**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, September 29, 2012

കറന്‍റ് വേണോ....... കറന്‍റ്


         

 

  കേരളത്തിന്‌ ഇരുട്ടടി, കേരളം ഇരുട്ടില്‍ത്തപ്പുന്നു; തുടങ്ങിയ തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ചില ദിവസങ്ങളിലെ നമ്മുടെ പത്രങ്ങളുടെ തലക്കെട്ടുകള്‍ ആയിരുന്നു.കേരളത്തിന്‌ഇരുട്ടടി എന്നതിപ്പോള്‍ വലിയ കാര്യമൊന്നുമല്ല. അടിയൊക്കെ ഇപ്പൊ ഇരുട്ടത്ത്‌നിന്ന് മാറി വെളിച്ചത് തന്നെയാണ് കിട്ടുന്നത്. നമുക്ക് പേടിയുള്ളവനെയും നമ്മളെക്കാള്‍ ശക്തിയുള്ളവനെയും അഡ്രസ്സ് പറയാതെ ഇരുട്ടിന്‍റെ മറവില്‍ അടിക്കുന്നതാണ് ഇരുട്ടടി. ഇങ്ങനെ ഇരുട്ടടിയടിക്കാന്‍ അതിനു കേരളിയനെ ആര്‍ക്കാണിപ്പോള്‍ പേടി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കൊ?? നല്ല കാര്യമായി; അതൊക്കെപ്പണ്ട്. ഇപ്പൊ; ഷാപ്പിലെ പട്ടിയുടെ അവസ്ഥയാണ്.വഴിയെ പോകുന്നവനൊക്കെ തൊഴിച്ചിട്ടു പോകും. തൊഴിയുംമേടിച്ചു മോങ്ങികൊണ്ട് വാലും ചുരുട്ടി കിടക്കാനാണ് നമ്മുടെ വിധി.കേന്ദ്രസര്‍ക്കാറിന്‍റെ വിഹിതം കഴിഞ്ഞതേയുള്ളു. അടുത്തത് നമ്മുടെ സ്വന്തം ചാണ്ടി സര്‍ക്കാരിന്‍റെ ഊഴമാണ്. തുടക്കം മോശമില്ല. നന്നായി സ്കോര്‍ ചെയ്യുന്ന ലക്ഷണം കാണിക്കുന്നുണ്ട്. ഇരുട്ടില്‍ ഇന്നും ഇരുട്ടിലേക്ക്‌ പദ്ധതിയുടെ ഉത്ഘാടനം കഴിഞ്ഞു. പ്രഖ്യാപിത പവര്‍കട്ട് ഒരു മണിക്കൂറായി ഉയര്‍ത്തിയിട്ടുണ്ട്. അപ്രഖ്യാപിതകട്ടിനു അങ്ങനെ നേരവും കാലവുമൊന്നുമില്ല; എക്സിക്യുട്ടീവ് എന്‍ജിനീയറുടെ മൂലവും, നാളും നോക്കിയായിരിക്കും കറണ്ട് പോകണോ, വരണോന്നുള്ള തീരുമാനം. വീട്ടില്‍ മൂന്നുനേരം തീ പുകഞ്ഞില്ലെങ്കിലും, വെളിച്ചമില്ലെങ്കിലും രാഷ്ട്രിയക്കാരന്‍റെ ഷഷ്ടിപൂര്‍ത്തിയ്ക്ക് പോസ്റ്റര്‍ ഒട്ടിക്കാനും, ഷാള്‍ ഇടാനുമൊക്കെയാണ് പ്രബുദ്ധകേരളത്തിന്‌ താല്പര്യം.

  കേരളം ഇരുട്ടില്‍ത്തപ്പുന്നതിനെക്കുറിച്ചു പ്രത്യേകിച്ചൊന്നും പറയാനില്ല. തപ്പല്‍ നമ്മള്‍ പണ്ടേ തുടങ്ങിയ ഏര്പ്പാടാണ്. തപ്പിത്തപ്പി; തപ്പാന്‍ പാടില്ലാത്ത പലേടത്തും കേറിതപ്പി, തല്ലു മേടിക്കുന്നത് ഇപ്പൊ ഒരു ഫാഷന്‍ ആയിട്ടുണ്ട്‌. നേതാക്കന്മാര്‍ പലരും തപ്പിയത് ഐസ്ക്രീം,സൂര്യനെല്ലി ,കിളിരൂര് ,ഉണ്ണിത്താന്‍ പിന്നെ അല്ലറ ചില്ലറ കാറിലായിട്ടും,ക്യാമറയായിട്ടും അങ്ങനെ പല പേരില്‍  നമ്മല്‍ കണ്ടതാണ്.എന്നാലും അവരൊക്കെ നമ്മുടെ പ്രിയപ്പെട്ട നേതാക്കളായി ഇപ്പോഴും നമ്മളെ നേരായ മാര്‍ഗത്തില്‍ നയിക്കുന്നു. ധീരതയോടെ നയിച്ചോളൂ എന്ന് പറഞ്ഞു നമ്മള്‍ അവര്‍ക്ക് മുദ്രാവാക്യം വിളിക്കുന്നു. ഇങ്ങനെ തപ്പുന്ന നേതാക്കള്‍ നയിക്കുന്ന കേരളത്തില്‍ സ്വാഭാവികമായും ഇരുട്ട് കണ്ടാല്‍ തപ്പല്‍ തുടങ്ങും. അതില്‍ വിഷമിച്ചിട്ട് കാര്യമില്ല.

   സംഭവം ഇതൊന്നുമല്ല.കവലയിലുള്ള പ്രിയദര്‍ശിനി വായനശാലയുടെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന നമ്മുടെ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ന്‍റെ ഫോട്ടോയ്ക്ക്മുന്‍പില്‍ ആരോ മെഴുകുതിരി കത്തിച്ചുവെന്ന വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്.രാവിലെ പത്രവിതരണത്തിനു പോയ കൊച്ചാപ്പിയാണ് സംഭവം ആദ്യം കണ്ടത്. ചാത്തനും മറുതയുമൊന്നുമല്ലെന്നു ഉറപ്പു വരുത്തിയ ശേഷം കൊച്ചാപ്പി ആള്‍ക്കാരെ വിളിച്ചുകൂട്ടുകയായിരുന്നുപോലും. വായനശാലയുടെ ഭിത്തിയില്‍ ഗാന്ധിജി, നെഹ്‌റു,ഇന്ദിരാഗാന്ധി,എകെജി, കരുണാകരന്‍,ആന്‍റണി,നായനാര്‍,തുടങ്ങിയ ഒരു മാതിരി പ്രമുഖന്‍മ്മാരോക്കെയുണ്ട് എന്നിട്ടും ആര്യാടന്‍റെ ഫോട്ടോയ്ക്ക് മുന്നില്‍  മാത്രം മെഴുകുതിരി കത്തിച്ചവന്‍ ആരടെ ..........വല്ലാത്തൊരു കന്ഫ്യുഷന്‍.ഇത് ആലോചിച്ചു നില്‍ക്കുമ്പോഴാണ് അടുത്ത വാര്‍ത്ത കേള്‍ക്കുന്നത്. കുന്നുന്മേല്‍ ശാന്തയുടെ കോഴിക്കൂട്ടില്‍ കഴിഞ്ഞ രാത്രിയില്‍ കള്ളന്‍ കയറിയിരിക്കുന്നു. പലരും വില പറഞ്ഞിട്ടും കൊടുക്കാതെ നിറുത്തിയിരുന്ന പൂവന്‍കോഴിയെ കാണാനില്ല. പിടിവലിയില്‍ അവിടവിടെ വീണു കിടക്കുന്ന പപ്പും തൂവലും നോക്കി; ശാന്ത, പഞ്ചായത്ത് റോഡുവഴി പോയിട്ടുണ്ടത്രേ. അകത്തു കയറിയാല്‍ കാര്യമായിട്ടൊന്നും തടയാനില്ലാത്ത നാടാണ്. അലമാരയില്‍ സൂക്ഷിച്ചിരിക്കുന ബാങ്കു വായ്പ്പയുടെ കടലാസുകളും, പണയാധാരത്തിന്‍റെ രസീതുകളും, ഏതാനും ചില്ലറ തുട്ടുകളുമൊഴിച്ചു വല്ലതും തടയുന്ന വീടുകള്‍; വളരെ ചുരുക്കമാണ്. എന്നാല്‍ വീടിനു പുറത്തു വിലപിടിച്ച ഉരുപ്പടികള്‍ ഉണ്ട്താനും. പശു, ആട്, കോഴി ഇവയെല്ലാം എല്ലാ വീട്ടിലുമുണ്ട്. കള്ളനെപ്പേടിച്ചു ഇവയെയൊക്കെ പുരയ്ക്കകത്തു കയറ്റിക്കെട്ടാന്‍ പറ്റുമോ.

 അതെങ്ങനാ..... രാത്രി മുഴുവന്‍ പവര്‍ കട്ടല്ലേ?? പിന്നെങ്ങനെ കള്ളന്‍ കയറാതിരിക്കും.ചുറ്റും കൂടി നിന്നവരില്‍ നിന്ന് ഉയര്‍ന്ന അഭിപ്രായമാണിത്.പ്രഖ്യാപിത പവര്‍കട്ട് ഒരു മണിക്കൂര്‍ ആക്കിയെന്ന മന്ത്രിയുടെ പ്രഖ്യാപനം വന്നയുടനെ അതിന്‍റെ ഫലം കണ്ടുതുടങ്ങി.കറന്റ് വേണമെന്ന ആഗ്രഹം കൊണ്ട് നാട്ടുകാര്‍ പിരിവെടുത്താണ് നാട്ടില്‍ കറന്റ് വന്നത് .അതിന്‍റെ ചിലവിലേക്ക് ഓരോരുത്തരും കുറഞ്ഞത് ആയിരം രൂപയെങ്കിലും വച്ചു സര്‍ക്കാരിലേക്ക് മാസംതോറും അടയ്ക്കുന്നുണ്ട്.കറന്റ് വന്നു പിറ്റേദിവസം അഞ്ചുലിറ്റര്‍ വീതം കിട്ടികൊണ്ടിരുന്ന മണ്ണെണ്ണ; ഒരു ലിറ്ററായി സര്‍ക്കാര്‍ വെട്ടികുറച്ചു.ഫലത്തിലിപ്പോള്‍ കറന്‍റെമില്ല, വിളക്കിലൊഴിക്കാന്‍ പോയിട്ട് അടുപ്പിലൊഴിക്കാന്‍ പോലും മണ്ണെണ്ണയുമില്ല. ഞങ്ങള്‍ എന്ത് ചെയ്യണം സര്‍ക്കാരേ. ഞങ്ങളെ രക്ഷിക്കാമെന്ന ഉറപ്പിന്‍മേല്‍ വോട്ടും വാങ്ങിപ്പോയ നിങ്ങള്‍പ്പറയു.. ഞങ്ങള്‍ എന്ത് ചെയ്യണം????.

എന്തൊരു നാടണപ്പാ നമ്മുടേത്??? ആഗോള വ്യവസായികളെ മുഴുവന്‍ കേരളത്തിലേക്ക് വിളിച്ചു വരുത്തി ബിരിയാണിയും കോഴിക്കറിയും കൊടുത്തു വിട്ടിട്ട് മാസം ഒന്നായില്ല.കറന്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എന്ത് വ്യവസായമാണിവിടെ വരാന്‍ പോകുന്നത്.ഇരുട്ടിന്‍റെ മറവില്‍ തഴച്ചുവളരുന്ന വ്യവസായങ്ങളായി പൊതുവേ കണ്ടുവരുന്ന രണ്ടെണ്ണം മോഷണവും,അനാശാസ്യവുമാണ്. ഇത് രണ്ടിനും സര്‍ക്കാര്‍ തലത്തില്‍ അംഗികാരം കിട്ടിയതായി അറിവില്ല.അംഗികാരം കിട്ടിയിട്ടില്ലെങ്കിലും സമീപ ഭാവിയില്‍ അംഗികാരം കിട്ടാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞു കാണുന്നുണ്ട്.കാരണം അതിനുള്ള അനുകൂലചുറ്റുപാട് സര്‍ക്കാര്‍ തന്നെ ഒരുക്കികൊടുക്കുന്നുണ്ടല്ലോ.

 പുരോഗമനം, വികസനം എന്നൊക്കെ വിളിച്ചു പറയുമ്പോള്‍ അതിനുള്ള അടിസ്ഥാന ഘടകമായ വൈദ്യുതി എവിടെ? മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന് പറഞ്ഞ് ഇടുക്കിയിലെ വെള്ളമെല്ലാം ഒഴുക്കിക്കളഞ്ഞു. ഇപ്പോഴിതാ ഇടുക്കിയില്‍ വെള്ളവുമില്ല, നാട്ടില്‍ കരണ്ടുമില്ല.ഈ വിഷയത്തില്‍ ഒരു തീരുമാനവും ഇതേ വരെ ഉണ്ടായിട്ടില്ല.അടുത്ത വര്‍ഷം മഴ പെയ്യുമ്പോഴും ഇതേ പ്രശ്നം ഉണ്ടാവും. അന്നും ഇടുക്കിയിലെ വെള്ളം തുറന്നു വിടും.വേനല്‍ വരുമ്പോള്‍ കാര്യം ഗോവിന്ദ..............തൊള്ളായിരത്തിതൊണ്ണൂറ്റിയൊന്‍പതു വര്‍ഷത്തെ പാട്ടക്കരാര്‍ ഉണ്ടാക്കിയത്,നമ്മളല്ല. ബ്രിട്ടീഷ്കാരാണ്. അവരും പോയി, അവരുടെ ഭരണവും പോയി. എന്നിട്ടും നമ്മള്‍ പഴയ വാറോലയും പൊക്കിപ്പിടിച്ച് ഇരുപ്പാണ്.ഭയങ്കരകരാറ് പാലിക്കുന്ന ആള്‍ക്കാരല്ലേ നമ്മള്‍..അതുകൊണ്ട് ജനം മുഴുവന്‍ ചത്താലും കരാറ് മാറ്റാന്‍ പറ്റുമോ..രാത്രിയായാല്‍ കടുവയ്ക്കും, പോത്തിനും, ആനയ്ക്കും ഉലാത്തണമെന്നു പറഞ്ഞു ഒരു കൂട്ടര്‍ വഴി അടയ്ക്കുന്നു.എത്രെയെണ്ണം ചത്താലും വേണ്ടില്ല വെള്ളം ഞങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞു മറ്റൊരു കൂട്ടര്‍.നമ്മളിങ്ങനെ കേസും, നടത്തിപ്പെന്നും പറഞ്ഞു കോടതി വരാന്തവഴി തെണ്ടുന്നു. കാര്യം ഭരണമൊക്കെ കേന്ദ്രത്തിലും ഇവിടെയും നമ്മുടെ കൈയ്യില്‍ തന്നെയാണ്; ഒരു കാര്യവുമില്ലാന്നു മാത്രം.ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞൊരു പോക്കുണ്ട്. ഡല്‍ഹിയില്‍ചെന്ന് ഒരു ചായയൊക്കെ കുടിച്ച്,ഷോപ്പിംഗ്ങ്ങും നടത്തി കോളേജില്‍ പഠിക്കുന്ന മക്കളെയും കണ്ടു ഇങ്ങു തിരിച്ചു വരും.ഇതിനെ പട്ടി ചന്തയ്ക്ക് പോയ പോലെ എന്നാണ് മലയാളത്തില്‍ പറയുക. ഇവിടെ വന്നു ഒരു പത്ര സമ്മേളനം നടത്തി അവിടുന്ന് കിട്ടിയ ഉറപ്പ് എന്നൊരു സാധനം ഇവിടെ കാണിക്കും.ഡല്‍ഹിയില്‍ നേതാക്കന്‍മ്മാരെ കാണാന്‍ ചെന്നാല്‍ അവരു തരുന്ന ഒരു സാധനമാണി ഉറപ്പ്.അമ്പലങ്ങളില്‍ പോയാല്‍ പ്രസാദം കിട്ടില്ലേ അതുപോലെ.അങ്ങനെ മാഡവും,സര്‍ദാര്‍ജിയും ഡല്‍ഹിയില്‍യല്‍ നിന്നും കൊടുത്തു വിടുന്ന ഉറപ്പും തിന്നു ജീവിക്കാനായിരിക്കും നമ്മുടെ വിധി. ശിവ ശിവ .............

    ജയലളിതയ്ക്ക് ഇപ്പൊ മൂക്കുകയറിടുമെന്നുപറഞ്ഞ നമ്മുടെ നേതാക്കളെല്ലാം; അണ്ടിപോയ അണ്ണാന്‍റെ കൂട്ട് ഇരുപ്പാണ്.അധികം കളിച്ചാല്‍; തമിഴ്‌നാട്ടില്‍ വാങ്ങിച്ചു കൂട്ടിയിരിക്കുന്ന ഭൂമിയിടെ കണക്ക് പുറത്തു വിടുമെന്നൊരു പറച്ചില്‍ വന്നതിനു ശേഷം,.ഇപ്പൊ ഒലത്തും എന്ന് പറഞ്ഞവരൊക്കെ ഡല്‍ഹിയിലും, ലണ്ടനിലും പുതിയ സിദ്ധാന്തവുമവതരിപ്പിച്ചു കൈയ്യടി വാങ്ങി നടക്കുന്നു.നിങ്ങള്‍ ഉറങ്ങാതെ ഞാന്‍ എങ്ങനെയുറങ്ങുമെന്നു പറഞ്ഞു വിങ്ങിപ്പൊട്ടിയ നമ്മുടെ ആ പാട്ടുകാരന്‍ മന്ത്രിയുടെ പൊടിപോലുമില്ലിപ്പോള്‍.പക്ഷെ ഉണ്ണാതെയും, ഉറങ്ങാതെയും സത്യാഗ്രഹം കിടക്കുന്ന ജനം ഇന്നുമവിടെ കിടപ്പുണ്ട്.ആരും തിരിഞ്ഞു നോക്കാനില്ലായെന്നു മാത്രം. ലണ്ടനില്‍ മണ്ടന്‍ സിദ്ധാന്തമവതരിപ്പിക്കാന്‍ പോയ നമ്മുടെ പാവങ്ങളുടെ മന്ത്രി ആ പഴയ മുല്ലപ്പെരിയാര്‍ കരാറുംകൂടി ഒന്ന് കൊണ്ടുപോയിരുന്നുവെങ്കില്‍.റാണിയെ കണ്ടു കാലാവധി കഴിഞ്ഞ കരാരൊന്നു റദ്ദാക്കി സീലും വാങ്ങി പോരാമായിരുന്നു.അത് കൊണ്ടുപോയോ ആവോ.....അതിനു കൊണ്ടുപോയാല്‍ തന്നെ ആ പരിസരത്ത് അടുപ്പിച്ചിട്ടുവേണ്ടേ....

ഇങ്ങനെയൊക്കെയാണെങ്കിലും കുറ്റം മുഴുവന്‍ കാലവര്‍ഷത്തിനാണ്.കാലവര്‍ഷം ചതിച്ചുവെന്നാണ് മന്ത്രി പറയുന്നത്.പറയുന്നത് കേട്ടാല്‍തോന്നും കാലവര്‍ഷം ഇവിടെയാര്‍ക്കോ ഗര്‍ഭമുണ്ടാക്കിയിട്ടു കടന്നു കളഞ്ഞെന്ന്;കാലവര്‍ഷം പറഞ്ഞാര്ന്നോ അടുത്ത വര്‍ഷം ഇടുക്കിയിലേക്ക് ഇത്ര അളവ് വെള്ളം തരാമെന്ന്. ഉണ്ടായിരുന്ന വെള്ളമെല്ലാം ഒഴുക്കിക്കളഞ്ഞിട്ട്‌ കാലവര്‍ഷത്തിനെ കുറ്റം പറഞ്ഞു തലയൂരിയാല്‍ മതി. ഇക്കണക്കിന് പോയാല്‍ കേരളത്തില്‍ ഗ്യാസിനും, പഞ്ചസാരയ്ക്കും വിലകൂട്ടിയത്;കേരളിയര്‍ക്ക് ഗ്യാസും പഞ്ചാസാരയും കൂടുതലായതുകൊണ്ടാണെന്ന് നമ്മുടെ നേതാക്കള്‍ പറയുന്ന കാലം വിദൂരമല്ല.രക്തത്തില്‍ ഇരുമ്പ്‌കൂടിയിട്ട് ആ ഇരുമ്പ്‌ കൊണ്ട് പാരപണിത് ആസനം തകര്‍ത്ത മാന്യനെ നമുക്കറിയാം. ഇനി രക്തത്തിലെ പഞ്ചസാരകൊണ്ട് ചായയില്‍ മധുരം കലക്കിയും, വയറ്റിലെ ഗ്യാസുകൊണ്ട് സ്ടൌവ് കത്തിക്കുകയും ചെയ്യുന്ന വിദ്യ ഏതു മന്യനാണോ നമുക്ക് പരിചയപ്പെടുത്തി തരുന്നത്.കറന്റ് ഇല്ലാത്ത നാട്ടില്‍ കറന്റ് കൊണ്ടുള്ള വ്യവസായം തുടങ്ങാന്‍ കോടികള്‍ തുലയ്ക്കുന്നവരെ എന്താണ് വിളിക്കേണ്ടത്. ആര്യാടന് മുന്നില്‍ കത്തിച്ച മെഴുകുതിരി പുതുപ്പള്ളിയിലും,വേങ്ങരയിലും കൂടി കത്തിക്കേണ്ടിയിരിക്കുന്നു.ഇനി എന്തെല്ലാം അനുഭവിക്കാന്‍ കിടക്കുന്നു.....

Thursday, September 27, 2012

വെട്ടുകേസും ചില സംശയങ്ങളും


 

   തൃശൂരിലും മലപ്പുറത്തും ചിലപട്ടികള്‍ക്ക് വെട്ട് കിട്ടിയിരിക്കുന്നു;പത്രത്തിലുണ്ട്. പരമുനായരുടെ ചായക്കടയിലിരുന്നു ബോണ്ടയും ചായയും അകത്താക്കുന്നതിനിടയില്‍ തെങ്ങുകയറ്റക്കാരന്‍ നാണുവാണ്; ചായക്കടയുടെ മുറ്റത്തുച്ചുരുണ്ട്കൂടിക്കിടക്കുന്ന നായയെ നോക്കി വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത കേട്ടപാടെ മനസിലൊരു ലഡു പൊട്ടി. ഇങ്ങനെ പോയാല്‍ വാക്കത്തിയും കാച്ചിച്ച് ചില പട്ടികളെയൊക്കെ വെട്ടേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ഈ വാര്‍ത്ത കേട്ടത്.

     ഏതു പത്രത്തിലാ........

 തൊണ്ടയില്‍ കുരുങ്ങിയ ബോണ്ടയെ ഞെക്കി വിഴുങ്ങിക്കൊണ്ട് ചോദിച്ചു.

.     എല്ലാത്തിലുമുണ്ടന്നാ പറഞ്ഞത്.......... .

സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തില്‍ മലയാളംപഠിച്ച ആളാണ്‌ നാണു. അത് കൊണ്ട് കൂടുതലൊന്നും പ്രതിക്ഷിക്കേണ്ട. മുഴുവന്‍ വായിക്കാന്‍ ധൃതിയുണ്ടെങ്കിലും ബോണ്ട തീര്‍ക്കാതെ പോകാന്‍പ്പറ്റില്ല.സാവധാനം കഴിച്ചാലല്ലാതെ ഇതൊട്ട് ഇറങ്ങിപ്പോകത്തുമില്ല. കേരളത്തിലെ ഹോട്ടലുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പലഹാരമാണ്; ബോണ്ടയെന്ന് ചില സ്ഥലങ്ങളില്‍ വിളിക്കപ്പെടുന്ന ഉണ്ടക്കായ്.പുളിച്ച ഗോതമ്പ്‌മാവിനെ ഉരുട്ടി, തിളച്ചഎണ്ണയില്‍ മുക്കി പൊരിച്ചെടുക്കുമ്പോഴാണ് ഉണ്ടക്കായ് ഉണ്ടാകുന്നത്. പരമുനായരുടെ കടയിലെ വിശേഷ പലഹാരമാണിത്. പുത്തന്‍ സാമ്പത്തികപരിഷ്ക്കാരങ്ങളും, അഭിമാനപ്രശ്നങ്ങളുമൊക്കെ; ഉണ്ടാക്കയെ പ്രധാനഹോട്ടലുകളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.ബോണ്ട കഴിക്കുന്നവനൊക്കെ തറയാണെന്നൊരു ധാരണ യൂത്തിനിടയില്‍ ചുറ്റികറങ്ങാറുണ്ട്. കാന്റീനിലിരുന്ന് ബോണ്ടാകഴിച്ചു എന്ന ഒറ്റകാരണത്താല്‍ ലൈന്‍ തകര്‍ന്ന വ്രണിതഹൃദയങ്ങളെ നേരിട്ടറിയാമെന്നുള്ളതുകൊണ്ടാണ് ഇയൊരു അഭിപ്രായം പറഞ്ഞത്.എന്നാലും നാട്ടിന്‍പ്പുറങ്ങളില്‍ ആളു ഹീറോയാണിപ്പോഴും. അതിന്‍റെ പ്രധാനകാരണം ഒരു ഉണ്ടാക്കയും ഒരു ഗ്ലാസ്‌ചായയും കഴിച്ചാല്‍ ഒരുനേരത്തെ ഭക്ഷണമായി എന്നുള്ളതാണ്. പോക്കറ്റ്‌ ചോരാതെ വയറു നിറയ്ക്കാം എന്നര്‍ത്ഥം.പ്രിയപ്പെട്ട ‘ഉണ്ടക്കായെ’ കോളേജ്ജീവിതകാലത്ത് നിയെന്നെ ഒരുപാട് ഉച്ചനേരങ്ങളില്‍ വിശപ്പില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്; അത്കൊണ്ട് ആരൊക്കെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിന്നെ തള്ളി പറയില്ല.
 

വീട്ടില്‍ വന്നപാടെ പേപ്പര്‍ എടുത്ത്നോക്കി. ഏതൊക്കെ പട്ടികള്‍ക്കാണ് വെട്ടുകിട്ടിയത്, നാളെ ഹര്‍ത്താലായിരിക്കുമോ തുടങ്ങിയ ചിന്തകളാണ് എന്നെ അലട്ടിയത്.ഒടുവിലത് കണ്ടുപിടിച്ചു.വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍, നേരത്തെ പൊട്ടിയലഡു ഒരു അമിട്ടായാണ് തോന്നിയത്. തൃശൂരിലും, മലപ്പുറത്തും തെരുവ്‌നായ്ക്കളെ തലയ്ക്കുവെട്ടേറ്റ നിലയില്‍ കണ്ടെത്തിയിരിക്കുന്നു .വല്ല തീവ്രവാദിസംഘടനകളുടെയും പരിശീലനത്തിന്‍റെ ഭാഗമാണോ ഈ വെട്ടെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.ഇതാണ് വാര്‍ത്ത‍.എന്‍റെ കളരിപരമ്പര ദൈവങ്ങളാണെ, കാവിലമ്മയാണെ... പാവം മിണ്ടാപ്രാണികളെ ഇങ്ങനെ വെട്ടിയവന്‍റെ തലയില്‍ ഇടിത്തീവീഴട്ടെ.
 

  ഇങ്ങനെ തെരുവ്‌നായ്ക്കളെ വെട്ടിപ്പരിശീലിക്കുന്ന സംഘടനകള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടോ?? ഉണ്ടെങ്കില്‍ നമ്മുടെ പോലീസും, രഹസ്യാന്വേഷണക്കാരും ഇതൊന്നും അറിയുന്നില്ലേ .അതോ അറിഞ്ഞിട്ടും പുറത്തു പറയാത്തതാണോ????. മൊത്തത്തില്‍ ഒരു പിശക്.മലപ്പുറത്തെ നായ മലപ്പുറത്തും, തൃശൂരിലെ നായ തൃശൂരിലും തന്നെയാണ് തങ്ങാറുള്ളത്. നായ്ക്കള്‍ മനുഷ്യരെപ്പോലെ തങ്ങളുടെ അധികാര പരിധി വിട്ടു പോവാറില്ല. പ്രതി പോയ വഴി മണത്തുനോക്കി ആളെ പിടിക്കുന്ന നമുടെ പോലീസിനു വെട്ട്കിട്ടിയ നായയെ പരിശോധിച്ചാല്‍ വെട്ടിന്‍റെ ചരിത്രം അറിയാന്‍ കഴിയില്ലേ. അതോ അന്‍പതിനാല് വെട്ടിന്‍റെ പുസ്തക വിതരണത്തോടുള്ള പ്രതിഷേധമോ, പ്രചരണാര്‍ത്ഥമൊ നടക്കുന്ന വെട്ടാണോ ഇത്. നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പക്ഷെ എനിക്ക് മറ്റൊരു സംശയമാണ് തോന്നുന്നത്.വെട്ടുകിട്ടിയ നായ്ക്കള്‍ അലഞ്ഞു തിരിയുന്ന പരിസരങ്ങളിലെ ഹോട്ടലുകള്‍ പ്രത്യേകിച്ച്, ബാര്‍ഹോട്ടലുകള്‍  പരിശോധിച്ച്; അവിടെ വിതരണം ചെയുന്ന ഇറച്ചി വിഭവങ്ങളുടെ സാമ്പിളുകളോന്ന്  പരിശോധനയ്ക്ക് അയക്കുന്നത് നന്നായിരിക്കും.

തെരുവ്‌ നായ്ക്കളുടെ സെന്‍സസ്‌ എടുക്കാന് സര്‍ക്കാര്‍ തലത്തില്‍ ഒരു തീരുമാനം ഉടനെ എടുക്കുന്നത് ഉപകാരപ്രദമായിരിക്കും.എന്നാല്‍ പിന്നെ ഇത്തരത്തിലുള്ള വെട്ട് കേസും, മിസ്സിംഗ്‌ കേസും പെട്ടന്ന് തെളിയ്ക്കാനാവും.ഈ വെട്ട്കേസ്‌ നമ്മുടെ മേനകാഗാന്ധിയെ അറിയിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കും. പുള്ളിക്കാരിയെ പറ്റിയിപ്പോള്‍ ഒരു വിവരവുമില്ല.പണ്ട് ഒരു പ്രമുഖ മലയാളപത്രത്തില്‍ ‘എരുമ എന്‍റെ അരുമ’ എന്നൊരു കോളം എഴുതുന്നുണ്ടായിരുന്നു. ഇപ്പൊ അതും കാണാനില്ല.വല്ല വനവാസത്തിലുമാണെങ്കില്‍ ഈ വിവരം അറിഞ്ഞാല്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്.
 

കേരളമിപ്പോള്‍ പഴയ കേരളമല്ല. ബിലാലിന്‍റെ കേരളമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ആളുകള്‍ ഇവിടെയുണ്ട് .പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍.നാഗാലാന്‍റെ തുടങ്ങിയ വടുക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പട്ടിയിറച്ചി പ്രിയപ്പെട്ട വിഭവമാണ്.ഇവിടെ ഇറച്ചിക്കാണേല്‍ തീപിടിച്ച വിലയും, നല്ലതൊട്ടുകിട്ടാനുമില്ല. അങ്ങനെവരുമ്പോള്‍ ചില സംശയങ്ങള്‍ തോന്നാവുന്നതാണ്.അറവുമാടുകള്‍ക്ക് തീപിടിച്ച വിലയുള്ള ഈ സമയത്ത്; പരിസരത്ത് യാതൊരുചിലവും കൂടാതെ കിട്ടുന്ന സാധനമായതിനാല്‍ കച്ചവടക്കണ്ണുള്ള മലയാളി; നായയുടെ മേലും ഒരു കണ്ണുവെയ്ക്കില്ലായെന്ന് എങ്ങനെ പറയാന്‍പ്പറ്റും.ചത്തകോഴിയേയും അസുഖം വന്നുചത്ത മാടിനെയും മേശപ്പുറത്ത് വിളമ്പാന്‍ മടിക്കാത്തവര്‍; പട്ടിയിറച്ചി വിളമ്പിയാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.അതുകൊണ്ട് ഇറച്ചി വിഭവങ്ങല്‍ കഴിക്കുന്നവര്‍ ജാഗ്രതെ.... തന്തൂരിയും, ചില്ലിയും, മോളിയുമൊക്കെയായി മേശപ്പുറത്ത് വരുന്നത് ചിലപ്പോള്‍ ശുനകന്‍ ആയിരിക്കും.
 

ഇതിനെക്കുറിച്ച്‌ അന്വേഷണമൊന്നും പ്രതിക്ഷിക്കേണ്ട. എല്ലാം; തീവ്രവാദിവഴിയെ പോയ്ക്കളും .പിന്നെ ആളു ചത്താല്‍ മാത്രമേ നമ്മുടെ വകുപ്പുകള്‍ ഇളകുകയുള്ളു. ഷവര്‍മ കഴിച്ച് ആളു മരിച്ചപ്പോഴാണ് ആരോഗ്യവകുപ്പ്‌ ഇളകിയത്. അതിപ്പോള്‍ ഏതാണ്ട് നിലച്ച മട്ടാണ്. ഇളകിയിളകി മന്ത്രിബന്ധുവിന്‍റ അടുക്കളയില്‍ എത്തിയപ്പോള്‍ പരിപാടി സ്റ്റോപ്പ്‌. മന്ത്രിബന്ധുവാണോ പിന്നെ പേടിക്കാനില്ല പാറ്റയോ പഴുതാരയോ എന്ത് വേണമെങ്കിലും ചേര്‍ത്ത് കേക്ക് ഉണ്ടാക്കാം.എങ്കിലും ഒരു കാര്യം പറയാതെവയ്യ. അല്പം ചീഞ്ഞതൊക്കെയാണ് നമുക്ക്‌ ഇഷ്ടം.അത് കൊണ്ടാണല്ലോ; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത ലെ മെറിഡിയനില്‍ തന്നെഎമെരിജിഗ് കേരളയുടെ അടുക്കള സഘടിപ്പിച്ചത്. അതോടെ അവരുടെ ഫ്രീസറില്‍ സൂക്ഷിച്ച എല്ലാ ചീഞ്ഞതും തീര്‍ന്നുകാണും. വിദേശപ്രതിനിധികളൊക്കെ വന്നതിന്‍റെ പിറ്റേ ദിവസംതന്നെ സ്ഥലം കാലിയാക്കിയതിന്‍റെ രഹസ്യം ഇപ്പോഴല്ലേ പിടികിട്ടിയത്.
 
എതായേലും ഹോട്ടലിന്‍റെ അടുത്തുള്ള അരിഷ്ടക്കടയില്‍ പരിപാടി നടന്ന ദിവസങ്ങളില്‍; ദശമൂലാരിഷ്ടത്തിനും, ജീരകാരിഷ്ടത്തിനും നല്ല ചിലവായിരുന്നുവെന്നാണ് വിശ്വാസനീയകേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച അറിവ്‌. അതുകൊണ്ടും രക്ഷയില്ലാത്ത ചില പ്രമുഖരൊക്കെ ആശുപത്രിയിലായെന്നും നമ്മള്‍ അറിഞ്ഞതാണ്.ഇനി നായ്ക്കളുടെ തലയും, എല്ലും കണ്ടാല്‍; അത് തീവ്രവാദികല്‍ പുഴുങ്ങി തിന്നതാണെന്ന് പറഞ്ഞു തലയൂരാതെ സംഭവത്തിന്‍റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും സഘാടനകള്‍ ഇത്തരത്തില്‍ പരിശീലനം നടത്തുന്നുണ്ടോ?? അതോ ആരെങ്കിലും പട്ടിയിറച്ചി വിഭവങ്ങള്‍ മലയാളിയെ തീറ്റിക്കുന്നുണ്ടോ??? എന്ത് തന്നെയായാലും ഇത്തരം സംഭവങ്ങളുടെ സത്യാവസ്ഥ അറിയാന്‍ പൊതുജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ട്.

Wednesday, September 26, 2012

ശുഭകാര്യങ്ങളില്‍ ഇനിമുതല്‍ മധുരംവേണ്ട


 

 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

ശുഭകാര്യത്തിനിറങ്ങുമ്പോള്‍ അല്പം മധുരം കഴിക്കുന്നത്‌ നല്ലതാണെന്നമ്മ പറഞ്ഞതോര്‍ത്തിട്ട്; അകത്തേക്ക് വിളിച്ചു പറഞ്ഞു.

 ഒരു ചായവേണം; മധുരം കുറച്ചു കൂട്ടിയിട്ടോ...........

ഉടനെ വന്നു മറുപടി.     പഞ്ചസാര തീര്‍ന്നു.....

അങ്ങനെ രാവിലത്തെ യാത്രയും കയ്പ്പില്‍നിന്നുതന്നെ തുടങ്ങി.

     വരുമ്പോള്‍ പഞ്ചസാര വാങ്ങാന്‍ മറക്കേണ്ട കേട്ടോ...............

            ഉവ്വാ..

ആളനക്കമൊഴിഞ്ഞ റേഷന്‍കടയിലേക്ക് കയറിചെല്ലുമ്പോള്‍ കുമാരന്‍ പത്രപാരായണത്തിലാണ്.

    കുമാരാ പഞ്ചസാരയുണ്ടോ....

   അയ്യോ സ്റ്റോക്ക് തീര്‍ന്നല്ലോ; ഇന്ന് വരും. പിന്നെ വില കൂടുംകേട്ടോ        കിലോയ്ക്ക് അഞ്ചുരൂപാ കൂടുമെന്നാ പത്രത്തില്.... .

     എന്‍റെ കന്ട്രോള്‍ പോകുന്നു ഭഗവാനേ.............

എഴുതിക്കൊണ്ടിരുന്ന കടലാസ്സ്‌ വലിച്ചുകീറി ചുരുട്ടി ദൂരെയെറിഞ്ഞു. .കുന്തം, തേങ്ങാക്കൊല അവന്‍റെയൊക്കെ ഒരു വിലകൂട്ടല്‍; ഇനിയെങ്കിലും നന്നാകാമെന്ന് വിചാരിച്ചതാ, സമ്മതിക്കുകേല.
 

പഞ്ചസാരയ്ക്ക് അഞ്ചുരൂപ കൂട്ടണം അതിനായി പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിരിക്കുന്നുപോലും. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ്  ഇന്ത്യ. എന്നിട്ടും ദാരിദ്ര്യം പറയുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള തെണ്ടികളെയാണ് ഇത്തവണ സര്‍ദാര്‍ജി പിടിച്ചിരിക്കുന്നത്. ദാരിദ്ര്യം കൂടപ്പിറപ്പായതുകൊണ്ട് വരയ്ക്ക്താഴെയാണ് ഈയുള്ളവന്‍റെയും സ്ഥാനം.താന്‍ പാവപ്പെട്ടവന്‍റെ കൂടെയാണെന്നു സര്‍ദാര്‍ജി പറഞ്ഞപ്പോഴേ ഒരു പണി പ്രതീക്ഷിച്ചതാണ്. അതിപ്പോള്‍ ഈ രൂപത്തിലാകുമെന്നു കരുതിയില്ല.മുഴുവന്‍ ഇറക്കുമതിയാണെന്ന ന്യായം പറഞ്ഞാണ് എണ്ണയ്ക്ക് വില കൂട്ടുന്നത്‌. ഇതിനു എന്ത് ന്യായമാണോ പറയാന്‍ പോകുന്നത്. ഇവര്‍ക്കൊക്കെ വേണ്ടി കുഴലൂതുന്ന ഊത്തുകാര്‍ ഇതൊന്നു വിശദമാക്കിയാല്‍ കൊള്ളാമായിരുന്നു.

   എല്ലാത്തിനും വില കൂട്ടിയിരിക്കുന്നു. എന്നാ; വല്ല തവിടും, പിണ്ണാക്കുംത്തിന്നു ജീവിക്കാമെന്ന് വിചാരിച്ചപ്പോള്‍, ഇതാ കാലിത്തീറ്റയുടെ വിലയും കൂട്ടിയിരിക്കുന്നു.ദ്രോഹികള്‍ ..........അങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നപ്പോഴാണ് മൊബൈല്‍ ഫോണില്‍ ഒരു മെസ്സേജ് വന്നത്.വിപിഷാബസുവിന്‍റെ ചിരി കാണാണമെങ്കില്‍ ഇപ്പോള്‍ വിളിക്കു എന്നായിരിക്കുമെന്നുകരുതി, നോക്കിയപ്പോഴാണ്; ഇതാ കിടക്കുന്നു. കുമാരന്‍റെ കടയില് രണ്ടുകിലോ പഞ്ചസാര ബാക്കിയുണ്ട്, ഓടിച്ചെന്നാല്‍ ഇപ്പൊകിട്ടുമെന്നാണ് മെസ്സേജ്. മെസ്സേജ് വന്നിരിക്കുന്നത് കേന്ദ്രഭക്ഷ്യമന്ത്രാലയത്തില്‍ നിന്നാണ്. അന്നേരെ ഇറങ്ങിയോടി,വഴിയില്‍ വച്ച്തന്നെ അടുത്ത മെസ്സേജ് വന്നു; കുമാരന്‍റെ കടയിലെ പഞ്ചസാര തീര്‍ന്നു.ആറ്റുതീരത്തുള്ള അവിരാമാപ്പിളയുടെ കടയിലേക്ക് പോയ്ക്കൊന്ന്, അവിടെ രണ്ട്ചാക്ക് സ്റ്റോക്കൊണ്ട് പോലും. സര്‍ദാര്‍ജിയുടെ പുതിയ പരിഷ്ക്കാരം കൊള്ളാം. ഇനിമുതല്‍ റേഷന്‍കടയിലെ സ്റ്റോക്ക്‌വിവരം എസ്എംഎസ് ആയി നിങ്ങളെ തേടിയെത്തും. വെറുതേയാണോ മഹാരാജ്യത്തിലെ എല്ലാ അലവലാതികള്‍ക്കും മൊബൈല്‍ഫോണ്‍ കൊടുക്കുമെന്ന പ്രഖ്യാപനം വന്നത്. ശോഓഓ.....വെറുതേ..സംശയിച്ചു... 
     

    ഓട്ടത്തിനിടയില്‍ വളക്കടയിലൊന്ന് കയറാമെന്ന്  വെച്ചു.

          ചീരയ്ക്ക് തളിയ്ക്കാന്‍ വല്ലതും............

   ചീരയ്ക്ക് തളിക്കാന്‍ പറ്റിയതൊന്നും ഇവിടില്ല.. വേണേ.... എക്കാലക്സോ, ഫ്യൂരടാനോ തരാം. ഇപ്പൊ വാങ്ങിയാ... ലാഭമാണ് അടുത്ത ദിവസംതന്നെ വിലകൂടും.

       എന്നാ.....രണ്ടെണ്ണം പൊതിഞ്ഞെടുത്തോ.............

സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി..

   അതേയ്.. പിന്നെ എക്കലക്സും, ഫ്യൂരടാനുമൊക്കെ വാങ്ങിയതല്ലേ അപ്പുറത്ത്കൂടിയൊന്ന് കയറിയെച്ചു പൊയ്ക്കോ.

വളക്കടക്കാരന്‍ നാണുനായരുടെ വകകമന്റ്

ബോര്‍ഡ്‌ വഴിയില്‍ നിന്ന്തന്നെ കാണാം.ചൈനീസ്‌ മോഡല്‍ ശവപ്പെട്ടികള്‍. ആദായവില.

കൊള്ളാം നമ്മുടെനാടും പുരോഗമിക്കുന്നുണ്ട്.ഒന്ന് കയറി നോക്കാമെന്ന് വച്ചു.

കൊള്ളാം; പതിനായിരം മുതല്‍ രണ്ടുലക്ഷംരൂപവരെ വിലവരുന്ന സുന്ദരന്‍ ശവപ്പെട്ടികള്‍. അകത്ത്; കിടക്കാനായി പട്ടില്‍പൊതിഞ്ഞ തലയണയും, മെത്തയും. ഹ ഹ എന്തൊരുസുഖം കൈയ്യില്‍കരുതിയിരുന്ന ഫ്യൂരടാന്‍ ഇപ്പോഴേതന്നെയെടുത്ത്, അടിച്ചാലോയെന്നോര്‍ത്ത്പോയി. ചൈനയില്‍ നിന്നും പ്രത്യേകം വരുത്തിയതാണത്രേ...

                കച്ചോടമൊക്കെ എങ്ങനെ.............

  ഒഹ്ഹ്... ബുക്കിംഗ് ഒത്തിരിയുണ്ട്. പക്ഷെ മൂവിംഗ് കുറവാണ്‌...കടക്കാരന്‍ പത്രോസിന്‍റെ മറുപടി.

                 എന്നുവച്ചാല്‍........................

എന്നുവച്ചാല് മരണം കുറവാണന്നെ, ചാകുന്നതൊക്കെ കാല്‍കാശിനു ഗതിയില്ലാത്തവന്മ്മാരാണ്. അവമ്മാര്‍ക്ക് ചൈനീസ്‌പെട്ടിയൊന്നും വേണ്ട; വല്ല മുരിക്കോ, തീപ്പെട്ടിമരമോ മതി.
 

പുതിയയിനം പെട്ടിവന്നകാര്യം ഇടവകപള്ളിയില്‍ വിളിച്ചുപറയാന്‍ പത്രോസ് നേരത്തെതന്നെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.പള്ളിയില്‍ വിളിച്ചുപറയുമ്പോള്‍ ‘മേട്ഇന്‍ചൈന’ എന്ന്പറയാതെ ‘റോം’ എന്നോ ‘ഇറ്റലി’ യെന്നോ പറയണമെന്ന് അച്ചനോട് പ്രത്യേകം പറഞ്ഞിട്ടുണ്ടത്രേ. സര്‍ദാര്‍ജിയുടെ പരിഷ്ക്കാരങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.നമ്മുടെ രാജ്യത്ത് ഇനി ഏറ്റവും ചിലവുള്ള സാധനം ഏതാണെന്ന് വിദേശ രാജ്യങ്ങള്‍ മനസിലാക്കിയിരിക്കുന്നു. ഇനി ശവപ്പെട്ടി,കോറത്തുണി.തഴപ്പായ,സാമ്പ്രാണിത്തിരി തുടങ്ങിയ മേഖലകളില്‍ പല വിദേശകമ്പനികളും മൂലധനമിറക്കും തീര്‍ച്ച. ഇതിനോട് അനുബന്ധിച്ച് കല്ലറനിര്‍മ്മാണം,കുഴിവെട്ട്,മരണാനന്തരവിലാപങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഹൃസ്വകാല കോഴ്സുകളും തുടങ്ങാവുന്നതാണ്.

പുതിയ പരിഷ്ക്കാരങ്ങള്‍ ജനങ്ങളുടെയിടയില്‍ വേണ്ടത്രേ ഏശുന്നില്ല പോലും. എല്ലാവരും കൈയ്യടിക്കുമെന്നാണ് കരുതിയത്‌. എന്നാല്‍ പത്തുപ്രാവശ്യം കുളിച്ചാലും നാറ്റംപോകാത്ത സൈസിലുള്ള തെറിയാണിപ്പോള്‍ കിട്ടുന്നത്.അത്കൊണ്ട്; ഒരു, നൂറുകോടിരൂപ സര്‍ക്കാര്‍ നിലപാടുകളെ ന്യായികരിക്കുന്ന പരസ്യത്തിനായി അനുവദിച്ചിട്ടുണ്ട്. അതിനുള്ള പോസ്റ്ററൊട്ടിക്കാനുള്ള മൊത്തചുമതല ദേശാടനക്കിളിഹസനാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു കഴിഞ്ഞു. ജനശ്രീ വകയില്‍ നല്ലൊരുതുക അടിച്ചെടുത്ത ദേശാടനക്കിളി കഴിഞ്ഞദിവസം കരഞ്ഞു കണ്ടു. ജനശ്രീ തന്‍റെ അടുക്കളപ്പുറത്തെ തട്ടിക്കൂട്ട് പരിപാടിയാണെന്നു തെളിഞ്ഞാല്‍ വെള്ളകുപ്പായം ഊരി കാശിക്കുപോകുമെന്നാണ് പ്രതിജ്ഞ.ജനിച്ചതില്‍പിന്നെ നേര് പറഞ്ഞിട്ടില്ലത്തതിനാല്‍ ഹസനാരെ നമുക്ക് വിശ്വസിക്കാം.

തിരിച്ചുള്ള നടപ്പില്‍ ചന്തമുക്കില്‍ ഒരു ബോര്‍ഡു കണ്ടു.

പുതിയ സാമ്പത്തികപരിഷ്ക്കരങ്ങളെ പിന്തുണയ്ക്കനായി നടത്തുന്ന ബഹുജനറാലിയിലേക്ക് തൊഴില്‍രഹിതര്‍ക്ക് അപേക്ഷിക്കാം.അടിസ്ഥാന യോഗ്യത; നടക്കാനും,മുദ്രാവാക്യം വിളിക്കാനും കഴിയണം. ആളൊന്നിന് ദിവസക്കൂലി അടിസ്ഥാനത്തില്‍ അഞ്ഞൂറ് രൂപയും,കൂടാതെ മൂന്നുനേരം കഞ്ഞിയും, പയറും കൊടുക്കുന്നതുമായിരിക്കും.വരുമ്പോള്‍ അടിവസ്ത്രം വേണമെന്ന് നിര്‍ബ്ബന്ധം.ഗാന്ധിത്തൊപ്പിയും, ഖദര്‍ഷര്‍ട്ടും മുണ്ടും; ഓഫീസില്‍ നിന്നും ഏറ്റുവാങ്ങേണ്ടതാകുന്നു. ജാഥകളില്‍ പങ്കെടുത്ത് തല്ലുകൊണ്ടിട്ടുള്ളവര്‍ക്ക്  പ്രത്യേക പരിഗണന ഉണ്ടായിരിക്കും.
 

കൊള്ളാം എല്ലാം നന്നായിരിക്കുന്നു.

പണ്ടൊക്കെ പഞ്ചാംഗം നോക്കിയാലും, കവടി നിരത്തിയാലും എവിടെ നോക്കിയാലും പ്രതിപക്ഷത്തെ കാണാമായിരുന്നു.ഇന്നിപ്പോ എല്ലാം എകെജി സെന്‍ററില്‍ ഉണ്ട്. അവിടെ ഭയങ്കര ചര്‍ച്ച നടക്കുകയാണ്.മുണ്ടൂരിലെ മുണ്ടൂരലും.വിഎസ് ന്‍റെ കൂടംകുളവും,പരസ്പ്പരം ചെളിവാരിയെറിഞ്ഞ് നാറ്റിക്കലും;എല്ലാംകൂടി ഒരു പൂരത്തിന്‍റെ പ്രതീതി. അതിനിടയില്‍ എന്ത് സാമ്പത്തികം,എന്ത് വിലക്കയറ്റം,എന്ത് മന്‍മോഹന്‍. ഒന്നും ചെയ്തില്ലെങ്കിലും അടുത്തതവണ കസേര ഉറപ്പാണ്‌. അതുവരെ കഴുതകള്‍ ശരിക്ക് അനുഭവിക്കട്ടെ.
വീട്ടില്‍ച്ചെന്ന് വെട്ടുകത്തിയുമെടുത്തു നേരെ ഡല്‍ഹിക്ക് വണ്ടികയറിയാലോയെന്ന് ചിന്തിച്ചു. വേണ്ട രണ്ടാഴ്ച്ചകൂടി കഞ്ഞിവയ്ക്കാനുള്ള അരിയുണ്ട് വീട്ടില്‍. ഇന്നലെ അരിതീര്‍ന്ന അയല്‍ക്കാരന്‍ പട്ടിണികിടന്നു ചാകുന്നത്  കണ്ടിട്ടാകാം അടുത്ത പരിപാടി. ഞാനും തനി മലയാളിയാകാന്‍ തീരുമാനിച്ചു........................

Tuesday, September 25, 2012

തിലകനുവേണ്ടി ഗ്ലിസറിന്‍ തേച്ചവര്‍......


    
   മലയാള സിനിമാലോകത്തെ തലമൂത്തകാരണവര്‍ തിലകന്‍ ദീര്‍ഘനാളത്തെ അസുഖത്തെതുടര്‍ന്ന്  ലോകത്തോട് വിടപറഞ്ഞു.അഭിനയലോകത്ത്‌ തന്‍റെതായ ഒരു ശൈലിയുണ്ടാക്കി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടിയാണ് തിലകന്‍ വിടപറഞ്ഞത്. ഒപ്പം അസ്വസ്ഥതയുളവാക്കുന്ന ഒരുപാട് ചോദ്യങ്ങളും അദേഹം മലയാളസിനിമാ ലോകത്തേയ്ക്ക് തൊടുത്തു വിട്ടിരുന്നു. അതുകൊണ്ട്തന്നെ സിനിമ ദൈവങ്ങളുടെ വിലക്കും അദേഹത്തിന് നേരിടേണ്ടിവന്നു. രാജാവ്‌ നഗ്നനാണെന്ന് വിളിച്ചുപറയാന്‍ കഴിയുന്നത് ഒരു ചെറിയ കാര്യമൊന്നുമല്ല.അകത്തുള്ളതെല്ലാം പുറത്തുകാണിച്ചാലും,മലയാളി അതെല്ലാം വെള്ളംതൊടാതെ വിഴുങ്ങിക്കൊളുമെന്ന് പറഞ്ഞ് സുഖിപ്പീരുകാരും ഫാന്‍സ്‌ എന്ന  പണിയില്ലാകൂളികളും സൃഷ്ടിക്കുന്ന മൂഡസ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് എന്ത് വൃത്തികേടും ചെയ്യുന്ന; നക്ഷത്രങ്ങളെ തിലകന്‍ തുറന്നു വിമര്‍ശിച്ചു. ആ വിമര്‍ശനങ്ങളും, ചോദ്യങ്ങളും അതേപടി നിലനിറുത്തികൊണ്ട്  തന്നെയാണ് തിലകന്‍ കടന്നുപോയത്. എന്നാല്‍ അദേഹത്തിന്റെ മരണശേഷം ഏട്ടനും, ഇക്കയുമൊക്കെ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് നാം കണ്ടതാണ്.തങ്ങള്‍ക്കൊന്നും തിലകന്‍ചേട്ടനോട് യാതൊരു പിണക്കവും, വിരോധവുമൊന്നുമില്ലായിരുന്നുവെന്നും; അദേഹം ഒരു മഹാപ്രതിഭതന്നെയായിരുന്നുവെന്നും അവര്‍ കരഞ്ഞുപറഞ്ഞിരിക്കുന്നു. പിന്നെ ആര്‍ക്കായിരുന്നു തിലകനോട് വിരോധം.സിനിമ കാണുന്ന സാധാരണക്കാരനായിരുന്നോ?? തിലകന്‍റെ പ്രതിഭയില്‍ ഇവിടുത്തെ സാധാരണ സിനിമപ്രേമിക്കു ഒരു സംശയവുമില്ലായിരുന്നു.പിന്നെ ആര്‍ക്കായിരുന്നു അദേഹം വെറുക്കപ്പെട്ടവനായിരുന്നത്. ഒരു കാര്യം മനസിലായി സിനിമാലോകത്തെക്കുറിച്ചു തിലകന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നുവെന്ന്.

   തനിക്കിട്ടു ഏറ്റവുംകൂടുതല്‍ പാരപണിതത് നടുവെടിഞ്ഞ ഒരു വേണുവാണെന്ന്; തിലകന്‍ പല സ്ഥലത്തും തുറന്നു പറഞ്ഞിട്ടുണ്ട്.തിലകന്‍റെ പ്രതിഭയ്ക്ക് മുന്നില്‍ കര്‍ട്ടന്‍വലിക്കാനുള്ള യോഗ്യത പോലുമില്ലാത്ത ഇടവേളബാബുവും, അദേഹത്തെ വിലക്കുന്നതില്‍ മുന്നില്‍ നിന്ന്കളിച്ച; പേരില്‍ മാത്രം ഇന്നസെന്റ് ഉള്ള; ഒന്നരസെന്റുമൊക്കെ അദേഹത്തിന്റെ അഭിനയപ്രതിഭയെപ്പറ്റി പറഞ്ഞു കരഞ്ഞപ്പോള്‍; ഇത്രയുംകാലം ഇതൊന്നും അംഗികരിക്കാതെ അഭിനയലോകത്തുനിന്ന് അദേഹത്തെ വിലക്കിയത് തനി;അസൂയ കൊണ്ടാണന്നു തുറന്നു സമ്മതിക്കുകയാണ് ചെയ്തിരിക്കുന്നത്.വ്യവസ്ഥിതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം; അപ്പോള്‍ തള്ളിപ്പറയുകയും പിന്നീട് അവര്‍ക്ക് രൂപക്കൂട് പണിയുകയും ചെയ്യുന്ന, പ്രവണതയുടെ പ്രത്യക്ഷ ഉദാഹരണമാണ് തിലകന്‍.കലാരംഗത്താണ് ഏറ്റവും കൂടുതല്‍ മാനസികരോഗികളും, അസൂയക്കാരുമുള്ളതെന്ന് തിലകന്‍ പറഞ്ഞിട്ടുണ്ട്.

  പാരകൃഷ്ണനും,പഞ്ചവര്‍ണ്ണക്കിളിയുമെല്ലാം മൈക്കിനു മുന്നില്‍നിന്ന് തിലകനെയോര്‍ത്തു കണ്ണിരോഴുക്കന്നത് കണ്ടപ്പോള്‍, ഏതോ അവാര്‍ഡ് സിനിമയുടെ ഷൂട്ടിംഗ് ആണെന്ന് തോന്നിപ്പോയി .ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല ജിവിതത്തിലും അഭിനയം തന്നെയാണ് പരിപാടിയെന്നും മനസിലായി. പടം പോലെതന്നെ പലതും പൊട്ടിയിട്ടും ഉളുപ്പെന്നുപറയുന്നത് തൊട്ടുതേച്ചിട്ടില്ലായെന്നും മനസിലായി. ഇത്തരക്കാരെ സംബന്ധിച്ചടത്തോളം തിലകന്‍ അര്‍ദ്ധരാത്രിയില്‍ ഉദിച്ചസൂര്യനായിരുന്നു. അങ്ങനെ കണ്ടത്പലതും വിളിച്ചു പറയാന്‍ തുടങ്ങിയപ്പോള്‍ വിലക്കെന്ന വേലിപ്പത്തലുമായി; കിടന്നു മുള്ളല്‍ മാറിയിട്ടില്ലാത്ത ചില ചന്തപ്പിള്ളേര്‍; സിനിമാലോകത്തെ കാരണവരെ വിരട്ടാന്‍ നോക്കുന്നതും നമ്മള്‍ കണ്ടു. വളര്‍ത്തി വലുതാക്കിയ സ്വന്തം തന്തയേയും തള്ളയേയുംവരെ വീടിനുപുറത്താക്കുന്ന മലയാളിയുടെ പുതിയ ശൈലി തന്നെ; ഏട്ടനും, ഇക്കയുമടങ്ങുന്ന അമ്മക്കുടുംബം കാരണവരോട് കാണിച്ചു. വെള്ളംകുടി മുട്ടുമ്പോള്‍ തിരിച്ചുവന്നു കാലുപിടിക്കുമെന്ന് കരുതിയ; അമ്മമക്കളെ പൊട്ടന്‍മ്മാരാക്കി അദേഹം അന്തസോടെ ജിവിച്ചു. ഇപ്പോള്‍ കരഞ്ഞുകാണിച്ച ശീലാവതികളും റോള്‍മോഡല്‍സുമൊക്കെ, അന്ന് ആസനത്തിലേക്ക് വാലുംതിരുകി ഷിറ്റ്‌പറഞ്ഞു കളിക്കുകയായിരുന്നു.  മരിച്ചുകഴിഞ്ഞപ്പോള്‍  കിടന്നു പായ്ക്ക് വേണ്ടി കടിപിടികൂടുന്നു. നാണംകെട്ട ജന്മങ്ങള്‍. ഇനാമലിനു പെയിന്‍റടിച്ച് വെളുപ്പിച്ച പല്ലുകളും,ഞൊറിഞ്ഞു തൂങ്ങിയ തൊലിയില്‍ പുട്ടിയിട്ടു വരത്തുന്ന യവ്വനവും, കൊച്ചുമക്കളാവാന്‍മാത്രം പ്രായമുള്ള പിള്ളേരുടെകൂടെ കെട്ടിമറിഞ്ഞു കാണിക്കുന്ന കോപ്രായങ്ങളൂമൊന്നുമല്ല അഭിനയമെന്നു തിലകന്‍ മലയാളിക്ക് കാണിച്ചുതന്നു.

 ആരുടേയും ആസനംതാങ്ങാന്‍ പോകാതെ തനിക്ക് പറയാനുള്ളത് തുറന്നുപറയുകയും, തന്‍റെ തീരുമാനങ്ങളില്‍ മരണംവരെ ഉറച്ചു നില്‍ക്കുകയും ചെയ്ത തിലകനാണ് മലയാളി പ്രതിക്ഷിക്കുന്ന യഥാര്‍ത്ഥനായകന്‍. മറ്റുള്ളതെല്ലാം പാണ്ടിലോറിക്കു മുന്നില്‍ മസില്പെരുപ്പിച്ചു കാട്ടുന്ന വെറും പോക്കാച്ചി തവളകള്‍ മാത്രം.മകനായി, സഹോദരനായി, ഭര്‍ത്താവായി, അച്ഛനായി, അപ്പുപ്പനായി, വില്ലനായി..... മലയാളിയുടെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയ മലയാളത്തിന്‍റെ പ്രിയ കാരണവര്‍ക്ക് പ്രണാമങ്ങള്‍................

Monday, September 24, 2012

ഷര്‍ട്ടൂരലും, ചെരുപ്പേറും ഒരു തുടക്കംമാത്രം....


    ഒരു കാലത്ത് നമ്മുടെ നാട്ടിലൊക്കെനടന്നിരുന്ന ഒരു പ്രതിഷേധ കലാപരിപാടിയായിരുന്നു ചീമുട്ടയേറ്. എറിയാന്‍ വേണ്ടി മാത്രം മുട്ടകള്‍ ചീയ്യാറില്ലത്തതിനാല്‍ ഫലത്തില്‍ ഇത് മുട്ടയേറ് തന്നെയായിരുന്നു.ഏറു കിട്ടുന്നവന്‍ പതുക്കെ സ്ഥലം വിടുന്നതായിരുന്നു ഇതുവരെയുള്ള പതിവ്‌.അല്ലാതെ എറിഞ്ഞവനെ തപ്പിപിടിച്ചു പോലീസില്‍ എല്പ്പിക്കുന്ന പരിപാടിയൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആസനത്തില്‍ വളരുന്ന ആലും തണലാണ് എന്ന് കരുതാന്‍ തുടങ്ങിയപ്പോള്‍ ഏറു കിട്ടുന്ന മുട്ടകള്‍ പെറുക്കിയെടുത്തു അന്നത്തെ കഞ്ഞിക്ക് പൊരിച്ചു കൂട്ടാനുള്ള പദ്ധതിയും തുടങ്ങിയിരിക്കുന്നു.മുട്ടയേറു,ദേഹത്ത് കൊള്ളാതിരിക്കാന്‍ ചുറ്റും ആള്‍ക്കാരെ നിറുത്തിയാണ് പലരും രക്ഷപെടുന്നത്.ചിലര്‍ക്ക്പിന്നെ എത്ര ഏറു കിട്ടിയാലും ഒന്നും മനസിലാവുകയില്ല. പൊട്ടന്‍  X കണ്ടപോലെ ചുമ്മാ ചിരിച്ചുകൊണ്ടിരിക്കും.ഒരാള്‍ എത്ര ജനകീയനാണെന്നതിനെ ആശ്രയിച്ചായിരിക്കും എറിയുന്ന മുട്ടകളുടെയും,ആള്‍ക്കാരുടെയും എണ്ണവും.കാലംമാറി മുട്ടയേറ് ഒരു നഷ്ടക്കച്ചവടമായി മാറിയപ്പോള്‍ എറിയുന്നവരും കളംമാറ്റി ചവിട്ടി. ഇപ്പോള്‍ ചെരുപ്പാണ് എറിയാന്‍ ഉപയോഗിക്കുന്നത്. ആളു കൂടുന്നയിടത്തോക്കെ സര്‍വ്വസാധാരണയായി കിട്ടുന്ന ഒരു സാധനമാണല്ലോ ചെരുപ്പ്.പ്രത്യേകിച്ച് ചൊമന്നോണ്ട് നടക്കുകയോന്നും വേണ്ട. കാലേന്നു ഊരി എറിഞ്ഞാല്‍ മതി. മുട്ട പോലെ കൊണ്ടുനടക്കാനും വിഷമമില്ല.
 

  ഒരു വ്യക്തിയോടുള്ള തികഞ്ഞ വെറുപ്പും പ്രതിഷേധവും പ്രകടിപ്പിക്കാനുള്ള ഒരു രീതിയെന്നതില്‍ കവിഞ്ഞ് ഇതൊരു കൊലപാതക ശ്രമമൊന്നുമല്ല. ബുഷ്‌ തുടങ്ങിയ ലോകനേതാക്കളും ശരത് പവാര്‍, പ്രശാന്ത്‌ ഭൂഷന്‍, അദ്വാനി, ചിദംബരം, ഒമര്‍അബ്ദുള്ള തുടങ്ങിയ ഇന്ത്യന്‍ തുക്കിടികളും ഇതുപോലുള്ള പ്രതിഷേധങ്ങള്‍ കണ്ടും കൊണ്ടും അറിഞ്ഞവരാണ്.ആ പട്ടികയിലേക്ക് നമ്മുടെ മന്മോഹന്നും കടന്നു കൂടിയിരിക്കുന്നു.ഉടുപ്പൂരിയുള്ള പ്രതിഷേധമാണ് നമ്മുടെ പ്രധാനമന്ത്രിയുടെ നേരെ നടന്നത്.ഇന്ത്യന്‍ ലോ ഇന്‍സ്റിറ്റ്യൂട്ട് വിജ്ഞാന്‍ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവംനടന്നത്. സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ അംഗമായ സന്തോഷ്‌കുമാര്‍ സുമനാണ് മേശപ്പുറത്ത്‌കയറി ഷര്‍ട്ട്‌ഊരി പ്രാധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചത്,പ്രധാനമന്ത്രി തിരിച്ചുപോകുക, ഡീസലിന് വിലകുറയ്ക്കുക എന്നൊക്കെയാണ് സുമന്‍ വിളിച്ചു പറഞ്ഞത്.പോലീസുകാര്‍ പ്രതിഷേധക്കാരനെ നീക്കുകയും പ്രധാനമന്ത്രി പരിപാടിയില്‍ പ്രസംഗിക്കുകയും ചെയ്തു.ചീഫ്‌ജസ്റ്റിസ്‌,നിയമ മന്ത്രി തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നു.ഒരു സാധാരണപ്രതിഷേധം എന്നതില്‍ കവിഞ്ഞ്; അതീവസുരക്ഷാ മേഖലയില്‍ ബോബ് വീണപോലെയാണ് നമ്മുടെ മാധ്യമങ്ങള് വാര്‍ത്ത പുറത്തുവിട്ടത്. സംഗതി ഇന്ത്യയ്ക്ക് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കിപോലും. ഇവന്മാരെയൊക്കെ എന്താ ചെയ്യേണ്ടത്.നമ്മുടെ രാജ്യത്ത് കുറേ ആള്‍ക്കാര്‍ നമ്മുടെ കാശുകൊണ്ട് അടിച്ചുപൊളിച്ചു കഴിയുന്നു. മുന്തിയ ഹോട്ടലുകളിലും, കൊട്ടാരങ്ങളിലും അവര്‍ നമുക്കുവേണ്ടി പരിപാടികള്‍ സംഘടിപ്പിച്ചു ആനന്ദിക്കുന്നു.അങ്ങോട്ട്‌ നമുക്ക് പ്രവേശനമില്ല. നമ്മള്‍ പാവങ്ങള്‍ ഗെയിറ്റിനു പുറത്തു പിച്ചക്കരെപ്പോലെ കാത്തിരിക്കുന്നു. ഇവന്മ്മാര്‍ കടിച്ച്‌ചവച്ച് പുറത്തേയ്ക്ക് എറിയുന്ന എല്ലിന്‍കഷണങ്ങള്‍ വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്ക്കൊളണം. അകത്തേയ്ക്ക് പോയി ഇത് ശരിയല്ലായെന്നു പറയാമെന്നുവെച്ചാല്‍ പോലീസിനെ വച്ച് ഗെയ്റ്റില്‍ തടയ്ക്കും.ഇതിനെതിരെ പ്രതിഷേധിച്ചാല്‍ അത് ഇന്ത്യയ്ക്ക് നാണക്കേടാണത്രേ.ഉടുപ്പൂരി പ്രതിഷേധിച്ചാല്‍ അത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് പോലും.ഇത്രയേറെ ദ്രോഹങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടും പ്രതികരിക്കാത്ത ഒരു ജനം ലോകത്ത് വേറൊരിടത്തും ഉണ്ടാവില്ല.
 

  കസബിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനെക്കാള്‍ സുരക്ഷവേണം നമുടെ പ്രധാനമന്ത്രിയ്ക്ക് ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കണമെങ്കില്.എന്ത് കൊണ്ടാണിത്? എത്ര വലിയ സുരക്ഷാ വലയത്തിനുള്ളില്‍ നിന്നുകൊണ്ടാണ് താന്‍ പാവങ്ങളുടെ കൂടെയാണെന്ന്  നമ്മുടെ പ്രധാനമന്ത്രി പറയുന്നത്. ഇതാണോ ഒരു പ്രധാനമന്ത്രിയുടെ ജാനകിയ മുഖം??? ജനകിയ പ്രാധാനമന്ത്രിമാരും പ്രസിഡന്‍റ്മാരും ജനങ്ങളോടുത്തു സഞ്ചരിച്ചാണ് തങ്ങളുടെ ഓഫീസുകളില്‍ എത്തുന്നത്‌.ഇതൊരു നുണയല്ല.പല യൂറോപ്യന്‍ രാജ്യങ്ങളിലും നടക്കുന്ന ഒരു കാര്യമാണിത്.എന്നാല്‍ നമ്മുടെ രാജ്യത്തോ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന വഴികള്‍ അക്ഷരാര്‍ത്ഥത്തില്‍ പോലിസിന്‍റെ പിടിയിലാണ്.ഏതെങ്കിലും സാധാരണക്കാരന് ആ വഴി സഞ്ചരിക്കാന്‍ പറ്റുമോ.ഇടയ്ക്കിടെ കേരളിയരും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നതാണ്.ബുള്ളറ്റ് പ്രൂഫ്‌ കാറില്‍കരിമ്പൂച്ചകളുടെ അകമ്പടിയോടെ മാത്രം സഞ്ചരിക്കുന്ന ഈ നേതാക്കന്മ്മാര്‍ എങ്ങനെയാണ് തങ്ങള്‍ സാധാരണക്കാരുടെ കൂടെയാണെന്നു പറയുന്നത്.രാഷ്ട്രപിതാവ്‌ ഗാന്ധിജിക്ക്‌ എത്ര കരിമ്പൂച്ചകള്‍ കാവലുണ്ടായിരുന്നുവെന്നു നമുക്കൊക്കെ അറിയാവുന്നതാണ്.കൊട്ടാരങ്ങളിലെ അധികാര കസേരകളില്‍ കനത്ത സുരക്ഷാവലയത്തില്‍ ജീവിക്കുന്ന ഇവര്‍ എങ്ങനെയാണ് എണ്പതു ശതമാനം വരുന്ന സാധരക്കാരന്റെ ദുഃഖങ്ങളും, ദുരിതങ്ങളും, കഷ്ടപ്പാടുകളും അറിയുന്നത്. ജീവിക്കുന്ന കാലത്തോളും എല്ലാം സൗജന്യമായി ലഭിക്കുന്ന ഇവര്‍ക്ക്;എണ്ണവില കൂടിയാലോ, അരിവില കൂടിയാലോ സാധാരണ ജനം അനുഭവിക്കുന്ന ദുരിതങ്ങള്‍ എങ്ങനെ മനസിലാക്കാന്‍ കഴിയും.തനിക്കും തന്‍റെ  തലമുറകള്‍ക്കും കഴിയാനുള്ള സ്വത്തുക്കള്‍ അഴിമതിയിലൂടെ സംഭരിച്ചു വച്ചിരിക്കുന്ന ഇവര്‍ക്ക് രാജ്യത്തോട് എന്ത് ഉത്തരവാദിത്വമാണുള്ളത്? മരിക്കുവോളം അധിക്കാരത്തില്‍ ഇരിക്കുക; അതിനുവേണ്ടി ആരുമായും കൂട്ടുകൂടുക എന്നതില്‍ കവിഞ്ഞ് ഇവര്‍ക്ക് എന്ത് രാഷ്ട്രിയ മര്യാദയാണുള്ളത്?ജനങ്ങളുടെ പ്രതിഷേധത്തെ ശക്തി ഉപയോഗിച്ച് തല്ലിക്കെടുത്തുക, അതിനായി മാധ്യമങ്ങളെവരെ കൂട്ടുപിടിക്കുക തുടങ്ങിയ പഴയബ്രിട്ടിഷ് രീതി തന്നെയല്ലെ നമ്മുടെ നേതാക്കളും നമ്മളോട് പ്രയോഗിക്കുന്നത് ?പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാല്‍, ഷര്‍ട്ട് ഊരി വീശിയാല്‍,മന്ത്രിമാരെ കരിങ്കൊടി കാണിച്ചാല്‍ അതെല്ലാം രാജ്യദ്രോഹകുറ്റങ്ങളാണോ?ജനങ്ങളുടെ പ്രതിഷേധത്തെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത കൂപമണ്ഡൂകങ്ങളാണോ നമ്മുടെ നേതാക്കള്‍? പെട്രോളിനും ഡീസലിനും വിലകുറയ്ക്കാന്‍ തന്‍റെ കൈയ്യില്‍ പണം കായ്ക്കുന്ന മരമൊന്നുമില്ലെന്നു, ജനങ്ങളുടെ പേരില്‍ എല്ലാം സൗജന്യമായി ഉപയോഗിക്കുന്ന ഒരു പ്രധാനമന്ത്രി സാധാരണക്കാരായ ജനങ്ങളോട്  പറയുമ്പോള്‍ അതിലെ അധികാരത്തിന്‍റെ ഹുങ്കും,ധാര്‍ഷ്ട്യവും ആര്‍ക്കും മനസിലാവുന്നതാണ്.അതിനെതിരെ ഒരാള്‍ ഷര്‍ട്ട് ഊരി പ്രതിഷേധിച്ചാല്‍ അത് ഇത്ര വലിയ കുറ്റമാണോ?ജനങ്ങള്‍ എങ്ങനെയാണ് പ്രതിഷേധിക്കേണ്ടതെന്നു ഒരു മാര്‍ഗരേഖകൂടി സര്‍ക്കാര്‍  അവതരിപ്പിച്ചാല്‍ നന്നായിരുന്നു.
 

  ജനകീയ സമരങ്ങളെ കണ്ടില്ലായെന്നു നടിക്കാന്‍ ബ്രിട്ടിഷുകാര്‍ക്ക് പോലും കഴിഞ്ഞില്ല.എന്നാല്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ജനകിയ സമരങ്ങളോടുള്ള നിലപാട് എന്താണ്? കൂടംകുളം സമരം, മുല്ലപ്പെരിയാര്‍ സമരം, ഏലൂര്‍ സമരം.ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ തുടങ്ങിയ ജനകിയ സമരങ്ങള്‍ സമാധാന മാര്‍ഗത്തില്‍ നിശബ്ദമായി നടത്തിയപ്പോള്‍ ആരെങ്കിലും തിരിഞ്ഞു നോക്കിയോ?അവരുമായി ചര്‍ച്ച നടത്തി അവര്‍ക്ക് പറയാനുള്ളത് കേട്ടോ?സമരത്തിന്‌ ശക്തികൂടിയപ്പോള്‍ അടിച്ചു ഒതുക്കാനും സമരത്തില്‍ ഭിന്നതയുണ്ടാക്കാനുമല്ലേ സര്‍ക്കാര്‍ ശ്രമിച്ചത്‌.സമാധാനമായി കഴിയുന്ന ജനങ്ങളെ തെരുവിലേക്ക് വലിച്ചിറക്കുന്നതിനും,അക്രമാസക്തരാക്കുന്നതിനും സര്‍ക്കരിനുമില്ലേ പങ്ക്???..സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു പദ്ധതിയിലും സുധാര്യതയില്ലതതുകൊണ്ടല്ലെ ജനങ്ങള്‍ പദ്ധതികളെ സംശയത്തോടെ നോക്കുന്നത്???ജനങ്ങള്‍ക്ക് വാഗ്ദാനങ്ങളുടെ പെരുമഴ നല്കി അവരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ പിന്നെ പോലീസും പട്ടാളവും തീര്‍ക്കുന്ന സുരക്ഷാവലയതിനുള്ളിലിരുന്ന് ജയിപ്പിച്ചു വിട്ട ജനത്തിന് തന്നെ പണി കൊടുക്കുമ്പോള്‍ ഓര്‍ക്കുക..............അള മുട്ടിയാല്‍ ചേരയും കടിക്കും. ഷര്‍ട്ട് ഊരലും,ചെരുപ്പേറും ഒരു സൂചനയാണ്......വികസനത്തിന്‍റെ പേരും പറഞ്ഞു രാജ്യത്തെ കൊള്ളചെയ്ത് അത്താഴപട്ടിണിക്കാരന്‍റെ അന്നം മുട്ടിച്ചാല്‍ ഭക്ഷണം കിട്ടാതെ നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കി ആത്മ രോഷത്തോടെ ജനം തെരുവിലെയ്ക്കിറങ്ങും.രാജ്യത്തെ പോലീസും പട്ടാളവും തീര്‍ക്കുന്ന സുരക്ഷാ വലയങ്ങള്‍ പൊട്ടാന്‍ പിന്നെ വലിയ താമസം ഉണ്ടാവില്ല.
 

  എല്ലാം സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്ന സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.എന്ത് കൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്?എല്ലാവരും ചെയ്യുന്നു അതുകൊണ്ടാണ്,പിടിച്ചു നില്ക്കാന്‍ വേണ്ടിയാണ് തുടങ്ങിയ പാപ്പരത്തങ്ങള്‍ അല്ല ജനങ്ങള്‍ക്ക്‌ കേള്‍ക്കേണ്ടത്. വ്യക്തമായ കാരണങ്ങള്‍ ആണ് അറിയേണ്ടത്.എന്ത് കൊണ്ടാണ് നമ്മുടെ രാജ്യത്തിന് ഈ അവസ്ഥ വന്നത്?ആരാണ് ഇതിനുത്തരവാദി; അതാണ് വ്യക്തമാകേണ്ടത്.വിഭവങ്ങളുടെ കുറവല്ല നമ്മുടെ യഥാര്‍ത്ഥ പ്രശ്നം.അത് സംഭരിച്ചു ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നതിലെ അപാകതയാണ് യഥാര്‍ത്ഥ പ്രശ്നം.ചില ചെറിയ ഉദാഹരണങ്ങള്‍ മാത്രം നോക്കിയാല്‍ മതി, കാര്യം മനസിലാവാന്‍. രാജ്യത്ത് അറുപത്ശതമാനവും ആളുകളും പട്ടിണി കിടക്കുമ്പോള്‍ ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സംഭരണ ശാലകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്നു നശിക്കുന്നു. കര്‍ഷകരില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങി സംഭരിച്ച് വിതരണം ചെയ്ത് ഇടനിലക്കാരുടെ കൊള്ളലാഭം തടയാമെന്നിരിക്കെ;  എന്ത് കൊണ്ടാണ് പൊതുവിതരണ സംവിധാനം നിറുത്തലാക്കുന്നത്? ഇത് കുത്തകകളെ സഹായിക്കാനല്ലാതെ എന്തിനാണ്.നഷ്ടത്തിലോടുന്ന സര്‍ക്കാര്‍ പദ്ധതികള്‍ സ്വകാര്യവത്കരിക്കുമ്പോള്‍ ലാഭകരമാകുന്നു.. എന്ത് കൊണ്ട്?സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യപ്രപ്തിയില്ലായ്മ്മയല്ലേ ഇത് കാണിക്കുന്നത്. നഷ്ടത്തിലണെന്നു സര്‍ക്കാര്‍ പറയുന്ന എണ്ണകമ്പനികള്‍ ഓഹരി വിപണിയില്‍ ലാഭ കണക്കുകള്‍ മാത്രം പറയുന്നു.ലാഭത്തില്‍ ഓടുന്ന എണ്ണകമ്പനികള്‍ എങ്ങനെയാണ് സര്‍ക്കാര്‍ കണക്കില്‍ നഷ്ടത്തിലാവുന്നത്. ലാഭകരമായി  നടത്തുന്ന ഗള്‍ഫ്‌ വിമാനസര്‍വീസുകള്‍  റദ്ദ്‌ ചെയ്യുന്നത് ആര്‍ക്കു വേണ്ടിയാണ്. നമ്മുടെ കേരളത്തിലേക്ക് വരുകയാണങ്കില്‍ കെഎസ്ആര്‍ടിസി മാസം ആറുകോടി നഷ്ടത്തില്‍ ആണെന്ന്പറയുന്നു.ഒരു ബസ്‌ മാത്രമുള്ള സ്വകാര്യ മുതലാളി വര്ഷം തോറും ബസുകളുടെ എണ്ണം കൂട്ടുന്നു.ഭൂമിക്ക് വേണ്ടി ഒരു വിഭാഗം ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍  വന്‍കിട കയ്യേറ്റങ്ങളെ കണ്ടില്ലായെന്നു നടിക്കുന്നു.
 
 കേരളത്തില്‍ അരിവില മുന്നോട്ട് കുതിക്കുമ്പോള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ കുട്ടനാട്ടിലെ കര്‍ഷകരുടെ നെല്ല് നശിക്കുന്നു.നാളികേരത്തിന് വിലയില്ലാതെ കര്‍ഷകന്‍ നട്ടം തിരിയുമ്പോള്‍ ഉപഭോക്താവിനു നാളികേര ഉത്പന്നങ്ങള്‍ വന്‍വില കൊടുത്തു കച്ചവടക്കാരില്‍ നിന്നും വാങ്ങേണ്ടി വരുന്നു.എന്ത് കൊണ്ട് സര്‍ക്കാരിനു കര്‍ഷകരില്‍ നിന്നും അവരുടെ ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ചു വിപണിയില്‍ വിതരണം ചെയ്ത് കൂടാ.അങ്ങനെ വന്നാല്‍ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിറുത്താം.എന്തുകൊണ്ട്ഇതൊന്നും ചെയ്യുന്നില്ല.ഒരു കാര്യം നമുക്ക് മനസിലാക്കാം സര്‍ക്കാരിനു ഇതിലൊന്നും താല്‍പ്പര്യമില്ല.അതിനുള്ള പ്ലാനിങ്ങും കാര്യശേഷിയുമില്ല എന്നുവേണം കരുതാന്‍. വന്‍കിട കുത്തകകള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടി ജനോപകാരപ്രദമായ പദ്ധതികളെ ഞെക്കികൊല്ലാനാണ്ഒരു വിഭാഗം നേതാക്കളും കുറേ ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.ജനകീയ പദ്ധതികള്‍ ഒന്നും ആവിഷ്ക്കരിക്കാതെ കെടുംകാര്യസ്ഥതയും അഴിമതിയും പ്രോത്സാഹിപ്പിച്ച്; ഉള്ള പദ്ധതികള്‍ പോലും നഷ്ടത്തിലാക്കി എല്ലാം സ്വകാര്യമേഖലയ്ക്ക് തീറെഴുതാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.കുത്തകകളില്‍ നിന്ന് കിട്ടുന്ന കമ്മിഷനും വാങ്ങി അധികാരത്തില്‍ കടിച്ച്‌ തൂങ്ങുന്നത് പഴയ ജന്മിവ്യവസ്ഥയുടെ പുനരാവ്ഷ്കാരമാണ്. ജന്മിയായി സര്‍ക്കാരും പാട്ടക്കരായി കുത്തകകളും അവര്‍ക്ക് വേണ്ടി അടിമവേല ചെയ്യാന്‍ ജനങ്ങളും.ഇതിനാണോ ജനാധിപത്യമെന്ന് പറയുന്നത്????????...

Sunday, September 23, 2012

നളിനിയുടെ വിലാപങ്ങള്‍.........

വിദ്യാധരന്‍റെ ഓര്‍മ്മകുറിപ്പുകള്‍                
 
  വളരെക്കാലത്തെകാത്തിരിപ്പിനൊടുവിലാണ് അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തിയത്.തണുത്ത ശുദ്ധമായ കാറ്റ് മുഖത്തടിച്ചപ്പോള്‍ത്തന്നെ ഒരു പുനര്‍ജന്മപ്രതിതി.അടച്ചിട്ട ഫ്ലാറ്റിന്‍റെ ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്ന ചുട്ടുപഴുത്ത റോഡും; അതിലെ വാഹനങ്ങളുടെ തിരക്കും, കത്തിക്കാളുന്ന ചൂടും, നരച്ച മണല്‍ പരപ്പുകളുമെല്ലാം പെട്ടന്ന് കാഴ്ചയില്‍ നിന്നും മാറി.മണല്‍ വിരിച്ച മുറ്റത്തിന്‍റെ മൂലയില്‍ ചുമപ്പും മഞ്ഞയും കലര്‍ന്ന പൂക്കുലകളുമായി നില്‍ക്കുന്ന ചെത്തിയും; അതിനെ ചുറ്റിപ്പറ്റിപറക്കുന്ന മഞ്ഞ നിറമുള്ള ചിത്രശലഭങ്ങളുമെല്ലാം കടന്നു വന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ തങ്കമണിടീച്ചറുടെ വീട്ടില്‍ നിന്ന് വാങ്ങിയ റോസകമ്പ്  വളര്‍ന്നു വലുതായി; മുറ്റത്തിന്‍റെ ഒതുക്കില്‍ നിറയെ പൂക്കളുമായി എന്നെ എതിരെല്‍ക്കാനായി നില്‍ക്കുന്നു.ചുവട്ടില്‍; കൊഴിഞ്ഞു വീണ റോസാപൂക്കളുടെ ഒരു മെത്ത.മുള്ള് കൊള്ളാതെ മുറിച്ചെടുക്കാതെ പൂക്കളെ പതുക്കെ മൂക്കിനോടടുപ്പിച്ചു. എന്തൊരു നല്ല മണം ഊദും ഊദിന്‍റെ അത്തറും എവിടെ കിടക്കുന്നു. ഇവനല്ലേ മണം.മുറ്റത്തിന്‍റെഒരുവശത്ത്,ആരെയും പേടിയ്ക്കാതെ കൊത്തിപ്പെറുക്കുന്ന ചെങ്ങലികളും, കരികിലാത്തികിളികളും. ചാമ്പയിലും,പേരയിലുമൊക്കെ പഴങ്ങള്‍ അകത്താക്കാന്‍ മത്സരിക്കുന്ന കിളികളും,അണ്ണാറക്കണ്ണന്‍മ്മാരും.കുരുവില്‍ കിളിര്‍ത്ത റമ്പുട്ടാന്‍ തൈയ്യ് വളര്‍ന്നു മരമായിരിക്കുന്നു.ചുമന്ന നിറത്തിലുള്ളപഴങ്ങള്‍ചില്ലകളുടെ അറ്റത്ത് കാണാം. മനോഹരകാഴ്ചകള്‍ക്ക് തല്ക്കാലം വിടകൊടുത്തു.

  ഇന്ന് മാധവന്‍റെ വീട്ടില്‍ പോകണം സഹപാഠിയാണ്; പത്തില്‍കണ്ടതാണ് പിന്നെ കാണുന്നത് ഫേസ്ബുക്കിലാണ്. ബംഗ്ലൂരില്‍ ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.ലീവിനു വരുമ്പോള്‍ കാണാം എന്ന ഉറപ്പു പാലിക്കണം. ആളും നാട്ടിലുണ്ട്.പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അരമണിക്കൂര്‍ യാത്ര ചെയ്താണ് സ്ഥലത്തെത്തിയത്.പടിക്കല്‍ തന്നെ ആള്; കാത്ത് നില്പ്പുണ്ട്.ചെറുപ്പത്തിലെ അതെ മുഖം; മാറ്റം, മീശയും ഒരു കണ്ണടയും മാത്രം.

 “എന്തുവാടെ ....സുഖമല്ലേ ...അളിയാ എത്ര കാലമായി കണ്ടിട്ട് .........ഓ ..എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല കേട്ടോ ...........”

 “നിന്‍റെ മുടിയൊക്കെ എവിടെ ..........?മൊട്ട ആയല്ലോ ..........”

എല്ലാവരും കൊട്ടുന്ന ആദ്യത്തെ കൊട്ട്. അതിവിടെയും കിട്ടി. തിരിച്ചൊന്നു കൊടുത്തു ,എന്തുവാടെ നിന്‍റെ കണ്ണിന്റെ കാഴ്ച്ചയെല്ലാം പോയോ .........ഈ പ്രായത്തിലെ തിമിരമായോ ...........

 “ഏയ് ഇതു അതൊന്നുമല്ലടെ.........ഞങ്ങ കമ്പ്യൂട്ടര്‍ പ്രബഷനലുകള്‍ക്ക് കണ്ണട ഒഴിച്ചുകുടാന്‍ പറ്റാത്ത ഒരു സാധനമാ അറിയാമോ. കമ്പ്യൂട്ടര്‍+കണ്ണട അതാ കോമ്പിനേഷന്‍.”

 “ വാ............ വീട്ടിലേക്ക് പോകാം .”
 

പഴമയുടെ ഗന്ധം മണക്കുന്ന തറവാട്.മുറ്റത്ത്‌ നില്‍ക്കുന്ന മുത്തച്ഛന്‍മാവിന് ഒരു പാട് കഥകള്‍ പറയാനുണ്ട്‌.നിരയായി നില്‍ക്കുന്ന കൊന്ന തെങ്ങുകളുടെ തടത്തിന് ചുറ്റും വളരുന്ന പെരികില ചെടികളില്‍ വെള്ള പൂക്കുലകള്‍ നിറഞ്ഞിരിക്കുന്നു. വേലിയായി പൂത്ത് നില്‍ക്കുന്ന ചെമ്പരത്തി ചെടികള്‍.

 “പഴയ തറവാടാ തന്‍റെ കാലം കഴിഞ്ഞേ ഇതെക്കോ മാറ്റാറ്വു എന്ന് അമ്മയ്ക്ക് നിര്‍ബ്ബന്ധം. അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു ......”                     ഹും.........

“എനിക്കിവിടെ വല്യ താല്‍പര്യമൊന്നും ഇല്ല.കല്യാണമൊക്കെ കഴിഞ്ഞ് ബംഗ്ലൂരില്‍ തന്നെ കൂടാനാ എന്റെ പ്ലാന്‍ “

             അപ്പൊ ഇതൊക്കെ ......?

“ പോട്ടടാ ..........ആര്‍ക്കു വേണം ഇതൊക്കെ .....”

“എന്നാലും തറവാടല്ലേ അച്ഛനും അമ്മയും എല്ലാമുള്ള മണ്ണ്,ജനിച്ച വീട് നിനക്ക് വിഷമം ഒന്നും ഇല്ലെ .........?”

“കുന്തം.... എടൊ; ലോകമേ തറവാട്, ആണ്ടില്‍ ആറുമാസം സമരം; വെട്ടും കുത്തും മാറിയ സമയമില്ല. നീ കണ്ടില്ലേ റോഡ്‌; നടുവൊടിയും. തേങ്ങ ഇടാന്‍ പോലും ആളില്ല. എന്നാലോ പണി തരു സര്‍ക്കാരെയെന്ന് പറഞ്ഞ് ദിവസവും സമരം. സ്വയം നന്നാവാതെ നാട് നന്നാക്കാന്‍ ഇറങ്ങിയ കുറെ അവന്മാരും. യൂസ്‌ലെസുകള്‍. ഇവടെ എങ്ങനെ ജീവിക്കും ദൈവത്തിന്‍റെ സ്വന്തം നരകം അതാണ് ഈ നാട്”

   ഹും “വാ..... നമുക്ക് കാവിനടുത്തേക്ക് പോകാം നല്ല കാറ്റ് കിട്ടും.” 

 ചെറിയ ഒരു വനം. കാഞ്ഞിര മരവും, പാല മരവും, കാട്ടുനാരകവും എല്ലാം ഉണ്ട്. ഒരു വശത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ആല്‍ മരം, അതിന്‍റെ ചുവട്ടില്‍ വിളക്ക് വയ്ക്കുന്ന തറ. നാഗത്താന്‍മ്മാരും യക്ഷിയുമെല്ലാം വസിക്കുന്ന കാവില്‍ നിന്ന് സുഗന്ധപൂരിതയായ ഒരു കാറ്റ് ഞങ്ങളെ കടന്നു പോയി.

 “ഇതൊക്കെ വെട്ടി തെളിച്ച്‌ വല്ലതും വച്ചു പിടിപ്പിക്കണമെന്ന് ഞാന്‍ പാല പ്രാവശ്യം പറഞ്ഞു. എല്ലാം എന്‍റെ കാലശേഷം അതാ അമ്മ പറയുന്നത്. എന്തെങ്കിലുമാകട്ടെ.......... വാ..... ആ പാറപ്പുറത്തിരിക്കാം.പിന്നെ വിശേഷങ്ങള്‍ പറ കേള്‍ക്കട്ടെ.”

 കാലം പിറകോട്ടു പാഞ്ഞു. കമ്പ്യൂട്ടറില്‍ നിന്നു കല്ലു പെന്‍സിലിലേക്ക് മാറി.വിശേഷങ്ങളിലൂടെ വിചാരങ്ങള്‍ സഞ്ചരിച്ചു.ചെറുതും വലുതുമായ തമാശകള്‍, സംഭവങ്ങള്‍ അങ്ങനെ എല്ലാം എല്ലാം .......

 ങ്ഹാ.....എടാ നീ നളിനിയെ ഓര്‍ക്കുന്നുണ്ടോ...........?

നമ്മുടെ പ്രഭാകരന്‍റെ നളിനി ..............?

അതെ ആ; നളിനി തന്നെ. ഇവിടെ അടുത്ത അവരുടെ വീട്.

ക്ലാസ്സ്‌ മുറികളെ സജീവമാക്കിയിരുന്ന പേപ്പര്‍ പ്രണയത്തിലെ ആദ്യകാല നായികാനായകന്‍മ്മാരയിരുന്നു; പ്രഭാകരനും നളിനിയും.സ്കൂളില്‍ സ്വന്തമായി വാഹനത്തില്‍ വന്നിരുന്ന ഏക വിദ്യാര്‍ഥി ആയിരുന്നു പ്രഭാകരന്‍.എണ്‍പതു മോഡല്‍ റാലി സൈക്കിള്‍ ആയിരുന്നു ആ വാഹനം.ടയര്‍ പഞ്ചര്‍ ആയാല്‍ തള്ളാന്‍ മാത്രമാണ്  പ്രഭാകര്‍ ഞങ്ങളെ വാഹനത്തില്‍ തൊടീച്ചിരുന്നത്. ചക്രങ്ങള്‍ക്കിടയിലുള്ള കമ്പികളില്‍ പല വര്‍ണ്ണത്തിലുള്ള മുത്തുകളും, ഹാന്‍ഡിലിന്റെ അറ്റത്ത്‌ കാസറ്റ്‌ വള്ളികള്‍ പൊട്ടിച്ചുണ്ടാക്കിയ തോരണവും ചാര്‍ത്തി; ണിം, ണിം മണിയടിച്ചു സൈക്കിളില്‍ വന്നിറങ്ങുന്ന പ്രഭാകരനോട് ആണ്‍വര്‍ഗത്തിനു പൊതുവില്‍ അസൂയയും പെണ്‍വര്‍ഗ്ഗത്തിനു ആദരവും തോന്നിയിരുന്ന ആ കാലത്താണ് നളിനിയും പ്രഭാകരനും അനുരാഗികളായത്.പ്രണയലേഖനങ്ങള്‍ നേരിട്ട് കൈമാറാനുള്ള ധൈര്യക്കുറവ് കാരണം റോക്കറ്റ്‌ സാങ്കേതികവിദ്യയാണ് കൈമാറ്റത്തില്‍ പ്രയോഗിച്ചിരുന്നത്.രണ്ടു കൈകളുടെയും ചൂണ്ടുവിരലുകള്‍ ക്കിടയില്‍ കത്ത് മടക്കി വച്ച് ലക്ഷ്യ സ്ഥാനത്തേക്ക് തൊടുത്ത് വിടുകയായിരുന്നു പതിവ്‌.ഒരിക്കല്‍ ലക്ഷ്യം തെറ്റി മറ്റൊരു കുട്ടിയുടെ മുന്‍പ്പില്‍ പതിച്ച കത്ത് അവള്‍ സാറിന് കൈമാറി.മലയാളഅധ്യാപകന്‍ കൂടിയായിരുന്ന വര്‍ക്കി സാര്‍ കത്ത് ക്ലാസ്സില്‍ വായിച്ച് അതിലെ അക്ഷരതെറ്റുകള്‍ തിരുത്തി പ്രഭാകരനെ തന്നെ ഏല്പ്പിച്ചു.അങ്ങനെ പ്രണയം ക്ലാസ്സറിഞ്ഞു, സ്കൂള്‍ അറിഞ്ഞു, ഒടുവില്‍ വീട്ടുകാരുമറിഞ്ഞു.നളിനിയുടെ പഠിത്തം അതോടെ തീര്‍ന്നു.പ്രഭാകരന്‍ പത്താം ക്ലാസ്സില്‍ പെന്‍ഷന്‍ പറ്റിയാണ് പിരിഞ്ഞത്.പക്ഷെ നളിനി പ്രഭാകര ബന്ധം മുറിഞ്ഞില്ല.തയ്യല്‍പഠിക്കാന്‍ പോയിരുന്ന നളിനിയെ പ്രഭാകരന്‍  കല്യാണം കഴിച്ചുശേഷം വിശേഷങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല.
 

 ചെറിയ വെയില്‍ വക വയ്ക്കാതെ ഇട വഴിയിലൂടെ  ഞങ്ങള്‍ നളിനിയുടെ വീട്ടിലേക്ക് നടന്നു. റോഡിനിരുവശവും ചെറിയ വീടുകള്‍ പാവല്‍, പടവല തോട്ടങ്ങള്‍; ചെറിയ തടങ്ങളില് വിളവെടുപ്പിനു പാകമായ ചീരകള്‍,പഴുത്ത്തുടങ്ങിയതക്കാളികള്‍.ഇങ്ങനെ പച്ചക്കറികളുടെ ചെറിയ ചെറിയ തോട്ടങ്ങള്‍.വാഴ തോട്ടങ്ങളുടെ ഇടയിലൂടെയുള്ള കാനകളില്‍ ഒഴുകുന്ന വെള്ളത്തില്‍ തത്തികളിക്കുന്ന പരല്‍ മീനുകളെ നോക്കി; നടന്നു.കുറച്ചുമാറിവിളഞ്ഞുനില്‍ക്കുന്ന നെല്‍പ്പാടങ്ങളും; അതിന്‍റെ അരികിനോട് ചേര്‍ന്ന് നില്‍ക്കുന്ന മംഗള കവുങ്ങില്‍ പഴുത്ത് പാകമായ പഴുക്കാ കുലകളും കൈയെത്തും പൊക്കത്തില്‍ കിടക്കുന്നു.മനോഹരമായ സ്ഥലം.കാഴ്ചകള്‍ കണ്ടു സ്ഥലം എത്തിയത് അറിഞ്ഞില്ല.

 ഒതുക്കുകല്ലുകള്‍ കയറിച്ചെന്നത് ഒരു ചെറിയ വീട്ടു മുറ്റത്തേക്കാണ്. അമ്പരന്നു നില്‍ക്കുന്ന രണ്ട് കുരുന്നുകളാണ് ഞങ്ങളെ എതിരേറ്റത്.

    അമ്മെ...... രണ്ട് മാന്മ്മാര്‍ വന്നിരിക്കുന്നു.

 ആരാ മക്കളെ.... അകത്തുനിന്നുള്ള അമ്മയുടെ ചോദ്യം കത്ത് നില്‍ക്കാതെ അവര്‍ അകത്തേക്ക് ഓടി.

വീടിനുള്ളില്‍ നിന്ന്പുറത്തേക്കു വന്ന സ്ത്രി രൂപത്തിന് ഓര്‍മ്മയിലെ നളിനിയുമായി ഒരു സാമ്യവും ഉണ്ടായിരുന്നില്ല

ആരാ.............?

നളിനി..........?  അതെ..... നളിനി തന്നെ.

ഞങ്ങള്‍ പണ്ട് ...........പേരും വിവരും പറഞ്ഞ് പരിചയപ്പെടുത്തി.

അത്ഭുതവും സന്തോഷവുമെല്ലാം അവരുടെ കണ്ണുകളില്‍ പ്രകടമായി.

 എനിക്ക് കണ്ടിട്ട് മനസിലായേയില്ല.....കയറി ഇരിക്കു.

 തിണ്ണയില്‍ കിടന്ന കസേരയില്‍ ഇരുന്നു.

പ്രഭാകരന്‍ എവിടെ.......?

ഒന്നും മിണ്ടിയില്ല; പകരം ഭിത്തിയിലേക്ക് നോട്ടം പാഞ്ഞു. അവിടെ കത്തികൊണ്ടിരുന്ന സീറോവോള്‍ട്ട് ബള്‍ബിനു മുകളിലായി ഒരുചിത്രമുണ്ടായിരുന്നു.എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരം പൂര്ണ്ണമായി.

ഞാന്‍ ചായ കൊണ്ടുവരാം. നിറഞ്ഞ കണ്ണുകളെ ഒളിപ്പിച്ചുകൊണ്ട് അവര്‍ അകത്തേയ്ക്ക്പോയി.

“നീ അവളോടൊന്നും ചോദിക്കണ്ട, ഞാന്‍ പറഞ്ഞു തരാം” മാധവന്‍ പറഞ്ഞു.ചായകുടിച്ച് വിശേഷങ്ങള്‍ പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍:കോലായില്‍ ചാരിവച്ചിരിക്കുന്ന പ്രഭാകരന്‍റെ സൈക്കിള്‍. മുത്തുകള്‍ക്ക് നിറം മങ്ങിയിരിക്കുന്നു.ഹാന്‍ഡിലും, ചെയ്നും, പെഡലും,സീറ്റും, ടയറും എല്ലാംഭദ്രം.വെറുതെയൊന്നു തൊട്ടു. പ്രഭാകരന്‍റെ സാമീപ്യം അനുഭവപ്പെടുന്നതായി തോന്നി.

 “എന്നും ഞാനിത് തുടച്ചു വൃത്തിയാക്കിവയ്ക്കും.ഇതു കാണുമ്പൊള്‍ എനിക്ക് ചേട്ടനെ ഓര്‍മ്മ വരും. ഈ മണിയടിശബ്ദം കേള്‍ക്കുമ്പോള്‍ എനിക്ക് ഒരു ധൈര്യമാ. ആള്‍ എന്‍റെ അടുത്ത് നില്‍ക്കുന്നതായി തോന്നും.തേങ്ങലുകള്‍ക്കിടയിലൂടെ നളിനിയുടെ ശബ്ദംപുറത്ത് വന്നു.

ഹൃദ്യമായി മീട്ടിയിരുന്ന കമ്പികള്‍ പൊട്ടാന്‍ എത്ര സമയം വേണം.

കുട്ടികളുടെ കയ്യില്‍ കുറച്ചു രൂപ കൊടുത്ത് തിരിക്കുമ്പോള്‍ യാത്ര പറയാന്‍ ശബ്ദം പുറത്ത്‌ വന്നില്ല. ഒരു തലയാട്ടല്‍ മാത്രം.... പോട്ടെ  

ആരാ അമ്മേ അത്............അതിനുള്ള ഉത്തരം ശ്രദ്ധിക്കാതെ ഞങ്ങള്‍ തിരിച്ചു നടന്നു.

       എങ്ങനെ ആയിരുന്നു സംഭവം:”ങ്ഹാ അതോ രക്തസാക്ഷി....

ആളു മാറി ചെയ്താതാന്ന പറയുന്നേ”

ആര്‍ക്കുവേണ്ടി............ എന്തിനു വേണ്ടി..............

“കവലയില്‍ ഒരു സ്മാരകമൊക്കെയുണ്ട് നീ കണ്ടില്ലേ....?ഇല്ലേല്‍ പോകുന്ന വഴിക്ക് കാണാം.”

 തിരിച്ചുപോകുന്ന വഴി കവലയില്‍ വണ്ടിനിറുത്തി ഇറങ്ങി.പ്രഭാകരന്‍റെ സ്മാരകത്തില്‍ കൊടി പാറിക്കളിക്കുന്നു.

         “ഇല്ല ഇല്ല മരിക്കുന്നില്ല

         ഞങ്ങളുടെ ഉള്ളില്‍ നീ എന്നും ജീവിക്കും”

ശിലയില്‍ കൊത്തിവച്ചിരിക്കുന്ന വാക്കുകള്‍. ജീവിച്ചു തീര്‍ക്കേണ്ട ജീവിതം വെട്ടിനുറുക്കപ്പെടുമ്പോള്‍ അനാഥമാവുന്ന അവന്‍റെ പെണ്ണും മക്കളും ആരുടെ ഉള്ളില്‍  ജീവിക്കും

 ഇണക്കിളിയുടെ മരണത്തില്‍നിന്ന് ഉടലെടുത്ത ആദി കാവ്യത്തിലൂടെ മാ നിഷാദാ ........പറഞ്ഞ നാട്ടില്‍...............

 ലാല്‍ സലാം സഖാവെ...............