**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, October 2, 2014

മഞ്ജു അംബാസിഡറായാല്‍ ഇവിടെ ആര്‍ക്കെന്തു കോപ്പാ,,,,,വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
 ആശിച്ചുമോഹിച്ചുസ്നേഹിച്ചു നട്ടുവളര്‍ത്തിയ റബര്‍ മരത്തില്‍നിന്നും അരിക്കാശുപോലും കിട്ടാത്ത അവസ്ഥയില്‍ അതുമുറിച്ച് ഇനിയെന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോളാണ് ജൈവകൃഷിയെപ്പറ്റി ആരോ പറഞ്ഞത്... പറമ്പ്, മുറ്റം, തിണ്ണ, ടെറസ് എന്തിനധികം കട്ടിലിനടിയില്‍പ്പോലും ഈ ജൈവകൃഷി ചെയ്യാമത്രെ. ജൈവകൃഷി തുടങ്ങിയാല്‍പ്പിന്നെ ഒരിക്കലും നിറുത്തില്ലപോലും അത്രയ്ക്ക് ലാഭമാണ്.. അംബാനി ടാറ്റാ തുടങ്ങിയവരെല്ലാം ജൈവ കഷിയില്‍ നിന്നാണുപോലും തുടക്കംകുറിച്ചത്. ഒരു മൂട്ടില്‍നിന്നും ഒരു കിണ്ടല്‍ ചേന,ഒരു വാഴയില്‍ പത്തുകുല തുടങ്ങി എല്ലാം ഭയങ്കര ലാഭമാണ്... സ്വന്തമായുള്ള സ്ഥലത്തില്‍  ഒരിഞ്ചുപോലും തരിശായിടാതെ  കൃഷിചെയ്തിട്ടും വലിയ സാമ്പത്തികമെച്ചമൊന്നും ഇന്നുവരെ ഉണ്ടായിട്ടില്ല... വീട്ടിലേക്കാവശ്യമായ പച്ചക്കറികളുംമറ്റും മുട്ടില്ലാതെ ഒപ്പിച്ചു പോകാമെന്നുമാത്രം.. ഇത്രയും അറിഞ്ഞതുവെച്ച് ഇനിയിപ്പോ ജൈവകൃഷി തുടങ്ങിക്കളയാം.. പറമ്പില്‍ സ്ഥലമില്ലാത്ത സ്ഥിതിക്ക് ടെറസില്‍ത്തന്നെ തുടങ്ങാം. വിശദവിവരങ്ങള്‍  ആരോട് ചോദിക്കണമെന്നു ശങ്കിച്ചുനില്‍ക്കുമ്പോഴാണ് നമ്മുടെ മഞ്ജു വാര്യരാണ് ജൈവകൃഷിയുടെ അംബാസഡര്‍ എന്നറിയുന്നത്.. ഉടനെ നമ്പറെടുത്തു വിളിച്ചു,,, മാഡം ജൈവകൃഷിയില്‍ എന്തൊക്കെ ശ്രദ്ധിക്കണം;;; ടെറസ്സാണെങ്കില്‍ ചീനി, വാഴ, ചേന, ചെമ്പ്, കാച്ചില്‍, പയറ് തുടങ്ങിയവയെല്ലാം കൃഷി ചെയ്യാമത്രേ .. വീട്ടില്‍ സാധനംവാങ്ങുന്ന കൂടും, ഓക്ക വാങ്ങുന്ന ചാക്കുമൊക്കെ; ചാണകപ്പൊടി, അറക്കപ്പൊടി, കുമായപ്പൊടി, മണ്ണ്‍ തുടങ്ങിയവ  മിക്സ് ചെയ്ത് നിറച്ച് കൃഷി തുടങ്ങാമെന്നും പറഞ്ഞുതന്നു.. എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടനെതന്നെ മഞ്ജു സ്വന്തമായി നട്ടുനനച്ചു വളര്‍ത്തുന്ന പച്ചക്കറിത്തോട്ടത്തിലേക്ക് ചെല്ലാനും പറഞ്ഞു.. ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ ഒരുപാടു വിവരങ്ങള്‍ പകര്‍ന്നുകിട്ടി. പിറ്റേ ദിവസംതന്നെ കൃഷിയിറക്കി. ഇപ്പൊ ടെറസ് മുഴുവന്‍ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും അങ്ങനെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്... എന്‍റെ കൃഷിയുടെ എല്ലാ ക്രഡിറ്റും അംബാസിഡറായ മഞ്ജുവിനു കൊടുക്കുന്നു..
  എന്നാല്‍ വിധിവൈപരിത്യമെന്നല്ലാതെ എന്തുപറയാന്‍ എന്‍റെ ഇഷ്ട നാടന്‍ സലിംകുമാര്‍ ചോദിക്കുന്നു; മഞ്ജുവിനെ ജൈവകൃഷിയുടെ ബ്രാന്‍ഡ്‌ അംബാസിഡറാക്കിയത് എന്തടിസ്ഥാനത്തിലാണെന്നു... ഇതേ പോലൊരു ചോദ്യം പണ്ടാരോ ചോദിച്ചിരുന്നു;  ശാലുമേനോനെ സെന്‍സര്‍ ബോര്‍ഡ് അംഗമാക്കിയത് എന്തടിസ്ഥാനത്തിലാണെന്നു... ആ ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട് ഉത്തരം മാത്രം വന്നിട്ടില്ല... അപ്പോഴാണ്‌ അതുപോലെ മറ്റൊരു ചോദ്യം വന്നിരിക്കുന്നത്... തിന്നാന്‍മാത്രം അരിയും പച്ചക്കറികളും കാണുന്ന സിനിമക്കാര്‍ക്കിടയില്‍ സ്വയം കൃഷിക്കാരനായും കൃഷിക്കുവേണ്ടി ഒരു ഡോക്യുമെന്‍ററി നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള ഒരു കര്‍ഷകനടന്‍ എന്ന രീതിയില്‍ അദേഹം ചോദിച്ച ചോദ്യത്തിന് പ്രസക്തി ഉണ്ട്... നമ്മുടെ നാട്ടില്‍ കൊല്ലംതോറും ഒരു കര്‍ഷക ‘ശ്രീ’ യെ തിരഞ്ഞെടുത്ത് ചിങ്ങം ഒന്നിന് കെട്ടിയെഴുന്നോള്ളിച്ചു നടത്താറുണ്ട്‌ . അക്കൂട്ടത്തില്‍പ്പോലും കൃഷിയുടെ അംബാസിഡറാക്കാന്‍ യോഗ്യതയുള്ളവര്‍ ആരുമില്ലെയെന്ന ചോദ്യം കര്‍ഷകര്‍ക്കിടയിലും ഉയരുന്നുണ്ട്.. എന്നാല്‍ ‘മഴക്കാലത്ത്‌ മഴ ഉണ്ടാകുമെന്ന് കരുതി, കുട്ടികാലത്ത് കുട്ടികള്‍ ഉണ്ടാകില്ലാ’യെന്ന വിഖ്യാത നടന്‍ സന്തോഷ്‌ പണ്ഡിറ്റ് സാറിന്‍റെ വചനമാണ് ഈ അവസരത്തില്‍ ഓര്‍മ്മവരുന്നത്.. കൃഷി വികസിപ്പിക്കാന്‍ കര്‍ഷകര്‍ മാത്രം നോക്കിയാല്‍ പോരാ,, കിളയ്ക്കാനും, വിതയ്ക്കാനും, കൊയ്യാനും, ചൊറിയാനും, വെള്ളംകോരാനും കര്‍ഷകന്‍. കൃഷിയെപ്പറ്റി പറയാന്‍ സിനിമാക്കാരും രാഷ്ട്രിയക്കാരും. അതില്‍ത്തന്നെ  ചില കാര്യങ്ങള്‍ സിനിമാക്കാര്‍ത്തന്നെ ചെയ്യണം; എന്നാലെ ആളുകള്‍ക്ക് ബോധാവല്‍ക്കരണം ഉണ്ടാകൂ.. മലബാര്‍ ഗോള്‍ഡ്‌ന്‍റെ പരസ്യത്തില്‍ സ്വര്‍ണ്ണ പണിക്കാരനല്ല പോസ് ചെയ്യുന്നത്... വൈകിട്ടത്തെ പരിപാടിയില്‍ കള്ളുകുടിയുംകൂടി  ഉള്‍പ്പെടുത്താന്‍പറഞ്ഞത് ഏതെങ്കിലും ബാര്‍ മുതലാളിയല്ല , സുഡാന്‍ ടൈ കലര്‍ന്ന മുളകുപൊടി ചേര്‍ത്തു പാചകം ചെയ്യാന്‍ പറഞ്ഞത് ഏതെങ്കിലും പാചകക്കാരനല്ല ഇതൊക്കെ നമ്മുടെ സിനിമാ അംബാസിഡര്‍മാര്‍  പറഞ്ഞതാണ്... ആളെ പറ്റിക്കാനും, ആളെ കൂട്ടാനും സിനിമയും ഗ്ലാമറും നല്ല മാര്‍ഗ്ഗമാണെന്നു സാരം... കുട്ടനാട്ടില്‍ നൂറേക്കര്‍ കൃഷിയിറക്കുന്ന കുട്ടപ്പന്‍ ചേട്ടനെ കൃഷിയുടെ അംബാസിഡറാക്കിയാല്‍ ഒരുത്തനും തിരിഞ്ഞുനോക്കില്ല... എന്നാല്‍ കണ്ണുകാണാത്ത മമ്മുക്ക കൂളിംഗ് ഗ്ലാസ്സും വെച്ചു നട്ടുച്ചയ്ക്ക് പാടത്തു പൂട്ടാനിറങ്ങിയാല്‍ കേരളം മുഴുവന്‍ അത് വാര്‍ത്തയാകും. വരമ്പിത്തിരിക്കുന്ന ചെറുപ്പക്കാരെല്ലാം ചേറ്റിലിറങ്ങും.. എന്തിനധികം പറയുന്നു, പൊക്കാളി കൃഷിക്കുവേണ്ടി നിലം ഉഴുതും ഡോക്യുമെന്‍ററി പിടിച്ചും സലിം സാറിന്‍റെ കൈയ്യിലെ കാശു പോയതല്ലാതെ ആരെങ്കിലും ഇവിടെ പൊക്കാളികൃഷി തുടങ്ങിയോ... ആദാമിന്‍റെ മകന്‍ അബുവില്‍ നല്ലൊരു സന്ദേശം നല്‍കി; അവസാനം ഒരു മരവും നട്ടു മനുഷ്യമനസ്സുകളില്‍ ചേക്കേറിയെങ്കിലും അതനുകരിച്ച്  കേരളത്തില്‍ എവിടെയെങ്കിലും ഒരു മരംപോലും ആരും നാട്ടതായി അറിവില്ല.. എന്നാല്‍ സിനിമയില്‍ വനം പിടിപ്പിക്കുന്ന മമ്മുക്ക മരം നടാന്‍ ഇറങ്ങിയപ്പോള്‍ നാട്ടുകാരെല്ലാം കൊണ്ടുപിടിച്ചു മരം നടുന്നു... എന്താകാര്യം സെലിബ്രിറ്റി ഇമേജ്...ഗ്ലാമറ്,,,, നമുക്കത് ഇല്ല മച്ചൂ,,,,,,,,,,,, കിട്ടുന്നസമയത്ത് പച്ചക്കറിനട്ടും പറമ്പുകിളച്ചും മണ്ണിനെ സ്നേഹിക്കുന്ന നമ്മളെക്കണ്ടു ഒരുത്തനും ഇവിടെ പച്ചക്കറി നടുന്നില്ല... ഏതോ സിനിമയില്‍ പച്ചക്കറി നട്ടുവെന്ന ഒറ്റ കാര്യത്തില്‍ ജൈവകൃഷിയുടെ ബ്രാന്‍ഡ്‌ അംബാസിഡറായി മഞ്ജുവാര്യര്‍ വന്നപ്പോള്‍ കേരളിയര്‍ മുഴുവന്‍ പച്ചക്കറിനടാന്‍ ഇറങ്ങുമെന്നാണ് മന്ത്രി പറയുന്നത്.. മന്ത്രിയല്ലേ പറയുന്നത് നമുക്കതങ്ങ് വിശ്വസിക്കാം..


  ഇതിനൊക്കെ കാരണം ഒന്നേയുള്ളൂ; സിനിമയും, ഗ്ലാമറും നല്ല ജനശ്രദ്ധ കിട്ടുന്ന ഉപാധികളാണ്. അതിലൂടെ ഏതെങ്കിലും ദരിദ്രവാസി നാലു വാഴ നട്ടാല്‍ അത്രയുമായിയെന്ന എളിയ സന്ദേശമാണ് സര്‍ക്കാര്‍ ഈ സംഭവത്തിലൂടെ നല്‍കുന്നത്.. പാടത്തു കൃഷിയിറക്കിയും, സ്വന്തമായി വനം പിടിപ്പിച്ചും, ജൈവകൃഷിയില്‍ നൂറുമേനി വിളിയിച്ചും മണ്ണിനെ പൊന്നാക്കുന്ന ആളുകള്‍ നാട്ടില്‍ ധാരളമുണ്ടെങ്കിലും അവരൊക്കെ യാഥാര്‍ത്ഥ്യത്തിന്‍റെ പകല്‍ വെളിച്ചത്തില്‍ ജീവിക്കുന്നവാരാണ്. അവരുടെ ചിരിക്ക് ഗ്ലാമറിന്‍റെ തിളക്കം ഉണ്ടാകില്ല. അവരുടെ ചര്‍മ്മത്തിന്  ചെറു നാരങ്ങയുടെയോ തേനിന്‍റെയൊ നനുനപ്പ് ഉണ്ടാവില്ല. ചോക്ലേറ്റിന്‍റെ നിറം ഉണ്ടാകില്ല. അയ്യായിരം രൂപ കൈയ്യില്‍ കിട്ടിയാല്‍ അവരാരും വജ്രം വാങ്ങാന്‍ ഓടാറുമില്ല.. കോള്‍ഗേറ്റ് പരസ്യത്തിലെ ചിരിക്കും, പല്ലു കൊഴിഞ്ഞ കിളവനായാലും പൌരഷത്തിന്‍റെ പരസ്യമാകാനുമൊക്കെ സിനിമാക്കാര്‍ക്കെ കഴിയൂ,,നമ്മുടെ സ്വപ്ന ങ്കല്‍പ്പത്തിലെ വേഷങ്ങള്‍ക്ക് പലപ്പോഴും ജീവന്‍ നല്‍കുന്നത് ഈ സിനിമാസ്റ്റാറുകളായതുകൊണ്ട് അഭിനയം സത്യമാണെന്ന് ധരിച്ച് നമ്മളവരെ ആരാധിക്കുന്നു.. അവരുടെ വാക്കുകള്‍ കേട്ട് വിത്തുവിതയ്ക്കാനും കൊയ്യാനും ഇറങ്ങുന്നു . അഭിനയത്തിനു യാഥാര്‍ഥ്യവുമായി പുലബന്ധം പോലും ഉണ്ടാവില്ലായെങ്കിലും, അഭിനയത്തിലൂടെ ആളുകളുടെ മനസ്സിനെ കൃഷിയിറക്കാന്‍ പാകത്തില്‍ ഉഴുതുമറിക്കാന്‍ കഴിഞ്ഞാല്‍ ആ താരാരാധനയിലൂടെ ആരാധകരെക്കൊണ്ട് ചില്ലറ പണികള്‍ ചെയ്യിക്കുക. അതുമാത്രമാണ് ഇമ്മാതിരി അംബാസിഡര്‍ പണികൊണ്ടു ഉദേശിക്കുന്നത്. അത് നല്ലതുതന്നെ. മഞ്ജുവിന്‍റെ വാക്കുകേട്ട് ആരെങ്കിലും നാലു വാഴ വെച്ചാല്‍, മമ്മൂട്ടിയെക്കണ്ട് ആരെങ്കിലും രണ്ടു മരം നട്ടാല്‍ അത് നാടിനൊരു മുതല്‍ക്കൂട്ടാകട്ടെ.. ഈവക കാര്യങ്ങളില്‍  അംബാസിഡര്‍ എന്നാല്‍ അറിയാത്ത കാര്യത്തെക്കുറിച്ച് ചുമ്മാ വള വള അടിക്കുന്നവര്‍ എന്നു കരുതിയാല്‍ മതി സലിം കുമാറേ.. കൃഷിയെ സ്നേഹിക്കുന്ന താങ്കളെ ആരും അംബാസിഡറാക്കിയില്ലെങ്കിലും കര്‍ഷകരുടെ മനസില്‍ നിങ്ങള്‍ ‘ബെന്‍സാണ് ബെന്‍സ്,,, കൂട്ടത്തില്‍ അംബാസിഡര്‍മാരെ നിയമിക്കുന്ന മന്ത്രിമാരോട് ഒരുകാര്യം പറയട്ടെ; അഭിനയവും, ഗ്ലാമറും, സിനിമയും ജനത്തെ സ്വാധിനിക്കുമെന്ന ന്യായം പറഞ്ഞ് നാളെ ഷക്കീലയെ  കേരളസ്ത്രീത്വത്തിന്‍റെ ബ്രാന്‍ഡ്‌ അംബാസിഡറാക്കരുതേ,,,

9 comments:

 1. സന്ദീപ്‌October 2, 2014 at 12:46 PM

  മാഷിനു ദിലീപ് പൈസ വല്ലതും തന്നോ ഹി ഹി

  ReplyDelete
 2. സത്യന്‍October 2, 2014 at 2:21 PM

  സലിം കുമാര്‍ പറഞ്ഞതിലും കാര്യമുണ്ട് ,ഏതോ പടത്തില്‍ കാശു വാങ്ങി അഭിനയിച്ചതിനു നടിയെ പിടിച്ചു കൃഷിയുടെ അംബാസിഡര്‍ ആക്കിയതിനു പിന്നിലെ യുക്തി എന്താണ്... ഏതു കര്‍ഷകനെയാണ് മഞ്ജു കൃഷി പഠിപ്പിക്കുന്നത്‌

  ReplyDelete
 3. മോഹന്‍ലാല്‍ മേജറായതുപോലെ..!! (അതോ കേണലോ??)

  ReplyDelete
 4. Mashu e nattilalle jivikkun e 2 masangal kazhijano mashu ehokke ariyunna th

  ReplyDelete
 5. കേടായി ഒരുഭാഗത്ത് മാറ്റിയിട്ടിരിക്കുന്ന പഴ ഒരു ആട്ടുകല്ല്- വീട്ടിലുണ്ട്. അതില്‍ ഒരു വാഴ വെച്ചാലോ എന്നാണ്- ആലോചിക്കുന്നത്. കുഴിയെടുക്കുന്ന പണി ലാഭമായില്ലേ. മഞ്ചു പറഞ്ഞിട്ട് അനുസരിച്ചില്ല എന്ന് വരരുതല്ലോ.

  ReplyDelete
 6. മഞ്ചുവിന് ജൈവകൃഷിയുടെ അമ്പാസിഡർ ആവാമെങ്കിൽ,,, ഇരുപത് വർഷം ടെറസ്സിൽ കൃഷി ചെയ്ത,, ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ പുസ്തകമായി എഴുതിയ എന്നെ, ടെറസ്സ് കൃഷിയുടെ അമ്പാസിഡറായി ഈ ഞാൻ പ്രഖ്യാപിക്കുന്നു.

  ReplyDelete
 7. സത്യം തന്നെ...

  ReplyDelete
 8. ചെയ്യുന്ന പ്രവൃത്തിയുടെ അഥവാ പ്രചരിപ്പിക്കുന്ന ആശയത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്വം ഏൽക്കുകയും പ്രായോഗികമായ മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങൾക്ക് നേരിട്ട് നൽകാനുള്ള ശേഷിയുമുള്ള വ്യക്തി ആയിരിക്കണം അംബാസിഡർ.

  ReplyDelete