**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, December 30, 2012

പുരുഷു എന്നെ അനുഹ്രഹിക്കണം.


     
  ബലാല്‍സംഗികളാവാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആണുങ്ങളെയും കട്ടപ്പുറത്തിരുത്തുന്ന മുട്ടന്‍ തെറിയുടെ വെടിക്കെട്ട് പ്രകടനമാണ് ഭിത്തിയില്‍ തൂക്കിയിരിക്കുന്ന അന്‍പത്തിരണ്ടിഞ്ചില്‍ തെളിയുന്നത്.എങ്ങോട്ട് മാറ്റിയാലും തൃശൂര്‍പൂരത്തിന് അമിട്ടുപൊട്ടുന്നതുപോലെയുള്ള കിടിലന്‍ പ്രകടനങ്ങള്‍..മൂല്യം പോയി, ച്യുതി വന്നു, മനസിലാക്കണം ,തൊലിക്കണം തൊഴിക്കണം, തൂക്കണം, ചെത്തണം, കണ്ടിക്കണം,കൊല്ലണം  തുടങ്ങിയ പ്രയോഗങ്ങള്‍. അതിനിടെ പളനിയ്ക്ക് പോകാനിറങ്ങിയ പിരിവുകാരെപ്പോലെ ചിലര്‍ പ്രാര്‍ഥിക്കണം, പ്രാര്‍ഥിക്കണം എന്നുപറഞ്ഞുകൊണ്ട് കൂപ്പുകൈയ്യുമായി വരുന്നു...വാര്‍ത്ത അവതരിപ്പിക്കുന്നവന്‍ അതിഥികളുമായി ഊക്കന്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നു. ലെവന്മമാരുടെ അതു ചെത്തണം, തൂക്കണം എന്നുതന്നെയാണ് അതിഥികളായി വന്നിരിയ്ക്കുന്ന മഹിളകള്‍ അധികവും പറയുന്നത്. അതിഥികള്‍ അധികവും സിനിമാമേഖലയുമായി ബന്ധപ്പെട്ടവരാണ്. പീഡനവും, സിനിമയും ബെസ്റ്റ്‌ കോമ്പിനേഷനായതുകൊണ്ടായിരിക്കണം ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ്‌നടത്തിയത്. ഈ വന്നവരൊക്കെ എത്രപേരുടെ ഇതിനകം ചെത്തിയിട്ടുണ്ട് എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.എന്തൊരു പ്രകടനമാണ് ഇവര്‍ നടത്തുന്നത്.ഈ പറയുന്നവരില്‍ ഒറ്റയൊരെണ്ണംപോലും പൊതുപ്രതിഷേധങ്ങളില്‍ പങ്കെടുത്തുകണ്ടില്ല.മുഖമൊക്കെ മിനുക്കി എ.സി മുറിയില്‍ ക്യാമറയ്ക്കു മുന്നിലിരുന്നു ഭയങ്കരപ്രകടനം..നമിച്ചു മക്കളെ നമിച്ചു... എന്തൊരു നേര്, എന്തൊരു നിര്‍ഭയം. പണ്ടൊരു സ്ത്രീ ഒരു പീഡനപര്‍വം വെളിപ്പെടുത്താന്‍ ഇതേ ചാനലിന്‍റെ സ്റ്റുഡിയോവില്‍ ചെന്നപ്പോള്‍ ഇതിവിടെ പറ്റില്ലായെന്നു പറഞ്ഞു ഒഴിവാക്കിയ കൂട്ടരാണ്; അന്നവര്‍ക്കൊരു ‘വിഷന്‍’ മാത്രമേ കൂട്ടുണ്ടായിരുന്നുള്ളൂ..ഇന്നിപ്പോള്‍ ഗംഭിരന്‍ പ്രകടനം ..
      ചര്‍ച്ചിക്കാന്‍ കേരളത്തിലെ മൂന്ന് മഹിളകളാണ് അണി നിരന്നിരിയ്ക്കുന്നത് . ഈ വിഷയത്തില്‍ പ്രാര്‍ത്ഥനയാണ് പരിഹാരം എന്നു വിശ്വസിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയും ,അതല്ല സ്കൂളുകളില്‍  ഗീത പഠിപ്പിക്കാത്തതാണ് കുഴപ്പമെന്ന്പറയുന്ന മഹിളയും, എന്തോ..... മറ്റു പുരോഗമനവനിതകളെ ഒന്നും ക്ഷണിച്ചുകണ്ടില്ല. മൂന്നാമത്തെതാരം കേരളത്തിലെമൊത്തം സ്ത്രീജനങ്ങളുടെയും പ്രതിനിധിയെന്നു ‘നേരോടെ നിര്‍ഭയം’ പറയുന്ന; മൂലവും,മൂല്യവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത  ‘മംഗ്ലിഷ്‌ റാണി’യും. തള്ളെ... ഒള്ളത് പറയാമല്ലോ പൊളപ്പന്‍ പ്രകടനമായിരുന്നു. രോമംവരെ എഴുന്നേറ്റുനിന്നു കയ്യടിച്ചു. ഉജാല എവിടെയുണ്ടോ അവിടെ വെണ്മയുണ്ട് എന്നുപറയുന്നതുപോലെ എവിടെ തുണി പ്രശ്നമുണ്ടോ അവിടെ മംഗ്ലീഷ് റാണിയുണ്ട് See the real issue is not the way of  dressing. It is my right ..’കൊള്ളാം ഇതാണ് ചുണ. ടി വി യില്‍ നിന്നും കണ്ണ് പറിക്കാന്‍ കഴിയുന്നില്ല.ഈ അവകാശം എവിടെവരെ പോകും എന്നറിയാന്‍ വല്ലാത്ത ആഗ്രഹം.ദുഷ്ടന്‍ ക്യാമറമാന്‍; ക്യാമറ അനക്കുന്നതേയില്ല...... തുണിയാണ് കുഴപ്പംപോലും കുറെ അലവലാതി സദാചാരക്കാര്‍ ഇറങ്ങിയിരിക്കുന്നു. മറച്ചു വയ്ക്കുന്നതാണ് കുഴപ്പം. എല്ലാം തുറന്നു നടക്കുകയാണെങ്കില്‍ ഇതൊക്കെ ആര്‍ക്കു വേണം.......ഷക്കില, രേഷ്മ പടങ്ങളൊക്കെ ഈ സെന്‍സര്‍ബോര്‍ഡ്‌ എന്തിനാ കത്രിക വയ്ക്കുന്നതെന്നാ സംശയം....ആവിഷ്ക്കാര സ്വാതന്ത്ര്യമായി അതങ്ങുതുറന്നു വിട്ടാല്‍ പോരെ...പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അരവയറും, മുലയും, തുടയും മറ്റു പലതിന്‍റെയും ആകൃതികളുവരെ അതെപടി പുറത്തു കാണിക്കുന്ന വേഷവും ധരിച്ചുകൊണ്ട് പ്രേഷകരുടെ മുന്നില്‍ നിന്ന് What a nice performance….” എന്ന് പറയുമ്പോള്‍   കണ്ടുകൊണ്ടിരിയ്ക്കുന്ന ആരുടെയെങ്കിലും പെര്‍ഫോമന്‍സ് ഇളകിയാല്‍ അതിന്‍റെ ഉത്തരവാദിത്വം ആര്‍ക്കാണ്. ഈശ്വരാ....എന്‍റെ നോയമ്പ് തെറ്റി......കടുക്കാവെള്ളം കഴിച്ചുകഴിയുന്ന ചില മൈകൊണാപ്പന്‍മാര്‍ ഇതൊക്കെ കണ്ടാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല എല്ലാമിങ്ങു പോരട്ടെയെന്ന് പറയുന്നത് വിശ്വസിക്കേണ്ട....എന്നെതൊട്ടാല്‍ അടിച്ചു പല്ലുകൊഴിക്കും എന്നൊക്കെ വീമ്പിളക്കുന്ന വമ്പത്തിമാര്‍ സംശയമുണ്ടെങ്കില്‍ മലയാളത്തിലെ സെലിബ്രിറ്റികളുടെ ഹോട്ട് വീഡിയോകളുടെ ഹിറ്റ്‌ നോക്കിയാല്‍മതി. അപ്പൊപോയി കണ്ടു എന്ന് കുറ്റപ്പെടുത്തരുത്. സദാചാരവാദി അല്ലാത്തതുകൊണ്ട് അതിനു തടസ്സമില്ല....ഇനി ആണെങ്കിലും; വന്നുകണ്ടോ ഇതാ ഞങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നുപറഞ്ഞു മാടിവിളിച്ചാല്‍ എങ്ങനെയാ പോകാതിരിക്കുക ....   അവിടെയൊക്കെ നിങ്ങളുടെ വസ്ത്രങ്ങളുടെ തെന്നിമാറ്റമാണ് വില്‍പ്പനയ്ക്ക് വച്ചിരിയ്ക്കുന്നത്.തൊടാന്‍ കിട്ടിയാല്‍ പല്ലും നഖവും പോലും കിട്ടാന്‍ വിഷമമായിരിയ്ക്കും. സംശയമുണ്ടെങ്കില്‍ കഴിഞ്ഞ ദിവസം ആരാധകരുടെയിടയില്‍ പെട്ടുപോയ ഇമ്മടെ ‘ഗോസ്റ്റ്‌ ഹൌസ്’ ഐറ്റത്തിനോട് ചോദിച്ചാല്‍ മതി. അമ്പുകൊള്ളാത്തവര്‍ ആരുണ്ട്‌ കുരുക്കളില്‍ എന്നല്ലേ പ്രമാണം . ശക്തമായ ഒരു സംരക്ഷണ വലയത്തിനുള്ളില്‍ നിന്നുകൊണ്ടു മംഗ്ലീഷ് റാണിയടക്കമുള്ള  ലിംഗംചെത്തലുകാര്‍ നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്ക് വിലകൊടുക്കേണ്ടിവരുന്നത്.. ഇതൊന്നുമറിയാത്ത പാവം സ്ത്രീകളാണ്. അതുകൊണ്ട് ആഘോഷവേളകള്‍ ഉല്ലാസപൂരിതമാക്കുമ്പോള്‍  വസ്ത്രധാരണത്തില്‍ അല്പം ഡീസന്‍സി കാണിച്ചാല്‍ കൊള്ളാമെന്നാണ് കൂതറസദാചാരക്കാരുടെ ഒരു നിര്‍ദേശം. സദാചാരക്കാരോക്കെ അമ്മയും, പെങ്ങളും ഇല്ലാത്ത പരനാറികളാണ്; നിങ്ങള് ധൈര്യമായി തുണിയഴിച്ചോളൂ നമ്മളോണ്ട് കൂടെ എന്നൊക്കെ പലരും പറയും... ഇരുട്ടത്തുതന്നെ നടന്നോ അത് നിങ്ങളുടെ അവകാശമാണ് എന്നും ലെവന്മ്മാര്‍ പറയും....സൂക്ഷിക്കണം അതിനുള്ള സമയം ഇനിയും ആയിട്ടില്ല.

  പ്രാര്‍ത്ഥനയും, ഗീതാ പഠനവുമാണ് പീഡനം തടയാന്‍ ബെസ്റ്റ്‌ എന്ന് പറയുന്ന മഹിളാമണികള്‍.തങ്ങളുടെ പാര്‍ട്ടിയിലെ പീഡനവീരന്മാരുടെ കാര്യം പറയുമ്പോള്‍ ഞഞ്ഞാ കുഞ്ഞാ പറയുന്നു.വിവിധ പാര്‍ട്ടികളില്‍ പെട്ട 260 ജനപ്രതിനിധികള്‍ ഇപ്പോഴേ പീഡനക്കേസില്‍ പ്രതികളാണ്.ഈ ഗീര്‍വാണം അടിക്കുന്ന മഹിളകള്‍ക്ക് അതിനെക്കുറിച്ച് വല്ലതും പറയാനുണ്ടോ..
തുണിയുടെ ഇറക്കം കൂട്ടിയാലും കുറച്ചാലും ഇവിടെ പീഡനത്തിനു വല്ല കുറവും ഉണ്ടോ??
അതിനിടയില്‍ ഏതോ തരുണിമണി പറയുന്നതുകേട്ടു ആണിനെയും പെണ്ണിനെയും ഒരു പോലെ വളര്‍ത്തിയാല്‍ മതി,സ്കൂളില്‍ ഒന്നിച്ചിരുത്തിയാല്‍മതി എന്നൊക്കെ ........വെറുതെ പിള്ളേര്‍ക്ക് ആശ കൊടുക്കല്ലേ..??
പീഡിക്കുന്നവന്‍ പുരുഷനും പീഡനത്തിനു വിധേയമാകുന്നവര്‍ സ്ത്രികളുമാണ്.സര്‍ക്കാര്‍ നടപടികളും,മറ്റു ചര്‍ച്ചകളും അതിന്‍റെ വഴിക്കുപോകും.എല്ലാ സംരക്ഷണങ്ങള്‍ക്കും ചില പരിമിതികളുണ്ട്. നാളെയും നമ്മള്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവരും.  അതുകൊണ്ട് പ്രായോഗികമായ പ്രതിരോധനടപടികള്‍  നോക്കാം.പീഡനയന്ത്രം നിര്‍വീര്യമാക്കലും,ചെത്തലുമൊക്കെ കുറ്റം നടന്നതിനു ശേഷമുള്ള പരിഹാരമാണ്.രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ക്കും,ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കും,അതുപോലെ എന്‍റെ അവകാശം എല്ലാവരെയും കാണിക്കണമെന്ന് താല്പര്യപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ഒന്നുരണ്ടു കാര്യങ്ങള് പരിചയപ്പെടുത്തുന്നു. വശപിശകുള്ള ഏതെങ്കിലും സാഹചര്യത്തില്‍ പെട്ടുപോയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .....

 അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഒരു ആക്രമണം പ്രതിക്ഷിച്ചുകൊണ്ട് അതിനെ പ്രതിരോധിക്കാന്‍ മനസിനെ പാകപ്പെടുത്തുക.
 ആത്മവിശ്വാസം കൈവെടിയാതെ ശബ്ദമുണ്ടാക്കി മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുക.

 ഇനിയാണ് ഏറ്റവും നല്ല പരിഹാരം...പീഡനതന്ത്രം ഓടണ മന്ത്രം ഇതാ കേട്ടോളൂ...  ആക്രമിക്കാന്‍ നോക്കുന്നവന്‍റെ പീഡനയന്ത്രം ഇരിക്കുന്ന ഭാഗത്ത് ശക്തിയായ പ്രഹരം ഏല്‍പ്പിക്കുക. പരമാവധി ശക്തിയില്‍ കൈകൊണ്ടുള്ള ഇടിയോ, കാലുകൊണ്ടുള്ള തൊഴിയോ,ആ സമയത്ത് കൈയ്യില്‍ കിട്ടുന്ന ഏതുവസ്തുവും ഇതിനായി ഉപയോഗിക്കാം...ആക്രമികള്‍ എത്രപേരുണ്ടെങ്കിലും ഒരുത്തന്‍റെ വീഴ്ചയില്‍ എല്ലാവരും പകയ്ക്കും.ഈ സമയംകൊണ്ട് നിങ്ങള്‍ക്ക് ബഹളം കൂട്ടാം, ഓടാം, അല്ലെങ്കില്‍ അടുത്തവനെയും വീഴ്ത്താം....

 ആത്മവിശ്വാസമുണ്ടെങ്കില്‍ അത്ര പെട്ടന്നൊന്നും നമ്മളെ ആര്‍ക്കും കീഴ്പ്പെടുത്താന്‍ കഴിയില്ല. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ യോഗ അഭ്യസിക്കുന്നത് നല്ലതാണ്. പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ ശ്രദ്ധിക്കുക;പാട്ടും,ഡാന്‍സും പഠിക്കുന്നകൂടെ മകള്‍ കരാട്ടെയും പഠിക്കട്ടെ.ഒരു പക്ഷെ ജീവിതത്തില്‍ അതായിരിക്കും കൂടുതല്‍ ഉപകാരപ്പെടുക....

Saturday, December 29, 2012

ന്‍റെ വെരുകേ....നീയേ ശരണം...


 

 

    ആ വെരുക്‌ രക്ഷപെട്ടോ എന്തോ ??

അഥവാ മരിച്ചെങ്കില്‍ വെരുകിന്‍റെ ആത്മാവിനു പ്രണാമം .ആരൊക്കെ നിന്നെ മറന്നാലും, പ്രാകിയാലും പ്രവാസികള്‍ നിന്‍റെ കുഴിമാടത്തിനുമുന്നുല്‍ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കും.ജീവന്‍ കൊടുത്തിട്ടാണെങ്കിലും നീ ഒരു പണി കൊടുത്തു ..   നന്നായി വരും വെരുകെ... .മംഗലാപുരംദുരന്തത്തില്‍ വെന്തു മരിച്ചവരുടെ ആത്മാക്കള്‍ നിനക്കുമേല്‍ പുഷ്പവൃഷ്ടി നടത്തുന്നത് ഞങ്ങള്‍ക്ക് കാണാന്‍ കഴിയും.

അതല്ല നീ ജീവിച്ചിരുപ്പുണ്ടെങ്കില്‍ ഇതൊരു അറിയ്പ്പായിക്കരുതി ഞങ്ങളെ ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു.കുറച്ചു പൈസ പൊടിച്ചാലും നിനക്ക് ഞങ്ങള്‍ പ്രവാസികള്‍ ഒരു അവാര്‍ഡ്‌ തരികതന്നെചെയ്യും.അവാര്‍ഡിനു വേണ്ടി ലോകത്ത് ഇന്നുവരെ കേട്ടിട്ടില്ലാത്ത കടലാസ്സ്‌ സംഘടനകള്‍ ഉണ്ടാക്കി പണംകൊടുത്ത് കൈയ്യടിയും സംഘടിപ്പിക്കുന്ന പരിപാടി ആയിരിക്കില്ല അത് .....

മുപ്പത്തിയാറുമണിക്കൂര്‍ പച്ചവെള്ളംപോലും തരാതെ കേരളം മുഴുവന്‍ തേരാപാരാ പറത്തിയിട്ട് അവസാനം പെരുവഴിയില്‍ ഇറക്കിവിട്ടതിനെ ചോദ്യംചെയ്തുവെന്ന കാരണത്താല്‍ കേസുംപുക്കാറുമായി കറങ്ങാന്‍ വിധിക്കപ്പെട്ടവരുടെ ഇടയില്‍ നീയൊരു മഹാന്‍ തന്നെയാണ്.മാന്യമായി പണംകൊടുത്ത് ടിക്കറ്റ് എടുത്തു യാത്രചെയ്തു എന്നതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ല. കുടിക്കാന്‍ വെള്ളം തരണേ...പറഞ്ഞസ്ഥലത്തുതന്നെ ഇറക്കിവിടണേ എന്നൊക്കെ പറഞ്ഞാല്‍ അത് റാഞ്ചലായി വ്യാഖ്യാനിക്കും.അതുകൊണ്ട് പരമാവധി മാറിനടക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.ഒഴിഞ്ഞ സീറ്റുകളൂമായി ചുമ്മാപറന്നു കളിച്ചാലും എയറിനൊ, ഇന്ത്യയ്ക്കൊ,  ആര്‍ക്കും ഒരു വിഷമവുമില്ല.

നിനക്കാകുമ്പോള്‍ ഒന്നും പേടിക്കേണ്ടല്ലോ ..വെരുകായതിനാല്‍ നിയമങ്ങള്‍ ബാധകമല്ലാത്തതിനാല്‍ നിന്നെയാരും അറസ്റ്റ്‌ചെയ്യാനും, ലോക്കപ്പിലിടാനും വരില്ലാല്ലോ..

മംഗലാപുരം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാരം ഓരോരോ കാരണങ്ങല്‍  പറഞ്ഞുകൊണ്ടു ഇനിയും കൊടുത്തുതീര്‍ക്കാത്ത എയര്‍ഇന്ത്യയ്ക്കിട്ട് പണികൊടുത്ത വെരുകിനെ എന്താണ് വിളിയ്ക്കുക?? ....ആഗോള പ്രവാസികളുടെ വീരനായകനാണ് നീ..

അന്‍പത്തിയാറ് കോടിരൂപയുടെ പണിയാണ് നമ്മുടെ വെരുക്‌ എയര്‍ ഇന്ത്യക്കിട്ടു കൊടുത്തത്.കേടായ എഞ്ചിന്‍ നന്നാക്കാന്‍ വേണ്ടിമാത്രം 44 കോടി വേണ്ടി വന്നു. 18 ദിവസം പറക്കാതെ കിടന്നപ്പോള്‍ 6 കോടി 66 ലക്ഷമാണ് നഷ്ടം.പാര്‍ക്കിംഗ് ചാര്‍ജ്‌, നികുതി തുടങ്ങിയ ഇനത്തില്‍ നല്ലൊരു തുക വേറെയും ചിലവായി.ഇതെല്ലാം ആര്‍ക്കുമൊരു പ്രശ്നമല്ല .അപകടത്തില്‍ മരണമടഞ്ഞവര്‍ക്കുള്ള നഷ്ടപരിഹാരം ചോദിച്ചാല്‍ നൂറായിരം കുഴപ്പങ്ങള്‍ ആണ്.ന്യായമായും കിട്ടേണ്ട അവകാശങ്ങളെക്കുറിച്ച് ചോദിച്ചാല്‍ അതു ഭീഷണിയായി, റാഞ്ചലായി അങ്ങനെപോകുന്നു കുറ്റങ്ങള്‍...മനുഷ്യനായി പിറന്നവര്‍ക്കൊന്നും എയര്‍ ഇന്ത്യയോട് പ്രതിഷേധിക്കാന്‍ പറ്റാത്ത സാഹചര്യം നിലനിക്കുന്നതിനാല്‍.....വിശ്വാസിയല്ലാത്തവനും വിശ്വസിക്കേണ്ടിവരും...... കൊടുത്തപണി വെരുകിന്‍റെ രൂപത്തിലായാലും തിരിച്ചു കിട്ടും....

സത്യം പറ വെരുകെ നീ ആരാണ്..??? മംഗലാപുരത്ത് മരണപ്പെട്ട ഏതെങ്കിലും ആളുടെ ആത്മാവാണോ നീ ???.ഒരു പകരം വീട്ടലിനു എത്തിയതാണോ??

എതായാലും നിനക്കൊരു സ്മാരകം പണിയണമെന്ന് ആഗ്രഹമുണ്ട്.പ്രവാസ അടിമകളുടെ കന്നുകാലിക്ലാസിനെതിരെ പ്രതിഷേധിച്ചതിന്.......

              “”...ജയ്‌ വെരുകുമാന്‍...””

Friday, December 28, 2012

ഇന്‍ഡ്യ മരിച്ചിട്ടില്ല...


         

 

ഇങ്ങനെയായാല്‍ എങ്ങനെ പോകും???? 

>ബലാല്‍സംഗത്തിനു വിധേയയായ യുവതിയെ തുടര്‍ചികല്‍സയ്ക്കായി സിംഗപ്പൂരിലെയ്ക്ക് കൊണ്ടുപോയി.കാര്യങ്ങള്‍ രഹസ്യനീക്കത്തിലൂടെ...

>ഡല്‍ഹിയില്‍ പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പോലിസുകാരന്‍റെ മരണം പരിക്കുകളെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂല മാണെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.എന്നാല്‍ ഇദേഹത്തെ ആസ്പത്രിയില്‍ കൊണ്ടുവരുമ്പോള്‍ പരുക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ലായെന്ന് ഡോക്ടര്‍മ്മാര്‍.ഇദേഹത്തെ ആരും ആക്രമിച്ചിട്ടില്ലായെന്നു ദൃക്സാക്ഷിയും പറയുന്നു. മരണവുമായി ബന്ധപ്പെട്ട് എട്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ  പോലീസ് അറസ്റ്റ്‌ചെയ്തു. എന്നാല്‍ സംഭവംനടക്കുമ്പോള്‍ തങ്ങള്‍ മെട്രോട്രെയിനിലായിരുന്നുവെന്നു പ്രതികളില്‍ ചിലര്‍ കോടതിയില്‍ പറഞ്ഞതിനാല്‍ മെട്രോസ്റ്റേഷനിലെ സി സി ടിവി ദ്രശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്‌.

>ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം ജയ്പൂര്‍ സ്വദേശിനിയായ നാല്പത്തിരണ്ടുകാരിയാണ് മൂന്നംഗസംഘത്തിന്‍റെ പീഡനത്തിനു ഇരയായി റോഡില്‍ ഉപേക്ഷിക്കപ്പെട്ടത്.

>വടക്കന്‍ പ്രദേശങ്ങളില്‍ സൈന്യം നടത്തുന്ന ബലാല്‍സംഗങ്ങല്‍ക്കെതിരെ ആരും പ്രതികരിക്കുന്നില്ലായെന്നും ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടി ഉന്നതകുലജാതയായതുകൊണ്ടും പ്രതികള്‍ ദളിതര്‍ ആയതിനാലുമാണ് പ്രതിഷേധം ഇത്രയും ശക്തമായതെന്ന് അരുന്ധതീറോയ്‌ പറയുന്നു.

>ഡല്‍ഹിയിലാണെങ്കില്‍ മുഖ്യമന്ത്രിയും പോലീസ്കമ്മിഷണറും തമ്മിലുള്ള പോരുതുടരുന്നു.സംഭവത്തില്‍ പോലീസ് അനാവശ്യ ഇടപെടല്‍ നടത്തി യെന്നു പറയുമ്പോള്‍; പ്രതികളെ പിടിച്ചതടക്കം വേണ്ട നടപടികളെല്ലാം പോലിസിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് കമ്മിഷണര്‍ പറയുന്നു.

>പെണ്‍കുട്ടിയുടെ മൊഴിയെടുക്കലില്‍ പോലീസ് കൈകടത്തിയെന്നാരോപിച്ച് സബ്‌ഡിവിഷണല്‍ മജിസ്ട്രറ്റ്‌ അഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി.

>കമ്മിഷണരെ ഉടനെ മാറ്റണമെന്ന് മുഖ്യമന്ത്രിയും, മകനും ആവശ്യപ്പെട്ടപ്പോള്‍ മാറ്റം ഉടനെയില്ലന്നു ചിദംബരം പറഞ്ഞിരിയ്ക്കുന്നു.

>ഡല്‍ഹിസംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്യാന്‍ താമസിച്ചെത്തിയ അഞ്ചു ദൂരദര്‍ശന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. പകരം റെക്കോര്‍ഡിംഗ് നടത്തിയ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ യുടെ ജീവനക്കാര്‍ പരിപാടി എഡിറ്റ്‌ ചെയ്യാതെ പുറത്തു വിട്ടതിനാല്‍ പ്രധാനമന്ത്രിയുടെ ‘ടിക് ഹേ’ പ്രയോഗവും പ്രേഷകര്‍ കണ്ടിരുന്നു.

>പ്രതിക്ഷേധങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള 7-റെയ്സ് കോഴ്സ്‌ റോഡിലെ ട്രാഫിക്‌ നിയന്ത്രണത്തില്‍ പെട്ടുപോയതിനാലാണ് തങ്ങള്‍ വൈകിയതെന്ന് ജീവനക്കാര്‍ പറയുന്നു.

>അഴിമതി വിരുദ്ധപോരാട്ടത്തിലും  ഡല്‍ഹിബലാത്സംഗംക്കേസിലെ പ്രതിഷേധത്തിലും സജീവമായി പങ്കെടുത്ത മുന്‍ കരസേനാമേധാവി വി കെ സിങ്ങിന്‍റെ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂട്ടബലാത്സംഗത്തിനെതിരെ പ്രതിക്ഷേധിച്ച സിങ്ങിനെതിരെ പോലിസ്‌ കേസ്‌ എടുത്തിട്ടുണ്ട്.

>അരവിന്ദ്കേജ്രിവാലും ,രാംദേവുമാണ് ഡല്‍ഹി പ്രതിഷേധത്തിന്‍റെ കാരണക്കാര്‍ എന്ന് കോണ്ഗ്രസ് നേതാവ്‌ ദിഗ് വിജയ്‌സിങ്‌ ആരോപിച്ചു. ഇവര്‍ക്കെതിരെ പോലീസ് കലാപശ്രമത്തിനു കേസ് എടുത്തിട്ടുണ്ട്.

മാധ്യമങ്ങള്‍ കാര്യങ്ങള്‍ തീരുമാനിച്ചതാണ് ഇത്രയും കുഴപ്പമായതെന്നും ദിഗ് വിജയ്‌ പറഞ്ഞു.

>ഒന്‍പതു മെട്രോ സ്റേഷനുകള്‍ അനശ്ചിതകാലത്തെയ്ക്ക് അടച്ചിട്ടു.

>രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ  മകനും കോണ്ഗ്രസ് എംപി യുമായ അഭിജിത്ത് മുഖര്‍ജി പറഞ്ഞിരിയ്ക്കുന്നത്,ഡല്‍ഹിയില്‍ സമരംചെയ്തവര്‍ നിലവാരമില്ലാത്ത സ്ത്രികള്‍ ആണെന്നും,സമരത്തില്‍ പങ്കെടുക്കുന്നത് ഫാഷനായി കണ്ടുതുകൊണ്ടാണ് സ്ത്രികള്‍ ഡല്‍ഹി പ്രക്ഷോഭത്തില്‍ പങ്കെടുത്തതെന്നുമാണ്..

 ഡല്‍ഹി പ്രക്ഷോഭത്തെക്കുറിച്ച് നമ്മുടെ ജനനായകന്‍മ്മാര്‍ പലരുടെയും പ്രസ്താവനകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.. പലതു വന്നു കൊണ്ടിരിയ്ക്കുന്നു.. വരും നാളുകളില്‍ ഇനിയും പ്രതിക്ഷിക്കാം..ഇതില്‍ ആരും സര്‍ക്കാരിനു പിഴവ്‌പറ്റിയെന്ന് പറഞ്ഞു കണ്ടില്ല.പകരം ജനങ്ങളാണ് പിഴച്ചതെന്നു കുറ്റപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ ഓരോ സംഭവങ്ങളിലും ഓരോ ബലിയാടുകളെ കണ്ടെത്തി തലയൂരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.കാര്യങ്ങള്‍ ഇപ്പോഴും തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നു.

 അരാജകത്വവാദം എന്ന് പറഞ്ഞുകൊണ്ട് ഈ ജനകിയ പ്രക്ഷോഭങ്ങളെ തള്ളിക്കളയാനാണ് മുഖ്യധാരാരാഷ്ട്രിയ പാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. ഏതെങ്കിലും രാഷ്ട്രിയ പാര്‍ട്ടിയുടെ പിന്നിലല്ലാതെ; സ്വയം ജനങ്ങള്‍ സംഘടിക്കുന്നതിനെ ഇവരൊക്കെ ഭയക്കുന്നത് പോലെതോന്നുന്നു. രാഷ്ട്രിയ പാര്‍ട്ടികളെല്ലാം പല ഇസങ്ങളാണ് മുന്നോട്ടു വയ്ക്കുന്നതെങ്കിലും ചില കാര്യങ്ങളില്‍ കാര്യമായ വിത്യാസമൊന്നുമില്ലായെന്ന്. ആനുകാലിക സംഭവങ്ങളിലൂടെ നമുക്ക്‌ കാണാവുന്നതാണ്. അഴിമതി, സ്വജനപക്ഷപാതം, കള്ളപ്പണം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇവയിലെല്ലാം ശക്തവും നിഷ്പക്ഷവുമായ നടപടികള്‍ എടുക്കാന്‍ ഇവരാരും തയാറല്ലായെന്നതാണ് വാസ്തവം.നമ്മുടെ ജനപ്രതിനിധികളില്‍ 260-ല്‍ പരം അംഗങ്ങള്‍  സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളില്‍ പ്രതികളാണ്. ഇവരെയാരെയും മാറ്റി നിറുത്തി ഒരന്വേഷണവും നടത്താന്‍ ഇവരുള്‍പ്പെടുന്ന ഒരു പാര്‍ട്ടിയും തയ്യാറല്ലായെന്നതാണ് വസ്തുത.ഏതൊരു പ്രശ്നത്തിലും താല്‍ക്കാലികമായ ഒരു പരിഹാരം എന്നതില്‍ കവിഞ്ഞു സ്ഥിരമായ ഒരു പരിഹാരവും കണ്ടെത്താന്‍ ഒരു പാര്‍ട്ടികളും ശ്രമിക്കുന്നില്ല.ആരോപണങ്ങളെ പ്രത്യാരോപണങ്ങള്‍ വഴി നേരിടാനുള്ള ശ്രമം മാത്രമാണ് ഇവിടെ നടക്കുന്നത്.അങ്ങനെവരുമ്പോള്‍  സമാധാന അന്തരിക്ഷത്തില്‍ ജീവിക്കാന്‍ കഴിയാതെ വരികയും,ജനങ്ങളുടെ സ്വത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയം ആവുകയും ചെയ്യുമ്പോള്‍ ഓരോരുത്തനും അവരവരുടെ സംരക്ഷണത്തിന് സ്വയമേവേ തയ്യാറാകേണ്ടതായിവരുന്നു. ഉള്ളിലുള്ള അമര്‍ഷം; തന്നെയുംബാധിക്കും എന്നുതോന്നുന്ന ഒരു സംഭവത്തിലൂടെ പുറത്തു വരുകയും, സമാനചിന്താഗതിക്കാര്‍ ഒന്നിയ്ക്കുകയും ചെയ്യുന്നു. വെറും പ്രതിഷേധസ്വഭാവത്തില്‍ തുടങ്ങുന്ന ഈ കൂട്ടായ്മയുടെ സ്വഭാവം പ്രക്ഷോഭത്തിലെയ്ക്ക് വഴുതിമാറാന്‍ ചെറിയ ഒരു തീപ്പൊരി മാത്രം മതി. തങ്ങള്‍ക്കു സംരക്ഷണം നല്കാന്‍ ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന അവഗണനയും, എരിതീയ്യില്‍ എണ്ണയൊഴിക്കുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളും മാത്രംമതി പ്രതിഷേധം കലാപമായി വളരാന്‍.അതാണ്‌ ഡല്‍ഹിയില്‍ കണ്ടതും.

 പൊതുവികാരത്തിന് എതിരായി ഒരു സംഭവം ഉണ്ടായാല്‍ അതിനെ എങ്ങനെ ഒരു പൊട്ടിത്തെറികൂടാതെ പരിഹരിക്കാം എന്നാണ് ഭരണ കര്‍ത്താക്കള്‍ നോക്കേണ്ടത്. പരസ്പരം പഴിചാരിയും,തമ്മിലടിച്ചും എന്ത് പരിഹാരമാണ് ഉണ്ടാക്കാന്‍കഴിയുന്നത്‌. ജാനകിയ പ്രതിഷേധങ്ങളെ അരാഷ്ട്രീയവാദം പോലുള്ള കാരണങ്ങള്‍ പറഞ്ഞു അടിച്ചമര്‍ത്തുമ്പോഴും ,അതില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസുകള്‍ എടുക്കുമ്പോഴും അവര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം.അതിനു തെളിവാണ് തുടര്‍ന്നും നടന്ന പീഡനങ്ങള്‍.

 ജനങ്ങള്‍ സംഘടിക്കതിരിക്കാന്‍ എത്രനാള്‍ റോഡുകളും, മെട്രോസ്റ്റേഷനുകളും അടച്ചിടാന്‍ കഴിയും.അതൊരു പരിഹാരമാര്‍ഗമാണോ??

  ഒരു കൂട്ടബലാത്സംഗതിനെതിരെ ഉണര്‍ന്ന പ്രത്യക്ഷ പ്രതിഷേധത്തെ ദളിത്‌ സവര്‍ണ്ണ ബന്ധം കലര്‍ത്തി ലഘൂകരിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളും,ഒരു പരിഹാരമാര്‍ഗമായി കാണാന്‍ കഴിയില്ല.നീതിനിഷേധത്തിനെതിരെ പ്രതികരിക്കുമ്പോള്‍ അതില്‍ ജാതിയുംമതവും നോക്കിവേണം പ്രതികരിക്കാന്‍ എന്നുപറയുന്നതില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളത്?? .താന്‍ പറയുന്നതും, തന്‍റെ അഭിപ്രായങ്ങളും ആരും തിരിഞ്ഞുനോക്കുന്നില്ലായെന്നാവുമ്പോള്‍ പൊതുസമൂഹത്തെ നോക്കി തുണിപൊക്കി കാണിക്കുന്നത് വെറും ശ്രദ്ധക്ഷണിക്കല്‍ നാടകത്തിന്‍റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ.

 ഒരു പ്രധാനസംഭവം നടക്കുമ്പോള്‍ അതിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാതെ അവസാനനിമിഷം വാഴ വെട്ടാന്‍ നിന്നാല്‍ പല അബദ്ധങ്ങളും സ്വാഭാവികം മാത്രമാണ്.എല്ലാറോഡുകളും അടഞ്ഞുകിടക്കുമ്പോള്‍ സ്വന്തംവീട്ടിലെ അടച്ചിട്ടമുറിയില്‍ നടത്തുന്ന വാര്‍ത്ത സമ്മേളനത്തിലെയ്ക്ക് ദൂരദര്‍ശന്‍ ജീവനക്കാര്‍ എത്താന്‍ വൈകിയത് ആരുടെ കുഴപ്പമാണ്. സ്വകാര്യചാനലുകള്‍ ഊണും ഉറക്കവും മറന്ന് വാര്‍ത്തകള്‍ പറഞ്ഞപ്പോള്‍; ദേശിയചാനല്‍  ഉറക്കമായിരുന്നോ.?? ഭരണസിരാകേന്ദ്രവും ദേശിയചാനലും തമ്മിലുള്ള ബന്ധമില്ലായ്മ്മയാണ് ഇവിടെ വ്യക്തമാവുന്നത്.നേതാവ്‌ ജനങ്ങളുടെ മുന്നില്‍ കാണിക്കുന്ന വിനയവും, കരച്ചിലുമെല്ലാം ബുദ്ധിമാനായ ഒരു വീഡിയോ എഡിറ്ററുടെ കഴിവാണെന്നും ജനങ്ങള്‍ക്ക്‌ മനസിലായി.എഡിറ്റ്‌ ചെയ്യാതെ പുറത്തു വിട്ടാല്‍ മണ്ടത്തരങ്ങളുടെ ഒരു മഹാസാഗരമാണ് മാഹാനായ നേതാവെന്നത് ഒരു സത്യമായി അവശേഷിക്കുമ്പോള്‍ ...അവിടെയും ബലിയാടുകളെ കണ്ടെത്തി ..അഞ്ചു ദൂരദര്‍ശന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍..ഇവിടെയും പ്രശ്നം പ്രശ്നമായിതന്നെ അവശേഷിക്കുന്നു.ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞ മണ്ടത്തരത്തിന് ഇവരാണോ ഉത്തരവാദികള്‍..മണ്ടത്തരം എഡിറ്റ്‌ ചെയ്യാന്‍ പാകത്തിന് എത്താതിരുന്നതാണോ കുറ്റം.

 ഭരണകൂടങ്ങളുടെ പിടിപ്പുകേടുകള്‍ക്ക് മുഴുവന്‍ പഴികകേള്‍ക്കേണ്ടി വരുന്ന ഒരു വിഭാഗമാണ് പോലിസ്‌.പോലിസിന്‍റെ അതിക്രമങ്ങളെ ന്യായികരിക്കാന്‍ പറയുന്നതല്ല. നിയമപരിപാലനത്തില്‍ ജുഡീഷ്യറിയെ സഹായിക്കലാണ് യഥാര്‍ത്ഥത്തില്‍ പോലിസിന്‍റെ ജോലി.അതിനിപ്പോള്‍ മാറ്റം വന്ന് സര്‍ക്കാരിന്‍റെ വിഴുപ്പലക്കലായി മാറിയിരിക്കുന്നു.രാഷ്ട്രിയ നേതാക്കളെ മറികടന്നുകൊണ്ടുള്ള നിക്ഷ്പക്ഷമായ നീതി നിര്‍വഹണം അസാധ്യമായിരിക്കുന്നു. അങ്ങനെവരുമ്പോള്‍ ഭരിക്കുന്നവരുടെ ആശയങ്ങള്‍ക്ക് അനുകൂലമായി അവര്‍ക്ക് മാറേണ്ടി വരുന്നു.തന്മൂലം വഴിയെപോയവനും കൊലപാതകകേസില്‍ പ്രതിയാകുന്നു.അവിടെയും ബാലിയാടുകളെയാണ് സൃഷ്ടിക്കുന്നത്.കൊലപാതകവും അതിന്‍റെ കാരണങ്ങള്മെല്ലാം അതേപടി നിലനില്‍ക്കുന്നു.പൊതുസമൂഹത്തില്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന ബോധ്യം അതുനഷ്ടപ്പെട്ടവരില്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്.

 യാഥാര്‍ത്ഥ പ്രശ്നപരിഹാരംനടത്താതെ; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയും അതില്‍ പങ്കെടുത്തവരെ തിരഞ്ഞുപിടിച്ച് അറസ്റ്റ്‌ ചെയ്തും താല്‍ക്കാലികമായ ഒരു പരിഹാരം കണ്ടെത്തിയാലും....അതൊരു വിജയമല്ല. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്രം മനസാലെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന  ഒരു യുവത്വം ഇവിടെ ഉണ്ടെങ്കില്‍ നാളെ ലാത്തിയും തോക്കും ഒരു പരാജയം ആയിരിക്കും.വെള്ളക്കാരന്‍റെ തോക്കിനും ലാത്തിക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത, മരണമില്ലാത്ത ഒരു പാരമ്പര്യം ഇവിടെ ഉണ്ടെങ്കില്‍ ആ പാരമ്പര്യം അവകാശപ്പെടുന്നവരാണ് നമ്മളെങ്കില്‍ ഇതൊരു സൂചനയാണ്.പഴയ ബ്രിട്ടീഷ്‌ പ്രേതം ബാധിച്ചിരിയ്ക്കുന്ന ഭരണകൂടങ്ങള്‍ ഇനിയെങ്കിലും ഒരു ഒഴിപ്പിക്കല്പൂജ നടത്തിയില്ലെങ്കില്‍ ഇനിയും ഇന്നാട്ടില്‍ പാലമരങ്ങളും, ഇരുമ്പാണിയും ഉണ്ടെന്നു തിരിച്ചറിയും.......

Thursday, December 27, 2012

പരി......ശോധന ഉണ്ട് സൂക്ഷിക്കുക...


 

 

വിമാനയാത്രക്കാരെ കസ്റ്റംസ് ഇനി വഴിയിലും പരിശോധിക്കും..

 ഇതൊരു മാതിരി മറ്റേടത്തെ പണിയായല്ലോ അളിയാ ..അകത്തെ പരിശോധനയ്ക്ക് പുറമേ പുറത്തും തുടങ്ങിയോ പരി....ശോധന.

  ഒന്നും മിണ്ടെണ്ട....... വല്ലതും കൊടുത്തു ഊരിപ്പോകാന്‍ നോക്ക് അല്ലെങ്കില്‍ എല്ലാം അഴിക്കേണ്ടി വരും.  അടിവസ്ത്രംവരെ തുറന്നു കാണിക്കേണ്ടിവരും.....  അതാ നിയമം.

 ഊം...... ഇങ്ങോട്ട് മാറി നില്‍ക്ക്.... പാസ്പ്പോര്‍ട്ട് എവിടെ?? എന്താ പേര്?/ എവിടുന്നു വരുന്നു?????   എവിടേയ്ക്ക് പോകുന്നു????? എന്താ ബാഗില്??? സ്വര്‍ണ്ണമുണ്ടോ???

 ഇല്ല...

കറന്‍സിയുണ്ടോ??

 ഇല്ല......

ഇലക്ട്രോണിക്സ്??

ഒന്നുംമില്ല......

പിന്നെ അവിടുന്ന് ഓടിച്ചതാണോ...??

അല്ല... കല്യാണത്തിന് വന്നതാ...

 ആരുടെ..??

   എന്‍റെ>>>

അതുശരി എന്നിട്ടാ..... അപ്പൊ സ്വര്‍ണ്ണമൊന്നുമില്ലേ???

കെട്ടുതാലി മാത്രമേയുള്ളൂ........

അത് നുണ.... അഴിയ്ക്ക്...

എന്ത് അഴിക്കാന്‍..??

 ‘മനസിലായില്ലേ കെട്ടഴിക്കാന്‍ ....

 ‘എന്‍റെ സാറേ എല്ലാ പരിശോധനയും കഴിഞ്ഞാ പുറത്തുവരുന്നത്.നമ്മുടെ സ്വന്തം വിമാനമായതുകൊണ്ട് പറയുവാ.... ഇന്നലെ വരേണ്ടതാ; ഇന്നാ വന്നത്.കേരളത്തിലെ എല്ലാ താവളങ്ങളില്‍ക്കൂടിയും കറങ്ങി അവസാനം പ്രാര്‍ത്ഥനയും നേര്‍ച്ചയും നേര്‍ന്നു കാത്തിരുന്ന ശേഷമാണ് ഇവിടെ ഇറങ്ങിയത്. നാളെ കല്യാണമാണ്.. ദയവുചെയ്ത് ബുദ്ധിമുട്ടിക്കരുത്.’

  ‘അങ്ങനെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് എന്നാ ചെയ്യാന്‍ പറ്റും. മുകളില്‍ നിന്നുള്ള ഓര്‍ഡറാ ,..ഈ വെയിലും കൊണ്ടുനില്‍ക്കാന്‍ ഞങ്ങള്‍ക്കും താല്‍പ്പര്യമുണ്ടായിട്ടല്ല. പക്ഷെ എന്നാ ചെയ്യാനാ..... വേഗം അഴിക്ക്.’

 ‘സാറേ.. ഇങ്ങു വന്നേ.......

‘എന്താ...??’

 ‘അതെ; സാറുമ്മാരുടെ ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് മനസിലാവും. ഈ വെയിലത്ത്‌ ഇങ്ങനെ എത്രനേരമെന്നുവെച്ചാ...... .....അതുകൊണ്ട് ഒന്ന് ഒഴിവാക്കണം ..എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യണം..’.

  എന്ത് വിട്ടുവീഴ്ച....അതൊന്നും പറ്റില്ല ....

     സാര്‍))))))))))))))))))))).....

 അതുപിന്നെ ..കല്യാണമാ അല്ലേ..... ചിലവുവേണം....

 ‘അതിനെന്താ തരാമല്ലോ’.

 ‘പെട്ടിയില്‍ കുഴപ്പമുള്ള ഒന്നും ഇല്ലല്ലോ അല്ലേ.....’

  ഹും......

ഭാഷകള്‍ ഇല്ലാതെ വിലപേശലും കരാര്‍ ഉറപ്പിക്കലും എല്ലാം നടന്നു.

‘അപ്പൊപിന്നെ ഞങ്ങള്‍ പോകട്ടെ.....’

  ‘ശരി എന്നാല്‍ കാണാം.......’

‘ശരി ശരി സൂക്ഷിക്കണം; വഴിയില്‍ വേറെ ആള്‍ക്കാര്‍ കാണും..’

ഹോ എന്തൊരു നല്ല മുന്നറിയിപ്പ്‌...

കല്യാണത്തിന് ഒരാഴ്ച മാത്രം ലീവ് ഒപ്പിച്ചാണ് നാട്ടിലേയ്ക്ക് വരുന്നത്.കയറുമ്പോഴും ഇറങ്ങുമ്പോഴും സര്‍വത്ര പരിശോധനയും കഴിഞ്ഞാണ് വിമാനത്താവളത്തിനു പുറത്തേയ്ക്ക് വരുന്നത്.എന്നിട്ടും വഴി തടഞ്ഞു വീണ്ടും പരിശോധന..ഇതിനെയൊക്കെ എന്താണ് വിളിക്കേണ്ടത്. വിമാനത്താവളത്തിലെ ആധുനിക നിരീക്ഷണ സംവിധാനങ്ങളെ മറികടന്ന് സാധനങ്ങള്‍ പുറത്തു എത്തിക്കാമെങ്കില്‍ ...നമ്മുടെ സുരക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത എന്താണ്???

 മറ്റൊരു രാജ്യത്തുപോയി തൊഴിലെടുക്കുന്ന  പ്രവാസി; മാതൃരാജ്യത്തിന്‍റെ ഒരു വരുമാനസ്രോതസ്സ് കൂടിയാണ്.നാടിനു വിദേശനാണ്യം നേടിത്തരുന്ന ഒരു സമൂഹത്തെ എന്തിനാണ് ഇങ്ങനെ പീഡിപ്പിയ്ക്കുന്നത്. ഇതുകൊണ്ട് എന്താണോ തടയാന്‍ ഉദേശിക്കുന്നത് അതൊക്കെ ഉത്തരവാദിത്വപ്പെട്ടവരുടെ അറിവോടെ നടക്കുന്നു എന്നതാണ് ഇതിലെ വൈരുദ്ധ്യാത്മകത. അത്യാവശ്യ ആവശ്യങ്ങള്‍ക്കായി നാട്ടില്‍ വരുന്നവരും, അവധിക്കാലം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വരുന്ന സാധാരണ പ്രവാസികളുമാണ് ഇങ്ങനെയുള്ള നിയമങ്ങളുടെ കുടുക്കില്‍ പെടുന്നത്.

ദൈവമേ അടുത്ത ജന്മത്തിലെങ്കിലും ആ ഇറ്റലിയില്‍ ജനിയ്ക്കാന്‍ കഴിയണമെ ...

  രണ്ടു കൊലപ്പുള്ളികള്‍ നാട്ടില്‍ ചെന്നപ്പോള്‍ കൊടുത്ത സ്വികരണം കണ്ടില്ലേ...ഇവിടെ അറസ്റ്റ്‌ ചെയ്തപ്പോള്‍ എന്തൊക്കെ ആയിരുന്നു പുകില്.വിചാരണ ഇറ്റലിയിലാണ് നടത്തേണ്ടത്, സംഗതി അന്താരാഷ്ട്രമാണ് അങ്ങനെ എന്തെല്ലാം...ഇറ്റലിയില്‍ നടക്കുന്ന വിചാരണയുടെ തുടക്കമാണ് കണ്ടത്.വിമാനത്താവളത്തില്‍ വന്‍വരവേല്‍പ്പാണ് കൊടുത്തത്.മന്ത്രിമാരുടെ അകമ്പടിയോടെ പ്രസിഡന്റിന്‍റെ കൊട്ടാരത്തിലെത്തിയ കൊലയാളിനാവികരെ പ്രസിഡന്‍റ് മുത്തം കൊടുത്താണ് സ്വികരിച്ചത്.ഒരു ദേശിയ കക്ഷി ഇവരെ പാര്‍ലമെന്റിലെയ്ക്ക് മത്സരിപ്പിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.......സ്വന്തം രാജ്യത്തിനുവേണ്ടി പോരാടി ശത്രുവിന്‍റെ കൈയ്യില്‍ അകപ്പെട്ടവര്‍ മോചിതരാകുമ്പോള്‍ കൊടുക്കുന്ന സ്വീകരണമാണ് രണ്ടു പാവങ്ങളെ വെടിവെച്ചുകൊന്ന ബോറന്മാര്‍ക്ക് അവിടെ കിട്ടിയത്.വെറുതെ പുളുവടിയ്ക്കുന്ന ഇന്ത്യാ-ഇറ്റലി ബന്ധത്തില്‍ ഇറ്റലിയുടെ നയമാണ്ഇങ്ങനെ വ്യക്തമായത്. ഇവിടെ നമ്മുടെ കാര്യത്തില്‍  ഇതൊന്നും വേണ്ടായിരുന്നു ഒന്ന് നേരെചൊവ്വേ നടക്കാന്‍ വിട്ടാല്‍ മതിയായിരുന്നു.അതിനും സമ്മതിക്കുകേലായെന്നു വെച്ചാല്‍ വല്യ കഷ്ടമാണെ.....

 സ്വന്തം പൌരന്മ്മാരെ കൊന്ന കൊലയാളികളെ തടവ്‌ എന്ന പേരും പറഞ്ഞു പഞ്ചനക്ഷത്രഹോട്ടലുകളില്‍ വിരുന്നൂട്ടിയിട്ടു ക്രിസ്മസിന് കേക്ക് മുറിക്കാനെന്ന പേരില്‍ നാട്ടിലേയ്ക്ക് കടത്തിവിടുമ്പോള്‍...., അന്യനാട്ടില്‍ കഷ്ടപ്പെട്ട് സ്വന്തം കുടുംബത്തോടൊപ്പം കുറച്ചു കാലം ചിലവഴിക്കാന്‍ വരുന്ന പ്രവാസികളെ ഓരോ ലൊട്ടുലൊടുക്ക് നിയമങ്ങളുടെ പേരും പറഞ്ഞു പെരുവഴിയില്‍ തടഞ്ഞു നിറുത്തി ജട്ടിവരെ ഊരിയ്ക്കുന്നത് എന്ത് നീതിയാണ്....പൊരിവെയിലത്ത് എല്ലാം തുറന്നു കാണിക്കാന്‍ വിധിക്കപ്പെട്ട ഒരു  പ്രവാസിയുടെ രോദനത്തില്‍ നിന്നും......പീഡനമേ നിന്‍റെ പേരാണോ ഇന്‍ഡ്യ.

Tuesday, December 25, 2012

അര്‍ദ്ധരാത്രിയില്‍ കിട്ടിയ അ...സ്വാതന്ത്ര്യം..?.


     
     “നമുക്ക് സ്വാതന്ത്ര്യം കിട്ടിയത് അര്‍ധരാത്രിയിലാണെന്ന കാര്യം ശരി. പക്ഷേ അത് പാതിരാത്രി കറങ്ങിനടക്കാന്‍ കിട്ടിയ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. പാതിരാത്രിയില്‍ ആ പെണ്‍കുട്ടി അങ്ങനെ ബസ്സില്‍ കയറിയില്ലെങ്കില്‍ പ്രശ്‌നമുണ്ടാവുമായിരുന്നില്ല”:- “ഠിക്ക് ഹെ”.........ഒന്നാമത്തെ പ്രസ്താവന ആന്ധ്രാപ്രദേശ്‌ കോണ്‍ഗ്രസ്സ്‌ കമ്മറ്റിതലവനായ ബോട്സാ സത്യനാരായണയുടേതാണ്.ടിയാന്‍ ആന്ധ്ര ഗതാഗതമന്ത്രിയാണ്.താന്‍ ഒരു പിതാവാണ് എന്നും അദേഹം സൂചിപ്പിയ്ക്കുന്നുണ്ട്.രണ്ടാമത്തെ പ്രസ്താവന നമ്മുടെ പ്രധാന മന്ത്രിയുടെതാണ്.....അദേഹവും മൂന്ന് പെണ്‍മക്കളുടെ പിതാവാണെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്...

 ഇനിയും കാര്യങ്ങള്‍ മനസിലാക്കാതെ പ്രതിഷേധിക്കുന്നവര്‍ക്കുള്ള ഉത്തരമാണിത്.ഡല്‍ഹിയിലെ തണുപ്പില്‍ വെറുതെകിടന്ന് ഞങ്ങള്‍ക്ക് നീതി വേണം എന്ന് പറഞ്ഞു ബഹളം വച്ചിട്ട് കാര്യമൊന്നുമില്ല.. ചുമ്മാ നേരം കളയാതെ വീടുപിടിച്ചോ മക്കളെ എന്നര്‍ത്ഥം....  'ഡാ തന്തയല്ലാത്തവന്മാരെ'....യെന്നു വിളിച്ചാരും സമയം കളയേണ്ടായെന്നും, അക്കാര്യത്തില്‍ മക്കളുടെ എണ്ണം വരെ വ്യക്തമായി പറഞ്ഞിരിയ്ക്കുന്നു.

 ആന്ധ്രാമന്ത്രി താനൊരു പിതാവാണെന്നുപറയുന്നു.പെണ്‍മക്കള്‍ ഉണ്ടെന്നു വ്യക്തമാണ്.പ്രധാനമന്ത്രി പറഞ്ഞിരിയ്ക്കുന്നത് താന്‍ മൂന്നുപെണ്‍മക്കളുടെ തന്ത ആണെന്നാണ്‌.ഒരു പിതാവിന്‍റെ വേദന തങ്ങള്‍ക്കു മനസിലാവുന്നുണ്ടെന്നും പറയുന്നു.സംഗതി വ്യക്തമാണ്..അവരുടെ കാര്യത്തിലും പുറത്തു പറയാന്‍ പറ്റാത്ത പലതും സംഭവിച്ചിരിക്കുന്നു.മാനം പോകുമെന്ന് ഭയന്നു പുറത്തു പറയാത്തതാണ്.ഒരാള്‍ പീഡനപര്‍വം അരങ്ങേറിയ ഡല്‍ഹിയിലാണ് താമസം.മറ്റൊരാള്‍ ഗതാഗതമന്ത്രിയും. രാജാവിന് രക്ഷയില്ലെങ്കില്‍പിന്നെ പ്രജകളുടെ കാര്യം പറയണോ..???.ദൈവമേ കാര്യങ്ങള്‍ ഈ വിധമാണല്ലോ നടക്കുന്നത്.വെറുതെ രണ്ടു മാന്യദേഹങ്ങളെ സംശയിച്ചു.അവരുടെ വിഷമങ്ങള്‍ ആരോട് പറയണം എന്നോര്‍ത്ത് വിഷമിച്ചിരുന്നപ്പോഴാണ് ഈ സംഭവം.

 ക്ഷമിക്കണം സാറുംമ്മാരെ ഈ ന്യൂജനറേഷനൊന്നും കാര്യങ്ങളെക്കുറിച്ച് വിവരമില്ല.  സ്വാതന്ത്രത്തില്‍; അര്‍ദ്ധരാത്രിയിലെ നടപ്പുംകൂടിപെടുമെന്നാ... അവരുടെ ധാരണ. വായന കുറഞ്ഞതിന്‍റെ കുഴപ്പമാണ്. “സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍”എന്ന ലാറികോളിന്‍സ്,ഡൊമനിക്ലാംപിയര്‍..ടീമിന്‍റെ പുസ്തകം വായിച്ചിട്ടുള്ള ആര്‍ക്കുമറിയാം നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ പിന്നാമ്പുറക്കഥകള്‍..കാശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ നമുക്ക് കിട്ടാന്‍ ഇത്തരത്തിലുള്ള 'പീഡനങ്ങള്‍' വഹിച്ച പങ്കിനെക്കുറിച്ചും,അര്‍ദ്ധരാത്രിയില്‍ തന്നെ മൌണ്ട്ബാറ്റണ്‍ തിരക്കുപിടിച്ചു സ്വാതന്ത്ര്യംതന്ന് സ്ഥലം വിട്ടതിനെക്കുറിച്ചും, അങ്ങനെ പലതിനെക്കുറിച്ചും പുസ്തകത്തില്‍ വിശദമായിതന്നെ പറഞ്ഞിട്ടുണ്ട്..പുസ്തകം വിലക്കിയും, അതിലുള്ളത് കള്ളമാണെന്നുപറഞ്ഞും നമ്മളതിനെയൊക്കെ നേരിട്ടു.സത്യമാണെന്ന് സമ്മതിച്ചാല്‍ വിഗ്രഹങ്ങള്‍ പലതും ഉടച്ചുവാര്‍ക്കേണ്ടി വരും.അങ്ങനെ  വന്നാല്‍ തലമുറകളായി രാഷ്ട്രത്തെഉടച്ചു വാര്‍ക്കുന്ന തിരക്കിലുള്ള പല ഉലയൂത്തുകാരും പീഡനക്കേസില്‍ അകത്താവും.കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് പുസ്തകത്തില്‍ പറഞ്ഞതിലും സത്യമില്ലേയെന്നൊരു തോന്നല്‍...?????

  അര്‍ദ്ധരാത്രികിട്ടിയ സ്വാതന്ത്ര്യത്തില്‍ രാത്രിസഞ്ചാരം പെടുമോ,അങ്ങനെ പെട്ടാല്‍തന്നെ അതില്‍ സ്ത്രീകള്‍പെടുമോ എന്ന കാര്യത്തില്‍.ഒരു വ്യക്തത വരുത്തിയാല്‍ നന്നായിരിക്കും.പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കും, സ്ത്രീജനങ്ങള്‍ക്കും അത് ഉപകാരപ്രദമായിരിക്കും...

 നമ്മുടെ രാജ്യം പൈതൃകങ്ങള്‍ക്കൊണ്ട് സമ്പന്നമാണെന്നും,വളര്‍ച്ച പ്രാപിച്ച സംസ്ക്കാരങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചരിത്രം പറയുന്നു. ശക്തമായ; എന്നാല്‍ അഹിംസാമാര്‍ഗത്തിലൂടെയുള്ള സമരംനടത്തി വിദേശ അടിമത്വത്തില്‍ നിന്ന് ജനനായകമ്മാര്‍ നാടിനെ സ്വതന്ത്രമാക്കിയൊന്നും,അത് ലോകത്തിനുതന്നെ അഭിമാനകരമായ ഒരു രീതിയാണതെന്നും നാം വിളിച്ചുപറയുമ്പോള്‍, സ്ത്രീ സ്വാതന്ത്ര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും അവകാശപ്പെടാനില്ലായെന്നതാണ് വസ്തുത. നാട്ടുരാജ്യങ്ങളുടെ കാലത്ത് യുദ്ധവിജയങ്ങളുടെ ദുരിതം പേറാനും,യുദ്ധച്ചരക്കുകളായി കൈമാറ്റം ചെയ്യപ്പെടാനും,അന്തപുരങ്ങള്‍ നിറയ്ക്കാനും വിധിയ്ക്കപ്പെട്ടവരായിരുന്നു സ്ത്രീകള്‍.വിദേശ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് സ്ത്രീകളുടെ ഉന്നമനവുമായി ബന്ധപ്പെട്ട് കൊണ്ട് വന്ന നിയമങ്ങള്‍ക്കെതിരെ ഏറ്റവും വലിയ പ്രതിഷേധം ഉണ്ടായതും നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ മുകള്‍ത്തട്ടില്‍ നിന്നുമാണ്.സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ പാടില്ല. മുലക്കരം കൊടുക്കുക തുടങ്ങിയ വിചിത്ര നിയമങ്ങള്‍ നടപ്പിലാക്കിയ സംസ്ക്കാരമ്മാരുടെ നാടാണ് നമ്മുടേത്. സ്വാതന്ത്രാനന്തരം നടപ്പിലാക്കിയ പദ്ധതികളിലൊക്കെ സ്ത്രീകളുടെ പങ്ക് നാമമാത്രമായിരുന്നു.നിയമം മൂലം തുല്യത ഉറപ്പ്‌ വരുത്തിയിട്ടുണ്ടെങ്കിലും അതു പ്രയോഗത്തില്‍ വരുത്താന്‍ ആര്‍ക്കും ഒരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

   നൂറുകോടിയ്ക്ക് മുകളില്‍ ജനസംഖ്യയുള്ള നമ്മുടെ രാജ്യത്ത് അതില്‍ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹത്തിന്‍റെ വളര്‍ച്ച വിലയിരുത്താന്‍ നമ്മള്‍ പറയുന്ന തെളിവുകള്‍ മുകല്‍തട്ടിലുള്ള ഒരു ചെറിയ ശതമാനം സ്ത്രികളുടെ കഥയാണ്‌.യഥാര്‍ത്ഥത്തില്‍ അറുപതുശതമാനത്തിന്‍റെ വിലാപങ്ങളെ വെറും രണ്ടോമൂന്നോ ശതമാനത്തിന്‍റെ വിജയകഥകളിലൂടെ കണ്ടില്ലായെന്നു നടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സ്ത്രീ വിമാനം പറത്തി,അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നു, മുഖ്യമന്ത്രിയായി ,ജഡ്ജിയായി, സ്പീക്കറായി, പ്രസിഡന്‍റായി തുടങ്ങിയചിത്രങ്ങള്‍; വ്യക്തിപരമായ ചില മിന്നലാട്ടങ്ങള്‍ മാത്രമാണ്. പുരുഷകേന്ദ്രികൃതമായ വ്യവസ്ഥിതിയ്ക്ക് അനുകൂലമായി നീങ്ങുന്നവര്‍ക്കും,അല്ലെങ്കില്‍ ശക്തമായ പിന്‍ബലം ഉള്ളവര്‍ക്കും മാത്രമായി അവ ചുരുങ്ങപ്പെട്ടിരിയ്ക്കുന്നു.മാത്രമല്ല ഇങ്ങനെ എത്തപ്പെടുന്ന സ്ത്രീകള്‍; മാനസികമായി പുരുഷാധിപത്യവുമായി തതാത്മ്യം പ്രാപിച്ചവരാണ്.സ്ത്രീകളുടെ ഉന്നതി എന്നതില്‍ കവിഞ്ഞ് തന്‍റെ കസേരയ്ക്ക് ഇളക്കം തട്ടാതെ നിലനിറുത്തുക എന്നതിലാണ് അവര്‍ക്ക് ശ്രദ്ധ.ഡല്‍ഹിയില്‍ ഒരു ക്രൂരമായ സ്ത്രീപീഡനം അരങ്ങേറിയിട്ടും; അതിലൂടെയുണ്ടായ ജനകീയ പ്രതിഷേധത്തെ കണ്ടില്ലായെന്നു നടിച്ചുകൊണ്ട് അവിടുത്തെ വനിതാമുഖ്യമന്ത്രി പാര്‍ട്ടി പരിപാടിയ്ക്കായി പോകുകയാണുണ്ടായത്.രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നയിക്കുന്നതും വനിതയാണ്,അതുപോലെ ജനപ്രതിനിധികളായി എത്തിയിട്ടുള്ള വനിതകളും.... ഇവരാരും ക്രിയാത്മകമായി ഈ പ്രശ്നത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചില്ലായെന്നതും കാണാവുന്നതാണ്.
  ഒരു വൈകാരിക പ്രശ്നത്തെ നിയമപരമായി മാത്രം നേരിടാമെന്നത്; ഇവരുടെയൊക്കെ അങ്ങേയറ്റത്തെ അഞ്ജതയാണ് സൂചിപ്പിക്കുന്നത്.വൈകാരികമായ ഒരു ജനകിയപ്രതിഷേധത്തെ സര്‍ക്കാര്‍  ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുമ്പോള്‍; അതു സര്‍ക്കാരും ജനവും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്നു.ഭരണകൂടം പൊതുശത്രുവായി മാറുമ്പോള്‍ ജനങ്ങള്‍ എല്ലാ ഇസങ്ങളും മാറ്റിവച്ച് ഒന്നിക്കുകയും; പിന്നിടത് വലിയ ഏറ്റുമുട്ടലുകളിലെയ്ക്ക് മാറുകയും ചെയ്യും.ജനങ്ങളുമായി സംവാദിക്കാനുള്ള നമ്മുടെ ഭരണകൂടത്തിന്‍റെ പിടിപ്പുകേടാണ് ഡല്‍ഹി സംഭവം കാണിക്കുന്നത്. സംഭവത്തിലുള്ള തങ്ങളുടെ പ്രതിഷേധവും,ദുഖവും മീഡിയകളിലൂടെ നേതാക്കള്‍ക്ക് അപ്പോള്‍ത്തന്നെ ജനങ്ങളെ അറിയ്ക്കാമായിരുന്നു. അതുണ്ടായില്ല. വൈകാരികമായ ഒരു ആശ്വസിപ്പിക്കല്‍ ഉടനെ നടന്നിരുന്നുവെങ്കില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം അക്രമത്തിലേക്ക് പോകുന്നത് തടയാമായിരുന്നു. നിയമത്തിന്‍റെ വഴിയിലൂടെയുള്ള നടപടികള്‍ പോലെ തന്നെ പ്രധാനമാണ് രാജ്യത്തെ ജനങ്ങളോടുള്ള ബഹുമാനവും,അവരോടുള്ള സംസാരവും.ഇത്തരം സംഭവങ്ങള്‍ നടന്നിട്ടും; ജനത്തിന്‍റെ ആശങ്കകള്‍അകറ്റാന്‍ എന്താണ് ചെയ്തതെന്ന് വ്യകതമാക്കാന്‍ അവരെ അഭിസംബോധന ചെയ്യാതെ അംഗരക്ഷകരുടെ അകമ്പടിയില്‍നിന്നുകൊണ്ട് വിടുവായത്തം വിളിച്ചുപറയുമ്പോള്‍ സ്വാഭാവികമായും ജനം പ്രതിഷേധിക്കും.തങ്ങളുടെ മുന്നില്‍ കാണുന്ന സര്‍ക്കാര്‍ വസ്തുവകകളില്‍ നേതാക്കളുടെ മുഖം കാണുകയും അവരോടുള്ള പ്രതിഷേധം സര്‍ക്കാര്‍വസ്തുക്കളില്‍ തീര്‍ക്കുകയും ചെയ്യുന്നു.ഇത് ജനത്തിന്‍റെ ഒരു പൊതു മനശാസ്ത്രമാണ്.അതു മനസിലാക്കി പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തെ നയിക്കുന്നവരുടെ ചുമതലയാണ്..എല്ലാം  യാന്ത്രികമായി, ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ, കീകൊടുക്കുമ്പോള്‍ ചലിയ്ക്കുന്ന പാവപോലെയുള്ള മനോഭാവങ്ങളും,തത്തമ്മേ പൂച്ചപൂച്ച എന്നരീതിയില്‍ എഴുതി തയ്യാറാക്കിയ വായനകളും കൊണ്ട് രോഷാകുലരായ ഒരു ജനതയെ സമാധാനിപ്പിക്കാന്‍ കഴിയണമെന്നില്ല...കഥ പറയാന്‍ ആദ്യമായി സ്റ്റേജില്‍ കയറുന്ന നേഴ്സറി കുട്ടികള്‍ കഥപറച്ചിലിനിടയില്‍ കര്‍ട്ടനു പിന്നില്‍ മറഞ്ഞിരിക്കുന്ന അമ്മയെനോക്കി ഇതുമതിയോ എന്ന് ചോദിക്കുന്ന തരത്തില്‍ ടിവി ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് ജനത്തെ കരഞ്ഞു കാണിച്ചശേഷം.. “ഠിക്ക് ഹെ” (എങ്ങനെയുണ്ട് പ്രകടനം..ഇതു പോരേ..) എന്ന് പിന്നാമ്പുറത്തു നില്‍ക്കുന്ന ആരോടോ പറയുമ്പോള്‍; അപഹാസ്യരാകുന്നത്... അപമാനിതരായ ഇരകള്‍ തന്നെയാണ്.ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും ശരിയ്ക്കും ഒരു സംശയം തോന്നുന്നു ശരിയ്ക്കും നിങ്ങള്‍ ആരുടെ കൂടെയാണ് ഇരകളുടെ കൂടെയോ...???? അതോ വേട്ടക്കാരന്‍റെ കൂടെയോ...???

 

  

Monday, December 24, 2012

ഒരു ഡല്‍ഹി ഇന്‍സ്റ്റലേക്ഷന്‍.


        

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍


  ‘ഇതങ്ങനെ വിട്ടാല്‍ പറ്റില്ല.. നിങ്ങളെന്താ അമ്പഴങ്ങാ വിഴുങ്ങിയപോലെ ഇരിക്കുന്നത്.നിങ്ങള്‍ക്കൊന്നും ഒരു പ്രതിക്ഷേധവുമില്ലേ..............’

പറച്ചിലും മേശമേലുള്ള ഇടിയും കൂടിയായപ്പോള്‍ എല്ലാവരും തല ഉയര്‍ത്തി.

‘എന്‍റെ ഗോപികൃഷ്ണാ.... നീയാ മേശ ഇടിച്ചുപൊളിക്കല്ലേ; വായനശാലയുടെ ഉല്‍ഘാടനത്തിനു കിട്ടിയതാ.........’.

മേശയുടെ മൂലയില്‍ എഴുന്നു നിന്നിരുന്ന ആണി കയ്യില്‍ കൊണ്ടതുകൊണ്ടാവണം ‘നാശം’ എന്ന് പറഞ്ഞു കൊണ്ട് ഗോപി കൈ വായില്‍ വയ്ക്കുന്നതാണ് കണ്ടത്...

‘നിനക്കിപ്പോ എന്താ വേണ്ടത് പ്രതിഷേധിക്കണം ....പ്രതിഷേധിച്ചിരിക്കുന്നു പോരെ.....’

     ‘ഓ..ഒരുമാതിരി തമാശിക്കല്ലേ..

ഡല്‍ഹിലും, നെറ്റിലുമൊക്കെ നല്ല പൊളപ്പന്‍ പ്രതിഷേധങ്ങള്‍ നടക്കുവാ അറിയാമോ..കാശുണ്ടായിരുന്നേല്‍ ഡല്‍ഹിവരെപ്പോയിയൊന്നു തകര്‍ക്കാമായിരുന്നു......’

‘എന്‍റെ ഗോപി.... ഡല്‍ഹിക്കേസില്‍ പ്രതികളെല്ലാം അകത്തായി, സര്‍ക്കാര്‍ ഉടനടി നടപടിയെടുത്തു,പോലീസ് അന്വേഷണത്തില്‍ പിഴവുകളോന്നും പറയാനില്ല,ശക്തമായ നിയമനിര്‍മ്മാണങ്ങള്‍ നടക്കുന്നു,പ്രതികള്‍ കുറ്റം സമ്മതിച്ച് തങ്ങളെ തൂക്കിക്കൊളാന്‍ പറഞ്ഞിരിക്കുന്നു.പെണ്‍കുട്ടിയുടെ ചികത്സാ ചിലവുവരെ സര്‍ക്കാര്‍ ഏറ്റെടുത്തു.ജയിലില്‍എത്തിയ പ്രതികളെ മലവും മൂത്രവും വരെ തീറ്റിച്ചുവെന്നാണ് വാര്‍ത്തകള്‍ .ഇതില്‍ക്കുടുതല്‍ എന്താണ് വേണ്ടത്. ഇപ്പൊ തൂക്കണം എന്ന് പറഞ്ഞാല്‍ നടക്കുമോ.അത് കോടതിയല്ലേ പറയേണ്ടത്.ഡല്‍ഹിയിലും ബാംഗ്ലൂരിലും മറ്റു നഗരങ്ങളിലും തെരുവിലിറങ്ങിയ പ്രകടനക്കാര്‍.തങ്ങള്‍ ഒരിക്കലും ഇത്തരം തെറ്റുകള്‍ ചെയ്യില്ലെന്ന് പ്രതിജ്ഞ എടുക്കുകയല്ലേ വേണ്ടത്...നീയടക്കം എത്ര വേണ്ടാധീനങ്ങള്‍ ചെയ്തിരിക്കുന്നു.....ദേ...എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ........’

‘അതൊക്കെ പണ്ട് ഇതങ്ങനെ വിട്ടാല്‍ പറ്റില്ല നമ്മള്‍ പ്രതിഷേധിക്കണം..’

‘ശരി എല്ലാവരും എത്തട്ടെ നമുക്ക്‌ തീരുമാനിക്കാം ..’.

വൈകിട്ട് എണ്ണം പറഞ്ഞ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വായനശാല ഇക്കാര്യത്തില്‍ എങ്ങനെ പ്രതിഷേധിക്കണമെന്ന് ചര്‍ച്ച ചെയ്തു.

     ‘നമുക്കൊരു പ്രമേയം പാസാക്കിയാലോ???’

 ‘എന്തിനാ........പുഴുങ്ങിതിന്നാനാ....അവന്റെ ഒരു പ്രമേയം...’

    ‘ഇതൊക്കെ നാലാള്‍ അറിഞ്ഞു പ്രതിഷേധിക്കണം’

‘അങ്ങനെയാണെങ്കില്‍ നമുക്ക് കൊച്ചിയില്‍ നടന്ന പോലെ ഒരു നഗ്നഓട്ടം സംഘടിപ്പിക്കാം ....അതാകുമ്പോള്‍ എല്ലാവരും അറിയും. ടിവി യില്‍ പടവും വരും.........’

‘ഹേയ് അതുവേണ്ട.... ഇവിടെ പിന്നെയുംജീവിക്കേണ്ടതാ....’

  ‘അതുസാരമില്ല മുഖംമറച്ചു ഓടിയാല്‍ മതി. ആളെ തിരിച്ചറിയില്ല’

‘അതുകൊണ്ട്കാര്യമില്ല.. മുഖംനോക്കി മാത്രമല്ല ആളെ തിരിച്ചറിയാന്‍ പറ്റുന്നത്..മോനേ.....അറിയാമോ..’

  ‘അപ്പൊ അതാണ്‌ സ്ഥിതി അല്ലേ....എന്നിട്ട ഒരു പ്രതിഷേധം.....’

          ‘അത് വേറെ.... ഇത് വേറെ..’

  ‘നമുക്കൊരു കാര്യം ചെയ്യാം കവലയില്‍ ഒരു പൊതുയോഗം സംഘടിപ്പിക്കാം .യോഗത്തില്‍ ലൈംഗികഅതിക്രമങ്ങള്‍ക്കെതിരെ ഒരു പ്രതിജ്ഞയും എടുക്കാം എന്താ പോരെ.....’

‘മതി.... അത് മതി......’

  ‘വിദ്യാധരാ ചൊല്ലാനുള്ള പ്രതിജ്ഞ നീ തയ്യാറാക്കണം കേട്ടോ.’

‘പിന്നെ ഒരു കാര്യം..... ജാക്കി, ഞെക്കി, പിടുത്തം തുടങ്ങിയ പദങ്ങളൊക്കെ ഒഴിവാക്കിയേക്കണം അല്ലേല് പ്രതിജ്ഞ ചൊല്ലുമ്പോള്‍ എല്ലാവരും തല കുനിയ്ക്കേണ്ടിവരും അറിയാല്ലോ കാര്യങ്ങള്‍..പറയിപ്പിക്കാത്ത ഒരുത്തനുമില്ലിവിടെ.....’

‘ഇനിയിപ്പോ ആരെയാ..... വേദിയില്‍ ഇരിയ്ക്കാന്‍ ക്ഷണിക്കുന്നത്.കാര്യം ഇതാകുമ്പോള്‍ ക്ലീന്‍ ഇമേജ് വേണം അതാ ഒരു കുഴപ്പം.’

     ‘പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചാലോ...’

‘വേണ്ടേ വേണ്ടാ കേസ് മൂന്നാ നിലവിലുള്ളത് പ്രായപൂര്‍ത്തിയാകാത്തതുതൊട്ട് അവിഹിതംവരെ ഉണ്ടെന്നാ കേള്‍വി..’

   ‘വാര്‍ഡ്‌ മെമ്പറെ വിളിച്ചാലോ???’

‘ഏത്.... ആ സെറ്റപ്പുമായി നടക്കുന്നവനെയോ..അത് പറ്റില്ല.നമ്മള് നാറും..’

  ‘എന്നാ നമ്മുടെ മഹിളാസമാജം പ്രസിഡന്റിനെ വിളിക്കാം അതാകുമ്പോള്‍ സ്ത്രീ പ്രാതിനിധ്യവും ആകും .....’

‘ഉവ്വ് ഉവ്വേ..... തിരുവനന്തപുരത്ത് മന്ത്രിയെക്കാണാന്‍ പോയിട്ട് ഒരാഴ്ച കഴിഞ്ഞാ വന്നത്. കോവളത്തുവച്ച് ആരൊക്കെയോ കണ്ടെന്നാ പറയുന്നത്..’

  ‘പിന്നെ ആരെ വിളിക്കും..???’

‘പള്ളിലച്ചനെ ആയാലോ.....’

‘പള്ളിലച്ചനും ശാന്തിക്കാരനും മുക്രിയുമൊന്നും വേണ്ട...

പല കഥകളാ കേള്‍ക്കുന്നത് അറിയാമോ...ഞെക്കലും പിഴിയാലും തടവലുമൊക്കെയായി...’

  ‘ശെടാ....... ഇതിപ്പോ ആരെയെങ്കിലും കിട്ടുമോ....ദൈവമേ ഒരുത്തനുമില്ലേ ഈ പഞ്ചായത്തില്‍ നല്ലവനായിട്ട്....’

      ‘ഒരാളുണ്ട്..............’

       ‘ആരാ അത്...’

‘നമ്മുടെ നളിനാക്ഷന്‍ മാഷ്...’

‘അതു ശരിയാ..... സ്ത്രീ വിഷയത്തില്‍ ക്ലീന്‍ഇമേജാ ..ഇന്നേവരെ ഒരു അപഖ്യാതിപോലും കേട്ടിട്ടില്ല..പക്ഷെ മൂപ്പര്‍ വരുമോന്നാ എന്‍റെ സംശയം’

    ‘ഓ....അതൊക്കെ വരുമെന്നേ.... ഇങ്ങനെ ഒരു കാര്യത്തിനല്ലേ......’

‘എന്നാ വാ എല്ലാവര്‍ക്കും കൂടി പോയി ക്ഷണിക്കാം വായനശാലാ പ്രതിനിധികളാകുമ്പോള്‍ മൂപ്പര്‍ക്കൊരു മതിപ്പോക്കെ തോന്നും....’

ഒതുക്കുകല്ലുകള്‍ ചവുട്ടി മുറ്റത്തേയ്ക്ക് കടന്നു. വിശാലമായ മുറ്റത്തിന്‍റെ നടുവിലുള്ള തുളസിത്തറയില്‍ ദീപം വച്ചിരിയ്ക്കുന്നു.മാഷ് പൂമുഖത്ത് തന്നെയുണ്ട് .പുസ്തക വായനയിലാണന്നു തോന്നുന്നു.

‘ഊം... എന്താ എല്ലാവരും കൂടി ഈ വൈകുന്നേരം ...’

‘ഓ; ഒന്നുമില്ല മാഷിനെ ഒന്ന് കാണാനായി വന്നതാ..’

‘അതിനു ഞാനിവടെ കൈയ്യുംകാലുമൊടിഞ്ഞു കിടക്കുകയൊന്നുമല്ലല്ലോ..എന്താ വിദ്യാധരാ കാര്യം പറ..’

‘അല്ല; അതുപിന്നെ ഞങ്ങള്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ നമ്മുടെ ഡല്‍ഹി സംഭവത്തിനെതിരെ ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.അതില്‍ മാഷിനെ മുഖ്യപ്രാസംഗികന്‍ ആക്കാനാ തീരുമാനം...അതിനു ക്ഷണിക്കാന്‍ വന്നതാ...’

‘അതിനു പീഡനസംഭവം കഴിഞ്ഞുപോയില്ലേ.പെണ്‍കുട്ടി അത്യാസന്നനിലയില്‍ കിടക്കുന്നു.പ്രതികളെല്ലാം ജയിലിലായി; കഴിഞ്ഞുപോയതിനെതിരെ പ്രതിക്ഷേധിച്ചിട്ട് എന്ത് കാര്യം; നടന്നതൊക്കെ പഴയ പടി ആകുമോ..’

‘ഇല്ല. എന്നാലും നമ്മളൊക്കെ മാറി നിന്നാല്‍ അതു മോശമല്ലേ മാഷേ...’

‘എന്‍റെ വിദ്യാധരാ.. ഇതാണ് നമ്മുടെ കുഴപ്പം.സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു കഴിയുമ്പോള്‍ നമ്മള്‍ പ്രതിഷേധിക്കും. കഴുതയുടെ നിലവിളി പോലെ....... ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള നടപടികളാണ് സ്വികരിക്കേണ്ടത്.

ആര്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടത്??.... സര്‍ക്കാരിനെതിരെയൊ?? അവര്‍ എല്ലാ നടപടിയും എടുത്തില്ലേ.......  പ്രതികള്‍ക്കെതിരെയൊ??? അവര്‍ നിയമത്തിന്‍റെ പിടിയില്‍ ആയില്ലേ.......??? പിന്നെ ആര്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടത്???.നമുക്കെതിരെയാണ് നാം പ്രതിഷേധിക്കേണ്ടത്.ആദ്യം നന്നാകേണ്ടത് ഞാനും നീയുമാണ്.അതില്ലാതെ നാട് നന്നാവില്ല.ഒരു വിദേശി വന്നല്ല പീഡപ്പിച്ചത്.പെണ്‍കുട്ടിയുടെ ദേശക്കാര്‍ തന്നെയാണ് പീഡിപ്പിച്ചത്. ഡല്‍ഹിയെന്നത് നമ്മുടെ നാടായിക്കരുതുമ്പോള്‍ ഈ നാട്ടിലെ പീഡനക്കാര്‍ ആരാണ്...’

എന്തോ ഒരു പന്തികേട് മണക്കുന്നതുപോലെ പോലെ തോന്നി ..വാ.....പോകാം പിറകില്‍നിന്നാരോ തോണ്ടി വിളിച്ചു..

എന്നാ ശരി മാഷേ ഞങ്ങളിറങ്ങട്ടെ..

‘നില്‍ക്കു വിദ്യാധരാ ..ഇതുംകൂടി കേട്ടിട്ടുപോ...

ഈ കൂട്ടത്തില്‍ ആരാ..... തരം കിട്ടിയാല്‍ അവസരം മുതലാക്കാത്തവര്‍.

മുതലാക്കിയവരും ഉണ്ടല്ലോ ഇക്കുട്ടത്തില്‍... ഇല്ലേ....’

കൂട്ടത്തില്‍ ആരൊക്കെയോ പടിചാടി ഓടുന്ന ശബ്ദം കേട്ടു.

‘ആദ്യം പോയി സ്വയം നന്നാവാന്‍ നോക്ക്.... ഞാന്‍ ഇനിമുതല്‍ ഇക്കാര്യത്തില്‍ നല്ലവനായിരിക്കുമെന്ന് തീരുമാനിക്കുക.പ്രതിഷേധിക്കുന്ന ഓരോരുത്തരും സ്വയം മാറ്റപ്പെടാനും തയ്യാറാകണം.അല്ലാതെ സമൂഹത്തിന്‍റെ ഉന്‍മാദാവസ്ഥയില്‍  സ്വയം ആട്ടക്കാരനായി മാറിയിട്ട് കാര്യമില്ല.’

‘ഇയാള്‍ക്ക് വട്ടാണ്.....’ തിരിഞ്ഞു പോകുന്നതിനിടയില്‍ ഗോപികൃഷ്ണന്‍ പറഞ്ഞു...

    ഗോപി അവിടെ നിന്നേ’ ...മാഷിന്‍റെ വിളി.

മാഷ്‌ ഗോപിയുടെ അടുത്തേയ്ക്ക് വന്ന് ചെവിയില്‍ മന്ത്രിച്ചു.

‘വട്ട് നിന്‍റെ തള്ളയ്ക്കാണ്. ഇപ്പോഴല്ല... പത്തിരുപതുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിന്നേ ഉണ്ടാക്കിയ നേരത്ത്.....,

     ‘ഗോപി പോയ്ക്കോളു.........’

        ഉവ്വ്

നടന്നു നീങ്ങുന്നതിനടയില്‍ ആരോ ചോദിച്ചു

നാളെത്തന്നെ ഡല്‍ഹിയ്ക്ക് പോയാലോ ഗോപി...

‘ഇല്ല.................’

കത്തിയെടുത്ത് നെഞ്ചിലാരോ കുത്തിയതുപോലെ ഒരു തോന്നല്‍..വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഉണ്ടായ ഒരു ഭ്രാന്തിന്‍റെ ഫലം.ഒരു ഭ്രാന്തനാകാന്‍ പാടില്ല.....

പിറ്റേന്ന് അമ്പലകുളത്തില്‍ മുങ്ങിക്കുളിച്ച ശേഷം പതിവ്‌ തൊഴലിനായി ക്യൂവില്‍ സ്ഥാനം പിടിച്ചു.പ്രസാദം വാങ്ങാന്‍ നല്ലതിരക്ക്‌. മുന്നില്‍ മഞ്ഞപാവാട, പച്ച ബ്ലൌസ് ,ഈറനണിഞ്ഞ മുടിയില്‍ നിന്നും വെള്ളം തുള്ളികളായി വീഴുന്നു.പിന്നിയ മുടിയില്‍ തുളസിക്കതിര്‍.....ചന്ദനത്തിന്റെ മണം....അതെ;അതുതന്നെ .ഒന്‍പതുമണിയുടെ ബസ്‌..... മുന്‍വാതിലിലൂടെയുള്ള കയറ്റം.... തിക്കുംതിരക്കും......ഇലക്ട്രിക് ഷോക്ക്‌....ടിം. പെട്ടന്ന് ഒരു കുലുക്കം, വെടിപൊട്ടുന്ന ഒരു ശബ്ദം.......വായില്‍നിന്നും എന്തോതെറിച്ചുപോയപോലെ, വായിലാകെ ഉപ്പുരസം. എടുത്തെറിയപ്പെടുന്നു,മുന്നില്‍ സൌരയുധം,നക്ഷത്രങ്ങള്‍ മിന്നിമറയുന്നു....അവ്യക്തമായ ശബ്ദങ്ങള്‍.....

അന്ന് വായനശാലയിലെ ടിവി യ്ക്ക് മുന്നില്‍ വാര്‍ത്ത കേള്‍ക്കാന്‍ പതിവില്‍ക്കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു.

...........22വയസുള്ള യുവാവാണ് പിടിയിലായത്.ഇയാള്‍ പതിവ്‌ ശല്യക്കാരനാണെന്നും പെണ്‍കുട്ടി പറഞ്ഞു.നാട്ടുകാര്‍ കൈകാര്യംചെയ്തശേഷം പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.പുതിയ നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യ അറസ്റ്റാണിതെന്ന് പോലിസ്‌വ്യക്തമാക്കി...........

നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് തുടച്ചുനീക്കി വിദ്യാധരന്‍ വീട്ടിലേയ്ക്ക് നടന്നു.......