിച്ചതും കൊഞ്ച് മസാലയും മേശപ്പുറത്ത് നിരന്നു. ഓരോ പാത്രത്തിലെയും വിഭവങ്ങളെടുത്ത് രാഹുല്‍ രുചിച്ചുനോക്കി. ഒടുവില്‍ എല്ലാ പാത്രത്തില്‍നിന്നും ഓരോന്നും തന്റെ പാത്രത്തിലേക്ക് കോരിയിട്ടു. നാടന്‍ രുചിയില്‍ മതിമറന്ന രാഹുല്‍ നാല് അപ്പവും കറിയും സ്വാദോടെ കഴിച്ചു. കരിമീന്‍ പൊരിച്ചത് സ്​പൂണ്‍ കൊണ്ടെടുത്തപ്പോള്‍ നേതാക്കളിലാരോ മുള്ളുണ്ടെന്ന് പറഞ്ഞതോടെ പെട്ടെന്ന് പിന്‍വാങ്ങി. ഭക്ഷണശേഷം ഒരു കമന്റും- 'കോഴി വറുത്തത് സൂപ്പര്‍'………………’’’’’’’’’’’.ഈ വാര്‍ത്ത‍ വായിച്ചുകൊണ്ടിരിക്കെ വിദ്യാധരന്‍റെ വായില്‍ കപ്പലോടിക്കാന്‍ പാകത്തില്‍ ഉമിനീര്‍ നിറയുന്നു...

“രമണിയേയ് ഇന്നുച്ചയ്ക്ക് ഊണിനു കരിമീനും ചിക്കനും ആയാലോ..”

“ദേ, മിണ്ടാതിരുന്നോ. ഉള്ള കഞ്ഞീം ചമ്മന്തീം മിണുങ്ങിയാ മതി.. പലചരക്ക് കടയിലെ കഴിഞ്ഞമാസത്തെ  പറ്റുകാശ് കൊടുത്തുകഴിഞ്ഞിട്ടില്ല.. അപ്പോഴാ ഒരു കരിമീന്‍..”

വായില്‍ നിറഞ്ഞ ഉമിനീര്‍ പൊടുന്നനെയങ്ങുമിണുങ്ങി... വാര്‍ത്ത‍ ഒന്നുകൂടി വായിച്ചു നിര്‍വൃതിയടഞ്ഞു.... ഭാഗ്യവാന്‍,,,,,, ആശാന്‍റെ തലയിലെ വര; അടുത്ത ജന്മത്തിലെങ്കിലും എന്‍റെ എവിടെയെങ്കിലും വരയ്ക്കണേ.....

“””””””””നൂറനാട് കെ.സി.എം. ആസ്പത്രിക്ക് മുന്നില്‍ കൂടിനിന്ന നഴ്‌സുമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഇടയിലേക്ക് ഇറങ്ങിനിന്ന് സ്‌നേഹാഭിവാദ്യം നല്‍കിയാണ് പദയാത്രയുടെ പിന്നിലേക്ക് രാഹുല്‍ ചേര്‍ന്നത്.നൂറനാട് പത്താംകുറ്റിയില്‍ രാഹുല്‍ ജാഥയ്‌ക്കൊപ്പം പെട്ടെന്ന് നടന്നുനീങ്ങുകയായിരുന്നു. അരികില്‍നിന്നവരുടെ തോളില്‍ തട്ടി, കൈകൊടുത്ത്, വഴിയരികില്‍ നിന്നവരെ അഭിവാദ്യംചെയ്ത് ചെറുപുഞ്ചിരിയോടെ രാഹുല്‍ നീങ്ങുമ്പോള്‍ പ്രവര്‍ത്തകര്‍ ആവേശത്തോടെ ഇരമ്പിയാര്‍ത്തു. ഷാളണിയിച്ചും കെട്ടിപ്പിടിച്ചും സ്‌നേഹപ്രകടനം കാട്ടുന്നവരില്‍നിന്ന് കുതറി ആശാന്‍കവലയ്ക്ക് സമീപംവച്ച് പോലീസ് വാഹനത്തിന്റെ മുകളിലേക്ക് രാഹുല്‍ കയറി. ഒപ്പം സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെയും വിളിച്ചിരുത്തി. പദയാത്രികരെയും നാട്ടുകാരെയും അഭിവാദ്യം ചെയ്തു.”””””........ആ കരസ്പര്‍ശനമേറ്റ എത്രയേ മനുഷ്യജന്മങ്ങള്‍ ആനന്ദനിര്‍വൃതിയടഞ്ഞു..ആ പാദസ്പര്‍ശമേറ്റ എത്രയോ കല്ലുകള്‍ ശാപമോഷം കിട്ടിയ അഹല്യകളായി മാറി...ഭക്തരുടെ കണ്ണുകള്‍ നിറഞ്ഞു അവര്‍ ആനന്ദാധിക്യത്താല്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചു വഴിയില്‍ വിരിച്ചു... വഴിയരുകിലുള്ള തെങ്ങില്‍ പെടച്ചുകയറി കരിക്കുകള്‍ കൂട്ടത്തോടെ വെട്ടിത്താഴയിട്ടു..കുരുത്തോലകള്‍ വലിച്ചുകീറി റോഡില്‍ നിരത്തി...ആമേന്‍ ആമേന്‍...  

‘’’’’’രാഹുല്‍ തുള്ളിമരുന്ന് നല്‍കി ആദില്‍ താരമായി:
തുറവൂര്‍(ആലപ്പുഴ): രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത തുറവൂര്‍ സന്ദര്‍ശനത്തില്‍ താരമായത് രണ്ടരമാസം പ്രായമുള്ള ആദില്‍ ആയുഷ്‌ദേവ്. രാഹുലിന്റെ കൈയില്‍നിന്ന് ആദില്‍ ആദ്യമായി പോളിയോ തുള്ളിമരുന്ന് നുണഞ്ഞു. ആദിലിനെ കൊഞ്ചിക്കാനും രാഹുല്‍ മറന്നില്ല. പ്രതിരോധ മരുന്നിനായി തുറവൂര്‍ ആസ്​പത്രിയിലെത്തിയപ്പോഴാണ് ആദില്‍ താരമായത്…………’’’’’’’പച്ചവെള്ളം പോലും അത്ഭുത മരുന്നായി മാറുന്ന അത്യപൂര്‍‍വകാഴ്ച്ചയ്ക്ക് ആയിരങ്ങള്‍ സാക്ഷിയായി... ആസ്പത്രികളില്‍ അഡ്മിറ്റായ രോഗികള്‍ സുഖപ്പെട്ടു... പനി വിട്ടുപോയി, വയറ്റിളക്കം നിലച്ചു, മുഴ അപ്രത്യക്ഷമായി..ചൊറി ചിരങ്ങ് എല്ലാം ഒറ്റ നിമിഷംകൊണ്ട് അപ്രത്യക്ഷമായി....ഹല്ലേലൂയ..
 ഭാവി പ്രധാനമന്ത്രിയായി പ്രമുഖ രാഷ്ട്രിയകക്ഷി ഉയര്‍ത്തിക്കാട്ടുന്ന നേതാവിന്‍റെ ഗിമിക്കുകളെക്കുറിച്ച്...വലിയ പാരമ്പര്യം അവകശപ്പെടുന്ന ഒരു പത്രമുത്തശിയുടെ പൈങ്കിളി വിവരണങ്ങളും അവയുടെ വിട്ടുപോയ  ഭാഗങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌... കരിമീന്‍ പൊളിച്ചു തിന്നതും, പോലിസ് വാഹനത്തിന്‍റെ മുകളില്‍ ഓടിക്കയറിയതും കുഞ്ഞിന്‍റെവായില്‍ തുള്ളിമരുന്ന്‍ ഒഴിച്ചു കൊടുത്തതുമാണ് പ്രധാന യോഗ്യതകള്‍.... ഭാവി പ്രധാനമന്ത്രി രാജ്യത്തെക്കുറിച്ചോ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചോ പ്രതീക്ഷ നല്‍കുന്ന ഒന്നും പറഞ്ഞുകണ്ടില്ല... ഇത്തരം റോഡ്‌ ഷോകളാണ് പ്രധാന മന്ത്രിയാകാനുള്ള യോഗ്യതയായി പറയുന്നതെങ്കില്‍ കഷ്ടം... കുരങ്ങന്‍റെ കൈയ്യില്‍ പൂമാല എന്നേ പറയാനുള്ളൂ...
 അപ്പവും, കോഴിക്കറിയും, കരിമീന്‍ പൊള്ളിച്ചതും റെഡിയാക്കി മേശപ്പുറത്തു കിട്ടിയാല്‍ അത് അകത്താക്കാന്‍ പ്രധാനമന്ത്രിക്ക് പഠിക്കണമെന്നില്ല... ഇതുപോലൊരു സദ്യ മൂന്നുനേരവും മുടക്കമില്ലാതെ കിട്ടണമെന്നാണ് ഏതൊരു ഇന്ത്യക്കാരന്റെയും ആഗ്രഹം.... മൂന്നുകോടിജനങ്ങളില്‍  രണ്ടരക്കോടിക്കും ഇതു കിട്ടാറില്ല,,, ഒന്നരക്കോടിയോളം ആളുകള്‍ കോഴിക്കാലും അപ്പവും കരിമീന്‍ വറുത്തതുപോയിട്ട് നേരെചൊവ്വേ മൂന്നുനേരവും കഞ്ഞിയും ചമ്മന്തിയും പോലും കഴിക്കാന്‍ പറ്റാത്തവരാണ്... അതുകൊണ്ട് വായില്‍ വെള്ളമൂറുന്ന ഇത്തരം സദ്യകള്‍ ഒസ്സില്‍ ആസ്വധിക്കാനുള്ള എളുപ്പവഴിയാണ്  പ്രധാനമന്ത്രി പദമെങ്കില്‍ അങ്ങനെയൊരു നേതാവിനെ ഈ നാടിനാവശ്യമില്ല...
 പോലിസ് വാഹനത്തിന്‍റെ മുകളിലേക്ക് ഓടിക്കയറുകയും അനുയായികളെ വലിച്ചു കയറ്റുകയും അതിന്‍റെ പുറത്തിരുന്നു ഭക്തര്‍ക്ക് ദര്‍ശനം നല്‍കുകയും ചെയ്യുന്നത് തികഞ്ഞ ഭോഷത്വം തന്നെയാണ്... അനര്‍ഹമായി കിട്ടുന്ന  അധികാരത്തിന്‍റെ ഉന്മാദമാണ് ഇത്തരം ഗിമിക്കുകള്‍ കാണിക്കുന്നതിന്‍റെ പിന്നില്‍... ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇത്തരം ഗിമിക്കുകള്‍ കാണിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു... വഴിയരുകില്‍ മുഖം കാണിക്കാന്‍ ആയിരങ്ങള്‍, വഴിയില്‍ പുഷ്പവൃഷ്ടി നടത്താന്‍ ബാലികമാര്‍, ദൈവത്തെ തൊഴാന്‍ കൂപ്പുകൈയ്യോടെ കന്യാസ്ത്രികള്‍..... ഇതൊക്കെ; ജനത്തെ അധികാരത്തിന്‍റെ ഉരുക്കുമുഷ്ടികൊണ്ട് അടക്കി ഭരിച്ചിരുന്ന മഹാരാജാക്കന്മാരുടെ എഴുന്നള്ളത്തിനു ചേരുന്ന വിവരണങ്ങളാണ്.... ഈ കോപ്രായങ്ങള്‍ കണ്ടുകൊണ്ട് ഇതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ ഭരണസാരഥിയ്ക്ക് വേണ്ട യോഗ്യതയെന്ന് പറയാന്‍ നാണമില്ലേ... ഇതിങ്ങനെ തുടര്‍ന്നാല്‍ രാജാവിതാ ഉടുതുണിയില്ലാതെ നടക്കുന്നവെന്നു ഈ നാട് വിളിച്ചുപറയും....
  ജനത്തിനുവേണ്ടത് അനുകൂലമായ ജീവിതസാഹചര്യങ്ങളാണ് അഴിമതി രഹിതഭരണമാണ്... നിത്യോപയോഗ സാധനങ്ങളുടെ  സുഗമമായ ലഭ്യതയാണ്... അല്ലാതെ നേതാവ് തിന്നുന്നതു നോക്കി വെള്ളമിറക്കാനുള്ള അവസരമല്ല...
 ജനങ്ങള്‍ക്ക് വേണ്ടത് നിക്ഷ്പക്ഷമായ നീതിനിര്‍വഹണവും ക്രമസമാധാനവുമാണ്... അല്ലാതെ പോലിസ് വാഹനത്തിന്‍റെ മുകളില്‍ ക്കയറി ആര്‍ത്തുവിളിക്കുന്ന ധാര്ഷ്ട്യമല്ല...
 സര്‍ക്കാര്‍ ആശുപത്രികളില്‍ ശരിയായ ചികല്‍സ കിട്ടാതെ രോഗികള്‍ വലയുമ്പോള്‍... മരുന്നുകള്‍ക്ക് അനിയന്ത്രിതമായ വിലക്കയറ്റം സൃഷ്ടിച്ചുകൊണ്ട് മരുന്നുകമ്പനികള്‍ ജനങ്ങളെ ചൂഷണം ചെയ്യുമ്പോള്‍... അതിനെതിരെ ചെറുവിരല്‍ പോലും അനക്കാതെ... പൈങ്കിളി വാര്‍ത്തകള്‍ക്കുവേണ്ടി കുഞ്ഞിന്‍റെ വായില്‍ തുള്ളിമരുന്ന് ഇറ്റിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രാഷ്ട്രിയ പാപ്പരത്തമല്ല ജനം ആഗ്രഹിക്കുന്നത്... ഉച്ചിഷ്ടവും എച്ചിലും പെറുക്കുന്ന വാലാട്ടികള്‍ ഇതൊക്കെ വലിയ വാര്‍ത്തയായി അവതരിപ്പിക്കും... കാരണം മേശയില്‍ നിന്നും വീഴുന്ന എല്ലിന്‍ കഷണത്തിലാണ് അവരുടെ നോട്ടം... രാജാവ് തുണിയില്ലാതെ നടക്കുമ്പോഴും  അവര്‍ പറയും സര്‍വ്വാഭരണവിഭൂഷിതനാണെന്ന്... പക്ഷെ കണ്ടുനില്‍ക്കുന്ന ആം ആദ്മികള്‍ പറയും ദേ തുണിയുടുക്കാതെ നടക്കുന്ന ഭ്രാന്തനെന്നു...........

  വഴിയിലൂടെ വെളിവില്ലാതെ ഓടുക... വഴിയരുകില്‍ കാണുന്ന ചായക്കടയില്‍ ഓടിക്കയറി മസാലദേശ കഴിക്കുക... മുറുക്കാന്‍കടയില്‍ സോഡാ തപ്പുക.. പോലിസ് വാഹനത്തില്‍ ഓടിക്കയറുക.. ചാടിയിറങ്ങുക... നേഴ്സിന്‍റെ കൈയ്യില്‍ നിന്നും മരുന്നുവാങ്ങി കുഞ്ഞിന്‍റെ വായില്‍ ഒഴിക്കുക... ഇത്തരം വിക്രിയകള്‍ രാഷ്ട്രിയ പക്വതയുടെ ഉത്തമലക്ഷണമാണെന്നും  പ്രത്യേകിച്ചും ഇതൊക്കെയാണ്  ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള  വേണ്ടുന്ന അടിസ്ഥാനയോഗ്യതകളെന്നും പറയുന്നവരോട് സഹതപിക്കാനേ ആവൂ.. ഇത്തരം വിക്രിയകള്‍   കാണിക്കുന്നവര്‍ക്ക് അപ്പവും കോഴിയും കരിമീന്‍ വറുത്തതും കൊടുത്തു വയറുനിറയ്ക്കുക എന്നത് ഒരു മഹത്തായ സാമൂഹ്യസേവനവുമാണ്‌ അതുപറയാതിരിക്കാന്‍ വയ്യ.........ഭാവി പ്രധാനമന്ത്രിയെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടിക്കഴിഞ്ഞു... കഴുത്തില്‍ക്കിടക്കുന്ന സ്വര്‍ണ്ണമാല നാട്ടുകാരെ കാണിക്കാന്‍ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് അഴിച്ചിട്ടു നടക്കുന്നവരോട് ഒരു ചോദ്യം നിങ്ങള്‍ക്ക്  സ്വര്‍ണ്ണ അരഞ്ഞാണം  ധരിക്കാന്‍ അവസരം കിട്ടിയാല്‍ പൊതുജനം എന്തൊക്കെ കാണേണ്ടിവരും.... ആം ആദ്മികളെ സ്വര്‍ണ്ണ അരഞ്ഞാണം കൊടുക്കല്ലേ,,, പകരം ചൂല്‍ എടുത്തോളൂ... 

Saturday, January 11, 2014

ഈ ഉള്ളിതീറ്റക്കാരെ ജയിലില്‍ അടയ്ക്കണം..


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  അല്ലപിന്നെ; എന്നാലൊന്നു കാണണമല്ലോ; നമ്മളോടാ കളി.....കക്ഷവും ചന്തിയും പിഞ്ചിത്തുടങ്ങിയതുകൊണ്ടാണ് ഒരു ഷര്‍ട്ടും മുണ്ടും വാങ്ങാമെന്നു വെച്ചത്.. നാട്ടുകാരെ രക്ഷിക്കാന്‍ ഖാദിതന്നെ വാങ്ങാമെന്നും വെച്ചു. വില കേട്ടപ്പോഴാണ് ഞെട്ടിയത്. ഇപ്പൊ റിബേറ്റില്ല പോലും ..എന്നാലിപ്പോ വാങ്ങണില്ല ..തല്‍ക്കാലം കീറിയതു തുന്നി ഇടാം ..റിബേറ്റ് വരുമോന്ന് നോക്കട്ടെ... വാങ്ങാന്‍ ആളില്ലാതെ വരുമ്പോള്‍  തനിയെ വില കുറയുമെന്ന നീതിബോധം നന്നായി വര്‍ക്കഔട്ട് ചെയ്യണം.........നാളെ മുതല്‍ എല്ലാവരും തുണിയുടക്കാതെ നടക്കണം. തുണി ചിലവാകാതെ വരുമ്പോള്‍ കച്ചവടക്കാര്‍ തനിയെ വില കുറയ്ക്കും..
 കാലാവസ്ഥ മാറിയതുകൊണ്ടാണെന്നു തോന്നുന്നു തുമ്മലും ചീറ്റലും തുടങ്ങിയിട്ടുണ്ട്.. കാലിനും,കൈക്കും ഇപ്പൊ തലയ്ക്കും വേദന തുടങ്ങിയിരിക്കുന്നു... പനിയുടെ വരവാണെന്ന് തോന്നുന്നു.. ഒരു ഡോക്ടറെ കാണിക്കാമെന്നു വെച്ചാല്‍, കാണാന്‍ മാത്രം ഫീസ്‌ ഇരുന്നൂറ്റിയന്പത് രൂപയാണ്. മരുന്നിനു വേറെ പൈസകൊടുക്കണം ...എവിടുന്നു എടുത്തു കൊടുക്കും... ഇവന്മ്മാരെ ഒരു പാഠം പഠിപ്പിക്കണം ..ഡോക്ടറുടെ അടുത്തേയ്ക്ക് തല്ക്കാലം പോകുന്നില്ല... രോഗികള്‍ വരാതെ ഈച്ചയാട്ടുമ്പോള്‍ കണ്‍സല്‍ട്ടിംഗ് ഫീസ്‌ അന്പതായി കുറയ്ക്കും.  മരുന്നുവാങ്ങാന്‍ ആളില്ലാതാകുമ്പോള്‍ മരുന്നിന്‍റെ വിലയും തനിയെ കുറയും.. ഡിമാണ്ടില്ലാത്ത സാധനങ്ങള്‍ക്ക് വിലകുറയും.. കുറയട്ടെ എന്നിട്ടാകാം ആശുപത്രിയില്‍ പോകുന്നത്..ഇതൊരു അറിയിപ്പായി എല്ലാ രോഗികളും സഹകരിക്കണം..
 വീട്ടിലെ അരിയും പച്ചക്കറികളും തീര്‍ന്നതായി അടുക്കളയില്‍ നിന്നും അറിയിപ്പ് കിട്ടിയിട്ടുണ്ട്.. ഒരുദിവസം കൂടിയേ വല്ലതും തിന്നാന്‍ ഉണ്ടാകൂ വെന്നാണ് ഭാര്യ പറഞ്ഞിരിക്കുന്നത്.. സാരമില്ല കിണറ്റില്‍ ഇഷ്ടംപോലെ വെള്ളമുണ്ട്.. അതു കുടിച്ചു ജീവിക്കാം... വീടിനു ചുറ്റുമുള്ള മരങ്ങളില്‍ ധാരാളം ഇലകളുമുണ്ട്. അതും ചവച്ചുകഴിക്കാം.. അരിക്കും പച്ചക്കറിക്കും എന്താ വില.. ഓരോ ദിവസവും വില കൂടുകയല്ലേ..... എന്താ ഈ വിലക്കയറ്റത്തിന് കാരണം?. തീറ്റ... ജനത്തിന്‍റെ മുടിഞ്ഞ തീറ്റ... ഇതൊക്കെ വാങ്ങിത്തിന്നട്ടല്ലേ വിലകൂടുന്നത്.......... വാങ്ങരുത് ആരും വാങ്ങരുത്.. വാങ്ങാന്‍ ആളില്ലാതെ വരുമ്പോള്‍ തനിയെ വിലകുറയും... ആരും വണ്ടി ഓടിക്കരുത്. എണ്ണാവില തനിയെ കുറയും.......ആരും അടുപ്പു കത്തിക്കരുത്. ഗ്യാസ് വില തനിയെ കുറയും... ആരും ഹോട്ടല്‍ ഭക്ഷണം കഴിക്കരുത് വില തനിയെ കുറയും......വിലക്കയറ്റത്തിനുള്ള പ്രധാനകാരണം പൂഴ്ത്തിവെയ്പ്പോ, കരിഞ്ചന്തയോ ഒന്നുമല്ല; പൊതുജനത്തിന്‍റെ തീറ്റയും ആര്‍ത്തിയും മാത്രമാണ്.. എല്ലാത്തിനും വിരയുടെ അസുഖമാകാനാണ് സാദ്ധ്യത .. അതുകൊണ്ട് വിരമരുന്നിന്‍റെ വിതരണം ആരംഭിക്കണം..പോളിയോ മരുന്നിന്‍റെ വിതരണം പോലെ കാണുന്നവന്‍റെ വായിലൊക്കെ വിര മരുന്നു ഒഴിക്കണം... വിരരഹിത ജനം; വിലക്കയറ്റമില്ലാത്ത രാജ്യം ഇതായിരികണം മുദ്രാവാക്യം.....

  നാട്ടിലിങ്ങനെ വിലക്കയറ്റം കണ്ടമാനം ഉണ്ടാകുന്നത്, ജനമിങ്ങനെ വല്ലാതെ തിന്നുന്നതുകൊണ്ടാണെന്ന് എനിക്കും മന്‍മോഹനും പണ്ടേ തോന്നിയതാണ്... തിന്നുമുടിക്കുന്നതു കൊണ്ടാണ് അവശ്യസാധനങ്ങള്‍ക്ക് വില കൂടുന്നതെന്ന് അദേഹം പണ്ടേ പറഞ്ഞതാണ്; അന്നാരും കേട്ടില്ല.. വെറും അറുനൂറു രൂപ ഉണ്ടെങ്കില്‍ അഞ്ചംഗ ഫാമിലിയ്ക്ക് ഡല്‍ഹിയില്‍ ഒരു മാസം സുഭിക്ഷമാണെന്ന നഗ്നസത്യം പറഞ്ഞതിനാണ് മുഖ്യമന്ത്രി ഷീല ദിക്ഷിതിനെ ജനം ചൂലുകൊണ്ട് അടിച്ചോടിച്ചത്.. നൂറുരൂപ മുടക്കി ഐസ് ക്രീം കഴിക്കുന്ന ജനത്തിനു ഒരുരൂപയ്ക്ക് അരി കൊടുക്കേണ്ടന്നു പറഞ്ഞ ഒരു മാന്യമന്ത്രിയ്ക്കുള്ള അടി വരുന്ന ഇലക്ഷനില്‍ ഉറപ്പിക്കാം.. ഇങ്ങനെ ജനത്തിന്‍റെ തീറ്റകുറച്ച് വിലക്കയറ്റം നിയന്ത്രിക്കാന്‍ പറഞ്ഞ മാന്യ ദേഹങ്ങളെയൊന്നും ജനങ്ങള്‍ വെറുതെ വിടുന്നില്ല.. പക്ഷെ ജനമിങ്ങനെ തിന്നു മുടിക്കുന്നതാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണമെന്ന്‍ കഴിഞ്ഞ ദിവസം കോടതിയ്ക്ക് മനസ്സിലായി... സവോള തീറ്റ കുറച്ചാല്‍ സവോള വില കുറയുമെന്ന സത്യം കോടതിയും പറഞ്ഞിരിക്കുന്നു... ഇതു മനസിലാവാത്ത ഒരു കൂട്ടമേയുള്ളൂ; പൊതുജനം.. പറഞ്ഞിട്ടു കാര്യമില്ല.. വിവരമില്ല.... വികാരമേയുള്ളൂ... വയറു കായുമ്പോള്‍ നിലവിളിക്കും, പിന്നെ തീറ്റ തുടങ്ങും, പിന്നെ വെറും ഉറക്കം...

  ഇന്ത്യയിലെ സാധാരണക്കാരുടെ പ്രധാനഭക്ഷണം ചിക്കന്‍ ബിരിയാണിയും നൂഡില്‍സും ആയതിനാല്‍ ടച്ചിങ്ങ്സായി സവോളയാണ് കൂടുതലും ഉപയോഗിക്കുക.. ബസുമതി അരി ഉപയോഗിച്ചാണ് ഗ്രാമീണര്‍ അധികം കഞ്ഞി വയ്ക്കുന്നത്.. അതു വേവാനും സവോളയും ഉള്ളിയും വളരെ അത്യാവശ്യമാണ്... ഇതു നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ റേഷന്‍ കട വഴി എലിക്കാഷ്ടം അടങ്ങിയ നല്ല ഒന്നാംതരം പുഴുവരി കൊടുക്കുന്നത്.. ഇതൊന്നും അവറ്റകള്‍ വാങ്ങില്ല... എപ്പോഴും ഉള്ളികൂട്ടി ബിരിയാണി തിന്നണം പോലും.. ഇവിടെ പ്രധാനമന്ത്രിപോലും കഞ്ഞിയും പപ്പടവും പേരിനൊരു മുളകും കടിച്ചു ജീവിക്കുന്ന നമ്മുടെ രാജ്യത്താണ് ജനമിങ്ങനെ ഓവര്‍ ഉള്ളിതീറ്റ നടത്തുന്നത്.. സവോള കഴിച്ചാലേ വിശപ്പ് തീരൂ എന്നൊക്കെ പറയുന്നത് ജനത്തിന്‍റെ അഹങ്കാരംകൊണ്ടാണ്..ഈ അഹങ്കാരം വകവെച്ചുകൊടുത്താല്‍ രാജ്യത്തു ഭയങ്കര വിലക്കയറ്റം ഉണ്ടാകും; ഒരു സംശയവും വേണ്ട.. രാജ്യത്തുള്ള ഏതു ദരിദ്രവാസിയുടെ കൈയ്യിലും എപ്പോഴും കോടിക്കണക്കിനു രൂപ ഉള്ളതുകൊണ്ട്, ഉള്ളി കണ്ടാല്‍ ചാക്ക് കണക്കിന് വാങ്ങി തിന്നും.... അതുകൊണ്ട് ഉള്ളിചാക്ക് കാണരുത്, കാണിക്കരുത്..........  ചാക്കിനുള്ളിലെ സാധനം കാണാതിരിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം കട തുറക്കാതിരിക്കലാണ്.. കട തുറന്നാലല്ലേ സാധനം വാങ്ങാന്‍ കഴിയൂ... കട തുറക്കരുതെന്ന് കച്ചവടക്കരോട് പറഞ്ഞാല്‍ ലെവന്മാര്‍ കേള്‍ക്കില്ല.. തുറന്നവനും അടച്ചുപൂട്ടി വീട്ടില്‍ പോകാന്‍ ഒരു വഴിയേയുള്ളൂ; ഹര്‍ത്താല്‍..  അതാകുമ്പോള്‍ ഒരുത്തനും കട തുറക്കില്ല...കട തുറന്നില്ലേല്‍ ജനം അരി വാങ്ങില്ല, സവോള വാങ്ങില്ല. സാധനത്തിനു ചിലവില്ലാത്തതിനാല്‍ വിലക്കയറ്റം നഹി.... അരിസാധനങ്ങള്‍ കിട്ടിയില്ലേല്‍ അടുപ്പ് കത്തിക്കേണ്ട ആവശ്യമില്ല..ഗ്യാസ് ഉപയോഗം നഹി... നല്ലൊരു ഊക്കന്‍ ഹര്‍ത്താല്‍ നടത്തിയാല്‍ വണ്ടി ഓടില്ല, പമ്പ് തുറക്കില്ല എണ്ണയ്ക്കും ചിലവുണ്ടാകില്ല... എണ്ണവില വര്‍ധനവും നഹി.....അങ്ങനെ ചുരുക്കത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനുള്ള എളുപ്പവഴി ഹര്‍ത്താല്‍ നടത്തുക എന്നതാണ്.. കട തുറക്കാതിരിക്കണമെങ്കില്‍, ജനം അരി വാങ്ങാതിരിക്കണമെങ്കില്‍ സവോള തിന്നതിരിക്കണമെങ്കില്‍ അടുപ്പ് കത്താതിരിക്കണമെങ്കില്‍, ഗ്യാസ് ഉപയോഗിക്കാതിരിക്കണമെങ്കില്‍ ഹര്‍ത്താല്‍ ആവശ്യമാണ്... വണ്ടി ഓടാതിരിക്കാന്‍ , പമ്പ്` തുറക്കാതിരിക്കാന്‍, അങ്ങനെ എണ്ണ ഉപയോഗം കുറയ്ക്കാന്‍ ഹര്‍ത്താല്‍ ആവശ്യമാണ്...അതുകൊണ്ട് വിലക്കയറ്റം തടയാനും, രാജ്യ പുരോഗതിയിലേക്ക് നയിക്കാനും  അത്യാവശ്യമായ ഹര്‍ത്താലിനും ബന്ദിനുമുള്ള നിരോധനം പിന്‍വലിക്കണം... ജനം തീറ്റകുറയ്ക്കുന്ന കാലംവരെ ഇതു തുടരണം.. ആഴ്ചയില്‍ അഞ്ചു ഹര്‍ത്താലും രണ്ടു പ്രവര്‍ത്തി ദിനവുമായി കലണ്ടര്‍ ചുരുക്കണം.. ഹര്‍ത്താല്‍ ദിവസങ്ങളില്‍ വീടുകളില്‍ അടുപ്പ് കത്തിക്കാന്‍ പാടില്ലയെന്ന നിയമവും ഇറക്കണം.. അങ്ങനെ വരുമ്പോള്‍ ജനങ്ങളുടെ തീറ്റഭ്രമം നന്നായി കുറയുമെന്ന് ഉറപ്പാണ്.. വിലക്കയറ്റം ഒരു തരത്തിലും ഉണ്ടാവില്ല.. ചിക്കന്‍, മട്ടന്‍, ബീഫ്, അരി, ഉള്ളി, സവോള, പയര്, കിഴങ്ങ്, പച്ചക്കറികള്‍ തുടങ്ങിയ വാങ്ങുന്നവരില്‍നിന്നും ആഡംബരടാക്സും; ഇവ കഴിക്കുന്നവരില്‍ നിന്ന്‍ ആമാശയ ടാക്സും പിരിക്കണം... പുല്ലും വൈക്കോലും കാടിയും കഴിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി ഉദര സബ്സിഡി അനുവദിക്കണം.. സബ്സിഡി വിതരണം ആധാറുമായി ബന്ധിപ്പിക്കണം.. ജനങ്ങളുടെ തീറ്റ എങ്ങനെയും കുറച്ച് വിലക്കയറ്റം തടയേണ്ടതാണ്... അല്ലെങ്കില്‍ പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാരും  ഉയര്‍ന്ന ഉദ്യോഗസ്ഥരും തലമുതിര്‍ന്ന രാഷ്ട്രിയനേതാക്കളും വിലക്കയറ്റം നിയന്ത്രിക്കാന്‍വേണ്ടി ഇപ്പോള്‍ നടത്തുന്ന ത്യാഗങ്ങളും, ആഡംബരങ്ങള്‍ വെടിഞ്ഞ് വെറും കഞ്ഞിയും പപ്പടവും അച്ചാറും കഴിക്കുന്നതുകൊണ്ടും ഫലം ഉണ്ടാകില്ല... നമ്മുടെ നേതാക്കള്‍ ഇങ്ങനെ കഞ്ഞിയും ചമ്മന്തിയും കഴിച്ചിട്ടും ഈ ജനമെന്തേ ഇതൊന്നും കണ്ടുപഠിക്കാതെ ബിരിയാണിക്കുവേണ്ടി നിലവിളിക്കുന്നത്...??/

Friday, January 10, 2014

അങ്ങനെ; സോണിയാമാഡത്തിനും അമ്പലമായി.....


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  സ്വയം അമ്പലങ്ങള്‍ പണിത്, അതിനുള്ളില്‍ കയറിക്കൂടി ടിക്കറ്റു വെച്ചു ഭക്തരെ കടത്തിവിടുന്ന  തിനൂതന ആള്‍ ദൈവങ്ങളുടെ നാടാണിത്. കെട്ടിപ്പിടിക്കാന്‍ അഞ്ഞൂറ്, ഉമ്മ വെക്കാന്‍ ആയിരം, തലയില്‍ ചവിട്ടാന്‍ രണ്ടായിരം...... എന്നിങ്ങനെ ടിക്കറ്റു നിരക്കും വെച്ചിട്ടുണ്ട്... ആശ്രമത്തിന്‍റെ  അകത്തേയ്ക്ക് കടക്കണമെങ്കില്‍  ദൈവമാകാന്‍ അഞ്ഞൂറ് പൊടിക്കൈകള്‍ അഥവ ഞാനാകുന്നു ദൈവം’..   എന്ന പുസ്തകവും വാങ്ങണം.. ഇങ്ങനെ വയറ്റിപ്പിഴപ്പിനെ അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടിലാണ്  ഇന്ത്യയിലെ അമ്പലം വിഴുങ്ങി ആള്‍ ദൈവങ്ങളുടെ നിലനില്‍പ്പ്‌.. ഇവരെല്ലാംതന്നെ  താന്‍ ദൈവമാണെന്ന് സ്വയമങ്ങു പ്രഖ്യാപിക്കും; അവരുടെ കാലം കഴിയുന്നതോടെ ശിഷ്യരുതമ്മില്‍ കടിപിടിയും അടിപിടിയുമായി ആശ്രമം പൊളിച്ചടക്കും... ഉറുക്ക് കെട്ടുകാരും വെള്ളം ഓതുന്നവരും പോലിസിനെക്കാണുമ്പോള്‍ ഓടി തടിയെടുക്കും,,, നഗ്നപൂജകള്‍ നടത്തി നിര്‍വാണം അടയുന്നവര്‍ ഒടുക്കം ജയിലില്‍ ഉണ്ട തിന്നും...പല ആശ്രമങ്ങളും അത്ഭുതകേന്ദ്രങ്ങളും ശല്യം സഹിക്ക വയ്യാതാകുമ്പോള്‍ നാട്ടുകാരു തന്നെ  പൊളിച്ചടുക്കും. ഇങ്ങനെയൊക്കെയാണ്  നമ്മുടെ ന്യൂജനറേഷന്‍  ഭക്തി പ്രസ്ഥാനങ്ങളുടെ പൊതു അവസ്ഥ..  അത്യാവശ്യം ഞൊടുക്കുവിദ്യകള്‍ കൈയ്യിലുള്ള ആര്‍ക്കും ദൈവമാകാം...ഭാഗ്യം തുണച്ചാല്‍  കൈനനയാതെ  മീന്‍ പിടിക്കാം... നിലവിലുള്ള ബൂര്‍ഷ്വാ ദൈവങ്ങളെ ആശ്രയിച്ച് ഗതികിട്ടാതെ ഊമ്പിത്തിരിഞ്ഞ  ഭക്തന്മാര്‍  വരിവരിയായി എത്തും... ഭക്തരുടെ എണ്ണം കൂടുന്നതോടെ രാഷ്ട്രിയക്കാരും എത്തും. പിന്നെ സമയം തെളിഞ്ഞു... രാഷ്ട്രിയക്കാര്‍ പൊതുവേ അമ്പലം പണിത് സ്വയം ദൈവമാകാതെ ഈ ഞൊടുക്കു വിദ്യക്കാര്‍ക്ക് ശിഷ്യപ്പെടുകയാണ് ചെയ്യുന്നത്...രാഷ്ട്രിയവും, ദൈവംകെട്ടലും രണ്ടും ഒന്നിച്ചുകൊണ്ടുപോകാന്‍ ചില്ലറ പ്രായോഗിക വിഷമം ഉള്ളതുകൊണ്ടാകാം... ചന്ദ്രസ്വാമി മുതല്‍ സന്തോഷ്‌ മാധവന്‍ തുടങ്ങിയ സ്പെഷ്യലിസ്റ്റുകള്‍  തകൃതിയായി പൂജകള്‍ നടത്തിയത്.. എന്നാല്‍ അനുയായികളെക്കൊണ്ട് അമ്പലം പണിയിച്ച് അതില്‍ കയറിക്കൂടി  പ്രാദേശിക ദൈവങ്ങളായി വിലസുന്ന ജയലളിത മായാവതി തുടങ്ങിയ ഉഗ്രമൂര്‍ത്തികളെയും ഇതിനിടയില്‍  കാണാം......ഇനിയിപ്പോ ദേശിയ രാഷ്ട്രിയത്തിലും അമ്പലം പണിത്  ശ്രീകോവിലില്‍ കയറിക്കൂടാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.. വമ്പന്ദൈവങ്ങളെ പ്രീതിപ്പെടുത്താന്ചെറുകിട ദൈവങ്ങള്അമ്പലങ്ങള്പണിയാന്തുടങ്ങിയിരിക്കുന്നു...
  തെലുങ്കാനസംസ്ഥാനം സൃഷ്ടിച്ചതിലൂടെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട സോണിയാഗാന്ധിയുടെ പേരില്‍ ആന്ധ്രായില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ റാവുവാണ് ക്ഷേത്രം നിര്‍മ്മാണത്തിനൊരുങ്ങുന്നത്. എന്തധികാരം ഉപയോഗിച്ചാണ്; ഒരധികാരവും ഇല്ലാത്ത സോണിയാജി തെലുങ്കാന ഉണ്ടാക്കിയതെന്ന് അറിയല്ല...ഒരുപക്ഷെ ശൂന്യതയില്‍ നിന്നും എടുത്തതാകണം.. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ സോണിയയുടെ പ്രതിമാ നിര്‍മ്മാണം പൂര്‍ത്തിയായി. 500 കിലോ വെങ്കലത്തിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.സോണിയാജിയെ പ്രധാന മൂര്‍ത്തിയാക്കുമ്പോള്‍ ഉപദൈവങ്ങളായി മന്‍മോഹനെയും ചിദംബരണ്ണനേയും  സ്ഥാപിക്കെണ്ടതാണ്.. കാരണം ഈ പ്രശ്നത്തില്‍ വന്ന തെറിയെല്ലാം പിടിച്ചത് ഈ പാവങ്ങളാണ്..  ദേശീയ അവാര്‍ഡ് ജേതാവായ ശില്‍പിയാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ അടുത്ത വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവില്ലായെന്നു പ്രതീക്ഷിക്കാം .

  സോണിയയുടെ പ്രതിമ നില്‍ക്കുന്ന സ്ഥലം സോണിയാഗാന്ധി ശാന്തിവനം എന്നായിരിക്കും ഇനിമേല്‍ അറിയപ്പെടുക. സ്ഥാനങ്ങള്‍ കിട്ടാതെ അശാന്തിയുമായി നടക്കുന്ന എല്ലാ നേതാക്കള്‍ക്കും ഭജന ഇരിക്കാനും,,, തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ വട്ടായിപ്പോകുന്ന നേതാക്കളെ പുനരധിവസിപ്പിക്കാനുമുള്ള സൌകര്യങ്ങള്‍ ഈ ശാന്തിവനത്തില്‍ ഉണ്ടായിരിക്കുന്നതാണ്... വനത്തിലെക്കുള്ള വഴിയറിയാതെ ആരും വിഷമിക്കാതിരിക്കാന്‍  ബാംഗ്ലൂര്‍-ഹൈദ്രാബാദ് ദേശീയപാതയിലാണ് അമ്പലം നിര്‍മ്മിക്കുന്നത്....
 രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ കവലതോറും സ്ഥാപിച്ച് കാക്ക തൂറാനുള്ള അവസരം നമ്മള്‍ നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്...പ്രാദേശിക പകിടകളി രാഷ്ട്രിയക്കാര്‍ സ്വന്തം പ്രതിമകള്‍ നാട്ടുകാരുടെ ചിലവില്‍ ഉണ്ടാക്കി സ്ഥാപിക്കുന്നുമുണ്ട്..ഏതും പോരാഞ്ഞ്‌ ഹസരെയണ്ണനും പറയുന്നു പ്രതിമ വേണമെന്ന്.. ഇങ്ങനെ എല്ലാവരും പ്രതിമകളായി മഴയും വെയിലും കൊണ്ട് കാക്കയും തൂറി കവലകളില്‍ നില്‍ക്കുമ്പോള്‍ ഒരു ചെയ്ഞ്ച് ആവശ്യമാണ്. അങ്ങനെയാണ് അമ്പലമെന്ന ആശയം വന്നത്.. അതാകുമ്പോള്‍ കാറ്റും വെയിലും മഴയും കൊള്ളേണ്ട നല്ല സുഖയിരുപ്പിരിക്കാം. ഭക്തര്‍ വണ്ടിപിടിച്ചു എത്തിക്കോളും.. ഭണ്ടാരംവെച്ചു പിരിവും തുടങ്ങാം...
 രാഷ്ട്രപിതാവ് ഗാന്ധിജിയാണെന്നു പറയുമ്പോള്‍ മാതാവ് ആരാണെന്ന ചോദ്യം അവശേഷിച്ചിരുന്നു; ഇനിയിപ്പോള്‍ അതിനും ഉത്തരമായി... ഗാന്ധിജി ഒറ്റത്തുണിയുംച്ചുറ്റി കട്ടിക്കണ്ണടയുംവെച്ചു വടിയുംകുത്തി കവലകളില്‍ നില്‍ക്കുമ്പോള്‍; ഇതിപ്പോ കിരീടവും ചെങ്കോലുമൊക്കെ പിടിച്ചാണ് നില്‍പ്പ് ഒരു മാറ്റം വേണമല്ലോ.. ഗാന്ധിജിയുടെ കാലത്തേ ദരിദ്രമെല്ലാം മാറി രാജ്യം സമ്പന്നതയുടെ ഉത്തുംഗ ശൃംഗത്തിലെത്തിയിരിക്കുന്നു എന്നതാണ് ഇതിലെ സൂചന... ഇനിയിപ്പോ പട്ടിണിയുടെ ലക്ഷണമായ ഗാന്ധിപ്രതിമകളെല്ലാം മാറ്റി ഇമ്മാതിരി ദേവി പ്രതിമകള്‍ സ്ഥാപിക്കാം...

 കുത്തക മതങ്ങളുടെ കസ്റ്റഡിയിലുള്ള ബൂര്‍ഷ്വാ ദൈവങ്ങളെ വിളിച്ചിട്ട് ഇപ്പോള്‍ കാര്യമൊന്നുമില്ല...അവരൊക്കെ ഉറക്കത്തിലാണ്. അരിവില, ഗ്യാസ് വില, എണ്ണവില ഇതെല്ലാം രായ്ക്കുരാമാനം ചൊവ്വായിലേക്ക് വിട്ട റോക്കറ്റ് പോലെ കുതിക്കുകയാണ്.. ഭ്രമണപഥം തെറ്റുമെന്നോ പോയപോലെ തിരിച്ചുവരുമെന്നോയുള്ള പ്രതീക്ഷ വേണ്ട.. ചൊവ്വയിലേക്ക് പോയ റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് വിലകയറിപ്പോകുന്നത്.. പക്ഷെ നമ്മുടെ അനൂപ്‌ മന്ത്രിപറഞ്ഞത് കേരളത്തില്‍ വിലക്കയറ്റമേ ഇല്ലായെന്നാണ്. മന്ത്രി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ബൂര്‍ഷ്വാ ദൈവങ്ങളൊന്നും സാധരണക്കാരന്‍റെ പ്രാര്‍ഥന കേള്‍ക്കണമട്ടില്ല.. ഇനിയിപ്പോ ഒറ്റ രക്ഷയേയുള്ളൂ സോണിയാ മാതാവിന്‍റെ അമ്പലത്തില്‍ നേര്‍ച്ചകൊടുക്കുക..തീര്‍ഥാടനം നടത്തുക. അധികാരം കൈയ്യിലുള്ള ജീവനുള്ള ദൈവമാകുമ്പോള്‍ ഭക്തരുടെ അപേക്ഷയില്‍ വേണമെങ്കില്‍ തീരുമാനമെടുക്കാം... കാലക്രമത്തില്‍ മാഡം ഇന്ത്യയുടെ പൊതുദൈവമാകാനും സാദ്ധ്യതയുണ്ട്.. പാര്‍ട്ടിയിലുള്ളവരെല്ലാം മാഡത്തെ ദൈവമായി ആരാധിക്കണമെന്നൊരു ഫത്വവ ഇറക്കിയാല്‍ മതി.. എല്ലാ പഞ്ചായത്തിലും സോണിയ അമ്പലങ്ങള്‍ നിര്‍മ്മിക്കണമെന്നും അതിനുള്ളില്‍ പ്രതിമസ്ഥാപിച്ച് പൂജകള്‍ ആരംഭിക്കണമെന്നും ഓര്‍ഡര്‍ ഇറക്കണം... ഈ അമ്പലങ്ങളിലെ പൂജാരിമാരെ മാത്രമേ മേലില്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിയമിക്കുവെന്നും പറയണം... പട്ടിണിക്കും വിലക്കയറ്റത്തിനും  അഴിമതിക്കും പരിഹാരമായി എല്ലാ വീടുകളിലും സോണിയാപ്രതിമകള്‍ സ്ഥാപിച്ച് ജപാര്‍ച്ചനകള്‍ നടത്താന്‍ ജനങ്ങളെ ഉദ്ബോദിപ്പിക്കണം.... ഭക്തര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ കൊടുക്കാവൂ.. മാത്രമല്ല വര്‍ഗ്ഗിയതയുടെ മുനയൊടിക്കാന്‍ ഏറ്റവും നല്ല മര്ഗ്ഗവുമാണ് ഇത്തരം സെക്യൂലര്‍ ദൈവങ്ങള്‍... ദേവി മഹാമായേ രക്ഷിക്കണേ... പത്തുകൊല്ലം ഭരിച്ചപ്പോള്‍ നാടിനുണ്ടായ ആകെയൊരു ഗുണം... ആം ആദ്മി പോലുള്ള ഒരു പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ കഴിഞ്ഞുവെന്നതാണ്.. അത് വലിയൊരു മാറ്റം തന്നെയാണ്... ഈ മാറ്റം രാജ്യംമുഴുവന്‍ വരണമെങ്കില്‍ കവലകള്‍ത്തോറും ഇത്തരം അമ്പലങ്ങള്‍ വരണം... അന്നം മുട്ടിക്കുന്ന ദൈവത്തെ കണികണ്ട് ജനം ഉണരണം... ആം ആദ്മികള്‍ക്ക് ചൂല്‍ കയ്യിലെടുക്കാനുള്ള ഊര്‍ജം ഈ അമ്പലങ്ങള്‍ തരുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവും വേണ്ട...അതൊരു വലിയ കാര്യമല്ലേ ... അതുകൊണ്ട് അമ്പല നിര്‍മ്മാണവും പ്രതിഷ്ടാസ്ഥാപനവും നടക്കട്ടെ...