**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, March 31, 2013

“പ്രവാസികള്‍ക്ക് ശങ്കവേണ്ട”-മന്ത്രി ശംഭു.?


     


  സൗദിഅറേബ്യയില്‍വിനോദസഞ്ചാരത്തിനുപോയി വഴിതെറ്റിപ്പോയ  ചില മലയാളികളെ പോലിസ്‌പിടിച്ചു നാട്ടിലേക്കുവിടുന്നു.വിമാനങ്ങള്‍ ഹൗസ്‌ഫുള്‍ ആയതിനാല്‍ മാന്യയാത്രക്കാരെ  താത്കാലിക താമസത്തിനായി ജയില്‍ എന്നു വെറുതെവിളിക്കുന്ന ഗസ്റ്റ്‌ഹൗസിലേക്ക് മാറ്റുന്നു.ആശങ്ക ഒട്ടും വേണ്ട...... ഹോ വെറുതേ..ചുമ്മാ വെറുതെ ശങ്കിച്ചുപോയി...... 

  ഫ്രീവിസയില്‍ അവിടെപ്പോയി കള്ളപ്പണിയെടുത്തു  നാട്ടിലേക്ക് പണമയച്ച്, നിയമലംഘനം നടത്തുന്നവരാണ് പിടിയിലായിരിക്കുന്നതെന്ന് വെറുതെ ചുമ്മാ ഒരു രസത്തിനു പറയുന്നതാണ്.അങ്ങനെ ഒന്നും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.  വികസിതരാജ്യങ്ങളുടെ ജീവിതനിലവാരമുള്ള കേരളത്തില്‍നിന്ന് ആരെങ്കിലും ആയിരം റിയാലിന് ആടുജീവിതം നയിക്കാന്‍ പോകുമോ?? ഇല്ലേയില്ല.... മറിച്ചുള്ള പ്രചരണം കേരളത്തിന്‍റെ പ്രതിച്ഛായ മോശമാക്കാനുള്ള ഡിങ്കോയിസ്റുകളുടെ ആസൂത്രിതനീക്കമാണ്. ആഗോളവ്യാപകമായി ഡിങ്കോയിസ്റ്റുകള്‍ ഇപ്പോള്‍ കേരളത്തിനെതിരെ പ്രചാരണം നടത്തുന്നുണ്ട്. അതിന്‍റെ ഭാഗമാണിത്. ഇനി അങ്ങനെ വല്ലവരും അവിടെ ഒളിച്ചുകഴിയുന്നുണ്ടാങ്കില്‍ ഒന്നുംപേടിക്കേണ്ട ഇതാ.....ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.നൂറു പേരടങ്ങുന്ന കേന്ദ്രസംഘം ഉടനെ സൌദിയില്‍ എത്തുന്നതായിരിക്കും. സ്വീകരിക്കാന്‍ ആലവട്ടവും വെഞ്ചാമരവുമായി കഴിയുന്നത്ര പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തേണ്ടതാണ്. കേന്ദ്രസംഘത്തിനു കൊറിക്കാന്‍വേണ്ട അണ്ടിപരിപ്പും,ബദാംമില്‍ക്കും ഫ്രെഷ് ആയിരിക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ചര്‍ച്ച കഴിയുന്നതുവരെ നിയമലംഘകര്‍ കുബുസ്സും വെള്ളവുമായി വല്ല വീപ്പയിലുംമറ്റും ഒളിച്ചു സ്വയം, തടി രക്ഷിക്കേണ്ടതാകുന്നുവെന്ന് എമ്പസി അറിയിച്ചുകഴിഞ്ഞു. അതുപോലെ നിതാഖത്‌ സംവിധാനത്തിന്‍റെ പോരായ്മകളെപ്പറ്റി കേരളത്തില്‍ ടീവി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.പ്രതികരണ തൊഴിലാളികളുടെ അഭിപ്രായം അറിഞ്ഞശേഷം നിയമം മറ്റുന്നതായിരിക്കുമെന്നു സൗദിമന്ത്രി അറിയിച്ചതായി ചാനല്‍ പറയുന്നു.

   ഇന്ത്യ വിശേഷിച്ച് കേരളം ഉണര്‍ന്നുകഴിഞ്ഞു. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. മറിച്ചുള്ള പ്രചരണം മറന്നേക്കണം. മടങ്ങിവന്ന പലരും കരഞ്ഞുനിലവിളിച്ചുകൊണ്ട് അവരുടെ കദനകഥ വെളിപ്പെടുത്തുന്നത് ദ്രശ്യമാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. പക്ഷെ അവര്‍ നിയമലംഘനം നടത്തിയ ടൂപ്ലിക്കേട്സാണ് ആയതിനാല്‍ അവരുടെ കരച്ചില്‍ കാണേണ്ട എന്നാണ് ഒര്‍ജിനല്‍ എന്നവകാശപ്പെടുന്ന പ്രവാസികള്‍ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രവാസിവോട്ടിനുവേണ്ടി വിമാനംപറത്തിയ നമ്മുടെ ചില നാട്ടുപ്രമാണിമാരും ഇങ്ങനെ പറയുന്നതുകണ്ടു. ലെവന്‍റെയൊക്കെ പറമ്പു കിളയ്ക്കാന്‍ ആളെ കിട്ടണില്ലപോലും, അതുകൊണ്ട് കുറെയെണ്ണം ഇങ്ങുപോരട്ടെ എന്നുസാരം....

.

    സുഖവാസംകഴിഞ്ഞു തെണ്ടിത്തിരിഞ്ഞു വരുന്നവര്‍ഒന്നുകൊണ്ടും പേടിക്കേണ്ട. കേരളം നിങ്ങള്‍ക്കായി അവസരങ്ങള്‍ കാത്തു വച്ചിരിക്കുകയാണ്. പാടം തയ്യാറായിക്കിടകുന്നു, ഇനി വിതച്ചാല്‍ മാത്രംമതി. ആള്‍ക്കരില്ലാതെ ഇവിടുത്തെ വ്യവസായസ്ഥാപനങ്ങള്‍ മുഴുവന്‍ പൂട്ടികിടക്കുകയിരുന്നു. വലിയങ്ങാടിയില്‍വന്ന പാണ്ടിലോറികള്‍ ലോഡിറക്കാന്‍ ആളില്ലാതെ അറ്റമില്ലാതെ നീണ്ടുകിടക്കുന്നു.കൊച്ചിയില്‍ പണിതുവരുന്ന ഷോപ്പിംഗ്‌ മാളിനു വര്‍ക്കപ്പണിക്ക് ആളില്ലാതെ പണി പെണ്ടിംങ്ങാണ്. ഇനി ഇവിടൊന്നും പണികിട്ടിയില്ലെങ്കില്‍  വരുന്നവര്‍ക്കെല്ലാം 800*30=24000 രൂപ കണക്കില്‍ ജോലിതരാന്‍ ഫേസ്ബുക്ക് പുലികളൂതന്നെ കാത്തിരിക്കയാണ്. ഇതു ചുരുങ്ങിയകൂലിയാണ്, ഇതിനു മുകളിലേക്കാണ് സാധ്യത. ജോലികിട്ടാന്‍ അവിടത്തെപ്പോലെ അറബിയുടെ കാലുപിടിക്കുകയോ, വെയിലുകൊണ്ടുനടക്കുകയോ ഒന്നുംചെയ്യേണ്ട; രാവിലെ ഇറങ്ങുക, അടുത്തുള്ള കവലയില്‍പോയി കുത്തിയിരിക്കുക. ആളുണ്ടോ ആളുണ്ടോ എന്നു വിളിച്ചുചോദിച്ചു വണ്ടിവരും, കേറിക്കോളുക, വൈകുന്നേരം കൂലിയുംവാങ്ങി മടങ്ങുക. സംഗതികുശാല്‍.

   വേറൊരുഗുണം ഗള്‍ഫിലെപോലെ മുപ്പതുദിവസവും ജോലിചെയ്യേണ്ട ആവശ്യമില്ല.  മാസത്തില്‍ ചുരുങ്ങിയത് അഞ്ചുഹര്‍ത്താലെങ്കിലും കാണും, പിന്നെ പുണ്യദിനങ്ങള്‍,ഉത്സവങ്ങള്,മരണം, ജനനം തുടങ്ങി ഒരു അഞ്ചെണ്ണം വേറെയും പ്രതീക്ഷിക്കാം,പിന്നെ ഞായറുംശനിയും പൊതുഅവധിയാണ്. അങ്ങനെ മാസത്തില്‍ ഒരു പതിനഞ്ചു ദിവസം ജോലിക്കു പോയാല്‍മതി. എന്നാലും ഒട്ടും ശങ്കവേണ്ട ഇതെല്ലാം  വേതനത്തോട് കൂടിയ അവധിയാണ്. അതാണ്‌..... അതാണ് കേരളം. ഇനിപ്പറ,...... തിളയ്ക്കുന്നില്ലേ ചോര ഞരമ്പുകളില്‍......അതുകൊണ്ടല്ലേ തമിഴനും ബംഗാളിയും ഇവിടെത്തന്നെ കുറ്റിയടിച്ചിരിക്കുന്നത്.പണിയുടെ കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട; അല്പം സ്കില്ല് വേണമെന്നുമാത്രം. തൂമ്പ,കമ്പി, പാര, കൊടുവാള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അറിഞ്ഞിരികണം.സിമിന്റ് കൊഴയ്ക്കാനും, തെങ്ങെക്കേറാനും, റബറുവെട്ടാനും, വെള്ളംകോരാനും, കക്കൂസ് കഴുകാനും അറിഞ്ഞിരിക്കണം ഇത്തരം ജോലികളിലാണ് ആളെ ആവശ്യമുണ്ടെന്നു പരസ്യംകാണുന്നത്.അല്ലാതെ അത്യാവശ്യം വെയില്‍ കൊള്ളാതെയുള്ള പണികളൊക്കെ ചെയ്യാനിവിടെ ഫ്യുടല്‍ മാടമ്പിമാരുണ്ട്.ആഗോളനിലവാരം നോക്കി അപ്പപ്പോള്‍ കുറിപ്പിറക്കുന്ന ഇവര്‍ക്ക് വെള്ളംകോരാനും, വിറകുവെട്ടാനും ആളില്ല എന്നതാണ് കേരളത്തില്‍ നേരിടുന്ന പ്രധാനതൊഴില്‍പ്രശ്നം.അതുപോലെ കൊടിപിടിക്കാനും, തല്ലുകൊള്ളാനും, തല്ലിപ്പൊട്ടിക്കാനും,വെട്ടാനും കുത്താനും, ഹര്‍ത്താല്‍ നടത്താനും രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് പഴയപോലെ ആളെ കിട്ടാനില്ല.ഇവിടെ നിന്നാല്‍ നശിക്കും എന്നു സ്വയംതോന്നിയ പല ചെറുപ്പക്കാരും ഒരു രക്ഷാമാര്‍ഗ്ഗമായും പ്രവാസത്തിലേക്കു നീങ്ങി. അങ്ങനെ മൊത്തത്തില്‍ ഒരു ഷോട്ടേജ് ഉണ്ടായിരുന്നു.അതും ഇക്കുറി മാറിക്കിട്ടും. ചുരുക്കത്തില്‍, നിങ്ങള്‍ അവിടെ അറബിയുടെ പത്രം കഴുകുകയല്ലേ?? ഇനി ഇവിടെവന്നു ഞങ്ങളുടെ പാത്രം കഴുകിക്കോ എന്നാണ് ധ്വനി. മരുഭൂമിയിലെ വെയില്‍ കൊള്ളുന്നവന് കേരളത്തിലെ വെയില്‍ കൊണ്ടുകൂടെ എന്നുവെയ്പ്‌. ഇവിടെ പണിയുണ്ട് എന്തിനു അവിടെ പോകുന്നു എന്നു കൊണപതികാരം അടിക്കുന്ന എമ്പോക്കികള്‍, മടങ്ങിവരുന്ന എത്രപേര്‍ക്ക്, അവര്‍ക്ക് കിട്ടികൊണ്ടിരുന്ന ശമ്പളത്തില്‍ ജോലികൊടുക്കുമെന്നു വ്യക്തമാക്കിയാല്‍ കൊള്ളാം. പ്രവാസിക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കുന്ന ഇത്തരക്കാര്‍, തങ്ങള്‍ കൊടുക്കുന്ന ജോലിയും അതിനു ബന്ധപ്പെടേണ്ട അഡ്രസ്സ് കൊടുത്താല്‍ ഉപകാരമായിരിക്കും.  കക്കുസുകോരാനും, പറമ്പ്‌ കിളയ്ക്കാനും, തെങ്ങെ കേറാനും, പുല്ലുചെത്താനും.. അങ്ങനെ സ്വന്തം വീട് പണിക്ക് ആളെ കിട്ടാത്തതിന്‍റെ രോഷം, അന്യനാട്ടില്‍ പോയി കഷ്ടപ്പെടുന്നവന്‍റെ പുറത്തു തീര്‍ക്കുന്നത്; മലയാളിയുടെ സ്വയം തിരിച്ചറിവൊന്നുമല്ല. തന്‍റെ തീട്ടം കോരാന്‍ നാട്ടില്‍ ആളില്ല എന്നതിന്‍റ വിഷമമാണ്.ഇതിനു പച്ചമലയാളത്തില്‍ തന്തയില്ലായ്മ എന്നാണ് പറയുക.

   ഇന്നലെവരെ ഒന്നിച്ചുകിടന്നു മൂട്ടകടികൊണ്ടവനും, ഒന്നിച്ചിരുന്നു ഗുബ്ബുസ്സും തൈരും കഴിച്ചിരുന്നവര്‍ക്കും ഇന്നു ഫ്രീ വിസക്കാരന്‍ നിയമലംഘകനായി. നാട്ടിലേക്കു തിരിച്ചുപോകാന്‍ കഴിയാതെ വട്ടം ചുറ്റുന്നവര്‍ക്കും,പോലിസ്‌ പിടിയിലായവര്‍ക്കുമെതിരെ പോസ്റ്ററൊട്ടിക്കാനാണ് പലര്‍ക്കുംതിടുക്കം.അവശ്യസമയത്ത് തള്ളിപ്പറയുന്ന മലയാളിയുടെ തനിനിറം മറയില്ലാതെ പുറത്തുചാടുന്നതും ഇവിടെക്കാണാം. തിരിച്ചുപോരേണ്ടി വരുന്ന സഹോദരങ്ങള്‍ക്ക് കഴിയുന്ന സഹായംചെയ്തു കൊടുക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. കക്കാനോ,പിടിച്ചുപറിക്കാനോ, പെണ്ണുപിടിക്കാനോ, കള്ളുവറ്റാനോ അല്ല, ഒരു ഫ്രീ വിസക്കാരനും മരുഭൂമിയില്‍ വരുന്നത്. വീടിനുവേണ്ടി അധ്വാനിക്കാനാണ്. നാട്ടില്‍നിന്നാല്‍ കിട്ടുന്നതിനെക്കാള്‍ എന്തെങ്കിലും പത്തുകാശ് കിട്ടിയാല്‍ പുരനിറഞ്ഞു നില്‍ക്കുന്നപെങ്ങളെ കെട്ടിച്ചുവിടാമെന്ന ചിന്തയായിരിക്കും,   ഇടിഞ്ഞു വീഴാറായ വീടോന്നുനന്നാക്കാംഎന്നതായിരിക്കും.    അല്ലെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസവും വെച്ച് നാട്ടില്‍പറമ്പ്കിളയ്ക്കാനുള്ള ബുദ്ധിമുട്ടായിരിക്കും.    എന്തുതന്നെ ആയിക്കോട്ടെ പരസ്പരം കുറ്റപ്പെടുത്തലും പഴിചാരലും നടത്തേണ്ട സമയമല്ലിത്. സാമ്പത്തികപിന്തുണ കൊടുത്തില്ലെങ്കില്‍ പോലും മാനസികമായി നമുക്ക് അവരോടൊപ്പം നില്‍ക്കാം.

    സൌദി അവരുടെ തൊഴില്‍നിയമങ്ങള്‍ പരിഷ്ക്കരിക്കാനും , നിയമലംഘനം നടത്തുന്നവരെ നാടുകടത്താനുംതീരുമാനിച്ചാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. അത് അവരുടെ ആഭ്യന്തരപ്രശ്നമാണ്. സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ആ രാജ്യം നടപടി സ്വികരിക്കുന്നതിനെക്കുറിച്ച്  എന്തുപറയാന്‍. ഇവിടെ നമുക്ക് ഒന്നേ ചെയ്യാന്‍ കഴിയൂ. മടങ്ങിവരുന്നവരുടെ യാത്രയ്ക്കുള്ള സഹായങ്ങള്‍ചെയ്യുക,  നയതന്ത്രതലത്തില്‍ ഇടപെട്ടു നിയമപരമായ ബുദ്ധിമുട്ടുകളും പോലിസ്‌ കേസുകളൂമൊക്കെ ഒഴിവാക്കുക, സൌജന്യനിയമസഹായം നല്‍കുക, ബാങ്ക് അകൌണ്ടുകളും പണമിടപാടുകളും മരവിപ്പിക്കുന്ന അവസ്ഥ ഒഴിവാക്കുക, കുട്ടികളുടെ വിദ്യാഭ്യാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, തിരിച്ചുവരുന്നവര്‍ക്കായി കൂടുതല്‍ വിമാനസര്‍വിസുകള്‍ അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് അടിയന്തരമായി ചെയ്യേണ്ടത്. സൗദി, ഇന്ത്യയുടെ സുഹൃത് രാജ്യമായതിനാല്‍ ഇക്കാര്യങ്ങലിളൊക്കെ ഒരു അനുകൂലനിലപാട് പ്രതീക്ഷിക്കാം.പക്ഷെ സര്‍ക്കാരിന്റെ ഈ മെല്ലെപ്പോക്ക് നയം അവസാനിപ്പിക്കണം.ഇപ്പോള്‍ നടപ്പിലാക്കുന്ന നിയമം ഇരുട്ടിവെളുത്തപ്പോള്‍ വന്നതല്ല.കാലാകാലങ്ങളായി തുടരുന്ന സ്വദേശിവല്കരണത്തിന്‍റെ ഭാഗമാണിത്, നിയമലംഘനംനടത്തി രാജ്യത്തുതങ്ങുന്നവര്‍ക്ക് തിരിച്ചുപോകാനുള്ള നിരവധി മുന്നറിയിപ്പുകള്‍ കൊടുത്ത് അവസാന നടപടിയായാണ് ഈ തിരച്ചിലും അറസ്റ്റുമൊക്കെ നടക്കുന്നത്.ഇവിടെ നമ്മുടെ സര്‍ക്കാരുകളുടെ ജാഗ്രത ക്കുറവാണ് കുഴപ്പമായത്. വേണ്ടത്ര ബോധവല്‍ക്കരണം പ്രവാസികളുടെ ഇടയില്‍ നടന്നിട്ടില്ല.പ്രവാസികളുടെ പണത്തില്‍ മാത്രം കണ്ണുവെച്ചാല്‍ പോര. കുടുംബംപോറ്റാനാണ് ഓരോരുത്തരം പ്രവസികളാവുന്നത്. അതിനോടൊപ്പം തന്നെ വിദേശനാണ്യം നേടിത്തന്നു നാടിന്‍റെ വികസനത്തിലും പങ്കാളിയാകുന്നു. അതുകൊണ്ടുതന്നെ പ്രവസികള്‍ക്കൊരു പ്രശ്നംവരുമ്പോള്‍ അതില്‍ ക്രിയാത്മകമായ ഒരിടപെടല്‍ നടത്താന്‍ സര്‍ക്കാരും തയ്യാറാകണം. നമ്മുടെറവന്യുവരുമാനത്തില്‍ നല്ലൊരുതുക പ്രവാസികളുടെതാണ്. മടങ്ങിവരുന്നര്‍ക്ക് വേണ്ടി  പുനരധിവാസപദ്ധതികള്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.അല്ലാതെ പടപ്പേല്‍ത്തല്ലി പമ്പുചത്തു എന്ന പ്രതീതി ഉണ്ടാക്കുകയല്ല വേണ്ടത്....

Friday, March 29, 2013

വീടുകത്തുന്ന പ്രവാസിയും, വീണവായിക്കുന്ന മന്ത്രിയും


 

പടക്കശാലയ്ക്ക് തീപിടിച്ച് തൊഴിലാളികള്‍ പ്രാണരക്ഷാര്‍ത്ഥം നെട്ടോട്ടമോടുമ്പോള്‍ തന്‍റെമുറിയില്‍ സുരക്ഷിതമായിരുന്നുകൊണ്ട് മൊതലാളി ഒരു മൈക്കിലൂടെ; ആരും ഓടരുത്, ഒന്നും പേടിക്കേണ്ട, ഞാനിവിടെ എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നു വിളിച്ചുപറഞ്ഞാല്‍ അതിന്‍റെ അര്‍ഥം എന്താണ്??? അവനു ഭ്രാന്താണെന്നുതന്നെ പറയേണ്ടിവരും.സൗദിയില്‍ സ്വദേശിവല്ക്കരണത്തിന്റെ ഭാഗമായി തൊഴില്‍നഷ്ടപ്പെട്ടു നാട്ടിലേക്കു വണ്ടി കയറുന്ന ആളുകളോട്; പേടിക്കേണ്ട ഞങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നുണ്ട്, ആരും ഭയപ്പെടേണ്ട ഞാനിപ്പോള്‍ തജിക്കിസ്ഥാന്‍ ബിരിയാണി കഴിക്കുകയാണ് വന്നിട്ട് ഒടനെ ചര്‍ച്ചനടത്തും എന്നൊക്കെയുള്ള വളിപ്പുകള്‍ പറയുന്ന ആള്‍ക്കാരെ എന്തുവിളിക്കണം.??

 ദിവസവും നൂറുകണക്കിന് ആളുകളാണ് സൗദിയില്‍നിന്നും തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്കുമടങ്ങുന്നത്.കുറെയേറെപ്പേര് പോലീസ് പിടിയിലുമായി.എന്നിട്ടും ഇവിടെ ചിലര് നിരീക്ഷണത്തിലും,ടൂറിലും, പെട്ടിക്കട ഉല്‍ഘാടനത്തിലുമൊക്കെയാണ്. സംസ്ഥാനസര്‍ക്കാരിന്‍റെ റവന്യു വരുമാനത്തിന്‍റെ 1.6 ഇരട്ടിരൂപയാണ് പ്രവാസികള്‍ നാട്ടിലേക്കു ഒരുവര്ഷം അയക്കുന്നത്.വര്‍ഷം 23089 കോടി രൂപയാണ്, ഇങ്ങനെ കേരളത്തില്‍ എത്തുന്നത്‌. ഇതൊന്നും ഇവിടുത്തെ ഏമാന്മ്മാരുടെ ആസൂത്രണംകൊണ്ട് നേടിയെടുത്ത പണമൊന്നുമല്ല. കട്ടുമുടിക്കലും,അഴിമതിയും തൊഴിലില്ലായ്മയുംകൊണ്ട് പൊറുതിമുട്ടിയ ജനം; സ്വയം തിരഞ്ഞെടുത്ത മാര്‍ഗ്ഗമാണ് ഈ പ്രവാസജീവിതം. പ്രവാസി, വിയര്‍പ്പൊഴുക്കി അയക്കുന്ന രൂപകൊണ്ട്, നാട്ടില്‍ അവന്‍റെ കുടുംബം മാത്രമല്ല നാടിന്‍റെസാമ്പത്തികഭദ്രതയും സംരക്ഷിക്കപ്പെടുന്നുണ്ടെന്നുള്ളത് മറക്കരുത്. അതുകൊണ്ട് ഗള്‍ഫ്‌പണത്തെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങള്‍ മാത്രമല്ല സംസ്ഥാനത്തിന്‍റെ സാമ്പത്തികഭദ്രതയും മറ്റു ഗാര്‍ഹിക, വാണിജ്യ, വ്യസായമേഖലയെയുംഈ മടങ്ങിവരവ് പ്രതികൂലമായിബാധിക്കും.കൂടും കുടുക്കയുമെടുത്ത്‌,  നാടുപിടിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടെടുക്കും; എന്നതാണ് ഇനിയറിയേണ്ടത്.  ചര്‍ച്ചകള്‍ വാഗ്ദാനംചെയ്തു മുന്‍നിരപല്ലുകാട്ടി ഇളിക്കുന്ന മന്ത്രിമാരുടെ ഫോട്ടോകള്‍ മാധ്യമങ്ങളില്‍ മുന്‍പേജില്‍ത്തന്നെ വരാന്‍ തുടങ്ങിയിട്ടുണ്ട്.ഈ പ്രസ്താവന യുദ്ധംകൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമില്ല എന്നുള്ളതാണ് വാസ്തവം. കുറച്ചുകൂട്ടര്‍ പ്രധാനമന്ത്രി ഇടപെട്ടു, തിരിച്ചുവരവ്‌ ബ്ലോക്ക്‌ ചെയ്യണമെന്ന ഉണ്ടായില്ലാവെടിയും പൊട്ടിക്കാന്‍ തുടങ്ങിയിട്ടുണ്ട്.ഇക്കാര്യത്തില്‍ സൗദി സര്‍ക്കാരുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും ഇതുവരെ നടന്നിട്ടില്ല. നടത്തിയാലും ഒരു കാര്യവുമില്ല. ഈ വിഷയം ആ രാജ്യത്തിന്‍റെ അഭ്യന്തര പ്രശ്നമാണ്.സ്വദേശികളുടെ എണ്ണത്തെക്കള്‍ കൂടുതല്‍ വിദേശികളും, സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മയും കൂടുമ്പോള്‍ സ്വന്തം പൌരന്മ്മാരുടെ കാര്യത്തില്‍ ശ്രദ്ധയുള്ള ഏതൊരുരാജ്യവും ചെയ്യുന്ന നടപടിയാണിത്. അതിനു അവരോടു ചര്‍ച്ചതുടങ്ങും,അംബാസിഡരെ വിളിക്കും, ഞൊട്ടും എന്നൊക്കെപ്പറയുന്നത്; പ്രവാസികളെ പറ്റിക്കാനുള്ള നാടന്‍രാഷ്ട്രിയക്കാരുടെ മുന്നാംകിട ഗിമിക്കുകളായെ കാണാന്‍ കഴിയൂ. പ്രവാസികളുടെ തിരിച്ചുവരവ് ഇതിനുമുന്‍പ്‌ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് ഗള്‍ഫ്‌യുദ്ധകാലത്താണ്. എന്നാല്‍ അന്നും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കുറെ പ്രസ്താവനകള്‍ ഉണ്ടായതല്ലാതെ,  ഒരു അനുകൂല നടപടികളും ഉണ്ടായിരുന്നില്ല. വിമാനംകേറി വോട്ടുകുത്താന്‍ നാട്ടിലേക്കു പറന്നതിന്‍റെ കൊണംവല്ലതും ഉണ്ടോയെന്ന് ഇപ്പൊ അറിയാം.!!!!!!

പ്രവാസികളെ ഉദ്ധരിക്കാനുള്ള രണ്ടുപ്രധാന വകുപ്പുകളിലും നമ്മുടെ ആളുകള്‍ തന്നെയാണുള്ളത്.ഈ വിഷയത്തിലും അവര്‍ സ്ഥിരം പ്രസ്താവനകള്‍ തുടങ്ങിട്ടുണ്ടെന്നതൊഴിച്ചാല്‍, ഉന്നതങ്ങളിലെ പലരും ഈ സംഭവം അറിഞ്ഞഭാവമേ ഇല്ല.

വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ആശങ്ക വേണ്ട - അഹമ്മദ്

സൗദിയില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴില്‍ നിയമങ്ങളില്‍ പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു.പുതിയ നിയമത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും.ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ്‌രാജ്യമാണ് സൗദി അറേബ്യ. നാലുദിവസത്തെ തന്‍റെ താജികിസ്താന്‍ പര്യടനം കഴിഞ്ഞുവന്നാലുടനെ ഇക്കാര്യത്തില്‍ സൗദി എംബസിയുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു..”

ആശങ്ക എന്നുപറഞ്ഞാല്‍ ഇതു കേവലം മൂത്രശങ്ക അല്ല..പ്രവാസികള്‍ക്ക് ആശങ്ക വേണ്ടായെന്ന് ഇപ്പോഴും അഹമ്മദ്‌ പറയുമ്പോള്‍, അങ്ങേര് ഇപ്പോഴും താജികിസ്ഥാന്‍ ടൂറിന്‍റെ ഹാങ്ങോവറിലാണെന്നുവേണം മനസിലാക്കാന്‍. ചുമ്മാ കറങ്ങിനടക്കാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ഉടനെചെയ്യേണ്ട സമയമാണിപ്പോള്‍. പലരും ജോലിക്ക് പോകാതെ ഒളിവില്‍കഴിയുന്നു.പലരെയും പോലീസ് പിടിക്കുന്നു. ഇങ്ങനെ പ്രവാസിസമൂഹം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ടൂറുകഴിഞ്ഞുവരട്ടെ, എന്നിട്ട് ചര്‍ച്ചയാവാം എന്നല്ലപറയേണ്ടത്. ടൂറു പിന്നിടാവാം ഇപ്പോള്‍ പ്രവര്‍ത്തനമാണ് ആവശ്യം.

പ്രവാസിവകുപ്പ്‌ നേതാവ്‌, രവിമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.സ്വദേശിവത്കരണത്തില്‍ ആശങ്കപ്പെടേണ്ടതില്ല: വയലാര്‍ രവി

 സൗദി അറേബ്യയിലെ സ്വദേശിവത്കരണം മൂലം ഇന്ത്യാക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ഗള്‍ഫില്‍ നിന്ന് കൂട്ടപ്പാലായനത്തിന് സാധ്യതയില്ലെന്നും തിരിച്ച് വരാന്‍ തിരക്കുകൂട്ടുന്ന സാഹചര്യം സൗദിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. “

സാധ്യത എന്നൊക്കെ പറയാന്‍ ഇതെന്നാ കാലാവസ്ഥപ്രവചനമാണോ? കണ്മുന്നില്‍ നടക്കുന്ന കാര്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കുന്ന പരിപാടിയാണിത്. പലായനം നടത്താതെ ജയിലില്‍ത്തന്നെ കൂടിക്കോ എന്നാണോ ഇദേഹം പറയുന്നത്.പുതിയ നിയമംമൂലം അവിടെ താങ്ങാന്‍ കഴിയാത്തവര്‍ എന്തു ചെയ്യണമെന്നാണ് രവിമന്ത്രി പറയുന്നത്??,

”സൗദിയിലെ സാഹചര്യം ഇന്ത്യ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സൗദി തൊഴില്‍ മന്ത്രാലയവുമായി സംസാരിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാക്കാരെ പുറത്താക്കുമെന്ന അറിയിപ്പ് ഇന്ത്യന്‍ സര്‍ക്കാരിനോ എംബസിക്കോ ലഭിച്ചിട്ടില്ലെന്നും വയലാര്‍ രവി അറിയിച്ചു.”

സാഹചര്യം ഇന്ത്യ നിരീക്ഷിക്കുന്നുവെന്നു പറയുന്നു.അതേ വായില്‍ത്തന്നെ പറയുന്നു,ഇങ്ങനെ ഒരു സംഭവം ഇന്ത്യ അറിഞ്ഞിട്ടില്ലായെന്നും.ഇനി എപ്പോഴാണാവോ ഇന്ത്യ ഈ വിവരം അറിഞ്ഞുവരുന്നത്.ഉണ്ടായിരുന്ന തൊഴില്‍ പെട്ടൊന്നൊരു ദിവസം നഷ്ടപ്പെടുന്നതിന്റെ വേദന രവിസാറിനു മനസിലാകില്ല.അതറിയണമെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും ഒരു തൊഴിലെ ടുത്തു ജീവിക്കണം.പക്ഷെ സീറ്റുപോയ മകളുടെവേദന ഇദേഹത്തിന് മനസിലാക്കാന്‍ കഴിയുമെന്നത് കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ മകള്‍ക്ക് സീറ്റില്ല എന്നറിഞ്ഞപ്പോള്‍ നടത്തിയ ആക്രോശത്തിലൂടെ നാട്ടുകാര്‍ അറിഞ്ഞതാണ്. ഇത് വോട്ടുബാങ്ക് അല്ലാത്ത പാവങ്ങളുടെ കാര്യമായതിനാല്‍ ഇടപെടാന്‍ പ്രത്യേക അറിയ്പ്പ്‌തന്നെ വേണമായിരിക്കും.

“പുതിയ നിയമം മൂലം എത്ര ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന കൃത്യമായ കണക്ക് സര്‍ക്കാരിനില്ല. വിദേശികള്‍ മാത്രം പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിയം ബാധകമാകുക. പത്ത് പേര്‍ക്ക് ഒരാളെന്ന നിലയിലെങ്കിലും സ്വദേശികളെ ഉള്‍പ്പെടുത്തിയാല്‍ പ്രശ്‌നം തീരും. സൗദിയിലെ തൊഴിലില്ലാത്തവര്‍ക്കൊ തൊഴില്‍ നല്‍കാനാണ് അവര്‍ ഈ നിയമം കൊണ്ടുവന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും സൗദിയുടെ തീരുമാനം മാറ്റാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.”    

    സത്യത്തില്‍ ഇങ്ങേര് ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്. എന്താണ് പറയുന്നത്... ഒരു പിടിയുമില്ല. സ്വദേശിവല്ക്കരണത്തില്‍ ആശങ്കവേണ്ട എന്നുപറഞ്ഞുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും സൗദിയുടെ തീരുമാനം മാറ്റാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു...എന്താണ് പ്രവാസികള്‍ മനസിലാക്കേണ്ടത്.തനിക്ക് ഒന്നും ചെയ്യാന്‍കഴിയില്ല, നിങ്ങളുടെ കാര്യം നിങ്ങള്‍ നോക്കിക്കോ എന്നുപറഞ്ഞു കൈകഴുകുന്ന പരിപാടിയല്ലേയിത്. പ്രവാസികളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയില്ലയെന്നു പറയുമ്പോള്‍ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വകുപ്പ്‌.

  ഇന്ത്യ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് പോലും, ഇന്ത്യാക്കാരെ പുറത്താക്കുമെന്ന അറിയിപ്പ് ഇന്ത്യന്‍ സര്‍ക്കാരിനോ എംബസിക്കോ ലഭിച്ചിട്ടില്ലെന്നും  രവി പറയുന്നു. ഇങ്ങേര് ലോകത്തുനടക്കുന്ന ഒരു കാര്യവും അറിയുന്നില്ലായെന്ന് ചുരുക്കം.പ്രശ്നത്തിന്‍റെ തീവ്രത മനസിലാക്കാതെ ചുമ്മാ, വെടുവാ അടിക്കുകയാണ് രണ്ടുമന്ത്രിമാരും ചെയ്യുന്നത്. പ്രവാസികളുടെ ആശങ്കമാറ്റാന്‍, എന്തു നടപടിയാണ് ഇവര്‍ കൈക്കൊണ്ടിരിക്കുന്നത്; അതാണ്‌ അറിയേണ്ടത്.  രണ്ടുപേരുടെയും പറമ്പുകിളയ്ക്കാനും, വീട്ടുപണിക്കും ആളെ ആവശ്യമുണ്ട്; ഗള്‍ഫില്‍ നിന്ന് മടങ്ങിവന്ന പ്രവാസികള്‍ക്ക് അപേക്ഷിക്കാം.. എന്നു പരസ്യം കൊടുക്കുമോ?? അതോ മടങ്ങിവരുന്ന പ്രവാസികളെമുഴുവന്‍ പെഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുമോ?? വിദേശത്ത് വന്നാല്‍ വമ്പന്‍മ്മാരുടെ അത്താഴവിരുന്നുംആസ്വദിച്ച്, ഷാളുപുതപ്പീരും ഏറ്റുവാങ്ങി, ഷോപ്പിങ്ങും നടത്തി തിരിച്ചുപോകുന്നതില്‍കവിഞ്ഞ്; കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് വേണ്ടി ഇവര്‍ എന്താണ് ചെയ്യുന്നത്. എത്ര പ്രവാസികള്‍ അന്യനാട്ടില്‍ ഉണ്ടന്നോ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നോ ഉള്ള ഒരുതരത്തിലുള്ള കണക്കുകളും എമ്പസികളുടെ അടുത്തോ സര്‍ക്കാരിന്‍റെപക്കലോ ഇല്ലായെന്നു മന്ത്രിതന്നെ സമ്മതിക്കുന്നു. കേരളത്തിന്‍റെ സാമ്പത്തിക അടിത്തറയുടെ ബലം പ്രവാസികളാണെന്ന് കേരളിയരായ രണ്ടുമന്ത്രിമാരും മനസ്സിലാക്കിയാല്‍ നന്ന്. അതിനു ഇളക്കംതട്ടിയാല്‍ കേരളത്തിന്‍റെ സാമ്പത്തിക മേഖലയില്‍ വന്‍തിരിച്ചടികളായിരിക്കും ഉണ്ടാവുക. അതിനൊരു നടപടിയോ ഒരു പുനരധിവാസപദ്ധതിയോ തയ്യാറാക്കാതെ സൗദിയിലെ സാഹചര്യം ഇന്ത്യ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന തരത്തിലുള്ള ഗീര്‍വാണങ്ങള്‍ അടിച്ചുകൊണ്ടിരുന്നാല്‍ പരിഹാരമാകുമോ??

   നാസ പറഞ്ഞപോലെ ഉല്ക്കവീഴും ഉറപ്പാ....... ചാകാതിരിക്കണമെങ്കില്‍ പ്രാര്‍ഥിച്ചോ. അതുപോലെ മാസാമാസം വരുന്ന ‘മണി’ നിന്നു മക്കളെ ഇനി വെള്ളംകുടിച്ചു പ്രാര്‍ഥിച്ചോ എന്നതായിരിക്കുമോ ഇതിനുള്ള പരിഹാരം. കുറഞ്ഞപക്ഷം ടൂര്‍ പരിപാടിയും പ്രസ്താവനകളും നിറുത്തിവെച്ച് സൗദിയില്‍, പോലിസ്‌ പിടിയിലായവര്‍ക്കും ഒളിച്ചുതാമസിക്കുന്നവര്‍ക്കും സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്താനുള്ള സഹായനടപടികളെങ്കിലും സത്വരമായി കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു.വിയര്‍പ്പൊഴുക്കി നാട്ടിലേക്കയച്ച പണത്തിനെങ്കിലും; അവരോടു നന്ദികാണിക്കണം.അല്ലെങ്കില്‍ അതു വലിയ നെറികേടായിരിക്കും..

 


 

Wednesday, March 27, 2013

ബെസ്റ്റ്‌ ‘മിടുക്കന്‍’ ഓഫ് ദി ഇയര്‍...???


 
  ഈ വര്‍ഷത്തെ ബെസ്റ്റ്‌ മിടുക്കന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.മേഖലയിലെ പ്രമുഖ കല്യാണബ്രോക്കര്‍ കുഞ്ഞാണ്ടിയാണ് പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. നൂറ്റൊന്നുരൂപയും,അന്‍പതു ഗ്രാമിന്‍റെ അന്നാഅലുമിനിയപാത്രവുമാണ് അവാര്‍ഡ്. ‘വട്ടിപ്പലിശ കുറ്റിപ്പിരിവ്‌ ചിട്ടിക്കമ്പനി’ ഗ്രൂപ്പായ ‘ഷൈലോക്ക് എന്റര്‍ടെയിനറാ’ണ് അവാര്‍ഡിന്‍റെ പ്രായോജകര്‍. പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് വമ്പിച്ച സഹകരണമാണ് ഈ അവാര്‍ഡില്‍ ഉണ്ടായതെന്ന് ശൈലോക്ക് കമ്പനി എം. ഡി, വിട്യാസൂരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു ലഭിച്ച ആയിരത്തിലധികം എന്‍ട്രികളില്‍നിന്നും മണികീറി, തുണികീറി പരിശോധിച്ചാണ് ഏഴുപേരെ തിരഞ്ഞെടുത്തത്.സമൂഹത്തിന്‍റെ വിവിധമേഖലകളില്‍ പിടുക്കുകാട്ടിയ സോറി മിടുക്കുകാട്ടിയ ഏഴുപേരാണ് അവസാനറൌണ്ടിലെത്തിയത്.  അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമ, സ്റ്റീഫന്‍സ്പില്‍ബെര്‍ഗ്, ബാന്‍കിമൂണ്‍,കാമറൂണ്‍,തുടങ്ങിയ പാശ്ചാത്യപിന്തിരിപ്പന്‍മ്മാരെയെല്ലാം  പിന്തള്ളിയാണ് മലയാളികളായ ഏഴുപേര്‍ അവസാനറൌണ്ടിലെത്തിയത്. അവസാനറൌണ്ടില്‍ ബണ്ടിച്ചോറും എത്തിയിരുന്നുവെങ്കിലും പോലിസ്‌ പിടിച്ച സാഹചര്യത്തില്‍ ‘മിടുക്കന്‍’ എന്നുപറയാന്‍ പറ്റില്ലാത്തതിനാല്‍ ‘തൊഴിലില്‍ മിടുക്കുകാട്ടിയെങ്കിലും പിടിക്കപ്പെട്ടു’എന്ന പ്രത്യേക  ജൂറിപരാമര്‍ശത്തോടെ ഒഴിവാക്കുകയായിരുന്നു. അവസാന റൌണ്ടില്‍ എത്തിയവര്‍ ഇവരാണ്

കല്യാണ ബ്രോക്കര്‍ കുഞ്ഞാണ്ടി ,തയ്യല്‍ക്കാരി ശോശാമ്മ,ഷാപ്പിലെ കറിവെപ്പുകാരന്‍ വാസു, നാടന്‍വാറ്റുകാരന്‍ ചന്ദ്രന്‍ ,അലക്കുകാരന്‍ കുട്ടപ്പന്‍, കാളവണ്ടിക്കാരന്‍ അബ്ദു.പീഡനവീരന്‍ കുമ്പിടി, പോക്കറ്റടിക്കാരന്‍ ചാമി.

നാട്ടില്‍ കറന്‍റ്പോയാല്‍പ്പിന്നെ വരാറില്ലാത്തതുകൊണ്ട് നാട്ടുകാരില്‍ ഭൂരിഭാഗത്തിന്‍റെയും മൊബൈല്‍ഫോണ്‍ ചാര്‍ജില്ലാതെ ചത്തുകിടന്നതിനാല്‍ എസ്.എം.എസ് ല്‍ വമ്പിച്ചകുറവ്‌ നേരിട്ടതുകൊണ്ടാണ് സമ്മാനത്തുക ആയിരത്തില്‍നിന്ന് നൂറായി കുറച്ചതെന്ന് ശൈലോക്ക് എന്റര്‍ടെയിനര്‍കമ്പനി അറിയിച്ചു. എസ്.എം.എസ് അയക്കാന്‍ ബാങ്കുലോണ്‍ തരമാക്കിയ പലരും കറന്‍റ് ഇല്ലാതെ കഷ്ടപ്പെടുന്ന കരളലിയിക്കുന്ന കാഴ്ച കൂതറനെറ്റുകാര്‍ പുറത്തു കൊണ്ടുവന്നിരുന്നു.തുടര്‍ന്ന് കെ.എസ്.ഇ.ബി താല്‍ക്കാലികലൈന്‍മാന്‍ ശംഭുവിനെ സസ്പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍ വ്യക്തമാക്കി.എസ്.എം.എസ് നു പുറമേ സമൂഹത്തിലെ ശക്തരായ ആള്‍ക്കാരെ ഉള്‍പ്പെടുത്തികൊണ്ടുനടത്തിയ വളരെശക്തമായ അഭിമുഖങ്ങളുടെയും, ചോദ്യം ചെയ്യലിന്‍റെയും അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തിയത്.

ജൂറിയുടെ അവലോകനം ആകെമൊത്തംടോട്ടലില്‍

തയ്യല്‍ക്കാരി ശോശാമ്മ:- നാട്ടിലുള്ള മുഴുവന്‍ പെണ്ണുങ്ങളുടെയും ചട്ട,റൌക്ക, ബ്ലൌസ് തുടങ്ങിയവ തുന്നിക്കൊടുക്കുന്നു; എന്ന മഹത്തായ കര്‍മ്മമാണ് ശോശാമ്മയെ അവസാനറവുണ്ടില്‍ എത്തിച്ചത്. പക്ഷെ ശോശാമ്മയ്ക്ക് സല്‍വാറുംകമ്മീസും തയ്ക്കാന്‍ അറിയില്ലായെന്ന ആരോപണം ഉന്നയിക്കപ്പെട്ടു. മാത്രമല്ല ജീന്‍സ്‌, ടോപ്‌, കുര്‍ത്ത, പഞ്ചാബി,പാട്യാല, ഗഗാളി, കുഗാളി തുടങ്ങിയ ന്യൂജനറേഷന്‍ വസ്ത്രങ്ങളെക്കുറിച്ചുള്ള അജ്ഞതയും എസ്.എം.എസ് കുറയാന്‍ കാരണമായി.മംഗോളി മേസോപ്പോട്ടോമിയ അന്റാര്‍ട്ടിക്ക മോഡലുകളെപ്പറ്റി അറിയാമോ എന്ന അഭിമുഖചോദ്യത്തിന് കാകളി വൃത്തത്തില്‍ മകാരംകൂട്ടി മറുപടി പറഞ്ഞതും വിനയായി..

കറി വെപ്പുകാരന്‍ വാസു:- ഒരു ഘട്ടത്തില്‍ വെപ്പുകാരന്‍വാസു ഏറെ മുന്നിലായിരുന്നു.നാട്ടിലെ കുടിയന്മ്മാരുടെ മുഴുവന്‍ സപ്പോര്‍ട്ട് തുടക്കത്തില്‍ വാസുവിനായിരുന്നു. നല്ല ചെറുപ്പക്കാരനാണെന്നതും പിതാവിന്‍റെ അതേ വിളമ്പ് എന്നതും വാസുവിന് അനുകൂലമായിരുന്നു.എന്നാല്‍ അവസാന നിമിഷം മീന്‍കറിയില്‍ കഷണമില്ല വെറും ചാറുമാത്രമാണ് എന്ന പ്രശ്നത്തില്‍ സ്ഥിരംകുടിയന്‍ നെട്ടൂരാനുമായി തെറ്റിയതിനാല്‍ എസ്.എം.എസ് കുറഞ്ഞു.കഞ്ഞിവെയ്ക്കാന്‍ വച്ചിരുന്ന അരി പറ്റുകാര്‍ക്ക്‌ മറിച്ചുവിറ്റെന്നും പറയുന്നു.പാരമ്പര്യമായി കിട്ടിയ തഴമ്പ് എവിടെയാണ് എന്ന ജൂറിചോദ്യത്തിന് ഞഞ്ഞ പിഞ്ഞ എന്ന മറുപടിയാണ് കൊടുത്തത് അതും വിനയായി.

വാറ്റുകാരന്‍ചന്ദ്രന്‍:- ചന്ദ്രനെ അറിയാത്തവര്‍ കുറവാണ്. വാറ്റു ചാരായത്തില്‍ നിറംചേര്‍ത്ത് ബ്രാണ്ടഡ് കുപ്പിയില്‍ത്തന്നെ കൊടുത്താണ് കുടിയന്മ്മാരുടെ ആഗ്രഹം നിറവേറ്റുന്നത്. ചന്ദ്രാസ്‌ ലിക്വര്‍ എന്ന ലേബലും കുപ്പില്‍ പതിപ്പിക്കും, എന്നാല്‍ അമ്പതുമില്ലിക്ക് അമ്പതുരൂപ എന്നത് നൂറാക്കിയതിനാല്‍ കുടിയന്മ്മാരുടെ പിന്തുണകുറഞ്ഞു.ഹോളോഗ്രാം എവിടെയാണ് പതിക്കുന്നത് എന്ന അഭിമുഖചോദ്യത്തിന് മുണ്ടുപൊക്കി കാണിച്ചുകൊണ്ട് ഉത്തരംകൊടുത്തത്, വ്യത്യസ്തമായ ഒരു അവതരണമായി  ജൂറി വിലയിരുത്തി.എങ്കിലും ഒരു ശൂന്യത അനുഭവപ്പെട്ടന്ന് വനിതാ ജൂറി അംഗം വെളിപ്പെടുത്തി..

അലക്കുകാരന്‍ കുട്ടപ്പന്‍:- അലക്കുകാരന്‍കുട്ടപ്പന്‍ നാട്ടിലെ വിഴുപ്പുമുഴുവന്‍ അലക്കുന്ന ആളായതിനാല്‍ ബന്ധങ്ങള്‍ക്ക് കുറവില്ല. അലക്കാന്‍ കൊടുക്കുന്ന തുണിയിലെ അഴുക്കുനോക്കി,ഒഴുക്കുനോക്കി;  കിടന്നുമുള്ളിയതാണോ, അപ്പിയിട്ടതാണോ അതോ കട്ടുതിന്നാന്‍ പോയതാണോ എന്നദേഹം പറയും. തുണിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മുടിയുടെ നീളംനോക്കി ആരുടെ കൂടെയായിരുന്നുവെന്നു കൃത്യമായി പറയുന്നതിനാല്‍ ആളുകളുടെ ഇടയില്‍ നല്ല മതിപ്പാണ്. വാ തുറന്നാല്‍ ഗോസിപ്പുകളും, അടുക്കളരഹസ്യങ്ങളും പുറത്തുവിടുന്നതിനാല്‍ മഞ്ഞപുസ്തക വായനക്കാരുടെ വോട്ടുകള്‍ കീശയിലാണ്. പക്ഷെ അലക്കാന്‍പോയ ഏതോവീട്ടില്‍കേറി അലക്കിയെന്നും ആ വകുപ്പില്‍ ഒരു കൊച്ചുണ്ടെന്നുമുള്ള ഒരു വലിയവിഴുപ്പു കുട്ടപ്പന് ചുമക്കേണ്ടിവന്നു. അതൊരു ന്യൂനതയായി കാണുന്നു.മലയാളഭാഷ നിഘണ്ടുവില്‍പോലും കാണാത്ത ചില പദങ്ങളെ, മണിപ്രവാളശൈലിയില്‍ പ്രയോഗിച്ച് ഭാഷയ്ക്ക്‌ പോഷണംനല്‍കിയത്, അനുകൂലഘടകമായി ജൂറി വിലയിരുത്തി. അഭിമുഖത്തിനിടയില്‍ ജൂറിയുടെ തന്തയ്ക്കുവിളിച്ചത് തനിക്ക് തലയ്ക്കുനല്ല സുഖമില്ലാത്തതുകൊണ്ടാണെന്ന സ്വയം തിരിച്ചറിവും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.

കുമ്പിടി :-  പീഡനവീരന്‍ കുമ്പിടി  ദേശത്ത് മൊത്തത്തില്‍ വെറുക്കപ്പെട്ടവനാണെങ്കിലും .രഹസ്യമായി ധാരാളം അനുയായികളുള്ള ആളാണ്‌. കുമ്പിടിയുടെ  ഫോട്ടോ പേഴ്സില്‍ കൊണ്ടുനടക്കുന്ന നിരവധി യൂത്തുകള്‍ നാട്ടിലുണ്ട്.പീഡന കലയെക്കുറിച്ച് അദേഹമെഴുതിയ ഗ്രന്ഥം ഈ ഫീല്‍ഡില്‍ ഉള്ളവര്‍ക്കൊരു വഴികാട്ടിയാണ്. ഒരേസമയം എങ്ങനെ പല സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാം. പോലീസന്വേഷണത്തില്‍ നിന്ന് എങ്ങനെ രക്ഷപെടാം, തുടങ്ങിയ പല രീതികളെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നു.സംഗതി പീഡനമാണെങ്കിലും ഒരു വിഭാഗം മഹിളകള്‍ കുമ്പിടിയ്ക്കുവേണ്ടി എസ്.എം.എസ് ചെയ്യുമെന്ന് പരസ്യമായിതന്നെപ്രഖ്യാപിച്ചിട്ടുണ്ട്. ആത്മിയഗുരുക്കന്മാര്‍ക്ക് കൈകൊടുത്തും, സ്വയം പൂജചെയ്തും ഇമേജ് കൂട്ടിയെങ്കിലും.രോമമുള്ള പീഡകന്‍ എന്ന വെളിപ്പെടുത്തലും പീഡനകലയില്‍ അസിസ്റ്റന്‍റ് ആയ പാരിജാതന്‍റെ വെളിപ്പെടുത്തലും വോട്ടുകുറയാന്‍ ഇടയായി. എന്താണ് പ്രധാന ഹോബി എന്നാചോദ്യത്തിന് പീഡിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ് പ്രധാനപരിപാടിയെന്നായിരുന്നു ഉത്തരം.ഒന്നു വ്യക്തമാക്കാമോ എന്ന തുടര്‍ചോദ്യത്തിന് ഞാന്‍ പീഡിപ്പിച്ചവരോന്നും എന്‍റെപേര് പറയല്ലേ,അതിനു മുന്‍പ്‌ അവര്‍ തട്ടിപ്പോണേയെന്നാണ് പ്രാര്‍ഥനയെന്നു കുമ്പിടി വ്യക്തമാക്കി. ഇത് ഒരുനടയ്ക്കു പോകുന്ന കേസല്ലായെന്നാണ് ജൂറിവിലയിരുത്തല്‍..  

പോക്കറ്റടികാരന്‍ചാമി:- ആളു ജനകീയനാണ്. അന്യന്‍റെ പോക്കറ്റില്‍ കിടക്കുന്ന കാശ്; എങ്ങനെ അവനറിയാതെ തന്‍റെ പോക്കറ്റിലാക്കാം എന്ന വിദ്യ ജനകിയവല്ക്കരിക്കുന്നതില്‍ ചാമിക്ക് പതിനൊന്നുവര്‍ഷത്തെ പരിചയമുണ്ട്. പോക്കറ്റടിച്ച കാശുകൊണ്ട് മൂന്നാര്‍, ഏറണാകുളം, പാല തുടങ്ങിയ സ്ഥലങ്ങളില്‍ ബിനാമി പേരുകളില്‍ എസ്റ്റെറ്റുകള്‍ വാങ്ങികൂട്ടുന്നു വെങ്കിലും ജീവിതം തീര്‍ത്തും ദരിദ്രനായിതന്നെയാണ്.ദൈവവചനം മാത്രമേ പറയു. നല്ലൊരുതുക ദൈവങ്ങള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും കൊടുക്കുന്നതിനാല്‍ നല്ലകള്ളന്‍ എന്നാണ് അറിയപ്പെടുന്നത്.ശിങ്കിടികള്‍ ഒരുപാടുണ്ട്.പോക്കറ്റടിക്കാരുടെ അധ്വാനത്തെക്കുറിച്ച് അദേഹം സായിപ്പിനെവരെ ബോധവല്‍ക്കരിച്ചിട്ടുണ്ട്,വലിയൊരു പോക്കറ്റടി സംഘത്തെ പോറ്റിവളര്‍ത്തുന്ന ചാമിക്ക്; പലപ്പോഴും വിനയാകുന്നത്, നേതാവ്‌ ചത്തിട്ടുവേണം ആ കസേരയിലിരിക്കാന്‍ എന്നു കരുതുന്ന സഹ പോക്കറ്റുകള്‍  തന്നെയാണ്.

കാളവണ്ടി അബ്ദു:- കാളവണ്ടിക്കാരന്‍ അബ്ദുവിനെക്കുറിച്ചു നല്ലതേ പറയാന്‍ കഴിയൂ. നല്ലനല്ല ചിന്തകള്‍മാത്രമേ പറയു. പക്ഷെ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നത്. കാളവണ്ടി കാത്തിരിക്കുന്നവരോട് സമയത്തിനുവരാമെന്നുപറഞ്ഞ് ഒരു പോക്കു പോയാല്‍. ആ വഴി പോയതുതന്നെ,കാണുന്ന ഷാപ്പിലെല്ലാം കേറി പൂസായി കണ്ടവന്‍റെയെല്ലാം തല്ലുംമേടിച്ച് ഉടുതുണിപോലും ഇല്ലാതെയായിരിക്കും പിന്നെ കാണുന്നത്. ചോദിച്ചാല്‍ പറയും കാളയുടെ ലാടം ഊരിപ്പോയി,വണ്ടിയുടെ നട്ടുപോയി എന്നൊക്കെ.മാത്രമല്ല  രക്ഷിക്കണേ വല്ലതും തരണേ, രണ്ടുദിവസമായി കാളകള്‍ക്ക് വൈക്കോല്‍ കൊടുത്തിട്ട് എന്തെങ്കിലും തരണേയെന്നു പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കും . എന്തെങ്കിലും കൊടുത്താലോ ഒരുവളിച്ച ചിരിയും ചിരിച്ച് ഒരു പോക്കാണ്. പിന്നെ അടുത്ത ഷാപ്പില്‍ കാണാം. എന്നാലും സദാസമയവും കരച്ചിലായതിനാല്‍ ഒരു സഹതാപതരംഗം നിലനിക്കുന്നുണ്ട്.വണ്ടിതെളിക്കാന്‍ അറിയാമോ എന്ന ചോദ്യത്തിനു മേം മിം ങ്ങും ങ്ങീം മനസിലായോ..... എന്നായിരുന്നു മറുപടി..

ബ്രോക്കര്‍ കുഞ്ഞാണ്ടി:- നാട്ടിലെ നിരവധി കുടുംബങ്ങള്‍ക്ക് അടിസ്ഥാനമിട്ടത് താനാണെന്നും .കെട്ടാച്ചരക്കായും, കൊടപ്പനയായും നിന്നിരുന്ന പല ഉരുപ്പടികളെയും വല്ലവന്‍റെയും പെരടിക്ക് വയ്ക്കുന്ന ശ്രമകരമായ ജോലിയാണ്  തന്‍റെതെന്നും, പലപ്പോഴും ജീവനുതന്നെ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും   കുഞ്ഞാണ്ടി വെളിപ്പെടുത്തി. കെട്ടുകഴിഞ്ഞു കമ്മിഷന്‍ ചോദിക്കുമ്പോള്‍ മുണ്ടുപൊക്കി  കാണിക്കുന്ന പരിപാടിയും താന്‍ അനുഭവിച്ചിട്ടുണ്ടെന്നദേഹം വ്യക്തമാക്കി. സ്കൂളിന്‍റെ  പടിപോലും കാണാത്തവന്മ്മാരെ ഡോക്ടറായും, വക്കിലായും പരിചയപ്പെടുത്തി പെണ്ണുകെട്ടിച്ചതും, കെട്ടിനുമുന്നേ ദിവ്യഗര്‍ഭം ധരിച്ചിട്ടുള്ള മിടുക്കികളെ കന്യകകളായിതന്നെ ഉന്നതകുടുബത്തില്‍ എത്തിച്ചതടക്കമുള്ള  തന്‍റെ   മഹനിയകൃത്യങ്ങള്‍ കുഞ്ഞാണ്ടി വിവരിച്ചപ്പോള്‍ കേട്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞുപോയി. രണ്ടാംകെട്ടുകാരനെ ഒന്നാംകെട്ടുകരനായും, പിഴച്ചുപെറ്റവളെ കന്യകയും അവതരിപ്പിച്ചു താന്‍നടത്തിയ വീരകഥകള്‍ ഉദാഹരണസഹിതം വെളിപ്പെടുത്താന്‍ കുഞ്ഞാണ്ടി തുടങ്ങിയപ്പോള്‍ ജൂറി അംഗങ്ങള്‍  കുഞ്ഞണ്ടിയോടു ചോദ്യമൊന്നും  ചോദിക്കാതെതന്നെ അദേഹത്തെ പെട്ടന്നു വിജയിയായി പ്രഖാപിച്ചുകളയുകയാണുണ്ടായത്. തീര്‍ന്നില്ല ഞാന്‍ പറയട്ടെയെന്നു കുഞ്ഞാണ്ടി പറഞ്ഞെങ്കിലും, പറഞ്ഞതുതന്നെ ധാരാളം ഇനിയും മുന്നോട്ടുപോയാല്‍ ഇവിടെയിരിക്കുന്നവരില്‍ പലരും കുടുംബക്കൊടതിയില്‍ കയറേണ്ടിവരുമെന്നായിരുന്നു പല ജൂറികളുടെയും  പ്രതികരണം.  അവരില്‍ പലരുടെയും കല്യാണം നടത്തിയത് കുഞ്ഞാണ്ടിയായിരുന്നുവെന്ന സത്യം ഈ അവസരത്തില്‍ തള്ളിക്കളയാന്‍ പറ്റില്ല. മാത്രമല്ല മലയാളത്തിലെ ആദ്യത്തെ പറ്റീര്,വെട്ടിപ്പ്,തട്ടിപ്പ്‌ പ്രസ്ഥാനം ഷൈലോക്ക്എന്റര്‍ടെയിനറാണെന്നും ഈ നാട്ടില്‍ തന്‍റെ വിജയത്തിന് പിന്നില്‍ ഷൈലോക്ക് കമ്പനിയാണെന്നുകൂടി കുഞ്ഞാണ്ടി ഊന്നിപ്പറഞ്ഞു. ആ ഊന്നലില്‍ പുരസ്‌കാരം ഇങ്ങുപോന്നു.കുഞ്ഞാണ്ടിയുടെ ബ്രോക്കര്‍ പരിപാടിയും ഷൈലോക്ക് കമ്പനിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കല്യാണം കൊണ്ടുവരാന്‍ കുഞ്ഞാണ്ടിയും; കല്യാണനടത്തിപ്പിനു പലിശയ്ക്ക് പണംകൊടുക്കാനും, ബാണ്ടുമേളം, ചെണ്ട, വെടി, പരസ്യം, ക്ഷണക്കത്ത് വിതരണം തുടങ്ങിയ സേവനങ്ങള്‍ക്ക്‌  ഷൈലോക്ക്‌ എന്റര്‍ടെയിനര്‍കമ്പനിയുമാണ് മുന്നോട്ടിറങ്ങുന്നത്. കുഞ്ഞാണ്ടിയുടെ ചിരിയും എളിമയും ഖദര്‍ ധരിച്ചുള്ള നടത്തവും എല്ലാം ഷൈലോക്ക് കമ്പനിക്ക് ബഹുപിടുത്തം. ഷൈലോക്കിന്‍റെ എല്ലാ ബ്രാഞ്ച് ഉത്ഘാടനത്തിനും കുഞ്ഞാണ്ടിക്ക് കസേരറെഡി.. അങ്ങനെ ഒരു പാലമിട്ടല്‍ അങ്ങോട്ട്‌ ഇങ്ങോട്ടും എന്നരീതിയില്‍  ഷൈലോക്കിനു കുഞ്ഞാണ്ടി ‘മിടുക്കന്‍’ .കുഞ്ഞാണ്ടിക്ക് ഷൈലോക്ക്‌ ‘നല്ലവര്‍’............... ആധാരം പണയംവെച്ച് എസ്.എം. എസ് അയച്ചുവോട്ടുചെയ്ത നാട്ടുകാര്‍ എരപ്പകള്‍.....

Monday, March 25, 2013

തല്ലുകൊണ്ട് പണ്ഡിറ്റും, കാക്കതൂറി അപ്പുകുട്ടനും


   

 മലയാളത്തിന്‍റെ ആരാധ്യനായ കലാകാരന്‍ ‘കൃഷ്ണനുംരാധയും’ എന്ന വിഖ്യാതമായ ചിത്രത്തിലൂടെ ‘ഗോപികമാരുടെ ഹേയ് ഹേയ്’ ആയി മാറിയ ‘ഭരത്പത്മലെഫ്റ്റ്റൈറ്റ്കേണല്‍ പണ്ഡിറ്റ്ജിയെ’ ഒരു ചാനല്‍ഷോയില്‍ വിളിച്ചുവരുത്തി തല്ലുകൊടുത്തതില്‍ പ്രമുഖ അഭിനേതാവ്‌ ‘കാക്കതൂറി അപ്പുക്കുട്ടന്’ പങ്കുണ്ടെന്ന് ആരോപണം......പണ്ഡിറ്റ്ജിയുടെ ആരാധകര്‍ രോഷത്തില്‍..... കലയ്ക്കുവേണ്ടി കലയില്‍തന്നെ ഒരു കലാകാരനു തല്ലുകൊള്ളേണ്ടിവന്നത് കേരളചരിത്രത്തില്‍ ആദ്യം......ജമ്പനുംതുമ്പനും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായിരിക്കും..കാക്കതൂറിയുമായി നടത്തിയ സംഭാഷണങ്ങളിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളിലേക്ക്.

    ഹലോ കാക്കതൂറിഅപ്പുകുട്ടന്‍ അല്ലെ....

        അതെ ആരാണ്

     ഞാനൊരു ബ്ലോഗറാണ്

     കൂതറൊ.... അതാരാണ് നിര്‍മ്മാതാവാണോ???

    അല്ല താങ്കളെക്കുറിച്ചു ഒരു ലേഖനം എഴുതാനാണ്...

എഴുതിക്കോ എഴുതിക്കോ ഫോട്ടോ വേണമെങ്കില്‍ പറഞ്ഞാല്‍മതി അയച്ചു തരാം....

    വേണമെന്നില്ല നാലഞ്ചെണ്ണം കൈയ്യിലുണ്ട്....

       പുതിയതുണ്ടോ...

        ഉണ്ട്.....

എങ്കില്‍ എന്‍റെ ‘പാരവെയ്ക്കും കാലത്ത്’ എന്ന പടത്തിലെ കൂളിഗ് ഗ്ലാസ്‌ ധരിച്ച ഫോട്ടോ കൊടുത്താല്‍ മതി

      ഓക്കെ ഓകെ......

   >പഴയ നാടകക്കമ്പനിയൊക്കെ പൂട്ടിയോ?? ..

<അതൊക്കെ എപ്പോഴേ പൂട്ടി, അതിനൊന്നും ഇപ്പോള്‍ വലിയ സ്കോപ്പില്ല, രാജാപ്പാട്ടുവേഷങ്ങളിലൊന്നും ആള്‍ക്കാര്‍ക്കിപ്പോള്‍ താല്പര്യമില്ല.

    >ഇപ്പോള്‍ സിനിമയില്‍ കാണുന്നില്ലല്ലോ ലീവിലാണോ???

  <അതെ...അ.. ആ...അല്ലല്ല ഇപ്പോള്‍ ഒരു ബ്രേക്കിലാണ്....പിന്നെ നാലഞ്ചു പടത്തില്‍ അഭിനയിപ്പിക്കാമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഈ വേനല്‍ ഒന്നു കഴിഞ്ഞാല്‍ ഷൂട്ടിംഗ് ഉടനെയുണ്ടാകും.

>താങ്കളുടെ കഴിഞ്ഞ പടങ്ങള്‍ എങ്ങനെ?? വിജയിച്ചോ??

 <പിന്നേ....സൂപ്പര്‍ഹിറ്റല്ലേ ഏപ്രില്‍ ഫൂള്‍, മെയ്‌ പൂള്‍, തെങ്ങാപ്പൂള്‍ തുടങ്ങിയ പടങ്ങള്‍ ബ്ലോക്ക്‌ ബസ്റ്റര്‍ ആയിരുന്നു.

>അതല്ലാലോ ശരി, താങ്കള്‍ക്കിപ്പോള്‍ ക്ഷിണകാലമാണന്നാണല്ലോ കോടമ്പാക്കം പറയുന്നത്.

  <അതിനെക്കുറിച്ചൊന്നും പറയേണ്ട അനിയാ...നമ്മളൊക്കെ ഫീല്‍ഡില്‍ തിളങ്ങുമ്പോള്‍ വള്ളിനിക്കറുമിട്ട്, മൂക്കളയും ഒലിപ്പിച്ചു നടന്നവനൊക്കെയാണ് ഇപ്പോഴത്തെ നായകന്മാര്‍. കൂടെ അഭിനയിച്ചാല്‍ അവന്‍മ്മാരുടെയൊക്കെ ആട്ടുംതുപ്പും കൊള്ളണം. എന്നാലും തീരെ കഞ്ഞികുടിമുട്ടുമ്പോള്‍ പോകും. ഉപനയകനാണ് എന്നൊക്കെ പറഞ്ഞാണ് വിളിക്കുക. ചെന്നുകഴിയുമ്പോളാണ് അറിയുക; പഴയ കാക്കതൂറിവേഷങ്ങള്‍ തന്നെയാണെന്ന്.പിന്നെയങ്ങു സഹിക്കും. തീയേറ്ററില്‍ ന്യൂജനറെഷനൊക്കെ നമ്മുടെ തലകാണുമ്പോഴേ കൂവാന്‍തുടങ്ങും, നാണം കേട്ടവന്മ്മാര്‍, കുറച്ചു കൂലികളെ ഫാന്‍സായി നിറുത്താമെന്നുവെച്ചാല്‍ യവന്മ്മാരെ തീറ്റിപ്പോറ്റാന്‍ കാശുവേണ്ടേ...അയ്യോ!!!!!! ഞാനിങ്ങനെയൊന്നും പറഞ്ഞിട്ടില്ലേ.... കട്ടുചെയ്യണം പ്ലീസ്‌...

     >ഒക്കെ, ഈ ഭാഗം കട്ടു ചെയ്യാം...

താങ്കളുടെ ഫീല്‍ഡില്‍ നിരവധി പുതിയ ആള്‍ക്കാരാണ് വന്നിരിക്കുന്നത്. എന്താണ് അഭിപ്രായം.

    <എവിടെ...ഒന്നുമില്ല. ചുമ്മാ കുറെ കൂതറകള്‍

തള്ളെ, പിള്ളേ, എന്തരിത് അപ്പി എന്നൊക്കെ പറഞ്ഞാല്‍ അഭിനയമാകുമോ??.,മുഖത്താണേല്‍ ചാണകത്തില്‍ ചവിട്ടിയ ഭാവമാണ് എപ്പോഴും..തുലഞ്ഞു പോകും ഉറപ്പാ..

       >പ്രാകുകയാണോ

    യേയ്സ്.....നെവര്‍....

  >അങ്ങിപ്പോള്‍, ഏതോ ചാനലില്‍ ജഡ്ജാണെന്ന് കണ്ടു..

 <ശരിയാണ്; ഞങ്ങള്‍ പണിയില്ലാത്ത അവശകലാകാരന്മ്മാരെല്ലാം; ഇപ്പോള്‍ ചാനല്‍ജഡ്ജികളാണ്. സിനിമയില്‍ തള്ളയ്ക്കുവിളിമാത്രം കിട്ടുമ്പോള്‍ ഇവിടെ സാറു വിളിമാത്രം. പിള്ളേരുടെ കെട്ടിപ്പിടുത്തവും, ഉമ്മതരലും വേറെ...... പരമസുഖം. പ്രത്യേകിച്ച് പണിയൊന്നുമില്ല, ഭാവം പോര ,ആക്ഷന്‍ പോര, താളം പോയി, ഒരു ഇത് ഇല്ല...കുറച്ചുകൂടി വരാനുണ്ട്.... എന്നൊക്കെ അടിച്ചുവിട്ടാല്‍ മതി. പിന്നെ എലിമിനേഷന്‍ റൌണ്ടില്‍ ഒന്നു കരയണം. അതിനു പ്രത്യേക ഫീസുണ്ട്.. സത്യത്തില്‍, ഈ വരുന്ന കുട്ടികളുടെ ചെരുപ്പിന്‍റെ കെട്ടഴിക്കാനുള്ള യോഗ്യതപോലും ജഡ്ജസിനില്ലായെന്നതാണ് വാസ്തവം. ഇങ്ങനെ കുറെ ചാനലുകളുള്ളതുകൊണ്ട് കഞ്ഞികുടിച്ചു പോകുന്നു.  കൂതറെ, അല്ല ബ്ലോഗറെ ഇതൊന്നും എഴുതല്ലേ. നമ്മല്‍തമ്മിലുള്ള ഇരിപ്പുവശം വച്ച് പറഞ്ഞതാണ്.

 >സാറു നമ്മുടെ, പണ്ഡിറ്റ്‌നെ അവഹേളിച്ചു. എന്നൊരു ശ്രുതിയുണ്ടല്ലേ ശരിയാണോ ??

  <ഏതു പണ്ഡിറ്റ്‌; ഒരു വിവരവും ഇല്ലാത്തവനൊക്കെ പണ്ഡിറ്റ്. നമ്മളിവിടെ ഒന്നാംതരം വാദ്ധ്യാര്; എന്നിട്ടും പേര് കാക്കതൂറി. അവനിട്ടൊരു പണി കൊടുക്കണമെന്ന് പണ്ടേകരുതിയതാ... ഇപ്പോഴാ സാഹചര്യം ഒത്തുവന്നത്. നമ്മുടെ കോമഡിസ്റ്റാറില്‍ വേഷംകൊടുക്കാമെന്നു പറഞ്ഞാണ് കൊണ്ടു വന്നത്. സത്യംപറഞ്ഞാല്‍ ആശാനും ഇപ്പൊ പണിയൊന്നുമില്ലാതെ ചൊറികുത്തിയിരുപ്പ്‌ തന്നെയാണ് .ഒരു ബ്രേക്ക്‌ ആകട്ടെയെന്നുകരുതി, ക്യാമറയ്ക്ക് മുന്നില്‍നിറുത്തി കാണികളുടെ മുന്നില്‍വെച്ചുതന്നെ കരണകുറ്റിനോക്കി ഒന്നങ്ങുകൊടുപ്പിച്ചു. തല്ലുംവാങ്ങി പോകാന്‍ തുടങ്ങിയപ്പോള്‍ ഇത് എപ്പിസോഡിലെ ഭാഗംതന്നെയാണെന്ന് പറഞ്ഞുപിടിച്ചിരുത്തി...വിശ്വസിച്ചു പോയി പാവം..ഹ്ഹഹ് ഹഹ..  ഉള്ളതു പറയാമല്ലോ, ഞാന്‍ വിചാരിച്ചു തിരിച്ചുതല്ലുമെന്ന്. അങ്ങനെയാണേല്‍ ഓടാന്‍ തയ്യാറായിനിന്നപ്പോഴാണ്, പാവംവന്നു അനുഗ്രഹിക്കണമേയെന്നു പറഞ്ഞുകൊണ്ട്  കാലുപിടിച്ചത്. ഹ്ഹ്ഹ്ഹ് ഹഹഹാഹ്

>എന്നാലും സാറെ, ഇതൊരുമാതിരി മറ്റേപണിപോലെയായിപ്പോയികേട്ടോ. വിളിച്ചുവരുത്തി ആളുകളുടെ മുന്നില്‍ നിറുത്തി തല്ലുകൊടുക്കുക, അതു പരസ്യത്തിനായി  ഉപയോഗിക്കുക, മര്യാദയാണോ ചെയ്തത്??

<എന്താ കുഴപ്പം.  ഈ എനിക്കിട്ടുതന്നെ ഈ രീതിയില്‍, എത്രതല്ലു കിട്ടിയിരിക്കുന്നു. എന്‍റെ മുന്‍വശത്തെ ഒരുനിര പല്ല്, വെപ്പുപല്ലാ അറിയാമോ.. കപ്പല്‍ തൊഴിലാളി എന്ന പടത്തിന്‍റെ നിര്‍മാതാവിന്‍റെ പണിയാ...ഇതൊക്കെ അഭിനയത്തിന്‍റെ ഒരു ഭാഗമാ. ഉദയന്‍റെ പടത്തില്‍ സരോജിനെക്കൊണ്ട് എങ്ങനെയാ അഭിനയിപ്പിച്ചത്, അറിയില്ലേ??....

  പിന്നെ ഇവിടെ അതല്ല കാര്യം. ലെവന്‍റെ പടം കണ്ടിട്ടുള്ള ആര്‍ക്കും തോന്നുന്ന ഒരു കാര്യമാണ് ചെയ്തത്. കൃഷ്ണനുംരാധയും കാണാന്‍ തലയില്‍ മുണ്ടിട്ടുകയറി കാശുപോയവനാ ഞാനും, അറിയാമോ?? പുറത്തു പറയാന്‍ പറ്റുമോ?? അപ്പൊ കൈയ്യില്‍കിട്ടിയിരുന്നേല്‍ ഞെക്കി കൊന്നേനെ.. ഇതിപ്പോ ഒരടിയില്‍ ഒതുക്കി, അത്രയേയുള്ളൂ.

>കഴിഞ്ഞ സീസണിലെ കോമഡിഫൈനലില്‍ സാറ്, എന്തോ തിരിമറി നടത്തിയെന്ന് മത്സരാര്‍ത്ഥികള്‍ തന്നെ പറയുന്നുണ്ടല്ലോ. ശരിയാണോ??

 <കിട്ടാത്ത മുന്തിരിപുളിക്കും അത്രയേയുള്ളൂ.ഫൈനലില്‍ ആരെ ജയിപ്പിക്കണമെന്നു തീരുമാനിക്കുന്നത് യവനാണോ??.തിരിമറി നടത്താനല്ലേ ഞങ്ങള്‍ ഇവിടെയിരിക്കുന്നത്.കഴിവിലല്ല കാര്യം,അഭിനയത്തിലാണ് അതു മറക്കരുത്. അങ്ങനെ ഒരുത്തനും വല്യ ആളാവേണ്ട;ഞങ്ങള്‍ക്കു കീഴെ നിന്നാല്‍ മതി..അല്ല പിന്നെ. ഞങ്ങള്‍ തീരുമാനിക്കും ആരു ജയിക്കണമെന്ന്

>അപ്പൊ ഈ.. ‘എസ് എം എസ്’.

<ഹ്ഹാഹ്ഹ്ഹ എന്‍റെ കൂതറെ, അല്ല ബ്ലോഗറെ.. ഇതൊക്കെ വെറും തട്ടിപ്പല്ലേ. ഈ ‘എസ് എം എസ്’ അയക്കുന്ന വിഡ്ഢികള്‍ വല്ലതും അറിയുന്നുണ്ടോ. ഷൂട്ട്‌ചെയ്തു പെട്ടിയില്‍വെച്ച എപ്പിസോഡല്ലേ ലൈവ് എന്ന പേരില്‍ കാണിക്കുന്നത്. അല്ലേത്തന്നെ പരിപാടിക്ക് ജഡ്ജസ് ഇടുന്ന മാര്‍ക്കല്ലേ അന്തിമവിധി, അല്ലാതെ അന്നേരം ‘എസ് എം എസ്’ തപ്പാന്‍ ആരുപോകുന്നു. ‘എസ് എം എസ്’ വഴി കിട്ടണതുക ഫിഫ്റ്റി ഫിഫ്ടിയാണ്. ചാനലിന് പകുതി നിര്‍മ്മാതാവിനു പകുതി. അല്ലാതെ നാട്ടുകാരെ ഉദ്ധരിക്കാനാണോ പരിപാടി നടത്തുന്നത്. എന്നാല്‍ ഇതെല്ലാം നിറുത്തി സന്നദ്ധസേവനത്തിനു ഇറങ്ങിയാല്‍പോരെ??..നമ്മുടെ ആങ്കറുകളുടെ നിക്കറിട്ട രൂപം; രണ്ടു ക്ലോസപ്പും, നാലു വോക്കപ്പും ആയി ഇടവിട്ടു കാണിച്ചാല്‍, എല്ലാ ഞരമ്പുകളുടെയും ‘എസ് എം എസ്’ ഇങ്ങുപോരും.പരിപാടി കഴിഞ്ഞിട്ടും ‘എസ് എം എസ്’ വന്ന ചരിത്രമുണ്ട് അറിയാമോ. നാട്ടില്‍ മംഗ്ലീഷ് അറിയാവുന്ന ആണ്‍പിള്ളേര്‍ ഇല്ലാത്തതുകൊണ്ടാ))))).. കാര്യങ്ങള്‍ തുറന്നുകാട്ടുന്ന പെണ്‍പിള്ളേരെതന്നെ ഈ പരിപാടികള്‍ക്ക്‌ അവതാരകരാക്കുന്നത്??.ബുദ്ധിവേണം ബുദ്ധി.....

>അല്ല, ഇതൊക്കെ പുറത്തറിഞ്ഞാല്‍..??

<കുന്തം, ഇതൊക്കെ ആര്‍ക്കാടോ അറിയാത്തത്.ഫേസ്‌ബുക്ക്, ഓര്‍ക്കുട്ട്, ലിങ്കിടന്‍, കുന്തം, കുടചക്രം തുടങ്ങിയ എല്ലാത്തിലും കുറെ കൊണാപ്പന്‍മ്മാര്‍; ഇതെല്ലാം പറ്റിരാണ്, തട്ടിപ്പാണ് എന്നൊക്കെ പറയുന്നുണ്ടല്ലോ എന്നിട്ടെന്തായി. കിട്ടാനുള്ള പണം പരസ്യമായും, എസ്. എം.എസ് ആയും കിട്ടിക്കഴിയുമ്പോള്‍ പരിപാടിയങ്ങു നിറുത്തും.അടുത്തത് തുടങ്ങും...അതാണ്‌ അതാണ്‌... എസ്.എം.എസ് അയച്ചു ആളുകള്‍ മുടിഞ്ഞപ്പോള്‍ നമ്മള് സിങ്ങറു നിറുത്തി. ഇനിയിപ്പോ കാര്യമായ പിരിവൊന്നും സിങ്ങറുകൊണ്ട് നടക്കില്ലായെന്നു വന്നപ്പോഴാണ്, നമ്മള്‍ പാദസരം കിലുക്കി ഇറങ്ങിയത്. സംഗതി പൊട്ടുമെന്ന് ഉറപ്പയപ്പോഴാണ് കഥയൊന്നു മാറ്റി, നായികയെ പിഴച്ച ഒരു ‘ടെക്കി’ ആക്കി മാറ്റി.

>ടെക്കിയോ?? അതാരാ.......

<അറിയില്ലേ, ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരാണ് ടെക്കികള്‍.

അവിടം മുഴുവന്‍ പിഴയാണ്.പെണ്ണുങ്ങളും ആണുങ്ങളും അഴിഞ്ഞാടുകയാണ് എന്നൊക്കെയങ്ങുപറഞ്ഞു. സംഗതി ക്ലിക്ക്..സീരിയലിന്‍റെ പരസ്യംമുഴുവന്‍ ‘ടെക്കികള്‍’ ഏറ്റെടുത്തു. തങ്ങളെ അപമാനിക്കുന്ന ഈ പരിപാടി കാണരുതെന്ന് ടെക്കികള്‍ ‘ഈ-ലോകത്ത്’ നോട്ടിസ് ഇറക്കി.ഫലമോ നോട്ടിസ് കിട്ടിയ സകല ബുജികളും ഇപ്പോള്‍ ടീ.വി യ്ക്ക് മുന്നിലാണ്. എന്താണ് കുഴപ്പം, എവിടെയാണ് അപമാനിക്കല്‍ തുടങ്ങിയവ കണ്ടെത്താന്‍. ഏതായാലും പരിപാടിയുടെ റേറ്റിംഗ് ഇപ്പോള്‍ കൊമ്പത്താണ്. പാലും വെള്ളത്തില്‍ കിട്ടിയപണി പാല്‍പ്പായസമാകുന്ന രീതിയാണിത്. തല്ലു കിട്ടിയതോടെ ഇന്നലെവരെ പണ്ഡിറ്റ്‌നെ തെറിവിളിച്ചവരെല്ലാം പ്ലാറ്റ്‌ മാറ്റിയില്ലേ. നിഷ്കളങ്കന്‍, ശുദ്ധന്‍, പച്ചപ്പാവം എന്നിങ്ങനെയായി വിശേഷണങ്ങള്‍.. അങ്ങനെ പണ്ഡിറ്റ്‌ന്‍റെ കാലവും തെളിയാന്‍ പോകുന്നു.

>അല്ല മിസ്റ്റര്‍, കാക്കതൂറി; താങ്കള്‍ രാഷ്ട്രിയത്തില്‍ ഇറങ്ങുമെന്നു ചില ഊഹാപോഹങ്ങള്‍ കേട്ടു ശരിയാണോ???

<ഒന്നും പറയാറായിട്ടില്ല.കാറ്റുള്ളപ്പോള്‍ തൂറ്റിനോക്കിയെങ്കിലും ഉദേശിച്ച സ്ഥലത്തു വീണില്ല. കഴിഞ്ഞ ഇലക്ഷന് വോട്ടുതെണ്ടാന്‍ ഇറങ്ങിയപ്പോള്‍ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ കസേരയായിരുന്നു നോട്ടം, അതുപോയില്ലേ. ഇനിയിപ്പോള്‍ വല്ല അവാര്‍ഡു കമ്മിറ്റിയിലും മെംബറാക്കുമെന്നോര്‍ത്തിട്ടാണ് സെല്ലുലോയ്ട് വിവാദത്തില്‍ കിടന്നോന്നു ഞാന്നത്. അതും ഫലം കണ്ടില്ല. കാത്തിരിക്കാം ഏതു പട്ടിക്കും ഒരു ദിവസം വരുമെന്നല്ലേ..പിന്നെ ഒരു കാര്യം;പുറത്തറിയെണ്ട...

     >ഇല്ല. എന്താണ്??

 <നിങ്ങളിത് പ്രസിദ്ധികരിക്കുമ്പോള്‍, ഞാനതു നിഷേധിച്ചു നിങ്ങളെ തെറിവിളിക്കും;നിങ്ങളും തിരിച്ചു തെറിവിളിക്കണം.. കേട്ടല്ലോ. തെറിവിളി എക്സ്ക്ലുസിവാക്കാന്‍ ഞാന്‍ ചാനലുകാരോട് പറഞ്ഞേക്കാം....നമ്മളെയും നാലാളറിയെണ്ടേ അളിയാ)))))))…….

Sunday, March 24, 2013

ഇറ്റലി തിന്തകത്തോം..... ഇന്‍ഡ്യ തിന്തകത്തോം.....
വിദ്യാധരന്‍റെ വ്യകുലചിന്തകള്‍

   ആ ടിവിയുടെ ഒച്ചയല്പം കുറയ്ക്കെടാ....

     എന്തോ വിളിച്ചു പറയുന്നുണ്ടല്ലോ....

      പോളിയോയാണോ, മന്താണോ>>????

       അതല്ല, വേറെ എന്തോവാണ്....

............അതുപ്രമാണിച്ച് ഇന്ന് വൈകുന്നേരം, അഞ്ചുമണിക്ക് വായനശാലാ  പരിസരത്ത് പായസവിതരണം ഉണ്ടായിരിക്കുന്നതാണ്.പ്രസ്തുത പരിപാടിയിലേക്ക് എല്ലാ രാജ്യസ്നേഹികളെയും പായസം കുടിക്കാന്‍ ക്ഷണിച്ചുകൊള്ളുന്നു..

      ശ്ശെടാ... കാര്യമെന്താണെന്നു കേട്ടില്ലല്ലോ..///

     ഏതായേലും അഞ്ചുമണിക്ക് പോയി നോക്കാം.

-------------      --------------      -------------             -----------

   വായനശാല പരിസരത്ത് കുറച്ചാളുകളുണ്ട്

പ്രസിഡന്റ് മൈക്ക്‌ വിഴുങ്ങി അമറുന്നുണ്ട്..അടുക്കുംതോറും കാര്യങ്ങള്‍ വ്യക്തമായി കേള്‍ക്കാം.

............അതുകൊണ്ട് ഞാന്‍ പറയുകയാണ് ഇതൊരു വന്‍വിജയമാണ്.നമ്മള്‍ ലോകശക്തിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഇറ്റലി മുട്ടുകുത്തിയിരിക്കുന്നു. പിടിപ്പുകേട്, പിടിപ്പുകേട്... എന്നുപറഞ്ഞ എല്ലാ മണുങ്ങൂസുകള്‍ക്കും ഇതൊരു താക്കിതാണ്... പായസം റെഡിയായിരിക്കുന്നതിനാല്‍ ഞാനധികം നീട്ടുന്നില്ല. ജയ്‌ഹിന്ദ്‌

അടുത്തതായി ആശംസ അര്‍പ്പിക്കാന്‍ പഞ്ചയത്ത് പ്രതിപക്ഷനേതാവിനെ ക്ഷണിക്കുന്നു.

  ഞാന്‍ ചോദിക്കുകയാണ് ...നമ്മള്‍ ജയിച്ചു,ജയിച്ചു എന്നുപറയുന്നു... യഥാര്‍ത്ഥത്തില്‍ നമ്മള്‍ ജയിച്ചോ..?? എവിടെയാണ് നമ്മള്‍ ജയിച്ചത്‌?? വോട്ടു ചെയ്യാന്‍ ജാമ്യത്തില്‍പ്പോയ രണ്ടു കൊലക്കേസ്‌പ്രതികള്‍ ജയിലില്‍ തിരിച്ചു വന്നത് ആരുടെ വിജയമാണ്. പ്രസിഡന്റ് നുണ പറയുകയാണ്‌.... ലജ്ജാകരം എന്നാണു ഇതിനെ പറയേണ്ടത്....പിന്നെ മണുങ്ങുസ്സുകള്‍ എന്നുള്ള

അണ്‍പാര്‍ലമെന്‍റെറി പ്രയോഗം തനി ചെറ്റത്തരമാണ്. ഇങ്ങനെയുള്ള മ,,, കൂ,,,, പ്രയോഗങ്ങള്‍ വീട്ടില്‍ച്ചെന്നു പറഞ്ഞാല്‍ മതി....

സംഗതിയൊന്നു കൊഴുക്കുന്ന ലക്ഷണം കാണുന്നുണ്ട്..സുരക്ഷിതമായ അകലം പാലിക്കുന്നതായിരിക്കും ആരോഗ്യത്തിനു നല്ലത്. അതുകൊണ്ട് പഞ്ചായത്തു കിണറിന്‍റെ മറപറ്റി നിന്നുകൊണ്ട് പരിപാടി ആസ്വദിക്കാമെന്നുവച്ചു.

        ആരാടാ പ്രസിഡന്റ്നെ പേടിപ്പിക്കുന്നത്...........

                 നീ പോടാ എരപ്പേ.....

                    എന്നാ വാടാ പുല്ലേ.....

                        പോയി പണിനോക്കെടാ......

        ഒരോട്ടിനു ജയിച്ചവനാണോ പേടിപ്പിക്കാന്‍ വരുന്നത്പോടാ......

                       പിടിയെടാ......

                          അടിയെടാ.....

                    മുണ്ടു പറിക്കാതെടാ ഡാഷ് മോനെ.............  

സ്റ്റേജില്‍ ഉന്തുംതള്ളും മുറുകുന്നു.

    ജനപ്രധിനിധികള്‍ ശാന്തരാകണം; സ്റ്റേജിനു വേണ്ടത്ര ബലമില്ല,         ശാന്തരാകണം, ശാന്തരാകണം.......................

സംഘാടകരുടെ അറിയിപ്പ് മുഴങ്ങുന്നു.

       മൈക്ക് ഓഫാക്കടാ...

ഒടുവില്‍ അത് സംഭവിച്ചു താല്‍ക്കാലിക സ്റ്റേജ് നിലംപൊത്തി.

കൂടിനിന്ന ജനം ചേരിതിരിഞ്ഞു കൂവുന്നു.

വിതരണത്തിനായി ബക്കറ്റിലൊഴിച്ചുവെച്ചിരുന്ന പായസം, ബക്കറ്റുസഹിതം കൊണ്ടുപോകുന്നു. ‘ദയവുചെയ്ത് ബക്കറ്റ്‌ കൊണ്ടുപോകരുത് അത് വാടകയ്ക്കെടുത്തതാണ്...’ എന്നുള്ള സംഘാടകരുടെ നിലവിളി ആരും ശ്രദ്ധിക്കുന്നില്ല....,യോഗം കലങ്ങി. വിതരണത്തിനു ഉണ്ടാക്കിയ പായസം ചിലര്‍ ബക്കറ്റൊടെ കടത്തി. ബാക്കിവന്നവ നിലത്ത് മറിഞ്ഞു കിടക്കുന്നു. അങ്ങനെ രാജ്യസ്നേഹികളുടെ കൂട്ടായ്മ്മ അതിന്‍റെ എല്ലാ ഭാവങ്ങളോടും കൂടി ആസ്വദിക്കാനായി...

എന്‍റെ പൊന്നു മാഷേ; ആ ഇറ്റലിക്കാര്‍ തിരിച്ചുവന്നത് ഒന്നാഘോഷിച്ചതാ.. കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരെയും ചടങ്ങിനുക്ഷണിച്ചു. വന്നാല്‍ സ്റ്റേജില്‍ ഇരുത്താതിരിക്കാന്‍ പറ്റുമോ..?? ഇരുന്നാല്‍ മൈക്ക്‌ കൊടുക്കാതിരിക്കാന്‍ പറ്റുമോ??  പ്രസിഡന്റും പ്രതിപക്ഷനേതാവും കിട്ടിയ അവസരം പഞ്ചായത്ത്മീറ്റിംഗ് പോലെയാക്കി. പരിപാടികലക്കി അവര്‍ സ്ഥലംവിട്ടു. തല്ലിപ്പൊളിച്ചതെല്ലാം വാടകയ്ക്കെടുത്ത സാധനങ്ങളാണ്; എന്‍റെ ഈ മാസത്തെ ശമ്പളം കട്ടപ്പൊക...

എടാ കൊച്ചനെ; രാഷ്ട്രിയക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്തുമ്പോള്‍, വേണ്ട മുന്‍കരുതലുകള്‍ എടുക്കണം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒന്നിച്ചു സ്റ്റേജില്‍ ഇരുത്തരുത്. ഇരുത്തിയാല്‍, മൈക്ക്‌ കൊടുക്കരുത് അറിയാമോ..മാത്രമല്ല ആവശ്യമില്ലാത്ത കാര്യത്തിന് ഇങ്ങനെയുള്ള പരിപാടി സംഘടിപ്പിക്കരുത്.

 എന്‍റെ മാഷേ; അങ്ങെനെ പറയാന്‍ പറ്റുമോ ഇതൊരു നിസ്സാര കാര്യമാണോ അവന്മ്മാര്‍ തിരിച്ചുവരുമെന്ന് ആരെങ്കിലും കരുതിയോ. ഇക്കാര്യത്തില്‍ ഇനി പ്രാര്‍ഥനമാത്രമേ രക്ഷയുള്ളൂ; എന്നല്ലേ എല്ലാ നിരീക്ഷണ ശ്രീമാന്‍മ്മാരും പറഞ്ഞിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ സ്വാതന്ത്ര്യം കിട്ടിയശേക്ഷം സംഭവിച്ച  ഒരു പ്രധാനവിജയമല്ലേ ഇത്.മറ്റൊരു വിജയം കിട്ടിയത് കിഴക്കന്‍പാക്കിസ്ഥാന്‍ യുദ്ധത്തിലാണ്. ചൈനാ യുദ്ധത്തില്‍, നമ്മള്‍ വിജയകരമായി പിന്മാറുകയാണുണ്ടായത്; കാര്‍ഗില്‍ യുദ്ധത്തില്‍ ഇങ്ങോട്ടു കയറി വന്നവരെ തിരിച്ചോടിച്ചു; അത്രമാത്രം. മൊത്തത്തില്‍ ഇടപെട്ട പ്രശ്നങ്ങളെല്ലാം കുളമാക്കിയ പാരമ്പര്യമാണ് നമുക്കുള്ളത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍മുതലുള്ള കാശ്മീര്‍പ്രശ്നം ഇപ്പോഴും അങ്ങനെതന്നെ നില്‍ക്കുന്നു.ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നത്തില്‍ ഇടപെട്ടു കുളമാക്കി. ലങ്കയിപ്പോള്‍ ചൈന പക്ഷത്താണ്. രാജ്യത്തിനകത്തു നടന്ന ഭീകരാക്രമണക്കേസിലെ പ്രധാനപ്രതികളെല്ലാം ഇപ്പോഴും വിദേശത്തു ബിരിയാണി തിന്നുകഴിയുന്നു.ഭോപ്പാല്‍ ദുരന്തത്തിലെ പ്രതിയെ നമ്മുടെ നേതാക്കള്‍തന്നെ രക്ഷപ്പെടുത്തിവിട്ടു. മറ്റു വ്യവസായിക, ആയുധ ഇടപാടുകളിലെ വിദേശിയരായ പ്രതികളെയെല്ലാം വിട്ടയക്കുന്ന നിലപാടുകളാണല്ലോ നമ്മള്‍ കാലാകാലങ്ങളായി എടുത്തുകൊണ്ടിരിക്കുന്നത്‌. പോയ ഒരുത്തനും മടങ്ങി വന്നിട്ടില്ല;നമുക്ക്‌ എന്നാ ചെയ്യാന്‍പറ്റി??ചുമ്മാ ബ്ലാ ബ്ലാ അടിക്കാന്‍ പറ്റി അത്രമാത്രം.

തൊലിവെളുത്തവനാണോ; കൊലപാതകകേസില്‍ ജയിലില്‍ കിടക്കുന്നവനായാലും ശരി; കേക്ക് മുറിക്കാനും, പെണ്ണുംപിള്ളേ കാണാനും, സിഗരറ്റു വലിക്കാനും, വോട്ടു ചെയ്യാനും,,,,, തുടങ്ങിയ ഏതാവശ്യത്തിനും നാട്ടില്‍പ്പോകാം വീട്ടിലുംപോകാം ഒരു കുഴപ്പവുമില്ല. എന്നാലോ സ്വന്തം പ്രജകള്‍ക്ക് ഇതിനൊന്നും അവകാശമില്ല.വിചാരണപോലും ഇല്ലാതെ കിടന്നോളണം.

  ഇപ്പൊ വോട്ടുചെയ്യാന്‍ ജാമ്യത്തില്‍പോയ പോയ രണ്ടു കൊലപ്പുള്ളികളാണു വധശിക്ഷ ഒഴിവാക്കിയിരിക്കുന്നു എന്ന ഉറപ്പില്‍ തിരിച്ചുവന്നിരിക്കുന്നത്. ഭയങ്കര വിജയംതന്നെ.. ആരുടെതാണ് വിജയം  എന്ന കാര്യത്തില്‍മാത്രമേ സംശയമുള്ളൂ. ജനങ്ങളും മാധ്യമങ്ങളും ഇത്ര കുഴപ്പമുണ്ടാക്കുമെന്ന് അറിഞ്ഞില്ല; പുറത്തറിയില്ല എന്നുകരുതിയാണ് പറഞ്ഞുവിട്ടത്. ഇതിപ്പോ തിരിച്ചുകൊണ്ടുവന്നില്ലങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നക്ഷത്രമെണ്ണും. അതുകൊണ്ടാണ് ചോദിച്ച ഉറപ്പൊക്കെകൊടുത്തു കിടാങ്ങളെ ഇങ്ങുകൊണ്ടുവന്നത്.അങ്ങനെ ഒരു കാര്യം മനസ്സിലായി കോടതിതീരുമാനിക്കേണ്ട ശിക്ഷ സര്‍ക്കാര്‍ പറയും. ഇത് മൊത്തത്തില്‍ ഒരു “പാമ്പുംഗോവണി”കളിതന്നെ.

‘കൂടി.വഡീശനെ’ പോലുള്ള ചാനല്‍ ഹരിതനായകമ്മാരുടെ അഭിപ്രായത്തില്‍ ഇന്‍ഡ്യ ചില അന്തരാഷ്ട്ര മര്യാദകള്‍ ഇനിയും പാലിക്കാനുണ്ട്. ചില കാര്യത്തില്‍ അതുശരിയാണ്; കാണുന്ന കുറ്റിയേലേല്ലാം മൂത്രമൊഴിക്കുക,വൃത്തിയായ സ്ഥലങ്ങില്‍ തുപ്പുക,കാണുന്ന മതിലേല്‍ എല്ലാം പോസ്റ്റര്‍ ഒട്ടിക്കുക, ക്യൂവില്‍ ഉന്തുംതള്ളും ഉണ്ടാക്കുക,സ്ത്രീവേഷം കണ്ടാല്‍ പീഡനവാസന പുറത്തെടുക്കുക തുടങ്ങിയ നമ്മുടെ തനത് ശൈലികള്‍ ഒന്നുമല്ല ‘വഡിശന്‍’ പറഞ്ഞത്.   പ്രതികള്‍ പട്ടാളക്കാരാണ്,ഇറ്റലി നാറ്റോരാജ്യമാണ്, അവരുമായി വാണിജ്യ ബന്ധമുണ്ട്,യൂറോപ്പിലെ വമ്പനാണ്, കൊമ്പനാണ് തുടങ്ങിയ ന്യായങ്ങള്‍ പ്രകാരം അവരിവടെവന്നു വെടിവെച്ചാലും, കൊന്നാലും ക്ഷമിക്കേണ്ടത് നമ്മളാണ്.ഇല മുള്ലേല്‍ വീണാലും, മുള്ള് ഇലേല്‍ വീണാലും കൊഴപ്പം നമ്മുടെ ഈ മരത്തിനാണ്. നമുക്ക്‌ സ്വാതന്ത്ര്യം കിട്ടിയ കാര്യംപോലും  ‘കൂടി.വഡിശന്‍’ മറന്നുപോയെന്നു തോന്നുന്നു.

    ഇതിന്‍റെ യാഥാര്‍ത്ഥ്യം എന്താണ്???  കടല്‍ക്കൊല കേസില്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന ഉറപ്പിനായി ഇറ്റലി നിര്‍ബന്ധം പിടിച്ചത്, തടവുശിക്ഷ ലഭിച്ചാല്‍ അത് ഇറ്റലിയില്‍ അനുഭവിക്കുന്നതിന് വഴിയൊരുക്കുന്നതിനു വേണ്ടിയായിരുന്നു.ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട 'കുറ്റവാളി കൈമാറ്റക്കരാര്‍' പ്രകാരം വധശിക്ഷ ലഭിക്കുന്നവരെ കൈമാറാന്‍ വ്യവസ്ഥയില്ല. ഇതു മറികടക്കുന്നതിന് വേണ്ടിയാണ് വധശിക്ഷ ഒഴിവാക്കാന്‍  ഇറ്റലി ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. എങ്ങനെയെങ്കിലും നാവികരെ മടക്കികൊണ്ടുവന്ന് ജനരോഷത്തില്‍നിന്ന് തലയൂരാന്‍ കടലില്‍ നടന്ന കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നും വധശിക്ഷ ഉണ്ടാവില്ലായെന്നും  കേന്ദ്രസര്‍ക്കാര്‍ ഇറ്റലിക്ക് ഉറപ്പുകൊടുത്തു.  നാവികരെ ശിക്ഷിച്ചാല്‍തന്നെ  കരാര്‍പ്രകാരം അവര്‍ക്ക് വേണമെങ്കില്‍ ഇറ്റലിയില്‍ തടവുശിക്ഷ അനുഭവിച്ചാല്‍ മതി.

 

  ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും ഒപ്പിട്ട കരാര്‍ ഈയിടെയാണ് പ്രാബല്യത്തിലാക്കിയത്. ഈ കരാര്‍ കഴിഞ്ഞ വര്‍ഷം ജനവരിയിലാണ് ഒപ്പുവെച്ചത്. ഡിസംബര്‍ 17-ന് കരാര്‍ പ്രാബല്യത്തില്‍ വന്നു.  കൊലനടന്നതിനെത്തുടര്‍ന്ന് ഈ കരാര്‍ ഇരുരാജ്യങ്ങളിലെയും പാര്‍ലമെന്റുകള്‍ അംഗീകരിക്കുന്നതിനുള്ള നടപടി ഇറ്റലി വേഗത്തിലാക്കിയിരുന്നു. എന്നാല്‍, വധശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് ഈ കരാറിന്‍റെ ആനുകൂല്യം ലഭിക്കില്ല. അതുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കുമെന്നുള്ള ഉറപ്പിനായി ഇറ്റലി നിര്‍ബ്ബന്ധം പിടിച്ചത്. വിചാരണക്കോടതി ശിക്ഷിക്കുകയും ഇന്‍ഡ്യ അതിനെതിരെ അപ്പീല്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് സ്വന്തം രാജ്യത്ത് ശിക്ഷയനുഭവിക്കാനുള്ള അവസരം ലഭിക്കും. ഇതിന് ഇരുരാജ്യങ്ങളും സമ്മതിച്ചാല്‍ മാത്രംമതി. ചുരുക്കത്തില്‍ ഇറ്റലിയുടെ ആവശ്യങ്ങള്‍ക്ക്‌ മുന്നില്‍ നമ്മുടെ നേതാക്കള്‍ മുട്ടുമടക്കുകയാണ് ചെയ്തിരിക്കുന്നത്.നമ്മുടെ നിയമവ്യവസ്ഥയെ മറ്റൊരു വിദേശരാജ്യത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെഴുതുകയാണ് ചെയ്തിരിക്കുന്നത്.

  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 427 (വസ്തുവിന് കേടുപാട് വരുത്തല്‍) എന്നീ വകുപ്പുകള്‍ക്ക് പുറമെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തല്‍ നിയമത്തിലെ (സുവാ) മൂന്നാം വകുപ്പും ഉള്‍പ്പെടുത്തിയാണ് നാവികര്‍ക്കെതിരെ കേരളപോലീസ് കേസ്സെടുത്തത്. ഇതില്‍ 302 വകുപ്പും, സുവാ നിയമവും പ്രകാരം വധശിക്ഷവരെലഭിക്കാം. ഇതാണ് ഇറ്റലിയെ ഭയപ്പെടുത്തിയത്. എന്നാല്‍ ഈ കേസില്‍  നാവികരെ വിചാരണചെയ്യാന്‍ കേരളത്തിന് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കേരളത്തെ നിര്‍വീര്യമാക്കി; കേസ് കേരളത്തിന്‌ പുറത്തേക്കുമാറ്റാനുള്ള സാഹചര്യമാണിപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. കേസിന്‍റെ വിചാരണ  കേരളത്തില്‍ നടന്നാല്‍, വിചാരണയെ; ഇവിടത്തെ ശക്തമായ ജനവികാരം സ്വാധീനിക്കുമെന്നും ഇറ്റലി ഭയക്കുന്നു. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധിപ്രകാരം രൂപവത്കരിക്കേണ്ട പ്രത്യേകകോടതി കേരളത്തിന് പുറത്തേക്ക് മാറ്റാനും അവര്‍ സമ്മര്‍ദം ചെലുത്തും. കേന്ദ്രസര്‍ക്കാര്‍ അതിനും വഴങ്ങിക്കൊടുക്കാനാണ് സാധ്യത. ഇപ്പോള്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എമ്പസിയിലാണ് നാവികരുള്ളത്. കേരളത്തിന് പുറത്ത് കോടതി രൂപവത്കരിച്ചാല്‍ ഈ കേസിനെസംബന്ധിച്ചുള്ള  എല്ലാ രേഖകളും മൊഴിമാറ്റേണ്ടിവരും. അതുപോലെ സാക്ഷികളെ വിചാരണ നടക്കുന്നസ്ഥലത്ത് എത്തിക്കണം. അവര്‍ കോടതിയില്‍ നല്‍കുന്ന മൊഴിയും പരിഭാഷപ്പെടുത്തേണ്ടിവരും. ചെറിയപിശകുകള്‍ വരെ പ്രധാനമാകുന്ന ഇത്തരം വിചാരണയില്‍; ഭാഷാ മൊഴിമാറ്റവും,കോടതി മാറലുമെല്ലാം പ്രതികള്‍ക്ക് സഹായകമാകും.ഇങ്ങനെ കിളികള്‍ക്ക് സ്ഥിരമായി പറന്നു പോകാനുള്ള എല്ലാ കളികളും അണിയറയില്‍ തയ്യാറാക്കി

കഴിഞ്ഞതിനുശേഷമാണ് ഇപ്പോഴത്തെ ഈ നാടകം പൊതുജനസമക്ഷം ആടിത്തിമിര്‍ക്കുന്നത്.ജാലവിദ്യക്കാരന്‍റെ കണ്‍കെട്ടുവിദ്യക്കു മുന്നില്‍ കയ്യടിക്കുന്നതുപോലെ; കൊലപ്പുള്ളികളുടെ മടങ്ങിവരവ്‌; പായസം കുടിച്ചും, പടക്കം പൊട്ടിച്ചും, ലഡു വിതരണംചെയ്‌തും നമുക്കാഘോഷിക്കാം...തീ മഴ പെയ്യുന്ന ഇക്കാലത്ത് ഈ മടങ്ങിവരവാണ് ആഘോഷിക്കേണ്ടത്. ആഘോഷിക്കാന്‍ നമുക്ക് മറ്റെന്താണുള്ളത്.........