**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, October 3, 2014

ജീന്‍സിനകത്തെയ്ക്കൊരു നോട്ടം


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീതകോളേജില്‍ ശുചിത്വ കേരളം പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിക്കവേ കേരള ഗന്ധര്‍വന്‍ യേശുദാസ്; സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നും, ജീന്‍സിട്ടാല്‍ അതിനപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നുമെന്നും അരുളപ്പാട് നടത്തിയത് വന്‍ വിവാദമായിരിക്കുകയാണ്.. സ്ത്രീസമൂഹം ഒന്നടങ്കവും ചില കുലംകുത്തി പുരുഷന്മാരും ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നു.. പണ്ടൊരു മഹര്‍ഷി വര്യന്‍ ജീന്‍സിട്ടാല്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം താഴെ വീണുപോമെന്നു പ്രസ്താവിക്കുകയുണ്ടായി. അക്കാലത്ത് അതിനു വന്‍വരവേല്പ്പ് തന്നെ ലഭിച്ചു... അന്നു ജീന്‍സിട്ട ഒരു പെണ്‍കുട്ടിയാണ് ആദ്യം കൂവിയത്. ഇന്നിപ്പോള്‍ ജീന്‍സിട്ട പെണ്ണുങ്ങളും ഒപ്പം സാരിക്കാരും ദാസേട്ടനെതിരെ കൂവിക്കൊണ്ടിരിക്കുന്നു..  റഷിവര്യന്‍റെ പ്രസ്താവനയ്ക്ക് ശേഷം കേരളത്തിലെ റോഡുകളിലും മറ്റു സ്ഥലങ്ങളിലുമൊക്കെ നിരവധി യൂട്രസ്സുകള്‍ വീണുകിടക്കുന്നതായി വാര്‍ത്തവന്നിരുന്നു... ജീന്‍സ് ഇട്ടതുകൊണ്ട് നിരവധി ഗര്‍ഭങ്ങള്‍ അലസിയതായും കുടുംബങ്ങള്‍ ശിഥില മായാതായും ചാനലുകളില്‍ നിരന്തരം വര്യന്‍ പറഞ്ഞിരുന്നു... എന്നാല്‍ ഇതുകേട്ട ഒരു സ്ത്രീയും ജീന്‍സ് ഊരിയില്ല. ഇങ്ങനെപോയാല്‍ സംഗതി കൂടുതല്‍ കുഴപ്പത്തിലേക്കാണ് പോകുന്നതെന്ന് മനസ്സിലായ ദാസേട്ടന്‍ ഈ വിഷയത്തില്‍ ഇടപെടുകയാണ് ചെയ്തിരിക്കുന്നത്... ഒന്നാം കക്ഷിക്ക് യൂട്രസ് താഴെവീണു പോകുന്നതാണ് വിഷയമെങ്കില്‍, ദാസേട്ടനെ സംബന്ധിച്ച് ജീന്‍സിട്ട പെണ്ണുങ്ങളെ കാണുമ്പൊള്‍ അതിനപ്പുറം എന്താണുള്ളതെന്നു അറിയാനുള്ള ത്വര ഉണ്ടാവുകയാണ് ചെയ്യുന്നത് .. ഈ പ്രായത്തില്‍ ഇമ്മാതിരി ത്വര ഉണ്ടാകുന്നത് അപകടമാണ്... ഈ വിഷയത്തില്‍ ഭാര്യമാരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഭര്‍ത്താവിനു ജീന്‍സിട്ട പെണ്ണുങ്ങളുടെ ജീന്‍സിനകത്ത്‌ കയറാനുള്ള മോഹം ഉണ്ടായാല്‍ ശ്രദ്ധിക്കുക... ഒന്നുകില്‍ പെണ്ണുങ്ങളുടെ തല്ലുകൊണ്ട് ചാകും; അല്ലെങ്കില്‍ ശിഷ്ടകാലം ജയിലില്‍ ഉണ്ടതിന്നു ജീവിക്കാം... ഏതായാലും വലിയൊരു മഴയ്ക്ക് ശേഷം നനഞ്ഞിരുന്ന പടക്കങ്ങള്‍ ചൂടായ അവസ്ഥയാണിപ്പോള്‍. തറയില്‍വീഴുന്ന യൂട്രസിനു ശേഷമുണ്ടായ നിശബ്ധത മാറിയിരിക്കുന്നു... താനും തന്‍റെകൂട്ടുകാരും ലെസ്ബിയനാണെന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഒരു തറവാടി പറഞ്ഞതേയുള്ളൂവെങ്കിലും വിഷയം വേണ്ടത്ര കത്തിയില്ല. ആരും മൈന്‍ഡ് ചെയ്തില്ല.. ഒരു ചാനലിലും ഒരു ചര്‍ച്ചയും നടന്നില്ല. എന്നാല്‍ ഇവിടിപ്പോള്‍ ദാസേട്ടന്‍ ഗോള്‍ അടിച്ചിരിക്കുന്നു...ഉറങ്ങിക്കിടന്ന പുലികളെല്ലാം എഴുന്നേറ്റു കഴിഞ്ഞു...  നന്ദി ദാസേട്ടാ..
  സത്യത്തില്‍ ദാസേട്ടനെ അറിയാവുന്ന ആരും ഇതൊരു വിഷയമായി എടുക്കില്ല... മൈക്ക് കൈയ്യില്‍ കിട്ടിയാല്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന ഗന്ധര്‍വരീതി ഇതാദ്യമൊന്നുമല്ല.... ലക്ഷക്കണക്കിന്‌ പാട്ടുകള്‍ പാടിയിട്ടുണ്ട് എന്നുവെച്ച് വിവരവും ബോധവും ഉണ്ടാകണമെന്ന് നമ്മള്‍ വാശി പിടിക്കാന്‍ പാടില്ല... പ്രായത്തോടും ശീലത്തോടുമുള്ള പരിഗണന വെച്ചു നമുക്കീ സംഭവം തള്ളിക്കളയാവുന്നതേയുള്ളൂ.. ഏതെങ്കിലും ഉല്‍ഘാടനത്തിനു വിളിച്ചാല്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞ് ഉള്ള കായും വാങ്ങി പോവുകയല്ലാതെ അതിനപ്പുറം ഒന്നുമില്ലന്നു കരുതിയാല്‍ മതി.. ഏതെങ്കിലും ജീന്‍സ് കടയുടെ  ഉത്ഘാടനത്തിനു നിങ്ങളദേഹത്തെ വിളിച്ചു നോക്കൂ... സാരിയെ അദേഹം നിശ്ചയമായും തെറി വിളിച്ചിരിക്കും... കാറ്റൊന്നു വീശിയാല്‍ പുക്കിള്‍ച്ചുഴിയും, മാറിടവും പുറത്ത്, ഒരു യാത്രയ്ക്ക് പോയാല്‍ എന്തൊരു പൊല്ലാപ്പ്, ബസ്സില്‍ തൂങ്ങി നില്ക്കാന്‍ എന്തൊരു വിഷമം .അതുകൊണ്ട് .സ്ത്രീകള്‍ക്ക് ധരിക്കാന്‍ ഏറ്റവും നല്ല വസ്ത്രം ജീന്‍സ് തന്നെയാണെന്നു പറഞ്ഞുകൊണ്ട് ഉത്ഘാടനം വെടിപ്പാക്കിത്തരും. കുറച്ചു കാലം മുന്പ് ഏതോ ചാനലിന്‍റെ നേരെ ചൊവ്വയില്‍; റിയാലിറ്റി ഷോകളെ ക്രൂരമായി വിമര്‍ശിച്ച ആള്‍ പിന്നെ പൊങ്ങിയത് ഐഡിയ സിങ്ങറിന്‍റെ ഫൈനലില്‍ സമ്മാനം കൊടുക്കാനാണ്... റിയാലിറ്റി ഷോകള്‍ സംഗിതത്തിനു നല്‍കുന്ന സംഭാവനകളെക്കുറിച്ച് മലയാളി ആ നാവില്‍ നിന്നുവീണ്ടും കേട്ടു.. മലയാളഗാനം പാടി സമ്മാനം നേടിയ മലയാളി കുട്ടിയോട്; കുട്ടി അമേരിക്കയില്‍ ജനിക്കേണ്ടിയിരുന്നു എന്നുവരെ പറഞ്ഞു കളഞ്ഞു.. അമേരിക്കയില്‍ ജീവിക്കുന്ന ടിയാന്‍റെ പാട്ടുകള്‍ സായിപ്പല്ല മലയാളിയാണ് കേള്‍ക്കുന്നതെന്ന് മറന്നുപോയി.. ഇവിടുത്തെ ചായക്കടയിലും ബാര്‍ബര്‍ ഷോപ്പിലും റേഡിയോ കേള്‍ക്കുന്ന സാധരണ മലയാളിയാണ് ഇങ്ങേരെ ഗന്ധര്‍വനാക്കിയതൊന്നും മറന്നുപോയി. പണ്ടൊരു സണ്ടേസപ്ലിമെന്റില്‍ ഇനി ഞാന്‍ താടിയും മുടിയും കറുപ്പിക്കില്ലായെന്നു വെച്ചുകാച്ചിയിട്ടു ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ദേ വീണ്ടും എല്ലാം കറുത്തിരിക്കുന്നു... ഇതിപ്പോ ഏതോ ജീന്‍സുകാരി പെങ്കൊച്ച് ഏതോ വേളയില്‍ എന്തോ പൂശു കൊടുത്തോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്നു.. ഇങ്ങനെ വാക്കും ചാക്കും മാറ്റിമാറ്റി പറയണ ആളുടെ വാക്കിന് അത്ര ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് നല്ലത്... പ്രിയ വനിതകളെ  അഭിപ്രായസ്വാതന്ത്ര്യം ഉള്ള കാലത്തോളം ജീന്‍സിനകത്ത്‌ നോക്കുന്നവരും യൂട്രസ് തപ്പി നടക്കുന്നവരും നിങ്ങള്‍ക്ക് പിറകെ ഉമിനീര്‍ ഇറക്കി നടക്കുന്നുണ്ടാകും... ഇവരുടെയൊക്കെ കരണക്കുറ്റി പുകയ്ക്കാനുള്ള വഴികള്‍ പഠിക്കു അതേ ഇതിനൊക്കെ പരിഹാരമുള്ളൂ..
  അനേകം മനോഹരഗാനങ്ങള്‍ പാടിയതുകൊണ്ട് ആ പട്ടുകാരനില്‍ നിന്നും പുറപ്പെടുന്ന ഭാഷണങ്ങള്‍ മധുരകരമാവണമെന്നില്ല.. കാശുവാങ്ങി പാട്ടു പാടുക എന്നതില്‍ കവിഞ്ഞ് കൂടുതലൊന്നും പ്രതീക്ഷിക്കുകയും വേണ്ട.. സ്ത്രീശരീരത്തെ നോക്കി വെള്ളമിറക്കുന്ന പഞ്ചാരനായകന്മാര്‍ക്ക് വേണ്ടി പാടിയപ്പോള്‍ കാണാത്ത സദാചാരം ഇപ്പോള്‍ വന്നതിനു പിന്നില്‍ കറുപ്പിച്ചിട്ടും കറുപ്പിച്ചിട്ടും നരയ്ക്കുന്നതിന്‍റെ അസൂയ മാത്രമാണ്.. പാടുന്ന പാട്ടുകളിലെ മനോഹാരിതയ്ക്കപ്പുറം  മൊഴിയുന്ന വാക്കുകള്‍ പലതും ചൊറിച്ചില്‍ ഉണ്ടാക്കുന്നവയാണന്നതിനുള്ള തെളിവാണ് ഈ സംഭവം.. യൂട്രസ് താഴെവീഴുമെന്നു പറഞ്ഞ ദിവ്യന് പറ്റിയ ഒരു പിന്‍ഗാമിയെ കിട്ടി യെന്നു കരുതി ആശ്വസിക്കാം...

 ഏതു വസ്ത്രവും മാന്യമായി ധരിച്ചാല്‍ മനോഹരം തന്നെയാണ്.. ജീന്‍സിനും സാരിക്കുമെല്ലാം ഇതു ബാധകമാണ്.. ഇങ്ങനെ നോക്കിയാല്‍ പുക്കിളും മാര്‍വിടവും ചുമലുമെല്ലാം കേവലം ചുറ്റിവെപ്പിലൂടെ മറയ്ക്കുന്ന സാരി എങ്ങനെ മാന്യവസ്ത്രമെന്നു പറയും.. ശരീരഭാഗങ്ങളെ മുഴുവന്‍ മറയ്ക്കുന്ന ജീന്‍സ് അതിനെക്കാള്‍ ഭേദം തന്നെ... എന്നിട്ടും നിങ്ങളുടെ കണ്ണുകള്‍ ജീന്‍സിനകത്തെയ്ക്ക് നീങ്ങുകയാണെങ്കില്‍; ജീന്‍സിനല്ല പ്രശ്നം, പ്രശ്നം നിങ്ങളുടെ കണ്ണുകള്‍ക്കാണ് അത് ചൂഴ്ന്നുകളയാനുള്ള ധൈര്യമാണ് ദാസേട്ട നിങ്ങള്‍ കാണിക്കേണ്ടത്.. ദാസേട്ട നിങ്ങളുടെ ആലാപനം‌ മനോഹരമാണ്, ദിവസത്തില്‍ ഒരിക്കലെങ്കിലും മലയാളി അത് കേള്‍ക്കുന്നു. അതിന്‍റെ ബഹുമാനവും ഞങ്ങള്‍ നിങ്ങളോട് കാണിക്കുന്നുമുണ്ട്..എന്നുവെച്ച് 'രതിസുഖസാരമായി ദേവിനിന്നെ വാര്‍ത്തൊരാ ദൈവം കലാകാരന്‍' എന്നാ പഴയ ചൊക്കാടാ സാഹിത്യത്തോട് അത്ര മതിപ്പില്ല...


 പിന്കുറിപ്പ് ;ഏഷ്യാഡില്‍ ഇന്ത്യന്‍ സ്ത്രീകള്‍ ബനിയനും നിക്കറുമിട്ടു മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ മലയാളിയുടെ നോട്ടം എങ്ങോട്ട്???...അവരെ നമുക്ക് സാരി ഉടുപ്പിച്ചാലോ,,,,,,,, വസ്ത്രമല്ല പ്രശ്നം; കണ്ണാണ് പ്രശ്നം ചുഴുന്നുകള,, 

8 comments:

 1. ജിത്തുOctober 3, 2014 at 6:57 PM

  ആറും അറുപതും കണക്കാണെന്ന് കരുതിയാല്‍ മതി ...കാര്യം താമസം അമേരിക്കയില്‍ ആണെങ്കിലും ലോക പരിചയം കുറവാണ് മൂപ്പര്‍ക്ക്

  ReplyDelete
 2. അയാളുടെ മരുമക്കള്‍ പോലും ജീന്‍സ് ധരിക്കുന്ന സാഹചര്യത്തില്‍ മോശമായി വസ്ത്രം ധരിക്കരുതെന്ന് അയാള്‍ക്ക് പറയാം എന്നാല്‍ ജീന്‍സ് ഉപേക്ഷിക്കാന്‍ പറയുന്നതില്‍ എന്താണ് ന്യായം

  ReplyDelete
 3. വാക്കൊന്ന്, പ്രവര്‍ത്തി വേറൊന്ന്

  ReplyDelete
 4. തിസുഖസാരമായി ദേവിനിന്നെ വാര്‍ത്തൊരാ ദൈവം കലാകാരന്‍'...

  he just sang this song..probably he is reading those lines again at age 80+? too late :)

  ReplyDelete
 5. ഇരയെ ശിക്ഷിക്കുകയും ഇരപിടിയന്മാരെ രക്ഷിക്കുകയും ചെയ്യുന്ന ലോകം,,,

  ReplyDelete
 6. പോകാൻ പറയുന്നു ആ...ട്. ത്ഫൂ....

  ReplyDelete
 7. It has to be noted that Keralite, born and brought up in Kerala hardly have a good body shape to wear a western outfit. Most of the ladies in Kerala , young and old are having the shape of Oil Barrell , for which Jeans make an unpleasant look. So, for certain extent Yesuday is right.

  Vinu
  Dubai

  ReplyDelete
 8. വസ്ത്രമല്ല പ്രശ്നം, കാണുന്നവന്റെ മനസ്സാണ്‌ പ്രശ്നം.

  ReplyDelete