**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, November 29, 2013

ഇതു പാറ്റാക്കാലം;സ്കൂളുകളില്‍ ‘കൂറ’ ഓപ്പറേഷന്‍ നിരോധിച്ചു..?


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

  കേരളത്തിലെ ഹയര്‍സെക്കണ്ടറി സ്കൂള്‍ ലാബുകളില്‍ ‘പാറ്റ’ ഓപ്പറേഷന്‍ സമ്പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി... ഓപ്പറേഷനിലെ പാകപ്പിഴകള്‍ നിമിത്തം പല കൂറകള്‍ക്കും കാഴ്ച്ചനഷ്ടപ്പെടുന്നതായും, മുട്ടയിടാന്‍ കഴിയാതെവരുന്നതായും വ്യാപകമായി പരാതിയുര്‍ന്ന സാഹചര്യത്തിലാണ് ഈ നിരോധനം നടപ്പിലാക്കിയത്‌..വിദഗ്ധരല്ലാത്ത ഹയര്‍സെക്കന്‍ഡറി കുട്ടികളുടെ ഓപ്പറേഷന്‍  കൂറകളുടെ ആയുസ്സിനെത്തന്നെ ബാധിക്കുന്നതായും, കൂറകള്‍ക്കുവേണ്ടി ഒരു മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ‘കൂറ’ പ്രതിനിധികളുമായി ചര്‍ച്ചചെയ്യുമെന്നും വകുപ്പ് മന്ത്രി അറിയിച്ചു...

പാറ്റയ്ക്ക്‌ പകരം ഇനി ആരെ കീറിമുറിക്കും എന്ന ആശങ്കയിലാണ് കുട്ടികള്‍.. തവളയും ഞാഞ്ഞൂലും നേരത്തെ നിരോധിച്ചതിനാല്‍ ആകെ ആശ്രയം കൂറയായിരുന്നു.ഇപ്പോഴിതാ വ്യക്തമായ ബദല്‍നിര്‍ദേശമില്ലാതെ ലബോറട്ടറികളില്‍ പ്രായോഗിക പരിശീലനത്തിനായി പാറ്റയെ കീറിമുറിക്കുന്നതും  നിരോധിച്ചിരിക്കുന്നു. ഇതോടെ  സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സുവോളജിലാബ്‌ പഠനം പെരുവഴിയിലായി .

കൂറകളെ കീറിമുറിച്ച് ആന്തരികഘടന പഠിക്കുന്ന രീതിയിലാണ് സംസ്ഥാനത്ത് പ്ലസ്‌വണ്‍, പ്ലസ് ടു ക്ലാസുകളിലെ സുവോളജി പ്രാക്ടിക്കല്‍ പഠനം തയ്യാറാക്കിയത്. ഇതനുസരിച്ച് പഠനം പുരോഗമിക്കുന്നതിനിടെയാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവ് വന്നിരിക്കുന്നത് .  കീറിമുറിച്ച് ആന്തരികഘടന കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുന്നതിനുപകരം പ്രത്യേക സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ക്ലാസെടുക്കാമെന്നതാണ് ആകെയുള്ള നിര്‍ദേശം. എന്നാല്‍ ഇത്തരമൊരു സോഫ്റ്റ്‌വേര്‍ എവിടെ കിട്ടുമെന്ന് ആര്‍ക്കും അറിയില്ല.... ഏതായാലും സൈക്കിള്‍മാര്‍ക്ക്‌ തിരികള്‍ കത്തിച്ചുകൊണ്ടുള്ള കൂറകളുടെ പ്രാര്‍ഥന ദൈവം കേട്ടുവെന്നു കരുതാം...

   ഇതോടെ പ്രശസ്ത കൂറപിടുത്തക്കാരന്‍ ശങ്കരന്‍ മാഷുമാരെ പരാതി അറിയിച്ചു.. 

  ഏതായാലും മാഷേ ഇതു വലിയ ചതിയായിപ്പോയി സീസണില്‍ നാലു തുട്ട് തടയണതായിരുന്നു; അതിപ്പോ നിങ്ങളായിട്ടു നിറുത്തിയില്ലേ..??

  എന്താ ശങ്കര എന്തു പറ്റി../

 അല്ലപ്പാ അപ്പൊ നിങ്ങള് ഒന്നുമറിഞ്ഞില്ലേ... നമ്മടെ കുട്ട്യോള്‍ക്ക് വേണോന്നു പറഞ്ഞിട്ട് നമ്മള് രണ്ടുരാത്രി കഷ്ടപ്പെട്ടിരുന്നിട്ടാ അരച്ചാക്ക് കൂറയെ കിട്ടിയത് ... ചുമന്നുകെട്ടി സ്കൂളില്‍ കൊണ്ടുചെന്നപ്പോ പറേണു എല്ലാത്തിനേം തുറന്നു വിട്ടോളാന്‍ ..ഇപ്പൊ പാറ്റ പിടുത്തം കേസാപോലും അവയെ കൊല്ലാനും മുറിക്കാനും പാടില്ലപോലും...... മക്കളെപ്പോലെ പോറ്റണം പോലും.......... എന്താ മാഷേ നിങ്ങ മാഷുമാര്‍ക്കെല്ലാം വട്ടായോ..?? തവളയും ഞാഞ്ഞൂലും പറ്റില്ലാന്നു കഴിഞ്ഞ തവണ പറഞ്ഞിരുന്നു.. പിന്നെ പാറ്റയിലായിരുന്നു പ്രതീക്ഷ,, അതുമിപ്പോ തീര്‍ന്നു...ഇങ്ങനെപോയാല്‍ നമ്മുടെ പിള്ളേര്‍ കുറേ സുവോളജി പഠിക്കും... പുസ്തകം വായിച്ചാല്‍ നീന്തല്‍ പഠിക്കുമോ മാഷേ ..

  അതിപ്പോ ശങ്കരാ,,, സര്‍ക്കാരിന്‍റെ ഓരോ നിയമങ്ങളല്ലേ.... നമുക്കെന്നാ ചെയ്യാന്‍ പറ്റും...സുവോളജി ക്ലാസ്സില്‍ കാര്യങ്ങള്‍ പഠിക്കാനായി നമ്മുടെ കുട്ടികള്‍ തവളയും പാറ്റയും കീറിമുറിച്ചാല്‍ ഇവിടെ ലോകം അവസാനിക്കുകയൊന്നുമില്ല.... ആ കാരണംകൊണ്ട് ഇവയുടെയൊന്നും വംശം കുറ്റിയറ്റുപോവുകയുമില്ല...എന്നാലും ചുമ്മാതങ്ങു നിരോധിച്ചു കളിക്കുക ഒരു സുഖമല്ലേ ശങ്കരാ... അവര് നിരോധിക്കട്ടെ... പാറ്റ നാളെ നമ്മുടെ ദേശിയജീവിയാകാനുള്ളതാ....

    വീട്ടിലെ പാറ്റശല്യംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ പാറ്റാഗുളികയും സ്പ്രേ പ്രയോഗവുമൊക്കെ നടത്തിയാണ് രക്ഷപെടുന്നത്.. ഭക്ഷ്യവസ്തുക്കളില്‍ പാറ്റാപോലുള്ള ക്ഷുദ്രജീവികളുടെ സാമിപ്യം തടയണമെന്നും നമുക്കറിയാം... ഭിത്തിയിലും അലമാരകളിലും പത്തായ അറകളിലും മുട്ടയിട്ടു പെരുകുന്ന ഈ കീടത്തെ എങ്ങനെ നശിപ്പിക്കാ മെന്നാണ് ജനങ്ങളുടെ ചിന്ത.... അപ്പോഴിതാ ഒരു പാറ്റരക്ഷാനിയമം വന്നിരിക്കുന്നു..... പഠനാവശ്യങ്ങള്‍ക്ക് കുട്ടികളുടെ ലാബുകളില്‍ പോലും ഇനിമുതല്‍ പാറ്റയെ കൊല്ലാന്‍ പാടില്ല പോലും.. സമഗ്ര പാറ്റവളര്‍ച്ച പദ്ധതിയില്‍ സര്‍ക്കാരിന്‍റെ ഉദേശ്യം എന്താണെന്നു മനസിലാകുന്നില്ല.. പാറ്റയെ കൊന്നാലും ജയിലില്‍ പോകേണ്ടിവരുമോ എന്നാണിനി അറിയേണ്ടത്.. ഇനിമുതല്‍ മഴക്കാലത്ത്‌ വണ്ടിക്കടിയില്‍പ്പെട്ടു തവളകള്‍ ചത്താല്‍ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാനും സാദ്ധ്യത കാണുന്നുണ്ട്...കൂറവധം നിരോധിച്ചതിനാല്‍ ഇനി മേനകാ ഗാന്ധിയെക്കണ്ടു കൂറകള്‍ക്ക് ഒരു വന്ധ്യംകരണ ക്ലിനിക് തുടങ്ങണമെന്ന് ആവശ്യപ്പെടണം.. അല്ലാതിപ്പോ ഇവയെ എങ്ങനെ തടയാനാണ്....?

  പഠനാവശ്യങ്ങള്‍ക്കും മറ്റ് ഉപകാരപ്രദമായ അറിവുകള്‍ക്കും വേണ്ടി നമ്മുടെ കുട്ടികള്‍ പാറ്റ, തവള, മണ്ണിര തുടങ്ങിയ ജീവികളെ ഉപയോഗിച്ചാല്‍ അതില്‍ എന്താണ് തെറ്റ്..??? ഏതു പഠനമേഖലയിലാണെങ്കിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മാത്രമേ അറിവ് വര്‍ധിപ്പിക്കാന്‍ സാധിക്കൂ.. ജീവ ശാസ്ത്രപരമായ ഏതൊരു പഠനത്തിനും വ്യക്തത കിട്ടുവാന്‍ കീറി മുറിച്ചുള്ള പഠനങ്ങള്‍ ആവശ്യവുമാണ്... എത്രയോ ശരീരങ്ങള്‍ കീറി മുറിച്ചു പഠിച്ചാണ് വിദഗ്ദ്ധനായ ഒരു ഡോക്ടര്‍ പുറത്തുവരുന്നത്... എത്രയോ പരീക്ഷണങ്ങള്‍ ജീവികളിലും മനുഷ്യരിലും നടത്തിയാണ് മനുഷ്യരാശിക്ക് ഉപകാരപ്രദമായ ഓരോ  പുതിയ മരുന്നുകളും പിറവിയെടുക്കുന്നത്.. ചൂഷണമോ, വാണിജ്യപരമായ ദുരുപയോഗമൊ തടയുന്നതുപോലല്ല കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്ക് പാറ്റയെ കീറി മുറിക്കുന്നത് തടയുന്നത്..ഇതു ശുദ്ധ അബദ്ധമാണ്... ഈ കീറിമുറിക്കലിലൂടെ ഒരു കുട്ടിയും  വഴിപിഴച്ചു പോകുന്നില്ല...ഇതുമാത്രമല്ല  സംസ്ഥാനത്തെ സ്കൂള്‍ ലാബുകളില്‍ ഇനിമുതല്‍ സ്പെസിമന്‍ സൂക്ഷിക്കാനും പാടില്ലയെന്നും പറയുന്നു... എന്തൊരു മണ്ടത്തരമാണിത്. ഓരോ സ്പെസിമനും നിരീക്ഷിച്ചു പഠിച്ച് അറിവ് വര്‍ദ്ധിപ്പിക്കാനുള്ള നമ്മുടെ കുട്ടികളുടെ അവസരമാണ് ഈ നിരോധനത്തിലൂടെ തല്ലിക്കെടുത്തുന്നത്.. ഒരു പാറ്റയെയോ തവളയെയോ കീറി മുറിക്കുന്നതിലൂടെ ഒരു കുട്ടിയും കൊലപാതകിയാകുന്നില്ല,, അത് അവരുടെ പഠനത്തിന്‍റെ ഭാഗം മാത്രമാണ്.. പാറ്റയെ രക്ഷിച്ച ഈ ഉത്തരവിറക്കിയ പാറ്റപ്രേമി ;; അതിന്‍റെ കാരണം കൂടി വ്യക്തമാക്കേണ്ടതാണ്.. വകുപ്പിന്‍റെ തലപ്പത്ത് പാറ്റഫോബിയ ബാധിച്ച ഏതെങ്കിലും ഫല്‍ഗുണന്‍മാര്‍ ഇരുന്നാല്‍ നമ്മുടെ കുട്ടികളായിരിക്കും അതിന്‍റെ അനന്തരഫലം അനുഭവിക്കുക..ഇങ്ങനെ പോയാല്‍ നാളെ ബ്ലഡ് ടെസ്റ്റ്‌ പോലും പഠിക്കാന്‍ കഴിയില്ല... ഇത്രയുമായ സ്ഥിതിയ്ക്ക് കോശങ്ങളെ മുറിവേല്‍പ്പിക്കുന്നുവെന്ന ന്യായപ്രകാരം ബോട്ടണി ക്ലാസ്സുകളിലെ സസ്യകോശപഠനവും നിലയ്ക്കാന്‍ സാദ്ധ്യതയുണ്ട്...  എല്ലാം സോഫ്റ്റ്‌ വെയര്‍ വാങ്ങി പഠിച്ചോളാനാണ് നിര്‍ദേശം... ഇതിനു പിന്നില്‍ ഏതെങ്കിലും  സോഫ്റ്റ്‌ വെയര്‍ മാഫിയ ഉണ്ടോ എന്നു സംശയിക്കണം... എന്തെങ്കിലും വകുപ്പ് തലവന്മാരുടെ ചൊറികുത്തിയിരിക്കുന്ന മക്കള്‍ ഇജ്യാതി വല്ല സോഫ്റ്റ്‌ വെയറും ഇറക്കുന്നുണ്ടോയെന്നു വഴിയേ അറിയാം... കുട്ടികളുടെ പഠനാവശ്യത്തിനു ഇമ്മാതിരി ജീവികളെപ്പോലും ഉപയോഗിക്കാന്‍ പാടില്ലായെന്ന മണ്ടന്‍ ഉത്തരവിനെതിരെ പ്രതികരിക്കേണ്ടതാണ്.. ഈ സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഇനി കൊതുകിനെ കൊല്ലാന്‍ പാടില്ലായെന്ന ഉത്തരവും ഉടനെ പ്രതീക്ഷിക്കാം. ഡങ്കി, വൈറല്‍, മന്ത്, മലമ്പനി ഇവയെല്ലാം പരത്തുന്നത് കൊതുകാണെങ്കിലും കൊല ഒരു പാപമായതിനാല്‍ കുത്താന്‍ വരുന്ന കൊതുകിനെ അടിച്ചുകൊല്ലാതെ ഭക്തിഗാനങ്ങള്‍ കേള്‍പ്പിച്ച് പിന്തിരിപ്പിക്കുന്ന ഒരു സോഫ്റ്റ്‌ വയര്‍ ഉടനെ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കുന്നതായിരിക്കും,,, കൂടെ ഫ്രീയായി കൂറകളെക്കുറിച്ചുള്ള സോഫ്റ്റ്‌ വെയറും കൊടുക്കപ്പെടും..

 

Tuesday, November 26, 2013

രതിച്ചേച്ചിയും വനിതാവാര്‍ഡനും; കേരളം ആരുടെകൂടെ..??


 
വിദ്യാധരന്‍റെ  വ്യാകുലചിന്തകള്‍
  നവംബര്‍ ഒന്നിനായിരുന്നു ആദ്യത്തെ പിടുത്തം; നവംബര്‍ രണ്ടിനുതന്നെ  അടുത്ത ആക്രമണം നടന്നുവെങ്കിലും ആദ്യപിടുത്തത്തിന്‍റെ ലഹരിയില്‍ എല്ലാവരും രണ്ടാമത്തെ ആക്രമണം മറന്നുപോയി... ഒന്നാം പിടുത്തത്തില്‍ രാഷ്ട്രിയത്തിലെ ഒരു കുരുവും സിനിമാരംഗത്തെ ഒരു മെരുവും തമ്മിലായതിനാല്‍ ചത്തുമണ്ണടിഞ്ഞു കുഴിയില്‍ക്കിടന്നവന്‍വരെ എണിറ്റ് ടീവി-ക്ക് മുന്നിലിരുന്നു കാര്യങ്ങള്‍ പഠിച്ചു... വളര്‍ന്നുവരുന്ന തലമുറയ്ക്ക് പിടുത്തങ്ങള്‍ ഏതുവിധമെന്നു മനസിലാക്കാന്‍ ചാനല്‍ വിദഗ്ദ്ധരുടെ ചര്‍ച്ചകള്‍ ഒരു പരിധിവരെ സഹായിച്ചുവെന്നുവേണം കരുതാന്‍... അവയവങ്ങളുടെ ചലനങ്ങളിലെ വേലിയേറ്റങ്ങള്‍ ക്ലിപ്പുകളായി കാണിച്ചുകൊണ്ട് സംഭവത്തില്‍ കൊച്ചുകുട്ടികള്‍ക്ക് വരെ തീരുമാനമെടുക്കാന്‍ പാകത്തിലായിരുന്നു ചാനല്‍ അവതരണങ്ങള്‍... വാല്‍സല്യം കൂടുമ്പോള്‍ ഇങ്ങനെയും ചിലത് സംഭവിക്കും അതുകൊണ്ടല്പം മാറിനില്‍ക്കുന്നതായിരിക്കും ഉചിതമെന്ന്  മനസ്സിലാക്കേണ്ടവര്‍ക്ക് മനസിലാക്കാം......ആ സമയത്ത് പിടുത്തം നടന്നോ..? നടന്നെങ്കില്‍ എവിടെയാണ് പിടിച്ചത്?? പിടുത്തത്തിനു വിധേയമായി എന്നു പറയപ്പെടുന്ന നടി അനുഭവിച്ചത് ആനന്ദമോ ദുഖമോ..? അവരുടെ പൂര്‍വ്വകാല ചരിത്രം എന്താണ്..? രാഷ്ട്രിയത്തിലെ കുരുക്കള്‍ക്ക് പിടുത്തം അവകാശമല്ലേ...??. ഐ.പി.സി യിലും സി.ആര്‍.പി.സി യിലും എന്തൊക്കെ വകുപ്പുകള്‍ ഇതിനെതിരെയുണ്ട് തുടങ്ങിയ ചര്‍ച്ചകള്‍ ചാനലുകളിലും പത്രങ്ങളിലും തെളിഞ്ഞുവന്നു... കേരളിയസ്ത്രീത്വവും കേരളരാഷ്ട്രിയവും നേര്‍ക്കുനേരേ വന്നപ്പോള്‍  ഇപ്പപ്പൊട്ടുമെന്നു ധരിച്ച കാണികള്‍, എല്ലാ ജോലികളും മാറ്റിവെച്ച് ടീവിയ്ക്ക് മുന്നില്‍ ആസനസ്ഥരായി.... നമ്മുടെ എല്ലാ ഇടിവെട്ട് ചാനലുകളും പത്തുമിനിറ്റ് ഇടവിട്ട്‌ ഹോമിയോഗുളിക കഴിക്കുന്നതുപോലെ പിടുത്തത്തിന്‍റെ ദ്രശ്യങ്ങള്‍ കാണിച്ചുകൊണ്ടേയിരുന്നു.. ജനപ്രതിനിധി അപമാനിച്ചു ,കേസ് കൊടുക്കും, മുഖ്യമന്ത്രിയോട് പറയും, കളക്ടര്‍ നുണപറഞ്ഞു..തുടങ്ങിയ കേരളിയ തനിമയുള്ള പഴഞ്ചെല്ലുകള്‍ നടിയുടെ ഭാഗത്തുനിന്നും വന്നപ്പോള്‍ ,.. താന്‍ എല്ലാ സ്ത്രീകളെയും സഹോദരികളായും ചിലരെ മക്കളെപ്പോലെയുമാണ് കരുതുന്നതെന്നും, നടിയേ; തന്‍റെ ജനിക്കാതെപോയ മകളായി കണ്ടതുകൊണ്ടാണ് തൊട്ടുതടവിയതെന്നും രാഷ്ട്രിയകുരു വിശദികരണമിറക്കി.. കുരുവിനെ അനുകൂലിച്ചും നടിയെ അനുകൂലിച്ചും കേരളരാഷ്ട്രിയം രണ്ടുചേരിയായി തിരിയുന്ന കാഴ്ചയാണ് പിന്നിട് കണ്ടത്.. കോലംകത്തിക്കല്‍, പൂരപ്പാട്ട്, മുണ്ടുപറി, വഴിതടയല്‍, വാടാപോടാ വിളി, ജാഥ, ധരണ തുടങ്ങിയ പരമ്പരാഗത കേരളിയ പൈതൃകകലകളും ഇതോടനുബന്ധിച്ച് അരങ്ങേറുകയുണ്ടായി.. ഈ തഞ്ചത്തില്‍ സര്‍ക്കാര്‍  ഡീസലിനു വിലകൂട്ടിയതും , പച്ചക്കറി ഉള്ളി വിലകള്‍ വാണംപോലെ ഉയര്‍ന്നതും  ആരുമറിഞ്ഞില്ലയെന്നതാണ് സത്യം.. ചുമ്മാതൊന്നു കുനിഞ്ഞുനിവര്‍ന്നപ്പോള്‍ ചിലത് കാണാതായ അവസ്ഥ.... അരക്കെട്ട് പിടുത്തത്തില്‍ അണക്കെട്ട് എപ്പോ പൊട്ടുമെന്നും, എത്രത്തോളം വെള്ളം ഒഴുകുമെന്നും, ആരൊക്കെ ഒഴുക്കില്‍ പെടുമെന്നുമായിരുന്നു പ്രധാനചര്‍ച്ചകള്‍ അതിനിടയില്‍ എന്തു ഡീസല്‍ എന്തു പച്ചക്കറി.. എല്ലാം നമ്മുടെ രതിച്ചേച്ചിക്ക് വേണ്ടിയല്ലേ ........ എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ  അടിയന്തരാവസ്ഥ കഴിഞ്ഞാല്‍ കേരളത്തെ ശക്തിയായ ബാധിച്ച കൊല്ലത്തെ വള്ളംകളി പിടുത്തം അടച്ചിട്ട മുറിക്കുള്ളില്‍ നടത്തിയ ‘ചില്ലറ’ ചര്‍ച്ചകള്‍ക്കൊണ്ട് അലിഞ്ഞുതീര്‍ന്നു.. കണ്ണൂനീരും കരച്ചിലും പിഴിച്ചിലും അഭിനയത്തിന്‍റെ ഭാഗമായിരുന്നുവെന്നും അതല്ല ശാലുവിന്‍റെ ഒഴിവ് വന്ന സെന്‍സര്‍ ബോര്‍ഡ് കസേരയും ആദായനികുതിവകുപ്പിന്‍റെ റെയ്ഡ് എന്ന ഉമ്മാക്കിയുമാണ്‌ സംഭവം ഒതുക്കിത്തിര്‍ക്കാന്‍ കാരണമെന്നും കേള്‍ക്കുന്നു... ഏതായാലും കട്ടിലിനടിയിലും ബാത്‌റൂമിലുമൊക്കെ ക്യാമറയുമായി കാത്തുകിടന്ന ചാനലുകാരെയും, പൊട്ടലും ചീറ്റലും കണ്ട് രസിക്കാന്‍ കാത്തിരുന്ന കാണികളെയും അവാര്‍ഡ് സിനിമാ കാണാന്‍ പോയ പരുവത്തിലാക്കി... എനിക്ക് കുഴപ്പമില്ല കുഴപ്പമുണ്ടാക്കാന്‍ എന്നോട് സഹകരിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ വക ഞണ്ണി എന്നൊരു വാക്കും എഴുതി നടി രായ്ക്കുരാമാനം കേരളം വിട്ടു. രാഷ്ട്രിയക്കുരു പതിവ് ചിരിയുമായി ഗോദയിലിറങ്ങുകയും ചെയ്തു.  കളി കാണാന്‍ ടിക്കറ്റെടുത്ത് കാത്തിരുന്നവര്‍  ശശികളായി,,,,കൂടെ സംഗതി സംപ്രേക്ഷണം ചെയ്തു റേറ്റിംഗ് കൂട്ടാന്‍ നിന്നവര്‍ നിരാശരുമായി.. അങ്ങനെ നവംബറില്‍ നടന്ന ആദ്യപിടുത്തം ബോക്സോഫീസ്സില്‍ പൊളിഞ്ഞുപാളിസായി നവംബറിന്‍റെ നഷ്ടമെന്നരീതിയില്‍  ഒതുക്കപ്പെട്ടു.. പരിപാടിക്കിടയില്‍ സ്ത്രീത്വം അപമാനിക്കപ്പെട്ടോ..? സ്ത്രീ; പീഡനത്തിനു ഇരയായോ.?? എങ്കില്‍ പ്രതി ആരാണ്.?? പ്രതിക്കെതിരെ എന്തു നടപടി എടുത്തു..?? തുടങ്ങിയ ചോദ്യങ്ങള്‍ അന്തരിക്ഷത്തില്‍ അനാഥമായിക്കിടക്കുന്നു..

 ഒന്നാമത്തെ സംഭവം നടന്ന് പിറ്റേദിവസംതന്നെ സ്ത്രീത്വത്തിനു നേരെ മറ്റൊരാക്രമണം നടന്നു... കൊച്ചി കലൂരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ് വനിതാ ട്രാഫിക് വാര്‍ഡന്‍ ആക്രമിക്കപ്പെട്ടത്.. വാര്‍ഡനെ കടന്നുപിടിച്ച യുവാവ് നെഞ്ചില്‍ ആഞ്ഞിടിക്കുകയും യൂണിഫോറം വലിച്ചുകീറുകയും നെയിം പ്ലേറ്റ് പറിച്ചെറിയുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.. ഇവിടെ ആക്രമിക്കപ്പെട്ടത് പോലീസിന്‍റെ ഡ്യൂട്ടി ചെയ്ത സ്ത്രീയാണ്. ആക്രമണം പൊതുജനം നോക്കിനില്‍ക്കെയാണ് സംഭവിച്ചത്.. സ്ത്രീയുടെ മേലുള്ള ആക്രമണം,, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍ എന്നിങ്ങനെ കുറ്റകരമായ പലതുമുണ്ട് ഈ സംഭവത്തില്‍ .. എന്നിട്ട് എന്തോ ഉണ്ടായി..????? .ഒന്നും ഉണ്ടായില്ലായെന്നുമാത്രമല്ല ആക്രമിച്ച മാന്യന് കോടതിയില്‍നിന്നും മുന്‍‌കൂര്‍ ജാമ്യമെടുക്കാനുള്ള സൗകര്യം നമ്മുടെ പോലിസു തന്നെ ഒരുക്കിക്കൊടുക്കുകയും ചെയ്തു. അതിനായി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍പ്പോലും കൃത്രിമംകാണിച്ചു... നീതികിട്ടാതെവന്ന  വനിതാവാര്‍ഡന്‍ പത്രസമ്മേളനം നടത്തി; തനിക്കും കുടുംബത്തിനും പ്രതിയില്‍ നിന്നും സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുന്നു.. ഇവിടെയും; യൂണിഫോമില്‍ പത്രസമ്മേളനം നടത്തിയതിനു വാര്‍ഡന്‍റെ പേരില്‍ നടപടിയെടുക്കാനായിരുന്നു നമ്മുടെ പോലീസിനു തിടുക്കം.. അന്വേഷണം എങ്ങുമെത്താത്തതുകൊണ്ട് പരാതിയിപ്പോള്‍ ഐ ജി യുടെ മുന്‍പാകെ എത്തിയിരിക്കുന്നു.. സ്ഥലം എസ്.ഐ-യ്ക്ക് നടപടി എടുക്കാവുന്ന ഒരു കേസിന്‍റെ അവസ്ഥയാണിത്... എങ്ങനെയുണ്ട് നമ്മുടെ പോലീസിന്‍റെ സ്ത്രീകളോടുള്ള നീതിബോധം... വനിതാസെല്ലും വനിതാകമ്മിഷനുമെല്ലാം  സ്ത്രീകള്‍ക്കുവേണ്ടി അറിഞ്ഞുപ്രവര്‍ത്തിക്കുമ്പോഴാണ് ഒരു സ്ത്രീയെ ആക്രമിച്ചിട്ടും മുന്പ് ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന ആളെ നീതിമാനായി പോലിസ് കോടതിയില്‍ അവതരിപ്പിച്ചത്; അങ്ങനെ പ്രതിക്ക് മുന്‍‌കൂര്‍ ജാമ്യവും കിട്ടി.. നടിയുടെ മൊഴിയെടുക്കാന്‍ കൊച്ചിക്ക് വണ്ടിപിടിച്ചോടി അവരുടെ വീട്ടുപടിക്കല്‍ അനുമതിക്കായി കാത്തുകെട്ടിക്കിടന്ന പോലിസ് ഇവിടെ സഹപ്രവര്‍ത്തകയ്ക്കെതിരായി നടന്ന ആക്രമണത്തെ കണ്ടില്ലായെന്നുനടിക്കുന്നു.. എന്താണ് കാരണം.? ആദ്യ സംഭവത്തില്‍ കാണിച്ച ശുഷ്കാന്തി എവിടെപ്പോയി..........

 സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ തടയാന്‍ കാക്കത്തൊള്ളായിരം നിയമങ്ങളുള്ള നാടാണിത്..വശപ്പിശകോടെയുള്ള ഒരു നോട്ടം മതി അഴിയെണ്ണാന്‍.. പക്ഷെ ഈ നിയമങ്ങള്‍ ചാലിക്കണമെങ്കില്‍ ഒന്നുകില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീയൊരു സെലിബ്രിറ്റിയായിരിക്കണം...അല്ലെങ്കില്‍ അക്രമി വെറും ഏഴാംകൂലിയായിരിക്കണം..അതുമല്ലെങ്കില്‍ സീഡി ഇറക്കിയാല്‍ തലയില്‍ മുണ്ടിടെണ്ട ഏതെങ്കിലും പകല്‍മാന്യനായിരിക്കണം സംഭവത്തില്‍ പ്രതി... ഇതൊന്നുമില്ലാത്ത വെറും സാധരണ സ്ത്രീയാണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ നിയമത്തിന്‍റെ സംരക്ഷണം കിട്ടാന്‍ ബുധിമുട്ടായിരിക്കുമെന്ന്‍ ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.. മുഖ്യധാരയില്‍ ഇടപെടുന്ന സ്ത്രീകള്‍ക്ക് മാത്രമായി നിയമപരിരക്ഷ ഒതുങ്ങിയിരിക്കുന്നോ എന്നാണ് സംശയം...... പോലിസ്സേനയില്‍പ്പെട്ട ഒരു സ്ത്രീയുടെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണസ്ത്രീയുടെ അവസ്ഥ ആലോചിക്കാവുന്നാതെയുള്ളൂ.. സിനിമനടിക്ക് തോണ്ടല്‍ അനുഭപ്പെട്ടപ്പോള്‍ കേരളംമുഴുവന്‍ അതു വാര്‍ത്തയായി,, അത് കേരളത്തെ മൊത്തത്തില്‍ ബാധിക്കപ്പെട്ട പ്രശ്നമായി ചര്‍ച്ചചെയ്യപ്പെട്ടു. സാമൂഹ്യപരിഷ്ക്കര്‍ത്താക്കളും, രാഷ്ട്രിയക്കാരും, പ്രശ്നത്തില്‍ സജീവമായി ഇടപെടുന്നു... മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക ബുള്ളറ്റിന്‍ ഇറക്കുന്നു... പ്രതികരണ തൊഴിലാളികള്‍ സ്ത്രീത്വത്തിനു വേണ്ടി മുടിയാട്ടം നടത്തുന്നു... പക്ഷെ വനിതാവാര്‍ഡന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീവിമോചാനക്കാരും, കവിതയെഴുത്തുകാരും ,നടിക്കുവേണ്ടി തൊള്ളകീറിയ രാഷ്ട്രിയക്കാരും ചാനലില്‍മാത്രം വാ തുറക്കുന്ന പെണ്പുലികളുമൊന്നും വേണ്ടത്ര സജീവമായിക്കണ്ടില്ല.. നടിയുടെ വീടിനുമുന്നില്‍ പെറ്റുകിടന്ന  ഒരു ചാനലുകാരനും  ട്രാഫിക് വാര്‍ഡന്‍റെ വീട്ടില്‍ പോയില്ല.. അരക്കെട്ട് പിടുത്തവും, മുലയ്ക്കിട്ടു തോണ്ടലും, പിന്നെ നീലച്ചിത്ര സീഡികളും സംഭവത്തില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ കേരളിയന്‍റെ സ്ത്രീവിമോചനത്തിനു ഉദ്ദാരണം സംഭവിക്കുകയുള്ളൂവെന്ന അവസ്ഥയിലായി കാര്യങ്ങള്‍.. ഇതിനിടയില്‍ സാധരണ സ്ത്രീത്വം ഇന്നും വെറും വില്പനചരക്കുകള്‍ മാത്രമായി അവശേഷിക്കുന്നു..

Sunday, November 24, 2013

കസ്തൂരിയും പിന്നെ മാഫിയാകര്‍ഷകരും...?


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ഖനി ഉടമകളും, പാറമട മുതലാളികളും, മണല്‍ മാഫിയാ തലവന്മാരുമായ മലയോരകര്‍ഷകര്‍ക്ക്; നിലവില്‍ മറ്റു മാഫിയകള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്ന  ഒരാനുകൂല്യവും കൊടുക്കാതെ, അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട്, പശ്ചിമഘട്ടത്തിനായുള്ള സംരക്ഷണറിപ്പോര്‍ട്ടിന്‍റെ ആദ്യചുവട് പോലിസിലൂടെ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു...  റിപ്പോര്‍ട്ടിലെ വാക്കുകള്‍ത്തന്നെ കടമെടുത്താല്‍ “.......ശുപാര്‍ശകളും ചട്ടങ്ങളും നോട്ടിഫിക്കേഷനുകളും മറ്റും ഫലപ്രദമായി നടപ്പാക്കാന്‍ അടിത്തട്ടില്‍ പോലിസ് വകുപ്പിനെ കേന്ദ്രികരിച്ച് ഒരു നിര്‍വഹണ അതോരട്ടി രൂപവല്‍ക്കരിച്ചാല്‍ മതിയാകും............” ഈ പരിപാടി ഇപ്പോള്‍ തന്നെ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു.. അടിത്തട്ടില്‍ നിന്നുതന്നെ പോലിസ് അടി തുടങ്ങിയിരിക്കുന്നു...ഇരുട്ടിന്‍റെമറപറ്റി സമൂഹ്യദ്രോഹികള്‍ നടത്തിയ  അക്രമങ്ങള്‍ക്ക്; പകല്‍വെളിച്ചതില്‍ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ വീടുകേറി അറസ്റ്റുചെയ്യുകയെന്ന അടിയന്തരാവസ്ഥകാലത്തേ മഹത്തായ സാങ്കേതികവിദ്യയാണ് പോലിസ് പ്രയോഗിക്കുന്നത്... കൂട്ടിക്കൊടുപ്പിന്‍റെയും കൂടെക്കിടപ്പിന്‍റെയും സീഡി-കളൊന്നും കൈവശമില്ലാത്തതിനാല്‍ കള്ളക്കേസുകളില്‍നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ ഒരു നേതാക്കള്‍ക്കും താല്പര്യവുമില്ല... നാളേയ്ക്ക് തൂമ്പായെടുത്തു മണ്ണിലേക്കിറങ്ങാനുള്ള മലയോരഗ്രാമങ്ങളിലെ  സകല യുവാക്കളുടെയും കൂമ്പുകലക്കി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒക്കെയും ചുമച്ചുകൊരച്ച് ക്ഷയംപിടിച്ചു ചാകാനുള്ള രീതിയിലാണ്‌ പോലിസ് ക്രമസമാധാനം നടപ്പാക്കുന്നത്.. ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയോരകര്‍ഷകര്‍ എന്നത് വംശനാശം വന്നുപോയ്ക്കോളും.. മക്കള്‍ക്ക് മാതാപിതാക്കളുതന്നെ ചിതയൊരുക്കേണ്ട രീതി നടപ്പിലാക്കുന്ന സര്‍ക്കാരിനെ ഓര്‍ക്കാതെ വയ്യ.. എല്ലാ പരിസ്ഥിതി തീവ്രവാദികള്‍ക്കും സന്തോഷംകിട്ടാന്‍ ഇനിയെന്തുവേണം.... ചോദ്യംചെയ്യാനായി വിളിച്ചുവരുത്തി ഭേദ്യംചെയ്തു മൂത്രംപോകാതെ കിടക്കുന്ന സഹോദരങ്ങള്‍ക്കും; പട്ടാപ്പകല്‍ സമാധാനപരമായി നടന്ന പ്രതിഷേത്തില്‍ പങ്കെടുത്ത് പോലീസിന്‍റെ  വീഡിയോയില്‍ പതിഞ്ഞു ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ക്കും; പോലീസിന്‍റെ തല്ലുകൊണ്ട് ദേഹംതളര്‍ന്ന മക്കള്‍ക്ക് കഷായവും മരുന്നും അരയ്ക്കാന്‍ തുടങ്ങിയ എല്ലാ കര്‍ഷകമാതാപിതാക്കള്‍ക്കും ഇനിയുള്ളകാലം കരള്‍ പിളരും കാലം തന്നെയായിരിക്കുമെന്നതില്‍  സംശയമില്ല... വിധിയുടെ ബലിമൃഗങ്ങളെന്ന ലേബലും തൂക്കി, തല്ലുകൊണ്ട് ചതഞ്ഞ മക്കളുടെ ദേഹം സ്ട്രെച്ചറില്‍ തള്ളി വല്ലതും തരണേയെന്നു വിലപിക്കാന്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇനിയും തുടരും,,,, നിങ്ങളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളും, അടിച്ചുതകര്‍ക്കപ്പെട്ടെ മക്കളുടെ ശരീരവും  മാധ്യമങ്ങള്‍ക്ക് നല്ലൊരു വാര്‍ത്തയും സമ്മാനിക്കും...

  ഗാട്ഗില്‍, കസ്തൂരി റിപ്പോര്‍ട്ടുകളോടുകൂടി പശ്ചിമഘട്ടം ഏതാണ്ട് മുഴുവനായും സംരക്ഷിക്കപ്പെടും...അക്കാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട. ആകെയൊരു ശല്യമായി നില്‍ക്കുന്നത് കര്‍ഷകപ്രതിഷേധങ്ങളാണ്..അതും അടിച്ചൊതുക്കിവരുന്നു... മണല്‍, ക്വാറി, പാറ മാഫിയകള്‍ക്കാണ് റിപ്പോര്‍ട്ട് പ്രശ്നമെന്നു പറയുന്നുണ്ടെങ്കിലും പ്രതിഷേധം നടത്തിയ വകയില്‍ ഒരു മാഫിയ മുതലാളിയെയും ഇതുവരെയും അറസ്റ്റ് ചെയ്തുകണ്ടില്ല... പിടിയിലായതും തല്ലുവാങ്ങുന്നതും ജയിലില്‍കിടക്കുന്നതും അത്താഴപ്പട്ടിണിക്കാരന്‍ തന്നെയാണ്...ഗട്ഗില്‍, കസ്തൂരി റിപ്പോര്‍ട്ടുകള്‍ കര്‍ഷകര്‍ക്ക് എതിരെയല്ല.... പിന്നെ ആര്‍ക്കെതിരെയാണ്.? ക്വാറി, ഖനനം, മണലൂറ്റ്, താപനിലയം, വന്‍കിട ഫാക്ടറികള്‍ എന്നിവയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അവയെ മാത്രം പരാമര്‍ശിച്ചാല്‍ പോരെ...സ്വകാര്യഭൂമി കാട് പിടിപ്പിക്കണമെന്ന് പറയണോ?... കൂരവയ്ക്കാനും കേന്ദ്രവനം വകുപ്പ് കനിയണം എന്നു പറയണമോ..?. ചെറുകിടകര്‍ഷകരെയും മലയോരമേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ എന്തിനതില്‍പ്പെടുത്തി... എല്ലാ അടിസ്ഥാനവികസനപദ്ധതികളും ഇനിമുതല്‍ ക്ലിയറന്‍സ് വാങ്ങി മാത്രമേ തുടങ്ങനാവൂ എന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്,, സ്വകാര്യ ഭൂമിയില്‍ കൃഷിയല്ല; വനവല്‍ക്കരണമാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു... വളരെ തന്മയത്വത്തോടെ ഗോപ്യമായി കുടിയേറ്റമേഖലയില്‍ യാതൊരു വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് റിപ്പോര്‍ട്ട് പറയുന്നു... കൃഷിഭൂമിയിലും വനമാക്കണമെന്ന്‍ നിര്‍ദേശിക്കുമ്പോള്‍ ..തനിയെ ഒരു ഒഴിഞ്ഞുപോക്ക് അതാണ്‌ റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നതെന്ന് വ്യക്തം...

  പ്രതിഷേധങ്ങളില്‍ പോലിസ് രെജിസ്ടര്‍ ചെയ്ത കേസുകളിലൊന്നും ഖനി, പാറമട, മണലൂറ്റ് മാഫിയകള്‍ പെട്ടിട്ടില്ല ..പെട്ടതെല്ലാം സാധരണ കര്‍ഷകര്‍ മാത്രം.. മാത്രമല്ല പരിസ്ഥിതിപ്രാധാന്യമുള്ള പല പ്രദേശങ്ങളും റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവായി....മാധ്യമങ്ങള്‍തന്നെപറയുന്നു ‘നാമമാത്ര കരിങ്കല്‍ ക്വാറികളുള്ള കോഴിക്കോട് ജില്ലയിലെ എട്ട് വില്ളേജുകളെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഡസന്‍ കണക്കിന് ക്വാറികളും മലമ്പ്രദേശങ്ങളുമുള്ള വില്ലേജുകളും ഒഴിവാക്കപ്പെട്ടിരിക്കുന്നു... എണ്ണത്തിലും വലുപ്പത്തിലും കൂടുതല്‍ ക്വാറികളുള്ള കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി തുടങ്ങി ചില വില്ലേജുജുകളെ പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഒഴിവാക്കിയതിനു പിന്നില്‍ വനം-ക്വാറി-രാഷ്ട്രീയ മാഫിയകളുടെ ഇടപെടല്‍ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലകളായ 123 വില്ലേജുജുകളില്‍ എട്ടെണ്ണം കോഴിക്കോട് ജില്ലയിലാണ്. ഇതില്‍ കെടവൂരില്‍ രണ്ടും പുതുപ്പാടി-നെല്ലിപ്പൊയില്‍-കോടഞ്ചേരി വില്ലേജുകളില്‍ ഓരോന്നും തിരുവമ്പാടിയില്‍ രണ്ടും ചെമ്പനോടിലും കാവിലുമ്പാറയിലും നാലു വീതവും തിനൂരില്‍ രണ്ടും ലൈസന്‍സുള്ള ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ് വില്ലേജ് ഓഫിസുകളിലെ രേഖകള്‍. അതേസമയം, തിരുവമ്പാടിയോട് ചേര്‍ന്നുകിടക്കുന്ന കൂടരഞ്ഞി വില്ലേജിജില്‍ പത്തും കൊടിയത്തൂരില്‍ 16ഉം കാരശ്ശേരിയില്‍ 20ഉം മുക്കത്ത് അഞ്ചും കട്ടിപ്പാറയില്‍ ഏഴും ഓമശ്ശേരിയില്‍ രണ്ടും ക്വാറികള്‍ക്ക് ലൈസന്‍സുള്ളതായി രേഖകള്‍ പറയുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്വാറികളുള്ള കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി വില്ലേജുജുകളെ ഒഴിവാക്കിയിരിക്കുന്നു... കൊടിയത്തൂര്‍ പഞ്ചായത്തിലെ റീസര്‍വേ 172ല്‍ പെട്ട ക്വാറികള്‍ അത്യന്തം അപകടകരമായ നിലയിലാണെന്ന് ബംഗളൂരുവിലെ മൈന്‍സ് സേഫ്റ്റി ഡയറക്ടര്‍ 2011ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലൈസന്‍സ് നേടിയതിന്‍റെ നൂറിരട്ടിയിലധികം കരിങ്കല്‍ ഖനനം ചെയ്യുന്നത് പ്രദേശത്ത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറും ജില്ലാ ജിയോളജിസ്റ്റും ഈ റിപ്പോര്‍ട്ടിന്മേല്‍  ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവായിക്കിട്ടാന്‍ വന്‍കിട ക്വാറി മാഫിയകള്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞതായി പറയുന്നു. കാര്യമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത ആറ് വില്ലേജുജുകളിലെ ജനങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രക്ഷോഭം നടത്തി പൊലീസ് നടപടി നേരിട്ടുകൊണ്ടിരിക്കെ, കാരശ്ശേരി-കൊടിയത്തൂര്‍ അടക്കം വില്ലേജുജുകളില്‍ തകൃതിയായ കരിങ്കല്‍ ഖനനം തുടരുകയാണ്’. കണ്ണൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മൂന്ന് പഞ്ചായത്തുകളാണ് കൊട്ടിയൂര്‍, ആറളം, ചെറുവാഞ്ചേരി എന്നിവയാണത്. ഇതില്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ എന്തു മാഫിയയാണ് പ്രവര്‍ത്തിക്കുന്നത്...കസ്തൂരി അവിടെക്കണ്ട ക്വാറ പാറമട മണല്‍ മാഫിയകള്‍ ഏതാണെന്ന് ഇപ്പോഴും വ്യക്തമല്ല ഇരുപതിനായിരത്തില്‍ അധികം വിസ്തീര്‍ണ്ണം കാണിക്കുന്ന കെട്ടിടങ്ങളായി പറയാവുന്നത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നോ രണ്ടോ സ്കൂളുകള്‍ മാത്രമാണ്... സര്‍ക്കാര്‍ കണക്കിലുള്ളതിനേക്കാള്‍ വനമുള്ള മേഖലയാണിത്...  കണ്ണവം ഫോറസ്റ്റ്നോട്‌ ചേര്‍ന്നുകിടക്കുന്ന കോളയാട് പഞ്ചായത്തുപോലും  റിപ്പോര്‍ട്ടിന് പുറത്താണ്...റിസോട്ട് മാഫിയ പിടിമുറുക്കിയിരിക്കുന്ന വാഗമണ്‍ കസ്തൂരി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നില്ല.. എന്നതും ശ്രദ്ധേയമാണ്.. ചുരുക്കത്തില്‍ മാഫിയാകളുടെ പ്രവര്‍ത്തനം നടക്കുന്ന പഞ്ചായത്തുകളും പ്രദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് രസകരം.. ഇങ്ങനെ നിരോധിക്കേണ്ട ചൂഷണങ്ങള്‍ നിര്‍ബാധം തുടരാന്‍ അനുവദിച്ചുകൊണ്ട് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് പശ്ചിമഘട്ടസംരക്ഷണത്തെക്കാള്‍ ചിലരുടെയൊക്കെ കീശ വീര്‍പ്പിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി..

 കസ്തൂരി റിപ്പോര്‍ട്ടില്‍ത്തന്നെ പറയുന്നു റിമോട്ട് സെന്‍സിംഗ് ഉപയോഗിച്ചാണ്‌ പ്രദേശങ്ങളെ തരംതിരിച്ചതെന്ന്... ഇത്രയധികം ജനങ്ങളെ ബാധിക്കുന്ന ഇത്തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കുമ്പോള്‍ പ്രദേശവാസികളെ കാണാനോ പ്രസ്തുതസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനോ കമ്മീഷന്‍ തയ്യാറായില്ല എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. റിമോട്ട് സെന്സിങ്ങില്‍ പച്ചപ്പ് നിറഞ്ഞതൊക്കെയും റിപ്പോര്‍ട്ടില്‍ വനമായി എഴുതിയെന്നു ചുരുക്കം.. ഇങ്ങനെ കര്‍ഷകന്‍റെ കൃഷിഭൂമിയും ജൈവസമ്പത്ത്‌ നിറഞ്ഞതാണെന്ന റിപ്പോര്‍ട്ട് സമ്മതിക്കുമ്പോള്‍ കര്‍ഷകര്‍ തങ്ങളുടെ കൈവശമുള്ള ഭൂമിയെ ജൈവസമ്പത്ത്‌ നിറഞ്ഞതാക്കി സൂക്ഷിക്കുന്നുവെന്നു വ്യക്തം.. പിന്നെ എന്തിനാണ് ചൂഷണ മാഫിയകള്‍ക്ക് ബാധകമായ നിയമങ്ങള്‍ കര്‍ഷകന്‍റെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്..നൂറില്‍താഴെ ജനസാന്ദ്രതയെന്ന കണക്കും തെറ്റാണ് ഈ പ്രദേശങ്ങളിലെ ജനസാന്ദ്രത ഇരുനൂറീനടുത്താണ്.... റിപ്പോര്‍ട്ടില്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും തുറന്നുസമ്മതിക്കുന്നു അങ്ങനെയെങ്കില്‍ കര്‍ഷകരുടെ പ്രതിഷേധം ന്യായമല്ലേ....

 എന്താണ് ഈ റിപ്പോര്‍ട്ടുകളുടെ പിന്നിലുള്ള ഗൂഡലക്ഷ്യം...പരിസ്ഥതി സംരക്ഷണം എന്നതിനേക്കാളുപരി പശ്ചിമഘട്ടത്തെ യുനസ്കോയുടെ ലോക പൈതൃക ലിസ്റ്റില്‍പ്പെടുത്താനും അതുവഴി കണക്കില്ലാതെ ചിലവഴിക്കാവുന്ന കോടികള്‍ പോക്കറ്റിലാക്കാനും തട്ടിക്കൂട്ടിയ ഒരു റിപ്പോര്‍ട്ടാണിത്... ഇത്തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ പരിഗണിക്കേണ്ട  പൊതുജനാഭിപ്രായം  മനസ്സിലാക്കാന്‍, സര്‍ക്കാര്‍ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ബോധവല്കരിക്കണവും ഗ്രാമസഭകള്‍വഴി നടത്താതെ നാളിതുവരെ ഒളിച്ചുകളിക്കുകയായിരുന്നു... ഇപ്പോള്‍ പറയുന്നതുപോലെ ഗാട്ഗില്‍ റിപ്പോര്‍ട്ടല്ല കസ്തൂരിയാണ് പരിഗണിക്കുന്നതെന്ന് പറയുന്നതും ഇതിന്‍റെ ഭാഗമാണ്...യാഥാര്‍ത്ഥത്തില്‍ ഗട്ഗില്‍ റിപ്പോര്‍ട്ടാണ് വിദഗ്ദസമിതി റിപ്പോര്‍ട്ട്. കസ്തൂരി അതിന്മേല്‍ നടത്താനുള്ള തുടര്‍നടപടികള്‍ നിര്‍ദേശിക്കാന്‍ നിയമിച്ചിട്ടുള്ള ഒരു സമിതി മാത്രമാണ്... മാത്രമല്ല  യുനസ്ക്കോ പശ്ചിമഘട്ടത്തെ ലോകപൈതൃകലിസ്റ്റില്‍പ്പെടുത്താനുള്ള ഇന്ത്യയുടെ അഭ്യര്‍ഥന അംഗികരിച്ചിരിക്കുന്നത്‌ ഗാട്ഗില്‍ റിപ്പോര്‍ട്ട് കണക്കാക്കിയാണ്...അതായത് ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടത് ഇന്ത്യയുടെ കടമയാണ്...അതുകൊണ്ട് ഗാട്ഗില്‍റിപ്പോര്‍ട്ട് തന്നെയാണ് പശ്ചിമഘട്ടത്തില്‍ വസിക്കുന്ന കര്‍ഷകര്‍ക്ക് ബാധ്യതയാവുന്നത്... ഇതില്‍ പ്രസ്തുത പ്രദേശങ്ങളില്‍ വസിക്കുന്ന ജനതയുടെ ഒരു അഭിപ്രായശേഖരണവും നടത്തിയിട്ടില്ല...ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താതെ ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നോക്കുന്നത് പരിസ്ഥിതി സ്നേഹം കൊണ്ടൊന്നുമല്ല ഫണ്ട് തട്ടാനുള്ള ഇടപാടുകള്‍ മാത്രമാണ്..പശ്ചിമഘട്ടത്തിലെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള വന്യജീവി കടന്നുകയറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് മിണ്ടുന്നില്ല... ഇപ്പോള്‍ത്തന്നെ വന്യജീവി ഇടനാഴിയെന്നപേരില്‍ ആനയും കടുവയും സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ ഏറ്റെടുക്കാനുള്ള തുടര്‍നടപടികള്‍ക്കായി വര്‍ഷാവര്‍ഷം കോടികളാണ് ചിലവഴിക്കുന്നത്..ഈ പണത്തിന്റെ ചിലവാക്കല്‍ ഒട്ടും സുതാര്യമല്ല..ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന  ആനയും കടുവയും കാട്ടില്‍ പട്ടിണിയായതുകൊണ്ട് നാട്ടിലിറങ്ങി വിളകള്‍ നശിപ്പിക്കുന്നു... കാടുവളര്‍ത്താന്‍ യൂക്കാലിയും അക്കേഷ്യയും തേക്കുമാണ് നമ്മുടെ വനംവകുപ്പ് ഇപ്പോഴും നട്ടുകൊണ്ടിരിക്കുന്നത്.. ആനത്താരപദ്ധതിയുടെ ഭാഗമായി 1994 വിലയിട്ട സ്ഥലത്തിനു കര്‍ഷകാന് പണം നല്‍കിയത് 2012-ലാണ് പതിനെട്ടു വര്‍ഷം മുന്പ് കണക്കാക്കിയ വിലയാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഭൂമിക്ക് കൊടുത്തത്.. അധികൃതരുടെ വാക്കു വിശ്വസിച്ച് ഭൂമിവിട്ടുകൊടുത്ത കര്‍ഷകര്‍ ഇന്ന് നാമമാത്ര തുകയുമായി പകരം ഭൂമിവാങ്ങാന്‍ കഴിവില്ലാതെ കുടിയിറക്കപ്പെട്ടു.. ഇത് വഞ്ചനയുടെ ഒരു മുഖം മാത്രമാണ്... ആനത്താരയായി ഏറ്റെടുത്ത സ്ഥലങ്ങള്‍ക്ക് കൃത്യമായ സംരക്ഷണവേലി തീര്‍ക്കാത്തതിനാല്‍ അതിനോട് ചേര്‍ന്നുകിടക്കുന്ന കൃഷിഭൂമിയും വിളകളും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നു..ചുരുക്കത്തില്‍ നിലവിലുള്ള കൃഷിഭൂമിയും വനഭൂമിയാക്കാനുള്ള വനംവകുപ്പിന്‍റെ ഗൂഡശ്രമമല്ലേ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. വന്യജീവികളില്‍ നിന്ന് രക്ഷനേടാന്‍ വനംവകുപ്പ് കര്‍ഷകര്‍ക്ക് കൊടുത്തിട്ടുള്ള സംരക്ഷണമാര്‍ഗം വെറും ഓലപ്പടക്കങ്ങള്‍ മാത്രമാണ്.. അത് കത്തിച്ച് കൈയ്യിലിരുന്നു പൊട്ടി കൈപോയ കര്‍ഷകരും നിരവധിയാണ് ..അങ്ങനെ കുടുംബങ്ങളെ ഓരോന്നായി പെരുവഴിയിലാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു... വന്യജീവി സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വകയിരുത്തുന്ന കോടികള്‍ എവിടെയോപോയി മറയുന്നു..കര്‍ഷകരേന്ന അടിസ്ഥാനവര്‍ഗ്ഗം തെരുവിലേക്ക് എറിയപ്പെടുന്നു... റിപ്പോര്‍ട്ട് വന്നതിനുശേഷം മലയോര മേഖലയില്‍ സ്ഥലം രെജിസ്ടര്‍ ചെയ്യുന്നതും നികുതി പിരിക്കുന്നതും പുനസ്ഥാപിക്കാന്‍ സര്‍ക്കാരിനു ഉത്തരവ് ഇറക്കേണ്ടിവന്നു.. റിപ്പോട്ട് കര്‍ഷകരെ ബാധിക്കില്ല എന്നു പറയുന്നതില്‍ കാര്യമില്ല..പല മേഖലകളിലും ബാധിക്കല്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം...

 ഇനി ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ ആത്മാര്‍ത്ഥത പരിശോധിച്ചാല്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാവരുത് എന്നതു തന്നെയാണ് ഗാട്ഗിലും കസ്തൂരിയും സര്‍ക്കാരും ആഗ്രഹിക്കുന്നതെന്നു വ്യക്തം.. കാരണം പരിസ്ഥതി ആഘാതം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം നിരോധിക്കെണ്ടാതിനു പകരം ഒരു പ്രദേശത്തെയും ആ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാരായ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.. ഖനി, ക്വാറി, മണല്‍ മാഫിയാകളുടെ കൂടെത്തന്നെ കര്‍ഷകരെയുംപെടുത്തി.. തന്‍റെ കൃഷിഭൂമിയിലുള്ള അവകാശം നഷ്ടപ്പെടുമ്പോള്‍ സ്വാഭാവികമായും കര്‍ഷകര്‍ പ്രതികരിക്കും... ആ പ്രതിഷേധത്തെ മറയാക്കി റിപ്പോര്‍ട്ട് മാറ്റി വയ്പ്പിക്കാമെന്ന് മാഫിയകള്‍ക്ക് വേണ്ടി ആരോ കണക്ക് കൂട്ടിയിരിക്കുന്നുവെന്നു വ്യക്തം..തെറിയെല്ലാം കര്‍ഷകര്‍ക്കും ഗുണമെല്ലാം മാഫിയകള്‍ക്കും...പോത്തിനെ ചാരി എരുമയ്ക്കിട്ടു വെട്ടുന്ന ഈ ഇടപാടില്‍ മാഫിയാകളുടെ കൈയ്യില്‍നിന്നും ആരൊക്കെ പണംപറ്റി എന്നതും അന്വേഷിക്കേണ്ടതാണ്...ഇരുപതിനായിരം ചാതുരശ്ര മീറ്ററിലധികംവരുന്ന കെട്ടിടങ്ങളെല്ലാം  എന്നതുകൊണ്ട് മേഖലയിലെ  സ്കൂളുകള്‍, കോളേജുകള്‍ ,ആശുപത്രികള്‍ എന്നി ജനോപകാരപ്രദമായ അടിസ്ഥാനകാര്യങ്ങളെ നിരോധിക്കുക വഴി പ്രസ്തുതമേഖലകളില്‍ ജനവികാരം ഇളക്കി മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കുകയെന്നതാണ് റിപ്പോര്‍ട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.. മാത്രമല്ല റിപ്പോര്‍ട്ടിനെതിരെ കള്ളപ്രചരണം അഴിച്ചുവിടുന്നുവെന്നു സര്‍ക്കാരും പരിസ്ഥതിതീവ്രവാദികളും പറയുമ്പോള്‍ സാധരണ ജനങ്ങള്‍ക്ക് മനസിലാകും വിധത്തില്‍ റിപ്പോര്‍ട്ടിന്റെ മാതൃഭാഷ വിവര്‍ത്തനം തയ്യാറാക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അലംഭാവം കാണിച്ചു... പരിസ്ഥതിസ്നേഹത്താല്‍ വല്ലാതെ വീര്‍പ്പുമുട്ടുന്ന കേന്ദ്രവനം പരിസ്ഥതി മന്ത്രാലയം എല്ലാ എതിര്‍പ്പുകളും മറികടന്നുകൊണ്ട്‌ പരിസ്ഥിതി ലോലപ്രദേശവും പൈതൃകഗ്രാമവുമായ ആറന്മുളയില്‍ വിമാനത്തവളമടക്കമുള്ള ഹൈടെക് സിറ്റിക്ക് ധൃതിപിടിച്ച് അനുമതി കൊടുത്തതും ശ്രദ്ധിക്കേണ്ടതാണ്... കാതികൂടത്ത് നീറ്റജലാറ്റിന്‍  കമ്പനി, ആലുവയിലെ വ്യവസായ മാലിന്യത്താല്‍ നശിക്കുന്ന മണ്ണും ജലസമ്പത്തും,, കയ്യേറ്റംകൊണ്ട് നശിക്കുന്ന കായലോരങ്ങള്‍,അനുദിനം പരിസ്ഥതി മലിനീകരണത്താല്‍ നശിക്കുന്ന ശുദ്ധജല സ്രോതസ്സുകളായ പമ്പയും, പെരിയാറും, ശാസ്താംകോട്ട കായലും, മണലൂറ്റുകൊണ്ട് നശിക്കുന്ന ഭാരതപ്പുഴയും മറ്റു പുഴകളും ഇവയൊന്നും പരിസ്ഥതി തീവ്രവാദികളും സര്‍ക്കാരും കാണുന്നില്ല. .ഒരു റിപ്പോര്‍ട്ടും ഇവയുടെ കാര്യത്തില്‍  നടത്തികണ്ടില്ല. ക്വാറി,, ഖനനം മണലൂറ്റ് തുടങ്ങിയ മുട്ടുന്യായങ്ങള്‍ പറഞ്ഞുകൊണ്ട് പശ്ചിമഘട്ടത്തിലെ പരിസ്ഥിത്യ്ക്ക് കോട്ടം വരുത്താതെ മണ്ണില്‍ പൊന്നുവിളയിക്കുന്ന മലയോരകര്‍ഷകരെ മുഴുവന്‍ പരിസ്ഥതി നശിപ്പിക്കുന്ന മാഫിയകളെന്നു വിളിക്കുന്നവര്‍തന്നെ  ജെസീറയെപ്പോലുള്ളവര്‍ തീരദേശ മണലൂറ്റിനെതിരെ സമരംനടത്തുമ്പോള്‍ അതിനെ പരിഹസിക്കുന്നുവെന്നതാണ് വേറൊരു വിരോധാഭാസം... മലയോരകര്‍ഷകരെ പരിസ്ഥിയുടെ പേരുപറഞ്ഞു പെരുവഴിയിലാക്കാന്‍ ശ്രമിക്കുന്നവര്‍ എന്തേ പരിസ്ഥിതിചൂഷണം കാരണം കിടപ്പാടം നഷ്ടപ്പെട്ട ജസീറയുടെ രോധനം കേള്‍ക്കാത്തത്.. അവിടെ ഇവര്‍ എന്തുകൊണ്ട് മണലൂറ്റ് മാഫിയയ്ക്കൊപ്പം നില്‍ക്കുന്നു..?/ മറ്റൊരിടത്തും കാണിക്കാത്ത ഈ പരിസ്ഥതിസ്നേഹം പശ്ചിമഘട്ടത്തോട് മാത്രം കാണിക്കുമ്പോള്‍ അവിടെ പാര്‍ക്കുന്ന സാധരണജനങ്ങളെ മാഫിയയുടെ പേര് പറഞ്ഞു ആക്രമിക്കുമ്പോള്‍..ഈ പശ്ചിമഘട്ടസംരക്ഷണം എന്നപേരില്‍ അളവില്ലാതെ ധൂര്‍ത്തടിക്കാവുന്ന വമ്പിച്ച പണത്തിന്മേലാണ് പരിസ്ഥതി തീവ്രവാദികളുടെയും സര്‍ക്കാര്‍ നേതാക്കന്മാരുടെയും കണ്ണെന്നു നിസ്സംശയം പറയാം...  

Thursday, November 14, 2013

ബലാല്‍സംഗം ചെയ്യപ്പെട്ടെങ്കില്‍ ആസ്വദിച്ചു കിടന്നോളൂ....


 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ലോകത്തുള്ള സകല തുക്കടാസാധനങ്ങളും ജനമനസ്സില്‍ കയറിക്കൂടാന്‍ പ്രയോഗിക്കുന്ന എളുപ്പവഴിയാണ് പരസ്യവാചകങ്ങള്‍... ബോയ്‌ എവിടെയുണ്ടോ അവിടെയാണരോഗ്യം.. പൊക്കം കൂട്ടാന്‍ ഇതുകഴിക്കൂ, തൂക്കം കൂട്ടന്‍ അതുകഴിക്കൂ, സകലവേദനകള്‍ക്കും പരിഹാരം, കുതിര ശക്തികിട്ടാന്‍ പവര്‍ എക്സ്ട്രാ കഴിക്കൂ..ഐശ്വര്യംവരാന്‍ സ്വര്‍ണ്ണംവാങ്ങൂ, അങ്ങനെ പോകുന്നു.. വായനക്കാരുടെ എണ്ണംകൂട്ടാന്‍ സകല പരസ്യങ്ങളും പതിപ്പിക്കുന്ന പത്രങ്ങളുവരെ എണ്ണംകൂടിയെന്നു പരസ്യംചെയ്യുന്നു... ചാനലുകാരാണെങ്കില്‍  ‘ആ’ സമയത്ത് നമ്മ ചാനല്‍ മറ്റവരേക്കാള്‍ ‘ദേ’ ഇത്രയും മുന്നിലെന്നു പറഞ്ഞു ഗ്രാഫ് വരച്ചുകാണിക്കുന്നു...അങ്ങനെ പരസ്യവാചകങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ലോകത്ത് നമ്മുടെ സി ബി ഐ യും പിന്നോട്ടല്ല.. നേരറിയാന്‍ സി ബി ഐ, വീണ്ടും സി ബി ഐ,,,, തുടങ്ങി എവിടെ പീഡനംനടന്നോ അവിടെ സി ബി ഐ എന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയതാണ്... സിനിമയില്‍ മമ്മൂട്ടിയായിരുന്നു സി ബി ഐ യുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍... കൊലപാതകം നടക്കുന്നു.. മിക്കവയിലും വെറും കൊലപാതകമോ, പീഡനത്തോടുകൂടിയ കൊലപാതകമോവാണ് വിഷയങ്ങള്‍,, എല്ലാത്തിലും പൊതുവായി സ്ത്രീകളുടെ മരണംകാണും... ലോക്കല്‍ പോലീസും രാഷ്ട്രിയക്കാരും ഒതുക്കുന്ന കേസുകള്‍ സി ബി ഐ തെളിയ്ക്കുന്നു... അവസാനം നാട്ടുകാരുടെ കൈയ്യടി വാങ്ങി തിരിച്ചുപോകുന്നു.. അങ്ങനെ ----------------‘നേരറിയണോ സി ബി ഐ-യെ വിളിക്കൂ’------- എന്ന പരസ്യവാചകം ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്നു... എന്നാല്‍ ഇപ്പൊ കാലത്തിനൊത്തു സി ബി ഐ യും കോലം മാറിയിരിക്കുന്നു... പീഡനക്കാരുടെ എണ്ണം മഹാഭൂരിപക്ഷമായപ്പോള്‍ സി ബി ഐ ചുവടുമാറ്റി പീഡനക്കാരോടൊപ്പം നില്‍ക്കുന്നു..പോരാത്തതിന് പീഡനത്തിനു മുന്‍പന്തിയിലണേല്‍ നേതാക്കളുമായ സ്ഥിതിയ്ക്ക്  പരസ്യവാചകമൊന്നു മാറ്റിയെഴുതി... ‘ഓരോ പീഡനവും ഒഴിവാക്കരുത്, അനുഭവിക്കൂ, ആസ്വദിക്കൂ, ജീവിതം സുഖകരമാക്കൂ..’ ഇതാണിപ്പോളത്തെ പരസ്യവാക്യം....

 ‘ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു.....ചെയ്യപ്പെട്ടോ എങ്കില്‍ ആസ്വദിച്ചു കിടന്നോളൂ..’ ഇത് ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള പഴഞ്ചെല്ലാണുപോലും.. ആരും ഇതുവരെ കേള്‍ക്കാത്ത പഴഞ്ചെല്ല്... ബലാല്‍സംഗം തടയാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആസ്വദിക്കുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞത്; മീന്‍ വില്‍ക്കുന്ന പോക്കറോ, തെങ്ങ് കയറുന്ന നാണുവോ അല്ല,, പരമുനായരുടെ ചായക്കടയില്‍ വെടിവെട്ടം പറഞ്ഞിരിക്കുന്ന സമയംകൊല്ലികളോ അല്ല,,, പ്രത്യുതാ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയെന്നു പറയപ്പെടുന്ന സി.ബി.ഐ-യുടെ തലവന്‍ രഞ്ജിത് സിന്‍ഹയാണ് .അതുകൊണ്ടുതന്നെ ആ പറച്ചിലിന് പ്രാധാന്യവുമുണ്ട്. സുപ്രധാന ചുമതലകള്‍ വഹിക്കുന്നവര്‍, ആന്റീന അമ്മിണിയെപ്പോലെ വികിടത്തരങ്ങളുപറയാന്‍ വായ്‌ തുറന്നാല്‍ അതുകേവലം ക്ഷമാപണത്തില്‍ തീരുന്ന കാര്യമല്ല..പ്രകാശം പരത്തുന്നവന്മാര്‍ എല്ലാ മേഖലയിലും വ്യാപരിക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടെണ്ട കാര്യമാണ്.. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ഈ വ്യവസ്ഥിതിയോട് പുശ്ചം തോന്നിയാല്‍ അതൊരു കുറ്റമാണോ..?

സ്‌പോർട്സിൽ വാതുവെപ്പുകള്‍ തടയാൻ നിയമത്തിനു കഴിഞ്ഞില്ലെങ്കിൽ അതിന് നിയമപ്രാബല്യം നൽകണമോ എന്ന വിഷയത്തിൽ ഒരു ടിവി ചാനൽ സംഘടിപ്പിച്ച ചർച്ചയിലാണ് പന്തയത്തെയും ബലാൽസംഗത്തെയും സിബിഐ ഡയറക്ടർ  താരതമ്യപ്പെടുത്തിയത്. "....... പന്തയ നിരോധനം തടയാൻ നമുക്ക് സംവിധാനമില്ല..തടയണമെന്നു പറയാൻ എളുപ്പമാണ്.. അതിനു കഴിഞ്ഞില്ലെങ്കിൽ,​ എന്നു പറഞ്ഞാൽ,​ ബലാൽസംഗം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കുക എന്നതുപോലെ.. നല്ലത് പന്തയത്തിന് നിയമസാധുത നൽകുക എന്നതാണ്... അതിൽനിന്നു വരുമാനം ലഭിക്കുമോ എന്നു നോക്കുക.. അതിനെതിരെ കൈ പൊക്കുക എന്നതിനപ്പുറം അത് നടക്കാൻ അനുവദിക്കുക......"അങ്ങനെ പോകുന്നു വെളിപാടുകള്‍... വാതുവെയ്പ്പും ബലാല്‍സംഗങ്ങളുമൊക്കെ തടയാന്‍ കഴിയാത്ത കാര്യങ്ങളാണ്; അതുകൊണ്ട് വാതുവെപ്പുകള്‍ നിയമാനുസൃതമാക്കുക, ബലാല്‍സംഗങ്ങള്‍ ആസ്വദിക്കുക..  നല്ല കണ്ടെത്തെല്‍.. ബലാല്‍സംഗം നിയമാനുസൃതമാക്കണമെന്നു പറയാഞ്ഞത് ഭാഗ്യം... ഈ ആസ്വാദനം എല്ലാവര്‍ക്കും തരമാകുന്ന വിധത്തില്‍ എല്ലാ ബലാല്‍സംഗങ്ങളുടെയും വീഡിയോയെടുത്തു സീഡി പരുവത്തില്‍  ഇറക്കുകയാണെങ്കില്‍ അതില്‍നിന്നും നല്ല വരുമാനവും ലഭിക്കും... മൂത്തു നില്‍ക്കുന്നവരുടെ ലിംഗവിശപ്പ് തീരുകയും ചെയ്യും... പപ്പു പറഞ്ഞതുപോലെ, അപ്പൊതന്നെ ഇതിനൊക്കെ പി ഡബ്ല്യു ഡി അവാര്‍ഡ് കൊടുക്കണം...പുറത്തുതട്ടി പറയണം പഹയാ നീ സുലൈമാനല്ല ഹനുമാനാണെന്നു... അതേ ഇതിനൊക്കെ മറുപടിയൊള്ളൂ.. തടയേണ്ട കാര്യങ്ങള്‍ തടയാന്‍ കഴിയില്ലായെന്നു ഒരു അന്വേഷണ ഏജന്‍സിയുടെ തലവന്‍ പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ് അയാള്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല... അയാളുടെ കീഴില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കേണ്ട ഒരു ഏജന്‍സി എങ്ങനെ പ്രവര്‍ത്തിക്കും.. തൊടുന്യായങ്ങള്‍ പറഞ്ഞ് അന്വേഷണങ്ങള്‍ പൂട്ടിക്കെട്ടുക അല്ലെങ്കില്‍ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുക എന്നതായിരിക്കും ഇവരുടെ പ്രധാനപണികള്‍..

 ബലാല്‍സംഗങ്ങള്‍ തടയാന്‍ കഴിയുന്നില്ലെങ്കില്‍ ആസ്വദിക്കുക എന്നത് ഒരു പഴഞ്ചെല്ലാണെന്നാണ് ഡയരക്ടറുടെ വാദം..വേറൊരു ചൊല്ലും ഈ മഹാന്‍റെ വായില്‍ വന്നില്ല.. വീട്ടിലുള്ള പെണ്മക്കള്‍ക്കും പറഞ്ഞുകൊടുക്കുന്നത് ഈ ചൊല്ലുതന്നെയാണോയെന്നറിഞ്ഞാല്‍ കൊള്ളാം.. സി.ബി.ഐ എന്നതേ നിയമസാധുതയില്ലാത്ത ഒരു ഇടപാടാണെന്നു കഴിഞ്ഞദിവസം ഒരു കോടതി പറഞ്ഞതേയുള്ളൂ അതു സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇതൊക്കെ.. ആര്‍ക്കോ വേണ്ടി തട്ടിക്കൂട്ടി; ആര്‍ക്കോ വേണ്ടി വിടുപണി ചെയ്യുന്ന ഏജന്‍സി; കഷ്ടം തന്നെ..പ്രമാദപരമായ പല പീഡനക്കേസുകളും സി.ബി.ഐ അന്വേഷിച്ചു കുളമാക്കിയത് കേരളം കണ്ടതാണ്..കവിയൂര്‍ കേസും അഭയ കേസുമൊക്കെ നമ്മുടെ മുന്നില്‍ത്തന്നെയുണ്ട്‌.. മരിച്ച ഇരകളുടെ മൊഴിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ രക്ഷപ്പെട്ടു അല്ലെങ്കില്‍ പീഡനം തങ്ങള്‍ ആസ്വദിച്ചുവെന്നു ഇരകള്‍ പറഞ്ഞതായി സി ബി ഐ തെളിയിച്ചേനെ..

 നമ്മുടെ അന്വേഷണ ഏജന്‍സികളും, നീതിന്യായരംഗവുമൊക്കെ വല്ലാതെ തരംതാഴുന്നുവെന്നു ഒരു സാധാരണക്കാരന് തോന്നിയാല്‍ അത്ഭുതമില്ല.. പീഡനം ആസ്വദിക്കണമെന്ന് അന്വേഷണഏജന്‍സിത്തലവന്‍ പറയുമ്പോള്‍; താന്‍ ചൂഷണത്തിനിരയായിയെന്നു ഇര ന്യായാധിപനനോട്‌ പറയുമ്പോള്‍ അയാള്‍ക്കത് കേള്‍ക്കാന്‍ താല്പര്യമില്ല എന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍.. പോലീസിനുമുന്നില്‍ മൊഴി കൊടുക്കുന്നതിനേക്കാള്‍ സുരക്ഷിതവും വിശ്വാസ്യതയുള്ളതുമാണ് ന്യായാധിപന്‍റെ മുന്നില്‍ കൊടുക്കുന്ന മൊഴി.. പോലീസിനോട് പറഞ്ഞാല്‍ നീതി കിട്ടില്ലായെന്നുള്ള വിചാരത്താല്‍  ഇര പറയുന്ന മൊഴികേള്‍ക്കാനും രേഖപ്പെടുത്താനും ന്യായാധിപന്‍ തയ്യാറാകാത്തത് അത്ഭുതം ജനിപ്പിക്കുന്നു.. കേവലമായ സാങ്കേതികതകള്‍ പറഞ്ഞ് ഇതില്‍നിന്നും തലയൂരാന്‍ കഴിയില്ല...ഇനിയിപ്പോ സോളാര്‍ പീഡനങ്ങളും സി.ബി.ഐ അന്വേഷിച്ചാല്‍ പീഡനത്തിനിടെ ആസ്വാദനം നടന്നോ എന്നതായിരിക്കും അന്വേഷണവിഷയം.. ആരുപീഡിപ്പിച്ചുവെന്നതിനേക്കാള്‍ പീഡനസമയത്ത് നല്ല ആസ്വാദനം നടന്നുവെന്നുകാണിച്ചു കേസ് ചുരുട്ടിക്കെട്ടും..ആസ്വദിച്ച് പീഡിപ്പിച്ച  മഹാന്മാര്‍;  കേമന്മാരായി നടക്കുകയും ചെയ്യും..മിക്ക പീഡനക്കേസുകളും കോടതിയില്‍ എത്തുമ്പോള്‍ പ്രതിഭാഗം വക്കീലന്മാരുടെ അറ്റകൈ പ്രയോഗമാണ് പീഡനസമയത്ത് ഇര, പീഡനം ആസ്വദിച്ചുവെന്ന വാദം.. പരിക്ഷീണിതയായ ഇരകളെ കോടതിയില്‍ ശ്വാസംമുട്ടിച്ചുകൊണ്ടു പീഡനം ആസ്വദിച്ചുവെന്നും, ആസ്വാദനം സമ്മതം തെളിയ്ക്കുന്നുവെന്നുമുള്ള സംശയത്താല്‍ പല പ്രതികളും രക്ഷപെടുകയും ചെയ്യുന്നു..ഈ ന്യായത്തെ നമ്മുടെ അന്വേഷണ ഏജന്‍സി തലവന്‍ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു..

 രാജ്യത്തുനടക്കുന്ന പീഡനങ്ങളോന്നും തടയാന്‍ കഴിയില്ല. അതുകൊണ്ട് പീഡനസമയത്ത് ഒച്ചയും ബഹളവുമൊന്നും കൂട്ടാതെ പറ്റുന്നതുപോലെ സഹകരിച്ചുകൊണ്ട് ആസ്വാദനം നടത്തണമെന്ന പഴഞ്ചെല്ല് ആരെയാണ് തൃപ്ത്തരാക്കുന്നത്. പീഡനങ്ങളിലൂടെ മരിച്ച ആയിരങ്ങളുടെ ആത്മാക്കള്‍ നീതികിട്ടാതെ അലയുന്ന നാടാണിത്.. പീഡിപ്പിച്ചുകൊലപ്പെടുത്തിയ സൗമ്യയുടെ ദേഹം അഴുകി മണ്ണോടുചേര്‍ന്നു; എന്നിട്ടും ഗോവിന്ദചാമി ബിരിയാണിതിന്നു ജീവിക്കുന്നു. അമ്മയുടെ കാമുകര്‍ പീഡിപ്പിച്ചുകൊന്ന അക്സയുടെ ആത്മാവ് നീതികിട്ടാതെ അലയുന്നു..ഡല്‍ഹി പെണ്‍കുട്ടിയുടെ ഘാതകന്‍ ജയിലില്‍ പരീക്ഷയ്ക്ക് പഠിക്കുന്നു.. ഇനിയും പേരറിയാത്ത എത്രയോ ഇരകള്‍...അവരെല്ലാം തങ്ങളുടെ നേരെനടന്ന ആക്രമണത്തെ ആസ്വദിക്കണമെന്ന വാദം പറയുന്നവനെ എന്തുചെയ്യണം.. ഇത്തരം വിടുവായത്തം പറയുന്ന പ്രകാശംപരത്തുന്ന ജന്മങ്ങളെ മുക്കാലിയില്‍ക്കെട്ടി അടിച്ച്, തല മുണ്ഡനം ചെയ്ത്, കഴുതപ്പുറത്തുകയറ്റി നാടുകടത്തുകയാണ് ചെയ്യേണ്ടത്.. നയം വ്യക്തമാക്കിയ സാഹചര്യത്തില്‍ ബലാല്‍സംഗകേസുകളും പീഡനക്കേസുകളുമൊക്കെ അന്വേഷിക്കാന്‍ സി.ബി. ഐ-യെ ഏല്‍പ്പിച്ചാല്‍ അതിന്‍റെ അവസാനം ഒരു ആസ്വാദന റിപ്പോര്‍ട്ടായിരിക്കും ഇനിമുതല്‍ പ്രതിക്ഷേക്കേണ്ടത്..

  ഗോവിന്ദചാമിമാരെ നിങ്ങള്‍ക്ക് തുടങ്ങാം.. നിങ്ങള്‍ക്ക് പറ്റിയ ഒരു രാശാവ് കസേരയില്‍ ഇരിക്കുന്നു.. കള്ളന്മാരോട് ഒരു വാക്ക്,, മോഷണം ഒരു കലയാണ്‌ അതിനാല്‍ നിങ്ങള്‍ ഭയപ്പെടേണ്ട.. നാട്ടുകാര്‍ ശ്രദ്ധിക്കുക; കള്ളനെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന്‍റെ കലാപരമായ കഴിവ് ആസ്വദിച്ചു തൃപ്ത്തരാവൂ.. ബണ്ടിച്ചോറിനു മോഷണകലയിലുള്ള സമഗ്ര സംഭാവന കണക്കിലെടുത്ത് മോഷണരക്നം ബഹുമതി കൊടുക്കണമെന്ന് ഈ ഡയരക്ടര്‍ പറഞ്ഞാലും അത്ഭുതമില്ല.. കൊലപതകങ്ങള്‍ തടയാനും കുറ്റവാളിക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കാനും കഴിയുന്നില്ലെങ്കില്‍.. അതിന്‍റെ ചരിത്രം പരിശോധിച്ച് നല്ലൊരു ആസ്വാദനം എഴുതി നിര്‍വൃതിയടയാം.. പണ്ട് ബ്രിട്ടിഷുകാരുടെ ആക്രമണങ്ങള്‍ തടയാന്‍ കഴിവില്ലാത്ത നാട്ടുരാജാക്കന്മാര്‍ തങ്ങളുടെ കിരീടവും കസേരയും ഉറപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ട്‌ കപ്പം കൊടുത്തുകൊണ്ട്  സുഖജീവിതവും സുഖഭരണവും നടത്തിയ നാടാണിത്..ആ നാണംകെട്ട ചരിത്രങ്ങള്‍ ഇപ്പോഴും വല്യ മാഹാത്മ്യമായി അയവിറക്കുന്ന സടകൊഴിഞ്ഞ രാജാക്കന്മാര്‍ ഇപ്പോഴും ഈ നാട്ടില്‍ രാജവായിത്തന്നെ ജീവിക്കുന്നു. അപ്പോപ്പിന്നെ കുറ്റകൃത്യം തടയാന്‍ കഴിവില്ലെങ്കില്‍ അതങ്ങു നിയമവിധേയമാക്കുക,,അല്ലെങ്കില്‍ ആസ്വദിക്കുക അതാണ്‌ ഏക പരിഹാരമെന്ന് പറയുന്ന മഹാന്മാര്‍ താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്നതില്‍ അത്ഭുതമില്ല..ബനാനറിപബ്ലിക് എന്നതിനും താഴെയുള്ള പദങ്ങള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു..

 

Wednesday, November 13, 2013

പിണറായി ലാലേട്ടന്‍...........


 

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

     പിണറായി വിജയന്‍ കരുത്തുറ്റ അനുഭവസമ്പത്തും നിശ്ചയദാര്‍ഢ്യവുമുള്ള നേതാവാണെന്നും, നിരവധി പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെ പിടിച്ചുനിന്ന പിണറായിയുടെ ഇശ്ചാശക്തിയെ മാതൃകയാക്കണമെന്നും ദേശാഭിമാനി-ഒഡിസിയാ അക്ഷരമുറ്റം ക്വിസ് പരിപാടിയുടെ സംസ്ഥാനതല മത്സരം കോഴിക്കെട്ട് ഉത്ഘാടനം ചെയ്തുകൊണ്ട് നടന്‍ മോഹന്‍ലാല്‍ പറഞ്ഞത് ചിലരെയൊക്കെ ചൊടിപ്പിച്ചിരിക്കുന്നു... ഇതിനെത്തുടര്‍ന്നു സ്ഥിരംപരിപാടിയായ കോലം കത്തിക്കലും നടന്നുകഴിഞ്ഞു,,, എതിര്‍ ഫാന്‍സാണോ എതിര്‍ പാര്‍ട്ടിക്കാരാ ണോ പരിപാടിയുടെ പ്രായോജകരേന്നത് വ്യക്തമല്ല..ഏതായാലും, ലാല്‍ ‘ഈ നാട്ടില്‍ ജീവിക്കാന്‍ ഭയമാണെന്നു’ കവിത എഴുതിയതിനു ശേഷം നിലപാട് മാറ്റിയത് ആര്‍ക്കോ പിടിച്ചിട്ടില്ല. നിലപാട് മാറ്റാന്‍ തക്കവിധം ഇവിടുത്തെ അന്തരീക്ഷം മാറിയെങ്കില്‍ അതിനു കാരണക്കാരാരാണ് എന്ന കാര്യവും ആരും പറഞ്ഞുകണ്ടില്ല... ദേശഭിമാനി നടത്തുന്ന അക്ഷരമുറ്റം പരിപാടിയുടെ ബ്രാന്‍ഡ്‌ അംബാസിഡറായ ലാലിന് ഈ പരിപാടിയില്‍ പിണറായിവിജയനെക്കുറിച്ചല്ലാതെ ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കണമെന്നു പറയാന്‍ കഴിയുമോ.??//ബ്ലഡി ഫൂള്‍സ്.......... ലാലിനെ ദൈവമായി ആരാധിക്കുന്ന ഏതെങ്കിലും ഭക്തര്‍ക്കായിരിക്കണം ലാലിന്‍റെ ഈ പ്രസ്താവനയില്‍ വിഷമംതോന്നിയത്.. തങ്ങളുടെ ദൈവം  വിജയനെപ്പോലുള്ള ഒരാളെ മാതൃകയാക്കണമെന്നു പറഞ്ഞാല്‍ എങ്ങനെ സഹിക്കും..

  ലാലേട്ടന്‍ പറയുന്നതുമാത്രം കേട്ടു പുണ്യജീവിതം നയിക്കുന്ന നിരവധി ശുദ്ധാത്മാക്കളുടെ നാടാണ് കേരളം..അദേഹം സ്വിച്ച് ഓഫ്‌ ചെയ്യാന്‍ പറഞ്ഞാല്‍ ലൈറ്റ് കെടുത്തും , ലോട്ടറി എടുക്കാന്‍ പറഞ്ഞാല്‍ ലോട്ടറി എടുക്കും...തുണിവാങ്ങും, ആട്ട വാങ്ങും,അച്ചാര്‍ വാങ്ങും, മസാലപ്പൊടി വാങ്ങും അങ്ങനെ പോകുന്നു... മലബാര്‍ഗോള്‍ഡില്‍ പോയി സ്വര്‍ണ്ണംവാങ്ങി, വീട്ടില്‍ വെച്ചിട്ടെന്താ കാര്യം എന്നു കേട്ടപ്പോള്‍ വാങ്ങിയ സ്വര്‍ണ്ണമെല്ലാം ബ്ലേഡ് ബാങ്കില്‍ പണയംവെച്ച്, വൈകിട്ടെന്താ പരിപാടിയെന്ന ചോദ്യംകേട്ട് പണയംവെച്ചു കിട്ടിയ പണവുമായി വൈകുന്നേരം കള്ളുഷാപ്പ് നിരങ്ങുന്നവരാണ് ഭക്തര്‍.. ലാലേട്ടന്‍ എന്തുപറഞ്ഞാലും കേരളം മുഴുവന്‍ അനുസരിക്കുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്.. അങ്ങനെവന്നാല്‍ അക്ഷരമുറ്റം പരിപാടിയില്‍ പങ്കെടുത്ത കുരുന്നുകളെല്ലാം നാളെ പിണറായിവിജയനെ റോള്‍ മോഡലാക്കും .കേരളംമുഴുവന്‍ സഖാക്കളേക്കൊണ്ട് നിറയും.. ബാക്കിയെല്ലാപ്പാര്‍ട്ടികളും അന്യംനിന്നുപോകും അങ്ങനെയൊരു ചിന്ത മനസ്സില്‍ തോന്നിയതുകൊണ്ടാണ് ലാലിന്‍റെ വാക്കുകളില്‍ ഭക്തര്‍ക്ക് കുഴപ്പം തോന്നിയത്...സംഗതി ന്യായംതന്നെ..  വാസ്തവത്തില്‍ മോഹന്‍ലാല്‍ പോയിട്ട് ഒടേതമ്പുരാന്‍ പറഞ്ഞാലും; പറഞ്ഞത് പറഞ്ഞെടുത്തു വെച്ചു സ്വന്തംകാര്യം നോക്കുന്നവനാണ് മലയാളി. പ്രസംഗംകേട്ട കുട്ടികള്‍ പോലും കേട്ടകാര്യം മറന്നുകാണും ...അങ്ങനെ നന്നാവാനാണെങ്കില്‍ ഞായറാഴ്ച്ച പ്രസംഗം കേള്‍ക്കുന്ന എല്ലാ ക്രിസ്ത്യാനികളും എന്നേ സ്വര്‍ഗ്ഗത്തില്‍ എത്തിയേനെ.. വൃതംനോറ്റ് മലചവുട്ടുന്ന ഭക്തരൊക്കെ എന്നേ നന്നായേനെ,, മക്കയ്ക്ക് പോയി വരുന്നവരൊക്കെ എന്നും അങ്ങനെതന്നെ ജീവിച്ചേനെ,, വല്ലതും നടക്കുന്നുണ്ടോ..ഒന്നുമില്ല..ആ ചെവിയില്‍ക്കൂടി കേട്ട്, ഈ ചെവിയില്‍ക്കൂടി പുറത്തുവിടും അത്രതന്നെ..

 സിനിമാക്കാരുടെ ഗീര്‍വാണങ്ങള്‍ കേട്ട് ഇന്നേവരെ ഒരു മലയാളിയും അവന്‍റെ ചിന്തകള്‍ മാറ്റിയ ചരിത്രം ഉണ്ടായിട്ടില്ല..കാശുവാങ്ങിപങ്കെടുക്കുന്ന പരിപാടികളില്‍ അതിന്‍റെ സംഘാടകരെ സുഖിപ്പിക്കുകയെന്നത് കേവലമായ ഒരു കച്ചവടതന്ത്രം മാത്രാമാണ്..വീട്ടിലെ കല്യാണത്തിനും, ചോറൂണിനും, കടയുത്ഘാടനത്തിനുമൊക്കെ സിനിമാക്കാരെ വിളിക്കുകയും വേണ്ട തുക കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്താല്‍ ഇതേ ഡയലോഗുകള്‍ നിങ്ങളെ കുറിച്ചും കേള്‍ക്കാം.. നാട്ടില്‍ പരമനാറിയും വട്ടിപ്പലിശക്കാരനും, തെമ്മാടിയുമായി ഒരുവന്‍റെ കടയുല്‍ഘാടനത്തിനു വിളിച്ചാലും കാശുവാങ്ങി  വരുന്നവര്‍ മഹത്തരം, ഭയങ്കരം, നല്ലവന്‍, ജ്ഞാനി,,,,  എന്നൊക്കെ പറയും.. കൊടുക്കുന്ന തുകയ്ക്കും പരിഗണനയ്ക്കുമപ്പുറം ആ വാക്കുകള്‍ക്ക് യാതൊരു മാനവുമില്ല..
    ഒരുമാതിരിപ്പെട്ട കിട്ടാവുന്ന അവാര്‍ഡൊക്കെ തരപ്പെടുത്തികഴിഞ്ഞു.. അങ്ങേയറ്റത്ത്‌ വേറൊരു മഹാന്‍ അടുത്തതവണ പ്രജാസഭയിലേക്ക് നോട്ടമിട്ടിട്ടുണ്ടെന്ന വാര്‍ത്തയും കേള്‍ക്കുന്നു.. തനിക്കും അതുപോലൊന്നു കിട്ടിയാല്‍ പുളിക്കത്തില്ലായെന്ന കാര്യം രാഷ്ട്രിയക്കാരെ  അറിയിച്ചിരിക്കുന്നു.. അത്രമാത്രം... എവിടെ ചാന്‍സ് കിട്ടുമോ അവിടെ പെയിന്റ്ടിക്കും.. ഏതായാലും ഇത്തവണ ചുമരുമാറി പെയിന്റടിച്ചതിനാല്‍ പണ്ട് മുങ്ങിയ ആപ്പും ആനക്കൊമ്പുമൊക്കെ പൊങ്ങാന്‍ സാധ്യതയുണ്ട്.. തൊടുപുഴ മലങ്കര ജലാശയത്തിനടുത്തുള്ള ലാലിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍വെച്ച് അതിലെ വെറുതെ നടന്നുപോയ ഏതോ ഒരു ഉടുമ്പിനെ സിനിമാക്കാര്‍  ആക്രമിച്ചുവെന്നും ആക്രമണത്തില്‍ പരിക്കുപറ്റിയ ഉടുമ്പ് ആശുപത്രിയില്‍ മൃതിയടഞ്ഞുവെന്നും, അല്ല അവിടെ വെച്ചുതന്നെ കൊന്നതാണെന്നും പറഞ്ഞുകൊണ്ടുള്ള പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.. ഇനി കാത്തിരുന്നുകാണാം..സംഗതി നിന്നുകത്തിയാല്‍ എവിടെങ്കിലും ഒരു സീറ്റ് തരപ്പെടും... അലമാരയില്‍ വെയ്ക്കാന്‍ ഒരു പ്രജാപ്പട്ടവും ഒപ്പിക്കാം...ഈ കരുത്തുറ്റ അനുഭവസമ്പത്തും നിശ്ചയദാര്‍ഢ്യവുമൊക്കെ എവിടെ കിട്ടുമോ അവിടുന്നു വാങ്ങണം..അതില്‍ ആളും തരവും നോക്കേണ്ടതില്ല; ശൈലി മാത്രം നോക്കിയാല്‍ മതി.. വളര്‍ന്നുവരുന്ന തലമുറയ്ക്ക് അനുഭവസമ്പത്തും നിശ്ചയദാര്‍ഢ്യവും ഇശ്ചാശക്തിയുമൊക്കെ പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞാല്‍ പിന്നിടുള്ള മാതൃകകളെ അവര്‍ത്തന്നെ സ്വയം തിരഞ്ഞെടുത്തുകൊള്ളും

Monday, November 11, 2013

ചാള്‍സ്കുമാരാ അങ്ങയുടെ രാജ്യം വരണമേ......


 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  പ്രധാനവാര്‍ത്തകള്‍; ബ്രിട്ടിഷ് രാജകുമാരനും ഭാര്യയും കേരളത്തില്‍ എത്തിയിരിക്കുന്നു..//. അലവി എന്താണ് വിവരങ്ങള്‍.../   മാളൂ; അവരിപ്പോള്‍ എത്തിയതേയുള്ളൂ..കുമാരന്‍ മൂത്രമൊഴിക്കാന്‍ ബാത്‌റൂമില്‍ കയറിയിരിക്കുകയാണ്..ഞാനിപ്പോള്‍ നില്‍ക്കുന്നത് ബാത്‌റൂമിന്‍റെ വാതുക്കലാണ്. അകത്തുനിന്നും വെള്ളംവീഴുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്... ബാത്‌റൂം അകത്തുനിന്നും ലോക്കാണ്..ഇനി തുറന്നലെ കൂടുതല്‍ വിവരങ്ങള്‍ തരാന്‍ കഴിയൂമാളൂ.,, നന്ദി അലവി..അവരിപ്പോള്‍ ബാത്‌റൂമിലാണ്, ഉടനെ അടുത്ത വിവരങ്ങള്‍ പ്രതിക്ഷിക്കാം..അതുവരെ ചെറിയ ഒരിടവേള..

   അങ്ങനെ കുറേക്കാലങ്ങള്‍ക്ക് ശേഷം നമ്മുടെ പഴയ ജന്മിത്തമ്പുരന്‍ അടിയന്മാരുടെ കുടിലുസന്ദര്‍ശിക്കാന്‍ ആഗതനാവുകയാണ്.. നാട് മുഴുവന്‍ ആനന്ദത്തിലാണ്, ആബാലവൃന്ദം ജനങ്ങളും കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കുകയാണ് ...പണ്ട്; കൃത്യമായി പറഞ്ഞാല്‍ അറുപത്തിയാര് വര്‍ഷങ്ങള്‍ക്ക് മുന്പ് കുടികിടപ്പവകാശത്തിനുവേണ്ടി സമരം നടത്തിയ കിടാത്തന്മാര്‍ക്ക് ഭൂമി പതിച്ചുനല്‍കി കപ്പല്‍ കയറിയതാണ് ..നന്നായോ മുടിഞ്ഞോ എന്നൊന്നും ഇതുവരെ അന്വേഷിച്ചില്ല... അതിന്‍റെ ആവശ്യവുമില്ല.. കറുത്ത തൊലിയന്മാര്‍ മുടിഞ്ഞുപോകട്ടെയെന്നാണ് ആപ്തവാക്യം അതിതുവരെ മാറിയിട്ടില്ല.. അതിനിടെ ലെവന്മാര്‍ ചൊവ്വയിലേക്ക്  റോക്കറ്റ് വിട്ടുവെന്ന വാര്‍ത്തയും പുറത്തുവരുന്നു.. സംഭവത്തിന്‍റെ നിജസ്ഥിതി ഒന്നറിയാമല്ലോയെന്നുകരുതി ഇറങ്ങിയതാണ്.. കൂട്ടത്തില്‍ കുറച്ചു കരിമീന്‍ പൊള്ളിച്ചതും, ആകോലി വറുത്തതും കഴിക്കണം... കറുത്ത ആനകളെയൊന്നു കാണണം. പറ്റിയാല്‍ പുറത്തുകയറണം.. എണ്ണത്തോണിയില്‍ കിടക്കണം, ഒന്നുരണ്ട് അമ്പലങ്ങളില്‍ കയറണം,വെള്ളച്ചാട്ടത്തില്‍ മുങ്ങികുളിക്കണം... ഒക്കെ വാര്‍ത്തയാക്കിക്കോളും പാപ്പരാസിക്കൂട്ടങ്ങള്‍.. ലണ്ടനില്‍ പാപ്പരാസികള്‍ എന്നൊരു വിഭാഗം തന്നെയുണ്ട്‌.. ഇന്ത്യയില്‍പ്പിന്നെ പാപ്പരാസികളല്ലാതെ വേറൊരു വിഭാഗമേയില്ല അതുകൊണ്ട് വെളിക്കിറങ്ങുന്നതുവരെ സൂക്ഷിച്ചുവേണം.. ഇതാ രാജകുമാരന്‍ മൂത്രമൊഴിക്കുന്നു എന്ന തലക്കെട്ടോടെ മുന്‍പേജില്‍ പടവും പത്തുകോളം വാര്‍ത്തയും വരും...

പഴയ അടിമകളായതുകൊണ്ട് യജമാനഭക്തിയ്ക്ക് ഒരു കുറവുമില്ല..അന്നു നല്ലവണ്ണം ചവിട്ടും തൊഴിയും കൊടുത്തതിന്‍റെ ഗുണം ഇപ്പോഴും കാണാം.. ആലുവാകൊട്ടാരസന്ദര്‍ശനം,  കുമരകം ബോട്ടുയാത്ര, മീന്‍ പിടുത്തം, ഞണ്ടുപിടുത്തം, കക്കാവാരല്‍, ഫോക് ലോര്‍ അക്കാഡമി സന്ദര്‍ശനം, കഥകളി കാണല്‍ തുടങ്ങിയ ചരിത്രപ്രധാനമായ സംഭവങ്ങള്‍ രാജകുമാരനും കുമാരിയും നടത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് പാപ്പരാസികള്‍ പറയുന്നത് .. ഉറപ്പില്ല.. കൂടാതെ അറുപത്തിയഞ്ചാം ജന്മദിനവും കേക്ക് മുറിച്ചുകൊണ്ട് രാജകുമാരന്‍ ആഘോഷിക്കുമെന്നും കേരളത്തിലെ മുഖ്യാധാരപത്രങ്ങള്‍ ജനങ്ങളോട് പറയുന്നു... വാര്‍ത്ത‍ അറിയാന്‍ ജനങ്ങള്‍ പത്രങ്ങള്‍ വാങ്ങിയതുകൊണ്ട് പതിനായിരം കോപ്പി കൂടുതല്‍ അടിക്കേണ്ടിവന്നുവെന്നു ‘എ ബി സി’ കണക്കുകള്‍ പറയുന്നു..

  മഹാപ്രഭുവിന്‍റെ സന്ദര്‍ശനംപ്രമാണിച്ച് വിപുലമായ ഒരുക്കങ്ങളാണ് പ്രജാനേതാക്കള്‍ ചെയ്തിരിക്കുന്നത്.. ആലുവായിലും പരിസരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.. പ്രധാന റോഡുകളെല്ലാം അടച്ചു.. ആംബുലന്‍സുകള്‍ നഗരത്തിനു പുറത്തുകൂടി മാത്രമേ സഞ്ചരിക്കാവൂവെന്നു നിര്‍ദേശം കൊടുത്തിട്ടുണ്ട്‌.. രാജകുമാരാന്‍ ഉറങ്ങുന്ന സമയത്ത് ഒരു വാഹനവും ഹോണടിക്കാനോ, ആംബുലന്‍സ് ഫയര്‍ എഞ്ചിന്‍ എന്നിവ സൈറന്‍ മുഴക്കാനോ പാടില്ലയെന്നു പ്രത്യേക ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്.. പിച്ചക്കാരെയെല്ലാം ആട്ടിയോടിക്കും... റോഡുവക്കില്‍ കേബിള്‍ കുഴിക്കുന്ന തമിഴന്മാരെ ഒരാഴ്ചത്തെയ്ക്ക് നാട്ടിലേക്ക് പറഞ്ഞു വിടാന്‍ തീരുമാനമായി... കുമാരന്‍ പോകുന്നവഴിക്ക് ഇവറ്റകള്‍ വെറും നിക്കറിട്ട് ചാലുകീറുന്നത്കണ്ടാല്‍ നാടിനു മോശമാണ്.. ഇരുചക്രവാഹനങ്ങള്‍ ഓട്ടോക്കാര്‍ കാല്‍നട യാത്രക്കാര്‍ തുടങ്ങിയ ബിലോ-ആവറേജുകളെയെല്ലാം ഇന്ന് വഴിമാറ്റി വിടുന്നതായിരിക്കും.. വഴിവക്കുകള്‍ ഉടനീളെ ചെടികളും പൂക്കളും കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു.. താലപ്പൊലിയും വെഞ്ചാമരവും വീശാന്‍ ആയിരം മലയാളിമങ്കമാരെ റെഡിയാക്കി കഴിഞ്ഞിരിക്കുന്നു.. ആലുവകൊട്ടാരവും അനുബന്ധസ്ഥലങ്ങളും പെയിന്റടിച്ചു തീര്‍ത്തു. ബംഗ്ലൂരില്‍നിന്നും കൊണ്ടുവന്ന പൂന്തോട്ടം അതേപടി നട്ടുകഴിഞ്ഞു. പള്ളിയുറക്കത്തിനു വേണ്ട കട്ടില്‍ നിലമ്പൂര്‍ തേക്കുകൊണ്ടുതന്നെ ഉണ്ടാക്കിയതാണ്. അണ്ടിപരിപ്പും, മുന്തിരിയും, കൊഞ്ചും, ഞണ്ടും, ഞവണിങ്ങായും എല്ലാം റെഡി.. ഫ്രഷ്‌ കരീമിനെ പിടിക്കാന്‍ അഞ്ഞൂറ് ചൂണ്ടക്കാര്‍ രാവിലെതന്നെ വേമ്പനാട്ടുകായലില്‍ അരിച്ചുപെറുക്കുന്നു... പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കാന്‍ ലണ്ടനില്‍നിന്നാണ് ഷെഫ് വന്നിരിക്കുന്നത്.. അദേഹം തിന്നു ബാക്കിയുള്ളതാണ് കുമാരന്‍ തിന്നുന്നത്.. വേമ്പനാട്ടുകായലില്‍ ജാഗ്രതാനിര്‍ദേശം കൊടുത്തു കഴിഞ്ഞു.. ഒരാഴ്ചത്തേയ്ക്ക് ഒറ്റ മീന്‍പിടുത്തതോണിയും അനുവദിക്കില്ല. കടത്തുബോട്ടുകളും ജങ്കരുകളും ഷെഡില്‍ തന്നെ.. കായല്‍ നേവിയുടെ അണ്ടറിലാണിപ്പോള്‍.. ഒള്ളി ഹൌസ് ബോട്ടുകള്‍ മാത്രം സഞ്ചരിക്കും..അങ്ങനെ പോകുന്നു വിവരങ്ങള്‍... 

  പൌരാണിക നിര്‍മ്മാണരീതിയിലും,ശില്‍പ്പങ്ങളിലും കുമാരനു താല്പര്യമുണ്ടെന്നു ആരോ പറഞ്ഞതുകൊണ്ട് ഫോക്-ലോര്‍ അക്കാദമിയുടെ തട്ടിന്‍പ്പുറത്ത് മാറാല പിടിച്ചുകിടക്കുന്ന ശില്‍പ്പങ്ങളെല്ലാം തുടച്ചു വൃത്തിയാക്കിവെച്ചിട്ടുണ്ട്.. മലപ്പുറത്തുനിന്നു പഴയയൊരു നാലുകെട്ട് പൊളിച്ചുകൊണ്ടുവന്ന് അക്കാദമിയുടെ മുറ്റത്തു സ്ഥാപിച്ചുകഴിഞ്ഞു..കൂടാതെ അങ്ങേര്‍ക്ക് കഥകളിയുടെ അസുഖം അസാരം ഉള്ളതിനാല്‍,കളിയൊന്നുമില്ലാതെ വീട്ടിലിരുന്നിരുന്ന അഞ്ഞൂറോളം കലാകാരന്മാരെ അലര്‍ട്ടാക്കിയിട്ടുണ്ട്.. ഫുള്‍ വേഷത്തില്‍ ഇരുപത്തിനാലുമണിക്കൂറും വിളിപ്പുറത്തു വേണമെന്നാണ് ഓര്‍ഡര്‍... കത്തി, പച്ച, കരി എല്ലാം റെഡിയാണ്...അങ്ങനെ മൊത്തതില്‍ ഗംഭീര തയ്യാറെടുപ്പുകളാണ്.. മാവേലി നാടുകാണാന്‍ വന്നിട്ടുപോലും ഇത്രവലിയ തയ്യാറെടുപ്പ് കണ്ടില്ല.. കുറേ കള്ളുകച്ചവടക്കാരും, തുണിക്കടക്കാരും, സ്വര്‍ണ്ണക്കടക്കാരും, ടീവിക്കാരുമൊക്കെയാണ് അതിനു തയ്യാറെടുപ്പ് നടത്തിയത്.. ജനങ്ങളുടെ കീശപിഴിയലായിരുന്നു ലക്ഷ്യം.. എന്നിട്ടോ പട്ടിണിയും ദാരിദ്രവുമൊക്കെ അങ്ങനെതന്നെ മാറ്റങ്ങളോന്നുമില്ല.. ഇതിപ്പോ അങ്ങനെയല്ല.. പണ്ട് ക്ലിന്റനും ഒബാമയും ബോംബയില്‍ വന്നപ്പോള്‍ അവര്‍ കടന്നുപോകുന്ന റോഡുകള്‍ വരെ കഴുകിവൃത്തിയാക്കിയിരുന്നു, പൊതുജനങ്ങള്‍ കടന്നുവരാത്ത വിധം റോഡുകള്‍ അടച്ചു, പിച്ചക്കാരെയും ചേരിനിവാസികളെയും ആട്ടിപ്പായിച്ചു.. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. ചുരുക്കത്തില്‍ ലോകനേതാക്കള്‍ക്കായി ഒരു കൃത്രിമ പറുദീസാതന്നെ  ഉണ്ടാക്കി.. ഇവിടെയും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ കാര്യങ്ങള്‍.. അല്ല ഇത്രയൊക്കെ കാട്ടിക്കൂട്ടനും പത്തുകോളം വാര്‍ത്തകൊടുക്കാനും ഈ വരുന്നതാരാ ദൈവമോ..? അച്ചിവീട്ടില്‍ വിരുന്നുവന്ന മരുമകനൊന്നുമല്ലല്ലോ ഈ പെടാപാട് പെടാന്‍.. ഈ നാടിന്‍റെ മക്കളെ അടിച്ചുചതച്ചു കൊന്നുതള്ളിയ ഒരു സാമ്രാജ്യത്തിന്‍റെ അവശേഷിപ്പല്ലേ ഈ വരുന്നത്...???

  കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്ര മ്യൂസിയത്തില്‍ നിന്നും പതിനാഞ്ചുവര്‍ഷം മുന്പ് കാണാതായ 'പെരിഞ്ചെല്ലൂര്‍ ചെപ്പേട്' ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ കണ്ടെത്തിയിട്ടുണ്ട്. എ.ഡി. 1145 സപ്തംബറില്‍ വട്ടെഴുത്തുലിപിയില്‍ തയ്യാറാക്കിയ ഉടമ്പടിയാണ് പെരിഞ്ചെല്ലൂര്‍ ചെപ്പേട്. ഭാഷാഗവേഷകനായ ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍നായര്‍ 1976-ല്‍ കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗത്തിന് സംഭാവനചെയ്തതാണ് കേരളചരിത്രവുമായി ബന്ധപ്പെട്ട ഈ അമൂല്യരേഖ. ചരിത്രകാരനും ഡല്‍ഹി സര്‍വകാലാശാലയിലെ പ്രൊഫസറുമായ ഡോ.കേശവന്‍ വെളുത്താട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ ചെപ്പേട് ഇപ്പോള്‍ ലണ്ടനിലാ ണെന്നറിയുന്നത്. ആ അമൂല്യസ്വത്ത്‌ മടക്കിത്തരാന്‍ കുമാരനോട് പറയുമോ..? നമ്മുടെ ശേഖരത്തിലുണ്ടായിരുന്നതും കടത്തികൊണ്ടുപോയതുമായ ആ കോഹിനൂര്‍ രക്നം മടക്കിത്തരാന്‍ കുമാരിയോടു പറയുമോ..? എന്തിനേറെ ജാലിയന്‍ബാലവാഗില്‍ നമ്മുടെ നാട്ടുകാരെ കൂട്ടക്കൊലചെയ്ത ജനറല്‍ ടയറിനു മെഡല് കൊടുത്തത് ശരിയായില്ലാന്ന് ഇത്തവണയെങ്കിലും കുമാരനോടു പറയുമോ..? ഉവ് ഉവ്വാ ഇത്തിരി പുളിക്കും..ഇക്കാര്യത്തില്‍ ഇപ്പോളും ബ്ലാ ബ്ലാ ബ്ലൂ ബ്ലൂ പറഞ്ഞ് ആശ്വസിക്കും അത്രതന്നെ... കാര്യം ചൊവ്വയിലേക്ക് റോക്കറ്റൊക്കെ വിട്ടെങ്കിലും പഴയ ജന്മിയെ കണ്ടാല്‍ ഇപ്പോഴും മുട്ടുവിറച്ച് തുടയിലൂടെ മൂത്രംപോകും. അതാണ്‌ അവസ്ഥ.. അതുകൊണ്ട് മറുകണ്ടം ചാടാതെ വയ്യ..കുമാരനോട്‌ ചില ആവലാതികള്‍ പറഞ്ഞുനോക്കാം.. ചിലപ്പോ പരിഹാരമുണ്ടായാലോ.

പ്രിയ കുമാരാ,, അങ്ങേയ്ക്ക് സ്തോത്രം..അങ്ങയുടെ രാജ്യം വരേണമേ; അങ്ങാണ് ഇപ്പോഴും ഞങ്ങളുടെ രാശാവ്..അങ്ങയുടെ കുടുംബക്കാര്‍ ഞങ്ങളെ ഭരിച്ചപ്പോള്‍, സ്ഥിതി ഇത്ര മോശമല്ലായിരുന്നു.. ഇന്ന് ഞങ്ങളുടെ അവസ്ഥ മഹാമോശമാണ് ..വെള്ളക്കാര്‍ പോയി കൊള്ളക്കാര്‍ വന്നു എന്നാണ് ഞങ്ങള്‍ മനസ്സില്‍ പറയുന്നത്. അന്ന്‍ അങ്ങയുടെ ആള്‍ക്കാര്‍ ഒഴിവാക്കിയ സതി, ശൈശവവിവാഹം, അയിത്തം, വിദ്യാഭ്യാസനിഷേധം  തുടങ്ങിയവ എല്ലാം വീണ്ടും തിരിച്ചുവരവ് തുടങ്ങിയിരിക്കുന്നു. എല്ലാം പഴയ കാലത്തേക്ക് പോകുന്നു,,, നമ്മുടെ പഴയ മെക്കാളയൊ, ടെല്‍ഹൌസിയൊ, വാറന്‍ ഹോസ്റ്റിങ്ങോ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നിങ്ങോട്ട് അയക്കണം.. അവരൊക്കെ ഉണ്ടാക്കിയ പാലവും റോഡുകളും റെയില്‍വേ ലൈനുമൊക്കെയാണ് ഇപ്പോഴും ഞങ്ങളുടെ ആശ്രയം..നുമ്മ ഉണ്ടാക്കുന്നതൊക്കെ ഏറിയാല്‍ ആറുമാസം; അതിനകം പൊളിഞ്ഞുവീഴുന്നു.. നിങ്ങള്‍ ഉണ്ടാക്കിയിട്ടുപോയ പാലങ്ങളുടെ നട്ട് മുറുക്കാന്‍പോലും നമുക്കാവുന്നില്ല..നിങ്ങളുടെ ആ പഴയ ടെക്ക്നിക്ക് ഒന്നു പറഞ്ഞുതരണം.. അതുപോലെ കുമാരനും കുമാരിയും ആറുമാസം കൂടുമ്പോളെങ്കിലും കേരളത്തില്‍ വരണം.. വരുമ്പോള്‍ ഏതെങ്കിലും റിസോട്ടില്‍ താമസിക്കാതെ ഞങ്ങളുടെ നാട്ടിലൂടെ തെക്കുവടക്ക് സഞ്ചരിക്കണം. അതും റോഡിലൂടെ തന്നെവേണം സഞ്ചരിക്കാന്‍.. കാരണംമറ്റൊന്നുമല്ല കുമാരനും കുമാരിയും കടന്നുപോകുന്ന വഴികളും, ഇറങ്ങുന്നസ്ഥലത്തെ വാട്ടര്‍ പൈപ്പും,വൈദ്യുതിവിളക്കുമെല്ലാം നമ്മുടെ ഏമാന്മാര്‍ നിങ്ങളെ കാണിക്കാനെങ്കിലും നന്നാക്കും.. കാര്യം നിങ്ങളുടെ മുന്നില്‍ നല്ലപിള്ള ചമയാന്‍ നടത്തുന്ന ഗിമിക്കുകളാണെങ്കിലും അങ്ങനെയെങ്കിലും ഈ റോഡൊക്കെയൊന്നു നന്നാകട്ടേന്നു വിചാരിച്ചു പറഞ്ഞതാണ്..

  അന്നുഞങ്ങള്‍ക്ക് തന്നിട്ടുപോയ സ്വാതിന്ത്ര്യവും അധികാരവുമൊക്കെ ഞങ്ങളുടെ കൈയ്യില്‍നിന്നും വിട്ടുപോയി.. അടിമകളെക്കാള്‍ കഷ്ടമാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം..ഞങ്ങളുടെ നേതാക്കള്‍ക്ക് തട്ടിപ്പും, വെട്ടിപ്പും, മൂഞ്ചിപ്പും പിന്നെ പെണ്ണുപിടിയും തരംപോലെ വിദേശയാത്രയുംകഴിഞ്ഞ് ഒന്നിനും സമയമില്ല..ഞങ്ങടെ മുഖ്യമന്ത്രിയാണെങ്കില്‍ ഒരു പാവമാണ്.അദേഹം നേരം വെളുക്കുമ്പോള്‍തന്നെ  ജനസമ്പര്‍ക്കം എന്നൊക്കെ പറഞ്ഞു ഇറങ്ങും,വരുന്നവര്‍ക്കെല്ലാം ഖജനാവില്‍ നിന്നും കുറേശ്ശെ കാശെടുത്തുകൊടുക്കും എന്നിട്ടു സ്വന്തം കുടുബസ്വത്തുവിറ്റിട്ടാണ് കൊടുക്കുന്നതെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും അങ്ങേരെക്കൊണ്ട് വേറെ ശല്യമോന്നുമില്ലെങ്കിലും കൂട്ടത്തിലുള്ളതെല്ലാം പോക്കാണ്.. കൂട്ടത്തിലുള്ള ഒരെണ്ണവും ഒരുജോലിയും ചെയ്യാത്തതുകൊണ്ട്‌ എല്ലാ ജോലിയും അങ്ങേര് ഒറ്റയ്ക്കാണ് ചെയ്യുന്നത്..ഓഫീസില്‍ ഇരിക്കാന്‍ അദേഹത്തിന് സമയം കിട്ടാത്തതിനാല്‍..ഓഫിസില്‍ സരിത, ബിജു, കോപ്പന്‍,ചക്കു, സലിം തുടങ്ങിയവരൊക്കെ കേറിനിരങ്ങി ഒരു പരുവാമാക്കി.. നിങ്ങള് പോകുമ്പോള്‍ പറ്റുമെങ്കില്‍ ഞങ്ങളുടെ മുഖ്യനെയും കൊണ്ടുപോകണം അവിടെ ഏതെങ്കിലും പള്ളിക്കമ്മിറ്റിയുടെ പ്രസിഡന്റാക്കിയാല്‍ മതി....നാട്ടില്‍ ചെല്ലുമ്പോള്‍ അമ്മച്ചിയോട്‌ പറയണം പഴയ പ്രജകളൊക്കെ കമ്പനി ഭരണം ആഗ്രഹിച്ചുതുടങ്ങിയെന്ന്..പഴയ വൈസ്രോയിമാരെയാണ് ഇവിടെയിപ്പോള്‍ ആവശ്യം..

എനിക്ക് അങ്ങയെ നേരില്‍ കാണണമെന്നു അതിയായ ആഗ്രഹമുണ്ട്.. പക്ഷെ എന്നെപ്പോലുള്ള സാധാരണക്കാരെ; അങ്ങുപോകുന്ന വഴിയുടെ ഏഴയിലത്തുപോലും അടുപ്പിക്കില്ല..അങ്ങയുടെ താമസത്തിന് പ്രദേശമാകെ നന്നാക്കിയ വകയിലും, കറന്റ് ഉപയോഗിച്ചതിനും, വെള്ളം കുടിച്ചതിനുമൊക്കെ അങ്ങ് പോകേണ്ടതാമസം പുതിയ നികുതിയുണ്ടാക്കി പിരിവ് തുടങ്ങും. ചുരുക്കത്തില്‍ ഞങ്ങളുടെ കാര്യം പരമദയനിയമാണ്.. അങ്ങ് പോകുന്ന വഴിവക്കിലുള്ള ആല്‍മരത്തില്‍ ആരുംകാണാതെ ഞാന്‍ ഇരുപ്പുണ്ട്‌..അടയാളമായി എന്‍റെ ഒരേയൊരു വെള്ളമുണ്ട് പലതായി കീറി ആലിന്‍റെ കൊമ്പുകളില്‍ തൂക്കിയിട്ടുണ്ട്‌.. പോകുന്നവഴി അങ്ങതുകണ്ടാല്‍ അവിടെയിറങ്ങണം..ആലിന്‍റെ മുകളിലേക്കുനോക്കി ഇങ്ങനെ പറയണം.. ‘വിദ്യാധരാ,,ഇറങ്ങിവരുക, ഇന്നെനിക്ക് നിന്‍റെ വീട്ടിലായിരിക്കും ഭക്ഷണം.’. ഇതുകേട്ടാല്‍ ഞാന്‍ ഇറങ്ങിവരും..നമുക്ക് എന്‍റെ വീട്ടില്‍നിന്നും ഭക്ഷണം കഴിക്കാം.. അവിടെ ഞാന്‍ നട്ടുവളര്‍ത്തിയ നല്ല ചെണ്ടന്‍കപ്പ പുഴുങ്ങിയതും, വെളിച്ചെണ്ണയൊഴിച്ച കാന്താരി മുളക് ചമ്മന്തിയും ഉണ്ടാക്കിവെച്ചിട്ടുണ്ട്..എന്നെക്കൊണ്ട് ഇതിനുള്ള പങ്ങേയുള്ളൂ കുമാരാ.. ഓണംവന്നാലും ഉണ്ണിപിറന്നാലും കോരന് കുമ്പിളിലല്ലേ കഞ്ഞി...മറക്കരുത് ആല്‍മരം,,, വെള്ളത്തുണി................

Thursday, November 7, 2013

തസ്ലീമ നസ്രീന് ‘ലജ്ജ’ ഇല്ലേ.................????


 

 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  നമ്മുടെ സാമൂഹ്യപുരോഗതിയിലും രാഷ്ട്രനിര്‍മ്മാണത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ച അമ്മമാരെ ആദരിക്കാനെന്ന പേരില്‍ കാലിക്കറ്റ് സര്‍വ്വകലാശാല നടത്തുന്ന ‘പൊന്നമ്മ’ എന്ന അവാര്‍ഡ് പദ്ധതിയ്ക്കെതിരെ വിവാദ എഴുത്തുകാരി തസ്ലിമ നസ്രിന്‍ അരയുംതലയും മുറുക്കി രംഗത്തു വന്നിരിക്കുന്നു.. അമ്മമാരേ ആദരിക്കല്‍ വിദ്യാര്‍ഥികളെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുമെന്നാണ് അവരുടെ ആശങ്ക “”’.....ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ് തീരുമാനത്തിലൂടെ വിദ്യാര്‍ഥികളെ ഇരുണ്ട യുഗത്തിലേക്ക് നയിക്കാനാണ് ഇവിടെയൊരു സര്‍വകലാശാലയുടെ ശ്രമമമെന്ന് തോന്നുന്നു. മാതൃത്വത്തെ മഹത്വവത്കരിക്കാനുള്ള നീക്കം അവര്‍ ഉപേക്ഷിക്കണം.
ബുദ്ധിമതികളും സ്വതന്ത്രരും വിദ്യാസമ്പന്നരുമായ വനിതകള്‍ മുഴുവനും വിവാഹം കഴിക്കാനും കുട്ടികളെയുണ്ടാക്കാനും ഇഷ്ടപ്പെടുന്നില്ല. സ്വന്തം ശരീരത്തിന്‍റെ പൂര്‍ണനിയന്ത്രണം സ്ത്രീകളുടേതു തന്നെയാകട്ടെ. സ്വന്തം ഗര്‍ഭപാത്രംകൊണ്ട് എന്തു ചെയ്യണമെന്നും അവര്‍ തീരുമാനിക്കട്ടെ. അമ്മയാകാന്‍ തലച്ചോറ് ആവശ്യമില്ല, അതിന് ലൈംഗികബന്ധംമാത്രം മതി. വിവാഹപൂര്‍വലൈംഗികബന്ധത്തിനുള്ള അവകാശം തടഞ്ഞും അവരെ വിവാഹംചെയ്ത് വിധേയരാക്കി നിര്‍ത്തിയും പിതൃദായകസമൂഹം സ്ത്രീകളുടെ ജീവിതം നരകതുല്യമാക്കുകയാണ്.
''
പെണ്ണെന്നാല്‍ ലൈംഗികോപകരണവും കുട്ടികളെ ഉത്പാദിപ്പിക്കുന്ന യന്ത്രവും പുരുഷന്‍റെ അടിമയും മാത്രമാകുന്നു. എല്ലാ സ്ത്രീകളെയും അമ്മമാരാകാന്‍ പ്രോത്സാഹിപ്പിക്കുകയെന്നത് ഒരു സര്‍വകലാശാലയുടെ ഉത്തരവാദിത്വമല്ല. ഏവരാലും ബഹുമാനിക്കപ്പെടാനും അഭിമാനമുള്ള മനുഷ്യരായി ജീവിക്കാനും സ്ത്രീകളെ സഹായിക്കുകയാണ് സര്‍വകലാശാല ചെയ്യേണ്ടത്. കുട്ടികളെ ഉണ്ടാക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് പെണ്ണിന്‍റെ വ്യക്തിപരമായ കാര്യം മാത്രം. അതിര്‍വരമ്പുകള്‍ ഭേദിച്ച് സ്ത്രീകളുടെ കിടപ്പുമുറിയിലേക്ക് കയറുകയാണ് കാലിക്കറ്റ് സര്‍വകലാശാല''-ഇങ്ങനെ പോകുന്നു തസ്ലീമയുടെ ആശങ്കകള്‍..ഗര്‍ഭപാത്രത്തിന്‍റെ ഉപയോഗങ്ങള്‍ അടുത്ത പോസ്റ്റിലൂടെ തസ്ലീമ വെളിപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു..  തസ്ലീമയുടെ സമാനചിന്താഗതിയില്‍  കുട്ടികളെക്കാള്‍ എനിക്കിഷ്ടം പട്ടികളെയാണെന്നു നമ്മുടെ ഒരു പ്രിയ സെലിബ്രിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്... അവരുടെയും നാമം ഇവിടെ വാഴ്ത്തപ്പെട്ടിടട്ടെ... ഞാന്‍ വിവാഹം കഴിക്കാത്തതുപോലെ എന്‍റെ മക്കളെയും വിവാഹം കഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കുകയില്ല.. എന്നു പറയാനുള്ള ബോള്‍ഡ്നസ് ആയിരിക്കട്ടെ നമ്മുടെ അടുത്തലക്ഷ്യം...  

 

  പൊന്നമ്മയാകാനുള്ള ഫോം സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ നിന്നും ആവശ്യക്കാര്‍ക്ക് ഡൌന്‍ലോഡ് ചെയ്ത് ഉപയോഗിക്കാം..ഒരു കണ്ടീഷന്‍ മാത്രം പൊന്നമ്മയാകാന്‍ മത്സരിക്കുന്ന  അമ്മമാര്‍, താഴെപ്പറയുന്ന ഏതെങ്കിലും വിഭാഗത്തിലായിരിക്കണം കഴിവ് തെളിയിച്ചത്...

AREAS FROM WHICH NOMINATIONS ARE INVITED

1. Art ( Music, Dance, Painting, Acting etc)

2. Literature

3. Teaching (3 categories)

Primary level

Secondary level

University level

4. Social work

5. Politics

6. Administration

7. Media

8. Sports

9. Agriculture

10. Entrepreneurship

11. Engineering

12. Medicine

13. Research

14. Law and judiciary

15. Police

16. Banking

 ഇതാണാ മേഖലകള്‍ ഇതിനു പുറത്തുള്ളവര്‍ പൊന്നമ്മയാകാന്‍ യോഗ്യത ഇല്ലാത്തവരാണ്..ഇവര്‍ക്കുണ്ടായ മക്കളും പൊന്നുമക്കളാകാന്‍ തരമില്ല.. സര്‍വകലാശാല പറയുന്നതായതുകൊണ്ട് മറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ല. എന്നാലും ഇതില്‍ കുറച്ച് മറവികള്‍ സംഭവിച്ചിട്ടുണ്ട്....

 സമയത്തിന് പരീക്ഷ നടത്താതിരിക്കുക, നടത്തിയ പരീക്ഷയുടെ ഫലം തോന്നുമ്പോള്‍ പ്രസിദ്ധികരിക്കുക.. ഉത്തരക്കടലാസുകള്‍ വഴിവക്കില്‍ ഉപേക്ഷിക്കുക, സിലബസിനു പുറത്തുള്ള കാര്യങ്ങള്‍ ചോദിക്കുക.. ജയിക്കേണ്ടവനെ തോല്പ്പിക്കുക തോല്‍ക്കേണ്ടവര്‍ ജയിക്കുക...ഉത്തരപേപ്പര്‍ കാണാതാകുമ്പോള്‍ എല്ലാവരെയും ജയിപ്പിക്കുക.. തുടങ്ങി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താനുള്ള നിരവധി പരിപാടികള്‍ സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നും ദിവസേനെയെന്നോണം കാണുന്നുണ്ട്.. കൂടാതെ രാഷ്ട്രിയം മാറുന്നതനുസരിച്ച് വൈസ്ചാന്‍സലര്‍ മാറുക, വിദ്യാഭ്യാസപരിഷ്ക്കാരങ്ങളില്‍ രാഷ്ട്രിയനിറം കലര്‍ത്തുക,  സര്‍വകലാശാല ഭൂമി രാഷ്ട്രിയക്കാര്‍ക്ക് പതിച്ചുനല്‍ക്കുക. പീഡനത്തിനിരയായ സഹ പ്രവര്‍ത്തകയെ കൂടുതല്‍ പീഡിപ്പിച്ചോടിക്കുക, അദ്ധ്യാപകര്‍ സമയത്തിനു ക്ലാസ്സില്‍വരണമെന്ന് നിയമം കര്‍ശനമാക്കാന്‍ ശ്രമിച്ച വീ സി യ്ക്കെതിരെ സമരം ചെയ്യുക...  എന്നിങ്ങനെയുള്ള അഭിമാനകരമായ പ്രവര്‍ത്തികളിലൂടെ  പുരോഗമനകേരളത്തിലെ തക്ഷശിലയാണ് കാലിക്കറ്റ് സര്‍വ്വകലാശാലയെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.. അതിനിടയില്‍ കിട്ടുന്ന ചെറിയ സമയത്തിനിടയില്‍ പറ്റുംപോലെ ചില്ലറ കോഴ്സുകളും പരീക്ഷകളും  ഫല പ്രഖ്യാപനവുമൊക്കെ നടത്തി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയെന്ന അനാവശ്യപരിപാടിയും നടത്തിവരുന്നു.. ഭാഗ്യമുള്ള വിദ്യാര്‍ഥിക്ക് കൃത്യസമയത്ത് പഠനം പൂര്‍ത്തിയാക്കാം അല്ലാത്തവന്‍റെ കാര്യം ഗോപി... അങ്ങനെയിരിക്കെയാണ് ഒരു വെറൈറ്റിക്കു വേണ്ടി ‘ഗോള്‍ഡന്‍ മദര്‍’ പുരസ്ക്കാരം കൊടുക്കാമെന്നു വെച്ചത്. പ്രസവിച്ചു കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുന്ന നല്ല അമ്മമാര്‍ക്കുള്ള  അവാര്‍ഡാണെങ്കിലും എല്ലാ പൊന്നമ്മമാരും അവാര്‍ഡിനു അപേക്ഷിക്കാന്‍ യോഗ്യരല്ല ... അപേക്ഷിക്കാനുള്ള യോഗ്യത  സര്‍വ്വകലാശാല പറയുന്ന വിഭാഗങ്ങളില്‍പ്പെടുന്നവരായിരിക്കണം.. അവരില്‍നിന്നേ  പൊന്നമ്മ ഉണ്ടാകാന്‍ പാടോള്ളൂ.. എടുത്തുപറയാന്‍ പ്രത്യേക മേഖലകളില്ലാത്ത ബഹുഭൂരിപക്ഷം അമ്മമാരും പടിക്ക് പുറത്തുതന്നെ...അവര്‍ക്കാര്‍ക്കും രാഷ്ട്രനിര്‍മ്മാണത്തില്‍ യാതൊരു റോളുമില്ല പോലും..ഹേയ് പ്രത്യേക മേഖലാവാദങ്ങള്‍ ഒന്നുമില്ലാത്ത അമ്മമാരെ നിങ്ങളുടെ കാര്യം മഹാകഷ്ടം.. നാട്ടിലെ സര്‍വകലാശാലയും പറയുന്നു; നിങ്ങള്‍ നടയ്ക്കിരുത്തേണ്ട ജന്മങ്ങള്‍ മാത്രമാണെന്ന്.......ഒരു സര്‍വ്വകലാശാല ഇമ്മാതിരി തരംതിരിവ് കാണിക്കുമ്പോള്‍ ചില്ലറ വിഷമം തോന്നുക സ്വാഭാവികമാണ്. വയലില്‍ പണിയെടുത്ത് കുടുംബം പോറ്റുന്ന നാണിയമ്മയോ, ഭര്‍ത്താവ് മരിച്ചശേഷം അണ്ടി ഫാക്ടറിയില്‍ തൊണ്ടുതല്ലി മക്കളെ പോറ്റുന്ന കമലാക്ഷിയമ്മയോ, കയറുപിരിച്ചു കുടുംബം പുലര്‍ത്തുന്ന ജാനമ്മയൊ, കൊളുന്തുനുള്ളി ജീവിക്കുന്ന മണിയമ്മയോ. എന്തിനധികം കിടപ്പിലായ ഭര്‍ത്താവിനെയും പറക്കമുറ്റാത്ത മക്കളെയും പോറ്റാന്‍ ദിവസക്കൂലിക്ക് പറമ്പുകിളയ്ക്കാന്‍ പോകുന്ന  മാധവിയോ.. പൊന്നമ്മയാകില്ലാന്നു സാരം..അന്നന്നത്തെ അന്നത്തിനായി വിയര്‍പ്പൊഴുക്കുന്ന ഇവര്‍ക്കാര്‍ക്കും മുകളില്‍ പറഞ്ഞപോലുള്ള വ്യക്തമായ മേഖലകള്‍ സ്ഥാപിച്ചെടുക്കാന്‍ വിഷമാണ്.... പണ്ടൊരു ചാനല്‍ കേരളത്തിലെ പെണ്‍കുട്ടികളില്‍ മിടുക്കിയെ കണ്ടെത്തിയതുപോലെ ഞഞ്ഞാപിഞ്ഞാ പരിപാടിയിലൂടെ മാസം ലക്ഷങ്ങളുടെ വിറ്റുവരവും ഹൈക്ലാസ് മക്കളുമുള്ള ഒരു പൊന്നമ്മയേയും പ്രതിക്ഷിക്കാം.... നടത്തിപ്പിലെ പാളിച്ചകള്‍ ‘പൊന്നമ്മ’ പരിപാടിയില്‍ നിരന്നു കിടപ്പുണ്ടെങ്കിലും അമ്മമാരേ ആദരിക്കുന്ന ഏതൊരു പരിപാടിയും മഹത്തരം തന്നെയാണ്.. .ഗര്‍ഭം ധരിച്ച്, പ്രസവിച്ച്, മുലയൂട്ടി, മക്കളെ പോറ്റിവളര്‍ത്തി സമൂഹനിര്‍മ്മാണത്തെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാരുടെ പങ്ക് ആര്‍ക്കും തള്ളിപ്പറയാന്‍ കഴിയില്ല ..അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവരോടു സഹതപിക്കാനേ നിര്‍വ്വാഹമുള്ളൂ.. ഇരുട്ടുകൊണ്ട് ഓട്ട അടയ്കുന്നവരാണ് അക്കൂട്ടര്‍... പ്രസവിച്ചു മക്കളെ പോറ്റിവളര്‍ത്തുന്നത് ഒരു സ്ത്രീയുടെ ബലഹീനതയാണെന്നു ഒരിക്കലും പറയാന്‍ കഴിയില്ല.. മാതൃത്വം സ്ത്രീയ്ക്ക് മാത്രമുള്ള കഴിവും ശക്തിയുമായി അംഗികരിക്കുകയാണ് വേണ്ടത്.. മനുഷ്യ രാശിയുടെ നിലനില്പുതന്നെ സാദ്ധ്യമാക്കുന്നതില്‍ അമ്മയ്ക്കുള്ള പങ്ക് വലുതാണ്. അതുകൊണ്ട് അമ്മമാര്‍ ആദരിക്കപ്പെടെണ്ടവര്‍ തന്നെയാണ്.....   
  ഗര്‍ഭം ധരിച്ചതുകൊണ്ടോ പ്രസവിച്ചതുകൊണ്ടോ ഒരു സ്ത്രീ  ബുദ്ധിയില്ലാത്തവളാകുമെന്ന കണ്ടെത്തല്‍ ശുദ്ധ അബദ്ധമാണ്...... മാതൃത്വത്തെ മാനീക്കുന്നത് ഇരുണ്ട യുഗത്തിലേക്ക് നയിക്കുമെന്നുള്ള തസ്ലീമ നസ്രിനെപ്പോലുള്ളവരുടെ നിലപാടുകളോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. അത് മൃഗസമാനമായ ചിന്തയാണ്.. ബുദ്ധിയുള്ള സ്ത്രീകള്‍ പ്രസവിക്കാനും കുഞ്ഞുങ്ങളെ പോറ്റാനും ഇഷ്ട്ടപ്പെടുന്നില്ലായെന്ന തസ്ലീമയുടെ  നിലപാടുവെച്ചു നോക്കിയാല്‍ ..ഏതോ ബുദ്ധിയില്ലാത്ത അമ്മയ്ക്ക് പറ്റിയ തെറ്റെന്ന് അവരെത്തന്നെ വിലയിരുത്തേണ്ടി വരും.. അത് ശരിയാണോന്നു അവര്‍തന്നെ പരിശോധിക്കട്ടെ.. ദിവസവും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുന്ന സ്വന്തം നാട്ടില്‍നിന്നും, വിവാദ എഴുത്തിലൂടെ ജീവന് ഭീഷണി വന്നപ്പോള്‍ പ്രാണഭയത്താല്‍ ഒളിച്ചോടി അന്യനാട്ടില്‍ താമസിക്കുന്ന അവര്‍ക്ക് വേണ്ട സംരക്ഷണം ഇപ്പോള്‍ കൊടുക്കുന്നത്‌ അവര്‍ പറഞ്ഞപ്രകാരമാണെങ്കില്‍;  ബുദ്ധിയില്ലാത്ത സ്ത്രീകള്‍ പ്രസവിച്ചുപോറ്റി വളര്‍ത്തിയ മക്കളാണെന്നുള്ള കാര്യം ഓര്‍ക്കേണ്ടതാണ്.. ഒരമ്മയുടെ സ്നേഹത്തോടെ അവര്‍ക്ക് ആഥിത്യം നല്‍കിയ നാടിന്‍റെ സംസ്കൃതിയെയാണ് അവര്‍ കളിയാക്കിയിരിക്കുന്നത്... പ്രസവിക്കുന്നതും കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതും സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കുമെന്നും അത് പുരുഷന്‍റെ മുന്നിലുള്ള സ്ത്രീയുടെ കീഴടങ്ങലാണെന്നും, അമ്മയാകാന്‍ തലച്ചോര്‍ ആവശ്യമില്ലായെന്നും, ബുദ്ധിമതികളും സ്വതന്ത്രരും വിദ്യാസമ്പന്നരുമായ വനിതകള്‍ മുഴുവനും വിവാഹം കഴിക്കാനും ‘കുട്ടികളെയുണ്ടാക്കാനും’ ഇഷ്ടപ്പെടുന്നില്ലായെന്നും അവര്‍ പറയുമ്പോള്‍;  ഇവിടെയുള്ള  അമ്മമാര്‍ ജന്മം നല്‍കിയ മക്കളാണ് ഇങ്ങനെയൊക്കെ പറയാനും സ്വാതന്ത്ര്യമായി ജീവിക്കാനും വേണ്ട സംരക്ഷണം അവര്‍ക്ക് നല്‍കുന്നതെന്ന യാഥാര്‍ത്ഥ്യം തസ്ലീമ മനസിലാക്കിയാല്‍ കൊള്ളാം.. തസ്ലീമയുടെ പ്രായമുള്ള എല്ലാ സ്ത്രീകളും വിവാഹം കഴിക്കാതിരിക്കുകയോ കുട്ടികള്‍ക്ക് ജന്മം നല്‍കാതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ തസ്ലീമയോടൊപ്പമുള്ള വാര്ധിക്യനിര മാത്രമേ ലോകത്തിന്ന്‍ കാണുകയൊള്ളൂ.. അവര്‍ക്ക് ആവശ്യമായ സംരക്ഷണത്തിനുള്ള യുവത്വം എവിടെനിന്ന് ഉണ്ടാകും എന്നുകൂടെ വ്യക്തമാക്കണം.. ഇതൊരു തരം അസൂയയാണ്; അമ്മമാരോടും കുഞ്ഞുങ്ങളോടുമുള്ള അസൂയ... മാതൃത്വം ആസ്വദിക്കാനോ ഒരു കുഞ്ഞിന്‍റെ സ്നേഹം അനുഭവിക്കാനോ കഴിയാത്തതിലുള്ള അസൂയ,,,,,പുതിയ തലമുറയോടുള്ള അസൂയ.... എല്ലാ അമ്മമാരും ബുദ്ധിയില്ലാത്തവരും പുരുഷന്‍റെ അടിമയുമാണെന്നും,  താനും തന്നെപ്പോലുള്ള സ്ത്രീകളും മാത്രമാണ്  ശരിക്കും ബുദ്ധിയുള്ളവരെന്നുമുള്ള അവരുടെ ജല്‍പ്പനങ്ങള്‍ ലജ്ജാകരമാണ്... ഓരോ നല്ല എഴുത്തുകാര്‍ക്കും സമൂഹത്തോട് ഒരു ബാധ്യതയുണ്ട് . സമൂഹത്തിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതും കൂടിയായിരിക്കണം  അവരുടെ എഴുത്തിന്‍റെ ആത്യന്തികലക്ഷ്യം... എനിക്ക് ശേഷം പ്രളയം എന്ന കാഴ്ചപ്പാട് ശുദ്ധഭോഷ്ക്കാണ്.ഇക്കാര്യത്തില്‍ തസ്ലീമയെന്ന എഴുത്തുകാരി  എവിടെ നില്‍ക്കുന്നുവെന്നത് ചിന്തിക്കേണ്ടതാണ്. തസ്ലീമ മണ്ടത്തരം പറഞ്ഞാല്‍ അത് മണ്ടത്തരം അല്ലാതാകുന്നില്ലായെന്ന ഉറച്ച ബോധ്യത്തോടെ മക്കളെ പ്രസവിച്ച്, സ്നേഹിച്ച്, പോറ്റിവളര്‍ത്തുന്ന എല്ലാ അമ്മമാര്‍ക്കും പിന്തുണ അറിയിച്ചുകൊണ്ട്‌...