**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, January 31, 2017


       ഈ ഇന്റെര്‍വ്യൂ സാഡിസമാണോ..?..........
വിദ്യാധരന്‍റെ വ്യാകുല ചിന്തകള്‍ 

   നാട്ടികയില്‍നടന്ന ലുലു ഇന്റെര്‍വ്യൂ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ചില മനുഷ്യസ്നേഹികളെങ്കിലും പറഞ്ഞുപരത്തുന്നത്.  തൊഴില്‍ അന്വേഷകരെ കൂട്ടമായി വിളിച്ചുവരുത്തി പൊരിവെയിലത്ത്‌ നിറുത്തിയെന്നതാണ് പ്രധാന ആക്ഷേപം.  കുടിക്കാന്‍ വെള്ളംകൊടുത്തില്ല, തിന്നാന്‍ ബിരിയാണികൊടുത്തില്ല, കിടക്കാന്‍ കട്ടില്‍കൊടുത്തില്ല,  തിരിച്ചു പോകാന്‍ വണ്ടിക്കൂലികൊടുത്തില്ല തുടങ്ങിയ ചെറിയ പരിദേവനങ്ങള്‍  വേറെയുമുണ്ട്.  സിഎ കാരെയും, എംബിഎ കാരെയും  വെറും പത്താം ക്ലാസ്സുകാരുടെ കൂടെ ക്യൂ നിറുത്തിച്ചുവെന്നൊരു പരാതിയുമുണ്ട്. എന്തുകൊണ്ട് സിഎ കാര്‍ക്കും എംബിഎ കാര്‍ക്കും കസേര കൊടുത്തില്ലാ യെന്നത് ഒരു  ഭയങ്കരചോദ്യമാണ്.. ചുമക്കലും, അടുക്കലും, എടുക്കലും, തുടയ്ക്കലുമാണ് ജോലി എന്നതുതന്നെ കാരണം.
   
  ഉള്ള കാര്യമെന്താന്ന് വെച്ചാല്‍ പത്താംക്ലാസ്സ്‌/പ്ലസ്ടു കഴിഞ്ഞവര്‍ക്കും ടൈലര്‍, ഇലക്ട്രിഷ്യന്‍, ഡ്രൈവര്‍, ബുച്ചര്‍ തുടങ്ങിയ ടെക്നിക്കല്‍ ട്രേഡ് ഉള്ളവര്‍ക്കുമാണ് ഇന്റെര്‍വ്യൂ നടത്തിയതെന്നാണ് കിട്ടുന്ന വിവരം. അതുകൊണ്ട് സിഎ കാരും എംബിഎ കാരും അവിടെ ചുറ്റിത്തിരിഞ്ഞത്‌ എന്തിനെന്നു വ്യക്തമാക്കണം .ഉത്തരം ഒന്നേയുള്ളൂ . ഗതികേടുകൊണ്ട് അല്ലാതെന്തിന് ...ഇന്റെര്‍വ്യൂ ഉണ്ടെന്നൊരു പരസ്യം കൊടുത്തു; പിന്നെയിതാ വലിയൊരു ജനക്കൂട്ടം മൈതാനത്ത് ഊഴംകാത്തു നില്‍ക്കുന്നു.. എല്ലാവരെയും ഒന്നിച്ചു കാണാന്‍ പറ്റാത്തതിനാല്‍ ഓരോരുത്തരെ വിളിക്കുന്നു... വിളികേള്‍ക്കാന്‍ എല്ലാവരും കൂട്ടംകൂടിനിന്ന് അതൊരു ജനക്കൂട്ടമായി .കഷ്ടകാലത്തിനു വെയിലും വന്നു ... അല്ലാതെ ആരെയും ക്ഷണക്കത്തടിച്ച് വിളിച്ചു വരത്തിയതല്ല... പിന്നെന്തിനു മൊതലാളിയെ വിമര്‍ശിക്കുന്നു എന്നതാണ് ചോദ്യം.
  
  വെയിലത്ത്‌ നിറുത്തിയെന്നോര്‍ത്തു ആരും വിഷമിക്കേണ്ട. കാരണം  ഈ വെയിലത്ത്‌ നിറുത്തിപൊരിക്കുക എന്നത് നമ്മുടെ ഒരു സൈക്കളോജിക്കല്‍ മൂവാണ്. മരുഭൂമിയിലേക്കാണ് പോവേണ്ടത്. അവിടെ കറണ്ടെങ്ങാനും  പോയാല്‍ തീര്‍ന്നു. പിന്നെ ചൂടോടു ചൂടാ  അതിനെ എങ്ങനെ നേരിടുമെന്നറിയാന്‍ ചെറിയ റിഹെഴ്സലാണത്. അവിടെ ആര്‍ക്കും ബോധക്കേടും പരവേശവും ഒന്നും ഉണ്ടായില്ല. സൊ; എല്ലാവരും ഫിറ്റാണ്.അത് ഇന്റെര്‍വ്യൂവിന്‍റെ ആദ്യ കടമ്പയാണ്.  
  
  പിന്നെ നാട്ടില്‍ തേങ്ങയിടാന്‍ വരുന്നവന് മാസം കിട്ടുന്ന വരുമാനമേ ഒരു ശരാശരി സൂപ്പര്‍മാര്‍ക്കറ്റ്  തൊഴിലാളിക്ക്  ഗള്‍ഫില്‍ കിട്ടുന്നൊള്ളൂയെന്നതാണ് പരമമായ സത്യം.... എന്നിട്ടും നാട്ടില്‍ പണിക്കൊന്നും പോകാതെ; ഉള്ള പണി ബംഗാളിക്കും നേപ്പാളിക്കും കൊടുത്തിട്ട് അതിരാവിലെ വണ്ടിയും കേറി അങ്ങോട്ടു ചെന്നവര്‍ക്ക് ബിരിയാണികൊടുത്തു വിടണമോയെന്നാരെങ്കിലും ചോദിച്ചാല്‍ എന്തോ പറയും? അത്തരക്കാരെ  ഇങ്ങനെ ട്രീറ്റ് ചെയ്യണമെന്നതാണ് അതിന്റെ ഒരുരീതി... മാത്രമല്ല സുപ്പര്‍ മാര്‍ക്കറ്റുകളില്‍ ചുമട് ചുമക്കാനും, സാധനങ്ങള്‍ എടുക്കാനും, അടുക്കാനും, എടുത്തു കൊടുക്കാനും പോകുമ്പോള്‍ അല്പം വെയില്‍കൊള്ളുകയെന്നതില്‍ ഒരു തെറ്റുമില്ല... ജോലിക്ക് കയറിയാല്‍പ്പിന്നെ പകലോ രാത്രിയോ ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത ഒരവസ്ഥയായിരിക്കും . ജോലി അതുകഴിഞ്ഞാല്‍ ഉറക്കം ഉണര്‍ന്നാല്‍ വീണ്ടും ജോലി  അതാണ്‌ നടപ്പ് രീതി. അതിനിടയില്‍ സൂര്യപ്രകാശം ദേഹത്ത് തട്ടല്‍ വിരളമാണ്. വെയില്‍ കാണാത്ത സ്ഥിതിയ്ക്ക്  ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി എങ്ങനെ കിട്ടും... ശരിക്കും പറഞ്ഞാല്‍ വൈറ്റമിന്‍ ഡി യുടെ  സംഭരണമാണ് ഈ വെയില്‍കൊള്ളിക്കല്‍ കൊണ്ട് കമ്പനി ആത്യന്തികമായി ഉദേശിക്കുന്നത്... എല്ലാം തൊഴിലാളികളുടെ നന്മയെ ഉദേശിച്ചു മാത്രമാണ്. അതുകൊണ്ട് മനുഷ്യസ്നേഹികള്‍ വെറുതെ പ്രസ്താവന ഇറക്കരുത്,,
   
 മനുഷ്യസ്നേഹികള്‍ ശ്രെദ്ധിക്കേണ്ട മറ്റൊരുകാര്യം .സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ റിലീസാകുമ്പോള്‍ തലേദിവസമേ ക്യൂ നില്ക്കാന്‍ തയ്യാറുള്ള ഒരു  യുവത്വമാണ് നമുക്കുള്ളത്. ബീവറെജിനു മുന്നില്‍ മണിക്കൂറുകളോളം ഊര്‍ജ്സ്വലതയോടെ തപസ്സ് ചെയ്യാനും നമുക്കൊരു  പ്രശ്നവുമില്ല, പള്ളിപ്പെരുന്നാളിനും, ഉത്സവപറമ്പിലും, പൂരത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും പൊരിവെയിലത്ത് ആടിപാടാനും ആര്‍ക്കും ഒരു വിഷമവുമില്ല. രാഷ്ട്രിയപാര്‍ട്ടികളും മറ്റ് അലവാലാതി സംഘടനകളും മിന്നല്‍സമരങ്ങള്‍ നടത്തുമ്പോള്‍ പൊരിവെയിലത്തും പെരുമഴയത്തും കുടുങ്ങിയാല്‍ കമാന്നൊരക്ഷരം മിണ്ടാതെ; ഭക്ഷണവും വെള്ളവും ഇല്ലാതെ ഇരിക്കാനും കിലോമീറ്ററുകള്‍ നടക്കാനും ഇവിടാര്‍ക്കും ഒരു വിഷമവുമില്ല.. അപ്പോഴോന്നും ഇല്ലാത്ത വേദനയാണ് ഒരു ജോലിക്കുവേണ്ടി ക്യൂ നില്‍ക്കുന്നവരെ കണ്ടപ്പോള്‍ ഉണ്ടായത്... അത് മാറാന്‍ ഒരു വഴിയെ ഉള്ളൂ;  ഇനി ഇങ്ങനെയൊരു ക്യൂ കണ്ടാല്‍ മനുഷ്യസ്നേഹികളും മനുഷ്യാവകാശകാരും അവിടെ പന്തല്‍വിരിച്ച് നാരങ്ങാവെള്ളം കൊടുക്കട്ടെ. പറ്റുമെങ്കില്‍ ക്യൂ നില്‍ക്കുന്നവരുടെ സിവി വാങ്ങി തങ്ങള്‍ക്ക് അറിയാവുന്ന സ്ഥലത്തൊക്കെ കൊടുക്കട്ടെ..

  സ്വന്തം വിയര്‍പ്പ് നീരാക്കി, സ്വയം ആര്‍ജിച്ച സ്വന്തം അധ്വാനഫലം ഒരു സുപ്രാഭാതത്തില്‍ പിടിച്ചുപറിച്ച് വാങ്ങിയിട്ട് അത് തിരിച്ചുകൊടുക്കാന്‍ പോലും കഴിയാത്ത ഒരു സംവിധാനത്തില്‍ നിന്നും   പുറത്തുകടക്കാനായിരിക്കണം ഒരു യുവത പൊരിവെയിലത്ത് അവിടെ ക്യൂ നിന്നത്.. അരിപ്രാഞ്ചികളോ അഴകിയരാവണന്മ്മാരോ ആരുമാകട്ടെ;  പത്തുപേര്‍ക്ക് തൊഴില്‍ കൊടുത്താല്‍ അതൊരു നല്ലകാര്യം തന്നെയാണ്... തൊഴിലിന്‍റെ മഹത്വം അറിയാന്‍ അല്പം വെയിലും അതിന്‍റെ വിയര്ക്കലും  നല്ലതാണ്, നല്ലതിനാണ് ....

 മറുപുറം---തിരഞ്ഞെടുപ്പിന് മറ്റുമാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ അതുപയോഗിക്കാതെ  തൊണ്ടവരണ്ടവന്‍റെ വേദന മട്ടുപ്പാവിലിരുന്നു ആസ്വദിക്കുന്നത് സാഡിസമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ പ്രസ്താവന ഇറക്കിയാല്‍ മതി കാരണം പ്രസ്താവനയെ പ്രസ്താവന കൊണ്ട് നേരിടുന്നതാണ് കൂടുതല്‍ നല്ലത്.


ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും