**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, November 27, 2012

കത്തിപ്പോയ തീപ്പെട്ടികമ്പനി വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

 ഫയലുകളും സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ ഇറങ്ങിയതാണ്. ചെറിയൊരു തീപ്പെട്ടികമ്പനി തുടങ്ങണമെന്നാണ് മോഹം. ഒരു വ്യവസായിയാകുക എന്നുള്ളത് കുഞ്ഞുനാളിലേയുള്ള ഒരു മോഹമായിരുന്നു. ജാതകംകുറിച്ച കണിയാന്‍ പണ്ടേ പറഞ്ഞതാണ്‌ ഇവന്‍ വ്യവസായിയാകുമെന്ന്; അതുകൊണ്ട് ആക്കാര്യത്തില്‍ വീട്ടുക്കാര്‍ക്കും തര്‍ക്കമില്ല. മകനൊരു വ്യവസായിയായിക്കണ്ടിട്ടു മരിച്ചാല്‍മതിയെന്ന പ്രാര്‍ത്ഥനയുമായി ജീവിക്കുന്ന മാതാപിതാക്കളെ സാക്ഷിനിറുത്തി ദൈവങ്ങളുടെ മുമ്പില്‍ സാമ്പ്രാണിയും കത്തിച്ച് തേങ്ങായുമുടച്ചു ഇറങ്ങിയതാണ്... വന്നവഴിക്കൊരു കണ്ടന്‍പൂച്ച വിലങ്ങനെ ചാടിയതുകൊണ്ടാണോയെന്നറിയില്ല; തേരാപാര നടപ്പുതന്നെയാണ്. ചെറുകിടവ്യവസായത്തിന്‍റെ ജില്ലാഓഫീസില്‍ ചെന്നപ്പോളാണ് പറഞ്ഞത് സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ കോപ്പികൂടി വേണമെന്ന്... ഫോട്ടോസ്റ്റാറ്റ്കടയും തപ്പി നടപ്പുതുടങ്ങിയിട്ട് നേരം കുറെയായി... ഒരെണ്ണം കണ്ടുപിടിച്ചപ്പോളാണ്  അറിഞ്ഞത് കടയുടമ കല്യാണത്തിന് പോയിരിക്കുകയാണ് ഉച്ചകഴിഞ്ഞേ കട തുറക്കുകയുള്ളൂവെന്ന്. കാര്യം നടക്കണമല്ലോ അതുകൊണ്ട് ഓട്ടോപിടിച്ച് അടുത്ത ജംഗ്ഷനില്‍ച്ചെന്ന് ഫോട്ടോസ്റ്റാറ്റും ഒപ്പിച്ച്; എല്ലാം കുത്തികെട്ടി ക്ലര്‍ക്കിനെ ഏല്‍പ്പിച്ചു. ആശാന്‍ അവിടെയുമിവിടെയും നാലുസീലും കുത്തി സൂപ്രണ്ടിന്‍റെ അടുത്തേയ്ക്ക് കൊണ്ടുപോയ്ക്കൊളാന്‍ പറഞ്ഞു. അദേഹത്തെ ചെറിയ പരിചയമുണ്ട്. അതുകൊണ്ട് അവിടെ താമസം വരില്ലായെന്ന് കരുതി.... അവിടെച്ചെന്നപ്പോളാണ് അറിഞ്ഞത്  ആളുവന്നിട്ടില്ല.

 വരവും പ്രതിക്ഷിച്ചു സൂപ്രണ്ട് എന്നെഴുതിയ വാതിലിനു പുറത്തു പട്ടികുത്തിയിരിക്കുന്നതുപോലെ ഇരിപ്പുതുടങ്ങിയിട്ട് നേരം കുറയെയായിരിക്കുന്നു. രാവിലെ കഴിച്ച ദോശയും, ചമ്മന്തിയുമെല്ലാം ദഹിച്ചു കഴിഞ്ഞു.വിശപ്പ്‌ ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു.സൂപ്രണ്ടദേഹം ഇതുവരെ വന്നിട്ടില്ല.തെക്കുവടക്ക് ലാത്തുന്ന പ്യൂണിനോട് കാര്യംതിരക്കി.

       സൂപ്രണ്ട് എപ്പൊ വരും....................

         ഇപ്പൊ വരും...........

 ഇപ്പൊവരുമെന്നു പറഞ്ഞാല്‍ എപ്പൊ വരും.... ഞാനി ഇരുപ്പുതുടങ്ങിയിട്ട് നേരംകുറെ ആയേ ........

 അതിനു ഞാന്‍ പറഞ്ഞോ ഇവിടിരിക്കാന്‍ ...ഉച്ചയ്ക്ക് മുന്‍പ്‌ അദേഹം വരേണ്ടതാണ് .താന്‍ പുറത്തുപോയി ഒരു ചായയൊക്കെ കുടിച്ചിട്ട് വാ.. ..അദേഹംവരുമ്പോള്‍ ഞാന്‍ പറഞ്ഞേക്കാം...

        വളരെ ഉപകാരം..............

 വിശന്നിട്ടുവയ്യ..... ഒരു ചായ കുടിക്കാമല്ലോയെന്ന സന്തോഷത്തില്‍ പുറത്തിറങ്ങി.അടുത്തൊങ്ങുമൊരു നല്ല ചായക്കട പോലുമില്ല. കാന്റീന്‍ എന്നെഴുതിയ ഭാഗത്ത്‌ രണ്ടുമൂന്നു പശുക്കളുകിടന്നു അയവിറക്കുന്നുണ്ട്. ‘ചായ റെഡി’ എന്നെഴുതിയ പെട്ടിക്കട ലക്ഷ്യമാക്കി നടന്നു

       ഒരു ചായ......................

           ങ്ങൂം...........സ്ട്രോന്ങ്ങോ.., ലൈറ്റോ.........?

        ഒരു സ്ട്രോങ്ങ്‌ തന്നെ ആയിക്കോട്ടെ.......

കടക്കാരന്‍ ഒരു കിഴവനാണ്. എല്ലാത്തിനുമതിന്‍റെയൊരു സ്പീഡ്‌കുറവ്‌ കാണാനുമുണ്ട് . ഇന്നത്തെ ആദ്യ ചായക്കാരന്‍ ഞാനാണെന്ന് തോന്നുന്നു. കാറ്റടിയും, കരടുകുത്തലുമായി സ്റ്റവ് കത്തിക്കാന്‍തന്നെ പത്തുമിനിട്ട് എടുത്തു. ചായപ്പാത്രം ഇന്നലത്തെപ്പടിയാണ്. അത് ഉറച്ചുകഴുകി വെള്ളം വച്ച് പൊടിയിട്ട് തിളയ്ക്കാന്‍ വീണ്ടുമൊരു പത്തുമിനുട്ട്.അങ്ങനെ ഇരുപതു മിനുട്ട്കൊണ്ട് ചായ റെഡി.....

   കടിക്കാന്‍ എന്നാ വേണ്ടത്............??

    എന്നാ ഉള്ളത്..?

     കേക്കുണ്ട്; എടുക്കട്ടെ.............

ബോണ്ട, പഴംപൊരി, പരിപ്പുവട അങ്ങനെ വല്ലതുമുണ്ടോ..?

ഓ... ചിലവ് കുറവാ സാറെ.... അതൊക്കെ ഉണ്ടാക്കണേല്‍ വല്യ ചിലവാ...

        എന്നാല്‍ കേക്ക്‌ താ ...

പട്ടിയ്ക്കിട്ട് എറിയാവുന്ന കണക്കിലുള്ള ഒരുകഷണം.... ‘കേക്ക്’ എന്നപേരില്‍ എടുത്തുതന്നു. ഒരു കടി കടിച്ചതേയുള്ളൂ; വായുടെ ഒരു വശം മരച്ചുപോകുന്ന അനുഭവം. മെറ്റലില്‍ കടിക്കുന്ന അവസ്ഥ. പൂപ്പല്‍ചുവകലര്‍ന്ന ഒരുതരം മധുരം. അടര്‍ന്നുകിട്ടിയ ചെറിയകഷണത്തെ ചായയുടെ സഹായത്തോടെ കുതിര്‍ത്തു ഉള്ളിലാക്കി.അങ്ങനെ കേക്കുമായുള്ള കടിപിടിയില്‍; ചായുംതീര്‍ത്തു; പൈസയും കൊടുത്തു വീണ്ടും ഓഫിസിലേക്ക് തിരിച്ചു.

  സൂപ്രണ്ട് എന്നെഴുതിയവാതില്‍ അപ്പോഴും അടഞ്ഞുതന്നെ.നാല് തെറി ഉച്ചത്തില്‍ വിളിക്കണമെന്നു തോന്നി. പക്ഷെ നിശാബ്ദ്തപാലിക്കുക എന്നെഴുതിയ ബോര്‍ഡ്‌ ഒരു സൈഡിലെ ആണിപറഞ്ഞു കാറ്റത്തുകിടന്നാ ടുന്നത് കണ്ടപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചു. വരാന്തയിലെ ബെഞ്ചില്‍ അമര്‍ന്നിരുന്ന് സൂപ്രണ്ട് വരുന്നുണ്ടോയെന്നു നോക്കുന്നസമയത്ത് ഉള്ളില്‍ ചില നീക്കങ്ങള്‍ നടക്കുന്നതായുള്ള ഒരു അനുഭവം ....ചില മൂളലും ഞരങ്ങലുമൊക്കെ .....ഭഗവാനെ പണി പാളുമോ

 ഞരക്കവും, മൂളലും വേദനയായിമാറാന്‍ അധികസമയം എടുത്തില്ല. വേദനകൂടിക്കൂടി അതൊരു ഉള്‍വിളിയായി മാറി. ഓടിക്കോ ഓടിക്കോ എന്ന് മനസ്സ് മുന്നറിയിപ്പ് തന്നുകഴിഞ്ഞു.... ഇനി രക്ഷയില്ല..

എതിരെ വന്ന പ്യൂണിനെ ഒന്നേ, രണ്ടേ എന്നിങ്ങനെ വിരലുകള്‍ കൊണ്ട് അടയാളങ്ങള്‍ കാണിച്ച് സ്ഥലം എവിടെയാണെന്ന് ചോദിച്ചു.

     എന്താ....

   അയാള്‍ക്ക് ഒന്നും തിരിയുന്നില്ല

അവസാനം പച്ച മലയാളത്തില്‍ കാര്യം ചോദിക്കേണ്ടി വന്നു

  തൂറാന്‍ മുട്ടുന്നു.. കക്കൂസ് എവിടെ .....

 ആദ്യം അമ്പരന്ന അയാള്‍; ദേ അവിടെ എന്ന് ചുണ്ടിക്കാണിച്ച ഭാഗം ലക്ഷ്യമാക്കി ഞാന്‍ ആദ്യംനടത്തവും പിന്നിട് ഓട്ടവും നടത്തി.....

 ടോയിലറ്റ് എന്നെഴുതിയ വാതിലും തല്ലിപ്പോളിച്ചു അകത്തു കടന്നു.അപ്രതിക്ഷതമായ എന്‍റെയാ തള്ളിക്കയറ്റത്തില്‍ മുറിയില്‍ നിന്നും എന്തൊക്കെയോ ക്ഷുദ്ര ജീവികള്‍ പുറത്തേയ്ക്കിറങ്ങി ഓടി. ക്ലോസറ്റ്‌ ഭാഗത്തേയ്ക്ക് ഒന്നേനോക്കിയുള്ളൂ...... ഭഗവാനെ തല ചുറ്റുന്നു.      അകത്തേയ്ക്ക് കേറിയതിനെക്കാള്‍ വേഗത്തില്‍ പുറത്തേയ്ക്കോടി.... കൌണ്ട്ഡൌണ്‍ തുടങ്ങികഴിഞ്ഞു... .ഇനി രക്ഷയില്ല...

 എവിടെയാണ്.... എവിടെയാണാ പുതിയസ്ഥലം..പുതിയസ്ഥലം...... പുതിയമുഖം പുതിയസ്ഥലമായിമാറി .മതിലിനോട് ചേര്‍ന്ന് കുറ്റിക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്ന സ്ഥലത്തേയ്ക്ക് കുതിച്ചു. ഒരു കുതിപ്പും, ഒരു കിതപ്പും, ഒരു ഇരിപ്പും. എല്ലാം പൂര്‍ത്തിയായിരിക്കുന്നു.ആശ്വാസമായി ഗോപിയേട്ടാ ആശ്വാസമായി .....വലിയൊരു ഭാരം ഇറക്കിവെച്ച സമാധാനത്തോടെ വീണ്ടു സൂപ്രണ്ട്ന്‍റെ വാടുക്കലെത്തി .വാതില്‍ അടഞ്ഞു തന്നെ....

    പ്യൂണ്‍ വരുന്നുണ്ട് ചോദിക്കാം

     ‘അല്ല സൂപ്രണ്ട്...’

‘താന്‍ എവിടെപ്പൊയിക്കിടക്കുവായിരുന്നു.ഇനി നാളെ വന്നാല്‍ മതി....”

          അതെന്താ.....

  ‘സാറുവന്നു ഒരു സ്ഥലത്ത് പരിശോധന നടത്താനുള്ളതുകൊണ്ട് ഒപ്പിട്ട് അന്നെരെ പോയി. ഇനി നാളെയെ വരൂ...’

 ഇടിവെട്ടിയവനെ പാമ്പുകടിച്ചിരിക്കുന്നു.

 മനസ്സില്‍ ഒരായിരം തെറികള്‍ ഒന്നിച്ചുപറഞ്ഞ് പുറത്തേയ്ക്കിറങ്ങി നല്ലവെയില്‍, നല്ലക്ഷീണം.,ഇപ്പോഴേ വീട്ടിലേയ്ക്ക് പോയിട്ട് കാര്യമില്ല.പിന്നെ വീട്ടുകാരോട് സമാധാനം പറഞ്ഞ് മടുക്കും.,ടൌണിലേക്ക് നടന്നു,...പോകുന്ന വഴിയില്‍ ആശ്വാസം തരുന്ന മൂന്നക്ഷരം എഴുന്നേറ്റു നില്‍ക്കുന്നു. ജീവിതത്തില്‍ ഇന്നേവരെ കയറിയിട്ടില്ലാത്ത ആ സ്ഥലത്തേക്ക് മെല്ലെ കയറി.ആരുംകാണാത്ത ഇരുണ്ടമൂലതപ്പി നടക്കുമ്പോള്‍ ക്യാബിനില്‍ പൊട്ടിച്ചിരി; ഒന്ന് എത്തിനോക്കി.പരിശോധിക്കാന്‍ പുറത്തുപോയ സൂപ്രണ്ടും ശിങ്കിടികളും കടലകൊറിച്ചുകൊണ്ടിരുന്നു മോന്തുന്നു. കഴിക്കുന്ന ബ്രാന്‍ഡിന്‍റെ പേരുംനോക്കി പുറത്തേയ്ക്ക് നടന്നു. നാളെ ഇവിടെ കൂട്ടികൊണ്ടുവരുമ്പോള്‍ കണ്ഫ്യൂഷന് ഉണ്ടാകരുതല്ലോ. തീപ്പെട്ടികമ്പനിയുടെ ഫയലുംകഷത്തില്‍വെച്ച് ചൂണ്ടുവിരലുകൊണ്ട് നെറ്റിയിലെവിയര്‍പ്പും തുടച്ചു പൊരിവെയിലത്തുകൂടി നടക്കുമ്പോള്‍. മന്ത്രി പറഞ്ഞത് ഓര്‍ത്തു.വ്യവസായം വരാന്‍ അനുകൂലമായ ചുറ്റുപാടുകള്‍ ഉണ്ടാക്കണം. യുവാക്കള്‍ ഈ മേഖലയിലേക്ക് ഇറങ്ങിവരണം.വളരെ ശരിയാണ്. ഇറങ്ങി വരുന്നവന്‍ ഭ്രാന്തനായി മാറാന്‍ ബാറുകളുടെ എണ്ണം ഇനിയും കൂട്ടേണ്ടിയിരിക്കുന്നു.........

.  ഉപ്പിട്ട ഒരു സോഡാ തരാമോ ചേട്ടാ..... വല്ലാത്ത ദാഹം.

ഒരു യുവാവിന്‍റെ വ്യവസായ സ്വപ്നങ്ങള്‍ സോഡയില്‍നിന്നും തുടങ്ങട്ടെ......

Thursday, November 22, 2012

കുളിക്കടവിലെ റിയാലിറ്റിഷോ


       


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

 ആറ്റുതീരത്തുള്ള ആഞ്ഞിലിമരത്തില്‍ സിറ്റിസണ്‍ ജേര്‍ണലിസ്ടിനെ കെട്ടിയിട്ടിരിക്കുന്നു. കാണണമെങ്കില്‍ വാ ...

 കവലയിലെ ബസ്‌കാത്തിരിപ്പ്‌ കേന്ദ്രത്തില്‍ വെടിവട്ടം പറഞ്ഞു ഇരിക്കുമ്പോഴാണ് കമ്പ്യുട്ടര്‍ക്ലാസ്സ്‌ കഴിഞ്ഞുവരുന്ന നാണപ്പന്‍റെ മകന്‍  ഗോപാലകൃഷ്ണന്‍ വിവരം പറഞ്ഞത്. ചെറുക്കനതുപറഞ്ഞ് ഓടിപ്പോയി.

  ‘ആരെയാ കെട്ടിയിട്ടിരിക്കുന്നത്..............’

 ‘ഏതോ ഒരു ഏണസ്റ്റിനെയാണന്നാ പറഞ്ഞത്.......’

‘അങ്ങനെയൊരുവന്‍ നമ്മുടെ നാട്ടില്‍ ഇല്ലല്ലോ.... വല്ല പുറംപാര്‍ട്ടിയും ആയിരിക്കും.വാ.... പോയി നോക്കിയിട്ടുവരാം......’

വിജ്ഞാനം ഉല്പ്പലാക്ഷന്‍റെ നേതൃത്വത്തില്‍ എല്ലാവരും സംഭവസ്ഥലത്തെയ്ക്ക് നീങ്ങി.

നാട്ടിലെ സാംസ്‌കാരിക സമിതി പ്രവര്‍ത്തകര്‍ വൈകുന്നേരങ്ങളില്‍ ഒത്തു കൂടുന്ന സ്ഥലമാണ് വെയിറ്റിംഗ് ഷെല്‍ട്ടര്‍. വിജ്ഞാനം ഉല്‍പ്പലാക്ഷനാണ് സമിതിയുടെ നേതാവ്‌. എല്ലാ പൈങ്കിളിമാസികകളും മുടങ്ങാതെ വായിക്കുന്ന ഉല്പ്പലാക്ഷന്‍ അതില്‍ വായിച്ചകാര്യങ്ങളെല്ലാം പത്രത്തില്‍നിന്ന് വായിച്ചരീതിയിലാണ് അവതരിപ്പിക്കുന്നത്‌. ഒളിച്ചോട്ടം, പ്രേമം, ആത്മഹത്യ, കൊലപാതകം, പ്രേതം, ബാധ തുടങ്ങിയവമുതല്‍ ഭര്‍ത്താവിനെ വഞ്ചിച്ച ഭാര്യയുടെ കഥ ,ഭാര്യയെ വഞ്ചിച്ച ഭര്‍ത്താവിന്‍റെ കഥ തുടങ്ങിയ നിരവധി കഥകള്‍; ഉല്‍പ്പലാക്ഷന്‍ ഇങ്ങനെ നാട്ടുകാരെ അറിയിച്ചിരുന്നു.കഥയില്‍ ഉന്മേഷദായകമായ നിരവധി മേമ്പൊടികള്‍ ചേര്‍ത്തിരുന്നതിനാല്‍ കേള്‍വിക്കാര്‍ക്കെല്ലാം ബഹുസന്തോഷമായിരുന്നു ഉല്‍പ്പലാക്ഷന്‍റെ കഥകള്‍ കേള്‍ക്കാന്‍.

 ആറ്റുതീരത്ത് സാമാന്യം തിരക്ക് കാണുന്നുണ്ട്. ആഞ്ഞിലിമരത്തിന്‍റെ ചുവട്ടിലാമാണ് തിരക്ക്‌കൂടുതല്‍. അടുത്ത് ചെല്ലുംതോറും സഭ്യമല്ലാത്ത പദപ്രയോഗങ്ങളും, ആരുടെയോ വേദനനിറഞ്ഞ അമ്മേ വിളിയും കേള്‍ക്കാം.ഒരു വിധം സ്ഥലത്ത് കടന്നുകൂടി. ആഞ്ഞിലിമരത്തിന്‍മ്മേല്‍ ഏതാണ്ട് ഇരുപത്തിയഞ്ച് വയസ്സ് പ്രായംവരുന്ന ഒരു ചെറുപ്പക്കാരനെ കെട്ടിയിട്ടിരിക്കുന്നു. വരുന്നവനും പോകുന്നവനുമൊക്കെ അവന്‍റെ ദേഹത്ത് കൈപ്രയോഗം നടത്തുന്നു. ചിലര്‍ പലതവണ പെരുമാറുന്നു.അതനുസരിച്ച് ചെറുപ്പക്കാരന്‍റെ നിലവിളിയും കൂടുന്നു.

വന്നതല്ലേ രണ്ടെണ്ണം കൊടുത്തെച്ചു പോയേക്കാമെന്ന് പറഞ്ഞുകൊണ്ട് വേതാളംവാസു ചെറുപ്പക്കാരന്‍റെ അടുത്തേയ്ക്ക് നീങ്ങി.ചെറുപ്പക്കാരന്‍റെ നിലവിളി ഉച്ചത്തിലായിരിക്കുന്നു,............വാസു കാര്യമായിത്തന്നെ കൊടുക്കുന്നുണ്ട്.സംഭവം എന്താണെന്ന് ഒന്നറിയണമല്ലോ...

   മനോഹരാ എന്താണ് സംഭവം ,അവന്‍ എന്നതാ ചെയ്തത്.????...

 എന്‍റെ വിദ്യാധരാ ഒന്നും പറയേണ്ട.........ദേ ...ആ  കെട്ടിയിട്ടിരിക്കുന്ന ചെറ്റയില്ലേ;... അവന്‍ കുളികടവില്‍, കുളിക്കുന്നപെണ്ണുങ്ങളുടെ കുളിസീന്‍ പിടിക്കുകയായിരുന്നു. കമലേടത്തിയാണ് കണ്ടുപിടിച്ചത് .പെണ്ണുങ്ങളുടെ നിലവിളികേട്ടാണ് ഞങ്ങള്‍ ഓടിവന്നത്.പിന്നെ അവനെ ഞങ്ങള്‍ ഓടിച്ചിട്ട്‌ പിടിച്ചു. നാലെണ്ണം കിട്ടിയപ്പോള്‍ അവന്‍ പറയുവാ..........      അവന്‍ സിറ്റിസണ്‍ ജേര്‍ണലിസ്ടാപോലും!!!! വാര്‍ത്തയ്ക്ക് വേണ്ടി പടം പിടിക്കുകയായിരിന്നുവെന്ന്. പോലീസിനെ വിളിച്ചിട്ടുണ്ട് അങ്ങനെയങ്ങ് വിടാന്‍ പറ്റില്ലല്ലോ.

 ഉല്‍പ്പലാക്ഷന്‍ ചെറുപ്പക്കാരനെ വിശദമായി ചോദ്യംചെയ്തു, തെക്കാണ് വീട്; രാവിലത്തെ ബസിനു വന്നതാണ്. റിയാലിറ്റിഷോയ്ക്ക് കൊടുക്കാന്‍ എക്സ്ക്ലുസിവ്‌ വാര്‍ത്തയ്ക്ക് ഇറങ്ങിയതാണ് പാവം. വന്നുപെട്ടതോ ഇങ്ങനെയൊരു കുടുക്കിലും. ആരും ഇതുവരെ കൊടുക്കാത്ത വാര്‍ത്ത കൊടുക്കാനാണത്രേ ഈ പങ്കപ്പാട് കഴിച്ചത്. കേരളത്തില്‍ അന്യംനിന്നു പോകുന്ന കുളിക്കടവുകളും; മങ്കമാരുടെനീരാട്ടും എന്ന വിഷയത്തില്‍ ഷോര്‍ട്ട് ഫിലിം എടുക്കാന്‍ ഇറങ്ങിയതാണ് ആശാന്‍. ഏതായാലും ക്യാമറയും പോയി, തടിയും വെടക്കായി.....

 പ്രശസ്തിയ്ക്കുവേണ്ടി എന്ത് വൃത്തികേടുകളും ചെയ്യാനും, കാണിക്കാനും മടിയില്ലാത്ത ഒരു തലമുറയാണോ റിയാലിറ്റിഷോകളിലൂടെ വാര്ത്തെടുക്കപ്പെടുന്നത്. ചെറുപ്രായത്തില്‍തന്നെ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടുന്ന പ്രകടനങ്ങളും സ്വന്തംകിടപ്പറരഹസ്യങ്ങള്‍വരെ ക്യാമറയ്ക്ക് മുന്നില്‍വിളമ്പുന്ന പ്രവണതകളും, പ്രേക്ഷകന്‍റെ കീശയില്‍ കിടക്കുന്നപണം ഏതുവിധേനെയും തട്ടിയെടുക്കാന്‍ കുട്ടികളെക്കൊണ്ട് എസ് എം എസ് യാചിപ്പിക്കുന്ന ചാനല്‍പരിപാടികളൂമൊക്കെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈകൃതങ്ങളുടെ ലക്ഷണമായേ വിലയിരുത്താനാവു?? വേണ്ടതും, വേണ്ടാത്തതും തിരിച്ചറിയാനുള്ള ശ്രമങ്ങളെ ആവിഷ്ക്കാരസ്വാതിന്ത്ര്യത്തിന്‍റെ ചഷുകത്തില്‍ മുക്കികൊന്നാല്‍; കുളിക്കടവുകളും, കിടപ്പറകളുമൊക്കെ തല്‍സമയം ആസ്വദിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. .ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല ശേലാണെന്ന് കരുതുന്നവര്‍ ഇതിനെയൊക്കെ പുകഴ്ത്തുകയും ചെയ്യും.....

Tuesday, November 6, 2012

ഭരണിപ്പാട്ടുകാര്‍


വടക്കന്‍ കേരളത്തിലെ ഒരു ജനപ്രതിനിധി പോലീസ്സ്റ്റേഷനില്‍ വച്ച് തനത് കലാരൂപമായ യക്ഷഗാനം ആലപിച്ചു വാര്‍ത്തകളില്‍ കയറിപ്പറ്റിയിട്ട് അധികം കഴിഞ്ഞില്ല. തെക്കന്‍ കേരളത്തിലും ഇതിന്‍റെ കാറ്റു വീശിയിരിക്കുന്നു. ഇവിടെ ജനപ്രതിനിധി വഞ്ചിപ്പാട്ടാണ് ആലപിച്ചിരിക്കുന്നത്.  ആലാപനംകേട്ട വിശിഷ്ടാതിഥിയായി എത്തിയ സാനിയമിര്‍സ വേദിയില്‍നിന്നും ഇറങ്ങി ഓടിയെന്നുമാണ് വാര്‍ത്തകള്‍. വടക്കന്‍കേരളത്തില്‍ എസ് ഐ യാണു കേള്‍വിക്കാരേനെങ്കില്‍; തെക്കന്‍കേരളത്തില് അത് ജില്ലാകളക്ടറായിരുന്നു. വടക്കനോ, തെക്കനോ പ്രകടനത്തില്‍ മുമ്പിലെന്നകാര്യത്തില്‍ മാര്‍ക്കിട്ടവര്‍ക്കുപോലും സംശയമാണ്.അത്രയ്ക്കും മെച്ചമായിരുന്നു പ്രകടനങ്ങള്‍. ഒരിടത്തുപാര്‍ട്ടിക്കാരനെ ലോക്കപ്പില്‍ ഇട്ടതിനാണുപ്രകടനമെങ്കില്‍, മറ്റെടത്ത് പാര്‍ട്ടിക്കാര്‍ക്ക് കസേര നല്കാഞ്ഞതിനാണ് പ്രകടനം. രണ്ടും തത്വത്തില്‍ ഒന്നുതന്നെ.. വേണ്ടരീതിയിലുള്ള പരിഗണന കിട്ടുന്നില്ല; അതാണ് വിഷയം. ഇവര്‍ പരിഗണന അര്‍ഹിക്കുന്നുണ്ടോയെന്നുള്ളത് വേറൊരുവിഷയം.

 മക്കളധികമുള്ള വീട്ടില്‍ കോഴിക്കറി വച്ചാല്‍; അന്നൊരു കൊതികുത്ത് നടക്കും എന്നാണ് പഴമക്കാര് പറയുന്നത്. കോഴിക്ക് രണ്ടുകാലെയുള്ളു... എല്ലാവര്ക്കും കാലുവേണം; എങ്ങനെ കൊടുക്കാന്‍. കൂട്ടത്തില്‍ മിടുക്കന്‍ അത് അടിച്ചെടുത്തെന്നുവരും. കുറച്ചുപേര്‍ ഒച്ചവയ്ക്കും,കുറച്ചുപേര്‍ കരയും,കുറച്ചുപേര്‍ അന്നത്തെ ശാപ്പാട് ബഹിഷ്ക്കരിക്കും. പക്ഷെ അതിനു വേണ്ടിയാരും അമ്മയെതല്ലിയെന്ന് കേട്ടിട്ടില്ല. കള്ളനെപ്പിടിച്ചാല്‍ എസ് ഐ യ്ക്ക് തെറി, കസേര കുറഞ്ഞാല്‍ കളക്ടര്‍ക്ക് തെറി.!!!!..തെറിപറയുന്നതോ സാംസ്കാരിക കേരളത്തിലെ ജനപ്രതിനിധികളും.ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ നമ്മുടെ നാടിനെയും സംസ്ക്കാരത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.ഇതാണോ കണ്ണൂരിലെയും കൊല്ലത്തെയും കേരളിയന്‍റെ സംസ്ക്കാരം????

 ഒരുനിയമവും ബാധകമല്ലാത്ത വിഭാഗമാണോ ജനപ്രതിനിധികള്‍.വളപട്ടണം സംഭവത്തിനു ശേഷം കേരളത്തിലെ പ്രബുദ്ധരായ ജനത്തിനും മാധ്യമങ്ങള്‍ക്കും അറിയേണ്ട ഒരേയൊരു കാര്യം എസ് ഐ യ്ക്കെതിരെ നടപടിയുണ്ടാകുമോ എന്നതായിരുന്നു. എംപി ചെയ്തത് ശരിയാണോയെന്നു ആരും ആരോടും ചോദിച്ചുകണ്ടില്ല.ഒരു എംപി യില്‍ നിന്നും നമ്മള്‍ ഇതൊക്കെയേ പ്രതിക്ഷിക്കുന്നുള്ളു എന്നതാണ് വാസ്തവം. അന്നത്തെ സംഭവത്തില്‍ എംപി യുടെ അസഭ്യവര്‍ഷം എസ് ഐ നിര്‍വികാരതയോടെ കേട്ടുനിന്നതിനാല്‍ ആ വഴിക്കും നടപടിയ്ക്ക് കഴിഞ്ഞില്ല.ആ സമയത്ത് എസ് ഐ യൊന്നു ചിരിച്ചിരുന്നുവെങ്കില്‍ എംപി യെ അപമാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതിയാനെ.

 കൊല്ലത്ത് വള്ളംകളിയുടെ നോട്ടിസില്‍ പേരുകുറഞ്ഞു പോയതിനാണ് ഒരു എം.എല്‍.എ പൊതുവേദിയില്‍ വച്ച് കലക്ടറെ അപമാനിച്ചത്. ജനപ്രതിനിധിയായാല്‍ എന്തുതോന്യാസവും ആരോടും കാണിക്കാമെന്നാണോ അര്‍ത്ഥമാക്കുന്നത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ എന്ന ഒറ്റന്യായമാണ് പ്രോട്ടോകോളില്‍ എം.എല്‍.എ-യെ കളക്ടര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. അല്ലാതെ കഴിവോ, പാരമ്പര്യമോ, വിദ്യാഭ്യാസയോഗ്യതകളോ നോക്കിയല്ല. അങ്ങനെ നോക്കിയിരുന്നെകില്‍ ഈ പണികാണിച്ച ജനപ്രതിനിധികള്‍ക്ക് അവര്‍ കാണിച്ചസ്വഭാവം പ്രകടമാക്കുന്ന പണികളെ കിട്ടുകയുള്ളൂ. തങ്ങള്‍ക്കുകിട്ടുന്ന അധികാരങ്ങളും, അവകാശങ്ങളും ജനങ്ങള്‍ അവര്‍ക്ക് കൊടുക്കുന്ന സൌജന്യങ്ങള്‍ ആണെന്ന് ഈ പ്രതിനിധികള്‍ മനസിലാക്കിയാല്‍ കൊള്ളാം. ദാനംകിട്ടിയത് അനുഭവിക്കുമ്പോള്‍ കുറച്ചെങ്കിലും ഉളുപ്പ് കാണിക്കുന്നത് നന്നായിരിക്കും. കളക്ടറും,എസ് ഐ- യുമൊക്കെ അവരുടെ കഴിവ്‌കൊണ്ട് നേടിയെടുത്ത ജോലിചെയ്ത് അന്നം ഭക്ഷിക്കുന്നവരാണ്. ആരുടേയും മൂടുതാങ്ങാതെ സ്വന്തംജോലി അവര്‍ കൃത്യമായി ചെയ്യുന്നത്; അവര്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മ്മയുള്ളതുകൊണ്ടാണ്. അതിന് അവരെ അസഭ്യം പറയുകയല്ല ചെയ്യേണ്ടത്. മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെപ്പറ്റിച്ച് ജയിച്ചുപോകുന്ന നിങ്ങള്‍ നിയമസഭയിലും പാര്‍ലമെണ്ടിലും എന്താണ് ജനങ്ങള്‍ക്ക്‌ വേണ്ടി ചെയ്യുന്നത്..അതു വിളിച്ചുപറയു..അല്ലാതെ അവിടെ കിടന്നു ഉറങ്ങിയിട്ട് നാട്ടില്‍ കാണുന്നവനെയൊക്കെ തെറിവിളിക്കുന്നതല്ല ആണത്തം.

 തൊപ്പി തെറുപ്പിക്കും, കുപ്പായംഊരിക്കും എന്നൊക്കെ പറയാന്‍ കഴിയുന്നത് അവര്‍ക്കൊക്കെ തൊപ്പിയും,കുപ്പായവും ഉള്ളതുകൊണ്ടാണ്.,പറയാന്‍ അഡ്രസ്സ് ഉള്ള ജോലി അവര്‍ക്കുണ്ട്. നിങ്ങള്‍ക്കോ?? എന്താണ് നിങ്ങളുടെ ജോലി??.ഉണ്ടെന്നു പറയുന്ന ജോലി നിങ്ങള്‍ ചെയ്യുന്നുണ്ടോ??. ജനപ്രതിനിധി എന്നതിനു ജനം കല്പിച്ചു നല്‍കിയ യോഗ്യത മാറ്റിനിറുത്തിയാല്‍..(നമ്മുടെ ജനപ്രതിനിധികളില്‍ ഭൂരിപക്ഷം ജയിക്കുന്നത് രാഷ്ട്രീയഇസങ്ങളുടെ പുറത്താണ്, സ്വന്തം വ്യക്തിപ്രഭാവത്താല്‍ ജനനായകന്‍മ്മാരാകുന്നവരെയല്ല ഉദേശിക്കുന്നത്..ജയിച്ചുവരുന്ന കുറ്റിച്ചൂലുകളെയാണ് പറയുന്നത്); നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്കുള്ള യോഗ്യത എന്താണ്??ആരാണ് നിങ്ങളുടെ ജോലിയുടെ ഉടമസ്ഥന്‍??നിങ്ങളുടെ ജോലിയുടെ സ്ഥിരത എന്താണ്?? വല്ലാതെ പൊട്ടിത്തെറിക്കുന്ന പ്രതിനിധികള്‍ ഇതൊക്കെ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.....സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകിച്ച് പോലീസിനു ഒരു സംഭവം നടന്നാല്‍ അതിന്‍റെ നിജസ്ഥിതി എന്താണെന്ന് ജനങ്ങളോടോ മാധ്യമങ്ങളോടോ പറയാന്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.അതുകൊണ്ടുതന്നെ മാധ്യമങ്ങളും നേതാക്കളും എന്ത് പറയുന്നോ അതുമാത്രം വിശ്വസിക്കെണ്ടാതായി വരുന്നു.അങ്ങനെവരുമ്പോള്‍ തെറ്റുംശരിയുമല്ല ചിലരുടെയൊക്കെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാകുന്നു. ഇവിടെ നേതാവിനെ പ്രീണിപ്പിക്കാന്‍ എസ് ഐ യ്ക്ക് ശിക്ഷ ഉറപ്പാണ്‌.തെറ്റ് ചെയ്താല്‍ ശിക്ഷിക്കണം; പക്ഷെ സ്വജനപക്ഷപാതത്തിനു കൂട്ടുനിന്നില്ല എന്നുള്ള കരണത്തിന് ശിക്ഷവരുമ്പോള്‍ നീതിയും നിയമവുമാണു പരാജയപ്പെടുന്നത്. പഴയ എട്ടുവീട്ടില്‍ പിള്ളമാരുടെ ശൈലി ഇവിടെ കാണിക്കേണ്ടയെന്നു തുറന്നുപറഞ്ഞ തിരുവഞ്ചൂര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.അത്രയെങ്കിലും പറഞ്ഞല്ലോ..ബാക്കിയുള്ള കാര്യങ്ങള്‍ കണ്ടറിയാം.....

 ഈ വരവോടെ സാനിയമിര്‍സയ്ക്ക് കേരളത്തോട് നല്ല മതിപ്പായെന്നാണ് അറിവ്‌. ടെന്നിസില്‍ കളിക്കുന്ന കോലത്തില്‍ പാക്കിസ്ഥാനില്‍ പോയാല്‍ പോലും ഇത്ര പേടിക്കേണ്ടതില്ലായെന്നാണ് സാനിയയുടെ അഭിപ്രായം. ദൈവത്തിന്‍റെ നാട്ടില്‍ ഇങ്ങനെയും ചില ചാത്തന്‍മ്മാരുടെ ഉപദ്രവം പ്രതിക്ഷിക്കാമെന്ന് സംഘാടകര്‍ സാനിയയ്ക്ക് മുന്നറിയിപ്പ് കൊടുക്കേണ്ടതായിരുന്നു. വഞ്ചിപ്പാട്ട് സാഹിത്യം ഇതോടെയൊന്ന് കൊഴുക്കും. ഭരണിപ്പാട്ട് വേണോ, വേണ്ടയോയെന്ന് ചര്‍ച്ച നടക്കുമ്പോളാണ് വഞ്ചിപ്പാട്ടും, യക്ഷഗാനവുമൊക്കെ ഇങ്ങനെ കളം മാറ്റിചവുട്ടുന്നത്.

 ഇത്തരം കാര്യങ്ങളില്‍ പഠനംനടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതിനെല്ലാം പൊതുവില്‍ ചില സാമ്യങ്ങള്‍ കാണുന്നുണ്ട്. ഈ പരിപാടിയില്‍ മിക്ക രസങ്ങളും മിന്നിമറയുന്നുണ്ടെങ്കിലും സംശയംകലര്‍ന്ന രൌദ്രഭാവമാണ് പൊതുവില്‍ പ്രകടിപ്പിക്കിന്നത്. അലര്‍ച്ചയോടെ തുടക്കം... ആരാണ് നീ... എന്ന ചോദ്യം ഇടയ്ക്കിടെ ചോദിച്ചുകൊണ്ടേയിരിക്കും....

ഉദാഹരണം

 വളപട്ടണം:- ആരാണ് നീ...???നീ ആരാടാ.... ??എസ് ഐ യോ... ഏതു എസ് ഐ.....??

കൊല്ലം:- നീ ആരാടാ .....??? കളക്ടറോ.....നീ ഏതു കളക്ടര്‍.....?? നിന്നെയരാ കലക്ടര്‍ ആക്കിയത്....???

ഇങ്ങനെ സമാനതകള്‍ ധരാളം കാണാന്‍ കഴിയും..

 രണ്ടിന്‍റെയും പാരമ്പര്യങ്ങള്‍ ഒന്നാണെന്ന് നിസംശയം പറയാം.... ഇനിയത് ഹോമോസാപ്പിയന്‍സ്‌ ആണോ നിയാര്‍ണ്ടത്താല്‍ ആണോയെന്നൊക്കെ സ്ഥാപിക്കാനുള്ള അവകാശം വിദഗ്ധര്‍ക്ക് വിട്ടുകൊടുക്കുന്നു.ചില പുസ്തകങ്ങളില്‍ ഇതിനെ ഒരു രോഗമായും പറയുന്നുണ്ട്.അതുകൊണ്ട് ഇത്തരം പ്രകടനങ്ങള്‍ കാണുമ്പോള്‍; അപ്പോള്‍ പ്രതികരിക്കാതിരിക്കുന്നതാണ് ബുദ്ധി.അല്ലെങ്കില്‍ സുവനീരുവലിച്ചു കീറിയതുപോലെ സ്വന്തംവസ്ത്രവും മറ്റുള്ളവരുടെ വസ്ത്രവും വലിച്ചുകീറാനുള്ള പ്രവണത കാണിക്കും. ഈ രോഗത്തിന്‍റെ തുടക്കം നേരത്തെ കേരളത്തില്‍ കണ്ടതാണ് അന്നു ചിലരുടെയൊക്കെ മുണ്ടുപറിച്ചുകൊണ്ടായിരുന്നു തുടക്കം.അന്നെല്ലാവരും അത് പിള്ളേരുകളിയായാണ് കണ്ടത്.എന്നാല്‍ ഇപ്പോളത് പരസ്യവേദികളില്‍ തന്നെ എത്തിയിരിക്കുന്നു.അതുകൊണ്ട് ആരോഗ്യവകുപ്പ്‌ ഈ കാര്യത്തില്‍ അടിയന്തരശ്രദ്ധ പതിപ്പിക്കണം.പഠനം നടത്താനെന്ന പേരില്‍ ഒരു വിദേശയാത്രയും ആവാം. രോഗം മാറുന്നില്ലെങ്കില്‍ കുറച്ചുകാലംകൂടി സഹിക്കുകതന്നെ; അതുകഴിഞ്ഞ് പൊതുജനം കൊടുക്കുന്ന ഒരു ഷോക്ക്‌ ചികല്‍സയുണ്ട്, അതിലൂടെ ഇത്തരം എല്ലാ ബാധകളും ഒഴിഞ്ഞുപോകും കട്ടായം....  തല്ക്കാലം ഒരു രോഗിയോടു കാണിക്കുന്ന എല്ലാ സഹാനൂഭൂതികളും ഇവരോട് കാണിക്കാം...അണ്ണാക്കില്‍ പുഴുത്താല്‍ തുപ്പാന്‍ പറ്റുമോ;ഇറക്കുക തന്നെ മാര്‍ഗം.

 കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും  ജനപ്രതിനിധികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എല്ലാവരും നിങ്ങളെപ്പോലെ തന്നെ മനുഷ്യരാണ്.സ്വന്തം ആത്മാഭിമാനവും,അന്തസ്സും ആര്‍ക്കും പണയംവച്ചിട്ടല്ല;ആരും സര്‍ക്കാരുദ്യോഗത്തില്‍ ചേര്‍ന്നിരിക്കുന്നത്. പഴയ ജന്മികുടിയാന്‍ വ്യവസ്ഥയിലെപോലെ; ആരോടും പൊതുവേദിയില്‍ പെരുമാറാതിരിക്കുക. ശാസനയും, കുറ്റപ്പെടുത്തലും അതിന്‍റെതായ വേദികളില്‍ മാത്രം നടത്തുക. കള്ളനു കഞ്ഞിവയ്ക്കുന്നവനു കുടപിടിക്കാനും,പൊതുവേദികളില്‍ മുന്‍നിരയില്‍ ഞെളിഞ്ഞിരിക്കാനും വേണ്ടിമാത്രം ജനങ്ങള് തയ്പ്പിച്ചുതന്ന കുപ്പായത്തെ ഉപയോഗിക്കാതിരിക്കുക....................

Monday, November 5, 2012

രണ്ടുകോടിയുടെ വിശ്വമലയാളം


        
  അങ്ങനെ വിശ്വമലയാള സമ്മേളനവും കഴിഞ്ഞു... പന്തലുകാരും മൈക്ക്‌ സെറ്റുകാരുംവരെ പിരിഞ്ഞു പോയിരിക്കുന്നു. ഇനിയിപ്പോള്‍ പല്ലില്‍ കുത്തി മണപ്പീരുകാരുടെ സമയമാണ്. അവന്‍ കട്ടതും, മറ്റവന്‍ കട്ടതും, നീ കട്ടതും, എനിക്ക് കക്കാന്‍ പറ്റാത്തതുമടക്കം, അടുക്കളയില്‍ മീന്‍വെട്ടിയ കാര്യം വരെ  വിശദീകരിച്ചുള്ള കണക്കുകള്‍ ഉടനെ പുറത്തു വരും.സമ്മേളനം ഒരു മഹാ വിജയമായിരുന്നുവെന്നാണ് സര്‍ക്കാരു കണക്കുകള്‍പറയുന്നത്. കേരളത്തില്‍ മൊത്തത്തില്‍ ഒരു മലയാള മണം അടിക്കാന്‍ തുടങ്ങിട്ടുണ്ട്. എവിടെ നോക്കിയാലും മലയാളഭാഷാപ്രയോഗങ്ങള്‍ കാണാം. ‘നീ........’, ‘മറ്റവനെ....’, ‘ആരാടാ....’, ‘പുല്ലേ.......’ തുടങ്ങിയ ഭാഷാസാഹിത്യത്തിലെ കടുകട്ടി പ്രയോഗങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. അഞ്ചാറു വിദേശ രാജ്യങ്ങള്‍ തങ്ങളുടെ ഭാഷമാറ്റി പകരം മലയാളം ഭരണഭാഷയാക്കാമെന്ന് തത്വത്തില്‍ സമ്മതിച്ചതായാണ് വിവരം കിട്ടിയിരിക്കുന്നത്.തിരുവനന്തപുരത്ത് നടന്ന സമ്മേളനം വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ സമ്മേളനത്തിന്‍റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പങ്കെടുത്തയെല്ലാ ആള്‍ക്കാര്‍ക്കും ഇരിപ്പിടം ക്രമികരിച്ചിരുന്നത് സ്റ്റേജില്‍ തന്നെയാണ്. അതുകണ്ടാണ് മൈതാനത്ത് വിരലിലെണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂവെന്ന് ചില കുബുദ്ധികള്‍ക്ക് തോന്നിയത്. മലയാളത്തില്‍ എത്ര അക്ഷരമുണ്ട് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞുവെന്നാണ് അറിഞ്ഞത്. നാല്പതിനും, അറുപതിനുമിടയ്ക്കുള്ള എല്ലാ സംഖ്യകളും പറഞ്ഞുകഴിഞ്ഞുവെന്നാണ് പറയുന്നത്.’ക്ഷ, ഞ്ഞ, ണ്ണ’ തുടങ്ങിയ അക്ഷരങ്ങളെ മലയാളത്തില്‍നിന്ന് ഒഴിവാക്കണമെന്നും ‘കമാ..’എന്ന പ്രയോഗത്തെ ഭാഷയില്‍നിന്നുതന്നെ മാറ്റണമെന്നുമാണ് രാഷ്ട്രിയക്കാരുടെ നിലപാട്. രാഷ്ട്രിയക്കാരും സാഹിത്യകാരന്മമാരും ഈ വിഷയത്തില്‍ രണ്ടുതട്ടിലായതിനാല്‍ ശരിക്കുള്ള ഒരു തീരുമാനം എടുക്കാന്‍ മന്ത്രിസഭയെ ഏല്‍പ്പിച്ചിട്ടുണ്ട്.മുഖം നോക്കാതെ തീരുമാനമെടുക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നത്.

ശരിക്കും അറിഞ്ഞുള്ള ഒരു പരിപാടിയാണ് സംഘാടകര്‍ നടത്തിയത്.വേദി മുഴുവന്‍ രാഷ്ട്രിയക്കാര്‍ ആയിരുന്നുവെന്നാണ് പ്രധാന ആക്ഷേപം. . കാര്യമറിയാത്ത ചിലരാണ് ഇതിനു പിന്നില്‍. മലയാളഭാഷ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നവരും എന്നാലോ മലയാളഭാക്ഷയെക്കുറിച്ചു ഒരു ബോധവും ഇല്ലാത്തവരും രാഷ്ട്രിയക്കാര്‍ ആയതിനാല്‍; അവരെ അക്ഷരം പഠിപ്പിക്കുകയെന്നുള്ള ഉദ്യേശ്യത്തോടെയാണ് മേള നടത്തിയത് തന്നെ. അക്കാര്യത്തില്‍ സംഗതി വിജയിച്ചുവെന്നുവേണം കരുതാന്‍.ഇനിയിപ്പോ ശുദ്ധ മലയാളത്തിലുള്ള പ്രസംഗങ്ങള്‍ കേള്‍ക്കാം. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സിലബസില്‍ വരെ ഇനി മലയാളം കയറും.സായിപ്പിനുവരെ ഇനി മലയാളം പഠിക്കാതെ രക്ഷയില്ല.അതിനായി സര്‍വകലാശാല വൈസ്‌ചാന്‍സലറായ നമ്മുടെ മുഖ്യമന്ത്രിയോടും,നോര്‍ക്ക മന്ത്രിയോടും. സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കേംബ്രിഡ്ജിലെ കാര്യങ്ങള്‍വരെ നമ്മുടെ മന്ത്രിമാരാണ് തീരുമാനിക്കുന്നതെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. സത്യത്തില്‍ നമ്മള്‍ മലയാളികള്‍ എത്രയോ ഭാഗ്യവാന്‍മാരാണ്.

 നുണ പറഞ്ഞുപറഞ്ഞ് ഇപ്പോള്‍ എന്താണ് പറയുന്നതെന്ന സ്ഥലകാല ബോധം പോലും പോയിരിക്കുന്നു.നാലാളെ കാണുമ്പൊള്‍ എന്താണ് വായയില്‍ വരുന്നത് അതങ്ങു പറയുക അത്രതന്നെ ...കേംബ്രിഡ്ജ് പോയിട്ട് അതിന്‍റെ പടിപോലും കാണാത്തവരാണ് .കേംബ്രിഡ്ജ്സിലബസില്‍ മലയാളം കൊണ്ടുവരുന്നത്‌.സ്പീക്കര്‍ ഈ വെടിപൊട്ടിച്ചിട്ട് നാളുകുറേയായി അതിനായി ഒരു കത്തുപോലും അങ്ങോട്ടയച്ച വിവരമില്ല. നമ്മുടെ സര്‍വ്വകലാപശാലകളില്‍ പോലും മലയാളംജീവച്ഛവമായി കഴിഞ്ഞിരിക്കുന്നു.പിന്നെയാ വിദേശത്ത്.

  ഇത്തവണത്തെ മലയാളസമ്മേളനത്തില്‍ പരലോകത്തുനിന്നുവരെ ആളുകള്‍ വന്നിരുന്നു. മരിച്ചുപോയവരെ ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്തുകള്‍ ജീവിച്ചിരിക്കുന്നവരുടെ അഡ്രസില്‍ എത്താന്‍തുടങ്ങിയപ്പോഴാണ് വിവരം മാലോകര്‍ അറിഞ്ഞത്. പരലോകത്ത് നിന്നു ദൈവത്തെതന്നെ പരിപാടിയില്‍ സംഘടിപ്പിക്കാനായിരുന്നു ശ്രമം. അദേഹത്തിന് സാന്‍ഡിച്ചുഴലിയുമായി ബന്ധപ്പെട്ടു അമേരിക്കയ്ക്ക് പോകേണ്ടിവന്നതിനാല്‍ പകരം കഴിഞ്ഞ മെയ്‌ പതിനാലിന് അന്തരിച്ച; കവി സണ്ണികവിക്കാടിനെയാണ് സമ്മേളനത്തിന് വന്നിരിക്കുന്നത്. “കേരളിയ ദളിത്‌ ജീവിതം കാലങ്ങളിലൂടെ” എന്നാ വിഷത്തില്‍ അദേഹം പ്രസംഗിക്കുമെന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. അദേഹം വന്നിരുന്നോ, പ്രസംഗിച്ചോ എന്നുള്ള കാര്യം പരലോകവുമായി ബന്ധപ്പെട്ട സംഘാടകര്‍ വ്യകതമാക്കുന്നതായിരിക്കും. പരലോകത്ത് നിന്നു ഇങ്ങനെ വിളിച്ചകൂട്ടത്തില്‍ അഴിക്കോടുസാറിനെ വിളിക്കാഞ്ഞതിന്‍റെ കാരണംകൂടി സംഘാടകര്‍ വ്യക്തമാക്കണം. ഏതായാലും ആ വകുപ്പിലുള്ള ചിലവുകളെല്ലാം ഒപ്പിട്ട് വാങ്ങിയതായി നമുക്ക്‌ പിന്നിട് കേള്‍ക്കാം. ഒരു കണക്കിന് പരലോകത്ത് നിന്നുള്ളവരെ ക്ഷണിക്കുന്നതില്‍ എന്താണ് തെറ്റ്. മലയാളഭാഷ പണ്ഡിതന്മാരോക്കെ ഇപ്പോള്‍ പരലോകത്ത് എത്തിക്കഴിഞ്ഞു. അപ്പോള്‍ അവിടെയുള്ള മലയിളികളുടെ പ്രതിനിധികളായി അവരും വരട്ടെ.അവര്‍ക്കാവുമ്പോള്‍ ഭക്ഷണം, യാത്ര ചിലവുകള്‍ കുറവായിരിക്കും.

  പരിപാടി പൊളിഞ്ഞോ, ആളുണ്ടായിരുന്നോ ഇതൊന്നും കാശിന്‍റെ കാര്യത്തില്‍ പ്രശ്നമല്ല.മൂന്ന് ദിവസത്തെ പരിപാടിക്ക് പൊട്ടിച്ചത് രണ്ടുകോടിരൂപയാണ്.സമ്മേളനത്തില്‍ അധികവും നടന്നത് സെമിനാറുകളും ചര്‍ച്ചകളും മാത്രമാണ്, വിദേശപ്രതിനിധികള്‍ വിരലില്‍ എണ്ണാന്‍പോലും ഇല്ലായിരുന്നു .വേദികളാവട്ടെയെല്ലാംതന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കനകക്കുന്ന്, ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം, വിജെടി ഹാള്‍ എന്നിവടങ്ങളിലായിരുന്നു. മൂന്നു ദിവസങ്ങളിലായി ആയിരത്തിയഞ്ഞൂറോളം പ്രതിനിധികള്‍ക്ക് ഭക്ഷണം വിളമ്പിയെന്നാണ് കണക്ക്. അതിനുള്ള ഊട്ടുപുര യായി ഉപയോഗിച്ചത് സ്റ്റേഡിയത്തിലെ കാന്റീന്‍ ആയിരുന്നു. കലാപരിപാടികള്‍ നടന്നത് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലും...

 ഭഗവാനെ പിന്നെയെങ്ങനെ ഇത്ര കോടികള്‍ ചിലവഴിച്ചു.മൂന്നു ദിവസത്തെ തട്ടിക്കൂട്ട് പരിപാടിയ്ക്ക് പൊട്ടിച്ചത്‌ രണ്ടുകോടി രൂപ. പട്ടിണികിടക്കുന്ന എല്ലാവരും ഇത് കേക്കുന്നുണ്ടോ?????. നല്ല ക്ലാസ്‌ റൂമില്ലാതെ ചോര്‍ന്നോലിക്കുന്ന മുറികളിലിരുന്നു മലയാളം പഠിക്കുന്ന കുട്ടികളുടെ നാട്, സ്കൂളില്‍ എത്താന്‍ വഴിയില്ലാതെ ആനകളെപ്പേടിച്ചു ക്ലാസ്സില്‍ വരാന്‍ കഴിയാത്ത വയനാടന്‍ഗ്രാമങ്ങളിലെ കുട്ടികള്‍. ചോര്‍ന്നൊലിക്കുന്ന അംഗന്‍വാടിയിലെ വെറുംനിലത്തിരുന്നു മണലില്‍ ഹരിശ്രീ എഴുതുന്ന മലയാളത്തിന്‍റെ ഭാവി വാഗ്‌ദാനങ്ങള്‍. പുഴുക്കളും, എലികളും പെറ്റുകിടക്കുന്ന പഴകിയഅരിവെച്ചു ഉച്ചക്കഞ്ഞികഴിക്കുന്ന കേരളത്തിന്‍റെ ഭാവി വാഗ്ദാനങ്ങള്; സര്‍ക്കാര്‍ സ്കൂളുകളില്‍ നരകിച്ചു മലയാളം പഠിക്കുമ്പോള്‍ നിങ്ങളിവിടെ കോടികള്‍ പൊട്ടിച്ച് മലയാളം പറഞ്ഞ് കളിക്കുന്നു...!!!!!!!!!!!!!!!!!!!

 ഒരു സ്കൂള്‍വര്ഷം തുടങ്ങുമ്പോള്‍ മക്കള്‍ക്ക്‌ നല്ല വസ്ത്രങ്ങളും, ചോറ്റുപാത്രവും, ബുക്കും വാങ്ങാനും, സ്കൂള്‍ഫീസ്‌ അടയ്ക്കാനും പെടാപ്പാടുപെടുന്ന സാധാരണക്കാരന്‍റെ നാടാണിത്. പൊട്ടാത്തസ്ലേറ്റിനും , കളര്‍ പെന്‍സിലിനും, മണമുള്ള മായ്ക്കറബറിനു വേണ്ടി കൊതിയോടെ കാത്തിരിക്കുന്ന കുരുന്നുകളുടെ നാടാണിത്. മഴവെള്ളത്തിലും, പൊരിവെയിലത്തും നഗ്നനപാദരായി നടന്ന് ഒരു കാറ്റുവന്നാല്‍ ഉരുണ്ടു വീഴുന്ന സര്‍ക്കാര്‍സ്കൂളിലെ ആടുന്നബഞ്ചിലിരുന്നു അ, ആ.... ഇ, ഈ.... എഴുതിപഠിക്കുന്ന കുരുന്നുകളിലേക്കാണ് ഭാഷയെ ഉദ്ധരിക്കാന്‍ ഇറങ്ങിചെല്ലേണ്ടത്.........അല്ലാതെ പേപ്പര്‍ താളുകളില്‍ ക്രയോണ്‍ ഉരച്ചുരസിച്ച്‌ എ,ബി,സി,ഡി...എഴുതുന്ന അമൂല്‍ ബേബികള്‍ക്ക് മലയാലം ചുരത്താന്‍ കുടപിടിക്കുകയല്ല വേണ്ടത്. ഖജനാവിലെ കോടികള്‍ കട്ടുമുടിക്കാന്‍ വേണ്ടി മലയാളഭാഷയെപ്പോലും വിവസ്ത്രയാക്കുന്ന ഇത്തരം നെറികേടുകള്‍ നടത്തുന്നവര്‍ക്ക് മലയാളത്തില്‍ ആദ്യക്ഷരം കുറിക്കുന്ന എല്ലാകുരുന്നുകളുടെയും ശാപം ഉറപ്പാണ്‌............
 

Saturday, November 3, 2012

പാല്‍പായസത്തിലെ കൊലച്ചതി...........


 
  കവലയിലുള്ള ‘പുഷ്കരവിലാസം’ ഹോട്ടലില്‍ ഊണിനു സ്പെഷ്യലായി വിളമ്പുന്ന പാല്‍പ്പായസത്തില്‍ പാറ്റയെക്കണ്ടതിനാല്‍ ഹോട്ടല്‍തല്ലിതകര്‍ത്ത് മടങ്ങുന്നവഴിക്കാണ്; ആ കാഴ്ചകണ്ടത്. വിവരംകേറി വട്ടായിപ്പോയ നളിനാക്ഷന്‍ എംഎ(ബി.ഡ്) ഒരു പേപ്പറും പിടിച്ചു ഉറഞ്ഞുതുള്ളുന്നു

      ചതി,....... കൊലച്ചതി...

“അയ്യോ.... അണ്ണാ.. ആരോ ചതിയില്‍പ്പെട്ടിരിക്കുന്നു. വാ..  ഒന്ന് ചോദിക്കാം.” കുളംകലക്കി ആന്‍റെപ്പനു വിവരം അറിയാന്‍ ധൃതിയായിരിക്കുന്നു.എന്നാലും ആരായിരിക്കും ചതിക്കപ്പെട്ടത്‌.................

നളിനാക്ഷന്‍ മാഷിന്‍റെ കല്യാണം കഴിയാത്ത പെങ്ങന്‍മ്മാരുടെ മുഖമാണ് ആദ്യം ഓര്‍മ്മവന്നത് .

“അളിയാ..... രമയോ, സുമയോ... ആരോ ചതിയില്‍പ്പെട്ടിരിക്കുന്നു. നമ്മളിവിടെയുള്ളപ്പോള്‍ ആരാണെടാ നമ്മുടെ തട്ടകത്തില്‍ക്കയറിക്കളിച്ചത് അവനെ വെറുതെ വിട്ടുകൂടാ....”

പെണ്ണുകേസായതുകൊണ്ട് പൌരധര്‍മ്മം പെട്ടെന്ന് ആക്ടിവായി...............

ചുറ്റും കൂടിയിരിക്കുന്ന ആള്‍ക്കാരെ വകഞ്ഞുമാറ്റി നളിനാക്ഷന്‍മാഷിന്‍റെ അടുത്തെത്തി.

“അല്ല, മാഷേ.. ആരാ... ചതിച്ചത്. ആര്‍ക്കാ ചതിപറ്റിയത്. അയ്യോ!!!! ഇത്ര പെട്ടെന്ന് പേപ്പറിലും വന്നോ...

മാഷിങ്ങു വന്നെ.... ഇതിപ്പോ ഒച്ചവെച്ചിട്ട് കാര്യമൊന്നുമില്ല.നാറ്റക്കേസാ.....”

‘നാറ്റിക്കും; ഞാന്‍ എല്ലാവനെയും നാറ്റിക്കും......യെനിക്കിച്ചിരെ ചേതമുണ്ട് അറിയാമോ....,ഒത്തിരി പഠിച്ചിട്ടും ഒരു പാരലല്‍കോളെജ്മാഷ്‌ മാത്രമാവാന്‍ വിധിക്കപ്പെട്ട  ഒരഭ്യസ്തവിദ്യന്‍റെ രോഷം ആ വാക്കുകളില്‍ നിറഞ്ഞു നിന്നു.

“അല്ല; ചോദിക്കട്ടെ മാഷേ....  ആര്‍ക്കാ  ചതിപറ്റിയത് രമയ്ക്കോ, സുമയ്ക്കോ????

അലസിപ്പിക്കാന്‍ പറ്റാത്ത കണ്ടിഷനാണെങ്കില്‍; നമുക്ക് അവനെക്കൊണ്ട് തന്നെ കെട്ടിക്കാം ഞങ്ങളുണ്ട് കൂടെ...................”

‘ആരെക്കൊണ്ട്‌??? നിങ്ങള്‍ ആരുടെ കാര്യമാ പറയുന്നത്....’

“അല്ല; അതുപിന്നെ... രമയുടെയും, സുമയുടെയും കാര്യമല്ലേ മാഷ്‌ പറയുന്നത്.ഗര്‍ഭമായ സ്ഥിതിയ്ക്ക് ആ ചതിച്ചവനെക്കൊണ്ട് തന്നെ കേട്ടിക്കാം. അതാണ്‌ ഞങ്ങള്‍ ഉദേശിച്ചത്‌...........”.കുളംതോണ്ടി ആന്റപ്പന്‍ ഞെളിഞ്ഞങ്ങ് പറഞ്ഞു....

     “ഫ്പാ  ...............എന്‍റെ പെങ്ങമ്മാരെ കുറിച്ച് അനാവശ്യം പറയുന്നോ??”

ഒരു കൊട്ട തുപ്പലുമുഴുവന്‍ മുഖത്തായി.....ഞെളിഞ്ഞു നിന്നവന്‍റെയൊക്കെ വെടിതീര്‍ന്ന അവസ്ഥ......

 “വായിച്ചു നോക്കാടാ എരണം കെട്ടവന്മാരെ ..................”

മാഷ്‌ കയ്യിലിരുന്ന പത്രം ഞങ്ങളുടെ നേരെ എറിഞ്ഞു....ഇങ്ങുതാടാ വായിക്കട്ടെ......പാക്കരന്‍ പത്രം ഏറ്റു വാങ്ങി.....

എന്നാല്‍ വാങ്ങിയത് പോലെ തിരിച്ചും തന്നു. വിദ്യാധര...........നീ വായിച്ചോ ഇത് മറ്റേ പത്രമാ ..

 ‘മറ്റേ പത്രമോ..........?’

     അതെ.... ഇംഗ്ലീഷാണ് മോനെ...........

പിഡിസി കഴിഞ്ഞ് തെണ്ടിത്തിരിഞ്ഞു നടന്നപ്പോള്‍ ഒരു പിഎസ്സ്സി എഴുതി അബദ്ധത്തില്‍ ജോലി കിട്ടുകയും ചെയ്തു.എന്നുവച്ച് ഇംഗ്ലീഷില്‍ നാലാക്ഷരം നേരെചൊവ്വേ കൂട്ടിവായിക്കാന്‍ ഇന്നും അറിയില്ല. പക്ഷെ അത് നാട്ടുകാരോട് പറയാന്‍ പറ്റുമോ. മാനംപോകുന്ന ഏര്‍പ്പാടല്ലേ???.നാലുതവണ കുടഞ്ഞും, നിവര്‍ത്തിയും; മുക്കി,മുക്കി പത്രത്തിന്‍റെ പേര് വായിച്ചു ‘ടൈംസ് ഓഫ് ഇന്ത്യ’ ബാക്കി ഞരങ്ങാന്‍ തുടങ്ങിയ്പ്പോഴെക്കും മാഷ്‌ ഇടപെട്ടു.

‘വിദ്യാധര നീ... അതിങ്ങുതന്നേക്കു... അല്ലെങ്കില്‍ വൈകുന്നേരം വരെ ഇങ്ങനെ ഞരങ്ങേണ്ടി വരും....

ഞാന്‍ തന്നെ വായിച്ചു കേള്‍പ്പിക്കാം ..............മാഷ്‌ തന്നെ വാര്‍ത്ത‍ വായിച്ചുകേള്‍പ്പിച്ചു.
 

വാര്‍ത്ത ഇങ്ങനെയാണ്... ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍; ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജാക്കാര്‍ത്തയില്‍ തുടങ്ങുന്ന ജക്കാര്‍ത്തമെട്രോയില്‍  പദ്ധതിയില്‍ പങ്കാളിയാകാന്‍  പോകുന്നു.പണിക്കാവശ്യാമായ എല്ലാ ഉപദേശങ്ങളും ട്രെയിനിംഗ് പദ്ധതികളും നിയമനങ്ങളും നടത്തുന്നത് ഡി എം ആര്‍ സി യാണ്.

ഇതിനെയാണ് നളിനാക്ഷന്‍ മാഷ്‌; ചതിയെന്ന് വിശേഷിപ്പിച്ചത്..

 ഒരു കണക്കിന് ഇത് ജനങ്ങളോട്‌ കാണിക്കുന്ന ഒരു വലിയ ചതി തന്നെയാണ്; കാരണം നമ്മുടെ സ്വന്തംരാജ്യത്തുനടക്കുന്ന മെട്രോ പദ്ധതിയില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് സമയമില്ല.  എന്നാല്‍ വിദേശത്തു പണിനടത്തുകയും ചെയ്യുന്നു. അതാണ്‌ വിരോധാഭാസമായി തോന്നുന്നത്.എന്തുകൊണ്ടാണ്‌ ഡി എം ആര്‍ സി കൊച്ചി മെട്രോയില്‍ നിന്ന് പിന്‍മാറാന്‍ നോക്കുന്നത്??നമ്മുടെ സര്‍ക്കാരിന്‍റെ പിടിപ്പുകേടല്ലെ ഇതിനു പിന്നില്‍??. അഴിമതികാണിക്കാന്‍ ഡി എം ആര്‍ സി യേയും , ഇ.  ശ്രീധരനെയും പദ്ധതിയില്‍ നിന്നും ഒഴിവാക്കാനല്ലേ ഈ തൊമ്മനും ചാണ്ടിയും കളി കളിക്കുന്നത്.തൊമ്മന്‍ മുറുകുമ്പോള്‍ ചാണ്ടി അയയുന്നു.ചാണ്ടി മുറുകുമ്പോള്‍ തൊമ്മന്‍ അയയുന്നു.ആരെക്കാണിക്കാനാണ് ഈ നാടകം കളിക്കുന്നത്.

 പദ്ധതിയുടെ തുടക്കത്തില്‍ ഡി.എം.ആര്‍.സി; എം.ഡി ആയിരുന്ന ശ്രീധരന്‍ പണി ഏറ്റെടുക്കാന്‍ തയ്യാറാകുന്നു.എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ആഗോള ടെണ്ടര്‍ വേണമെന്ന് പറഞ്ഞ് പദ്ധതി നീട്ടികൊണ്ടുപോകുന്നു.വൈകുംതോറും ദിവസം നാല്പതുലക്ഷംരൂപ നഷ്ടം സംഭവിക്കുന്നതിനാല്‍ പണി ഉടനെ ആരംഭിക്കണമെന്നു ശ്രീധരന്‍ പലതവണയായി സംസ്ഥാന സര്‍ക്കാരിനെ ഓര്മ്മപ്പെടുത്തുന്നു, എന്നാലും  സര്‍ക്കാരിനു അനക്കമില്ല.ശ്രീധരന്‍ ഡി.എം ആര്‍.സി യില്‍ നിന്നും റിട്ടയറാകുന്നതുവരെ കേരളസര്ക്കാര് പദ്ധതി വലിച്ചു നീട്ടി. അതിനുശേഷം നിലവില്‍ വന്ന പുതിയ ഡിഎംആര്‍സി; എംഡി-യ്ക്ക് കൊച്ചി മേട്രോയോടെ താല്‍പ്പര്യം ഇല്ല. എന്തുകൊണ്ട്? സര്‍ക്കാരിനാണേല്‍ ഇപ്പോള്‍ ഡിഎംആര്‍സി തന്നെ വേണംതാനും!!!!! .

 കാരണം വളരെ വ്യക്തമാണ്‌.കേരള സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ ഡി.എം.ആര്‍.സി യെയോ ശ്രീധരനെയോ പണി ഏല്‍പ്പിക്കാന്‍ താല്പര്യമില്ല.അതിനു വേണ്ടി ശ്രീധരന്‍ റിട്ടയറാകുന്നതുവരെ പദ്ധതി വൈകിപ്പിച്ചു.തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദ്ദഫലമായി പുതിയ എംഡി സുധീര്‍കൃഷ്ണയെക്കൊണ്ട് പദ്ധതിഏറ്റെടുക്കാന്‍ വിഷമമാണ് എന്ന് പറയിപ്പിച്ചു എന്ന് പറയുന്നതാവും ശരി. ജനകീയനായ ശ്രീധരനെ പരസ്യമായി കൊച്ചിമെട്രോയില്‍ നിന്നും ഒഴിവാക്കിയാല്‍ ഉണ്ടാകുന്ന ജനരോഷം ഭയന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഈ നാടകം കളിക്കുന്നതെന്ന് വ്യക്തം.അയ്യായിരത്തിയിരുനൂറുകോടിയിലെ അഴിമതിതന്നെ ലക്ഷ്യം.പ്രതിരോധമന്ത്രി ആന്‍റണിയും, അധികാരമേറ്റ പുതിയ കേരളകേന്ദ്ര മന്ത്രിമാരും മേട്രോയ്ക്കനുകൂലമായി പറഞ്ഞ വാക്കുകള്‍  വെള്ളത്തില്‍ വരച്ചവരപോലെയായാല്‍..... അവസാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചു വര്‍ഷങ്ങളോളം ഇഴഞ്ഞുനീങ്ങുന്ന പദ്ധതികളുടെ കൂട്ടത്തിലേക്ക്‌ പുതിയ ഒരു പേരുകൂടി ചേര്‍ക്കാം.... കൊച്ചി മെട്രോ..

  

 

Friday, November 2, 2012

വളപട്ടണത്തെ ജനകീയപോലിസ്‌


   

 

 അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് എങ്ങനെ ഒരു ജനപ്രതിനിധിയ്ക്ക് ജനസേവനം നടത്താം എന്നറിയണമെങ്കില്‍ ഇമ്മടെ കണ്ണൂരിലെ വളപട്ടണം വരെ പോയാല്‍ മതി.അവിടെ പോലിസിന്‍റെ നായാട്ടിനു ഇരയാകുന്ന പാവം മണലൂറ്റുകാരെ  ഒരു  ജനപ്രതിനിധി എങ്ങനെയാണ് രക്ഷിക്കേണ്ടത് എന്ന് കണ്ണൂരിന്‍റെ എംപി സാറ് കാണിച്ചു തരും. മണല്‍ക്കൊള്ള നടത്തി പോകുന്ന വഴിക്ക് പോലീസിനെയും ഇടിച്ചുപോയ ഏതോ ഒരു പാവം പൌരനെ വളപട്ടണം എസ് ഐ സിജു പിടിച്ചു ലോക്കപ്പിലിട്ടു. ലോക്കപ്പിലിട്ട ആളെ വിട്ടയക്കണമെന്ന് പറഞ്ഞു സ്ഥലം ചോട്ടാനേതാവും സംഘവും എസ് ഐ യെ വിരട്ടുന്നു. വിരട്ടലുമൂത്തപ്പോള്‍ ഇറക്കാന്‍ വന്നവനും അകത്തായി. ഇതറഞ്ഞ എം പി സുധാകരന്‍ സാറാണ് എസ് ഐ യെ നിയമം പഠിപ്പിക്കാന്‍ എത്തിയത്.  സി.ആര്‍.പി.സി യിലും ഐ.പി.സി യിലുമൊന്നും കാണാത്ത പ്രത്യേക നിയമമാണ് അദേഹം എസ് ഐ യെ പഠിപ്പിച്ചത്. സാധാരണ ഇത്തരം പരിപാടികള്‍ നമ്മുടെ വിപ്ലവപ്പാര്ട്ടിക്കരാണ് ചെയ്യുകയെന്നായിരുന്നു പരക്കെ ആക്ഷേപം. പക്ഷെ അഹിംസ ലൈനിലും ഇത്തരം കാര്യങ്ങള്‍ പ്രയോഗിക്കാമെന്ന് കണ്ടു കഴിഞ്ഞു.

 മട്ടന്നൂര്‍ തെരഞ്ഞെടുപ്പില്‍ ലീഗുകാര്‍ക്കെതിരെ നടപടിയെടുത്തതിന്‍റെ പേരിലാണ് എസ് ഐ സിജു വളപട്ടണത്തു എത്തിയത്. ഇനിയിപ്പോള്‍ പാറശാലയോ, അട്ടപ്പാടിയോ പ്രതിക്ഷിക്കാം.ലോക്കപ്പില്‍ കിടന്ന ആളെ ബലമായി ഇറക്കികൊണ്ടുപോയത് ജനങ്ങളുടെ വിജയമാണെന്നാണ് എംപിയുടെ പ്രസ്താവന.ഇതൊക്കെയാണ് ജനങ്ങളുടെ വിജയമെങ്കില്‍ വല്യ കഷ്ടമാണ് സാറേ..............പ്രശ്നത്തില്‍ എസ്.ഐ എടുത്ത നിലപാടിനെ പ്രശംസിക്കാതെ വയ്യ. കൈകാണിച്ചിട്ടും നിറുത്താതെ പോലീസിനെ കൈകാര്യം ചെയ്തു കടന്നു കളഞ്ഞ; മണല്‍ കടത്തുകാരനെയും, വണ്ടിയും കസ്റ്റഡിയില്‍ എടുത്തതാണ് എസ് ഐ ചെയ്തു പ്രഥമകുറ്റം.സ്ഥലം ചോട്ടാനേതാവിന്‍റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ എടുത്ത പ്രതികളെ കേസെടുക്കാതെ വിടാഞ്ഞത് രണ്ടാമത്തെ വലിയ കുറ്റം,എസ് ഐ യെ കൈകാര്യം ചെയ്യാനൊരുങ്ങിയ ചോട്ടാ നേതാവിനെയും അകത്താക്കിയത് ഏറ്റവും വലിയ കുറ്റം. എംപി യുടെ നേതൃത്വത്തില്‍ നടത്തിയ   വഷളത്തരങ്ങള്‍ കേട്ടിട്ടും ഒന്നും പറയാതെ, യാതൊരു ഭാവമാറ്റവും കൂടാതെ നിന്നതിനു; എസ്.ഐ സിജു അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. മറുപടി അര്‍ഹിക്കാത്ത കാര്യങ്ങളില്‍ ഇങ്ങനെയാണ് പ്രതികരിക്കേണ്ടത്. എല്ലാ കാര്യങ്ങളിലും രാഷ്ട്രിയക്കാരും,ജനങ്ങളും ഒരുപോലെ തെറി വിളിക്കുന്ന പോലീസ് സേനയില്‍ നിന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന മിടുക്കന്മമാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇങ്ങനെയാണ് പ്രതികരിക്കുന്നതെങ്കില്‍ പോലിസ്‌ എങ്ങനെ നന്നാവാനാണ്. ജനങ്ങളും ജനപ്രതിനിധികളും മാറുന്നില്ലെങ്കിലും നമ്മുടെ പോലീസ് സേന മാറി വരുന്നുണ്ടെന്ന് മനസിലായിരിക്കുന്നു.എംപി യ്ക്കുള്ള മറുപടി ജനങ്ങള്‍ കൊടുത്തുകൊള്ളും.യൂണിഫോം അഴിച്ചുവച്ച് പുറത്തേയ്ക്ക് വന്നാല്‍ കാണിച്ചു തരാമെന്നാണ് എംപി പറയുന്നത്.എന്താണാവോ കാണിക്കാന്‍ പോകുന്നത് ??. നീയാരാ സുരേഷ്ഗോപിയോ എന്നാണ് എം പി യുടെ ചോദ്യം.അവിടെ നേതാവിന് തെറ്റി സിനിമയില്‍ സുരേഷ്ഗോപി ചെയ്ത പോലിസ്‌ വേഷങ്ങള്‍ എല്ലാം അഴിമതിയ്ക്കെതിരെ ജനപക്ഷത്ത് നിന്ന് പോരാടുന്നവയായിരുന്നു മറുപക്ഷത്ത് വില്ലാന്‍മ്മരായി വന്നവരെല്ലാം രാഷ്ട്രിയ നേതാക്കളും. അപ്പോള്‍ എംപി യ്ക്കും കാര്യങ്ങള്‍ അറിയാം .

  പോലീസിനെ കൂടുതല്‍ ജനകിയമാക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തരമന്ത്രി എസ് ഐ യ്ക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പ്കൊടുത്തിട്ടുണ്ട്പോലും. എന്തിനായിരിക്കും നടപടി; നേതാവ്‌ പറഞ്ഞത് കേട്ട് കള്ളനെ ഇറക്കി വിടാത്തത് കൊണ്ടോ??.അപ്പോള്‍ ഈ ജനകിയ പോലിസ്‌ എന്നുപറഞ്ഞാല്‍ നാട്ടിലെ എല്ലാ കള്ളന്‍മ്മര്‍ക്കും ഒത്താശ ചെയ്യുന്ന പോലിസ്‌ എന്നാണോ അര്‍ത്ഥം.സത്യസന്ധരായ പോലിസ്‌ ഉദ്യോഗസ്ഥരുടെ മനോവീര്യം കൂട്ടുന്ന തരത്തിലുള്ള നടപടി മന്ത്രിയില്‍ നിന്നും നമുക്ക് പ്രതിക്ഷിക്കാം. ഇങ്ങനെ കുറ്റവാളികള്‍ക്ക് ഒത്താശചെയ്യുന്ന ജനകീയഗുണ്ടകള്‍ നാടു ഭരിക്കുന്നതാണോ ജനാധിപത്യം.

സര്‍ക്കാരിന്‍റെ മൌനസമ്മതത്തോടെ നടത്തുന്ന ഇത്തരം ഇറക്കികൊണ്ടുപോകല്‍   നാടകങ്ങള്‍; എംപി മാരുടെയും എംഎല്‍എ മാരുടെയും അവകാശമാക്കി മാറ്റുന്നതരത്തിലുള്ള നിയമനിര്‍മ്മാണം അടിയന്തരമായി നടത്തണമെന്നാണ് അടിയനു പറയാനുള്ളത്. അങ്ങനെയാവുമ്പോള്‍ ഈ ബലപ്രയോഗവും, കുത്തിയിരുപ്പും, തന്തയ്ക്ക് വിളിയുമെല്ലാം ഒഴിവാക്കാം. പോലിസ്‌ പിടിക്കുക.... നേതാവ്‌ വന്നു ഇറക്കുക. പോലീസിനും സന്തോഷം; കള്ളനും സന്തോഷം. പിടിച്ചോന്ന് ചോദിച്ചാല്‍ പിടിച്ചു. വിട്ടോന്ന് ചോദിച്ചാല്‍ വിട്ടു. പോലീസിനും പണിയെളുപ്പമായി കേസ്‌ എഴുതേണ്ട, ലോക്കപ്പില്‍ കാവലുവേണ്ട, കോടതിയില്‍ കൊണ്ടുപോകാന്‍ വണ്ടിവേണ്ട,.ജയിലു വേണ്ട, കോടതി സമയം ലാഭിക്കാം.... അങ്ങനെ നിരവധി മെച്ചങ്ങളാണ് ഇതിലുള്ളത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍തന്നെ ഇത് പരിഗണിക്കണം.

 കേരളത്തിലെ ജനങ്ങളില്‍ രാഷ്ട്രിയപ്പാര്‍ട്ടികളില്‍ വിശ്വസിക്കാത്തവര്‍ ചെറിയ ശതമാനം മാത്രമേയുള്ളൂവെന്നാണ് കണക്കുകള്‍.പറയുന്നത്. ആ ചെറിയ ശതമാനത്തിന്‍റെ കാര്യങ്ങള് മാത്രം പോലിസ്‌ നോക്കട്ടെ. അവരുടെ കാര്യത്തില്‍ ശക്തമായ നിയമംതന്നെ നടത്തട്ടെ. വീടുപണിയാന്‍ വേണ്ടി ഒരു കൊട്ട മണലുകോരിയാല്‍പ്പോലും; ഇത്തരക്കാരെ ഒരുവര്‍ഷം ജയിലില്‍ ഇടണം. അങ്ങനെ വരുമ്പോള്‍ രാഷ്ട്രിയം ഇല്ലാത്ത നിഷ്പക്ഷമതികള്‍ എന്ന വിഭാഗം തന്നെ കുറ്റിയറ്റുപോയ്ക്കോളും. എല്ലാവരും നമ്മുടെ കുടക്കീഴിലേക്ക് തന്നെ വന്നുകൊള്ളും. ഇതിനായി  സര്‍ക്കാരുതന്നെ പാര്‍ട്ടിതിരിച്ചു തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്ക്കുകയാണെങ്കില്‍, കക്കാന്‍ പോകുമ്പോള്‍ അത് കഴുത്തില്‍ തൂക്കിയാല്‍ മതിയല്ലോ. പോലീസിനു അതുനോക്കി ആളെ പിടിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുകയും ചെയ്യാം. എപ്പടിയിരിക്കുന്നു.... മേല്പ്പടി നിര്‍ദേശങ്ങള്‍...കൊള്ളാമോ ????

Thursday, November 1, 2012

അപമാനിതയാകുന്ന കേരളം

അങ്ങനെ ഒരു കേരളപ്പിറവിദിനംകൂടി വന്നെത്തി. കേരളത്തിന്‌ 56വയസ്സ് ആയിരിക്കുന്നു. എല്ലാ കേരളിയര്‍ക്കും കേരളപ്പിറവിദിനാശംസകള്‍ നേരുന്നു. ചരിത്രം നോക്കിയാല്‍...........

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം.  വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടക്കായും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന  തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കർണ്ണാടകത്തിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്. ഇന്ത്യയിലെ തന്നെ ഉല്‍ബുദ്ധരായ ഒരുജനത താമസിക്കുന്ന ഇടമാണിത്.കണക്കുകള്‍ പ്രകാരം വികസിത രാജ്യങ്ങള്‍ക്കൊപ്പം ജീവിത നിലവാരം പുലര്‍ത്തുന്ന ജനത. അഭ്യസ്തവിദ്യരും സംസ്ക്കാരസമ്പന്നരുമായ ആളുകള്‍. ആളോഹരി വരുമാനത്തിലും ജീവിതനിലവാരത്തിലും മറ്റുഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ മികച്ചുനില്‍ക്കുന്ന സംസ്ഥാനം.അങ്ങനെ നിരവധികാര്യങ്ങളില്‍ നമുക്ക് അഭിമാനിക്കാം.ഒരു നാടിനെ സംബന്ധിച്ച് അന്‍പത്തിയാറ് വര്‍ഷം എന്നുള്ളത് വലിയ ഒരു കാലയളവൊന്നുമല്ല.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഈ കാലയളവില്‍ നമ്മള് വളരെദൂരം മുന്നോട്ട് പോയിരിക്കുന്നുയെന്നുള്ളതില്‍  തീര്‍ച്ചയായും അഭിമാനത്തിന് വകയുണ്ട്. എന്നാലും ഒരു സ്വയംവിമര്‍ശനം ഈ സമയത്ത് വളരെ നല്ലതാണ്.നമ്മള്‍ എവിടെവരെ എത്തി. എവിടെവരെ എത്താന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ അവിടെനില്‍ക്കുന്നു. നാളെമുതല്‍ എങ്ങനെ മുന്നോട്ട് പോകാം എന്നുള്ളതിനെക്കുറിച്ചു ചിന്തിക്കുന്നതില്‍ തെറ്റൊന്നുമില്ല.

 നമ്മുടെ ഏറ്റവുംവലിയ ശാപം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തന്നെയാണ്.അടിസ്ഥാനസൗകര്യങ്ങളെ രണ്ടായിത്തിരിക്കാം വ്യക്തിയുടെയും, സമൂഹത്തിന്‍റെയും.ഇതില്‍ വ്യക്തിപരമായി സൃഷ്ടിക്കുന്ന  അടിസ്ഥാനസൗകര്യങ്ങളില്‍ നമ്മള്‍ മുന്നിലാണ്. അത് കേരളിയന്‍റെ മാത്രം പ്രത്യേകതയാണ്. ആരോഗ്യവിദ്യാഭ്യാസമേഖലകളിലും കുടുംബജിവിതനിലവാരത്തിലും കേരളിയന്‍ ഏറെ മുന്നിലാണ്. എത്രകഷ്ടപ്പെട്ടും മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്ന മാതാപിതാക്കളും,സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിലും, വ്യക്തിശുചിത്വം പാലിക്കുന്നതിലും ശ്രദ്ധപുലര്‍ത്തുന്ന ആളുകളും  കേരളത്തിന്‍റെ പ്രത്യേകതയാണ്. കുടുംബത്തെ സംരക്ഷിക്കുന്നതിലും അതിന്‍റെ കെട്ടുറപ്പ് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിലും മലയാളി ശ്രദ്ധാലുവാണ്.അങ്ങനെ മലയാളിയുടെ വ്യക്തിപരമായ അടിസ്ഥാന സൗകര്യങ്ങള്‍ അവരുതന്നെ വളര്‍ത്തിയെടുക്കുന്നു.അതിന്‍റെ പ്രതിഫലനമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ പുരോഗതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 സാമൂഹ്യപരമായ അടിസ്ഥാന സൗകര്യങ്ങളില്‍ നമ്മുടെ സ്ഥാനം ഇപ്പോഴും വളരെ പിറകില്‍ തന്നെയാണ്.ഒരു ജനതയ്ക്ക് സാമൂഹ്യപരമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അങ്ങനെ  ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളെ നിയമപരിപാലനത്തിലൂടെ  സംരക്ഷിച്ചു കൊണ്ടുപോകുന്നതിനുമായാണ്; ഒരു സര്‍ക്കാരിനെ ജനം തിരെഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ സര്‍ക്കാര്‍  അവരുടെ ചുമതല നിറവേറ്റുന്നുണ്ടോ??. ജനങ്ങളുടെ പൊതുപണസഞ്ചിയായ ഖജനാവിലെ പണം എങ്ങനെയാണ് അധികാരികള്‍ ചെലവാക്കുന്നത്.??സാമൂഹ്യപരമായി ഒരു ജനതയ്ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളായ നല്ല റോഡുകള്‍, വൈദ്യുതി, ആശുപത്രികള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, അവശ്യസാധനങ്ങളുടെ ലഭ്യത തുടങ്ങിയവയുടെ കാര്യത്തില്‍  നമ്മുടെ പുരോഗതി എവിടെവരെയായി. അഴിമതിയില്‍ മുങ്ങിത്താഴാത്ത ഏതെങ്കിലും മേഖല ചൂണ്ടിക്കാണിക്കാന്‍ നമുക്ക്‌ പറ്റുമോ?.ആരാണ് ഇതിനു ഉത്തരവാദി?? അന്‍പത്തിയാറുകൊല്ലംകൊണ്ട് കേരളത്തിന്‍റെ എല്ലാ മേഖലയിലും അഴിമതി പിടിമുറുക്കിയിരിക്കുന്നു. വികസനപദ്ധതികള്‍ അഴിമതി നടത്താന്‍ വേണ്ടിമാത്രം സൃഷ്ടിക്കപ്പെടുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് മന്ത്രിമാര്‍ ആഡംബരജീവിതം നയിക്കുന്നു. ദരിദ്രനെ കൂടുതല്‍ ദരിദ്രനും സമ്പന്നനെ കൂടുതല്‍ സമ്പന്നനുമാക്കുന്ന നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അഴിമതി ചൂണ്ടിക്കാണിക്കാത്ത ഏതെങ്കിലും ഒരു പദ്ധതി പറയാന്‍ പറ്റുമോ. ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യേണ്ട സ്ഥലമായ നിയമസഭ; ജനപ്രതിനിധികള്‍ക്ക് ഉറങ്ങാനുള്ള സ്ഥലമായി മാറിയിരിക്കുന്നു. ഇങ്ങനെ ഉണ്ടും ഉറങ്ങിയും ഭരണം നടത്തുന്ന ഈ അലസന്മ്മാരെ നമ്മള്‍ പിന്നെയുംപ്പിന്നെയും ചുമക്കുന്നു. മലയാളിയുടെ രാഷ്ട്രിയബോധം എവിടെയോ എത്തിയിരിക്കുന്നു.

 ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ജനിക്കാന്‍ ഭാഗ്യംലഭിച്ച നമ്മള്‍ ദൈവങ്ങളുടെ പേരുപറഞ്ഞ് തമ്മില്‍ത്തല്ലുന്നു. ജാതിയുംമതവും പറഞ്ഞ് മനുഷ്യരെ തമ്മില്‍ അകറ്റുന്നു. എന്തിനു വേണ്ടി??ആര്‍ക്കു വേണ്ടി?? ഒരു വിഭാഗം നേതാക്കളുടെ സുഖജീവിതത്തിനും സാമ്പത്തിക ലാഭത്തിനും വേണ്ടി മാത്രം. മതനേതാക്കളും ജാതിനേതാക്കളും സുഖജിവിതം നയിക്കുമ്പോള്‍ അനുയായികളും അവരുടെ കുടുംബവും എങ്ങനെ ജീവിക്കുന്നു എന്ന് ഇവരാരെങ്കിലും തിരക്കാറുണ്ടോ??.സമുദായത്തെ നന്നാക്കുമെന്ന് പറയുന്ന ഇവര്‍ നമ്മുടെ ഏതു ആവശ്യമാണ് നിറവേറ്റിതന്നത്. നമ്മളുടെ കഴിവ്‌കൊണ്ട് നമ്മള്‍ക്ക് നടത്താവുന്നതിനപ്പുറമൊന്നും ഇവരാരും നമ്മള്‍ക്ക് ചെയ്തുതരില്ല. ചുരുക്കത്തില്‍ നമ്മുടെ ശക്തിയേയും അധ്വാനത്തെയും ചൂഷണം ചെയ്തു ജീവിക്കുന്ന ഇത്തരക്കാരെ കേരളത്തിനു  ആവശ്യാമാണോയെന്ന് ഈ കേരളപ്പിറവി ദിനത്തിലെങ്കിലും  ചിന്തിക്കാം. എല്ലാ മതങ്ങളും ജാതികളും ഏകോദരസഹോദരങ്ങളെപ്പോലെ കഴിയുന്ന ഒരു കേരളമാണ് നമുക്കാവശ്യം.

 മലയാളഭാക്ഷ സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ചേര്‍ത്താണ് കേരളം രൂപമെടുത്തിരിക്കുന്നത്. മാതൃഭാഷയുടെയും മലയാളസാഹിത്യത്തിന്‍റെയും ഇന്നത്തെ അവസ്ഥ എന്താണ്??.ഭാഷയെ പോഷിപ്പിക്കാനുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും തലപ്പത്ത് രാഷ്ട്രിയമാണ് കളിക്കുന്നത്.മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ടെന്നു പോലും തിട്ടമില്ലാത്ത വികിടന്മാര്‍ മലയാള സാഹിത്യത്തെ നിയന്ത്രിക്കുമ്പോള്‍ എങ്ങനെയാണ് ഭാഷ ജീവിക്കുന്നത്. മലയാളഭാഷയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലാത്ത രാഷ്ട്രിയക്കാരാണ്; ഭാഷയെ പോഷിപ്പിക്കാനെന്ന പേരില്‍ ഘോഷിക്കപ്പെടുന്ന  വിശ്വമലയാള മഹോല്‍സവത്തിനും സ്റ്റേജ്‌ കയ്യടക്കിയിരിക്കുന്നത് . ജനം തെറിവിളിക്കാതിരിക്കാന്‍ വേണ്ടിമാത്രം  ഒരു ഒഎന്‍വി-യെയോ എംടി-യെയോ കസേരയില്‍ ഇരുത്തും; അത്ര തന്നെ. സ്റ്റേജും  മൈക്കും രാഷ്ട്രിയക്കാര്‍ക്ക് വേണം. വിശ്വമലയാളസമ്മേളനത്തിന്‍റെ ഉത്ഘാടനം തന്നെ ഇംഗ്ലീഷിലാണ് നടത്തിയത് ; ആരെ ബോധിപ്പിക്കാനാണ് മാഷേ ഈ വേഷം കെട്ടലുകള്‍. വിശ്വമലയാളത്തിന്‍റെ സ്റ്റേജ് കയ്യടക്കിയ ആള്‍ക്കാരെ നോക്കു.പ്രസിഡന്റ് പ്രണാബ്കുമാര്‍ മുഖര്‍ജിയെ വിശിഷ്ടവ്യക്തി എന്നനിലയില്‍  മാറ്റിനിറുത്തിയാല്‍. ബാക്കി മാന്യന്‍മ്മാരെ നോക്കു..... ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, കെ സി ജോസഫ്, ശശിതരൂര്‍,പാലോട് രവി, കെസി വേണുഗോപാല്‍, കെ എം മാണി,.വിഎസ് ശിവകുമാര്‍. പിജെ കുര്യന്‍, അബ്ദുറബ്, മേയര്‍ ചന്ദ്രിക, കെ മുരളിധരന്‍ അങ്ങനെ പോകുന്നു.... മലയാളത്തിന്‍റെ  മേമ്പോടിക്കായി ഒഎന്‍ വി കുറുപ്പും, എം ടി വാസുദേവന്‍നായരും. പിന്നെ നന്ദി പറയാന്‍ ഒരു പെരുമ്പടവം ശ്രീധരനും... അല്ല; ഇതൊക്കെ കാണുന്നതുകൊണ്ട് ചോദിക്കുകയാണ്... ഈ ഒരു പരിപാടിയിലെങ്കിലും രാഷ്ട്രിയക്കാരെ..... നിങ്ങള്‍ക്ക് സ്റ്റേജില്‍നിന്നും ഇറങ്ങി കേള്‍വിക്കാരായിയിരുന്നുകൂടെ???. ഭാഷയെ പോഷിപ്പിക്കുന്ന എത്രയോ സാഹിത്യകാരന്മ്മാര്‍ നാട്ടില്‍ വേറെ കിടക്കുന്നു; അവര്‍ക്ക് മലയാളത്തെപ്പറ്റി പറയാന്‍ ഒരു അവസരം കൊടുത്തുകൂടായിരുന്നോ??....പറഞ്ഞത് അവിവേകമായെങ്കില്‍ അടിയനോടു പൊറുക്കണം. ഭാഷയെപ്പറ്റിയോ മലയാള സാഹിത്യത്തെപ്പറ്റിയോ ഒരു പിടിയുമില്ലത്തവര്‍ സാംസ്കാരികവകുപ്പ്‌ ഭരിക്കുമ്പോള്‍ ഇതിലും വലിയ തമാശകള്‍ ഇനിയും പ്രതിക്ഷിക്കാം.. മലയാളമഹോത്സവത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ സ്ഥാപിച്ച സാഹിത്യനായകന്മ്മാരുടെ പ്രതിമകള്‍ കണ്ടാലറിയാം സാംസ്‌കാരികവകുപ്പിന്‍റെ മൊത്തത്തിലുള്ള വെളിവുകേട്. വകുപ്പിലാര്‍ക്കും വെളിവില്ലേ എന്ന് ന്യായമായും സംശയിക്കും. സാഹിത്യനായകനായ സിവി.രാമന്‍പിള്ളയെ; ശാസ്ത്രകാരനായ സിവി രാമനാക്കി മാറ്റാന്‍ നമ്മുടെ സംസ്കാരികവകുപ്പിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. തീര്‍ന്നില്ല വികിടത്തരങ്ങള്‍; മുപ്പത്തിയേഴാം വയസ്സില്‍ അന്തരിച്ച ചങ്ങമ്പുഴയെ പടുകിളവനാക്കിയുള്ള അപൂര്‍വ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ ബെഞ്ചമിന്‍ബെയിലിയെ മതപരിവര്‍ത്തകനായിട്ടാണ് നമ്മുടെ സാംസ്കാരിക വകുപ്പ്‌ വിശേഷിപ്പിച്ചിരിക്കുന്നത്.മലയാള ഭാഷാചരിത്രത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അര്‍ണ്ണോസ് പാതിരിയെയോ,ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയെ ഒരു വിവരവും കാണുന്നില്ല.മലയാള ഭാഷാസാഹിത്യത്തിലെ പ്രമുഖയായ സുഗതകുമാരി ടീച്ചറെയും സംഘാടകര്‍ മറന്നുവെന്നു തോന്നുന്നു. ഏഴാംക്ലാസുവരെയെങ്കിലും മലയാളം പഠിച്ചിട്ടുള്ള ഏതൊരാള്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് ഒത്തിരി അറിയാമെന്നുപറയുന്ന മന്ത്രിയും; മന്ത്രിയുടെ വകുപ്പും തെറ്റിച്ചിരിക്കുന്നത്. സാഹിത്യകാരന്മാര്‍  കഞ്ചാവടികാരും, മുഴുക്കുടിയന്‍മ്മാരുമാണെന്ന ഒരു തെറ്റുധാരണ പൊതുവേ ഉണ്ട്. അത്തരം പാര്ട്ടീസാണോ സാംസ്‌കാരികമന്ത്രിയുടെ വകുപ്പുമുഴുവനും എന്നൊരു സംശയം..അല്ല ഇതൊക്കെ കാണുന്ന ഏതൊരാള്‍ക്കും അങ്ങനെയേ തോന്നുകയുള്ളൂ. ഈ നവംബര്‍ മാസത്തില്‍  അന്‍പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന കേരളത്തെയും മലയാളഭാഷയേയും നാറ്റിക്കാനായി വകുപ്പുമന്ത്രിയും പരിവാരങ്ങളും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു.സാക്ഷര കേരളമേ ഇവരോട് പൊറുക്കണമേ....ഇവരെ തിരഞ്ഞെടുത്ത ഞങ്ങളോടും പൊറുക്കേണമേ.............

 എല്ലാ മതങ്ങളും, ജാതികളും, വര്‍ഗ്ഗങ്ങളും, രാഷ്ട്രിയവുമെല്ലാം ആത്യന്തികമായി മനുഷ്യനന്മയെയാണ് ലക്ഷ്യമാക്കുന്നതെന്നുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകട്ടെ. പ്രബുദ്ധകേരളം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാകട്ടെ....ലോകമെമ്പാടുമുള്ള എല്ലാ കേരളിയര്‍ക്കും ഒരിക്കല്‍ക്കൂടി തുളസിവനത്തിന്‍റെ കേരളപ്പിറവി ആശംസകള്‍......................